Sunday, May 29, 2022

കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പയ്ക്കും പിഴ !


 കോവിഡ് കാലത്തെ ബസ് യാത്ര ഒഴിവാക്കാനാണ് ഗ്രീഷ്മ ഒരു ടു വീലർ വാങ്ങിയത്. വാഹന ഷോറൂമിൽ നിന്നു തന്നെ വായ്പയും കിട്ടി. 

വായ്പയെടുത്ത ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് മാസാദ്യം ഓഫീസിൽ നേരിട്ടു വന്ന് തവണകൾ കൈപ്പറ്റി രസീതു നൽകുമെന്നത് ഗ്രീഷ്മയ്ക്ക്  വളരെ സൗകര്യമാവുകയും ചെയ്തു. തവണയടക്കാൻ ബാങ്കിൽ പോകേണ്ടല്ലോ. 

അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആ “അത്യാഹിതം“ സംഭവിക്കുന്നത് ! മോന്റെ സ്കൂൾ ഫീസടയ്ക്കാനുള്ള അയ്യായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് ഭർത്താവ് ഇട്ടത് എ ടി എമ്മിൽ നിന്ന് പിൻവലിക്കാൻ ചെന്നതാണ് ഗ്രീഷ്മ. പക്ഷേ, അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണ് എ ടി എമ്മിൽ നിന്നു ലഭിച്ചത്. 

ആരോ അക്കൗണ്ടു ഹാക്ക് ചെയ്ത് പണം തട്ടിയതു തന്നെ എന്നു കരുതിയ ഗ്രീഷ്മ ഉടനടി തന്നെ ഓട്ടോ വിളിച്ച് ബാങ്കിലേക്കു ചെന്നു. 

ബാങ്കിലെ ഓഫീസർ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് പ്രിന്റെടുത്തു കാണിച്ചു വിശദീകരിച്ചപ്പോഴാണ് ഹാക്കിങ്ങും തട്ടിപ്പുമൊന്നുമല്ല തന്റെ അറിവില്ലായ്മ കൊണ്ടാണ് അക്കൗണ്ടിൽ തുക കുറവു വന്നതെന്ന് ഗ്രീഷ്മയ്ക്കു മനസിലായത്. 

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് ?   

വാഹന/ ഭവന വായ്പകൾ പോലെയുള്ള മാസതവണകളായി തിരിച്ചടയ്ക്കേണ്ട വായ്പകൾ നൽകുന്ന സമയത്ത് വായ്പ അനുവദിക്കുന്ന ബാങ്ക് അഥവാ ധനകാര്യസ്ഥാപനം ഇടപാടുകാരുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ക്ലിയറിങ് സർവീസ് ( ഇ സി എസ് ) മാൻഡേറ്റ് എന്നൊരു കടലാസ് ഒപ്പിട്ടു വാങ്ങാറുണ്ട്. വായ്പയിലേക്കുള്ള മാസതവണകൾ എല്ലാമാസവും കൃത്യമായി തങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് പിടിക്കാൻ വായ്പ നൽകിയ ബാങ്കിനെ അനുവദിച്ചുകൊണ്ടുള്ള സമ്മതപത്രമാണ്  ഇ സി എസ് മാൻഡേറ്റ് എന്നു പറയാം. 

വായ്പയെടുത്ത സമയത്ത് ഗ്രീഷ്മയും ഇ സി എസ് മാൻഡേറ്റ് ഒപ്പിട്ടു നൽകിയിരുന്നു. അതുപ്രകാരം എല്ലാ മാസവും ഗ്രീഷ്മയുടെ അക്കൗണ്ടിൽ നിന്നു തന്നെ വായ്പയുടെ മാസതവണ പോവുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ, ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ്  നേരിട്ടു വന്ന് കൈപ്പറ്റുമായിരുന്നതിനാൽ  മാസതവണയ്ക്കുള്ള തുക ഗ്രീഷ്മ തന്റെ അക്കൗണ്ടിൽ സൂക്ഷിക്കാറില്ലായിരുന്നു. 

എവിടെയാണ്  പിഴച്ചത്?  

