'ഒന്ദു സന്ന ഹുഡുഗിയ കണ്ണീരിന കഥെ' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞയിടെ ഇവിടെ കന്നടപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ചുകാണാനിടയില്ലെന്നറിയാം. തന്റെ യജമാനന്റെ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ലൈംഗീകമായി ഉപയോഗിക്കപ്പെട്ട ഒരു പതിനാറുകാരിയുടെ കഥയായിരുന്നു അത്. ബി ജെ പി സര്‍ക്കാരിനെ ശരിക്കു കുത്താനായി കോണ്‍ഗ്രസ്സുകാരും ജനതാദളുകാരും ഈ വാര്‍ത്ത ഉപയോഗിച്ചിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദളിന് ഒരു സീറ്റില്‍ ജയിക്കാനും ഈ വിഷയം കാരണമായി. പക്ഷേ, പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നു വെളിച്ചത്തായപ്പോള്‍ വാര്‍ത്ത പതിയെ രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചു. മാധ്യമങ്ങളാവട്ടെ പുതിയ വാര്‍ത്തകളുടെ പിറകെയുമായി. അങ്ങനെ ഇന്ന് ആ വിഷയം തന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്.
ഈ വാര്‍ത്തയുമായി ബന്ധമൊന്നുമില്ലെങ്കിലും കഥാപാത്രമായി ഒരു വേശ്യ രംഗത്തു വരുന്ന ഒരു സംഭവം രണ്ടുദിവസം മുമ്പു നടന്നു. ഈ സംഭവം പത്രത്തിലൊന്നും വരില്ല, കാരണം എനിക്കു മാത്രമേ ഇതിനെക്കുറിച്ചറിയാവൂ. എന്നാലും എല്ലാവരും, കുറഞ്ഞപക്ഷം വേശ്യകളെങ്കിലും ഇതറിഞ്ഞിരിക്കണം എന്നതു കൊണ്ടാണ് ഞാനിതു പുറത്തു പറയുന്നത്- ഇനിയും ആര്‍ക്കും ചതിവു പറ്റരുതല്ലോ.
സ്റ്റേഷന്‍ റോഡിലെ മയൂരാ ഹോട്ടല്‍ അറിയാമല്ലോ. മാസത്തിലൊരിക്കലെങ്കിലും പോലീസ് റെയ്ഡും അറസ്റ്റും നടക്കാറുള്ളതുകൊണ്ട് മയൂരയെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലും കാണാതെ തരമില്ല. ആ ഹോട്ടലിന്റെ അക്കൌണ്ട് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലാണ്. ഹോട്ടലിന്റെ മാത്രമല്ല, അവിടത്തെ നാലഞ്ചു ജീവനക്കാരുടെ സേവിംഗ്സ്അക്കൌണ്ടും ഉണ്ട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ദീപിക എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയുടെ അക്കൌണ്ടും ഞങ്ങളുടെ അടുത്താണ്. അക്കൌണ്ട് തുടങ്ങി എട്ടു മാസമേ ആയിട്ടുള്ളൂ, മാസാമാസം ഇരുപതിനായിരം രൂപയോളം നാട്ടിലേക്കയക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന ജോലിക്ക് എന്തായിരിക്കും ശമ്പളം എന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. പിന്നെ ഇത്രയും വരുമാനം എങ്ങനെ എന്നാരെങ്കിലും ചോദിച്ചാല്‍ ടിപ്പ് കിട്ടുന്നതാണെന്ന് ഒരുപക്ഷേ പറയുമായിരിക്കും. പക്ഷേ സത്യം മറ്റതാണ്. ഞങ്ങളുടെ പ്യൂണാണ് പറഞ്ഞത്:
‘അത് സൂളെയാണ് സാറേ’.
