Monday, July 27, 2009

നവ നക്സല്‍

എന്റെ ഒരു കൂട്ടുകാരന്റെ അച്ഛന്‍ ഞങ്ങളില്‍ ചിലര്‍ക്ക് ഒരു പരിഹാസപാത്രമായിരുന്നു. എടുത്തു പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു എന്നത് മാത്രമല്ല, ഒരു പഴഞ്ചന്‍ വിപ്ലവകാരി എന്ന ദുഷ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സിഗരട്ടും വലിച്ച് അധികമാരോടും സംസാരിക്കാതെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരം നല്കി കവലയില്‍ വൈകുന്നേരങ്ങളില്‍ വന്നു ബസു കാത്ത് നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. ജോലി കിട്ടി ബാംഗളൂരിനു പോവുന്നത് വരെ എന്റെ അറിവില്‍ അദ്ദേഹത്തിന് വേറെ ജോലിയോ വിനോദമോ ഇല്ലായിരുന്നു.

എന്റെ കൂട്ടുകാരില്‍ മിക്കവരും പരിഹസിക്കുമായിരുന്നെങ്കിലും അദ്ദേഹത്തോട് കടപ്പാടുള്ള ചിലര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഞാന്‍, പോലിസിലുള്ള സനീഷ്‌, പഞ്ചായത്തിലെ കലേഷ്‌, ഫെഡറല്‍ ബാങ്കിലെ ശ്രീഹരി തുടങ്ങിയ ചിലര്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞങ്ങളില്‍ പലരും ഇംഗ്ലീഷിനു തോറ്റിരുന്നു. എന്റെ അച്ഛന്റെ അപേക്ഷ പ്രകാരം എന്റെയീ കൂട്ടുകാരന്റെ അച്ഛന്‍ ഞങ്ങളെ ഒരു മാസം ഇംഗ്ലീഷ് പഠിപ്പിച്ചു. ഒരു ക്രാഷ്‌ കോഴ്സ്. മതിമറന്നു ഞങ്ങള്‍ പഠിച്ച കാലമായിരുന്നു അത്. അതിമനോഹരമായി, എന്നാല്‍ പരീക്ഷക്ക്‌ പാസവനുള്ളത് മാത്രം ഞങ്ങളെ അദേഹം പഠിപ്പിച്ചു. ഇപ്പോള്‍ എറണാകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിലെ ലോണ്‍ പ്രോസസ്സിംഗ് ഏജന്റായി നടക്കുന്ന സുമേശൊഴികെ അന്ന് പഠിച്ച എല്ലാവരും ഇംഗ്ലീഷ് സപ്ലിമെന്‍ടറി പരീക്ഷ പാസായി എന്നാണെന്റെ ഓര്‍മ. അതോടെ ഞങ്ങളില്‍ ചിലര്‍ക്ക്‌ അദ്ദേഹം മാഷായി. അത്യുഗ്രന്‍ ഇംഗ്ലീഷ്, ഉഗ്രന്‍ ജികെ. പക്ഷെ സ്വന്തം മക്കള്‍ക്ക്‌ പോലും ഒന്നും പറഞ്ഞു കൊടുക്കാനായില്ല. അത്ര വലിയ മടിയനായിരുന്നു. ഭാര്യ ഗവര്‍മെണ്‍ട് ആശുപത്രിയിലെ നേഴ്സായത് കൊണ്ടു കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു. ഗോപിനാഥനിപ്പോ എന്താ പരിപാടി എന്നാരെങ്ങിലും ചോദിച്ചാല്‍ മരക്കച്ചവടമാണ് എന്ന സ്ഥിരം മറുപടിയുണ്ട്. എന്തു മരക്കച്ചവടം? ആര്‍ക്കറിയാം?

