Sunday, October 10, 2010

ഇംഗ്ലീഷ് മീഡിയം പരാതിറോസ്മിയെ പരിഹസിക്കുകയോ പൊതുജനമദ്ധ്യത്തില്‍ വിലകുറച്ചുകാട്ടുകയോ അല്ല എന്റെ ഉദ്യമമെന്ന് ആദ്യമേ തന്നെ പറയട്ടെ. പിന്നെയെന്തിന് ആനക്കാര്യം പറയാന്‍ പോവുന്നിടത്ത് ചേനക്കാര്യം എന്ന മട്ടില്‍ ജിതിന്‍ ജോസഫിനെക്കുറിച്ച് പറയാന്‍ പോവുന്നിടത്ത് റോസ്മിയുടെ കാര്യം പറഞ്ഞു തുടങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം- രണ്ടുപേരും ഇംഗ്ലീഷുകാരാണ്. മനസ്സിലായില്ല, അല്ലേ. അതായത് ഇംഗ്ലീഷ് മീഡിയം. അല്ലാതെ ചില കുബുദ്ധികള്‍ പറയുന്നതുപോലെ എന്റെ തടിച്ച ശരീരത്തില്‍ ജീന്‍സു കയറാത്തതിന്റെ കുശുമ്പു കൊണ്ടല്ല.

അതുപോട്ടെ, പറയാ‍ന്‍ തുടങ്ങിയ കാര്യമങ്ങു പറയാം. റോസ്മി ഞങ്ങളുടെ ബാങ്കില്‍ രണ്ടു മാസം മുന്‍പു പുതുതായി ജോലിയില്‍ ചേര്‍ന്ന ഒരു പ്രൊബേഷണറി ഓഫീസറാണ്. ജീന്‍സ്, ടോപ് (ടോപ്പിനകം ശൂന്യം കേട്ടോ), ലിപ്സ്റ്റിക്, ഫേസ് ബുക്ക്, ഫേസ് വാഷ്, ഐഫോണ്‍, ഹൈ ഹീല്‍ഡ് ചെരുപ്പ്. അഞ്ചുവര്‍ഷം സര്‍വീസുള്ള, ചുരിദാറിടുന്ന ക്ലര്‍ക്കായ ഞാന്‍ അല്പമൊന്ന് ഒതുങ്ങിപ്പോയി എന്നതു നേര്. പക്ഷേ അസൂയയൊന്നും എനിക്കു തോന്നിയില്ല, കേട്ടോ. എന്നെപ്പോലെ നല്ല മലയാളത്തില്‍ സംസാരിക്കാനോ, സാരിയുടുക്കാനോ, ഭക്ഷണം പാക ചെയ്യാനോ, എന്തിന്, കസ്റ്റമറോട് ഒന്നു പുഞ്ചിരിച്ചു സംസാരിക്കാനോ അറിയാത്ത റോസ്മിയോട് എന്തുകാര്യത്തിലാണ് അസൂയ തോന്നേണ്ടത്?

എനിക്കൊരു അസുഖമുള്ള കാര്യം ഞാന്‍ പണ്ടെന്നോ പറഞ്ഞത് ഓര്‍മ്മ കാണുമോ? ഒരു പെണ്ണിന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസുഖമാണ്. കാന്‍സറും എയിഡ് സുമൊന്നുമല്ല, കേട്ടോ.

ചിരി.

അടക്കാനാവാത്ത ചിരി. അടക്കാനാവാത്ത വികാരം എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലൊന്ന്. ചില ആളുകളുടെ മുഖം, വസ്ത്രധാരണം, ഉന്തി നില്‍ക്കുന്ന പല്ല്, വാ പൊളിച്ചുള്ള നോട്ടം, മണ്ടന്‍ ചോദ്യങ്ങള്‍ തുടങ്ങിയവ കണ്ടുണ്ടാവുന്ന ചിരിയൊക്കെ എന്തുകഷ്ടപ്പെട്ടാണെന്നോ ഞാന്‍ അടക്കിനിറുത്തുന്നത്? അവസാനം ഒരു ദിവസത്തെ ചിരിയെല്ലാം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഞാന്‍ ചിരിച്ചു തീര്‍ക്കുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം, അടക്കിവയ്ക്കാന്‍ പറ്റാതെ കൌണ്ടറിലിരുന്ന് ചിരിച്ചുപോയ കാര്യമാണ് ഞാന്‍ മുന്നോടിയായി പറയാന്‍ പോവുന്നത്. കാരണക്കാരി റോസ്മിയും ഇതൊരു ആമുഖം മാത്രമാണു കേട്ടോ. എന്നിട്ടു പറയാം ഇന്നത്തെ കാര്യം.

