Thursday, November 1, 2018

നവാദ്വൈതം

അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം.
-ആത്മോപദേശശതകം, ശ്രീനാരായണഗുരു

അയ്യപ്പന്റെ അമ്പലം കഴിഞ്ഞ്, സ്കൂളിലേക്കു തിരിയുന്നതിനു മുമ്പായിട്ടുള്ള വളവിലാണ് അൽ ഫയാക് അറേബ്യൻ റെസ്റ്റോറന്റ് ഉള്ളത്. കഴിഞ്ഞ ക്രിസ്മസിനാണ് അത് ഇനോഗറേറ്റ് ചെയ്തത്. ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞാണ് ഞാൻ പക്ഷേ അറിഞ്ഞത്, അത് ഫാഹിമിന്റെ ചാവക്കാടുള്ള അങ്കിളിന്റെ കടയാണത്രെ. ഗൾഫിലൊക്കെ കിട്ടുന്നതു പോലത്തെ ഫുഡ് ഐറ്റങ്ങളാണ് അവിടെയുള്ളതെന്നൊക്കെ കേട്ടപ്പോൾ എനിക്ക് കൊതിയായി. സന്തു മാമൻ ഫേസ്ബുക്കിലിടുന്ന ഗൾഫ് ഐറ്റങ്ങളൊക്കെ കണ്ടിട്ട് വല്ലാത്ത കൊതി തോന്നിയിട്ടുണ്ട് എനിക്ക്. നിനക്കെന്താടാ ഞാൻ ലീവിനു വരുമ്പൊ കൊണ്ടു വരണ്ടേ എന്നു മാമൻ ചോദിക്കുമ്പോൾ കഴിഞ്ഞ ഫ്രൈഡേ ഇട്ട ഫോട്ടോയിലെ ഫുഡ് മതി എന്നാണു ഞാൻ പറയാറുള്ളത്. അതെങ്ങനെയാ മോനേ കളിപ്പാട്ടം വല്ലതും പറയെടാ എന്നായിരിക്കും സന്തുമാമൻ അപ്പോൾ പറയുക. സത്യമാണല്ലോ. എങ്ങനെയാ ഗൾഫീന്ന് ഫുഡ് കൊണ്ടുവരിക ? ഇവിടെയെത്തുമ്പൊ തണുത്തു പോവില്ലേ ?

അച്ഛന് എൽ ടി സി പാസായാൽ അടുത്ത വർഷം ഗൾഫിൽ പോകാനും എല്ലാ ടൈപ്പ് ഫുഡ്ഡും, ഒട്ടകയിറച്ചി ഉൾപ്പെടെ കഴിച്ചുനോക്കാനുമായിരുന്നു അവസാനം ഞാൻ തീരുമാനിച്ചത്.

പക്ഷേ, അൽ ഫയാക് വന്നതുകൊണ്ട് അങ്ങനെ കാത്തിരിക്കേണ്ടി വന്നില്ല. വെക്കേഷൻ കഴിഞ്ഞ് ക്ലാസിൽ ചെന്നപ്പോൾ ഫാഹിമാണ് പുതിയ റസ്റ്റോറന്റിന്റെ കാര്യം പറഞ്ഞത്. ഞാൻ വീട്ടിൽ വന്ന് അച്ഛനോടു പറഞ്ഞു. അങ്ങനെ ജനുവരി മൂന്നിന്, എന്റെ ബർത്ഡേയ്ക്ക്, ആദ്യമായി ഞങ്ങൾ അൽ ഫയാക്കിൽ പോയി. അമ്മ വന്നില്ല. അറേബ്യൻ ഫുഡ് എന്നൊക്കെ കേട്ടപ്പോൾ അമ്മക്കൊരു മടുപ്പ്. നിങ്ങൾ കഴിച്ചു നോക്ക്, ഇഷ്ടപ്പെട്ടാൽ മാത്രം അല്പം എനിക്കും കൊണ്ടുവാ എന്നു പറഞ്ഞ് വീട്ടിലിരുന്നു.

ഞങ്ങളന്ന് ക്വാർട്ടർ കുഴിമന്തിയും രണ്ടുപീസ് അൽഫാമും പൊറോട്ടയും ഓർഡർ ചെയ്തു. അൽഫാമിന്റെ കൂടെ കുബ്ബൂസും കിട്ടിയിരുന്നു. മുഴുമുഴുത്ത പീസായിരുന്നു അൽഫാം രണ്ടും. അച്ഛന് പതിവുപോലെ കോള കുടിച്ചതും ഗ്യാസു കയറി കൂടുതലൊന്നും കഴിക്കാൻ വയ്യാതായി. ഞാനാണെങ്കിൽ അൽഫാം പീസിലെ വലുത് മുറിച്ചു മുറിച്ച് ഗാർളിക് ഡിപ്പിൽ കുളിപ്പിച്ച് അകത്താക്കി. രണ്ടു കുബ്ബൂസും സലാഡും കൂടി കഴിച്ചപ്പോൾ എനിക്കു വയറു നിറഞ്ഞ് അനങ്ങാൻ വയ്യാതായി. കുഴിമന്തിയാവട്ടെ ആരും തൊട്ടുനോക്കാതിരുന്നതിന് പിണങ്ങി മാറിയിരിക്കുകയായിരുന്നു. മറ്റേ പീസ് അൽഫാമും കുഴിമന്തിയും പാഴ്സലാക്കി അന്ന് വീട്ടിലേക്കു കടത്തി. കുഴിമന്തി അമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. റൈസ് അങ്ങനെ തന്നെ ഡസ്റ്റ്ബിന്നിലേയ്ക്ക് തട്ടി. പക്ഷേ കുഴിമന്തിയുടെ ചിക്കൻ, അമ്മ മസാലയൊക്കെയിട്ട് ഒന്നു കൂടെ മൊരിച്ചെടുത്ത് പിറ്റേന്നു രാവിലെ തന്നു.

അൽഫാമായിരുന്നു അമ്മയെ വീഴ്ത്തിയത്. അമ്മ പ്ലേറ്റും വിരലുകളും നക്കി.

