പണം ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളോ പേരോ പോലും അറിയാതെ തന്നെ ഞൊടിയിടയിൽ പണം കൈമാറുന്ന സംവിധാനമാണ് ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് രീതി എന്ന് എല്ലാവർക്കും അറിവുള്ളതായിരിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങൾ ഒന്നും തന്നെ ആരുമായും പങ്കുവെക്കുന്നില്ല എന്നതിനാൽ ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് ഏറെ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇടപാടുകാരുടെ ഈ വിശ്വാസത്തെ മുതലെടുക്കുന്ന പുതിയൊരു
തട്ടിപ്പിനെക്കുറിച്ചറിയുക. കഥ തുടങ്ങുന്നതിനു മുൻപു പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങൾ
ജീവിച്ചിരിക്കുന്നവർ തന്നെയാണ്, എന്നാലോ, ആരുടേയും ജീവിതവുമായി ഒരു സാദൃശ്യവും തോന്നുന്നില്ലെങ്കിൽ അത്
യാദൃശ്ചികമല്ല. കാരണം അത്രയ്ക്ക് അവിശ്വസനീയമാണ് ഈ തട്ടിപ്പ്.
ഇതാണു കഥ
തന്റെ സോഫ സെറ്റിന്റെ വിൽപ്പനയ്ക്കായി ഒരു ഓൺലൈൻ പോർട്ടലിൽ
പരസ്യം ചെയ്തായിരുന്നു ബാംഗ്ലൂർ മലയാളിയായ സ്നേഹ (യഥാർത്ഥ പേരല്ല). ഒരു
മണിക്കൂറിനകം തന്നെ സ്നേഹയ്ക്ക് വിളി വന്നു. മുപ്പതിനായിരം രൂപ വിലയിട്ട സോഫ
സെറ്റ് തനിക്കു വളരെ ഇഷ്ടപ്പെട്ടുവെന്നും നാളെത്തന്നെ വന്നു കൊണ്ടുപോയേക്കാമെന്നും
എന്നാൽ പേയ്മെന്റെ ഇപ്പോൾ തന്നെ ചെയ്തേക്കാമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.
സ്നേഹയ്ക്ക് വളരെ സന്തോഷമായി. കൂടുതൽ കാത്തിരിക്കാതെ തന്നെ
സോഫ വാങ്ങാൻ ആളെ കിട്ടിയല്ലോ. കൂടാതെ, പ്രതീക്ഷിച്ചതിലും ഏറെ പൈസയും കിട്ടി. അയാളുടെ മനസു
മാറുന്നതിനു മുൻപു തന്നെ കച്ചവടം നടത്താൻ സ്നേഹയ്ക്കു ധൃതിയായി. അതുകൊണ്ട് തന്റെ
അക്കൗണ്ട് വിവരങ്ങൾ വാട്സാപ്പിൽ നൽകാൻ തുടങ്ങുകയായിരുന്നു സ്നേഹ.
പക്ഷേ സ്നേഹ തന്റെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നത് സോഫ
വാങ്ങിയ ആൾ വിലക്കി. ഇങ്ങനെ അക്കൗണ്ട് വിവരങ്ങളൊന്നും ആരുമായും പങ്കുവെക്കരുത്, ചുറ്റും തട്ടിപ്പുകാരാണ്
എന്ന മുന്നറിയിപ്പും അയാൾ സ്നേഹയ്ക്കു നൽകി. തന്റെ സുരക്ഷയ്ക്ക് കരുതൽ നൽകുന്ന
അയാളോട് സ്നേഹയ്ക്ക് ബഹുമാനം തോന്നി. പക്ഷേ പണം പിന്നെ എങ്ങനെ കൈമാറും ?
ഒടിപിയും 10 രൂപയും
ക്യു ആർ കോഡ് വഴി കൈമാറുന്നതാണ് ഏറെ സുരക്ഷിതം എന്നാണ് അയാൾ
പറഞ്ഞത്. അയാൾ സ്വന്തം ആവശ്യത്തിനല്ല കമ്പനിയുടെ ആവശ്യത്തിനാണ് വാങ്ങുന്നത്രെ.
