Friday, January 11, 2019

ശ്രുതിയുടെ ഭക്തി - ബിസിനസ് പ്രൊജക്ട്



6 വർഷങ്ങൾക്കു മുൻപാണ്. മുൻപു പല കഥകളിലും പറഞ്ഞിട്ടുള്ളതുപോലെ ഇതും കർണാടകയിലെ കുന്ദാപുരയിൽ ബാങ്ക് മാനേജരായി ഞാൻ ജോലി ചെയ്യുമ്പോഴുണ്ടായ ഒരനുഭവമാണ്.

ഇത്തവണത്തെ പ്രധാന കഥാപാത്രം സമാരാധ്യ ശ്രുതി. പേരുകേട്ട് സുന്ദരിയായ ഒരു കന്നഡക്കാരി പെണ്ണാണെന്നു തെറ്റി ധരിക്കണ്ട. ശ്രുതി ഒരു സന്യാസിവര്യനാണ്. മലയാളിയാണ്, പക്ഷേ വർഷങ്ങളായി കൊല്ലൂരിനു സമീപം ആശ്രമവുമായി കഴിയുന്നു.

പുതിയ ശാഖയായിരുന്നു കുന്ദാപുര. എങ്ങനെയും ബിസിനസ് ഉണ്ടാക്കാൻ വാലിൽ തീപിടിച്ചു നടക്കുന്ന സമയം. ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും ഞാൻ കൊല്ലുർ മൂകാംബിക ക്ഷേത്രത്തിൽ പോകും, ക്ഷേത്രത്തിന്റെ അക്കൗണ്ട് കിട്ടാൻ.

അമിതേ, ദേവി കനിഞ്ഞാൽ അമിത് രക്ഷപെട്ടു, ആഞ്ഞുപിടി ച്ചോളൂ എന്ന്  എന്റെ പഴയ മാനേജർമാരും അഭ്യുദയകാംക്ഷികളും ഉപദേശിക്കുന്നതു കൂടാതെ, പലരും  ഇടയ്ക്കൊക്കെ വിളിക്കുമ്പോൾ, എന്തായി കൊല്ലൂരത്തെ അക്കൗണ്ട് എന്നും  ചോദിക്കുമായിരുന്നു.

ക്യൂവൊന്നും നിൽക്കാതെ അമ്പലത്തിൽ ദർശനമൊക്കെ ഞാൻ റെഡിയാക്കിത്തരാം, പക്ഷേ അമ്പലത്തിന്റെ അക്കൗണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന നിലപാടിലായിരുന്നു ഞാൻ.

അതിനു കാരണമുണ്ട്. എന്റെ ബാങ്കിന്റെ സാങ്കേതിക /സേവന സൗകര്യങ്ങളെക്കുറിച്ച് ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റിയുൾപ്പെടെയുള്ള ഭാരവാഹികളെ ബോധ്യപ്പെടുത്താൻ എനിക്കു സാധിക്കുകയും അവർക്കെല്ലാം എന്നോട് അനുഭാവം തോന്നുകയും ചെയ്തുവെങ്കിലും കർണാടകയിലെ എൻഡോവ്മെന്റ് ഡിപ്പാർട്മെന്റിന്റെ കീഴിലാണ് കൊല്ലൂർ ക്ഷേത്രമെന്നതിനാൽ ഒരു ദേശസാത്കൃത ബാങ്കിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ഒരു വർഷത്തിലധികം അക്കൗണ്ടിനു വേണ്ടി ശ്രമിച്ച എനിക്ക് അവസാനം അമ്പലത്തിന്റെ തെക്കേ നടയിൽ ഒരു എ ടി എം തുറക്കാനെങ്കിലും സാധിച്ചു എന്നത് ആശ്വാസകരമായിരുന്നു.

ഇത്രയും പറഞ്ഞതിൽ സമാരാധ്യ ശ്രുതി എവിടെ എന്നാണോ? കൂടുതൽ കാത്തിരിക്കണ്ട, പുള്ളി ദാ എത്തി.