പിന്നെ നാലഞ്ചു തവണ കൂടി ഞങ്ങൾ അൽഫാം വാങ്ങിയിരുന്നു. വീട്ടിൽ നിന്ന് ഫോൺ വിളിച്ച് ഓർഡർ ചെയ്യും. മിക്കവാറും ഞാനായിരിക്കും പോയി വാങ്ങിക്കൊണ്ടുവരുന്നത്. അവിടെ പോയി കഴിക്കണ്ട, ഓഡർ ചെയ്ത് വരുത്തിയാൽ മതി. നീ പ്ലേറ്റ് വടിച്ചു നക്കി ഏമ്പക്കമിടുന്നത് നാട്ടുകാർ കാണണ്ട എന്ന് അമ്മയെ കളിയാക്കിപ്പറയും അച്ഛൻ.

പക്ഷേ അൽഫാം തീറ്റ കൂടുതൽ നാൾ തുടരാൻ കഴിഞ്ഞില്ല. ഇറക്കത്തിലെ ട്രാൻസ്ഫോർമറിനടുത്തുള്ള ജഗദ്ഗുരു സജ്ജീവാനന്ദ ആശ്രമം കണ്ടുകാണുമല്ലോ. മാർച്ച് അവസാനം അവിടെയൊരു സത്സംഗമുണ്ടായിരുന്നു. ഫ്ലാറ്റിലെ എല്ലാവരും പങ്കെടുത്തു. മുണ്ടൊക്കെയുടുത്ത് അച്ഛനും വന്നു. സ്വാമി സുഭാഷിതാനന്ദയുടെ പ്രഭാഷണമായിരുന്നു മുഖ്യം. ഞാൻ, മേധ, അനുഷ്ക, ശങ്കരി, കുഞ്ഞുകുട്ടൻ, സായിലക്ഷ്മി, ആരാധ്യ തുടങ്ങിയവരെ  മുന്നിൽ തന്നെ പിടിച്ചിരുത്തി. സ്വാമി കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. പിന്നെ അവസാനം എല്ലാവരും ചേർന്ന് എന്തോ പ്രതിജ്ഞയൊക്കെയുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് കൽക്കണ്ടവും അവിൽ നനച്ചതുമൊക്കെ തന്നു.

പിന്നെ സ്വാമി കുട്ടികളെയൊക്കെ അടുത്തു വിളിച്ച് പരിചയപ്പെട്ടു. പേരും ക്ലാസുമൊക്കെ ചോദിച്ചു. പേരു ചോദിച്ചപ്പോൾ ആരാധ്യ എന്നു മാത്രം പറഞ്ഞതെന്തിന് എന്നു ചോദിച്ച് അവളുടെ അമ്മ ഭജനമുറിയുടെ പുറത്തെ കൃഷ്ണന്റെ ബാനറിനു പിറകിൽ വച്ച് ആരും കാണാതെ അവളെ നുള്ളിയതൊഴിച്ചാൽ നല്ല രസമായിരുന്നു അന്നത്തെ സത്സംഗം. ആരാധ്യയുടെ അമ്മയ്ക്ക് നിർബന്ധമാണ് ആരെങ്കിലും ചോദിച്ചാൽ അവൾ തന്റെ മുഴുവൻ പേരായ ആരാധ്യ ആർ മേനോൻ എന്നു തന്നെ പറയണമെന്നത്. ഒരു പിടിവാശി എന്നു തന്നെയാണ് എനിക്കൊക്കെ തോന്നിയത്. എന്റെ മുഴുവൻ പേർ നാരായൺ എസ് രാജ് എന്നാണ്. അച്ഛന്റെ പേരായ ഷിജുവിലെ എസ്, അപ്പൂപ്പന്റെ പേരായ രാജപ്പനിലെ രാജ് എന്നിവ ചേർത്താണ് നാരായൺ എസ് രാജ് എന്ന് എനിക്കു പേരിട്ടിരിക്കുന്നത്. നാണു എന്ന് പണ്ട് എന്നെ വിളിക്കുമായിരുന്നു. അച്ഛനു ട്രാൻസ്ഫറു കിട്ടി ഇവിടെ വന്ന് താമസം ഫ്ലാറ്റിലൊക്കെ ആയപ്പോൾ നാരായൺ എന്നു മുഴുവനായി തന്നെ വിളിക്കാൻ തുടങ്ങി. എന്നോടാരെങ്കിലും പേരു ചോദിച്ചാൽ ഞാൻ നാരായൺ എന്നു മാത്രമേ പറയാറുള്ളൂ. കുഞ്ഞുകുട്ടന്റെ കാര്യം നോക്കൂ, യഥാർത്ഥ പേർ ആര്യൻ കെ കുറുപ്പ് എന്നാണെന്ന് സ്കൂളിൽ മാത്രമേ അറിയാവൂ. എന്തിനാ പിന്നെ ആരാധ്യയുടെ അമ്മ ഇങ്ങനെ നിർബന്ധം പിടിക്കണെ എന്ന് എനിക്കു മനസിലായിട്ടില്ല.

സത്സംഗം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോഴാണ് സങ്കടകരമായ കാര്യം മനസിലായത്, ഇനി അൽഫാമും കിൽഫാമും ഒന്നും വാങ്ങില്ലത്രെ. അതു പറയാനാണ് സ്വാമി വിളിപ്പിച്ചത്. മാംസം തിന്നാൽ മൃഗസ്വഭാവം വരും. കൂടാതെ ധാരാളം രോഗങ്ങളും പിടിപെടും. അമ്മ അച്ഛനുമായി തർക്കിക്കാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. കൂടുതലൊന്നും പറയണ്ട, ഇനി നാട്ടിൽ പോയിട്ടു മതി ഇറച്ചി തീറ്റ എന്നു തീർത്തു പറഞ്ഞു അച്ഛൻ.

എനിക്ക് ഒട്ടും ടെൻഷൻ തോന്നിയില്ല എന്നതാണു രസം. കാരണമെന്താണെന്നോ, ഏപ്രിലിൽ നാലഞ്ചു പരിപാടികളുണ്ട്, എല്ലാം ഫ്രണ്ട്സിന്റെ വീട്ടിൽ. എന്തൊക്കെയാ കഴിക്കാൻ കിട്ടുക എന്നു വല്ല ധാരണയുമുണ്ടോ ? വീട്ടിൽ വാങ്ങിയില്ലെങ്കിലും എനിക്കങ്ങനെ കഴിക്കാമല്ലോ എന്നായിരുന്നു പ്ലാൻ.

