Thursday, November 10, 2011

എന്റെ ഫസ്റ്റ് ലൈൻ

എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് ആദ്യം ആണ് പെണ്ണിനോടാണോ അതോ പെണ്ണ് ആണിനോടാണോ പറയേണ്ടതെന്ന് എനിക്കറിയില്ല. ആണാണ് പറയേണ്ടതെന്നും പെണ്ണാണ് പറയുന്നതെങ്കിൽ അവൾ 'പിശക്' ആയി മുദ്ര കുത്തപ്പെടുമെന്നുമാണ് അന്വേഷണത്തിൽ എനിക്കു ലഭിച്ച വിദഗ്ദ്ധാഭിപ്രായം. ജീവിതത്തിന്റെ ഈയൊരു ഘട്ടത്തിൽ ഐ ലവ് യു പറയാൻ പോയി പിശക് എന്ന ലേബലിന് അടിമയാവാൻ പോലും ഞാൻ തയ്യാറാണ് . ഒരു 'സോറി എനിക്ക് നിങ്ങളെ ഇഷ്ടമല്ല' എന്ന മറുപടിയോ 'കണ്ണാടി നോക്കിയിട്ടു തന്നെയാണോ എന്നോടീ പറച്ചിൽ' എന്ന പരിഹാസമോ കേൾക്കേണ്ടി വരുമായിരിക്കും. തീർന്നു. ആ അധ്യായം കഴിയും, ഞാനെന്റെ പാടും നോക്കി പോവും. അത്ര തന്നെ.

പക്ഷെ ഞാനിന്ന് പെട്ടുപോയ ദശാസന്ധി (ഒരു ഗംഭീരവാക്കായതുകൊണ്ട് ഉപയോഗിക്കുകയാണ് . അർത്ഥത്തെക്കുറിച്ച് നോ ഐഡിയ) എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചുകള്ളൻ കുട്ടിക്കുറുമ്പൻ . അവൻ എന്റെ കൂടെ ഒന്നു രണ്ടാഴ്ച , കൃത്യമായി പറഞ്ഞാൽ പതിനാറു ദിവസം ഒരു വീട്ടിൽ കഴിഞ്ഞു കൂടി. ഒരു ഭർത്താവു ചെയ്യുന്നതു പോലെ പാചകം, അലക്കൽ, തേയ്ക്കൽ, തൂക്കൽ തുടങ്ങി മറ്റേ മേജർ വർക്കൊഴികെയുള്ള എല്ലാം ആ പാവം ചെയ്തു. എന്നെ പേടിച്ചിട്ടാണ് ആദ്യം എല്ലാം ചെയ്തു തുടങ്ങിയത് . പിന്നെ അവന് ഇതുപോലത്തെ ഡൂക്ലി ജോലികൾ ഒരു ഹരമായി. പെൺകുട്ടികളുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള മസിലോ, സൈസോ , വാചകമടിയോ എന്നു വേണ്ട എടുത്തുപറയത്തക്ക ഒന്നും ആ ചെക്കന് ഇല്ലായിരുന്നു എന്നും കൂടി പറയട്ടെ. എന്നാലോ, സിഗരറ്റു വലി, വൃത്തിയില്ലായ്മ, മടി, തീറ്റക്കൊതി തുടങ്ങി നെഗറ്റീവുകൾ ധാരാളവും. എന്നിട്ടും ഞാനറിയാതെ എങ്ങനെയോ അവനെ പ്രേമിച്ചു പോയി എന്നതാണു പോയിന്റ് . അതും ധീരയായ ഞാൻ!

അതിനിടയ്ക്ക് ഞാനൊരു മണ്ടത്തരം ചെയ്തു. എനിക്ക് വേറൊരാളോട് , മസിലുള്ള, തൊലിവെളുത്ത, വാചകമടിയ്ക്കുന്ന ഒരാളോട് ഒരു ചെറിയ ഇഷ്ടം തോന്നി. സ്കൂളിലൊക്കെ പഠിക്കുമ്പൊ നമുക്ക് അരവിന്ദ് സ്വാമിയോടൊക്കെ ഒരു ഇഷ്ടം തോന്നിയിരുന്നില്ലേ, അതുപോലെ . പക്ഷെ കഷ്ടകാലത്തിന് ഞാനിക്കാര്യം അവനോടു പറഞ്ഞു . അയാൾ ക്ഷണിച്ച ഒരു പരിപാടിക്കു പോവുന്നതിന് എന്റെയീ കുട്ടിക്കുറുമ്പനാണ് എന്നെ അണിയിച്ചൊരുക്കിയത് . എന്നെ അയാൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി. പക്ഷെ എന്നെ ഒരുക്കിയ ആളെ തന്നെയാണ് എനിക്ക് ഇഷ്ടമായത് .

