Tuesday, September 3, 2019

തറവാടികൾ


ഒരു കാരണവശാലും സ്വന്തം വണ്ടി ഉപയോഗിക്കരുതെന്നാണു നിർദ്ദേശം. കഴിഞ്ഞയിടെ തിരുവനന്തപുരത്തു നടന്ന സംഭവത്തിനു ശേഷം പ്രത്യേകിച്ചും. അതുകൊണ്ട് സാറിന്റെ വണ്ടി എടുത്തില്ല. പകരം വിളിച്ചുകൊണ്ടുവന്ന ഇൻഡിക്ക പക്ഷേ സിറിയക് സാറിന് പിടിച്ചില്ല. കുന്നും കയറ്റവുമൊക്കെയുള്ള സ്ഥലത്തേക്കാണ് പോവുന്നത്, പെട്ടന്നു പറക്കേണ്ടി വന്നാൽ ഇൻഡിക്ക പോരാതെ വരും, വണ്ടി മാറ്റണം. ഏതെങ്കിലും കുതിക്കുന്ന വണ്ടി വേണം. ഒറ്റ വാശിയായിരുന്നു സാറിന്.

എനിക്കിതെല്ലാം തമാശയായി തോന്നി. ഞാനിതെത്രാമത്തെ പോക്കാ. എണ്ണാൻ തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ അൻപതെങ്കിലും കടന്നു കാണുമായിരുന്നു. സാറു പേടിക്കണ്ട, ഞാനില്ലേ എന്നു പറഞ്ഞിട്ടും സിറിയക് സാർ അയഞ്ഞില്ല. റിസ്കെടുക്കാൻ വയ്യത്രെ. സ്വതവേ പേടിത്തൊണ്ടനായ സാറിനെ തിരുവനന്തപുരം സംഭവം പേടിച്ചുതൂറിയാക്കിയതാണ്.

അവസാനം ഷാജിയുടെ തന്നെ ബൊലെറൊയിലാണ് ഞങ്ങൾ വല്യചിറയ്ക്ക് പുറപ്പെട്ടത്.

സിറിയക് സാർ, ഞാൻ, ഷാജി പിന്നെ കോട്ടയത്തു നിന്നു വന്ന കൂടുതലൊന്നും മിണ്ടാത്ത ഒരു നിക്സൺ. ഞങ്ങൾ നാലു പേർ മതിയോ എന്ന സംശയമായിരുന്നു സാറിന്. മതി എന്ന കാര്യത്തിൽ എനിക്കൊട്ടും സംശയമില്ലായിരുന്നു. കാഴ്ചയിൽ നിക്സൺ ഒരു വില്ലനെ പോലെ തോന്നിച്ചു എന്നതും സിറിയക് സാറിനെ അലട്ടിയ പ്രശ്നമായിരുന്നു. 
നിക്സൺ വന്നു കയറിയതും സാർ മാറി നിന്ന് കോട്ടയത്തേക്കു ഫോൺ ചെയ്തിരുന്നു. കണ്ടാൽ മര്യാദക്കാരായ ആരെയെങ്കിലും അയക്കാൻ പാടില്ലായിരുന്നോ, ഇവനെ കാണുന്ന മാത്രയിൽ തന്നെ പ്രശ്നമുണ്ടായേക്കാം. അവന്റെ താടിയും കയ്യിലെ തടവളയും ചെവിയിലെ കമ്മലും എല്ലാം പോട്ടെ എന്നു വെക്കാം. പക്ഷേ ആ ചുവന്ന കണ്ണുകളാണ് ശരിക്കും വില്ലന്മാർ.

കോട്ടയത്തു നിന്ന് എന്താ മറുപടി പറഞ്ഞതെന്നറിയില്ല. സിറിയക് സാർ ശ്വാസമെടുക്കാൻ വിഷമിച്ചതു പോലെയാണ് ഫോൺ വച്ചത്.

'മനോജേ, പ്രശ്നമൊന്നുവുണ്ടാവൂല്ലല്ലോ, അല്ലേ? പത്തു മുപ്പതു വർഷമായി ഞാനെങ്കിലും, ഇങ്ങനൊരു പരിപാടിക്ക് ഇതാദ്യമാ'.
ഞാൻ മറുപടി പറയാതെ സാറിന്റെ തോളത്തു കൂടി കയ്യിട്ട് ചേർത്തു പിടിച്ചു. സാറിന് എന്റെ മറുപടിയെക്കാൾ ആ ചേർത്തുപിടിക്കൽ ആശ്വാസമായതായി തോന്നി. സാർ ഒരു നെടുവീർപ്പിട്ടു. 

വണ്ടി ടൗൺ കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് പിറകിലെ സീറ്റിലേയ്ക്കു നോക്കി. സിറിയക് സാറിന്റെ നെറ്റിയിൽ വിയർപ്പ്. ജയകൃഷ്ണൻ എന്ന ഉൾനാടൻ ഗുണ്ടാത്തലവനെയാണോ സർ മനസിൽ കാണുന്നത് ? അതോ ഒരു പ്രവാസി അധോലോക ഗുണ്ടയേയോ ? എനിക്കു ചിരി വന്നു. മീശ തുടയ്ക്കുന്ന മട്ടിൽ ആ ചിരി തുടച്ചുകളഞ്ഞ് ഞാൻ മുന്നോട്ടു തിരിഞ്ഞു.

ജയകൃഷ്ണൻ ! ഞാൻ ചിരിച്ചു. ഗുണ്ടയൊന്നുമല്ല ജയകൃഷ്ണൻ. കൂടി വന്നാൽ ഒരു മാടമ്പി അല്ലെങ്കിൽ ഒരു തറവാടി എന്നു പറയാം.
നാലുവർഷം മുൻപാണ് ഞാൻ ജയകൃഷ്ണനെ  ആദ്യമായി കാണുന്നത്. സിനിമകളിലെ പോലെ പെരുമഴയത്തൊന്നുമല്ല. കൊടുംചൂടുള്ള, കറന്റില്ലാത്ത ഒരു ദിവസം ഓടിക്കിതച്ചെന്ന പോലെ വിയർത്തൊട്ടിയാണ് ജയകൃഷ്ണൻ വന്നത്. അത്യാവശ്യമായി ഒരു എൻ ആർ ഇ അക്കൗണ്ട് തുടങ്ങണമത്രെ. ഫോമെല്ലാം ഫിൽ ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു. എഞ്ചിനീയറിംഗ് കഴിഞ്ഞതാണ്. ജോലി കിട്ടി ഗൾഫിലേക്കു പോവുകയാണ്. ആദ്യമായാണു പോവുന്നത്. വാർഷിക വരുമാനത്തിന്റെ കോളത്തിൽ ഇരുപത്തിയഞ്ചു ലക്ഷത്തിനും അൻപതുലക്ഷത്തിനുമിടയിൽ എന്നെഴുതിയത് എന്നെ ഒട്ടൊന്നു ഭ്രമിപ്പിച്ചു എന്നു തന്നെ പറയാം. പുതിയ ജോലി. ഇനി കല്യാണം, കുട്ടികൾ, വീട്, കാർ. കൂടാതെ ഹെൽത്- ലൈഫ് ഇൻഷുറൻസുകൾ. നല്ല സർവീസ് കൊടുത്താൽ ഭാവിയിൽ ബാങ്കിന് മുതൽക്കൂട്ടാവുന്ന ഒരു വലിയ കസ്റ്റമറാണ് മുന്നിലിരിക്കുന്നതെന്ന് ഓർത്തപ്പോൾ എന്റെ ഭവ്യത ഇരട്ടിച്ചു.

