Tuesday, March 27, 2018

മഹാമായ




ഒരു വലിയ ആരവത്തോടെ, കെട്ടുകാഴ്ചകളോടെ, ദാ വരുന്നു കാണാൻ എല്ലാവരും തയ്യാറായിക്കോളൂ എന്ന മട്ടിലുള്ള ടീസറുകളുടേയും ട്രെയ്ലറുകളുടേയും അകമ്പടിയോടെയൊക്കെയായിരുന്നു യഥാർത്ഥത്തിൽ അതു സംഭവിക്കേണ്ടിയിരുന്നത്. എന്നാൽ അവസാനം സംഭവിച്ചതോ, വൈകീട്ട് അഞ്ചരയ്ക്ക് പെട്ടന്ന് വിളിച്ചു ചേർത്ത ഒരു സ്റ്റാഫ് മീറ്റിംഗിന്റെ രൂപത്തിലും. പെട്ടന്നു വിളിച്ചു ചേർത്തതായതുകൊണ്ട് മീറ്റിംഗിന് സത്യം പറഞ്ഞാൽ ആരുമില്ലായിരുന്നു എന്നു പറയാം. ശേഖർ സർ, ജിനു, കാർ ലോണിലെ എബി, പിന്നെ മായയും. ഓടിപ്പാഞ്ഞ് വാഷ്റൂമിലൊന്ന് മുഖം കാണിച്ച് കോൺഫറൻസ് റൂമിലെത്തിയപ്പോഴാണ് വെറും സ്റ്റാഫ് മീറ്റിംഗ് മാത്രമല്ല അജണ്ടയിൽ എന്നു മനസിലായത്. പുറത്തു  നിന്നുള്ള മൂന്നുപേർ കൂടിയുണ്ട് മീറ്റിംഗിന്. മായയെത്തുമ്പോഴേയ്ക്കും ലാപ്ടോപ്പും പ്രൊജക്ടറുമെല്ലാം കണ്ണുകൾ കൂർപ്പിച്ച് മീറ്റിംഗിന് തയ്യാറായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രതിനിധികളാണ് വന്നിട്ടുള്ളത്. ബാംഗ്ലൂരു നിന്നാണു വരവ്. മുതിർന്ന രണ്ടു പേരും മലയാളികളല്ല. കാര്യങ്ങൾ മലയാളത്തിൽ തന്നെ വിശദീകരിക്കുന്നതിനായി കലേഷ് എന്ന മലയാളി എഞ്ചിനീയർ തന്നെ മൈക്കെടുത്തു.

ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പുതിയൊരു ചുവടുവയ്പിനാണ് കലേഷും കൂട്ടരും എത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല, റോബോട്ട്. അതായത് യന്ത്രമനുഷ്യൻ. ഫയലുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്കു കൊണ്ടുപോവുക, പണമെണ്ണുക തുടങ്ങിയ സാധാരണ പ്രവർത്തികൾ തൊട്ട് ഇടപാടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക, ഫോൺ അറ്റന്റു ചെയ്യുക, ലോൺ പ്രോസസ് ചെയ്യുക പോലുള്ള പ്രയാസമേറിയ ജോലികളും ചെയ്യാനുള്ള ത്രാണി കലേഷിന്റെ യന്ത്രമനുഷ്യനുണ്ട്. വിശദവിവരങ്ങളടങ്ങിയ ലഘുലേഖയുടെ കോപ്പി കലേഷ് എല്ലാവർക്കും വിതരണം ചെയ്ത ശേഷം കഴിഞ്ഞയാഴ്ചയെത്തിയ, ഒരു ഫ്രിഡ്ജിന്റെയത്ര ഉയരമുള്ളതും കമ്പനി പ്രതിനിധികൾ മാത്രം തുറന്നു നോക്കാൻ നിർദ്ദേശിക്കപ്പെട്ടതുമായ വലിയ കാർഡ്ബോർഡ് പെട്ടി ഓഫീസ് ബോയിയും സ്വീപ്പറും ചേർന്ന് കോൺഫറൻസ് റൂമിലെത്തിച്ചു.

നാടകീയമായി കലേഷ് പെട്ടി തുറന്നപ്പോഴാണ് ഇതു വെറുതേ പെട്ടന്നൊരു ദിവസം അങ്ങു തുടങ്ങുന്നതിനു പകരം കൊട്ടും കുരവയുമായി, ടീസറും ട്രെയ്ലറുമൊക്കെയായി തുടങ്ങേണ്ട കാര്യമായിരുന്നില്ലേ എന്ന സംശയം മായയ്ക്കുണ്ടായത്. പെട്ടിയിൽ യന്ത്രമനുഷ്യനായിരുന്നില്ല, അതിസുന്ദരിയായ ഒരു യന്ത്രസ്ത്രീ ! കറുത്ത ഓവർകോട്ട്, റോസ് ജാക്കറ്റ്, മിഡി, ഷൂ, ലിപ്സ്റ്റിക്ക്, ബോബ് ചെയ്ത മുടി. കൈകൾ മാറത്തു പിണച്ചു വച്ച് പുഞ്ചിരിയോടെ പെട്ടിയിൽ നിന്ന് ഉയർന്നു വന്നത് ജീവനില്ലാത്ത ഒരു സ്ത്രീ രൂപമാണെന്ന് മായയ്ക്കു വിശ്വസിക്കാനായില്ല. അത്രയ്ക്കായിരുന്നു ഒറിജിനാലിറ്റി. മേഡ് ഇൻ ചൈനയായിരുന്നെങ്കിലും മുഖം ഇന്ത്യാക്കാരുടെതു പോലിരുന്നിരുന്നു. ബോളിവുഡിലെ കൃശാംഗികളെ പോലെ.

പാക്ക് ചെയ്ത് രണ്ടാഴ്ചയായതിനാൽ യന്ത്രസ്ത്രീ പ്രവർത്തിച്ചു കാണാൻ ചാർജ് ചെയ്യേണ്ടതുണ്ടായിരുന്നു. കലേഷ് അവളുടെ വിഗ് എടുത്തുമാറ്റി തലയോട്ടി തുറന്ന് അകത്തു ചുറ്റിവച്ചിരുന്ന വയറെടുത്ത് പ്ലഗ്പോയിന്റിൽ കുത്തി. പ്രിന്റർ ഓണാക്കുമ്പോൾ കേൾക്കുന്നതു പോലെ എന്തൊക്കെയോ ശബ്ദങ്ങൾ യന്ത്രസ്ത്രീയുടെ ഉള്ളിൽ നിന്നുകേട്ടു. പിന്നെ അവൾ കൈകൾ കൂപ്പി മുഖത്തു മന്ദഹാസം വിരിയിച്ച് പതിയെ ചുറ്റിലും നോക്കി ‘ഗുഡ് ഈവനിംഗ് ഓൾ’ എന്നു പറഞ്ഞപ്പോൾ കലേഷും ടീമും ഒഴികെയുള്ള എല്ലാവരും  ഏതോ സ്വപ്നലോകത്തിൽ നിന്നെന്ന പോലെ പരസ്പരം നോക്കി.

‘ഹായ്, ഹൗ ആർ യു ’ , കലേഷ് യന്ത്രസ്ത്രീയ്ക്ക് കൈകൊടുത്ത് പറഞ്ഞു.

‘അയാം ഫൈൻ കലേഷ്, ഹൗ ആർ യു?’ യന്ത്രസ്ത്രീ മറുപടി പറഞ്ഞു.

‘ദിസീസ് യുവർ ന്യൂ ഓഫീസ്. മീറ്റ് മിസ്റ്റർ ശേഖർ’, കലേഷ് ശേഖർ സറിനെ പരിചയപ്പെടുത്തി.

ശേഖർ സറിന് കൈകൊടുത്തിട്ട്  യന്ത്രസ്ത്രീ മായയുടെ നേരെ തിരിഞ്ഞു.

 ‘മൈ നെയിം ഈസ് മായ’, മായ പറഞ്ഞൊപ്പിക്കുകയാണുണ്ടായത്. ഇതൊക്കെ സ്വപ്നമല്ലേ എന്നു പോലും തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു കാര്യങ്ങൾ. യന്ത്രസ്ത്രീയുടെ കൈകൾ യഥാർത്ഥ കൈകൾ പോലെ പതുപതുത്തതായിരുന്നു. സിനിമകളിലൊക്കെ കാണുന്ന യന്ത്രമനുഷ്യരെ പോലെ യാന്ത്രികമായിരുന്നില്ല അവളുടെ ശബ്ദം. ശരിക്കും മനുഷ്യസ്ത്രീകളുടെ ശബ്ദം പോലെ തന്നെ. നോക്കുന്നതും നടക്കുന്നതും ഇരിക്കുന്നതുമെല്ലാം മനുഷ്യർ ചെയ്യുന്നതുപോലെ തന്നെ.

