Tuesday, September 20, 2016

സുസ്മിയുടെ പരാജയം




സുസ്മി കല്യാണം കഴിക്കുന്നത് ഒരു കന്നഡക്കാരനെയാണ് എന്ന വാർത്തയോട് വളരെ രൂക്ഷമായാണ് ബന്ധുക്കളെല്ലാം പ്രതികരിച്ചത്. വാർത്ത മാത്രമല്ലേ, യഥാർഥത്തിൽ എന്താ നടക്കാൻ പോവുന്നത് എന്നറിഞ്ഞിട്ടു മതി പ്രതികരണം എന്നു തീരുമാനിച്ചത് ചേർത്തലയിലുള്ള അപ്പച്ചി മാത്രമായിരുന്നു. അപ്പച്ചിക്കും പക്ഷേ, കൂടുതൽ സമയം പ്രതികരിക്കാതിരിക്കാനായില്ല, സുസ്മി ഫേസ്ബുക്കിൽ ഗോട്ട് എൻഗേജ്ഡ് എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കല്യാണം തീർച്ചപ്പെടുത്തിയതോടെയാണത്. അങ്ങനെ, പലവട്ടം വിളിച്ചിട്ടും സ്വിച്ചോഫ് ആയിരുന്ന, സുസ്മിയുടെ അമ്മയുടെ മൊബൈലിലേക്ക് കടുത്ത ദേഷ്യത്തോടെ, നന്നായിട്ടു ശകാരിക്കാൻ തന്നെ അപ്പച്ചി മകളെക്കൊണ്ട് വിളിപ്പിച്ചു. മൊബൈൽ ഇത്തവണ ഓണായിരുന്നു. അറുതലിച്ചി, അറുവാണിച്ചി തുടങ്ങിയ തെറിവാക്കുകളുടെ ഒരു സഹസ്രനാമാർച്ചന പ്രതീക്ഷിച്ച അപ്പച്ചിയുടെ മോൾക്ക് അതിശയമായി, ഒറ്റത്തെറിവാക്കുപോലുമില്ല ! അതേയോ, നന്നായി, അതേ, ഭാഗ്യം തന്നെ എന്നൊക്കെ പറഞ്ഞതു കൂടാതെ അമ്മയുടെ കണ്ണിൽ നിന്ന് സീരിയൽ നടികളെ വെല്ലുന്ന തരത്തിൽ ആനന്ദാശുക്കൾ !

രാഘു എന്ന വിളിപ്പേരുള്ള രാഘവേന്ദ്ര ഹെബ്ബാറിന് സുസ്മി എന്ന വിളിപ്പേരുള്ള സുസ്മിതാ നായരുമായുള്ള വിവാഹം ഒരു വിപ്ലവം തന്നെയായിരുന്നു. സുസ്മി കന്നഡക്കാരിയല്ല എന്നതു മാത്രമല്ല, ബ്രാഹ്മണകുലജാതയുമല്ല എന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായിരുന്നു. സുസ്മിയുടെ അമ്മയ്ക്ക് രാഘുവിനെ ഇഷ്ടപ്പെട്ടെങ്കിലും അച്ഛന് ഇഷ്ടം തോന്നിയില്ല. രാഘുവിൽ ഒരു പൗരുഷക്കുറവ് അച്ഛന് ഫീൽ ചെയ്തു. മീശയില്ല എന്നതല്ല, രണ്ടു ദിവസം ക്ഷൗരം ചെയ്യാതിരുന്നാൽ ഏതു മീശയും പൊങ്ങി വരും, പക്ഷേ, വെളുവെളാ ഉള്ള ശരീരം. നെഞ്ചത്തൊന്നും ഒന്നുമില്ല. ആണായാൽ നല്ല രോമമൊക്കെ വേണ്ടേ ?

‘ജോലീം കൂലീമൊക്കെ ഓക്കെ. പക്ഷേ, അവനെ കെട്ടിയാൽ നിന്റെ മോക്ക് ഈയൊരു സൗകര്യം കിട്ടില്ല’, തന്റെ നെഞ്ചത്തെ രോമങ്ങളിലൂടെ വിരലോടിച്ച് മകൾക്കു വേണ്ടി ശിപാർശ പറയുകയായിരുന്ന ഭാര്യയ്ക്ക് സുസ്മിയുടെ അച്ഛൻ മുന്നറിയിപ്പു നൽകി.

‘ഞാൻ സഹിച്ചു, മോളെങ്കിലും അവൾടെ ഇഷ്ടത്തിന് ചെയ്യട്ടെ’, ഭാര്യ എന്താണുദ്ദേശിച്ചതെന്ന് സ്വതവേ പതിയെ ചിന്തിക്കുന്ന സ്വഭാവക്കാരനായ സുധാകരൻ നായർക്ക് മനസിലായില്ല. മനസിലാവാത്തതുകൊണ്ട് ഇനി കഷ്ടപ്പെട്ട് മനസിലാക്കി ടെൻഷനടിക്കണ്ട എന്ന തീരുമാനമെടുത്ത് ‘പോ പുല്ല്, നിങ്ങടിഷ്ടം അങ്ങനെങ്കി അങ്ങനെ’ എന്ന് തന്റെ വിലപ്പെട്ട തീരുമാനം പരസ്യപ്പെടുത്തി കൂർക്കം വലിയിലേക്കു ചാഞ്ഞു.

