Thursday, September 27, 2018

ജാതി സംവരണത്തെക്കുറിച്ച് പുരോഹിതൻ

ഇതൊരു അനുഭവകഥയാണെങ്കിലും പൂർണമായും അങ്ങനല്ല എന്നു പറയട്ടെ. കഥാപാത്രങ്ങൾ ചിലപ്പോൾ നിങ്ങൾക്കു പരിചയമുള്ളവരല്ലേ എന്നു തോന്നിയാൽ ശരിയാണ്. നമുക്കെല്ലാം ഒരുപക്ഷെ ഇതുപോലുള്ളവരെ പരിചയമുണ്ടായേക്കാം. എന്നുവച്ച്, ഇനി പറയാൻ പോവുന്ന കാര്യങ്ങൾ ഒരാളുടെ ജീവിതത്തിൽ നിന്ന് അതേപടി പകർത്തിയതാണെന്നു കരുതരുതേ. എനിക്കറിയാവുന്ന പലരുടേയും അനുഭവങ്ങൾ ഒരു കഥാപാത്രത്തിലേക്ക് ചുരുക്കിയിരിക്കുന്നതാണ്. ചില സാഹിത്യ കുതുകികൾക്ക് ഇതൊരു ഇംഗ്ലീഷ് കഥയല്ലേ എന്നു പോലും തോന്നിപ്പാവാനിടയുണ്ടെന്നും സന്ദർഭവശാൽ പറഞ്ഞോട്ടെ, .

എന്നാൽ തുടങ്ങട്ടെ? കുറേ നാളുകളായി ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്നു വിചാരിക്കുന്നു. ജാതിസംവരണമാണ് വിഷയം. ഒരഭിപ്രായം പറഞ്ഞാൽ ഒരു കൂട്ടർ കയ്യടിക്കും മറ്റേ കൂട്ടർ തെറി വിളിക്കും. ഇതാണവസ്ഥ. അതുകൊണ്ട്, തൽക്കാലം മിണ്ടണ്ട എന്ന ചിന്തയിലായിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം, ജാതി സംവരണം നിറുത്തലാക്കി പകരം സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്ന നായർ സർവീസ് സൊസൈറ്റിയുടെ ഹർജി സുപ്രീം കോടതി തള്ളിയ വാർത്ത വന്നത്. ഇതു തന്നെ തക്കതായ സമയം എന്ന തിരിച്ചറിവിലാണ് ഈ കുറിപ്പ്.

1989 കാലഘട്ടം. ഞാനന്ന് തുറവുർ ടി ഡി സ്കൂളിൽ 10 ൽ പഠിക്കുന്നു. മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ മുഴുവൻ പ്രക്ഷോഭങ്ങളും മറ്റും നടക്കുകയാണ്. എന്റെ ചേച്ചി ഡിഗ്രിയും കഴിഞ്ഞ് ഇനിയെന്ത് എന്ന ചിന്തയിൽ ഇരിക്കുമ്പോൾ, ചേച്ചിയുടെ സഹപാഠിയും ചേർത്തലക്കാരിയുമായ മറ്റൊരു ചേച്ചിക്ക് ഉയർന്ന റാങ്കോടെ ഗവർമെൻറ് ജോലി കിട്ടുന്നു. അനുമോദങ്ങൾ അറിയിക്കാൻ ഞാനും ചേച്ചിയും ചേർത്തലയിലെ ആ ചേച്ചിയുടെ വീട്ടിലേക്കു പോകുന്നു.

അനുമോദനങ്ങളൊക്കെ അറിയിച്ച് പായസമൊക്കെ കുടിച്ചതിനു ശേഷം ചേർത്തലയിലെ ചേച്ചി എന്നെ ഉപദേശിച്ചു. നമ്മൾ സംവരണമില്ലാത്ത ആൾക്കാരാണ്.  മണ്ഡൽ കമീഷനാണു വരുന്നത്. ഒരു ജോലി കിട്ടാൻ കടുത്ത മത്സരമായിരിക്കും. പ്രൈവറ്റ് സ്കൂളിലോ മറ്റോ കയറാമെന്നു വച്ചാൽ കോഴ കൊടുക്കാൻ നമ്മുടെ കയ്യിൽ പണമില്ല. എന്റെ അനിയന്മാർക്ക് ഈ ചിന്തയേ ഇല്ല. അവരുടെ ഭാവി എന്താകുമോ എന്തോ?

2 അനിയന്മാരാണ് ചേർത്തലയിലെ ചേച്ചിക്ക്. മൂത്ത അനിയൻ എന്നെക്കാൾ 4 വയസിന് മുതിർന്നതാണ്. രണ്ടാമത്തെ അനിയന് എന്റെ പ്രായം. മൂത്തവൻ ഒരു വഹ പഠിക്കില്ല. രണ്ടാമത്തവൻ ആവറേജ്. (ഞാൻ മിടുമിടുക്കൻ എന്ന് പറയേണ്ടതില്ലല്ലോ, അറിയാവുന്നതല്ലേ)

ഈ മൂത്ത അനിയനെ പ്രധാന കഥാപാത്രമാക്കിയാണ് ഈ ആഖ്യാനം മുന്നോട്ടു പോവുന്നത്. പക്ഷെ പുള്ളീടെ മെയിൻ എൻട്രി ഇപ്പോഴല്ല, പ്ലീസ് വെയ്റ്റ്.

കാളകളിയുടെ ഇടയിൽ യാദൃശ്ചികമായി രണ്ടനിയന്മാരും ഇടക്ക് വീട്ടിലെത്തി. രണ്ടുപേരെയും ഞങ്ങളെ പരിചയപ്പെടുത്തി. താൻ കാള കളിക്കാൻ പോയതല്ല ഹിന്ദി ക്ലാസിനു പോയതാണെന്ന് ഇളയ ആൾ പരിഭവം പറഞ്ഞു. ഇതിനിടെ അവിടത്തെ ബ്ലാക് ആന്റ് വൈറ്റ് ടെലിവിഷനിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു പരിപാടി സാകൂതം നിരീക്ഷിച്ച എന്നെ ചൂണ്ടി 'അമിതിന് ഹിന്ദി അറിയാമോ' എന്നു ചോദിച്ചപ്പോൾ 'നമ്മളെക്കാളൊക്കെ അറിയാം, അവൻ ഹിന്ദി ക്ലാസിന് പോയല്ല, ടിവി കണ്ടാണ് പഠിച്ചത്' എന്ന് എന്റെ ചേച്ചി പറഞ്ഞതായി ഒരു സംഭവം നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ചേർത്തലയിലെ ചേച്ചി 'അമിത്തിനെ നോക്കടാ, ഒരു ക്ലാസിനും പോകാതെ നന്നായിട്ട് ഹിന്ദി അറിയാം' എന്നു പറഞ്ഞു.
രണ്ടാമത്തെ അനിയൻ വിശ്വാസം വരാതെ എന്നെ സംശയത്തോടെ നോക്കിയിട്ട്  'തും കോൻ ഹോ എന്നു പറഞ്ഞാൽ എന്താ? എന്നു ചോദിച്ചതും
'നീ ആരാണ് ?' എന്ന് ഞാൻ സധൈര്യം പറഞ്ഞു.
' അപ്പോൾ അറിയാം അല്ലേ',  അനിയൻ തല കുലുക്കി. 
ഇത്രയൊന്നുമല്ല അവന് നന്നായിട്ടറിയാം ഹിന്ദി എന്ന് എന്റെ ചേച്ചി ഹിന്ദി പറയാൻ എന്നെ പ്രോൽസാഹിപ്പിച്ചു.
ഞാൻ പറഞ്ഞ എല്ലാ ഹിന്ദിയും എനിക്കോർമയില്ല, മിക്കവാറും സിനിമകളിൽ പതിവായി കേൾക്കുന്ന ചില വാചകങ്ങളാണു തട്ടിയത്. ഉദാഹരണത്തിന് ഒന്നുരണ്ടെണ്ണം പറയാം; തും ഝൂട്ട് ബോൽതെ ഹോ. തുംഹെ ശരം നഹി ആതി ? മേ തുമാരെ ബച്ചേ കി മാ ബൻ നേ വാലി ഹും. 
ഇതൊക്കെ മലയാള അർത്ഥം സഹിതം പറഞ്ഞു കൊടുത്തപ്പോൾ , ഇതൊന്നും തങ്ങളെ പഠിപ്പിക്കാത്തതു കൊണ്ടാണ് പറയാത്തതെന്ന് കെറുവിച്ച് രണ്ടാമത്തെ അനിയൻ പോയി.

