Sunday, November 29, 2009

ആകാശത്തെ കഥകള്‍



പതിവു തെറ്റിച്ച് കൃഷ്ണന്‍ എത്താന്‍ വൈകി. മൂകമായ അന്തരീക്ഷം. പ്ലാവില പെറുക്കുകയായിരുന്ന അബ്ദുവിനോട് എവിടെയെങ്കിലും ചെന്ന് കൃഷ്ണനെ അന്വേഷിക്കാന്‍ പറയണമെന്നു തോന്നി യേശുവിന്. അത്രമാത്രം അസഹ്യമായി തോന്നുന്നു ഈ മൂകത. കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങുമിങ്ങും നടക്കുന്നതു കണ്ട് ധ്യാനത്തിലായിരുന്ന ഗൌതമന്‍ പാതി പുഞ്ചിരിയോടെ ചോദിച്ചു:
‘കൃഷ്ണന്‍ വരാത്തതിനാല്‍ വല്ലാത്ത ബോറടി അല്ലേ?’
യേശു ചെറുതായി തലയിളക്കി തിരിഞ്ഞപ്പോള്‍ വളവും കടന്ന് ദാ വരുന്നു ഓടക്കുഴലിന്റെ നാദത്തിനു പിറകെ കൃഷ്ണന്‍. യേശുവിന്റെ ഹൃദയം തുള്ളിച്ചാടി. കുസൃതിയാണ് കൃഷ്ണന്‍. തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ദുരന്തങ്ങള്‍ നിറഞ്ഞ ലോകത്ത് എല്ലാം മറക്കാന്‍ കൃഷ്ണന്‍.
‘ഗുഡ് മോണിങ് എവരിബഡി,’ ഓടക്കുഴല്‍ ചുണ്ടത്തു നിന്നെടുത്ത് പടികള്‍ കയറുമ്പോള്‍ കൃഷ്ണന്‍ കൈ വീശി.
‘ആരെങ്കിലും കുളിക്കുന്നതു നോക്കി നിന്നു താമസിച്ചതാണോ?’ ചര്‍ക്ക കറക്കുന്നതു നിറുത്തി, ചിരിയടക്കി ഗാന്ധി ചോദിച്ചു.
‘എന്താ അപ്പൂപ്പാ,’ ഓടക്കുഴല്‍ കൊണ്ടു പുറം ചൊറിഞ്ഞ് കൃഷ്ണന്‍ കോപം അഭിനയിച്ചു.‘ നെഞ്ചത്ത് വെടി കിട്ടി മോഹം തീര്‍ന്നിട്ടില്ലേ?‘
‘വേറൊരു കാരണവും ഞാന്‍ കാണുന്നില്ല. അതുകൊണ്ടു ചോദിച്ചതാ.’
ഇങ്ങോരെ എങ്ങനെയാ അപ്പൂപ്പാ എന്നു വിളിക്കുന്നെ?‘ കൃഷ്ണന്‍ തിരിഞ്ഞു നിന്ന് എല്ലാവരോടുമായി പറഞ്ഞു:‘ മൂപ്പര്ടെ മുടി മാത്രമേ നരച്ചിട്ടൊള്ളൂ, മനസ്സിപ്പോഴും കറുത്തു തന്നാണല്ലോ-‘
ഗൌതമന്‍ ധാനത്തില്‍ നിന്നുണര്‍ന്ന് പൊട്ടിച്ചിരിച്ചു പോയി.
‘എവ്ടെ, ആളിനീം വരാനുണ്ടല്ലോ, ഏ അബ്ദു,’ കൃഷ്ണന്‍ വിളിച്ചു.’ നിന്റെ കാര്‍ന്നോരെന്തിയേ?’
‘നൊയ്മ്പ് തൊടങ്ങിയേക്ക്ണല്ലേ, പ്രാര്‍ഥിക്കണേണ്.’ പ്ലാവില പെറുക്കുന്നതു നിറുത്തി അബ്ദു പറഞ്ഞു.
‘പകല് പട്ടിണി രാത്രി കുശാല്‍, പകല് പട്ടിണി രാത്രി കുശാല്‍,‘ കൃഷ്ണന്‍ വയറ്റത്തു താളംകൊട്ടിപ്പറഞ്ഞപ്പോള്‍ കുനിഞ്ഞിരുന്ന് ചെരുപ്പിന്റെ വാറഴിക്കുകയായിരുന്ന ബലരാമന്‍ കുലുങ്ങിയുള്ള ചിരിയില്‍ ബാലന്‍സു തെറ്റി വീഴാന്‍ പോയി.
തന്റെ കളിയും ചിരിയും എവിടെപ്പോയൊളിച്ചു എന്നു ചിന്തിച്ചുപോയി യേശു. കുറച്ചു നാളായി ഇങ്ങനെയാണ്. ചിരിക്കുള്ള വിഷയങ്ങളുണ്ടെങ്കിലും ചിരിക്കാനാവുന്നില്ല.
ഇടതുകയ്യിലെ കൂമ്പാരത്തില്‍ നിന്ന് ഓരോന്നായി മോദകങ്ങള്‍ തിന്നുകൊണ്ട് അന്നേരം കുഞ്ഞുഗണപതി ആ വഴി വന്നു.
‘ആന വയറാ,’ കൃഷ്ണന്‍ വിളിച്ചു ചോദിച്ചു: ‘ഇങ്ങനെ തിന്നുതിന്നു നടന്നാല്‍ മതിയോ, ഒരു കല്ല്യാണമൊക്കെ കഴിക്കണ്ടേ?’
‘ദേ, ഞാനച്ഛനോടു പറഞ്ഞ് മൂന്നാം കണ്ണ് തുറപ്പിക്കുന്നുണ്ട്, കള്ളക്കൃഷ്ണാ’ ഗണപതി ദേഷ്യപ്പെട്ടു.
കൃഷ്ണന്‍ ഭയന്നതുപോലെ അഭിനയിച്ച് ഗണപതിയുടെ അടുത്തുചെന്ന് ചെവിയിലെന്തോ പറഞ്ഞു. പിന്നെ ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് തിരികെ വന്നു.
‘എന്താ ഈശോ’, തിരികെ വന്ന കൃഷ്ണന്‍ അതുവരെ മിണ്ടാതിരുന്ന തന്നോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിന് ചെറിയ ഉത്സാഹം തോന്നി. ‘എന്താ ഈശോ താടി ചൊറിയുന്നത്, പേന്‍ കടിക്കുന്നുണ്ടോ?’
എല്ലാവരും പൊട്ടിച്ചിരിച്ചു. തന്റെ ഉള്ളിലും പൊട്ടിച്ചിരി കൂമ്പുകുത്തി മറിയുന്നത് യേശു അറിഞ്ഞു. പക്ഷേ, തന്റെ ചിരികളൊന്നും പുറത്തേയ്ക്കു വരാത്തതെന്ത്? കൃഷ്ണന്‍ അടുത്തുചെന്ന് യേശുവിന്റെ തോളത്ത് കൈയിട്ടു. എന്നിട്ട് അബ്ദുവിനു നേരെ തിരിഞ്ഞു.
‘അബ്ദു, ഞങ്ങളിന്ന്, ഞാനും ഈശോയും നിങ്ങളുടെ മസ്ജിദില്‍ പോയാല്‍ നൊയ്മ്പ് മുറിക്കുമ്പോള്‍ ശാപ്പാട് തരുവോ?’
‘സംശയമാണ്’, അബ്ദു പറഞ്ഞു.’ ഞങ്ങള് ദൈവങ്ങള്‍ടെ ഫോട്ടോ വച്ച് തീന് കൊടുക്കാറില്ല.‘
‘ഫോട്ടൊയല്ലപ്പാ, ഞങ്ങള് ഒറിജിനല്‍ ആള്‍ക്കാര് തന്നെ പോണേണ്, അപ്പഴാ,’
‘നോമ്പ് മുറിക്കണ നേരത്ത് ഏത് പിച്ചക്കാരന്‍ ചെന്നാലും കിട്ടും.’
‘അപ്പൊ ഈശോടെ കാര്യം ഓക്കെ,’ കൃഷ്ണന്‍ കണ്‍കോണുകളിലൂടെ യേശുവിനെ നോക്കി പുഞ്ചിരിച്ചു. യേശു തമാശയ്ക്ക് കൈയുയര്‍ത്തി കൃഷ്ണനെ അടിക്കാനാഞ്ഞു-‘കൃഷ്ണാ പതിയെപ്പറ. വര്‍ഗ്ഗീയലഹളയുണ്ടാകും’.
‘ഈശോ വാ തുറന്നു. ദാ എല്ലാരും നോക്കിയേ, ഈശോ സംസാരിച്ചു. കേട്ടോ എല്ലാരും, ഈശോയ്ക്ക് നാക്കുണ്ട്‘. കൃഷ്ണന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. അവിടെ ഒന്നും സംസാരിക്കാത്തയാള്‍ യേശുവാണ്. ചെറിയ വാക്കുകള്‍ മതി യേശുവിനു സന്തോഷത്തിന്, അതുപോലെ സങ്കടത്തിനും. ലോകത്തു നടക്കുന്ന കാ‍ര്യങ്ങള്‍ പലതും ആരെങ്കിലുമൊക്കെ പറഞ്ഞറിയുമ്പോള്‍ യേശു തനിച്ചിരുന്നു കരയും.
‘ലെറ്റസ് മൂവ് ഈശോ’, കൃഷ്ണന്‍ പറഞ്ഞു. ‘ഇന്നു നോയ്മ്പ് നോക്കാം. വൈകീട്ട് ഇഫ്താറും കഴിഞ്ഞു മടങ്ങാം, ഓക്കേ?’
യേശു തലകുലുക്കി
‘ദെന്‍, ബൈ എവെരിബഡി, രാത്രി കാണാം’.
‘യേശുവിനെ എങ്ങും കൊണ്ടുപോയി തല്ലുകൊള്ളിക്കല്ലേ മോനേ,’ ആരോ വിളിച്ചുപറഞ്ഞു.
പൊട്ടിച്ചിരിച്ചു തമാശയസ്വദിച്ച് യേശുവിന്റെ തോളത്തു കയ്യിട്ട് കൃഷ്ണന്‍ കൈ വീശി യാത്ര പറഞ്ഞു.
പാതി വഴിയില്‍ യേശുവിനു പെട്ടന്നൊരു തോന്നലുണ്ടായി:
‘കണ്ണാ,’ യേശു വിളിച്ചു.
‘ആഹാ,’ കൃഷ്ണന്‍ തലകുലുക്കി ആ വിളി ആസ്വദിച്ചു.’ഈശോ ഇതുപോലെ ഇനീം വിളിക്ക്. ഇനീം സംസാരിക്ക്. എന്തിനാ ഈ ഭാരമെല്ലാം ചുമന്നു നടക്കുന്നത്? നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇവിടെ? എന്തിനാണ് ലോകത്തെക്കുറിച്ചോര്‍ത്തു മനസ്സു പുണ്ണാക്കുന്നത്? ഞങ്ങള്‍ പലരും ഭയന്നു, ഈശോയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടോ എന്ന്. എന്തിനും അതിന്റെ നിയമമുണ്ട്, നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ആവുമോ? രാഷ്ട്രീയക്കാരു പറയുമ്പോലെ ലോ വില്‍ റ്റേയ്ക് ഇറ്റ്സ് ഓണ്‍ കോഴ്സ്, ശരിയല്ലേ?’
യേശുവിനു മനസ്സു തണുത്തു. പൊട്ടിച്ചിരികള്‍ മടങ്ങിവരുന്നതുപോലെ. മനസ്സു പറന്നുയരുന്നതുപോലെ. ആഹ്ലാദത്തോടെ യേശു ചോദിച്ചു:
‘കണ്ണാ, മസ്ജിദിലേയ്ക്കു ഞാന്‍ വേണോ?ഞാന്‍.. ഒരു കൃഷ്ണക്ഷേത്രത്തില്‍ പോയി നോക്കട്ടെ?’
കൃഷ്ണന്‍ തലചെരിച്ച് യേശുവിനെ നോക്കി കുസൃതിച്ചിരി ചിരിച്ചു. ‘പഹയാ മനസ്സിലായി മനസ്സിലായി- പാല്‍പ്പായസവും പഞ്ചാമൃതവും അല്ലേ? പൊയ്ക്കോളൂ. എനിക്കു സമ്മതം. വൈകീട്ട് ദീപാരധന കഴിഞ്ഞ് നടയടയ്ക്കുന്നതും മടങ്ങിയേക്കണം. പിന്നെ-‘ തനിക്കു മാത്രം സാധ്യമായ ശൃംഗാരത്തില്‍ എങ്ങോട്ടെന്നില്ലാതെ നോക്കി കൃഷ്ണന്‍ മൊഴിഞ്ഞു:‘എന്റെ ആരാധികമാരുടെ നേര്‍ക്കെങ്ങാന്‍ കണ്ണിട്ടാല്‍-‘
‘ഒന്നു പോ കൃഷ്ണാ,’ യേശു നാണംകൊണ്ടു തുടുത്തു.
പൊട്ടിച്ചിരിച്ചുകൊണ്ട് കൃഷ്ണന്‍ മുന്നോട്ടു യാത്രയായി.
‘ഗുഡ് ബൈ ദെന്‍ ഈശോ’
ഗുഡ് ബൈ കൃഷ്ണാ’.

ചെന്നുകയറിയ ക്ഷേത്രം യേശുവിനു വളരെ ഇഷ്ടപ്പെട്ടു. ചെറിയ ക്ഷേത്രം. ചെറിയൊരു ഗ്രാമത്തിലെ ചെമ്മണ്‍ പാതയുടെ ഓരത്തെ ചെറിയൊരു കൃഷ്ണക്ഷേത്രം. പ്രഭാതപൂജ കഴിഞ്ഞ് നടയടച്ചിരുന്നു യേശു ചെല്ലുമ്പോള്‍. ചന്ദനത്തിരിയുടെ നേര്‍ത്ത പുകപടലത്തില്‍, പൂക്കള്‍ ചൂടി നില്‍ക്കുന്ന കൃഷ്ണവിഗ്രഹം. യേശു മന്ദഹസിച്ചു. പലപ്പോഴും ഒന്നൂതിനോക്കാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ ചോദിക്കാന്‍ മടിയായിരുന്നു. കൃഷ്ണവിഗ്രഹത്തിലെ ഓടക്കുഴലെടുത്ത് യേശു ചുണ്ടോടു ചേര്‍ത്തു. ഫു ഫു എന്നു രണ്ടുമൂന്നു വികൃത സ്വരങ്ങള്‍. യേശു ശബ്ദമുണ്ടാക്കാതെ പൊട്ടിച്ചിരിച്ചു.
യേശു വളരെ ശ്രദ്ധിച്ച് പീലിക്കിരീടം കൃഷ്ണന്റെ മുടുയില്‍ നിന്നെടുത്തു. ഉത്തരീയമെടുത്ത് തോളിലൂടെ ഞാത്തിയിട്ടു. മുത്തുമാലകള്‍. അരപ്പട്ട. വെണ്ണക്കിണ്ണത്തിലുണ്ടായിരുന്ന വെണ്ണയല്‍പ്പം തോണ്ടി നാവില്‍ വച്ചപ്പോള്‍ യേശുവിനു കോരിത്തരിപ്പു തോന്നി.
ആഹാ, എന്തു സ്വാദ് !
പിന്നെ കൃഷ്നവിഗ്രഹത്തിനു സമീപം കൃഷ്ണനെ പോലെ കാലുകള്‍ പിണച്ച് ഓടക്കുഴല്‍ ചുണ്ടത്തുവച്ച് പുഞ്ചിരിയോടെ നില്‍ക്കാന്‍ ശ്രമിച്ചു. രണ്ടുമൂന്നു വട്ടം ശ്രമിച്ചിട്ടും യേശുവിനു ബാലന്‍സ് കിട്ടിയില്ല. പിന്നെ ഒരു കൈമുട്ട് ചുമരില്‍ ചെറുതായി താങ്ങുപോലെ ചേര്‍ത്തു നിന്നപ്പോള്‍ യേശുവിന് ആത്മവിശ്വാസമായി. മൂലയ്ക്കു ചാരിവച്ചിരുന്ന വലിയ സ്റ്റീല്‍ തളികയില്‍ പ്രതിബിംബിച്ച സ്വന്തം രൂപം കണ്ടു ചിരിപൊട്ടിയപ്പോള്‍ യേശുവിനു വീണ്ടും ബാലന്‍സു നഷ്ടപ്പെട്ടു.
താടിയും മീശയുമുള്ള കൃഷ്ണന്‍!
പെട്ടന്നു പുറത്തു കേട്ട ശബ്ദം ഹല്ലേലുയ എന്നാണെന്നു തോന്നിയപ്പോള്‍ യേശുവിനു ദിഗ്ഭ്രമമുണ്ടായി. അമ്പലത്തില്‍ പറയുന്നതു മറ്റെന്തോ അല്ലേ? ഓടക്കുഴല്‍ താഴെ വച്ച് കിളിവാതിലിലൂടെ എത്തിനോക്കി. കുരിശുമാല ധരിച്ച ഒരാള്‍ മൈക്കു വച്ച് പ്രസംഗിക്കുകയാണ്. കൃഷ്ണന് കണ്ണുണ്ടെങ്കിലും കാണില്ലത്രെ. കാതുണ്ടെങ്കിലും കേള്‍ക്കില്ലത്രെ. കൃഷ്ണന്‍ മരിച്ചുപോയ ദൈവമാണത്രെ. കൃഷ്ണനെ പ്രാര്‍ത്ഥിച്ചാല്‍ ഫലമില്ലത്രെ. നിത്യനരകത്തില്‍ ചെല്ലുമത്രേ. ചെവിപൊത്തിക്കൊണ്ട് യേശു നിലത്തിരുന്നുപോയി.
‘കൃഷ്ണാ’, കൃഷ്ണവിഗ്രഹത്തെ നോക്കി യേശു കരഞ്ഞു. താന്‍ എന്തുകൊണ്ട് ഇങ്ങനെ പെട്ടന്നു കരഞ്ഞുപോവുന്നു എന്ന് യേശുവിനു മനസ്സിലായില്ല. കൃഷ്ണന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ പറഞ്ഞേക്കുമായിരുന്ന ഫലിതങ്ങള്‍ സ്വയം സൃഷ്ടിക്കാന്‍ യേശു ശ്രമിച്ചു. കൃഷ്ണന്‍ എന്തിലും തമാശയുണ്ടാക്കും.
പെട്ടെന്ന് പുറത്തെന്തോ ആരവം കേട്ട് യേശു വീണ്ടും കിളിവാതിലിലൂടെ നോക്കി. ഒരുകൂട്ടം ആളുകള്‍ കുരിശുധാരിയേയും കൂടെയിരുന്നവരേയും ആക്രമിക്കാനായി വരികയാണ്. യേശുവിനു സംഭ്രമമായി. അപകടം. അടച്ചിട്ട വാതില്‍ എങ്ങനേയും തുറന്ന് അരുതേ, അവിവേകം കാട്ടരുതേ എന്നലറി യേശു ജനക്കൂട്ടത്തിലേയ്ക്കു പാഞ്ഞുചെന്നു. പക്ഷേ ജനങ്ങള്‍ കാണരുതാത്തതു മാത്രം കണ്ടു. കുരിശുധാരികള്‍ യേശുവിന്റെ തലയിലെ പീലിക്കിരീടവും കയ്യിലെ ഓടക്കുഴലും കണ്ട് ‘ചെകുത്താന്‍ ചെകുത്താന്‍’ എന്നലറി. മറുഭാഗക്കാര്‍ യേശുവിന്റെ താടിയും മുടിയും കണ്ട് ‘നമ്മളെ മതം മാറ്റാന്‍ വന്നിരിക്കയാണടാ’ എന്നര്‍ത്തു കൂവി. തിക്കിലും തിരക്കിലും പെട്ട് ഒന്നിനുമാവാതെ ധാരാളം താഡനങ്ങള്‍ ഏറ്റുവാങ്ങി അവസാനം യേശു മുട്ടുകുത്തി നിന്നുപോയി.

