Friday, January 7, 2022

ശ്രീക്കുട്ടിയുടെ സമ്പാദ്യം

 


കള്ളത്തരം ചെയ്തതായിട്ടു തന്നെയാണ് ശ്രീക്കുട്ടിക്കു തോന്നിയത്. അതുകൊണ്ടാവണം നെഞ്ചു വല്ലാതെ പിടച്ചത്. വേഗം നടക്കാൻ നോക്കിയിട്ടു സാധിക്കുന്നുമില്ല.

നീ പൈസ കട്ടു അല്ലേ”? എന്ന് എതിരെ വരുന്നവരും റോഡരികിൽ നിൽക്കുന്നവരുമൊക്കെ ചോദിക്കുന്നതായി  അവൾക്കു തോന്നിപ്പോയി.

സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച്, സ്വന്തം പിൻ നൽകി സ്വന്തം അക്കൗണ്ടിൽ നിന്നാണ് പൈസ എടുത്തത്.

എന്നിട്ടുമെന്തിനാണ് കള്ളത്തരം കാണിച്ചു എന്ന തോന്നൽ എന്നല്ലേ ?

അച്ഛനോടോ അമ്മയോടോ പറയാതെയാണ് എടുത്തത്.

കൂടാതെ, ഒന്നും രണ്ടുമല്ല, രണ്ടായിരം രൂപയല്ലേ എടുത്തത്!

എടുത്തത് എന്തിനാണ് എന്ന കാര്യം കേട്ടാലോ ? പൈസയില്ലാത്ത നേരത്ത് എന്തിനിതു ചെയ്തു എന്നു ചോദിച്ച് അമ്മ തല്ലാനുള്ള സാധ്യതയുമുണ്ട്. അതോർത്തപ്പോൾ തന്നെ ശ്രീക്കുട്ടിക്ക് കരച്ചിലും വന്നു.

പിന്നെ ഒരാശ്വാസമുള്ളതെന്തെന്നാൽ, അക്കൗണ്ടിൽ എത്ര പൈസയാണ് ഉള്ളതെന്ന് അമ്മയ്ക്കും അച്ഛനും അറിയില്ല. ഒരു ഏകദേശ ധാരണ കണ്ടേക്കാമെന്നു മാത്രം.

കോവിഡ് വന്നതിൽ പിന്നെ ബാങ്കിൽ പോയി പാസ്ബുക്ക് പതിപ്പിച്ചിട്ടില്ലല്ലോ!

അതുകൊണ്ട്, അക്കൗണ്ടിൽ നിന്ന് പൈസയെടുത്ത കാര്യം അവർ ഒരിക്കലും അറിയാനേ പോകുന്നില്ല!

പഴയതുപോലെ മൺകുടുക്കയിലാണ് സമ്പാദ്യമിട്ടു വച്ചിരുന്നതെങ്കിൽ ഇതുപോലെ ആവശ്യത്തിന് എടുക്കാനാവില്ലായിരുന്നല്ലോ എന്ന കാര്യം പെട്ടന്നാണ് ശ്രീക്കുട്ടിയുടെ മനസിലേക്കു വന്നത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ മൺകുടുക്കയിൽ ചില്ലറകൾ ഇട്ടു സൂക്ഷിക്കാൻ തുടങ്ങിയത്.  

അഞ്ചാം ക്ലാസിൽ ആയപ്പോഴേക്കും അതു നിറഞ്ഞു. എന്തുമാത്രം ചില്ലറകളായിരുന്നെന്നോ അതു പൊട്ടിച്ചപ്പോൾ കിട്ടിയത് !

ഇരട്ടി വലിപ്പമുള്ള പുതിയൊരു മൺകുടുക്ക വാങ്ങിത്തരാൻ അവൾ അച്ഛനോടു പറഞ്ഞു.

കുടുക്കയൊന്നും വേണ്ട, വലിയ കുട്ടിയായില്ലേ, ഇനി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞ് അച്ഛൻ അവളെ അന്ന് ബാങ്കിലേക്കു കൂട്ടിക്കൊണ്ടു പോയി.