പക്ഷേ പ്ലാനെല്ലാം പൊളിഞ്ഞു മോനേ. എങ്ങനെയാണെന്നോ- സത്സംഗം കഴിഞ്ഞതിന്റെ രണ്ടുദിവസം കഴിഞ്ഞ് നളിനേച്ചി വന്നിട്ട് സ്വാമി ഞങ്ങളെല്ലാവരേയും വീണ്ടും ആശ്രമത്തിലേക്ക് വിളിക്കുന്നു എന്നു പറഞ്ഞിട്ടു പോയി. ഞങ്ങളെല്ലാം എന്നു പറഞ്ഞാൽ കുട്ടികളും പേരന്റ്സും മാത്രം. കുട്ടുകളില്ലാത്ത ഫ്ലാറ്റുകാരെ വിളിപ്പിച്ചില്ല. പരീക്ഷ കഴിഞ്ഞ രണ്ടുമാസം തകർക്കാം എന്നൊക്കെയുള്ള എന്റെ പ്ലാൻ മാത്രമല്ല, എന്നെ അബാക്കസിനു വിടാനുള്ള അച്ഛന്റെ പ്ലാൻ, വെസ്റ്റേൺ ഡാൻസ് പഠിപ്പിക്കാനുള്ള അമ്മയുടെ പ്ലാൻ എന്നിവ കൂടി ഇല്ലാതായി.

ഞങ്ങൾ കുട്ടികൾ ഭഗവദ്ഗീതാ ക്ലാസിനു ചേരണം എന്നു പറയാനാണ് സ്വാമി വിളിപ്പിച്ചത്. ഫസ്റ്റ് വന്നാൽ രണ്ടു ലക്ഷം രൂപയാണ് പ്രൈസ്. ഒരു മാസത്തെ ക്ലാസാണ്. പിന്നെ പ്രിലിമിനറി. സ്റ്റേറ്റ് ലെവൽ പാസായാൽ ഫൈനൽ ക്വിസിനു പങ്കെടുക്കാം.

കഴിഞ്ഞ വർഷം ഒരു മുസ്ലീം കുട്ടിയാണത്രെ ഫസ്റ്റടിച്ചത്.

'ഹിന്ദുക്കൾ ഇല്ലാഞ്ഞിട്ടാണോ ഫസ്റ്റടിക്കാൻ പറ്റാത്തത്?' സ്വാമി അച്ഛനോടു ചോദിച്ചു.
അച്ഛൻ ചുമ്മാ ചിരിച്ചതേയുള്ളൂ. ബാക്കി കുട്ടികളുടെയെല്ലാം കൂടെ അമ്മമാരാണു വന്നത്. എന്റെ കൂടെ അച്ഛനും. അതുകൊണ്ട് പറയാനുള്ള കാര്യമൊക്കെ സ്വാമി പ്രധാനമായും അച്ഛനോടാണു പറഞ്ഞത്.
'നിങ്ങളുടെ പേരെന്താന്നാ പറഞ്ഞത് ?'
'ഷിജു'.
'സംസ്കൃതം അറിയ്വോ ?'
അച്ഛൻ ഇല്ലെന്ന അർഥത്തിൽ തലയാട്ടി.
'വീട്ടിലും ആർക്കും  അറിയാൻ വഴിയില്ല, ല്ലേ ?'
'അപ്പൂപ്പന് അല്പം അറിയാമായിരുന്നെന്നു കേട്ടിട്ടുണ്ട്...'
'എന്നിട്ടെന്തു വിശേഷം ?' സ്വാമി കൈ ആംഗ്യം കാട്ടി ചോദിച്ചു. 'നിങ്ങൾക്കു സ്വയം പഠിക്കാനോ കുട്ടികളെ പഠിപ്പിക്കാനോ തോന്നിയില്ലല്ലോ. ഇതാണ് കുഴപ്പം.' സ്വാമി ദേഷ്യപ്പെട്ടു. 'അറബി അറിയാത്ത ഒരു മുസ്ലിമിനെ കാണിച്ചുതരാമോ നിങ്ങൾ ? പോത്തിന് അറക്കണവൻ വരെ നാല് അറബി പറയും. അറബി അറിയാത്ത ഒരെണ്ണത്തിനെ കാണിക്ക, കാഷായ വസ്ത്രം ഉപേക്ഷിച്ച് നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യാം. പറ്റുവോ ?

ആരും ഒന്നും മിണ്ടിയില്ല.
'വിദേശ ഭാഷയാണ് അറബി,' സ്വാമി തുടർന്നു.  'പക്ഷേ എല്ലാ മുസ്ലിങ്ങൾക്കും അറിയാം ഭാരതത്തിലെ ഋഷീശ്വരൻമാരുടെ ഭാഷയാണ് സംസ്കൃതം. എന്നാലോ, ഒറ്റ ഹിന്ദുവിനും അറിയില്ല്യ'.
പിന്നെയും ആരും ഒന്നും മിണ്ടിയില്ല.

'ഏതാ സെക്കൻഡ് ലാംഗ്വേജ് നിന്റെ ?' ശങ്കരിയോടാണ് സ്വാമി ചോദിച്ചത്.
'സാൻസ്ക്രിട്ട്,' ശങ്കരി അല്പം ഭയന്നിരുന്നു.
'ഇതാ പറഞ്ഞെ', സ്വാമി വളരെ നിരാശയോടെ ആണു പറഞ്ഞത്. 'സംസ്കൃതം എന്ന് പറയൂ കുട്ടീ, സായിപ്പന്മാർക്ക് നാവു വഴങ്ങാത്തതുകൊണ്ട് അവർ സാൻസ്ക്രിറ്റ് എന്ന് പറഞ്ഞോട്ടെ'.