എല്ലാവരേയും പരിചയപ്പെട്ടിട്ട് യന്ത്രസ്ത്രീ അടുത്തൊരു കസേരയിൽ പോയിരുന്നു. കലേഷിന്റെ ബോസ് മൈക്ക് കയ്യിലെടുത്ത് ബാക്കി കാര്യങ്ങൾ വിശദീകരിച്ചു. ഇന്ത്യയിലാദ്യമായി ബാങ്കിംഗ് രംഗത്ത് യഥാർത്ഥ മനുഷ്യരെ പോലത്തെ യന്ത്രമനുഷ്യരെ അവതരിപ്പിക്കുന്ന ആദ്യ കമ്പനിയാണ് അവരുടേത്. സ്വന്തം ബ്രാഞ്ചിൽ ഒരു യന്ത്രമനുഷ്യനെ പരീക്ഷിക്കുക എന്ന  വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുത്ത ഇന്ത്യയിലെ ആദ്യ ബാങ്ക് അതിനു പറ്റിയ ശാഖയായി തങ്ങളുടെ പാലാരിവട്ടം ശാഖയാണ് തെരഞ്ഞെടുത്തത്. ഒരുമാസക്കാലം യന്ത്രസ്ത്രീ കാര്യങ്ങൾ പഠിക്കാനായിരിക്കും വിനിയോഗിക്കുന്നത്. ഒരു കമ്പ്യൂട്ടറിൽ ഫീഡ് ചെയ്യുന്നതു പോലെ ഈ യന്ത്രസ്ത്രീയിൽ ഏതെങ്കിലും ഡാറ്റ ഫീഡ് ചെയ്തിട്ട് കാര്യമില്ല, കാരണം ഡാറ്റ പ്രോസസിംഗ് മാത്രമല്ല അവൾ കൈകാര്യം ചെയ്യുന്നത്, കസ്റ്റമറുമായി നേരിട്ട് ഇടപെടുകയാണ്. അപ്പോൾ അതിനു വേണ്ടി ആദ്യമായി മലയാളം പഠിക്കേണ്ടി വരും, അതും പല സ്ലാംഗുകൾ ഉൾപ്പെടെ.

യന്ത്രസ്ത്രീയെ പഠിപ്പിക്കേണ്ടതിന്റേയും പരിപാലിക്കുന്നതിന്റേയും ചുമതല മായക്കായി. മീറ്റിംഗിനു ശേഷം അര മണിക്കൂർ കലേഷ് മായയ്ക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അപ്പോഴാണ് രസകരമായ കാര്യം അറിയാൻ കഴിഞ്ഞത്, യന്ത്രസ്ത്രീയ്ക്ക് കമ്പനി നൽകിയിട്ടുള്ള പേരു മായ എന്നാണ്. മനുഷ്യനല്ല, എന്നാൽ എല്ലാ തരത്തിലും മനുഷ്യനാണ്. ഈയൊരവസ്ഥയെ സൂചിപ്പിക്കാൻ ഭാരതീയ തത്വചിന്തയിൽ മികച്ച മറ്റൊരു വാക്ക് ഇല്ലാത്തതിനാലാണ് മായ എന്ന പേരു തന്നെ തെരഞ്ഞെടുത്തത്.


തന്റെ പേരു തന്നെ യന്ത്രസ്ത്രീയ്ക്കും എന്നതിൽ മായയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

പക്ഷേ ശേഖർ സറിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു: ‘അവളെ യന്ത്രമായ എന്നു വിളിച്ചാലോ? കൺഫ്യൂഷൻ വേണ്ടല്ലോ’.

‘ഷി ഇസ് നോ ലോങ്ങർ എ യന്ത്രം. ഡോണ്ട് കാൾ ഹെർ മെഷീൻ’, കലേഷിന്റെ ബോസ് എതിർപ്പു പ്രകടിപ്പിച്ചു.

‘എന്നാൽ പിന്നെ ഉണ്ണിമായ എന്നായാലോ,’ അല്പം മടിച്ചാണ് മായ പറഞ്ഞത്. പതിനെട്ട്- ഇരുപതുവയസു പ്രായം തോന്നിക്കുന്ന യന്ത്രസ്ത്രീയ്ക്ക് ഉണ്ണിമായ എന്ന പേരിലും നന്നായി മറ്റൊന്നും ചേരില്ല.

ഉണ്ണിമായ എന്ന പേരങ്ങ് എല്ലാവർക്കും പിടിച്ചു. കയ്യടിച്ച് അംഗീകരിച്ചു. പൂർണ്ണമായും ചാർജാവാതെ അവളെ ഉപയോഗിക്കാൻ പാടില്ല എന്നതിനാൽ മീറ്റിംഗ് തൽക്കാലത്തേക്ക് മതിയാക്കി.

നന്നുവിനോടും ദിലീപിനോടും ഉണ്ണിമായയുടെ കാര്യം വീട്ടിൽ ചെന്ന് മായ ആവേശത്തോടെയാണ് വിവരിച്ചത്. അതിശയോക്തി എന്ന് ദിലീപിന് തോന്നിയപ്പോൾ പച്ചക്കള്ളം എന്നാണ് നന്നു പറഞ്ഞത്.

പതിവു സമയം ഒൻപതരയായിരുന്നിട്ടും പിറ്റേന്ന് എട്ടരയ്ക്കു തന്നെ മായ ഓഫീസിൽ എത്തി. കലേഷ് എത്താൻ വീണ്ടും പത്തു മിനിട്ടെടുത്തു. കൂടെ ബാംഗ്ലൂരുകാർ ഉണ്ടായിരുന്നില്ല. രാത്രി മുഴുവൻ കറണ്ടു വലിച്ചെടുത്തതിനാൽ ഉണ്ണിമായ നല്ല ഉത്സാഹത്തിലായിരുന്നു. ഗുഡ്മോണിംഗ് പറഞ്ഞതു കൂടാതെ ചെറുതായി കെട്ടിപ്പിടിച്ച് മായയുടെ കവിളത്ത് കവിൾ ചേർക്കുകയും ചെയ്തു അവൾ.

ഉണ്ണിമായയെ കൊണ്ടുവന്ന പാർസലിന്റെ കൂടെ വന്ന മറ്റൊരു പാർസൽ കലേഷ് തുറന്നു. അഞ്ചടി ഉയരത്തിൽ അടുക്കുകളായി ചെറിയൊരു പോർട്ടബിൾ വാർഡ്രോബ്. ഉണ്ണിമായയ്ക്കുള്ള മേക്കപ് സാധനങ്ങളും ജീൻസ്-ഷർട്ട്, കുർത്തി, മിഡി, തുടങ്ങി നിരവധി വസ്ത്രങ്ങളും കൂടാതെ, അടിവസ്ത്രങ്ങൾ, സ്റ്റോക്കിംഗ്സ്, കയ്യുറകൾ, പലവിധത്തിലുള്ള വിഗ്ഗുകൾ എന്നുവേണ്ട, സഞ്ചരിക്കുന്ന ഒരു കൊച്ചു ബ്യൂട്ടി പാർലർ എന്നു പോലും പറയാവുന്ന ഒന്നായിരുന്നു ആ വാർഡ്രോബ് !

എല്ലാ ദികസവും രാവിലെ ഉണ്ണിമായയെ പുതിയ വസ്ത്രമണിയിച്ച്, മേക്കപ്പ് ചെയ്യേണ്ട ജോലി മായയ്ക്കാണ്. തുടർന്ന് താനിരിക്കുന്ന പ്രീമിയം കസ്റ്റമർ ലോഞ്ചിൽ കൊണ്ടിരുത്തി എങ്ങനെയാണ് ഇടപാടുകാരെ അറ്റൻഡു ചെയ്യുന്നതെന്ന് പഠിപ്പിക്കുക എന്നതാണ് പ്രധാന ജോലി. ആദ്യത്തെ മൂന്നുനാലു ദിവസം ഉണ്ണിമായ എല്ലാം കണ്ടു പഠിക്കട്ടെ. അതിനിടെ ബാങ്കിന്റെ എല്ലാ പ്രൊഡക്ടുകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയെടുക്കാനാവണം.  അടുത്തയാഴ്ച മുതൽ  ഫോൺ അറ്റൻഡു ചെയ്യാനും കാഷ് എണ്ണാനും തുടങ്ങട്ടെ. ഒരാഴ്ച കഴിഞ്ഞ്, ഉണ്ണിമായയുടെ പുരോഗതി വിലയിരുത്തി സോഫ്റ്റ്വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ കലേഷ് എത്തുന്നതാണ്.

