Sunday, May 29, 2022

 

1960 കൾ മുതൽ ഇംഗ്ലീഷ് പത്രവും വായിക്കുന്ന ആളാണ് എഴുപത്തഞ്ചുകാരനായ ചാക്കോ മാഷ്. ഇംഗ്ലീഷിൽ അത്രയ്ക്ക് പിടിപാടാണെന്നു ചുരുക്കം. ഇംഗ്ലീഷിലെ പോലെ തന്നെ സാമ്പത്തികത്തിലും ചാക്കോ മാഷ് പുലിയാണ്. അണ- പൈസ കണക്കുകൾ വരെ കൃത്യമായി സൂക്ഷിക്കും എന്നതു കൂടാതെ  ഓഹരിക്കമ്പോളത്തിൽ കൈപൊള്ളാതെ കളിക്കുന്നതിലും അതിവിദഗ്ദ്ധനാണ്. 

അങ്ങനെയുള്ള ചാക്കോ മാഷിനെ ഓൺലൈൻ തട്ടിപ്പുകാർ നൈസായി പറ്റിച്ച കഥയാണ് പറയാൻ പോവുന്നത്. 

കഴിഞ്ഞ ദിവസം മാഷിന് ഒരു ഫോൺകോൾ വന്നു. മാഷിന്റെ എ ടി എം കാർഡിൽ ലഭ്യമായിട്ടുള്ള റിവാർഡ് പോയിന്റുകളുടെ കാലാവധി ഈ മാസത്തോടെ തീരുന്നതാണെന്നും ഇരുപതിനായിരം രൂപയ്ക്കു തുല്യമായ ആ റിവാർഡ് പോയിന്റുകൾ മാഷ് ഇന്നുതന്നെ “റിഡീം” ചെയ്യേണ്ടതാണെന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. 

കോൺവെന്റ് ഇംഗ്ലീഷ് 

മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല കോൺവെന്റ് ഇംഗ്ലീഷിലായിരുന്നു ബാങ്കിന്റെ റിവാർഡ് പോയിന്റ് സെക്ഷനിൽ നിന്നുള്ള പൂനം അഗർവാൾ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുടെ സംഭാഷണം. ഓൺലൈൻ തട്ടിപ്പുകാർ സാധാരണ സംസാരിക്കുന്നത് നാടൻ ഹിന്ദിയിലാണെന്നറിയാമായിരുന്ന ചാക്കോ മാഷ് നല്ല ഇംഗ്ലീഷ് കേട്ട സന്തോഷത്തിൽ പൂനം അഗർവാൾ ഒരു തട്ടിപ്പുകാരിയൊന്നുമായിരിക്കില്ലെന്ന് സ്വയം വിലയിരുത്തി.

കൂടാതെ,’വെരിഫിക്കേഷന്റെ ഭാഗമായി’ പൂനം ചോദിച്ച അമ്മയുടെ പേര്, ജനന തീയതി തുടങ്ങിയവയ്ക്ക് ഉത്തരം നൽകുകയും ചെയ്തു.  

തുടർന്ന് പൂനം എ ടി എം കാർഡ് നമ്പർ ചോദിച്ചപ്പോൾ അങ്ങു പറഞ്ഞുപോയെങ്കിലും ബാങ്കുകാർ ഇതൊന്നും ചോദിക്കാനിടയില്ലല്ലോ എന്ന തിരിച്ചറിവിൽ ഇവൾ തട്ടിപ്പുകാരിയല്ലേ എന്നു മാഷിനു തോന്നിപ്പോയി. ആ ചിന്തയിൽ ചാക്കോ മാഷ് സ്കൂളിനെ ഒന്നടങ്കം വിറപ്പിച്ച തന്റെ പഴയ ‘ഹെഡ്മാസ്റ്റർത്തരം’ പുറത്തെടുക്കുകയും ഫ്രോഡ് പണിക്കാണെങ്കിൽ ഞാൻ നിന്നെ സൈബർ സെല്ലുകാരെക്കൊണ്ട് പൂട്ടിക്കുമെടീ എന്ന് നല്ല ഓക്സ്ഫോർഡ് ശൈലിയിൽ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വേരിഫിക്കേഷൻ 

ഭയന്നുപോയ പൂനം തന്റെ ടീം ലീഡറെന്നു പരിചയപ്പെടുത്തിക്കൊണ്ട് വിശാൽ രസ്തോഗി എന്ന പുരുഷശബ്ദത്തിനു ഫോൺ കൈമാറി. വളരെ സൗമ്യനായ ഒരു പുരുഷശബ്ദമായിരുന്നു വിശാൽ രസ്തോഗി. ആ ശബ്ദത്തിൽ ചാക്കോ മാഷ് ഒന്നടങ്ങി. ചാക്കോ മാഷിന്റെ എല്ലാ വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും സംസാരിക്കുന്നത് മാഷുമായി തന്നെയാണെന്നു തീർച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമാണ് പ്രസ്തുത വിവരങ്ങൾ ചോദിക്കുന്നതെന്നും രസ്തോഗി വിശദീകരിച്ചു. 