പറയൂ, വേറൊരാളെ ഇഷ്ടമാണെന്നു പറഞ്ഞ ഞാൻ ഇനിയെങ്ങനെയാ അവന്റെ മുഖത്തു നോക്കി അയാളെ ഞാൻ വിട്ടു ഇനി നിന്നെയാ ഇഷ്ടം എന്നു പറയുക ?

ഇതാണെന്റെ ദശാസന്ധി.

ഞാനെന്തു ചെയ്യും ? എനിക്കവനെ ഇഷ്ടമാണ് . അവന് എന്നെ ഇഷ്ടമാണോ എന്നറിയില്ല. പക്ഷെ എനിക്കവനെ ഇഷ്ടമാണ് . എനിക്ക് വേറൊന്നും വേണ്ട. അവന്റെ സാമീപ്യം, അവന്റെ യൊരു ശബ്ദം, പരിസരത്ത് അവന്റെയൊരു അനക്കം അങ്ങനെ വളരെ ചെറിയ എന്തെങ്കിലും മാത്രം തന്നെ ധാരാളം. അവൻ അടുത്തില്ല എന്ന തിരിച്ചറിവ് എന്നെ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുകയാണ് . ഞാൻ ഫോൺ പോലും ഓഫ് ചെയ്തിരിക്കുകയാണ് . ഫോണിൽ എനിക്കവന്റെ ശബ്ദം കേൾക്കണ്ട. അവൻ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണ് എന്നു വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. അവന്റെ കട്ടിലിൽ ഞാൻ രണ്ടു തലയിണകൾ നിരത്തിവച്ച് പുതപ്പിച്ചു. ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്നു നോക്കും , ഓ എന്റെ കാമുകൻ ഉറക്കമാണ് . ആശ്വാസത്തോടെ ഞാൻ മടങ്ങിവരും.

കേൾക്കുന്നുണ്ട് നിങ്ങളുടെ പിറുപിറുക്കൽ. ഈ പെണ്ണിന് വട്ടായിട്ടുണ്ട് എന്നല്ലേ ? അതെ എനിക്കിപ്പൊ ശരിക്കും വട്ടാണ് . സത്യം ! ഇതെന്റെ ആദ്യ പ്രേമമാണെന്ന് എനിക്കിപ്പൊ നന്നായി ബോധ്യമായി. എല്ലിനു പിടിച്ച പ്രേമം. എന്റെ ഫസ്റ്റ് പ്രേമം. മൈ ഫസ്റ്റ് ലൈൻ .

പക്ഷെ എനിക്കീ വേദന ഇനിയും താങ്ങാനാവില്ല മൈ ഡിയർ, എനിക്കു വയ്യ. ഇതിൽ നിന്നെങ്ങനെയാ ഞാൻ ഒന്നു തലയൂരുക ? എന്റെ ജീവിതത്തിലെ ഈ ഫസ്റ്റ് ലൈൻ എങ്ങനെയാ ഞാൻ മായ്ക്കുക ?

പറയൂ, ഈ ലൈൻ മായ്ക്കാനുള്ള റബ്ബറുണ്ടോ നിങ്ങളാരുടെയെങ്കിലും കയ്യിൽ ?


