Wednesday, January 10, 2018

ഭാഷ- 2

വടക്കൻ കേരളത്തിലുള്ളവർ കഴിയാവുന്നതും ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലാക്കി പറയുമെന്ന് കേട്ടിട്ടുണ്ട്. ഓംലറ്റിന് കോയീന്റെ ദോശ, സെവൻ അപ്പിന് ഏയിന്റെ വെള്ളം എന്നങ്ങനെ. ഇതൊക്കെ തമാശയായിരിക്കാം. അറിയില്ല. പക്ഷെ എന്നെ ആദ്യം ഉത്കണപ്പെടുത്തുകയും പിന്നെ ചിരിപ്പിക്കുകയും ചെയ്ത ഒരു മലയാളവത്കരണത്തെക്കുറിച്ചാണ് ഈ കുറിപ്പ്:

ഞാൻ ജോലി ചെയ്യുന്ന ശാഖയിൽ ഭൂരിപക്ഷവും പ്രവാസികളാണ് ഇടപാടുകാരായിട്ടുള്ളത്. എല്ലാവരും നല്ലവർ, സൗഹൃദാന്തരീക്ഷം.  ഫോൺ വിളി , ഇ മെയിൽ എന്നിവയും കടന്ന് പ്രവാസികളുമായുള്ള ആശയവിനിമയം ഇപ്പോൾ വാട്സപ്പിലെ വോയിസ് മെസേജിൽ എത്തി നിൽക്കുകയാണ്. 
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ബുജൈറിന്റെ ഭാര്യ ബുഷ്‌റ (ഇരുവരുടേയും പേരിതല്ല) കാബിനിലെത്തുന്നത്. ബുജൈറിന്റെ അക്കൗണ്ടിൽ പുതിയതായി ഇഷ്യു ചെയ്ത ATM കാർഡ് ബുഷ്റക്ക് കൊടുക്കണം. ഇതാണ് ആവശ്യം. ബുജൈർ ബാങ്കിലേക്ക് ഇ മെയിൽ അയച്ചോ എന്നൊന്നും ബുഷ്റക്കറിയില്ല. ഇമെയിൽ ഇല്ലാത്തതു കൊണ്ട് കാർഡ് കൊടുക്കാനാവില്ലെന്ന് കൗണ്ടർ സ്റ്റാഫ് പറഞ്ഞതുകൊണ്ട് എന്നെ കാണാൻ വന്നതാണ്.
'ഇമെയിലോ കത്തോ മറ്റോ വേണമല്ലോ മാഡം', ഞാൻ പറഞ്ഞു.
'ഇക്കാന ഞാനിപ്പ വിളിച്ചാർന്ന്. വെരിലിട്ട സാറാണ്, ഈമെയിലൊന്നും വേണ്ടന്ന് ഇക്കാ പറഞ്ഞ്', ബുഷ്‌റ നാണം എന്ന് എനിക്കു തോന്നിയ മുഖഭാവത്തിൽ പറഞ്ഞു.

വിരലിട്ടെന്നോ! ഞാനോ ?! എനിക്കൊന്നും മനസിലായില്ല.
'ഈമെയിലോ മറ്റെന്തെങ്കിലും മാൻഡേറ്റോ ഇല്ലാതെ കാർഡ് തരാൻ പാടില്ലല്ലോ മാഡം', ഞാൻ.

ബുഷ്റക്ക് സങ്കടമായി. ഉടനടി ബുജൈറിനെ വിളിച്ചിട്ട് എന്തോ കുശുകുശുത്തു. എന്നിട്ട് ഫോൺ എനിക്കു തന്നു.
ബുജൈർ നല്ല ദേഷ്യത്തിലായിരുന്നു. കാർഡില്ലാതെ ഭാര്യ നേരിടുന്ന കഷ്ടപ്പാടും കാർഡു വാങ്ങാനായി ബാങ്കിലേക്കു വന്നതിന്റെ കഷ്ടപ്പാടും ജോലിയുടെ ഇടക്ക് ഭാര്യ ബുജൈറിനെ ഫോൺ ചെയ്ത് സങ്കടം പറയുന്നതിന്റെ കഷ്ടപ്പാടും ഒക്കെ പരത്തിയങ്ങു പറഞ്ഞു. ഇടക്കൊരു ഗ്യാപ്പു കിട്ടിയപ്പോൾ ഞാൻ മാൻഡേറ്റിന്റെ കാര്യം സൂചിപ്പിച്ചതും ബുജൈർ ക്രുദ്ധനായി.
'ബെരലിട്ടപ്പ സാറ് ഇതൊന്നും പറഞ്ഞില്ലല്ലാ'.
ഞാൻ ഞെട്ടിപ്പോയി. എന്റെ തൊണ്ടയിൽ എവിടുന്നോ ഒരു കഫക്കട്ട കുടുങ്ങി. ഞാൻ ചുമച്ചുപോയി.
'ബുജൈറേ, ഞാൻ... എപ്പ...?'
'ങ്ങാഹാ, സാറപ്പ അങ്ങനെയാണാ? ഒന്ന് വാട്സാപ്പ് നോക്കീട്ട് എന്നെ വിളിക്ക് ട്ടാ' എന്നലറിയിട്ട് ഒറ്റ കട്ടായിരുന്നു ബുജൈർ. 
മനസ്സിലേക്കോടി വന്ന വിരലിടൽ എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ തട്ടിമാറ്റി ഞാൻ ബുഷ്റക്ക് ഫോൺ തിരികെ കൊടുത്തതും ബുജൈറിന്റെ കോൾ വന്നു. ഫോണെടുത്ത ബുഷ്റ, ആ ശെരി എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്ത് എന്നോട് വാട്സപ്പ് നോക്കാൻ പറഞ്ഞു.

വിറക്കുന്ന കൈകളോടെ ഞാൻ വാട്സപ്പ് ക്ലിക്ക് ചെയ്തു.  ഇനി എന്റെ രൂപസാദൃശ്യമുള്ള ആരെങ്കിലും യുടൂബിൽ... ഛായ്, അങ്ങനെയൊന്നും വരില്ല. ഞാനത്തരം ചിന്തകളൊക്കെ തൂത്തെറിഞ്ഞു.

ടാർജറ്റ്, ഇൻഷുറൻസ്, തേഡ്പാർട്ടി എന്നൊക്കെ പറഞ്ഞ് റീജിയണൽ ഓഫീസിൽ നിന്നുള്ള മെസേജുകൾ, സിനിമാ ഗ്രൂപ്പിൽ ഈട സിനിമയുടെ റിവ്യു, സ്പോർട്സ് ഗ്രൂപ്പിൽ ഇന്ത്യയുടെ എട്ടാം വിക്കറ്റും പോയ വാർത്ത എന്നിവയല്ലാതെ ഞാൻ ഭയന്നതു പോലെ മറ്റൊന്നുമില്ലായിരുന്നു.

ഇനി ബുജൈർ എനിക്ക് പണ്ടെന്തെങ്കിലും മെസേജ് അയച്ചതായിരിക്കുമോ എന്നറിയാൻ തെരഞ്ഞെങ്കിലും ആ പേര് എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.

എന്താ ചെയ്ക എന്നർത്ഥത്തിൽ നിരാശയോടെ ഞാൻ നോക്കിയപ്പോൾ പെട്ടന്ന് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് ഒരു വാട്സപ്പ് വോയിസ് മെസേജ്. ഞാനതു തുറന്നു.
'സാറേ ബുജൈറാണ്. എന്റെ പയേ മെസേജൊന്ന് നോക്കിയേ. സാറ് ബെരലിട്ടത് കണ്ടാ? ആ കാർഡ് ന്റെ വൈഫിന് കൊടുത്താ വല്യ ഉപകാരാവും സാറേ'

ഞാൻ ധിറുതി പിടിച്ച് പഴയ മെസേജ് സ്ക്രോൾ ചെയ്തു. ആകെ ഒരു വോയിസ് മെസേജേ ഉണ്ടയിരുന്നുള്ളൂ. കേട്ടു. അതിത്രേയുള്ളൂ. ഞാൻ ബുജൈറാണ്, അക്കൗണ്ട് നമ്പർ ഇന്നതാണ് വൈഫ് അടുത്ത മാസം വരും, കാർഡ് കൊടുക്കണം. മറുപടിയായി ഞാൻ ദാ ഇത് '👍' അയച്ചിരുന്നു. ഇതിനെയാണ് ബുജൈറും ബുഷ്റയും വിരലിടൽ എന്നു പറഞ്ഞതെന്ന് മനസിലായപ്പോൾ, എന്താ പറയേണ്ടത്, ഞാൻ ആശ്വസിച്ച ആശ്വാസമുണ്ടല്ലോ, മരിക്കും വരെ മറക്കില്ല.

 എൻഡ് ഓഫ് ദ ഡേ:

കാർഡ് ഒപ്പിട്ടു വാങ്ങിയ ബുഷ്റ ആക്ടിവേഷനു വേണ്ടി പത്തു മിനിറ്റു കാത്തിരുന്നു. പിന്നെ എടിഎമ്മിൽ നിന്ന് പണമെടുത്ത് കാർഡ് പ്രവർത്തനക്ഷമമെന്ന് ഉറപ്പു വരുത്തി തിരികെ വന്ന് കാബിന് പുറത്തു നിന്ന് കാർഡ് ഓക്കെ എന്ന് എന്നെ വിരലിട്ടു കാണിച്ചിട്ടാണ് മടങ്ങിയത്.

ഇമെയിലൊന്നുമില്ലാതെ മാനേജർ സാർ  കാർഡ് തരീച്ചു എന്ന് ബുഷ്റ ബുജൈറിനോടു പറഞ്ഞു കാണണം, വാട്സാപ്പിൽ ബുജൈർ ഒന്നല്ല, നാലു വിരലിട്ടു, കൂടെ ഒരു കയ്യടിയും രണ്ടു പൂവും...

****                      ****                           ****                          ****                             ****

ഭാഷ-1

ഞാൻ കർണാടകത്തിലെ കുന്ദാപുരയിൽ മാനേജരായിരുന്ന കാര്യം ഈ ഗ്രൂപ്പിൽ പലർക്കും അറിവുള്ളതായിരിക്കുമല്ലോ. അവിടത്തെ ഒരു കസ്റ്റമർ ഇന്നെന്നെ ഒരു ശിപാർശക്ക് വിളിച്ച കാര്യമാണ് പറയാൻ പോവുന്നത്. നാൽപതു കൊല്ലത്തിലധികമായി കുന്ദാപുരത്ത് സ്ഥിരതാമസമാക്കിയ ധാരാളം മലയാളികളുണ്ട്. അവരിലൊരാളാണ് വിളിച്ചത്. വർഷങ്ങളായി കന്നഡ തന്നെ സംസാരിക്കുന്നതിനാൽ മലയാളം പറയുമ്പോൾ അവർക്കെല്ലാം യഥേഷ്ടം കന്നഡ വാക്കുകൾ കടന്നു വരും. തലെബിസി- തലവേദന, മത്തെ- പിന്നെ, ആരാമാ - സുഖമാണോ, ഹേളി- പറ, ഹൗദാ - ആണോ,  പ്രാണി - കാട്ടുമൃഗം, ബഡ്ഡി - പലിശ എന്നിവയൊക്കെയാണ് ഇത്തരം വാക്കുകൾ. ഇതിൽ എന്നെ ചിരിപ്പിച്ച ഒരു വാക്കുണ്ട് -- കന്ത്. മാസതവണ, അതായത് ഇൻസ്റ്റാൾമെന്റ് എന്നാണ് കന്ത് എന്നതിന് കന്നഡയിൽ അർത്ഥം.

തന്റെ കുടിശിക അടക്കാനുള്ള തീയതി ഒന്നു നീട്ടിക്കൊടുക്കാൻ നിലവിലെ മാനേജരോട് ഞാൻ ആജ്ഞാപിക്കുകയോ കുറഞ്ഞ പക്ഷം റെക്കമെൻറ് ചെയ്യുകയോ ചെയ്യണം എന്ന അപേക്ഷയുമായാണ് അയാൾ വിളിച്ചത്. നിലവിലെ മാനേജർ അഡ്ജസ്റ്റ് ചെയ്യുന്നില്ലത്രെ .

അയാളുടെ കാർഷിക വായ്പയിൽ 2 വർഷമായി പലിശ അടച്ചിട്ടില്ല. ഭാര്യയുടെ പേരിലുള്ള ഓട്ടോലോണിൽ നാലഞ്ച് ഇൻസ്റ്റാൾമെന്റ് പെൻഡിംഗ്.

NPA,  CIBlL തുടങ്ങിയവയെക്കുറിച്ച് ഞാൻ വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തു.

അവസാനം പുള്ളി യാചിച്ചു പറഞ്ഞ അപേക്ഷയാണ് ഈ കുറിപ്പിന് ആധാരം.

പുള്ളി പറഞ്ഞതിതാണ് : 'റബറൊക്കെ വല്യ ഇടിവാ സാറേ, എന്നാലും എങ്ങനേലും എന്റെ ലോണിന്റെ ഒരു വർഷത്തെ ബഡ്ഡി  ഞാൻ അടക്കാം. പക്ഷെ, എന്റെ പെമ്പ്രന്നോത്തീടെ കന്തൊണ്ടല്ലോ, അതേൽ സാറെന്തെങ്കിലും ചെയ്തേ പറ്റുവൊള്ള്'.

(ഇതുപോലെ ചിലത് ഇനിയുമുണ്ട്, വഴിയേ പങ്കുവയ്ക്കാം ).*********                                         ************                                       ***************

Wednesday, January 11, 2017

നാരീപൂജ
ഞങ്ങളിൽ പലര്‍ക്കും പരിഹാസപാത്രമായിരുന്ന എന്റെയൊരു കൂട്ടുകാരന്റെ അച്ഛനെക്കുറിച്ച് കുറച്ചുനാൾ മുമ്പ് ഞാന്‍ പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ. അത്രയ്ക്കില്ലെങ്കിലും മറ്റൊരു രീതിയിൽ, സമൂഹത്തിൽ നിന്നു മാറി ചിന്തിക്കുന്ന ഒരു അപ്പൂപ്പന്‍ എനിയ്ക്കുണ്ട്. സംസ്കൃതത്തിലും പുരാണങ്ങളിലും അവഗാഹമുള്ള, അവിവാഹിതനും എണ്‍പതുകാരനുമായ കിട്ടനപ്പൂപ്പന്‍. എന്റെ അച്ഛന്റെ ചെറിയച്ഛനാണ്. എന്റെ കൂട്ടുകാരന്റെ അച്ഛന്‍ മാവോവാദിയും വിപ്ലവപാതയോട് ആഭിമുഖ്യമുള്ളയാളുമായിരുന്നെങ്കിൽ കിട്ടനപ്പൂപ്പൻ മിതവാദിയും സമകാലിക സമൂഹത്തിലെ മത-ഭാഷാ-സാംസ്കാരിക-രാഷ്ട്രീയ മൂല്യച്യുതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവനും പ്രസ്തുത മേഖലകളിൽ തന്നാലാവും വിധം പ്രവര്‍ത്തനം നടത്തുന്നവനുമായിരുന്നു.        

എൺപതുകഴിഞ്ഞിട്ടും യുവാക്കളുടെ ചുറുചുറുക്കോടെ അമ്പലങ്ങളിലും വായനശാലകളിലും പഞ്ചായത്തിലുമൊക്കെ ഓടിച്ചാടി നടക്കുന്ന അപ്പൂപ്പനെക്കുറിച്ച് ‘കിട്ടന്‍സാറ് അഴീക്കോടിന് പഠിക്കണേണ്’ എന്നു ചിലർ പരിഹസിക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഇടയ്ക്ക് ലീവിൽ ഞാൻ വരുമ്പോൾ പലപ്പോഴും അപ്പൂപ്പന്റെ പുതിയ കാര്യങ്ങളെന്തെങ്കിലും കേള്‍ക്കാം- പഞ്ചായത്തിലെ അഴിമതിയ്ക്കെതിരെ വി എസിനു കത്തയച്ചത്, ഭാഗവതസത്രത്തിനു പതിനായിരങ്ങൾ മുടക്കിക്കൊണ്ടുവന്ന ഉത്തരേന്ത്യൻ സ്വാമിയെ സംസ്കൃതം സംസാരിച്ചു തോല്‍പ്പിച്ചത്, തുറവൂരു പുതുതായി തുടങ്ങിയ സ്പോക്കണ്‍ ഇംഗ്ലീഷ് സെന്ററിലെ ട്യൂട്ടറെ അസൽ നേറ്റീവ് ഇംഗ്ലിഷ് സംസാരിച്ച് നാണം കെടുത്തിയത് തുടങ്ങി പലതും.      

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം കിട്ടനപ്പൂപ്പന്‍ എന്നെയന്വേഷിച്ചു നാലഞ്ചു തവണ വീട്ടിൽ ചെന്ന കാര്യം ഫോൺ ചെയ്തപ്പോൾ അമ്മ പറഞ്ഞത്. എന്തിനാണ് എന്നു ചോദിച്ചപ്പോള്‍ ‘ആവശ്യംണ്ട്’ എന്നു മാത്രം പറഞ്ഞത്രെ. ഇന്നലെ സാബുവിന്റെ മെയില്‍ വന്നപ്പോൾ ആവശ്യം എനിക്കു മനസ്സിലായി.          

ഞാന്‍ ബ്ലോഗു ചെയ്യുന്നുണ്ടെന്ന് അപ്പൂപ്പനോട് ആരോ പറഞ്ഞത്രെ. ഗോപികയുടെ വീട്ടിൽ അപ്പൂപ്പൻ എന്റെ ബ്ലോഗു കണ്ടു. കൃഷ്ണന്റെയും യേശുവിന്റെയും കഥയൊക്കെ വായിച്ച്, പയ്യന്‍ കൊള്ളാമല്ലോ എന്നു പറഞ്ഞു. പിന്നെ തനിക്കും ഒരു ബ്ലോഗുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഗോപികയെയും കവലയിൽ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന സെന്നിനെയും സമീപിച്ചത്രെ. അത്രയ്ക്കൊന്നും കമ്പ്യൂട്ടർ വശമില്ലാത്തതിനാൽ ഗോപികയും സമയക്കുറവുമൂലം സെന്നും അപ്പൂപ്പന്റെ അഭ്യര്‍ഥന നിരസിച്ചു.      

ബ്ലോഗുണ്ടാക്കാനാണ് അപ്പൂപ്പൻ എന്നെ അന്വേഷിക്കുന്നത് ! 