ആധാർ കാർഡും ഒരു ഫോട്ടോയും  കൂടാതെ ഒരു ഫോമിൽ ഒപ്പും കൂടി ഇട്ടുകൊടുത്തതേയുള്ളൂ,  അവൾക്കും അക്കൗണ്ടായി.

ബാങ്ക് അക്കൗണ്ടിന്റെ മെച്ചം എന്താണെന്ന് മോൾക്കറിയാമോ?’ അന്ന് ബാങ്ക് മാനേജർ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.

മൺകുടുക്ക ആരെങ്കിലും മോഷ്ടിച്ചാൽ മോളുടെ പൈസ മുഴുവന്‍ പോവൂല്ലേ. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആർക്കും മോഷ്ടിക്കാനാവൂല്ലമാനേജർ പറഞ്ഞു. കൂടാതെ, അക്കൗണ്ടിലിടുന്ന പൈസക്ക് പലിശയും കിട്ടും.’

ഇടയ്ക്ക് നോട്ട് നിരോധനം വന്നാൽ കുടുക്കയിലെ പൈസ അസാധുവാകും. പക്ഷേ ബാങ്കിലെ പൈസയ്ക്ക് ഒരു കുഴപ്പവും പറ്റില്ല’, എന്നു കൂട്ടിച്ചേർത്തിട്ട് ശ്രീക്കുട്ടിയുടെ അച്ഛനും മാനേജരും പൊട്ടിച്ചിരിച്ചു.

അന്നുതന്നെ അവൾക്ക് പാസ്ബുക്ക് കിട്ടി.  ഒരാഴ്ച കഴിഞ്ഞിട്ടാണ് എടിഎം കാർഡ് കിട്ടിയത്.

സ്വന്തം പേരെഴുതിയ എടിഎം കാർഡ് ! അവളത് കൂട്ടുകാരെയൊക്കെ കാണിച്ചു.  പിന്നെ ഭദ്രമായി പെട്ടിയിൽ വച്ചു.

കുടുക്ക പൊട്ടിച്ചു കിട്ടിയ ആയിരത്തി ഇരുന്നൂറു രൂപയും അച്ഛൻ കൊടുത്ത എണ്ണൂറു രൂപയും ചേർത്ത് രണ്ടായിരം രൂപയായിരുന്നു അക്കൗണ്ടിൽ ആദ്യദിവസം ഇട്ടത്.

പിന്നെ പല തവണകളായി എത്ര പൈസയാണെന്നോ ഇട്ടത് !

സുബിച്ചേച്ചിയുടെ എൻഗേജ്മെന്റിന് മെഹന്തി ഇടാൻ സഹായിച്ചപ്പോൾ കിട്ടിയ അഞ്ഞൂറു രൂപയാണ് ഏറ്റവും വലിയ തുക. ഗുരുവായൂരു പോയപ്പോൾ വളയും മാലയും വാങ്ങാനായി ശുഭയാന്റി കൊടുത്ത മുന്നൂറു രൂപയും അവൾ അക്കൗണ്ടിലിട്ടു.

നിന്റച്ഛനെ പോലെ നീയും സമ്പാദിക്കാൻ തുടങ്ങിയോടീ?’ എന്ന് ശുഭാന്റി  അന്ന് അവളോടു ചോദിക്കുകയും ചെയ്തു.

അവള് സമ്പാദിക്കുകയാ ചേച്ചീ. അഞ്ചുപൈസാ പോലും ആർക്കും കൊടുക്കില്ല’, അമ്മ പറഞ്ഞു.

എട്ടിലെത്തുമ്പോൾ എനിക്ക് ഗിയറുള്ള സൈക്കിൾ വാങ്ങണം. ആൺപിള്ളാരെ പോലെ സ്റ്റൈലായി ചവിട്ടണം. അതിനാ പൈസാ കൂട്ടി വെക്കണേ’, ശ്രീക്കുട്ടി അന്ന് ശുഭാന്റിക്ക് മറുപടി നൽകി.

