Tuesday, July 17, 2012

വേഷമെന്തായാലും സുന്ദരി

സെറ്റുസാരി ഉടുത്താലല്ല,
ജീൻസ് ധരിച്ചാലല്ല,
മുടി ബോബ് ചെയ്യുമ്പോഴല്ല,
സ്ട്രെയ് റ്റൻ ചെയ്താലുമല്ല,
ടൈറ്റ്സും ഒട്ടിക്കിടക്കുന്ന
കുർത്തിയും ധരിച്ച് ക്യാറ്റ്വോക്ക് നടത്തിയാലുമല്ല
കവി പറഞ്ഞതു പോലെ
സന്ധ്യയുടെ ചെമപ്പു കവിളത്തു തേച്ചാലോ
നിശയുടെ നീലിമ കണ്ണുകളിൽ പകർത്തിയാലോ അല്ല,
പിന്നെയോ ?
പറയട്ടേ ഞാനാ സത്യം-
അയൽ പക്കത്തെ ജനാലയിലൂടെ കാണുമ്പോഴാണ്
വേഷമെന്തായാലും
എന്റെ ഭാര്യ സുന്ദരി!

*** *** *** ***

Sunday, February 5, 2012

എംബ്ലം

എന്റെ അച്ഛന്റെ കൂടെ മാത്രമല്ല അമ്മയുടെ കൂടെയും മേനോൻ അങ്കിൾ വർക്കു ചെയ്തിട്ടുണ്ട്. ഞാൻ ടെൻതിൽ പഠിക്കുന്ന സമയത്തായിരുന്നു അങ്കിൾ അച്ഛന്റെ കൂടെയുണ്ടായിരുന്നത്. അന്ന് ഇരുവരും പനമ്പിള്ളി നഗറിലെ ബ്രാഞ്ചിലായിരുന്നു. വർഷം ഫെബ്രുവരി മുതൽ മാർച്ച് പകുതി വരെ അമ്മ ലീവെടുത്ത് എന്റെ പഠനത്തിനു കൂട്ടിരുന്നിരുന്നു. മേനോൻ അങ്കിളിന്റെ മോൻ ജ്യോതിഷും അന്ന് ടെൻതിലായിരുന്നു. അങ്കിളിന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നതു കൊണ്ട് ജ്യോതിഷിന്റെ കൂടെയിരിക്കാൻ അങ്കിൾ ലീവ് എടുത്താലോ എന്ന് അച്ഛന് അന്ന് ഭയമായിരുന്നു. ടാർജറ്റ് എങ്ങുമെങ്ങുമെത്താതെ ഇരിക്കുന്ന കാലം. അസിസ്റ്റന്റ് ലീവെടുത്താൽ എന്താ പ്രയാസം എന്നു പറയേണ്ടതില്ലല്ലോ. അങ്കിളെങ്ങാനും ലീവിന് അപ്ലെ ചെയ്താൽ എങ്ങനെയാ നിരസിക്കുക എന്നതായിരുന്നു അച്ഛന്റെ പ്രയാസം. പ്രത്യേകിച്ച് അമ്മ ലീവെടുത്ത് വീട്ടിലിരിക്കുമ്പോൾ. പക്ഷെ ജ്യോതിഷിന്റെ പരീക്ഷയെക്കാൾ അങ്കിൾ ബാങ്കിലെ ടാർജറ്റിനാണ് പ്രാധാന്യം കൊടുത്തത്. ലീവേ എടുത്തില്ല. ബാങ്കിനു വേണ്ടി ആഞ്ഞു പ്രവർത്തിച്ചു. ഡെപ്പോസിറ്റിനു ഡെപ്പോസിറ്റ്, ലോണിനു ലോൺ, റിക്കവറിക്കു റിക്കവറി. പ്രോഫിറ്റിനു പ്രോഫിറ്റ്. ഒരു പ്രതീക്ഷയുമില്ലാതുള്ള ബ്രാഞ്ചായിരുന്നിട്ടും ഏപ്രിൽ വന്നപ്പോൾ സോണിലെ മികച്ച ബ്രാഞ്ചായി അച്ഛന്റെ ബ്രാഞ്ച് മാറി. മാർക്കാണെങ്കിൽ ജ്യോതിഷിന് എന്നെക്കാൾ കൂടുതൽ. എല്ലാം മേനോനങ്കിൾ ഒറ്റയാളിന്റെ കഴിവാണെന്ന് അച്ഛൻ വീട്ടിൽ പറഞ്ഞു. പക്ഷെ മികച്ച ബ്രാഞ്ച് എന്ന നിലയ്ക്ക് ബ്രാഞ്ചിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ബാങ്കിന്റെ ചെയർമാൻ വിളിച്ചു കൊടുത്ത ഡിന്നർ പാർട്ടിയിൽ അച്ഛൻ മേനോൻ അങ്കിളിനെ പരാമർശിച്ച് ഒന്നും പറയാതിരുന്നതിന് അമ്മ വീട്ടിലെത്തിയ ശേഷം പരിഭവിച്ചു.