ധനകാര്യസ്ഥാപനമാവട്ടെ, ഗ്രീഷ്മ നൽകിയ മാൻഡേറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും കൃത്യമായി ഇ സി എസ് പ്രസന്റ് ചെയ്യുകയും, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് ലഭ്യമല്ല എന്നതിനാൽ ഒരു തവണ മടങ്ങുമ്പോൾ വീണ്ടും രണ്ടു തവണ കൂടി പ്രസന്റ് ചെയ്യുകയും ചെയ്തിരുന്നു. 

354 രൂപ വീതമായിരുന്നു ഓരോ തവണയും ഇ സി എസ് മടങ്ങുന്നതിനുള്ള  ബാങ്ക് ചാർജ് (300+ ജി എസ് ടി). ആദ്യത്തെ മൂന്ന് ഇ സി എസ് മടങ്ങിയപ്പോൾ തന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാലൻസ് പൂജ്യമായിക്കഴിഞ്ഞിരുന്നതിനാൽ പിന്നീടു മടങ്ങിയ ഇ സി എസ്സുകളുടെ ചാർജ് എല്ലാം ചേർത്ത് ബാങ്ക് പിടിച്ചത് മോന്റെ ഫീസിനായി ഗ്രീഷ്മയുടെ ഭർത്താവ് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോഴാണ് ! 

വായ്പ നൽകിയ ധനകാര്യസ്ഥാപനവും ഇതേപോലെ ഓരോ ഇ സി എസ്സിനും അഞ്ഞൂറു മുതൽ ആയിരം വരെ മടക്കച്ചാർജ് ഈടാക്കുമെന്നു കൂടി കേട്ടപ്പോൾ ഗ്രീഷ്മയ്ക്ക് തല കറങ്ങി. 

ധനകാര്യസ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന “വരും ദിവസം ഇ സി എസ് പ്രസന്റാവുന്നു, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് കരുതേണ്ടതാണ്“ എന്ന എസ് എം എസ് സന്ദേശം അവഗണിച്ചു എന്നതു കൂടാതെ മാസതവണകൾ കളക്ഷൻ ഏജന്റിന്റെ പക്കൽ ഏൽപ്പിച്ചു എന്നതും ഗ്രീഷ്മയ്ക്കു പറ്റിയ പിഴവാണ്. 

എന്തെങ്കിലും പ്രതിവിധി? 

വായ്പ കൃത്യമായി തന്റെ പക്കൽ അടച്ചാലും അക്കൗണ്ടിൽ ഇ സി എസ് പ്രസന്റ് ആയി മടങ്ങുമെന്നും ചാർജ് ഈടാക്കുമെന്നും മറ്റുമുള്ള വിവരം തന്നോടു മറച്ചുവച്ചതിന് കളക്ഷൻ ഏജന്റിനെതിരെ ഗ്രീഷ്മ പരാതി കൊടുത്തു കഴിഞ്ഞു. കൂടാതെ, വായ്പ കൃത്യമായി അടച്ചതു പരിഗണിച്ച് ഇ സി എസ് മടങ്ങിയ ഇനത്തിൽ പിടിച്ച ചാർജുകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുക കൂടി ചെയ്തിട്ടുണ്ട്. ബാങ്ക് പിടിച്ച തുക തിരികെ ലഭിക്കില്ലെങ്കിലും ധനകാര്യസ്ഥാപനം ഈടാക്കിയ ചാർജ് തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രീഷ്മ. 

ഗുണപാഠം: ഇ സി എസ് മാൻഡേറ്റ് നൽകിയിട്ടുള്ള വായ്പയുടെ തിരിച്ചടവു തുക സേവിങ്സ് അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കുക, ഒരിക്കലും കളക്ഷൻ ഏജന്റിന്റെ പക്കൽ കൊടുക്കരുത് എന്നതും, ബാങ്കിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നിന്നുള്ള എസ് എം എസുകൾ ഒരിക്കലും അവഗണിക്കരുത് എന്നതുമാണ് ഗ്രീഷ്മയ്ക്കൊപ്പം  ഇന്ന് നമുക്കും പഠിക്കാനുള്ള പാഠങ്ങൾ.

No comments:

Post a Comment