Sunday, November 29, 2009

ആകാശത്തെ കഥകള്‍പതിവു തെറ്റിച്ച് കൃഷ്ണന്‍ എത്താന്‍ വൈകി. മൂകമായ അന്തരീക്ഷം. പ്ലാവില പെറുക്കുകയായിരുന്ന അബ്ദുവിനോട് എവിടെയെങ്കിലും ചെന്ന് കൃഷ്ണനെ അന്വേഷിക്കാന്‍ പറയണമെന്നു തോന്നി യേശുവിന്. അത്രമാത്രം അസഹ്യമായി തോന്നുന്നു ഈ മൂകത. കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങുമിങ്ങും നടക്കുന്നതു കണ്ട് ധ്യാനത്തിലായിരുന്ന ഗൌതമന്‍ പാതി പുഞ്ചിരിയോടെ ചോദിച്ചു:
‘കൃഷ്ണന്‍ വരാത്തതിനാല്‍ വല്ലാത്ത ബോറടി അല്ലേ?’
യേശു ചെറുതായി തലയിളക്കി തിരിഞ്ഞപ്പോള്‍ വളവും കടന്ന് ദാ വരുന്നു ഓടക്കുഴലിന്റെ നാദത്തിനു പിറകെ കൃഷ്ണന്‍. യേശുവിന്റെ ഹൃദയം തുള്ളിച്ചാടി. കുസൃതിയാണ് കൃഷ്ണന്‍. തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ദുരന്തങ്ങള്‍ നിറഞ്ഞ ലോകത്ത് എല്ലാം മറക്കാന്‍ കൃഷ്ണന്‍.
‘ഗുഡ് മോണിങ് എവരിബഡി,’ ഓടക്കുഴല്‍ ചുണ്ടത്തു നിന്നെടുത്ത് പടികള്‍ കയറുമ്പോള്‍ കൃഷ്ണന്‍ കൈ വീശി.
‘ആരെങ്കിലും കുളിക്കുന്നതു നോക്കി നിന്നു താമസിച്ചതാണോ?’ ചര്‍ക്ക കറക്കുന്നതു നിറുത്തി, ചിരിയടക്കി ഗാന്ധി ചോദിച്ചു.
‘എന്താ അപ്പൂപ്പാ,’ ഓടക്കുഴല്‍ കൊണ്ടു പുറം ചൊറിഞ്ഞ് കൃഷ്ണന്‍ കോപം അഭിനയിച്ചു.‘ നെഞ്ചത്ത് വെടി കിട്ടി മോഹം തീര്‍ന്നിട്ടില്ലേ?‘
‘വേറൊരു കാരണവും ഞാന്‍ കാണുന്നില്ല. അതുകൊണ്ടു ചോദിച്ചതാ.’
ഇങ്ങോരെ എങ്ങനെയാ അപ്പൂപ്പാ എന്നു വിളിക്കുന്നെ?‘ കൃഷ്ണന്‍ തിരിഞ്ഞു നിന്ന് എല്ലാവരോടുമായി പറഞ്ഞു:‘ മൂപ്പര്ടെ മുടി മാത്രമേ നരച്ചിട്ടൊള്ളൂ, മനസ്സിപ്പോഴും കറുത്തു തന്നാണല്ലോ-‘
ഗൌതമന്‍ ധാനത്തില്‍ നിന്നുണര്‍ന്ന് പൊട്ടിച്ചിരിച്ചു പോയി.
‘എവ്ടെ, ആളിനീം വരാനുണ്ടല്ലോ, ഏ അബ്ദു,’ കൃഷ്ണന്‍ വിളിച്ചു.’ നിന്റെ കാര്‍ന്നോരെന്തിയേ?’
‘നൊയ്മ്പ് തൊടങ്ങിയേക്ക്ണല്ലേ, പ്രാര്‍ഥിക്കണേണ്.’ പ്ലാവില പെറുക്കുന്നതു നിറുത്തി അബ്ദു പറഞ്ഞു.
‘പകല് പട്ടിണി രാത്രി കുശാല്‍, പകല് പട്ടിണി രാത്രി കുശാല്‍,‘ കൃഷ്ണന്‍ വയറ്റത്തു താളംകൊട്ടിപ്പറഞ്ഞപ്പോള്‍ കുനിഞ്ഞിരുന്ന് ചെരുപ്പിന്റെ വാറഴിക്കുകയായിരുന്ന ബലരാമന്‍ കുലുങ്ങിയുള്ള ചിരിയില്‍ ബാലന്‍സു തെറ്റി വീഴാന്‍ പോയി.