പതിവുപോലെ ഇന്നലെ മൂന്നു ദിവസത്തെ അവധിക്കെത്തിയതാണു ഞാന്‍. അമ്മയും ചേട്ടത്തിയും ഞാനെത്തുന്നതിനു മുമ്പുതന്നെ ആറ്റുകാൽ പൊങ്കാലയ്ക്കു പോയിരുന്നു. അച്ഛന്‍ ഔദ്യോഗികാവശ്യത്തിനായി ചെന്നൈയിലും. പൊറോട്ടയും ബീഫും ഒരു ചെറിയ വി എസ് ഒ പിയുമൊക്കെ സംഘടിപ്പിച്ച് രാത്രി കുശാലാക്കി ഞാന്‍.         
ഫ്രിഡ്ജിലെ ദോശമാവെടുത്തു പുറത്തുവച്ച് ചെറിയൊരു ചട്ണിക്കുള്ള ഒരുക്കത്തിലായിരുന്നപ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്.      
കിട്ടനപ്പൂപ്പന്‍. കയ്യിലൊരു ബ്രൌണ്‍ കവർ.
‘താനിന്നലെ വന്നല്ലേ,’ എന്നു ചോദിച്ച് അപ്പൂപ്പന്‍ ചിരിച്ചു.     
ഞാന്‍ അപ്പൂപ്പനെ ദോശ കഴിയ്ക്കാൻ ക്ഷണിച്ചു. ദോശ ചുടുന്നതിനു മുന്‍പു തന്നെ അപ്പൂപ്പൻ നേരെ കാര്യത്തിലേയ്ക്കു കടന്നു. അപ്പൂപ്പൻ ഒരു ബ്ലോഗ് തുടങ്ങണമെന്നുണ്ട്. പക്ഷേ കമ്പ്യൂട്ടർ വേണം, ഇന്റര്‍നെറ്റ് വേണം, ടൈപ്പു ചെയ്യാന്‍ പഠിക്കണം തുടങ്ങിയ വയ്യാവേലികളോര്‍ത്തപ്പോൾ മുളയിലേ ആ സ്വപ്നം കരിഞ്ഞു. കടലാസിലെഴുതി ആരെയെങ്കിലും ഏല്‍പ്പിച്ച് ബ്ലോഗുണ്ടാക്കി പ്രസിദ്ധീകരിക്കാൻ പറഞ്ഞിട്ട്- പണം കൊടുക്കാമെന്നു പ്രോത്സാഹിപ്പിച്ചിട്ടും- ആരും സഹായത്തിനില്ല.  

അപ്പോഴാണ് എന്നെയോര്‍ത്തത്. ഞാന്‍ കൊച്ചുമകനുമാണല്ലോ. അപ്പൂപ്പന്‍ പറഞ്ഞുവന്നപ്പോൾ ഞാൻ ഞെട്ടി. ആ ബ്രൌണ്‍ കവർ നിറയെ ലേഖനങ്ങളാണ്. പലവിധ വിഷയങ്ങൾ. ഭാഷാ ഉച്ചാരണം നന്നാക്കാനെന്തു ചെയ്യണം, ആരോഗ്യ ഇന്‍ഷുറന്‍സും പഞ്ചായത്തുകളും, ഹൈവേ വികസനം ആര്‍ക്കു വേണ്ടി, വാര്‍ദ്ധക്യം എങ്ങനെ ആസ്വദിക്കാം, ആംഗലേയത്തെ കൈപ്പിടിയിലൊതുക്കാന്‍-

എനിക്കു ശ്വാസം മുട്ടി. ഇതെല്ലാം ടൈപ്പും ചെയ്ത് ബ്ലോഗിൽ പോസ്റ്റുചെയ്യാൻ എത്ര ദിവസമെടുക്കും? വയ്യാത്ത കാര്യം ആദ്യമേ തന്നെ വയ്യെന്നു പറയണം. ഇല്ലെങ്കിൽ ഗുലുമാലാണ്.         

‘അപ്പൂപ്പാ,‘ ഞാന്‍ പറഞ്ഞു:‘കൃഷ്ണന്റേം യേശൂന്റേം കഥയ്ക്കു ശേഷം ഞാനൊന്നും പോസ്റ്റു ചെയ്തിട്ടില്ല. കയ്യിൽ സാധനങ്ങള്ണ്ട്. പക്ഷേ ടൈം തീരെയില്ല. പിന്നെ എനിക്കും ടൈപ്പിംഗ് സ്പീഡ് തീരെ കൊറവാണേ’.
‘പക്ഷേ, ഏടോ, ഞാനിത് എന്റെ പേരിലെഴുതാന്‍ ആവശ്യപ്പെടുകയല്ല, തന്റെ ബ്ലോഗില്‍ തന്റെതായി വന്നാൽ മതി. നാലാള്‍ ഈ അഭിപ്രായങ്ങള്‍ കാണണം. താന്‍ ബംഗ്ലൂരൊക്കെ ആയതുകൊണ്ട് നല്ല കണക്ഷന്‍സൊക്കെ കാണില്ലേ, ധാരാളം പേര്‍ വായിക്കട്ടെ. ഒരു അഭിപ്രായസമന്വയത്തിനു സാധ്യത വളരട്ടെ‘.         
ഞാന്‍ തല ചൊറിഞ്ഞു. ഈ പറഞ്ഞ വിഷയങ്ങളൊക്കെ എന്റെ ബ്ലോഗിലെഴുതി ആരു വായിക്കാനാണ്?  ഞാനെഴുതിയതു തന്നെ ആരും വായിക്കുന്നില്ല. അപ്പഴല്ലേ-           
‘അപ്പൂപ്പന്റെ പേരില്‍ തന്നെ എഴുതുന്നതായിരിക്കും ഭംഗി.’ ഞാന്‍ പറഞ്ഞു.’എണ്‍പതുകാരന്റെ ബ്ലോഗ് എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ കയറി വായിച്ചോളും’.      
‘നാലുപേര് വായിക്കണം, ചിന്തിക്കണം, പ്രതികരിക്കണം എന്നേ എനിക്കുള്ളൂ. എന്റെ പേരു പോലും ആരും ഓര്‍ക്കണമെന്നുമില്ല.’ അപ്പൂപ്പന്‍ വിടാനുള്ള ഭാവമില്ല.      
ഞാന്‍ ചിന്തിക്കുന്നതുപോലെ മുകളിലേയ്ക്കു നോക്കി ഇരുന്നു.എന്താ ചെയ്യേണ്ടത്? സമയക്കുറവ് എനിക്കൊരു പ്രശ്നമാണ്.
‘സമൂഹത്തിലാകെ മൂല്യച്ചുതിയാണ്’. എന്നെയൊന്ന് ഉത്സാഹപ്പെടുത്താന്‍ അപ്പൂപ്പൻ പറഞ്ഞു.’എല്ലാവരും പറയുന്നതുപോലെ പണ്ടെല്ലാം നല്ലതായിരുന്നു ഇന്നെല്ലാം ചീത്ത എന്ന അര്‍ത്ഥത്തിലല്ല കേട്ടോ. പണ്ടു നശിപ്പിച്ചുകളഞ്ഞ ചീത്തകള്‍ വര്‍ദ്ധിതവീര്യത്തോടെ മടങ്ങിവന്നു കഴിഞ്ഞു. ജാതി-മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത്, അന്ധവിശ്വാസങ്ങൾ വര്‍ദ്ധിക്കുന്നത്, അനാചാരങ്ങൾ പെരുകുന്നത് എന്നുവേണ്ട പണ്ട് മോശമെന്നു മനസ്സിലാക്കി മഹാന്മാർ നശിപ്പിച്ച കാര്യങ്ങളൊക്കെ ഭംഗിയായി മടങ്ങിവന്നിരിക്കുന്നു. ഇതിനെതിരെ ഒരു ബ്ലോഗെഴുത്ത്. അതാണു ഞാനുദ്ദേശിക്കുന്നത്’.        
‘ദൈവവിശ്വാസവും കൂടുന്നുണ്ട് അല്ലേ ?’ ഞാന്‍ ചുമ്മാ ചോദിച്ചു. വിയെസ്സോപി ബാക്കിയിരിപ്പുണ്ട്. അമ്മ ഏതു നിമിഷവും ആറ്റുകാലുനിന്ന് മടങ്ങിവന്നേക്കാം. രണ്ടെണ്ണം കഴിച്ച് ഒന്നു പുറത്തേക്കിറങ്ങിയാൽ രസമായിരുന്നു.         
‘വിശ്വാസമല്ലെടോ,’ അപ്പൂപ്പന് ആവേശമായി. ബ്രൌണ്‍ കവര്‍ തുറന്ന് തിരക്കിട്ടൊന്നു തിരഞ്ഞ് ഒരു ലേഖനമെടുത്തു-
 ‘ദൈവത്തിലാര്‍ക്കാണു വിശ്വാസം?’ എന്ന തലക്കെട്ടോടു കൂടിയ ആ ലേഖനം എനിക്കു തന്നു.          

‘ഈയിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച ഒരു പ്രവണതയ്ക്കെതിരാണീ ലേഖനം. ഈ വിഷയം ആരെങ്കിലും വേണ്ടവിധത്തിൽ ചര്‍ച്ച ചെയ്തതായി എനിക്കറിയില്ല. ഈയിടെയായി വായനയല്പം കുറവാണെനിക്ക്’, അപ്പൂപ്പന്‍ വിശദമാക്കി.‘ഇന്ന് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകൾ മാധ്യമങ്ങളിൽ വരുന്നതെങ്ങനെയാണെന്നോ- ഇന്ന ക്ഷേത്രത്തില്‍ ഉത്സവം- സിനിമാ നടൻ ജയറാമിന്റെ നേതൃത്വത്തിൽ ചെണ്ടമേളം, അല്ലെങ്കിൽ യേശുദാസ് അന്നദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കരിമരുന്നുപ്രകടനം സ്പോണ്‍സർ ചെയ്യുന്നത് ഹരിശ്രീ അശോകന്‍. പൊങ്കാല ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമാതാരം കല്‍പ്പന. കഴിഞ്ഞ മണ്ഡലകാലത്തു വന്ന ഒരു വാര്‍ത്ത കേള്‍ക്കണോ- കിലോമീറ്ററുകൾ താണ്ടി വിവേക് ഒബ്രോയ് ശബരിമലയിൽ. ഇതു ധന്യതയുടെ നിമിഷം’. അപ്പൂപ്പന്‍ ഒരു നിമിഷം നിറുത്തി.
‘ധന്യത ആര്‍ക്കാണ്? വിവേക് ഒബ്രോയിക്കോ അയ്യപ്പനോ? ദൈവങ്ങളല്ല ഈ വാര്‍ത്തകളിലൊന്നും നിറയുന്നത്. പങ്കെടുത്ത താരങ്ങളും കളിക്കാരും പാട്ടുകാരുമൊക്കെയാണ്. ഈ താരങ്ങളോടെല്ലാം വളരെ ബഹുമാനമുള്ളയാളാണു ഞാന്‍. പക്ഷേ, ദൈവങ്ങളെ ഹൈജാക്കു ചെയ്യുന്ന ഈ പ്രവര്‍ത്തി ഒട്ടും ശരിയല്ല’.
അപ്പൂപ്പനു തൊണ്ടവരണ്ടു. രസകരമായ വിഷയം. എനിക്കു കേട്ടിരിക്കാന്‍ രസം തോന്നി.ഇതെല്ലാം പക്ഷേ ടൈപ്പുചെയ്തു ബ്ലോഗിലാക്കാന്‍ വേറെ ആളെ നോക്കണം.
‘സംഭവങ്ങൾ ഇങ്ങനെയൊക്കെയാണിപ്പോൾ നാട്ടിൽ’. നാരങ്ങാവെള്ളം കുടിച്ചു ചുണ്ടു തുടച്ച് അപ്പൂപ്പന്‍ തുടര്‍ന്നു:‘ പക്ഷേ എഴുതിയേ പറ്റൂ എന്ന തീരുമാനത്തിൽ എന്നെ എത്തിച്ച ഒരു ഇമ്മീഡിയറ്റ് പ്രൊവൊകേഷൻ കഴിഞ്ഞയാഴ്ചയുണ്ടായി’. കസേരയിൽ നിന്നിറങ്ങി ഫാനിനു നേരെ കീഴിലേയ്ക്കിരുന്ന് അപ്പൂപ്പൻ തുടര്‍ന്നു: ‘വൈകീട്ട് സൂര്യഗ്രഹണത്തെക്കുറിച്ച് പരിഷത്തുകാരുടെ ഒരു ക്ലാസുണ്ടായിരുന്നു. അതു കഴിഞ്ഞ് കിഴക്കേ പാടം കടന്ന് കുറുക്കുവഴിക്കു നടന്നുവരുമ്പോള്‍ സുനന്ദയുടെ വീട്ടിലൊന്നു കയറി. ഒരേഴുമണിയായിക്കാണും. എന്തോ ഭാഗ്യത്തിനാണു ഞാനവിടെ ആ നേരത്തു ചെന്നത്. അടുക്കളയിലെന്തോ ചെയ്യുകയായിരുന്ന സുനന്ദ പെട്ടന്നു തലചുറ്റി വീണു. എനിക്കറിയാവുന്ന പൊടിക്കൈകൾ ചെയ്തുനോക്കിയിട്ട് ബോധം വരുന്ന ലക്ഷണമൊന്നും കണ്ടില്ല.ടിവിയില്‍ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഫൈനല്‍ മത്സരം നടക്കുകയായിരുന്നതിനാൽ പുറത്തെങ്ങും ഒരു മനുഷ്യനുമില്ല. ഓട്ടോ വിളിക്കാനായി അടുത്ത വീട്ടിലെ ഒരു കുട്ടിയെ സൈക്കിളില്‍ കവലയിലേയ്ക്കു പറഞ്ഞുവിട്ടു. പയ്യൻ കള്ളം പറഞ്ഞതായാണ് എനിക്കു തോന്നിയത്; പത്തുമുപ്പത് ഓട്ടോകളുള്ള കവലയില്‍ ഒറ്റ ഓട്ടോയുമില്ലത്രെ. പിന്നെ തമ്പിസ്സാറിന്റെ കാറിലാണ് സുനന്ദയെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത്.
‘സുനന്ദമ്മായിക്കെന്താ പറ്റിയത്?   
എന്റെ ചോദ്യം അവഗണിച്ച് അപ്പൂപ്പന്‍ തുടര്‍ന്നു: ‘കവലയിൽ ഓട്ടോയൊന്നും ഇല്ലാതെ വന്നതിന്റെ കാരണം പിറ്റേന്ന് അറിഞ്ഞതാണ് എന്റെ ഇമ്മീഡിയറ്റ് പ്രൊവൊകേഷന്‍’. അപ്പൂപ്പന്‍ മുണ്ടിന്റെ കോന്താല കൊണ്ട് മുഖമൊന്നു തുടച്ചു. ‘ഓട്ടോകളെല്ലാം ചെറുപ്പക്കാരെയും കൊണ്ട് പാണാവള്ളിക്ക് ഓട്ടം പോയിരുന്നു.’           
‘എല്ലാ ഓട്ടോകളുമോ? എന്തിന്?’ എനിക്കു ജിജ്ഞാസയായി.
‘അവിടെ            - പേരു മറന്നു - ഒരു ദേവീ ക്ഷേത്രത്തില്‍ നാരീ പൂജ. ഉദ്ഘാടനം ഷക്കീല’.     
‘ഷക്കീലയോ?’ എന്റെ ചോദ്യം ഉറക്കെയായിപ്പോയി.’ നൊണ പറയാതെ’       
‘നുണ തന്നെ. പക്ഷെ ഞാനല്ല പറഞ്ഞത്. ഒന്നുകിൽ നാട്ടുകാരെ പറ്റിക്കാൻ ഏതോ വിരുതൻ പറഞ്ഞതാവണം. അല്ലെങ്കിൽ- പലരും സംശയിക്കുന്നതുപോലെ-സ്റ്റാര്‍ സിംഗര്‍ ഫൈനൽ ടിവ്വിയിൽ കാണിക്കുന്നതിനാൽ അമ്പലത്തിൽ ആളു കുറയുമെന്നു കരുതി കമ്മിറ്റിക്കാരു മനപ്പൂര്‍വ്വം പ്രചരിപ്പിച്ച നുണ.’      
‘എന്നിട്ട്?’
നുണ ഏറ്റു. ചേര്‍ത്തല താലൂക്കിലെ സകലമാനം ചെറുപ്പക്കാരും പാണാവള്ളിക്ഷേത്രത്തിൽ. ഉദ്ഘാടനമാവട്ടെ ഷക്കീലയ്ക്കു പകരം മറ്റൊരു സിനിമാനടി. പേരു ഞാന്‍ മറന്നു.’
‘കവിയൂര്‍ പൊന്നമ്മയാണോ?'      
‘ചെറുപ്പക്കാരിയാരോ ആയിരുന്നു. ഇതെങ്കിലിത് എന്നു നാട്ടുകാരും വിചാരിച്ചു.’  
അപ്പോഴേയ്ക്കും ഗേറ്റില്‍ കാറു നില്‍ക്കുന്ന ശബ്ദം കേട്ടു. അമ്മയും ചേട്ടത്തിയുമാണ്. പൊങ്കാല കഴിഞ്ഞതിന്റെ സകലക്ഷീണവും അവര്‍ക്കുണ്ട്. ടാക്സി പറഞ്ഞുവിട്ട് ബാഗും മറ്റുമെടുത്ത് ഞാനകത്തേയ്ക്കു വന്നപ്പോൾ ഗര്‍ഭിണിയായ ചേട്ടത്തി ക്ഷീണിതയായി സോഫയിൽ ഇരിക്കുകയാണോ കിടക്കുകയാണോ എന്നു പറയാനാവാത്ത ഒരു പൊസിഷനില്‍ എന്നോടു പറഞ്ഞു:‘ചിപ്പീടെ തൊട്ടട്ത്തായിരുന്നു ഞങ്ങള്‍ടെ അടുപ്പ്,  അല്ലേ അമ്മേ?’     
അപ്പൂപ്പനോടു വിശേഷങ്ങള്‍ പറയുകയായിരുന്ന അമ്മയ്ക്ക് ആവേശമായി:‘ടീവീല് കാണണേലും തേജസ്സാ ചിപ്പിയ്ക്ക്’.
‘ഞാന്‍ കുറേ സംസാരിച്ചു.’ ചേട്ടത്തി ഇടയ്ക്കു കയറിപ്പറഞ്ഞു.’ ഒരു ഭാവോമില്ല. സിമ്പിള്‍’.         
അപ്പോഴേയ്ക്കും അമ്മ മടങ്ങിവന്ന വിവരമറിഞ്ഞ വടക്കേതിലെ ശുഭച്ചേച്ചിയും വാസന്തിച്ചേച്ചിയും വിശേഷങ്ങളറിയാന്‍ കുതിച്ചെത്തി.           
ആ ഇടവേളയില്‍ അപ്പൂപ്പന്‍ എന്നോടു ശബ്ദം താഴ്ത്തിപ്പറഞ്ഞു: ചിപ്പിയാണ് ആറ്റുകാലെ പ്രതിഷ്ഠയെന്നു തോന്നുന്നു’.
ബാഗില്‍ നിന്ന് പൊങ്കാലയെടുക്കുകയായിരുന്ന ചേട്ടത്തിയെ മറ്റൊരു ചെറിയ ഡബ്ബ തുറന്ന് അമ്മ അമ്പരപ്പിച്ചു.
‘എന്താത് ?’       
‘ചിപ്പീടെ പൊങ്കാല’, അമ്മ അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ചേട്ടത്തി ചിണുങ്ങി. ശുഭച്ചേച്ചിയും വാസന്തിച്ചേച്ചിയും അമ്മയെ ആരാധനയോടെ നോക്കി.           
‘അമ്മ എന്നോടു പറഞ്ഞില്ല.'ചേട്ടത്തി പരിഭവിച്ചു.’ എപ്പഴാ അമ്മയിതു സംഘടിപ്പിച്ചേ?’           
‘അതൊക്കെ സംഘടിപ്പിച്ചു മോളേ,’ അമ്മയുടെ മുഖം പ്രകാശിച്ചതു കാണണം.
‘ശുഭേ,’അച്ഛന്‍ ഓഫീസില്‍ കറികൊണ്ടുപോവുന്ന ചെറിയ ഡബ്ബയില്‍ ചിപ്പിയുണ്ടാക്കിയ പൊങ്കാല നിറയ്ക്കുമ്പോള്‍ അമ്മ പറഞ്ഞു:‘ഇത് ആതിരമോള്‍ക്ക്. ഇനി ഡെലിവറിയ്ക്ക് ഒരു പ്രശ്നോമുണ്ടാവില്ല.’      
ശുഭച്ചേച്ചിയുടെ മകളാണ് ആതിര. ചേട്ടത്തിയുടേതു പോലെ ആദ്യപ്രസവമാണ്.          
ഞാന്‍ അപ്പൂപ്പനെ നോക്കി.          
അപ്പൂപ്പന്‍ സ്ലോമോഷന്‍ എന്നു പറയാവുന്ന വിധം എന്നെയും കയ്യിലുള്ള ബ്ലോഗിനായുള്ള കുറിപ്പുകളിലേയ്ക്കും മാറി മാറി നോക്കി.    
എനിക്കു പിന്നെ സംശയമൊന്നും വന്നില്ല. കുറിപ്പുകളെല്ലാം വാങ്ങി കവറിലിട്ട് ഒരു നിമിഷം ഇരിക്കണേ എന്ന് അപ്പൂപ്പനോടു പറഞ്ഞ് കാമറയെടുക്കാന്‍ ഞാന്‍ മുകളിലെ മുറിയിലേക്കോടി.