അന്നങ്ങനെ പറഞ്ഞെങ്കിലും സൈക്കിളിനോടുള്ള അവളുടെ ആവേശം പെട്ടന്നു തന്നെ ഇല്ലാതായി. പകരം, അക്കൗണ്ടിൽ ഒത്തിരി പൈസ നിറയ്ക്കുക എന്നതു മാത്രമായി ലക്ഷ്യം.

പലിശയൊക്കെ ചേർത്ത് അക്കൗണ്ടിൽ എത്ര രൂപയായി എന്ന് ഇടയ്ക്കിടെ പാസ്ബുക്കെടുത്തു നോക്കലായിരുന്നു പിന്നീട് ശ്രീക്കുട്ടിയുടെ സ്ഥിരം പരിപാടി.

കോവിഡ് കാലത്ത് പക്ഷേ പാസ്ബുക്ക് പതിപ്പിക്കൽ സമയത്തിനു നടക്കുമായിരുന്നില്ല.

അങ്ങനെയാണ് ബാങ്ക് മാനേജർ അവൾക്ക് നെറ്റ്ബാങ്കിംഗ് വഴി ബാലൻസ് കാണാനുള്ള യൂസർ ഐഡിയും പാസ് വേഡുമൊക്കെ ശരിയാക്കിക്കൊടുത്തത്.

അതിനുശേഷം പാസ്ബുക്കിനു പകരം  നെറ്റ്ബാങ്കിംഗിൽ കയറിയാണ് ശ്രീക്കുട്ടി അക്കൗണ്ടിൽ പൈസ എത്രയുണ്ടെന്നു നോക്കാറ്.

ഇപ്പോൾ പാസ്ബുക്കിൽ ഏതാണ്ട് നാലായിരം രൂപയേ കാണിക്കുന്നുള്ളൂ. എങ്കിലും അവളുടെ അക്കൗണ്ടിൽ ഏഴായിരത്തിലധികം രൂപയുണ്ട്. ദിവസവും ബാങ്കിൽ പോകുന്ന അച്ഛനു പോലും അതറിയില്ല.  അവൾക്കു മാത്രമേ അതറിയൂ.

****                      ****                      ****

ഉച്ചയ്ക്ക് അച്ഛൻ വന്നു കയറിയപ്പോൾ ഹോംവർക്ക് ചെയ്യുന്നു എന്ന മട്ടിൽ ശ്രീക്കുട്ടി തിരക്ക് അഭിനയിച്ചു.  

അച്ഛനാണെങ്കിലോ, ഊണുകഴിക്കാനായി അകത്തേയ്ക്കു പോവുന്ന മട്ടിൽ നിന്നിട്ട് പെട്ടന്ന് ശ്രീക്കുട്ടിയ്ക്കു സമീപം വന്ന് ശബ്ദം താഴ്ത്തി അമ്മ കേൾക്കാതെ എന്തിനാ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപ എടുത്തത്എന്നു ചോദിക്കുകയാണു ചെയ്തത്.

ചോദ്യം കേട്ട് ശ്രീക്കുട്ടി ഞെട്ടി.

ഞെട്ടി എന്നു മാത്രമല്ല പൊട്ടിക്കരഞ്ഞു പോവുകയും ചെയ്തു.

കരച്ചിൽ അമ്മയും അപ്പൂപ്പനുമൊക്കെ  കേൾക്കാതിരിക്കാനായി അച്ഛൻ അവളെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

 പേടിക്കണ്ട, എന്തുകാര്യത്തിന് എടുത്തതായാലും അച്ഛൻ വഴക്കിടില്ല’, എന്ന് അച്ഛൻ തോളത്തു തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് അവളുടെ കരച്ചിൽ അടങ്ങിയതും എന്തിനാണ് പൈസ എടുത്തെന്ന് അവൾ പറഞ്ഞതും.