അതുകൊണ്ട് ഒരു വ്യത്യസ്തമായ രീതിയിലാണ് പണമിടപാടൊക്കെ. താനിപ്പോൾ അയച്ചു തരുന്ന
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സ്നേഹയുടെ അക്കൗണ്ടിൽ നിന്ന് അഞ്ചുരൂപ ഡെബിറ്റാവുകയും
ഉടനടി തന്നെ പകരം പത്തുരൂപ തിരികെ അക്കൗണ്ടിൽ കയറുമെന്നും പുറകെ അയച്ചു തരുന്ന
രണ്ടു ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ ഓരോന്നിൽ നിന്നും ആദ്യം പതിനയ്യായിരം രൂപ
അക്കൗണ്ടിൽനിന്ന് എടുക്കപ്പെടുകയും തുടർന്ന് മുപ്പതിനായിരം രൂപ വീതം സ്നേഹയുടെ
അക്കൗണ്ടിൽ ലഭിക്കുന്നതാണെന്നും അയാൾ പറഞ്ഞപ്പോൾ അതങ്ങു സമ്മതിക്കാൻ സ്നേഹയ്ക്ക്
രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.
തുടർന്ന് അയാൾ ഒരു ക്യു ആർ കോഡ് അയച്ചുകൊടുത്തു. സ്നേഹ അതു സ്കാൻ ചെയ്ത്,
ഒ ടി പി കൊടുത്തപ്പോൾ അക്കൗണ്ടിൽ നിന്ന് അഞ്ചു രൂപ പോയി. പക്ഷേ
നിമിഷങ്ങൾക്കുള്ളിൽ തന്നെ പത്തു രൂപ അക്കൗണ്ടിൽ വന്നു.
സ്നേഹയ്ക്ക് ധൈര്യമായി. എന്തെളുപ്പം ! തുടർന്നു വന്ന രണ്ടു ക്യു ആർ കോഡുകളും
സ്നേഹ സ്കാൻ ചെയ്ത് ഒ ടി പികൾ കൊടുത്തു. അക്കൗണ്ടിൽ നിന്ന് പതിനയ്യായിരം വീതം
രണ്ടു തവണ പോയി. പക്ഷേ, നേരത്തേ പത്തു രൂപ മടങ്ങിവന്നതു പോലെ
ഇത്തവണ മുപ്പതിനായിരം വീതം അക്കൗണ്ടിലേയ്ക്ക് മടങ്ങിവന്നില്ല !
സ്നേഹയ്ക്ക് ആധിയായി. മുപ്പതിനായിരത്തിന്ന് സോഫ വിറ്റു എന്നു
സന്തോഷിച്ച തന്റെ പക്കൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടിരിക്കുന്നു !
പോയത് അറുപതിനായിരം
ഉടനടി ഫോണെടുത്ത് അയാളെ വിളിച്ചു. അയാൾ ഫോണെടുക്കുമെന്ന് ഒരു
പ്രതീക്ഷയുമില്ലായിരുന്നു. എന്നാലോ, ഭാഗ്യത്തിന് അയാൾ ഫോണെടുത്തു. കമ്പനി അക്കൗണ്ടിൽ
നിന്ന് അയച്ച തുക ബാങ്കിന്റെ നെറ്റ് വർക്കിലെ കുഴപ്പം കാരണം തിരികെ കമ്പനി
അക്കൗണ്ടിൽ തന്നെ എത്തിയതാണത്രെ. മാഡം ഒട്ടും ഭയക്കേണ്ട എന്നും ഈ മുപ്പതും സോഫയുടെ
വിലയായ മുപ്പതും ചേർത്ത് അറുപതിനായിരം കിട്ടാൻ ഒരു ക്യു ആർ കോഡ് കൂടി
അയക്കാമെന്നും എന്തെങ്കിലും പ്രശ്നം വന്നാൽ തങ്ങളുടെ കമ്പനി പണവുമായി നേരിട്ടു
തന്നെ വന്നു കണക്കെല്ലാം സെറ്റിൽ ചെയ്യുന്നതാണെന്നും അയാൾ ഉറപ്പു കൊടുത്തപ്പോൾ ഒരു
തവണ കൂടി ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സ്നേഹ തീരുമാനിച്ചു.