തന്റെ കളിയും ചിരിയും എവിടെപ്പോയൊളിച്ചു എന്നു ചിന്തിച്ചുപോയി യേശു. കുറച്ചു നാളായി ഇങ്ങനെയാണ്. ചിരിക്കുള്ള വിഷയങ്ങളുണ്ടെങ്കിലും ചിരിക്കാനാവുന്നില്ല.
ഇടതുകയ്യിലെ കൂമ്പാരത്തില്‍ നിന്ന് ഓരോന്നായി മോദകങ്ങള്‍ തിന്നുകൊണ്ട് അന്നേരം കുഞ്ഞുഗണപതി ആ വഴി വന്നു.
‘ആന വയറാ,’ കൃഷ്ണന്‍ വിളിച്ചു ചോദിച്ചു: ‘ഇങ്ങനെ തിന്നുതിന്നു നടന്നാല്‍ മതിയോ, ഒരു കല്ല്യാണമൊക്കെ കഴിക്കണ്ടേ?’
‘ദേ, ഞാനച്ഛനോടു പറഞ്ഞ് മൂന്നാം കണ്ണ് തുറപ്പിക്കുന്നുണ്ട്, കള്ളക്കൃഷ്ണാ’ ഗണപതി ദേഷ്യപ്പെട്ടു.
കൃഷ്ണന്‍ ഭയന്നതുപോലെ അഭിനയിച്ച് ഗണപതിയുടെ അടുത്തുചെന്ന് ചെവിയിലെന്തോ പറഞ്ഞു. പിന്നെ ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് തിരികെ വന്നു.
‘എന്താ ഈശോ’, തിരികെ വന്ന കൃഷ്ണന്‍ അതുവരെ മിണ്ടാതിരുന്ന തന്നോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിന് ചെറിയ ഉത്സാഹം തോന്നി. ‘എന്താ ഈശോ താടി ചൊറിയുന്നത്, പേന്‍ കടിക്കുന്നുണ്ടോ?’
എല്ലാവരും പൊട്ടിച്ചിരിച്ചു. തന്റെ ഉള്ളിലും പൊട്ടിച്ചിരി കൂമ്പുകുത്തി മറിയുന്നത് യേശു അറിഞ്ഞു. പക്ഷേ, തന്റെ ചിരികളൊന്നും പുറത്തേയ്ക്കു വരാത്തതെന്ത്? കൃഷ്ണന്‍ അടുത്തുചെന്ന് യേശുവിന്റെ തോളത്ത് കൈയിട്ടു. എന്നിട്ട് അബ്ദുവിനു നേരെ തിരിഞ്ഞു.
‘അബ്ദു, ഞങ്ങളിന്ന്, ഞാനും ഈശോയും നിങ്ങളുടെ മസ്ജിദില്‍ പോയാല്‍ നൊയ്മ്പ് മുറിക്കുമ്പോള്‍ ശാപ്പാട് തരുവോ?’
‘സംശയമാണ്’, അബ്ദു പറഞ്ഞു.’ ഞങ്ങള് ദൈവങ്ങള്‍ടെ ഫോട്ടോ വച്ച് തീന് കൊടുക്കാറില്ല.‘
‘ഫോട്ടൊയല്ലപ്പാ, ഞങ്ങള് ഒറിജിനല്‍ ആള്‍ക്കാര് തന്നെ പോണേണ്, അപ്പഴാ,’
‘നോമ്പ് മുറിക്കണ നേരത്ത് ഏത് പിച്ചക്കാരന്‍ ചെന്നാലും കിട്ടും.’
‘അപ്പൊ ഈശോടെ കാര്യം ഓക്കെ,’ കൃഷ്ണന്‍ കണ്‍കോണുകളിലൂടെ യേശുവിനെ നോക്കി പുഞ്ചിരിച്ചു. യേശു തമാശയ്ക്ക് കൈയുയര്‍ത്തി കൃഷ്ണനെ അടിക്കാനാഞ്ഞു-‘കൃഷ്ണാ പതിയെപ്പറ. വര്‍ഗ്ഗീയലഹളയുണ്ടാകും’.