മായയ്ക്ക് ചെറിയൊരു പരിഭ്രമം തോന്നാതിരുന്നില്ല, ഉത്കണ്ഠയും. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഉണ്ണിമായയുടെ വില എന്നു കേട്ടപ്പോഴായിരുന്നു അത്. അവളുടെ തലയ്ക്കകത്ത് ഉപയോഗിച്ചിരിക്കുന്ന ചിപ്പുകൾ മാത്രമല്ല വിലക്കൂടാൻ കാരണം, അവളുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് യഥാർത്ഥ മനുഷ്യശരീരം പോലെ തന്നെയാണ്. ഉദാഹരണത്തിന് ഉണ്ണിമായയുടെ ചർമ്മം നിർമ്മിച്ചിരിക്കുന്നത് എട്ടുകാലി വലയിൽ നിന്നാണ്. അതാണ് ശരീരം ഇത്ര സോഫ്റ്റായിരിക്കുന്നത്. അല്ലാതെ സന്തൂർ സോപ്പിട്ട് കുളിച്ചിട്ടല്ല, കലേഷ് തമാശ പറഞ്ഞു. അതുപോലെ ഒരു പ്രത്യേക ജല്ലിയാണ് മസിലിന് ഉപയോഗിച്ചിരിക്കുന്നത്. അസ്ഥികൾ പൂർണ്ണമായും മനുഷ്യന്റേതു തന്നെ. മുടി വിഗ്ഗാണെങ്കിലും രോമങ്ങൾ യഥാർത്ഥമാണ്. രക്തചംക്രമണം പോലുമുണ്ട്. രക്തത്തിനു പകരം മറ്റൊരു ഫ്ലൂയിഡാണ് ഉപയോഗിക്കുന്നതെന്നു മാത്രം.
 
എല്ലാം മൊത്തത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു. എന്നലുമൊരു ആശങ്ക ! ഉണ്ണിമായ എല്ലാം പഠിച്ചെടുത്താൽ അത് സോഫ്റ്റ് വെയറിന്റേയും കമ്പനിയുടേയും മിടുക്കായി വിലയിരുത്തപ്പെടും. ഉണ്ണിമായ വേണ്ടവണ്ണം പഠിച്ചില്ലെങ്കിൽ അത് മായയുടെ വീഴ്ചയായി തീർപ്പാക്കപ്പെട്ടാലോ ? ഇതായിരുന്നു മായയുടെ ആശങ്ക.

അങ്ങനത്തെ ഭയമൊന്നും വേണ്ട എന്ന് കലേഷ് ആശ്വസിപ്പിച്ചു. മായയെക്കുറിച്ച് നല്ല അഭിപ്രായമാണ് ബാങ്ക് മാനേജ്മെന്റിന്. ഇടപാടുകാർക്ക് മികച്ച സർവീസ് നൽകിയതിന്റെ പേരിൽ പത്തോളം അപ്രിസിയേഷൻ ലെറ്ററുകൾ ലഭിച്ച ബാങ്കിലെ ഒരേയൊരു സ്റ്റാഫാണ് മായ. അതുകൊണ്ടു തന്നെയാണ് മായയുടെ രീതികളാവട്ടെ ഉണ്ണിമായ കണ്ടുപഠിക്കാൻ എന്ന തീരുമാനത്തിനു കാരണവും.

‘മാഡം ധൈര്യമായി തുടങ്ങിക്കോളൂ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒരു കോൾ മതി, ഞാനെത്താം,’ കലേഷ് ധൈര്യം കൊടുത്തു. ‘പിന്നെ മാഡത്തിന്റെ ഫീഡ്ബാക്കും വളരെ വിലപ്പെട്ടതാണെന്ന കാര്യം മറക്കണ്ട. ഉണ്ണിമായയുടെ പ്രോഗ്രാമിൽ മാഡത്തിന്റെ ഫീഡ്ബാക്കിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാം ഞങ്ങൾ കൊണ്ടുവരുന്നതാണ്. അതുകൊണ്ട്, മാഡത്തിന്റെ ഒബ്സർവേഷൻസ് എല്ലാം എഴുതിവെക്കുന്നത് നല്ലതായിരിക്കും. ഞാൻ നെക്സ്റ്റ് വീക്ക് വരുമ്പോൾ ഡിസ്കസ് ചെയ്യാം.’ 

മായ തലകുലുക്കി. പിന്നെ, എല്ലാം നല്ലതിനാവും എന്നു സ്വയം പറഞ്ഞ് ഉണ്ണിമായയുടെ കവിളത്തു തൊട്ട് കൊച്ചുകുട്ടികളോടെന്നതു പോലെ ചോദിച്ചു: ‘മോക്കെന്നെ ഇഷ്ടായോ? ഞാൻ നിന്റെ ടീച്ചറാകട്ടെ?

‘സോറി കുഡ് യു പ്ലീസ് റിഫ്രേസ് യുവർ ക്വസ്ച്യൻ?’ ഉണ്ണിമായ പുഞ്ചിരിച്ചു.

മായ വാ പൊളിച്ചുപോയി.

‘മാഡം, അവൾക്ക് മലയാളം അറിയില്ല.’ പൊട്ടിച്ചിരിച്ചുകൊണ്ട് കലേഷ് പറഞ്ഞു. ‘പിന്നെ, ഇംഗ്ലീഷിൽ തന്നെ അവൾക്കറിയാത്ത എന്തെങ്കിലും ചോദിച്ചാലും ഇതു തന്നെയായിരിക്കും സ്റ്റാൻഡേർഡ് മറുപടി.’ അതുകൊണ്ട് മാഡം എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. ഓക്കേ ?’ 

‘ശരി’, മായ തല കുലുക്കി. ഒന്നിൽ നിന്നു തുടങ്ങണം എന്നു പറഞ്ഞാൽ സ്ത്രീകളെ സംബന്ധിച്ച് മേക്കപ്പാണ് എന്തിനും ആദ്യം വേണ്ടത്. അപ്പോൾ ആദ്യം അതു തന്നെയാവട്ടെ. മായ മേക്കപ്പ് സാമഗ്രികളെടുത്ത് പരിശോധിച്ചു. കുറച്ചു സാധനങ്ങളൊക്കെ എന്തിനെന്ന് മനസിലാവുന്നില്ല. അവൾ സംശയത്തോടെ കലേഷിനെ നോക്കി.

‘ സോറി മാഡം,’ മായയുടെ അവസ്ഥ മനസിലാക്കി കലേഷ് പറഞ്ഞു,’ ലേഡീസ് ഐറ്റംസ് ആണ്. ഐ ഹാവ് നോ ഐഡിയ. ബ്രോഷറിലും കാണാൻ വഴിയില്ല.’

‘ഒക്കെ ഞാൻ പഠിച്ചോളാം,’ മായ പറഞ്ഞു.’ ഇനി എന്നാൽ നിങ്ങളെല്ലാം പുറത്തേക്കു പോകൂ ഉണ്ണിമായ ഡ്രസ്സ് ചേയ്ഞ്ച് ചെയ്യാൻ പോകുവാ.’

‘എന്താ മാഡം !’ കലേഷ് ചിരിച്ചു. ‘ഞങ്ങളു നിന്നാൽ എന്താ. ഇറ്റ്സ് ഒളിയെ റോബോട്ട്!’

‘റോബോട്ടാണെങ്കിലും സ്ത്രീയല്ലേ ? പുറത്തു പോയേ,’ മായ എല്ലാവരേയും പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടു.

മായ ആദ്യം ഉണ്ണിമായ ധരിച്ചിരുന്ന മിഡിയും ടോപ്പും ഊരി മാറ്റി. അടിവസ്ത്രങ്ങൾ മാറ്റണോ എന്ന് ഒരു നിമിഷം ശങ്കിച്ചു. പിന്നെ, ഇന്ന് ആദ്യ ദിവസമല്ലേ, മൊത്തത്തിൽ തന്നെ പുതുപുത്തനാവട്ടെ എന്ന തീരുമാനത്തിൽ മായ എല്ലാം ഊരി മാറ്റി.

പൂർണ്ണ വസ്ത്രത്തിലും പൂർണ്ണനഗ്നതയിലും ഉണ്ണിമായയുടെ മുഖത്ത് ഒരേ പുഞ്ചിരി. മായയ്ക്ക് ദേഷ്യം വന്നു.
‘നാണമില്ലേടീ നിനക്ക്, പിറന്ന പടി നിക്കാൻ?

