Friday, October 2, 2015

ചുമരുകൾ


ചുമരുകള്‍ക്കു പോലും ചെവിയുള്ള കാലമാണ്. പഴയ കഥകളിലും സിനിമകളിലുമൊക്കെ പറയുന്നതു കേട്ടിട്ടില്ലേ? ചെവിമാത്രമല്ല കണ്ണുകളും ഹൃദയവുമൊക്കെയുണ്ടായിരുന്നു ബസ് സ്റ്റാന്റിനടുത്തുള്ള അത്ര മോശമല്ലാത്ത ആ ലോഡ്ജിലെ വടക്കേയറ്റത്തെ മുറിയുടെ ചുമരുകള്‍ക്ക്.    

മുകളിലെ ടാങ്ക് നിറഞ്ഞുകവിയുമ്പോഴെല്ലാം വിള്ളലില്‍ നേരിയ ഉറവ പടര്‍ത്തി നനയുമായിരുന്ന ഇടത്തേ ചുമരിന് സദാ ജലദോഷം പിടിച്ചതു പോലെയായിരുന്നു. മുറിയിൽ നടക്കുന്ന അനാശാസ്യങ്ങളിലെല്ലാം ആഭാസം നിറഞ്ഞ ആക്രാന്തത്തോടെ ചെവിയോര്‍ക്കുകയും നൊട്ടിനുണഞ്ഞ് കണ്ണുചിമ്മാതെ ആസ്വദിക്കുകയും ചെയ്യുമായിരുന്നു വലത്തേ ചുമർ.     
 

‘നാണമില്ലേ നിനക്ക്?’ ഇടത്തേ ചുമർ ചിലപ്പോൾ ഗുണദോഷിക്കും. ‘കണ്ണും ചെവിയുമടച്ചിരുന്നൂടേ?’

‘ഒന്നു പോടാപാ’, കുരുത്തം കെട്ട വലത്തേ ചുമർ കോക്രി കാണിക്കും.’കട്ടിലാരെങ്കിലും തിരിച്ചിട്ടാൽ നീയും ആസ്വദിച്ചു പോകും.       

കട്ടിലിന്റെ കിടപ്പും തന്റെ സ്വഭാവവുമായി ബന്ധമൊന്നുമില്ലെന്ന് ഇടത്തെചുമരിന് വ്യക്തമായി അറിയാമായിരുന്നു. കട്ടിലിൽ നടക്കുന്നതെന്തെന്ന് കേട്ടറിയാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കട്ടിലിന്റെ തലഭാഗത്തെ കൊത്തുപണികൾ ചെയ്ത വലിയ എടുപ്പും അതിനുമീതെ ചുറ്റി വച്ച കൊതുകുവലയും ഉള്ളിലെ ദൃശ്യങ്ങൾ മറച്ചുപിടിച്ചു. പക്ഷേ വലത്തേ ചുമരിന് എല്ലാം മറയില്ലാതെ കാണാമായിരുന്നു. ഉറങ്ങുമ്പോൾ മാത്രമാണ് അന്തേവാസികൾ കൊതുകുവല ഉപയോഗിച്ചത്. ചിലരൊക്കെ ലൈറ്റ് അണയ്ക്കുക പോലും ചെയ്യില്ലായിരുന്നു.

ചില ദിവസങ്ങളിൽ കട്ടിലിലെ പ്രവര്‍ത്തികൾ കണ്ട് വലത്തേ ചുമർ ആഹ്ലാദത്തോടെ അലറും. ഒരു ചെറു തുള്ളിച്ചാട്ടത്തിനു പോലും അവന്‍ തുനിയും. പുതിയ, എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ദിവസങ്ങളിലായിരിക്കും അതു കൂടുതലും.          
 

‘ചോര കാണണത് ഒരു പ്രത്യേക രസാണ്,’ വലത്തേ ചുമർ ചുണ്ടു നനയ്ക്കും.’ നിനക്കും കിളവനുമൊക്കെ അതു മനസ്സിലാവില്ലടാ’.   

വാതിലിനടുത്തെ ചുമരിനെയാണ് കിളവനെന്നു പറഞ്ഞത്. പണ്ടുണ്ടായിരുന്ന ലോഡ്ജ് പുതുക്കിയാണ് ഇന്നത്തെ, പുതിയ, പേരു മാറിയ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. വാതിലിനരികത്തെ ചുമരു മാത്രം അന്നു പൊളിച്ചു കളയാതെ നിലനിറുത്തി. ചെറുതായി വിള്ളലുകൾ വീണുതുടങ്ങിയ, കുമ്മായം പൂശിയ ആ ചുമരിന് കിളവന്‍ എന്ന പേരു ചേരുമെങ്കിലും അങ്ങനെ വിളിക്കാൻ ഇടത്തേ ചുമരിനു മടിയായിരുന്നു.
 

കിളവന്‍ ചുമർ സദാ വിഷാദഛായയിലായിരുന്നു. മനുഷ്യക്കിളവന്മാർ വടികുത്തി നടക്കുന്നതുപോലെ കിളവൻ ചുമരിന് ലോഡ്ജ് ഉടമ ഒരു താങ്ങു നല്‍കിയിരുന്നു; ബലമുള്ള ഒരു മര അലമാര. അലമാരയുടെ താങ്ങിൽ കിളവന്‍ ചുമർ പിടിച്ചുനിന്നു. പണ്ടത്തെ ലോഡ്ജ് മുറിയില്‍ നടന്നിരുന്ന സാഹിത്യ, രാഷ്ട്രീയ ചര്‍ച്ചകളെക്കുറിച്ചും മറ്റും കിളവൻ ചുമർ ഒരു തവണ പറഞ്ഞു തുടങ്ങിയതാണ്. വലത്തേ ചുമരിന്റെ ശകാരത്തിൽ നിശബ്ദനായി. പിന്നെ കിളവന്‍ ചുമർ വലിയ വര്‍ത്തമാനങ്ങള്‍ക്കു തുനിഞ്ഞിട്ടില്ല. വല്ലപ്പോഴും ഇടത്തേ ചുമർ എന്തെങ്കിലും ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയും. വലത്തേ ചുമരിന്റെ പരിഹാസങ്ങള്‍ക്ക് മൃദുലമായ ഒരു മന്ദഹാസം മുഖത്തു വരുത്തി കണ്ണടയ്ക്കും. അത്രതന്നെ.         