മൂന്നാലു തിങ്കളാഴ്ച മുന്‍പാണ്. പെട്രോള്‍ പമ്പിലെ, കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന്‍ പണമടയ്ക്കാന്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന സമയം. തിങ്കളാഴ്ചയായതുകൊണ്ട് സ്വാശ്രയസംഘക്കാരായ സ്ത്രീകള്‍ കൌണ്ടറില്‍ ധാരാളമുണ്ടായിരുന്നു. പത്തെഴുപതുവയസുള്ള ഒരു സ്ത്രീ, അക്ഷരാഭ്യാസം തീരെയില്ലാത്തവരാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാം, പത്തിന്റെയും അന്‍പതിന്റെയും കുറെ നോട്ടുകളും ഒരു കിഴി ചില്ലറയും കൌണ്ടറിലടച്ചിട്ട് റോസ്മിയുടെ കയ്യില്‍ പാസ്ബുക്കു നല്‍കി. ബാലന്‍സ് എഴുതിക്കിട്ടിയ പാസ്ബുക്ക് രണ്ടുവട്ടം തിരിച്ചും മറിച്ചും നോക്കി ആ സ്ത്രീ, തിരക്കിട്ട് മോണിട്ടറില്‍ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്ന റോസ്മിയോട് അക്കൌണ്ടിലെ ബാലന്‍സ് എത്രയെന്നു ചോദിച്ചു. റോസ്മി തലയുയര്‍ത്താതെ തന്നെ പാസ്ബുക്കു വാങ്ങി തുറന്നു നോക്കി തിടുക്കത്തില്‍ പറഞ്ഞു: റ്റു തൌസന്റ് നയന്‍ ഹന്‍ഡ്രഡ് സെവെന്റി ഫൈവ് ആന്‍ഡ് സിക്സ്റ്റി ത്രീ പൈസേ.‘

‘എന്നുവെച്ചാ..?’ നിഷ്കളങ്കമായ ചോദ്യമായിരുന്നു ആ സ്ത്രീയുടേത്.

തലയുയര്‍ത്തിയ റോസ്മിയുടെ ചമ്മിയുള്ള ഭാവം, ചോദ്യം ചോദിച്ച സ്ത്രീയുടെ പൊളിഞ്ഞു പോയ വായ, എന്തോ അദ്ഭുതം കാണുന്നപോലെ മൂക്കില്‍ വിരലുമിട്ട് കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന്റെ റോസ്മിയുടെ പരന്ന നെഞ്ചത്തോട്ടുള്ള നോട്ടം എന്നിവയെല്ലാം ചേര്‍ന്ന് എന്റെയുള്ളില്‍ അടക്കാനാവാത്ത ചിരി പൊട്ടിച്ചു. താഴെ വീണ പേനയുടെ ക്യാപ് നോക്കാനെന്നപോലെ കൌണ്ടറിനു താഴേയ്ക്ക് കുനിഞ്ഞ് ഉരുണ്ടുകൂടിയ ചിരിമുഴുവനും ചിരിച്ചു തീര്‍ത്താണ് ഞാന്‍ പൊങ്ങിയത്.

റോസ്മിയുടെ ഒരിംഗ്ലീഷേ!! ആരോട് എന്തു പറയണം എന്ന് ഒരു ധാരണയുമില്ല. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ കുമ്പളങ്ങിയിലാണ്. എന്നിട്ടും മലയാളം പറയില്ലെന്നു വച്ചാല്‍? നിങ്ങളിങ്ങനെയാണോ?