തനിച്ചുള്ള മടക്കയാത്ര. യേശുവിന് ശരീരത്തിന്റെ പലഭാഗങ്ങളും നീറുന്നുണ്ടായിരുന്നു. പക്ഷേ മനസ്സു ശാന്തം. ആകെയൊരു മൂടല്‍ കൊണ്ടുണ്ടായ ശാന്തതയെന്ന് യേശുവിനു തോന്നി. പിഴവ് എന്താണെന്നു ചിന്തിക്കാന്‍ തുടങ്ങിയതായിരുന്നു യേശു.
‘ഹലോ’, പിറകില്‍ നിന്നൊരു പതിഞ്ഞ വിളി.’വയറു നിറയെ പഞ്ചാമൃതവും വെണ്ണയും കഴിച്ചപ്പൊ കൂട്ടുകാരനെ മറന്നോ ഈശോ?’
യേശു തിരിഞ്ഞു നോക്കി. പെട്ടന്നു കണ്ണുനിറഞ്ഞുപോയതുകൊണ്ട് യേശുവിനു കൂടുതല്‍ കാണേണ്ടി വന്നില്ല. കീറിപ്പറിഞ്ഞ പട്ടുമുണ്ടും ഉത്തരീയവുമായി പൊളിഞ്ഞുപാളീസായ പീലിക്കിരീടവും ചൂടി ശരീരമാകെ രക്തക്കറയുമായി കൃഷ്ണന്‍!
‘കണ്ണാ’ കൂടുതല്‍ പറയാന്‍ യേശുവിനായില്ല.
‘പഹയന്മാര്‍’, രണ്ടു കഷണങ്ങളായ ഓടക്കുഴല്‍ കാട്ടി കൃഷ്ണന്‍ ചിരിച്ചു. വടിവാളിന്റെ വെട്ടു തടുക്കാന്‍ ഇതേ കയ്യിലുണ്ടായിരുന്നുള്ളൂ. ഇതു നന്നാക്കും വരെ ഞാനെന്തു ചെയ്യും?‘
യേശു ഏങ്ങലടിക്കാന്‍ തുടങ്ങി.’കൃഷ്ണാ, അവരവിടെ നമ്മുടെ പേരും പറഞ്ഞ് ബഹളം വയ്ക്കുകയാണ്.’
കൃഷ്ണന്‍ കയ്യടിച്ച് പൊട്ടിച്ചിരിച്ചു: ‘ബഹളമല്ലേ ഉള്ളൂ ഈശോ? ഞാന്‍ പോയ മസ്ജിദില്‍ ആളുകള്‍ എന്റെ പേരില്‍ ജയ് വിളിച്ച് ബോംബുകളാ കൊണ്ടുചെന്നിട്ടത്. ബോംബ്! താന്‍ കണ്ടിട്ടുണ്ടോ ബോംബ്? മസ്ജിദിലെ ബോംബും കൊണ്ടുവന്ന ബോംബും ചേര്‍ന്നു പൊട്ടിയപ്പോള്‍ എത്രപേരു തീര്‍ന്നെന്നു കണക്കാക്കാനായില്ല. എന്റെ പേരില്‍ ഹുങ്കാരം മുഴക്കി എന്നെത്തന്നെ വെട്ടുക‘. ചിരി നിറുത്തി കൃഷ്ണന്‍ പിറുപിറുത്തു-‘ നാളെ നമ്മുടെ സെറ്റില്‍ പുതിയ ആളുകള്‍ വരുമ്പോഴറിയാം ഇന്നെത്രപേരു തീര്‍ന്നെന്ന്’.
പിന്നെ കൃഷ്ണന്‍ സാവധാനം യേശുവിനു സമീപം ചെന്നു. ചുണ്ടത്ത് ഇറ്റി നിന്ന ചോര തുപ്പിക്കളഞ്ഞ് കൃഷ്ണന്‍ പതിയെ യേശുവിന്റെ മുഖത്തു കൈ ചേര്‍ത്ത് കണ്ണീര്‍ തുടച്ചു കളഞ്ഞു.
‘ഈശോ’,- കൃഷ്ണന്‍ പതിയെ പറഞ്ഞു.’എല്ലാം നന്നാവാന്‍ നമ്മളെല്ലാം സഹിച്ചും ക്ഷമിച്ചും ജീവന്‍ കൊടുത്തും ശ്രമിച്ചു. എന്താവാന്‍? കരഞ്ഞിട്ടു കാര്യമില്ല ഈശോ. നമ്മള്‍ ഒന്നാണെന്ന് എത്ര പറഞ്ഞിട്ടും കാര്യമില്ല. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കും. അല്ലാ‍ത്തവര്‍-
കൃഷ്ണന്‍ പാതിയില്‍ നിര്‍ത്തി. പിന്നെ യേശുവിന്റെ തോളത്തു കയ്യിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മധുരശബ്ദത്തില്‍ പറഞ്ഞു.
‘വേഗം നടക്കാം ഈശോ. നൊയ്മ്പ് മുറിക്കും മുമ്പ് നമ്മുടെ ആള്‍ക്കാരുടെയടുത്ത് മടങ്ങിയെത്തണം. അല്ലെങ്കില്‍ ആ ഗണപതിപ്പഹയന്‍ എല്ലാം തിന്നു തീര്‍ക്കും. ലെറ്റസ് മൂവ്...'


************* ******************* *********************

Wednesday, September 30, 2009

ആഘോഷം


ഞാനും കബീറും. കൂട്ടെന്നു പറഞ്ഞാല്‍ ഞങ്ങളുടേതാണ്. പത്തുവരെ പഠിച്ചതും പ്ലസ് ടു തോറ്റതും ഒരുമിച്ചാണ്. പിന്നെ കബീറു കാരണമാണ് ഞാന്‍ തോറ്റതെന്ന് എന്റെ വീട്ടുകാരും ഞാന്‍ കാരണമാണ് കബീറു തോറ്റതെന്ന് അവന്റെ വീട്ടുകാരും പറഞ്ഞ് ഞങ്ങള്‍ക്ക് പരസ്പരം വീടുകളില്‍ പോവാന്‍ പറ്റാതായിരുന്നു. അവന്‍ ചേര്‍ത്തലെ പോയി പഠിച്ചും ഞാന്‍ തുറവൂരെ മാസ്റ്റേഴ്സ് കോളേജില്‍ പോയി പഠിച്ചും ഒരു കണക്കിനു പ്ലസ് ടു പാസായി. എനിക്കിനി ഒന്നുകില്‍ ചേട്ടന്റെ കൂടെ ചിട്ടിക്കമ്പനിയില്‍ പോകേണ്ടി വരും. അല്ലെങ്കില്‍ അളിയന്റെ കൂടെ സിമന്റു കടയില്‍. അവന്‍ ആഗസ്റ്റില്‍ തന്റെ വാപ്പച്ചിയുടെ കൂടെ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോഴാണ് പ്ലസ് ടു പാസായതിനു ചെലവു ചെയ്യാന്‍ എല്ലാവരും പറയുന്നത്. സുനീറിന്റെ വീട്ടിലാണെങ്കില്‍ രണ്ടു ദിവസത്തേയ്ക്ക് ആരുമില്ല. അങ്ങു പോന്നേരേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങളങ്ങു സമ്മതിച്ചു. കുപ്പി കബീറിന്റെ വക. തീറ്റ ഞാന്‍. സിഗരറ്റും സോഡയും വേറെ അനാമത്തും ഒക്കെ ഗിരി നോക്കും. പിന്നെ സുനി കാണും. ജോബി കാണും. സുനീറും ചേര്‍ത്ത് ആറു പേര്‍.
‘ഒരു ഫുള്ളിലൊതുങ്ങൂല്ല കബീറേ’, ബൈക്കെടുക്കുമ്പോള്‍ ഗിരി പറഞ്ഞു.
‘നല്ല മൂഡാകാന്‍ ഇദു പോരേടാ?’
‘കഴിച്ചാ അവന് വാള് വെക്കണം. അദാണ് നേര്‍ച്ച.’ സുനി പറഞ്ഞു.
‘എന്റേ കാശിത്രേ ഒള്ള്. ബാക്കി നിങ്ങ നോക്ക്,’ കബീര്‍ അകത്തേയ്ക്കു വലിഞ്ഞു.

പൊറോട്ടയും ബീഫും വാങ്ങാന്‍ ഞാനും കബീറുമാണു പോയത്. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി കാത്തു നിന്നത് ആല്‍ത്തറയില്‍. ഞാന്‍ കടയില്‍ പോയി ബീഫു വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ പ്രശ്നമാണ്. വീട്ടില്‍ ഉള്ളി പോലും ഉപയോഗിക്കാറില്ല. ചേട്ടന്‍ പക്ഷേ ചേട്ടത്തിയ്ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്ന കാര്യം വീട്ടില്‍ ആരും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ചേട്ടനു കാശുണ്ടല്ലോ. ഞാനാണെങ്കില്‍ കബീറിന്റെ വീട്ടില്‍ നിന്നൊക്കെ വല്ലപ്പോഴും ഇറച്ചി കഴിച്ചു കൊതിയടക്കി. ഒരു കൊങ്കണിയായ ഞാന്‍ ആര്‍ത്തിയോടെ ഇറച്ചി തിന്നുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു അവന്റെ ഉമ്മയും ഇത്തയും. അവനാണെങ്കില്‍ എന്റെ വീട്ടിലെ മധുരപലഹാരങ്ങള്‍ ജീവനായിരുന്നു. ബസന്‍ ഉണ്ട, ലഡു, അമ്പലത്തിലെ ശര്‍ക്കരപ്പായസം. ആ മേത്തച്ചെറുക്കനെ നോക്കിപ്പഠിക്കെടാ, എന്ന് ചേട്ടന്‍ എന്നെ ശകാരിക്കുമായിരുന്നു. കൊത്തിക്കൊത്തിത്തിന്നാതെ കൈ നിറയെ എടുത്തു തിന്നുന്ന ശീലമായിരുന്നു കബീറിന്. ഉറച്ച ശരീരവും. ഞാനാണെങ്കിലോ, അശു.

ബീഫു വാങ്ങി മടങ്ങുമ്പോള്‍ കബീര്‍ ആഹ്ലാദത്തോടെ പറഞ്ഞു:‘ജോര്‍ജ്ജിന്റേന്ന് സൂപ്പറൊരു ബീയെഫ് കിട്ടീട്ട്ണ്ട്ടാ. പുത്തനാണ്. മലയാളികള്ടേണ്.’
ഈ കബീറിങ്ങനെയാണ്. വെള്ളമടിയില്ല. പക്ഷേ ബീയെഫെന്നു കേട്ടാല്‍ ചാകും.

സുനീറിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോബി എത്തിയിട്ടുണ്ട്. കൂടെ കടുത്തുരുത്തിയില്‍ നിന്നു വന്ന കസിനുമുണ്ട്, ഒരു ജിമ്മന്‍. ഒരു ഫുള്ളു പോരാതെ വരും. ഞാന്‍ മനസ്സില്‍ പറഞ്ഞു.
കറണ്ടില്ലായിരുന്നു. കബീറിനു നിരാശയായി.
‘ഗിരിയെന്താടാ എത്താത്തെ? ബീവറേജി ക്യൂവൊന്നുവില്ലല്ലാ, ഒരു മിസ്സടിയെടാ’.
സുനീര്‍ ഗിരിയുടെ മൊബൈലിലേയ്ക്ക് ഒരു മിസ് കോളു ചെയ്തു.
‘നിങ്ങ എവ്ടെ കെടക്കണേണ്? ‘ കോള് വന്നപ്പോള്‍ സുനീര്‍ ദേഷ്യപ്പെട്ടു. പിന്നെ രണ്ടുമൂന്നു തെറികള്‍ പറഞ്ഞ് ഫോണും കൊണ്ട് പുറത്തേയ്ക്കു പോയി.
‘അവര് അരൂരു പോയേക്കണേണ്,’ ജോബി പറഞ്ഞു.’ ഇവ്ട്ത്തെ ബീവറേജി ക്യൂ നിക്കാന്‍ നാണാണേ...’
‘ഡാ എരമല്ലൂര് പോലീസ് ചെക്കിങ്ണ്ട്ന്ന്. ലെയ് സെന്‍സ് എട്ത്തിട്ടില്ലാന്ന് പന്നികള്,’ സുനീര്‍ മടങ്ങിവന്നു പറഞ്ഞു.
‘പണ്ടാരം കര്‍ണ്ടും പോയല്ലാ, അല്ലാര്ന്നേ..’

ഞാന്‍ പതിയെ ഭക്ഷണപ്പൊതികളുമായി അടുക്കളയിലേയ്ക്കു പോയി.പ്ലേയ്റ്റുകളെടുത്തു. പത്തു ബീഫ് ഫ്രൈ. എന്റെ വായില്‍ വെള്ളമൂറി. നാശം പിടിച്ച ഹോട്ടലുകാരന്‍ കടുംകെട്ടാണ് പ്ലാസ്റ്റിക് കവറിനിട്ടിരിക്കുന്നത്. ഞാനതങ്ങു കടിച്ചുപൊട്ടിച്ചു.

പുറത്തു ബൈക്കുവന്ന ശബ്ദം കേട്ടു. ഗിരിയായിരിക്കും. മൂന്നു പ്ലേയ്റ്റിലാകി ഞാന്‍ ബീഫ് ഫ്രൈ ഒതുക്കി. കവറില്‍ അല്പമെടുത്തു പൊതിഞ്ഞ് പാന്റിന്റെ പോക്കറ്റിലുമിട്ടു; അവസാനം എനിക്കു മാത്രം തിന്നാന്‍.
പൊറോട്ടയും നിരത്തി ഞാന്‍ മുന്‍വശത്തെ മുറിയിലേയ്ക്കു ചെല്ലുമ്പോള്‍ ഗിരി പോലീസിനെ വെട്ടിച്ച കാര്യവും കബീര്‍ ബീയെഫിന്റെ കാര്യവും പറയുകയാണ്.