പിന്നെ, ബ്ലോഗിലിടാന്‍ പറ്റിയ തരത്തില്‍ അപ്പൂപ്പന്റെ ഒരു ഫോട്ടോയെടുക്കാന്‍ മുറ്റത്തു സ്ഥലമന്വേഷിക്കുമ്പോള്‍
‘പുതുവിഗ്രഹങ്ങൾ തച്ചുടയ്ക്കാൻ എണ്‍പതുകാരന്റെ ബ്ലോഗ്‘ എന്ന മട്ടില്‍ നാലഞ്ചു തലക്കെട്ടുകൾ എന്റെ മനസ്സിൽ ഉയര്‍ന്നുവരുന്നുണ്ടായിരുന്നു.

***                                ****                               ***                                ***                                ***

(പ്രസാധകൻ മാസിക, ജനുവരി 2017)

Tuesday, September 20, 2016

സുസ്മിയുടെ പരാജയം
സുസ്മി കല്യാണം കഴിക്കുന്നത് ഒരു കന്നഡക്കാരനെയാണ് എന്ന വാർത്തയോട് വളരെ രൂക്ഷമായാണ് ബന്ധുക്കളെല്ലാം പ്രതികരിച്ചത്. വാർത്ത മാത്രമല്ലേ, യഥാർഥത്തിൽ എന്താ നടക്കാൻ പോവുന്നത് എന്നറിഞ്ഞിട്ടു മതി പ്രതികരണം എന്നു തീരുമാനിച്ചത് ചേർത്തലയിലുള്ള അപ്പച്ചി മാത്രമായിരുന്നു. അപ്പച്ചിക്കും പക്ഷേ, കൂടുതൽ സമയം പ്രതികരിക്കാതിരിക്കാനായില്ല, സുസ്മി ഫേസ്ബുക്കിൽ ഗോട്ട് എൻഗേജ്ഡ് എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കല്യാണം തീർച്ചപ്പെടുത്തിയതോടെയാണത്. അങ്ങനെ, പലവട്ടം വിളിച്ചിട്ടും സ്വിച്ചോഫ് ആയിരുന്ന, സുസ്മിയുടെ അമ്മയുടെ മൊബൈലിലേക്ക് കടുത്ത ദേഷ്യത്തോടെ, നന്നായിട്ടു ശകാരിക്കാൻ തന്നെ അപ്പച്ചി മകളെക്കൊണ്ട് വിളിപ്പിച്ചു. മൊബൈൽ ഇത്തവണ ഓണായിരുന്നു. അറുതലിച്ചി, അറുവാണിച്ചി തുടങ്ങിയ തെറിവാക്കുകളുടെ ഒരു സഹസ്രനാമാർച്ചന പ്രതീക്ഷിച്ച അപ്പച്ചിയുടെ മോൾക്ക് അതിശയമായി, ഒറ്റത്തെറിവാക്കുപോലുമില്ല ! അതേയോ, നന്നായി, അതേ, ഭാഗ്യം തന്നെ എന്നൊക്കെ പറഞ്ഞതു കൂടാതെ അമ്മയുടെ കണ്ണിൽ നിന്ന് സീരിയൽ നടികളെ വെല്ലുന്ന തരത്തിൽ ആനന്ദാശുക്കൾ !

രാഘു എന്ന വിളിപ്പേരുള്ള രാഘവേന്ദ്ര ഹെബ്ബാറിന് സുസ്മി എന്ന വിളിപ്പേരുള്ള സുസ്മിതാ നായരുമായുള്ള വിവാഹം ഒരു വിപ്ലവം തന്നെയായിരുന്നു. സുസ്മി കന്നഡക്കാരിയല്ല എന്നതു മാത്രമല്ല, ബ്രാഹ്മണകുലജാതയുമല്ല എന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായിരുന്നു. സുസ്മിയുടെ അമ്മയ്ക്ക് രാഘുവിനെ ഇഷ്ടപ്പെട്ടെങ്കിലും അച്ഛന് ഇഷ്ടം തോന്നിയില്ല. രാഘുവിൽ ഒരു പൗരുഷക്കുറവ് അച്ഛന് ഫീൽ ചെയ്തു. മീശയില്ല എന്നതല്ല, രണ്ടു ദിവസം ക്ഷൗരം ചെയ്യാതിരുന്നാൽ ഏതു മീശയും പൊങ്ങി വരും, പക്ഷേ, വെളുവെളാ ഉള്ള ശരീരം. നെഞ്ചത്തൊന്നും ഒന്നുമില്ല. ആണായാൽ നല്ല രോമമൊക്കെ വേണ്ടേ ?

‘ജോലീം കൂലീമൊക്കെ ഓക്കെ. പക്ഷേ, അവനെ കെട്ടിയാൽ നിന്റെ മോക്ക് ഈയൊരു സൗകര്യം കിട്ടില്ല’, തന്റെ നെഞ്ചത്തെ രോമങ്ങളിലൂടെ വിരലോടിച്ച് മകൾക്കു വേണ്ടി ശിപാർശ പറയുകയായിരുന്ന ഭാര്യയ്ക്ക് സുസ്മിയുടെ അച്ഛൻ മുന്നറിയിപ്പു നൽകി.

‘ഞാൻ സഹിച്ചു, മോളെങ്കിലും അവൾടെ ഇഷ്ടത്തിന് ചെയ്യട്ടെ’, ഭാര്യ എന്താണുദ്ദേശിച്ചതെന്ന് സ്വതവേ പതിയെ ചിന്തിക്കുന്ന സ്വഭാവക്കാരനായ സുധാകരൻ നായർക്ക് മനസിലായില്ല. മനസിലാവാത്തതുകൊണ്ട് ഇനി കഷ്ടപ്പെട്ട് മനസിലാക്കി ടെൻഷനടിക്കണ്ട എന്ന തീരുമാനമെടുത്ത് ‘പോ പുല്ല്, നിങ്ങടിഷ്ടം അങ്ങനെങ്കി അങ്ങനെ’ എന്ന് തന്റെ വിലപ്പെട്ട തീരുമാനം പരസ്യപ്പെടുത്തി കൂർക്കം വലിയിലേക്കു ചാഞ്ഞു.

സുസ്മിയുടെ അമ്മ ശാരദയാവട്ടെ ഭർത്താവിന്റെ സമ്മതമില്ലാതെ കുട്ടികൾ രണ്ടുപേരും സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ വിവാഹം കഴിച്ച് വീട്ടിലേക്കു കയറിവരുന്ന രംഗം നൂറാമത്തെ തവണയും മനസിൽ റിപ്പീറ്റ് ടെലികാസ്റ്റ് ചെയ്ത് ആകെ മുടിഞ്ഞ് നാശകോശമായ അവസ്ഥയിൽ നിന്ന് സമാധാനത്തിന്റേയും ശാന്തിയുടേയും നിർവാണാവസ്ഥയിൽ സന്തോഷവാർത്തയറിയിക്കാൻ മകളുടെ മുറിയിലേക്കോടി.

അച്ഛന്റെ സമ്മതമില്ലാതെ പറ്റില്ല എന്നതായിരുന്നു സുസ്മിയുടെ ലൈൻ. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായാൽ വീട്ടുകാർ അടുപ്പിച്ചോളും എന്ന ആദിപുരാതന വേദവാക്യമായിരുന്നു രാഘുവിന്റെ പിടിവള്ളി. അങ്ങനെയെങ്കിൽ വീട്ടുകാർ അടുപ്പിക്കാൻ അഞ്ചുവർഷം എടുക്കില്ലേ, അത്രയും കാലം ഒന്നു കഴിച്ചെടുക്കാൻ കഴിയില്ല എന്ന് സുസ്മി. അതെന്താ അഞ്ചു വർഷം, കുട്ടിയുണ്ടാവാൻ പത്തുമാസം ചുമന്നാൽ പോരേ എന്ന രാഘുവിന്റെ ചോദ്യത്തിന്, കുട്ടിയെയും ഉണ്ടാക്കി അടുക്കളയിൽ തള്ളാൻ ഞാൻ കന്നഡക്കാരിയല്ല, മലയാളി ഡാ എന്ന സുസ്മിയുടെ മറുപടി രാഘു ആസ്വദിക്കുക മാത്രമല്ല, സുസ്മിയെ വിവാഹം കഴിക്കാനുള്ള കാരണങ്ങളുടെ ലിസ്റ്റിലേയ്ക്ക് പുതിയ ഒന്നായി എഴുതി ചേർക്കുകയും ചെയ്തു.

രാഘുവിനെ വളച്ചതിന്റെ പത്തിലൊന്ന് ശ്രമം വേണ്ടി വന്നില്ല പക്ഷേ രാഘുവിന്റെ വീട്ടുകാരെ വളയ്ക്കാനെന്ന് ഉടുപ്പിയിൽ നിന്നു മടങ്ങുന്ന വഴി സുസ്മി അച്ഛൻ കേൾക്കാതെ അമ്മയോടു പറഞ്ഞു. കരുണ ചെയ് വാനെന്തു താമസം  കൃഷ്ണാ പാടിയതും രാഘുവിന്റെ അച്ഛൻ നിറകണ്ണുകളോ ടെ സുസ്മിയെ മരുമകളായി മനസാ സ്വീകരിച്ചു കഴിഞ്ഞിരുന്നത്രെ. മലയാളം കലർന്നതെങ്കിലും ഒഴുക്കുള്ള കന്നട പറഞ്ഞതും തപ്പിയാണെങ്കിലും തുളുവിൽ രണ്ടു വാക്കുമൊഴിഞ്ഞതും സുസ്മിയെ രാഘുവിന്റെ അമ്മയുടേയും അമ്മൂമ്മയുടേയും കണ്ണിലുണ്ണിയാക്കി. മകന്റെ വിദ്യാഭ്യാസത്തിനു ചേർന്ന പെൺകുട്ടികൾ ബാംഗ്ലൂരിലേ ഉള്ളൂ എന്നതും വീട്ടുകാർ ആലോചിച്ച പല പെൺകുട്ടികളും കന്നഡയും തുളുവും അറിയാത്ത സായിപ്പച്ചികളുടെ ഭാവക്കാരികളായിരുന്നു എന്നതും മുപ്പതിലേക്കു കടക്കുന്ന രാഘുവിന്റെ വിവാഹജീവിതത്തെക്കുറിച്ച് വീട്ടുകാരെ ആശങ്കപ്പെടുത്തിയിരുന്നു. ആ ആശങ്കകളെല്ലാമാണ് രാഘു ഉടുപ്പി ക്ഷേത്രത്തിലെ തീർത്ഥമൊഴിച്ചെന്നവണ്ണം സുസ്മിയുമായുള്ള വിവാഹക്കാര്യത്തിലൂടെ കെടുത്തിക്കളഞ്ഞത്.

നാട്ടിൽ നിന്ന് രണ്ടു ബസുകളാണ് ഉടുപ്പിയിൽ വച്ചു നടത്തിയ വിവാഹത്തിന് എത്തിയത്. എറണാകുളത്തും ആലുവയിലും ഉള്ള ബന്ധുക്കൾ ഏതാണ്ട് എല്ലാവരും എത്തി. ചേർത്തലയിൽ നിന്ന് അപ്പച്ചി മാത്രം. കുറേ ബന്ധുക്കൾ പരിഭവവും പറഞ്ഞിരുന്നു. അങ്ങനെയുള്ളവർക്കു വേണ്ടിയും നാട്ടിലുള്ള സുഹൃത്തുക്കൾക്കു വേണ്ടിയും ഉചിതമായ ഒരു ദിവസം റിസപ്ഷൻ ഏർപ്പാടാക്കാമെന്ന് സുസ്മിയുടെ അച്ഛൻ മനസിൽ വിചാരിച്ചു.

വിവാഹത്തിനു തലേന്നു തന്നെ ബാംഗ്ലൂരിൽ നിന്ന് സുസ്മിയും അച്ഛനും അമ്മയും സുസ്മിയുടേയും രാഘുവിന്റേയും സുഹൃത്തുക്കളും ഉടുപ്പിയിൽ എത്തി. രാവിലെ തന്നെ ഒരു ഹോമവും മറ്റും ഒരുക്കിയിരുന്നു. കുളിച്ച്, താറുപാച്ചിയ പട്ടുസാരിയൊക്കെ ഉടുത്ത് സുസ്മി ഹോമത്തിന് എത്തിയപ്പോഴാവട്ടെ ടീഷർട്ടും ബർമൂഡയുമിട്ട് തനി ബാംഗ്ലൂരുകാരൻ തന്നെയായി നിൽക്കുകയായിരുന്നു രാഘു. കുളിച്ചിട്ടുപോലുമില്ലായിരുന്നു.

നിനക്കെന്താ ഹോമമില്ലേ എന്ന സുസ്മിയുടെ ചോദ്യത്തിന് നിനക്കു മാത്രം വേണ്ടിയാ ഹോമം, നിന്നെ അഗ്നിശുദ്ധി വരുത്തിയെടുക്കാനാണ് ഹോമം എന്നായിരുന്നു രാഘുവിന്റെ മറുപടി. അപ്പോഴാണ് സുസ്മിയ്ക്ക് കാര്യം മനസിലായത്, തന്നെ ബ്രാഹ്മണസ്ത്രീയാക്കാനാണ് ഹോമം. അയ്യടാ, അതുകൊള്ളാമല്ലോ, ഹോമം നടത്താതെ ഇന്റ്ർകോഴ്സ് ചെയ്താൽ നമുക്കെന്താ പിള്ളേരുണ്ടാവില്ലേ എന്ന സുസ്മിയുടെ സെൻസറിംഗിന് അർഹതയുള്ള ചോദ്യത്തിന് പിള്ളേരുണ്ടാവും പക്ഷേ നിനക്കും പിള്ളേർക്കും ഇവിടെ അമ്പലത്തിൽ പോവുമ്പോൾ എന്റെയോ എന്റെ ബന്ധുക്കളുടെയോ കൂടെയിരുന്ന് പ്രസാദ ഊട്ടു കഴിക്കാനാവില്ല, പകരം അബ്രാഹ്മണരുടെ പന്തിയിൽ പോയിരിക്കേണ്ടി വരും എന്നായിരുന്നു രാഘുവിന്റെ മറുപടി. ബീഫു കിട്ടുമെങ്കിൽ താൻ എവിടെ ഇരിക്കാനും തയ്യാറണെന്ന തറുതലയ്ക്ക്  സുസ്മിയുടെ വായ പൊത്തിയ രാഘുവിനെ കണ്ടുകൊണ്ടാണ് ഹോമത്തിന് കരാറേറ്റ പൂജാരി എത്തിയത്. ഫലമോ, കുളിക്കാത്ത രാഘു തൊട്ടതിന് സുസ്മി ഒന്നുകൂടി കുളിക്കേണ്ടി വന്നു.

താറുപാച്ചി ഉടുത്ത മുണ്ട്, ഇന്ത്യൻ കോഫി ഹൗസിലെ സപ്ലൈയർമാർ വയ്ക്കുന്ന തരത്തിലുള്ളതെന്ന് ഓർമ്മിപ്പിക്കുന്ന തലപ്പാവ്, രണ്ടാം മുണ്ട്, വെളുവെളുത്ത ശരീരത്തെ പകുക്കുന്ന രേഖ പോലെ പൂണൂൽ, രണ്ടര മണിക്കൂറോളം ഹോമത്തിനു മുന്നിൽ പുകയുമേറ്റ് ഒരേയിരിപ്പിരുന്നപ്പോൾ രാഘുവിന്റെ ശരീരം ചുവന്നു തുടുത്തു. രാഘുവിന്റെ ശരീരത്തെ സുസ്മി ആർത്തിയോടെ നോക്കി. അരോമ ശരീരം. അതിനി തനിക്കു സ്വന്തം എന്ന സത്യം സുസ്മിയെ ആ ആൾക്കൂട്ടത്തിലും പുകപ്പ്രളയത്തിലും പലപല ദിവാസ്വപ്നങ്ങളിലേക്കും നയിച്ചു. സെൻസർ ചെയ്യേണ്ടവയായതുകൊണ്ട് ആ ദിവാസ്വപ്നങ്ങൾ അനുവാചകർക്കു ദർശന സൗകര്യം നിഷേധിച്ചുകൊണ്ട്  ഒരു ദാക്ഷീണ്യവും കൂടാതെ വെട്ടിമാറ്റുകയാണ്. പരിഭവം തോന്നരുത്.
നാട്ടിൽ നിന്നു വന്നവർക്ക് ഇതെന്ത് എന്ന് തമാശ തോന്നി. ഈ പെണ്ണ് എങ്ങനെ പുകയും കൊണ്ടിരിക്കുന്നു എന്നത് വലിയ അതിശയമായിരുന്നു, പ്രത്യേകിച്ച് രാഘു വിയർത്തൊട്ടി, കണ്ണുനീറി കണ്ണീരൊലിപ്പിച്ച് ഇരിക്കുമ്പോൾ. സുസ്മി, പക്ഷേ, തലേന്നത്തെ ഹോമാനുഭവത്തിന്റെ പരിചയത്തിന്റെ പുറത്ത് ഇതെത്ര കണ്ടിരിക്കുന്നു എന്ന ലാഘവത്തിൽ പുഞ്ചിരിയോടെയാണ് ഇരുന്നത്. ആ ഇരിപ്പ് രാഘുവിന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും ചെറിയ ആശ്വാസമൊന്നുമല്ല, നൽകിയത്, എന്തെന്നാൽ കഴിഞ്ഞയിടെ നടന്ന മിക്ക വിവാഹങ്ങളിലും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ആചാരമനുസരിച്ചുള്ള സമയമെടുക്കുന്ന ഹോമത്തിനു പകരം പത്തോ പതിനഞ്ചോ മിനിറ്റു മാത്രമുള്ള ‘ഇൻസ്റ്റന്റ്’ ഹോമങ്ങൾക്കു വാശിപിടിച്ചത്രെ. കല്യാണങ്ങൾ കോണ്ട്രാക്റ്റെടുക്കുന്ന പൂജാരിമാരാവട്ടെ, വേണമെങ്കിൽ ഹോമം വീഡിയോ കോൺഫറൻസിംഗ് വഴിപോലും നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ ഇപ്പോൾ. ഇത്തരമൊരു ദുഷിച്ച സാഹചര്യത്തിലാണ് പുറജാതിക്കാരിയായ ഒരു പെൺകുട്ടി യാതൊരു മടുപ്പുമില്ലാതെ മുഴുവൻ സമയവും ഹോമകുണ്ഡത്തിനു സമീപമിരിക്കുന്നത്. അല്ലാ, ഇനി ഇപ്പോൾ പുറജാതിക്കാരി എന്നൊക്കെ പറയാമോ ? തെറ്റു പറഞ്ഞുപോയതിന് ഥൂ ഥൂ എന്ന് പ്രതീകാത്മകമായി തുപ്പട്ടെ.