ഈയിടെ ഞാനൊരു ഷിബുവിനെപ്പറ്റി പറഞ്ഞത് ഓർമ കാണുമോ? അക്കൗണ്ട് കാൻവാസ് ചെയ്യാൻ താൽക്കാലികാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന, 'ബ്രാഹ്മണനായ' ഷിബു. ആ ഷിബുവും ഞാനും ഒരു ദിവസം കൊല്ലൂർ അടുത്തുള്ള മുദൂരിലെ ഒരു പള്ളിയിൽ അച്ചനെ കണ്ടിട്ട് മടങ്ങുന്ന വഴി വണ്ട്സെ എന്ന സ്ഥലത്ത് ഒരു ചായ കുടിക്കാൻ കയറി.

ചായക്കടയുടെ എതിർവശത്ത് വലിയൊരു അടയ്ക്ക മൊത്തവ്യാപാരശാല അടഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഉടമ ആരാണെന്നറിഞ്ഞാൽ നാളെ വന്നു മുട്ടാമായിരുന്നു എന്നു ഞാൻ ഷിബുവിനോടു പറഞ്ഞു.

കട ആരുടെതാന്ന് ഞാനാ മൊട്ടയോടു ചോദിക്കട്ടെ സർ എന്നു ഷിബു  ചായക്കടക്കാരനെ ചൂണ്ടി എന്നോടു ചോദിച്ചു.

എനിക്കു ദേഷ്യം വന്നു. മൊട്ട എന്നാൽ കന്നഡക്കാർക്കു മനസ്സിലാകും. ചുമ്മാ അവരുടെ വായിലിരിക്കുന്നതു കേൾക്കണോ? ഞാൻ ഷിബുവിനെ പതിയെ ശാസിച്ചു.

ഇതു കേട്ടിട്ടാവണം, അടുത്ത ബെഞ്ചിലിരുന്ന  ശുഭ്രവസ്ത്രധാരിയായ താടിക്കാരൻ, മലയാളികളാണല്ലേ എന്നു മലയാളത്തിൽ ചോദിച്ചത്.

അപ്പോഴാണ് ഞാൻ ആളെ ശ്രദ്ധിച്ചത്. നമ്മുടെ കുമ്മനത്തിന്റെ അതേ രൂപം. വെളുവെളുത്ത താടി പക്ഷേ വയറു വരെ വളർന്നിട്ടുണ്ട് എന്ന വ്യത്യാസം മാത്രം. വെളുത്തമുണ്ട്, വെളുത്ത ജുബ്ബ. ശ്രീ കുമ്മനത്തെ അന്നു ഞാൻ അറിയില്ല. അല്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു സെൽഫി എടുക്കുമായിരുന്നു.

താടിക്കാരൻ പിന്നെ കൂടുതൽ പരിചയപ്പെട്ടു. പേര് സമാരാധ്യ ശ്രുതി. ഹിമാലയത്തിലൊക്കെ ഒട്ടേറെ വർഷം തപസിലലിഞ്ഞ ശേഷം പുണ്യഭൂമിയായ കൊല്ലൂരിൽ ആശ്രമം സ്ഥാപിച്ച് സന്യസിക്കുന്നു.

ശ്രുതി ഞങ്ങളെ ആശ്രമത്തിലേക്കു ക്ഷണിച്ചു. എന്റെ കാറിൽ തന്നെയാണ് ആശ്രമത്തിലേക്കു പോയത്. പോവുന്ന വഴി ശ്രുതി ഹിമാലയത്തിലെ വിശേഷങ്ങളൊക്കെ പറഞ്ഞു.

ഹിമാലയത്തിലൊക്കെ പോയി സന്യസിച്ച ഒരാളെ ആദ്യമായി കണ്ട ത്രില്ലിൽ ഷിബുവും സമാരാധ്യ ശ്രുതി എന്ന പേര് ആദ്യമായി കേട്ട കൺഫ്യൂഷനിൽ ഞാനും മറിച്ചൊന്നും പറയാനാവാത്ത വിധം നിശബ്ദരായി.

ആശ്രമം എന്നു കേട്ടപ്പോൾ വൈശാലി സിനിമയിൽ ഋഷ്യശ്യംഗൻ മാനിനെയൊക്കെ കളിപ്പിച്ചു നിൽക്കുന്ന  കുടിലു പോലത്തെ ഒരു ഇടമാണ് എന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ ശ്രുതിയുടെ ആശ്രമം നല്ലൊരു കോൺക്രീറ്റ് വീടായിരുന്നു. മുൻവശത്തു തന്നെ രണ്ടു കടിയൻ പട്ടികളെ ചങ്ങലക്കിട്ടിരുന്നു. മുറ്റത്ത് അഴയിൽ ഉണങ്ങാനിട്ട റബർ ഷീറ്റുകൾ.