എന്റെ നമ്പർ വാങ്ങിയാണ് ജയകൃഷ്ണൻ അന്നു മടങ്ങിയത്.
തുടർന്ന്, നെറ്റ് ബാങ്കിംഗ് ശരിയാക്കൽ, മൊബൈൽ ബാങ്കിംഗ്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിങ്ങനെ എന്റെ വാട്സപ്പിലേയ്ക്ക് ജയകൃഷ്ണന്റെ വോയ്സ് മെസേജുകൾ വന്നുകൊണ്ടിരുന്നു. 

ഒരുമാസം കഴിഞ്ഞ് അക്കൗണ്ടിൽ കൃത്യമായി മൂന്നുലക്ഷം രൂപ വന്നു. അത് പിൻ വലിക്കാൻ ജയകൃഷ്ണന്റെ അമ്മയാണ് എത്തിയത്. പിഞ്ഞിയ ഒരു സെറ്റുസാരി ധരിച്ച് അമ്മ വന്ന ദിവസം ഞാൻ അടൂർക്ക് കാഷെടുക്കാൻ പോയതായിരുന്നു. എന്നെ കാത്ത് അവർ രണ്ടു മണിക്കൂറോളം ഇരുന്നു.

മനോജേട്ടനെ കണ്ടാൽ മതി, പുള്ളി അറിഞ്ഞു ചെയ്യും എന്നു ജയകൃഷ്ണൻ പറഞ്ഞതു കൊണ്ടാണ് എന്നെ തന്നെ കാത്തിരുന്നതത്രെ.ഞാനവർക്ക് ചെക്കുപയോഗിച്ചും എടിഎം കാർഡുപയോഗിച്ചും പണം പിൻ വലിക്കാൻ പഠിപ്പിച്ചു കൊടുത്തു.
വളരെ സന്തോഷത്തോടെ അവർ എനിക്ക് അഞ്ഞൂറു രൂപ നീട്ടിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. ഇവർ ഏതു കാലത്താണു ജീവിക്കുന്നത് !

ഇങ്ങനൊന്നും ആർക്കും കൊടുക്കരുത്. വരുന്നവരും പോകുന്നവരും അഞ്ഞൂറു രൂപ വച്ചു തന്നാൽ ഞങ്ങളെല്ലാം പെട്ടന്നു ലക്ഷപ്രഭുക്കളാവില്ലേ എന്നു തമാശ പറഞ്ഞ് ഞാനന്ന് ആ തുക തിരികെ വാങ്ങിപ്പിച്ചു. 

തങ്ങൾ വാരിക്കോരി കൊടുത്തു ശീലമുള്ള തറവാട്ടുകാരാ, ആ സ്വഭാവം ചത്താലും മറക്കുമോ എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ കൊടുത്തു കൊടുത്ത് ഇപ്പോൾ വല്ലതും ബാക്കിയുണ്ടോ എന്നൊരു ചോദ്യം അറിയാതെ എന്റെ വായിൽ നിന്ന് ചാടിപ്പോയതും ഞാൻ സ്വയം പ്രാകിപ്പോയി.

എന്റെ ചോദ്യം കേട്ടതും അവർ ഒറ്റക്കരച്ചിലായിരുന്നു. എനിക്കെന്തെങ്കിലും കൂടുതൽ പറയാൻ സാധിക്കുന്നതിനു മുൻപ് അവർ അങ്ങു പോവുകയും ചെയ്തു.  

പിന്നെയും ജയകൃഷ്ണന്റെ വാട്സപ്പ് സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഞാൻ ജെകെയാണ് എന്നു തുടങ്ങുന്ന സന്ദേശങ്ങളിൽ പഴയ വിറയാർന്ന, കൗമാരം മാറാത്ത ശബ്ദത്തിൽ നിന്ന് ആഢ്യത്വം നിറഞ്ഞ പൗരുഷശബ്ദത്തിലേയ്ക്ക് ജയകൃഷ്ണൻ മാറി.

മനോജേട്ടാ,ഞാൻ ജെകെ. അടുത്താഴ്ച ഞാൻ നാട്ടിലേക്കു വരുന്നുണ്ട്. എന്താ മനോജേട്ടന് കൊണ്ടുവരണ്ടത് ? എന്തും പറയാം. മനോജേട്ടൻ കഴിക്കുമെങ്കിൽ നാട്ടിലെങ്ങും കിട്ടാത്ത സൂപ്പർ സാധനം തന്നെ കൊണ്ടുവരാം. എന്നെ അത്രയധികം സഹായിച്ചിട്ടുണ്ട് മനോജേട്ടൻ. വേറെന്തു വേണമെങ്കിലും പറയാൻ മറക്കണ്ട എന്നൊക്കെ പറഞ്ഞ് ഒരു മെസേജ് എനിക്കു കിട്ടിയിരുന്നു. കുപ്പി എന്നു കേട്ടപ്പോൾ എനിക്കു വായിൽ വെള്ളമൂറി എന്നതു സത്യം. ഞാനന്ന് ഒരു തംപ്സ് അപ് മാത്രം എന്റെ മറുപടിയായി വിട്ടു. 

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കിറ്റുമായി ജയകൃഷ്ണനും അമ്മയും ബ്രാഞ്ചിൽ വന്നു. ക്രീം കളർ ജീൻസ് ഓഫ് വൈറ്റ് ടീ ഷർട്ട്. തലയ്ക്കു മീതെ വച്ച കൂളിംഗ് ഗ്ലാസ്, ചെത്തിയൊതുക്കിയ താടി. ഷൂവിനു പകർമ് സ്ലിപ്പർ. അമ്മയ്ക്ക് നല്ല സാരി. ആഭരണങ്ങൾ. മുടി കറുപ്പിച്ചിട്ടുണ്ടോ എന്നു സംശയം.