‘ഈശോ വാ തുറന്നു. ദാ എല്ലാരും നോക്കിയേ, ഈശോ സംസാരിച്ചു. കേട്ടോ എല്ലാരും, ഈശോയ്ക്ക് നാക്കുണ്ട്‘. കൃഷ്ണന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. അവിടെ ഒന്നും സംസാരിക്കാത്തയാള്‍ യേശുവാണ്. ചെറിയ വാക്കുകള്‍ മതി യേശുവിനു സന്തോഷത്തിന്, അതുപോലെ സങ്കടത്തിനും. ലോകത്തു നടക്കുന്ന കാ‍ര്യങ്ങള്‍ പലതും ആരെങ്കിലുമൊക്കെ പറഞ്ഞറിയുമ്പോള്‍ യേശു തനിച്ചിരുന്നു കരയും.
‘ലെറ്റസ് മൂവ് ഈശോ’, കൃഷ്ണന്‍ പറഞ്ഞു. ‘ഇന്നു നോയ്മ്പ് നോക്കാം. വൈകീട്ട് ഇഫ്താറും കഴിഞ്ഞു മടങ്ങാം, ഓക്കേ?’
യേശു തലകുലുക്കി
‘ദെന്‍, ബൈ എവെരിബഡി, രാത്രി കാണാം’.
‘യേശുവിനെ എങ്ങും കൊണ്ടുപോയി തല്ലുകൊള്ളിക്കല്ലേ മോനേ,’ ആരോ വിളിച്ചുപറഞ്ഞു.
പൊട്ടിച്ചിരിച്ചു തമാശയസ്വദിച്ച് യേശുവിന്റെ തോളത്തു കയ്യിട്ട് കൃഷ്ണന്‍ കൈ വീശി യാത്ര പറഞ്ഞു.
പാതി വഴിയില്‍ യേശുവിനു പെട്ടന്നൊരു തോന്നലുണ്ടായി:
‘കണ്ണാ,’ യേശു വിളിച്ചു.
‘ആഹാ,’ കൃഷ്ണന്‍ തലകുലുക്കി ആ വിളി ആസ്വദിച്ചു.’ഈശോ ഇതുപോലെ ഇനീം വിളിക്ക്. ഇനീം സംസാരിക്ക്. എന്തിനാ ഈ ഭാരമെല്ലാം ചുമന്നു നടക്കുന്നത്? നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇവിടെ? എന്തിനാണ് ലോകത്തെക്കുറിച്ചോര്‍ത്തു മനസ്സു പുണ്ണാക്കുന്നത്? ഞങ്ങള്‍ പലരും ഭയന്നു, ഈശോയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടോ എന്ന്. എന്തിനും അതിന്റെ നിയമമുണ്ട്, നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ആവുമോ? രാഷ്ട്രീയക്കാരു പറയുമ്പോലെ ലോ വില്‍ റ്റേയ്ക് ഇറ്റ്സ് ഓണ്‍ കോഴ്സ്, ശരിയല്ലേ?’
യേശുവിനു മനസ്സു തണുത്തു. പൊട്ടിച്ചിരികള്‍ മടങ്ങിവരുന്നതുപോലെ. മനസ്സു പറന്നുയരുന്നതുപോലെ. ആഹ്ലാദത്തോടെ യേശു ചോദിച്ചു:
‘കണ്ണാ, മസ്ജിദിലേയ്ക്കു ഞാന്‍ വേണോ?ഞാന്‍.. ഒരു കൃഷ്ണക്ഷേത്രത്തില്‍ പോയി നോക്കട്ടെ?’
കൃഷ്ണന്‍ തലചെരിച്ച് യേശുവിനെ നോക്കി കുസൃതിച്ചിരി ചിരിച്ചു. ‘പഹയാ മനസ്സിലായി മനസ്സിലായി- പാല്‍പ്പായസവും പഞ്ചാമൃതവും അല്ലേ? പൊയ്ക്കോളൂ. എനിക്കു സമ്മതം. വൈകീട്ട് ദീപാരധന കഴിഞ്ഞ് നടയടയ്ക്കുന്നതും മടങ്ങിയേക്കണം. പിന്നെ-‘ തനിക്കു മാത്രം സാധ്യമായ ശൃംഗാരത്തില്‍ എങ്ങോട്ടെന്നില്ലാതെ നോക്കി കൃഷ്ണന്‍ മൊഴിഞ്ഞു:‘എന്റെ ആരാധികമാരുടെ നേര്‍ക്കെങ്ങാന്‍ കണ്ണിട്ടാല്‍-‘
‘ഒന്നു പോ കൃഷ്ണാ,’ യേശു നാണംകൊണ്ടു തുടുത്തു.