ശങ്കരി തലകുലുക്കി മറ്റാരും സാൻസ്ക്രിറ്റ്, അല്ല സംസ്കൃതം സെക്കൻഡ് ലാംഗ്വേജ് എടുക്കാത്തത് സ്വാമിയെ ദേഷ്യം പിടിപ്പിച്ചു. എന്നാലും താൻ എല്ലാം ശരിയാക്കിയെടുക്കാം എന്നുപറഞ്ഞ് സ്വാമി എല്ലാ കുട്ടികളോടും പേര് ചോദിച്ചു. ആരാധ്യ ഇത്തവണ കൃത്യമായി പേര് ആരാധ്യ ആർ മേനോൻ എന്നു പറഞ്ഞത് അവളുടെ അമ്മയെ സന്തോഷിപ്പിച്ചു എന്നെനിക്കു മനസ്സിലായി. സായിലക്ഷ്മി പൈ, മേധ ദിവാകർ നമ്പ്യാർ, അനുഷ്ക കെ വാരിയർ തുടങ്ങി എന്റെ ഊഴം എത്തിയത് അവസാനമാണ്.

കഷ്ടകാലത്തിന് നാരായണൻ എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു.
'നാരായൺ- ബാക്കി പറയൂ കുട്ടി', സ്വാമി പ്രോത്സാഹിപ്പിച്ചു. മേൻനാണോ വാര്യരാണോ?

'നാരായണൻ എസ് രാജ് എന്നാണ് സ്വാമി പേര്', അച്ഛൻ ഇടയ്ക്കു കയറി പറഞ്ഞു. 'നിങ്ങളുടെ പേര് ?'
'ഷിജു'.
സ്വാമി ഒന്നു തലകുലുക്കി. 'ഇരുവരെയും കണ്ടാൽ മേൻനാണെന്നേ പറയൂ', ഒന്നു നിർത്തിയിട്ട് സ്വാമി തുടർന്നു. 'നാരായൺ എന്ന പേര് എങ്ങനെ ഇട്ടു ? നാരായണഗുരു ?
'എന്റെ അപ്പൂപ്പന്റെ പേരാ'. അച്ഛൻ തൊഴുതുകൊണ്ട് പറഞ്ഞു.
'എന്തുമാവട്ടെ, പഠിക്കേണ്ടവരോ പഠിക്കണില്ല്യ. ഇനി നിങ്ങളൊക്കെ ഒന്ന് ഉത്സാഹിച്ചാലേ സംസ്കൃതത്തിനും ഗീതയ്ക്കും ഒക്കെ തിരിച്ചുവരാൻ ആവൂ. അക്കാര്യത്തിൽ ജാതിയൊന്നും ഒരു വിഘ്നം അല്ലെടോ.'

അങ്ങനെ പിറ്റേന്ന് രാവിലെ തുടങ്ങിയതാണ് ഗീതാ ക്ലാസ്. ഞങ്ങൾ ഒൻപത് കുട്ടികളായിരുന്നു. കുഞ്ഞുകുട്ടൻ രണ്ടുമാസത്തേക്ക് ഗൾഫിൽ പോയതുകൊണ്ട് രക്ഷപ്പെട്ടു. ആണായിട്ട് അങ്ങനെ ഞാൻ മാത്രം. ദേഷ്യക്കാരനായിരുന്നെങ്കിലും സ്വാമി സംശയങ്ങളൊക്കെ ആവർത്തിച്ചു പറഞ്ഞുതരുമായിരുന്നു നാലുദിവസം കൊണ്ട് ഭക്തി യോഗം കാണാപ്പാഠം പഠിച്ചതിന് എന്നെ എല്ലാവരുടേയും മുന്നിൽ പൊക്കിപ്പറഞ്ഞു.

കർമയോഗത്തിലായിരുന്നു ശങ്കരി എക്സ്പർട്ട് ആയത്. ആരാധ്യ വലിയ ഉഴപ്പായിരുന്നു. അപ്പൂപ്പൻ മരിച്ചതിന് അവൾ ഒരാഴ്ച ലീവുമെടുത്തു. സായിലക്ഷ്മിയുടെ ഉച്ചാരണം ഏറ്റവും പെർഫെക്ട് ആണെന്ന് സ്വാമി പറഞ്ഞു. പക്ഷെ ഏറ്റവും നല്ല ട്യൂണിൽ ഗീത വായിച്ചത് കണ്ണടക്കാരി മേധതന്നെ.

ഭക്തിയോഗം കാണാപ്പാഠമാക്കി കയ്യടിയൊക്കെ കിട്ടിയെങ്കിലും എന്റെ മനസ് ശരിക്കും നീറുകയായിരുന്നു. വെക്കേഷന് പ്ലാൻ ചെയ്ത കാര്യങ്ങൾ ഒന്നുപോലും നടന്നിട്ടില്ല. എന്നത് ഒരു കാര്യം. ചാവക്കാട് ബീച്ച് വരെ സൈക്കിളിൽ പോണം, ആനക്കൊട്ടിലിൽ പോയി ധാരാളം ഫോട്ടോ എടുത്ത് അമ്മയുടെ ഫേസ് ബുക്കിൽ ഇടണം, ശോഭാ മാളിൽ എല്ലാ ആഴ്ചയും പോയി ഓരോ സിനിമകൾ കാണണം, ഒറ്റയ്ക്ക് ഒരു ദിവസം തൃശൂർ വരെ ട്രെയിനിൽ പോയി വരണം, കൈവിട്ട്  സൈക്കിൾ ചവിട്ടുന്നതിൽ എക്സ്പർട്ട് ആകണം അഞ്ചു മിനിറ്റിനുള്ളിലെങ്കിലും മാജിക് ക്യൂബ് സെറ്റ് ചെയ്യാൻ പഠിക്കണം അങ്ങനെ ഒത്തിരിയുണ്ടായിരുന്നു പ്ലാനുകൾ. ഫ്രണ്ട്സിന്റെ വീടുകളിലെ പാർട്ടികൾ മിസായതാണ് രണ്ടാമത്തെ സങ്കടം. ഫായിസിന്റെ ഇത്തയുടെ നിക്കാഹ്, ഫഹദിന്റെ വീടുകയറി താമസം, ഫൈസിയുടെ അളിയൻ കാറുവാങ്ങിയതിന്റെ ചെലവ്, ഫർഹദിന്റെ ഇക്കയുടെ കുട്ടിയുടെ സുന്നത്ത് തുടങ്ങി എത്ര പാർട്ടികളാണെന്നോ എനിക്കു മിസ്സായത്.

പക്ഷേ ഏറ്റവും സങ്കടം ഫിദയുടെ കാര്യത്തിലാണ്.