സുസ്മിയുടെ അമ്മ ശാരദയാവട്ടെ ഭർത്താവിന്റെ സമ്മതമില്ലാതെ കുട്ടികൾ രണ്ടുപേരും സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ വിവാഹം കഴിച്ച് വീട്ടിലേക്കു കയറിവരുന്ന രംഗം നൂറാമത്തെ തവണയും മനസിൽ റിപ്പീറ്റ് ടെലികാസ്റ്റ് ചെയ്ത് ആകെ മുടിഞ്ഞ് നാശകോശമായ അവസ്ഥയിൽ നിന്ന് സമാധാനത്തിന്റേയും ശാന്തിയുടേയും നിർവാണാവസ്ഥയിൽ സന്തോഷവാർത്തയറിയിക്കാൻ മകളുടെ മുറിയിലേക്കോടി.

അച്ഛന്റെ സമ്മതമില്ലാതെ പറ്റില്ല എന്നതായിരുന്നു സുസ്മിയുടെ ലൈൻ. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായാൽ വീട്ടുകാർ അടുപ്പിച്ചോളും എന്ന ആദിപുരാതന വേദവാക്യമായിരുന്നു രാഘുവിന്റെ പിടിവള്ളി. അങ്ങനെയെങ്കിൽ വീട്ടുകാർ അടുപ്പിക്കാൻ അഞ്ചുവർഷം എടുക്കില്ലേ, അത്രയും കാലം ഒന്നു കഴിച്ചെടുക്കാൻ കഴിയില്ല എന്ന് സുസ്മി. അതെന്താ അഞ്ചു വർഷം, കുട്ടിയുണ്ടാവാൻ പത്തുമാസം ചുമന്നാൽ പോരേ എന്ന രാഘുവിന്റെ ചോദ്യത്തിന്, കുട്ടിയെയും ഉണ്ടാക്കി അടുക്കളയിൽ തള്ളാൻ ഞാൻ കന്നഡക്കാരിയല്ല, മലയാളി ഡാ എന്ന സുസ്മിയുടെ മറുപടി രാഘു ആസ്വദിക്കുക മാത്രമല്ല, സുസ്മിയെ വിവാഹം കഴിക്കാനുള്ള കാരണങ്ങളുടെ ലിസ്റ്റിലേയ്ക്ക് പുതിയ ഒന്നായി എഴുതി ചേർക്കുകയും ചെയ്തു.

രാഘുവിനെ വളച്ചതിന്റെ പത്തിലൊന്ന് ശ്രമം വേണ്ടി വന്നില്ല പക്ഷേ രാഘുവിന്റെ വീട്ടുകാരെ വളയ്ക്കാനെന്ന് ഉടുപ്പിയിൽ നിന്നു മടങ്ങുന്ന വഴി സുസ്മി അച്ഛൻ കേൾക്കാതെ അമ്മയോടു പറഞ്ഞു. കരുണ ചെയ് വാനെന്തു താമസം  കൃഷ്ണാ പാടിയതും രാഘുവിന്റെ അച്ഛൻ നിറകണ്ണുകളോ ടെ സുസ്മിയെ മരുമകളായി മനസാ സ്വീകരിച്ചു കഴിഞ്ഞിരുന്നത്രെ. മലയാളം കലർന്നതെങ്കിലും ഒഴുക്കുള്ള കന്നട പറഞ്ഞതും തപ്പിയാണെങ്കിലും തുളുവിൽ രണ്ടു വാക്കുമൊഴിഞ്ഞതും സുസ്മിയെ രാഘുവിന്റെ അമ്മയുടേയും അമ്മൂമ്മയുടേയും കണ്ണിലുണ്ണിയാക്കി. മകന്റെ വിദ്യാഭ്യാസത്തിനു ചേർന്ന പെൺകുട്ടികൾ ബാംഗ്ലൂരിലേ ഉള്ളൂ എന്നതും വീട്ടുകാർ ആലോചിച്ച പല പെൺകുട്ടികളും കന്നഡയും തുളുവും അറിയാത്ത സായിപ്പച്ചികളുടെ ഭാവക്കാരികളായിരുന്നു എന്നതും മുപ്പതിലേക്കു കടക്കുന്ന രാഘുവിന്റെ വിവാഹജീവിതത്തെക്കുറിച്ച് വീട്ടുകാരെ ആശങ്കപ്പെടുത്തിയിരുന്നു. ആ ആശങ്കകളെല്ലാമാണ് രാഘു ഉടുപ്പി ക്ഷേത്രത്തിലെ തീർത്ഥമൊഴിച്ചെന്നവണ്ണം സുസ്മിയുമായുള്ള വിവാഹക്കാര്യത്തിലൂടെ കെടുത്തിക്കളഞ്ഞത്.