ഉദാഹരണത്തിന്, കാർഡിന്റെ  പിറകിലെ ഏഴക്കങ്ങൾ തങ്ങൾക്കറിയാമെന്നും പക്ഷേ അതേ കാർഡാണ് മാഷിന്റെ കയ്യിലിരിക്കുന്നതെന്ന്  തീർച്ചപ്പെടുത്താൻ മാഷ് മിനിമം അവസാന മൂന്നക്കങ്ങളെങ്കിലും പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രസ്തോഗി കാർഡിനു പിറകിലെ ആദ്യ നാലക്കങ്ങൾ മാഷോടു പറഞ്ഞു.  

രസ്തോഗി പറഞ്ഞ അക്കങ്ങൾ കിറുകൃത്യമായിരുന്നു. പാവങ്ങളെ വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തിൽ ചാക്കോ മാഷ് കാർഡിന്റെ പിറകിലെ ബാക്കി മൂന്നക്കങ്ങളും തുടർന്നു വന്ന ഒ ടി പിയും കൂടി പറഞ്ഞുകൊടുത്തു. 

കടുവയെ പിടിച്ച കിടുവ 

വളരെ നാളുകൾക്കു ശേഷം നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ ചാരുകസേരയിലേക്ക് ചായാൻ തുടങ്ങവേയാണ് ചാക്കോ മാഷിനെ ഞെട്ടിച്ചുകൊണ്ട് ആ എസ്എംഎസ് വന്നത്; അക്കൌണ്ടിൽ നിന്ന്  ഇരുപത്തയ്യായിരം രൂപ പിൻവലിക്കപ്പെട്ടത്രെ!. 

കടുവയെ കിടുവ പിടിച്ചല്ലോ എന്നതായിരുന്നു ചാക്കോ മാഷിന്റെ സങ്കടകരമായ ആത്മഗതം. ഒ ടി പി പറഞ്ഞുകൊടുത്തത് തെറ്റാണ് എന്ന് മാഷിനു മനസിലായി. പക്ഷേ കാർഡിനു പിറകിലെ നമ്പർ  എങ്ങനെയാണ് തട്ടിപ്പുകാർ മനസിലാക്കിയത് എന്ന കാര്യം മാഷിന് ഒട്ടും പിടികിട്ടിയില്ല.തുടർന്ന്, തന്റെ ബാങ്ക് മാനേജർ പറഞ്ഞപ്പോഴാണ്  കാർഡിനു പിറകിലെ നമ്പർ എന്താണെന്നും അതിൽ തന്നെ സി വി വി  എന്നത് എന്താണെന്നും മാഷിനു മനസിലായത്. 

എന്താണ് സിവിവി?  

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ പിറകുവശത്ത്, ഒപ്പിടാനുള്ള ഇടത്തിനു പുറത്തായി കാണുന്ന മൂന്നക്ക നമ്പരാണ് സി വി വി (കാർഡ് വെരിഫിക്കേഷൻ വാല്യു) എന്നറിയപ്പെടുന്നത്. സി വി വി നൽകിയാൽ മാത്രമേ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ ഒ ടി പി പോലെ തന്നെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ് സി വി വിയും. 

കാർഡിനു പിറകുവശത്ത് സി വി വിയ്ക്കു പുറമെയുള്ള നാലക്ക നമ്പർ ഏതാണ്

ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾക്ക് പതിനാറക്ക നമ്പരാണല്ലോ ഉള്ളത്. ഇതിലെ അവസാന നാലക്കങ്ങളാണ് കാർഡിന്റെ പിറകു വശത്ത് ഒപ്പിടേണ്ട ഭാഗത്തായി കൊടുത്തിട്ടുള്ളത്. കാർഡിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇങ്ങനെ അവസാന നാലക്ക നമ്പർ പിറകിൽ ആവർത്തിക്കുന്നതെങ്കിലും ഏറ്റവും പുതിയ വേർഷൻ കാർഡുകളിൽ ഇങ്ങനെ കാണാറില്ല. 

എ ടി എം കാർഡിന്റെ നമ്പർ പൂർണമായി ലഭിച്ചിരുന്നതിനാൽ സി വി വി യുടെ ആദ്യഭാഗം പറയുന്നു എന്ന വ്യാജേന തട്ടിപ്പുകാർക്ക് ചാക്കോ മാഷിനെ പറ്റിക്കാൻ സാധിച്ചു എന്ന് ഈ കഥയെ ചുരുക്കിപ്പറയാം. 

ഇന്നത്തെ പാഠം: ഓർക്കുക, സി വി വി എന്ന ചുരുക്കെഴുത്തിൽ അക്ഷരങ്ങൾ മൂന്നേ ഉള്ളൂ എന്നതു പോലെ തന്നെ അക്കങ്ങളും മൂന്നേയുള്ളൂ, ഏഴില്ല !


No comments:

Post a Comment