കിളവന്‍ ചുമരിന് അഭിമുഖമായാണ് കര്‍ട്ടൻ ചുമർ. ഉത്തരത്തിന് ഏതാനും ഇഞ്ച് താഴെ മുതൽ തറ വരെ നീണ്ടു കിടക്കുന്ന കര്‍ട്ടനുണ്ട് ആ ചുമരിന്. കര്‍ട്ടനു മുകളിൽ കാണുന്ന ഏതാനും ഇഞ്ചുകളിലൂടെ ആ ചുമർ തന്നെ നോക്കുന്നതായി ഇടത്തേ ചുമരിനു തോന്നാറുണ്ട്.
      

വലത്തേ ചുമരിന്റെ, മനുഷ്യരുടേതു പോലത്തെ സ്വഭാവത്തോട് ഇടത്തേ ചുമരിന് വല്ലാത്ത അസഹിഷ്ണുതയായിരുന്നു. പാവപ്പെട്ട എത്ര കുരുന്നു പെണ്‍കുട്ടികളെയാണ് വൃത്തികെട്ട ആണുങ്ങൾ മുറിയിൽ കൊണ്ടുവന്ന് ആഹരിച്ചത്? ഓരോ തവണയും വലത്തേ ചുമർ ആഹ്ലാദപ്രകടനം നടത്തി. അവന്റെ ഹൃദയഭാഗത്തെ കുതിച്ചോടുന്ന കുതിരയുടെ ചിത്രത്തിനു പിറകിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കാമറയുണ്ട്. കട്ടിലിലെ ദൃശ്യങ്ങൾ പെണ്‍കുട്ടികളറിയാതെയും ചിലപ്പോൾ ഇണകളിരുവരും പോലും അറിയാതെയും ആ കാമറ ഒപ്പിയെടുക്കും. അതു വലത്തെ ചുമരിന്റെ കണ്ണാണെന്നു തന്നെ ഇടത്തേ ചുമർ വിശ്വസിച്ചു. ആ കാമറയാണ് വലത്തേ ചുമരിനെ ഇത്രയ്ക്കു വഷളാക്കുന്നതെന്ന് ചിലപ്പോൾ ഇടത്തേ ചുമരിനു തോന്നാറുണ്ട്.
     

അതല്ല, മൂലയ്ക്കു വച്ചിരിക്കുന്ന ടെലിവിഷനാണോ വലത്തേ ചുമരിന്റെ വഷളത്തരത്തിനു കാരണമെന്നും ഇടയ്ക്കു തോന്നുമായിരുന്നു. ലോഡ്ജിൽ വരുന്നവർ ആഭാസകരങ്ങളായ ചാനലുകളായിരിക്കും വയ്ക്കുന്നത്. വലത്തേ ചുമർ അതെല്ലാം നന്നായി ആസ്വദിക്കും.
  

ഒരു ദിവസം വലത്തേ ചുമരിന്റെ വഷളത്തരങ്ങളിൽ സഹികെട്ട് ഇടത്തേ ചുമർ ശക്തമായി പ്രതികരിച്ചു. ശരിക്കു ശകാരിച്ചു. വലത്തേ ചുമരിന്റെ പുലഭ്യങ്ങൾ കേള്‍ക്കാൻ തയ്യാറെടുത്തു തന്നെയായിരുന്നു അത്. ഇടത്തേ ചുമർ അത്രയ്ക്കു മടുത്തു പോയിരുന്നു. പക്ഷേ മറ്റു ചുമരുകളുടെ പ്രതീക്ഷയ്ക്കു വിപരീതമായി വലത്തേ ചുമർ ശാന്തനായി: ‘നിങ്ങക്ക് എതിര്‍ക്കാന്‍ പറ്റുമോ? എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പോലീസുകാരു പോലും ഇവിടെ വന്നു വ്യഭിചരിച്ചു പോയത് എന്റെ ഓര്‍മ്മേലൊണ്ട്. അപ്പഴല്ലേ വെറും ചുമരുകള്‍ക്ക് ധാര്‍മ്മികരോഷം!’           

‘ഞങ്ങളും ചുമരുകള്‍ തന്നാടാ’, വലത്തേ ചുമരിന്റെ ശാന്തഭാവത്തില്‍ അമ്പരന്നെങ്കിലും ഇടത്തേ ചുമർ ദേഷ്യത്തിൽ തന്നെ തുടര്‍ന്നു:‘ പക്ഷേ ചുമരുകള്‍ക്ക് വേണമെങ്കില്‍ കണ്ണും കാതും വേണ്ടെന്നു വെയ്ക്കാം. ഇല്ലേ ? അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. എന്താ അമ്മാവാ, ശരിയല്ലേ?’       

കിളവന്‍ ചുമർ അന്ന്‍ ഒന്നു ചുമച്ചിട്ട് പറഞ്ഞു: ‘ചുമരുകള്‍ക്കും വേണമെങ്കിൽ കണ്ണും കാതുമടച്ചു കഴിയാം. അല്ലെങ്കിൽ...’ ഒന്നു നിറുത്തിയിട്ട് തുടര്‍ന്നു-‘പ്രവര്‍ത്തിക്കാം’.      

പ്രവര്‍ത്തിക്കാനോ ! കിളവനു വട്ടുതന്നെ, ഇടത്തേ ചുമരിന് അങ്ങനെ തോന്നി. ആരും പിന്നെ ഒന്നും പറഞ്ഞില്ല

ആ വഴക്ക് അങ്ങനെ ആവിയായിപ്പോയി. എല്ലാ ചുമരുകളും താന്താങ്ങളുടെ സ്വഭാവങ്ങളില്‍ തന്നെ തുടര്‍ന്നു. കിളവന്‍ ചുമർ മാത്രം കൂടുതൽ അസ്വസ്ഥനായതുപോലെ ഇടത്തേ ചുമരിനു തോന്നിയിരുന്നു.
            

അങ്ങനെയിരുന്നപ്പോൾ രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം മുറിയിൽ പുതിയ താമസക്കാരെത്തി. റൂം ബോയ് ആണ് ആദ്യം അകത്തു കടന്നത്. പിറകില്‍ ചിരപരിചിതനായ ഒരു യുവാവ്. ഇടത്തേ ചുമരിനു മനസ്സിലായി. ഇതാ വൃത്തികെട്ടവന്‍ തന്നെ, സുകു എന്ന യഥാര്‍ഥ പേരിലും മിഥുന്‍, റോഹന്‍ തുടങ്ങിയ കള്ളപ്പേരുകളിലും അറിയപ്പെടുന്ന തെമ്മാടി. നാലഞ്ചു പെണ്‍കുട്ടികളെ അവനീ മുറിയിൽ കൊണ്ടുവന്നിട്ടുണ്ട്.
 