‘ദൈവമേ,’ എന്നെ കണ്ടപ്പോള്‍ സുനി തലയില്‍ കൈവച്ചു. ‘ഈ കൊങ്ങിണി ബീഫെന്നു കേട്ടാല്‍ ചാകും’.
‘ഈ മേത്തന്‍ ബീയെഫെന്നു കേട്ടാ ചാകും.’ ഗിരി പൂരിപ്പിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
‘നീ പെണ്ണെന്നു പറഞ്ഞാ ചാകും.’ കബീര്‍ പറഞ്ഞു.
‘ശരിയാ. പെണ്ണ്ങ്ങള് ഞാനെന്നു പറഞ്ഞാലും ചാകും,’ ഗിരി ഷര്‍ട്ടിന്റെ രണ്ടു ബട്ടണ്‍ വിടര്‍ത്തി കോളര്‍ മുകളിലേയ്ക്കു വലിച്ച് പിറകോട്ടു ചാരി.
‘നിന്റെ കയ്യിലെ ലേയ്റ്റസ്റ്റ് ആരാടാ?’
‘അദക്കെ ഇണ്ട്ഡാ, ഞാനൊന്ന് വേണോന്ന് വിചാരിച്ചാ അദ് നടന്നിരിക്കും.’
എല്ലാവരും ആരാധനയോടെ അല്പസമയം ഗിരിയെ നോക്കി ഇരുന്നുപോയി.
‘എന്നാപ്പിന്നെ തൊടങ്ങാം’ എന്നു ജോബി ചോദിച്ചതും കറണ്ടു വന്നു. കബീര്‍ സീഡിയും കൊണ്ടു ചാടിയെഴുന്നേറ്റു. ജോബിയുടെ കസിന്‍ കുപ്പി തുറന്ന് ഒഴിക്കാന്‍ തുടങ്ങി. സുനീറും ജോബിയും സിഗരറ്റു വലിയ്ക്കാന്‍ പുറത്തേയ്ക്കു പോയി. കുറവു വന്ന ഗ്ലാസെടുക്കാന്‍ ഞാന്‍ അടുക്കളയിലേയ്ക്കു പോയപ്പോള്‍ സീഡിയില്‍ നിന്നു പാട്ടു കേള്‍ക്കാന്‍ തുടങ്ങി. കോല്‍ക്കുഴല്‍ വിളി കേട്ടോ.... രാധേ..

രണ്ടു കഷണം ബീഫു വായിലേയ്ക്കു തള്ളി ഗ്ലാസു കഴുകാന്‍ തുടങ്ങുമ്പോള്‍ ‘ എടാ പന്നീ’ എന്ന ഗിരിയുടെ അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പൈപ്പു ശരിയായി അടയ്ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ മുന്നിലെ മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ കബീറിനെ നിലത്തു കിടത്തി കഴുത്തില്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുകയാണ് ഗിരി. സുനിയും ജോബിയുടെ ജിമ്മന്‍ കസിനും ഗിരിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

പുറത്തുനിന്ന് സുനീറും ജോബിയും ഓടി വന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മാറി നിന്നു. തടിയന്മാരുടെ ഇടയില്‍ ഞാനെന്തു ചെയ്യാനാണ്?

ഒരു തരത്തില്‍ എല്ലാവരും ചേര്‍ന്ന് ഗിരിയെ പിടിച്ചു മാറ്റി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ടിവിയിലെ ബിയെഫിലുള്ളത് ഗിരിയുടെ പെങ്ങള്‍ അശ്വതിയാണ്. പക്ഷേ കൂടുതല്‍ കാണാന്‍ പറ്റിയില്ല. ജോബി ചാടിക്കയറി ഓഫു ചെയ്തു കളഞ്ഞു. കബീര്‍ കമഴ്നൂകിടന്നു ഞരങ്ങുന്നുണ്ടായിരുന്നു. വിയര്‍ത്തുകുളിച്ച ഗിരി ജോബിയുടെ കയ്യില്‍ നിന്നു സീഡി വാങ്ങി തറയിലേയ്ക്ക് ഒറ്റയടി. പിന്നെ എഴുന്നേറ്റ് കബീറിന്റെ ചന്തിയില്‍ ചെറുതായൊന്നു തൊഴിച്ച് പുറത്തേയ്ക്കിറങ്ങി.
‘നിന്നെ കണ്ടോളാടാ,’ ബൈക്കു സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗിരി പറഞ്ഞു.
ഒന്നും മിണ്ടാതെ ജോബിയും കസിനും പോയി.
രണ്ടാമത്തെ സിഗരറ്റു കൊളുത്തി സുനീര്‍ പട്ടിക്കൂടിനടുത്തേയ്ക്കു നടന്നു..
‘ഞാനൊന്നുമറിഞ്ഞില്ലെടാ,’ കബീര്‍ കരഞ്ഞു. ‘ഞാന്‍ മനപ്പൂര്‍വ്വം നാറ്റിച്ചെന്നാണവന്റെ ധാരണ‘.
ബീഫും പൊറോട്ടയുമൊക്കെ ചിതറിക്കിടന്നിരുന്നു.അതെല്ലാമൊന്നു വൃത്തിയാക്കി ഒന്നും പറയാതെ സൈക്കിളെടുത്ത് ഞാനുമിറങ്ങി. പാന്റിന്റെ പോക്കറ്റില്‍ ബീഫുണ്ട്. ദേശതോടുപാലത്തിലെത്തിയപ്പോള്‍ ഞാനതു വെള്ളത്തിലേയ്ക്കു വലിച്ചെറിഞ്ഞു.

നോക്കണേ, സംഭവമിപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ. ശാഖയ്ക്കു മുന്‍പില്‍ ഗിരിയുടെ ബൈക്ക്. മതിലിനടുത്തു നിന്ന് പനിക്കൂര്‍ക്കയുടെ രണ്ടുമൂന്നിലകളെടുത്തു തിരുമ്മി ബീഫിന്റെ മണം മാറ്റി ഞാന്‍ ശാഖയിലേയ്ക്കു ചെന്നു.
ഫാന്‍ ഏറ്റവും വേഗത്തിലിട്ട്, ഷര്‍ട്ടൂരി, ഗിരി ചുവരില്‍ ചാരിയിരിക്കുകയായിരുന്നു. സുനിയെക്കൂടാതെ വളമംഗലത്തുള്ള നാലഞ്ചു വാലപ്പിള്ളേരുമുണ്ടായിരുന്നു.
‘അഭി അറിഞ്ഞു കാണുമല്ലോ കാര്യങ്ങള്‍,’ സുരേന്ദ്രന്‍ ചേട്ടന്‍ എന്നോടു ചോദിച്ചു.
‘ഞാനുമുണ്ടായിരുന്നു.’
‘ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,’ സുരേന്ദ്രന്‍ ചേട്ടന്‍ തുടങ്ങി.’ ഹൈന്ദവ സമൂഹത്തെ ഇല്ലാതാക്കാന്‍ നമ്മുടെ സഹോദരിമാരെ വഴിതെറ്റിക്കുന്നതാണ് എളുപ്പവഴിയെന്ന് അവര്‍ക്കു പണ്ടേയറിയാം. പണ്ട് എത്രയെത്ര ഭാരതസ്ത്രീകളാണ് ഇവരില്‍ നിന്നു രക്ഷകിട്ടാന്‍ അഗ്നിപ്രവേശംനടത്തിയിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ ലൌ ജിഹാദ് എന്നൊരു സംഘടന തന്നെയുണ്ട്. ഈ വര്‍ഷം മാത്രം രണ്ടായിരത്തോളം പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നു കാണാതായിരിക്കുന്നത്. എല്ലാം ഈ ലൌജിഹാദുകാര്‍ കള്ളപ്രേമത്തില്‍ കുടുക്കി ബാംഗളൂരിലും ഹൈദരാബാദിലുമൊക്കെ കൊണ്ടുപോയി മതം മാറ്റി നശിപ്പിക്കുന്നതാണ്. വീട്ടമ്മമാരെപ്പോലും ഇവര്‍ വെറുതെ വിടില്ല, അറിയാമോ-‘
‘സുരച്ചേട്ടാ ഇപ്പ എന്താണ് ചെയ്യണ്ടതെന്ന് പറ.’ ഗിരി അക്ഷമനായി.
‘അടിക്കാം’, ഉടനായിരുന്നു മറുപടി.
‘എങ്ങനെ അടിക്കും?’ സുനിക്കു സംശയമായി.
‘എന്താ ഭയമാണോ?
‘അതല്ല, അവര്ടെ ഏരിയേല് എന്‍ ഡി എഫ് കാര്ക്കെ ഒണ്ടേ’.
‘വടിവാള്ക്കെ ഒണ്ട് അവര്ടട്ത്ത്’, ഒരു വാലച്ചെറുക്കന്‍ സുനിയെ പിന്താങ്ങി.
‘വടിവാളെത്ര വേണം നിങ്ങക്ക്, പറ’, സുരേന്ദ്രന്‍ ചേട്ടന്‍ ആവേശം കൊണ്ടു.’ ഗിരീ നിന്റെ മൊബൈല് തന്നേ. നിങ്ങക്ക് പേടിയാണെങ്കി പെരുമ്പളത്ത്ന്ന് ആളെ ഞാന്‍ കൊണ്ടുവരാം’. എനിക്കു നന്നായി ഭയം തോന്നി. കബീറിനെ കൊല്ലുമോ? എന്റെ മനസ്സിലെ ഭയം മുഖത്തു പ്രതിഫലിച്ചു കാണും, സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു: ‘അഭീ, നിങ്ങളു സമ്പാറും പരിപ്പും കൂട്ടി നടന്നാലിങ്ങനെ പേടിത്തൊണ്ടന്മാരായി പോവുകയേ ഉള്ളൂ. ദാ ഈ സനീഷിനേം വിജീഷിനേം ഒക്കെ നോക്ക്, ബോഡി കണ്ടില്ലേ, സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടൊണ്ട്, ഇനി ഭാരതീയര്‍ മാംസം കഴിച്ച് കരുത്തരാവണമെന്ന്-‘

ഞാന്‍ വീട്ടില്‍ ചെന്ന് ഒറ്റക്കിടപ്പ്. രാത്രി ഊണു കഴിച്ചെന്നു വരുത്തി വീണ്ടും കിടന്നു. രാവിലെയല്ലേ രസം- അമ്പലക്കുളത്തിന്റെ മതിലിലും കവലയിലും മാര്‍ജിന്‍ ഫ്രീയുടെ ചുവരിലുമൊക്കെ നിറയെ പോസ്റ്ററുകള്‍-‘ഹിന്ദുയുവതികളുടെ മാനം ദേശത്തിന്റെ മാനം, ലൌ ജിഹാദുകാരെ അറസ്റ്റു ചെയ്യുക, ഇസ്ലാം ഇന്ത്യയ്ക്കാപത്ത്’ എന്നൊക്കെ അനേകം.

വിനാശകാലേ വിപരീത ബുദ്ധി എന്ന് അച്ഛന്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. എനിക്കും അങ്ങനെ ഒരു കുബുദ്ധി തോന്നിപ്പോയി, കബീറിനെ ചെന്നു കാണാന്‍. സൈക്കിളെടുത്തില്ല. നന്നായെന്നു പിന്നെ തോന്നി. ചാവടിക്കവലയില്‍ ബസ്സിറങ്ങിയപ്പോഴേ എനിക്കു ചെറിയൊരു ഭയം തോന്നിയിരുന്നു. കുറെ കടകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ അവിടവിടെയായി കൂട്ടം ചേര്‍ന്നു നിന്നു ശബ്ദം താഴ്ത്തി സംസാരിക്കുന്നു. പരിസരമൊന്നു ശരിക്കു കാണാന്‍ ഞാന്‍ ഫെഡറല്‍ ബാങ്കിന്റെ എടീമ്മിനടുത്തേയ്ക്കു നീങ്ങിയതാണ്-
‘ഡാ പന്നീ, നിനക്കിത്രയ്ക്ക് ധൈര്യായോടാ’, എന്ന അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്കു പരിചയമില്ലാത്ത അഞ്ചാറു മേത്തപ്പിള്ളേര്‍ എന്റെയടുത്തേയ്ക്കു നടന്നു വരികയാണ്. ഓടണോ? എങ്ങോട്ടോടും?
ഒരുത്തന്‍ വന്ന് എന്റെ കഴുത്തിനു പിടിച്ചുയര്‍ത്തി ഇടത്തെ കൈ വളച്ചു. ‘അമ്മാ’ ഞാന്‍ അലറിക്കരഞ്ഞു. ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ, തുറവൂര്‍ സ്കൂളിലെ അറബി മാഷ് എവിടെ നിന്നോ പെട്ടന്നത്തി എന്നെ ആ മേത്തപ്പിള്ളേരുടെ ഇടയില്‍ നിന്ന് ഒരു തരത്തില്‍ പിടിച്ചുമാറ്റി പള്ളിത്തോട്ടില്‍ നിന്നു വന്ന ശ്രീമുരുകന്‍ ബസ്സിലേയ്ക്കു തള്ളിക്കയറ്റി. കിളി ഡോറടയ്ക്കും മുമ്പ് കാലിലൊരു തല്ലു കിട്ടിയതുപോലെ എനിക്കു തോന്നി. ഭയങ്കര വേദന. തല കറങ്ങി. റെയില്‍വേ ക്രോസ് എത്താറായപ്പോള്‍ കിളി തന്നെയാണു കണ്ടത്- എന്റെ കാല്‍പ്പാദം വേര്‍പെടാറായി നില്‍ക്കുന്നു!

ഞാനിപ്പോള്‍ ഐസിയുവിലൊന്നുമല്ല.റൂമിലാണ്. ഒരു ദിവസം മുഴുവന്‍ ബോധമില്ലായിരുന്നു. ഇതിനിടെ എന്നെ ആശുപത്രിയില്‍ വന്നു കാണാന്‍ ബസില്‍ കയറിയ കബീറിനെ തുറവൂരു കവലയിലിറക്കി വെട്ടിനാശമാക്കിയെന്ന് ആരോ പറയുന്നത് മയക്കത്തില്‍ ഞാന്‍ കേട്ടിരുന്നു. രക്തം ധാരാളം നഷ്ടപ്പെട്ട അവസ്ഥയില്‍ അവന്‍ ഐസിയുവിലുണ്ട്. കുറച്ചു നാളത്തേയ്ക്ക് എന്നെ കോയമ്പത്തൂര് ചിറ്റയുടെ അടുത്തേയ്ക്കയച്ചാലോ എന്ന് ചേട്ടനും അച്ഛനും ചര്‍ച്ച ചെയ്യുന്നതു കേട്ടാണു ഞാന്‍ കണ്ണു തുറന്നത്. ബീഫ്- ബീയെഫ് സംഭവമൊന്നും അച്ഛനോ ചേട്ടനോ അറിഞ്ഞു കാണില്ലെന്നു തോന്നി, അവരുടെ സ്നേഹം കണ്ടപ്പോള്‍. അമ്മ എന്റെയടുത്ത് സ്റ്റൂളിലിരുന്നു കരയുകയാണ്. എനിക്കു രസം തോന്നി. എല്ലാവരും കുറച്ചു വിഷമിക്കട്ടെ.

‘വീട്ടില്‍പ്പോകാം’, ഞാന്‍ ചേട്ടനോടു പറഞ്ഞു.’ഇവിടെ ഭയങ്കര ബില്ലാകും’.
‘ബില്ലൊക്കെ ആകട്ടെ.നീ ശരിക്കു നടക്കാറായിട്ടു മതി ഇനി-‘ അച്ഛനാണ്.
അമ്മ എനിക്ക് ഓറഞ്ചു പൊളിച്ചു തന്നു.

കണ്ണടച്ചു കിടന്ന് ഓറഞ്ചു തിന്നുമ്പോള്‍ ഞാനൊരു രസകരമായ വസ്തുത ഓര്‍ത്തു. വെട്ടുകൊണ്ട ഞാനും കബീറും കിടക്കുന്നത് ഒരേ ആശുപത്രിയില്‍. ഞങ്ങളെ നോക്കുന്നത് ഒരേ ഡോക്ടര്‍. കുത്തിവയ്ക്കുന്നത് ഒരേ നേഴ്സുമാര്‍. ഞങ്ങളുടെ ഇരുവരുടേയും അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത് അമ്മമാര്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രക്തം- എ നെഗറ്റീവ്- തന്നത് ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍. ഞങ്ങളെ രണ്ടുപേരെയും വെട്ടിയത് ഒരേ കൂട്ടര്‍- പ്രാന്തന്മാര്‍.

കാലുവേദനിക്കുന്നുണ്ടെങ്കിലും ഇതൊക്കെയോര്‍ക്കുമ്പോള്‍ രസം തോന്നുന്നു. ഇനി നടക്കാറാവും വരെ ബീഫു തിന്നാനൊരു വഴിയുമില്ലല്ലോ എന്ന സങ്കടപ്പെടുത്തുന്ന കാര്യം മറക്കാന്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുക തന്നെ ഗതി.

