Sunday, October 14, 2018

ശബരിമല: ചന്ദ്രനും ഭാര്യയും


ചന്ദ്രാ,

ആ ചേട്ടനാ, എത്ര നാളായി ചേട്ടാ കണ്ടിട്ട് !

ശരിയാണ്. അഞ്ചാറ് കൊല്ലായിക്കാണും. ഞാനെടക്ക് നാട്ടില് വരുമ്പൊ നെന്നെ അന്വേഷിക്കാറ്ണ്ട്. 

ചേട്ടനിപ്പ എവ്ടേണ് ?

നാലു വർഷായി കോട്ടയത്താടാ.

കോട്ടയത്താ! ചേട്ടൻ പൊറത്തെങ്ങാണ്ടാണെന്നാണ് ഞാൻ കരുതിയിര്ന്നേച്ചത്. 

അദക്കെ പണ്ടല്ലെടാ.

ചേട്ടൻ ഫേസ്ബുക്കിലൊണ്ടായിര്ന്നേ എല്ലാം അപ്പഴപ്പ അറിയാൻ പറ്റുവായ്ര്ന്ന്.

അതിന് ഞാൻ ഫേസ്ബുക്കിലൊണ്ടല്ലാ. ഡെയ്ലി ഫോട്ടോയും പോസ്റ്റുവൊക്കെ ഇടാറുവൊണ്ട്.

സത്യവാണാ? എന്നിട്ട് ഞാനെന്നാ ഒന്നും കാണാത്തത് ?

നീ എന്നെ അൺഫ്രണ്ട് ചെയ്തില്ലേടാ ? അപ്പ എങ്ങനേണ് കാൺണ?

അൺഫ്രണ്ട് ചെയ്യാനാ ? ഞാനാ, എന്നാത്തിന്?

നീ മറന്നതായ്രിക്കും. പെണ്ണ്ങ്ങൾക്കും മല കേറാം എന്ന് സുപ്രീം കോടതി വിധിച്ചതിനെ അനുകൂലിച്ച് ഞാൻ പോസ്റ്റിട്ടതിന് ദേഷ്യപ്പെട്ട് 'നമ്മുടെ സൗഹൃദത്തിൽ വിള്ളൽ വീഴാതിരിക്കാൻ ചേട്ടനെ ഞാൻ അൺഫ്രണ്ട് ചെയ്യുന്നു' എന്നു പറഞ്ഞ് പോയത് നീ മറന്നാ?

അയ്യോ, അന്നത്തെ ഒരാവേശത്തിന്... ഞാനതങ്ങ് മറന്ന് പോയി. ഷെമീര് ചേട്ടാ.

ഞാനതപ്പഴേ വിട്ടടാ. അതല്ലേ നീ ഫ്രണ്ടല്ലേലും ഞാൻ നിന്റെ പ്രൊഫൈല് എടക്കൊക്കെ കേറി നോക്കണത്. നീയും ഫാമിലീം മലക്ക് പോയതിന്റെ ഫോട്ടോക്ക് ഞാൻ ലൈക്കും അടിച്ചായ്ര്ന്ന്. സാദാ ലൈക്കല്ല, ലൗ ചിന്ന ലൈക്ക് !

ഞാൻ ശ്രദ്ദിച്ചില്ല ചേട്ടാ. ഇരുനൂറ്റിനാപ്പത് ലൈക്കാണ് കിട്ടീത്. അവൾടെ കൂട്ടുകാരത്തികളും ലൈക്കടിച്ചാര്ന്ന്. അത് കൊണ്ട് ആര്ക്കെ ലൈക്കടിച്ചെന്ന് അറിയാൻ പറ്റീല്ല. ഞാനിപ്പത്തന്നെ ഒര് റിക്വസ്റ്റ് അഴക്കാം. ചേട്ടൻ അക്സപ്റ്റ് ചെയ്യണേ. ദേഷ്യം തോന്നല്ലേ.

നീ അഴക്കടാ. ഞാനെപ്പ അക്സപ്റ്റ് ചെയ്തെന്ന് ചോദിച്ചാ മതി. പിന്നേ ടാ, കെട്ട് നെറേടെം പമ്പേലേം പതിനെട്ടാംപടിലേം ഫോട്ടോയൊന്നുവല്ല, നീയും ഭാര്യേം കൂടി കൊടിമരത്തിന്‌ അട്ത്ത് തൊഴ്തേണ്ട് നിക്കണ ഒര് ഫോട്ടോയില്ലേ, എന്താ ഒര് ഐശ്വര്യം? എന്താ ഒര് ഭക്തി? ദീപപ്രഭയെല്ലാം ചേർന്ന് ഉഗ്രൻ ഫോട്ടോ. അതിനാണ് ഞാൻ ലൈക്കടിച്ചത്. ആരെട്ത്തതാൺടാ അത്?

അത് സൂപ്പറ് ഫോട്ടോണ് ചേട്ടാ. ഏറ്റോം ലൈക്ക് കിട്ടീതും അയിനാണ്. അവടെ മാമന്റെ മകളൊണ്ട്, അവളെട്ത്തതാണത്. അടിപൊളി മൊവീലാര്ന്ന്, പേര് ഞാൻ മറന്ന്.

