Sunday, May 29, 2022

ഭർത്താവിനു കൈപ്പറ്റാം; പക്ഷേ ഭാര്യ വിചാരിക്കണം

 

മകൾക്ക് പിറന്നാൾ സമ്മാനമായി  ഒരു ടു വീലർ വാങ്ങിക്കൊടുക്കാനുള്ള ആവശ്യത്തിനാണ് ഭാവേഷ് ബാങ്കിൽ ചെന്ന് തന്റെ ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ചോദിച്ചത്. എന്നാലോ, അക്കൗണ്ട് ഉടമയ്ക്കല്ലാതെ മറ്റാർക്കും സ്റ്റേറ്റ്മെന്റ് നൽകാനാവില്ല എന്ന ബാങ്ക് ഓഫീസറുടെ മറുപടി ഭാവേഷിനെ ഞെട്ടിച്ചു കളഞ്ഞു. 

പതിനാലു വർഷമായി താനും ഭാര്യയും തുടരുന്ന രണ്ട് അക്കൗണ്ടുകൾ, മൈനറായിരുന്നപ്പോൾ മകളുടെ പേരിൽ തുടങ്ങിയ അക്കൗണ്ട്, പിന്നെ പലവട്ടം ഇട്ടിട്ടുള്ള ആർഡികൾ, ചെറിയ എഫ് ഡികൾ, കൂടാതെ ഒരു തവണ കൃത്യമായി അടച്ചു തീർത്ത കാർ ലോൺ തുടങ്ങി താനും ബാങ്കും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തെളിവുകളൊക്കെ പറഞ്ഞു നോക്കിയെങ്കിലും സ്റ്റേറ്റ്മെന്റ് തരാൻ നിർവാഹമില്ല എന്ന നിലപാടിൽ ആ ചെറുപ്പക്കാരൻ ഓഫീസർ ഉറച്ചു നിന്നു. 

അക്കൗണ്ട് ഉടമയുടെ അനുമതി 

അക്കൗണ്ടുകൾ ഭാര്യയുടേയും മകളുടേയും പേരിലാണെന്നേയുള്ളൂ, താൻ തന്നെയാണ് പൈസയെല്ലാം നിക്ഷേപിക്കുന്നതെന്നും ഇന്റർനെറ്റ് പാസ് വേഡും എ ടി എം കാർഡുമുൾപ്പെടെയെല്ലാം ഉപയോഗിക്കുന്നത് താനാണെന്നും കൂടി പറഞ്ഞുനോക്കിയെങ്കിലും അക്കൗണ്ട് ഉടമയുടെ കത്തെങ്കിലുമില്ലാതെ സ്റ്റേറ്റ്മെന്റ് കൈമാറാനാവില്ലെന്നും വേണമെങ്കിൽ ഭാര്യയുടെ ഇമെയിലിലേക്ക് സ്റ്റേറ്റ്മെന്റ് അയക്കാമെന്നും ആ ഓഫീസർ തീർത്തു പറഞ്ഞുകളഞ്ഞു. 

ഇത്രയുമായപ്പോൾ ഭാവേഷിനു നന്നായി ദേഷ്യം വന്നു. മുഖമൊക്കെ ചുമന്നു. നെറ്റ് തപ്പി അപ്പോൾ തന്നെ ബാങ്കിന്റെ സോണൽ ഓഫീസിൽ വിളിച്ച് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തരാത്ത ഓഫീസർക്കെതിരെ പരാതി പറഞ്ഞു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ ഭാവേഷിനു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കോപം പകുതിയും ശമിച്ചിരുന്നു. തുടർന്ന്, എന്തുകൊണ്ടാണ്  ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകാത്തതെന്ന കാര്യം വിശദീകരിക്കുക കൂടി ചെയ്തപ്പോൾ കോപം പൂർണമായും ശമിച്ചു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്: 

റിസർവ് ബാങ്കിന്റെ ചാർട്ടർ ഓഫ് കസ്റ്റമർ റൈറ്റ്സ് പ്രകാരം  ഇടപാടുകാരുടെ  അഞ്ച് അവകാശങ്ങളിൽ ഒന്നാണ് സ്വകാര്യത. ഇതുപ്രകാരം, അക്കൗണ്ട് ബാലൻസ്, വിലാസം, ഫോൺ നമ്പർ തുടങ്ങി ഇടപാടുകാരുടെ വ്യക്തിപരമായ വിവരങ്ങൾ മറ്റാരുമറിയാൻ ഇടയാവാതെ സൂക്ഷിക്കുക എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നു മാത്രമല്ല, ഇടപാടുകാരന്റെ അവകാശവുമാണ്. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഭാര്യയും ഭർത്താവും  രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണ് എന്നതിനാൽ ഒരാളുടെ അക്കൗണ്ട് വിവരങ്ങൾ മറ്റേയാളോടു പറയുക എന്നത് ഈ അവകാശത്തെ മാനിക്കാതിരിക്കുന്നതിനു തുല്യമായിരിക്കും. 