പരിപാവനമായ അന്തരീക്ഷം അല്ലേ എന്ന് ഷിബു ഭക്ത്യാദരപൂർവം പറഞ്ഞതു കേട്ട് എനിക്ക് തൊഴിക്കാൻ തോന്നി.

ശ്രുതിയുടെ പോച്ചകൾ പറഞ്ഞ് നിങ്ങളെ ഭക്തിയുടെ നിറവിലേക്കുയർത്താൻ ഞാൻ  ഉദ്ദേശിക്കുന്നില്ല. നമുക്കു കാര്യത്തിലേക്കു വരാം.

ഞങ്ങൾ ബാങ്കുകാരാണല്ലോ. ബാങ്കിന് ഡെപ്പോസിറ്റ് വേണം, ലോണും കൊടുക്കണം. ലോൺ ആവശ്യമുള്ളവരേയും ഡെപ്പോസിറ്റ് ഇടാൻ തക്ക പണം കയ്യിലുള്ളവരേയും ശ്രുതിയ്ക്ക്  പരിചയമുണ്ട്. അവരെയൊക്കെ ശ്രുതി ഞങ്ങൾക്കു പരിചയപ്പെടുത്തിത്തരും. ഓരോ പരിചയപ്പെടുത്തലിനും ചെറിയൊരു ദക്ഷിണ കൊടുത്താൽ മതിയാകും. ഇതു പറയാനാണ് 'ആശ്രമത്തിലേക്ക്' കൂട്ടിക്കൊണ്ടു വന്നത്.

'ഒന്നോ രണ്ടോ ശതമാനം മതി. നമുക്ക് ആർത്തിയൊന്നുമില്ല', ശ്രുതി പറഞ്ഞു. 'അതും, നമുക്കു തരണ്ട, ആശ്രമത്തിന്റെ അക്കൗണ്ടിൽ ഇട്ടാൽ മതി'.

ശ്രുതിയുടെ മുഖത്താട്ടി എഴുന്നേൽക്കണം എന്നു കരുതിയ ഞാൻ പുറത്തെ കടിയൻ പട്ടികളെ ഓർത്താണ് ക്ഷമ പാലിച്ചത്.

ആലോചിക്കട്ടെ സ്വാമീ, എന്നു മാത്രം ഞാൻ പറഞ്ഞു.

ആലോചിക്കാനെന്തിരിക്കുന്നു മാനേജരേ, മൂന്നു മാസം കൊണ്ട് നിങ്ങടെ ബിസിനസ് ഡബിളാക്കാം, എന്നായി ശ്രുതി.

അതല്ല, ഞാൻ പറഞ്ഞു. കോർ ബാങ്കിംഗൊക്കെയാണ് ഇപ്പൊ. ഈ ദക്ഷിണയൊന്നും അക്കൗണ്ട് ചെയ്യാൻ നിർവാഹമില്ല.

നിങ്ങക്ക് വിധിച്ചിട്ടില്ല എന്നതാണു ശരി. ശ്രുതി തന്റെ വിരോധം ലേശം പ്രകടിപ്പിച്ചു. എന്നാൽ ഞാൻ വേറൊരു സംഭവം പറയാം. ഇതിലും നല്ലതാണ്.

എന്റെ മറുപടിക്കു കാക്കാതെ ശ്രുതി എഴുന്നേറ്റ് അകത്തേക്കു പോയി.

ഷിബുവാകട്ടെ വലിയ ത്രില്ലിലായിരുന്നു. ശ്രുതി അകത്തേക്കു മാറിയ തക്കം നോക്കി വേദനിക്കുന്ന വിധം എന്റെ തുടയിലടിച്ച് സാറ് സമ്മതിക്ക് സാറേ നമ്മൾക്ക് കലക്കാം, എന്ന് ആവേശം കൊണ്ടപ്പോൾ ഞാൻ മിണ്ടാണ്ടിരി മൈ... എന്നു പറഞ്ഞു പോയി. അത്രക്കു ദേഷ്യം വന്നതുകൊണ്ടാണ്, ക്ഷമിക്കണേ.