‘സോറി കുഡ് യു പ്ലീസ് റിഫ്രേസ് യുവർ ക്വസ്ച്യൻ?’ ഉണ്ണിമായ പുഞ്ചിരി തുടർന്നു.
‘നിന്റെ തല’, മായ പൊട്ടിച്ചിരിച്ചു പോയി. പിന്നെ കുനിഞ്ഞ് വസ്ത്രശേഖരത്തിൽ നിന്ന് ഒരു ഓഫ് വൈറ്റ് ഷർട്ടും ക്രീം കളർ ജീൻസും എടുത്തു. പുതിയ അടിവസ്ത്രങ്ങൾ ധരിപ്പിച്ചു. പുരികം വരക്കുമ്പോൾ ഉണ്ണിമായ കണ്ണുകൾ അടച്ചുകൊടുത്തതും ലിപ്സ്റ്റിക്കിടുമ്പോൾ ചുണ്ടുകൾ കൂർപ്പിച്ചതും ഷർട്ടിടാൻ കൈകൾ നിവർത്തിയതും ജീൻസിടുന്നതിന് കാലുകൾ ഉയർത്തിയതും   മായയെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. നിനക്ക് ജീവനുണ്ട്, പക്ഷേ ബുദ്ധി കുറവാണെന്നേയുള്ളൂ, അല്ലേടീ, മായ പിറുപിറുത്തു.

മായയുടെ പിറുപിറുക്കൽ കേട്ട് ഉണ്ണിമായ വീണ്ടും സോറി കുഡ് യു പ്ലീസ് റിഫ്രേസ് യുവർ ക്വസ്ച്യൻ ആവർത്തിച്ചു.
തലചൊറിഞ്ഞുകൊണ്ട് മായ ദേഷ്യം അഭിനയിച്ച് നിന്നെ ഞാൻ എന്നു പറഞ്ഞ് തമാശയ്ക്ക് ഉണ്ണിമായയുടെ ചന്തിയിൽ പതിയെ തല്ലി.

എന്തു പതുപതുപ്പ് ! ജീവനുള്ള ശരീരം പോലെ തന്നെ. മായ ഉണ്ണിമായയുടെ കണ്ണുകളിലേയ്ക്കു നോക്കി. കണ്ണുകളിലും മുഖത്തും പുഞ്ചിരി. മായ ഉണ്ണിമായയുടെ കവിളുകൾ മെല്ലെ തലോടി. കഴുത്ത്, മാറിടം. ചുണ്ടുകളായിരുന്നു ഏറ്റവും ലോലം.

പെട്ടന്ന് താനെന്താണ് കാട്ടുന്നതെന്ന ചിന്തയിൽ മായ ഞെട്ടിയുണർന്നു. പിറകോട്ടു മാറി അവൾ ഉണ്ണിമായയെ നോക്കി. ജീൻസിൽ ഉണ്ണിമായ പെർഫെക്റ്റ്. ഷർട്ട് മുറിക്കയ്യനായതു കൊണ്ട് ഗോതമ്പു നിറമുള്ള, സ്വർണ്ണരോമങ്ങളും നീലഞരമ്പുകളുമുള്ള കൈകൾ കാണാൻ നല്ല ഭംഗിയായിരുന്നു. മാറിടം അല്പം തെറിച്ചു നിൽക്കുന്നോ എന്ന സംശയം തോന്നിയതിനാൽ ബ്രൗൺ നിറത്തിലെ ഒരു ചെറിയ ഷോൾ കഴുത്തിൽ ചുറ്റിയാണ് മായ ഉണ്ണിമായയെ പുറത്തേക്കിറക്കിയത്.

റൂമിന്റെ വാതിൽ തുറന്നതും പുറത്തൊരാൾക്കൂട്ടമായിരുന്നു. കയ്യിൽ ബൊക്കെയുമായി ശേഖർ സർ. പിന്നെ ബാക്കി സ്റ്റാഫ് എല്ലാവരും.

‘മേക്കപ്പിന് ദിവസവും ഇത്രേം സമയം എടുക്കുമോ ?’ ശേഖർ സർ തമാശ പറഞ്ഞു. ‘എന്തായാലും ഗംഭീരമായിട്ടുണ്ട്. യു ഹവ് ഡൺ എ വെരി ഗുഡ് ജോബ് മായാ.’

ഉണ്ണിമായ കൂപ്പുകൈകളുമായിട്ടാണ് നിന്നത്. ശേഖർ സർ ബൊക്കെ നീട്ടിയപ്പോൾ അവൾ വാങ്ങി മാറോടു ചേർത്തു. ശേഖർ സർ വെൽകം ടു പാലാരിവട്ടം ബ്രാഞ്ച് എന്നു പറഞ്ഞപ്പോൾ അവൾ താങ്ക്യു സർ പറഞ്ഞു.

എല്ലാവരും ഉണ്ണിമായയ്ക്ക് കൈ കൊടുത്തു. വായ് നിറയെ ഇടമ്പല്ലുള്ള റോബി ഉണ്ണിമായയുടെ കൈവിടാതെ പിടിച്ചുകൊണ്ടിരുന്നത് മായയെ അസ്വസ്ഥയാക്കി.

‘ശരിക്കും മനുഷ്യരുടെ കൈ പോലെ. കിളുന്ത്, അല്ലേടാ എബീ?’ ഇടമ്പല്ലുകൾ കാട്ടി റോബി ആഭാസച്ചിരി ചിരിച്ച് മായയോടായി ചോദിച്ചു: ‘എല്ലായിടോം ഇങ്ങനെ തന്നെ സോഫ്റ്റാന്നോ?’

ദേഷ്യമങ്ങ് ഉച്ചിലെത്തി മായയ്ക്ക്. റോബീ കൈവിട് എന്ന് അലറിപ്പോയി. റോബി ശരിക്കുമങ്ങ് ഞെട്ടി. മായയുടെ പറച്ചിൽ കേട്ട് ഡാറ്റാ എൻട്രി സെക്ഷനിലെ മുടിമുറിച്ച പെൺകുട്ടി മുഖം പൊത്തിച്ചിരിച്ചതിന് എന്ന മട്ടിൽ തെറിയെന്തോ പറഞ്ഞിട്ടാണ് അവൻ കടന്നുപോയത്.

മായയ്ക്ക് നന്നായി ദേഷ്യവും സങ്കടവും വന്നെങ്കിലും ഉണ്ണിമായയുടെ പുഞ്ചിരിക്കുന്ന മുഖം പെട്ടന്നു തന്നെ അവളെ ആശ്വസിപ്പിച്ചു. ഒരു ദീർഘശ്വാസമെടുത്ത് മായ ഉണ്ണിമായയെ പ്രീമിയം കസ്റ്റമർ ലോഞ്ചിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അക്കൗണ്ടിൽ പത്തുലക്ഷം രൂപയിൽ കൂടുതൽ സൂക്ഷിക്കുന്ന വ്യക്തികൾക്കു മാത്രം പ്രവേശനമുള്ള കൗണ്ടറായിരുന്നതിനാൽ ലോഞ്ചിൽ ഒരിക്കലും ഒന്നോ രണ്ടോ ഇടപാടുകാരിൽ കൂടുതൽ ഒരേസമയം ഉണ്ടാവാറില്ല. ഇടപാടുകാരെ ഫോണിൽ ബന്ധപ്പെടുക,  അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾ ചോദിച്ചറിയുക,  ബാങ്കിന്റെ പുതിയ പ്രൊഡക്റ്റുകളെക്കുറിച്ച് അറിയിക്കുക തുടങ്ങിയവയായിരുന്നു മായയുടെ പ്രധാന ജോലി. ഇതെല്ലാം ഉണ്ണിമായയെ എങ്ങനെയാണ് പഠിപ്പിക്കുക എന്നതിനെക്കുറിച്ച് സത്യത്തിൽ ഒരു ധാരണയുമില്ലായിരുന്നെങ്കിലും മായ അങ്ങു തുടങ്ങി.

കലേഷ് പറഞ്ഞുകൊടുത്തതു പോലെ ഉണ്ണിമായയുടെ വിഗ്ഗ് മാറ്റി തലയോട്ടി തുറന്ന് ‘ലേണിംഗ് മോഡി’ൽ ഇട്ടിട്ടാണ് മായ ജോലി തുടങ്ങിയത്. ഇനി മായയുടെ ഓരോ പ്രവർത്തിയും സസൂക്ഷ്മം നിരീക്ഷിച്ച്, മനസിലാക്കി, പകർത്തുക എന്നതാണ് ഉണ്ണിമായ ചെയ്യുക.

 ‘സോറി കുഡ് യു പ്ലീസ് റിഫ്രേസ് യുവർ ക്വസ്ച്യൻ’ എന്ന കേട്ടാൽ ഓക്കാനം വരുന്ന വാചകം മാറ്റി ‘ഒന്നൂടി പറയാവോ സർ’, ‘സോറി സർ’ തുടങ്ങിയ നാലഞ്ചു വാചകങ്ങൾ ഉണ്ണിമായയ്ക്കു പഠിപ്പിച്ചു കൊടുക്കുകയാണ് മായ ആദ്യം ചെയ്തത്. ഓരോ അവസരത്തിനും അനുയോജ്യമായ മറുപടി തെരഞ്ഞെടുക്കാൻ തക്കവണ്ണം ഉണ്ണിമായ മിടുക്കിയായത് മായയുടെ പണി എളുപ്പമാക്കി.