ഈ അച്ഛനെയും ചുമന്നാണ് എന്റെ കൂട്ടുകാരനും രണ്ടു സഹോദരങ്ങളും പഠിച്ചതും വളര്‍ന്നതും. എനിക്കായിരുന്നു ഇങ്ങനെയൊരു അച്ഛനെങ്കിലെന്ന് ഞാന്‍ ഭയന്നിട്ടുണ്ട്‌. ഒരുത്തരവാദിത്തവുമില്ലാത്തയാള്. അച്ഛാ പേന വേണം, ബുക്ക്‌, സൈക്കിള്‍, ടീവി, എന്തൊക്കെ ആവശ്യങ്ങളായിരുന്നു എനിക്ക്. പക്ഷെ എന്റെ കൂട്ടുകാരന്‍ തന്റെ അച്ഛനോട് ഒന്നും ചോദിക്കാറില്ലായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലൊന്നുമില്ലായിരുന്നു.
'നിനക്കു പ്രഭ നേഴ്സിന്റെ കുട്ടികളുടെ അച്ഛനെ പോലത്തെ ഒരു അച്ഛനെ കിട്ടണം. അപ്പൊ പഠിക്കും'. അമ്മ ഇടക്കെന്നെ ശകാരിക്കുമായിരുന്ന്നു. ആ എന്റെ കൂട്ടുകാരന്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ഞാനൊക്കെ ശരാശരിക്കാരന്‍. അച്ഛന്റെ കാര്യത്തിലെ പിന്നാക്കാവസ്ഥയെ അവന്‍ തോല്‍പിച്ചത് പഠനത്തിലൂടെയായിരുന്നു.

ഞങ്ങളുടെയിടയില്‍ ആദ്യം ജോലി കിട്ടിയതും എന്റെയീ കൂട്ടുകാരന് തന്നെയായിരുന്നു. ജോലി കിട്ടി അവനങ്ങ്‌ ബാംഗളൂരിനു പോയതിനു ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അല്പം കുറഞ്ഞിരുന്നു. നാട്ടില്‍ വരുമ്പോള്‍ കാണും സംസാരിക്കും, അത്ര തന്നെ. പക്ഷെ രണ്ടു വര്‍ഷം മുന്‍പ് ഞാനും ജോലി കിട്ടി ബാംഗ്ളൂരെത്തിയപ്പോള്‍ ഞങ്ങളുടെ സൗഹൃദം ഒന്നു കൂടി ദൃഢമായി. കേരളത്തിന് പുറത്തുള്ള മലയാളി ബന്ധങ്ങള്‍ക്ക് ദൃഢതയേറുമല്ലോ.
അങ്ങനെയാണ് കൂട്ടുകാരന്‍ തന്റെ അച്ഛനെക്കുറിച്ച് എന്നോട് കൂടുതല്‍ പറയുന്നത്. ആര്‍ക്കും ഒരു ഗുണവുമില്ലാതെ- ദോഷവുമില്ല, കേട്ടോ - എങ്ങനെ തന്റെ അച്ഛന്‍ അറുപത്തഞ്ചോളം വര്‍ഷങ്ങള്‍ ജീവിച്ചു എന്ന കാര്യം കൂട്ടുകാരന്‍ സങ്കടത്തോടെ പറഞ്ഞു. മൂന്നു കുട്ടികളുടെ കാര്യമാവട്ടെ, സ്വന്തം ഭാര്യയുടെയോ, മാതാപിതാക്കളുടെയോ കാര്യമാവട്ടെ, ഒന്നും ആ മനുഷ്യന്റെ ദൈനംദിന പരിഗണനയില്‍ വന്നിരുന്നില്ല. പഴയ വിപ്ലവഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുക, ഇടയ്ക്ക് സിഗരട്ട് വലിക്കുക, തറവാട്ടു വീട്ടില്‍ പോയി അനുജന്‍ വരുത്തുന്ന ഹിന്ദു പേപ്പര്‍ അരിച്ചു പെറുക്കുക എന്നതിനപ്പുറം മറ്റൊന്നും ആ മനുഷ്യന്‍ ചെയ്തിരുന്നില്ല.
ഭാഗ്യത്തിന്, തന്റെ യൌവനകാലത്തെ സഹപ്രവര്‍ത്തകരായിരുന്നവരും ഇന്നു റെഡ് ഫ്ലാഗ്, ജെ എസ് എസ്, സി എംപി തുടങ്ങിയ പാര്‍ട്ടികളില്‍ ചേക്കേറിയവരുമായ ആളുകളുമായി ഒരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിന്റേതായ ഒരു സ്വസ്ഥത ആ കുടുംബതിനുണ്ടായിരുന്നു. സമൂഹത്തില്‍ പരിഹാസപാത്രമായെങ്കിലും രാഷ്ട്രീയ പ്രതിയോഗികളുടെയോ പോലീസിന്റെയോ ഇടപെടലുകള്‍ നേരിടേണ്ട സാഹചര്യം എന്റെ കൂട്ടുകാരന് ഉണ്ടായിട്ടില്ല.