അതിനു മുൻപോ പിന്നീടോ ഞാനങ്ങനെ തെറി പറഞ്ഞിട്ടില്ല. സത്യം.

ശ്രുതി അകത്തേക്കു പോയത് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സംഭവം എടുത്തു കൊണ്ടുവരാനാണ്. ഒരു പ്രൊജക്ട് എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഒരു കമ്പ്യൂട്ടർ പ്രിന്റ്.

അവിടെ അടുത്ത് ഒരു വലിയ കുടുംബക്ഷേത്രമുണ്ട്. അവിടത്തെ പ്രതിഷ്ഠ കൊല്ലൂർ മൂകാംബികയുടെ അതേ ഭാവത്തിലുള്ള മറ്റൊരു ദേവിയാണത്രെ. പക്ഷേ ചുറ്റുവട്ടത്തുള്ള കുറച്ചു പേർക്കല്ലാതെ മറ്റാർക്കും ഇതറിയില്ല. കൊല്ലുർ എത്തുന്നതു പോലെ ഒട്ടനവധി മലയാളികൾ ദർശനം നടത്തുന്ന ഒരു ക്ഷേത്രമായി ഈ അമ്പലത്തേയും മാറ്റാനുള്ള ഒരു ദ്വിവത്സര പ്രൊജക്ടാണ് ശ്രുതി ഞങ്ങളുടെ മുന്നിൽ നിവർത്തി വച്ചത്.

നിങ്ങൾക്കിതു കൊണ്ട് നല്ല പ്രയോജനം കിട്ടും. ശ്രുതി പറഞ്ഞു. അമ്പലത്തിന്റെ അക്കൗണ്ട് കിട്ടിയാൽ പിന്നെ ഡെപ്പോസിറ്റ് കുമിഞ്ഞു കൂടൂല്ലേ?

അതു കൊള്ളാമല്ലോ, എനിക്കും തോന്നി.

ഓൺലൈനായി വഴിപാടു കഴിക്കാനുള്ള സംവിധാനമൊക്കെ ഞാൻ ശരിയാക്കിത്തരാം, ഞാൻ പറഞ്ഞു.

അടുത്തയാഴ്ച ഡിസംബർ ക്ലോസിങ്ങാണ്. അതിനു മുമ്പ് നല്ല ഫണ്ട് കിട്ടുമോ സ്വാമീ, ഷിബു ചോദിച്ചു.

അതാണു വിഷയം. ശ്രുതി പറഞ്ഞു. ഇപ്പോൾ നിത്യനിദാനത്തിനു പോലും കഷ്ടപ്പെടുന്ന അമ്പലമാണ്. എന്നാലോ, ഈ പ്രൊജക്ട് കൃത്യമായി നടപ്പാക്കിയാൽ ലക്ഷങ്ങളല്ല കോടികൾ തന്നെ കൊയ്യാം.

എന്താ സംഭവം എന്നറിയാൻ ഞാൻ 'പ്രൊജക്ട് ' ഒന്നുമറിച്ചു നോക്കി. ടാക്സി, ഹോട്ടൽ, ബസ് എന്നൊക്കെയെഴുതി പല കണക്കുകൾ. എനിക്ക് പെട്ടന്നൊന്നും മനസിലായില്ല.

ശ്രുതി തന്നെ കാര്യങ്ങൾ വിവരിച്ചു. പ്രൊജക്ട് പ്രകാരം ആദ്യ 6 മാസക്കാലം പണം ചെലവാക്കൽ മാത്രമേ കാണൂ, വരുമാനം കാണില്ല. ഉഡുപ്പി മുതൽ വടക്കോട്ടുള്ള ടാക്സിക്കാര്, ഹോട്ടലുകാര്, ബസുകാര്, തുടങ്ങിയവർക്കൊക്കെ ചെറിയ മാസവരികൾ കൊടുത്ത് പ്രസ്തുത അമ്പലത്തെ പുകഴ്ത്തി മലയാളി ഭക്തരോടു പറയുക.