എല്ലാവര്‍ക്കും അദ്ഭുതമായി. പക്ഷേ എനിക്കിതു നേരത്തേ തോന്നിയിരുന്നു. മുമ്പും ആന്ധ്രായില്‍ നിന്നൊരു യുവതിയുണ്ടായിരുന്നു മയൂരയില്‍. കഴിഞ്ഞവര്‍ഷം കല്യാണമുറച്ചപ്പോള്‍ രണ്ടരലക്ഷം രൂപ ഡെപ്പോസിറ്റ് ക്ലോസു ചെയ്തു പോയ ആ യുവതിയുടെ പേരു മറന്നു. പക്ഷേ പണി മറ്റതായിരുന്നു എന്നറിയാം. ഇപ്പോള്‍ കണ്‍ഫര്‍മേഷനായ അന്നത്തെ പ്രൊബേഷനറി ഓഫീസര്‍ അവളുമായി ഒന്നടുക്കാന്‍ കുറച്ചുനാള്‍ ശ്രമിച്ചതാണ്. ധൈര്യം പോരാത്തതു കൊണ്ടും എയിഡ്സ് ഭയമുള്ളതു കൊണ്ടും അന്നു കാര്യം നടന്നില്ല. ഇപ്പോള്‍ ഈ ദീപികയോട് ചെറിയ താല്പര്യമുണ്ട് അയാള്‍ക്ക്. ബാങ്കില്‍ വന്നാല്‍ ദീപിക മിക്കവാറും എന്റെയടുത്താണ് വരിക. കൂടുതല്‍ കാത്തുനിറുത്താതെ കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതുകൊണ്ടും മറ്റുമാവണം. അല്ലാതെ മറ്റൊന്നുമുണ്ടായിട്ടല്ല, കേട്ടോ, ഞാനത്തരക്കാരനൊന്നുമല്ല എന്ന്‍ എല്ലാവര്‍ക്കുമറിയാം. ഇന്റര്‍നെറ്റില്‍ നീലപ്പടങ്ങള്‍ എത്രയോ മറ്റുള്ളവര്‍ കാണുന്നു. ഞാന്‍ അങ്ങോട്ടേയ്ക്ക് എത്തിനോക്കാറുപോലുമില്ല. അതിലൊന്നും എനിക്കത്ര താല്പര്യമില്ല, അതുതന്നെ കാര്യം. ഇതൊക്കെ കാണുന്നതില്‍ എന്തു സുഖമാണുള്ളത്? വെറുതെ സമയം കളയല്‍. എന്റെ കാര്യമറിയാമോ, നന്നായി കക്കൂസില്‍ പോകുമ്പോഴാണ് എനിക്കേറ്റവും സുഖം. വളരെ നേരം മുട്ടിയിരുന്ന് അവസാനം കക്കൂസില്‍ പോവുമ്പോള്‍, സത്യം പറയാമല്ലോ, പണ്ട് സാഹിത്യവാരഫലം വായിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്നതിനെക്കാള്‍ ആനന്ദം ലഭിക്കാറുണ്ട്.
അതെന്തുമാവട്ടെ, ഞാന്‍ പറഞ്ഞു തുടങ്ങിയ കാര്യം തുടരാം.ഒരു ദിവസം ഞാന്‍ ഫോറിന്‍ എക്സ്ചേഞ്ച് സെക്ഷനില്‍ ഇരിക്കുമ്പോള്‍ ഒരു നൂറു ഡോളറിന്റെ നോട്ടുമായി ദീപിക വന്നു. മടിച്ച്, ചെറുതായി ഭയന്ന്, ചുരുട്ടി റോളാക്കിയ ആ ഡോളര്‍ നോട്ട് എന്റെ നേരെ വച്ചു നീട്ടി.
‘രൂപയായി മാറ്റിത്തരുമോ?’
ഞാന്‍ ആ നോട്ട് ഫെയ്ക് ഡിറ്റക്റ്ററില്‍ വച്ചുനോക്കി. ഒരാശ്വാസത്തിനു ചെയ്യുന്നതാണ്. ആയിരത്തിന്റെ പോലും കള്ളനോട്ട് മനസ്സിലാവാതെ പോവറുണ്ട്. പിന്നെയല്ലേ ഡോളര്‍! എന്നാലും മനപ്പൂര്‍വ്വം ആരെങ്കിലും കള്ളനോട്ടുമായി വരുന്നതു നിരുത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ഇതുപയോഗിക്കുന്നത് തുടരുന്നു എന്നുമാത്രം.
ഡോളറെടുത്ത് ഞാന്‍ ചുമ്മാ തലകുലുക്കി.
‘അയ്യോ, കള്ളനോട്ടാണോ?’ അവള്‍ ഭയന്നു.