പിന്നത്തെ സംഭവം ഇന്നാണു കേട്ടോ. ചിരിപൊട്ടി ഞാന്‍ മൂത്രമൊഴിച്ചുപോയി എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? അത്രയ്ക്കു കോമഡിയാണ്. അതിനു നിമിത്തമായത് സുസ്മിതാമാഡമാണ്. മാഡം പരാതികളുടെ കാര്യത്തില്‍ ഒരു പരിഷ്കാരം കൊണ്ടുവന്നിരുന്നു. ഇടപാടുകാരുടെ പരാതികള്‍ എഴുതിത്തന്നെ വാങ്ങണം. പണ്ടൊക്കെ ആരെങ്കിലും എന്തെങ്കിലും പരാതികളുമായി വന്നാല്‍ രേഖപ്പെടുത്തിവാങ്ങുന്ന പതിവേയില്ലായിരുന്നു. ചില മൂശേട്ട കസ്റ്റമര്‍മാര്‍ പരാതികള്‍ എഴുതിത്തരുമെന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായിരുന്നു. രേഖാമൂലമായാല്‍ എന്തോ ആപത്തെന്നായിരുന്നു ഞങ്ങള്‍ സ്റ്റാഫെല്ലാം കരുതിയിരുന്നത്. അപ്പോഴാണ് സുസ്മിതാമാഡത്തിന്റെ പരിഷ്കാരം. ആദ്യമെല്ലാം ഇടപാടുകാര്‍ക്കും സ്റ്റാഫിനും ചില ബുദ്ധിമുട്ടുകളൊക്കെ തോന്നും. സുസ്മിതാമാഡം പറഞ്ഞു. പക്ഷേ പിന്നെ അതിന്റെ ഗുണം ബോധ്യമാവും. പരാതി രേഖാമൂലം തരുന്നു എന്നതിനാല്‍ മറുപടി നല്‍കാന്‍ ബാങ്ക് ബാദ്ധ്യസ്ഥമാണ്. അപ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിക്കും. പരാതികളെല്ലാം ഒരു ഫയലില്‍ സൂക്ഷിക്കുന്നതിനാല്‍ നടപടിയെടുത്തവ ഏവ, എടുക്കാത്തവ ഏവ തുടങ്ങിയ കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസിലാവും. ഫോളോ അപ് എളുപ്പമാവും. വാക്കാല്‍ പറഞ്ഞുപോവുന്ന പരാതികളുടെ കാര്യത്തില്‍ ബന്ധപ്പെട്ട സ്റ്റാഫ് ലീവാണെങ്കില്‍ മറ്റുള്ളവര്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ വരുമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഫയലൊന്നു മറിച്ചുനോക്കിയാല്‍ മതി, ആര്‍ക്കും മറുപടി കൊടുക്കാന്‍ സാധിക്കും.

ഇങ്ങനെയൊക്കെയായിരുന്നു സുസ്മിതാമാഡം കൊണ്ടുവന്ന പരിഷ്കാരത്തിന്റെ സൌകര്യങ്ങള്‍. എനിക്കു പക്ഷേ പുതിയ രീതി മറ്റൊരു തരത്തിലാണ് ഇഷ്ടപ്പെട്ടത്. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നഷ്ടപ്പെട്ട് വെറുതെയിരിക്കേണ്ടി വരുമ്പോളോ ഹര്‍ത്താലിനോ ഒക്കെ ഞാന്‍ പരാതി ഫയലെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുള്ള പരാതികള്‍ വായിച്ചു രസിക്കും. പരാതികളിലെന്താ ഇത്ര രസിക്കാനുള്ളത് എന്നാണോ സംശയം? പരാതികളിലല്ല, അതെഴുതിയ രീതികളിലാണ് ചിരിക്കുള്ള വക കിടക്കുന്നത്. അക്ഷരപ്പിശകും വാക്യപ്പിശകും വ്യാകരണപ്പിശകും കൂടിയൊരു മെഗാ കോമഡി.