ഫിദ ആരാണെന്നല്ലേ ? ഫാഹിമിന്റെ കസിനാണ്. ഫാഹിമിന്റെ ഉപ്പയുടെ ബ്രദറിന്റെ മകൾ. ഫോർത് വരെ അവൾ ഗൾഫിലാണ് പഠിച്ചത്. ഉപ്പ ഗൾഫ് നിറുത്തി വന്നപ്പോൾ ഫിദ ഞങ്ങളുടെ സ്കൂളിൽ ചേർന്നു. ഗൾഫിലൊക്കെ പഠിച്ച ഗെറ്റപ്പൊക്കെ കാരണമാവും, സെവൻതിൽ പഠിക്കുന്ന എന്നെ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. ഞങ്ങൾ പിന്നെ പെട്ടന്നു തന്നെ ഫ്രണ്ട്സായി. അവളുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ നിന്നോട് അവൾക്ക് ലൈനുണ്ടെന്നു തോന്നുന്നുണ്ടല്ലോടാ എന്നു പറഞ്ഞ് അമ്മ കളിയാക്കി. സൂപ്പർ മാർക്കറ്റിൽ വച്ച് ഒരു തവണ അമ്മ അവളെ കണ്ടിരുന്നു. അവൾ എനിക്കൊരു ഡയറി മിൽക്ക് തന്നതിന് ആരും കാണാതെ അമ്മ ഒരു കള്ളച്ചിരി ചിരിച്ചു. മുഖം മാത്രം കാണാവുന്ന ക്രീം കളർ തട്ടത്തിൽ അവൾ സ്കൂൾ യൂണിഫോമിൽ കാണുന്നതിനെക്കാൾ മിടുക്കിയായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ച് അമ്മ അവളുടെ താടിയിൽ പിടിക്കുകയും കവിളത്ത് പതിയെ തട്ടുകയും ചെയ്തു. ഫിദ എപ്പോഴും വീട്ടിൽ എന്റെ കാര്യം പറയാറുണ്ടെന്ന് അവളുടെ അമ്മ പറഞ്ഞപ്പോൾ ഞാൻ നാണം കൊണ്ട് കോൺഫ്ളേക്സിന്റെ ഫാമിലി കവറെടുത്ത് മുഖം മറച്ചതിന് എല്ലാവരും ചിരിച്ചു. പിന്നെ അവരെല്ലാം പോയിക്കഴിഞ്ഞ് ബില്ലടക്കാൻ നിന്നപ്പോഴാണ് ഇതു ലൈൻ തന്നെയാണെടാ എന്ന് അമ്മ വീണ്ടും കളിയാക്കിയത്. സുന്ദരിയാടാ എന്നുകൂടി അമ്മ പറഞ്ഞപ്പോൾ എന്റെ നെഞ്ച് തുള്ളിച്ചാടി.

ഒഴിവിന് ഫിദയുടെ കൂടെ വൈകീട്ട് വാട്ടർ ടാങ്കിനടുത്തെ പ്ലേഗ്രൗണ്ടിൽ ചുമ്മാ വർത്തമാനം പറഞ്ഞിരിക്കണം എന്ന എന്റെ ഏറ്റവും വലിയ പ്ലാൻ തകർന്നതിലാണ് ഞാനേറ്റവും സങ്കടപ്പെട്ടത്.

എന്റെ ഗീതാ ക്ലാസിന്റെ കാര്യം ഞാൻ ഫോൺ ചെയ്ത് ഫ്രണ്ട്സിനോടു പറഞ്ഞു. കളിക്കാൻ അതു കൊണ്ട് മേയ് പത്തുവരെ എന്നെ പ്രതീക്ഷിക്കണ്ട എന്നറിഞ്ഞപ്പോൾ എല്ലാവർക്കും സങ്കടം. ഒന്നു രണ്ടു തവണ ഫാഹിം വന്നു നോക്കിയെങ്കിലും അമ്മ സ്ട്രിക്ട് പിടിച്ചതുകൊണ്ട് പോവാൻ കഴിഞ്ഞില്ല.

ഒരു ദിവസം സ്വാമി തൃശൂർക്ക് പോയതു കൊണ്ട് ഉച്ചകഴിഞ്ഞ് ക്ലാസില്ലായിരുന്നു. ഭാഗ്യത്തിന് ഗൾഫിൽ നിന്നു നാട്ടിൽ വന്ന സന്തുമാമന് അന്നുതന്നെ ഞങ്ങളെ കാണാൻ വരാൻ തോന്നിയത് ഭാഗ്യം. ലീവായിരുന്നതുകൊണ്ട് അച്ഛനുമുണ്ടായിരുന്നു.

അമ്മയുണ്ടാക്കുന്ന പെപ്പർ ചിക്കനൊക്കെ കൊതിച്ചാണ് മാമൻ എത്തിയത്.ഇപ്പോൾ ഞങ്ങൾ ഇറച്ചി കഴിക്കാറില്ലെന്നു പറഞ്ഞപ്പോൾ സന്തുമാമന് അദ്ഭുതമായി. വലിയ ഭഗവദ്ഗീതയും എന്റെ നോട്ട്ബുക്കുമൊക്കെ കണ്ടപ്പോൾ സന്തുമാമൻ പൊട്ടിച്ചിരിച്ചു.

'ഇന്നത്തെ തലമുറ ഇറച്ചിയൊക്കെ കഴിച്ച് നല്ല ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്.' എന്നെ കളിക്കാൻ പോലും വിടുന്നില്ലെന്നു പറഞ്ഞപ്പോൾ മാമന് ദേഷ്യം വന്നു. 'ഭഗവദ്ഗീത വായിക്കുന്നതിലും നല്ലത് ഫുട്ബോൾ കളിക്കുന്നതാണെന്നും വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഇയാളേത് കോത്താഴത്തെ സ്വാമിയാ?'

അളിയാ പതുക്കെ എന്ന് അച്ഛൻ കെഞ്ചിയപ്പോൾ 'ഷിജു അളിയനെ ഞാൻ പറയണില്ല, നീ പഴയ പരിഷത്തുകാരിയല്ലേ, എന്നിട്ടുമെന്താ ഇങ്ങനെ' എന്ന് സന്തുമാമൻ അമ്മയെ വഴക്കിട്ടു.

