Saturday, September 22, 2018

പോസിറ്റീവ് എനർജി ഉണ്ട്



ശ്രീ മോഹൻലാൽ അടുത്തയിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിൽ നിന്ന് യഥേഷ്ടം പോസിറ്റീവ് എനർജി ലഭിച്ചതായി തന്റെ ബ്ലോഗിൽ എഴുതിയത് പലരും വിമർശിച്ചതു കാണാനിടയായി. ഗുജറാത്ത് നരഹത്യയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധനായ ശ്രീ മോഡിയ്ക്ക് എങ്ങനെയാണ് പോസിറ്റീവ് എനർജി പകരാൻ കഴിയുക എന്നതാണ് മിക്കവരും പ്രകടിപ്പിച്ച സംശയം. ശ്രീ മോഡി പിന്തുടരുന്ന രാഷ്ട്രീയത്തെ ആധാരമാക്കി നോക്കിയാലും അദ്ദേഹത്തിൽ നിന്ന് പോസിറ്റീവ് എനർജി ഒരിക്കലും പ്രതീക്ഷിക്കാനാവില്ല എന്നും ശ്രീ മോഹൻലാൽ തന്റേതായ ലാഭങ്ങൾക്കായി കള്ളം പറയുന്നതാണെന്നും പൊതുവെ അഭിപ്രായമുയരുന്ന പശ്ചാത്തലത്തിൽ മൂന്നു വർഷം മുൻപ് എനിക്കുണ്ടായ ഒരനുഭവം പങ്കു വയ്ക്കുകയാണ്.

അന്നു ഞാൻ കർണാടകയിലെ കുന്ദപുരയിലായിരുന്നു. യാദ്യശ്ചികമായി നാട്ടിലെ ഒരു പരിചയക്കാരനെ അവിടെ കാണാനിടയായി. 25 ഓളം വർഷങ്ങൾക്കു ശേഷമാണ് കാണുന്നത്. ഒരു ഹിന്ദു സംഘടനയുടെ കർണാടക ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവിടെ എത്തിയത്. ആ സംഘടന അക്രമത്തിന് കുപ്രസിദ്ധമായിരുന്നു. (ഇന്നും അതെ ). പ്രസ്തുത സംഘടനയുടെ ദേശീയ നേതാവ് പിറ്റേന്നു വരുന്നുണ്ടെന്നും എന്നെ പരിചയപ്പെടുത്താമെന്നും നമ്മുടെ നാട്ടുകാരൻ പറഞ്ഞു. 'എനിക്കങ്ങ് ഡെല്ലിയിലുമുണ്ടെടാ പിടി' എന്ന് നാലുപേരോട് മേനി പറയാം എന്ന ഉദ്ദേശത്തിൽ പുള്ളിയെ കാണാൻ വരാമെന്ന് ഞാൻ സമ്മതിച്ചു.

വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്കു ഭയം. ലഹളയുണ്ടാക്കുന്നതിൽ കുപ്രസിദ്ധരാണ്. അവർ നാളെ എന്തെങ്കിലും അടിയുണ്ടാക്കി, ഞാനതിൽപെട്ടും പോയാൽ പിന്നെ ജോലിയും പോവും ജയിലിലുമാവും. അതു വേണോ? ശരിയാണല്ലോ. എനിക്കപ്പോഴാണ് കത്തിയത്.

നാളെ വേറൊരു വർക്ക് കയറി വന്നു, എന്നെ ഒഴിവാക്കു എന്ന് നാട്ടുകാരനെ വിളിച്ചറിയിച്ചെങ്കിലും അയ്യോ പറ്റില്ല, രാവിലെ എന്നെ കാണണമെന്ന് നേതാവ് പറഞ്ഞതായി പുളളി കട്ടായം പറഞ്ഞു. പിറ്റേന്നു രാവിലെ സൂത്രത്തിൽ പോവാതിരിക്കാം എന്നു തീരുമാനിച്ചെങ്കിലും 8 മണിക്കു തന്നെ താഴെ കാറെത്തി. പോവാതിരിക്കാൻ പറ്റില്ല. സംഘടനയോട് അനുഭാവമുണ്ടായിട്ടല്ല, ഒരു ബാങ്കിംഗ് ആവശ്യത്തിനായാണ് രാവിലെ തന്നെ ആ ഹൈന്ദവ സംഘടനയുടെ ദേശീയ നേതാവിനെ കാണാൻ പോയതെന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലീസുകാരോട് പറയാമെന്നു തീരുമാനിച്ച് രണ്ടും കൽപിച്ച് ഇറങ്ങി. 

