Sunday, July 7, 2019

തങ്കച്ചന്റെ പഴംതീറ്റ





എന്റെ വീട്ടിൽ മാത്രമല്ല ചുറ്റുവട്ടത്തുണ്ടായിരുന്ന വീട്ടുകാരുമൊക്കെ പാൽ വാങ്ങിയിരുന്നത് നാലാംപുരക്കൽ വീട്ടിൽ നിന്നായിരുന്നു.

1979-80 കാലമാണ്. ചേച്ചിയായിരിക്കും പാലു വാങ്ങാൻ പോവുക. ചിലപ്പോൾ ഞാനും കൂടെ പോകും.

വലിയ പൂട്ടലിന് നാലാംപുരക്കൽ വീട്ടിൽ അവരുടെ ബന്ധത്തിലുള്ള കുട്ടികൾ  അവധി ആഘോഷിക്കാൻ വരാറുണ്ടായിരുന്നു. തങ്കമ്മ, തങ്കച്ചൻ, സാന്റപ്പൻ, മ്യാഴ്സി, സെബാസ്റ്റൻ, ജോൺസൺ തുടങ്ങിയ പേരുകൾ ഓർക്കുന്നു

അതിൽ തങ്കച്ചനെയാണ് വ്യക്തമായി ഓർക്കുന്നതും ഇന്നത്തെ കുറിപ്പിൽ പ്രതിപാദിക്കുന്നതും.

ഞങ്ങളുടെ പറമ്പിൽ അച്ഛൻ ധാരാളം ഞാലിപ്പൂവൻ വാഴകൾ നടുമായിരുന്നു. മിക്കവാറുമൊക്കെ ഒരു മാസം നാലും അഞ്ചും കുലകൾ കിട്ടുമായിരുന്നു.

കുലകൾ എന്നൊക്കെ പറയുമ്പോൾ അമിത പ്രതീക്ഷയൊന്നും വേണ്ട. കുഞ്ഞു പിള്ളേര്ടെ ശുണ്ണിയെക്കാൾ അൽപം വലിയ പഴങ്ങളുള്ള അഞ്ചാറു പടല കാണും. അതാണ് കുല. കിഴക്കൻ നാടുകളിലെ പോലെ ഒരാൾ പൊക്കത്തിലുള്ള കുലകളൊന്നും ചേർത്തല താലൂക്കിലെ ചൊരിമണലിൽ അന്നു പ്രതീക്ഷിക്കാൻ പറ്റില്ലായിരുന്നല്ലോ.

ഏതായാലും ഒന്നിൽ പഠിക്കുന്ന ഞാൻ പോലും ഒറ്റയിരിപ്പിന് രണ്ടു പടല പഴം തിന്നിരുന്നു എന്നു പറഞ്ഞാൽ കാര്യം മനസിലാവും.

ഇങ്ങനെയുള്ള ഒരു വലിയപൂട്ടലിന് തങ്കച്ചൻ വന്നപ്പോൾ പാലു വാങ്ങാൻ ഞങ്ങൾ അങ്ങോട്ടേക്കു പോവണ്ട എന്നായി. രാവിലെ ആറരയ്ക്ക് പ്രാദേശിക വാർത്തകൾ നടന്നുകൊണ്ടിരിക്കുമ്പോൾ പാലുമായി തങ്കച്ചൻ എത്തും.

പാൽപാത്രം വാങ്ങി അമ്മ പാൽ ഞങ്ങളുടെ പാത്രത്തിലേക്ക് ഒഴിക്കുന്ന ഇടവേളയിലാണ് അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കുല തങ്കച്ചൻ കാണുക. 

താഴത്തെ പടലകൾ പഴുത്തു തുടങ്ങിക്കാണും.

മടിച്ചു മടിച്ച് തങ്കച്ചൻ ചോദിക്കും : കൊച്ചമ്മേ ഒര് പഴം തരായാ?

അമ്മ ശരി കൊട് എന്ന മട്ടിൽ തലയാട്ടുന്നതും ഞാൻ ജനൽപ്പടി കയറി ഒരു പഴമുരിഞ്ഞ് തങ്കച്ചനു കൊടുക്കും.

തങ്കച്ചനത് തൊലി കളയാതെ തിന്നും. 

ഞാനും ചേച്ചിയും അതിശയത്തോടെ നോക്കും.

'ഇനീം തൊലി കളയാതെ തിന്നണത് കാണണാ ?' തങ്കച്ചൻ ചോദിക്കും.