ഏതായാലും വഴക്കു ഫലിച്ചു. വൈകീട്ട് എനിക്ക് സൈക്കിളെടുക്കാൻ പെർമിഷൻ കിട്ടി. പക്ഷെ ദൂരെപ്പോവരുത്. പരീക്ഷ കഴിയുന്നതുവരെ കളിക്കാനൊന്നും വിടരുതെന്നു പറഞ്ഞ സ്വാമിയെങ്ങാനും കണ്ടാൽ വഴക്കിടും എന്ന ഭയമായിരുന്നു അച്ഛന്.

ഞാൻ ഫ്ലാറ്റിനു ചുറ്റും തന്നെ സൈക്കിൾ ചവിട്ടി നടന്നു. ഒരു രസവുമില്ലായിരുന്നു. കിണറിനടുത്തെ സിമന്റ് ബെഞ്ചിൽ മേധ ഭക്തിയോഗം ബൈ ഹാർട്ട് ചെയ്യുകയായിരുന്നു. ഞാനടുത്തേക്കു ചെന്നപ്പോൾ പിറകിൽ സൈക്കിളിന്റെ ബെല്ലടി. തിരിഞ്ഞു നോക്കിയപ്പോൾ, അയ്യോ, ദാ ഫിദ! അവൾക്ക് പുതുപുത്തൻ സൈക്കിൾ. റോസ് നിറത്തിലെ ടോപ്പും കടും റോസ് ബോട്ടവും. ഹിജാബിന് ലൈറ്റ് ബ്ലൂ.
'കമിംഗ് ഫോറെ റൈഡ്? 'ഫിദ ചോദിച്ചു ഇംഗ്ലീഷിൽ. എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
'ഇസ് യുവർ ഗീതാ ടെസ്റ്റ് ഓവർ?' അവൾ വീണ്ടും ചോദിച്ചു.
'നോ, വോണ്ട് ബി ഫ്രീ ട്ടിൽ മെയ് ടെൻത്.' ഞാൻ ഒരോളത്തിൽ പറഞ്ഞു.
'ഓക്കേ.വിൽ മീറ്റ് ദെൻ ലെയ്റ്റർ -' ഫിദ സൈക്കിൾ തിരിച്ചു. 'മിസ് യു ലോട്'. പിന്നെ പറപ്പിച്ചങ്ങു പോയി.
വെടിയൊച്ച കേട്ട ഒരു കിളിക്കൂട്ടം എന്റെ ചങ്കിൽ നിന്ന് പറന്നുയർന്നതു പോലെ തോന്നി എനിക്ക്.
'ഹു ഇസ് ദാറ്റ് ഗേൾ?' മേധ ചോദിച്ചു.
നോക്കണേ, ഇംഗ്ലീഷാണ് വായിൽ വരുന്നത്. എന്നു വെച്ചാൽ അവൾക്ക് ഫീൽ ചെയ്തു.
'ഫിദ, മൈ ഗേൾഫ്രണ്ട്.'
'ബട്ട് ഷി ഇസ് മുസ്ലിം.'
അതിനെന്ത് എന്ന മട്ടിൽ ഞാൻ നോക്കി.
' ഫൊർഗൊട്ട്.' മേധ കണ്ണട ശരിക്കുവച്ചു. 'അമ്മ പറഞ്ഞിരുന്നു. യു പീപ്പിൾ ബിലീവ് ഇൻ വൺ കാസ്റ്റ് വൺ റിലീജീയൻ.'
'ആര്?' എനിക്കൊന്നും മനസിലായില്ല.
'നിങ്ങൾ വർഷിപ്പ് ചെയ്യുന്നത് നാരായണ ഗുരുവിനെ അല്ലേ ബുദ്ധൂ, എന്നിട്ടും അറിയില്ലേ ?'
ബുദ്ധു എന്നു വിളിച്ചപ്പോൾ മേധയുടെ വായിൽ നിന്ന് ഒരു തുപ്പൽത്തുള്ളി തെറിച്ച് എന്റെ ഇടത്തെ കയ്യിൽ വീണു. സായിലക്ഷ്മിയോ ആരാധ്യയോ ആയിരുന്നെങ്കിൽ എനിക്കു ശരിക്കു ദേഷ്യം വന്നേനെ. മേധ പൊങ്ങച്ചക്കാരിയാണെങ്കിലും എന്നെക്കാൾ രണ്ടു ക്ലാസ് മുതിർന്നതാണെങ്കിലും  എനിക്ക് ചെറിയൊരിഷ്ടം അവളോടുണ്ടായിരുന്നു. അതു കൊണ്ട് എനിക്കു ദേഷ്യമൊന്നും വന്നില്ല, അറപ്പും തോന്നിയില്ല ഞാനാ തുപ്പൽ തുടച്ചു കളഞ്ഞതുമില്ല.

വൈകീട്ട് വിളക്കു കത്തിക്കുമ്പോളാണ് മേധ പറഞ്ഞത് ഞാൻ ഓർത്തത്. നമ്മളെന്താണ് ട്രാൻസ്ഫറായി വന്ന ശേഷം പണ്ടത്തെ പോലെ മറ്റു ദൈവങ്ങൾക്കൊപ്പം വെക്കാതെ നാരായണഗുരുവിന്റെ ഫോട്ടോ അലമാരയിൽ വച്ചു പൂട്ടിയത് എന്ന് അമ്മയോടു ചോദിച്ചു. ചോദ്യം കേൾക്കാത്തതുപോലെ നടിച്ച് അമ്മ എഴുന്നേറ്റു പോയി.

പരീക്ഷയുടെ സമയങ്ങളിൽ സാധാരണയുണ്ടാവുന്ന  ടെൻഷൻ അറിയാമല്ലോ. യെസ്, അതു തന്നെ. കൈവിയർക്കും, ടോയ്ലറ്റിൽ പോകാൻ തോന്നും. നെഞ്ചിനകത്തൊക്കെ വല്ലാത്ത ഭാരവും തോന്നും. പക്ഷേ ഗീതാ ടെസ്റ്റിന് എനിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. ജയിച്ചാലും തോറ്റാലും എനിക്കൊന്നുമില്ല എന്നതുകൊണ്ടു മാത്രമല്ല, തോറ്റാൽ പിന്നെ സ്റ്റേറ്റ് ലെവലിന് പോകണ്ടല്ലോ.