‘ഇതെവിടുന്നു കിട്ടി? ഞാനല്പം ഗൌരവത്തോടെ ചോദിച്ചു.
‘ഇന്നലെ...’അവളൊന്നു നിറുത്തി-‘ഒരു കസ്ടമര്‍ ടിപ്പ് തന്നതാണ്.’
‘നൂറു ഡോളറോ?’ ഞാന്‍ അദ്ഭുതപ്പെട്ടു.’ടിപ്പ് തന്നെയാണോ...?’
‘അല്ല സര്‍,’ അവള്‍ നാണത്തോടെ തുടര്‍ന്നു: ‘ഒരു കസ്റ്റമര്‍ തന്നതാണ്’.
നൂറുഡോളര്‍ വാങ്ങിയിട്ട് ഞാന്‍ അയ്യായിരം രൂപ കൊടുത്തപ്പോള്‍ അവള്‍ ഹര്‍ഷോന്മാദം കൊണ്ടു ബോധം കെട്ടില്ലന്നേയുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഇത്ര പണമോ?
അവളത് അന്നുതന്നെ നാട്ടിലേക്കയച്ചു.
അതുകഴിഞ്ഞ് രണ്ടുമാസത്തോളമായി. പിന്നെ ഇടയ്ക്കിടെ എന്നോട് ചെറിയ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് ഡേറ്റഡ് ചെക്കു കൊടുത്ത് ഒരു എല്‍ സി ഡി ടിവി വാങ്ങി നാട്ടിലേയ്ക്കയച്ച കാര്യവും മറ്റും എന്നോടു പറഞ്ഞിരുന്നു. ഞങ്ങളുടെ ഓഫീസര്‍ പയ്യന്റെ കാര്യം ഞാന്‍ തമാശ മട്ടില്‍ സൂചിപ്പിച്ചപ്പോള്‍ തനിക്കു വിരോധമൊന്നുമില്ലെന്നും താന്‍ വിശ്വസിച്ച് ഇടപെടാന്‍ കൊള്ളാവുന്ന ആളാണെന്നും (രോഗങ്ങളൊന്നുമില്ലെന്ന അര്‍ഥത്തില്‍)വേണമെങ്കില്‍ എന്തെങ്കിലും കണ്‍സെഷന്‍ കൊടുക്കാമെന്നും അവള്‍ പറഞ്ഞു. അവളിങ്ങനെ പറഞ്ഞത് ഞാനാ ഓഫീസറോടു പറയാന്‍ പോയില്ല. എനിക്കീ ബാങ്കുജോലി തന്നെ ധാരാളം. എനിക്കു സൈഡു പണി വേറെയാണ് എന്ന പരാതിയും പിന്നെയുണ്ടാവും. എന്തിനാണു വെറുതേ...
അങ്ങനെയങ്ങു പോവുമ്പോഴാണ് ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞപ്പോള്‍ ബാങ്കിലേയ്ക്ക് അവളുടെ ഫോണ്‍ വരുന്നത്. കാഷ് ക്ലോസുചെയ്ത് സ്റ്റോക്കില്‍ മാനേജരുടെ ഒപ്പും വാങ്ങി അകത്തു വെയ്ക്കാനൊരുങ്ങുകയായിരുന്നു. എന്നോടു സംസാരിക്കണമെന്ന് അവള്‍ പറഞ്ഞു.
‘നാളെയെന്തോ നല്ല പ്ലാനുണ്ടല്ലോ,’ ഫോണെനിക്കു തരുമ്പോള്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച ഓഫീസര്‍ മുനവച്ചു ചോദിച്ചു.
ഞാന്‍ രൂക്ഷമായൊന്നു നോക്കിയപ്പോള്‍ അവന്റെ മുഖത്തെ പ്രകാശം മാഞ്ഞു. പയ്യന്‍ ജോലിത്തിരക്കുണ്ടെന്ന പോലെ എങ്ങോട്ടേയ്ക്കോ പോയി.
‘സര്‍, വീണ്ടും ഡോളര്‍ കിട്ടിയിട്ടുണ്ട്’. ദീപിക പറഞ്ഞു.’ രൂപ കിട്ടുമോ?’
‘ഉവ്വല്ലോ, എത്രയുണ്ട്?’