ഞങ്ങൾക്കു തീർച്ചയായിട്ടും കാണണമല്ലോ. ഞാനും ചേച്ചിയും മത്സരിച്ച് പഴങ്ങൾ ഉരിഞ്ഞു കൊടുക്കും. തങ്കച്ചൻ തൊലി കളയാതെ തിന്ന് അമ്പരപ്പിക്കും.

കുലയിലെ പഴുത്ത പഴങ്ങൾ തീരുമ്പോഴായിരിക്കും മിക്കവാറും ഈ പ്രക്രിയ അവസാനിക്കുക.

തൊലി കളയാതെ പഴം തിന്നു കാണിച്ച് ഞങ്ങളെ സന്തോഷിപ്പിച്ചതിന് ഒരു പ്രത്യുപകാരം എന്ന മട്ടിൽ അമ്മ ചിലപ്പോഴൊക്കെ തങ്കച്ചന് വാഴയിലയിൽ ഒന്നു രണ്ടു ദോശകൾ കൊടുക്കും.

'വാഴയില തിന്നല്ലേ തങ്കച്ചാ' എന്ന് തമാശയും പറയും അമ്മ.

തങ്കച്ചൻ വാഴയില തിന്നു കണ്ടിട്ടില്ല!

ചേച്ചിയുടെ ക്ലാസിലായിരുന്നു തങ്കച്ചനും. തോറ്റ് എത്തിയതാണ്.

"പശുക്കൾടെ കൂടെ കൂടി തങ്കച്ചനും പശുക്കൾ ടെ സ്വഭാവമായി', ചേച്ചി പറയും. അതിനു മറ്റൊരു കാരണവുമുണ്ട്. തങ്കച്ചൻ പശുക്കൾക്കുള്ള പിണ്ണാക്കും തിന്നാറുണ്ടത്രെ. മറ്റു കുട്ടികൾ പറഞ്ഞറിഞ്ഞതാണ്.

എത്ര ദാരിദ്യമുണ്ടെങ്കിലും നമ്മളാരെങ്കിലും തൊലി കളയാതെ പഴം തിന്നുമോ ? അതുപോലെ പിണ്ണാക്കു തിന്നുമോ ? ചേച്ചി എന്നോടു പറയുമായിരുന്നു. ഇത് തങ്കച്ചന് പശുക്കളുടെ സ്വഭാവം വന്നു പോയതു തന്നെയാണ്. ചേച്ചി തീർച്ചപ്പെടുത്തി.

"പഴം തിന്നണ കാര്യം പള്ളുക്കൂടത്തി ചെന്ന് പറയല്ലും കേട്ടാ ശാമേ' എന്ന് ചേച്ചിയോട് തങ്കച്ചൻ അപേക്ഷിച്ചിരുന്നു.

കാലം പോയി. ഒന്നിൽ നിന്ന് ഞാൻ അഞ്ചിലായി. ചേച്ചി പ്രീഡിഗ്രി. തങ്കച്ചൻ എട്ടിലോ മറ്റോ പഠനം നിറുത്തി. വലിയ പൂട്ടലിനുള്ള തങ്കച്ചന്റെ വരവും അതിനിടെ നിന്നു പോയിരുന്നു. 

അഞ്ചിലായ എന്നെ തുറവൂർ സ്കൂളിൽ നിന്ന്, കൂടുതൽ നന്നായി പഠിക്കാനായി TD സ്കൂളിൽ ചേർത്തു. 

രണ്ടു മൂന്നു കിലോമീറ്റർ നടന്നാണു പോവേണ്ടത്. ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന വഴി റോഡരികിലെ തോട്ടിൽ നിന്നു മീൻ പിടിക്കുന്ന തങ്കച്ചനെ കണ്ടു.

എനിക്ക് ആശ്ചര്യമായി. അതിലേറെ സന്തോഷവുമായി.

വീട്ടിൽ നിക്കറിട്ടു വന്നിരുന്ന തങ്കച്ചൻ ഇപ്പോൾ ലുങ്കിയുടുത്ത്, ഊശാന്താടിയൊക്കെയായി ചുണ്ടത്തൊരു ബീഡിയും പുകച്ച് നിൽക്കുന്നതു കണ്ടാണ് ആശ്ചര്യമായത്.

തങ്കച്ചൻ എന്നെ കണ്ടപ്പോൾ ചിരിച്ചു. 'അമുത്തേ, ഞങ്ങളെയക്കെ അറിയുവാ ?'

'തങ്കച്ചനെ എനിക്കറിയാം', ബീഡിപ്പുക ആസ്വദിച്ച് ഞാൻ പറഞ്ഞു. ' തങ്കച്ചനെന്താ ഇപ്പൊ വീട്ടിൽ വരാത്തേ ? വല്യപൂട്ടലിന് വരുവോ?' ഞാൻ ചോദിച്ചു.

