മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ടിരുന്ന കാലമൊക്കെ ഓൺലൈനിൽ ടിക്കറ്റു ബുക്കു ചെയ്യുന്ന പുതുതലമുറയ്ക്കു പഴങ്കഥയാണ്. ഇന്നിപ്പോൾ ആശുപത്രി അപ്പോയ്ന്റ്മെന്റ്, ബ്യൂട്ടി സലൂണിലെ സന്ദർശനം, ക്ഷേത്രദർശനം എന്നുവേണ്ട, വിദേശമദ്യം വാങ്ങാൻ വരെ ഓൺലൈനായി ബുക്കിംഗ് സൗകര്യം ലഭ്യമാണ്.സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ലാതിരുന്ന ചുരുക്കം മേഖലകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവയിലൊന്നായിരുന്നു ബാങ്കിംഗ്.
ഇന്നിപ്പോൾ ആ കുറവും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ശാഖ സന്ദർശിച്ചുകൊണ്ടു നടത്തേണ്ട ബാങ്കിടപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചത് ഫെഡറൽ ബാങ്കാണ്.
ഫെഡ് സ്വാഗത് എന്ന പേരിലുള്ള ഈ ഓൺലൈൻ ബുക്കിംഗ് സൗകര്യം ബാങ്കിന്റെ വെബ് സൈറ്റിലെ https://www.federalbank.co.in/fed-swagat ലിങ്കിൽ ലഭ്യമാണ്.
എങ്ങനെ ബുക്ക് ചെയ്യാം?
ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ മൊബൈൽ നമ്പറും തുടർന്നു ലഭിക്കുന്ന ഒടിപിയും എന്റർ ചെയ്യുക. തുടർന്ന്, സന്ദർശിക്കാനുദ്ദേശിക്കുന്ന ബാങ്ക് ശാഖ, സന്ദർശനോദ്ദേശ്യം, ആവശ്യമായ തീയതി, സമയം എന്നിവ നൽകിയാൽ ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള എസ് എം എസ് ലഭിക്കുന്നതാണ്.
ഏതെല്ലാം സേവനങ്ങൾ കിട്ടും?
അക്കൗണ്ട് തുടങ്ങൽ, വായ്പാ-നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, സ്വർണ്ണപ്പണയം, ലോക്കർ, ഒരുലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കൽ തുടങ്ങിയ ഏത് ആവശ്യത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ബ്രാഞ്ച് മാനേജരെ നേരിട്ടു കാണുന്നതിനും ബുക്ക് ചെയ്യാം.
ഒരേ സമയം ബ്രാഞ്ചിനുള്ളിൽ കടത്തിവിടാവുന്ന ഇടപാടുകാരുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയതു പോലുള്ള കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, തിരക്കിലൊന്നും പെടാതെ, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇടപാടുകൾ നടത്താനാവുന്നു എന്നതാണ് ഇടപാടുകാർക്കുള്ള പ്രയോജനം. ഫെഡറൽ ബാങ്കിന്റെ രാജ്യമൊട്ടാകെയുള്ള ശാഖകളിൽ സേവനം ലഭ്യമാണ്.
No comments:
Post a Comment