Monday, April 22, 2024

ഇടപാടുകൾ നടത്താൻ ഇനി വെറും കീചെയിൻ മതിയാവും

 



ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇപ്പോൾ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം.

ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാവുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു ലഭിക്കുന്നത്.

കാർഡും യുപിഐയും മറ്റുമുപയോഗിച്ചുള്ള ഇടപാടുകൾക്കു പകരം കടയിലൊക്കെ പോയി ഇനി ചുമ്മാ കീചെയിൻ വീശിക്കാണിച്ചാൽ മതി എന്നർഥം!

📌എവിടെയൊക്കെ ഉപയോഗിക്കാം?

എൻസിഎംസി ലഭ്യമാക്കിയിട്ടുള്ള പിഒഎസ് മെഷീനുകളിലും മെട്രോയിലും മറ്റും ഫ്ലാഷ്പേ അനായാസം ഉപയോഗിക്കാം.

📌എത്ര രൂപ വരെ ഇടപാടു നടത്താം?

പിൻ നൽകാതെ പരമാവധി 5000 രൂപ വരെയുള്ള ഇടപാടാണ് നടത്താനാവുക. ഇങ്ങനെ പ്രതിദിനം പരമാവധി 5 ഇടപാടുകൾ വരെ നടത്താം.

അയ്യായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് പിൻ നൽകേണ്ടതാണെന്നതു മാത്രമല്ല, ഇടപാടുതുക പരമാവധി തുക ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

📌ഫ്ലാഷ് പേ ലഭിക്കാൻ എന്തു ചെയ്യണം?

ഫെഡറൽ ബാങ്ക് ശാഖയിലോ ഫെഡ്നെറ്റ് വഴിയോ ഫെഡ് ഇ പോയിന്റിൽ ലോഗിൻ ചെയ്ത് ഡെബിറ്റ് കാർഡ് ആപ്ലിക്കേഷൻ ടാബ് വഴിയോ ഫ്ലാഷ്പേ ആവശ്യപ്പെടാവുന്നതാണ്. ആവശ്യപ്പെട്ട് 7-10 ദിവസത്തിനകം ഫ്ലാഷ്പേ വീട്ടിലെത്തും.

📌ഫീയും ചാർജുകളും:

ഫ്ലാഷ് പേ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ചാർജൊന്നും ഈടാക്കുന്നതല്ല. ജോയിനിംഗ് ഫീ 499 രൂപയും വാർഷിക ഫീ 199 രൂപയുമാണ്.

📌മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ? 

ഫ്ലാഷ്പേ ഉപയോഗിച്ച് പെട്രോൾ/ ഡീസൽ വാങ്ങുമ്പോൾ 125 രൂപ കാഷ്ബാക്ക് ലഭ്യമാണ്.

📌കീ ചെയിൻ നഷ്ടപ്പെട്ടാൽ : 

ഫെഡ്മൊബൈൽ/ ഫെഡ്നെറ്റ് വഴിയോ കസ്റ്റമർ കെയർ അഥവാ 0484- 6716700 എന്ന നമ്പറിൽ വിളിച്ചോ ഇടപാടുകൾ തടയാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് പേയ്മെന്റ്: മിനിമം മാത്രം അടയ്ക്കാൻ നിൽക്കല്ലേ; മാക്സിമം പണി കിട്ടാം

 

മാസതവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു സവിശേഷതയുണ്ട്.
അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതിയാകും എന്നതാണ് ആ സവിശേഷത.
ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞതുകയെ മിനിമം ഡ്യൂ എമൗണ്ട് എന്നാണു പറയുന്നത്. ബിൽ തുകയുടെ അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് മിനിമം ഡ്യൂ ആയി ബാങ്കുകൾ പൊതുവെ കണക്കാക്കാറ്. അതായത്, 12,000 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് കാർഡ് ബില്ലെങ്കിൽ 600 മുതൽ 1200 രൂപ വരെയായിരിക്കും മിനിമം ഡ്യൂ എമൗണ്ട്.
മിനിമം ഡ്യൂ എമൗണ്ടിന്റെ ഗുണങ്ങൾ
• ബിൽ തുക മുഴുവനായി അടയ്ക്കാതിരിക്കുമ്പോൾ സിബിൽ സ്കോർ മോശമാവുന്ന സാഹചര്യം മിനിമം ഡ്യൂ എമൗണ്ട് അടയ്ക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്.
• നിയമപരമായി അടയ്ക്കേണ്ട കുറച്ചെങ്കിലും തുക അടച്ചു എന്നു പരിഗണിക്കുന്നതിനാൽ മിനിമം ഡ്യൂ എമൗണ്ട് അടയ്ക്കുകയാണെങ്കിൽ ലേറ്റ് പേയ്മെന്റ് ഫീ ഈടാക്കുന്നതല്ല.
• ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനു കരുതിയ തുക അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റാവശ്യങ്ങൾക്ക് ചെലവിടാൻ സാധിക്കുന്നു.
മിനിമം തുക മാത്രം അടയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ
• പലിശഭാരം പലമടങ്ങാവും: പൊതുവെ 45 മുതൽ 50 ദിവസം വരെ പലിശയില്ലാതെ ക്രെഡിറ്റ് ലഭിക്കുന്നു എന്നതാണല്ലോ ക്രെഡിറ്റ് കാർഡുകളുടെ ഒരു സവിശേഷത. എന്നാൽ മിനിമം ഡ്യൂ എമൗണ്ട് മാത്രം അടയ്ക്കുകയാണെങ്കിൽ തുടർന്നുള്ള പർച്ചേയ്സുകൾക്ക് ഈ പലിശരഹിത കാലയളവ് ലഭിക്കുന്നതല്ല. പർച്ചേയ്സ് നടത്തുന്ന ദിവസം മുതൽ തന്നെ പലിശ ഈടാക്കിത്തുടങ്ങുമെന്ന് അർഥം. മുഴുവൻ തുകയും അടച്ചതിനു ശേഷം മാത്രമേ പലിശരഹിത കാലയളവ് വീണ്ടും ലഭ്യമാവുകയുള്ളൂ. 30 ശതമാനത്തിനു മുകളിലാണ് പല ക്രെഡിറ്റ് കാർഡുകളുടെയും പലിശനിരക്കെന്നതിനാൽ പലിശഭാരം താങ്ങാവുന്നതിനും അപ്പുറമായേക്കാം.
• തുടർച്ചയായി മിനിമം ഡ്യൂ എമൗണ്ട് മാത്രം അടയ്ക്കുന്നത് സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. തിടിച്ചടവിൽ വീഴ്ച വരുന്നില്ലെങ്കിലും അടയ്ക്കേണ്ട തുക കൂടിക്കൂടി വരുന്നതുകൊണ്ടും ഇടപാടുകാരന്റെ തിരിച്ചടവു രീതി ‘റിസ്കി’ ആയതുകൊണ്ടും മറ്റുമാണ് സ്കോർ മോശമായേക്കാവുന്നത്.
ചുരുക്കിപ്പറഞ്ഞാൽ:
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലുള്ള മുഴുവൻതുക തന്നെ അടയ്ക്കാൻ ശ്രദ്ധിക്കുക. അത്യാവശ്യത്തിന് വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും മിനിമം തുക മാത്രം അടച്ചുപോവാമെന്ന പ്രലോഭനം തടഞ്ഞില്ലെങ്കിൽ കടക്കെണിയിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.