‘പതിനായിരം സര്‍, പതിനായിരം.. എനിക്കെത്ര കിട്ടും സര്‍?’
പതിനായിരം ഡോളറോ! എനിക്കു ചെറിയ ഞെട്ടലും വലിയ അദ്ഭുതവും തോന്നി. ഞങ്ങളുടെ ഈ ചെറിയ ശാഖയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഇത്രയും കൂടുതല്‍ വിദേശകറന്‍സി വ്യാപാരം ഒറ്റയടിക്കു നടക്കുന്നത്. പതിനായിരം ഗുണം അന്‍പത് സമം അഞ്ചു ലക്ഷം. ഇതില്‍ ഒരു നാലുലക്ഷം അവള്‍ ഡെപ്പോസിറ്റു ചെയ്താല്‍, ഞാന്‍ കാന്‍വാസ് ചെയ്തതെന്നു രേഖപ്പെടുത്തിയാല്‍ അടുത്ത പ്രൊമോഷന്‍ സമയത്ത് എനിക്കൊരു സഹായമായിരിക്കും.
‘മിസ് ദീപിക, നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ചുലക്ഷം രൂപ കിട്ടും...’
‘സര്‍ സര്‍ സത്യമാണോ? സത്യമാണോ? ഞാനങ്ങോട്ടു വരട്ടേ? ഇപ്പോള്‍ എനിക്കൊരു ഇരുപതിനായിരം തരാമോ? അല്ല, ഒരു നാല്‍പ്പതു തരാമോ? ബാക്കി എന്റെ പാസ്ബുക്കില്‍ കിടക്കട്ടെ.’ ആവേശം കൊണ്ട് അവളുടെ ശബ്ദം ഇടറി. ചോദിച്ചതു തന്നെ വീണ്ടും വീണ്ടും ചോദിച്ചു.
‘അയ്യോ ക്ഷമിക്കൂ ദീപിക. ഇന്നു ശനിയാഴ്ചയല്ലേ, പന്ത്രണ്ടരയ്ക്ക് കാശെല്ലാമെടുത്ത് അകത്തു വച്ചില്ലേ? ഇനി തിങ്കളാഴ്ച.’
‘അയ്യോ സര്‍ എന്തു ചെയ്യും ഞാന്‍? എന്റെ ചേച്ചിയുടെ കല്യാണമാണ്. ഡ്രസ്സെടുക്കാന്‍ നാട്ടില്‍ നിന്ന് അനുജന്‍ വന്നിട്ടുണ്ട്. എന്റെ കയ്യിലാകെ നാലായിരം രൂപയേ കാണൂ. സാര്‍ ഒന്നു ശ്രമിച്ചാല്‍..’
ഞാനെന്തു ചെയ്യും. എല്ലാവരും പോവാനുള്ള തിരക്കിലാണ്. അവള്‍ എവിടെ നിന്നാണ് വിളിക്കുന്നതെന്നറിയില്ല.ഇനി അവള്‍ വന്ന് ഡോളര്‍ മാറി രൂപയാക്കി... എപ്പോഴാണ്..?
അവള്‍ വീണ്ടും എന്നെ നിര്‍ബന്ധിച്ചു. എനിക്കെന്തു ചെയ്യാന്‍ കഴിയും? വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങാനും പണത്തിനു പകരം ചെക്കു കൊടുക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മാര്‍വാഡികള്‍ ചെക്കു വാങ്ങിയും സാധനങ്ങള്‍ കൊടുക്കും. കൃത്യമായ വിലാസം കൊടുക്കണമെന്നു മാത്രം. ചെക്കു മടങ്ങിയാല്‍ പൈസ ഈടാക്കാന്‍ അവര്‍ക്കറിയാം.
പണത്തിനു പകരം ചെക്കു കൊടുത്താല്‍ മതിയല്ലോ എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവള്‍ക്ക് തല്‍ക്കാലം ആശ്വാസമായി. തിങ്കളാഴ്ച വരാം എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. ഡോളറിന്റെ കാര്യം ഞാനാരോടും പറഞ്ഞില്ല. എന്തു കൊണ്ടോ എനിക്കൊരു വിശ്വാസക്കുറവുപോലെ തോന്നി. പതിനായിരം ഡോളര്‍ ആരെങ്കിലും സഹശയനത്തിനു കൊടുക്കുമോ?