അവിടത്തെ മുന്തിയ ഹോട്ടലിലായിരുന്നു നേതാവ് താമസിച്ചിരുന്നത്. ഞങ്ങൾ ലോബിയിൽ കാത്തിരുന്നു. കൃത്യം എട്ടരക്ക് അദ്ദേഹം ഭാര്യയോടും പത്തു വയസുകാരി  മകളോടുമൊപ്പം മുറിയിൽ നിന്നെത്തി. തൂവെള്ള ലിനൻ ഷർട്ട്, മുണ്ട്, സ്വർണ കരയുള്ള രണ്ടാം മുണ്ട്. നെറ്റിയിൽ ഭസ്മം. മുന്തിയ രണ്ടു ഫോണുകൾ കയ്യിൽ. നാലഞ്ചു വിരലുകളിൽ മോതിരം. ഖുമ ഖുമാ സെന്റിന്റെ മണം (അതൊരുപക്ഷെ പട്ടുസാരിയുടുത്ത ഭാര്യയുടേതാവാം). ആ ഗാംഭീര്യത്തിൽ ഞാൻ എഴുന്നേൽക്കാൻ മറന്നു പോയി. പിന്നെ അദ്ദേഹം അടുത്തെത്തിയപ്പോൾ ഞാൻ എഴുന്നേൽക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം എന്നെ നിർബന്ധിച്ച് ഇരുത്തുകയാണ് ഉണ്ടായത്. 
നാട്ടുകാരനാവട്ടെ എന്നെ തന്റെ നാട്ടുകാരനാണ്, ഇവിടെ ബാങ്ക് മാനേജരാണ് എന്നതു കൂടാതെ മറ്റു പലതുമൊക്കെ  പറഞ്ഞ് എന്നെയങ്ങ് പൊക്കി പരിചയപ്പെടുത്തി. ഓരോന്നും അദ്ദേഹം ശ്രദ്ധയോടെ കേട്ടു. 

പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഇനി നമുക്ക് പ്രാതൽ കഴിച്ചു കൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. എന്റെ തോളത്തു കയ്യിട്ട് ഞങ്ങൾക്കായി റിസർവ് ചെയ്ത ടേബിളിനടുത്തേക്കു പോയി. മറന്നു വച്ച ബാഗെടുക്കാൻ ഞാൻ തിരിഞ്ഞെങ്കിലും അവിടവിടെയായി നിന്ന പതിനഞ്ചോളം വരുന്ന തന്റെ അനുയായികളിലൊരാളെ കൊണ്ടാണ് അദ്ദേഹം ബാഗെടുപ്പിച്ചത്. 

എന്നെ തൊട്ടടുത്ത സീറ്റിൽ തന്നെയിരുത്തി അദ്ദേഹം പ്രാതൽ കഴിച്ചു. എനിക്കു വേണ്ടി പല സാധനങ്ങളും ഓഡർ ചെയ്തു. കാപ്പി ആറ്റാൻ ഒരു ശിങ്കിടിയോടു പറഞ്ഞെങ്കിലും കൊടും ചൂടുള്ള കാപ്പിയാണ് ശീലം എന്നു ഞാൻ പറഞ്ഞപ്പോർ അദ്ദേഹം ശിങ്കിടിയെ ലോട്ട താഴെ വച്ച് പിറകോട്ടു പോകാൻ ആംഗ്യം കാട്ടി.

ഞാൻ സ്വയം ആരാണെന്ന് എനിക്കു സംശയമായി. പുള്ളിയൊന്നു ഞൊടിച്ചാൽ ആ പതിനഞ്ച് കൊമ്പൻ മീശക്കാരിൽ ഒരുത്തൻ മതി എന്നെ ചമ്മന്തിയാക്കാൻ. അങ്ങനെയുള്ള എനിക്ക് ഇത്ര ആതിഥ്യം !