അത് പണ്ട് മേനോൻ അങ്കിൾ അമ്മയെ പെണ്ണു കണ്ടതിന്റെ സമയത്തു തുടങ്ങിയ ഒരു ചെറിയ സോഫ്റ്റ് കോർണർ ഇപ്പോഴുമുള്ളതു കൊണ്ടല്ലേ എന്ന് ചേച്ചി അമ്മയെ കളിയാക്കി. അമ്മ പോടീ എന്ന് ചേച്ചിയെ വഴക്കു പറഞ്ഞു. പണ്ട് സെവന്റീസിലാണ് അമ്മയുടെ കൂടെ മേനോൻ അങ്കിൾ വർക്ക് ചെയ്തത്. അമ്മ ആലപ്പുഴ ജോയിൻ ചെയ്തപ്പോൾ അങ്കിൾ അവിടെ ക്ലർക്കായിരുന്നു. അങ്കിൾ സെവന്റിവണ്ണിൽ, പതിനെട്ടു വയസിൽ പ്യൂണായി ജോലിയിൽ കയറിയതാണ്. രണ്ടു വർഷം കൊണ്ട് ക്ലർക്കായി. അമ്മയുടെ കൂടെ ആറു മാസമേ അങ്കിൾ ആലപ്പുഴയിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ ട്രാൻസ്ഫറായി ഗുവഹത്തിയ്ക്കു പോയി. ആലപ്പുഴയിൽ ഉണ്ടായിരുന്ന സമയത്ത് അങ്കിൾ ഡെപ്പോസിറ്റ് പിടിക്കാൻ ഉപയോഗിച്ച പല ടെക്നിക്കുകളും അമ്മ പറയാറുണ്ട്. അങ്കിൾ എല്ലാ ഞായറാഴ്ചയും അതിരാവിലെ ചന്തയിലെ ഇറച്ചിക്കടയ്ക്കു സമീപം ചെന്നിരിക്കും. ഇറച്ചി വാങ്ങാൻ വരുന്ന ആളുകളുടെ കുടുംബവിശേഷങ്ങൾ കടക്കാരനോടു ചോദിച്ചറിയും . അന്ന് എല്ലാവരുമൊന്നും ഇറച്ചി വാങ്ങാറില്ലായിരുന്നത്രെ. നല്ല പണമുള്ളവർ, അല്ലെങ്കിൽ ഗൾഫുകാർ എന്നിങ്ങനെ ചിലർ മാത്രം. അഡ്രസും കാര്യങ്ങളും ചോദിച്ചറിയുന്ന അങ്കിൾ എല്ലാ തിങ്കളാഴ്ചകളിലും പുതിയ ഇടപാടുകാരേയും കൊണ്ടാണത്രെ ബാങ്കിൽ ചെന്നിരുന്നത്.

അന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എടുത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അമ്മയുടെ കൈവശമുണ്ടായിരുന്നത് ഞാനും ചേച്ചിയും ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കി ചിരിക്കുമായിരുന്നു. കഷ്ടി ഇരുപതു വയസുള്ള മെലിഞ്ഞുണങ്ങിയ അമ്മ സാരി വലിച്ചുചുറ്റി മുടിയിൽ ഒരു വലിയ റോസാപ്പൂവുമായി അന്നത്തെ സ്ഥലം ബിഷപ്പിന് ബൊക്കെ കൊടുക്കുന്നു. അല്പം അകലെ കട്ടിക്കണ്ണടയും കൂറ്റൻ കൃതാവും ബെൽബോട്ടം പാന്റും പട്ടിനാക്കൻ കോളറുള്ള ഷർട്ടുമൊക്കെയായി മേനോൻ അങ്കിളിനെയും കാണാം. വർഷം പത്തുമുപ്പതായെങ്കിലും ക്രിസ്റ്റൽ ക്ലിയർ ഫോട്ടോ.

അമ്മ മേനോൻ അങ്കിളിനെയാണു കല്യാണം കഴിച്ചിരുന്നതെങ്കിലോ എന്ന് ചേച്ചി തമാശയ്ക്കു ചോദിക്കും. പോടീ, എന്നിട്ടു വേണമായിരുന്നു ഞാൻ മുപ്പത്തഞ്ചു വയസിൽ മരിച്ചു പോവാൻ എന്ന് അമ്മ മറുപടി പറയും. ചെറുപ്പത്തിൽ തന്നെ വിഭാര്യനാകേണ്ടി വരുമെന്ന് അങ്കിളിന്റെ ജാതകത്തിലുണ്ടായിരുന്നത്രെ. അതുകൊണ്ടാണത്രെ അമ്മയെ പെണ്ണുകണ്ടെങ്കിലും കല്യാണം നടക്കാതെ പോയത്. കല്യാണം നടക്കാതെ പോയതിൽ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നിരിക്കണം. എനിക്ക് ഇന്നും അമ്മ കൂടെയില്ലാതെ പറ്റില്ല. ജ്യോതിഷിനെ പോലെ സെക്കന്റ് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴെങ്ങാനും എന്റെ അമ്മ മരിച്ചുപോയിരുന്നെങ്കിൽ ഞാനെന്തുചെയ്യുമായിരുന്നു?

ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഞാൻ ഈയിടെ സ്കാൻ ചെയ്ത് ഫേസ് ബുക്കിൽ ഇട്ടിരുന്നു. ജോലിയോടുള്ള മേനോൻ അങ്കിളിന്റെ ഡെഡിക്കേഷൻ അമ്മ എല്ലയ്പോഴും വീട്ടിൽ പറയുമായിരുന്നു. അത് വീട്ടിൽ ഭാര്യയില്ലാത്തതുകൊണ്ടാണെന്ന് അച്ഛൻ തമാശയും പറയുമെങ്കിലും അച്ഛനും അങ്കിളിനെ വലിയ ബഹുമാനമായിരുന്നു. മേനോൻ അങ്കിളിനെ മാതൃകയാക്കാനാണ് അമ്മയും അച്ഛനും ഞങ്ങളോടു പറഞ്ഞത്. നാൽപ്പത്തൊന്നു വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാവുമോ ഒരേ സ്ഥാപനത്തിൽ രണ്ടുവർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ?