യാദൃശ്ചികമായി ഞായറാഴ്ച വൈകീട്ട് ഞാന്‍ ദീപികയെ കണ്ടു. എന്റെയൊരു സുഹൃത്തിനെ യാത്രയാക്കാന്‍ ബസ്`സ്റ്റാന്റില്‍ പോയതായിരുന്നു. ചിരിച്ചുകൊണ്ട് അവള്‍ അടുത്തേയ്ക്കു വന്നു. അവള്‍ അനുജനെ യാത്രയാക്കാന്‍ വന്നതാണ്. ഇരുപതിനായിരം രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയത്രേ. ചെക്കാണ് കൊടുത്തത്.
‘അവന് ഗള്‍ഫില്‍ പോവാനും പറ്റും സര്‍. അടുത്തയാഴ്ച ഞാന്‍ ഒരുലക്ഷം രൂപ കൊടുത്തയയ്ക്കും. പിന്നെ, ചേച്ചിയുടെ കല്ല്യാണം പൊടിപൊടിയ്ക്കും.’
നിങ്ങളുടെ കല്യാണത്തിനും പണം ബാക്കിവെക്കാന്‍ മറക്കരുത് കേട്ടോ. ഞാന്‍ തമാശ പറഞ്ഞു.
അവള്‍ നാണമഭിനയിച്ചു തല കുനിച്ചു. അവളുടെ സന്തോഷം എന്തുമാത്രമായിരുന്നെന്നോ! എനിക്കും സന്തോഷം തോന്നി. താന്‍ ഈ ചീത്ത ജീവിതം നിറുത്തുകയാണെന്നും ഒന്നുരണ്ടാഴ്ചയ്ക്കകം ചേച്ചിയുടെ കല്യാണത്തിനു പോവുകയാണെന്ന വ്യാജേന നാട്ടിലേയ്ക്കു പോവുകയാണെന്നും പിന്നെയൊരു മടക്കമില്ലെന്നും പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നല്ല തിരക്കായിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ ബദ്ധപ്പെട്ട് ‘സര്‍ സര്‍‘ എന്നു വിളിച്ച് കൌണ്ടറില്‍ നില്‍ക്കുകയാണ് ദീപിക. മുഖത്താകെ പരിഭ്രമം. എനിക്കു ഭയമായി. ആ ഡോളര്‍ നോട്ടുകളെങ്ങാനും നഷ്ടപ്പെട്ടുകാണുമോ? ജോലിയൊതുക്കി ഞാന്‍ വേഗം തന്നെ പുറത്തേയ്ക്കു ചെന്നു.
‘സര്‍ രൂപ കിട്ടില്ലെന്ന് ആ സാറു പറയുന്നു’ അവള്‍ ഫോറിന്‍ എക്സ്ചേഞ്ചിലേക്കു കൈ ചൂണ്ടി കരയാന്‍ തുടങ്ങി.
‘‘ഞാനൊന്നു നോക്കട്ടെ‘, എനിക്കു ദേഷ്യം വന്നു. ആറുമാസത്തേയ്ക്കുള്ള താല്‍ക്കാലിക ജീവനക്കാരനാണ്. ഡോളര്‍ റേറ്റൊന്നും അറിയില്ലായിരിക്കാം. കസ്റ്റമറെ ഇങ്ങനെ ഭയപ്പെടുത്താമോ?
‘എന്താണു മഞ്ജുനാഥ് ഇവരുടെ ഡോളറിനു പ്രശ്നം?
‘സര്‍ ഇതു ലിറയാണ്. ഇറ്റലീലെ പഴയ കറന്‍സി. ഡോളറല്ല. പറഞ്ഞിട്ട് ഇവരു സമ്മതിക്കണില്ല.’ ഒരു ഫോറിന്‍ കറന്‍സി എന്റെ നേര്‍ക്കു നീട്ടി അവന്‍ പറഞ്ഞു.