എന്നാൽ അങ്ങനെ കൂളായി എഴുതിയതു കൊണ്ടാണോ എന്നറിയില്ല, രണ്ടു ചോദ്യങ്ങളൊഴികെ ബാക്കിയെല്ലാം എനിക്കറിയാവുന്നതായിരുന്നു. തൊണ്ണൂറ്റെട്ടെണ്ണം കിട്ടീല്ലേ, നല്ല കാര്യം എന്ന് അമ്മ പറഞ്ഞു.

സായിലക്ഷ്മിയുടെ കണ്ണു നിറഞ്ഞിരുന്നു. ടെൻഷൻ കയറിയിട്ട് ഒന്നും എഴുതാൻ പറ്റിയില്ലത്രെ. മേധയ്ക്ക് പിരീഡ്സായതിന്റെ തലവേദന കാരണം സമയത്തിന് തീർക്കാൻ കഴിഞ്ഞില്ല. അവസാനത്തെ ഇരുപതോളം ചോദ്യങ്ങൾ വായിച്ചു നോക്കാൻ പോലും അവൾക്കു പറ്റിയില്ല. ശങ്കരിയുടെ കാര്യമായിരുന്നു കഷ്ടം. അവൾ പഠിച്ചുറപ്പിച്ച കർമയോഗത്തിൽ നിന്നോ വിശ്വരൂപദർശനയോഗത്തിൽ നിന്നോ എന്തിന് ധ്യാനയോഗത്തിൽ നിന്നോ പോലും ഒറ്റ ചോദ്യം പോലും വന്നില്ല. അവളും അമ്മയും പരീക്ഷ കഴിഞ്ഞതും ഞങ്ങളോടൊന്നും സംസാരിക്കാൻ പോലും നിൽക്കാതെ വേഗമങ്ങു പോയിക്കളഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ ആശ്രമത്തിൽ നിന്ന് പരീക്ഷ എഴുതിയവരിൽ എനിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് എന്ന് ഏതാണ്ട് തീർച്ചയായിരുന്നു. സന്തോഷത്തിൽ, മടങ്ങുന്ന വഴി പൂങ്കുന്നത്തെ പെപ്പർ റസ്റ്റോറന്റിൽ നിന്ന് അമ്മയും ഞാനും അൽഫാമും കുബൂസും കഴിച്ചു.

റിസൽറ്റ് വരാൻ രണ്ടു ദിവസമുണ്ടായിരുന്നു. എങ്കിലും എന്നോട് സ്റ്റേറ്റ് ലെവലിലേക്ക് പ്രിപ്പെയർ ചെയ്യാൻ സ്വാമി പറഞ്ഞു. സ്റ്റേറ്റ് ലെവലിൽ റിട്ടൺ ടെസ്റ്റ് അല്ല ക്വിസ് ആണത്രെ. പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പ്രത്യേക വഴിപാടിനും സ്വാമി എഴുതിത്തന്നു.

പരീക്ഷയൊക്കെ നന്നായി എഴുതിയതല്ല, ഫിസുവിന്റെ ഇത്തയുടെ നിക്കാഹിന് പൊയ്ക്കോട്ടേ എന്നു കെഞ്ചിയപ്പോൾ അച്ഛൻ സമ്മതിച്ചു. ഫാഹിമിന്റെ കൂടെ അവന്റെ കാറിലാണ് ഒരുമനയൂരിലെ നിക്കാഹിന് പോയത്. അത്യുഗ്രൻ പരിപാടിയായിരുന്നു. ഫാഹിമിന്റേയും ഫർഹദിന്റേയും ഫയാസിന്റേയുമൊക്കെ കൂടെ അടിപൊളി ഡാൻസു കളിച്ചു ഞാൻ. ഫിദ അകലെ സ്ത്രീകളുടെ ഇടയിൽ നിന്ന് എന്നെ നോക്കി ചിരിക്കുകയും എന്റെ ഡാൻസ് അത്യുഗ്രൻ എന്ന് കൈ കാണിക്കുകയും ചെയ്തത് ആവേശമായി.

പക്ഷേ പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ എന്തോ, എനിക്ക് മട്ടൺ ബിരിയാണിയിലോ കബാബിലോ ഒട്ടും കൊതി തോന്നിയില്ല.

നിക്കാഹ് കഴിഞ്ഞ് ഞാൻ മടങ്ങിയത് ഫാഹിമിന്റെ അളിയന്റെ ഒപ്പം ബൈക്കിലാണ്. എന്റെ നെഞ്ച് എന്തെന്നറിയാതെ വേദനിച്ചു. ഫിദയോട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല എന്നതല്ല പ്രശ്നം, എനിക്കൊന്നും മിണ്ടണ്ട, ഒന്നു കണ്ടാൽ മതിയായിരുന്നു. പക്ഷെ സമാധാനത്തോടെ ഒന്നു കാണാൻ പോലും കഴിഞ്ഞില്ല.

തിരികെ ഫ്ലാറ്റിലെത്തി ഞാൻ കിടന്നു. ഒന്നുറങ്ങിയാൽ മനസിലെ സങ്കടം മാറിയാലോ?

'ശരിക്ക് അടിച്ചു കയറ്റിയല്ലേ നാണൂ, അനങ്ങാൻ വയ്യെന്നു തോന്നണല്ലോ.' അമ്മ കളിയാക്കി.

ഞാൻ തിരിഞ്ഞു കിടന്നു. അൽപം കഴിഞ്ഞപ്പോൾ എനിക്കൊരു തോന്നൽ പ്ലേഗ്രൗണ്ടിൽ ഫിദ കാണുമോ? അമ്മ നല്ല ഉറക്കമായിരുന്നു. ലിഫ്റ്റിറങ്ങി വരുമ്പോൾ സെക്യൂരിറ്റി അങ്കിൾ എന്തോ ചോദിച്ചത് ഞാൻ കേട്ടില്ല. സൈക്കിളെടുത്ത് ഗ്രൗണ്ടിനടുത്തു വരെ ചെന്നപ്പോഴാണ് അങ്കിൾ എന്തോ ചോദിച്ചിരുന്നല്ലോ എന്നു ഞാൻ ഓർത്തത്.