ഏതായാലും നാട്ടിൽ നിന്നു വന്നവർക്കെല്ലാം വളരെ സന്തോഷമായി. അതിഗംഭീരമായ സദ്യ. താമസവും ഗംഭീരം. രാഘുവിന്റെ വീട്ടുകാർ വിളിച്ചു പറഞ്ഞപ്രകാരം കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ക്യൂ നിൽക്കാതെ ദർശനം. പട്ടുചേല താറുപാച്ചിയുടുത്ത് സുസ്മി വന്നു നിന്നപ്പോൾ ചേർത്തലയിലെ അപ്പച്ചി സത്യത്തിൽ തൊഴുതു പോയി, അത്രയ്ക്ക് ഐശ്വര്യം !

അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം വൈകീട്ടോടെ മടങ്ങി. അരോമ രൂപിയായ രാഘു ഹോമകുണ്ഡം പറ്റിച്ച നിർജലീകരണത്തിൽ കടുത്ത ജലദോഷത്തിന് അടിമയായി മുല്ലപ്പൂ വിരിച്ച മെത്തയിൽ എന്നെയിന്ന് വെറുതേ വിടൂ എന്ന യാചനയോടെ പത്തിമടക്കിക്കിടന്നു. എന്നാൽ മുട്ടുശാന്തിയ്ക്കൊരു ഉമ്മയെങ്കിലുമാവട്ടെ എന്നു കരുതി അടുത്തു ചെന്ന സുസ്മിയെ, രാഘുവിന്റെ നെഞ്ചത്തുനിന്നു കുമുകുമാ വന്ന,   കുഞ്ഞിലേ മുതലേ ഓക്കാനം വരുത്തിക്കുന്ന ടൈഗർ ബാമിന്റെ ഗന്ധം കട്ടിലിൽ നിന്നു താഴത്തേയ്ക്കു ചാടിച്ചുകളഞ്ഞു.

ഒരു ഹോമവുമില്ലാതെ, വെറുമൊരു പുടവ കൈമാറുന്ന നായർ കല്യാണമായിരുന്നു തങ്ങളിന്ന് നടത്തിയിരുന്നതെങ്കിൽ കിടക്കയിൽ എന്തൊക്കെ നടക്കുമായിരുന്നു എന്ന് ഒന്നു കുത്തണമെന്ന് കരുതിയെങ്കിലും ജലദോഷം വളർന്ന് തലവേദനയും തൊണ്ടവേദനയുമായിക്കഴിഞ്ഞിരുന്ന രാഘുവിനെ ടീ ഷർട്ട് ഇടീച്ച് ടൈഗർ ബാമിന്റെ മണത്തെ കഴിയുന്നതും കുറച്ച് സ്വസ്ഥമായി ഉറങ്ങാൻ വിട്ടു സുസ്മി.      

രാവിലെ എഴുന്നേറ്റപ്പോൾ സുസ്മി പക്ഷേ കണ്ടത് തലേന്നു രാത്രിയിലെ ജലദോഷി രാഘുവിനെ അല്ല. മണി ഏഴരയാവുന്നതേയുള്ളൂ, രാഘു കുളിയും കഴിഞ്ഞ് അടുക്കളയ്ക്കടുത്തുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുകയാണ്. സുസ്മി പല്ലുതേച്ചു വരുമ്പോഴും രാഘു വെള്ളം കോരുകയാണ്. വെള്ളമടിക്കുന്ന മോട്ടർ കേടായോ എന്നായി സുസ്മിയ്ക്കു സംശയം. സുസ്മിയ്ക്ക് ചിരിക്കാനുള്ള വകയായിരുന്നു വെള്ളം കോരിയതിനെക്കുറിച്ച് രാഘുവിന്റെ വിശദീകരണം. അടുത്ത വീടുകളിലൊന്നും കിണറുകളില്ല. പത്തുപന്ത്രണ്ടു വീട്ടുകാർ രാഘുവിന്റെ വീട്ടിലെ കിണറാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. ഇതിൽ രണ്ടു ബ്രാഹ്മണ കുടുംബങ്ങൾക്കല്ലാതെ മറ്റാർക്കും കിണറ്റിൽ നിന്ന് വെള്ളം കോരാനുള്ള അവകാശമില്ല, താഴ്ന്ന ജാതിക്കാരാണ് എന്നതു തന്നെ കാരണം. അവർക്കു രാഘുവിന്റെ വീട്ടിലുള്ള ആരെങ്കിലുമോ നേരത്തെ പറഞ്ഞ ബ്രാഹ്മണ കുടുംബങ്ങളിലെ ആരെങ്കിലുമോ വെള്ളം കോരിക്കൊടുക്കണം.

ഇതു കൊള്ളാമല്ലോ എന്നായി സുസ്മി. ജാതി സിസ്റ്റം കൊള്ളാം, താഴ്ന്ന ജാതിക്കാർക്ക് മേലനങ്ങാതെ കുടിവെള്ളം കിണറ്റിൽ നിന്നു കിട്ടും. ബ്രാഹ്മണർ കോരിക്കൊടുക്കും. അതങ്ങനല്ല എന്ന് രാഘു തിരുത്തി. രാവിലെ ആറിനും എട്ടിനും ഇടയിൽ വന്നാലേ വെള്ളം കിട്ടൂ, അതും ആരെങ്കിലും വെള്ളം കോരിക്കൊടുക്കാൻ സന്നദ്ധരായി ഉണ്ടെങ്കിൽ മാത്രം. എട്ടുമണിക്കുള്ളിൽ ഏതെങ്കിലും വീട്ടുകാർക്ക് വെള്ളമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ആ ദിവസം വെള്ളം കിട്ടില്ല, എങ്ങനുണ്ട്?

എന്നാൽ പിന്നെ ഇപ്പറഞ്ഞ എല്ലാ വീട്ടുകാരെയും ഹോമം നടത്തി ബ്രാഹ്മണരാക്കിക്കൂടേയെന്ന് സുസ്മി. അവർക്ക് യഥേഷ്ടം വെള്ളവും കിട്ടും രാഘുവിന്റെ വീട്ടുകാർക്ക് വെള്ളം കോരിക്കൊടുക്കൽ ഒഴിവാക്കുകയും ചെയ്യാം. അവരെ ബ്രാഹ്മണരാക്കിയാൽ വയലിലാരു പണിയെടുക്കുമെന്ന് രാഘു. അതു കറക്റ്റ് പോയിന്റെന്ന് സുസ്മി, എന്നിട്ട് നെഞ്ചുവിരിച്ചു നിന്ന് വലത്തെ കൈ ഇടതു നെഞ്ചിൽ തട്ടി പറയുകയാണ്, നീ കേരളത്തിൽ വാടാ രാഘു, പുരോഗമനമെന്താണെന്ന് ഞാൻ കാണിച്ചു തരാം. എന്തു പുരോഗമനം, ഓരോ നാട്ടിലും കാണും എന്തെങ്കിലുമൊക്കെ ദുരാചരാങ്ങൾ എന്നു തർക്കിച്ചു നോക്കി രാഘു. കേരളത്തിൽ വന്ന് പുരോഗമനം കണ്ട് നാണിക്കാൻ ഭയക്കുന്നതു കൊണ്ടാണ് രാഘു തർക്കിക്കുന്നതെന്ന് പൊട്ടിച്ചിരിച്ച സുസ്മി ഒരുവട്ടം കൂടി കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ഇത്തവണ ക്ഷണം സ്വീകരിച്ച രാഘു ഒട്ടും സമയം കളയാതെ തന്നെ കുളിക്കാത്ത സുസ്മിയിലൂടെ കേരളത്തിന്റെ ചൂടും ചൂരുമെല്ലാം ഒപ്പിയെടുത്തു, ഒറിജിനൽ കേരളം കാണാൻ വീണ്ടും രണ്ടാഴ്ചയെടുത്തെങ്കിലും.

സുസ്മിയുടെ അച്ഛന്റെ അമ്മയുടെ അമ്മ നൂറാം വയസിൽ ചരമമടഞ്ഞതിനാൽ നേരത്തെ പ്ലാൻ ചെയ്ത, നാട്ടിൽ വച്ചുള്ള റിസപ്ഷൻ വേണ്ടന്നു വയ്ക്കേണ്ടി വന്നു. സുസ്മിയ്ക്ക് സത്യത്തിൽ അതൊരു ആശ്വാസമായി. നാടു വിട്ട് ബാംഗ്ലൂർ സ്ഥിരതാമസമാക്കിയിട്ട് പതിനഞ്ചുവർഷമായി, സുസ്മിയ്ക്കിന്ന് നാട്ടിൽ പറയത്തക്ക സുഹൃത്തുക്കളൊന്നുമില്ല. പിന്നെ ഏസീ ബസ് ഉണ്ടായിട്ടും കുശുമ്പുകാരണം കല്യാണത്തിനു വരാത്ത കുറച്ചു ബന്ധുക്കൾക്കു വേണ്ടി എന്തിന് കാശും സമയവും പൊടിക്കണം? അങ്ങനെ വരാതിരുന്നവർക്ക്, പോയി വന്നവർ പറഞ്ഞ വിശേഷങ്ങൾ കേട്ട് ആകെ സങ്കടമായി. ഫേസ്ബുക്കിലിട്ട കല്യാണഫോട്ടോകൾ കണ്ടപ്പോഴാണ് തങ്ങൾ കരുതിയിരുന്നതു പോലെ ഏതോ ഒരു കന്നഡക്കാരനല്ല സുസ്മിയുടെ ഭർത്താവ് എന്ന കാര്യം പലർക്കും മനസിലായത്. പോട്ട്, കല്യാണം കൊണ്ട് ചടങ്ങുകളൊന്നും തീരണില്ലല്ല്, പ്രസവോം പേരിടീലും എല്ലാം കാണുവല്ല്, അപ്പ പോകാം, എന്ന് ആശ്വസിച്ചവർ ധാരാളമുണ്ട്.

അങ്ങനെ കല്യാണം കഴിഞ്ഞ് ഇരുപതു ദിവസത്തിനുശേഷം കേരളത്തിന്റെ മിനിയേച്ചർ ആയ സുസ്മിയുടെ ശരീരമാകെ പലവട്ടം ചുറ്റിക്കറങ്ങിക്കണ്ട രാഘു യഥാർത്ഥകേരളം കാണാൻ ആദ്യമായി എത്തുകയാണ്. ബന്ധുക്കളുടെ വീടുകളിൽ പോവുന്നതിന് സുസ്മിയ്ക്ക് സത്യത്തിൽ ഇപ്പോൾ ഒരു ഗൈഡിന്റെ സഹായം കൂടിയേ തീരൂ എന്നായിട്ടുണ്ട്. കാരണം, ഇത് അപ്പച്ചിയുടെ നാത്തൂന്റെ മകന്റെ ഭാര്യയുടെ ജ്യേഷ്ഠന്റെ എന്നു തുടങ്ങുന്ന ബന്ധം പറച്ചിലുകൾക്കിടയിൽ, ഉവ്വ് ഓർമ്മയുണ്ട് എന്ന് യഥാസമയങ്ങളിൽ വിട്ടുപോവാതെ പറയുന്നതിനുള്ള സാമർഥ്യമുണ്ടല്ലോ, അത് മറ്റുപലകാര്യങ്ങളിലും മിടുക്കിയാണെങ്കിലും സുസ്മിയ്ക്ക് വശപ്പെടുത്താനാവാത്ത കഴിവാണ്. അതുകൊണ്ട് ഒരു സഹായത്തിന് അമ്മയേയും കൂട്ടിയാണ് ഇരുവരുടേയും വരവ്.

ചേർത്തല അപ്പച്ചിയുടെ വീട്ടിലായിരുന്നു കേരളത്തിൽ വന്നശേഷമുള്ള രാഘുവിന്റേയും സുസ്മിയുടേയും ആദ്യരാത്രി. അപ്പച്ചിയുടെ വീട് രാഘുവിനെ ശരിക്കും അമ്പരപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവും രണ്ട് ആൺമക്കളും ഗൾഫിലാണ്. അത്യുജ്വലമായ വീട്, പുൽത്തകിടി, കിളിക്കൂട്, പട്ടിക്കൂടും വലിയൊരു കടിയൻ പട്ടിയും, കാർപോർച്ചിൽ ഭംഗിക്ക് ബിഎംഡബ്ലിയുവും മുറ്റത്ത് സമീപപ്രദേശങ്ങളിൽ പോവാനായി വാഗണാറും. ഇങ്ങനൊരു വീട് ഉടുപ്പി ജില്ലയിലുണ്ടോ എന്നായിരുന്നു സുസ്മിയുടെ ചോദ്യം. രാഘുവിന്റെ വീട്ടിൽ തലകുനിക്കാതെ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്കു പോവാനാവില്ലായിരുന്നു, ഉയരം കുറഞ്ഞ കട്ടിളകളായിരുന്നു രാഘുവിന്റെ വീട്ടിൽ മാത്രമല്ല, സുസ്മി സന്ദർശിച്ച മിക്കവാറും എല്ലാ ബന്ധുക്കളുടെ വീട്ടിലും. അപ്പച്ചിയുടെ വീട്ടിലാവട്ടെ, തൊടാൻ പോയിട്ട് കേടായ ബൾബ് മാറ്റിയിടണമെങ്കിൽ ഏണി വച്ചു കയറേണ്ട സാഹചര്യമുള്ള തരത്തിൽ ഉയരത്തിലായിരുന്നു ഉത്തരം. ചുമ്മാതല്ല ഞങ്ങൾ മലയാളികൾക്ക് തലയുയർത്തി നടക്കാൻ കഴിയുന്നതെന്ന് സുസ്മി ഉപന്യസിച്ചപ്പോൾ താനും ഇപ്പോൾ മലയാളിയല്ലേ എന്ന് കെറുവിച്ചുകളഞ്ഞു രാഘു. രാഘു സ്വയം മലയാളി എന്ന് വിശേഷിപ്പിച്ചതു കേട്ട അത്യാഹ്ലാദത്തിൽ സുസ്മി കൊടുത്ത ചുംബനസമ്മാനം അവിടെ ഒതുങ്ങിയില്ല. അപ്പച്ചിയും അമ്മയുമൊക്കെ ഊണിന് കുറെ കാത്തിരിക്കേണ്ടി വന്നു. പിന്നെ മുറിയിൽ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും കുട്ടികൾ യാത്രാക്ഷീണത്തിലായിരിക്കും, നമുക്കു കഴിച്ചാലോ എന്നു സമാധാനം പറഞ്ഞ് ബന്ധുജനങ്ങൾ ഊണു കഴിക്കുകയായിരുന്നു.  

കേരള എന്നതിനു പകരം കേരളം എന്നും മല്യാളി എന്നതിനു പകരം മലയാളി എന്നും പറയാൻ നോക്കുകയായിരുന്നു അങ്കം കഴിഞ്ഞ ചേകവരായ രാഘു. അങ്കവും കേരളത്തിലെ ചൂടും ചേർന്നപ്പോൾ നന്നായി ക്ഷീണിച്ചവശയായ സുസ്മി, നിനക്ക് നാക്ക് ശരിക്ക് ഉപയോഗിക്കാനറിയില്ലടാ രാഘു, ഞാൻ പഠിപ്പിക്കാം, എന്നു പറഞ്ഞതും രാഘു ഞെട്ടി, ങേ ! 
പറയെടാ, മഴ, വഴി, കുഴി, പറയാൻ പറ്റുമോന്ന് നോക്ക്, എന്ന് സുസ്മി പാതിയുറക്കത്തിലാണോ പറഞ്ഞതെന്ന കാര്യം ഒരുപക്ഷെ രാഘുവിന് മരിക്കും വരെ  ദൂരീകരിക്കാനാവാത്ത സംശയമായി നിലനിൽക്കാനിടയുണ്ട്.

ഊണിനു വേണ്ടി താഴെ ഇറങ്ങി വന്നപ്പോഴാണ് രസം, രാഘുവിനുവേണ്ടി പ്രത്യേകം പുതിയ പ്ലേറ്റ് വാങ്ങിയിട്ടുണ്ട്. മത്സ്യമാംസാദികൾ തൊട്ടശുദ്ധമാക്കാത്ത ഫ്രെഷ് പ്ലേറ്റ് ! മോളിനി എർച്ചീം മീനുമൊന്നും തിന്നണ്ട എന്ന അപ്പച്ചിയുടെ ഉപദേശം സുസ്മിയ്ക്ക് വിഷമമുണ്ടാക്കിയില്ല, പക്ഷെ തിന്നണ്ട എന്നു പറഞ്ഞതിന്റെ കാരണമാണ് സഹിക്കാൻ പറ്റാതെ പോയത്: ഹോമം നടത്തി ബ്രാഹ്മണസ്ത്രീയായില്ലേ, പാപമുണ്ടാവുമത്രേ !

രാഘു ചിരിച്ചുകൊണ്ടാണ് അപ്പച്ചിയോടു പറഞ്ഞത്, ഇപ്പോൾ വീട്ടിൽ പാകം ചെയ്യാറില്ലെങ്കിലും ധാരാളം ബ്രാഹ്മിൺസ് ഇറച്ചീം മീനുമൊക്കെ കഴിക്കാറുണ്ടെന്നും വർഷത്തിലൊരിക്കൽ പ്രത്യേക ഹോമം നടത്തി അങ്ങനെ കഴിച്ചതുമൂലമുള്ള പാപങ്ങളിൽ നിന്ന് മോചിതരാവാറുണ്ടെന്നും. എങ്കിൽ അങ്ങനെ വർഷത്തിലൊരിക്കൽ മോചിതരാവാറുള്ള ഹോമം തീർച്ചയായും നടത്തണമെന്ന് അപ്പച്ചി സുസ്മിയെ ഉപദേശിച്ചു. പിന്നെ, നല്ല ബുദ്ധി തോന്നി കന്നഡക്കാരനെങ്കിലും ബ്രാഹ്മണനായ ഒരു സാത്വികനെ വിവാഹം കഴിച്ച സുസ്മിയെ അഭിനന്ദിച്ചും പ്രേമവിവാഹം നടത്തിയ, അപ്പച്ചിയുടെ നാത്തൂന്റെ മകളെ ശപിച്ചും അപ്പച്ചി ഒരു പ്രസംഗം കാച്ചി.

അപ്പച്ചിയുടെ നാത്തൂന്റെ കുടുംബക്കാർ ആകെ ക്ഷയിച്ചു പോയത്രെ. ക്ഷയം എന്നതുകൊണ്ട് എന്താണ് അപ്പച്ചി ഉദ്ദേശിച്ചതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും ഒരുമാതിരി നന്നായി മലയാളം മനസിലാവുന്ന രാഘു എന്തുവിചാരിക്കും എന്നൊരാശങ്ക സുസ്മിയുടെ ഉള്ളിൽ നൂണുകടന്നിരുന്നു. നാത്തൂന്റെ ഭർത്താവ് ഹൃദയാഘാതം വന്നു മരിച്ചുപോയിരുന്നു. ശരി, ചെറിയ ക്ഷയം എന്നു പറയാം. മകൾ ഒരു ഈഴവയുവാവിനെ- ഡോക്ടറാണ്, അതും കാനഡയിൽ- വിവാഹം കഴിച്ചു. മകൻ ഐ എസ് ആർ ഒയിൽ സയന്റിസ്റ്റാണ്, പക്ഷെ ഒരു പട്ടികജാതി യുവതിയെ –അതും സയന്റിസ്റ്റ്- വിവാഹം കഴിച്ചു. തള്ള, ഈ നാത്തൂൻ, പഞ്ചായത്തുമെമ്പറാണ്, അപ്പോൾ നാനാവിധ ജാതിമതസ്ഥർ വീട്ടിൽ കയറിയിറങ്ങൽ പതിവാണ്. ഇതാണ് ക്ഷയം ! ഇനി ഈ ക്ഷയം കൊണ്ട് അപ്പച്ചിക്കുണ്ടായ ദോഷമോ, വളരെ സങ്കടകരമാണ്- മകനും മരുമകളും നാട്ടിൽ വരുന്ന അവസരങ്ങളിൽ മരുമകൾ പുലർച്ചയ്ക്കു തന്നെ എഴുന്നേറ്റ് നടക്കാൻ പോകുമത്രെ. അപ്പച്ചി ക്ഷേത്രദർശനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് മരുമകൾ നടക്കാനായി അവരുടെ വീട്ടിൽ നിന്നിറങ്ങുന്നത്- അപ്പച്ചിയുടെ വീടിന് എതിർവശത്താണ് നാത്തുന്റെ വീട്- കുളിക്കുകയും പിടിക്കുകയും ചെയ്യാത്ത ഒരു പട്ടികജാതിക്കാരിയെ കണികണ്ട് പല അത്യാഹിതങ്ങളും സംഭവിച്ചിട്ടുണ്ടത്രെ !