പെട്ടന്നു നെഞ്ചുപൊട്ടിപ്പോവുന്നതുപോലെ ഇടത്തേ ചുമരിനു തോന്നി. യുവാവിനു പിറകേ വാതിൽ കടന്നു വന്നത് സ്കൂൾ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി !  

ബാഗ് തോളിൽ നിന്നെടുത്ത് ലേശം അമ്പരപ്പോടെ അവൾ മുറിയുടെ ചുറ്റും നോക്കി. കട്ടിലിലിരുന്ന് ഷൂസ് ഊരി മാറ്റുകയായിരുന്ന യുവാവ് പറഞ്ഞു: ‘ഇങ്ങിരിക്ക്. ചിന്നൂന് ഇനീം പേടിയാണോ?’          

നമ്മളിവിടാണെന്ന് പപ്പയെങ്ങാനും അറിഞ്ഞാല്‍-‘   

‘ഞാനല്ലേ ഒള്ളേ. ഒറ്റ നൈറ്റ്. അത്ര മതി. നാളെ വീട്ടിലേയ്ക്ക് വിളിച്ച് പറഞ്ഞാല്‍ ഏത് പപ്പേം നമ്മടെ മാരേജ് നടത്തിത്തരും’. അവന്‍ അവളെ വലിച്ച് തന്റെയരികലേക്കിരുത്തി തോളത്തു കൂടി കയ്യിട്ടു.       

ഇടത്തേ ചുമർ കണ്ണുകൾ ഇറുക്കിയടച്ചു. വലത്തേ ചുമരിന്റെ കാമറക്കണ്ണുകൾ ചിമ്മുന്നത് ഇടത്തേ ചുമർ അറിഞ്ഞു. വലത്തേ ചുമർ നൊട്ടിനുണയുന്ന ശബ്ദവും ഇടത്തേ ചുമർ കേട്ടു.    

‘നോക്കിയേ അഖിലേട്ടാ, ഇതെല്ലാം ഞാന്‍ മമ്മ അറിയാതെ കൊണ്ടുവന്നതാ’. പെണ്‍കുട്ടിയുടെ ശബ്ദത്തിലെ ഭയം മാറാന്‍ തുടങ്ങിയിരുന്നു.
  
സുകു വീണ്ടും പേരുമാറ്റിയിരിക്കുന്നു. ഇടത്തേ ചുമര്‍ പതിയെ കണ്ണുകള്‍ തുറന്നു. ബാഗു തുറക്കുകയാണു പെണ്‍കുട്ടി.
‘സ്വര്‍ണ്ണമൊക്കെ അടിച്ചുമാറ്റി, കള്ളി’. സുകു പെണ്‍കുട്ടിയുടെ കവിളത്തു നുള്ളി. പിറകെ ഒരു ഉമ്മയും കൊടുത്തു.
‘എന്റെ മാരേജിനു വാങ്ങിയതാ. ഞാനെടുത്തു. അതിനെന്താ?‘ 
സുകുവിന്റെ കണ്ണുകളിലെ ആര്‍ത്തി ഇടത്തേ ചുമരിനു കാണാൻ കഴിഞ്ഞു. പെണ്‍കുട്ടി ആഭരണങ്ങൾ കയ്യിലെടുത്ത് ഉയര്‍ത്തിക്കാണിച്ച് സന്തോഷത്തോടെ പറഞ്ഞു:        
‘നമുക്കിതു വില്‍ക്കാം. എന്നിട്ടൊരു വീടു വാടകയ്ക്കെടുത്ത് സുഖമായി ജീവിക്കാം.’        
‘ഇനി എല്ലാം എന്റെ ചിന്നു പറയുമ്പോലെ.’ സുകു സ്നേഹം ചാലിച്ച വാക്കുകൾ പറഞ്ഞ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് മാറിൽ ചെറുതായി കടിച്ചു. 
‘അയ്യോ വേണ്ട’, പെണ്‍കുട്ടി സുകുവിന്റെ മുഖം പതിയെ തള്ളി മാറ്റി.   
‘അതെന്താ ?’     
‘നനയും’.
വലത്തേ ചുമർ അത്യാഹ്ലാദത്തിൽ കയ്യടിച്ചു പോയി. അവന്റെ ഹൃദയത്തിലെ കാമറ വരും ദിവസങ്ങളിൽ ഇന്റര്‍നെറ്റിൽ പ്രചരിക്കാൻ പോവുന്ന ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. കര്‍ട്ടൻ ചുമരിനേയും കിളവൻ ചുമരിനേയും ഇടത്തേ ചുമർ മാറി മാറി നോക്കി. ധ്യാനത്തിലെന്ന പോലെ ആലസ്യത്തിലായിരുന്നു കര്‍ട്ടന്‍ ചുമർ. കിളവന്‍ ചുമരിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കര്‍ട്ടൻ ചുമരിന്റെ വെന്റിലേറ്റർ വഴി പുറത്തെ ആകാശത്തിലേയ്ക്കു നോക്കി കിളവൻ ചുമർ സ്വയം നഷ്ടപ്പെട്ടു.    
പെട്ടന്ന് സുകുവിന്റെ മൊബൈൽ ശബ്ദിച്ചു.           
‘ആരാ?’ പെണ്‍കുട്ടി ചോദിച്ചു.      
‘ഒരു ഫ്രണ്ട്. നീയെന്നാലീ യൂണീഫോമൊക്കെ ഒന്ന് മാറ്റിക്കേ, അല്ലേ ഡേഞ്ചറാ’.          
പെണ്‍കുട്ടി മാറി ധരിക്കാൻ ചൂരിദാറുമെടുത്ത് വലത്തേ ചുമരിന്റെ മൂലയിലുള്ള കുളിമുറിയിലേയ്ക്കു പോയതിനു ശേഷം യുവാവ് ഫോണെടുത്തു.  
‘നിങ്ങ എന്തിനാണിപ്പ ഇങ്ങാട് വന്ന ?’ യുവാവ് സംസാരിച്ചു കൊണ്ടിരുന്നതും മുറിയുടെ വാതിലിലാരോ തട്ടി. സംസാരിച്ചുകൊണ്ടുതന്നെ യുവാവ് വാതില്‍ തുറന്നു. വെളുത്തു സുമുഖനായ ഒരു മധ്യവയസ്കന്‍. അശ്ലീലച്ചിരിയോടെ അയാള്‍ അകത്തു കടന്ന് മുറിയുടെ ഉള്ളിലാകെ നോക്കി.
‘എവ്ടേ പീസ്?’ 
‘കുള്‍മുറീലാണ്’ യുവാവ് അല്പം ദേഷ്യത്തില്‍ പറഞ്ഞു. ‘ആക്രാന്തം കാണിക്കണ്ടട്ടാ. നിങ്ങക്കൊള്ളതന്നേണ്’.         
‘ഫ്രഷല്ലേ? നീയൊന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ പതിനാറു കഴിഞ്ഞതല്ലേ?’    
‘എസ്സെല്‍ സീ ബുക്ക് കയ്യില്‍ണ്ട്. കാണ്‍ണാ?      
വലിയൊരു പെയ്ന്റിംഗ് തൂക്കാന്‍ പണ്ടു തന്റെ നെഞ്ചില്‍ ആണി കയറ്റിയതിന്റെ വേദന ഒന്നുമല്ലെന്ന് ഇടത്തേ ചുമരിനു തോന്നി. തന്നെ നിര്‍മ്മിച്ച മേസ്ത്രിക്ക് എന്തുകൊണ്ട് രണ്ടു കയ്യും കാലും തനിക്കുണ്ടാക്കിത്തരാന്‍ തോന്നിയില്ല? ഇവിടെ നിന്ന് ഓടിക്കളയാമായിരുന്നു.           
ഇടത്തേ ചുമര്‍ മറ്റു ചുമരുകളെ ഒന്നു കൂടി നോക്കി. കര്‍ട്ടന്‍ ചുമര്‍ സത്യമായും പ്രാര്‍ഥനയിലാണ്. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. വലത്തേ ചുമര്‍ അത്യാവേശത്തിലാണ്. മധ്യവയസ്കനില്‍ നിന്നു പണം കൈപ്പറ്റി സുകു പെണ്‍കുട്ടിയുടെ ആഭരണങ്ങളുമായി സ്ഥലം വിടുന്നതിനു ശേഷമുള്ള രംഗങ്ങള്‍ സങ്കല്പത്തില്‍ കണ്ട് അടക്കാനാവാത്ത വികാരത്തില്‍ പെട്ടിരിക്കുകയാണവന്‍.         
പക്ഷേ കിളവന്‍ ചുമർ. അതിന്റെ നിസംഗത സത്യത്തില്‍ ഇടത്തേ ചുമരിനെ ഭയപ്പെടുത്തി. നിര്‍വികാരമായ മുഖം. കര്‍ട്ടൻ ചുമരിലേയ്ക്കു തന്നെയുള്ള മിഴിയനങ്ങാത്ത നോട്ടം. ഇരുവരും എന്തോ പറയുന്നതുപോലെ.
സുകു ആഭരണങ്ങൾ തന്റെ തോള്‍ബാഗിലാക്കി ഷൂ ധരിക്കുകയായിരുന്നു. മധ്യവയസ്കന്‍ അണ്ടര്‍വെയർ ഊരി വലത്തേ ചുമരിലെ കൊളുത്തിൽ തൂക്കി. കയ്യിലെ ചെറിയ ബാഗിൽ നിന്ന് നോട്ടുകെട്ടെടുത്ത് സുകുവിന്റെ കയ്യിൽ കൊടുക്കുമ്പോള്‍ അയാള്‍ അക്ഷമനായിരുന്നു.
        