മൂന്നു മണി ആയിട്ടല്ലേയുള്ളൂ, ഗ്രൗണ്ടിലെങ്ങും ആരുമില്ലായിരുന്നു. വാട്ടർ ടാങ്കിനടുത്തെ സിമന്റ് ബെഞ്ചിലിരുന്ന് ഞാൻ ജീവിതത്തെക്കുറിച്ച് ആലോചിച്ചു. എന്താ ഇതെല്ലാം? ഫിദയെ എന്താണ് എനിക്കിത്ര ഇഷ്ടം? ഫിദയ്ക്ക് എന്നെയും ഇഷ്ടമാണോ?

അധിക സമയം ആലോചിച്ച് ഇരിക്കേണ്ടി വന്നില്ല. ദാ സൈക്കിൾ ബെല്ലിന്റെ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി.
ഫിദ.
'നാരായൺ ഇവിടെ കാണുമെന്ന് ഞാൻ ഗസ് ചെയ്തു'.
'ഞാനും' - ഞാൻ പറഞ്ഞു. എന്റെ ശബ്ദത്തിൽ നിറയെ സന്തോഷമുണ്ടായിരുന്നു.
ഞങ്ങളവിടെയിരുന്ന് ധാരാളം സംസാരിച്ചു. ഫിദ ഇടക്കിടെ ചുണ്ടുകൾ നനക്കുമായിരുന്നു. ചുവന്ന കുഞ്ഞു ചുണ്ടുകൾ. അവളുടെ കൈവിരലിലെ നഖങ്ങളും കുഞ്ഞതായിരുന്നു. എന്റെ നഖങ്ങൾക്കിടയിലെ അഴുക്ക് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. ഫിദ അതു കാണാതിരിക്കാൻ ഞാൻ കൈ ചുരുട്ടിപ്പിടിച്ചു.

മേധയുടെ വായിൽ നിന്ന് തെറിച്ചതു പോലെ ഫിദയുടെ വായിൽ നിന്നും ഒരു തുപ്പൽത്തുള്ളി തെറിച്ചു വീഴാൻ ഞാൻ കൊതിച്ചു പോയി. ഇങ്ങനെ കൊതിച്ചു പോയത് അമ്മയോടെങ്ങാനും പറഞ്ഞു പോകുമോ എന്ന് ഭയക്കുകയും ചെയ്തു..

അവസാനം ചേട്ടന്മാർ ക്രിക്കറ്റ് കളിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ എഴുന്നേറ്റത്. സമയം നാലര ആയി കാണണം. പിരിയാൻ ഞങ്ങൾക്ക് രണ്ടുപേർക്കും മടിയായിരുന്നു. അതുകൊണ്ട് കുറച്ചുനേരം കൂടി ഒരുമിച്ചിരിക്കാൻ വേണ്ടി സൈക്കിൾ തള്ളിക്കൊണ്ട് നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ നടന്ന് ആശ്രമത്തിനു മുന്നിലെത്തിയപ്പോഴാണ് വൈകിട്ടത്തെ ദീപാരാധനയ്ക്കു പൂക്കൾ നുള്ളുകയായിരുന്ന സ്വാമി ഞങ്ങളെ കണ്ടത്.

നാരായണാ!!! എന്നലറുകയായിരുന്നു സ്വാമി. പാവം ഫിദ ഞെട്ടിപ്പോയി.
യു ഗോ എന്നു പതിയെ പറഞ്ഞ് ഞാൻ സൈക്കിളുരുട്ടി സ്വാമിയുടെ സമീപം ചെന്നു.
'ക്വിസിന് പഠിക്കാതെ ഉഴപ്പി നടക്കുകയാണോ നീ ?'
ഞാനൊന്നും മിണ്ടിയില്ല. ചുമ്മാ തലകുനിച്ചു നിന്നു.
'ഇവരോടൊന്നും കൂട്ടുകൂടരുത്. അവരുടെ രീതിയല്ല നമുക്ക്. മനസിലായോ?'
ഇതെല്ലാം ഫിദ കേട്ടാലോ എന്ന നാണക്കേട് എനിക്ക് പെട്ടന്ന് അനുഭവപ്പെട്ടു. എനിക്ക് ദേഷ്യത്തെക്കാൾ സങ്കടമാണു വന്നത്. ഞാനങ്ങു ചോദിച്ചു പോയി:
'സ്വാമി ഗീതയിൽ പറയുന്നുണ്ടല്ലോ അവർ ഇവർ എന്നൊക്കെ പറയുന്നത് മായയാണ് നമ്മളെല്ലാം ഒന്നാണ്, അദ്വെതം ആണ് എന്നെല്ലാം -'
കൂടെ നിന്ന ബ്രഹ്മചാരി മുഖം പൊത്തി ചിരിയടക്കിയത് സ്വാമിയെ അരിശം പിടിപ്പിച്ചു.
'മൂഢാ!' സ്വാമി അലറി. അലറിയപ്പോൾ ഒരു കട്ട തുപ്പൽ എന്റെ കവിളത്തു തെറിച്ചു വീണു.' 'നീയും ബ്രഹ്മവുമാണൊന്ന്. അതാണ് അദ്വൈതം. എന്നാൽ മുസ്ലീങ്ങൾ വേറെയാ, മനസിലായോ?'

സമ്മതമെന്ന മട്ടിൽ തല കുലുക്കി ഞാൻ തിരികെ സൈക്കിൾ തള്ളി. നടക്കുന്ന വഴി ഒരു ചെമ്പരത്തിയില പറിച്ച് കവിളത്തെ തുപ്പൽക്കട്ട ഉരച്ചു തുടച്ചു കളഞ്ഞു. സ്വാമി പറഞ്ഞതെങ്ങാനും ഫിദ കേട്ടിട്ടുണ്ടാവുമോ എന്ന് ആകുലപ്പെടുന്നതിനിടയിൽ പരീക്ഷയ്ക്കു വേണ്ടി ഗീത പഠിച്ചതിന്റെ കുഴപ്പമാണെനിക്കെന്ന് സ്വാമി പിറുപിറുക്കുന്നത് എനിക്കു കേൾക്കാമായിരുന്നു.

**** **** **** ****
(മുനിസിപ്പൽ ന്യൂസ് മാഗസിൻ ഒക്ടോബർ 2018)