അവളുടെ ബെസ്റ്റ് ഫ്രണ്ടാണ് ആർദ്രാ ചന്ദ്രൻ. ആർദ്രയുടെ അമ്മയ്ക്ക് എന്തോ വലിയ അസുഖമാണ്. ചികിത്സയ്ക്ക് ഒരുപാടു കാശു വേണം. ആർദ്രയുടെ അച്ഛന്റെ പക്കൽ അത്രയും കാശില്ല. ക്ലാസിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളാലാവുന്ന കാശ് ആർദ്രയെ ഏൽപ്പിക്കുന്നുണ്ട്. അമ്മ അഞ്ഞൂറു രൂപയാണ് ശ്രീക്കുട്ടിയ്ക്കു കൊടുത്തത്. 

പക്ഷേ ടീച്ചർമാർ ഇട്ടതും ചേർത്ത് ഇതുവരെ ആകെ പതിനെട്ടായിരം രൂപയേ ആയുള്ളൂ. ഇരുപതിനായിരം രൂപ തികയ്ക്കാനാണ് ശ്രീക്കുട്ടി തന്റെ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപയെടുത്തത്.

നല്ല കാര്യമല്ലേ മോളൂ, ഇതിനു കരയണോ?’ അച്ഛൻ അവളെ ആശ്വസിപ്പിച്ചു.

സമ്പാദ്യശീലം വളർത്താനായി തുടങ്ങിയ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തത്, അതും രണ്ടായിരം രൂപ എടുത്തത് ഒട്ടും മനസുണ്ടായിട്ടല്ലെന്നും ആർദ്രയുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയിട്ടാണെന്നും കരഞ്ഞുകൊണ്ട് അച്ഛനോടു പറയുന്നതിനിടെ, ഇരുവരും മുറ്റത്ത് എന്തെടുക്കുവാണെന്ന് അറിയാനായി ശ്രീക്കുട്ടിയുടെ അമ്മയും  വന്നു.

അച്ഛൻ അമ്മയോടു കാര്യങ്ങൾ പറഞ്ഞു. അക്കൗണ്ട് ശ്രീക്കുട്ടിയുടേതാണെങ്കിലും അക്കൗണ്ടിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അച്ഛന്റേതാണ്. ശ്രീക്കുട്ടി പൈസ എടുത്തപ്പോൾ അച്ഛന് ബാങ്കിൽ നിന്ന് എസ് എം എസ് ലഭിച്ചു. അങ്ങനെയാണ് ആരുമറിയില്ലെന്ന് ശ്രീക്കുട്ടി കരുതിയ കാര്യം അച്ഛൻ അറിഞ്ഞത്.

ദേഷ്യപ്പെട്ടേക്കും എന്നും വഴക്കിട്ടേക്കും എന്ന് ശ്രീക്കുട്ടി ഭയന്ന അമ്മ പക്ഷേ അവളെ വാരിയെടുത്തങ്ങ് ഉമ്മ വച്ചു.

താൻ പൈസ എടുത്തതിൽ അച്ഛനും അമ്മയ്ക്കും പരിഭവമില്ലെന്നു മനസിലായപ്പോൾ ശ്രീക്കുട്ടിക്ക് വളരെ ആശ്വാസമായി.

ശ്രീക്കുട്ടിയുടെ അച്ഛന് പരിഭവമില്ലായിരുന്നു എന്നു മാത്രമല്ല തുടർന്ന് എന്തൊക്കെയാണു ചെയ്തതെന്നോ?

ഉച്ചകഴിഞ്ഞ് കടയിൽ പോവാതെ ശ്രീക്കുട്ടിയേയും അമ്മയേയും സജിച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ ആർദ്രയുടെ വീട്ടിലേക്കു വിട്ടു. പഞ്ചായത്ത് മെംബറേയും കൂട്ടി പിറകെ ബൈക്കിൽ ചെന്നു.