നാട്ടിൽ നിന്ന് രണ്ടു ബസുകളാണ് ഉടുപ്പിയിൽ വച്ചു നടത്തിയ വിവാഹത്തിന് എത്തിയത്. എറണാകുളത്തും ആലുവയിലും ഉള്ള ബന്ധുക്കൾ ഏതാണ്ട് എല്ലാവരും എത്തി. ചേർത്തലയിൽ നിന്ന് അപ്പച്ചി മാത്രം. കുറേ ബന്ധുക്കൾ പരിഭവവും പറഞ്ഞിരുന്നു. അങ്ങനെയുള്ളവർക്കു വേണ്ടിയും നാട്ടിലുള്ള സുഹൃത്തുക്കൾക്കു വേണ്ടിയും ഉചിതമായ ഒരു ദിവസം റിസപ്ഷൻ ഏർപ്പാടാക്കാമെന്ന് സുസ്മിയുടെ അച്ഛൻ മനസിൽ വിചാരിച്ചു.

വിവാഹത്തിനു തലേന്നു തന്നെ ബാംഗ്ലൂരിൽ നിന്ന് സുസ്മിയും അച്ഛനും അമ്മയും സുസ്മിയുടേയും രാഘുവിന്റേയും സുഹൃത്തുക്കളും ഉടുപ്പിയിൽ എത്തി. രാവിലെ തന്നെ ഒരു ഹോമവും മറ്റും ഒരുക്കിയിരുന്നു. കുളിച്ച്, താറുപാച്ചിയ പട്ടുസാരിയൊക്കെ ഉടുത്ത് സുസ്മി ഹോമത്തിന് എത്തിയപ്പോഴാവട്ടെ ടീഷർട്ടും ബർമൂഡയുമിട്ട് തനി ബാംഗ്ലൂരുകാരൻ തന്നെയായി നിൽക്കുകയായിരുന്നു രാഘു. കുളിച്ചിട്ടുപോലുമില്ലായിരുന്നു.

നിനക്കെന്താ ഹോമമില്ലേ എന്ന സുസ്മിയുടെ ചോദ്യത്തിന് നിനക്കു മാത്രം വേണ്ടിയാ ഹോമം, നിന്നെ അഗ്നിശുദ്ധി വരുത്തിയെടുക്കാനാണ് ഹോമം എന്നായിരുന്നു രാഘുവിന്റെ മറുപടി. അപ്പോഴാണ് സുസ്മിയ്ക്ക് കാര്യം മനസിലായത്, തന്നെ ബ്രാഹ്മണസ്ത്രീയാക്കാനാണ് ഹോമം. അയ്യടാ, അതുകൊള്ളാമല്ലോ, ഹോമം നടത്താതെ ഇന്റ്ർകോഴ്സ് ചെയ്താൽ നമുക്കെന്താ പിള്ളേരുണ്ടാവില്ലേ എന്ന സുസ്മിയുടെ സെൻസറിംഗിന് അർഹതയുള്ള ചോദ്യത്തിന് പിള്ളേരുണ്ടാവും പക്ഷേ നിനക്കും പിള്ളേർക്കും ഇവിടെ അമ്പലത്തിൽ പോവുമ്പോൾ എന്റെയോ എന്റെ ബന്ധുക്കളുടെയോ കൂടെയിരുന്ന് പ്രസാദ ഊട്ടു കഴിക്കാനാവില്ല, പകരം അബ്രാഹ്മണരുടെ പന്തിയിൽ പോയിരിക്കേണ്ടി വരും എന്നായിരുന്നു രാഘുവിന്റെ മറുപടി. ബീഫു കിട്ടുമെങ്കിൽ താൻ എവിടെ ഇരിക്കാനും തയ്യാറണെന്ന തറുതലയ്ക്ക്  സുസ്മിയുടെ വായ പൊത്തിയ രാഘുവിനെ കണ്ടുകൊണ്ടാണ് ഹോമത്തിന് കരാറേറ്റ പൂജാരി എത്തിയത്. ഫലമോ, കുളിക്കാത്ത രാഘു തൊട്ടതിന് സുസ്മി ഒന്നുകൂടി കുളിക്കേണ്ടി വന്നു.