'എന്റെ പട്ത്തോക്കെ പണ്ടേ കഴിഞ്ഞില്ലേ. എനിക്കിപ്പ മുഴുവൻ സമയോം പൂട്ടലാണ്'.

പിന്നെ എന്നോട് നിശബ്ദനാകാൻ ആംഗ്യം കാട്ടി തങ്കച്ചൻ ചൂണ്ട വലിച്ചു. ഉഗ്രനൊരു വരാൽ ! കൂട തുറന്നു കാട്ടിയപ്പോഴാണ്, കൂടയിൽ ധാരാളം അണ്ടികള്ളികളും പള്ളത്തികളും ചെറിയ വരാലുകളുമൊക്കെയുണ്ട്.

തങ്കച്ചൻ മീനുകളെയും തൊലികളയാതെയാവുമോ തിന്നുക എന്നു ഞാൻ ചിന്തിച്ചു പോയി.

' തങ്കച്ചൻ ഇപ്പോഴും തൊലി കളയാതാണോ പഴം തിന്നണെ ?'

ചൂണ്ടയിൽ ഇര കോർക്കുകയായിരുന്ന തങ്കച്ചൻ എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു പോയി. ആ ചിരിയിൽ ചുണ്ടിലെ ബീഡി  തെറിച്ചും പോയി.

'അദക്കെ എന്റെ ഒരു സൂത്രമല്ലാഞ്ഞാ അമുത്തേ...'

സൂത്രമോ ? എനിക്കൊന്നും മനസിലായില്ല.

ഇര കോർത്ത ചൂണ്ട വെള്ളത്തിലേക്കിട്ട് തങ്കച്ചൻ തുടർന്നു: 'ഞാൻ തൊലി കളഞ്ഞ് പഴം തിന്നാൽ നിങ്ങള് എനിക്ക് ഒന്നാ രണ്ടാ പഴം തരും, എനിക്ക് വെശപ്പ് മാറ്കേമില്ല. എന്നാലാ, തൊലി കളയാതെ തിന്ന്കാണേൽ രണ്ടും മൂന്നും പടല തരും. ഞാൻ തിന്നണത് കാണാൻ നിങ്ങക്ക് രസം, എനിക്ക് വെശപ്പും മാറും, പിന്നെ ചെലപ്പ കൊച്ചമ്മ ദോശേം തരും. കുശാലല്ലേ ?'

ഞാനൊന്നും പറഞ്ഞില്ല. അതിനിടെ തങ്കച്ചന്റെ കൂട്ടുകാരൻ ആരോ സൈക്കിളിൽ എത്തിയ ഗ്യാപ്പിൽ ഞാൻ വീട്ടിലേക്കു നടന്നു.

തങ്കച്ചൻ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലോ എന്നോർത്തുള്ള എന്റെ സങ്കടപ്പെടൽ വർഷങ്ങളോളം എന്നെ അലട്ടിയിരുന്നു എന്ന കാര്യം തുറന്നു പറയട്ടെ. പിന്നെ ഞാനാ സംഭവമേ മറന്നു പോയിരുന്നു.

ഇന്നീ പടം കണ്ടപ്പോഴാണ് തങ്കച്ചനെ വീണ്ടും ഓർത്തതും തൊലി കളയാതെയുള്ള പഴം തീറ്റ മനസിലേക്ക് ഓടിയെത്തിയതും.

എനിക്കിന്നും സങ്കടമാണ് പ്രിയപ്പെട്ട തങ്കച്ചാ. ഞങ്ങളെ പറ്റിച്ചതിനല്ല, നിങ്ങളുടെ വിശപ്പറിയാൻ സാധിക്കാതെ നിങ്ങളെ ഒരു കോമാളിയായി കണ്ടതിന്. ഒരുപക്ഷേ, ഇന്നു ഞങ്ങളുടെ കൂടെയില്ലാത്ത എന്റെ അമ്മയ്ക്ക് ആ വിശപ്പു മനസിലായിക്കാണുമായിരിക്കാം. അതാവാം പലവട്ടം ദോശ കൊടുത്തത്.

സമർപ്പണം : വിശപ്പാണ് മനുഷ്യനെ കോമാളിയാക്കുന്നതെന്ന തിരിച്ചറിവ് എനിക്കു സമ്മാനിച്ച തങ്കച്ചന് ഈ കുറിപ്പു സമർപ്പിക്കുന്നു.

നന്ദി. നമസ്കാരം.