അഞ്ചാറുമാസം മുമ്പ് നാട്ടിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ വച്ചാണ് തന്റെ അച്ഛന്റെ ഇപ്പോഴത്തെ മാറ്റത്തെപ്പറ്റി കൂട്ടുകാരന്‍ ഉത്കണ്ഠയോടെ പറയുന്നതു. അനുജന്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടില്‍ കംപ്യുട്ടര്‍ വാങ്ങിയിരുന്നെങ്കിലും അനുജത്തി എം ബി എ ക്ക് ചേര്‍ന്നതിനു ശേഷമാണ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തത്‌. ഗള്‍ഫിലുള്ള മകനെ കണ്ടുകൊണ്ടു അമ്മക്ക് സംസാരിക്കാം, അവധിക്കു വീട്ടില്‍ വരുന്ന അനുജത്തിക്ക് ഇന്റര്‍നെറ്റിന്റെ സഹായം വീട്ടിലും കിട്ടും തുടങ്ങിയ നല്ല കാര്യങ്ങളായിരുന്നു ആ തീരുമാനത്തിന് പിറകില്‍. എല്ലാവരെയും അതിശയിപ്പിക്കും വിധം കൂട്ടുകാരന്റെ അറുപത്തഞ്ചുകാരനായ അച്ഛന്‍ ചുരുങ്ങിയ ദിവസങ്ങള്‍്ക്കുള്ളില്‍ കംപ്യുട്ടര്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യാനും പഠിച്ചു.
ഒരു തവണ കൂട്ടുകാരന്‍ ലീവില്‍ വന്നപ്പോള്‍ കംപ്യുട്ടര്‍ ഡസ്ക് ടോപ്പില്‍ വോടഫോനിന്റെ പരസ്യം പോലെ ആകെ മൊത്തം ചെമപ്പായിരുന്നു. ഒത്ത നടുക്കായി ചെഗുവേര. മൈ പിക്ചര്‍ ഫോള്‍ഡറില്‍ ഡൌണ്‍ലോഡു ചെയ്ത അനേകം ചിത്രങ്ങള്‍ . ചെഗുവേര, കാസ്ട്രോ, മാര്‍ക്സ് തുടങ്ങി ചാരു മജൂംദാറും ഹ്യൂഗോ ഷാവേസുമൊക്കെ പല ആംഗിളുകളിലും വേഷങ്ങളിലും. വാര്‍ധക്യത്തില്‍ അച്ഛനൊരു ഉന്മേഷമാവട്ടെ എന്നു കരുതി മിണ്ടാതിരുന്നതു മണ്ടത്തരമായി എന്നു കൂട്ടുകാരന്‍ പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജോലിക്കായി വന്ന ബംഗാളികള്‍ താമസിക്കുന്നയിടത് തൃണമൂല്‍ കോണ്‍ഗ്രസ്സിനും ജമീ ബചാവൊ ആന്ദോളനും സിന്ദാബാദ്‌ വിളിച്ചുള്ള നാലഞ്ചു പോസ്റ്ററുകള്‍ ബംഗാളിയില്‍ പ്രിന്റെടുത്ത്‌ ഒട്ടിച്ച് കൂട്ടുകാരന്റെ അച്ഛന്‍ കീ ബോര്ടിലൂടെയുള്ള വിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു.

ബംഗാളിയില്‍ പോസ്റര്‍ വന്നത് നാട്ടുകാരില്‍ അസ്വസ്ഥതയുണ്ടാക്കി. പാര്‍ട്ടിക്കാര്‍ ഊര്‍ജ്ജസ്വലരായി. ആരാണ് പോസ്റര്‍ ഒട്ടിച്ചതെന്നു ആരും അറിഞ്ഞില്ല. കമ്പ്യുട്ടരിലെടുത്ത പ്രിന്റാണ്. ചെറുപ്പക്കാരേ ഇതു ചെയ്യൂ എന്ന മുന്‍വിധിയില്‍ കൂട്ടുകാരന്റെ അച്ഛന്‍ സംശയത്തിന്റെ ഭാഗത്തേ വന്നില്ല. കാമുകിയെ കുടുക്കാന്‍ സോണിയ ഗാന്ധിയെ വധിക്കുമെന്ന വ്യാജ ഇ മെയില്‍ ഭീഷണി സന്ദേശമയച്ച ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. പോലീസ്‌ അയാളെയും മറ്റു രണ്ടു മൂന്നു പേരെയും ചോദ്യം ചെയ്തു.