താറുപാച്ചി ഉടുത്ത മുണ്ട്, ഇന്ത്യൻ കോഫി ഹൗസിലെ സപ്ലൈയർമാർ വയ്ക്കുന്ന തരത്തിലുള്ളതെന്ന് ഓർമ്മിപ്പിക്കുന്ന തലപ്പാവ്, രണ്ടാം മുണ്ട്, വെളുവെളുത്ത ശരീരത്തെ പകുക്കുന്ന രേഖ പോലെ പൂണൂൽ, രണ്ടര മണിക്കൂറോളം ഹോമത്തിനു മുന്നിൽ പുകയുമേറ്റ് ഒരേയിരിപ്പിരുന്നപ്പോൾ രാഘുവിന്റെ ശരീരം ചുവന്നു തുടുത്തു. രാഘുവിന്റെ ശരീരത്തെ സുസ്മി ആർത്തിയോടെ നോക്കി. അരോമ ശരീരം. അതിനി തനിക്കു സ്വന്തം എന്ന സത്യം സുസ്മിയെ ആ ആൾക്കൂട്ടത്തിലും പുകപ്പ്രളയത്തിലും പലപല ദിവാസ്വപ്നങ്ങളിലേക്കും നയിച്ചു. സെൻസർ ചെയ്യേണ്ടവയായതുകൊണ്ട് ആ ദിവാസ്വപ്നങ്ങൾ അനുവാചകർക്കു ദർശന സൗകര്യം നിഷേധിച്ചുകൊണ്ട്  ഒരു ദാക്ഷീണ്യവും കൂടാതെ വെട്ടിമാറ്റുകയാണ്. പരിഭവം തോന്നരുത്.
നാട്ടിൽ നിന്നു വന്നവർക്ക് ഇതെന്ത് എന്ന് തമാശ തോന്നി. ഈ പെണ്ണ് എങ്ങനെ പുകയും കൊണ്ടിരിക്കുന്നു എന്നത് വലിയ അതിശയമായിരുന്നു, പ്രത്യേകിച്ച് രാഘു വിയർത്തൊട്ടി, കണ്ണുനീറി കണ്ണീരൊലിപ്പിച്ച് ഇരിക്കുമ്പോൾ. സുസ്മി, പക്ഷേ, തലേന്നത്തെ ഹോമാനുഭവത്തിന്റെ പരിചയത്തിന്റെ പുറത്ത് ഇതെത്ര കണ്ടിരിക്കുന്നു എന്ന ലാഘവത്തിൽ പുഞ്ചിരിയോടെയാണ് ഇരുന്നത്. ആ ഇരിപ്പ് രാഘുവിന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും ചെറിയ ആശ്വാസമൊന്നുമല്ല, നൽകിയത്, എന്തെന്നാൽ കഴിഞ്ഞയിടെ നടന്ന മിക്ക വിവാഹങ്ങളിലും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ആചാരമനുസരിച്ചുള്ള സമയമെടുക്കുന്ന ഹോമത്തിനു പകരം പത്തോ പതിനഞ്ചോ മിനിറ്റു മാത്രമുള്ള ‘ഇൻസ്റ്റന്റ്’ ഹോമങ്ങൾക്കു വാശിപിടിച്ചത്രെ. കല്യാണങ്ങൾ കോണ്ട്രാക്റ്റെടുക്കുന്ന പൂജാരിമാരാവട്ടെ, വേണമെങ്കിൽ ഹോമം വീഡിയോ കോൺഫറൻസിംഗ് വഴിപോലും നടത്താനുള്ള തയ്യാറെടുപ്പിലാണത്രെ ഇപ്പോൾ. ഇത്തരമൊരു ദുഷിച്ച സാഹചര്യത്തിലാണ് പുറജാതിക്കാരിയായ ഒരു പെൺകുട്ടി യാതൊരു മടുപ്പുമില്ലാതെ മുഴുവൻ സമയവും ഹോമകുണ്ഡത്തിനു സമീപമിരിക്കുന്നത്. അല്ലാ, ഇനി ഇപ്പോൾ പുറജാതിക്കാരി എന്നൊക്കെ പറയാമോ ? തെറ്റു പറഞ്ഞുപോയതിന് ഥൂ ഥൂ എന്ന് പ്രതീകാത്മകമായി തുപ്പട്ടെ.

ഏതായാലും നാട്ടിൽ നിന്നു വന്നവർക്കെല്ലാം വളരെ സന്തോഷമായി. അതിഗംഭീരമായ സദ്യ. താമസവും ഗംഭീരം. രാഘുവിന്റെ വീട്ടുകാർ വിളിച്ചു പറഞ്ഞപ്രകാരം കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ക്യൂ നിൽക്കാതെ ദർശനം. പട്ടുചേല താറുപാച്ചിയുടുത്ത് സുസ്മി വന്നു നിന്നപ്പോൾ ചേർത്തലയിലെ അപ്പച്ചി സത്യത്തിൽ തൊഴുതു പോയി, അത്രയ്ക്ക് ഐശ്വര്യം !

അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം വൈകീട്ടോടെ മടങ്ങി. അരോമ രൂപിയായ രാഘു ഹോമകുണ്ഡം പറ്റിച്ച നിർജലീകരണത്തിൽ കടുത്ത ജലദോഷത്തിന് അടിമയായി മുല്ലപ്പൂ വിരിച്ച മെത്തയിൽ എന്നെയിന്ന് വെറുതേ വിടൂ എന്ന യാചനയോടെ പത്തിമടക്കിക്കിടന്നു. എന്നാൽ മുട്ടുശാന്തിയ്ക്കൊരു ഉമ്മയെങ്കിലുമാവട്ടെ എന്നു കരുതി അടുത്തു ചെന്ന സുസ്മിയെ, രാഘുവിന്റെ നെഞ്ചത്തുനിന്നു കുമുകുമാ വന്ന,   കുഞ്ഞിലേ മുതലേ ഓക്കാനം വരുത്തിക്കുന്ന ടൈഗർ ബാമിന്റെ ഗന്ധം കട്ടിലിൽ നിന്നു താഴത്തേയ്ക്കു ചാടിച്ചുകളഞ്ഞു.

ഒരു ഹോമവുമില്ലാതെ, വെറുമൊരു പുടവ കൈമാറുന്ന നായർ കല്യാണമായിരുന്നു തങ്ങളിന്ന് നടത്തിയിരുന്നതെങ്കിൽ കിടക്കയിൽ എന്തൊക്കെ നടക്കുമായിരുന്നു എന്ന് ഒന്നു കുത്തണമെന്ന് കരുതിയെങ്കിലും ജലദോഷം വളർന്ന് തലവേദനയും തൊണ്ടവേദനയുമായിക്കഴിഞ്ഞിരുന്ന രാഘുവിനെ ടീ ഷർട്ട് ഇടീച്ച് ടൈഗർ ബാമിന്റെ മണത്തെ കഴിയുന്നതും കുറച്ച് സ്വസ്ഥമായി ഉറങ്ങാൻ വിട്ടു സുസ്മി.      