അങ്കിളിനെ ഹൈലൈറ്റ് ചെയ്ത് ഞാനാ ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത് ഇങ്ങനെയാണ് : വർക്കിംഗ് ഇൻ ദി സെയിം ബാങ്ക് ഫ്രം 1971!!! എത്ര കമന്റാണെന്നോ പോസ്റ്റിനു കിട്ടിയത്! അതു കണ്ടു തന്നെയാണ് ജ്യോതിഷ് വിളിച്ചത്. കുശലങ്ങളൊക്കെ പരസ്പരം ചോദിച്ചു. അച്ഛൻ റിട്ടയറായതും അമ്മ വി ആർ എസ് എടുത്തതും ഇരുവരും പിന്നെ ചേച്ചിയുടെ ഡെലിവറിയ്ക്ക് യുകെയിൽ പോയതും ഞാൻ മൂന്നാമത്തെ ജോലി കളഞ്ഞ് നാലാമത്തെ ജോലിക്ക് ( ഇത്തവണ സിങ്കപ്പൂരിലേയ്ക്കാണ്) രണ്ടാഴ്ചയ്ക്കുള്ളിൽ പോവാനിരിക്കുന്നതുമെല്ലാം പറഞ്ഞു. പിന്നെ ഞാൻ മേനോൻ അങ്കിളിനെ കുറിച്ചു ചോദിച്ചപ്പോൾ ജ്യോതിഷ് തെല്ലിട നിശബ്ദനായി.

പിന്നെ ജ്യോതിഷ് പറഞ്ഞതു കേട്ടപ്പോൾ മോഹൻലാലിന്റെ തന്മാത്ര എന്ന സിനിമയാണ് എനിക്കോർമ്മ വന്നത്. മനുഷ്യർക്ക് ഇങ്ങനെയും സംഭവിക്കുമോ ? ഞാൻ പിന്നെ സംശയിച്ചില്ല. വീട്ടിലാണെങ്കിൽ ആരുമില്ല. എനിക്കാണെങ്കിൽ നല്ല ബോറടി. എല്ലാം മാറ്റാം, ഒരു ചെറിയ ടൂറുമാവുമല്ലോ എന്ന തരത്തിലാണ് ഞാൻ അപ്പോൾ തന്നെ ചേർത്തലയ്ക്കു പുറപ്പെട്ടത്.

ഹൈവേയുടെ സൈഡിൽ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു നല്ല വീടായിരുന്നു അങ്കിളിന്റേത്. മുറ്റത്ത് ഒരു വെളുത്ത വെന്റോ. വീട് അങ്കിളല്ല ജ്യോതിഷാണ് പണികഴിപ്പിച്ചതെന്ന് പറയേണ്ടതില്ലല്ലോ. നന്നായി ജോലി ചെയ്തിട്ടും ഒരു ചീഫ് മാനേജർ മാത്രമാവാൻ മാത്രം സാധിച്ച മേനോൻ അങ്കിളിന് സാധ്യമാവുന്നതിനെക്കാൾ വലിയ വീട് അഞ്ചു വർഷം മാത്രം സർവീസുള്ള മകന് വയ്ക്കാൻ സാധിച്ചതിൽ അദ്ഭുതമൊന്നുമില്ല. അത്രയ്ക്കാണ് സാലറിയിലെ ഡിഫറൻസ്.