വലിയ വീടുവെച്ചാൽ നെഞ്ചുവിരിച്ചു നടക്കാമെന്നു മാത്രമല്ല, വലിയ മനസിനുടമയുമാവാം അല്ലേ എന്ന് രാഘു, ഉറങ്ങാൻ കിടക്കും നേരം ചോദിച്ചപ്പോൾ, അപ്പച്ചി പഴയ ആളായതു കൊണ്ടാണ് അങ്ങനെ എന്നു സുസ്മി പറഞ്ഞതിന് താൻ വീടിന്റെ കാര്യമാണു പറഞ്ഞത് നീയെന്തിന് ഓരോ കാര്യങ്ങൾ ഊഹിക്കുന്നു എന്നു രാഘു പറഞ്ഞെങ്കിലും സുസ്മിക്ക് ഉള്ളിൽ കൊത്തിവലിക്കുന്ന ഒരു വേദന അനുഭവപ്പെട്ടു.

അമ്മാവന്റെ വീട്ടിലേയ്ക്കായിരുന്നു രണ്ടാം ദിനം. അപ്പച്ചിയുടേതു പോലെ ഘടാഘടിയൻ അല്ലെങ്കിലും ഉടുപ്പിയുമായി തട്ടിച്ചുനോക്കിയാൽ ഒരു ബംഗ്ലാവു തന്നെ. അമ്മാവൻ ഗൾഫിലൊന്നും പോയിട്ടില്ല, നാട്ടിൽ തന്നെ ചില്ലറ ബിസിനസുകൾ, ഡ്രൈവിംഗ് സ്കൂൾ, ട്യൂട്ടോറിയൽ, ഇതൊക്കെയായിരുന്നു പരിപാടി. ഇപ്പോൾ അതെല്ലാം വിട്ടിട്ട് വർഷങ്ങളായി അമ്പലം കമ്മിറ്റിയുടെ തലപ്പത്താണ്. കൂടാതെ നാലു വർഷമായി അമ്പലത്തിന്റെ കീഴിൽ തുടങ്ങിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിന്റെ ചെയർമാനുമാണ്.

കല്യാണത്തിനു വരാതിരുന്ന അമ്മാവൻ ഭക്ഷണം കഴിക്കുകയായിരുന്നു. രാഘുവിനെ കണ്ടയുടനെ എഴുന്നേറ്റു ചെന്നു സ്വീകരിച്ചിട്ട് ഏതു ഭാഷയിൽ സംസാരിക്കണമെന്ന ശങ്കയിൽ ഒന്നു തപ്പിത്തടഞ്ഞു. മലയാളത്തിൽ മതിയെന്നും മലയാളം തനിക്കു മനസിലാവുമെന്നും പക്ഷെ മറുപടി താൻ ഇംഗ്ലീഷിൽ പറഞ്ഞുകൊള്ളാമെന്നും അടുത്ത വരവിന് നന്നായി മലയാളം പറയാനായി സുസ്മി തന്നെ സഹായിക്കുമെന്നും രാഘു പറഞ്ഞതു കേട്ട് അമ്മാവൻ വളരെ സന്തോഷിച്ചു.
ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് അമ്പലത്തിലേയ്ക്കിറങ്ങിയത്. കർണ്ണാടകത്തിലെ അമ്പലങ്ങളിൽ ബ്രാഹ്മണർ തന്നെയാണു പൂജാരിമാർ എന്നാൽ കേരളത്തിൽ എല്ലാ ജാതിക്കാരും പൂജാരിമാരായുണ്ട് എന്നു താൻ പറഞ്ഞത് രാഘു പണ്ട് വിശ്വസിക്കാതിരുന്നത് അമ്മാവനെക്കൊണ്ട് പറയിപ്പിച്ച് രാഘുവിനു വിശ്വാസമാക്കിക്കൊടുക്കാൻ സുസ്മി തീരുമാനിച്ചു. അതുപ്രകാരം ചോദിച്ചപ്പോൾ അമ്മാവന്റെ മറുപടി വിചിത്രമായിരുന്നു. ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ ഏതു ജാതിക്കാരും പൂജാരിമാരായി വരാമെങ്കിലും അമ്മാവൻ നേതൃത്വം കൊടുക്കുന്ന അമ്പലത്തിൽ നായന്മാർ പോലുമല്ല, നല്ല ഒറിജിനൽ ബ്രാഹ്മണർ തന്നെയാണത്രെ പൂജാരിമാർ. ഓരോ കാര്യത്തിനും ഓരോ ആൾക്കാരുണ്ട്, നമ്മൾ പോയി മുടി വെട്ടിയാൽ ശരിയാവുമോ, അതിന് അമ്പട്ടൻ തന്നെ വേണം. അപ്പോൾ അമ്പട്ടന്റെ ജോലി അമ്പട്ടനും ബ്രാഹ്മണന്റെ ജോലി ബ്രാഹ്മണനും ചെയ്യണം.

പിന്നെ ഒരു ഓഫറും അമ്മാവൻ രാഘുവിനു കൊടുത്തു. രാഘു ഉടുപ്പിയിൽ നിന്നാണല്ലോ, അപ്പോൾ മാസത്തിലൊരിക്കലോ മറ്റോ, ഒരു വെള്ളിയാഴ്ചയോ മറ്റോ, ബാംഗ്ലൂരിൽ നിന്ന് ഫ്ലൈറ്റിൽ വന്ന് ഒരു സ്പെഷ്യൽ പൂജ നടത്തിക്കൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചു കൂടെ എന്നായിരുന്നു ഓഫർ. ഉടുപ്പി അടുത്താണല്ലോ കൊല്ലൂർ. അപ്പോൾ കൊല്ലൂരു നിന്നുള്ള ഒരു ബ്രാഹ്മണപൂജാരിയുടെ സ്പെഷ്യൽ പൂജ എന്നു പരസ്യം ചെയ്താൽ നല്ല നടവരുമാനം കിട്ടും, ബുക്കിംഗാണ് രക്ഷയില്ല എന്നൊക്കെ പറഞ്ഞാൽ ഡിമാൻഡ് കൂടും, വരുമാനത്തിന്റെ നല്ലൊരു ഭാഗം രാഘുവിനുള്ളതായിരിക്കും.

വേണ്ടെന്നു വെക്കാനാവാത്ത ഓഫറിൽ നിന്ന് രാഘു രക്ഷപെട്ടതാണോ സത്യം പറഞ്ഞതാണോ എന്ന് സുസ്മിയ്ക്ക് സംശയമായി. ഓഫർ സ്വീകരിക്കാനാവാത്തതിന് ‘റണ്ടു കാര്യ ഉണ്ടു’ എന്ന് കന്നഡ കലർന്ന മലയാളത്തിൽ തന്നെ രാഘു പറഞ്ഞു. ഒന്നാമതായി കേരളത്തിൽ തന്ത്രരീതിയിലാണ് പൂജകൾ നടത്തുന്നത്, കർണ്ണാടകത്തിൽ മന്ത്രത്തിനാണു പ്രാധാന്യം. മന്ത്രരീതിയിലുള്ള പൂജയേ തനിക്കു വശമുള്ളൂ. രണ്ടാമതായി താൻ വൈഷ്ണവനാണ്, ദേവിയെ പൂജിക്കാറുമില്ല, ആരാധിക്കാറുമില്ല. എന്നിരുന്നാലും താൻ ഒരു ദേവിയെ ആരാധിക്കാറുണ്ടെന്നു രാഘു പറഞ്ഞപ്പോൾ അതാരെന്നു ചോദിച്ച അമ്മാവന് അത് സുസ്മിയാണെന്നു പറഞ്ഞ രാഘുവിന്റെ തമാശ ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാലും ഒന്നു ചിന്തിച്ചു കൂടെ, പണം കിട്ടുന്ന കാര്യമല്ലേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ വിശ്വാസത്തിന്റെ കാര്യമാണ് നിർബന്ധിക്കരുത് എന്നുപറഞ്ഞ് രാഘു ഒഴിഞ്ഞു.

അമ്മാവന്റെ ഓഫറും തലേന്നത്തെ അപ്പച്ചിയുടെ പരാതികളും ഉള്ളിൽ നിറഞ്ഞ ദേഷ്യത്തിൽ ഇങ്ങനെയാണോ ഭക്തന്മാർ ദേവിയെ ആരാധിക്കുന്നതെന്ന് രാത്രി സുസ്മി ചോദിച്ചപ്പോൾ എന്നാൽ വേറൊരു പൊസിഷനിൽ ആവട്ടെ ഇന്നത്തെ ആരാധനഎന്നു പറഞ്ഞ് രാഘു അർദ്ധരാത്യാർച്ചന കിടിലമാക്കി.

എല്ലാം കൊണ്ടും പാതിരാത്രിയിൽ സുസ്മി തീർത്തും അവശയായിരുന്നു. ഫാനിൽ നിന്നു ചുടുകാറ്റു വന്നിട്ടും രാഘുവാകട്ടെ സുഖനിദ്രയിൽ. കേരളത്തിലെ ചൂട് സഹിക്കാനാവാത്ത മലയാളിയായ താൻ എന്തോന്നു മലയാളി എന്ന് ഇടയ്ക്ക് സുസ്മിയ്ക്ക് തോന്നിപ്പോയി. ഇതിപ്പോൾ പുറത്തെ ചൂടു മാത്രമല്ല, മറ്റെന്തോ ഒക്കെയുണ്ട്, എന്താണെന്ന് മനസിലാവാത്ത പലതും. പക്ഷേ രാഘുവിന്റെ സാമീപ്യം നല്ലൊരു കുളിർകാറ്റല്ല, ഒരു ചെറുമഴ തന്നെയാണെന്നു പോലും സുസ്മിയ്ക്കു തോന്നി. രാഘൂ എന്റെ രാഘൂ, രാഘൂ എന്റെ രാഘൂ ഒന്നും രണ്ടുമല്ല, അനവധി നിരവധി ആവൃത്തി ഈ മൂന്നു വാക്കുകൾ ലാപ്ടോപ്പിൽ വേഡ് ഓപൺ ചെയ്ത് അടിച്ചിട്ടു. ഒടുവിൽ സ്ക്രീൻ നിറയെ രാഘൂ എന്റെ രാഘൂ

കേരളാ ട്രിപ്പിനു പോയിട്ട് സുസ്മി ഏറ്റവുമധികം ചമ്മിയ ഒരു കാര്യം കൂടി പറഞ്ഞിട്ടു നിറുത്താം. പിറ്റേന്നു രാവിലത്തെ കാര്യമാണ്. പ്രാതൽ സുസ്മിയുടെ അമ്മയുടെ അനുജനായ ബോസ്മാമന്റെ വീട്ടിൽ വെച്ചായിരുന്നു. സുസ്മിയും രാഘുവും ചെല്ലുന്നതു പ്രമാണിച്ച് മികച്ച പാചകക്കാരിയായ ബോസ്മാമന്റെ മാമി ധാരാളം വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇതിനോടകം രാഘു ശുദ്ധസസ്യാഹാരിയാണെന്ന കാര്യം പരസ്യമാക്കപ്പെട്ടിരുന്നതിനാൽ ബോസ്മാമന്റെ വീട്ടിൽ അത്തരത്തിലുള്ള പലഹാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഘു ഓരോന്നായി രുചിച്ചു നോക്കി ആസ്വദിച്ചു കഴിച്ച് കൊള്ളാം കൊള്ളാം എന്ന് അഭിപ്രായം പറഞ്ഞത് മാമിക്ക് വളരെ ഇഷ്ടപ്പെട്ടു.
രാഘു അടുത്ത ഊഴത്തിൽ കൈവെച്ചത് ഒറ്റനോട്ടത്തിൽ ലഡുവെന്നു തോന്നിക്കുന്ന ഒരു പലഹാരത്തിലായിരുന്നു. കയ്യിലെടുത്താൽ പൊടിഞ്ഞുപോകാവുന്ന തരത്തിലുള്ള ആ വിഭവം രാഘു വളരെ സൂക്ഷിച്ചെടുത്ത് ലോലമായി കടിച്ചു. പൊടിഞ്ഞില്ല. മാമിയുടെ മുഖത്ത് ചിരി വിടർന്നു. രാഘു അല്പം ബലത്തിൽ കടിച്ചു. പൊടിഞ്ഞില്ല. ഇനിയും ബലത്തിൽ. ഇല്ല, പൊടിഞ്ഞില്ല. ഇനിയും, ഇനിയും ബലത്തിൽ. ഇല്ല, ഒരു രക്ഷയുമില്ല.

രാഘു പരാജിതനായി ‘ലഡു’ താഴത്തു വച്ചു.

ചിരിച്ചുകൊണ്ട് മാമി പറഞ്ഞു, അത് അവലോസിന്റെ ഒരു വകഭേദമാണെത്രെ, കടിച്ചു പൊട്ടിക്കാൻ കഴിയില്ല, ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ച് വായിലിട്ട് അലിയിച്ചു കഴിക്കണം. മാമി ഈ പലഹാരം കൊടുത്ത് പലരേയും പറ്റിച്ചിട്ടുണ്ടത്രെ. ലഡുവിന്റെ ലുക്കിനുവേണ്ടി ചേർത്ത ഉണക്കമുന്തിരീം കളറും വലിപ്പോം ഒക്കെ കാണുമ്പൊ ഏതോ പുതുപുത്തൻ പലഹാരമാണെന്ന് കരുതിപ്പോവും, പക്ഷേ ശരിക്കും ഇതു പഴയ അവലോസാണെന്ന് കടിച്ചു നോക്കുമ്പോഴേ മനസിലാവൂ, മാമി വിശദീകരിച്ചു.

ഇതുകേട്ട്, ഐഡിയൽ സ്റ്റഫ് ഫൊർ മലയാളീസ് എന്ന് രാഘു പറഞ്ഞത് അവലോസുണ്ടയെക്കുറിച്ചു മാത്രമാണെന്നും മറ്റൊന്നും ഉദ്ദേശിച്ചല്ല എന്നും വിശ്വസിക്കാനാണ് സുസ്മി പരിശ്രമിച്ചതും  പക്ഷേ ഒട്ടും വിജയിക്കാതെ പോയതും !