പൊട്ടിച്ചിരിച്ചുകൊണ്ട് കൃഷ്ണന്‍ മുന്നോട്ടു യാത്രയായി.
‘ഗുഡ് ബൈ ദെന്‍ ഈശോ’
ഗുഡ് ബൈ കൃഷ്ണാ’.

ചെന്നുകയറിയ ക്ഷേത്രം യേശുവിനു വളരെ ഇഷ്ടപ്പെട്ടു. ചെറിയ ക്ഷേത്രം. ചെറിയൊരു ഗ്രാമത്തിലെ ചെമ്മണ്‍ പാതയുടെ ഓരത്തെ ചെറിയൊരു കൃഷ്ണക്ഷേത്രം. പ്രഭാതപൂജ കഴിഞ്ഞ് നടയടച്ചിരുന്നു യേശു ചെല്ലുമ്പോള്‍. ചന്ദനത്തിരിയുടെ നേര്‍ത്ത പുകപടലത്തില്‍, പൂക്കള്‍ ചൂടി നില്‍ക്കുന്ന കൃഷ്ണവിഗ്രഹം. യേശു മന്ദഹസിച്ചു. പലപ്പോഴും ഒന്നൂതിനോക്കാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ ചോദിക്കാന്‍ മടിയായിരുന്നു. കൃഷ്ണവിഗ്രഹത്തിലെ ഓടക്കുഴലെടുത്ത് യേശു ചുണ്ടോടു ചേര്‍ത്തു. ഫു ഫു എന്നു രണ്ടുമൂന്നു വികൃത സ്വരങ്ങള്‍. യേശു ശബ്ദമുണ്ടാക്കാതെ പൊട്ടിച്ചിരിച്ചു.
യേശു വളരെ ശ്രദ്ധിച്ച് പീലിക്കിരീടം കൃഷ്ണന്റെ മുടുയില്‍ നിന്നെടുത്തു. ഉത്തരീയമെടുത്ത് തോളിലൂടെ ഞാത്തിയിട്ടു. മുത്തുമാലകള്‍. അരപ്പട്ട. വെണ്ണക്കിണ്ണത്തിലുണ്ടായിരുന്ന വെണ്ണയല്‍പ്പം തോണ്ടി നാവില്‍ വച്ചപ്പോള്‍ യേശുവിനു കോരിത്തരിപ്പു തോന്നി.
ആഹാ, എന്തു സ്വാദ് !
പിന്നെ കൃഷ്നവിഗ്രഹത്തിനു സമീപം കൃഷ്ണനെ പോലെ കാലുകള്‍ പിണച്ച് ഓടക്കുഴല്‍ ചുണ്ടത്തുവച്ച് പുഞ്ചിരിയോടെ നില്‍ക്കാന്‍ ശ്രമിച്ചു. രണ്ടുമൂന്നു വട്ടം ശ്രമിച്ചിട്ടും യേശുവിനു ബാലന്‍സ് കിട്ടിയില്ല. പിന്നെ ഒരു കൈമുട്ട് ചുമരില്‍ ചെറുതായി താങ്ങുപോലെ ചേര്‍ത്തു നിന്നപ്പോള്‍ യേശുവിന് ആത്മവിശ്വാസമായി. മൂലയ്ക്കു ചാരിവച്ചിരുന്ന വലിയ സ്റ്റീല്‍ തളികയില്‍ പ്രതിബിംബിച്ച സ്വന്തം രൂപം കണ്ടു ചിരിപൊട്ടിയപ്പോള്‍ യേശുവിനു വീണ്ടും ബാലന്‍സു നഷ്ടപ്പെട്ടു.
താടിയും മീശയുമുള്ള കൃഷ്ണന്‍!