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പറ്റതെ കിടക്കുന്ന ആർദ്രയുടെ അമ്മയോട് ശ്രീക്കുട്ടിയും അമ്മയും വിവരങ്ങൾ തിരക്കുമ്പോൾ ശ്രീക്കുട്ടിയുടെ അച്ഛനും മെംബറും മാറി നിന്ന്  ആർദ്രയുടെ അച്ഛനുമായി സംസാരിച്ചു.

വൈകുന്നേരത്തിനുള്ളില്‍ ആർദ്രയുടെ അമ്മയുടേയും അച്ഛന്റേയും പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിക്കൊടുത്തു. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്കായി മെംബർ വഴി അപേക്ഷ കൊടുപ്പിച്ചു.

ഒരു സന്നദ്ധസംഘടനയ്ക്ക് ആർദ്രയുടെ അമ്മയുടെ രോഗവിവരങ്ങൾ കാട്ടി ഇ മെയിൽ അയപ്പിച്ചു. അച്ഛന്റെ പരിചയക്കാരനായ തിരുവനന്തപുരത്തുള്ള ഡോക്ടറുടെ അടുത്ത് വിദഗ്ധ പരിശോധനയ്ക്ക് സമയം അനുവദിപ്പിച്ചു.

ഇതെല്ലാം കഴിഞ്ഞ്,  കടയിലും കയറി അച്ഛൻ മടങ്ങിയെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

അച്ഛൻ കയറിവന്നപ്പോൾ ലാപ്ടോപ്പിൽ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു ശ്രീക്കുട്ടി.

സമ്പാദ്യം അൽപം കുറഞ്ഞാലെന്താ, നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരപ്പെട്ടില്ലേ’, അച്ഛൻ പറഞ്ഞു.

എട്ടിലെത്തുമ്പൊ നമുക്ക് എങ്ങനേലും സൈക്കിള് വാങ്ങാടാ’, സൈക്കിൾ വാങ്ങാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലാണ് ശ്രീക്കുട്ടി അക്കൗണ്ട് നോക്കിയിരിക്കുന്നതെന്നു കരുതി അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു.

സൈക്കിളിന്റെ കാര്യമോർത്ത് എനിക്ക് സങ്കടമൊന്നുമില്ലമ്മേ’, ശ്രീക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു.

അവൾ പറഞ്ഞത് സത്യമായിരുന്നു. സൈക്കിളൊന്നും അവളുടെ ചിന്തയിലേ ഇല്ലായിരുന്നു. ആർദ്രയുടെ അമ്മയുടെ അസുഖം എത്രയും പെട്ടന്നു മാറിക്കാണണം എന്നതു മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്.   

പിന്നെന്താ അവൾ അക്കൗണ്ട് നോക്കിക്കൊണ്ടിരുന്നതെന്നല്ലേ ?

അക്കൗണ്ടിൽ പൈസ കൂടുന്നതു കണ്ട് സന്തോഷിക്കലായിരുന്നല്ലോ ഇത്രനാളും അവളുടെ പരിപാടി. എന്നാൽ അക്കൗണ്ടിൽ നിന്ന് പൈസ കുറഞ്ഞതു കണ്ടിട്ട് ഇന്നാദ്യമായിട്ടാണ്  അവൾക്കു സന്തോഷം തോന്നിയത്.

ആ സന്തോഷം മനസു നിറച്ച് ആസ്വദിക്കുകയായിരുന്നു അവൾ!

****                      ****                      ****


വീട്ടു ചെലവുകൾ കുട്ടികള്‍ നടത്തട്ടെ, അതും ഇങ്ങനെ സ്മാർട്ടായി തന്നെ

 


വീട്ടു ചെലവുകൾ കുട്ടികളെ ഏൽപ്പിച്ചാലോ ?