ഈ കോമഡിക്കൊരു തിലകക്കുറി ചാര്‍ത്താനായിട്ടാണ് ഇന്ന് ജിതിന്‍ ജോസഫ് അവതരിച്ചത്.

പതിനൊന്നരയുടെ ചായ കുടിച്ച് ചുണ്ടു തുടച്ച്, വായ കഴുകണോ വേണ്ടയോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ജിതിന്‍ ജോസഫ്, മീശയില്ലാതെ താടി മാത്രം വച്ച കൂട്ടുകാരനുമായി വന്നത്. കോലുപോലത്തെ രൂപവും ഫോര്‍ട്ടുകൊച്ചിക്കാരുടെ ഭാഷയും ചേര്‍ന്ന് ചിരിക്കാനുള്ള വകയുമായിട്ടായിരുന്നു ചെക്കന്റെ വരവ്. ഒരു ചേച്ചി ലുക്ക് ഉള്ളതുകൊണ്ടായിരിക്കാം, എന്റെയടുത്തേയ്ക്കായിരുന്നു ജിതിന്‍ വന്നത്. അവന് ഫോര്‍ട്ടുകൊച്ചി ബ്രാഞ്ചിലാണ് അക്കൌണ്ട്. ഇവിടത്തെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ശബ്ദമെന്തോ ഒക്കെ കേട്ടു. പക്ഷേ, പണം കിട്ടിയില്ല. എന്നാലോ, പ്രിന്റ് ചെയ്തു വന്ന സ്ലിപ് പ്രകാരം അക്കൌണ്ടില്‍ നിന്നു പൈസ കുറഞ്ഞിട്ടുമുണ്ട്. ഇനിയെന്തു ചെയ്യും?

ഇതാണു പരാതി. ഞാനിതു ഭംഗിയായി ചുരുക്കിപ്പറഞ്ഞില്ലേ? പക്ഷേ നമ്മുടെ പയ്യനിതു പറയാന്‍ കുറഞ്ഞത് അഞ്ചു മിനിട്ടെടുത്തു. എന്തിനാണ് കൊച്ചിയില്‍ നിന്നു വന്നതെന്നും വൈറ്റിലയിലെ എടിഎമ്മില്‍ തിരക്കായിരുന്നെന്നും മഴ മൂലം കടത്തിണ്ണയില്‍ കയറിനിന്നുവെന്നും എന്നു വേണ്ട ഒരു ചരിത്രാഖ്യായിക തന്നെ എന്റെ മുന്നില്‍ തുറന്നുവച്ചു.

സുസ്മിതാമാഡം പിറകിലിരുന്ന് എന്നെ കോപത്തോടെ നോക്കുന്നുണ്ടായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ആ ആഖ്യായിക ആസ്വദിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അവസാനം ഒരു വെള്ളക്കടലാസെടുത്ത് ഒരു പരാതിയെഴുതി റോസ്മിയ്ക്കു കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.

പരസ്പരം അഞ്ചു പത്തു മിനിട്ട് കുശുകുശുത്തശേഷം ജിതിനും കൂട്ടുകാരനും വലിയൊരു സാഹസം നിര്‍വഹിച്ച മട്ടില്‍ റോസ്മിയ്ക്കു മുന്നില്‍ കടലാസു നീട്ടി. റോസ്മി സ്വതസിദ്ധമായ പുച്ഛത്തോടെയും നിസംഗതയോടെയും പരാതി വാങ്ങി വായിച്ച് എന്തോ പിറുപിറുത്ത് സുസ്മിതാ മാഡത്തിനടുത്തേയ്ക്കു ചെന്നു. റോസ്മിയ്ക്കെന്താ മലയാളം വാ‍യിയ്ക്കാനറിയില്ലെ? എനിക്കരിശം വന്നു.

‘റിതൂ’, സുസ്മിതാമാഡം എന്നെ വിളിച്ചതു പെട്ടന്നാണ്.