*** *** *** *** ***

Friday, September 18, 2009

ഒരു കണ്ണീര്‍ക്കഥ



'ഒന്ദു സന്ന ഹുഡുഗിയ കണ്ണീരിന കഥെ' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞയിടെ ഇവിടെ കന്നടപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ചുകാണാനിടയില്ലെന്നറിയാം. തന്റെ യജമാനന്റെ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ലൈംഗീകമായി ഉപയോഗിക്കപ്പെട്ട ഒരു പതിനാറുകാരിയുടെ കഥയായിരുന്നു അത്. ബി ജെ പി സര്‍ക്കാരിനെ ശരിക്കു കുത്താനായി കോണ്‍ഗ്രസ്സുകാരും ജനതാദളുകാരും ഈ വാര്‍ത്ത ഉപയോഗിച്ചിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദളിന് ഒരു സീറ്റില്‍ ജയിക്കാനും ഈ വിഷയം കാരണമായി. പക്ഷേ, പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നു വെളിച്ചത്തായപ്പോള്‍ വാര്‍ത്ത പതിയെ രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചു. മാധ്യമങ്ങളാവട്ടെ പുതിയ വാര്‍ത്തകളുടെ പിറകെയുമായി. അങ്ങനെ ഇന്ന് ആ വിഷയം തന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്.

ഈ വാര്‍ത്തയുമായി ബന്ധമൊന്നുമില്ലെങ്കിലും കഥാപാത്രമായി ഒരു വേശ്യ രംഗത്തു വരുന്ന ഒരു സംഭവം രണ്ടുദിവസം മുമ്പു നടന്നു. ഈ സംഭവം പത്രത്തിലൊന്നും വരില്ല, കാരണം എനിക്കു മാത്രമേ ഇതിനെക്കുറിച്ചറിയാവൂ. എന്നാലും എല്ലാവരും, കുറഞ്ഞപക്ഷം വേശ്യകളെങ്കിലും ഇതറിഞ്ഞിരിക്കണം എന്നതു കൊണ്ടാണ് ഞാനിതു പുറത്തു പറയുന്നത്- ഇനിയും ആര്‍ക്കും ചതിവു പറ്റരുതല്ലോ.

സ്റ്റേഷന്‍ റോഡിലെ മയൂരാ ഹോട്ടല്‍ അറിയാമല്ലോ. മാസത്തിലൊരിക്കലെങ്കിലും പോലീസ് റെയ്ഡും അറസ്റ്റും നടക്കാറുള്ളതുകൊണ്ട് മയൂരയെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലും കാണാതെ തരമില്ല. ആ ഹോട്ടലിന്റെ അക്കൌണ്ട് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലാണ്. ഹോട്ടലിന്റെ മാത്രമല്ല, അവിടത്തെ നാലഞ്ചു ജീവനക്കാരുടെ സേവിംഗ്സ്അക്കൌണ്ടും ഉണ്ട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ദീപിക എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയുടെ അക്കൌണ്ടും ഞങ്ങളുടെ അടുത്താണ്. അക്കൌണ്ട് തുടങ്ങി എട്ടു മാസമേ ആയിട്ടുള്ളൂ, മാസാമാസം ഇരുപതിനായിരം രൂപയോളം നാട്ടിലേക്കയക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന ജോലിക്ക് എന്തായിരിക്കും ശമ്പളം എന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. പിന്നെ ഇത്രയും വരുമാനം എങ്ങനെ എന്നാരെങ്കിലും ചോദിച്ചാല്‍ ടിപ്പ് കിട്ടുന്നതാണെന്ന് ഒരുപക്ഷേ പറയുമായിരിക്കും. പക്ഷേ സത്യം മറ്റതാണ്. ഞങ്ങളുടെ പ്യൂണാണ് പറഞ്ഞത്:
‘അത് സൂളെയാണ് സാറേ’.

എല്ലാവര്‍ക്കും അദ്ഭുതമായി. പക്ഷേ എനിക്കിതു നേരത്തേ തോന്നിയിരുന്നു. മുമ്പും ആന്ധ്രായില്‍ നിന്നൊരു യുവതിയുണ്ടായിരുന്നു മയൂരയില്‍. കഴിഞ്ഞവര്‍ഷം കല്യാണമുറച്ചപ്പോള്‍ രണ്ടരലക്ഷം രൂപ ഡെപ്പോസിറ്റ് ക്ലോസു ചെയ്തു പോയ ആ യുവതിയുടെ പേരു മറന്നു. പക്ഷേ പണി മറ്റതായിരുന്നു എന്നറിയാം. ഇപ്പോള്‍ കണ്‍ഫര്‍മേഷനായ അന്നത്തെ പ്രൊബേഷനറി ഓഫീസര്‍ അവളുമായി ഒന്നടുക്കാന്‍ കുറച്ചുനാള്‍ ശ്രമിച്ചതാണ്. ധൈര്യം പോരാത്തതു കൊണ്ടും എയിഡ്സ് ഭയമുള്ളതു കൊണ്ടും അന്നു കാര്യം നടന്നില്ല. ഇപ്പോള്‍ ഈ ദീപികയോട് ചെറിയ താല്പര്യമുണ്ട് അയാള്‍ക്ക്. ബാങ്കില്‍ വന്നാല്‍ ദീപിക മിക്കവാറും എന്റെയടുത്താണ് വരിക. കൂടുതല്‍ കാത്തുനിറുത്താതെ കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതുകൊണ്ടും മറ്റുമാവണം. അല്ലാതെ മറ്റൊന്നുമുണ്ടായിട്ടല്ല, കേട്ടോ, ഞാനത്തരക്കാരനൊന്നുമല്ല എന്ന്‍ എല്ലാവര്‍ക്കുമറിയാം. ഇന്റര്‍നെറ്റില്‍ നീലപ്പടങ്ങള്‍ എത്രയോ മറ്റുള്ളവര്‍ കാണുന്നു. ഞാന്‍ അങ്ങോട്ടേയ്ക്ക് എത്തിനോക്കാറുപോലുമില്ല. അതിലൊന്നും എനിക്കത്ര താല്പര്യമില്ല, അതുതന്നെ കാര്യം. ഇതൊക്കെ കാണുന്നതില്‍ എന്തു സുഖമാണുള്ളത്? വെറുതെ സമയം കളയല്‍. എന്റെ കാര്യമറിയാമോ, നന്നായി കക്കൂസില്‍ പോകുമ്പോഴാണ് എനിക്കേറ്റവും സുഖം. വളരെ നേരം മുട്ടിയിരുന്ന് അവസാനം കക്കൂസില്‍ പോവുമ്പോള്‍, സത്യം പറയാമല്ലോ, പണ്ട് സാഹിത്യവാരഫലം വായിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്നതിനെക്കാള്‍ ആനന്ദം ലഭിക്കാറുണ്ട്.

അതെന്തുമാവട്ടെ, ഞാന്‍ പറഞ്ഞു തുടങ്ങിയ കാര്യം തുടരാം.ഒരു ദിവസം ഞാന്‍ ഫോറിന്‍ എക്സ്ചേഞ്ച് സെക്ഷനില്‍ ഇരിക്കുമ്പോള്‍ ഒരു നൂറു ഡോളറിന്റെ നോട്ടുമായി ദീപിക വന്നു. മടിച്ച്, ചെറുതായി ഭയന്ന്, ചുരുട്ടി റോളാക്കിയ ആ ഡോളര്‍ നോട്ട് എന്റെ നേരെ വച്ചു നീട്ടി.
‘രൂപയായി മാറ്റിത്തരുമോ?’

ഞാന്‍ ആ നോട്ട് ഫെയ്ക് ഡിറ്റക്റ്ററില്‍ വച്ചുനോക്കി. ഒരാശ്വാസത്തിനു ചെയ്യുന്നതാണ്. ആയിരത്തിന്റെ പോലും കള്ളനോട്ട് മനസ്സിലാവാതെ പോവറുണ്ട്. പിന്നെയല്ലേ ഡോളര്‍! എന്നാലും മനപ്പൂര്‍വ്വം ആരെങ്കിലും കള്ളനോട്ടുമായി വരുന്നതു നിരുത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ഇതുപയോഗിക്കുന്നത് തുടരുന്നു എന്നുമാത്രം.

ഡോളറെടുത്ത് ഞാന്‍ ചുമ്മാ തലകുലുക്കി.
‘അയ്യോ, കള്ളനോട്ടാണോ?’ അവള്‍ ഭയന്നു.
‘ഇതെവിടുന്നു കിട്ടി? ഞാനല്പം ഗൌരവത്തോടെ ചോദിച്ചു.
‘ഇന്നലെ...’അവളൊന്നു നിറുത്തി-‘ഒരു കസ്ടമര്‍ ടിപ്പ് തന്നതാണ്.’
‘നൂറു ഡോളറോ?’ ഞാന്‍ അദ്ഭുതപ്പെട്ടു.’ടിപ്പ് തന്നെയാണോ...?’
‘അല്ല സര്‍,’ അവള്‍ നാണത്തോടെ തുടര്‍ന്നു: ‘ഒരു കസ്റ്റമര്‍ തന്നതാണ്’.
നൂറുഡോളര്‍ വാങ്ങിയിട്ട് ഞാന്‍ അയ്യായിരം രൂപ കൊടുത്തപ്പോള്‍ അവള്‍ ഹര്‍ഷോന്മാദം കൊണ്ടു ബോധം കെട്ടില്ലന്നേയുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഇത്ര പണമോ?
അവളത് അന്നുതന്നെ നാട്ടിലേക്കയച്ചു.

അതുകഴിഞ്ഞ് രണ്ടുമാസത്തോളമായി. പിന്നെ ഇടയ്ക്കിടെ എന്നോട് ചെറിയ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് ഡേറ്റഡ് ചെക്കു കൊടുത്ത് ഒരു എല്‍ സി ഡി ടിവി വാങ്ങി നാട്ടിലേയ്ക്കയച്ച കാര്യവും മറ്റും എന്നോടു പറഞ്ഞിരുന്നു. ഞങ്ങളുടെ ഓഫീസര്‍ പയ്യന്റെ കാര്യം ഞാന്‍ തമാശ മട്ടില്‍ സൂചിപ്പിച്ചപ്പോള്‍ തനിക്കു വിരോധമൊന്നുമില്ലെന്നും താന്‍ വിശ്വസിച്ച് ഇടപെടാന്‍ കൊള്ളാവുന്ന ആളാണെന്നും (രോഗങ്ങളൊന്നുമില്ലെന്ന അര്‍ഥത്തില്‍)വേണമെങ്കില്‍ എന്തെങ്കിലും കണ്‍സെഷന്‍ കൊടുക്കാമെന്നും അവള്‍ പറഞ്ഞു. അവളിങ്ങനെ പറഞ്ഞത് ഞാനാ ഓഫീസറോടു പറയാന്‍ പോയില്ല. എനിക്കീ ബാങ്കുജോലി തന്നെ ധാരാളം. എനിക്കു സൈഡു പണി വേറെയാണ് എന്ന പരാതിയും പിന്നെയുണ്ടാവും. എന്തിനാണു വെറുതേ...

അങ്ങനെയങ്ങു പോവുമ്പോഴാണ് ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞപ്പോള്‍ ബാങ്കിലേയ്ക്ക് അവളുടെ ഫോണ്‍ വരുന്നത്. കാഷ് ക്ലോസുചെയ്ത് സ്റ്റോക്കില്‍ മാനേജരുടെ ഒപ്പും വാങ്ങി അകത്തു വെയ്ക്കാനൊരുങ്ങുകയായിരുന്നു. എന്നോടു സംസാരിക്കണമെന്ന് അവള്‍ പറഞ്ഞു.
‘നാളെയെന്തോ നല്ല പ്ലാനുണ്ടല്ലോ,’ ഫോണെനിക്കു തരുമ്പോള്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച ഓഫീസര്‍ മുനവച്ചു ചോദിച്ചു.
ഞാന്‍ രൂക്ഷമായൊന്നു നോക്കിയപ്പോള്‍ അവന്റെ മുഖത്തെ പ്രകാശം മാഞ്ഞു. പയ്യന്‍ ജോലിത്തിരക്കുണ്ടെന്ന പോലെ എങ്ങോട്ടേയ്ക്കോ പോയി.
‘സര്‍, വീണ്ടും ഡോളര്‍ കിട്ടിയിട്ടുണ്ട്’. ദീപിക പറഞ്ഞു.’ രൂപ കിട്ടുമോ?’
‘ഉവ്വല്ലോ, എത്രയുണ്ട്?’
‘പതിനായിരം സര്‍, പതിനായിരം.. എനിക്കെത്ര കിട്ടും സര്‍?’
പതിനായിരം ഡോളറോ! എനിക്കു ചെറിയ ഞെട്ടലും വലിയ അദ്ഭുതവും തോന്നി. ഞങ്ങളുടെ ഈ ചെറിയ ശാഖയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഇത്രയും കൂടുതല്‍ വിദേശകറന്‍സി വ്യാപാരം ഒറ്റയടിക്കു നടക്കുന്നത്. പതിനായിരം ഗുണം അന്‍പത് സമം അഞ്ചു ലക്ഷം. ഇതില്‍ ഒരു നാലുലക്ഷം അവള്‍ ഡെപ്പോസിറ്റു ചെയ്താല്‍, ഞാന്‍ കാന്‍വാസ് ചെയ്തതെന്നു രേഖപ്പെടുത്തിയാല്‍ അടുത്ത പ്രൊമോഷന്‍ സമയത്ത് എനിക്കൊരു സഹായമായിരിക്കും.
‘മിസ് ദീപിക, നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ചുലക്ഷം രൂപ കിട്ടും...’
‘സര്‍ സര്‍ സത്യമാണോ? സത്യമാണോ? ഞാനങ്ങോട്ടു വരട്ടേ? ഇപ്പോള്‍ എനിക്കൊരു ഇരുപതിനായിരം തരാമോ? അല്ല, ഒരു നാല്‍പ്പതു തരാമോ? ബാക്കി എന്റെ പാസ്ബുക്കില്‍ കിടക്കട്ടെ.’ ആവേശം കൊണ്ട് അവളുടെ ശബ്ദം ഇടറി. ചോദിച്ചതു തന്നെ വീണ്ടും വീണ്ടും ചോദിച്ചു.
‘അയ്യോ ക്ഷമിക്കൂ ദീപിക. ഇന്നു ശനിയാഴ്ചയല്ലേ, പന്ത്രണ്ടരയ്ക്ക് കാശെല്ലാമെടുത്ത് അകത്തു വച്ചില്ലേ? ഇനി തിങ്കളാഴ്ച.’
‘അയ്യോ സര്‍ എന്തു ചെയ്യും ഞാന്‍? എന്റെ ചേച്ചിയുടെ കല്യാണമാണ്. ഡ്രസ്സെടുക്കാന്‍ നാട്ടില്‍ നിന്ന് അനുജന്‍ വന്നിട്ടുണ്ട്. എന്റെ കയ്യിലാകെ നാലായിരം രൂപയേ കാണൂ. സാര്‍ ഒന്നു ശ്രമിച്ചാല്‍..’
ഞാനെന്തു ചെയ്യും. എല്ലാവരും പോവാനുള്ള തിരക്കിലാണ്. അവള്‍ എവിടെ നിന്നാണ് വിളിക്കുന്നതെന്നറിയില്ല.ഇനി അവള്‍ വന്ന് ഡോളര്‍ മാറി രൂപയാക്കി... എപ്പോഴാണ്..?
അവള്‍ വീണ്ടും എന്നെ നിര്‍ബന്ധിച്ചു. എനിക്കെന്തു ചെയ്യാന്‍ കഴിയും? വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങാനും പണത്തിനു പകരം ചെക്കു കൊടുക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മാര്‍വാഡികള്‍ ചെക്കു വാങ്ങിയും സാധനങ്ങള്‍ കൊടുക്കും. കൃത്യമായ വിലാസം കൊടുക്കണമെന്നു മാത്രം. ചെക്കു മടങ്ങിയാല്‍ പൈസ ഈടാക്കാന്‍ അവര്‍ക്കറിയാം.
പണത്തിനു പകരം ചെക്കു കൊടുത്താല്‍ മതിയല്ലോ എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവള്‍ക്ക് തല്‍ക്കാലം ആശ്വാസമായി. തിങ്കളാഴ്ച വരാം എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. ഡോളറിന്റെ കാര്യം ഞാനാരോടും പറഞ്ഞില്ല. എന്തു കൊണ്ടോ എനിക്കൊരു വിശ്വാസക്കുറവുപോലെ തോന്നി. പതിനായിരം ഡോളര്‍ ആരെങ്കിലും സഹശയനത്തിനു കൊടുക്കുമോ?