ഒ! കഷ്ടം. പതിനായിരത്തിന്റെ ഒരു ഇറ്റാലിയന്‍ ലിറ. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുമ്മാ അവളെ നോക്കി. അവള്‍ക്ക് കൂടുതല്‍ ഭയമായി. എന്തോ അപകടം സംഭവിച്ചുവെന്ന് മനസ്സിലായി. ഞാന്‍ അവളെ വിളിച്ചു മാറ്റി നിറുത്തി ശബ്ദം താഴ്ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്നു ഡോളര്‍ കൊടുത്ത ആളു തന്നെയാണ് ഈ ലിറയും കൊടുത്തത്. ഇത്തവണ- അവളാദ്യമായി- ഒരു നീലച്ചിത്രത്തിലെ അഭിനേത്രിയുമായത്രെ! ഇനി ഞാനെന്തു പറയും?
ഞാന്‍ വിചാരിച്ചാല്‍ രൂപ കിട്ടുമെന്നാണ് ഇപ്പോഴും അവളുടെ ധാരണ. ഞാനാ നോട്ട് അറിയാതെ മണത്തു. നല്ല സുഗന്ധം. പിന്നെ എങ്ങനെയോ പറഞ്ഞു:
‘ഇതു ഡോളറല്ല. ലിറ എന്നു പറയും. ഡോളര്‍ അമേരിക്കയിലെ പണമാണ്. ഇത് ഇറ്റലി എന്ന രാജ്യത്ത് പണ്ടുണ്ടായിരുന്ന കറന്‍സിയാണ്. ഇപ്പോള്‍ ആരുമെടുക്കില്ല.‘
‘സര്‍ എനിക്ക് അല്പമെങ്കിലും.. അന്‍പതിനായിരം എങ്കിലും... എന്റെ അനിയന് ഗള്‍ഫില്‍.. എന്റെ ചെക്ക് പാസാവാന്‍.. മാര്‍വാഡികള്‍ അല്ലെങ്കില്‍ എന്നെ...’
അവള്‍ വിങ്ങിപ്പൊട്ടലിന്റെ വക്കത്തായി. നീയായി നിന്റെ പാടായി എന്നു പറഞ്ഞ് തിരിഞ്ഞുനടക്കാന്‍ എനിക്കായില്ല. സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ക്കു തെറ്റിയതാണ്. ഡോളറാണെന്നു തെറ്റിദ്ധരിച്ച് നിങ്ങള്‍ എന്നോടു പറഞ്ഞു. എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?’
‘സര്‍ ലക്ഷങ്ങളുടെ കാര്യം പറഞ്ഞിട്ട്...’ അവള്‍ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ സാധനങ്ങളെല്ലാം വാങ്ങി ചെക്കു കൊടുത്തിട്ട്... ഇനി എന്തു ചെയ്യും സര്‍? മാര്‍വാഡികള്‍ എന്നെ..’ അവള്‍ പെട്ടന്ന് മുട്ടുകുത്തിയിരുന്നുപോയി.
ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. നേരത്തേ ഞാന്‍ സൂചിപ്പിച്ച ഓഫീസര്‍ മാനേജരുടെ അടുത്തേയ്ക്കു പായുന്നതു ഞാന്‍ കണ്‍കോണിലൂടെ കണ്ടു. അവളോടു തോന്നിയ സഹതാപമെല്ലാം മാറ്റിവച്ച് ഞാന്‍ ഒന്നും പറയാതെ എന്റെ സീറ്റിലേയ്ക്കു പോയി. മാനേജരെന്തെങ്കിലും ചോദിക്കുമോ എന്ന ആശങ്കയായിരുന്നു എനിയ്ക്ക്. തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാലും..
പുരോഗമനവാദിയാണ് വ്യതസ്തനാണ് എന്നൊക്കെ കാണിക്കാന്‍ ഇത്തരം ആളുകളുമായിട്ടൊക്കെ സാധാരണമട്ടില്‍ പെരുമാറുന്ന എനിക്കു കിട്ടേണ്ടതു തന്നെയാണിത്.
പിന്നെ രണ്ടുമൂന്നു ഫോണ്‍വിളികള്‍ക്കും ചെക്കു പാസുചെയ്യലിനും ശേഷം എന്റെ മൂഡൊന്നു മാറിയപ്പോള്‍ ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി. ഭാഗ്യം. അവള്‍ പോയി. പോയതല്ല, സെക്യൂരിറ്റി പറഞ്ഞുവിട്ടതാണ്. ഞാന്‍ കരുതിയതുപോലെ ആളുകളാരും എന്നെ തുറിച്ചു നോക്കുനൊന്നുമില്ല. മറ്റേ ഓഫീസര്‍ വേറെന്തോ കാര്യത്തിനാണ് മാനേജരുടെ അടുത്തു പോയത്.