പെട്ടന്നു പുറത്തു കേട്ട ശബ്ദം ഹല്ലേലുയ എന്നാണെന്നു തോന്നിയപ്പോള്‍ യേശുവിനു ദിഗ്ഭ്രമമുണ്ടായി. അമ്പലത്തില്‍ പറയുന്നതു മറ്റെന്തോ അല്ലേ? ഓടക്കുഴല്‍ താഴെ വച്ച് കിളിവാതിലിലൂടെ എത്തിനോക്കി. കുരിശുമാല ധരിച്ച ഒരാള്‍ മൈക്കു വച്ച് പ്രസംഗിക്കുകയാണ്. കൃഷ്ണന് കണ്ണുണ്ടെങ്കിലും കാണില്ലത്രെ. കാതുണ്ടെങ്കിലും കേള്‍ക്കില്ലത്രെ. കൃഷ്ണന്‍ മരിച്ചുപോയ ദൈവമാണത്രെ. കൃഷ്ണനെ പ്രാര്‍ത്ഥിച്ചാല്‍ ഫലമില്ലത്രെ. നിത്യനരകത്തില്‍ ചെല്ലുമത്രേ. ചെവിപൊത്തിക്കൊണ്ട് യേശു നിലത്തിരുന്നുപോയി.
‘കൃഷ്ണാ’, കൃഷ്ണവിഗ്രഹത്തെ നോക്കി യേശു കരഞ്ഞു. താന്‍ എന്തുകൊണ്ട് ഇങ്ങനെ പെട്ടന്നു കരഞ്ഞുപോവുന്നു എന്ന് യേശുവിനു മനസ്സിലായില്ല. കൃഷ്ണന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ പറഞ്ഞേക്കുമായിരുന്ന ഫലിതങ്ങള്‍ സ്വയം സൃഷ്ടിക്കാന്‍ യേശു ശ്രമിച്ചു. കൃഷ്ണന്‍ എന്തിലും തമാശയുണ്ടാക്കും.
പെട്ടെന്ന് പുറത്തെന്തോ ആരവം കേട്ട് യേശു വീണ്ടും കിളിവാതിലിലൂടെ നോക്കി. ഒരുകൂട്ടം ആളുകള്‍ കുരിശുധാരിയേയും കൂടെയിരുന്നവരേയും ആക്രമിക്കാനായി വരികയാണ്. യേശുവിനു സംഭ്രമമായി. അപകടം. അടച്ചിട്ട വാതില്‍ എങ്ങനേയും തുറന്ന് അരുതേ, അവിവേകം കാട്ടരുതേ എന്നലറി യേശു ജനക്കൂട്ടത്തിലേയ്ക്കു പാഞ്ഞുചെന്നു. പക്ഷേ ജനങ്ങള്‍ കാണരുതാത്തതു മാത്രം കണ്ടു. കുരിശുധാരികള്‍ യേശുവിന്റെ തലയിലെ പീലിക്കിരീടവും കയ്യിലെ ഓടക്കുഴലും കണ്ട് ‘ചെകുത്താന്‍ ചെകുത്താന്‍’ എന്നലറി. മറുഭാഗക്കാര്‍ യേശുവിന്റെ താടിയും മുടിയും കണ്ട് ‘നമ്മളെ മതം മാറ്റാന്‍ വന്നിരിക്കയാണടാ’ എന്നര്‍ത്തു കൂവി. തിക്കിലും തിരക്കിലും പെട്ട് ഒന്നിനുമാവാതെ ധാരാളം താഡനങ്ങള്‍ ഏറ്റുവാങ്ങി അവസാനം യേശു മുട്ടുകുത്തി നിന്നുപോയി.

തനിച്ചുള്ള മടക്കയാത്ര. യേശുവിന് ശരീരത്തിന്റെ പലഭാഗങ്ങളും നീറുന്നുണ്ടായിരുന്നു. പക്ഷേ മനസ്സു ശാന്തം. ആകെയൊരു മൂടല്‍ കൊണ്ടുണ്ടായ ശാന്തതയെന്ന് യേശുവിനു തോന്നി. പിഴവ് എന്താണെന്നു ചിന്തിക്കാന്‍ തുടങ്ങിയതായിരുന്നു യേശു.
‘ഹലോ’, പിറകില്‍ നിന്നൊരു പതിഞ്ഞ വിളി.’വയറു നിറയെ പഞ്ചാമൃതവും വെണ്ണയും കഴിച്ചപ്പൊ കൂട്ടുകാരനെ മറന്നോ ഈശോ?’