രാവിലെ എഴുന്നേറ്റപ്പോൾ സുസ്മി പക്ഷേ കണ്ടത് തലേന്നു രാത്രിയിലെ ജലദോഷി രാഘുവിനെ അല്ല. മണി ഏഴരയാവുന്നതേയുള്ളൂ, രാഘു കുളിയും കഴിഞ്ഞ് അടുക്കളയ്ക്കടുത്തുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുകയാണ്. സുസ്മി പല്ലുതേച്ചു വരുമ്പോഴും രാഘു വെള്ളം കോരുകയാണ്. വെള്ളമടിക്കുന്ന മോട്ടർ കേടായോ എന്നായി സുസ്മിയ്ക്കു സംശയം. സുസ്മിയ്ക്ക് ചിരിക്കാനുള്ള വകയായിരുന്നു വെള്ളം കോരിയതിനെക്കുറിച്ച് രാഘുവിന്റെ വിശദീകരണം. അടുത്ത വീടുകളിലൊന്നും കിണറുകളില്ല. പത്തുപന്ത്രണ്ടു വീട്ടുകാർ രാഘുവിന്റെ വീട്ടിലെ കിണറാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. ഇതിൽ രണ്ടു ബ്രാഹ്മണ കുടുംബങ്ങൾക്കല്ലാതെ മറ്റാർക്കും കിണറ്റിൽ നിന്ന് വെള്ളം കോരാനുള്ള അവകാശമില്ല, താഴ്ന്ന ജാതിക്കാരാണ് എന്നതു തന്നെ കാരണം. അവർക്കു രാഘുവിന്റെ വീട്ടിലുള്ള ആരെങ്കിലുമോ നേരത്തെ പറഞ്ഞ ബ്രാഹ്മണ കുടുംബങ്ങളിലെ ആരെങ്കിലുമോ വെള്ളം കോരിക്കൊടുക്കണം.

ഇതു കൊള്ളാമല്ലോ എന്നായി സുസ്മി. ജാതി സിസ്റ്റം കൊള്ളാം, താഴ്ന്ന ജാതിക്കാർക്ക് മേലനങ്ങാതെ കുടിവെള്ളം കിണറ്റിൽ നിന്നു കിട്ടും. ബ്രാഹ്മണർ കോരിക്കൊടുക്കും. അതങ്ങനല്ല എന്ന് രാഘു തിരുത്തി. രാവിലെ ആറിനും എട്ടിനും ഇടയിൽ വന്നാലേ വെള്ളം കിട്ടൂ, അതും ആരെങ്കിലും വെള്ളം കോരിക്കൊടുക്കാൻ സന്നദ്ധരായി ഉണ്ടെങ്കിൽ മാത്രം. എട്ടുമണിക്കുള്ളിൽ ഏതെങ്കിലും വീട്ടുകാർക്ക് വെള്ളമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ആ ദിവസം വെള്ളം കിട്ടില്ല, എങ്ങനുണ്ട്?

എന്നാൽ പിന്നെ ഇപ്പറഞ്ഞ എല്ലാ വീട്ടുകാരെയും ഹോമം നടത്തി ബ്രാഹ്മണരാക്കിക്കൂടേയെന്ന് സുസ്മി. അവർക്ക് യഥേഷ്ടം വെള്ളവും കിട്ടും രാഘുവിന്റെ വീട്ടുകാർക്ക് വെള്ളം കോരിക്കൊടുക്കൽ ഒഴിവാക്കുകയും ചെയ്യാം. അവരെ ബ്രാഹ്മണരാക്കിയാൽ വയലിലാരു പണിയെടുക്കുമെന്ന് രാഘു. അതു കറക്റ്റ് പോയിന്റെന്ന് സുസ്മി, എന്നിട്ട് നെഞ്ചുവിരിച്ചു നിന്ന് വലത്തെ കൈ ഇടതു നെഞ്ചിൽ തട്ടി പറയുകയാണ്, നീ കേരളത്തിൽ വാടാ രാഘു, പുരോഗമനമെന്താണെന്ന് ഞാൻ കാണിച്ചു തരാം. എന്തു പുരോഗമനം, ഓരോ നാട്ടിലും കാണും എന്തെങ്കിലുമൊക്കെ ദുരാചരാങ്ങൾ എന്നു തർക്കിച്ചു നോക്കി രാഘു. കേരളത്തിൽ വന്ന് പുരോഗമനം കണ്ട് നാണിക്കാൻ ഭയക്കുന്നതു കൊണ്ടാണ് രാഘു തർക്കിക്കുന്നതെന്ന് പൊട്ടിച്ചിരിച്ച സുസ്മി ഒരുവട്ടം കൂടി കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ഇത്തവണ ക്ഷണം സ്വീകരിച്ച രാഘു ഒട്ടും സമയം കളയാതെ തന്നെ കുളിക്കാത്ത സുസ്മിയിലൂടെ കേരളത്തിന്റെ ചൂടും ചൂരുമെല്ലാം ഒപ്പിയെടുത്തു, ഒറിജിനൽ കേരളം കാണാൻ വീണ്ടും രണ്ടാഴ്ചയെടുത്തെങ്കിലും.