ഭക്ഷണം കഴിഞ്ഞ് അദ്ദേഹം കൈകഴുകാൻ പോയി വന്ന ഗ്യാപ്പിൽ എന്റെ നാട്ടുകാരൻ അദ്ദേഹം ഇത്രയും ശിങ്കിടികളെ കൊണ്ടു നടക്കുന്നതെന്തിനെന്ന് വിശദീകരിച്ചു. പല മുസ്ലീം ഭീകര സംഘടനകളും അദ്ദേഹത്തെ തീർക്കാൻ തക്കം പാർത്തിരിക്കുകയാണത്രെ. 97 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം യഥാർത്ഥത്തിൽ അദ്വാനിയെ കൊല്ലാനല്ല ഇദ്ദേഹത്തെ കൊല്ലാനാണ് പ്ലാൻ ചെയ്തിരുന്നതത്രെ. ഹമ്മേ, ഇവിടെയെങ്ങാനും ഇനി ലവന്മാർ ബോംബോ മറ്റോ വച്ചു കാണുമോ എന്നു  ഞാൻ മനസിൽ ചോദിച്ചത് പുറത്തു കേട്ടിട്ടെന്ന പോലെ നാട്ടുകാരൻ കൂട്ടിച്ചേർത്തു: ഇന്നലെ ബോംബ് വിരുദ്ധ പട്ടി സ്ക്വാഡ് എല്ലാം പരിശോധിച്ചതിനു ശേഷമാണത്രെ അദ്ദേഹം മുറിയെടുത്തത് !

അപ്പോഴേക്കും അദ്ദേഹം മടങ്ങി വന്നു. എന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. ഹിന്ദുക്കളിലെ ദരിദ്രർക്കു മാത്രമായി ഒരു ഫണ്ട് റെഡിയാവുന്നുണ്ടത്രെ. ഏകദേശം അഞ്ഞൂറു കോടിയോളം വരും. അതിന് ഒരു ട്രസ്റ്റ് രൂപീകരിക്കണം, ബാങ്ക് അക്കൗണ്ട് വേണം. ഞാനൊരു ട്രസ്റ്റിയുമാകണം. ഇതിനൊക്കെ, ആത്മാർത്ഥതയുള്ള, നിസ്വാർത്ഥനായ ബാങ്കിംഗ് അറിയാവുന്ന ഒരാളെ വേണം എന്ന അന്വേഷണത്തിലാണ് നാട്ടുകാരൻ എന്റെ പേര് നിർദ്ദേശിച്ചതത്രെ.

അഞ്ഞൂറു കോടി ഡെപ്പോസിറ്റ് !!! തുക പക്ഷെ അടുത്ത സാമ്പത്തിക വർഷമേ എത്തൂ, എന്നു വച്ചാൽ മാർച്ച് കഴിഞ്ഞ്. മാർച്ച് കഴിഞ്ഞെങ്കിൽ അങ്ങനെ. രൂപ ഒന്നും രണ്ടുമല്ല. അലതല്ലിയ ആഹ്ളാദം ഞാൻ പുറത്തു കാണിച്ചില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി എന്തുകൊണ്ടാണ് ഹിന്ദുക്കൾക്കു മാത്രം എന്നു ചോദിച്ചു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് ആനയാണ് ചേനയാണ് എന്നൊക്കെ സംഘടനയുടെ തമിഴ്നാട് ഘടകം നേതാവ് - ഒരു ശിങ്കിടി - ആണ് പറഞ്ഞത്. വേറൊരു ശിങ്കിടിയെ നമ്മുടെ ദേശീയ നേതാവ് കൈ ഞൊടിച്ച് വിളിച്ചു.. ഒരു കരിവീരൻ (ആന എന്ന അർത്ഥത്തിലും കറുത്ത എന്ന അർത്ഥത്തിലും ഓക്കെയാണ് ) കൈകൾ കെട്ടി കക്ഷത്തിലിട്ട് മുന്നോട്ടുവന്ന് കുനിഞ്ഞു നിന്നു.  ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ മുരളീധരന്റെ മുഖഛായ. വെട്ടു കൊണ്ട പാട് മുഖത്ത് രണ്ടു മൂന്നെണ്ണം.. കോയമ്പത്തൂർ ജില്ലാ നേതാവാണത്രെ. അഞ്ചെട്ടു പേരെ വെട്ടിയിട്ടുണ്ട്, പക്ഷേ ആരും ചത്തില്ലെന്ന സങ്കടത്തിൽ നീറിപ്പുകയുന്നുണ്ട് ആ ഹൃദയം.