ഇത്തവണ അക്കൗണ്ടിൽ നിന്നു പോയത് അറുപതിനായിരം രൂപയായിരുന്നു.
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തിരികെ വരും എന്നു കരുതി കാത്തിരുന്ന സ്നേഹയ്ക്ക്
ലഭിച്ചത് അയാളുടെ ഫോൺ കോളായിരുന്നു.
അയാളല്ലായിരുന്നു സംസാരിച്ചത്. പകരം അയാളുടെ ഓഫീസിൽ നിന്നാണ്
എന്നു പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയാണ് സംസാരിച്ചത്. തുക അയയ്ക്കാനുള്ള ക്യു ആർ
കോഡിനു പകരം തുക സ്വീകരിക്കാനുള്ള കോഡാണ് ധൃതിയിൽ തന്റെ ബോസ് അയച്ചതെന്നും
തെറ്റുപറ്റിയതിനെ തുടർന്ന് സ്നേഹയോടു സംസാരിക്കാൻ മടിയായതിനാൽ തുകയുടെ കാര്യത്തിൽ
ഒരു തീരുമാനമുണ്ടാക്കാൻ തന്നെ ഏർപ്പാടാക്കിയതാണെന്നും ആ പെൺകുട്ടി പറഞ്ഞു.
എങ്ങനെയാണ് തുകയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുക എന്നു
സ്നേഹ ചോദിച്ചപ്പോൾ താൻ തൊണ്ണൂറായിരം രൂപയുടെ ഒരു ക്യു ആർ കോഡ് അയയ്ക്കാമെന്നാണ്
പെൺകുട്ടി പറഞ്ഞത്. ഇതുകേട്ട സ്നേഹക്ക് ശരിക്കും ദേഷ്യം വരികയും വായിൽ
തോന്നിയതൊക്കെ വിളിച്ചു പറയുകയും ചെയ്തു. തുടർന്ന് അയാളുടെ ഫോൺ സ്വിച്ചോഫ്
ആവുകയാണു ചെയ്തത്.
ഭർത്താവുമൊത്ത് പോലീസിൽ പോയെങ്കിലും സൈബർ സെല്ലിൽ
പരാതിപ്പെടാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. സൈബർ സെല്ലിൽ പോയപ്പോൾ താൻ തനിച്ചല്ലെന്നും
ഇതുപോലെ തട്ടിപ്പിനിരയായ ഒത്തിരിപ്പേരുണ്ടെന്നും സ്നേഹയ്ക്കു മനസിലായി.
തട്ടിപ്പിനിരയായത് ഒട്ടേറെപ്പേർ
തന്റെ അക്കൗണ്ടിലെ തുക പല പേയ്മെന്റ് വാലറ്റുകളിലേയ്ക്കായി
മാറ്റിക്കഴിഞ്ഞതിനാലും ഫോൺ സ്വിച്ചോഫ് ആയതിനാലും തുടരന്വേഷണം പ്രയാസകരമായിരിക്കും
എന്നു മനസിലാക്കിയതിനെ തുടർന്ന് തന്റെ ബാങ്കുമായി കൂടി ബന്ധപ്പെട്ട് നിയമ
നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് സ്നേഹ.
ഗുണപാഠം: ആർക്കെങ്കിലും പണം കൊടുക്കേണ്ട
സാഹചര്യത്തിൽ മാത്രമാണ് നമ്മൾ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടത്. നമുക്കു പണം
കിട്ടേണ്ട അവസരങ്ങളിൽ ആരെങ്കിലും തരുന്ന ക്യു ആർ കോഡ് ഒരിക്കലും സ്കാൻ ചെയ്യാൻ
പാടുള്ളതല്ല.
No comments:
Post a Comment