അതെന്താ മലയാളി ഭക്തർ? ഞാൻ ഇടക്കു കയറി ചോദിച്ചു.

മലയാളികൾ നല്ലതുക ദക്ഷിണയായികൊടുക്കും. കന്നഡക്കാര് പിശുക്കന്മാരാ. ശ്രുതി പറഞ്ഞു.

അപ്പോൾ ആറു മാസം കഴിഞ്ഞാലോ? എനിക്ക് പിന്നെയും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പൈസ വാങ്ങി പറഞ്ഞ കാര്യമൊക്കെ സത്യമാണെന്ന് ഈ ടാക്സിക്കാർക്കും ഹോട്ടലുകാർക്കുമൊക്കെ അപ്പോഴേക്കും തോന്നിത്തുടങ്ങും. പിന്നെ പൈസയില്ലെങ്കിലും അവർ പറച്ചിൽ തുടരും

എന്നിട്ട് ? എനിക്ക് താൽപര്യമായി.

അങ്ങനെ ഒന്നും രണ്ടുമായി മലയാളികൾ വന്നു തുടങ്ങും. അപ്പോൾ നമ്മൾ ഒന്നു രണ്ടു സെലിബ്രിറ്റികളെ ഒപ്പിക്കണം. അവർ വന്ന് അമ്പലത്തിൽ നിന്നുള്ള ഫോട്ടോയും ഒരു അനുഭവകഥയുമൊക്കെ മലയാളം മാസികകളിൽ പ്രസിദ്ധീകരിക്കണം.

പക്ഷേ ഏതു സെലിബ്രിറ്റി വരും? ഞാൻ ചോദിച്ചു.

ശ്രുതി പ്രൊജക്ടിന്റെ പേജു മറിച്ചു. അന്നത്തെ രണ്ടു യുവനടിമാരുടെ പേരും പേരിനു നേർക്കെഴുതിയ തുകയും കാണിച്ചു തന്നു.

ഇതൊന്നുമല്ല അവരുടെ റേറ്റ്. പിന്നെ ദേവിയുടെ കാര്യമായതോണ്ട് ചുളുവിലക്ക് കിട്ടി. അവരുടെ നാരീ പൂജയും പ്ലാനിലുണ്ട്. ശ്രുതി പറഞ്ഞു.

ശ്രുതി ചില്ലറക്കാരനല്ല എന്നു മനസിലായിക്കാണുമല്ലോ.

ഇതും കഴിഞ്ഞാൽ കൂടുതൽ ആൾക്കാർ വന്നു തുടങ്ങും. ശ്രുതി തുടർന്നു. പക്ഷേ നമ്മളുടെ പ്ലാനിലെ വരുമാനത്തിന് ഇതുപോര.  അതിന് മുന്നാല് അദ്ഭുതങ്ങളും കുറച്ച് ഐതിഹ്യങ്ങളുമൊക്കെ വേണം.

അദ്ഭുതമോ!? ഷിബുവിന് അദ്ഭുതമായി. എനിക്കും.

എന്നു വച്ചാൽ അസുഖം മാറി, അല്ലെങ്കിൽ കല്യാണം റെഡിയായി എന്നൊക്കെ നാലഞ്ചു പേർ പറയണം.

അയ്യേ അതു പറ്റിക്കലല്ലേ? ഞാൻ പറഞ്ഞു.

പറ്റിക്കൽ എന്നു വേണമെങ്കിൽ പറയാമെന്നേയുള്ളൂ, ശ്രുതി പറഞ്ഞു. ഈ രോഗശാന്തിക്കാരൊക്കെ ചെയ്യുന്നില്ലേ, അതുപോലെ.

ഇതിൽ ബാങ്കിന്റെ റോളെന്താണ്? ഞാൻ ചോദിച്ചു.

ഈ പ്രൊജക്ട് കൊള്ളാവോ ? ഉത്തരം തരുന്നതിനു പകരം ശ്രുതി മറുചോദ്യം ചോദിച്ചു.

അടിപൊളി. തകർക്കും. ഷിബു ചാടിക്കയറി പറഞ്ഞു.

മാനേജർക്കെന്തു തോന്നുന്നു? ശ്രുതി എന്നോടു ചോദിച്ചു.