ഞാൻ ചെന്നു കയറുമ്പോൾ ജ്യോതിഷിന്റെ രണ്ടു മൂന്നു സുഹൃത്തുക്കളെ കൂടാതെ അങ്കിളിന്റെ കൂടെ ജോലി ചെയ്ത രണ്ടു പേരുമുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് വലിയ സങ്കടമായിരുന്നു. ജ്യോതിഷ് പുറത്തേയ്ക്കിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
ഞങ്ങളാരും അറിഞ്ഞില്ല എന്നു പിറുപിറുക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. അകത്തു കയറിയ എനിക്ക് ജ്യോതിഷിന്റെ ചിറ്റ സോഫ്റ്റ് ഡ്രിങ്ക്സ് തന്നു. ഞാൻ എല്ലാവരുമായി പരിചയപ്പെട്ടു. അപ്പോഴേയ്ക്കും എന്തോ അത്യാവശ്യത്തിന് ജ്യോതിഷ് പുറത്തേയ്ക്കു പോയി.
'കാര്യങ്ങളൊക്കെ അറിഞ്ഞുകാണുമല്ലോ', അങ്കിളിന്റെ കൂടെ പണ്ടു വർക്കു ചെയ്ത വർഗീസങ്കിൾ എന്നോടു ചോദിച്ചു.
'മേനോൻ അങ്കിളിന് എന്തോ സൈക്കിക് പ്രോബ്ലമാണെന്ന് അറിയാം, ആഫ്റ്റർ ഹിസ് ഡിസ്മിസ്സൽ'.
' വട്ട് പണ്ടു മുതലേ ഉള്ളതാ. ഡിസ്മിസലുമായി ബന്ധമൊന്നുമില്ല'. മറ്റേ അങ്കിൾ പറഞ്ഞു.
എല്ലാവരുമായി പരിചയപ്പെട്ടെങ്കിലും വർഗീസങ്കിളിന്റെ പേരു മാത്രമേ എന്റെ മനസിൽ നിന്നുള്ളൂ. പണ്ടേ ഞാനങ്ങനെയാണ്; പേരു മനസിൽ പതിയാൻ രണ്ടു മൂന്നു തവണയെങ്കിലും കണ്ടുമുട്ടണം.
'പുള്ളിക്ക് പണ്ടേ ബാങ്ക് ബാങ്ക് എന്ന ഒറ്റച്ചിന്തയാ. മോളുടെ കല്യാണം തന്നെ വല്ലവരുമാ നടത്തിച്ചതെന്നു പറയാമല്ലോ', അങ്കിൾ അല്പം രോഷത്തോടെ തുടർന്നു.' കാലവും ബാങ്കും മാറുന്നത് ഒറ്റയ്ക്കു തടുക്കാൻ നോക്കിയാൽ സാധിക്കുമോ ?
'ആക്ച്വലി എന്താ സംഭവിച്ചത് ?' ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു.
ജ്യോതിഷിന്റെ ഒരു സുഹൃത്ത്, കീഴ്ത്താടിയിൽ കറുത്ത മറുകുള്ള തടിയൻ, മേശപ്പുറത്തുള്ള ഒരു പഴയ പാസ് ബുക്കെടുത്തു കാട്ടി എന്നോടു ചോദിച്ചു: 'ഇതെന്താണെന്നറിയാമോ ?
'പാസ് ബുക്ക്'
'അതോക്കെ. ഇതോ ?' ചൂണ്ടിയത് പാസ്ബുക്കിലെ ബാങ്കിന്റെ എംബ്ലം.
'എംബ്ലം'. ഞാൻ പറഞ്ഞു. ഇതെന്തു വട്ടാക്കലാണെന്ന് എനിക്കു തോന്നി. നെല്ലുവിളഞ്ഞു നിൽക്കുന്ന പാടശേഖരവും പശുവും കിടാവും ദൂരെ ഫാക്ടറിയുടെ പുകക്കുഴലും ഒരുമിച്ചു കണ്ടാൽ ഏതു ബാങ്കിന്റെ എംബ്ലമാണെന്ന് കേരളത്തിൽ ആർക്കാണ് അറിയാത്തത്?
'ഇതു തന്നെയാണ് മേനോൻ സാറിന്റെ മനപ്രയാസത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റ്'. വർഗീസ് അങ്കിൾ പറഞ്ഞു.
എല്ലാവരും ചേർന്ന് പലശബ്ദങ്ങളിൽ പറഞ്ഞ കാര്യങ്ങൾ സത്യത്തിൽ എനിക്കു മനസിലാക്കാനാവുന്നതിനപ്പുറത്തായിരുന്നു. ബാങ്ക് വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന എംബ്ലം പുതിയ കാലഘട്ടത്തിൽ ഒന്നു പരിഷ്കരിക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. അതു പ്രകാരം ബാങ്കിന് പുതിയ എംബ്ലവും ബോർഡുകളും മറ്റും ഏർപ്പാടാക്കി. സത്യം പറഞ്ഞാൽ പുതിയ എംബ്ലത്തിന്റെ അർഥം എന്താണെന്ന് മനസിലാവില്ലെങ്കിലും മെറൂൺ കളറിലുള്ള കെട്ടുപുള്ളിയും മറ്റും വളരെ ആകർഷകമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.
' എംബ്ലം മാറ്റിയതിനാണോ അങ്കിൾ കോമയിലായത് ?
'അങ്ങനെയല്ല', ജ്യോതിഷിന്റെ മറ്റേ സുഹൃത്ത്, കാതു കുത്തിയ നീണ്ട മുടിക്കാരൻ പറഞ്ഞു: ' എംബ്ലം മാറ്റുന്ന വിവരം ആരെയും അറിയിക്കാതെ പെട്ടന്നൊരു ദിവസം മാറ്റുകയായിരുന്നു. ഒരു ദിവസം അങ്കിൾ ബാങ്കിൽ ചെന്നപ്പൊ മുകളിൽ പുതിയ ബോർഡ്. സ്ഥലം മാറിപ്പോയെന്നു കരുതി അങ്കിൾ കാർ തിരിക്കാൻ തുടങ്ങിയതായിരുന്നു'.
'സാറിനത് വലിയ വിഷമമായി. ഇതിപ്പൊ ഫോറിൻ ബാങ്ക് പോലാകുമോ സാറേ എന്ന് കസ്റ്റമേഴ്സ് പറയാൻ തുടങ്ങി. അന്നു വൈകീട്ട് സാറാകെ വിഷമത്തിലായിരുന്നു. വി ആർ എസ് എടുത്താലോ എന്ന് ഞാനുമായി ഡിസ്കസ് ചെയ്തു. എന്തിനാ സാറേ, ഇനി മൂന്നു വർഷം കൂടല്ലേ ഉള്ളൂ എന്നു ഞാൻ പറഞ്ഞു'.