യാദൃശ്ചികമായി ഞായറാഴ്ച വൈകീട്ട് ഞാന്‍ ദീപികയെ കണ്ടു. എന്റെയൊരു സുഹൃത്തിനെ യാത്രയാക്കാന്‍ ബസ്`സ്റ്റാന്റില്‍ പോയതായിരുന്നു. ചിരിച്ചുകൊണ്ട് അവള്‍ അടുത്തേയ്ക്കു വന്നു. അവള്‍ അനുജനെ യാത്രയാക്കാന്‍ വന്നതാണ്. ഇരുപതിനായിരം രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയത്രേ. ചെക്കാണ് കൊടുത്തത്.
‘അവന് ഗള്‍ഫില്‍ പോവാനും പറ്റും സര്‍. അടുത്തയാഴ്ച ഞാന്‍ ഒരുലക്ഷം രൂപ കൊടുത്തയയ്ക്കും. പിന്നെ, ചേച്ചിയുടെ കല്ല്യാണം പൊടിപൊടിയ്ക്കും.’
നിങ്ങളുടെ കല്യാണത്തിനും പണം ബാക്കിവെക്കാന്‍ മറക്കരുത് കേട്ടോ. ഞാന്‍ തമാശ പറഞ്ഞു.
അവള്‍ നാണമഭിനയിച്ചു തല കുനിച്ചു. അവളുടെ സന്തോഷം എന്തുമാത്രമായിരുന്നെന്നോ! എനിക്കും സന്തോഷം തോന്നി. താന്‍ ഈ ചീത്ത ജീവിതം നിറുത്തുകയാണെന്നും ഒന്നുരണ്ടാഴ്ചയ്ക്കകം ചേച്ചിയുടെ കല്യാണത്തിനു പോവുകയാണെന്ന വ്യാജേന നാട്ടിലേയ്ക്കു പോവുകയാണെന്നും പിന്നെയൊരു മടക്കമില്ലെന്നും പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നല്ല തിരക്കായിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ ബദ്ധപ്പെട്ട് ‘സര്‍ സര്‍‘ എന്നു വിളിച്ച് കൌണ്ടറില്‍ നില്‍ക്കുകയാണ് ദീപിക. മുഖത്താകെ പരിഭ്രമം. എനിക്കു ഭയമായി. ആ ഡോളര്‍ നോട്ടുകളെങ്ങാനും നഷ്ടപ്പെട്ടുകാണുമോ? ജോലിയൊതുക്കി ഞാന്‍ വേഗം തന്നെ പുറത്തേയ്ക്കു ചെന്നു.
‘സര്‍ രൂപ കിട്ടില്ലെന്ന് ആ സാറു പറയുന്നു’ അവള്‍ ഫോറിന്‍ എക്സ്ചേഞ്ചിലേക്കു കൈ ചൂണ്ടി കരയാന്‍ തുടങ്ങി.
‘‘ഞാനൊന്നു നോക്കട്ടെ‘, എനിക്കു ദേഷ്യം വന്നു. ആറുമാസത്തേയ്ക്കുള്ള താല്‍ക്കാലിക ജീവനക്കാരനാണ്. ഡോളര്‍ റേറ്റൊന്നും അറിയില്ലായിരിക്കാം. കസ്റ്റമറെ ഇങ്ങനെ ഭയപ്പെടുത്താമോ?
‘എന്താണു മഞ്ജുനാഥ് ഇവരുടെ ഡോളറിനു പ്രശ്നം?
‘സര്‍ ഇതു ലിറയാണ്. ഇറ്റലീലെ പഴയ കറന്‍സി. ഡോളറല്ല. പറഞ്ഞിട്ട് ഇവരു സമ്മതിക്കണില്ല.’ ഒരു ഫോറിന്‍ കറന്‍സി എന്റെ നേര്‍ക്കു നീട്ടി അവന്‍ പറഞ്ഞു.

ഒ! കഷ്ടം. പതിനായിരത്തിന്റെ ഒരു ഇറ്റാലിയന്‍ ലിറ. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുമ്മാ അവളെ നോക്കി. അവള്‍ക്ക് കൂടുതല്‍ ഭയമായി. എന്തോ അപകടം സംഭവിച്ചുവെന്ന് മനസ്സിലായി. ഞാന്‍ അവളെ വിളിച്ചു മാറ്റി നിറുത്തി ശബ്ദം താഴ്ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്നു ഡോളര്‍ കൊടുത്ത ആളു തന്നെയാണ് ഈ ലിറയും കൊടുത്തത്. ഇത്തവണ- അവളാദ്യമായി- ഒരു നീലച്ചിത്രത്തിലെ അഭിനേത്രിയുമായത്രെ! ഇനി ഞാനെന്തു പറയും?

ഞാന്‍ വിചാരിച്ചാല്‍ രൂപ കിട്ടുമെന്നാണ് ഇപ്പോഴും അവളുടെ ധാരണ. ഞാനാ നോട്ട് അറിയാതെ മണത്തു. നല്ല സുഗന്ധം. പിന്നെ എങ്ങനെയോ പറഞ്ഞു:
‘ഇതു ഡോളറല്ല. ലിറ എന്നു പറയും. ഡോളര്‍ അമേരിക്കയിലെ പണമാണ്. ഇത് ഇറ്റലി എന്ന രാജ്യത്ത് പണ്ടുണ്ടായിരുന്ന കറന്‍സിയാണ്. ഇപ്പോള്‍ ആരുമെടുക്കില്ല.‘
‘സര്‍ എനിക്ക് അല്പമെങ്കിലും.. അന്‍പതിനായിരം എങ്കിലും... എന്റെ അനിയന് ഗള്‍ഫില്‍.. എന്റെ ചെക്ക് പാസാവാന്‍.. മാര്‍വാഡികള്‍ അല്ലെങ്കില്‍ എന്നെ...’
അവള്‍ വിങ്ങിപ്പൊട്ടലിന്റെ വക്കത്തായി. നീയായി നിന്റെ പാടായി എന്നു പറഞ്ഞ് തിരിഞ്ഞുനടക്കാന്‍ എനിക്കായില്ല. സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ക്കു തെറ്റിയതാണ്. ഡോളറാണെന്നു തെറ്റിദ്ധരിച്ച് നിങ്ങള്‍ എന്നോടു പറഞ്ഞു. എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?’
‘സര്‍ ലക്ഷങ്ങളുടെ കാര്യം പറഞ്ഞിട്ട്...’ അവള്‍ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ സാധനങ്ങളെല്ലാം വാങ്ങി ചെക്കു കൊടുത്തിട്ട്... ഇനി എന്തു ചെയ്യും സര്‍? മാര്‍വാഡികള്‍ എന്നെ..’ അവള്‍ പെട്ടന്ന് മുട്ടുകുത്തിയിരുന്നുപോയി.

ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. നേരത്തേ ഞാന്‍ സൂചിപ്പിച്ച ഓഫീസര്‍ മാനേജരുടെ അടുത്തേയ്ക്കു പായുന്നതു ഞാന്‍ കണ്‍കോണിലൂടെ കണ്ടു. അവളോടു തോന്നിയ സഹതാപമെല്ലാം മാറ്റിവച്ച് ഞാന്‍ ഒന്നും പറയാതെ എന്റെ സീറ്റിലേയ്ക്കു പോയി. മാനേജരെന്തെങ്കിലും ചോദിക്കുമോ എന്ന ആശങ്കയായിരുന്നു എനിയ്ക്ക്. തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാലും..
പുരോഗമനവാദിയാണ് വ്യതസ്തനാണ് എന്നൊക്കെ കാണിക്കാന്‍ ഇത്തരം ആളുകളുമായിട്ടൊക്കെ സാധാരണമട്ടില്‍ പെരുമാറുന്ന എനിക്കു കിട്ടേണ്ടതു തന്നെയാണിത്.

പിന്നെ രണ്ടുമൂന്നു ഫോണ്‍വിളികള്‍ക്കും ചെക്കു പാസുചെയ്യലിനും ശേഷം എന്റെ മൂഡൊന്നു മാറിയപ്പോള്‍ ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി. ഭാഗ്യം. അവള്‍ പോയി. പോയതല്ല, സെക്യൂരിറ്റി പറഞ്ഞുവിട്ടതാണ്. ഞാന്‍ കരുതിയതുപോലെ ആ‍ളുകളാരും എന്നെ തുറിച്ചു നോക്കുനൊന്നുമില്ല. മറ്റേ ഓഫീസര്‍ വേറെന്തോ കാര്യത്തിനാണ് മാനേജരുടെ അടുത്തു പോയത്.

എനിക്കു നല്ല ആശ്വാസം തോന്നി. എന്നാല്‍ വല്ലാത്ത കുറ്റബോധവും. ഞാന്‍ പറഞ്ഞിട്ടല്ലേ അവള്‍ ചെക്കു കൊടുത്തത്. ഒരു ബാങ്കുദ്യോഗസ്ഥനെയല്ലേ അവള്‍ വിശ്വസിച്ചത്. അവളുടെ പക്കലുണ്ടായിരുന്നത് ഡോളര്‍ തന്നെയെന്ന് ഉറപ്പു വരുത്താതിരുന്ന ഞാന്‍ തന്നെയല്ലേ യഥാര്‍ത്ഥ കുറ്റവാളി?

ഇന്നലെ മാര്‍വാഡിയുടെ ജോലിക്കാരന്‍ അവളുടെ ചെക്കുമായി വരുന്നതും അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മടക്കിയ ചെക്കുമായി തിരികെപോവുന്നതും ഞാന്‍ കണ്ടു. പണം പിടുങ്ങാന്‍ മാര്‍വാഡിയുടെ ആള്‍ക്കാര്‍ ഇനിയെന്തൊക്കെ ചെയ്യുമായിരിക്കും?

ആ! ഞാനൊരു നെടുവീര്‍പ്പിടുന്നു. ഇങ്ങനെ എത്രയോ ആളുകള്‍ സാമ്പത്തികമായി ഉയരുന്നതും താഴുന്നതും ഞങ്ങള്‍ ബാങ്കുകാര്‍ കാണുന്നു. പണ്ടു പൂന്താനം പാടിയതുപോലെ തന്നെ. അങ്ങനത്തെ ഒരു കസ്റ്റമര്‍ കൂടി. ഞാനങ്ങനെ കരുതിയാല്‍ പോരേ? രോഗികള്‍ മരിച്ചാല്‍ ഡോക്ടര്‍മാര്‍ കരയാറുണ്ടോ? ഇല്ലല്ലോ. അതുപോലെ കസ്റ്റമര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ ഒരു ബാങ്കര്‍ സങ്കടപ്പെടാന്‍ പാടില്ല. ശരിയല്ലേ?

പക്ഷേ എല്ലാവരും, പ്രത്യേകിച്ചും വേശ്യകള്‍, അറിയേണ്ട ഒന്നുണ്ട്. അതാണ് ഞാന്‍ തുടക്കത്തില്‍ പറയാന്‍ തുടങ്ങിയത്. വേശ്യാവൃത്തി നല്ല സാമ്പത്തിക വരുമാനമുള്ള ഉപജീവനമാര്‍ഗ്ഗമാണ്. പക്ഷേ ഇതിനു തുനിഞ്ഞിറങ്ങും മുന്‍പ് ഫെറ, ഫെമ തുടങ്ങിയ ആക്റ്റുകളെക്കുറിച്ചും ഫോറിന്‍ എകചേയ്ഞ്ചിനെക്കുറിച്ചും, കുറഞ്ഞപക്ഷം വിദേശ നോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം. കാരണം ആഗോളവത്കരണത്തിന്റെ ഈ മാറിയ സാഹചര്യത്തില്‍ അറിവ് എന്നത് എല്ലാവര്‍ക്കും കൂടിയേ തീരൂ.
( ഈ സംഭവം ഒരു കൌതുകവാര്‍ത്ത പോലെ ഒരു കന്നടപ്പത്രത്തില്‍ കൊടുത്താലോ എന്ന ആലോചനയുണ്ട്. ഭാഷ അത്ര വശമില്ലെങ്കിലും ഒപ്പിച്ചങ്ങെഴുതാം. ശീര്‍ഷകം ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു: ഒന്ദു ആന്ധ്രാവേശ്യാള കണ്ണീരിന കഥെ.)

Thursday, August 6, 2009

ഒരു ജാതിക്കഥ

അനന്തുവിനു തന്നെയാണ് എപ്പോഴും ഫസ്റ്റ് റാങ്ക് ലഭിക്കാറുള്ളത്.സീമാ ആന്റി കുത്തിയിരുന്നു പഠിപ്പിക്കുന്നതിന്റെ ഫലമാണെന്നു വച്ചോളൂ. കൂടാതെ പഠിക്കാന്‍ അനന്തുവിന് സവിശേഷമായൊരു താല്പര്യവും കഴിവുമുണ്ട്. അതുകൊണ്ട് റിസല്‍റ്റു വരുന്നതിനു മുന്‍പത്തെ ദിവസങ്ങളില്‍ മറ്റ് അമ്മമാരിലുള്ളതു പോലെ പിരിമുറുക്കമൊന്നും സീമാ ആന്റിയില്‍ കാണാറില്ല. ‘ഫസ്റ്റ് റാങ്ക് കാണുമോ അനന്തൂന്’ എന്നാരെങ്കിലും ചോദിച്ചാല്‍ ‘ഏതു നേരവും ടീവീടെ മുന്നിലാര്‍ന്നില്ലേ, എനിക്കറിഞ്ഞൂടാ ഇത്തവണ എങ്ങനാന്ന്’ എന്നായിരിക്കും മറുപടി. ഉള്ളില്‍ വളരെയധികം ആത്മവിശ്വാസമുളളതു കൊണ്ടാണ്‍ ഇങ്ങനെയെല്ലാം മറുപടി പറയാന്‍ കഴിയുന്നത്.
പക്ഷേ ഇത്തവണ റിസല്‍റ്റു വന്നപ്പോള്‍ അനന്തുവിനു സെക്കന്റ് റാങ്ക്. സീമാ ആന്റി ഉച്ച്യ്ക്ക് ഊണു കഴിച്ചില്ല. കിടക്കയില്‍ പോയി ഒറ്റക്കിടപ്പ്. സ്നേഹത്തോടെ അരികത്തു ചെന്ന പുലിപ്പട്ടിയെ ഒന്നു തൊഴിക്കുകയും ചെയ്തു. എനിക്കും സങ്കടം തോന്നി. അനന്തു നല്ല കുട്ടിയാണ്. ഫസ്റ്റ് റാങ്ക് കിട്ടേണ്ടതായിരുന്നു. വൈകുന്നേരം ആല്‍ഫി പോളിന്റെ മമ്മിയുടെ ഫോണ്‍ വന്നപ്പോഴാണ് സീമാ ആന്റി ശരിക്കും ദേഷ്യപ്പെട്ടത്. സിറ്റൌട്ടിലേക്കു പാഞ്ഞുവന്ന്, ലൂഡോ കളിക്കുകയായിരുന്ന അനന്തുവിനെ സീമാ ആന്റി ചെവിയില്‍ തൂക്കിയെടുത്തു. ‘ശവം. ആ റോസ് മേരി കണ്‍ ഡൊലന്‍സ് അറിയിച്ചു.നിനക്കു ഫസ്റ്റ് റാങ്ക് കിട്ടീല്ലല്ലോ’.

രാത്രി ആയപ്പോഴേയ്ക്കും ഫസ്റ്റ് റാങ്ക് കിട്ടിയ കുട്ടി ഏതാണെന്ന് സീമാ ആന്റി അന്വേഷിച്ചറിഞ്ഞു. ഡെല്‍ഹിയില്‍ നിന്നു സ്ഥലം മാറി വന്ന, ദൂരദര്‍ശനിലെ ഒരു ഉദ്യൊഗസ്ഥന്റെ മകളാണ്. ആ കുട്ടി ലാസ്റ്റ് ടേമിലാണത്രെ വന്നു ചെര്‍ന്നത്. ഡെല്‍ഹിയിലെ ഏതെങ്കിലും സെന്‍ട്രല്‍ സ്കൂളില്‍ പഠിച്ച് കുട്ടിയായിരിക്കണം. ഇവിടെ അനന്തുവിന്റെ സ്കൂളിലെ സിലബസ് മൂന്നു മാസം കൊണ്ടു പഠിച്ച് ഫസ്റ്റ് റാങ്ക് വാങ്ങിയ ബുദ്ധിശാലിയല്ലേ.

റാങ്കു നഷ്ടപ്പെട്ടത് അനന്തുവിന്റെ ശനിദശയുടെ തുടക്കമായി എന്നു പറഞ്ഞാല്‍ മതിയല്ലോ, നാലാം ക്ലാസിലെ ബുക്കുകളെല്ലാം വാങ്ങി മകനെ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണു സീമാ ആന്റി.