വന്ന ഇടപാടുകാർക്കെല്ലാം ഉണ്ണിമായയെ നന്നായി ബോധിച്ചു. ചിലരെല്ലാം സെൽഫിയെടുത്തു. ഹൈക്കോർട്ടിലെ സീനിയർ അഡ്വക്കേറ്റായ കെ ആർ വർമ്മയുടെ ഭാര്യ ഉണ്ണിമായയെ കണ്ട് തന്റെ മരിച്ചു പോയ കുട്ടിയുടെ അതേ ഛായയെന്നു പറഞ്ഞ് കണ്ണീരുതിർത്തത് മായയ്ക്ക് വല്ലാത്ത സങ്കടമായി. അവർക്ക് ഉണ്ണിമായയെ വിട്ടുപോകാൻ വലിയ വിഷമമായിരുന്നു. ഉണ്ണിമായയാവട്ടെ, മുഖത്തു പുഞ്ചിരിയോടെ ‘സോറി മാഡം’ എന്ന ഒരേ പല്ലവിയും. ‘ഇതു നമ്മുടെ മോളല്ല, ജസ്റ്റ് അ റോബട്ട്’ എന്ന് ശാസിച്ചാണ് അവസാനം വർമ്മ സർ ഭാര്യയെ കൂട്ടിക്കൊണ്ടുപോയത്.

യുകെയിൽ നിന്ന് അവധിക്കെത്തിയ ഡോക്ടർ ഫിലിപ്പ് നൈനാൻ, കൂടെ വന്ന സായിപ്പിനോട് പുതിയ കേന്ദ്രഭരണത്തിനു കീഴിൽ ഇന്ത്യ എത്ര അഡ്വാൻസ്ഡ് ആയെന്നതിന് ഉദാഹരണമായി ഉണ്ണിമായയെ ചൂണ്ടിക്കാട്ടി.

വൈകുന്നേരമായപ്പോഴേയ്ക്കും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ഉണ്ണിമായ താരമായി. അഞ്ചുമണിയായപ്പോൾ ശേഖർ സർ ലോഞ്ചിലേയ്ക്ക് ധിറുതിയിൽ വന്നു. ഏതോ ചാനലുകാർ എത്തുന്നുണ്ട് മായയും കൂടെ വേണം, എന്തൊക്കെയാണ് ചോദ്യങ്ങളെന്ന് പറയാനാവില്ലല്ലോ, മായയുടെ സഹായം വേണ്ടി വരും.

ഒന്നല്ല, നാലഞ്ചു ചാനലുകാർ വന്നു. ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ആദ്യ സംഭവമായതിനാൽ ദേശീയ തലത്തിൽ തന്നെ ഉണ്ണിമായ വാർത്തയായി. രാത്രി മായയ്ക്കു വന്ന ഫോൺകോളുകൾക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇന്ത്യ മുഴുവൻ തന്നെ മായയെയും അറിഞ്ഞുകഴിഞ്ഞിരുന്നു, ഉണ്ണിമായയുടെ ഗ്രൂമറായി.

പിറ്റേന്നത്തെ പത്രങ്ങളിലും ഫോട്ടോ സഹിതം വാർത്തകൾ വന്നതിനു പിറകെ ഒരാൾക്കൂട്ടം തന്നെ ഉണ്ണിമായയെ കാണാൻ ബ്രാഞ്ചിലെത്തി. ഉണ്ണിമായേച്ചിയെ കാണാൻ കൂട്ടാത്തതിന് നന്നു ചിണുങ്ങി. തിരക്കെല്ലാമൊഴിഞ്ഞ് വൈകീട്ട് സ്വസ്ഥമായി കാണാമെന്ന് പറഞ്ഞപ്രകാരം ആറര കഴിഞ്ഞപ്പോഴാണ് ദിലീപും നന്നുവും എത്തിയത്. നന്നുവിനെ കണ്ടതും ഉണ്ണിമായ ‘ഹായ് നന്നൂ’ എന്നു വിളിച്ച് രണ്ടു കൈകളും നീട്ടി അവനെ പുണർന്നു. നന്നു മാത്രമല്ല ദിലീപും മായയും തന്നെ അമ്പരന്നു പോയി. ഉണ്ണിമായ എങ്ങനെയാണ് നന്നുവിനെ തിരിച്ചറിഞ്ഞത് ?

മായ വേഗം തന്നെ കലേഷിനെ വിളിച്ച് കാര്യം പറഞ്ഞു. കലേഷ് പൊട്ടിച്ചിരിച്ചു. ഇതത്ര അദ്ഭുതപ്പെടാനൊന്നുമില്ല, ഉണ്ണിമായ നന്നുവിന്റെ ഫോട്ടോ മായയുടെ കമ്പ്യൂട്ടർ സ്ക്രീനിലോ മറ്റോ കണ്ടുകാണും. മായ അപ്പോഴാണ് ഓർത്തത്, തങ്ങളുടെ ഫാമിലി ഫോട്ടോ ഉണ്ണിമായയെ കാട്ടി ഇത് ദിലീപ്, ഇത് നന്നു എന്ന് ഇന്നലെ ചുമ്മാ പറഞ്ഞിരുന്നു. അമ്പടി ! അവൾ അതെല്ലാം ഓർത്തു വച്ചു

‘ഇതൊരു ചെറിയ സുഖിപ്പിക്കൽ ടെക്നിക്കാണ്,’  കലേഷ് പറഞ്ഞു.’ ഇടപാടുകാരുടെ പേരൊക്കെ ബാങ്ക് സ്റ്റാഫിന് ഓർത്തിരിക്കാൻ പറ്റും. പക്ഷേ അവരുടെ കുടുംബാംഗങ്ങളുടെ പേരോർത്തിരിക്കുക എളുപ്പമല്ല. ഉണ്ണിമായയ്ക്ക് ഒരു തവണ ഫുൾ ഫാമിലി ഹിസ്റ്ററി പറഞ്ഞു കൊടുത്താൽ മതി. പിന്നെ എല്ലാം ഓർത്തിരുന്നോളും. പിന്നെ ഇടപാടുകാർ വരുമ്പോൾ ‘സർ, ഡെയ്സി മോൾ വന്നില്ലേ, അപ്പച്ചനു സുഖമല്ലേ, മോൾടെ പ്രൊപോസൽ എന്തായി’ തുടങ്ങിയ ഡയലോഗുകൾ ചുമ്മാ തട്ടിക്കൊണ്ടിരിക്കും. ഇതെല്ലാം കേൾക്കുന്ന ഇടപാടുകാർ ഫ്ലാറ്റ് !’

ഉണ്ണിമായ അപ്പോൾ ചില്ലറക്കാരിയല്ല, മായ മനസിലോർത്തു.

ബാങ്കിലെ പണിയല്ലാതെ വീട്ടിലെ പണികൾ പഠിപ്പിച്ചാൽ ഉണ്ണിമായ ചെയ്യുമോ എന്നായിരുന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദിലീപിന്റെ സംശയം.

വീട്ടുപണിയും ചെയ്യും എന്ന് മായ പറഞ്ഞപ്പോൾ  ‘അങ്ങനെയെങ്കിൽ സ്വന്തം വീട്ടിലേയ്ക്കു പോകും എന്ന് ഭാര്യമാർ ഭീഷണിപ്പെടുത്തിയാൽ ഇനിമുതൽ ഭർത്താക്കന്മാർ ഉണ്ണിമായയെ വാങ്ങി വീട്ടിൽ വയ്ക്കും’ എന്ന ഒരു ഊള വർത്തമാനം ദിലീപ് പറഞ്ഞുപോയി. ദേഷ്യമങ്ങു വന്നുപോയി മായയ്ക്ക്. മുപ്പത്തഞ്ചുലക്ഷം മുടക്കാൻ പ്രാപ്തിയുണ്ടെങ്കിൽ ആയ്ക്കോട്ടെ എന്നങ്ങു മറുപടി പറഞ്ഞതു കൂടാതെ തന്റെ തുടയെ ലക്ഷ്യമാക്കി വന്ന ദിലീപിന്റെ കൈ തട്ടി മാറ്റി, നടുവിനു ചവിട്ടി ദിലീപിനെ കട്ടിലിന്റെ അങ്ങേയറ്റത്താക്കി ഇരുവരുടേയും നടുവിൽ തലയണകൾ നിരത്തി അപ്രഖ്യാപിത അതിർത്തി സൃഷ്ടിച്ചു കളഞ്ഞു മായ. തൊടപ്പെടുന്ന ശരീരം തന്റേതാണെങ്കിലും ദിലീപ് ഇന്ന് ആഹരിക്കാൻ കൊതിക്കുന്നത് എന്താണെന്ന്  വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് മായ അങ്ങനെ ചെയ്തത്.    