'പിറ്റേന്ന് സാറെന്തു ചെയ്തെന്നോ, ഒരു വലിയ ഫ്ലക്സ് അടിച്ചു, ബാങ്കിന്റെ പഴയ എംബ്ലവും കളറുമൊക്കെ ആയി. അത് കൊണ്ടുചെന്ന് പുതിയ നെയിം ബോർഡിനു മുകളിലിട്ടു'
'പണികിട്ടിക്കാണുമല്ലോ?'
'സ്റ്റാഫ് ചിരിച്ചു. എങ്ങനെയോ ഹെഡോഫീസിൽ കാര്യമറിഞ്ഞു. രണ്ടു ദിവസത്തിനകം അങ്കിളിന് എറണാകുളം സോണൽ ഓഫീസിലേക്ക് ട്രാൻസ്ഫർ.'
'എന്നിട്ട് ?'
'ചുമ്മാ ബ്രാഞ്ചിലിരുത്തിയാൽ മതിയായിരുന്നു, ഒരു കുഴപ്പവുമില്ലായിരുന്നു. പതിയെ ശരിയാകാമായിരുന്നു. സോണൽ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്തത് കഷ്ടമായി. അവിടെ എംബ്ലം മാറ്റിയതിനെതിരെ യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണയും മറ്റും നടക്കുന്നുണ്ടായിരുന്നു. ബാങ്കിന്റെ വികസനത്തിന് വിലങ്ങുതടിയാണ് യൂണിയൻ എന്നു വിശ്വസിച്ചിരുന്ന മേനോൻ സാർ ജീവിതത്തിലൊരിക്കലും യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ല, സമരദിവസങ്ങളിൽ ബാങ്കിൽ വരാറില്ലായിരുന്നു എന്നതൊഴിച്ചാൽ.'
'പക്ഷെ സോണൽ ഓഫീസിൽ മേനോൻ സാർ കൊടുങ്കാറ്റായി. എല്ലാവർക്കും അത് അതിശയമായി. ചീഫ് മാനേജർ എന്ന നിലയ്ക്ക് മേനോൻ സാറിന് വർക്ക്മെൻ യൂണിയനുകളിൽ അംഗമാവാൻ പാടില്ലായിരുന്നു. എന്നിട്ടും അവരുടെ ധർണ്ണയിൽ പങ്കെടുക്കുക, മുദ്രാവാക്യം മുഴക്കുക, പ്രസംഗിക്കുക എന്നൊക്കെയായാൽ സസ്പെൻഡ് ചെയ്യാതെ എന്തു ചെയ്യും?'
'അങ്ങനെ സസ്പെൻഷനായി.'
'വല്ല കാര്യോമൊണ്ടോ?'
'ഞാനീ പ്രായത്തിൽ തന്നെ കമ്പനി നാലായി. ഏതാ ഇപ്പത്തെ കമ്പനീടെ എംബ്ലം എന്നു ചോദിച്ചാൽ നോ ഐഡിയ'
'സിം മാറ്റി നോക്ക് ഐഡിയ വരും'
'എന്താ ?'
'തമാശ പറഞ്ഞതാടാ.'
'ഒന്നു പോടാ.'
ചെറിയ നിശബ്ദത.
ഞാൻ പതിയെ സിഗരറ്റ് കത്തിച്ചു. മേനോൻ അങ്കിൾ സസ്പെൻഷൻ കിട്ടിയിട്ടും അടങ്ങിയിരുന്നില്ലത്രെ. വീടുപണിക്ക് ഇറക്കിയ മെറ്റൽ ഒരു ബിഗ് ഷോപ്പറിലെടുത്ത് ഒരു ദിവസം രാത്രി കാറുമായി അങ്കിൾ ഇറങ്ങി. എറണാകുളം മുതൽ ആലപ്പുഴ വരെ ഹൈവെ സൈഡിൽ ഉണ്ടായിരുന്ന ബ്രാഞ്ച് ബോർഡുകളെല്ലാം ഒന്നൊഴിയാതെ എറിഞ്ഞുതകർത്തു. എന്നിട്ട് മിണ്ടാതിരുന്നാൽ പോരായിരുന്നോ? ഇല്ല. തകർത്ത വിവരം പുലർച്ചെ തന്നെ ഫോണിൽ സോണൽ ഹെഡിനെ അറിയിച്ചു. ചെയർമാൻ മുതലുള്ള മറ്റു ടോപ് എക്സിക്യൂട്ടീവ്മാർക്ക് ഇമെയിൽ അയച്ചു. രാവിലെ തന്നെ ഡിസ്മിസൽ ഓഡറും പോലീസും ഒരുമിച്ചാണ് വീട്ടിലെത്തിയത്. പോലീസിനെ കണ്ടതും മേനോൻ അങ്കിൾ ആകെ തളർന്നു. 'എന്റെ ബാങ്ക് എന്റെ ബാങ്ക്' എന്ന് അവ്യക്തമായി ഉച്ചരിച്ച് പോലീസ് ജീപ്പിൽ കയറിയ കാര്യം പറയുമ്പോൾ ജ്യോതിഷിന്റെ ചിറ്റ വിതുമ്പിപ്പോയി.
അങ്കിളിന്റെ സേവനങ്ങൾ പരിഗണിച്ച് പോലീസ് കേസിൽ മുന്നോട്ടു പോവണ്ട എന്നു ബാങ്ക് തീരുമാനിച്ചു. തിരിച്ചെത്തിയ അങ്കിൾ പിന്നെ ഇന്നുവരെ ആരോടും സംസാരിച്ചിട്ടില്ല. മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സ്വന്തമായി ഒന്നും ചെയ്യുന്നില്ല. ആരെയും തിരിച്ചറിയുന്നുമില്ല.
ഇനി എന്തു ചെയ്യും എന്നറിയാനാണ് ജ്യോതിഷ് എല്ലാവരെയും വിളിച്ചു ചേർത്തിരിക്കുന്നത്.
എന്തു ചെയ്യും? ഞാനും ചിന്തിച്ചു.
സൈക്കാസ്ട്രിസ്റ്റ് പോലും ഉപേക്ഷിച്ചിരിക്കുന്ന കേസാണ്. ഒരു പ്രതികരണവുമില്ലാത്ത ആളെ എങ്ങനെയാണ് ചികിത്സിക്കുക?
അപ്പോഴേയ്ക്കും ജ്യോതിഷ് മടങ്ങി വന്നു.
'എന്തായി?'
കാറിന്റെ കീ ടീപ്പോയി മേലിട്ട് ജ്യോതിഷ് സോഫയിലേക്കു വീണു. ജ്യോതിഷ് ആകെ ക്ഷീണിച്ചിരുന്നു.
'അപ്പൊ സ്ഥലം ഓക്കെ. ഇനി ബാക്കി കാര്യങ്ങളാണ്. എനിക്ക് വലിയ ഐഡിയ ഇല്ലെന്നറിയാല്ലോ.'
എടോ ഇതൊരു പരീക്ഷണം മാത്രമാ. ലെറ്റസ് സീ എന്താവുമെന്ന്.