എനിക്കു നല്ല ആശ്വാസം തോന്നി. എന്നാല്‍ വല്ലാത്ത കുറ്റബോധവും. ഞാന്‍ പറഞ്ഞിട്ടല്ലേ അവള്‍ ചെക്കു കൊടുത്തത്. ഒരു ബാങ്കുദ്യോഗസ്ഥനെയല്ലേ അവള്‍ വിശ്വസിച്ചത്. അവളുടെ പക്കലുണ്ടായിരുന്നത് ഡോളര്‍ തന്നെയെന്ന് ഉറപ്പു വരുത്താതിരുന്ന ഞാന്‍ തന്നെയല്ലേ യഥാര്‍ത്ഥ കുറ്റവാളി?
ഇന്നലെ മാര്‍വാഡിയുടെ ജോലിക്കാരന്‍ അവളുടെ ചെക്കുമായി വരുന്നതും അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മടക്കിയ ചെക്കുമായി തിരികെപോവുന്നതും ഞാന്‍ കണ്ടു. പണം പിടുങ്ങാന്‍ മാര്‍വാഡിയുടെ ആള്‍ക്കാര്‍ ഇനിയെന്തൊക്കെ ചെയ്യുമായിരിക്കും?
ആ! ഞാനൊരു നെടുവീര്‍പ്പിടുന്നു. ഇങ്ങനെ എത്രയോ ആളുകള്‍ സാമ്പത്തികമായി ഉയരുന്നതും താഴുന്നതും ഞങ്ങള്‍ ബാങ്കുകാര്‍ കാണുന്നു. പണ്ടു പൂന്താനം പാടിയതുപോലെ തന്നെ. അങ്ങനത്തെ ഒരു കസ്റ്റമര്‍ കൂടി. ഞാനങ്ങനെ കരുതിയാല്‍ പോരേ? രോഗികള്‍ മരിച്ചാല്‍ ഡോക്ടര്‍മാര്‍ കരയാറുണ്ടോ? ഇല്ലല്ലോ. അതുപോലെ കസ്റ്റമര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ ഒരു ബാങ്കര്‍ സങ്കടപ്പെടാന്‍ പാടില്ല. ശരിയല്ലേ?
പക്ഷേ എല്ലാവരും, പ്രത്യേകിച്ചും വേശ്യകള്‍, അറിയേണ്ട ഒന്നുണ്ട്. അതാണ് ഞാന്‍ തുടക്കത്തില്‍ പറയാന്‍ തുടങ്ങിയത്. വേശ്യാവൃത്തി നല്ല സാമ്പത്തിക വരുമാനമുള്ള ഉപജീവനമാര്‍ഗ്ഗമാണ്. പക്ഷേ ഇതിനു തുനിഞ്ഞിറങ്ങും മുന്‍പ് ഫെറ, ഫെമ തുടങ്ങിയ ആക്റ്റുകളെക്കുറിച്ചും ഫോറിന്‍ എകചേയ്ഞ്ചിനെക്കുറിച്ചും, കുറഞ്ഞപക്ഷം വിദേശ നോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം. കാരണം ആഗോളവത്കരണത്തിന്റെ ഈ മാറിയ സാഹചര്യത്തില്‍ അറിവ് എന്നത് എല്ലാവര്‍ക്കും കൂടിയേ തീരൂ.
( ഈ സംഭവം ഒരു കൌതുകവാര്‍ത്ത പോലെ ഒരു കന്നടപ്പത്രത്തില്‍ കൊടുത്താലോ എന്ന ആലോചനയുണ്ട്. ഭാഷ അത്ര വശമില്ലെങ്കിലും ഒപ്പിച്ചങ്ങെഴുതാം. ശീര്‍ഷകം ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു: ഒന്ദു ആന്ധ്രാവേശ്യാള കണ്ണീരിന കഥെ.)
No comments:
Post a Comment