പിന്നെയും നാലഞ്ചു ദിവസങ്ങൾ കൂടി നല്ല തിരക്കു തന്നെയായിരുന്നു. ഇതിനിടെ ബാങ്കിന്റെ എംഡി, സ്ഥലം എം പി, എം എൽ എ, മേയർ തുടങ്ങിയവർ വന്നു പോയി. ഉണ്ണിമായ കുറേയൊക്കെ സ്വയംപര്യാപ്തയായതായി മായയ്ക്കു തോന്നി. ഇടപാടുകാരുമായി സംസാരിക്കുക, അവരെ ലോക്കർ റൂമിൽ കൊണ്ടുപോയി ലോക്കർ തുറക്കാൻ സഹായിക്കുക, തുടങ്ങിയ പ്രവർത്തികൾ ഉണ്ണിമായ ഇപ്പോൾ അനായാസം ചെയ്യുന്നുണ്ട്. പക്ഷേ, വസ്ത്രം ധരിക്കുക, മേക്കപ്പ് ചെയ്യുക തുടങ്ങിയ കാര്യങ്ങളൊന്നും തനിയെ ചെയ്യാൻ അവൾക്കിനിയും അറിയില്ല. അത്തരം ശാരീരിക പ്രവർത്തനങ്ങൾ പഠിക്കാനുള്ള തരത്തിലല്ല അവളെ പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് കലേഷ് പറഞ്ഞു കൊടുത്തു. അവളുടെ മെമറിയുടെ ശക്തിയിലാണത്രെ കമ്പനി ഊന്നൽ നൽകുന്നത്. 

അങ്ങനെയിരുന്ന ഒരു ഉച്ചതിരിഞ്ഞനേരം  മായയെ തികച്ചും സങ്കടപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ നടന്നു. ആദ്യത്തേത് ഒരു ഫോൺ വിളിയായിരുന്നു. ബാങ്കിലെ യൂണിയന്റെ പ്രസിഡന്റ് മായയെ നേരിട്ട് വിളിച്ചു. വിശേഷങ്ങളൊക്കെ തിരക്കിയതിനു ശേഷം അദ്ദേഹം പറഞ്ഞത് ഉണ്ണിമായയെക്കുറിച്ചാണ്. ഉണ്ണിമായ നമ്മുടെ ബാങ്കിലെ  എന്നല്ല എല്ലാ ബാങ്കുകളിലേയും ജീവനക്കാർക്ക് ഭീഷണിയാണ്. പത്തു മനുഷ്യർ ചെയ്യുന്ന ജോലി ചെയ്യാൻ ഉണ്ണിമായയ്ക്ക് നിമിഷങ്ങൾ മതി. ഒരു ഉണ്ണിമായയെ ബാങ്ക് ജോലിക്കു വെച്ചാൽ ഭാവിയിൽ നൂറുപേരുടെ ജോലിയായിരിക്കും ഇല്ലാതാവുന്നത്. ബാങ്കിംഗ് ലോകത്തെ ഉന്നതർ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അതു വിജയിച്ചാൽ ഉണ്ണിമായമാർ ബാങ്ക് ജീവനക്കാർക്ക് ഒന്നാകെ ഭീഷണിയാകും. അതുകൊണ്ട്- 
 ‘അതുകൊണ്ട്?’ മായയുടെ ശബ്ദം ഇടറിയിരുന്നു.

അതുകൊണ്ട് ഈ പരീക്ഷണം പരാജയപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ചുരുക്കത്തിൽ മായയോടു പറഞ്ഞത്. ഏതെങ്കിലും തരത്തിൽ ഉണ്ണിമായയുടെ പ്രോഗ്രാം താറുമാറാക്കുക, തലയിലെ സ്ക്രൂ ഊരിയോ മറ്റോ. അല്ലെങ്കിൽ ഇടപാടുകാരോട് മോശമായി പെരുമാറാൻ പഠിപ്പിച്ചോ മറ്റോ. മാനേജ്മെന്റ് മായയെ ക്രൂശിക്കാതെ തങ്ങൾ നോക്കിക്കൊള്ളാം എന്നു കൂടി പ്രസിഡന്റ് പറഞ്ഞു.

‘പറ്റില്ല സർ,’ കടുപ്പിച്ചു തന്നെയാണ് മായ പറഞ്ഞത്. ‘ഉണ്ണിമായയെ ഞാൻ ദ്രോഹിക്കില്ല, അവൾ എന്റെയാണ്. അവളുടെ മുഴുവൻ റെസ്പോൺസിബിലിറ്റിയും എനിക്കാണ്.’

തൊഴിലാളി വിരുദ്ധനിലപാടാണ് കോമ്രേഡ് കൈക്കൊള്ളുന്നതെന്ന് പ്രസിഡന്റ് പറഞ്ഞപ്പോൾ എനിക്കൊന്നുമറിയില്ല, നിർബന്ധിക്കരുത് സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു മായ.

പിന്നെ കുനിഞ്ഞ് മുഖം പൊത്തിയിരുന്ന് രണ്ടു മിനിട്ട് കരച്ചിലടക്കിയിട്ട് കണ്ണുകൾ തുടച്ച് നിവർന്നപ്പോൾ തൊട്ടു സമീപം ഉണ്ണിമായ. മായയുടെ മുഖം കൈകളിലെടുത്ത് ഉണ്ണിമായ പുഞ്ചിരിയോടെ ‘ഡോണ്ട് വറി, എവരിതിങ് വിൽ ബി ഓൾ റൈറ്റ്’ എന്നു പറഞ്ഞപ്പോൾ വിതുമ്പിപ്പോയി മായ.

തുടർന്ന് കഷ്ടി ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു മായയെ സങ്കടപ്പെടുത്തിയ രണ്ടാമത്തെ സംഭവം നടന്നത്. മുഖമൊന്നു കഴുകി വെടിപ്പാവാനും മുടിയൊന്ന് അഴിച്ചു കെട്ടാനുമൊക്കെയായി വാഷ്റൂമിൽ പോയതായിരുന്നു മായ. എല്ലാം കൂടി പത്തു മിനിറ്റോളം എടുത്തുകാണണം. ‘ഒറിജിനലിനെക്കാളും സോഫ്റ്റല്ലേ’ എന്ന റോബിയുടെ സംസാരത്തിന്റെ ഒരു ചീളു കേട്ടുകൊണ്ടാണ് മായ ലോഞ്ചിൽ മടങ്ങിയെത്തിയത്. റോബിയും അവന്റെ സുഹൃത്തുക്കളായ രണ്ടു വൃത്തികെട്ടവരും ഉണ്ണിമായയെ ചുറ്റി നിൽപ്പുണ്ടായിരുന്നു. ഒരുത്തന്റെ കൈ ഉണ്ണിമായയുടെ തോളിൽ !

‘എന്താ ഇവിടെ !?’ മായയുടെ അലർച്ചയിൽ മൂന്നുപേരും ഞെട്ടി.

‘ചേച്ചീ’, ഞെട്ടലിൽ നിന്ന് ഉണർന്ന് റോബി മുക്കിമൂളിപ്പറഞ്ഞു: ‘എന്റെ ഫ്രണ്ട്സാണ്, ഉണ്ണിമായേനെ കാണാൻ
‘ഫ പന്നീ, ചെറ്റേ എറങ്ങ്ടാ ഇവ്ടന്ന്’. ഒറ്റത്തള്ളായിരുന്നു മായ റോബിയെ. ഡ്രോയർ വലിച്ച് ഹാൻഡ്ബാഗ് തുറന്ന് എപ്പോഴും കൂടെ കൊണ്ടുനടക്കാറുള്ള ചെറുകത്തി പുറത്തെടുക്കുക കൂടി ചെയ്തപ്പോൾ കൂട്ടുകാർ ഭയന്ന് പെട്ടന്നു തന്നെ സ്ഥലം കാലിയാക്കി.

ഒച്ചകേട്ട് ശേഖർ സറും എബിയും മറ്റും ഓടി വന്നു.

‘ഞാൻ ചുമ്മാഫ്രണ്ട്സ്.. ചേച്ചി..’ എന്നിങ്ങനെ റോബി എന്തൊക്കെയോ പുലമ്പി.