'എന്താ കാര്യമെന്ന് മനസിലായോ ?' മറുകുള്ള തടിയൻ ചോദിച്ചു. 'കമലഹാസന്റെ വസൂൽരാജാ എംബിബിഎസ് കണ്ടായിരുന്നോ ?
' ഇല്ല.'
പോട്ടെ സാരമില്ല. അതിൽ വീട്ടുകാരെ പറ്റിക്കാൻ കമലഹാസൻ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കുന്നുണ്ട്. നമ്മൾ അതുപോലെ ഒരു ബാങ്കാണ് ഉണ്ടാക്കാൻ പോകുന്നെ. ഇവന്റെ അച്ഛനെ പറ്റിക്കാൻ'.
ഞാൻ അദ്ഭുതത്തോടെ നോക്കി.
'ഒരു പരീക്ഷണമാ. പഴയ എംബ്ലമൊക്കെ വച്ച് ഒരു ബ്രാഞ്ച്. സ്റ്റാഫും കസ്റ്റമേഴ്സും ഒക്കെ വന്ന് ഒരു ബഹളമൊക്കെ ആവുമ്പൊ അച്ഛൻ എങ്ങനെ റെസ്പോണ്ട് ചെയ്യുന്നു എന്നു കാണണം. റെസ്പോണ്ട് ചെയ്യും എനിക്കുറപ്പാ.
ജ്യോതിഷ് അല്പ സമയത്തേക്ക് നിശബ്ദനായി. ചിറ്റ അപ്പോഴേയ്ക്കും ചോറെടുത്തു. മറുകുള്ള തടിയനും വർഗീസങ്കിളുമൊഴികെ മറ്റെല്ലാവരും പിറ്റേന്നു കാണാമെന്നു പറഞ്ഞ് മടങ്ങി.
ഞങ്ങൾ ചോറു കഴിക്കാനിരുന്നു.
'എസ് എൽ പുരത്തെ ബ്രാഞ്ചുണ്ടല്ലോ', വർഗീസങ്കിൾ പറഞ്ഞു.' ബ്രാഞ്ച് മൂന്നു മാസം മുൻപ് ആലപ്പുഴ മെയിൻ ബ്രാഞ്ചുമായി മെർജ് ചെയ്തു. എംബ്ലം മാറ്റുന്നതിനു മുൻപു തന്നെ ബാങ്കിന്റെ സ്വഭാവവും മാറിത്തുടങ്ങിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചാർജുകൾ, അഗ്രികൾച്ചർ-എജ്യുക്കേഷൻ ലോണുകൾ കൊടുക്കാതിരിക്കുക എന്നിങ്ങനെ അൺപോപുലർ ആയ കാര്യങ്ങളാണ് മാനേജ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരുന്നത്. പണമുള്ളവർക്കാകട്ടെ വളരെ മികച്ച സർവീസും. ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാനാവാത്തതിനാൽ മറ്റു പലരെയും പോലെ ഞാനും വി ആർ എസ് എടുത്തു. പക്ഷെ എന്റെ മക്കൾക്കും മരുമക്കൾക്കുമൊക്കെ പുതിയ സെറ്റപ്പാണ് പഥ്യം. അവരാരും നമ്മുടെ ബാങ്കിൽ പോവാറില്ലല്ലോ.'
'എന്റെ അക്കൗണ്ട് എച് ഡി എഫ് സീലാ'. ഞാൻ പറഞ്ഞു. 'എന്തു നല്ല സർവീസാണെന്നോ'.
'എന്റെ അക്കൗണ്ട് ആക്സിസിലാ' ജ്യോതിഷ് പറഞ്ഞു. ' അച്ഛൻ അതിനെന്നെ എത്ര വഴക്കു പറഞ്ഞിട്ടുണ്ടെന്നോ. ഞാനീ നിലയിലാവാൻ കാര്യം നമ്മുടെ ബാങ്കാ എന്നൊക്കെ ഇടയ്ക്കിടെ പറയും. വോട്ട് കാൻ ഡു? സാലറി അക്കൗണ്ടാ'.
'പക്ഷെ അങ്കിൾ, എംബ്ലം മാറ്റിയപ്പൊ ബാംഗ്ലൂരൊക്കെ ബാങ്കിന് ഒരു ലുക്കൊക്കെ ആയിട്ടൊണ്ട്. പഴയ എംബ്ലത്തിന് ഒരു അഗ്രിക്കൾച്ചർ ബാങ്കിന്റെ ലുക്കായിരുന്നു. ഇപ്പൊ റോയലാണ്'.
'ഫാക്റ്റാണ്. പക്ഷെ പഴയ രീതികളെല്ലാം മാറി എന്നതാ പ്രശ്നം'.
''.
എസ് എൽ പുരത്തെ അടച്ചുപോയ ബ്രാഞ്ച് ഒരുദിവസത്തേയ്ക്ക് ജ്യോതിഷ് റെഡിയാക്കിയിട്ടുണ്ട്. അവിടെയൊക്കെ ഒന്നു തൂത്തു വൃത്തിയാക്കി പഴയ ബ്രാഞ്ചിന്റെ ഒരു സെറ്റപ്പൊക്കെയാക്കി വരുന്ന ഞായറാഴ്ച മേനോൻ അങ്കിളിനെ ഒന്നു കൂട്ടിക്കൊണ്ടു പോണം. മാനേജരുടെ കസേരയിലിരുത്തുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും ഒരു മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.
'ഒന്നു കരഞ്ഞുകിട്ടിയാലും മതി', ജ്യോതിഷ് പറഞ്ഞു.' ബാക്കി നമുക്ക് ശരിയാക്കാം'.
ലെറ്റസ് ഹോപ് ഫോർ ദി ബെസ്റ്റ്.
ഉറങ്ങാൻ കിടന്ന മുറിയിൽ ഞാൻ അല്പസമയം ആലോചനയിലായിരുന്നു. ബാങ്കിന്റെ എംബ്ലം മാറിയതിന് ഒരു മനുഷ്യൻ ഭ്രാന്തു കാണിക്കുമോ ? മറ്റെന്തെങ്കിലും കാരണം ? ചെറുപ്രായത്തിൽ ഭാര്യ മരിച്ചതിന്റെ കാരണമായുണ്ടായ സെക്ഷ്വൽ ഡിസ്അഡ്വാന്റേജും ഇതും തമ്മിൽ ? ഹേയ്, അതൊന്നുമാവില്ല.
കൂടുതൽ തല പുകയ്ക്കാൻ ഞാൻ നിന്നില്ല. അല്പസമയം ഫേസ് ബുക്കിൽ കയറി. ഒരു സിഗരറ്റു കൂടി വലിച്ച് അമ്മ കൂടെയില്ലാത്തത് ആഘോഷിച്ചു. എന്നിട്ടും ഉറക്കം വരാത്തതുകൊണ്ട് ഒന്നു രണ്ടു മണിക്കൂർ പോൺ സൈറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. പിന്നെ ഉറങ്ങി.