കുട്ടുവിന് അച്ഛൻ സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിക്കൊടുത്തു എന്നു മാത്രമല്ല കുട്ടുവിന്റെ പേരുപതിച്ച എടിഎം കാർഡും വാങ്ങിക്കൊടുത്തു. തുടർന്ന് സൂപ്പർ മാർക്കറ്റിൽ പോവുന്നത് കുട്ടുവിന് ആവേശമായി. സ്വന്തം പേരിലുള്ള ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്യുന്നതിലെ സന്തോഷത്തിലുപരി, അങ്ങനെ സ്വൈപ് ചെയ്യുമ്പോൾ കിട്ടുന്ന റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് വർഷാവസാനം ഒരടിപൊളി റിമോട്ട് കൺട്രോൾ കാർ  വാങ്ങാൻ പറ്റിയേക്കും എന്ന ആവേശമാണ്  അവനുണ്ടായിരുന്നത്.

അങ്ങനെ പോയിപ്പോയി കുട്ടിവിനിപ്പോൾ സാധനങ്ങളുടെയെല്ലാം വിലയെല്ലാം മനപ്പാഠമായി എന്നതു കൂടാതെ, ഏതു ബ്രാൻഡാണ് നല്ലതെന്നും ഏതിനാണ് വിലക്കുറവെന്നുമൊക്കെ അമ്മയെക്കാൾ ധാരണയായി എന്നു പോലും പറയാം. 

കുട്ടുവിന്റെ അച്ഛൻ ചെയ്തത് ശരിയാണോ,  നമ്മളാണെങ്കിൽ ചെയ്യുമോ  എന്നൊക്കെ തോന്നിപ്പോയി എങ്കിൽ തീർച്ചയായും തുടർന്നു വായിക്കണം.

സമ്പാദ്യശീലം/ ചെലവാക്കൽ ശീലം 

സമ്പാദ്യശീലത്തെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണമെന്നതിൽ രണ്ടഭിപ്രായമുണ്ടാവാൻ സാധ്യതയില്ല. അതേപോലെ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ് ചെലവഴിക്കൽ ശീലം.  

എന്നാൽ, സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടു മതി കുട്ടികൾ സ്വന്തമായി ചെലവഴിക്കാൻ എന്നാണ് പല മാതാപിതാക്കളും സ്വീകരിക്കുന്ന നയം. കുട്ടികൾ ധാരാളിത്തം കാട്ടും, അല്ലെങ്കിൽ ചതിക്കപ്പെടും, അതുമല്ലെങ്കിൽ അനാവശ്യമായ സാധനങ്ങൾ വാങ്ങിച്ചുകൂട്ടി പണം ദുർവ്യയം ചെയ്യും എന്നതൊക്കെയാണ് ഒട്ടുമിക്ക മാതാപിതാക്കളും പങ്കുവെക്കുന്ന ആശങ്കകൾ. 

പക്ഷേ, ചെറുപ്രായം മുതൽ തന്നെ തങ്ങളുടെ മേൽനോട്ടത്തിൽ, പണം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്കു നൽകുന്ന പക്ഷം അവർക്ക് മികച്ച ചെലവഴിക്കൽ ശീലം വളർത്തിയെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.  

പണ്ടത്തെ രീതിയിലുള്ള സമ്പാദ്യശീലം പഠിച്ചെടുക്കാൻ വലിയ പ്രയാസമില്ല. മൺകുടുക്കയിലും പൗഡർ ടിന്നിലുമൊക്കെയായി ചില്ലറ നാണയങ്ങൾ ഇട്ടുകൊണ്ടായിരിക്കുമല്ലോ പണ്ടൊക്കെ മിക്കവരും തങ്ങളുടെ സമ്പാദ്യശീലം തുടങ്ങിയിട്ടുണ്ടാവുക. 

എന്നാൽ ഇന്നാവട്ടെ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട്, ആർ ഡി, എസ് ഐ പി തുടങ്ങി സമ്പാദ്യശീലം വളർത്താൻ മാർഗങ്ങൾ അനേകമാണുള്ളത്. അതിനുസരിച്ചുള്ള മാറ്റങ്ങളാണ് കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടുകളിലും വന്നിരിക്കുന്നത്. 