വൈകീട്ട് നാലര കഴിഞ്ഞിരുന്നതിനാൽ ഒട്ടും തിരക്കില്ലായിരുന്നു. മനോജേട്ടാ എന്തുണ്ടു വിശേഷം എന്നു പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു. പിന്നെ കവർ എന്റെ കയ്യിലേയ്ക്കു തന്നു. കവറിന് കുപ്പിയുടെ ഭാരമൊന്നുമില്ലല്ലോ എന്നെനിക്കു തോന്നിപ്പോയി. ആ തോന്നലിൽ എന്റെ മുഖം മാറിപ്പോയോ എന്നു സംശയം. ജയകൃഷ്ണൻ എന്റെ ചെവിയിൽ പറഞ്ഞു, ഇത് എല്ലാ സ്റ്റാഫിനും കൊടുക്കാനുള്ള മിട്ടായികൾ മാത്രമാണത്രെ. എനിക്കുള്ള കവർ അവരുടെ വണ്ടിയിലുണ്ട്. അവരൊന്നു ടൗണിൽ കറങ്ങിയിട്ടു വരും, ഞാൻ ഇറങ്ങുന്ന സമയത്തു എടുത്തു തരാമത്രെ.

എനിക്കു വേണ്ടി വളരെയധികം സാധനങ്ങൾ ജയകൃഷ്ണൻ കരുതിയിട്ടുണ്ടായിരുന്നു. ഒരു ഫുൾ കുപ്പി (പേരു ഞാൻ മറന്നു), ഷർട്ട്, ഭാര്യയ്ക്ക് സാരി, സ്പ്രേ, കുട്ടികൾക്ക് മിട്ടായികളും കളിപ്പാട്ടങ്ങളും. പിന്നെ ഇതെല്ലാം വച്ച ഒരു ചെറിയ സ്യൂട്ട്കെയ്സും.   

ഇത്രയും കണ്ട എന്റെ ഭാര്യ പറഞ്ഞു: ' അവർ തറവാട്ടിൽ പിറന്നവർ തന്ന്യാ.'
കുപ്പി ഞാൻ ആരുമായും പങ്കുവച്ചില്ല. ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ പെഗ് കഴിക്കും. ഇന്നും ഒരുപക്ഷെ ആ കുപ്പിയുടെ മൂട്ടിൽ ഒരു പെഗ്ഗെങ്കിലും കണ്ടേക്കാം.

ജയകൃഷ്ണൻ ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്നു. എന്നെ രണ്ടു തവണ വന്നു കാണുകയും ചെയ്തു. പുതിയ ചെക്കുബുക്കു വാങ്ങാനാണ് ആദ്യം വന്നത്. പിന്നെ വന്നത് അവരുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കാനാണ്. ഇതാദ്യമായി എല്ലാ ദിവസവും അന്നദാനമുണ്ടത്രെ, പായസം സഹിതം. പിന്നെ മേജർ സെറ്റ് കഥകളി, ഗാനമേള, കരിമരുന്നു പ്രയോഗം. ആകെ വരുന്ന ചെലവിലെ പത്തുലക്ഷം രൂപ സംഭാവന ചെയ്യുന്നത് ജയകൃഷ്ണൻ !

അതുകേട്ട് എന്റെ നെഞ്ചു കത്തി. പത്തുലക്ഷം രൂപയുടെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ക്ലോസ് ചെയ്യാനാണ് ജയകൃഷ്ണന്റെ ഉദ്ദേശ്യം.

എൻ ആർ ഇ ഡെപ്പോസിറ്റ് ആണ്, ഒരു വർഷമെങ്കിലും കിടന്നില്ലെങ്കിൽ പലിശ കിട്ടില്ല, ക്ലോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ട് ജയകൃഷ്ണന് ഒരു കുലുക്കവുമില്ലായിരുന്നു. പിന്നെ എനിക്കു വേണ്ടി എന്നു പറഞ്ഞപ്പോൾ ശരി എന്നു പറഞ്ഞ് ആ ഡെപ്പോസിറ്റിനു പുറത്ത് ഒരു ലോണെടുക്കുകയായിരുന്നു ചെയ്തത്.

ആറാം ഉത്സവം ഞായറാഴ്ചയായിരുന്നതിനാൽ ജയകൃഷ്ണൻ ക്ഷണിച്ചതല്ലേ എന്നു കരുതി ഞാനൊന്നു പോയി വന്നു. കൂടെ എന്റെ ഇളയവനുമുണ്ടായിരുന്നു.
കവലയിൽ തന്നെ വലിയ കട്ടൗട്ട്. ദേവിയുടെ ചിത്രത്തിനു സമാന്തരമായി, കൈകൂപ്പി നിൽക്കുന്ന ജയകൃഷ്ണനാണ് ഉത്സവത്തിനു സ്വാഗതമരുളുന്നത്. താഴെ പേരു കൊടുത്തിരിക്കുന്നത്- ഇലഞ്ഞിവീട്ടിൽ ജയകൃഷ്ണൻ. ബ്രായ്ക്കറ്റിൽ ജെകെ.

അല്പന് അർഥം കിട്ടിയാൽ എന്ന മട്ടിലുള്ള ഒരു പഴംചൊല്ല് എന്റെ മനസിൽ തികട്ടി വന്നത്, സത്യം  പറയട്ടെ, അന്നവിടെ പലരും പറയുന്നത് കേൾക്കേണ്ടി വന്നു.

പിന്നെ അടുത്ത വർഷമാണ് ജയകൃഷ്ണൻ വരുന്നത്. ആ തവണ വയറും കവിളുമൊക്കെ ചാടിയിരുന്നു. കീഴ്ത്താടിയുമുണ്ടായിരുന്നു. ഒരു കല്യാണമൊക്കെ ആവാറായി ലക്ഷണം കണ്ടിട്ട് എന്നു ഞാൻ തമാശ പറഞ്ഞു.

ആദ്യം ഒരു വീട്, എന്നിട്ടു കല്യാണം, ജയകൃഷ്ണൻ പറഞ്ഞു. വീടു വാങ്ങാൻ ലോൺ കിട്ടുമോ എന്നറിയാനാണ് ജയകൃഷ്ണൻ വന്നത്. 

കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ലോണായി ജയകൃഷ്ണൻ എടുത്തേക്കും എന്നു മനസിലാക്കിയ മാനേജർ- അന്ന് സിറിയക് സാറല്ല, ദിവാകരക്കുറുപ്പു സാറാണ്- ആവേശത്തിലായി. ഞങ്ങളന്ന് നാലുപേരും കൂടിയാണ് വാങ്ങാനുദ്ദേശിക്കുന്ന വീടു കാണാൻ പോയത്. ഞാൻ, കുറുപ്പു സാർ, ജയകൃഷ്ണൻ, അമ്മ.
വല്യചിറയ്ക്കു സമീപം ഞാനന്നു പോയ അമ്പലത്തിന്റെ അടുത്ത സ്റ്റോപ്പിനു സമീപമാണു വീട്. മെയിൻ റോട്ടിൽ നിന്ന് പഞ്ചായത്തു റോഡ്. പിന്നെയും ഒരു അരക്കിലോമീറ്റർ.
എൻ ആർ ഐ ഒക്കെയല്ലേ, ടൗണിനടുത്തു വീടു വച്ചാൽ പോരായിരുന്നോ ഇത്ര ഉള്ളിൽ വന്നു വാങ്ങണോ എന്നു കുറുപ്പു സാർ ചോദിച്ചപ്പോൾ ജയകൃഷ്ണൻ തലയൊന്നു ചരിച്ച് പുഞ്ചിരിച്ചു.

‘അംബാനീടെ വീട് വെറുതെ തരാവെന്നു പറഞ്ഞാലും ഞങ്ങക്ക് വേണ്ട, അല്ലേ അമ്മേ?’

അമ്മയൊന്നു വിതുമ്പി. എനിക്കും കുറുപ്പു സാറിനും ഒന്നും മനസിലായില്ല. മാനസികമായി വളരെ അടുപ്പമുള്ള ഏതോ വീടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിക്കുന്നതെന്നു മാത്രം ഞാൻ ഊഹിച്ചു.

എന്നാലോ, എന്റെ ഊഹത്തിനുമപ്പുറത്തായിരുന്നു കാര്യങ്ങൾ.
മുപ്പതു സെന്റിലുള്ള ഒരു പഴയ തറവാടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിച്ചിരുന്നത്. എട്ടു പത്തു ചെറിയ മുറികളും അകത്തളവും അടുക്കളയിൽ നിന്നുകൊണ്ടു തന്നെ കിണറിൽ നിന്നു വെള്ളം കോരാവുന്ന സംവിധാനമൊക്കെയുള്ള, സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള ഒരു വീട്. തറവാട് എന്നൊന്നും പറയാനുള്ള ഗെറ്റപ്പ് എനിക്കു തോന്നിയില്ല.

കുറുപ്പുസാറിനും അത്ര ബോധിച്ചില്ല എന്നെനിക്കു മുഖഭാവത്തിൽ നിന്നു മനസിലായി. മുപ്പതു സെന്റു സ്ഥലവും വീടും കൂടി തൊണ്ണൂറു ലക്ഷത്തിനു കാണുമോ എന്നായിരുന്നു സാറിനു സംശയം.
'വില അല്പം കൂടുതലാ, ഇല്ലേ' കുറുപ്പു സർ ആത്മഗതമെന്ന മട്ടിൽ പറഞ്ഞു.
'അല്ല സാറേ, ഒട്ടും കൂടുതലല്ല, ഇതിന്റിരട്ടി പറഞ്ഞാലും ഞങ്ങള് വാങ്ങും', അമ്മ മൂക്കു ചീറ്റി.

'സാറിനറിയോ', ജയകൃഷ്ണൻ തളത്തിലെ ഒരു തൂണിൽ തലോടിക്കൊണ്ടു പറഞ്ഞു.' എന്റെ അമ്മയുടെ തറവാടാണിത്. അമ്മ ജനിച്ചു വീണത് ഈ തെക്കേ മുറിയിലാണ്...'

പിന്നെ ചില സിനിമകളിലെ പോലെ പഴയ തറവാടിത്ത ഗൃഹാതുരത്വങ്ങൾ ജയകൃഷ്ണൻ അയവിറക്കി. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നത്രെ തറവാട്ടിലെ കാരണവന്മാർക്ക്. മുറ്റം നിറയെ പണിക്കാർ. മാനം മുട്ടെ നെൽക്കറ്റകൾ, ഒരിക്കലുമൊഴിയാത്ത പത്തായം തുടങ്ങി പലതും പലതും. ഒടുവിൽ എല്ലാം നശിച്ച് എൺപതുകളിൽ തറവാട് ഒരു ക്രിസ്ത്യാനിയ്ക്ക് വിൽക്കേണ്ടി വന്നു.

അഴിഞ്ഞുകിടന്ന മുണ്ടിന്റെ അറ്റം പുറംകാലുകൊണ്ടുയർത്തി ജയകൃഷ്ണൻ വലത്തെ കൈവിരൽ ചൂണ്ടി വാശിയോടെ പറഞ്ഞത്, സത്യം പറയട്ടേ, മോഹൻലാലിന്റെ ഏതോ ഒരു സിനിമയിലെ കഥാപാത്രത്തെ അനുകരിക്കുന്നതായാണ് എനിക്കു തോന്നിയത്.

'പത്തുനാൽപ്പതു വർഷം പരദേവതയ്ക്കും കാരണവന്മാർക്കും വിളക്കു വച്ചിട്ടില്ല. തറവാടു മുഴുവൻ അശുദ്ധമാക്കിക്കഴിഞ്ഞു ആ മാപ്പിളമാർ' ജയകൃഷ്ണൻ അലറി.

'ശുദ്ധം നോക്കാതെ പെരുമാറിക്കളഞ്ഞു സാറെ അവർ', അമ്മ പറഞ്ഞു.'  കിഴക്കുവശത്തുണ്ടായിരുന്ന കൂവളം കരിഞ്ഞുപോയതു കണ്ടില്ലേ ?
'സാറേ', 
മടക്കിക്കുത്തിയ മുണ്ടഴിച്ച് ജയകൃഷ്ണൻ കുറുപ്പുസാറിന്റെ നേരെ നിന്നു. ' എന്റെ മൂത്ത അമ്മാവന്റെ മകൻ ഗോപിച്ചേട്ടൻ ഇലക്ട്രീഷ്യനായിരുന്നു. തറവാടിന്റെ പുതിയ വയറിംഗ് നടത്തിയത് ചേട്ടനാണ്. പത്തിരുപതു വർഷം മുമ്പ്. ഗോപിച്ചേട്ടനാണ് വയറിംഗ് എന്നു കേട്ടപ്പോൾ അമ്മാവന് വലിയ ആഗ്രഹം, തറവാട് ഒന്നു കൂടി കാണാൻ. അങ്ങനെ ആശിച്ചു വന്നതാണ് പാവം. പടിഞ്ഞാറെ ചായ്പിൽ ഒന്നു കയറിയതാണ്. അമ്മാവന്റെ അയ്യോ പാവം വേഷമൊക്കെക്കണ്ട് മാപ്പിളയുടെ മരുമകൾ അലറിപ്പറഞ്ഞത്രെ, കിളവാ, ആരാ തന്നെ അകത്തേക്കു കയറ്റി വിട്ടത് ?  ഇറങ്ങിപ്പോടോ !