അങ്ങനെയിരിക്കുമ്പോഴാണ് തെക്കു വശത്തെ വീട്ടില്‍ പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞത്. ആരൊക്കെയാണ് എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല. പതിവുപോലെ ഞായറാഴ്ച വൈകീട്ടുള്ള സന്ദര്‍ശനത്തിനു വന്ന സുരേഷ് അങ്കിളും വൈഫുമാണു പറഞ്ഞത്:പുതിയ താമസക്കാര്‍ പുലയരാണ്.
‘റിയലീ’, സീമാ ആന്റിയുടെ മുഖം ചുളിഞ്ഞു.
‘കറുകറുത്ത പെലയമ്മാര്. അയ്യാക്ക് ദൂരദര്‍ശനിലാ ജോലി. നല്ല ജോലിയാ. നല്ല ശമ്പളം. ഡെല്‍ഹീലാരുന്നു. ഇവിടെ വന്ന് ഗ്രീന്‍ വാലി സ്ട്രീറ്റില്‍ ആദ്യം വീടെടുത്തു’.
‘എന്നിട്ട്?’
‘ആ വീടിന്റെ ഓണര്‍ ഗള്‍ഫീന്ന് മടങി വന്നപ്പൊ ഒഴിയേണ്ടി വന്നു. അതാ ഇവിടെ.’
‘ഇനി ഇതാ കൊച്ചിന്റെ കുടുംബമാണോ?’ സീമാ ആന്റി സ്വയം ചോദിച്ചു.
പുലയര്‍ എന്നു പറഞ്ഞാല്‍ എങനെയിരിക്കും എന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നു-‘ദെ ആര്‍ ദ ബാക് ബോണ്‍ ഒഫ് കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് ഇന്‍ കേരള’. കീര്‍ത്തി പറഞ്ഞു. ഈയിടെയായി അവള്‍ ചെറിയൊരു കമ്മ്യൂണിസ്റ്റാണ്.
‘നീഗ്രോകളെ പോലിരിക്കും’, ഗോപു പറഞ്ഞു. ‘അവരുടെ പെണ്ണുങ്ങള്‍ടെ സ്ട്രക്ചറു കാണണം. ഗോഡ് !’. വൃത്തികെട്ടവന്‍. വായെടുത്താല്‍ വൃത്തികേടേ പറയൂ. വെറുതെയല്ല കോളേജിലെ യൂണിയന്‍കാരുടെ തല്ലുകൊണ്ടത്.
പിറ്റേന്നു രാവിലെ പുതിയ താമസക്കാരെ കാണാനായി മുകളിലെ മുറിയുടെ ജനലിലൂടെ നോക്കുകയായിരുന്നു ഞാന്‍. മിക്സിയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുനേരം നിന്നിട്ടും ആരെയും കാണാതിരുന്നപ്പൊള്‍ ഞാന്‍ താഴേക്കു നടന്നു. കോണിയിറങ്ങുമ്പോള്‍, മുകളിലേക്കു വരികയാണു ഗോപു.‘അവര് അച്ഛനും മക്കളും ജൊഗിങ് നടത്തണ്ണ്ട്.’
‘ആര്’?
‘നമ്മടെ പുതിയ നേയ്ബ്സ്’. ഗൊപു വൃത്തികെട്ട ചിരി ചിരിച്ചു.‘പണ്ടായിരുന്നെങ്കില്‍ അവര്‍ നെയ്ക്കഡ് ആയി, ഐ മീന്‍ , മാറു മറയ്ക്കാതെ നടക്കുമായിരുന്നു‘. ഗോപുവിന്റെ ഇടമ്പല്ലുകള്‍ നിറഞ്ഞ വായില്‍ വെള്ളമൂറി.‘അമ്മാ, ആ മൂത്തകൊച്ച് ഓടുന്നതു കാണണം,’അവന്‍ എന്റെ മാറത്തു തുറിച്ചു നോക്കി തമാശ മട്ടില്‍ തുടര്‍ന്നു: ‘നിനക്കും ഓടിക്കൂടേ?’
‘പോടാ പട്ടീ തെണ്ടീ ശവമേ’.
ഇളിഭ്യനായി ഗോപു പുറത്തേക്കു പൊവുന്നതു നോക്കി ഞാന്‍ അല്പ്നേരം നിന്നു. വൃത്തികെട്ടവന്‍. എന്‍`ട്രന്‍സിന് പ്രിപെര്‍ ചെയ്യാനാന്നു പറഞ്ഞ് ഇടക്കിടെ എന്റെ കൂടെ കൂടാറുള്ളത് എന്തിനാണെന്ന് എനിക്കു മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല. അവന്റെ ആ പാവം അമ്മയെ ഓര്‍ത്തിട്ടാ.
അന്നു കോച്ചിങ് ക്ലാസിനു പൊയപ്പോള്‍ പുതുതായി ചേര്‍ന്ന സുപ്രിയ എന്ന കുട്ടി എന്റെയടുത്തേക്കു വന്നു.‘ഞങ്ങള്‍ കുട്ടി താമസിക്കുന്നതിനടുത്തേക്കു വീടു മാറി കേട്ടോ.‘
‘എവിടെ?’
‘നിങ്ങളുടെ വീടിന്റെ ലെഫ്റ്റിലെ വീടില്ലേ, അവിടെ ഞങ്ങളാ പുതിയ താമസക്കാര്‍.’
‘ഓ-‘.
ഞാന്‍ ഒരു പുലയപ്പെണ്ണിനോട് ആദ്യമായാണ് സംസാരിക്കുന്നത്. കറുത്തു മെലിഞ്ഞ, ഉയരമുള്ള ശരീരം. മനൊഹരമായ മുടി രണ്ടായി പകുത്തു കെട്ടിയിരിക്കുന്നു. വെളുത്തവളായിരുന്നെങ്കില്‍ നല്ലൊരു സുന്ദരിയാവുമായിരുന്നു. ഞങ്ങള്‍ പിന്നീടു പല കാര്യങ്ങളും സംസാരിച്ചു. തന്റെ അമ്മയുടെ വണ്ണത്തെപ്പറ്റി ആ കുട്ടി തമാശകളും പറഞ്ഞു. അതിന് ഒരു അനിയത്തിയുമുണ്ട്. ആ അനിയത്തിയാണ് അനന്തുവിനെ തോല്പിച്ച് ഫസ്റ്റ് റാങ്ക് വാങ്ങിയത്.
പുതിയ വീട്ടിലെ കുട്ടി എന്റെ കൂടെ എന്ട്രന്‍സ് കോച്ചിംഗിന് ഉണ്ടെന്നൊന്നും വീട്ടില്‍ ഞാന്‍ പറഞ്ഞില്ല. പിന്നെ ഉപദേശങ്ങളായിരിക്കും. അവളുമായി കൂട്ടു വേണ്ട. ചിലപ്പോള്‍ വീട്ടില്‍ വന്നേക്കും.അവളുമായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത് തുടങ്ങി ധാരാളം.
പക്ഷേ ഞാന്‍ പറയാതിരുന്നിട്ടും സീമാ ആന്റി കാര്യമറിഞ്ഞു. എങ്ങനെ അറിഞ്ഞു എന്ന് എനിക്കു മനസ്സിലായില്ല. ഒരു രാത്രി നാട്ടില്‍ നിന്ന് ആകാശിന്റെ അമ്മയും അച്ഛനും പതിവു പോലെ സുരേഷ് അങ്കിളും ആന്റിയും പിന്നെ എന്റെ പഠനത്തിന്റെ പുരോഗമനം അറിയാന്‍ ചേര്‍ത്തലെ നിന്ന് അച്ഛനും വന്നപ്പോഴാണ് സീമാ ആന്റി ചോദിച്ചത്.‘അപ്പുറത്തെ കൊച്ച് നിന്റെ കൂടെ പഠിക്കുന്നൊണ്ടോ?’
‘ഉവ്വ്’.
‘എന്നിട്ട് നീ പറഞ്ഞില്ല?’
ഞാന്‍ തല കുനിച്ചു.
‘ആരാ?’ അച്ഛന്‍ ചൊദിച്ചു.
സീമാ ആന്റി അവരെ ഒരു മാനേഴ്സുമില്ലാതെ താഴ്ത്തിപ്പറഞ്ഞുകൊണ്ട് പരിഹസിച്ചു.എനിക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
‘എന്നിട്ട്’-സീമാ ആന്റി തുടരുകയാണ്- ‘കഴിഞ്ഞ ദിവസം പരിചയപ്പെടാനെന്നും പറഞ്ഞു വന്ന മായാവതിയാണ് ഇവളും അവരുടെ കൊച്ചും ഒരിടത്താണു പഠിക്കുന്നതെന്ന കാര്യം പറഞ്ഞത്.
‘മായാവതിയൊ?’ സുധീര്‍ അങ്കിള്‍ ചോദിച്ചു.സീമാ ആന്റി കുറെ ചിരിച്ചു.
‘ഹൊ ഹൊ ഹൊ ... ആ ഗോപു ഇട്ട പേരാണ്. കറുത്തു തടിച്ച ആ സ്ത്രീക്ക് മായാവതീന്ന പേര് നല്ല പോലെ ചേരും ഇല്ലേ?’എല്ലാവരും ചിരിച്ചു.
എനിക്കു സത്യമായും ദേഷ്യം വന്നു കേട്ടോ. വണ്ണമുണ്ട് എന്നു പറഞ്ഞു പരിഹസിക്കരുത്. ഈ സീമാ ആന്റി-വെളുത്തു തടിച്ച സീമാ ആന്റി- ജയലളിതയെ പോലെയാണ് എന്നു പറഞ്ഞാല്‍ സീമാ ആന്റിക്ക് ഇഷ്ടപ്പെടുമോ? സുരേഷ് അങ്കിളിന് ഇഷ്ടപ്പെടുമോ? പോട്ടെ എന്റെ അച്ഛന് ഇഷ്ടപ്പെടുമോ? ഇല്ല. എന്നാല്‍ പിന്നെ മറ്റുള്ളവരെയും പരിഹസിക്കാതിരുന്നുകൂടേ?
‘എടീ റിതു’, അച്ഛനാണ്,’ഹാര്‍ഡ് വര്‍ക്ക് ചെയ്തില്ലെങ്കില്‍ മെഡിസിനു നീ പോവുന്ന കാര്യം സംശയമാണ്.
‘അച്ഛനെന്നെ ഡിസ്കറേജ് ചെയ്യുവാണോ?’ എനിക്കു കരച്ചില്‍ വന്നു.
‘എന്നല്ല മോളേ, അവര്‍ക്ക് സംവരണമൊക്കെയുണ്ട്. നിനക്കോ? പതിനായിരമാണ് റാങ്കെങ്കിലും അവര്‍ക്കു കിട്ടും. നിനക്കോ? നിനക്കു മെറിറ്റിലേ കിട്ടൂ.’
‘മെറിറ്റല്പം കുറഞ്ഞാല്‍ കണ്ടവരുടെ കയ്യും കാലും പിടിക്കണം’, സുരെഷങ്കിളാണ്.
‘പിന്നെ ചിലപ്പൊ കാശും കൊടുക്കണ്ടി വരും,’’സുധീറങ്കിള്‍ തന്റെ അഭിപ്രായവും പറഞ്ഞു.
‘അതൊന്നും വേണ്ടി വരില്ല. റിതുവിന് ആദ്യ നൂറു റാങ്കില്‍ ഒന്നു തീര്‍ച്ചയാണ്. ഗോ റ്റു യുവര്‍ റൂം ഡിയര്‍, ഇവരിങ്ങനൊക്കെ പറയും. ആന്‍ഡ് ബി കോണ്‍ഫിഡന്റ്.’ കീര്‍ത്തിയാണ്. എന്റെ കൂടെ നില്‍ക്കാനും എന്നെ സഹായിക്കാനും അവള്‍ മാത്രമേയുള്ളൂ.സീമാ ആന്റിയ്ക്കെങ്ങനെയാണ് ഇത്രയും നല്ല സ്വഭാവമുള്ള ഒരു മകള്‍ ജനിച്ചതെന്നൊര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്.
കട്ടിലില്‍ കിടന്ന് ഞാന്‍ അല്പനേരം കരഞ്ഞു.താഴെ സംവരണത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടക്കുകയാണ്. ‘-എന്നിട്ട് മാത്`സിന് സെവന്‍ ഔട്ട് ഓഫ് ഹണ്`ഡ്രഡ് ലഭിച്ച ഒരു എസ് സി പയ്യന് മധ്യപ്രദേശില്‍ എഞ്ചിനീയറിംഗിനു സീറ്റു കൊടുത്തു.’
‘ആരും എതിര്‍ത്തില്ലേ?’
‘ആരെതിര്‍ക്കാന്‍? ആര്‍ക്കാ ധൈര്യം?’കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം സുധീറങ്കിള്‍ പറഞ്ഞു:‘ഇങ്ങനെ സംവരണം വഴി ജോലിയും പ്രമോഷനും കിട്ടുന്നതു കൊണ്ട് ഇവര്‍ക്കെല്ലാം വല്ലാത്ത ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സായിരിക്കും. ഞാന്‍ കാഞ്ഞിരമറ്റത്തായിരുന്നപ്പൊ ഒരു എസ്സൈയുണ്ടായിരുന്നു. ഒരു എസ് സി സ്പെഷ്യല്‍ റിക്രൂട്ട്. പ്രതികളെ നന്നായി മര്‍ദ്ദിച്ച ശേഷം സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ചു മണപ്പിച്ച് അയാള്‍ ഗര്‍ജ്ജിക്കും:‘പറയെടാ, എനിക്ക് പെലയന്റെ മണമൊണ്ടൊ?’സുധീറങ്കിള്‍ എസ് ഐയെ അനുകരിച്ച് ഗര്‍ജ്ജിച്ചപ്പോള്‍ അല്പ നേരത്തേക്ക് എല്ലാവരും വീണ്ടും നിശബ്ദരായി.പിന്നെയും സംസാരിച്ചു തുടങ്ങിയതു സുധീറങ്കിള്‍ തന്നെയായിരുന്നു.‘ഈ സംവരണം നമ്മുടെ ഗവണ്മെന്റ് സര്‍വീസിന്റെ എഫീഷ്യന്‍സി ആകെ താറുമാറാക്കും.’
‘ഫൊര്‍ ദിസ് വെരി റീസണ്‍, നെഹ്രു റിസര്‍വേഷന് എഗെന്‍സ്റ്റായിരുന്നു.’
‘അതീ രാഷ്ട്രീയക്കാര്‍ക്കെല്ലമറിയാം. ഈ സംവരണ ഡോക്ടര്‍മാരെ ഭയന്ന് പാവങ്ങളുടെ മിശിഹായായ വി പി സിങ് ഇംഗ്ലണ്ടിലാ ഓപ്പറേഷന്‍ നടത്താന്‍ പോയത്.’
‘യു കാണ്ട് സേ ഇറ്റ്.’ കീര്‍ത്തി പ്രതിഷേധിച്ചു.’കോണ്‍ഗ്രസ്സുകാരും പോവാറില്ലേ? കരുണാകരനും ബാര്യേം അമേരിക്കേല്‍ പോയില്ലേ?’
‘ഓള്‍ ആര്‍ സേം’, അച്ഛനാണ്. അച്ഛന്‍ പഴയ കോണ്‍ഗ്രസ്സുകാരനാണ്. കരുണാകരനെക്കുറിച്ചു പറഞ്ഞപ്പോള്‍ അച്ഛനു നൊന്തു കാണും.
‘വാജ്പെയീടെ ‘നീ’ ഓപറേഷന്‍ അമേരിക്കേലല്ല, മുംബയിലാരുന്നു.’ കട്ടിലില്‍ കണ്ണടച്ചു കിടക്കുകയായിരുന്നെങ്കിലും കുങ്കുമപ്പൊട്ടുള്ള നെറ്റി ചുളിച്ച് സുധീറങ്കിള്‍ കീര്‍ത്തിയോടു തര്‍ക്കിക്കുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.കീര്‍ത്തി എന്തു മറുപടിയാണു പറഞ്ഞതെന്നു ഞാന്‍ കേട്ടില്ല.എന്തിനാണു വെറുതെ രാഷ്ട്രീയം പറഞ്ഞു തര്‍ക്കിക്കുന്നത്? എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ്.
നേരം കുറെ കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോള്‍ ഞാന്‍ സുപ്രിയയെക്കുറിച്ചു ചിന്തിച്ചു. നല്ല കുട്ടിയാണ്. അങ്കിളും ആന്റിയും പറയുന്നതുപോലൊന്നുമല്ല. ചിലപ്പോള്‍ എന്ട്രന്‍സില്‍ ഫസ്റ്റ് റാങ്ക് തന്നെ കിട്ടിയേക്കാം. ബസ്സ്റ്റോപ്പില്‍ നിന്ന പത്തു മിനിറ്റു കൊണ്ട് എത്ര ലളിതമായാണെന്നോ ആ കുട്ടി എനിക്ക് ബ്ലാക് ഹോള്‍സിനെക്കുറിച്ചു പറഞ്ഞു തന്നത്. താഴെയിരുന്ന് പരദൂഷണം പറയുന്ന ഇവര്‍ക്കാര്‍ക്കെങ്കിലും ബ്ലാക് ഹോള്‍സ് എന്താണെന്ന് ലളിതമായി പറയാനറിയാമോ? എന്നിട്ടാണ്-
രാവിലെ ബ്രഷില്‍ പേസ്റ്റുമായി താഴേക്കിറങ്ങി വരുമ്പോഴാണ്-
‘പല്ലു തേച്ചോളൂ-‘ കീര്‍ത്തി തോളുകള്‍ കുലുക്കിപ്പറഞ്ഞു-‘പക്ഷേ കുളിക്കണ്ട.’
‘അതെന്താ?’
‘മെയിന്‍ പൈപ്പു വീണ്ടും പൊട്ടി. നമ്മുടെ ലൈനിലെങ്ങും വെളളമില്ല’.
ഓ! ഇനിയെന്തു ചെയ്യും? കുറച്ചു നാളു മുമ്പ് ഇതുപോലെ പൈപ്പു പൊട്ടിയതാണ്. അന്ന് ഒരാഴ്ചയോളം വെള്ളമില്ലായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവമേ ഇത്തവണയും അതു പോലാവുമോ?
‘എത്ര നാളായി ഞാന്‍ പറയുന്നെന്നോ ഒരു ബോര്‍വെല്ലുണ്ടാക്കാന്‍-‘ സീമാ ആന്റി തലയില്‍ കൈ വച്ചു.
ഞങ്ങളുടെ ലൈനില്‍ ആര്‍ക്കും ബോര്‍വെല്‍ ഇല്ല. വാട്ടര്‍ അതൊറിറ്റിക്കാര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്നില്ലെങ്കില്‍ വലിയ കഷ്ടമാവും.
രാത്രിയായപ്പോഴേക്കും സുരേഷങ്കിളും ആന്റിയുമെത്തി. അവരുടെ ഫ്ലാറ്റില്‍ ബോര്‍വെല്ലുണ്ടെങ്കിലും വെള്ളം മുകളിലെ നിലകളില്‍ എത്തുന്നില്ലത്രെ.
‘ഇവമ്മാര് ഭരിക്കാന്‍ തൊടങ്ങ്യേപ്പിന്നെ ഇതു സ്ഥിരമായല്ലൊ’.സുധീറങ്കിള്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചു. പക്ഷേ കീര്‍ത്തി നിശബ്ദയായി സ്വന്തം മുറിയിലേക്കു പോയി.
പിറ്റേന്നു നേരം വെളുത്തിട്ടും വെള്ളം വരാനുളള സാധ്യതയൊന്നും തെളിഞ്ഞില്ല. രണ്ടു കെയ്സ് മിനറല്‍ വാട്ടര്‍ വാങ്ങിയതിന്റെ പരിഭവത്തിലായിരുന്നു സീമാ ആന്റി. താഴെ വളവു വരെ പോയി കിണറില്‍ നിന്നു വെള്ളം കോരിക്കൊണ്ടു വരാന്‍ ആര്‍ക്കാ കഴിയുന്നത്? ഒരു ലോറി വെള്ളം കൊണ്ടുവന്നത് എല്ലാ വീട്ടുകാരും കൂടി വീതിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പത്തു ബക്കറ്റു കിട്ടി. എന്നിട്ടെന്താവാനാണ് ?
ചെടിച്ചട്ടിയിലെ റോസുകള്‍ വാടിത്തുടങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുകയായിരുന്ന എന്നെ പിറകില്‍ നിന്ന് ആരോ വിളിക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പൊള്‍ സുപ്രിയയാണ്. മതിലിനു സമീപം നിന്ന് വിളിക്കുകയാണ്. ഞാന്‍ അടുത്തേക്കു ചെന്നു. ഞങ്ങള്‍ക്ക് എവിടെ നിന്നു വെള്ളം ലഭിക്കുന്നു എന്നറിയാനാണ് സുപ്രിയ വിളിച്ചത്. ആവശ്യമെങ്കില്‍ തങ്ങളുടെ വീട്ടില്‍ നിന്ന് യഥേഷ്ടം വെള്ളമെടുക്കാന്‍ തന്റെ അച്ഛനു സമ്മതമാണ് എന്നു സുപ്രിയ പറഞ്ഞപ്പോള്‍ എനിക്കു തുള്ളിച്ചാടാന്‍ തോന്നി. രണ്ടാമത്തെ ദിവസവും കുളിക്കാതെ നടക്കേണ്ടി വന്നാല്‍ ചേര്‍ത്തലയ്ക്കു പോകണം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനിയിപ്പോള്‍ കുളിക്കാം, ഡ്രസ്സലക്കാം, ചെടികള്‍ക്കു വെള്ളമൊഴിക്കാം...
സീമാ ആന്റി എന്നെ അവിശ്വാസത്തോടെ നോക്കി.‘സത്യം? അവര്‍ക്കെവിടെയാ കിണര്‍?’
‘കിണറല്ല, ബോര്‍വെല്‍. രണ്ടാഴ്ച മുമ്പ് പണിക്കാരെ കണ്ടില്ലേ, പഴയ ബോര്‍വെല്‍ നന്നാക്കുവായിരുന്നു.’
‘പക്ഷേ-‘
‘സുപ്രിയ എന്നോടു പറഞ്ഞൂന്നേ വന്നു വെള്ളമെടുത്തോളാന്‍’.
‘എങ്കില്‍ വേഗം ചെല്ല്. എനിക്കൊന്നു കുളിക്കണം.’
പിന്നെ ഞങ്ങള്‍ വേഗം തന്നെ ബക്കറ്റുകളുമായി സുപ്രിയയുടെ വീട്ടിലേക്കു പോയി. നീളമുള്ള ഹോസില്ലാതിരുന്നതു പ്രശ്നമായി. അവരുടെ അടുക്കള മുറ്റത്തു നിന്നു ഞങ്ങള്‍ ബക്കറ്റില്‍ വെള്ളം നിറച്ച് മതിലിനു സമീപം എത്തിച്ചു.അവിടെ നിന്ന് സുധീറങ്കിളും ഭാര്യയും സുരേഷങ്കിളും ചേര്‍ന്ന് അടുക്കളയിലും ബാത്`റൂമിലും എല്ലാം എത്തിച്ചു. അതിനു ശേഷം സുപ്രിയയ്ക്കും അമ്മയ്ക്കും നന്ദി പറഞ്ഞ് ഞാനും കീര്‍ത്തിയും മടങ്ങിയെത്തിയപ്പൊള്‍ സുധീറങ്കിള്‍ ഷര്‍ട്ടൊന്നുമിടാതെ ഫാന്‍ ഫുള്‍ സ്പീഡിലിട്ട് വെറും നിലത്തിരിക്കുകയായിരുന്നു. എല്ലാവരും നന്നായി വിയര്‍ത്തിരുന്നു.
അപ്പോഴേയ്ക്കും സീമാ ആന്റി ചായ കൊണ്ടുവന്നു.
‘ഹാവൂ,’ ചായ ഊതിക്കുടിച്ച് സുധീറങ്കിള്‍ പറഞ്ഞു:‘ഇത്ര നല്ല ചായ ഞാനിതുവരെ കുടിച്ചിട്ടില്ല.’
അതു കേട്ടപ്പോള്‍ എനിക്ക് എവിടെയോ ചെറുതായി വേദനിച്ചു. ഇത്ര നല്ല ചായ കുടിച്ചിട്ടില്ലത്രെ! സുധീറങ്കിളിന്റെ വെളുത്തു വിളറിയ കുടവയര്‍. പിന്നെ പഴുത്ത മള്‍ബറിയുടെ കളറിലെ വൃത്തികെട്ട ചുണ്ടുകള്‍. ഗോപുവിന്റേതു പോലെ വായ നിറയെ ഇടമ്പല്ലുകള്‍. എനിക്കെന്തോ, ഓക്കാനം വന്നു.
‘എന്തു പറ്റി? ആരോ ചോദിച്ചു.
ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി. എന്നിട്ടും, ഒട്ടു നിയന്ത്രിച്ചിട്ടും എനിക്കു മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല.പാതിയൊഴിഞ്ഞ ചായക്കപ്പു നീക്കി വച്ച് ഞാന്‍ സ്വയം എന്നതു പോലെ പറഞ്ഞു:‘ചായ കൊള്ളാം, പക്ഷേ-'
‘‘എന്തു പക്ഷേ?’
എല്ലാവരുടേയും മുഖം വിളറിയേക്കും എന്നറിഞ്ഞിട്ടും ഞാന്‍ പറയാനുളളതു മുഴുമിച്ചു-‘ പക്ഷേ, ഈ ചായയ്ക്ക്, കണ്ടില്ലേ, ചായയ്ക്ക് വല്ലാതെ പുലയന്റെ നാറ്റം.’
*** *** *** ***