ഹിന്ദിയിലെ തെറി വല്ലതും അറിയാമോ എന്നാണ് മൂത്ത അനിയന് അറിയേണ്ടിയിരുന്നത്. വാർഷികപ്പരീക്ഷയുടെ പ്രോഗസ് കാർഡ് ഒപ്പിടാൻ അച്ഛൻ ചെന്നപ്പോൾ, ഇവന് ഹിന്ദി പോയിട്ട് മലയാളം അക്ഷരം പോലുമറിയില്ല, ഈ വർഷവും ഒമ്പതിൽ തന്നെ ഇരിക്കട്ടെ എന്നു പറഞ്ഞ് രണ്ടാം വട്ടവും ഒമ്പതിൽ തോൽപ്പിച്ച ഹിന്ദി സാറിനെ ഹിന്ദിയിൽ തന്നെ തെറി വിളിക്കണം എന്നതിനായിരുന്നു ആ ചോദ്യം.

ചേച്ചിമാർ കേൾക്കാതെ മൂന്നു തെറികൾ ഒറ്റവരിയിലാക്കി ഞാൻ പറഞ്ഞു കൊടുത്തു: കുത്തേ കമീനേ മക്കാർ...

കൊങ്കണി ബ്രാഹ്മണരിലെ പൂജാരി വിഭാഗമായ, സർ നെയിം ഭട്ട് ആയിട്ടുള്ളവരായിരുന്നു ചേർത്തലയിലെ ചേച്ചി. നമുക്കൊക്കെ ഇനി അധോഗതി. അനിയന്മാർ വല്ല ലോട്ടറിക്കച്ചവടത്തിനും പോട്ടെ. ആരുടെയെങ്കിലും പതിനാറടിയന്തിരത്തിന് കിട്ടുന്ന ദാനമൊക്കെ വാങ്ങി ജീവിക്കാനാവും വിധി എന്ന് ചേർത്തലയിലെ ചേച്ചി നെടുവീർപ്പിട്ടു.
സ്കൂളിൽ പഠിപ്പിക്കുന്നത് ഉഴപ്പിയാലും പൂജാദികർമങ്ങളും അൽപം സംസ്കൃതവുമൊക്കെ അനിയന്മാർ പഠിക്കുന്നുണ്ടാവില്ലേ എന്ന് എന്റെ ചേച്ചി ചോദിച്ചു. അപ്പോഴാണ് ആ ഹ്യദയ ഭേദകമായ വിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസം മൂത്ത അനിയൻ വീട്ടിലെത്തിയപ്പോൾ രാത്രി ഒരു മണി. എവിടെയാ പോയതെന്ന് ഊഹിക്കാമോ?
ഞങ്ങളെങ്ങനെ ഊഹിക്കാനാണ്...
ചേച്ചി തന്നെ പറഞ്ഞു, അവൻ ചേർത്തല ഭവാനി ടാക്കീസിൽ അഡൾട്ട്സ് ഒൺലി പടം കാണാൻ പോയതാത്രെ!
എന്റെ ചേച്ചി ചെവി പൊത്തിപ്പോയി.
അടുത്ത വർഷം ചേർത്തല എൻ എസ് എസിൽ പ്രീഡിഗ്രിക്കു ചേർന്ന ശേഷം ക്ലാസ് കട്ട് ചെയ്ത്  ഒരു നാലഞ്ച് അഡൾട്ട്സ് ഒൺലി സിനിമകൾ കാണണം എന്ന് മനസ്സിൽ പദ്ധതിയുണ്ടായിരുന്നെങ്കിലും ഞാനും ചെവി പൊത്തി.
സിനിമ കണ്ട ശേഷം അവൻ തിന്നതെന്താണെന്നറിയാമോ? ചേർത്തലയിലെ ചേച്ചി.
ഞങ്ങളെങ്ങനെ അറിയാനാണ്.
ചേച്ചി തന്നെ പറഞ്ഞു: ടാക്കീസിനു സമീപത്ത് കുഞ്ഞപ്പൻ എന്ന ഈഴവൻ നടത്തുന്ന നൈറ്റ് തട്ടുകടയിൽ നിന്ന് ഓംലെറ്റ്.
ഇത്തവണ എന്റെ ചേച്ചിക്കു മുൻപേ തന്നെ ഞാൻ മൂക്കത്തു വിരൽ വച്ചു. 
ഓംലറ്റിന്റെ ടേസ്റ്റ് പോവാതിരിക്കാൻ മൂത്ത അനിയൻ വായ കഴുകിയില്ലാതിരുന്നതിനാൽ വീട്ടിൽ വന്നു കയറിയതും അമ്മയ്ക്ക് ഒരു വിചിത്ര നാറ്റം ഫീൽ ചെയ്തത്രെ. ചേച്ചിയാണ് ആ നാറ്റത്തെ വിശകലനം ചെയ്ത് ഓംലറ്റെന്ന നിഗമനത്തിലെത്തിയതു പോലും. ഇനിയൊരിക്കലും ഓംലറ്റ് കഴിക്കില്ലെന്ന് അനിയൻ സത്യം ചെയ്തതിനാൽ വിവരം ക്ഷിപ്രകോപിയായ അച്ഛനോടു പറഞ്ഞ് വിഷയമാക്കിയില്ല.

 അഡൾട്സ് ഒൺലി പടം കണ്ടതല്ല വിഷയം, ആൺപിള്ളേരല്ലേ അതൊക്കെ കണ്ടെന്നിരിക്കും ചേർത്തലയിലെ ചേച്ചി പറഞ്ഞത് എന്റെ ചേച്ചി ശരിവച്ചത് എനിക്ക് വളരെ ആശ്വാസമായി. വിഷയം ഓംലെറ്റു തിന്നതാണ്. ഓംലെറ്റൊക്കെ തിന്നു നടക്കുന്ന ഒരാളെ, പൂജാവിധികളൊക്കെ യഥാക്രമം പഠിച്ചാലും ആരെങ്കിലും പൂജയ്ക്ക് വിളിക്കുമോ? അല്ലെങ്കിൽ വല്ല ഈഴവരുടേയും ധീവരരുടേയുമൊക്കെ വീടുകളിൽ പോയി പൂജചെയ്തു കൊടുത്തു ജീവിക്കേണ്ടി വരും. ഇങ്ങനെയൊരു അധ:പതനം എങ്ങനെയാ താങ്ങാൻ പറ്റുക?

അവനിനിയും കഴിക്കും, ചേർത്തലയിലെ ചേച്ചി നിരാശയോടെ പറഞ്ഞു. എന്നിട്ട് വായ നന്നായി കഴുകി വന്നാൽ ഞങ്ങളെങ്ങനെ പിടിക്കും? 
ഞങ്ങളൊന്നും മിണ്ടിയില്ല. കൈ മണത്തു നോക്കാമല്ലോ എന്നു പറയാൻ  എനിക്കു തോന്നിയെങ്കിലും അന്തരീക്ഷം അനുകൂലമല്ലെന്നു കണ്ട് ഞാനത് വിഴുങ്ങി.