കൂടാതെ, പണ്ടൊക്കെ സ്ഥിരമായി ബാങ്കിൽ ചെല്ലാറുണ്ടായിരുന്നതു കൊണ്ട് ജീവനക്കാർക്കൊക്കെ ഭാവേഷിനേയും കുടുംബത്തേയും പരിചയമായിരുന്നിരിക്കണം. ഇപ്പോൾ ഡിജിറ്റലായിക്കഴിഞ്ഞതിനു ശേഷം ബാങ്ക് ശാഖ സന്ദർശിക്കുന്നത് വളരെ കുറഞ്ഞു എന്നതിനാൽ അദ്ദേഹത്തിനും ജീവനക്കാർക്കും പരസ്പരം പരിചയമില്ല. അതുകൊണ്ടു കൂടിയാവാം അക്കൗണ്ട് ഉടമയ്ക്കു മാത്രമേ സ്റ്റേറ്റ്മെന്റ് നൽകൂ എന്ന് ഓഫീസർ നിർബന്ധം പിടിച്ചത്. 

ഭാവേഷാണെന്ന ഭാവേന മറ്റാരെങ്കിലും ചെന്ന് ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൈക്കലാക്കി എന്തെങ്കിലും തട്ടിപ്പു നടത്തിയാലുള്ള അവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കൂ എന്നു കൂടി ആ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. 

കഥ ശുഭപര്യവസായിയായതെങ്ങനെ ?  

തുടർന്ന്, ഫോൺ കട്ട് ചെയ്ത ഭാവേഷ് നേരത്തെ സംസാരിച്ച ജീവനക്കാരനു സമീപം ചെന്ന് സ്റ്റേറ്റ്മെന്റ് ഇമെയിൽ ചെയ്താൽ മതി  എന്ന് സൗഹൃദത്തോടെ  അറിയിച്ചു. ആ ചെറുപ്പക്കാരനാവട്ടെ അതിനിടെ ഭാവേഷിന്റെ ഭാര്യയെ വിളിച്ച് ഭർത്താവിന്റെ പക്കൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൊടുത്തുവിടാനുള്ള ഇമെയിൽ അപേക്ഷ വാങ്ങിയ പ്രകാരം സ്റ്റേറ്റ്മെന്റ് തയാറാക്കി വച്ചിട്ടുണ്ടായിരുന്നു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഭർത്താവിന്റെ അക്കൗണ്ട് ബാലൻസ് അറിയാനായി, ഭർത്താവ് ആവശ്യപ്പെട്ടെന്ന മട്ടിൽ അയാളുടെ  സ്റ്റേറ്റ്മെന്റ് കൈക്കലാക്കി ഒരു യുവതി തന്റെ പഴയ ശാഖയിൽ വച്ച് തന്നെ ചതിച്ചിരുന്നെന്നും അതിൽപെട്ട് പെട്ട് താൻ കുറെ തീ തിന്നിരുന്നെന്നും ആ സംഭവത്തിനു ശേഷം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സംബന്ധിച്ച കാര്യങ്ങളിൽ ജാഗരൂകനായിരിക്കുന്നതുകൊണ്ടാണ് ഭാവേഷിനു ക്രോധം വരുന്ന തരത്തിൽ സംസാരിച്ചു പോയതെന്നുമെല്ലാം ഓഫീസർ ക്ഷമാപൂർവം അറിയിച്ചു. 

അപ്പോൾ, ‘അയ്യോ, ഇത് ഡൈവോഴ്സിനൊന്നുമല്ല,ഒരു ടു വീലർ ലോണെടുക്കാനാണ്’ എന്ന് പൊട്ടിച്ചിരിച്ച് ഭാവേഷ് പറയുകയും സ്വന്തം ബാങ്കുള്ളപ്പോൾ ഏതെങ്കിലും ഫൈനാൻസിൽ നിന്ന് ലോണെടുക്കാൻ ഞങ്ങൾ വിട്ടിട്ടു വേണ്ടേ’ എന്ന് ആ ഓഫീസർ തിരുത്തുകയും അങ്ങനെ അവസാനം വെറുമൊരു അക്കൗണ്ട്  സ്റ്റേറ്റ്മെന്റിനു വന്ന ഭാവേഷ് തന്റെ ബാങ്കിൽ നിന്ന് പുതിയ ടു വീലർ ലോൺ എടുത്തതോടെ കാര്യങ്ങളെല്ലാം ശുഭപര്യവസായിയായി മാറുകയും ചെയ്തു. 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ് 

ഭാര്യയുടേയോ മക്കളുടേയോ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് ചോദിച്ചിട്ട് തരാത്ത ബാങ്കാണ് നിങ്ങളുടേതെങ്കിൽ ഒട്ടും പരിഭവം തോന്നേണ്ട. കാരണം, ഇടപാടുകാരുടെ സ്വകാര്യത പൂർണമായും ഉറപ്പു വരുത്തുന്ന  ബാങ്കാണ് നിങ്ങളുടേത് എന്നാണതിനർത്ഥം!

No comments:

Post a Comment