നല്ല പ്ലാനാണ്. ഞാൻ മടിയോടെ പറഞ്ഞു. എക്സിക്യൂഷൻ അൽപം പ്രയാസമാണ്.

എങ്കിൽ ഞാൻ കാര്യം പറയാം. ശ്രുതി എന്റെയടുത്തേക്ക് കസേര നീക്കിയിട്ടു.ഈ അമ്പലത്തിന്റെ ഉടമകൾ ഒരു വിവരവുമില്ലാത്ത കഴുതകളാ. ആദ്യം പറഞ്ഞു ഇത്രേം പൈസ മുടക്കാൻ പറ്റൂല്ലാന്ന്. ഞാൻ അതൽപം കുറച്ചു. പിന്നെ പറയുന്നു എന്റെ ദക്ഷിണ കൂടുതലാന്ന്. അതും കുറച്ചു. ഇപ്പോൾ പറയുന്നു ഞാനല്ലാതെ മറ്റാരെങ്കിലും കൂടി പ്രൊജക്ടിൽ വേണമെന്ന്. പൈസ കൈകാര്യം ചെയ്യാനുള്ളതല്ലേ, ഒരു ബാങ്ക് മാനേജരോ മറ്റോ ആണെങ്കിൽ ബഹുകേമം.

ഞാൻ മറുപടിയൊന്നും പറയാതെ പതിയെ മൊബൈലെടുത്ത് സമയം നോക്കി.

മീൻ വെട്ടുന്നിടത്തിരിക്കുന്ന പൂച്ചയെ പോലെ അപ്പോൾ ശ്രുതി എന്റെ മുഖത്തു നോക്കി യാചിച്ചു: മാനേജർ കൂടൂല്ലേ?

ഷിബുവിന്റെ തോണ്ടൽ അവഗണിച്ച് ഞാൻ പതിയെ എഴുന്നേറ്റു.

സ്വാമി ക്ഷമിക്കണം, ഞാൻ പറഞ്ഞു. ബാങ്ക് ജോലി തന്നെ വലിയ ഉത്തരവാദിത്തമാണ്. മറ്റൊന്നിനും സമയം കിട്ടില്ല. ഈ ജോലി എനിക്ക് ഒട്ടും പറ്റില്ല.

എന്നിട്ട്, മാനേജർ ഒന്നും ചെയ്യണ്ട ചുമ്മാ നിന്നു തന്നാൽ മതി എന്നൊക്കെയുള്ള ശ്രുതിയുടെ വിശദീകരണങ്ങളും കടിയൻ പട്ടികളുടെ അലറൻ കുരകളും ഷിബുവിന്റെ പിൻ വിളികളും ഒക്കെ അവഗണിച്ച് ഞാനങ്ങ് വേഗത്തിൽ കാറിൽ ചെന്നു കയറി.

ഓടിപ്പിടച്ചുവന്നു കയറിയ ഷിബു അൽപ നേരത്തേക്ക് എന്നോടു മിണ്ടിയില്ല. പിന്നെ പരിഭവത്തോടെ പറഞ്ഞു. നല്ല ചാൻസാണ് സാറ് നശിപ്പിച്ചത്.

എനിക്കങ്ങു ദേഷ്യം വന്നു. ഷിബൂ, ഞാൻ അലറി. അദ്ഭുതമെന്നൊക്കെപ്പറഞ്ഞ്, സെലിബ്രിറ്റികളുടെ അനുഭവം എന്നൊക്കെ പറഞ്ഞ്, ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി പാവം നാട്ടുകാരെ പറ്റിച്ചു വേണോ ഞാൻ ജീവിക്കാൻ ?

ഷിബുവിന്റെ മറുപടിയുണ്ടല്ലോ, എന്നെ തകർത്തു കളഞ്ഞു.

ഇല്ലാക്കഥകളല്ലാതെ ഉള്ള കഥകൾ പറയുന്ന ഏതമ്പലമുണ്ടു സർ ഇവിടെ ? ഇപ്പറയുന്ന ഐതിഹ്യങ്ങളൊക്കെ സത്യ കഥകളാണോ ? വഴിപാടുകൾ കഴിച്ചാൽ എന്തെങ്കിലും പ്രയോജനമുണ്ടോ?  പോട്ടെ, ദൈവം തന്നെ സത്യമാണോ? ആർക്കെങ്കിലും അറിയാമോ?