തിരുമല ഭഗവാൻ കൈവിടില്ല, എല്ലാറ്റിനും ഒരു വഴികാട്ടിത്തരും എന്ന് എന്റെ ചേച്ചി ആശ്വസിപ്പിച്ചു.
അന്ന് മടങ്ങുമ്പോൾ ഒരു കെട്ട് Competition Success എനിക്കു പഠിക്കാനായി ചേർത്തലയിലെ ചേച്ചി തന്നു വിട്ടിരുന്നു. നീ എന്റെ അനിയനെ പോലെയാണ്. നീ പഠിച്ചു നന്നായി വാ.

ഞാനങ്ങനെ പഠിച്ചു നന്നായി ബാങ്കിൽ ജോലിയൊക്കെയായി കല്യാണം, കുട്ടികൾ, വീട് ഒക്കെയായി പത്തു മുപ്പതു വർഷമങ്ങു പോയി.

2016  അവസാനം. ഞാനന്ന് ആലുവയിൽ ഹെഡ് ഓഫീസിലാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ജോലികൾ മൂലം നടുവൊടിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു ദിവസം പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നൊരു വിളി. ട്രൂ കോളറിൽ .... ഭട്ട് പൂജ എന്നു കണ്ടു. ആളെ പിടുത്തം കിട്ടിയില്ല. ഏതായാലും കോളെടുത്തു. എടാ അമിത്തേ എന്നാണു സംഭാഷണം തുടങ്ങുന്നതു തന്നെ. സീനിയർ മാനേജരായ എന്നെ എടാ എന്നു വിളിച്ചതിൽ ലേശം അലോഹ്യം കാട്ടിത്തന്നെ ഞാൻ ചോദിച്ചു: ആരാ മനസിലായില്ലല്ലോ.
എടാ ഞാനാടാ.
ദേ പിന്നേം എടാ വിളി. അതും രണ്ടെണ്ണം. പഴയ ക്ലാസ്മേറ്റ്സ് വല്ലവരുമായിരിക്കുമോ എന്ന സംശയത്തിൽ നിന്നപ്പോൾ വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ഇന്നയാളാണ്, അന്ന് ചേച്ചിയുടെ കൂടെ വന്നപ്പോൾ പരിചയപ്പെട്ടില്ലേ, മറന്നോ എന്നൊക്കെ.
എനിക്ക് വളരെ, എന്നു വെച്ചാൽ വളരെ അദ്ഭുതമായി. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ എന്നിട്ടും ഇത്ര അടുപ്പത്തോടെ സംസാരിക്കുന്നു. എടാ എന്നു വിളിച്ചപ്പോൾ തോന്നിയ അസ്വാരസ്യമൊക്കെ എങ്ങോ പോയി. ആളിപ്പോൾ വലിയ പുളളിയാണ്. പത്തു തോറ്റ് രണ്ടു മൂന്നു വർഷം കാളകളിച്ചു നടന്നതിനു ശേഷം പൂജ പഠിച്ചു. ഇപ്പോൾ പൂജകളും ജ്യോതിഷവും ഒക്കെയായി കഴിഞ്ഞുകൂടുന്നു. അതിനിടെ ഒരു പൂജാ കാര്യത്തിനായി അടുത്തയാഴ്ച മലേഷ്യ വരെ പോവുന്നുണ്ട്. മലേഷ്യയിലെ ലോക്കൽ ആവശ്യത്തിനായി അൽപം മലേഷ്യൻ കറൻസി വേണം, ചേർത്തലയിലെങ്ങും സാധനം കിട്ടാനില്ല. അപ്പോൾ ചേർത്തലയിലുള്ള എന്റെ കസിനാണ് ആലുവയിലുള്ള എന്റെ നമ്പർ കൊടുത്തതത്രെ. എന്റെ ബാങ്കിനാണോ ഫോറിൻ കറൻസിക്കു പഞ്ഞം! ആവശ്യത്തിന് മലേഷ്യൻ കറൻസി ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സംഘടിപ്പിച്ചു കൊടുക്കാമെന്ന് ഏറ്റു. പുള്ളിക്കു വളരെ സന്തോഷമായി; താങ്ക് യു താങ്ക് യു എന്ന് അഞ്ചാറുവട്ടം പറഞ്ഞു. ചേർത്തലയ്ക്കു വരുമ്പോൾ വിളിക്കണം എന്നു പറഞ്ഞാണ് പുള്ളി അന്ന് ഫോൺ വച്ചത്.

ക്ലൈമാക്സിലേക്കു കടക്കുകയാണ്. 2018 ലെ വിഷുവിനോടു ചേർന്ന ഞായർ. ചാവക്കാട് നിന്ന്   സകുടുംബം വിഷു ആഘോഷിക്കാൻ നാട്ടിലെത്തിയ ഞങ്ങൾ അൽപം പർച്ചേയ്സിനൊക്കെയായി ചേർത്തലയിൽ എത്തി. പൊതുവെ ഞാൻ ഭാര്യയുടെ ഒപ്പം പർച്ചേയ്സിനായി കടകളിൽ പോവാറില്ല. കൂടുതൽ സമയം എനിക്ക് നടക്കാനോ നിൽക്കാനോ പറ്റില്ല എന്നതു തന്നെ കാരണം. കാറിലിരുന്ന് എന്തെങ്കിലും വായിക്കുകയോ ഫേസ് ബുക്ക് ചുരണ്ടുകയോ ആണു പതിവ്.  അന്നും അങ്ങനെയെന്തെങ്കിലുമാവാം എന്ന ചിന്തയിൽ ഇരുമ്പുപാലത്തിനടുത്ത് തണലുള്ള പാർക്കിംഗ് അന്വേഷിച്ച് കാറുരുട്ടുമ്പോഴാണ് മൂത്ത അനിയന്റെ (ഇനി മുതൽ പുള്ളിയെ ശ്രീകേഷ് എന്നു സൗകര്യത്തിനു വിളിക്കാം, പേരിതല്ലെങ്കിലും) കാര്യം ഓർമ്മ വന്നത്.പുള്ളിയെ പോയി കണ്ടാലോ? പിന്നെ മടിച്ചു നിന്നില്ല. ഫോണെടുത്തു വിളിച്ചു.
ഒരു സ്ത്രീയാണ് ഫോണെടുത്തത്. ശ്രീകേഷ് വീട്ടിൽ ഉണ്ടോ. ഇപ്പോൾ വന്നാൽ കാണാമോ എന്നു ചോദിച്ചതിന് അപ്പോയിന്റ്മെന്റുണ്ടോ എന്നായിരുന്നു മറു ചോദ്യം. വേണോ എന്ന ചോദ്യത്തിന് വേണം എന്നായിരുന്നു മറുപടി. അപ്പോയിന്റ്മെൻറ് ഒന്നും എടുത്തിട്ടില്ല, അൽപം ദൂരെ നിന്നാണ് എന്നു പറഞ്ഞു. പിന്നെ ബാങ്കിന്റെ പേരും എന്റെ പേരും പറഞ്ഞു.  ശ്രീകേഷ് പച്ചക്കൊടി കാണിച്ചിരിക്കണം, എനിക്ക് വീട്ടിലേക്കു ചെല്ലാനുള്ള നിർദ്ദേശം കിട്ടി.
പണ്ടു ചെന്ന ഓർമയിലാണ് ഞാൻ പോയതെങ്കിലും വഴി തെറ്റിയില്ല. പക്ഷെ പഴയ വീട് മാറിയിരിക്കുന്നു. സാമാന്യം ഭേദപ്പെട്ടൊരു വീടാണ്. ഞാനിതേവരെ കണ്ടതിൽ വച്ച് അതിമനോഹരമായ തുളസിത്തറ. ദൈവങ്ങളുടെ പടമുള്ള ടൈലുകളൊക്കെ ഒട്ടിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഒട്ടുമിക്ക തുളസിത്തറകളിലും ഉണങ്ങിച്ചുരുങ്ങിയ തുളസികളാണ് കണ്ടു വരാറുള്ളതെങ്കിൽ ഇവിടെ നിറയെ ഇലകളുള്ള കരുത്തുറ്റ തുളസിച്ചെടിയാണ് കാണാൻ കഴിഞ്ഞത്. ലക്ഷ്മീദേവി ഊബർ വിളിച്ചു പറന്നെത്തും. അത്ര ഭംഗി!
വീടിനകം അതിലും ഭംഗി. ഒരു ചെറിയ തിരുപ്പതി ക്ഷേത്രം തന്നെയുണ്ടായിരുന്നു വലിയ ഹാളിന്റെ ഒരറ്റത്തായി. തിരുപ്പതി ഭഗവാന്റെയും പദ്മാവതിയുടേയും പൂർണകായ പ്രതിമ ദീപാലംകൃതമായിരുന്നു. പകൽ തന്നെ ഇത്ര ഭംഗിയെങ്കിൽ രാത്രി എന്തായിരിക്കും?
എന്നെ സോഫയിലിരുത്തി ഭാര്യ ശ്രീകേഷിനെ വിളിക്കാൻ പോയി. രണ്ടു മിനിറ്റിനകം ശ്രീകേഷ് എത്തി. സ്വർണം കെട്ടിയ രുദ്രാക്ഷമാല, പൂണൂൽ, വിരലിൽ നവരത്ന മോതിരം, കാതിൽ രണ്ടിലും കടുക്കൻ. നന്നായി നരയുമുണ്ട്. ഏതാണ്ട് പറഞ്ഞാൽ പ്രകാശ് കാരാട്ട് പൂണൂലൊക്കെ ഇട്ട പോലെ. പ്രായം നന്നായിട്ടു പറയും.
വാടാ, പറയെടാ, നീ ഇപ്പഴും കൊച്ചു പയ്യനാണല്ലോടാ എന്നൊക്കെ പറഞ്ഞ് പുള്ളി ഉഷാറായി. പിന്നെ എന്നെ തന്റെ ഓഫീസ് റൂമിലേക്കു കൊണ്ടുപോയി. 
ഓഫീസ് റൂം കണ്ടപ്പോഴാണ് ഞാൻ സത്യത്തിൽ മനസിലാക്കിയത്, ഇതൊരു ചില്ലറക്കാരനായ പൂജാരിയല്ല. വലിയൊരു ബുക് ഷെൽഫ്. ജ്യോതിഷ ഗ്രന്ഥങ്ങൾ, പുരാണങ്ങൾ, പുരാണ നോവലുകൾ ,ബൈബിളും ഖുറാനും പോലുമുണ്ട്. ലേറ്റസ്റ്റ് കമ്പ്യൂട്ടർ. അടുത്തായി സന്ദർശകർക്ക് ഉപയോഗിക്കാൻ ചന്ദനവും കുങ്കുമവും പ്രസാദവും. എല്ലാത്തിനും എന്തൊരു അടുക്കും ചിട്ടയും. കോർപറേറ്റ് ഓഫീസുകൾ മാറിനിൽക്കും.