********************                  ***********************                          ****************************

Monday, April 18, 2016

സുമുഖാ...സുന്ദരേശാ...ചതിയന്മാരെന്നാൽ പഴയസിനിമയിലൊക്കെ കാണുന്നതു പോലെ മുഖത്തുകറുത്തപുള്ളിയും കൊമ്പൻ മീശയും ഒറ്റനോട്ടത്തിൽ തന്നെ കള്ളനെന്നു പറയിപ്പിക്കുന്ന ലക്ഷണവുമൊക്കെയുണ്ടാവുമെന്നായിരുന്നു സിനിമ കണ്ടിട്ട് വർഷങ്ങളായ ദാമോദരൻ ചേട്ടന്റെ ധാരണ. എന്നാൽ പുതിയ സിനിമയൊന്നും കാണാതെ തന്നെ ചേട്ടന്റെ ആ ധാരണ മാറിയതിനെക്കുറിച്ചാണ് ഈ കഥ.
ഞാൻ ജോലി ചെയ്യുന്ന ബാങ്ക് ശാഖയുടെ സമീപത്തു തന്നെയാണ് ദാമോദരൻ ചേട്ടന്റെ ശ്രീലക്ഷ്മി വെജിറ്റേറിയൻ ഹോട്ടൽ. മികച്ച വെജിറ്റേറിയൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന്റെ പേരിൽ ഒരു ചാനലിൽ ആ ഹോട്ടലിനെക്കുറിച്ച് പരിപാടിപോലും വന്നിട്ടുണ്ട്. ആ പരിപാടിവന്നതിൽ പിന്നെ മറ്റു സ്ഥലങ്ങളിൽ നിന്നു പോലും ഹോട്ടലിൽ ആളുകൾ എത്താറുമുണ്ട്.
അങ്ങനെ ഒരു ദിവസം ഒരു സുമുഖൻ രാവിലെ ചായ കുടിയ്ക്കാനെത്തി. ദൂരസ്ഥലത്തുനിന്ന് എത്തിയതാണെന്നാണ് പരിചയപ്പെടുത്തിയത്. പേരു സുന്ദരേശൻ. എന്തോ ബിസിനസ് ആവശ്യത്തിന് എത്തിയതാണത്രെ. ഉച്ചയ്ക്കത്തെ സ്പെഷ്യൻ കഞ്ഞിയ്ക്കും സുന്ദരേശൻ എത്തി. അങ്ങനെ പരിചയമായി.
പിറ്റേന്ന്  രാവിലെ പുട്ടും കടലയും കഴിച്ച്, കടലക്കറിയുടെ സ്വാദിന്റെ രസക്കൂട്ടൊക്കെ ചോദിച്ചറിഞ്ഞ്, ഒരല്പം സൊറ പറഞ്ഞശേഷം ഉച്ചയ്ക്കു കാണാമെന്നു പറഞ്ഞ് സുന്ദരേശൻ എതിർവശത്തെ എ ടി എമ്മിലേയ്ക്കു പോയി. രണ്ടു നിമിഷം കഴിഞ്ഞില്ല, ഒരല്പം വിയർത്ത്, ആശങ്കയോടെ സുന്ദരേശൻ ധിറുതിയിൽ ദാമോദരൻ ചേട്ടന്റെ അടുത്തേയ്ക്കെത്തി. കയ്യിൽ എടിഎം കാർഡ് എടുത്തു പിടിച്ചിട്ടുണ്ടായിരുന്നു.
ദാമോദരൻ ചേട്ടൻ ബാങ്കിലേയ്ക്കടയ്ക്കാൻ പണം അടുക്കി സ്ലിപ് എഴുതി തയ്യാറാക്കുകയായിരുന്നു.
സുന്ദരേശന് അത്യാവശ്യമായി ഇരുപത്തയ്യായിരം രൂപ വേണമത്രെ. അക്കൗണ്ടിൽ പണമുണ്ട്, പക്ഷേ ദാ കണ്ടില്ലേ, എടിഎം കാർഡിന്റെ മാഗ്നെറ്റിക് സ്ട്രിപ് ഇളകിവന്നതുകാരണം ഉപയോഗിക്കാൻ ആവുന്നില്ല.
‘എന്റെ കയ്യിൽ ഇത്ര വലിയ സംഖ്യ ഇല്ല സാറേ, എടുക്കാൻ.’ ദാമോദരൻ ചേട്ടന് ഒരു ചതി മണത്തു. പണം പിന്നെ തരാം എന്നു പറഞ്ഞ് കടം വാങ്ങിപ്പോവും, പിന്നെ മഷിയിട്ടാൽ പോലും കാണാൻ കിട്ടില്ല.
‘അയ്യോ, ചേട്ടാ എനിക്ക് കടം തരണ്ട,’ സുന്ദരേശൻ കൈകൂപ്പി. ‘എന്നെ ഒരു പരിചയവുമില്ലാത്ത ചേട്ടനോട് ഞാനെങ്ങനെയാ കടം ചോദിക്കുക ?
പിന്നെ എന്തുസഹായമാണ് എന്നു ചോദിച്ചപ്പോഴാണ് സുന്ദരേശൻ പറഞ്ഞത്. ദാമോദരൻ ചേട്ടൻ തന്റെ അക്കൗണ്ട് നമ്പർ പറയുക. സുന്ദരേശൻ ആ നമ്പർ തന്റെ ഓഫീസിൽ വിളിച്ചു പറയും.  അക്കൗണ്ടിലേയ്ക്ക് പത്തു മിനിറ്റിനകം പണമെത്തും. ആ പണം ദാമോദരൻ ചേട്ടൻ സ്വന്തം എടിഎം കാർഡുപയോഗിച്ച് എടുത്തു കൊടുത്താൽ മതി.
ഇത്രേ ഉള്ളൂ ? ഇതിലെന്തു ചതി ! ദാമോദരൻ ചേട്ടൻ അക്കൗണ്ട് നമ്പറും ഐ എഫ് എസ് സിയും കൊടുത്തു. പതിനഞ്ചു മിനിറ്റിനകം അക്കൗണ്ടിൽ പണമെത്തിയെന്ന എസ് എം എസ് ചേട്ടന്റെ മൊബൈലിൽ വന്നു. ദാമോദരൻ ചേട്ടൻ എടിഎമ്മിൽ പോവാൻ നിന്നില്ല, ബാങ്കിലടയ്ക്കാൻ വച്ചതും ചേർത്ത് ഇരുപത്തയ്യായിരം രൂപ റൊക്കം സുന്ദരേശനു കൊടുത്തു. നൂറു നന്ദി പറഞ്ഞ് സുന്ദരേശൻ മടങ്ങി.
സുന്ദരേശനെ ഒരു ചതിയൻ എന്ന് കുറച്ചുനേരത്തേയ്ക്കെങ്കിലും കരുതിപ്പോയല്ലോ എന്നൊരു കുറ്റബോധം ദാമോദരൻ ചേട്ടന്റെ തലയ്ക്കു മുകളിൽ റാകിപ്പറന്നു.
അതങ്ങനെ കഴിഞ്ഞു. തുടർന്ന് അടുപ്പിലെ ദോശക്കല്ലിലൂടെ ധാരാളം മസാലദോശകൾ മൊരിഞ്ഞും മറിഞ്ഞും പോയി.  ദിവസങ്ങൾക്കു ശേഷം ദാമോദരൻ ചേട്ടന് ഒരു ഫോൺ വിളി, പോലീസ് സ്റ്റേഷനിൽ നിന്നാണ്. ഉടനെ ചെല്ലണമത്രെ. ഇടയ്ക്കെല്ലാം പോലീസ് സ്റ്റേഷനിൽ നിന്ന് പാർസലിന് ഓർഡർ വരുന്ന കാര്യമോർത്ത് ഏത് ഐറ്റമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ  തന്നെത്തന്നെയാണ് വേണ്ടതെന്ന് സ്വരം കടുപ്പിച്ചു പോലീസുകാരൻ.
ഭയന്ന്, വിയർത്തൊട്ടി ഒരു കണക്കിന് സ്റ്റേഷനിൽ ചെന്നപ്പോഴാണ് കേൾക്കുന്നത്, വിസയൊപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് ഇരുപത്തയ്യായിരം രൂപ തട്ടിച്ചതിന് ചോദ്യം ചെയ്യാനാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത്. ഒരു തെക്കൻ ജില്ലക്കാരനാണ് ദാമോദരൻ ചേട്ടനെതിരെ പരാതി നൽകിയത്. വിസ നൽകാമെന്നു പറഞ്ഞ് അക്കൗണ്ടിൽ ഇരുപത്തയ്യായിരം രൂപ ഇടീച്ചത്രെ. പിന്നെ വിളിക്കുമ്പോഴൊക്കെ മൊബൈൽ സ്വിച്ച് ഓഫ്. അപ്പോൾ അക്കൗണ്ട് നമ്പർ കാണിച്ച് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ അക്കൗണ്ട് നമ്പർ വഴി ദാമോദരൻ ചേട്ടനെ കിട്ടി. ഉടനടി പൂട്ടുകയും ചെയ്തു.
ദാമോദരൻ ചേട്ടന്റെ അക്കൗണ്ട് ഞാൻ ജോലി ചെയ്യുന്ന ബാങ്കിലായിരുന്നതിനാൽ എന്നോടും പോലീസ് അന്വേഷിച്ചു. ഇതുപോലത്തെ തട്ടിപ്പു നടത്തുന്നവർ ഒരിക്കലും സ്വന്തം അക്കൗണ്ടുകൾ ഉപയോഗിക്കാറില്ല. കള്ളപ്പേരിൽ തുറന്ന അക്കൗണ്ട് നമ്പരാണ് തട്ടിപ്പുകാർ ഇരകൾക്ക് നൽകുന്നത്. പക്ഷെ തിരിച്ചറിയൽ രേഖകൾ സൂക്ഷ്മപരിശോധന നടത്തി ഇടപാടുകാരുടെ വിവരങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ബാങ്കുകൾ ഇപ്പോൾ അക്കൗണ്ടു തുറക്കൂ എന്ന കാരണത്താൽ തട്ടിപ്പുകാർക്ക് ഇപ്പോൾ കള്ളപ്പേരിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാറില്ല. അങ്ങനെ  പുതിയ വഴി തേടിയതാണ്. ഇക്കാര്യങ്ങൾ വളരെ വിശദമായി തന്നെ പോലീസിനു വ്യക്തമാക്കിക്കൊടുത്തു.
തന്റെ അക്കൗണ്ടിൽ ഇരുപത്തയ്യായിരം രൂപ അടച്ച വ്യക്തിയുമായി പരിചയമോ ബിസിനസ് ബന്ധമോ ഇല്ലാതിരുന്നതിനാൽ ദാമോദരൻ ചേട്ടന് പണം മടക്കിനൽകേണ്ടി വന്നു. സുന്ദരേശനെ എന്നെങ്കിലും അറസ്റ്റ് ചെയ്താൽ, അന്ന് സുന്ദരേശന്റെ കയ്യിൽ പണമുണ്ടായാൽ, നഷ്ടപ്പെട്ട ഇരുപത്തയ്യായിരം രൂപ മടക്കിക്കിട്ടുമെന്ന് പോലീസ് ദാമോദരൻ ചേട്ടനെ അറിയിച്ചു. പക്ഷെ അതിന് ചേട്ടന്റെ രേഖാമൂലമുള്ള പരാതി ആവശ്യമാണ്. ആവട്ടെ, ദാമേദരൻ ചേട്ടൻ രേഖാമൂലം തന്നെ പരാതി നൽകി.
അങ്ങനെ പ്രതിയായി സ്റ്റേഷനിൽ കയറിയ ദാമോദരൻ ചേട്ടൻ വാദിയായി പുറത്തിറങ്ങി. ഇന്നിപ്പോൾ, പുതിയ സിനിമയൊന്നും കാണാൻ തുടങ്ങിയിട്ടില്ലെങ്കിലും ചതിയന്മാരുടെ രൂപത്തെക്കുറിച്ച് ദാമോദരൻ ചേട്ടന് ഒരേകദേശ ധാരണയുണ്ട്, കണ്ടാൽ സുന്ദരേശനെ പോലിരിക്കും എന്നതുപോലത്തെ ഒരു ധാരണ.
സീക്രട്ട് പിൻ: പണം കടം കൊടുത്താൽ ചിലപ്പോൾ മടക്കിക്കിട്ടാതെ നഷ്ടമുണ്ടായേക്കാം, അത്രതന്നെ. പക്ഷേ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡ് നമ്പർ, പിൻ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കുക. കാരണം, ചതിക്കാനുദ്ദേശിക്കുന്നവർക്ക് നിങ്ങളുടെ ബാങ്ക് സംബന്ധമായ വിവരങ്ങൾ ലഭിച്ചാൽ പണനഷ്ടം മാത്രമല്ല, ചിലപ്പോൾ നിങ്ങൾക്ക് നിയമനടപടികൾ കൂടി നേരിടേണ്ടിവന്നേക്കാം എന്നോർക്കുക.

****                                          ****                                          ****                              ****

(മാതൃഭൂമി നഗരം, കൊച്ചി എഡിഷൻ- 18-04-2016)

Friday, October 2, 2015

ചുമരുകൾ


ചുമരുകള്‍ക്കു പോലും ചെവിയുള്ള കാലമാണ്. പഴയ കഥകളിലും സിനിമകളിലുമൊക്കെ പറയുന്നതു കേട്ടിട്ടില്ലേ? ചെവിമാത്രമല്ല കണ്ണുകളും ഹൃദയവുമൊക്കെയുണ്ടായിരുന്നു ബസ് സ്റ്റാന്റിനടുത്തുള്ള അത്ര മോശമല്ലാത്ത ആ ലോഡ്ജിലെ വടക്കേയറ്റത്തെ മുറിയുടെ ചുമരുകള്‍ക്ക്.    

മുകളിലെ ടാങ്ക് നിറഞ്ഞുകവിയുമ്പോഴെല്ലാം വിള്ളലില്‍ നേരിയ ഉറവ പടര്‍ത്തി നനയുമായിരുന്ന ഇടത്തേ ചുമരിന് സദാ ജലദോഷം പിടിച്ചതു പോലെയായിരുന്നു. മുറിയിൽ നടക്കുന്ന അനാശാസ്യങ്ങളിലെല്ലാം ആഭാസം നിറഞ്ഞ ആക്രാന്തത്തോടെ ചെവിയോര്‍ക്കുകയും നൊട്ടിനുണഞ്ഞ് കണ്ണുചിമ്മാതെ ആസ്വദിക്കുകയും ചെയ്യുമായിരുന്നു വലത്തേ ചുമർ.     
 

‘നാണമില്ലേ നിനക്ക്?’ ഇടത്തേ ചുമർ ചിലപ്പോൾ ഗുണദോഷിക്കും. ‘കണ്ണും ചെവിയുമടച്ചിരുന്നൂടേ?’

‘ഒന്നു പോടാപാ’, കുരുത്തം കെട്ട വലത്തേ ചുമർ കോക്രി കാണിക്കും.’കട്ടിലാരെങ്കിലും തിരിച്ചിട്ടാൽ നീയും ആസ്വദിച്ചു പോകും.       

കട്ടിലിന്റെ കിടപ്പും തന്റെ സ്വഭാവവുമായി ബന്ധമൊന്നുമില്ലെന്ന് ഇടത്തെചുമരിന് വ്യക്തമായി അറിയാമായിരുന്നു. കട്ടിലിൽ നടക്കുന്നതെന്തെന്ന് കേട്ടറിയാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കട്ടിലിന്റെ തലഭാഗത്തെ കൊത്തുപണികൾ ചെയ്ത വലിയ എടുപ്പും അതിനുമീതെ ചുറ്റി വച്ച കൊതുകുവലയും ഉള്ളിലെ ദൃശ്യങ്ങൾ മറച്ചുപിടിച്ചു. പക്ഷേ വലത്തേ ചുമരിന് എല്ലാം മറയില്ലാതെ കാണാമായിരുന്നു. ഉറങ്ങുമ്പോൾ മാത്രമാണ് അന്തേവാസികൾ കൊതുകുവല ഉപയോഗിച്ചത്. ചിലരൊക്കെ ലൈറ്റ് അണയ്ക്കുക പോലും ചെയ്യില്ലായിരുന്നു.

ചില ദിവസങ്ങളിൽ കട്ടിലിലെ പ്രവര്‍ത്തികൾ കണ്ട് വലത്തേ ചുമർ ആഹ്ലാദത്തോടെ അലറും. ഒരു ചെറു തുള്ളിച്ചാട്ടത്തിനു പോലും അവന്‍ തുനിയും. പുതിയ, എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ദിവസങ്ങളിലായിരിക്കും അതു കൂടുതലും.          
 

‘ചോര കാണണത് ഒരു പ്രത്യേക രസാണ്,’ വലത്തേ ചുമർ ചുണ്ടു നനയ്ക്കും.’ നിനക്കും കിളവനുമൊക്കെ അതു മനസ്സിലാവില്ലടാ’.   

വാതിലിനടുത്തെ ചുമരിനെയാണ് കിളവനെന്നു പറഞ്ഞത്. പണ്ടുണ്ടായിരുന്ന ലോഡ്ജ് പുതുക്കിയാണ് ഇന്നത്തെ, പുതിയ, പേരു മാറിയ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. വാതിലിനരികത്തെ ചുമരു മാത്രം അന്നു പൊളിച്ചു കളയാതെ നിലനിറുത്തി. ചെറുതായി വിള്ളലുകൾ വീണുതുടങ്ങിയ, കുമ്മായം പൂശിയ ആ ചുമരിന് കിളവന്‍ എന്ന പേരു ചേരുമെങ്കിലും അങ്ങനെ വിളിക്കാൻ ഇടത്തേ ചുമരിനു മടിയായിരുന്നു.
 

കിളവന്‍ ചുമർ സദാ വിഷാദഛായയിലായിരുന്നു. മനുഷ്യക്കിളവന്മാർ വടികുത്തി നടക്കുന്നതുപോലെ കിളവൻ ചുമരിന് ലോഡ്ജ് ഉടമ ഒരു താങ്ങു നല്‍കിയിരുന്നു; ബലമുള്ള ഒരു മര അലമാര. അലമാരയുടെ താങ്ങിൽ കിളവന്‍ ചുമർ പിടിച്ചുനിന്നു. പണ്ടത്തെ ലോഡ്ജ് മുറിയില്‍ നടന്നിരുന്ന സാഹിത്യ, രാഷ്ട്രീയ ചര്‍ച്ചകളെക്കുറിച്ചും മറ്റും കിളവൻ ചുമർ ഒരു തവണ പറഞ്ഞു തുടങ്ങിയതാണ്. വലത്തേ ചുമരിന്റെ ശകാരത്തിൽ നിശബ്ദനായി. പിന്നെ കിളവന്‍ ചുമർ വലിയ വര്‍ത്തമാനങ്ങള്‍ക്കു തുനിഞ്ഞിട്ടില്ല. വല്ലപ്പോഴും ഇടത്തേ ചുമർ എന്തെങ്കിലും ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയും. വലത്തേ ചുമരിന്റെ പരിഹാസങ്ങള്‍ക്ക് മൃദുലമായ ഒരു മന്ദഹാസം മുഖത്തു വരുത്തി കണ്ണടയ്ക്കും. അത്രതന്നെ.         

കിളവന്‍ ചുമരിന് അഭിമുഖമായാണ് കര്‍ട്ടൻ ചുമർ. ഉത്തരത്തിന് ഏതാനും ഇഞ്ച് താഴെ മുതൽ തറ വരെ നീണ്ടു കിടക്കുന്ന കര്‍ട്ടനുണ്ട് ആ ചുമരിന്. കര്‍ട്ടനു മുകളിൽ കാണുന്ന ഏതാനും ഇഞ്ചുകളിലൂടെ ആ ചുമർ തന്നെ നോക്കുന്നതായി ഇടത്തേ ചുമരിനു തോന്നാറുണ്ട്.
      

വലത്തേ ചുമരിന്റെ, മനുഷ്യരുടേതു പോലത്തെ സ്വഭാവത്തോട് ഇടത്തേ ചുമരിന് വല്ലാത്ത അസഹിഷ്ണുതയായിരുന്നു. പാവപ്പെട്ട എത്ര കുരുന്നു പെണ്‍കുട്ടികളെയാണ് വൃത്തികെട്ട ആണുങ്ങൾ മുറിയിൽ കൊണ്ടുവന്ന് ആഹരിച്ചത്? ഓരോ തവണയും വലത്തേ ചുമർ ആഹ്ലാദപ്രകടനം നടത്തി. അവന്റെ ഹൃദയഭാഗത്തെ കുതിച്ചോടുന്ന കുതിരയുടെ ചിത്രത്തിനു പിറകിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കാമറയുണ്ട്. കട്ടിലിലെ ദൃശ്യങ്ങൾ പെണ്‍കുട്ടികളറിയാതെയും ചിലപ്പോൾ ഇണകളിരുവരും പോലും അറിയാതെയും ആ കാമറ ഒപ്പിയെടുക്കും. അതു വലത്തെ ചുമരിന്റെ കണ്ണാണെന്നു തന്നെ ഇടത്തേ ചുമർ വിശ്വസിച്ചു. ആ കാമറയാണ് വലത്തേ ചുമരിനെ ഇത്രയ്ക്കു വഷളാക്കുന്നതെന്ന് ചിലപ്പോൾ ഇടത്തേ ചുമരിനു തോന്നാറുണ്ട്.
     

അതല്ല, മൂലയ്ക്കു വച്ചിരിക്കുന്ന ടെലിവിഷനാണോ വലത്തേ ചുമരിന്റെ വഷളത്തരത്തിനു കാരണമെന്നും ഇടയ്ക്കു തോന്നുമായിരുന്നു. ലോഡ്ജിൽ വരുന്നവർ ആഭാസകരങ്ങളായ ചാനലുകളായിരിക്കും വയ്ക്കുന്നത്. വലത്തേ ചുമർ അതെല്ലാം നന്നായി ആസ്വദിക്കും.
  

ഒരു ദിവസം വലത്തേ ചുമരിന്റെ വഷളത്തരങ്ങളിൽ സഹികെട്ട് ഇടത്തേ ചുമർ ശക്തമായി പ്രതികരിച്ചു. ശരിക്കു ശകാരിച്ചു. വലത്തേ ചുമരിന്റെ പുലഭ്യങ്ങൾ കേള്‍ക്കാൻ തയ്യാറെടുത്തു തന്നെയായിരുന്നു അത്. ഇടത്തേ ചുമർ അത്രയ്ക്കു മടുത്തു പോയിരുന്നു. പക്ഷേ മറ്റു ചുമരുകളുടെ പ്രതീക്ഷയ്ക്കു വിപരീതമായി വലത്തേ ചുമർ ശാന്തനായി: ‘നിങ്ങക്ക് എതിര്‍ക്കാന്‍ പറ്റുമോ? എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പോലീസുകാരു പോലും ഇവിടെ വന്നു വ്യഭിചരിച്ചു പോയത് എന്റെ ഓര്‍മ്മേലൊണ്ട്. അപ്പഴല്ലേ വെറും ചുമരുകള്‍ക്ക് ധാര്‍മ്മികരോഷം!’           

‘ഞങ്ങളും ചുമരുകള്‍ തന്നാടാ’, വലത്തേ ചുമരിന്റെ ശാന്തഭാവത്തില്‍ അമ്പരന്നെങ്കിലും ഇടത്തേ ചുമർ ദേഷ്യത്തിൽ തന്നെ തുടര്‍ന്നു:‘ പക്ഷേ ചുമരുകള്‍ക്ക് വേണമെങ്കില്‍ കണ്ണും കാതും വേണ്ടെന്നു വെയ്ക്കാം. ഇല്ലേ ? അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. എന്താ അമ്മാവാ, ശരിയല്ലേ?’       