യേശു തിരിഞ്ഞു നോക്കി. പെട്ടന്നു കണ്ണുനിറഞ്ഞുപോയതുകൊണ്ട് യേശുവിനു കൂടുതല്‍ കാണേണ്ടി വന്നില്ല. കീറിപ്പറിഞ്ഞ പട്ടുമുണ്ടും ഉത്തരീയവുമായി പൊളിഞ്ഞുപാളീസായ പീലിക്കിരീടവും ചൂടി ശരീരമാകെ രക്തക്കറയുമായി കൃഷ്ണന്‍!
‘കണ്ണാ’ കൂടുതല്‍ പറയാന്‍ യേശുവിനായില്ല.
‘പഹയന്മാര്‍’, രണ്ടു കഷണങ്ങളായ ഓടക്കുഴല്‍ കാട്ടി കൃഷ്ണന്‍ ചിരിച്ചു. വടിവാളിന്റെ വെട്ടു തടുക്കാന്‍ ഇതേ കയ്യിലുണ്ടായിരുന്നുള്ളൂ. ഇതു നന്നാക്കും വരെ ഞാനെന്തു ചെയ്യും?‘
യേശു ഏങ്ങലടിക്കാന്‍ തുടങ്ങി.’കൃഷ്ണാ, അവരവിടെ നമ്മുടെ പേരും പറഞ്ഞ് ബഹളം വയ്ക്കുകയാണ്.’
കൃഷ്ണന്‍ കയ്യടിച്ച് പൊട്ടിച്ചിരിച്ചു: ‘ബഹളമല്ലേ ഉള്ളൂ ഈശോ? ഞാന്‍ പോയ മസ്ജിദില്‍ ആളുകള്‍ എന്റെ പേരില്‍ ജയ് വിളിച്ച് ബോംബുകളാ കൊണ്ടുചെന്നിട്ടത്. ബോംബ്! താന്‍ കണ്ടിട്ടുണ്ടോ ബോംബ്? മസ്ജിദിലെ ബോംബും കൊണ്ടുവന്ന ബോംബും ചേര്‍ന്നു പൊട്ടിയപ്പോള്‍ എത്രപേരു തീര്‍ന്നെന്നു കണക്കാക്കാനായില്ല. എന്റെ പേരില്‍ ഹുങ്കാരം മുഴക്കി എന്നെത്തന്നെ വെട്ടുക‘. ചിരി നിറുത്തി കൃഷ്ണന്‍ പിറുപിറുത്തു-‘ നാളെ നമ്മുടെ സെറ്റില്‍ പുതിയ ആളുകള്‍ വരുമ്പോഴറിയാം ഇന്നെത്രപേരു തീര്‍ന്നെന്ന്’.
പിന്നെ കൃഷ്ണന്‍ സാവധാനം യേശുവിനു സമീപം ചെന്നു. ചുണ്ടത്ത് ഇറ്റി നിന്ന ചോര തുപ്പിക്കളഞ്ഞ് കൃഷ്ണന്‍ പതിയെ യേശുവിന്റെ മുഖത്തു കൈ ചേര്‍ത്ത് കണ്ണീര്‍ തുടച്ചു കളഞ്ഞു.
‘ഈശോ’,- കൃഷ്ണന്‍ പതിയെ പറഞ്ഞു.’എല്ലാം നന്നാവാന്‍ നമ്മളെല്ലാം സഹിച്ചും ക്ഷമിച്ചും ജീവന്‍ കൊടുത്തും ശ്രമിച്ചു. എന്താവാന്‍? കരഞ്ഞിട്ടു കാര്യമില്ല ഈശോ. നമ്മള്‍ ഒന്നാണെന്ന് എത്ര പറഞ്ഞിട്ടും കാര്യമില്ല. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കും. അല്ലാ‍ത്തവര്‍-
കൃഷ്ണന്‍ പാതിയില്‍ നിര്‍ത്തി. പിന്നെ യേശുവിന്റെ തോളത്തു കയ്യിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മധുരശബ്ദത്തില്‍ പറഞ്ഞു.
‘വേഗം നടക്കാം ഈശോ. നൊയ്മ്പ് മുറിക്കും മുമ്പ് നമ്മുടെ ആള്‍ക്കാരുടെയടുത്ത് മടങ്ങിയെത്തണം. അല്ലെങ്കില്‍ ആ ഗണപതിപ്പഹയന്‍ എല്ലാം തിന്നു തീര്‍ക്കും. ലെറ്റസ് മൂവ്...'


************* ******************* *********************