പിന്നെ ഞങ്ങൾ വിശേഷങ്ങളൊക്കെ പറഞ്ഞ് ഇരുന്നു. പുള്ളിയുടെ ചേച്ചി പ്രൊമോഷനായതും മൂത്ത മകളുടെ വിവാഹം കഴിഞ്ഞതും മറ്റും. ഞാൻ ചുമ്മാ പഴയ കാര്യങ്ങൾ ചോദിച്ചു. ഹിന്ദി തെറികൾ പഠിപ്പിച്ച കാര്യം മാത്രമല്ല ആ തെറികൾ പോലും പുള്ളി ഓർക്കുന്നുണ്ട് (അങ്ങനെ പുള്ളി പറഞ്ഞതാണ് ഞാൻ നേരത്തേ എഴുതിയത്.).
സംവരണവും മണ്ഡൽ കമ്മീഷനുമൊക്കെ കാരണം ബ്രാഹ്മണർ ഗതികെട്ടു പോകും എന്ന് പുള്ളിയുടെ ചേച്ചി അന്ന് പ്രവചിച്ച കാര്യം ഞാൻ സാന്ദർഭികമായി ഓർമിപ്പിച്ചു. ആ ഓർമിപ്പിക്കലിന് പുള്ളി പറഞ്ഞ മറുപടിയാണ് ഈ കുറിപ്പിന്റെ ആധാരം.
പുളളി പറഞ്ഞത് ചുരുക്കിപ്പറയാം. പഠനം മര്യാദയ്ക്ക് ചെയ്യാത്തതു കൊണ്ട് ഗവർമെന്റ് ജോലി എന്ന സ്വപ്നമേ പുള്ളിക്കില്ലായിരുന്നു. അതു കൊണ്ട് ഇരുപതാം വയസിൽ പൂജ പഠിക്കാൻ ചേർന്നു. മൂന്നു വർഷം കഴിഞ്ഞ് ആദ്യം അച്ഛന്റെയൊപ്പവും പിന്നീട് തനിച്ചും പൂജകൾ ചെയ്തു തുടങ്ങി. 1996 ൽ കമ്പ്യൂട്ടർ ജ്യോതിഷം വശത്താക്കി ചേർത്തലയിൽ ആദ്യമായി അവതരിപ്പിച്ചു. പഴയ രീതിയിലുള്ള ചിട്ടകളിൽ നിന്ന് വ്യതിചലിക്കാതെ, എന്നാൽ പുതിയ രീതിയിൽ കാര്യങ്ങളെ സമീപിച്ചു. ജാതിയും മതവുമൊന്നും നോക്കാതെ, തന്നെ സമീപിക്കുന്നവർക്കെല്ലാം വിവിധ പൂജകൾ യഥാവിധി നടത്തിക്കൊടുത്തു.
എന്നെ താങ്ങാൻ പക്ഷെ എല്ലാർക്കും പറ്റൂല്ല. പുള്ളി പറഞ്ഞു.

റേറ്റാണോ?
റേറ്റിന്റെ വിഷയമല്ല, അതിൽ എനിക്ക് നിർബന്ധമില്ല. പക്ഷെ ചിട്ടവിട്ടൊരു കളിയില്ല. ചിലർ പൂജയ്ക്കിടെ ഒന്നു സിഗരറ്റു വലിക്കാൻ പോകും, ചിലർ ഫോൺ അറ്റൻഡു ചെയ്തു കൊണ്ട് മന്ത്രം ഏറ്റുചൊല്ലും. ഇത്തരം ടീംസിൻറടുത്ത് ഞാൻ പിന്നീട് ഒരിക്കലും പോവില്ല. 

മറ്റു ജാതിക്കാർ വിളിക്കുന്നു എന്നു പറഞ്ഞല്ലോ, അവർ എന്തിനാ വിളിക്കുന്നത്? അവരുടെ ഇടയിൽ പൂജാരിമാരില്ലേ?

സംവരണമാണെടാ കാര്യം, ശ്രീകേഷ് എന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. യഥാവിധി പൂജചെയ്യുന്നവർ എല്ലാ ജാതിയിലുമുണ്ട്. എന്നാലും ബ്രാഹ്മണൻ ചെയ്താലേ പൂജ ദൈവത്തിലെത്തൂ എന്ന ധാരണ ടോപ് ടു ബോട്ടം ആൾക്കാർക്കുമുണ്ട്. ചേർത്തലയിലെ ഒരു സംസ്ഥാന തല പിന്നാക്ക ജാതി നേതാവിന് 15 വർഷമായി ഞാൻ തന്നെ വേണം വീട്ടിലെ ഏതു പൂജയും ചെയ്യാൻ. പൂജയുള്ള ദിവസം പുള്ളിയുടെ വീട്ടിൽ മത്സ്യ മാംസാദികൾ പാകം ചെയ്യില്ല. അത്ര ശുദ്ധി. എന്നെ വലിയ ബഹുമാനം. എന്റെയീ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയത് സംവരണം ഷെഡ്യൂൾഡ്കാസ്റ്റ് കാർക്ക് തന്നെ കൊടുക്കട്ടെ. ബ്രാഹ്മണർക്ക് സമൂഹം വില കൽപ്പിക്കുന്ന പൂജകൾ കൊണ്ടുള്ള ഉപജീവനം തന്നെ ധാരാളം.