പെട്ടന്ന് കുളിമുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വലത്തേ ചുമർ അത്യുത്സാഹത്തിൽ ആര്‍ത്തു വിളിച്ചു.
അദ്ഭുതം ! ആ സ്കൂൾ കുട്ടി ചുവന്ന ചൂരിദാറില്‍ കത്തിജ്വലിക്കുന്ന ഒരു സ്ത്രീരൂപമായിട്ടാണു പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം അവള്‍ പിച്ചിച്ചീന്തപ്പെടും. ഇടത്തേ ചുമര്‍ ദാരുണമായ ശബ്ദങ്ങളെ പ്രതിരോധിക്കാൻ ചെവികൾ പൊത്തി.       
‘ഈ മാമന്റെ കൂടെ കുറച്ചുനേരമിരിക്ക്’. സുകു കട്ടിലില്‍ നിന്നെഴുന്നേറ്റു. ‘ഞാനൊന്ന് പുറത്തുപോയിട്ടു വരാം’.
‘പക്ഷേ ചേട്ടാ-‘  
സ്തബ്ധയായ പെണ്‍കുട്ടി. വഞ്ചനയുടെ ആള്‍രൂപമായ യുവാവ്. കാമക്കടല്‍ ക്ഷോഭിച്ചതുപോലെ പെണ്‍കുട്ടിയെ കട്ടിലിലേയ്ക്കു കിട്ടാന്‍ കൊതിയ്ക്കുന്ന മധ്യവയസ്കന്‍.    
ഇടത്തേ ചുമർ ചുറ്റും നോക്കി. കൊടുങ്കാറ്റത്തെ പീറ്റത്തെങ്ങു പോലെ ആവേശത്തിൽ ആടിയുലയുകയായിരുന്നു വലത്തേ ചുമർ.       
കിളവന്‍ ചുമരോ ?          
‘തുലയട്ടെ എല്ലാം’ എന്ന വാക്യം ആരോടോ പറഞ്ഞിട്ട് ഒറ്റ വീഴ്ചയായിരുന്നു. അലമാരയേയും വീഴ്ത്തി സുകുവിന്റേയും മധ്യവയസ്കന്റേയും ശരീരങ്ങളെ ചോരയിൽ കുതിര്‍ത്ത് ഒരു സാഷ്ടാംഗ പ്രണാമമായി പെണ്‍കുട്ടിയുടെ കാല്‍ക്കൽ.         

എന്തോ, കണ്ണും കാതുമടഞ്ഞ് ഇടത്തേ ചുമർ അന്നേരം ഒരു സാധാരണ ചുമരായി മാറി.