Monday, July 27, 2009

നവ നക്സല്‍

എന്റെ ഒരു കൂട്ടുകാരന്റെ അച്ഛന്‍ ഞങ്ങളില്‍ ചിലര്‍ക്ക് ഒരു പരിഹാസപാത്രമായിരുന്നു. എടുത്തു പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു എന്നത് മാത്രമല്ല, ഒരു പഴഞ്ചന്‍ വിപ്ലവകാരി എന്ന ദുഷ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സിഗരട്ടും വലിച്ച് അധികമാരോടും സംസാരിക്കാതെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരം നല്കി കവലയില്‍ വൈകുന്നേരങ്ങളില്‍ വന്നു ബസു കാത്ത് നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. ജോലി കിട്ടി ബാംഗളൂരിനു പോവുന്നത് വരെ എന്റെ അറിവില്‍ അദ്ദേഹത്തിന് വേറെ ജോലിയോ വിനോദമോ ഇല്ലായിരുന്നു.

എന്റെ കൂട്ടുകാരില്‍ മിക്കവരും പരിഹസിക്കുമായിരുന്നെങ്കിലും അദ്ദേഹത്തോട് കടപ്പാടുള്ള ചിലര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഞാന്‍, പോലിസിലുള്ള സനീഷ്‌, പഞ്ചായത്തിലെ കലേഷ്‌, ഫെഡറല്‍ ബാങ്കിലെ ശ്രീഹരി തുടങ്ങിയ ചിലര്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞങ്ങളില്‍ പലരും ഇംഗ്ലീഷിനു തോറ്റിരുന്നു. എന്റെ അച്ഛന്റെ അപേക്ഷ പ്രകാരം എന്റെയീ കൂട്ടുകാരന്റെ അച്ഛന്‍ ഞങ്ങളെ ഒരു മാസം ഇംഗ്ലീഷ് പഠിപ്പിച്ചു. ഒരു ക്രാഷ്‌ കോഴ്സ്. മതിമറന്നു ഞങ്ങള്‍ പഠിച്ച കാലമായിരുന്നു അത്. അതിമനോഹരമായി, എന്നാല്‍ പരീക്ഷക്ക്‌ പാസവനുള്ളത് മാത്രം ഞങ്ങളെ അദേഹം പഠിപ്പിച്ചു. ഇപ്പോള്‍ എറണാകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിലെ ലോണ്‍ പ്രോസസ്സിംഗ് ഏജന്റായി നടക്കുന്ന സുമേശൊഴികെ അന്ന് പഠിച്ച എല്ലാവരും ഇംഗ്ലീഷ് സപ്ലിമെന്‍ടറി പരീക്ഷ പാസായി എന്നാണെന്റെ ഓര്‍മ. അതോടെ ഞങ്ങളില്‍ ചിലര്‍ക്ക്‌ അദ്ദേഹം മാഷായി. അത്യുഗ്രന്‍ ഇംഗ്ലീഷ്, ഉഗ്രന്‍ ജികെ. പക്ഷെ സ്വന്തം മക്കള്‍ക്ക്‌ പോലും ഒന്നും പറഞ്ഞു കൊടുക്കാനായില്ല. അത്ര വലിയ മടിയനായിരുന്നു. ഭാര്യ ഗവര്‍മെണ്‍ട് ആശുപത്രിയിലെ നേഴ്സായത് കൊണ്ടു കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു. ഗോപിനാഥനിപ്പോ എന്താ പരിപാടി എന്നാരെങ്ങിലും ചോദിച്ചാല്‍ മരക്കച്ചവടമാണ് എന്ന സ്ഥിരം മറുപടിയുണ്ട്. എന്തു മരക്കച്ചവടം? ആര്‍ക്കറിയാം?

ഈ അച്ഛനെയും ചുമന്നാണ് എന്റെ കൂട്ടുകാരനും രണ്ടു സഹോദരങ്ങളും പഠിച്ചതും വളര്‍ന്നതും. എനിക്കായിരുന്നു ഇങ്ങനെയൊരു അച്ഛനെങ്കിലെന്ന് ഞാന്‍ ഭയന്നിട്ടുണ്ട്‌. ഒരുത്തരവാദിത്തവുമില്ലാത്തയാള്. അച്ഛാ പേന വേണം, ബുക്ക്‌, സൈക്കിള്‍, ടീവി, എന്തൊക്കെ ആവശ്യങ്ങളായിരുന്നു എനിക്ക്. പക്ഷെ എന്റെ കൂട്ടുകാരന്‍ തന്റെ അച്ഛനോട് ഒന്നും ചോദിക്കാറില്ലായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലൊന്നുമില്ലായിരുന്നു.
'നിനക്കു പ്രഭ നേഴ്സിന്റെ കുട്ടികളുടെ അച്ഛനെ പോലത്തെ ഒരു അച്ഛനെ കിട്ടണം. അപ്പൊ പഠിക്കും'. അമ്മ ഇടക്കെന്നെ ശകാരിക്കുമായിരുന്ന്നു. ആ എന്റെ കൂട്ടുകാരന്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ഞാനൊക്കെ ശരാശരിക്കാരന്‍. അച്ഛന്റെ കാര്യത്തിലെ പിന്നാക്കാവസ്ഥയെ അവന്‍ തോല്‍പിച്ചത് പഠനത്തിലൂടെയായിരുന്നു.

ഞങ്ങളുടെയിടയില്‍ ആദ്യം ജോലി കിട്ടിയതും എന്റെയീ കൂട്ടുകാരന് തന്നെയായിരുന്നു. ജോലി കിട്ടി അവനങ്ങ്‌ ബാംഗളൂരിനു പോയതിനു ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അല്പം കുറഞ്ഞിരുന്നു. നാട്ടില്‍ വരുമ്പോള്‍ കാണും സംസാരിക്കും, അത്ര തന്നെ. പക്ഷെ രണ്ടു വര്‍ഷം മുന്‍പ് ഞാനും ജോലി കിട്ടി ബാംഗ്ളൂരെത്തിയപ്പോള്‍ ഞങ്ങളുടെ സൗഹൃദം ഒന്നു കൂടി ദൃഢമായി. കേരളത്തിന് പുറത്തുള്ള മലയാളി ബന്ധങ്ങള്‍ക്ക് ദൃഢതയേറുമല്ലോ.
അങ്ങനെയാണ് കൂട്ടുകാരന്‍ തന്റെ അച്ഛനെക്കുറിച്ച് എന്നോട് കൂടുതല്‍ പറയുന്നത്. ആര്‍ക്കും ഒരു ഗുണവുമില്ലാതെ- ദോഷവുമില്ല, കേട്ടോ - എങ്ങനെ തന്റെ അച്ഛന്‍ അറുപത്തഞ്ചോളം വര്‍ഷങ്ങള്‍ ജീവിച്ചു എന്ന കാര്യം കൂട്ടുകാരന്‍ സങ്കടത്തോടെ പറഞ്ഞു. മൂന്നു കുട്ടികളുടെ കാര്യമാവട്ടെ, സ്വന്തം ഭാര്യയുടെയോ, മാതാപിതാക്കളുടെയോ കാര്യമാവട്ടെ, ഒന്നും ആ മനുഷ്യന്റെ ദൈനംദിന പരിഗണനയില്‍ വന്നിരുന്നില്ല. പഴയ വിപ്ലവഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുക, ഇടയ്ക്ക് സിഗരട്ട് വലിക്കുക, തറവാട്ടു വീട്ടില്‍ പോയി അനുജന്‍ വരുത്തുന്ന ഹിന്ദു പേപ്പര്‍ അരിച്ചു പെറുക്കുക എന്നതിനപ്പുറം മറ്റൊന്നും ആ മനുഷ്യന്‍ ചെയ്തിരുന്നില്ല.
ഭാഗ്യത്തിന്, തന്റെ യൌവനകാലത്തെ സഹപ്രവര്‍ത്തകരായിരുന്നവരും ഇന്നു റെഡ് ഫ്ലാഗ്, ജെ എസ് എസ്, സി എംപി തുടങ്ങിയ പാര്‍ട്ടികളില്‍ ചേക്കേറിയവരുമായ ആളുകളുമായി ഒരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിന്റേതായ ഒരു സ്വസ്ഥത ആ കുടുംബതിനുണ്ടായിരുന്നു. സമൂഹത്തില്‍ പരിഹാസപാത്രമായെങ്കിലും രാഷ്ട്രീയ പ്രതിയോഗികളുടെയോ പോലീസിന്റെയോ ഇടപെടലുകള്‍ നേരിടേണ്ട സാഹചര്യം എന്റെ കൂട്ടുകാരന് ഉണ്ടായിട്ടില്ല.