ബ്രാഹ്മണരിലെ പാവപ്പെട്ടവർക്ക് സംവരണം കൊടുക്കണ്ടതല്ലേ, ദേവസ്വം ബോർഡിലെ പോലെ. ഞാൻ ചുമ്മാ ചോദിച്ചു.

എന്തിന്? ഒരൽപം സംസ്കൃതവും ഒരൽപം കമ്പ്യൂട്ടറും പഠിച്ച എനിക്ക് ചറപറാ പൂജകൾക്ക് ഓഡർ കിട്ടുന്നുണ്ടെങ്കിൽ പിന്നാർക്കാ കിട്ടാത്തത്? ഈ മേഖലയിൽ ഇപ്പോൾ വേണ്ടത്ര ആൾക്കാരില്ല. എന്നെ കണ്ടില്ലേ, അപ്പോയിന്റ്മെന്റാക്കെ വെച്ച് നിയന്ത്രിക്കുകയാണ്. പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്. രണ്ടുപേരെയും ഉപനയനമൊക്കെ കഴിപ്പിച്ച് പൂജകൾ പഠിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു. അനിയനും പൂജകൾ ചെയ്തു ജീവിക്കുന്നു. മാസത്തിൽ പകുതി ദിവസവും അവൻ ഗൾഫിലായിരിക്കും, അത്രക്കുണ്ട് തിരക്ക്. ഞാൻ പിന്നെ വല്ലപ്പോഴും മാത്രമേ ഫോറിനിൽ പോകൂ. എന്റെ കീഴിൽ എട്ടു പേരുണ്ട്. അവരാണ് മിക്കയിടത്തും പോയി കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇടയ്ക്ക് ഞാനൊന്നു പോയി തല കാണിച്ചു വരും. ആൾക്കാർക്ക് അതു തന്നെ ധാരാളം. ഒരു പത്തു പേർക്കു കൂടി ജോലി കൊടുക്കാൻ എനിക്കു പറ്റും, പക്ഷെ ആളെ കിട്ടാനില്ല. അതു കൊണ്ട് ബ്രാഹ്മണർക്ക് പൂജ തന്നെ ബെസ്റ്റ്. സംവരണം ജാതീയമായി ഏറ്റവും അവശതയനുഭവിക്കുന്നവർക്കു തന്നെ കിട്ടട്ടെ.

പക്ഷെ സംവരണം വഴി അധികാരസ്ഥാനത്തെത്തിയാൽ അതൊരു നല്ല കാര്യമല്ലേ? ഞാൻ ചുമ്മാ തർക്കിച്ചു. 

എന്തധികാരം? എനിക്കെന്തു സർക്കാർ ജോലിയാണുള്ളത്? പക്ഷെ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ പഞ്ചായത്ത് പ്രസിഡന്റോ എം എൽ എ യോ വില്ലേജ് ഓഫീസറോ ബാങ്ക് മാനേജരോ എന്നുവേണ്ട ആരും പരിഗണിക്കും. അതാണ് ഒരു പുരോഹിതന്റെ ശക്തി. അതു തിരിച്ചറിയാതെ പാവങ്ങൾക്കു കൊടുക്കുന്ന അവകാശത്തിൽ നിന്ന് കയ്യിട്ടുവാരാൻ നടക്കുന്നത് ശരിയല്ല. 

ഞാൻ ചുമ്മാ തല കുലുക്കി. നാസ്തികത്വം പിന്തുടരുന്നയാളായതുകൊണ്ട് കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളം ഒരു പൂജാരിയുമായി സംസാരിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെയൊക്കെയാണോ ഇപ്പോഴത്തെ പൂജാരിമാർ...?

കഴിഞ്ഞയിടെ കോലാപൂരിൽ ഒരു പൂജയ്ക്കു പോയ സമയത്തെ അനുഭവം ശ്രീകേഷ് പറഞ്ഞു. ഉൾഗ്രാമത്തിലായിരുന്നത്രെ പൂജ. മലയാളിക്കു വേണ്ടിയായിരുന്നു. കടന്നു പോകുന്ന വഴി ഒരു ഷെഡ്യൂൾഡ്കാസ്റ്റ് കോളനി കണ്ടു. അതീവ ദരിദ്രരായ ജനങ്ങൾ. പൂജ കഴിഞ്ഞ് സദ്യയുമുണ്ട് പരിസരമൊന്ന് കാണാനിറങ്ങിയ ശ്രീകേഷ് കണ്ടത് എച്ചിലലയിലുള്ളത് വിരൽ വടിച്ചു നക്കുന്ന പാവങ്ങളെയാണ്. അവർക്കും കൊടുത്തുടേ കഴിക്കാൻ എന്നു ചോദിച്ചപ്പോൾ അവിടെ എച്ചിൽ കൊടുക്കുന്നതാണ് രീതി എന്നായിരുന്നത്രെ മറുപടി. ആ അവസ്ഥ കണ്ടതോടെ ജാതി സംവരണം നിലനിൽക്കെണ്ടതിന്റെ ആവശ്യകത തനിക്കു നന്നായി ബോധ്യപ്പെട്ടു എന്നു ശ്രീകേഷ് കൂട്ടിച്ചേർത്തു. അവർക്കാണ് സംവരണം അത്യാവശ്യം. ആദ്യം ജാതി ഇല്ലാതാകട്ടെ എന്നിട്ട് ജാതി സംവരണം നിർത്താം.

പുള്ളിക്ക് 3 മണിക്ക് സ്കൈപ്പിൽ ഒരു ജ്യോതിഷോപദേശം കൊടുക്കാനുള്ള കാര്യം ഭാര്യ വന്ന് ഓർമിപ്പിച്ചപ്പോൾ ഞാൻ പോകാൻ എഴുന്നേറ്റു.

ആദ്യമായി തന്റെ വീട്ടിൽ വന്നതല്ലേ, വെറും കയ്യോടെ വിടാൻ തോന്നുന്നില്ല എന്നു പറഞ്ഞ് ശ്രീകേഷ് എന്നോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് അകത്തേക്കു പോയി. ഞാൻ ചുമ്മാ മേശപ്പുറത്തിരുന്ന ഒരു നോട്ട്ബുക്ക് മറിച്ചു നോക്കി. ഋഗ്വേദത്തിലെ വരികളും വ്യാഖ്യാനവും. അതുകണ്ടു കൊണ്ടാണ് ശ്രീകേഷ് തിരിച്ചെത്തിയത്. 

ഓ, അത് തുടങ്ങിയതേ ഉള്ളൂ, പുസ്തകമായി പ്രസിദ്ധീകരിക്കാനാണ്. എഴുതിക്കഴിഞ്ഞ ഒരു പുസ്തകമുണ്ട്,  മധ്വാചാര്യരെക്കുറിച്ച്. ആ പുസ്തകം അച്ചടിയിലാണ്.

നിങ്ങൾ ചെറിയ പുളളിയല്ല കേട്ടാ. അറിയാൻ വൈകി. ഞാൻ പറഞ്ഞു.

പുള്ളി പൊട്ടിച്ചിരിച്ചു. ദേ, കയ്യിലെ കടലാസുപൊതി തുറന്ന് പുള്ളി പറഞ്ഞു: ഒരാറ് ലക്ഷം രൂപ കാണും. നിന്റെ ബാങ്കിൽ എഫ്ഡി ഇട്‌. രണ്ടായിരത്തിന്റെ നോട്ട് ഞാനെണ്ണാം., നൂറിന്റെയും അഞ്ഞൂറിന്റേയും നീയെണ്ണ്.

ഞാനാണെങ്കിൽ കാഷൊക്കെ എണ്ണി വർഷങ്ങളായിരുന്നു. അതുകൊണ്ട് സാവധാനമാണ് എണ്ണിയത്. പുള്ളി പക്ഷെ മെഷീൻ പോലെ പടപടാ എണ്ണിത്തീർത്തു.