അമ്മാവൻ പാവം മറുത്തൊന്നും പറയാൻ നിൽക്കാതെ, ആരോടും ഒന്നും പറയാതെ ഇറങ്ങിയങ്ങു പോയി. ഗോപിച്ചേട്ടന് ആ സംഭവം വല്ലാതെയൊരു വിങ്ങലായി. ഒരു കള്ളനെ അല്ലെങ്കിൽ പിച്ചക്കാരനെ എന്ന പോലെയൊക്കെ സ്വന്തം അച്ഛനെ ഇറക്കിവിട്ട അപമാനത്തിനു മുന്നിൽ, എടാ എന്ന് തന്നെ മാപ്പിള വിളിക്കുന്ന സങ്കടം ഗോപിച്ചേട്ടന് ഒന്നുമല്ലാതായി. അന്നു തന്നെ ഗോപിച്ചേട്ടൻ എന്നെ വന്നു കണ്ടു. ഞാനന്ന് പ്ലസ് ടുവിനു പഠിക്കുവാണ്. എന്നോടു പറഞ്ഞു. എടാ നമുക്കാ തറവാട് എങ്ങനേലും മടക്കി വാങ്ങണം.എന്റെ അച്ഛന് ഒരു ദിവസമെങ്കിലും അതിനകത്തു കിടന്നുറങ്ങാൻ അവസരമുണ്ടാക്കണം', 
ജയകൃഷ്ണന്റെ കണ്ണു നിറഞ്ഞു. അമ്മ വിതുമ്പി.
'ഗോപിച്ചേട്ടൻ നാലു വർഷം മുമ്പ് ഒരാക്സിഡന്റിൽ പോയി. അമ്മാവന് കാൻസറാ. ഇന്നോ നാളെയോ എന്നു പറഞ്ഞാണ് കിടപ്പ്. ഇത്തവണ ലീവ് കഴിഞ്ഞ് മടങ്ങും മുമ്പ് അമ്മാവനെ ഇവിടെ താമസിപ്പിക്കുക എന്നതാണ് എന്റെ ആവശ്യം. അതിന്'- വലിയ കസ്റ്റമറാണെന്ന  ഭാവമുള്ള എല്ലാവരേയും പോലെ ജയകൃഷ്ണനും ആ ഡയലോഗിട്ടു- ' നിങ്ങൾ ലോൺ തന്നില്ലെങ്കിൽ വേറെ നൂറു ബാങ്കിണ്ടുവിടെ'.

അന്നു പക്ഷേ കുറുപ്പുസാർ തന്നെ ലോൺ പാസാക്കിച്ചെടുത്തു. എഴുപതു ലക്ഷം രൂപ ലോൺ. പത്തു വർഷ തിരിച്ചടവു കാലാവധി. മാസാമാസം അടയ്ക്കേണ്ടത് ഏകദേശം തൊണ്ണൂറായിരം രൂപ.

വീടുകയറിത്താമസത്തിന് ഞാനും കുറുപ്പു സാറും പോയിരുന്നു.വൈകീട്ടത്തെ പാർട്ടിക്കാണ് ഞങ്ങൾ പോയത്. ജയകൃഷ്ണൻ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഉണക്ക സദ്യയേ ഉള്ളൂ, വൈകീട്ടാണ് യഥാർഥ മജ എന്ന്. ജയകൃഷ്ണൻ തന്നെ വണ്ടി അയച്ചു തന്നിരുന്നു. തീറ്റയും കുടിയുമെല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ കുറുപ്പു സാറിനൊരു ചമ്മൽ പോലെ. ഞാനിതാരോടെങ്കിലും പറയുമോ, കൈക്കൂലിയായി കള്ളു വാങ്ങിക്കുടിച്ചെന്ന് നാലുപേർ ധരിക്കുമോ എന്നെല്ലാമായിരുന്നു സാറിനു ഭയം.

'ഫോറിൻ സാധനം എങ്ങനെയിരിക്കും എന്നറിയാൻ ഒന്നു രുചിച്ചു നോക്കിയെന്നേയുള്ളൂ. ഞാനിങ്ങനെ ആരും വാങ്ങിത്തരുന്നത് മോന്താൻ നിക്കാറില്ല,' കുഴഞ്ഞ നാവിൽ കുറുപ്പു സാർ എന്നെ വിശ്വസിപ്പിക്കാൻ നോക്കി.

'എനിക്കറിയാം, സാർ തറവാടിയാ,' ഞാനന്ന് ആക്കിപ്പറഞ്ഞത് മയങ്ങിവീണു പോയ സാർ കേട്ടിരിക്കാൻ സാധ്യതയില്ല.

തുടർന്ന് ജയകൃഷ്ണന്റെ കല്യാണാലോചനകൾ നടക്കുകയും ആറുമാസത്തിനകം കല്യാണം നടക്കുകയും ചെയ്തതായാണ് ഓർമ.
കല്യാണത്തിനും ഞാൻ പോയിരുന്നു. തലേന്നത്തെ മദ്യസേവയിലും സജീവമായിരുന്നു. തുടർന്ന് ജയകൃഷ്നൻ ഭാര്യയും അമ്മയുമൊത്ത് ബാങ്കിലും വന്നിരുന്നു. സ്ത്രീധനമായി കിട്ടിയ ആഭരണങ്ങൾ സൂക്ഷിക്കാൻ ഒരു ലോക്കർ എടുക്കാനായിരുന്നു വന്നത്. പക്ഷേ ആഭരണങ്ങൾ കൂടുതൽ ദിവസം അവരുടെ ലോക്കറിൽ ഇരുന്നില്ല. ടൗണിനടുത്തു തന്നെ ഒരു സ്ഥലവും വീടും വാങ്ങാനുള്ള അഡ്വാൻസ് കൊടുക്കാനായി ആഭരണങ്ങൾ പണയപ്പെടുത്തി സ്വർണവായ്പയെടുത്തിരുന്നതിനാൽ ആഭരണങ്ങളെല്ലാം ബാങ്കിന്റെ ലോക്കറിലായി.