'ഷിബൂ....' ഷിബുവിന്റെ ഉദാത്തമായ വാക്യങ്ങൾ കേട്ട് ഞാൻ സഡൻ ബ്രേക്കിട്ടു പോയി.

സത്യമല്ലേ സർ ഞാൻ പറഞ്ഞത്, എല്ലാം മായയല്ലേ ? ഷിബു ചിരിച്ചു കൊണ്ടു പറഞ്ഞു.

ഞാനന്ന് ഷിബുവിനെ മനസാതൊഴുകയും താൻ ബ്രാഹ്മണനാണെന്ന ഷിബുവിന്റെ അവകാശവാദം സത്യം തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

എൻഡ് ഒഫ് ദ ഡേ:

പിന്നെ മൂന്നാലു തവണ ശ്രുതി ബാങ്കിൽ വന്ന് എന്നെ കണ്ടിരുന്നു. ഒരു അക്കൗണ്ടൊക്കെ എടുത്തു. പക്ഷെ പ്രൊജക്ടിനെപ്പറ്റി പിന്നീട് ഒന്നും പറഞ്ഞിട്ടില്ല.

ഈയിടെ ശബരിമല വിഷയത്തോടനുബന്ധിച്ച് ശ്രീ കുമ്മനം രാജശേഖരൻ ചർച്ചകളിൽ നിറഞ്ഞപ്പോൾ, അവർ തമ്മിലുള്ള രൂപസാദ്യശ്യം മൂലം ഞാൻ ശ്രുതിയെ ഓർത്തു പോയി. ചുമ്മാ വിളിക്കാൻ തോന്നി. മൂന്നാലു തവണ വിളിച്ചപ്പോഴാണ് കിട്ടിയത്.

ഞാൻ വിളിച്ചതിൽ ശ്രുതിക്കു വലിയ സന്തോഷമായി. റബറിന്റെ വിലയിടിഞ്ഞതിന്റെ സങ്കടമൊക്കെ പറഞ്ഞു. സന്യാസിമാർക്ക് പെൻഷനേർപ്പെടുത്താമെന്ന വാഗ്ദാനം നിറവേറ്റാത്തതിന് ശ്രുതി പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. കൂടാതെ, ഇക്കാരണത്താൽ BJP അടുത്ത ഇലക്ഷനിൽ വലിയ തിരിച്ചടി നേരിട്ട് ഒതുങ്ങിപ്പോവുന്നതായിരിക്കും എന്നു പ്രവചിക്കുകയും ചെയ്തു.

ശബരിമല വിഷയം മലയാളികളെ എങ്ങനെ ബാധിക്കും എന്നു ഞാൻ ചുമ്മാ ചോദിച്ചു.

ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കണക്കാക്കണ്ട, ശബരിമലയിലെ വരുമാനം രണ്ടു വർഷത്തിനകം ഇരട്ടിക്കുമത്രെ. അഞ്ചു വർഷത്തിനകം നാലിരട്ടിയെങ്കിലും ആകും. കാരണം സ്ത്രീകൾ വരുമല്ലോ.

കൊള്ളാം. ശ്രുതി പഴയ ബിസിനസ് മൈന്റൊക്കെ മാറ്റി നവോത്ഥാന ലൈനിലെത്തിയെന്നു തോന്നിപ്പോയി എനിക്ക്.

അപ്പാഴാണ് പഹയൻ പുതിയൊരു പ്രൊജക്ടിന്റെ ആശയം പങ്കുവച്ചത്. ആ പ്രൊജക്ടാണ്  ഹ്രസ്വമല്ലാത്ത ഈ കുറിപ്പിനാധാരം.

പഴയ പോലെ ബസ്, ടാക്സി, ഹോട്ടൽ വഴി സെലിബ്രിറ്റികളിലൂടെ പുഷ്കലമാക്കാൻ സമാരാധ്യ ശ്രുതി അവതരിപ്പിക്കുന്ന പുതിയ പ്രൊജക്ട് ഇതാണ്: എല്ലാ ജനുവരി രണ്ടിനും ശബരിമലയിൽ മാളികപ്പുറത്തമ്മയ്ക്ക് പൊങ്കാല !!!