****                               ****                                           ****                                           ****

Thursday, July 23, 2015

ഒരു ജാതി ആൾക്കാർ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്- ശ്രീനാരായണഗുരു
*****                                                   *****                                                   ******

പീറ്റർ സാർ റിട്ടയറായതിനു പകരം വരേണ്ടിയിരുന്നത് എറണാകുളത്തു നിന്ന് ഒരു സാറാ മാഡമായിരുന്നു. പക്ഷെ മക്കളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് അവർ ട്രാൻസ്ഫർ കാൻസൽ ചെയ്യിച്ചു. പകരം ആളു വരാൻ ഒന്നുരണ്ടാഴ്ച വൈകി. അങ്ങനെ പെട്ടന്നൊരു ദിവസമാണ് ഓർഡർ വന്നത്, പുതിയ ചീഫ് മാനേജർ തിങ്കളാഴ്ച ജോയിൻ ചെയ്യും. ഹർഷൻ എന്നാണു പേർ.
നല്ല സെറ്റപ്പ് പേരാണ്, എനിക്കു തോന്നി.
‘പേരൊക്കെ ഗെറ്റപ്പാ, പക്ഷെ കേട്ടിട്ട് ജാതി ഏതെന്ന് ഊഹിക്കാൻ പറ്റണില്ല’, പെണ്ണുങ്ങൾ കുശുകുശുത്തു.
‘ജാതി ഏതായാലെന്ത്, നിങ്ങളെ പെണ്ണുകാണാനൊന്നുമല്ലല്ലോ അങ്ങേരിങ്ങോട്ടു വരണത്’, എനിക്കല്പം ദേഷ്യം വന്നു.
‘താനെന്താടോ ദേഷ്യപ്പെടുന്നേ, കൂടെ ജോലിചെയ്യുന്നവരുടെ ജാതി എന്താണെന്നറിയുന്നത് മോശമായ കാര്യമാണോ ?’ കാഷ് കൗണ്ടറിൽ നിന്ന് നിർമ്മലാ മാഡം തലനീട്ടി.
‘ഓരോ ജാതിക്കും ഓരോ മഹത്വമുണ്ട്. ഒന്നും ഒന്നിനും മേളിലല്ല, താഴേമല്ല’, ഡെസ്പാച്ചിനുള്ള കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുകയായിരുന്ന ഗോപിച്ചേട്ടൻ പറഞ്ഞു. ‘അവനവന്റെ ജാതിത്വം കളഞ്ഞ് മറുജാതിയാവാൻ നോക്കുന്നതാണ് പ്രശ്നം’.
‘എന്തു പ്രശ്നം ?’
‘തെങ്ങുകയറ്റക്കാരൻ തെങ്ങുകയറണം. അവൻ ബാങ്ക് മാനേജരാവാൻ വന്നാൽ തുടങ്ങും പ്രശ്നം’.
‘ഓ, അങ്ങനെ-‘
എടിഎമ്മിൽ നിറയ്ക്കാനുള്ള കാഷ് റെഡിയായിക്കഴിഞ്ഞിരുന്നതിനാൽ ഞാൻ ബാക്കി കേൾക്കാൻ നിന്നില്ല. കുരുപൊട്ടുന്ന വർത്തമാനമാണ് ആ മനുഷ്യൻ എപ്പോഴും പറയാറുള്ളത്.
തിങ്കളാഴ്ച രാവിലെ തന്നെ ഹർഷൻ സാർ എത്തി. സാറിന്  നല്ല ഉയരമുണ്ടായിരുന്നു. ഒരു ബാബു ആന്റണി സ്റ്റൈൽ. നല്ല വ്യക്തിത്വം. ചുറുചുറുക്കോടെയുള്ള നടത്തം. ആരെക്കണ്ടാലും പുഞ്ചിരി. ആരു വന്നാലും വിഷ് ചെയ്യൽ. പീറ്റർ സാറിനു നേർ വിപരീതം. ആദ്യ ദിവസം തന്നെ ആൾക്കാർക്കെല്ലാം ഹർഷൻ സാറിനെ പിടിച്ചു.
‘ആ ചുരുചുരുണ്ട മുടി കണ്ടോ’, ഡേവിഡാണു പറഞ്ഞത്, ’പെലയനാണ് സാറ്. അച്ചട്ട് .’
‘പോടോ’, അഖിലേഷ് പറഞ്ഞു: ‘നമ്മുടെ ബാങ്കിൽ എന്റയറിവിൽ ഒരു എസ്സീം ചീഫ് മാനേജരായിട്ടില്ല. അറ്റ് ദി മോസ്റ്റ് സ്കെയിൽ ടു കാണുമായിരിക്കും’.
‘എന്തിനാ തർക്കം,’ ഗോപിച്ചേട്ടൻ. ‘നമുക്കാ രാജൂനോടു ചോദിച്ചാൽ പോരേ, എസ്സിയാണെങ്കിൽ അവനറിയാതിരിക്കൂല്ലല്ലോ’.
‘ഏത് രാജു ?’
എച്ഛാറിലെ പെലെയൻ രാജു. ഇവരൊക്കെ പരസ്പരം അറിയാൻ ചാൻസ്ണ്ട്’.
‘പേരു കേട്ടിട്ട് ഒരൂഹോം കിട്ടണില്ലട്ടാ’, ജെയ്സി മാഡം പറഞ്ഞു.
‘നല്ല ആഢ്യൻ പേരാ, അല്ലേ മനോജേ?’ നിർമ്മലാ മാഡം എന്നെ തോണ്ടി.
എന്റെ മോന് ദേവനാരായണൻ എന്നു പേരിട്ടതിന്റെ കലിപ്പ് മാഡത്തിന് ഇപ്പോഴും തീർന്നിട്ടില്ല. ‘ചോമ്മാരുടെ പിള്ളേർക്കും ആഢ്യൻ പേരുകളാ ഇപ്പൊ’ എന്ന് നിർമ്മലാ മാഡം എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായി പോയ സുനന്ദാ മാഡത്തോടു ഫോൺ ചെയ്തു പറഞ്ഞ കാര്യം ഞാൻ അറിഞ്ഞിരുന്നു. അന്നു ഞാനൊന്നും പറയാൻ പോയില്ല. അവരുടെ സംസ്കാരം എന്നു കരുതി ഞാൻ സമാധാനിച്ചു. പോയി ചാകാൻ പറ. ശവം !