ലോകസഭ ഇലക്ഷന് നാട്ടില്‍ വന്നപ്പോഴാണ് ഞാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അറിഞ്ഞത്. കൂട്ടുകാരന്റെ അച്ഛന്‍ കൂടുതല്‍ ആക്ടീവായിരിക്കുന്നു. പുതുതായി കവലയില്‍ തുടങ്ങിയ ഹോട്ടലിലെ നേപ്പാളി ജീവനക്കരോടായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിദ്യാഭാസം. പ്രചണ്ഡയെ അറിയുമോ എന്നു ചോദിച്ചതുംഅറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഉടനെ വീട്ടിലെത്തി പ്രചണ്ഡയുടെ നാലഞ്ചു ഫോടോകളുടെ പ്രിന്റെടുത്ത് അവര്ക്കു കൊടുത്തതും പുകഴ്ത്തി സംസാരിച്ചതും പലരും അറിഞ്ഞു. നേപ്പാളികള്‍ ജോലിക്ക് നില്ക്കുന്ന ബാക്കി ഹോട്ടലുകളില്‍പ്പോലും പിന്നെ അദ്ദേഹത്തിന് കയറാന്‍ പറ്റാതായി.

പിന്നെ ദാ വരുന്നു വടക്കന്‍ കൊറിയ, ഹോണ്ടുറാസ്‌, ലാല്‍ഗഢ്. വടക്കന്‍ കൊറിയ മിസൈല്‍ ടെസ്റ്റ്‌ നടത്തിയതിനെ പുകഴ്ത്തി രണ്ടും, ഹോണ്ടുറാസിലെ പ്രസിഡന്റിനെ പട്ടാളം പുറത്താക്കിയതിനെ പിന്തുണച്ച അമേരിക്കക്ക് ശക്തമായ താക്കീതു നല്കി നാലും ലാല്‍ഗഢിനു വിപ്ലവാഭിവാദ്യം നേര്‍ന്നു കുറച്ചധികവും കംപ്യുട്ടര്‍ പ്രിന്റൌട്ടുകള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു.


നാട്ടില്‍ തന്നെയുള്ള ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ക്ക് ഇതു നല്ല തമാശയായി തോന്നി. പാര്‍ട്ടിക്കാരും പോലീസും പോസ്റ്ററുകളുടെ ഉറവിടം ഇതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ക്കും സമാധാനമായി.
അയാള് ബക്കറ്റിലെ വെള്ളമാണ്. ഒന്നും ചെയ്യൂല്ല' എന്നാണ് സരസനായ ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞതു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെക്കുറിച്ചു പോസ്റ്ററെഴുതിയാല്‍ മാത്രം പ്രതികരിക്കാം എന്ന നിലപാടിലായിരുന്നു പാര്‍ട്ടിക്കാര്‍.
കുറച്ചു ചെറുപ്പക്കാര്‍ക്ക് കൂട്ടുകാരന്റെ അച്ഛനെ ഒന്നു കളിയാക്കിയാലോ എന്ന് തോന്നി. കൊച്ചിയില്‍ നടക്കാന്‍ പോവുന്ന നിക്ഷേപ സംഗമത്തെ എതിര്‍ത്ത്‌ 'വിദേശ മൂലധനം വേണ്ടേ വേണ്ട, ലാല്‍ഗഢ് നിങ്ങളെ കാത്തിരിക്കുന്നു' എന്നൊക്കെ ചില പോസ്റ്ററുകള്‍ മൂന്നാലു ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു അത്. അയാളെ ഒന്നു പേടിപ്പിക്കാം എന്ന് പറഞ്ഞു പാന്‍ ഷോപ്പ് നടത്തുന്ന രാജന്‍ പതിവുപോലെ ബസ്‌ സ്റ്റോപ്പില്‍ സിഗരട്ടു വലിച്ചു നിന്ന അച്ഛനെ സമീപിച്ചു. 'ഇങ്ങനെ പബ്ലിക്കായി നിക്കാതെ എവിടെങ്ങിലും പോയി ഒളിക്കാന്‍ മേലെ ? സീ ബീ ഐ ക്കാര് എറങ്ങീട്ടൊണ്ട്.' പലപ്പോഴും പരിഹസിക്കാരുള്ളത് കൊണ്ടു രാജന്‍ പറഞ്ഞതു അദ്ദേഹം ഗൌനിച്ചില്ല. അല്പം കഴിഞ്ഞ ഉദയന്‍, പിന്നെ ജോബി എന്നിവരും ചെന്ന് ഉപദേശ രൂപേണ പറഞ്ഞപ്പോള്‍അദ്ദേഹത്തിന്‍ എന്തോ പന്തികേട്‌ തോന്നി. കളിയാക്കല്‍ സംഘം പ്രതീക്ഷിച്ച്തു പോലെ കൂട്ടുകാരന്റെ അച്ഛന്‍ അമ്പലനടയില്‍ പൂജ സാധനങ്ങള്‍ വില്‍ക്കുന്ന സുധിയുടെ സമീപം ചെന്നു. സുധിയെ അദ്ദേഹത്തിന് വലിയ വിശ്വാസമാണെന്നു എല്ലാവര്‍ക്കുമറിയാം.