ഏന്തൊക്കെയാണു മാറ്റങ്ങൾ? 

മുതിർന്നവരുടെ അക്കൗണ്ടുകളിലുണ്ടായ മാറ്റങ്ങളുടെ ചുവടു പിടിച്ച് കുട്ടികളുടെ അക്കൗണ്ടുകളിലും ഒട്ടനവധി ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. എ ടി എം കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് എന്നതു കൂടാതെ നിശ്ചിതപരിധിക്കുള്ളിലുള്ള ഓൺലൈൻ ഷോപ്പിംഗും ബന്ധപ്പെട്ട ഓഫറുകളുമൊക്കെ കുട്ടികളുടെ അക്കൗണ്ടുകളിൽ ലഭ്യമാണ്. 

ഏതു പ്രായത്തിലുള്ള കുട്ടികൾക്കാണ് അക്കൗണ്ടുകൾ തുടങ്ങാൻ കഴിയുക ? 

പത്തുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായും പത്തിനു താഴെയുള്ളവർക്ക് രക്ഷാകർത്താവുമായി ചേർന്നുമാണ് അക്കൗണ്ട് തുടങ്ങാനാവുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആധാറിന്റെ കോപ്പി ബാങ്കിൽ നൽകി മുതിർന്നവർക്കുള്ള അക്കൗണ്ടാക്കി മാറ്റാവുന്നതാണ്. 

എത്രമാത്രം സുരക്ഷിതം ? 

കുട്ടികൾ ഇടപാടു നടത്തി പരിശീലിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് അക്കൗണ്ടുകൾ തുടങ്ങുന്നത് എന്നതിനാൽ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ഇടപാടുപരിധി മിക്ക ബാങ്കുകളും 5000 രൂപയ്ക്കു താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഇടപാടുകൾ കാണാമെന്നല്ലാതെ നടത്താനുള്ള സൗകര്യം  പല ബാങ്കുകളും അനുവദിക്കാറില്ല. നടത്താൻ അനുവദിച്ചാൽ തന്നെ  മാതാപിതാക്കളുടെ അക്കൗണ്ടിലേക്കോ മൊബൈൽ റീചാർജ്, കറൻറ് ബിൽ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്കോ ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ,  അക്കൗണ്ടിൽ സ്വന്തം മൊബൈൽ നമ്പരാണ് നൽകുന്നതെങ്കിൽ ഇടപാടുവിവരങ്ങളെല്ലാം തത്സമയം തന്നെ രക്ഷാകർത്താവിന് അറിയാനും സാധിക്കുന്നതാണ്. 

കുട്ടികൾക്കുള്ള അക്കൗണ്ടുകൾ ഒരുക്കിയിരിക്കുന്ന ചില ബാങ്കുകൾ 

*ഫെഡറൽ ബാങ്കിന്റെ ഫെഡ് ഫസ്റ്റ് 

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഹലാ കദം, പെഹലി ഉഡാൻ എന്നിവ 

*എച്ച് ഡി എഫ് സി ബാങ്കിന്റെ കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട് 

*കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ജൂനിയർ 


ചുരുക്കിപ്പറഞ്ഞാൽ: 

ചുരുക്കിപ്പറഞ്ഞാൽ, സമ്പാദ്യശീലം വളർത്താൻ മാത്രമേ കുടുക്കയ്ക്കു സാധിക്കൂ. ബാങ്ക് അക്കൗണ്ട് ആവട്ടെ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം തന്നെ, ചിട്ടയോടെ എങ്ങനെയാണ് പണം ചെലവഴിക്കേണ്ടതെന്നും ബാങ്കിടപാടുകൾ നടത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റുമുള്ള സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ കൂടി കുട്ടികളെ പരിചയപ്പെടുത്തുന്നു.