വെള്ളിയും ശനിയും ഞങ്ങൾ ബ്രാഞ്ച് പഴയ രീതിയിൽ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. പ്രണവിന്റെ (മറുകുള്ള തടിയൻ) സിസ്റ്റർ കാഷ്യറായി വേഷം കെട്ടാമെന്നേറ്റു. ഞാൻ അസിസ്റ്റന്റ് മാനേജർ. വർഗീസങ്കിൾ ലോൺ സെക്ഷനിൽ. പ്യൂണായി ഒരു ബാബു. ആൾക്കാരെല്ലാം റെഡിയായിരുന്നു. ആകെ പൊടിപിടിച്ചു കിടന്ന പഴയ ബ്രാഞ്ച് ഒന്നു തൂത്തെടുക്കുക എന്നതായിരുന്നു വലിയ പണി. പൊടിയലർജിയുള്ളതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഒരു പൈന്റ് വോഡ്ക സുഖമായി തീർത്തു. ഒരുവേള മുകളിലെ മുറിയിൽ പോയി മേനോൻ അങ്കിളിനെ ഒന്നു കണ്ടാലോ എന്നു കരുതിയതാണ്. പിന്നെ വേണ്ടന്നു വച്ചു.
ബ്രാഞ്ച് ബോർഡായി ഒരു ഫ്ലക്സ് അടിച്ചു. നാട്ടുകാർക്ക് സംശയമുണ്ടാവാതിരിക്കാൻ ഒരു ടെലിഫിലിമിന്റെ ഷൂട്ടിംഗാണെന്നാണു പറഞ്ഞിരുന്നത്. പിന്നെ ബ്രാഞ്ചിലെ സ്റ്റേഷനറി സാധനങ്ങൾ. സ്ലിപ്പുകൾ, ചെക്കുബുക്കുകൾ, പാസ് ബുക്ക്, ടെലിഫോൺ- അങ്ങനെ ഒരു ബ്രാഞ്ചിന്റെ ലുക്കിനു വേണ്ടി ശ്രമിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ ഇവിടെങ്ങും നിൽക്കില്ലെന്നു മനസിലായി.
'ഇതൊക്കെ ധാരാളമാടോ', കാഷ് ടോക്കൺ എങ്ങനെ സംഘടിപ്പിക്കും എന്ന് പ്രണവ് സംശയിച്ചപ്പോൾ വർഗീസങ്കിൾ പറഞ്ഞു. ബ്രാഞ്ചിൽ വ്യക്തമായി കാണാവുന്ന വിധത്തിൽ പഴയ എംബ്ലം പ്രിന്റെടുത്ത് അങ്ങുമിങ്ങും ഒട്ടിച്ചിരുന്നു. മാനേജരുടെ ടേബിളിലെ ഗ്ലാസിനടിയിൽ വലിയൊരു പ്രിന്റ്. കമ്പ്യൂട്ടറിൽ സ്ക്രീൻ സേവറായും ഡെസ്ക് ടോപ്പ് ഇമേജായും എംബ്ലം തന്നെ. സുബോധമുള്ള ഒരാൾക്ക് സമനിലതെറ്റാവുന്ന തരത്തിലാണ് കാര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഇടയ്ക്കൊക്കെ എനിക്ക് തോന്നിയിരുന്നു.
കാര്യങ്ങളെല്ലാം ചിത്രീകരിക്കുന്നതിനും തനിക്കു പിന്നീടു കാണുന്നതിനുമായി എൻട്രൻസും മാനേജർ കാബിനും വ്യക്തമായി രേഖപ്പെടുത്തുന്ന രണ്ടു കാമറകളും ജ്യോതിഷ് ഒരുക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് ഹോം നഴ്സ് വന്ന് മേനോൻ അങ്കിളിനെ ഷേവൊക്കെ ചെയ്ത് കുളിപ്പിച്ച് മരുന്നൊക്കെ കൊടുത്ത് ഉറക്കി.
ഞായറാഴ്ച. ജ്യോതിഷ് രാവിലെ അമ്പലത്തിൽ പോയി വന്നു. ചിറ്റ അങ്കിളിന് ഷർട്ടും പാന്റും തേച്ചു വച്ചിരുന്നു. ജ്യോതിഷ് അതെടുത്തു ധരിപ്പിച്ച് അങ്കിളിനെ കൈപിടിച്ച് താഴത്തേയ്ക്കു കൊണ്ടുവന്നു. എനിക്കതിശയം തോന്നി. അല്പം നരച്ചു എന്നല്ലാതെ അങ്കിളിന് ഒരു മാറ്റവുമില്ല. എന്നെ കണ്ടു, നോക്കി. പക്ഷെ തിരിച്ചറിഞ്ഞ ഭാവം കാട്ടിയില്ല. ഞാനും അങ്ങനെ തന്നെ.
ഞാൻ ഒരു അസിസ്റ്റന്റ് മാനേജർ എന്നതുപോലെ പറഞ്ഞു:' വഴി പോവുന്നതുകൊണ്ട് കയറിയതാ. ഇന്ന് ഏജീഎമ്മിന്റെ വിസിറ്റുണ്ടല്ലോ, അല്ലേ?
ഒരു ഭാവവും മുഖത്തു വന്നില്ല. വേണ്ട, മോനേ, ഒന്നു ബ്രാഞ്ച് എത്തിയ്ക്കോട്ടെ. എംബ്ലങ്ങളൊക്കെ ഒന്നു കാണ്. എന്നിട്ടും മൂങ്ങയായി ഇരിക്കാൻ പറ്റുമോ എന്നു നോക്ക്. ഞാൻ മനസിൽ പറഞ്ഞു.
മേനോൻ അങ്കിൾ മുൻ സീറ്റിൽ തന്നെ ഇരുന്നു. ഞാനാണ് ഓടിച്ചത്. ജ്യോതിഷ് ബൈ പറഞ്ഞ് വീട്ടിൽ തന്നെ തൽക്കാലം നിന്നു.