സുസ്മിയുടെ അച്ഛന്റെ അമ്മയുടെ അമ്മ നൂറാം വയസിൽ ചരമമടഞ്ഞതിനാൽ നേരത്തെ പ്ലാൻ ചെയ്ത, നാട്ടിൽ വച്ചുള്ള റിസപ്ഷൻ വേണ്ടന്നു വയ്ക്കേണ്ടി വന്നു. സുസ്മിയ്ക്ക് സത്യത്തിൽ അതൊരു ആശ്വാസമായി. നാടു വിട്ട് ബാംഗ്ലൂർ സ്ഥിരതാമസമാക്കിയിട്ട് പതിനഞ്ചുവർഷമായി, സുസ്മിയ്ക്കിന്ന് നാട്ടിൽ പറയത്തക്ക സുഹൃത്തുക്കളൊന്നുമില്ല. പിന്നെ ഏസീ ബസ് ഉണ്ടായിട്ടും കുശുമ്പുകാരണം കല്യാണത്തിനു വരാത്ത കുറച്ചു ബന്ധുക്കൾക്കു വേണ്ടി എന്തിന് കാശും സമയവും പൊടിക്കണം? അങ്ങനെ വരാതിരുന്നവർക്ക്, പോയി വന്നവർ പറഞ്ഞ വിശേഷങ്ങൾ കേട്ട് ആകെ സങ്കടമായി. ഫേസ്ബുക്കിലിട്ട കല്യാണഫോട്ടോകൾ കണ്ടപ്പോഴാണ് തങ്ങൾ കരുതിയിരുന്നതു പോലെ ഏതോ ഒരു കന്നഡക്കാരനല്ല സുസ്മിയുടെ ഭർത്താവ് എന്ന കാര്യം പലർക്കും മനസിലായത്. പോട്ട്, കല്യാണം കൊണ്ട് ചടങ്ങുകളൊന്നും തീരണില്ലല്ല്, പ്രസവോം പേരിടീലും എല്ലാം കാണുവല്ല്, അപ്പ പോകാം, എന്ന് ആശ്വസിച്ചവർ ധാരാളമുണ്ട്.

അങ്ങനെ കല്യാണം കഴിഞ്ഞ് ഇരുപതു ദിവസത്തിനുശേഷം കേരളത്തിന്റെ മിനിയേച്ചർ ആയ സുസ്മിയുടെ ശരീരമാകെ പലവട്ടം ചുറ്റിക്കറങ്ങിക്കണ്ട രാഘു യഥാർത്ഥകേരളം കാണാൻ ആദ്യമായി എത്തുകയാണ്. ബന്ധുക്കളുടെ വീടുകളിൽ പോവുന്നതിന് സുസ്മിയ്ക്ക് സത്യത്തിൽ ഇപ്പോൾ ഒരു ഗൈഡിന്റെ സഹായം കൂടിയേ തീരൂ എന്നായിട്ടുണ്ട്. കാരണം, ഇത് അപ്പച്ചിയുടെ നാത്തൂന്റെ മകന്റെ ഭാര്യയുടെ ജ്യേഷ്ഠന്റെ എന്നു തുടങ്ങുന്ന ബന്ധം പറച്ചിലുകൾക്കിടയിൽ, ഉവ്വ് ഓർമ്മയുണ്ട് എന്ന് യഥാസമയങ്ങളിൽ വിട്ടുപോവാതെ പറയുന്നതിനുള്ള സാമർഥ്യമുണ്ടല്ലോ, അത് മറ്റുപലകാര്യങ്ങളിലും മിടുക്കിയാണെങ്കിലും സുസ്മിയ്ക്ക് വശപ്പെടുത്താനാവാത്ത കഴിവാണ്. അതുകൊണ്ട് ഒരു സഹായത്തിന് അമ്മയേയും കൂട്ടിയാണ് ഇരുവരുടേയും വരവ്.