‘എന്താണിത്?’ പരാതി എന്റെ നേരെ നീട്ടി മാഡം കയര്‍ത്തു.’വര്‍ത്തമാനം പറയിപ്പിച്ചു രസിക്കാന്‍ ഇതെന്താ മാര്‍ക്കറ്റാണോ? ടെല്‍ ദം ടു റൈറ്റ് ദ കംപ്ലയ്ന്റ് ക്ലിയര്‍ലി.‘

മാഡം കോപിച്ചതില്‍ സങ്കടം വന്നെങ്കിലും പരാതി കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു പൊട്ടിച്ചിരി ആര്‍ത്തു വന്നു. കടലാസിന്റെ നടുക്കായി വടിവൊത്ത അക്ഷരത്തില്‍ ദാ, ഇങ്ങനെയായിരുന്നു ആ പരാതി:
‘Did not got money.
Give it back.'

ആര് ആരോട് എന്തിന് എപ്പോള്‍ എങ്ങനെ തുടങ്ങി ഒരു പരാതിയില്‍ വേണ്ട ഒന്നുമില്ല. ഇത്ര കഴുതപ്പിള്ളേരോ! ഇതെഴുതാനാണോ പതിനഞ്ചുമിനിറ്റ് കുശുകുശുത്തത്? ആ പരാതി എന്റെ ഹാന്‍ഡ് ബാഗില്‍ പിന്നീടു വായിച്ചു രസിക്കാനായി നിക്ഷേപിച്ച്, ദൂരെമാറിയിരിക്കുകയായിരുന്ന ജിതിനെയും കൂട്ടുകാരനെയും ഞാന്‍ വിളിച്ചു.

‘എടോ,’ മറ്റൊരു കടലാസു കൊടുക്കുമ്പോള്‍ ഞാന്‍ വിശദീകരിച്ചു:‘ ഒരു കംപ്ലയ്ന്റ് എഴുതുമ്പോ ആര് എഴുതുന്നൂന്ന് വേണം. എന്നെഴുതുന്നു, ഏതു സ്ഥലം തുടങ്ങിയതൊക്കെ വേണം.‘

‘അദക്കെ ഞങ്ങ പറഞ്ഞതാണല്ലാ’.

‘അതെന്നോടല്ലേ? ബാങ്കാവുമ്പോ എല്ലാറ്റിനും പ്രൂഫ് വേണം. നിങ്ങളെന്നോട് പറഞ്ഞകാര്യങ്ങള്‍ എഴുതിത്താന്നാല്‍ മതി’.

‘ഫുള്ളും റൈറ്റ് ചെയ്യണാ!? എന്റെ പള്ളി-!’ ജിതിന്‍ വാ പൊളിച്ചു പോയി.

‘ഫുള്ളും വേണ്ട. മഴ പെയ്തതും വൈറ്റിലയില്‍ പോയതുമൊന്നും വേണ്ട. എടിഎമ്മിലെ കാര്യം മാത്രം മതി’.

‘മേടം തന്നെ റൈറ്റ് ചെയ്യാവാ? ഒര് ഹെല്‍പാവൂല്ലാ?’

‘അയ്യോ എനിക്ക് ധാരാളം പണിയുണ്ട്. പിന്നെ നിങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നവരല്ലേ, കംപ്ലയ്ന്റ് എഴുതാനറിയില്ലെന്നു പറയുന്നതു നാണക്കേടല്ലേ?’ ഞാനവരുടെ ആത്മാഭിമാനത്തെ ഒന്നു തോണ്ടാന്‍ നോക്കി. തോണ്ടലൊന്നു കൂടിയോ എന്നു സംശയം. കൂട്ടുകാരന്‍ ജിതിനോടു ശബ്ദം താഴ്ത്തിപ്പറയുന്നതു ഞാന്‍ കേട്ടു.

‘ത്രീ ഹണ്‍ഡ്രഡ് റുപ്പീസല്ലേ ഉള്ളൂ, പോട്ടഡാപാ’.

