Wednesday, November 27, 2013

കുപ്പായമൂരുമ്പോൾ

കളികഴിഞ്ഞു കുപ്പായമൂരുന്ന
കാര്യത്തെക്കുറിച്ചാണു പറഞ്ഞുവന്നത്.
വിയർത്തൊട്ടി അഴുക്കുപുരണ്ടിരിക്കും മിക്കവാറും.
ജയിച്ചോ തോറ്റോ എന്നതല്ല,
കുപ്പായമൂരുക എന്നതാണപ്പോൾ പ്രധാനം.
എനിക്കാണെങ്കിൽ
കുപ്പായമോരോന്നും മാറ്റുന്നത്
പറഞ്ഞറിയിക്കാനാവാത്തത്ര സുഖകരമാണ്.
വെളുക്കും മുതൽ പാതിരാ വരെ
അത്രയ്ക്കുണ്ടു കുപ്പായങ്ങൾ.
ഒന്നിനു മേലെ ഒന്നായി
വേണ്ടതും വേണ്ടാത്തതും
ലൂസും ഫിറ്റും
നാടനും ഫോറിനും
എക്സ്ക്ലൂസീവ് ഷോറൂമീന്നു വാങ്ങിയതും
സാദാ ഫുട്പാത്തിൽ പേശി മേടിച്ചതും
മോഡേണും ഓൾഡും
പിന്നെ
മകൻ കുപ്പായം, അച്ഛൻ കുപ്പായം
ഭർത്താവായിട്ടൊന്ന്, ബോസായിട്ടു പലത്
ഡ്രൈവർ, വോട്ടർ, ഹിന്ദു, ഈഴവ, കോൺഗ്രസ്, ബെഫി*
ജാരൻ (ഇല്ല, ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല ധരിക്കാൻ. ശെ ! )
ഇടയ്ക്കു പെട്ടന്നു സംശയം തോന്നും-
ശരീരമേത് കുപ്പായമേത് !?

ഒടുക്കം  എല്ലാമൂരിക്കളഞ്ഞ്
തലവഴി കുളിയ്ക്കുമ്പോഴാണ്
ഞാൻ-
ബാക്കിയുള്ള കുപ്പായത്തിൽ നിന്നുകൂടി
മോചനം കൊതിയ്ക്കുന്നത്.
തെല്ലു നഗ്നത പോലും ബാക്കിവയ്ക്കാതെ
ഒരു
സമ്പൂർണ്ണ മോചനം !


***                                                       ***                                       ***

* ബെഫി-  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.

3 comments:

  1. സമ്പൂര്‍ണ്ണ മോചനം ഒരു സ്വപ്നമാണ്...ആ സ്വപ്നത്തിലേക്ക് എന്നും നാം നടന്നു കൊണ്ടിരിക്കുന്നു..പക്ഷേ ആ മോചനത്തിന് ശേഷവും ഒരു
    ലോകമുണ്ടെങ്കില്‍ അവിടെയും കുപ്പായം ഊരേണ്ടി വരും...അപ്പോള്‍ നടക്കാതെ പോയ ആ കുപ്പായം ധരിക്കാന്‍ പറ്റട്ടെ(ഇതു ബിനിചേച്ചി കണ്ടാല്‍???????????)

    ReplyDelete
  2. Malayalathil commentaan pattathathukondu English'il commentunnu.

    Nalla ezhuthu. Blogging oru seelamaakkikoode ? idakkidakku blogil post cheythukoode?

    ReplyDelete
  3. @ Noobiya, noted :)

    @Sreeja Praveen, noted. Thanks.

    ReplyDelete