കിളവന്‍ ചുമർ അന്ന്‍ ഒന്നു ചുമച്ചിട്ട് പറഞ്ഞു: ‘ചുമരുകള്‍ക്കും വേണമെങ്കിൽ കണ്ണും കാതുമടച്ചു കഴിയാം. അല്ലെങ്കിൽ...’ ഒന്നു നിറുത്തിയിട്ട് തുടര്‍ന്നു-‘പ്രവര്‍ത്തിക്കാം’.      

പ്രവര്‍ത്തിക്കാനോ ! കിളവനു വട്ടുതന്നെ, ഇടത്തേ ചുമരിന് അങ്ങനെ തോന്നി. ആരും പിന്നെ ഒന്നും പറഞ്ഞില്ല

ആ വഴക്ക് അങ്ങനെ ആവിയായിപ്പോയി. എല്ലാ ചുമരുകളും താന്താങ്ങളുടെ സ്വഭാവങ്ങളില്‍ തന്നെ തുടര്‍ന്നു. കിളവന്‍ ചുമർ മാത്രം കൂടുതൽ അസ്വസ്ഥനായതുപോലെ ഇടത്തേ ചുമരിനു തോന്നിയിരുന്നു.
            

അങ്ങനെയിരുന്നപ്പോൾ രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം മുറിയിൽ പുതിയ താമസക്കാരെത്തി. റൂം ബോയ് ആണ് ആദ്യം അകത്തു കടന്നത്. പിറകില്‍ ചിരപരിചിതനായ ഒരു യുവാവ്. ഇടത്തേ ചുമരിനു മനസ്സിലായി. ഇതാ വൃത്തികെട്ടവന്‍ തന്നെ, സുകു എന്ന യഥാര്‍ഥ പേരിലും മിഥുന്‍, റോഹന്‍ തുടങ്ങിയ കള്ളപ്പേരുകളിലും അറിയപ്പെടുന്ന തെമ്മാടി. നാലഞ്ചു പെണ്‍കുട്ടികളെ അവനീ മുറിയിൽ കൊണ്ടുവന്നിട്ടുണ്ട്.
 

പെട്ടന്നു നെഞ്ചുപൊട്ടിപ്പോവുന്നതുപോലെ ഇടത്തേ ചുമരിനു തോന്നി. യുവാവിനു പിറകേ വാതിൽ കടന്നു വന്നത് സ്കൂൾ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി !  

ബാഗ് തോളിൽ നിന്നെടുത്ത് ലേശം അമ്പരപ്പോടെ അവൾ മുറിയുടെ ചുറ്റും നോക്കി. കട്ടിലിലിരുന്ന് ഷൂസ് ഊരി മാറ്റുകയായിരുന്ന യുവാവ് പറഞ്ഞു: ‘ഇങ്ങിരിക്ക്. ചിന്നൂന് ഇനീം പേടിയാണോ?’          

നമ്മളിവിടാണെന്ന് പപ്പയെങ്ങാനും അറിഞ്ഞാല്‍-‘   

‘ഞാനല്ലേ ഒള്ളേ. ഒറ്റ നൈറ്റ്. അത്ര മതി. നാളെ വീട്ടിലേയ്ക്ക് വിളിച്ച് പറഞ്ഞാല്‍ ഏത് പപ്പേം നമ്മടെ മാരേജ് നടത്തിത്തരും’. അവന്‍ അവളെ വലിച്ച് തന്റെയരികലേക്കിരുത്തി തോളത്തു കൂടി കയ്യിട്ടു.       

ഇടത്തേ ചുമർ കണ്ണുകൾ ഇറുക്കിയടച്ചു. വലത്തേ ചുമരിന്റെ കാമറക്കണ്ണുകൾ ചിമ്മുന്നത് ഇടത്തേ ചുമർ അറിഞ്ഞു. വലത്തേ ചുമർ നൊട്ടിനുണയുന്ന ശബ്ദവും ഇടത്തേ ചുമർ കേട്ടു.    

‘നോക്കിയേ അഖിലേട്ടാ, ഇതെല്ലാം ഞാന്‍ മമ്മ അറിയാതെ കൊണ്ടുവന്നതാ’. പെണ്‍കുട്ടിയുടെ ശബ്ദത്തിലെ ഭയം മാറാന്‍ തുടങ്ങിയിരുന്നു.
  
സുകു വീണ്ടും പേരുമാറ്റിയിരിക്കുന്നു. ഇടത്തേ ചുമര്‍ പതിയെ കണ്ണുകള്‍ തുറന്നു. ബാഗു തുറക്കുകയാണു പെണ്‍കുട്ടി.
‘സ്വര്‍ണ്ണമൊക്കെ അടിച്ചുമാറ്റി, കള്ളി’. സുകു പെണ്‍കുട്ടിയുടെ കവിളത്തു നുള്ളി. പിറകെ ഒരു ഉമ്മയും കൊടുത്തു.
‘എന്റെ മാരേജിനു വാങ്ങിയതാ. ഞാനെടുത്തു. അതിനെന്താ?‘ 
സുകുവിന്റെ കണ്ണുകളിലെ ആര്‍ത്തി ഇടത്തേ ചുമരിനു കാണാൻ കഴിഞ്ഞു. പെണ്‍കുട്ടി ആഭരണങ്ങൾ കയ്യിലെടുത്ത് ഉയര്‍ത്തിക്കാണിച്ച് സന്തോഷത്തോടെ പറഞ്ഞു:        
‘നമുക്കിതു വില്‍ക്കാം. എന്നിട്ടൊരു വീടു വാടകയ്ക്കെടുത്ത് സുഖമായി ജീവിക്കാം.’        
‘ഇനി എല്ലാം എന്റെ ചിന്നു പറയുമ്പോലെ.’ സുകു സ്നേഹം ചാലിച്ച വാക്കുകൾ പറഞ്ഞ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് മാറിൽ ചെറുതായി കടിച്ചു. 
‘അയ്യോ വേണ്ട’, പെണ്‍കുട്ടി സുകുവിന്റെ മുഖം പതിയെ തള്ളി മാറ്റി.   
‘അതെന്താ ?’     
‘നനയും’.
വലത്തേ ചുമർ അത്യാഹ്ലാദത്തിൽ കയ്യടിച്ചു പോയി. അവന്റെ ഹൃദയത്തിലെ കാമറ വരും ദിവസങ്ങളിൽ ഇന്റര്‍നെറ്റിൽ പ്രചരിക്കാൻ പോവുന്ന ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. കര്‍ട്ടൻ ചുമരിനേയും കിളവൻ ചുമരിനേയും ഇടത്തേ ചുമർ മാറി മാറി നോക്കി. ധ്യാനത്തിലെന്ന പോലെ ആലസ്യത്തിലായിരുന്നു കര്‍ട്ടന്‍ ചുമർ. കിളവന്‍ ചുമരിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കര്‍ട്ടൻ ചുമരിന്റെ വെന്റിലേറ്റർ വഴി പുറത്തെ ആകാശത്തിലേയ്ക്കു നോക്കി കിളവൻ ചുമർ സ്വയം നഷ്ടപ്പെട്ടു.    
പെട്ടന്ന് സുകുവിന്റെ മൊബൈൽ ശബ്ദിച്ചു.           
‘ആരാ?’ പെണ്‍കുട്ടി ചോദിച്ചു.      
‘ഒരു ഫ്രണ്ട്. നീയെന്നാലീ യൂണീഫോമൊക്കെ ഒന്ന് മാറ്റിക്കേ, അല്ലേ ഡേഞ്ചറാ’.          
പെണ്‍കുട്ടി മാറി ധരിക്കാൻ ചൂരിദാറുമെടുത്ത് വലത്തേ ചുമരിന്റെ മൂലയിലുള്ള കുളിമുറിയിലേയ്ക്കു പോയതിനു ശേഷം യുവാവ് ഫോണെടുത്തു.  
‘നിങ്ങ എന്തിനാണിപ്പ ഇങ്ങാട് വന്ന ?’ യുവാവ് സംസാരിച്ചു കൊണ്ടിരുന്നതും മുറിയുടെ വാതിലിലാരോ തട്ടി. സംസാരിച്ചുകൊണ്ടുതന്നെ യുവാവ് വാതില്‍ തുറന്നു. വെളുത്തു സുമുഖനായ ഒരു മധ്യവയസ്കന്‍. അശ്ലീലച്ചിരിയോടെ അയാള്‍ അകത്തു കടന്ന് മുറിയുടെ ഉള്ളിലാകെ നോക്കി.
‘എവ്ടേ പീസ്?’ 
‘കുള്‍മുറീലാണ്’ യുവാവ് അല്പം ദേഷ്യത്തില്‍ പറഞ്ഞു. ‘ആക്രാന്തം കാണിക്കണ്ടട്ടാ. നിങ്ങക്കൊള്ളതന്നേണ്’.         
‘ഫ്രഷല്ലേ? നീയൊന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ പതിനാറു കഴിഞ്ഞതല്ലേ?’    
‘എസ്സെല്‍ സീ ബുക്ക് കയ്യില്‍ണ്ട്. കാണ്‍ണാ?      
വലിയൊരു പെയ്ന്റിംഗ് തൂക്കാന്‍ പണ്ടു തന്റെ നെഞ്ചില്‍ ആണി കയറ്റിയതിന്റെ വേദന ഒന്നുമല്ലെന്ന് ഇടത്തേ ചുമരിനു തോന്നി. തന്നെ നിര്‍മ്മിച്ച മേസ്ത്രിക്ക് എന്തുകൊണ്ട് രണ്ടു കയ്യും കാലും തനിക്കുണ്ടാക്കിത്തരാന്‍ തോന്നിയില്ല? ഇവിടെ നിന്ന് ഓടിക്കളയാമായിരുന്നു.           
ഇടത്തേ ചുമര്‍ മറ്റു ചുമരുകളെ ഒന്നു കൂടി നോക്കി. കര്‍ട്ടന്‍ ചുമര്‍ സത്യമായും പ്രാര്‍ഥനയിലാണ്. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. വലത്തേ ചുമര്‍ അത്യാവേശത്തിലാണ്. മധ്യവയസ്കനില്‍ നിന്നു പണം കൈപ്പറ്റി സുകു പെണ്‍കുട്ടിയുടെ ആഭരണങ്ങളുമായി സ്ഥലം വിടുന്നതിനു ശേഷമുള്ള രംഗങ്ങള്‍ സങ്കല്പത്തില്‍ കണ്ട് അടക്കാനാവാത്ത വികാരത്തില്‍ പെട്ടിരിക്കുകയാണവന്‍.         
പക്ഷേ കിളവന്‍ ചുമർ. അതിന്റെ നിസംഗത സത്യത്തില്‍ ഇടത്തേ ചുമരിനെ ഭയപ്പെടുത്തി. നിര്‍വികാരമായ മുഖം. കര്‍ട്ടൻ ചുമരിലേയ്ക്കു തന്നെയുള്ള മിഴിയനങ്ങാത്ത നോട്ടം. ഇരുവരും എന്തോ പറയുന്നതുപോലെ.
സുകു ആഭരണങ്ങൾ തന്റെ തോള്‍ബാഗിലാക്കി ഷൂ ധരിക്കുകയായിരുന്നു. മധ്യവയസ്കന്‍ അണ്ടര്‍വെയർ ഊരി വലത്തേ ചുമരിലെ കൊളുത്തിൽ തൂക്കി. കയ്യിലെ ചെറിയ ബാഗിൽ നിന്ന് നോട്ടുകെട്ടെടുത്ത് സുകുവിന്റെ കയ്യിൽ കൊടുക്കുമ്പോള്‍ അയാള്‍ അക്ഷമനായിരുന്നു.
        
പെട്ടന്ന് കുളിമുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വലത്തേ ചുമർ അത്യുത്സാഹത്തിൽ ആര്‍ത്തു വിളിച്ചു.
അദ്ഭുതം ! ആ സ്കൂൾ കുട്ടി ചുവന്ന ചൂരിദാറില്‍ കത്തിജ്വലിക്കുന്ന ഒരു സ്ത്രീരൂപമായിട്ടാണു പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം അവള്‍ പിച്ചിച്ചീന്തപ്പെടും. ഇടത്തേ ചുമര്‍ ദാരുണമായ ശബ്ദങ്ങളെ പ്രതിരോധിക്കാൻ ചെവികൾ പൊത്തി.       
‘ഈ മാമന്റെ കൂടെ കുറച്ചുനേരമിരിക്ക്’. സുകു കട്ടിലില്‍ നിന്നെഴുന്നേറ്റു. ‘ഞാനൊന്ന് പുറത്തുപോയിട്ടു വരാം’.
‘പക്ഷേ ചേട്ടാ-‘  
സ്തബ്ധയായ പെണ്‍കുട്ടി. വഞ്ചനയുടെ ആള്‍രൂപമായ യുവാവ്. കാമക്കടല്‍ ക്ഷോഭിച്ചതുപോലെ പെണ്‍കുട്ടിയെ കട്ടിലിലേയ്ക്കു കിട്ടാന്‍ കൊതിയ്ക്കുന്ന മധ്യവയസ്കന്‍.    
ഇടത്തേ ചുമർ ചുറ്റും നോക്കി. കൊടുങ്കാറ്റത്തെ പീറ്റത്തെങ്ങു പോലെ ആവേശത്തിൽ ആടിയുലയുകയായിരുന്നു വലത്തേ ചുമർ.       
കിളവന്‍ ചുമരോ ?          
‘തുലയട്ടെ എല്ലാം’ എന്ന വാക്യം ആരോടോ പറഞ്ഞിട്ട് ഒറ്റ വീഴ്ചയായിരുന്നു. അലമാരയേയും വീഴ്ത്തി സുകുവിന്റേയും മധ്യവയസ്കന്റേയും ശരീരങ്ങളെ ചോരയിൽ കുതിര്‍ത്ത് ഒരു സാഷ്ടാംഗ പ്രണാമമായി പെണ്‍കുട്ടിയുടെ കാല്‍ക്കൽ.         

എന്തോ, കണ്ണും കാതുമടഞ്ഞ് ഇടത്തേ ചുമർ അന്നേരം ഒരു സാധാരണ ചുമരായി മാറി.


****                               ****                                           ****                                           ****

Thursday, July 23, 2015

ഒരു ജാതി ആൾക്കാർ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്- ശ്രീനാരായണഗുരു
*****                                                   *****                                                   ******