എട്ടു സെന്റ് സ്ഥലവും മൂവായിരത്തഞ്ഞൂറു സ്ക്വയർ ഫീറ്റ് വീടും  എൺപതു ലക്ഷം രൂപയ്ക്ക്. മുപ്പതുലക്ഷം അഡ്വാൻസ് കൊടുത്തു. ചുളുവിലയ്ക്ക് ഒത്തു  വന്നതുകൊണ്ടൂ മാത്രം എടുത്തതാണെന്നും അല്ലെങ്കിൽ തറവാടിന്റെ ലോൺ തീർത്തതിനു ശേഷം മാത്രമേ താൻ പുതിയ വീടിനെക്കുറിച്ചു ചിന്തിക്കുമായിരുന്നുള്ളൂ എന്നും ജയകൃഷ്ണൻ എന്നോടു പറഞ്ഞു. പുതിയ വീട് ലോണെടുക്കാതെ തന്നെ വാങ്ങാനാണു തന്റെ പദ്ധതിയെന്നും കൂടി ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജയകൃഷ്ണന്റേയും കൂടെ ഞങ്ങളുടേയും ജീവിതത്തിലേയ്ക്ക് പ്രശ്നങ്ങൾ കടന്നു വരുന്നത്.

ഒരു കസ്റ്റമർക്ക് ലോൺ തിരിച്ചടയ്ക്കാൻ പറ്റാതായാൽ വിഷമിച്ചു പോവുന്നത് ബാങ്ക് ജീവനക്കാർ കൂടിയാണ്. ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റമറെയും വീട്ടുകാരെയും വിളിക്കുക, നേരിൽ കാണുക, സാദാ നോട്ടീസ്, രജിസ്റ്റേർഡ് നോട്ടീസ്, വക്കീൽ നോട്ടീസ്, സർഫേസി നോട്ടീസ് തുടങ്ങിയവ അയയ്ക്കുക എന്നീ കടമ്പകൾ കൂടാതെ ഉന്നതോദ്യഗസ്ഥരുമായുള്ള മീറ്റിംഗുകളിൽ എന്തുകൊണ്ടാണ് ലോൺ കിട്ടാക്കടമായതെന്നും റിക്കവറി എന്നു നടക്കുമെന്നും റിസ്കുകൾ എന്തൊക്കെയാണെന്നുമൊക്കെ അറിയിക്കേണ്ട ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്.  

ഇതിനെല്ലാമുപരിയാണ് അക്കൗണ്ടബിലിറ്റി. ഏതെങ്കിലും കാരണത്താൽ ലോൺ കിട്ടാക്കടമായി എന്നു കരുതുക. അങ്ങനെ കിട്ടാക്കടമാകുന്നതിന് ആ ലോൺ പാസാക്കിയ ഉദ്യോഗസ്ഥരുടേയോ തുടർന്ന് ലോൺ അക്കൗണ്ടു കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടേയോ ഭാഗത്തുണ്ടായ വീഴ്ചകളാണ് അക്കൗണ്ടബിലിറ്റിയിൽ പരിശോധിക്കപ്പെടുന്നത്.  വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന് ബോധിപ്പിക്കുന്ന ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അതൊരു വലിയ ജോലിയുമാണ്.

ഇത്തരം തലവേദനകൾ ഉള്ളതുകൊണ്ട് ഒരു വായ്പ പോലും കിട്ടാക്കടമാവാതെ നോക്കാൻ ബാങ്കുദ്യോഗസ്ഥർ ശ്രദ്ധിക്കാറുണ്ട്.
രേഖകളിലൊന്നും ഒപ്പിട്ടിട്ടില്ലെങ്കിലും ( കേവലം ഗുമസ്തനായ ഞാൻ എങ്ങനെയാ ഒപ്പിടുക ?) ഞാനും കൂടി ഒപ്പിട്ടു കൊടുത്ത ലോണായതിനാൽ ഇടയ്ക്കിടെ ഞാൻ ജയകൃഷ്ണന്റെ അക്കൗണ്ട് എടുത്തു നോക്കുമായിരുന്നു.

ആദ്യവർഷം ലോൺ കൃത്യമായി അടഞ്ഞുപോയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ആ മാസത്തെ അടവു വന്നില്ല. എനിക്കു പക്ഷേ ജയകൃഷ്ണനെ വിളിക്കേണ്ടി വന്നില്ല. അമ്മ നേരിട്ട് കൊണ്ടുവന്ന് കാഷായി അടയ്ക്കുകയാണു ചെയ്തത്. ജൂണിൽ ജയകൃഷ്ണൻ വാട്സപ്പിട്ടു. അവിടെ ഒരു ബിസിനസ് തുടങ്ങുവാണത്രെ. ഈ മാസം അടവു മുടങ്ങും, കുഴപ്പമില്ലല്ലോ എന്നു ചോദിച്ച്. പിഴപ്പലിശ, സിബിൽ എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും ജയകൃഷ്ണൻ അതൊന്നും കുഴപ്പമില്ല, വർഷാവസാനം ക്ലോസ് ചെയ്യേണ്ട ലോണല്ലേ എന്നു പറയുകയാണുണ്ടായത്.

ജൂണിലും ജൂലൈയിലും അടവു തെറ്റി. എന്റെ നെഞ്ചിടിപ്പു കൂടി. അപ്പോഴേയ്ക്കും കുറുപ്പു സാർ വിരമിച്ചിരുന്നു. പകരം വന്നത് പേടിത്തൊണ്ടനായ സിറിയക് സാറാണ്. ജയകൃഷ്ണനെ വാട്സപ്പിലും കിട്ടാതായി. ജയകൃഷ്ണൻ എസ് മേനോൻ എന്ന ഫേസ്ബുക്ക് ഐ ഡി വഴി മെസേജ് അയച്ചിട്ടും മറുപടിയൊന്നും കിട്ടാതായപ്പോൾ ഞാൻ ഒരു ദിവസം ജയകൃഷ്ണന്റെ തറവാട്ട് വീട്ടിലേയ്ക്കു പോയി.

എന്നെ കണ്ടതും അമ്മ, ജയകൃഷ്ണനില്ലേ എന്ന എന്റെ ചോദ്യം അവഗണിച്ച് എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. 
ഞാനൊന്നു മടിച്ചു. ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ഇടപാടുകാരുടെ വീടുകളിൽ പോവുമ്പോൾ, പ്രത്യേകിച്ച് തനിച്ചു പോവുമ്പോൾ, വീടിനകത്തു കയറരുത് എന്നതാണ് ഞങ്ങൾ ബാങ്കുകാർ പൊതുവായി പാലിച്ചു പോരുന്ന നിയമം. എന്താരോപണവും നമുക്കെതിരെ വരാമല്ലോ.