'ആരാ എന്നെ അന്വേഷിച്ചു വന്നത് സുധീ', അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു.

'ഗോപിമാമാ ഇങ്ങനെ പുറത്തിറങ്ങി നടക്കല്ലേ', സുധി ചിരിയടക്കി പറഞ്ഞു . ഉച്ചക്ക്‌ ഒരു ഒരൊന്നൊന്നരയായപ്പൊ ഒരു ജിമ്മന്‍ തമിഴന്‍ ഒരു ഇന്നോവേല്‍ വന്നിറങ്ങി എന്നോടൊരു ചോദ്യം, വെയറീസ് ദ ഹൌസോഫ് ടെററിസ്റ്റ് ഗോപിനാഥ്. എന്റെ മാമാ, അയാള്‍ടെ കയ്യീന്ന് ഒന്നു കിട്ടിയാലൊണ്ടല്ലോ...


സുധിയുടെ വാക്കുകള്‍ കേട്ട അച്ഛന്‍ പെട്ടന്നാകെ തളര്‍ന്നു പോയി. കൂനിക്കൂടി വേച്ചുവേച്ച് ഒളിച്ചും പാത്തും എന്ന പോലെ കവലയില്‍ നിന്നു നടന്നു. കളിയാക്കല്‍ സെറ്റ് ആഘോഷപൂര്‍വ്വം ചിരിക്കുകയും നന്നായി കള്ളം പറഞ്ഞതിനു സുധിയെ അഭിനന്ദിക്കുകയും ചെയ്തു.
പക്ഷേ സുധിക്ക് പെട്ടന്നു നല്ല ഭയം തോന്നി. ഒന്നാമത് അമ്പലനടയില്‍ വച്ചാണ് ഒരു സാധു മനുഷ്യനോടു കല്ലുവച്ച നുണ പറഞ്ഞത്. അതിന് നരസിംഹമൂര്‍ത്തി തരുന്ന ശിക്ഷ സഹിക്കാമെന്നു വെയ്ക്കാം. പക്ഷേ കൂട്ടുകാരന്റെ അച്ഛന്‍ കയറി ആത്മഹത്യ ചെയ്യുകയോ മറ്റോ ചെയ്താലോ. ബൈക്കുമെടുത്ത്‌ കൂട്ടുകാരന്റെ വീട്ടിലെക്കിറങ്ങിയ സുധി ബീവറേജിനു സമീപം ഇരുട്ടില്‍ നിന്നിരുന്ന മൂന്നാലു തൊഴിലാളികളോട് അന്വേഷിച്ചപ്പോള് ‍തങ്ങള്‍ കഴിക്കാന്‍ വാങ്ങിയ ഒരു ഫുള്‍ ബോട്ടിലിന്റെ പകുതിയോളം ഒറ്റ വലിക്കു കുടിച്ചു തെക്കോട്ട്‌ നടന്നിട്ടുണ്ട് എന്ന മറുപടി കിട്ടി.