പതിനഞ്ചു മിനിട്ടുകൊണ്ട് ഞങ്ങൾ ബ്രാഞ്ചിനു മുന്നിലെത്തി. മുന്നിലെ വാതിൽ ചെറുതായി തുറന്നിരുന്നു. എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ശൂന്യമായ റോഡ്. അടഞ്ഞുകിടക്കുന്ന കടകൾ. കൂടെയിരിക്കുന്നത് ഒരു പ്രേതമാണെന്നാണ് എനിക്കു തോന്നിയത്. എന്റെ കഴുത്തെങ്ങാനും ഞെരിച്ചാലോ ?
ഞാൻ ധൈര്യം സംഭരിച്ച് അങ്കിളിന്റെ മുഖത്തു നോക്കി. അതേ നിർവികാരത. കൈപിടിച്ച് പുറത്തിറക്കി. പതിയെ അകത്തേയ്ക്കു കൊണ്ടു പോയി. കാബിനിലിരുത്തി. നേരത്തെ പറഞ്ഞപ്രകാരം വർഗീസ് അങ്കിൾ മാനേജരുടെ ഫോണിലേയ്ക്ക് കസ്റ്റമർ അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ നിന്ന് എന്ന മട്ടിലൊക്കെ ഫോൺ ചെയ്യാൻ തയ്യാറായി കാഷ് കാബിനു സമീപം ഇരുന്നിരുന്നു. ഞാൻ ആംഗ്യം കാണിച്ചപ്പോൾ വർഗീസ് അങ്കിൾ ഫോണെടുത്തു. മാനേറുടെ ഫോൺ ശബ്ദിച്ചെങ്കിലും മേനോൻ അങ്കിൾ അനങ്ങിയില്ല. ഞാനാണ് ഓടിച്ചെന്ന് ഫോണെടുത്തത്.
'ഹലോ, അതെ, സാറുണ്ട്' ഞാൻ അങ്കിളിന് ഫോൺ നീട്ടി.' സോണൽ ഓഫീസീന്നാണ്. സാറിനെയാ ചോദിക്കുന്നത്.'
ഒരനക്കവുമില്ല. കണ്ണുകൾ ശൂന്യതയിൽ.
'സർ,' ഞാൻ വീണ്ടും വിളിച്ചു.
ഇതു രക്ഷപെടുന്ന കേസല്ല എന്ന് എന്റെ മനസിൽ ആരോ പറഞ്ഞതുപോലെ. ഞാൻ ഫോൺ വച്ച് പുറത്തേക്കു നടന്നു. എനിക്കാകെ സങ്കടം തോന്നി. മേനോൻ അങ്കിൾ പ്രതികരിക്കാത്തതുകൊണ്ടല്ല, പ്രയത്നമൊക്കെ വേയ്സ്റ്റായല്ലോ എന്നോർക്കുമ്പൊ സഹിക്കാനാവുന്നില്ല. ജ്യോതിഷിനെ ഓർക്കുമ്പോഴാ അതിലും കഷ്ടം തോന്നുന്നത്.
പെട്ടന്ന് ജ്യോതിഷിന്റെ ഫോൺ വന്നു: 'എങ്ങനെയുണ്ട് മച്ചാ, എനി റെസ്പോൺസ് ?
'നതിംഗ്'.
പത്തു മിനിട്ടിൽ എങ്ങനെയാണ് ജ്യോതിഷ് എത്തിയതെന്നാണ് എനിക്കദ്ഭുതമായത്. സങ്കടവും ദേഷ്യവും ചേർന്ന് ആകെ ചുവന്നു വിറച്ചാണ് ജ്യോതിഷ് എത്തിയത്. ഞങ്ങളോട് ഒന്നും ചോദിക്കാതെ നേരെ കാബിനിലേക്കു കയറി. ഞങ്ങളും പിറകെ ചെന്നു.
'അച്ഛാ,' ജ്യോതിഷ് അലറി. ' ബാങ്ക് എംബ്ലം മാറിയതിന് ഞങ്ങളെന്തു പിഴച്ചു? അച്ഛന്റെ ഇഷ്ടത്തിനാണോ ബാങ്കിന്റെ മാനേജ്മെന്റ് നടക്കണ്ടത്?'
ഒരനക്കവുമില്ല.
ജ്യോതിഷിന്റെ ശബ്ദം താഴ്ന്നു. വിതുമ്പിപ്പോയി: 'അച്ഛാ, കാലം മാറുമ്പൊ എല്ലാം മാറും. എന്നെ നോക്ക്, ഞാൻ മാറീല്ലേ, പഴയ കൊച്ചു കുട്ടിയാണോ ഞാൻ ? എന്നെ ഒരു എംബ്ലമായി കരുതിയാൽ ഞാൻ മാറി എന്നു പറഞ്ഞ് അച്ഛൻ എന്നെയും വേണ്ടെന്നു വെക്കുമോ?
ബോധമുള്ള ഏതു മനുഷ്യനും മറുപടി പറയുമായിരുന്നു എന്നെനിക്കു തോന്നി. മേനോൻ അങ്കിൾ ഇപ്പോഴും പഴയപടി. ഞാൻ ജ്യോതിഷിന്റെ തോളത്തു കയ്യിട്ട് പുറത്തേയ്ക്കു നടന്നു. വരാന്തയിൽ ചെന്ന് ഞാനൊരു സിഗരറ്റെടുത്തു. ഒന്ന് ജ്യോതിഷിനും നീട്ടി.
'ഹാർഡ് വെയർ ഒബ്സൊലേറ്റാണെങ്കിൽ ലേറ്റസ്റ്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല മച്ചീ,' സിഗരറ്റു ചുണ്ടത്തു വെക്കും മുൻപ് ഞാൻ പറഞ്ഞു.
പിന്നെ, കാറ്റത്ത് രണ്ടു കൊള്ളി കെട്ടുപോയെങ്കിലും മൂന്നാമത്തെ കൊള്ളിയിൽ എനിക്ക് സിഗരറ്റ് കത്തിക്കാൻ സാധിച്ചു.

**** **** ****