അഞ്ചാറുമാസം മുമ്പ് നാട്ടിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ വച്ചാണ് തന്റെ അച്ഛന്റെ ഇപ്പോഴത്തെ മാറ്റത്തെപ്പറ്റി കൂട്ടുകാരന്‍ ഉത്കണ്ഠയോടെ പറയുന്നതു. അനുജന്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടില്‍ കംപ്യുട്ടര്‍ വാങ്ങിയിരുന്നെങ്കിലും അനുജത്തി എം ബി എ ക്ക് ചേര്‍ന്നതിനു ശേഷമാണ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തത്‌. ഗള്‍ഫിലുള്ള മകനെ കണ്ടുകൊണ്ടു അമ്മക്ക് സംസാരിക്കാം, അവധിക്കു വീട്ടില്‍ വരുന്ന അനുജത്തിക്ക് ഇന്റര്‍നെറ്റിന്റെ സഹായം വീട്ടിലും കിട്ടും തുടങ്ങിയ നല്ല കാര്യങ്ങളായിരുന്നു ആ തീരുമാനത്തിന് പിറകില്‍. എല്ലാവരെയും അതിശയിപ്പിക്കും വിധം കൂട്ടുകാരന്റെ അറുപത്തഞ്ചുകാരനായ അച്ഛന്‍ ചുരുങ്ങിയ ദിവസങ്ങള്‍്ക്കുള്ളില്‍ കംപ്യുട്ടര്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യാനും പഠിച്ചു.
ഒരു തവണ കൂട്ടുകാരന്‍ ലീവില്‍ വന്നപ്പോള്‍ കംപ്യുട്ടര്‍ ഡസ്ക് ടോപ്പില്‍ വോടഫോനിന്റെ പരസ്യം പോലെ ആകെ മൊത്തം ചെമപ്പായിരുന്നു. ഒത്ത നടുക്കായി ചെഗുവേര. മൈ പിക്ചര്‍ ഫോള്‍ഡറില്‍ ഡൌണ്‍ലോഡു ചെയ്ത അനേകം ചിത്രങ്ങള്‍ . ചെഗുവേര, കാസ്ട്രോ, മാര്‍ക്സ് തുടങ്ങി ചാരു മജൂംദാറും ഹ്യൂഗോ ഷാവേസുമൊക്കെ പല ആംഗിളുകളിലും വേഷങ്ങളിലും. വാര്‍ധക്യത്തില്‍ അച്ഛനൊരു ഉന്മേഷമാവട്ടെ എന്നു കരുതി മിണ്ടാതിരുന്നതു മണ്ടത്തരമായി എന്നു കൂട്ടുകാരന്‍ പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജോലിക്കായി വന്ന ബംഗാളികള്‍ താമസിക്കുന്നയിടത് തൃണമൂല്‍ കോണ്‍ഗ്രസ്സിനും ജമീ ബചാവൊ ആന്ദോളനും സിന്ദാബാദ്‌ വിളിച്ചുള്ള നാലഞ്ചു പോസ്റ്ററുകള്‍ ബംഗാളിയില്‍ പ്രിന്റെടുത്ത്‌ ഒട്ടിച്ച് കൂട്ടുകാരന്റെ അച്ഛന്‍ കീ ബോര്ടിലൂടെയുള്ള വിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു.

ബംഗാളിയില്‍ പോസ്റര്‍ വന്നത് നാട്ടുകാരില്‍ അസ്വസ്ഥതയുണ്ടാക്കി. പാര്‍ട്ടിക്കാര്‍ ഊര്‍ജ്ജസ്വലരായി. ആരാണ് പോസ്റര്‍ ഒട്ടിച്ചതെന്നു ആരും അറിഞ്ഞില്ല. കമ്പ്യുട്ടരിലെടുത്ത പ്രിന്റാണ്. ചെറുപ്പക്കാരേ ഇതു ചെയ്യൂ എന്ന മുന്‍വിധിയില്‍ കൂട്ടുകാരന്റെ അച്ഛന്‍ സംശയത്തിന്റെ ഭാഗത്തേ വന്നില്ല. കാമുകിയെ കുടുക്കാന്‍ സോണിയ ഗാന്ധിയെ വധിക്കുമെന്ന വ്യാജ ഇ മെയില്‍ ഭീഷണി സന്ദേശമയച്ച ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. പോലീസ്‌ അയാളെയും മറ്റു രണ്ടു മൂന്നു പേരെയും ചോദ്യം ചെയ്തു.

ലോകസഭ ഇലക്ഷന് നാട്ടില്‍ വന്നപ്പോഴാണ് ഞാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അറിഞ്ഞത്. കൂട്ടുകാരന്റെ അച്ഛന്‍ കൂടുതല്‍ ആക്ടീവായിരിക്കുന്നു. പുതുതായി കവലയില്‍ തുടങ്ങിയ ഹോട്ടലിലെ നേപ്പാളി ജീവനക്കരോടായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിദ്യാഭാസം. പ്രചണ്ഡയെ അറിയുമോ എന്നു ചോദിച്ചതുംഅറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഉടനെ വീട്ടിലെത്തി പ്രചണ്ഡയുടെ നാലഞ്ചു ഫോടോകളുടെ പ്രിന്റെടുത്ത് അവര്ക്കു കൊടുത്തതും പുകഴ്ത്തി സംസാരിച്ചതും പലരും അറിഞ്ഞു. നേപ്പാളികള്‍ ജോലിക്ക് നില്ക്കുന്ന ബാക്കി ഹോട്ടലുകളില്‍പ്പോലും പിന്നെ അദ്ദേഹത്തിന് കയറാന്‍ പറ്റാതായി.

പിന്നെ ദാ വരുന്നു വടക്കന്‍ കൊറിയ, ഹോണ്ടുറാസ്‌, ലാല്‍ഗഢ്. വടക്കന്‍ കൊറിയ മിസൈല്‍ ടെസ്റ്റ്‌ നടത്തിയതിനെ പുകഴ്ത്തി രണ്ടും, ഹോണ്ടുറാസിലെ പ്രസിഡന്റിനെ പട്ടാളം പുറത്താക്കിയതിനെ പിന്തുണച്ച അമേരിക്കക്ക് ശക്തമായ താക്കീതു നല്കി നാലും ലാല്‍ഗഢിനു വിപ്ലവാഭിവാദ്യം നേര്‍ന്നു കുറച്ചധികവും കംപ്യുട്ടര്‍ പ്രിന്റൌട്ടുകള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു.


നാട്ടില്‍ തന്നെയുള്ള ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ക്ക് ഇതു നല്ല തമാശയായി തോന്നി. പാര്‍ട്ടിക്കാരും പോലീസും പോസ്റ്ററുകളുടെ ഉറവിടം ഇതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ക്കും സമാധാനമായി.
അയാള് ബക്കറ്റിലെ വെള്ളമാണ്. ഒന്നും ചെയ്യൂല്ല' എന്നാണ് സരസനായ ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞതു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെക്കുറിച്ചു പോസ്റ്ററെഴുതിയാല്‍ മാത്രം പ്രതികരിക്കാം എന്ന നിലപാടിലായിരുന്നു പാര്‍ട്ടിക്കാര്‍.
കുറച്ചു ചെറുപ്പക്കാര്‍ക്ക് കൂട്ടുകാരന്റെ അച്ഛനെ ഒന്നു കളിയാക്കിയാലോ എന്ന് തോന്നി. കൊച്ചിയില്‍ നടക്കാന്‍ പോവുന്ന നിക്ഷേപ സംഗമത്തെ എതിര്‍ത്ത്‌ 'വിദേശ മൂലധനം വേണ്ടേ വേണ്ട, ലാല്‍ഗഢ് നിങ്ങളെ കാത്തിരിക്കുന്നു' എന്നൊക്കെ ചില പോസ്റ്ററുകള്‍ മൂന്നാലു ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു അത്. അയാളെ ഒന്നു പേടിപ്പിക്കാം എന്ന് പറഞ്ഞു പാന്‍ ഷോപ്പ് നടത്തുന്ന രാജന്‍ പതിവുപോലെ ബസ്‌ സ്റ്റോപ്പില്‍ സിഗരട്ടു വലിച്ചു നിന്ന അച്ഛനെ സമീപിച്ചു. 'ഇങ്ങനെ പബ്ലിക്കായി നിക്കാതെ എവിടെങ്ങിലും പോയി ഒളിക്കാന്‍ മേലെ ? സീ ബീ ഐ ക്കാര് എറങ്ങീട്ടൊണ്ട്.' പലപ്പോഴും പരിഹസിക്കാരുള്ളത് കൊണ്ടു രാജന്‍ പറഞ്ഞതു അദ്ദേഹം ഗൌനിച്ചില്ല. അല്പം കഴിഞ്ഞ ഉദയന്‍, പിന്നെ ജോബി എന്നിവരും ചെന്ന് ഉപദേശ രൂപേണ പറഞ്ഞപ്പോള്‍അദ്ദേഹത്തിന്‍ എന്തോ പന്തികേട്‌ തോന്നി. കളിയാക്കല്‍ സംഘം പ്രതീക്ഷിച്ച്തു പോലെ കൂട്ടുകാരന്റെ അച്ഛന്‍ അമ്പലനടയില്‍ പൂജ സാധനങ്ങള്‍ വില്‍ക്കുന്ന സുധിയുടെ സമീപം ചെന്നു. സുധിയെ അദ്ദേഹത്തിന് വലിയ വിശ്വാസമാണെന്നു എല്ലാവര്‍ക്കുമറിയാം.


'ആരാ എന്നെ അന്വേഷിച്ചു വന്നത് സുധീ', അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു.

'ഗോപിമാമാ ഇങ്ങനെ പുറത്തിറങ്ങി നടക്കല്ലേ', സുധി ചിരിയടക്കി പറഞ്ഞു . ഉച്ചക്ക്‌ ഒരു ഒരൊന്നൊന്നരയായപ്പൊ ഒരു ജിമ്മന്‍ തമിഴന്‍ ഒരു ഇന്നോവേല്‍ വന്നിറങ്ങി എന്നോടൊരു ചോദ്യം, വെയറീസ് ദ ഹൌസോഫ് ടെററിസ്റ്റ് ഗോപിനാഥ്. എന്റെ മാമാ, അയാള്‍ടെ കയ്യീന്ന് ഒന്നു കിട്ടിയാലൊണ്ടല്ലോ...


സുധിയുടെ വാക്കുകള്‍ കേട്ട അച്ഛന്‍ പെട്ടന്നാകെ തളര്‍ന്നു പോയി. കൂനിക്കൂടി വേച്ചുവേച്ച് ഒളിച്ചും പാത്തും എന്ന പോലെ കവലയില്‍ നിന്നു നടന്നു. കളിയാക്കല്‍ സെറ്റ് ആഘോഷപൂര്‍വ്വം ചിരിക്കുകയും നന്നായി കള്ളം പറഞ്ഞതിനു സുധിയെ അഭിനന്ദിക്കുകയും ചെയ്തു.
പക്ഷേ സുധിക്ക് പെട്ടന്നു നല്ല ഭയം തോന്നി. ഒന്നാമത് അമ്പലനടയില്‍ വച്ചാണ് ഒരു സാധു മനുഷ്യനോടു കല്ലുവച്ച നുണ പറഞ്ഞത്. അതിന് നരസിംഹമൂര്‍ത്തി തരുന്ന ശിക്ഷ സഹിക്കാമെന്നു വെയ്ക്കാം. പക്ഷേ കൂട്ടുകാരന്റെ അച്ഛന്‍ കയറി ആത്മഹത്യ ചെയ്യുകയോ മറ്റോ ചെയ്താലോ. ബൈക്കുമെടുത്ത്‌ കൂട്ടുകാരന്റെ വീട്ടിലെക്കിറങ്ങിയ സുധി ബീവറേജിനു സമീപം ഇരുട്ടില്‍ നിന്നിരുന്ന മൂന്നാലു തൊഴിലാളികളോട് അന്വേഷിച്ചപ്പോള് ‍തങ്ങള്‍ കഴിക്കാന്‍ വാങ്ങിയ ഒരു ഫുള്‍ ബോട്ടിലിന്റെ പകുതിയോളം ഒറ്റ വലിക്കു കുടിച്ചു തെക്കോട്ട്‌ നടന്നിട്ടുണ്ട് എന്ന മറുപടി കിട്ടി.


മദ്യം തൊടാത്ത മനുഷ്യന്‍ വെള്ളം പോലും ചേര്‍ക്കാതെ ഒറ്റ വലിക്കു.. സുധിക്ക് തല പെരുത്തു. മഹാ പാപമാണ് ചെയ്തിരിക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാന്‍ നരസിംഹമൂര്‍ത്തിക്ക് വഴിപാടു നേര്‍ന്നു ബൈക്ക് തെക്കൊട്ടെടുത്തു. നല്ല മഴയും തുടങ്ങിയിരുന്നു. പള്ളിയുടെ മുമ്പില്‍ ഇടവഴി തുടങ്ങുന്നിടത്ത്‌ ജപ്പാന്‍ കുടിവെള്ളക്കാരെടുത്ത വന്‍ കുഴിക്കു സമീപം ഒരു സംശയത്തില്‍ സുധി ബൈക്ക് നിറുത്തി. സംശയം കൃത്യമായിരുന്നു. കുഴിയില്‍ മലര്‍ന്നടിച്ചു ബോധമില്ലാതെ കൂട്ടുകാരന്റെ അച്ഛന്‍.

ആ പാവത്തിനെ ഭയപ്പെടുതിയത്തില്‍ നാട്ടിലാകെ അമര്‍ഷമായി. സുധിയെ വീട്ടുകാര്‍ കണക്കിന് ശകാരിച്ചു. നരസിംഹമൂര്‍ത്തിയുടെ കടുത്ത നടപടികളെക്കുറിച്ച് അടുത്തുള്ള കടക്കാര്‍ സുധിയെ ഭയപ്പെടുത്തി. ബാംഗളൂരായിരുന്ന കൂട്ടുകാരനെ ഞാനാണ്‌ ഫോണ്‍ ചെയ്തു വരുത്തിയത്. അമ്മയ്ക്കും അനുജത്തിക്കും എന്റെ വീട്ടില്‍ നിന്നു ഭക്ഷണം പൊതിഞ്ഞു ആശുപത്രിയിലെത്തിയപ്പോള്‍ ആകെ തളര്‍ന്നു, മഴയത്ത് നനഞ്ഞു, കൂട്ടുകാരന്‍ ശകാരിക്കുമോ എന്ന് ഭയന്ന് വരാന്തയില്‍ സുധി നില്‍ക്കുന്നുണ്ടായിരുന്നു.
'വാ' കൂട്ടുകാരന്‍ വിളിച്ചു.
സുധി പതിയെ പിറകെ വന്നു. കൂട്ടുകാരന്റെ അച്ഛന്‍ ഐ സി യുവിലായിരുന്നു. പുറത്ത്‌ കസേരയിലിരുന്നിരുന്ന അമ്മയ്ക്ക് സമീപം സുധി ചെന്നു.
ഞാന്‍, കൂട്ടുകാരന്‍, അനുജത്തി, ഒന്നു രണ്ട് അയല്‍ക്കാര്‍, മറ്റു ചിലര്‍. ഞങ്ങള്‍ കാഴ്ചക്കാരായി നിന്നു.
'എന്നോട് ക്ഷമിക്കണം അമ്മേ,' അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് സുധി വിതുമ്പി.
'പോട്ടെ മോനേ,' അമ്മ നിര്‍വികാരയായിരുന്നു. ' അങ്ങേരു ചെയ്തതിനു അനുഭവിക്കുന്നു'.
'മാമനൊന്നു ബോധം വന്നു ഞാന്‍ പറഞ്ഞതൊക്കെ നുണയാണെന്നു പറഞ്ഞാലേ എനിക്ക് സമാധാനമാകുവുള്ളൂ'.
'അതിന് നീ കാക്കണ്ട മോനേ,' എന്താണ് അമ്മ ഉദ്ദേശിച്ചതെന്ന് ഞങ്ങള്ക്ക് മനസ്സിലായില്ല. കണ്ണുകള്‍ തുടച്ചു അമ്മ വാക്യം പൂര്‍ത്തിയാക്കി-'പത്തറുപതു വര്‍ഷമായി ഇല്ലാത്ത ബോധം ഇനി വരുമോ?'

Thursday, June 11, 2009

mukhavura

അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി. ഓരോ ആഴ്ചയും ഓരോ കാര്യങ്ങള്‍ എഴുതണം എന്നാണ് വിചാരിക്കുന്നത്. നോക്കാം എങ്ങനെ പോവുന്നു എന്ന്.
ആദ്യത്തെ കുറിപ്പ്‌ ഉടനെ.
വായിക്കുമല്ലോ.