‘പേരു കേട്ടിട്ടൊന്നും ജാതി പറയാൻ പറ്റൂല്ല.’ ഗോപിച്ചേട്ടൻ പറഞ്ഞു. ‘നമ്മടെ തന്നെ ചെല കസ്റ്റമർമാരുടെ പേരു നോക്കിയേ, പ്രദ്യുമ്നൻ, അനിരുദ്ധൻ, ശിശുപാലൻ, സാംബൻ. ഇവരൊന്നും നമ്പൂതിരിമാരൊന്നുമല്ല, വെറും വാലന്മാരാ’.
‘എന്ന്വച്ചാ ?’ ജെയ്സി മാഡം.
‘എന്ന്വച്ചാ ധീവരസമുദായം. മുക്കുവർ.
‘അമൃതാനന്ദമയി എന്നു കേട്ടാൽ ഏതോ നമ്പൂതിരിമനേലെ പോലിരിക്കും, ഇല്ലേ, പക്ഷേങ്കിലോ…’
‘സാറിന്റെ ജാതി അറിഞ്ഞാപ്പോരേ, എന്തിനാ നമ്മ തർക്കിക്കണേ? വേറെ വഴിണ്ട്, നിങ്ങ നോക്കിക്കോ’, ഡേവിഡ് പറഞ്ഞു.
സാറിന്റെ ജാതി അറിയാൻ ഡേവിഡ് രസകരമായൊരു വഴിയാണ് തെരഞ്ഞെടുത്തത്. വൈകീട്ട് സ്റ്റാഫ്മീറ്റിംഗ് ഉണ്ടായിരുന്നു.  ബിസിനസ് കാര്യങ്ങൾക്കു പകരം പരസ്പരം പരിചയപ്പെടാനൊക്കെയാണ് മീറ്റിംഗിൽ ഹർഷൻ സാർ ശ്രദ്ധിച്ചത്.
ഞങ്ങളുടെ എല്ലാവരുടേയും വിവരങ്ങൾ സാർ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഡേവിഡിന്റെ അപ്രതീക്ഷിത ചോദ്യം.
‘സാറേത് അമ്പലത്തിലാ പോണേ?’
‘എനിക്ക് ചോദ്യം മനസിലായില്ലല്ലോ ഡേവിഡേ. ഏതമ്പലമെന്നു വച്ചാൽ എന്താ ? ‘ സാർ അദ്ഭുതപ്പെട്ടു.
‘അത്, സാറേ, ഇവിടെ ഏഴെട്ട് അമ്പലങ്ങളൊണ്ട്, ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം.’
‘ഒന്നൊന്നായി പറയൂ ഡേവിഡേ’.
‘കൈത്താളിൽ ശിവക്ഷേത്രം- നായന്മാർടെയാ’.
‘അമ്പലം ഞങ്ങള് നായന്മാരുടെയാണേലും പൂജയെല്ലാം ചെയ്യണത് നമ്പൂതിരിമാരു തന്നെയാ’. പ്രമോദ് അങ്ങനെ സ്വന്തം ജാതി പോസ്റ്റ് ചെയ്തു.
‘ഓ, പ്രമോദപ്പോൾ നായരാ, അല്ലേ?’ സാറതു ലൈക്കും ചെയ്തു.
പ്രമോദ് അഭിമാനത്തോടെ തലകുലുക്കി, ഷർട്ടിന്റെ കോളർ നേരെയാക്കി നിവർന്നിരുന്നു.
‘പിന്നേതാ അമ്പലം?’ സാറു ചോദിച്ചു.
‘കളരിപ്പാടം ഭദ്രകാളി ക്ഷേത്രം- ചോ, അല്ല, ഈഴവരുടെയാ’.
‘പൂജേം ഈഴവരു തന്നെ,’ പ്രമോദ് അമർത്തിച്ചിരിച്ചു. ‘ഒരൂട്ടം പൂജയായിരിക്കും.
‘അങ്ങനെ ഒരൂട്ടമെന്ന് പറയാതെ പ്രമോദ് സാറേ’, എനിക്കു ദേഷ്യം വന്നു. ‘ആലുവേ പോയി നാലു വർഷം പഠിച്ചിട്ടു തന്നെയാണ് സജീവൻ ശാന്തി പൂജ ചെയ്യണത്’.
‘ഞാൻ തമാശ പറഞ്ഞതാണപ്പാ, ക്ഷമിച്ചേക്ക്.’
‘നിങ്ങൾ വഴക്കു പിടിക്കണ്ട,’ ഹർഷൻ സാർ ഇടയ്ക്കു കയറി. ‘ പൂജാരിയുടെ പൂജയ്ക്കല്ല, നമ്മുടെ പ്രാർഥനയ്ക്കാണ് ദൈവം വില കൊടുക്കുന്നത്. ആരു നന്നായി പ്രാർത്ഥിക്കുന്നോ അയാൾക്ക് തന്നെ അനുഗ്രഹവും കിട്ടും’.
‘പിന്നെ സാറേ,; ഡേവിഡ് തന്റെ പദ്ധതി വിജയിക്കാത്തതിൽ അക്ഷമനായി പറഞ്ഞു: ‘ധീവരരുടെ ഘണ്ടാകർണ്ണ ക്ഷേത്രം, തട്ടാന്മാരുടെ മാരിയമ്മൻ കോവിൽ, പിന്നെ, ആ, കൊങ്ങിണിമാരുടെ നരസിംഹ ക്ഷേത്രം. പിന്നെ, പുലയസമുദായക്കാരുടെ ഒരു കാവ്, അത് ചെർതാണ്, അമ്പലമെന്ന് പറയാനൊന്നും ഇല്ല’.
‘ഈ പറഞ്ഞ അമ്പലങ്ങളിലേതിനെങ്കിലും ഇവിടെ അക്കൗണ്ട് ഉണ്ടോ ?
‘അതില്ല സാറേ.’
‘ഒരു കാര്യം ചെയ്യാം, നാളെ മുതൽ ഞാൻ ദിവസവും ഈ പറഞ്ഞ ഓരോ അമ്പലത്തിലും പോകാം. ഏതെങ്കിലും ഒരമ്പലത്തിന്റെ അക്കൗണ്ട് നമുക്കു പിടിക്കണം. എന്റെ കൂടെ ആരാ വരുന്നേ ?
ഡേവിഡിന്റെ പദ്ധതിയങ്ങനെ പാളീസായി. സാറിന്റെ ജാതി ആർക്കും പിടികൊടുക്കാതെ വഴുതി മാറി.
പിറ്റേന്നു രാവിലെ സാർ നായന്മാരുടെ അമ്പലത്തിൽ തൊഴാൻ ചെന്നെന്നും ഷർട്ടൂരി അകത്തുകയറുമ്പോൾ പൂണൂലൊന്നും കണ്ടില്ലെന്നും  പ്രമോദ് പറഞ്ഞു.