ഈ ടീംസൊക്കെയായിരിക്കും ട്രസ്റ്റിൽ. തൊട്ടുമുൻപത്തെ നിമിഷം തോന്നിയ ആഹ്ളാദവും ആവേശവുമൊക്കെ ആവിയായിപ്പോയി. അഞ്ഞൂറു കോടിയൊന്നും മാനേജ് ചെയ്യാനുള്ള പ്രാപ്തിയായിട്ടില്ല, വേറെയാരെയെങ്കിലും നോക്കിക്കൂടേ എന്നൊക്കെ അയാളുടെ മുഖത്തു നോക്കിപ്പറയെടാ എന്ന് എന്റെ ഉള്ളിലിരുന്ന് നിങ്ങൾക്കെല്ലാവർക്കും ഉള്ളതു പോലെ എനിക്കുമുള്ള എന്റെ മനസാക്ഷി ബഹളം വെച്ചെങ്കിലും ഒരക്ഷരം പോലും പറയാൻ എനിക്കു കഴിഞ്ഞില്ല. അപ്പോൾ എല്ലാം പറഞ്ഞപോലെ എന്നു പറഞ്ഞ് ദേശീയ നേതാവ് എഴുന്നേറ്റിട്ട് സ്വന്തം കാറിലാണ് എന്നെ ബാങ്കിലിറക്കിയത്‌. പോവുന്ന വഴിയിൽ, മോഡി സർക്കാർ യാർത്ഥ ഹിന്ദു സർക്കാർ അല്ലെന്നും 2016 ജനുവരിയിൽ BJP ക്കു ബദൽ ഒരു യഥാർത്ഥ ഹിന്ദു പാർട്ടി ജന്മമെടുക്കുമെന്നും ഒട്ടനവധി BJP നേതാക്കൾ പുതിയ പാർട്ടിയിൽ ചേരുമെന്നും അതിന്റെ മുന്നോടിയായാണ് ഈ ട്രസ്റ്റുമെന്നൊക്കെ അദ്ദേഹം എന്നോടു പറഞ്ഞു.

12 മണിക്കു നടന്ന കർണാടക ഘടകത്തിന്റെ രൂപീകരണത്തിന് ഞാൻ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഫോട്ടോ ഫേസ് ബുക്കിലുമിട്ടു. പക്ഷേ ഞാൻ ബാങ്കുദ്യോഗസ്ഥനായതിനാൽ ഔദ്യോഗിക ഭാരവാഹിത്വമൊന്നും ഏൽക്കാൻ പറ്റില്ല എന്നു പറഞ്ഞതിനാൽ ഒഴിവാകാൻ സാധിച്ചു. പക്ഷെ, അദ്ദേഹത്തെ നേരിട്ടു വിളിക്കാവുന്നവരുടെ ലിസ്റ്റിലേക്ക് എന്നെയും ചേർത്തു. (ബാക്കിയുള്ളവർ അദ്ദേഹത്തെ വിളിച്ചാൽ ശിങ്കിടികളാവും അറ്റൻഡ് ചെയ്യുക. ആവശ്യമെങ്കിൽ മാത്രമേ അദ്ദേഹത്തിന് ഫോൺ കൈമാറു അത്രെ).

പക്ഷെ തിരികെ ബാങ്കിലെത്തിയ എനിക്ക് ജോലിയിൽ ഒട്ടും ശ്രദ്ധിക്കാൻ സാധിച്ചില്ല. രാവിലെ നടന്നതൊക്കെ ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്നോർത്തു. അയാളോട് പറ്റില്ല എന്ന് അപ്പോഴേ പറഞ്ഞിരുന്നെങ്കിൽ എത്ര സമാധാനമായിരുന്നു. ഫോണിൽ പറയാമെന്നു കരുതി നാട്ടുകാരനെ വിളിച്ചിട്ട് കിട്ടുന്നുമില്ല.

ഇതൊക്കെയൊന്ന് പറയാമെന്നു വെച്ചാൽ ആരോട്? ഒരു കസ്റ്റമറെ കാണാനുണ്ടെന്ന് ബ്രാഞ്ചിൽ കള്ളം പറഞ്ഞിട്ട് ചുമ്മാ ഉഡുപ്പി വരെ കാറോടിച്ചു പോയി വന്നു. എന്നിട്ടും ടെൻഷൻ മാറിയില്ല.