ആ ഒരു മുൻ കരുതലിൽ ഞാൻ, കുഴപ്പമില്ല ജയകൃഷ്ണനില്ലെങ്കിൽ പിന്നെ വരാം എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.

അപ്പോഴേയ്ക്കും അമ്മ അകത്തെയ്ക്കു കയറിയിരുന്നു. വാതിലിന്റെ മറവിൽ നിന്ന് തല മാത്രം പുറത്തേയ്ക്കു കാണിച്ച് അവർ വീണ്ടുമെന്നെ അകത്തേയ്ക്കു ക്ഷണിച്ചു. ക്ഷണമല്ല, ഒരു യാചനയായിരുന്നു അത്.

മനസില്ലാ മനസോടെയാണ് ഞാൻ അകത്തേയ്ക്കു കടക്കാൻ തീരുമാനിച്ചത്. വാതിൽക്കൽ നിന്ന് ചെരിപ്പൂരുമ്പോൾ മതിലിനു സമീപം ആകാംക്ഷാഭരിതമായ രണ്ടു തലകൾ എത്തി നോക്കുന്നതു കാണാൻ കഴിഞ്ഞു.

എങ്ങനെ തുടങ്ങണം എന്ന സംശയത്തിലായിരുന്നു ഞാൻ. വന്നിരിക്കുന്നത് കിട്ടാക്കടം പിരിക്കുന്ന ഉദ്യോഗസ്ഥനായിട്ടല്ലല്ലോ. അവരും എന്നെ കണ്ടത് ഒരു ബാങ്കുദ്യോഗസ്ഥനായല്ല, മറിച്ച് ജയകൃഷ്ണന്റെ മനോജേട്ടനായിട്ടായിരുന്നു.
ലോണിന്റെ തിരിച്ചടവിന് ഒരു ആറുമാസം കൂടി അവധി കിട്ടില്ലേ എന്നായിരുന്നു ആദ്യമായി അവർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ തന്നെ മൂന്നുമാസം കുടിശ്ശികയായി എന്നു ഞാൻ പറഞ്ഞപ്പോൾ അടയ്ക്കാതിരുന്നാൽ എന്താവും എന്നായി അവർ.
മറ്റുവല്ലവരുമായിരുന്നെങ്കിൽ ഞാനെന്റെ റിക്കവറിക്കുപ്പായം ധരിക്കുമായിരുന്നു. ഇത് ജയകൃഷ്ണന്റെ അമ്മയായിപ്പോയി. 

തിരിച്ചടവ് ഇനിയും മുടങ്ങിയാൽ ബാങ്ക് ജപ്തി നടപടികളിലേയ്ക്കു കടക്കും എന്നു ഞാൻ തീർത്തു പറഞ്ഞു. എല്ലാ നടപടികളും തീർന്ന് നാലഞ്ചു മാസത്തിനകം സ്ഥലവും വീടും ലേലം ചെയ്യുകയും ചെയ്യും എന്നും ഞാൻ പറഞ്ഞുകളഞ്ഞു.
ചായയെടുക്കാം എന്നു  പറഞ്ഞ അവർ എന്റെ വർത്തമാനം കേട്ട് സോഅയിൽ ഇരുന്നു പോയി.

എന്നിട്ടവർ പറഞ്ഞതു കേട്ട് സത്യത്തിൽ എനിക്കു തല  കറങ്ങി എന്നു പറഞ്ഞാൽ ഒട്ടും കള്ളമല്ല.
ജയകൃഷ്ണൻ ഇപ്പോൾ അബുദബിയിൽ ജയിലിലാണത്രെ. രണ്ടു വർഷത്തേയ്ക്കാണു ശിക്ഷ. കൂടാതെ പിഴയുമുണ്ട്. കൂട്ടുകാരുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടു. ഏതോ നൂലാമാലകളിൽ കുടുങ്ങി എല്ലാം അവതാളത്തിലായി. കൊടുത്ത മൂന്നാലു ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് ജയകൃഷ്ണൻ ജയിലിലുമായി.

എനിക്ക് കൂടുതൽ കേൾക്കാൻ മനസു വന്നില്ല.

തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ സൈക്കിളിൽ ഒരാൾ പാഞ്ഞെത്തി. ഞാൻ ബാങ്കിലാണെന്ന് അയാൾക്കറിയാം. 

കല്യാണത്തലേന്നത്തെ പാർട്ടിയ്ക്ക് എനിക്ക് ഒഴിച്ചു തന്നത് അയാളാണത്രെ.

ജയകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ അറിയാം. പക്ഷേ ആരും സഹായിക്കാനില്ല. പുതുപ്പണം വെച്ചുള്ള ജയകൃഷ്ണന്റെ ആൾ ചമയൽ ആർക്കും പിടിച്ചിട്ടില്ല. ഭാര്യ വീട്ടുകാർക്കാവട്ടെ അത്ര സാമ്പത്തികവുമില്ല.
ലോൺ തീർക്കാനുള്ള തുക എത്രയെന്നാണ് അയാൾക്ക്  അറിയേണ്ടിയിരുന്നത്. ബാങ്കിനു ലഭിക്കേണ്ട അത്ര തുകയ്ക്കു തന്നെ വീടും പറമ്പും വാങ്ങാൻ ആളുണ്ടത്രെ.

പത്രപ്പരസ്യം വരും നോക്കിയാൽ മതി എന്നു പറഞ്ഞ് ഞാനന്ന് സമയം തെറ്റി വന്ന ഒരു ബസിൽ കയറി സ്ഥലം വിടുകയാണുണ്ടായത്.

നിക്സണാണ് ഗേറ്റു തുറന്ന് ആദ്യം കയറിയത്. 

കഴിഞ്ഞയിടെ തിരുവനന്തപുരത്ത് ഇതുപോലെ വീടു ജപ്തിയ്ക്കുള്ള നോട്ടീസൊട്ടിയ്ക്കാൻ ബാങ്കു ജീവനക്കാർ ചെന്നു എന്നാരോപിച്ച് വീട്ടമ്മയും മകളും തീ കൊളുത്തി മരിച്ച ഒരു സംഭവമുണ്ടായിരുന്നു. അതിനുശേഷം ഇതു പോലെ റിക്കവറിയുമായി ബന്ധപ്പെട്ടു പോവുമ്പോൾ ഞങ്ങൾ ബാങ്കുദ്യോഗസ്ഥർ വളരെ ശ്രദ്ധിക്കുമായിരുന്നു. 