വേലസമുദായക്കാരനാണെങ്കിൽ ദേഹത്ത് ഒരു തരം ചുണങ്ങുണ്ടാവുമെന്ന് ഗോപിച്ചേട്ടൻ പറഞ്ഞു. പക്ഷെ നേരത്തേ അറിയാഞ്ഞതിനാൽ തനിക്കതു ശ്രദ്ധിക്കാൻ കഴിയാതെ പോയതിൽ പ്രമോദിനു സങ്കടം തോന്നി.
ഞങ്ങളുടെ അമ്പലം കമ്മിറ്റി സെക്രട്ടറി എന്റെ ചിറ്റപ്പനായിരുന്നതുകൊണ്ടും അമ്പലത്തിനു കുറച്ചു ഗ്രാൻഡ് കിട്ടാനുള്ളതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടും ഞങ്ങളുടെ അമ്പലത്തിന്റെ അക്കൗണ്ട് കാൻവാസ് ചെയ്യാൻ സാറിനു സാധിച്ചു. പിന്നീട് രാത്രി കവലയിൽ വച്ച് കണ്ടപ്പോൾ ചിറ്റപ്പന് എന്നോടു ചോദിക്കാനുണ്ടായിരുന്നത് സാറിന്റെ ജാതിയെക്കുറിച്ചായിരുന്നു. അമ്പലക്കമ്മിറ്റി ഓഫീസിൽ വച്ച് സാറൊന്നും വിട്ടുപറഞ്ഞില്ലത്രെ.
‘സാറിന്റെ ഭാഷ കേട്ടിട്ട് ഒരു പിടുത്തോം കിട്ടണില്ല’, ചിറ്റപ്പൻ പറഞ്ഞു.
ഇതു തന്നെയാണ് ഓഫീസിലും എല്ലാവരും പറഞ്ഞത്. സാറിന്റെ ഭാഷയിൽ പോലും ജാതി കാണാനില്ല.
‘അതങ്ങനെയാ മാഡം,’ അഖിലേഷ് പറഞ്ഞു:’ വടക്കോട്ടു പോയാൽ എല്ലാ ജാതിക്കാരും ഒരേ ടോണിലാ. മുസ്ലീംസ് മാത്രം വേറെ ടോണിൽ സ്പീക്ക് ചെയ്യും.’
‘ഇവ്ടെ നിങ്ങക്കൊരു ഭാഷ, ഞങ്ങക്കൊരു ഭാഷ’, പ്രമോദ് പറഞ്ഞു. ‘ഡേവിഡിന് മരക്കാന്മാരുടെ ഭാഷ, ഗോപിച്ചേട്ടന് മാരാന്മാരുടെ ഭാഷ, നിർമ്മലാ മാഡത്തിന് മേനോന്മാരുടെ ഭാഷ. ജെയ്സിയ്ക്ക് കൊച്ചിക്കാർടെ ഭാഷ’.
ഞാനങ്ങോട്ടെഴുന്നേറ്റു പോയെന്നു പറഞ്ഞാൽ മതിയല്ലോ !
അങ്ങനെ പെട്ടന്നു തന്നെ ശനിയാഴ്ചയായി. ഒരു ജോയിനിംഗ് പാർട്ടി അറേഞ്ചു ചെയ്യാൻ സാറു തന്നെയാണു പറഞ്ഞത്. കുപ്പി കൂടിയേ തീരൂ എന്ന് ഡേവിഡും പ്രമോദും പറഞ്ഞു. സാർ രണ്ടായിരം രൂപ എടുത്തു തന്നിട്ട് എന്താണെന്നു വച്ചാൽ ഓർഡർ ചെയ്യാൻ പറഞ്ഞു.
ഒരു പരിപാടി അറേഞ്ചു ചെയ്യൽ വലിയ മല്ലാണ്. നിർമ്മലാ മാഡത്തിന് പ്യുവർ വെജ്, ഡേവിഡിന് ബീഫ് നിർബന്ധമെങ്കിൽ ജെയ്സിമാഡത്തിന് മട്ടൻ മാത്രം മതി. പ്രമോദ് എന്തും തിന്നും. അഖിലേഷ് ബിയർ മാത്രമേ കഴിയ്ക്കൂ പക്ഷേ ഗോപിച്ചേട്ടൻ ബിയറൊഴിച്ചേ കഴിക്കൂ.
പന്ത്രണ്ടു മണിമുതൽ ഓരോരുത്തരോടും ഓർഡർ എടുത്ത് എൻ എച്ചിലെ സ്റ്റാറിൽ പോയി സാധനങ്ങളും വാങ്ങി, അവിടത്തെ തന്നെ നേപ്പാളി പയ്യനെ വിട്ട് ബീവറേജിൽ നിന്ന് കുപ്പികളും വാങ്ങി തിരിച്ചെത്തിയപ്പോൾ മണി കൃത്യം രണ്ട്.
ഡൈനിംഗ് ഹാളിൽ എല്ലാം നിരത്തി. കുടിയന്മാർ സ്ട്രോംഗ് റൂമിനടുത്തുള്ള ഇടനാഴിയിലെ ടേബിളിൽ വച്ച് കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.
ഹർഷൻ സാർ ഒരു പെഗ് വി എസ് ഒ പി എടുത്ത് തനിക്കതു മതി എന്നു പറഞ്ഞ് ഗ്ലാസും കൊണ്ട് ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു പോയി.
‘ഒരു രണ്ടു പെഗ് കൂടി പുള്ളിയെ കൊണ്ട് അടിപ്പിക്കാവോ?’ പ്രമോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘രണ്ടെണ്ണം അകത്തു ചെന്ന ശേഷം പുറത്തു വരുന്ന ഭാഷ കേട്ടാൽ മനസിലാവും ജാതി ഏതെന്ന്.’
അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നി എനിക്ക്. പന്നി !
ഞാനെന്റെ ഗ്ലാസ് ഒറ്റവലിക്കു കാലിയാക്കി മടമടാ കുറച്ചു വെള്ളവും കുടിച്ചു. ഏസിയിലായിട്ടും ഞാൻ നന്നായി വിയർത്തു. എനിക്ക് ഒരുമാതിരി നന്നായി തല്യ്ക്കു പിടിച്ചെന്നതു വാസ്തവം. കഴിച്ച മദ്യം തന്നെയാണോ തലയ്ക്കു ലഹരി പകർന്നതെന്ന് എനിക്ക് ചെറിയ സംശയമുണ്ട്. എനിക്ക് എന്റെയും മറ്റുള്ളവരുടേയും മുഖംമൂടികൾ ഒന്നു മാറ്റിയാൽ കൊള്ളാമെന്നു തോന്നി. വെള്ളക്കുപ്പി മേശപ്പുറത്തു വച്ച് ഒരു കുക്കുമ്പർ കഷണമെടുത്തു കടിച്ച് ഞാനുറക്കെ വിളിച്ചു: ‘ഹർഷൻ സാറേ-‘
പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന എന്റെ വായിൽ നിന്നു വന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.
‘മനോജിന് അറുപത് കഴിച്ചപ്പൊ തന്നെ തലയ്ക്ക് പിടിച്ചു,’ ഗോപിച്ചേട്ടൻ ചിരിച്ചു.
ഞാൻ മറുപടി പറയാൻ പോയില്ല. പകരം ഞാൻ ഹർഷൻ സാറിനെ നോക്കി പറഞ്ഞു:
‘സാറേ, സാറിവിടെ ജോയിൻ ചെയ്ത മുതൽ ഞങ്ങൾക്കെല്ലാവർക്കും ഒരു സംശയമുണ്ട്. സാറിനോട് നേരിട്ട് ചോദിക്കാൻ മടീമുണ്ടായിരുന്നു. എന്നാൽ എല്ലാർക്കും അറീകേം വേണം’.
‘എന്താ മനോജിന് അറിയാനുള്ളത്, ചോദിച്ചോളൂ, ‘ ഹർഷൻ സാർ പുഞ്ചിരിച്ചു.
പ്രമോദ് എന്റെ കയ്യിൽ കയറി പിടിച്ചെങ്കിലും ഞാൻ തട്ടി മാറ്റി.
‘വേറൊന്നുമല്ല സാറേ, സാറിന്റെ ജാതി ഏതാ ?’
ഹർഷൻ സാർ പുഞ്ചിരിക്കുക തന്നെയാണ്. എല്ലാവരുമൊന്നു ഞെട്ടി. ഞാൻ തുടർന്നു.
‘സാറിന്റെ ചുരുണ്ട മുടി കണ്ട് ഗോപിച്ചേട്ടൻ ഊഹിച്ചു പറയുവാ സാറൊരു പുലയസമുദായാംഗമാണെന്ന്.’
‘ഞാനല്ല, ഞാനല്ല,’ ഗോപിച്ചേട്ടൻ ഇടയ്ക്കു കയറി-‘ ഡേവിഡാണ് സാർ പെലെയനാണെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞത് സാർ നല്ല നായരാവാനേ സാധ്യതയൊള്ളെന്നാണ്. ബ്രാമണനാകാനൊള്ള ഗെറ്റപ്പൊണ്ടെന്നും ഞാൻ പറഞ്ഞായിരുന്നു. നിർമ്മലാ മാഡത്തോട് ചോദിയ്ക്ക്, ഇല്ലേ മാഡം ?’
‘സാറെ, ഞാൻ തമാശയ്ക്ക്-‘ ഡേവിഡിന്റെ മുഖം ചുവന്നു.
‘അതു സാരമില്ല, ഡേവിഡ്.’ ഹർഷൻ സാർ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ‘വേറെയാരും എന്റെ  ജാതി ഊഹിച്ചില്ലെ? മനോജിനെന്താ തോന്നിയത് ?
നിർമ്മലാ മാഡവും ജെയ്സി മാഡവും പ്ലേറ്റിലേയ്ക്കു തലകുനിച്ച് ആഹാരം ചിക്കിക്കൊണ്ടിരുന്നു. ചമ്മിയ ഭാവത്തിലായിരുന്നു അഖിലേഷും പ്രമോദും. നിനക്കു വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ ഗോപിച്ചേട്ടൻ എന്നെ നോക്കി. എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്ന ഭാവത്തിലായിരുന്നു ഡേവിഡ്.
‘കഴിഞ്ഞ ഒരാഴ്ച ഈ ബ്രാഞ്ചിൽ ഞാൻ നിങ്ങളുടെ കൂടെ ജോലി ചെയ്തു. സംസാരിച്ചു, ചിരിച്ചു, ഭക്ഷണം കഴിച്ചു, തമാശ പറഞ്ഞു, മീറ്റിങ്ങ് കൂടി. ശരിയല്ലേ ?’
എല്ലാവരും തലകുലുക്കി.
‘എന്നിട്ടും നിങ്ങൾക്കാർക്കും എന്റെ ജാതി മനസിലാക്കാൻ കഴിഞ്ഞില്ലേ ? കള്ളം പറയരുത്.’
ആരുമൊന്നും പറഞ്ഞില്ല.
‘എന്നാൽ ഞാൻ പറയട്ടേ എന്റെ ജാതി ? എന്താ പ്രമോദേ, ഡേവിഡേ, പറയട്ടേ?’
പ്രമോദും ഡേവിഡും ചെറുതായി തല കുലുക്കി.
ഹർഷൻ സാറിന്റെ മുഖത്തെ ചിരി മാഞ്ഞു. ശബ്ദം താഴ്ന്നു. സാർ പിറുപിറുക്കുന്നതു പോലെയാണു പറഞ്ഞത്: ‘ഒരാഴ്ചയോളം നേരിട്ടു കണ്ടിട്ടും ഇടപെട്ടിട്ടും നിങ്ങൾക്കു മനസിലാക്കാൻ പറ്റാതെപോയ എന്റെ ജാതി ഇനി  നിങ്ങളെങ്ങനെയാ കേട്ടാൽ മനസിലാക്കുന്നത്? എനിക്കറിയില്ല. ക്ഷമിക്കൂ
ഒന്നും മനസിലാവാതെ എല്ലാവരും തലകുനിച്ചിരുന്നു.
എനിക്കുണ്ടല്ലോ, പക്ഷെ നോക്കണേ, ആ വാക്കുകൾ കേട്ടതും ഹർഷൻ സാറിന്റെ മാത്രമല്ല അവിടെ കൂടിയിരുന്ന ഓരോരുത്തരുടേയും, എന്റേതുൾപ്പെടെ, ജാതി ഏതെന്ന് ഒറ്റയടിക്കു മനസിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ അദ്ഭുതകരം !

*************                                         ************                                          **************