വീട്ടിൽ വന്ന് മൂഡൗട്ടായി ഒറ്റയിരിപ്പായിരുന്നു. ഒന്ന് റിലാക്സ് ചെയ്തോട്ടേ, ബാറിൽ പോയാലോ എന്ന ചോദ്യത്തിന് ഈ മാസത്തെ ക്വാട്ട കഴിഞ്ഞത് ഓർമയില്ലേ എന്ന മറുചോദ്യവുമായി ഭാര്യ. പിന്നെ ഭാര്യയെങ്കിൽ ഭാര്യ, പ്രതിവിധിയൊന്നും കയ്യിലുണ്ടാവാൻ തരമില്ലെങ്കിലും എന്റെ മനസിന്റെ ഭാരമൊന്നു കുറയ്ക്കാം എന്ന ഉദ്ദേശത്തിൽ നടന്നതെല്ലാം ഞാൻ പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഭാര്യ എന്നോടു ചോദിച്ചു: "നിങ്ങടെ പൈസേം വേണ്ട ട്രസ്റ്റീം ആകണ്ട എന്ന് മുഖത്തു നോക്കിയങ്ങു പറയാൻ വയ്യായിരുന്നോ ?"  ഈ ചോദ്യത്തിന് ഞാൻ പറഞ്ഞ ഉത്തരവും ശ്രീ മോഹൻലാൽ ബ്ലോഗിൽ കുറിച്ചതും ഒന്നു തന്നെ: പോസിറ്റീവ് എനർജി.

ചുമ്മാ പറയുന്നതല്ല. അക്രമങ്ങൾക്കൊക്കെ നേതൃത്വം കൊടുക്കുന്ന മനുഷ്യനെയാണ് ഞാൻ കണ്ടത്. മനസു നിറയെ വിഷം. എന്നാലോ, സൗമ്യമായ സംസാരം, തൂവൽ പോലത്തെ സ്പർശം. വല്ലാത്ത കെയറിംഗ്.  എങ്ങനെയാ ആ മുഖത്തു നോക്കി നോ പറയുക ?

ഇക്കാര്യത്തിൽ, അടിവരയിട്ടു പറയട്ടെ, ശ്രീ മോഹൻലാലിനെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. വ്യക്തിത്വം വേറെ രാഷ്ട്രീയം വേറെ. മോഡി ഒരു പക്ഷെ ആതിഥ്യമര്യാദയൊക്കെയുള്ള, ഞാൻ കണ്ട നേതാവിനെ പോലത്തെ, സ്നേഹിച്ചാൽ ചങ്കെടുത്തു തരുന്ന ടൈപ്പ് ആളായിരിക്കാം. നേരിട്ട് തന്നെ വിളിക്കാനുള്ള അനുവാദം കൊടുത്തിരിക്കാം. പിന്നെ, എനിക്കു കിട്ടിയതുപോലത്തെ ഭയാനക ഓഫറാവില്ല ശ്രീ മോഹൻലാലിന് കിട്ടിയിരിക്കുന്നത്. അപ്പോൾ പിന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യാതെങ്ങനെ...?


ഉപസംഹാരം: തുടർ ദിവസങ്ങളിൽ,  15 ശിങ്കിടികൾ ബൊലെറോയിൽ ചാടിയിറങ്ങി വന്ന് എന്നെ പിടിച്ചു കൊണ്ടു പോവുന്നതായി മൂന്നാലു തവണ സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണർന്നിരുന്നു. അങ്ങനെ ഉറക്കം പോയ തലവേദന ഒരു ഭാഗത്ത്. 'നിങ്ങടെ കോപ്പിലെ സംഘടന. ഇനി ബാങ്കാണ് ബിസിനസാണ് എന്നും പറഞ്ഞ്  ഇതുപോലുള്ള ആൾക്കാരെ പോയിക്കണ്ട് പേടിച്ചു വിറച്ച് വന്നാലുണ്ടല്ലോ, എന്റെ വിധം മാറും, പാർട്ടിക്കാരനാണെന്നാ പറച്ചിൽ. ഇനീം സ്വപ്നം കണ്ട് ഞെട്ടിയാൽ നിങ്ങടെയീ പേടി ഫേസ്ബുക്കിലിടും ഞാൻ'. എന്നു തുടങ്ങി എന്റെ കൂടെ ഞെട്ടിയെഴുന്നേൽക്കുന്ന ഭാര്യയുടെ വക ശകാരം വേറെയും. പക്ഷെ എനിക്ക് കൂടുതൽ ഉറക്കം കളയേണ്ടി വന്നില്ല; ഭാഗ്യത്തിന് 2 മാസം കഴിഞ്ഞ് എനിക്ക് കേരളത്തിലേക്ക് ട്രാൻസ്ഫർ കിട്ടി. 
ആദ്യമായും അവസാനമായും അന്നു കണ്ടതല്ലാതെ പിന്നെ ആ നേതാവിനെ കണ്ടിട്ടില്ല. എന്റെ നാട്ടുകാരനെയാവട്ടെ, വിളിച്ചിട്ടു പോലുമില്ല.

No comments:

Post a Comment