നിക്സണു പിറകെ ഞാൻ കയറി. ഷാജി വണ്ടിയിൽ തന്നെ ഇരുന്നു. താനും വണ്ടിയിൽ ഇരുന്നാൽ പോരേ എന്നു സിറിയക് സാർ പറഞ്ഞുനോക്കിയെങ്കിലും നിക്സൺ സമ്മതിച്ചില്ല. നോട്ടീസ് ഒട്ടിച്ച് ബ്രാഞ്ചു മാനേജരും റിക്കവറി ഓഫീസറും നിൽക്കുന്ന ഫോട്ടോയെടുത്ത് ഫയൽ ചെയ്യേണ്ടതാണ്. ഫോട്ടോ ഇല്ലെങ്കിൽ പിന്നീട് പ്രശ്നമാവും.

പേടിച്ചു പേടിച്ചാണ് സിറിയക് സാർ മുറ്റത്തേക്കു കടന്നത്. ഞാൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന് അമ്മ പുറത്തേക്കു വന്നു.
  
ജയകൃഷ്ണന്റെ അമ്മയാണെന്ന് ഞാൻ സിറിയക് സാറിനെ പരിചയപ്പെടുത്തി. സാർ അവരെ തൊഴുതു. സാറിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

'അമ്മേ, ഞങ്ങടെ ജോലീടെ ഭാഗമാണ് ഇതെല്ലാം. ജയകൃഷ്ണനോടോ അമ്മയോടോ ഞങ്ങൾക്ക് ഒരു വിരോധോമില്ല. ഈ അവസ്ഥയിൽ വല്ലാത്ത സങ്കടോമൊണ്ട്. ചെയ്യാതിരിക്കാൻ പറ്റാത്തതു കൊണ്ടു മാത്രാ ഈ നോട്ടീസ് ഒട്ടിക്കണെ. ഞങ്ങള് മടങ്ങിയാലൊടനെ അമ്മ ഇതങ്ങ് പറിച്ച് കളഞ്ഞോളൂ. ആരും ചോദിക്കില്ല്യ.' സിറിയക് സാർ ഇപ്പോൾ കരഞ്ഞേക്കുമെന്നു തോന്നിപ്പോയി എനിക്ക്.

അമ്മയും കൈകൂപ്പി. പിന്നെ മന്ത്രിക്കുന്നതു പോലെ ചോദിച്ചു: "അപ്പോൾ ലേലം ഒഴിവാക്കാൻ പറ്റൂല്ലേ?'

'അല്ലമ്മേ, ലേലം നടത്തുന്ന ദിവസം വരെ നിങ്ങൾക്ക് പൈസയടച്ച് എല്ലാ നടപടികളും ഒഴിവാക്കാനുള്ള സാവകാശമുണ്ട്.

'അതു നടക്കൂല്ല സാറേ, അവൻ ഇനി വരാൻ രണ്ടു വർഷം കഴിയും'.

ഞങ്ങൾ നിസഹായർ എന്ന മട്ടിൽ നിന്നു. അതിനിടെ നിക്സൺ ചുമരിൽ നോട്ടീസ് ഒട്ടിച്ചു കഴിഞ്ഞിരുന്നു. പേടിച്ചു പേടിച്ച് സിറിയക് സാറും നെഞ്ചുവിരിച്ച് നിക്സണും നോട്ടീസിനടുത്തു നിന്നതിന്റെ ഫോട്ടോ പല കോണുകളിൽ ഞാൻ പെട്ടന്നു തന്നെ എടുത്തു. നോട്ടീസിന്റെ മാത്രം ഒരു ഫോട്ടോ ക്ലോസപ്പിലും എടുത്തു. എല്ലാം ഉടനടി തന്നെ നിക്സണും സിറിയക് സാറിനും വാട്സപ്പും ചെയ്തു.

ഫോട്ടൊ കിട്ടിയപ്പോഴുണ്ടായ ആശ്വാസത്തിൽ  സിറിയക് സാറിന്റെ മുഖം ചുവന്നു. യാത്ര ചോദിക്കാൻ തുടങ്ങിയപ്പോൾ ജയകൃഷ്ണന്റെ അമ്മ തൊണ്ടയനക്കി.

'സാറെ ഒരപേക്ഷയുണ്ട്, എന്നെ സഹായിക്കണം'.

'എന്താണ്? അമ്മ പറയൂ, ഞങ്ങൾക്കാവുന്ന എന്തുംചെയ്തു തരാം', സിറിയക് സാർ വികാരവിവശനായി.

'ഒന്നേയുള്ളൂ സാറെ,' അവർ മുഖം തുടച്ചു. ' വസ്തു ലേലം ചെയ്യണത് വല്ല മാപ്പിളമാർക്കും ആവരുത്, നല്ല തറവാടികൾക്കേ കൊടുക്കാവൂള്ള്'.

****
തന്റെ ആദ്യ റിക്കവറി സംരംഭം സമാധാനപരമായി കലാശിച്ചതിന്റെ സന്തോഷത്തിൽ വണ്ടി വഴിയിൽ കണ്ട ഒരു ബാറിലേയ്ക്കു വളയ്ക്കാൻ സിറിയക് സാർ ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു വീടിന്റെ കയറിത്താമസത്തിനും ഇറക്കിവിടാനുള്ള നോട്ടീസൊട്ടിക്കുന്നതിനും മദ്യം കഴിക്കാൻ എനിക്ക് അവസരം ലഭിച്ചതെന്ന് ഞാനപ്പോൾ ഓർത്തുപോയി.

എനിക്കു വല്ലാതെ സങ്കടം വന്നു.

എന്നാൽ 'അവർ തറവാടികളാ നിക്സാ. തെറിവിളീം കൂട്ടക്കരച്ചിലുമൊക്കെ പ്രതീക്ഷിച്ചതാ ഞാൻ. എന്നാലോ, വീട് നല്ല തറവാടികൾക്ക് കൊടുക്കണമെന്ന ഒറ്റ ഡിമാന്റല്ലേ അവരു വെച്ചൊള്ളൂ. യഥാർഥ തറവാടികളാ അവർ നിക്സാ' എന്ന് ആദ്യ പെഗ് തീർന്ന ഗ്യാപ്പിൽ സിറിയക് സാർ പറഞ്ഞതു കേട്ട് എന്റെ സങ്കടമൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോവുകയാണ് ഉണ്ടായത്.
******        ******          ******        

മുനിസിപ്പൽ ന്യൂസ് - സെപ്റ്റംബർ 2019