മുന്നൂറു രൂപ പോട്ടെന്നോ! പണ്ടു ഞങ്ങളുടെ വീട്ടിലനുഭവിച്ച ദാരിദ്ര്യമാണ് പെട്ടന്നെനിക്കോര്‍മ്മ വന്നത്. ഞാനൊരു ഉത്തരവാദിത്തമുള്ള ചേച്ചിയുടെ റോളിലേയ്ക്കു മാറി.

‘കുട്ടികളേ, അഞ്ചുപൈസയാണെങ്കില്‍ പോലും നമുക്കവകാശപ്പെട്ടതു ചോദിച്ചു വാങ്ങണം. മടി എന്നത് ആര്‍ക്കും, പ്രത്യേകിച്ച് സ്റ്റുഡന്റ്സിന് ഒട്ടും പാടില്ല.’

‘പക്ഷേ, ഡീറ്റെയ് ലായി റൈറ്റ് ചെയ്യാന്‍..’

ഇംഗ്ലീഷിലെഴുതാനുള്ള പ്രയാസവും പരിചയക്കുറവുമാണ് കുട്ടികളെ വിഷമിപ്പിക്കുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു: ‘ഇംഗ്ലീഷില്‍ തന്നെ എഴുതണമെന്നില്ല, കേട്ടോ. മലയാളത്തിലാണെങ്കിലും മതി’.

‘അയ്യോ, മല്യാളത്തിലാ, അതൊട്ടും പറ്റൂല്ലട്ടാ’, പെട്ടന്നായിരുന്നു മറുപടി, അതും ഒരുമിച്ച്.

‘അതെന്താ?’

ചിരിയടക്കാന്‍ വയ്യാതെ എനിക്ക് ബാത് റൂമില്‍ ഓടിപ്പോവേണ്ട ഗതികേടുണ്ടാക്കി അവരുടെ മറുപടി:

‘ഞങ്ങ രണ്ട്പേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പടിക്കണ’.


**** **** **** ****

Wednesday, June 16, 2010

അഭ്യര്‍ത്ഥന

അഭയാര്‍ത്ഥിയെപ്പോലെയാണ് ഞാനിന്ന്.
കൂരകെട്ടാനിടമില്ലെന്നല്ല,
ഭാരമേറിയ ഈ ഹൃദയം ഞാനെവിടെ
ഇറക്കിവെയ്ക്കും?
നഖം കടിച്ചും കൈകള്‍ കൂട്ടിത്തിരുമ്മിയും
ഇരിപ്പുറയ്ക്കാതെ മുറ്റത്തുലാത്തിയും
ഞാനാ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.
നിനക്കറിയില്ലല്ലോ, ഒരു പുഞ്ചിരിയ്ക്ക്,
നിന്റെ വെറും ഒരു നോട്ടത്തിന്
ഈ അഭയാര്‍ത്ഥിയായ എന്നെ
സകലതും നേടിയ ഒരുവനാക്കി
മാറ്റാന്‍ കഴിയുമെന്ന് !
നിനക്കു ക്രോധം.
കോപത്താല്‍ ചുവക്കുന്നു നിന്റെ മുഖമെങ്കിലും
പലവട്ടം കവരാന്‍ ഞാന്‍ കൊതിച്ച നിന്റെ
ഉള്ളംകയ്യിലെ കുഞ്ഞുമൊബൈലില്‍ നിന്ന്
ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞിളം നാദം
എന്നെ ശുഭാപ്തിയിലേയ്ക്കു നയിക്കുന്നു.
ഞാനപേക്ഷിക്കട്ടെ,
നിന്റെ ഹൃദയത്തിലൊരു സ്ഥാനം ഞാന്‍ കൊതിക്കുന്നില്ല.
അതാസാദ്ധ്യം!
പക്ഷേ, അരുതേ,
എന്റെ അഭ്യര്‍ത്ഥന നിരസിക്കരുതേ,
ഒരു മിസ് കോളിലൂടെ,
നിന്റെയീ ബഹുവര്‍ണ്ണമൊബൈലില്‍
തരില്ലേ നീ എനിക്കുമൊരിടം?
ഒരു പത്തക്ക നമ്പരായി...
94467 10906

*** ***