ഒരു കടലാസിൽ പുള്ളി നോട്ടുകളുടെ ഡിനോമിനേഷൻ എഴുതുമ്പോൾ ഞാൻ പറഞ്ഞു: ജ്യോതിഷം, കമ്പ്യൂട്ടർ, ബൈബിൾ, ഖുറാൻ, ഭഗവദ് ഗീത, മധ്വാചാര്യർ, ഇപ്പോൾ ദാ ഋഗ്വേദ വ്യാഖ്യാനം. അണ്ണാ നിങ്ങൾ ഈ പഠിത്തമൊക്കെ സ്കൂളിൽ വച്ചു പഠിച്ചിരുന്നേൽ എവിടെ എത്തിയേനെ...?

കാഷും ഡിനോമിനേഷൻ എഴുതിയ കടലാസും എനിക്കു നീട്ടി പുളളി മറു ചോദ്യം ചോദിച്ചു: നമ്മളിപ്പൊ എണ്ണിയത് എന്റെ കാശല്ലേ?

അതെ.

സ്കൂളിൽ നന്നായി പഠിച്ചിരുന്നെങ്കിൽ ഞാൻ എന്റെ സ്വന്തം കാശ് എണ്ണുന്നതിനു പകരം നിന്നെപ്പോലെ ഏതെങ്കിലും ബാങ്കിലിരുന്ന് വല്ലവന്റേയും കാശ് എണ്ണുമായിരുന്നു....!!!

***        ***        ***

Saturday, September 22, 2018

പോസിറ്റീവ് എനർജി ഉണ്ട്



ശ്രീ മോഹൻലാൽ അടുത്തയിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിൽ നിന്ന് യഥേഷ്ടം പോസിറ്റീവ് എനർജി ലഭിച്ചതായി തന്റെ ബ്ലോഗിൽ എഴുതിയത് പലരും വിമർശിച്ചതു കാണാനിടയായി. ഗുജറാത്ത് നരഹത്യയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധനായ ശ്രീ മോഡിയ്ക്ക് എങ്ങനെയാണ് പോസിറ്റീവ് എനർജി പകരാൻ കഴിയുക എന്നതാണ് മിക്കവരും പ്രകടിപ്പിച്ച സംശയം. ശ്രീ മോഡി പിന്തുടരുന്ന രാഷ്ട്രീയത്തെ ആധാരമാക്കി നോക്കിയാലും അദ്ദേഹത്തിൽ നിന്ന് പോസിറ്റീവ് എനർജി ഒരിക്കലും പ്രതീക്ഷിക്കാനാവില്ല എന്നും ശ്രീ മോഹൻലാൽ തന്റേതായ ലാഭങ്ങൾക്കായി കള്ളം പറയുന്നതാണെന്നും പൊതുവെ അഭിപ്രായമുയരുന്ന പശ്ചാത്തലത്തിൽ മൂന്നു വർഷം മുൻപ് എനിക്കുണ്ടായ ഒരനുഭവം പങ്കു വയ്ക്കുകയാണ്.

അന്നു ഞാൻ കർണാടകയിലെ കുന്ദപുരയിലായിരുന്നു. യാദ്യശ്ചികമായി നാട്ടിലെ ഒരു പരിചയക്കാരനെ അവിടെ കാണാനിടയായി. 25 ഓളം വർഷങ്ങൾക്കു ശേഷമാണ് കാണുന്നത്. ഒരു ഹിന്ദു സംഘടനയുടെ കർണാടക ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവിടെ എത്തിയത്. ആ സംഘടന അക്രമത്തിന് കുപ്രസിദ്ധമായിരുന്നു. (ഇന്നും അതെ ). പ്രസ്തുത സംഘടനയുടെ ദേശീയ നേതാവ് പിറ്റേന്നു വരുന്നുണ്ടെന്നും എന്നെ പരിചയപ്പെടുത്താമെന്നും നമ്മുടെ നാട്ടുകാരൻ പറഞ്ഞു. 'എനിക്കങ്ങ് ഡെല്ലിയിലുമുണ്ടെടാ പിടി' എന്ന് നാലുപേരോട് മേനി പറയാം എന്ന ഉദ്ദേശത്തിൽ പുള്ളിയെ കാണാൻ വരാമെന്ന് ഞാൻ സമ്മതിച്ചു.

വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്കു ഭയം. ലഹളയുണ്ടാക്കുന്നതിൽ കുപ്രസിദ്ധരാണ്. അവർ നാളെ എന്തെങ്കിലും അടിയുണ്ടാക്കി, ഞാനതിൽപെട്ടും പോയാൽ പിന്നെ ജോലിയും പോവും ജയിലിലുമാവും. അതു വേണോ? ശരിയാണല്ലോ. എനിക്കപ്പോഴാണ് കത്തിയത്.

നാളെ വേറൊരു വർക്ക് കയറി വന്നു, എന്നെ ഒഴിവാക്കു എന്ന് നാട്ടുകാരനെ വിളിച്ചറിയിച്ചെങ്കിലും അയ്യോ പറ്റില്ല, രാവിലെ എന്നെ കാണണമെന്ന് നേതാവ് പറഞ്ഞതായി പുളളി കട്ടായം പറഞ്ഞു. പിറ്റേന്നു രാവിലെ സൂത്രത്തിൽ പോവാതിരിക്കാം എന്നു തീരുമാനിച്ചെങ്കിലും 8 മണിക്കു തന്നെ താഴെ കാറെത്തി. പോവാതിരിക്കാൻ പറ്റില്ല. സംഘടനയോട് അനുഭാവമുണ്ടായിട്ടല്ല, ഒരു ബാങ്കിംഗ് ആവശ്യത്തിനായാണ് രാവിലെ തന്നെ ആ ഹൈന്ദവ സംഘടനയുടെ ദേശീയ നേതാവിനെ കാണാൻ പോയതെന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലീസുകാരോട് പറയാമെന്നു തീരുമാനിച്ച് രണ്ടും കൽപിച്ച് ഇറങ്ങി. 

അവിടത്തെ മുന്തിയ ഹോട്ടലിലായിരുന്നു നേതാവ് താമസിച്ചിരുന്നത്. ഞങ്ങൾ ലോബിയിൽ കാത്തിരുന്നു. കൃത്യം എട്ടരക്ക് അദ്ദേഹം ഭാര്യയോടും പത്തു വയസുകാരി  മകളോടുമൊപ്പം മുറിയിൽ നിന്നെത്തി. തൂവെള്ള ലിനൻ ഷർട്ട്, മുണ്ട്, സ്വർണ കരയുള്ള രണ്ടാം മുണ്ട്. നെറ്റിയിൽ ഭസ്മം. മുന്തിയ രണ്ടു ഫോണുകൾ കയ്യിൽ. നാലഞ്ചു വിരലുകളിൽ മോതിരം. ഖുമ ഖുമാ സെന്റിന്റെ മണം (അതൊരുപക്ഷെ പട്ടുസാരിയുടുത്ത ഭാര്യയുടേതാവാം). ആ ഗാംഭീര്യത്തിൽ ഞാൻ എഴുന്നേൽക്കാൻ മറന്നു പോയി. പിന്നെ അദ്ദേഹം അടുത്തെത്തിയപ്പോൾ ഞാൻ എഴുന്നേൽക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം എന്നെ നിർബന്ധിച്ച് ഇരുത്തുകയാണ് ഉണ്ടായത്. 
നാട്ടുകാരനാവട്ടെ എന്നെ തന്റെ നാട്ടുകാരനാണ്, ഇവിടെ ബാങ്ക് മാനേജരാണ് എന്നതു കൂടാതെ മറ്റു പലതുമൊക്കെ  പറഞ്ഞ് എന്നെയങ്ങ് പൊക്കി പരിചയപ്പെടുത്തി. ഓരോന്നും അദ്ദേഹം ശ്രദ്ധയോടെ കേട്ടു. 

പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഇനി നമുക്ക് പ്രാതൽ കഴിച്ചു കൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. എന്റെ തോളത്തു കയ്യിട്ട് ഞങ്ങൾക്കായി റിസർവ് ചെയ്ത ടേബിളിനടുത്തേക്കു പോയി. മറന്നു വച്ച ബാഗെടുക്കാൻ ഞാൻ തിരിഞ്ഞെങ്കിലും അവിടവിടെയായി നിന്ന പതിനഞ്ചോളം വരുന്ന തന്റെ അനുയായികളിലൊരാളെ കൊണ്ടാണ് അദ്ദേഹം ബാഗെടുപ്പിച്ചത്. 

എന്നെ തൊട്ടടുത്ത സീറ്റിൽ തന്നെയിരുത്തി അദ്ദേഹം പ്രാതൽ കഴിച്ചു. എനിക്കു വേണ്ടി പല സാധനങ്ങളും ഓഡർ ചെയ്തു. കാപ്പി ആറ്റാൻ ഒരു ശിങ്കിടിയോടു പറഞ്ഞെങ്കിലും കൊടും ചൂടുള്ള കാപ്പിയാണ് ശീലം എന്നു ഞാൻ പറഞ്ഞപ്പോർ അദ്ദേഹം ശിങ്കിടിയെ ലോട്ട താഴെ വച്ച് പിറകോട്ടു പോകാൻ ആംഗ്യം കാട്ടി.

ഞാൻ സ്വയം ആരാണെന്ന് എനിക്കു സംശയമായി. പുള്ളിയൊന്നു ഞൊടിച്ചാൽ ആ പതിനഞ്ച് കൊമ്പൻ മീശക്കാരിൽ ഒരുത്തൻ മതി എന്നെ ചമ്മന്തിയാക്കാൻ. അങ്ങനെയുള്ള എനിക്ക് ഇത്ര ആതിഥ്യം !

ഭക്ഷണം കഴിഞ്ഞ് അദ്ദേഹം കൈകഴുകാൻ പോയി വന്ന ഗ്യാപ്പിൽ എന്റെ നാട്ടുകാരൻ അദ്ദേഹം ഇത്രയും ശിങ്കിടികളെ കൊണ്ടു നടക്കുന്നതെന്തിനെന്ന് വിശദീകരിച്ചു. പല മുസ്ലീം ഭീകര സംഘടനകളും അദ്ദേഹത്തെ തീർക്കാൻ തക്കം പാർത്തിരിക്കുകയാണത്രെ. 97 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം യഥാർത്ഥത്തിൽ അദ്വാനിയെ കൊല്ലാനല്ല ഇദ്ദേഹത്തെ കൊല്ലാനാണ് പ്ലാൻ ചെയ്തിരുന്നതത്രെ. ഹമ്മേ, ഇവിടെയെങ്ങാനും ഇനി ലവന്മാർ ബോംബോ മറ്റോ വച്ചു കാണുമോ എന്നു  ഞാൻ മനസിൽ ചോദിച്ചത് പുറത്തു കേട്ടിട്ടെന്ന പോലെ നാട്ടുകാരൻ കൂട്ടിച്ചേർത്തു: ഇന്നലെ ബോംബ് വിരുദ്ധ പട്ടി സ്ക്വാഡ് എല്ലാം പരിശോധിച്ചതിനു ശേഷമാണത്രെ അദ്ദേഹം മുറിയെടുത്തത് !

അപ്പോഴേക്കും അദ്ദേഹം മടങ്ങി വന്നു. എന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. ഹിന്ദുക്കളിലെ ദരിദ്രർക്കു മാത്രമായി ഒരു ഫണ്ട് റെഡിയാവുന്നുണ്ടത്രെ. ഏകദേശം അഞ്ഞൂറു കോടിയോളം വരും. അതിന് ഒരു ട്രസ്റ്റ് രൂപീകരിക്കണം, ബാങ്ക് അക്കൗണ്ട് വേണം. ഞാനൊരു ട്രസ്റ്റിയുമാകണം. ഇതിനൊക്കെ, ആത്മാർത്ഥതയുള്ള, നിസ്വാർത്ഥനായ ബാങ്കിംഗ് അറിയാവുന്ന ഒരാളെ വേണം എന്ന അന്വേഷണത്തിലാണ് നാട്ടുകാരൻ എന്റെ പേര് നിർദ്ദേശിച്ചതത്രെ.

അഞ്ഞൂറു കോടി ഡെപ്പോസിറ്റ് !!! തുക പക്ഷെ അടുത്ത സാമ്പത്തിക വർഷമേ എത്തൂ, എന്നു വച്ചാൽ മാർച്ച് കഴിഞ്ഞ്. മാർച്ച് കഴിഞ്ഞെങ്കിൽ അങ്ങനെ. രൂപ ഒന്നും രണ്ടുമല്ല. അലതല്ലിയ ആഹ്ളാദം ഞാൻ പുറത്തു കാണിച്ചില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി എന്തുകൊണ്ടാണ് ഹിന്ദുക്കൾക്കു മാത്രം എന്നു ചോദിച്ചു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് ആനയാണ് ചേനയാണ് എന്നൊക്കെ സംഘടനയുടെ തമിഴ്നാട് ഘടകം നേതാവ് - ഒരു ശിങ്കിടി - ആണ് പറഞ്ഞത്. വേറൊരു ശിങ്കിടിയെ നമ്മുടെ ദേശീയ നേതാവ് കൈ ഞൊടിച്ച് വിളിച്ചു.. ഒരു കരിവീരൻ (ആന എന്ന അർത്ഥത്തിലും കറുത്ത എന്ന അർത്ഥത്തിലും ഓക്കെയാണ് ) കൈകൾ കെട്ടി കക്ഷത്തിലിട്ട് മുന്നോട്ടുവന്ന് കുനിഞ്ഞു നിന്നു.  ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ മുരളീധരന്റെ മുഖഛായ. വെട്ടു കൊണ്ട പാട് മുഖത്ത് രണ്ടു മൂന്നെണ്ണം.. കോയമ്പത്തൂർ ജില്ലാ നേതാവാണത്രെ. അഞ്ചെട്ടു പേരെ വെട്ടിയിട്ടുണ്ട്, പക്ഷേ ആരും ചത്തില്ലെന്ന സങ്കടത്തിൽ നീറിപ്പുകയുന്നുണ്ട് ആ ഹൃദയം.

ഈ ടീംസൊക്കെയായിരിക്കും ട്രസ്റ്റിൽ. തൊട്ടുമുൻപത്തെ നിമിഷം തോന്നിയ ആഹ്ളാദവും ആവേശവുമൊക്കെ ആവിയായിപ്പോയി. അഞ്ഞൂറു കോടിയൊന്നും മാനേജ് ചെയ്യാനുള്ള പ്രാപ്തിയായിട്ടില്ല, വേറെയാരെയെങ്കിലും നോക്കിക്കൂടേ എന്നൊക്കെ അയാളുടെ മുഖത്തു നോക്കിപ്പറയെടാ എന്ന് എന്റെ ഉള്ളിലിരുന്ന് നിങ്ങൾക്കെല്ലാവർക്കും ഉള്ളതു പോലെ എനിക്കുമുള്ള എന്റെ മനസാക്ഷി ബഹളം വെച്ചെങ്കിലും ഒരക്ഷരം പോലും പറയാൻ എനിക്കു കഴിഞ്ഞില്ല. അപ്പോൾ എല്ലാം പറഞ്ഞപോലെ എന്നു പറഞ്ഞ് ദേശീയ നേതാവ് എഴുന്നേറ്റിട്ട് സ്വന്തം കാറിലാണ് എന്നെ ബാങ്കിലിറക്കിയത്‌. പോവുന്ന വഴിയിൽ, മോഡി സർക്കാർ യാർത്ഥ ഹിന്ദു സർക്കാർ അല്ലെന്നും 2016 ജനുവരിയിൽ BJP ക്കു ബദൽ ഒരു യഥാർത്ഥ ഹിന്ദു പാർട്ടി ജന്മമെടുക്കുമെന്നും ഒട്ടനവധി BJP നേതാക്കൾ പുതിയ പാർട്ടിയിൽ ചേരുമെന്നും അതിന്റെ മുന്നോടിയായാണ് ഈ ട്രസ്റ്റുമെന്നൊക്കെ അദ്ദേഹം എന്നോടു പറഞ്ഞു.