ചേർത്തല അപ്പച്ചിയുടെ വീട്ടിലായിരുന്നു കേരളത്തിൽ വന്നശേഷമുള്ള രാഘുവിന്റേയും സുസ്മിയുടേയും ആദ്യരാത്രി. അപ്പച്ചിയുടെ വീട് രാഘുവിനെ ശരിക്കും അമ്പരപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവും രണ്ട് ആൺമക്കളും ഗൾഫിലാണ്. അത്യുജ്വലമായ വീട്, പുൽത്തകിടി, കിളിക്കൂട്, പട്ടിക്കൂടും വലിയൊരു കടിയൻ പട്ടിയും, കാർപോർച്ചിൽ ഭംഗിക്ക് ബിഎംഡബ്ലിയുവും മുറ്റത്ത് സമീപപ്രദേശങ്ങളിൽ പോവാനായി വാഗണാറും. ഇങ്ങനൊരു വീട് ഉടുപ്പി ജില്ലയിലുണ്ടോ എന്നായിരുന്നു സുസ്മിയുടെ ചോദ്യം. രാഘുവിന്റെ വീട്ടിൽ തലകുനിക്കാതെ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്കു പോവാനാവില്ലായിരുന്നു, ഉയരം കുറഞ്ഞ കട്ടിളകളായിരുന്നു രാഘുവിന്റെ വീട്ടിൽ മാത്രമല്ല, സുസ്മി സന്ദർശിച്ച മിക്കവാറും എല്ലാ ബന്ധുക്കളുടെ വീട്ടിലും. അപ്പച്ചിയുടെ വീട്ടിലാവട്ടെ, തൊടാൻ പോയിട്ട് കേടായ ബൾബ് മാറ്റിയിടണമെങ്കിൽ ഏണി വച്ചു കയറേണ്ട സാഹചര്യമുള്ള തരത്തിൽ ഉയരത്തിലായിരുന്നു ഉത്തരം. ചുമ്മാതല്ല ഞങ്ങൾ മലയാളികൾക്ക് തലയുയർത്തി നടക്കാൻ കഴിയുന്നതെന്ന് സുസ്മി ഉപന്യസിച്ചപ്പോൾ താനും ഇപ്പോൾ മലയാളിയല്ലേ എന്ന് കെറുവിച്ചുകളഞ്ഞു രാഘു. രാഘു സ്വയം മലയാളി എന്ന് വിശേഷിപ്പിച്ചതു കേട്ട അത്യാഹ്ലാദത്തിൽ സുസ്മി കൊടുത്ത ചുംബനസമ്മാനം അവിടെ ഒതുങ്ങിയില്ല. അപ്പച്ചിയും അമ്മയുമൊക്കെ ഊണിന് കുറെ കാത്തിരിക്കേണ്ടി വന്നു. പിന്നെ മുറിയിൽ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും കുട്ടികൾ യാത്രാക്ഷീണത്തിലായിരിക്കും, നമുക്കു കഴിച്ചാലോ എന്നു സമാധാനം പറഞ്ഞ് ബന്ധുജനങ്ങൾ ഊണു കഴിക്കുകയായിരുന്നു.  

കേരള എന്നതിനു പകരം കേരളം എന്നും മല്യാളി എന്നതിനു പകരം മലയാളി എന്നും പറയാൻ നോക്കുകയായിരുന്നു അങ്കം കഴിഞ്ഞ ചേകവരായ രാഘു. അങ്കവും കേരളത്തിലെ ചൂടും ചേർന്നപ്പോൾ നന്നായി ക്ഷീണിച്ചവശയായ സുസ്മി, നിനക്ക് നാക്ക് ശരിക്ക് ഉപയോഗിക്കാനറിയില്ലടാ രാഘു, ഞാൻ പഠിപ്പിക്കാം, എന്നു പറഞ്ഞതും രാഘു ഞെട്ടി, ങേ ! 
പറയെടാ, മഴ, വഴി, കുഴി, പറയാൻ പറ്റുമോന്ന് നോക്ക്, എന്ന് സുസ്മി പാതിയുറക്കത്തിലാണോ പറഞ്ഞതെന്ന കാര്യം ഒരുപക്ഷെ രാഘുവിന് മരിക്കും വരെ  ദൂരീകരിക്കാനാവാത്ത സംശയമായി നിലനിൽക്കാനിടയുണ്ട്.

ഊണിനു വേണ്ടി താഴെ ഇറങ്ങി വന്നപ്പോഴാണ് രസം, രാഘുവിനുവേണ്ടി പ്രത്യേകം പുതിയ പ്ലേറ്റ് വാങ്ങിയിട്ടുണ്ട്. മത്സ്യമാംസാദികൾ തൊട്ടശുദ്ധമാക്കാത്ത ഫ്രെഷ് പ്ലേറ്റ് ! മോളിനി എർച്ചീം മീനുമൊന്നും തിന്നണ്ട എന്ന അപ്പച്ചിയുടെ ഉപദേശം സുസ്മിയ്ക്ക് വിഷമമുണ്ടാക്കിയില്ല, പക്ഷെ തിന്നണ്ട എന്നു പറഞ്ഞതിന്റെ കാരണമാണ് സഹിക്കാൻ പറ്റാതെ പോയത്: ഹോമം നടത്തി ബ്രാഹ്മണസ്ത്രീയായില്ലേ, പാപമുണ്ടാവുമത്രേ !

രാഘു ചിരിച്ചുകൊണ്ടാണ് അപ്പച്ചിയോടു പറഞ്ഞത്, ഇപ്പോൾ വീട്ടിൽ പാകം ചെയ്യാറില്ലെങ്കിലും ധാരാളം ബ്രാഹ്മിൺസ് ഇറച്ചീം മീനുമൊക്കെ കഴിക്കാറുണ്ടെന്നും വർഷത്തിലൊരിക്കൽ പ്രത്യേക ഹോമം നടത്തി അങ്ങനെ കഴിച്ചതുമൂലമുള്ള പാപങ്ങളിൽ നിന്ന് മോചിതരാവാറുണ്ടെന്നും. എങ്കിൽ അങ്ങനെ വർഷത്തിലൊരിക്കൽ മോചിതരാവാറുള്ള ഹോമം തീർച്ചയായും നടത്തണമെന്ന് അപ്പച്ചി സുസ്മിയെ ഉപദേശിച്ചു. പിന്നെ, നല്ല ബുദ്ധി തോന്നി കന്നഡക്കാരനെങ്കിലും ബ്രാഹ്മണനായ ഒരു സാത്വികനെ വിവാഹം കഴിച്ച സുസ്മിയെ അഭിനന്ദിച്ചും പ്രേമവിവാഹം നടത്തിയ, അപ്പച്ചിയുടെ നാത്തൂന്റെ മകളെ ശപിച്ചും അപ്പച്ചി ഒരു പ്രസംഗം കാച്ചി.