പീറ്റർ സാർ റിട്ടയറായതിനു പകരം വരേണ്ടിയിരുന്നത് എറണാകുളത്തു നിന്ന് ഒരു സാറാ മാഡമായിരുന്നു. പക്ഷെ മക്കളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് അവർ ട്രാൻസ്ഫർ കാൻസൽ ചെയ്യിച്ചു. പകരം ആളു വരാൻ ഒന്നുരണ്ടാഴ്ച വൈകി. അങ്ങനെ പെട്ടന്നൊരു ദിവസമാണ് ഓർഡർ വന്നത്, പുതിയ ചീഫ് മാനേജർ തിങ്കളാഴ്ച ജോയിൻ ചെയ്യും. ഹർഷൻ എന്നാണു പേർ.
നല്ല സെറ്റപ്പ് പേരാണ്, എനിക്കു തോന്നി.
‘പേരൊക്കെ ഗെറ്റപ്പാ, പക്ഷെ കേട്ടിട്ട് ജാതി ഏതെന്ന് ഊഹിക്കാൻ പറ്റണില്ല’, പെണ്ണുങ്ങൾ കുശുകുശുത്തു.
‘ജാതി ഏതായാലെന്ത്, നിങ്ങളെ പെണ്ണുകാണാനൊന്നുമല്ലല്ലോ അങ്ങേരിങ്ങോട്ടു വരണത്’, എനിക്കല്പം ദേഷ്യം വന്നു.
‘താനെന്താടോ ദേഷ്യപ്പെടുന്നേ, കൂടെ ജോലിചെയ്യുന്നവരുടെ ജാതി എന്താണെന്നറിയുന്നത് മോശമായ കാര്യമാണോ ?’ കാഷ് കൗണ്ടറിൽ നിന്ന് നിർമ്മലാ മാഡം തലനീട്ടി.
‘ഓരോ ജാതിക്കും ഓരോ മഹത്വമുണ്ട്. ഒന്നും ഒന്നിനും മേളിലല്ല, താഴേമല്ല’, ഡെസ്പാച്ചിനുള്ള കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുകയായിരുന്ന ഗോപിച്ചേട്ടൻ പറഞ്ഞു. ‘അവനവന്റെ ജാതിത്വം കളഞ്ഞ് മറുജാതിയാവാൻ നോക്കുന്നതാണ് പ്രശ്നം’.
‘എന്തു പ്രശ്നം ?’
‘തെങ്ങുകയറ്റക്കാരൻ തെങ്ങുകയറണം. അവൻ ബാങ്ക് മാനേജരാവാൻ വന്നാൽ തുടങ്ങും പ്രശ്നം’.
‘ഓ, അങ്ങനെ-‘
എടിഎമ്മിൽ നിറയ്ക്കാനുള്ള കാഷ് റെഡിയായിക്കഴിഞ്ഞിരുന്നതിനാൽ ഞാൻ ബാക്കി കേൾക്കാൻ നിന്നില്ല. കുരുപൊട്ടുന്ന വർത്തമാനമാണ് ആ മനുഷ്യൻ എപ്പോഴും പറയാറുള്ളത്.
തിങ്കളാഴ്ച രാവിലെ തന്നെ ഹർഷൻ സാർ എത്തി. സാറിന്  നല്ല ഉയരമുണ്ടായിരുന്നു. ഒരു ബാബു ആന്റണി സ്റ്റൈൽ. നല്ല വ്യക്തിത്വം. ചുറുചുറുക്കോടെയുള്ള നടത്തം. ആരെക്കണ്ടാലും പുഞ്ചിരി. ആരു വന്നാലും വിഷ് ചെയ്യൽ. പീറ്റർ സാറിനു നേർ വിപരീതം. ആദ്യ ദിവസം തന്നെ ആൾക്കാർക്കെല്ലാം ഹർഷൻ സാറിനെ പിടിച്ചു.
‘ആ ചുരുചുരുണ്ട മുടി കണ്ടോ’, ഡേവിഡാണു പറഞ്ഞത്, ’പെലയനാണ് സാറ്. അച്ചട്ട് .’
‘പോടോ’, അഖിലേഷ് പറഞ്ഞു: ‘നമ്മുടെ ബാങ്കിൽ എന്റയറിവിൽ ഒരു എസ്സീം ചീഫ് മാനേജരായിട്ടില്ല. അറ്റ് ദി മോസ്റ്റ് സ്കെയിൽ ടു കാണുമായിരിക്കും’.
‘എന്തിനാ തർക്കം,’ ഗോപിച്ചേട്ടൻ. ‘നമുക്കാ രാജൂനോടു ചോദിച്ചാൽ പോരേ, എസ്സിയാണെങ്കിൽ അവനറിയാതിരിക്കൂല്ലല്ലോ’.
‘ഏത് രാജു ?’
എച്ഛാറിലെ പെലെയൻ രാജു. ഇവരൊക്കെ പരസ്പരം അറിയാൻ ചാൻസ്ണ്ട്’.
‘പേരു കേട്ടിട്ട് ഒരൂഹോം കിട്ടണില്ലട്ടാ’, ജെയ്സി മാഡം പറഞ്ഞു.
‘നല്ല ആഢ്യൻ പേരാ, അല്ലേ മനോജേ?’ നിർമ്മലാ മാഡം എന്നെ തോണ്ടി.
എന്റെ മോന് ദേവനാരായണൻ എന്നു പേരിട്ടതിന്റെ കലിപ്പ് മാഡത്തിന് ഇപ്പോഴും തീർന്നിട്ടില്ല. ‘ചോമ്മാരുടെ പിള്ളേർക്കും ആഢ്യൻ പേരുകളാ ഇപ്പൊ’ എന്ന് നിർമ്മലാ മാഡം എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായി പോയ സുനന്ദാ മാഡത്തോടു ഫോൺ ചെയ്തു പറഞ്ഞ കാര്യം ഞാൻ അറിഞ്ഞിരുന്നു. അന്നു ഞാനൊന്നും പറയാൻ പോയില്ല. അവരുടെ സംസ്കാരം എന്നു കരുതി ഞാൻ സമാധാനിച്ചു. പോയി ചാകാൻ പറ. ശവം !
‘പേരു കേട്ടിട്ടൊന്നും ജാതി പറയാൻ പറ്റൂല്ല.’ ഗോപിച്ചേട്ടൻ പറഞ്ഞു. ‘നമ്മടെ തന്നെ ചെല കസ്റ്റമർമാരുടെ പേരു നോക്കിയേ, പ്രദ്യുമ്നൻ, അനിരുദ്ധൻ, ശിശുപാലൻ, സാംബൻ. ഇവരൊന്നും നമ്പൂതിരിമാരൊന്നുമല്ല, വെറും വാലന്മാരാ’.
‘എന്ന്വച്ചാ ?’ ജെയ്സി മാഡം.
‘എന്ന്വച്ചാ ധീവരസമുദായം. മുക്കുവർ.
‘അമൃതാനന്ദമയി എന്നു കേട്ടാൽ ഏതോ നമ്പൂതിരിമനേലെ പോലിരിക്കും, ഇല്ലേ, പക്ഷേങ്കിലോ…’
‘സാറിന്റെ ജാതി അറിഞ്ഞാപ്പോരേ, എന്തിനാ നമ്മ തർക്കിക്കണേ? വേറെ വഴിണ്ട്, നിങ്ങ നോക്കിക്കോ’, ഡേവിഡ് പറഞ്ഞു.
സാറിന്റെ ജാതി അറിയാൻ ഡേവിഡ് രസകരമായൊരു വഴിയാണ് തെരഞ്ഞെടുത്തത്. വൈകീട്ട് സ്റ്റാഫ്മീറ്റിംഗ് ഉണ്ടായിരുന്നു.  ബിസിനസ് കാര്യങ്ങൾക്കു പകരം പരസ്പരം പരിചയപ്പെടാനൊക്കെയാണ് മീറ്റിംഗിൽ ഹർഷൻ സാർ ശ്രദ്ധിച്ചത്.
ഞങ്ങളുടെ എല്ലാവരുടേയും വിവരങ്ങൾ സാർ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഡേവിഡിന്റെ അപ്രതീക്ഷിത ചോദ്യം.
‘സാറേത് അമ്പലത്തിലാ പോണേ?’
‘എനിക്ക് ചോദ്യം മനസിലായില്ലല്ലോ ഡേവിഡേ. ഏതമ്പലമെന്നു വച്ചാൽ എന്താ ? ‘ സാർ അദ്ഭുതപ്പെട്ടു.
‘അത്, സാറേ, ഇവിടെ ഏഴെട്ട് അമ്പലങ്ങളൊണ്ട്, ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം.’
‘ഒന്നൊന്നായി പറയൂ ഡേവിഡേ’.
‘കൈത്താളിൽ ശിവക്ഷേത്രം- നായന്മാർടെയാ’.
‘അമ്പലം ഞങ്ങള് നായന്മാരുടെയാണേലും പൂജയെല്ലാം ചെയ്യണത് നമ്പൂതിരിമാരു തന്നെയാ’. പ്രമോദ് അങ്ങനെ സ്വന്തം ജാതി പോസ്റ്റ് ചെയ്തു.
‘ഓ, പ്രമോദപ്പോൾ നായരാ, അല്ലേ?’ സാറതു ലൈക്കും ചെയ്തു.
പ്രമോദ് അഭിമാനത്തോടെ തലകുലുക്കി, ഷർട്ടിന്റെ കോളർ നേരെയാക്കി നിവർന്നിരുന്നു.
‘പിന്നേതാ അമ്പലം?’ സാറു ചോദിച്ചു.
‘കളരിപ്പാടം ഭദ്രകാളി ക്ഷേത്രം- ചോ, അല്ല, ഈഴവരുടെയാ’.
‘പൂജേം ഈഴവരു തന്നെ,’ പ്രമോദ് അമർത്തിച്ചിരിച്ചു. ‘ഒരൂട്ടം പൂജയായിരിക്കും.
‘അങ്ങനെ ഒരൂട്ടമെന്ന് പറയാതെ പ്രമോദ് സാറേ’, എനിക്കു ദേഷ്യം വന്നു. ‘ആലുവേ പോയി നാലു വർഷം പഠിച്ചിട്ടു തന്നെയാണ് സജീവൻ ശാന്തി പൂജ ചെയ്യണത്’.
‘ഞാൻ തമാശ പറഞ്ഞതാണപ്പാ, ക്ഷമിച്ചേക്ക്.’
‘നിങ്ങൾ വഴക്കു പിടിക്കണ്ട,’ ഹർഷൻ സാർ ഇടയ്ക്കു കയറി. ‘ പൂജാരിയുടെ പൂജയ്ക്കല്ല, നമ്മുടെ പ്രാർഥനയ്ക്കാണ് ദൈവം വില കൊടുക്കുന്നത്. ആരു നന്നായി പ്രാർത്ഥിക്കുന്നോ അയാൾക്ക് തന്നെ അനുഗ്രഹവും കിട്ടും’.
‘പിന്നെ സാറേ,; ഡേവിഡ് തന്റെ പദ്ധതി വിജയിക്കാത്തതിൽ അക്ഷമനായി പറഞ്ഞു: ‘ധീവരരുടെ ഘണ്ടാകർണ്ണ ക്ഷേത്രം, തട്ടാന്മാരുടെ മാരിയമ്മൻ കോവിൽ, പിന്നെ, ആ, കൊങ്ങിണിമാരുടെ നരസിംഹ ക്ഷേത്രം. പിന്നെ, പുലയസമുദായക്കാരുടെ ഒരു കാവ്, അത് ചെർതാണ്, അമ്പലമെന്ന് പറയാനൊന്നും ഇല്ല’.
‘ഈ പറഞ്ഞ അമ്പലങ്ങളിലേതിനെങ്കിലും ഇവിടെ അക്കൗണ്ട് ഉണ്ടോ ?
‘അതില്ല സാറേ.’
‘ഒരു കാര്യം ചെയ്യാം, നാളെ മുതൽ ഞാൻ ദിവസവും ഈ പറഞ്ഞ ഓരോ അമ്പലത്തിലും പോകാം. ഏതെങ്കിലും ഒരമ്പലത്തിന്റെ അക്കൗണ്ട് നമുക്കു പിടിക്കണം. എന്റെ കൂടെ ആരാ വരുന്നേ ?
ഡേവിഡിന്റെ പദ്ധതിയങ്ങനെ പാളീസായി. സാറിന്റെ ജാതി ആർക്കും പിടികൊടുക്കാതെ വഴുതി മാറി.
പിറ്റേന്നു രാവിലെ സാർ നായന്മാരുടെ അമ്പലത്തിൽ തൊഴാൻ ചെന്നെന്നും ഷർട്ടൂരി അകത്തുകയറുമ്പോൾ പൂണൂലൊന്നും കണ്ടില്ലെന്നും  പ്രമോദ് പറഞ്ഞു.
വേലസമുദായക്കാരനാണെങ്കിൽ ദേഹത്ത് ഒരു തരം ചുണങ്ങുണ്ടാവുമെന്ന് ഗോപിച്ചേട്ടൻ പറഞ്ഞു. പക്ഷെ നേരത്തേ അറിയാഞ്ഞതിനാൽ തനിക്കതു ശ്രദ്ധിക്കാൻ കഴിയാതെ പോയതിൽ പ്രമോദിനു സങ്കടം തോന്നി.
ഞങ്ങളുടെ അമ്പലം കമ്മിറ്റി സെക്രട്ടറി എന്റെ ചിറ്റപ്പനായിരുന്നതുകൊണ്ടും അമ്പലത്തിനു കുറച്ചു ഗ്രാൻഡ് കിട്ടാനുള്ളതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടും ഞങ്ങളുടെ അമ്പലത്തിന്റെ അക്കൗണ്ട് കാൻവാസ് ചെയ്യാൻ സാറിനു സാധിച്ചു. പിന്നീട് രാത്രി കവലയിൽ വച്ച് കണ്ടപ്പോൾ ചിറ്റപ്പന് എന്നോടു ചോദിക്കാനുണ്ടായിരുന്നത് സാറിന്റെ ജാതിയെക്കുറിച്ചായിരുന്നു. അമ്പലക്കമ്മിറ്റി ഓഫീസിൽ വച്ച് സാറൊന്നും വിട്ടുപറഞ്ഞില്ലത്രെ.
‘സാറിന്റെ ഭാഷ കേട്ടിട്ട് ഒരു പിടുത്തോം കിട്ടണില്ല’, ചിറ്റപ്പൻ പറഞ്ഞു.
ഇതു തന്നെയാണ് ഓഫീസിലും എല്ലാവരും പറഞ്ഞത്. സാറിന്റെ ഭാഷയിൽ പോലും ജാതി കാണാനില്ല.
‘അതങ്ങനെയാ മാഡം,’ അഖിലേഷ് പറഞ്ഞു:’ വടക്കോട്ടു പോയാൽ എല്ലാ ജാതിക്കാരും ഒരേ ടോണിലാ. മുസ്ലീംസ് മാത്രം വേറെ ടോണിൽ സ്പീക്ക് ചെയ്യും.’
‘ഇവ്ടെ നിങ്ങക്കൊരു ഭാഷ, ഞങ്ങക്കൊരു ഭാഷ’, പ്രമോദ് പറഞ്ഞു. ‘ഡേവിഡിന് മരക്കാന്മാരുടെ ഭാഷ, ഗോപിച്ചേട്ടന് മാരാന്മാരുടെ ഭാഷ, നിർമ്മലാ മാഡത്തിന് മേനോന്മാരുടെ ഭാഷ. ജെയ്സിയ്ക്ക് കൊച്ചിക്കാർടെ ഭാഷ’.
ഞാനങ്ങോട്ടെഴുന്നേറ്റു പോയെന്നു പറഞ്ഞാൽ മതിയല്ലോ !
അങ്ങനെ പെട്ടന്നു തന്നെ ശനിയാഴ്ചയായി. ഒരു ജോയിനിംഗ് പാർട്ടി അറേഞ്ചു ചെയ്യാൻ സാറു തന്നെയാണു പറഞ്ഞത്. കുപ്പി കൂടിയേ തീരൂ എന്ന് ഡേവിഡും പ്രമോദും പറഞ്ഞു. സാർ രണ്ടായിരം രൂപ എടുത്തു തന്നിട്ട് എന്താണെന്നു വച്ചാൽ ഓർഡർ ചെയ്യാൻ പറഞ്ഞു.
ഒരു പരിപാടി അറേഞ്ചു ചെയ്യൽ വലിയ മല്ലാണ്. നിർമ്മലാ മാഡത്തിന് പ്യുവർ വെജ്, ഡേവിഡിന് ബീഫ് നിർബന്ധമെങ്കിൽ ജെയ്സിമാഡത്തിന് മട്ടൻ മാത്രം മതി. പ്രമോദ് എന്തും തിന്നും. അഖിലേഷ് ബിയർ മാത്രമേ കഴിയ്ക്കൂ പക്ഷേ ഗോപിച്ചേട്ടൻ ബിയറൊഴിച്ചേ കഴിക്കൂ.
പന്ത്രണ്ടു മണിമുതൽ ഓരോരുത്തരോടും ഓർഡർ എടുത്ത് എൻ എച്ചിലെ സ്റ്റാറിൽ പോയി സാധനങ്ങളും വാങ്ങി, അവിടത്തെ തന്നെ നേപ്പാളി പയ്യനെ വിട്ട് ബീവറേജിൽ നിന്ന് കുപ്പികളും വാങ്ങി തിരിച്ചെത്തിയപ്പോൾ മണി കൃത്യം രണ്ട്.
ഡൈനിംഗ് ഹാളിൽ എല്ലാം നിരത്തി. കുടിയന്മാർ സ്ട്രോംഗ് റൂമിനടുത്തുള്ള ഇടനാഴിയിലെ ടേബിളിൽ വച്ച് കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.
ഹർഷൻ സാർ ഒരു പെഗ് വി എസ് ഒ പി എടുത്ത് തനിക്കതു മതി എന്നു പറഞ്ഞ് ഗ്ലാസും കൊണ്ട് ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു പോയി.
‘ഒരു രണ്ടു പെഗ് കൂടി പുള്ളിയെ കൊണ്ട് അടിപ്പിക്കാവോ?’ പ്രമോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘രണ്ടെണ്ണം അകത്തു ചെന്ന ശേഷം പുറത്തു വരുന്ന ഭാഷ കേട്ടാൽ മനസിലാവും ജാതി ഏതെന്ന്.’
അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നി എനിക്ക്. പന്നി !
ഞാനെന്റെ ഗ്ലാസ് ഒറ്റവലിക്കു കാലിയാക്കി മടമടാ കുറച്ചു വെള്ളവും കുടിച്ചു. ഏസിയിലായിട്ടും ഞാൻ നന്നായി വിയർത്തു. എനിക്ക് ഒരുമാതിരി നന്നായി തല്യ്ക്കു പിടിച്ചെന്നതു വാസ്തവം. കഴിച്ച മദ്യം തന്നെയാണോ തലയ്ക്കു ലഹരി പകർന്നതെന്ന് എനിക്ക് ചെറിയ സംശയമുണ്ട്. എനിക്ക് എന്റെയും മറ്റുള്ളവരുടേയും മുഖംമൂടികൾ ഒന്നു മാറ്റിയാൽ കൊള്ളാമെന്നു തോന്നി. വെള്ളക്കുപ്പി മേശപ്പുറത്തു വച്ച് ഒരു കുക്കുമ്പർ കഷണമെടുത്തു കടിച്ച് ഞാനുറക്കെ വിളിച്ചു: ‘ഹർഷൻ സാറേ-‘
പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന എന്റെ വായിൽ നിന്നു വന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.
‘മനോജിന് അറുപത് കഴിച്ചപ്പൊ തന്നെ തലയ്ക്ക് പിടിച്ചു,’ ഗോപിച്ചേട്ടൻ ചിരിച്ചു.
ഞാൻ മറുപടി പറയാൻ പോയില്ല. പകരം ഞാൻ ഹർഷൻ സാറിനെ നോക്കി പറഞ്ഞു:
‘സാറേ, സാറിവിടെ ജോയിൻ ചെയ്ത മുതൽ ഞങ്ങൾക്കെല്ലാവർക്കും ഒരു സംശയമുണ്ട്. സാറിനോട് നേരിട്ട് ചോദിക്കാൻ മടീമുണ്ടായിരുന്നു. എന്നാൽ എല്ലാർക്കും അറീകേം വേണം’.
‘എന്താ മനോജിന് അറിയാനുള്ളത്, ചോദിച്ചോളൂ, ‘ ഹർഷൻ സാർ പുഞ്ചിരിച്ചു.
പ്രമോദ് എന്റെ കയ്യിൽ കയറി പിടിച്ചെങ്കിലും ഞാൻ തട്ടി മാറ്റി.
‘വേറൊന്നുമല്ല സാറേ, സാറിന്റെ ജാതി ഏതാ ?’
ഹർഷൻ സാർ പുഞ്ചിരിക്കുക തന്നെയാണ്. എല്ലാവരുമൊന്നു ഞെട്ടി. ഞാൻ തുടർന്നു.
‘സാറിന്റെ ചുരുണ്ട മുടി കണ്ട് ഗോപിച്ചേട്ടൻ ഊഹിച്ചു പറയുവാ സാറൊരു പുലയസമുദായാംഗമാണെന്ന്.’
‘ഞാനല്ല, ഞാനല്ല,’ ഗോപിച്ചേട്ടൻ ഇടയ്ക്കു കയറി-‘ ഡേവിഡാണ് സാർ പെലെയനാണെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞത് സാർ നല്ല നായരാവാനേ സാധ്യതയൊള്ളെന്നാണ്. ബ്രാമണനാകാനൊള്ള ഗെറ്റപ്പൊണ്ടെന്നും ഞാൻ പറഞ്ഞായിരുന്നു. നിർമ്മലാ മാഡത്തോട് ചോദിയ്ക്ക്, ഇല്ലേ മാഡം ?’
‘സാറെ, ഞാൻ തമാശയ്ക്ക്-‘ ഡേവിഡിന്റെ മുഖം ചുവന്നു.
‘അതു സാരമില്ല, ഡേവിഡ്.’ ഹർഷൻ സാർ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ‘വേറെയാരും എന്റെ  ജാതി ഊഹിച്ചില്ലെ? മനോജിനെന്താ തോന്നിയത് ?
നിർമ്മലാ മാഡവും ജെയ്സി മാഡവും പ്ലേറ്റിലേയ്ക്കു തലകുനിച്ച് ആഹാരം ചിക്കിക്കൊണ്ടിരുന്നു. ചമ്മിയ ഭാവത്തിലായിരുന്നു അഖിലേഷും പ്രമോദും. നിനക്കു വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ ഗോപിച്ചേട്ടൻ എന്നെ നോക്കി. എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്ന ഭാവത്തിലായിരുന്നു ഡേവിഡ്.
‘കഴിഞ്ഞ ഒരാഴ്ച ഈ ബ്രാഞ്ചിൽ ഞാൻ നിങ്ങളുടെ കൂടെ ജോലി ചെയ്തു. സംസാരിച്ചു, ചിരിച്ചു, ഭക്ഷണം കഴിച്ചു, തമാശ പറഞ്ഞു, മീറ്റിങ്ങ് കൂടി. ശരിയല്ലേ ?’
എല്ലാവരും തലകുലുക്കി.
‘എന്നിട്ടും നിങ്ങൾക്കാർക്കും എന്റെ ജാതി മനസിലാക്കാൻ കഴിഞ്ഞില്ലേ ? കള്ളം പറയരുത്.’
ആരുമൊന്നും പറഞ്ഞില്ല.
‘എന്നാൽ ഞാൻ പറയട്ടേ എന്റെ ജാതി ? എന്താ പ്രമോദേ, ഡേവിഡേ, പറയട്ടേ?’
പ്രമോദും ഡേവിഡും ചെറുതായി തല കുലുക്കി.
ഹർഷൻ സാറിന്റെ മുഖത്തെ ചിരി മാഞ്ഞു. ശബ്ദം താഴ്ന്നു. സാർ പിറുപിറുക്കുന്നതു പോലെയാണു പറഞ്ഞത്: ‘ഒരാഴ്ചയോളം നേരിട്ടു കണ്ടിട്ടും ഇടപെട്ടിട്ടും നിങ്ങൾക്കു മനസിലാക്കാൻ പറ്റാതെപോയ എന്റെ ജാതി ഇനി  നിങ്ങളെങ്ങനെയാ കേട്ടാൽ മനസിലാക്കുന്നത്? എനിക്കറിയില്ല. ക്ഷമിക്കൂ
ഒന്നും മനസിലാവാതെ എല്ലാവരും തലകുനിച്ചിരുന്നു.
എനിക്കുണ്ടല്ലോ, പക്ഷെ നോക്കണേ, ആ വാക്കുകൾ കേട്ടതും ഹർഷൻ സാറിന്റെ മാത്രമല്ല അവിടെ കൂടിയിരുന്ന ഓരോരുത്തരുടേയും, എന്റേതുൾപ്പെടെ, ജാതി ഏതെന്ന് ഒറ്റയടിക്കു മനസിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ അദ്ഭുതകരം !

*************                                         ************                                          **************