മദ്യം തൊടാത്ത മനുഷ്യന്‍ വെള്ളം പോലും ചേര്‍ക്കാതെ ഒറ്റ വലിക്കു.. സുധിക്ക് തല പെരുത്തു. മഹാ പാപമാണ് ചെയ്തിരിക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാന്‍ നരസിംഹമൂര്‍ത്തിക്ക് വഴിപാടു നേര്‍ന്നു ബൈക്ക് തെക്കൊട്ടെടുത്തു. നല്ല മഴയും തുടങ്ങിയിരുന്നു. പള്ളിയുടെ മുമ്പില്‍ ഇടവഴി തുടങ്ങുന്നിടത്ത്‌ ജപ്പാന്‍ കുടിവെള്ളക്കാരെടുത്ത വന്‍ കുഴിക്കു സമീപം ഒരു സംശയത്തില്‍ സുധി ബൈക്ക് നിറുത്തി. സംശയം കൃത്യമായിരുന്നു. കുഴിയില്‍ മലര്‍ന്നടിച്ചു ബോധമില്ലാതെ കൂട്ടുകാരന്റെ അച്ഛന്‍.

ആ പാവത്തിനെ ഭയപ്പെടുതിയത്തില്‍ നാട്ടിലാകെ അമര്‍ഷമായി. സുധിയെ വീട്ടുകാര്‍ കണക്കിന് ശകാരിച്ചു. നരസിംഹമൂര്‍ത്തിയുടെ കടുത്ത നടപടികളെക്കുറിച്ച് അടുത്തുള്ള കടക്കാര്‍ സുധിയെ ഭയപ്പെടുത്തി. ബാംഗളൂരായിരുന്ന കൂട്ടുകാരനെ ഞാനാണ്‌ ഫോണ്‍ ചെയ്തു വരുത്തിയത്. അമ്മയ്ക്കും അനുജത്തിക്കും എന്റെ വീട്ടില്‍ നിന്നു ഭക്ഷണം പൊതിഞ്ഞു ആശുപത്രിയിലെത്തിയപ്പോള്‍ ആകെ തളര്‍ന്നു, മഴയത്ത് നനഞ്ഞു, കൂട്ടുകാരന്‍ ശകാരിക്കുമോ എന്ന് ഭയന്ന് വരാന്തയില്‍ സുധി നില്‍ക്കുന്നുണ്ടായിരുന്നു.
'വാ' കൂട്ടുകാരന്‍ വിളിച്ചു.
സുധി പതിയെ പിറകെ വന്നു. കൂട്ടുകാരന്റെ അച്ഛന്‍ ഐ സി യുവിലായിരുന്നു. പുറത്ത്‌ കസേരയിലിരുന്നിരുന്ന അമ്മയ്ക്ക് സമീപം സുധി ചെന്നു.
ഞാന്‍, കൂട്ടുകാരന്‍, അനുജത്തി, ഒന്നു രണ്ട് അയല്‍ക്കാര്‍, മറ്റു ചിലര്‍. ഞങ്ങള്‍ കാഴ്ചക്കാരായി നിന്നു.
'എന്നോട് ക്ഷമിക്കണം അമ്മേ,' അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് സുധി വിതുമ്പി.
'പോട്ടെ മോനേ,' അമ്മ നിര്‍വികാരയായിരുന്നു. ' അങ്ങേരു ചെയ്തതിനു അനുഭവിക്കുന്നു'.
'മാമനൊന്നു ബോധം വന്നു ഞാന്‍ പറഞ്ഞതൊക്കെ നുണയാണെന്നു പറഞ്ഞാലേ എനിക്ക് സമാധാനമാകുവുള്ളൂ'.
'അതിന് നീ കാക്കണ്ട മോനേ,' എന്താണ് അമ്മ ഉദ്ദേശിച്ചതെന്ന് ഞങ്ങള്ക്ക് മനസ്സിലായില്ല. കണ്ണുകള്‍ തുടച്ചു അമ്മ വാക്യം പൂര്‍ത്തിയാക്കി-'പത്തറുപതു വര്‍ഷമായി ഇല്ലാത്ത ബോധം ഇനി വരുമോ?'