Wednesday, November 27, 2013

കുപ്പായമൂരുമ്പോൾ

കളികഴിഞ്ഞു കുപ്പായമൂരുന്ന
കാര്യത്തെക്കുറിച്ചാണു പറഞ്ഞുവന്നത്.
വിയർത്തൊട്ടി അഴുക്കുപുരണ്ടിരിക്കും മിക്കവാറും.
ജയിച്ചോ തോറ്റോ എന്നതല്ല,
കുപ്പായമൂരുക എന്നതാണപ്പോൾ പ്രധാനം.
എനിക്കാണെങ്കിൽ
കുപ്പായമോരോന്നും മാറ്റുന്നത്
പറഞ്ഞറിയിക്കാനാവാത്തത്ര സുഖകരമാണ്.
വെളുക്കും മുതൽ പാതിരാ വരെ
അത്രയ്ക്കുണ്ടു കുപ്പായങ്ങൾ.
ഒന്നിനു മേലെ ഒന്നായി
വേണ്ടതും വേണ്ടാത്തതും
ലൂസും ഫിറ്റും
നാടനും ഫോറിനും
എക്സ്ക്ലൂസീവ് ഷോറൂമീന്നു വാങ്ങിയതും
സാദാ ഫുട്പാത്തിൽ പേശി മേടിച്ചതും
മോഡേണും ഓൾഡും
പിന്നെ
മകൻ കുപ്പായം, അച്ഛൻ കുപ്പായം
ഭർത്താവായിട്ടൊന്ന്, ബോസായിട്ടു പലത്
ഡ്രൈവർ, വോട്ടർ, ഹിന്ദു, ഈഴവ, കോൺഗ്രസ്, ബെഫി*
ജാരൻ (ഇല്ല, ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല ധരിക്കാൻ. ശെ ! )
ഇടയ്ക്കു പെട്ടന്നു സംശയം തോന്നും-
ശരീരമേത് കുപ്പായമേത് !?

ഒടുക്കം  എല്ലാമൂരിക്കളഞ്ഞ്
തലവഴി കുളിയ്ക്കുമ്പോഴാണ്
ഞാൻ-
ബാക്കിയുള്ള കുപ്പായത്തിൽ നിന്നുകൂടി
മോചനം കൊതിയ്ക്കുന്നത്.
തെല്ലു നഗ്നത പോലും ബാക്കിവയ്ക്കാതെ
ഒരു
സമ്പൂർണ്ണ മോചനം !


***                                                       ***                                       ***

* ബെഫി-  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

Saturday, April 6, 2013

കയറ്റം

കയറ്റങ്ങൾ കയറാൻ എന്തു പ്രയാസമാണെന്നോ ?
കാലു വേദനയെടുക്കും,
വിയർക്കും,
കിതയ്ക്കും.
വീണുപോയാലോ എന്ന ഭയവും കൂടെയുണ്ടാവും.
പിറകെ വരുന്നവർ കയറിപ്പോയെങ്കിലോ എന്ന ആധിയിൽ
പലപ്പോഴും ഒരിട വിശ്രമിക്കാൻ പോലും
സാധിച്ചെന്നു വരില്ല.
ഒരു തണലോ കൈവരിയോ ഇല്ലാതെയാവും
മിക്കവാറുമെല്ലാം കയറേണ്ടി വരിക.
കയറുന്നതിന്റെ രീതിയാണെങ്കിലോ,
സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.
പുതിയ കാര്യങ്ങൾ പഠിച്ചില്ലെങ്കിൽ
ഒരുപക്ഷേ തുടർന്നു കയറുന്നതുപോയിട്ട് 
എത്തിയിടത്തു തന്നെ നിൽക്കാൻ പോലും കഴിഞ്ഞെന്നു വരില്ല.
ചിലപ്പോൾ വീണുപോയേക്കാം.
ഇനി അഥവാ വീണാലോ-
കയറിയ ഉയരത്തിനനുസരിച്ച് ഗംഭീരമായിരിക്കും
വീഴ്ചയുടെ ആഘാതം.
പോട്ടെ, ഇതെല്ലാം സഹിച്ച് അങ്ങ് ഉയരത്തിലെത്തിയാലോ-
(എത്തിയവർ പറഞ്ഞ് കേൾക്കുന്നതാണ്,
ഐ ആം നോട്ട് ഷുവർ)
ഇതിനായിരുന്നോ ഈ പാച്ചിൽ എന്ന ചോദ്യമായിരിക്കും മുന്നിൽ.
വേണ്ടപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം അങ്ങ് താഴെ നിൽക്കുമ്പോൾ
ഏറ്റവും പൊക്കത്തിലെ തനിച്ചുള്ള ഈ ഇരിപ്പ് ഒന്നുമല്ലെന്ന്
ആരോ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുമത്രെ.
എന്നാലോ,
ഇറങ്ങാൻ ഇപ്പറഞ്ഞ പ്രയാസങ്ങളൊന്നുമില്ല താനും.
കിതപ്പില്ല, വിയർക്കലില്ല,
മത്സരിക്കാനാളില്ല,
കുതികാലിനു വെട്ട് ഇല്ലേയില്ല.
(ആർത്രൈറ്റിസോ മറ്റോ ഉള്ളവർക്ക്
മുട്ടിനൊരു ചെറിയ വേദന വന്നേക്കാം.
അതും അല്പം ബാം പുരട്ടിയാൽ തീരുന്നത്).
വസ്തുത ഇങ്ങനെയൊക്കെയാണെങ്കിലും
പണ്ടു മുതലേ നമ്മളെല്ലാം കേട്ടുവരുന്നത് ഇറങ്ങ്, ഇറങ്ങ് എന്നല്ല,
കയറ്, കയറ് , കയറ്, എന്ന പല്ലവി തന്നെ.
എന്താ ഇങ്ങനെ?
പറയാമോ ?
നിങ്ങളൊന്നു ചിന്തിക്കൂ, ട്ടോ.
മുന്നേ പോയവർ കൂടുതൽ ദൂരത്ത് എത്തും മുൻപ്,
പിറകേ വരുന്നവരെ
കൂടുതൽ പിറകെയാക്കാനായി
ഞാനൊന്ന് ആഞ്ഞുപിടിക്കട്ടെ.
ബൈ.

***                                            ***                                             ****