12 മണിക്കു നടന്ന കർണാടക ഘടകത്തിന്റെ രൂപീകരണത്തിന് ഞാൻ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഫോട്ടോ ഫേസ് ബുക്കിലുമിട്ടു. പക്ഷേ ഞാൻ ബാങ്കുദ്യോഗസ്ഥനായതിനാൽ ഔദ്യോഗിക ഭാരവാഹിത്വമൊന്നും ഏൽക്കാൻ പറ്റില്ല എന്നു പറഞ്ഞതിനാൽ ഒഴിവാകാൻ സാധിച്ചു. പക്ഷെ, അദ്ദേഹത്തെ നേരിട്ടു വിളിക്കാവുന്നവരുടെ ലിസ്റ്റിലേക്ക് എന്നെയും ചേർത്തു. (ബാക്കിയുള്ളവർ അദ്ദേഹത്തെ വിളിച്ചാൽ ശിങ്കിടികളാവും അറ്റൻഡ് ചെയ്യുക. ആവശ്യമെങ്കിൽ മാത്രമേ അദ്ദേഹത്തിന് ഫോൺ കൈമാറു അത്രെ).

പക്ഷെ തിരികെ ബാങ്കിലെത്തിയ എനിക്ക് ജോലിയിൽ ഒട്ടും ശ്രദ്ധിക്കാൻ സാധിച്ചില്ല. രാവിലെ നടന്നതൊക്കെ ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്നോർത്തു. അയാളോട് പറ്റില്ല എന്ന് അപ്പോഴേ പറഞ്ഞിരുന്നെങ്കിൽ എത്ര സമാധാനമായിരുന്നു. ഫോണിൽ പറയാമെന്നു കരുതി നാട്ടുകാരനെ വിളിച്ചിട്ട് കിട്ടുന്നുമില്ല.

ഇതൊക്കെയൊന്ന് പറയാമെന്നു വെച്ചാൽ ആരോട്? ഒരു കസ്റ്റമറെ കാണാനുണ്ടെന്ന് ബ്രാഞ്ചിൽ കള്ളം പറഞ്ഞിട്ട് ചുമ്മാ ഉഡുപ്പി വരെ കാറോടിച്ചു പോയി വന്നു. എന്നിട്ടും ടെൻഷൻ മാറിയില്ല.

വീട്ടിൽ വന്ന് മൂഡൗട്ടായി ഒറ്റയിരിപ്പായിരുന്നു. ഒന്ന് റിലാക്സ് ചെയ്തോട്ടേ, ബാറിൽ പോയാലോ എന്ന ചോദ്യത്തിന് ഈ മാസത്തെ ക്വാട്ട കഴിഞ്ഞത് ഓർമയില്ലേ എന്ന മറുചോദ്യവുമായി ഭാര്യ. പിന്നെ ഭാര്യയെങ്കിൽ ഭാര്യ, പ്രതിവിധിയൊന്നും കയ്യിലുണ്ടാവാൻ തരമില്ലെങ്കിലും എന്റെ മനസിന്റെ ഭാരമൊന്നു കുറയ്ക്കാം എന്ന ഉദ്ദേശത്തിൽ നടന്നതെല്ലാം ഞാൻ പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഭാര്യ എന്നോടു ചോദിച്ചു: "നിങ്ങടെ പൈസേം വേണ്ട ട്രസ്റ്റീം ആകണ്ട എന്ന് മുഖത്തു നോക്കിയങ്ങു പറയാൻ വയ്യായിരുന്നോ ?"  ഈ ചോദ്യത്തിന് ഞാൻ പറഞ്ഞ ഉത്തരവും ശ്രീ മോഹൻലാൽ ബ്ലോഗിൽ കുറിച്ചതും ഒന്നു തന്നെ: പോസിറ്റീവ് എനർജി.

ചുമ്മാ പറയുന്നതല്ല. അക്രമങ്ങൾക്കൊക്കെ നേതൃത്വം കൊടുക്കുന്ന മനുഷ്യനെയാണ് ഞാൻ കണ്ടത്. മനസു നിറയെ വിഷം. എന്നാലോ, സൗമ്യമായ സംസാരം, തൂവൽ പോലത്തെ സ്പർശം. വല്ലാത്ത കെയറിംഗ്.  എങ്ങനെയാ ആ മുഖത്തു നോക്കി നോ പറയുക ?

ഇക്കാര്യത്തിൽ, അടിവരയിട്ടു പറയട്ടെ, ശ്രീ മോഹൻലാലിനെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. വ്യക്തിത്വം വേറെ രാഷ്ട്രീയം വേറെ. മോഡി ഒരു പക്ഷെ ആതിഥ്യമര്യാദയൊക്കെയുള്ള, ഞാൻ കണ്ട നേതാവിനെ പോലത്തെ, സ്നേഹിച്ചാൽ ചങ്കെടുത്തു തരുന്ന ടൈപ്പ് ആളായിരിക്കാം. നേരിട്ട് തന്നെ വിളിക്കാനുള്ള അനുവാദം കൊടുത്തിരിക്കാം. പിന്നെ, എനിക്കു കിട്ടിയതുപോലത്തെ ഭയാനക ഓഫറാവില്ല ശ്രീ മോഹൻലാലിന് കിട്ടിയിരിക്കുന്നത്. അപ്പോൾ പിന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യാതെങ്ങനെ...?


ഉപസംഹാരം: തുടർ ദിവസങ്ങളിൽ,  15 ശിങ്കിടികൾ ബൊലെറോയിൽ ചാടിയിറങ്ങി വന്ന് എന്നെ പിടിച്ചു കൊണ്ടു പോവുന്നതായി മൂന്നാലു തവണ സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണർന്നിരുന്നു. അങ്ങനെ ഉറക്കം പോയ തലവേദന ഒരു ഭാഗത്ത്. 'നിങ്ങടെ കോപ്പിലെ സംഘടന. ഇനി ബാങ്കാണ് ബിസിനസാണ് എന്നും പറഞ്ഞ്  ഇതുപോലുള്ള ആൾക്കാരെ പോയിക്കണ്ട് പേടിച്ചു വിറച്ച് വന്നാലുണ്ടല്ലോ, എന്റെ വിധം മാറും, പാർട്ടിക്കാരനാണെന്നാ പറച്ചിൽ. ഇനീം സ്വപ്നം കണ്ട് ഞെട്ടിയാൽ നിങ്ങടെയീ പേടി ഫേസ്ബുക്കിലിടും ഞാൻ'. എന്നു തുടങ്ങി എന്റെ കൂടെ ഞെട്ടിയെഴുന്നേൽക്കുന്ന ഭാര്യയുടെ വക ശകാരം വേറെയും. പക്ഷെ എനിക്ക് കൂടുതൽ ഉറക്കം കളയേണ്ടി വന്നില്ല; ഭാഗ്യത്തിന് 2 മാസം കഴിഞ്ഞ് എനിക്ക് കേരളത്തിലേക്ക് ട്രാൻസ്ഫർ കിട്ടി. 
ആദ്യമായും അവസാനമായും അന്നു കണ്ടതല്ലാതെ പിന്നെ ആ നേതാവിനെ കണ്ടിട്ടില്ല. എന്റെ നാട്ടുകാരനെയാവട്ടെ, വിളിച്ചിട്ടു പോലുമില്ല.