Saturday, January 29, 2011

തിരിച്ചറിവ്

വൈകീട്ട് പവര്‍കട്ടു നേരത്ത് മൊബൈല്‍ വെട്ടത്തിലിരിക്കുമ്പോള്‍,
സമയം കൊല്ലാനായിരിക്കാം,
വീടിനടുത്തു പണിക്കു വരുന്ന തമിഴന്മാരെല്ലാം
ഒരുപോലിരിക്കുമെന്ന് അമ്മ.
കറുത്തു തടിച്ച് ലുങ്കിയും ബനിയനും ധരിച്ച് വഴക്കിടുന്നതുപോലെ ഉറക്കെ സംസാരിച്ച്.
സായിപ്പന്മാരും കാണാനൊരുപോലെന്ന് അച്ഛന്‍.
ചൈനക്കാര്‍ ഒരു പടികൂടി കടന്ന് പ്രായം പോലും
തിരിച്ചറിയാനാവാത്ത തരത്തിലെന്നും.
കുട്ടിയാര് വയസ്സനാരെന്ന് സ്വല്പം ബുദ്ധിമുട്ടും തിരിച്ചറിയാന്‍.
കുറേയൊക്കെ സത്യമാണു കാര്യങ്ങള്‍.
വെസ്റ്റിന്റീസിന്റെ കളി കാണുമ്പോള്‍
ഹൂപ്പറേത് ഗ്രീനിഡ്ജേതെന്ന്
പത്തില്‍ പഠിക്കുന്ന കാലത്ത് തപ്പിത്തടയുമായിരുന്നു ഞാന്‍.
നാട്ടില്‍ പറമ്പു കിളയ്ക്കാന്‍ വരുന്ന കിഴവന്‍ പണിക്കാരെ
തിരിച്ചറിയാന്‍ പറ്റുമോ?
കൊച്ചച്ഛന്‍.
ഗോപാലന്‍, രാമന്‍, നാരായണന്‍, പാച്ചു.
എല്ലാവരും ഒരുപോലെ കറുത്ത്, ബീഡിയും വലിച്ച്, മടിയന്മാര്‍.
കാഴ്ചയിലെ സാമ്യം പോട്ടെ, കേള്‍വിയിലെ സാമ്യമായിരുന്നു
പബ്ലിക് സ്കൂളിലെ ടീച്ചറായ എന്റെ ചേച്ചിയുടെ പ്രശ്നം.
ക്രിസ്ത്യന്‍ പിള്ളേര്ടെ പേര് കേള്‍ക്കൂ:
കിറ്റി, ബെറ്റി, ഡിറ്റി,സാറ്റി. കഷ്ടം!
പണ്ടും ക്രിസ്ത്യാനികള്‍ടെ പേരിങ്ങനൊക്കെത്തന്നെ.
ആര് എന്ത് എന്നൊന്നും മനസ്സിലാവില്ല.
അമ്മൂമ്മ.
ഓര്‍മ്മയിലും നിക്കില്ല: അവറാച്ചന്‍, കറിയാച്ചന്‍, ചാക്കോച്ചന്‍, ഉമ്മച്ചന്‍.
മുസ്ലീംസും സെയിമാ.
അനിയത്തി ചര്‍ച്ചയില്‍ ഹാജരായി.
റംലത്ത്, സാദത്ത്, ഫുര്‍സത്ത്,
പിന്നെ-
സര്‍ബത്ത്. കുണുകുണെ ചിരി.
നമ്മടെ പേര് അവര്‍ക്കും ടൈറ്റാ.
ശരിയാ. റംലത്തിന്റെ ഉമ്മയ്ക്ക് ഇപ്പോഴും
എന്റെ പേരു പറയാനറിയില്ല, അനിയത്തി ശ്രീപാര്‍വതി.
എന്നാല്‍ നമ്മുടെ കുട്ടികളുടെ പേരു നോക്കിയേ-
ദേവനാരായണ്‍, ഹരിഗോവിന്ദ്, ശ്രീലക്ഷി, അദ്വൈത്.
എത്ര ഡീപ്പായുള്ള അര്‍ത്ഥങ്ങളാണ്.
ഒറ്റത്തവണ കേട്ടാല്‍ മതി. പിന്നെ മറക്കുമോ ?
അല്പനേരത്തേയ്ക്ക് നിശബ്ദത. ആത്മനിര്‍വൃതി.
പെട്ടന്ന്-
ദാ കറണ്ടു വന്നല്ലോ, ടീവി വെയ്.
ഓടും മുമ്പ് പ്രോബ്ലം ഞാനങ്ങ് ഉപസംഹരിക്കാം-
ഞങ്ങളുടെ വീട്ടിലിന്നാര്‍ക്കും
നായന്മാരെയല്ലാതെ മറ്റാരെയും തിരിച്ചറിയാനാവുന്നില്ല.

**** **** **** **** ****