അപ്പ, അവരക്കെ വ്രതമെട്ത്താണാ മലക്ക് പോയത്?

അതാണ് ചേട്ടാ രസം. പണ്ട് ഞാനൊക്കെ പോവുമ്പം ഒര് മൂന്നാല് ദെവസം ഷേവ് ചെയ്യാണ്ടിരിക്കും. എറച്ചീം മീനും തിന്ന്കേല, പിന്നെ ഭാര്യേമൊത്ത് കാര്യങ്ങളില്ല, തീർന്ന്. പക്ഷെ ഇപ്പ ഭാര്യേം പെങ്ങമ്മാരും ഒക്ക വ്രതം നോക്കുമ്പ ഇത് മാത്രവല്ല, 41 ദിവസം ടീവി വെക്കൂല്ല. അത് തന്നെ എന്ത് സ്വസ്ഥതയാണെന്നാ ! പിന്നെ ഫുഡ്. പച്ചക്കറിയാണെന്ന് മാത്രവല്ല, ഒറ്റക്കറി മാത്രേ കാണുവൊള്ള്. കറ്പ്പ് സാരീം കറ്പ്പ് നൈറ്റീം ആയത് കൊണ്ട് നമ്മക്കും ഒന്നും തോന്നുകേല. വൈകിട്ട് സീരിയലിന്റെ നേരത്ത് ഭജനേം പാട്ടും. ശരിക്കും പറഞ്ഞാൽ കഴിഞ്ഞ 2 വർഷമാണ് ഞാൻ നന്നായിട്ട് വ്രതവെട്ത്ത് മല കേറീത്.

അപ്പ നിനക്ക് സുപ്രീംകോടതിനോടും പിണറായീനോടും എന്നോടുവൊന്നും വിരോധവില്ല എന്ന് വേണവെങ്കി പറയാം.

എന്തിന് ചേട്ടാ വിരോധം ? അറിവില്ലാപൈതലായിര്ന്ന് അന്ന് ഞാൻ. വിട്ട്കള. 

( 2023 ൽ നടക്കാനിടയുള്ള ഒരു സംഭാഷണം ഭാവനയിൽ കണ്ടെഴുതിയതാണ്. ലോകം കൂടുതൽ കൂടുതൽ നന്മയിലേക്കാണു പോവുന്നത്, മതങ്ങൾ പഠിപ്പിക്കുന്നതു പോലെ തിന്മയിൽ നിന്നു തിന്മയിലേക്കല്ല എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഈ എഴുത്ത്)

വാൽക്കഷണം:

ചന്ദ്രാ,

എന്താ ചേട്ടാ.

മേൽശാന്തിയായി ദളിത് വിഭാഗക്കാരെ നിയമിക്കണം എന്നൊര് ഹർജി സുപ്രീം കോടതീല് കൊട്ത്തിട്ടൊണ്ടെന്ന് കേക്കണൊണ്ടല്ലോടാ.

വല്ല മേത്തന്മാരും കൊട്പ്പിച്ചതായ്‌രിക്കും.

അല്ലടാ. നീ വായ്ച്ചില്ലേ, എല്ലാ പാർട്ടിക്കാര്ടേം കേന്ദ്ര നേതൃത്വം സപ്പോർട്ടാടാ.

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര് എന്ത് അധർമ്മോം ചെയ്യും. വിശ്വാസികൾക്ക്‌ സഹായം ദൈവം മാത്രവേ ഒള്ള് ചേട്ടാ.

അതല്ലടാ ചന്ദ്രാ.

പിന്നെന്നാ?

അതിനെ സപ്പോർട്ട് ചെയ്ത് ഫേസ്ബുക്കില് ഞാനൊര് പോസ്റ്റിട്ടാലാ എന്ന് നോക്കണേര്ന്ന്.

ചേട്ടാ...!!!

നീ എന്തിനാടാ അലറണ ?

പെണ്ണ്ങ്ങള് കേറണ പോലല്ല കണ്ട പു... പ... മക്കള് പൂജിക്കാൻ കേറണത്. പോസ്റ്റിട്ടാൽ ഞാൻ ചേട്ടനെ പിന്നേം അൺഫ്രണ്ട് ചെയ്യും. കട്ടായം.

നീ അൺഫ്രണ്ട് ചെയ്യടാ. ഈ "പൂ... പ... മക്കള് " കേറി വെടിപ്പായിട്ട് പൂജ ചെയ്ത് പ്രതിഷ്ഠേടെ ചൈതന്യം പത്തിരട്ടിയായി വർദ്ധിക്കുമ്പോ അറിവില്ലാപൈതലിന് തെറ്റിപ്പോയതാണേ എന്ന് പറഞ്ഞ് ഒന്ന് കൂടി റിക്വസ്റ്റ് അയച്ചാ മതീടാ; ഞാൻ അക്സപ്റ്റ് ചെയ്യാടാ...

( നാരദന്യൂസിൽ പ്രസിദ്ധീകരിച്ചത് )