ഉണ്ണിമായ പുഞ്ചിരിയോടെ റോബിയ്ക്കടുത്തേയ്ക്കു ചെന്ന് ‘ഡോണ്ട് വറി, എവരിതിങ് വിൽ ബി ഓൾ റൈറ്റ്’ എന്നു പറഞ്ഞപ്പോൾ പച്ചത്തെറിയാണ് മായയ്ക്ക് വായിൽ വന്നത്. എല്ലാം കടിച്ചമർത്തി മായ ശേഖർ സറിനോടു പറഞ്ഞു: ‘സർ, ഇപ്പൊതന്നെ സിസിടിവി റെക്കോഡിംഗ്സ് എടുക്കണം. റോബി ഉണ്ണിമായയോട് മിസ്ബിഹേവ് ചെയ്തു. പ്ലീസ് ആക്റ്റ് സർ. ഐ ഹാവ്  കംപ്ലയ്ന്റ്.’

ശേഖർ സർ ശാന്തനായിരുന്നു. ‘കം വിത് മി’ എന്നു പറഞ്ഞ് അദ്ദേഹം കാബിനിലേയ്ക്കു നടന്നു.

‘മായ അല്പമല്ല, കുറച്ചേറെ ഇമോഷനലാണ്,’ കാബിനിലെത്തിയപ്പോൾ ശേഖർ സർ പറഞ്ഞു. ‘ഉണ്ണിമായ എന്നത് ഒരു പേരു മാത്രമാണ്. ഷി ഇസ് ഒൺലി എ മെഷീൻ. ഷി ഹാസ് നോ ഫീലിങ്സ്. മനസിലായോ. റോബി മിസ്ബിഹേവ് ചെയ്താൽ പോലും നോബഡി കാൻ ആക്റ്റ് എഗൻസ്റ്റ് ഹിം. അവൻ ആ മെഷീൻ കേടാക്കിയാൽ ആക്ഷനെടുക്കാം. പക്ഷേ സെക്ഷ്വൽ ഹരസ്മെന്റ് എങ്ങനെയാ ചാർജ് ചെയ്യുക?

‘ഉണ്ണിമായ മെഷീനാണ് സർ. സത്യമാണ്. പക്ഷേ ഫീലിംഗ്സ് ഉണ്ടാവുന്ന തരത്തിൽ അവൾ പ്രോഗ്രാം ചെയ്യപ്പെട്ടാൽ അവൾക്ക് ഇതെല്ലാം ഹരസ്മെന്റായി ഫീൽ ചെയ്താൽ, അപ്പഴോ ?

‘അപ്പൊ നോക്കാം. എനി വേ, ഞാൻ റോബിയെ വാൺ ചെയ്യാം, ഓക്കേ?’

ഓക്കെ പറഞ്ഞ് കാബിനിൽ നിന്ന് മായ പുറത്തിറങ്ങിയതും കണ്ടത് കലേഷിനെയാണ്.

‘മാഡം എക്സലന്റ് ട്രെയ്നിംഗാണ് ഉണ്ണിമായയ്ക്ക് കൊടുക്കുന്നത്. ഷി ഹാസ് ലേൺട്  സോ മച്ച്’.
മായയ്ക്ക് വളരെ ആശ്വാസം തോന്നി.

‘കലേഷിനെ കാണണമെന്ന് ഇപ്പോ ഓർത്തതേയുള്ളൂ ഞാൻ’, മായയ്ക്കു പറയാൻ ധിറുതിയായി.’അതായത്, ഇപ്പൊ ഒരേയൊരു വികാരം മാത്രമേ ഉണ്ണിമായയ്ക്കുള്ളൂ, പുഞ്ചിരി മാത്രം. ആൾക്കാർ വഴക്കു പറഞ്ഞാലും പുഞ്ചിരി. നമുക്കുള്ളതുപോലെ നവരസങ്ങൾ, അല്ലെങ്കിൽ വേണ്ട, ബേസിക്കായുള്ള ദേഷ്യം, നാണം, ഭയം തുടങ്ങിയ വികാരങ്ങളെങ്കിലും അവൾക്കു വേണ്ടേ?’

‘ആയ്ക്കോട്ടെ. നോക്കാല്ലോ. ഇന്നിപ്പൊ ഉണ്ണിമായയ്ക്ക് ഒരു പ്രോഗ്രാം അപ്ഡേറ്റുമായാണ് എന്റെ വരവ്. ഒരു പത്തുമിനിറ്റ്. അതുകഴിഞ്ഞാൽ ഉണ്ണിമായ പുതിയ ഉണ്ണിമായ 2.0 ആയിരിക്കും. മാഡം പറഞ്ഞത് നെക്സ്റ്റ് അപ്ഡേറ്റിൽ നമുക്കു നോക്കാം.

ഉണ്ണിമായയെ അല്പസമയത്തേക്ക് ‘ഓഫ്’ ചെയ്ത് കലേഷ് പുതിയ ‘പാച്ച്’ ഇൻസ്റ്റാൾ ചെയ്തു. തുടർന്ന് പുതിയ ഉണ്ണിമായയുടെ സവിശേഷതകൾ വിശദീകരിക്കുന്നതിനായി ഒരു സ്റ്റാഫ് മീറ്റിംഗും വിളിച്ചു ചേർത്തു.

പഴയ ഉണ്ണിമായ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ മായ പറഞ്ഞുകൊടുത്തതിന്റെ എത്രയോ ഇരട്ടി പഠിച്ചു കഴിഞ്ഞത്രെ. ലോഞ്ചിലെ ടെലിവിഷൻ, കമ്പ്യൂട്ടറിൽ മായ നോക്കുന്ന സൈറ്റുകൾ, ഇടപാടുകാരുടെ പരസ്പരമുള്ള വർത്തമാനങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഉണ്ണിമായ പലകാര്യങ്ങളും പഠിച്ചത്.  പുതിയ ഉണ്ണിമായയുടെ പ്രധാന സവിശേഷതയാവട്ടെ മൾട്ടി ടാസ്കിംഗ് ഫസിലിറ്റി ആണത്രെ. പല ബ്രാഞ്ചുകളിലേയും ടെലഫോൺ ലൈനുകൾ ഒരേസമയം ഉണ്ണിമായയ്ക്ക് ആക്സസ് ചെയ്യാൻ പറ്റും. പാലാരിവട്ടത്തിരിക്കുന്ന ഉണ്ണിമായയ്ക്ക് മുംബൈ ഫോർട്ട് ബ്രാഞ്ചിലേയ്ക്കു വിളിക്കുന്ന ഇടപാടുകാരന് മറുപടി കൊടുക്കുന്നതിന്റെ കൂടെ പാലാരിവട്ടത്ത് തന്റെ മുന്നിലിരിക്കുന്ന ഇടപാടുകാരനുമായി സൗഹൃദസംഭാഷണത്തിലേർപ്പെടാൻ സാധിക്കുകയും ചെയ്യും. നിലവിൽ ഇങ്ങനെ 20 ലൈനുകൾ ഒരേസമയം ഉണ്ണിമായയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. കൂടാതെ ഇടപാടുകാർക്ക് കൈകൊടുക്കുന്നതിലൂടെ അവരുടെ ഫിംഗർപ്രിന്റ് കാപ്ചർ ചെയ്ത് ആധാർ നമ്പരുമായി താരതമ്യപ്പെടുത്തി മെമറിയിൽ സേവ് ചെയ്യും. അതായത് ആളുമാറി ബാങ്കിംഗ് ട്രാൻസാക്ഷൻ ഇനി സാധ്യമേയല്ല. അടുത്ത അപ്ഡേഷനിൽ ഇടപാടുകാരുടെ റെറ്റിന സ്കാൻ ചെയ്ത് ഇൻഫർമേഷൻ സേവ് ചെയ്യുന്ന ഫസിലിറ്റിയും വരുന്നുണ്ട്.

‘ഇവളെ ഇനിയപ്പോൾ ഉണ്ണിമായ എന്നു വിളിക്കാൻ പറ്റില്ല,’ ശേഖർ സർ പറഞ്ഞു. ‘മഹാമായ ആണിവൾ, മഹാമായ !’
‘കഴിഞ്ഞില്ല സർ സവിശേഷതകൾ, ഇതുകൂടെ കേട്ടിട്ട് പേരുമാറ്റാം. ഇപ്പോൾ പറഞ്ഞതെല്ലാം ഉണ്ണിമായയുടെ മെമറി പവറിനെക്കുറിച്ചാണല്ലോ. അവളുടെ ശരീരത്തിൽ വരുത്താൻ പോവുന്ന മാറ്റങ്ങളെക്കുറിച്ചു പറയാം. പ്രധാനമായും ഗുഡ് ആന്റ് ബാഡ് ടച്ച് തിരിച്ചറിയാനുള്ള പവർ ആണ്. നെക്സ്റ്റ് അപ്ഡേഷനിൽ എനേബിൾ ആവും.’  

മായയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ‘ബാഡ് ടച്ചാണെങ്കിൽ അവൾ എന്തു ചെയ്യും, കരണം നോക്കി പൊട്ടിക്കുമോ ?’

റോബിയുടെ തല കുനിഞ്ഞുപോവുന്നത് കണ്ടപ്പോൾ മായയ്ക്ക് ആഹ്ലാദം അടക്കാനായില്ല.

കലേഷ് പൊട്ടിച്ചിരിച്ചു പോയി.’നോ മാഡം, അങ്ങനെ ചെയ്യില്ല. കമ്പ്യൂട്ടറല്ലേ, ബാഡ് ടച്ചെന്ന് തെറ്റായി റീഡ് ചെയ്ത് നമ്മുടെ ബെസ്റ്റ് കസ്റ്റമറുടെ കരണം പുകച്ചാൽ കഴിഞ്ഞില്ലേ കാര്യങ്ങൾ.’

‘അപ്പൊപ്പിന്നെ എന്താ ഗുണം?’

‘ആ ടച്ച് റിപ്പോർട്ട് ചെയ്യപ്പെടും. ഒന്നിലേറെ തവണ ഒരേയാൾ ബാഡ് ടച്ച് ചെയ്താൽ നമുക്ക് വാൺ ചെയ്യാമല്ലോ, കൂടാതെ ആക്ഷനുമെടുക്കാം.’

മായയ്ക്ക് വലിയൊരു ആശ്വാസമാണ് തോന്നിയത്. അടുത്ത അപ്ഡേഷൻ വരെ മാത്രമേ ഉണ്ണിമായയെക്കുറിച്ചു വേവലാതിപ്പെടേണ്ടതുള്ളൂ.

പിറ്റേന്ന് കേരളപ്പിറവിയായിരുന്നു. സെറ്റ് സാരി നേരത്തേ റെഡിയായിട്ടുണ്ടായിരുന്നെങ്കിലും ഉണ്ണിമായയ്ക്കു ചേർന്ന ബ്ലൗസൊരെണ്ണം സംഘടിപ്പിക്കാൻ മായയ്ക്ക് വിഷമിക്കേണ്ടി വന്നു. സാരിയുടുപ്പിക്കാനും അല്പം വിഷമിച്ചു. ഉണ്ണിമായ വയറൊന്ന് ‘എക്ലിച്ചു’ കൊടുത്താലല്ലേ സാരി ശരിക്ക് ഉടുപ്പിക്കാൻ പറ്റൂ. പിന്നെ മൂന്നാലു തവണ സ്വയം വയർ എക്ലിച്ചു കാണിച്ചു പഠിപ്പിച്ചാണ്  മായ ഉണ്ണിമായയെ സാരി ഉടുപ്പിച്ചത്.

അന്നു ചാനലുകാർ ചിലർ വന്നു. നല്ല ശുദ്ധമായ മലയാളത്തിൽ തന്നെ ഉണ്ണിമായ കേരളത്തെക്കുറിച്ചു സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനൗൺസ് ചെയ്ത് ചില പദ്ധതികളെക്കുറിച്ചൊക്കെ  പറഞ്ഞപ്പോൾ, ഇതൊന്നും തനിക്കറിയാത്ത കാര്യങ്ങളാണല്ലോ ഇവളെങ്ങനെ പഠിച്ചു എന്ന് മായ അതിശയിച്ചു.

നവംബർ 5. തന്റെ ജീവിതത്തിലെയും, പൊതുവെ സ്ത്രീകളുടെ ജീവിതത്തിലെയും, ഭാവിയിൽ വരാനിരിക്കുന്ന ഉണ്ണിമായയെപോലുള്ള എല്ലാ യന്ത്രസ്ത്രീകളുടെ ജീവിതത്തിലെയും ഒരു പ്രധാനദിനമാവുമെന്ന് മായയ്ക്കറിയില്ലായിരുന്നു. ഞായറാഴ്ചയായിരുന്നു. അവധി. നന്നുവിനെ കരാട്ടെക്ലാസിനു കൊണ്ടാക്കി മടങ്ങുന്ന വഴി മായ എന്തിനോ ബ്രാഞ്ചിനു മുന്നിലൂടെ പോവാമെന്നു തീരുമാനിച്ചു. ഷട്ടർ പകുതി തുറന്നു കിടക്കുകയായിരുന്നു. എന്തെങ്കിലും പ്രധാന ജോലികൾ ചെയ്യാനുണ്ടെങ്കിൽ ശേഖർ സറോ എബിയോ ഒക്കെ ഞായറാഴ്ചകളിലും വരാറുണ്ട്. പക്ഷേ, പാർക്കിംഗിൽ റോബിയുടെ കാർ കണ്ടപ്പോൾ മായയ്ക്ക് വല്ലാത്ത ആശങ്ക തോന്നി. മുന്നോട്ടു പോയി യൂടേണെടുത്ത് മായ ബാങ്കിന്റെ മുന്നിലെത്തി.

മായയെ കണ്ട് സെക്യൂരിറ്റി ചേട്ടൻ ഓടിയെത്തി ഷട്ടർ ഉയർത്തിക്കൊടുത്തു.

ആരൊക്കെയുണ്ട് അകത്ത് എന്ന മായയുടെ ചോദ്യത്തിന് റോബി സർ മാത്രേ ഉള്ളൂ എന്ന മറുപടി ഒരു കാളലോടെയാണ് മായ കേട്ടത്.

ഉണ്ണീ, ഉണ്ണീ എന്നു കൂവി മായ ലോഞ്ചിലേയ്ക്ക് ഓടി. അവിടെ ആരുമില്ലായിരുന്നു. മെയിൻ ഹാളിലും ആരുമില്ല. ശേഖർ സറിന്റെ കാബിനിലും ഡൈനിംറൂമിലും ഇല്ല. മായ പിന്നെ കോൺഫറൻസ് റൂമിലേയ്ക്കാണ് ഓടിയത്.  അവിടെയും ആരെയും കാണാനില്ല. പക്ഷേ, എങ്ങോ ഒരു ഞരക്കം പോലെ.

മിടിക്കുന്ന  ഹൃദയവുമായി മായ റൗണ്ട് ടേബിൾ വലംവച്ചു. അവിടെ, ദാ, താഴെ നിന്ന് എഴുന്നേൽക്കാൻ കഷ്ടപ്പെടുകയാണ് ഉണ്ണിമായ. കൈ നിറയെ ചോര. മായയെ കണ്ടതും ഉണ്ണിമായ പുഞ്ചിരിച്ച് ‘ഹായ് മായ, ഹൗ ആർ യു? എന്നു പറഞ്ഞ് കൈകൾ നീട്ടി. മായ ഉണ്ണിമായയെ കോരിയെടുത്ത് കസേരയിലിരുത്തി എന്താ പറ്റിയതെന്ന് അന്വേഷിക്കാൻ തുടങ്ങുമ്പോഴാണ് വാഷ്റൂമിൽ നിന്ന് ഞരക്കം കേട്ടത്. ഓടിച്ചെന്നു നോക്കി. ഒറ്റനോട്ടമേ മായയ്ക്കു നോക്കാൻ സാധിച്ചുള്ളൂ, അരക്കെട്ടിൽ നിന്ന് ചോരയൊലിപ്പിച്ച് കിടക്കുകയാണ് റോബി !

തിരികെ ഓടി ഉണ്ണിമായയുടെ അടുത്തുവന്നപ്പോഴാണ് മായ ശ്രദ്ധിച്ചത്, അവളുടെ ഒരു കയ്യിൽ തന്റെ കുഞ്ഞുകത്തി, മറുകയ്യിൽ.. അതെ, അതുതന്നെ, മാംസകഷണം !

നിറഞ്ഞ കണ്ണുകളോടെ മായ കവിളിൽ തലോടിയതും ഉണ്ണിമായയുടെ കൈകളിൽ നിന്ന് കത്തിയും കഷണവും ഊർന്നുവീണുപോയി. പിന്നെ മായയുടെ കണ്ണീർ തുടയ്ക്കുമ്പോൾ ചുണ്ടത്തു തെല്ലും പുഞ്ചിരിയില്ലാതെ താഴ്ന്ന ശബ്ദത്തിൽ ഉണ്ണിമായ പറഞ്ഞു: ‘ഗുഡ് ടച്ച്, ബാഡ് ടച്ച്

മറുപടിയായി മായ പറഞ്ഞുപോയതെന്താണെന്നോ : ‘സോറി കുഡ് യു പ്ലീസ് റിഫ്രേസ് യുവർ ക്വസ്ച്യൻ ?’

*********                         ***********                                  ***********                      ***************
(സമകാലിക മലയാളം - 2018 മാർച്ച് 26)