അപ്പച്ചിയുടെ നാത്തൂന്റെ കുടുംബക്കാർ ആകെ ക്ഷയിച്ചു പോയത്രെ. ക്ഷയം എന്നതുകൊണ്ട് എന്താണ് അപ്പച്ചി ഉദ്ദേശിച്ചതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും ഒരുമാതിരി നന്നായി മലയാളം മനസിലാവുന്ന രാഘു എന്തുവിചാരിക്കും എന്നൊരാശങ്ക സുസ്മിയുടെ ഉള്ളിൽ നൂണുകടന്നിരുന്നു. നാത്തൂന്റെ ഭർത്താവ് ഹൃദയാഘാതം വന്നു മരിച്ചുപോയിരുന്നു. ശരി, ചെറിയ ക്ഷയം എന്നു പറയാം. മകൾ ഒരു ഈഴവയുവാവിനെ- ഡോക്ടറാണ്, അതും കാനഡയിൽ- വിവാഹം കഴിച്ചു. മകൻ ഐ എസ് ആർ ഒയിൽ സയന്റിസ്റ്റാണ്, പക്ഷെ ഒരു പട്ടികജാതി യുവതിയെ –അതും സയന്റിസ്റ്റ്- വിവാഹം കഴിച്ചു. തള്ള, ഈ നാത്തൂൻ, പഞ്ചായത്തുമെമ്പറാണ്, അപ്പോൾ നാനാവിധ ജാതിമതസ്ഥർ വീട്ടിൽ കയറിയിറങ്ങൽ പതിവാണ്. ഇതാണ് ക്ഷയം ! ഇനി ഈ ക്ഷയം കൊണ്ട് അപ്പച്ചിക്കുണ്ടായ ദോഷമോ, വളരെ സങ്കടകരമാണ്- മകനും മരുമകളും നാട്ടിൽ വരുന്ന അവസരങ്ങളിൽ മരുമകൾ പുലർച്ചയ്ക്കു തന്നെ എഴുന്നേറ്റ് നടക്കാൻ പോകുമത്രെ. അപ്പച്ചി ക്ഷേത്രദർശനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് മരുമകൾ നടക്കാനായി അവരുടെ വീട്ടിൽ നിന്നിറങ്ങുന്നത്- അപ്പച്ചിയുടെ വീടിന് എതിർവശത്താണ് നാത്തുന്റെ വീട്- കുളിക്കുകയും പിടിക്കുകയും ചെയ്യാത്ത ഒരു പട്ടികജാതിക്കാരിയെ കണികണ്ട് പല അത്യാഹിതങ്ങളും സംഭവിച്ചിട്ടുണ്ടത്രെ !

വലിയ വീടുവെച്ചാൽ നെഞ്ചുവിരിച്ചു നടക്കാമെന്നു മാത്രമല്ല, വലിയ മനസിനുടമയുമാവാം അല്ലേ എന്ന് രാഘു, ഉറങ്ങാൻ കിടക്കും നേരം ചോദിച്ചപ്പോൾ, അപ്പച്ചി പഴയ ആളായതു കൊണ്ടാണ് അങ്ങനെ എന്നു സുസ്മി പറഞ്ഞതിന് താൻ വീടിന്റെ കാര്യമാണു പറഞ്ഞത് നീയെന്തിന് ഓരോ കാര്യങ്ങൾ ഊഹിക്കുന്നു എന്നു രാഘു പറഞ്ഞെങ്കിലും സുസ്മിക്ക് ഉള്ളിൽ കൊത്തിവലിക്കുന്ന ഒരു വേദന അനുഭവപ്പെട്ടു.

അമ്മാവന്റെ വീട്ടിലേയ്ക്കായിരുന്നു രണ്ടാം ദിനം. അപ്പച്ചിയുടേതു പോലെ ഘടാഘടിയൻ അല്ലെങ്കിലും ഉടുപ്പിയുമായി തട്ടിച്ചുനോക്കിയാൽ ഒരു ബംഗ്ലാവു തന്നെ. അമ്മാവൻ ഗൾഫിലൊന്നും പോയിട്ടില്ല, നാട്ടിൽ തന്നെ ചില്ലറ ബിസിനസുകൾ, ഡ്രൈവിംഗ് സ്കൂൾ, ട്യൂട്ടോറിയൽ, ഇതൊക്കെയായിരുന്നു പരിപാടി. ഇപ്പോൾ അതെല്ലാം വിട്ടിട്ട് വർഷങ്ങളായി അമ്പലം കമ്മിറ്റിയുടെ തലപ്പത്താണ്. കൂടാതെ നാലു വർഷമായി അമ്പലത്തിന്റെ കീഴിൽ തുടങ്ങിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിന്റെ ചെയർമാനുമാണ്.

കല്യാണത്തിനു വരാതിരുന്ന അമ്മാവൻ ഭക്ഷണം കഴിക്കുകയായിരുന്നു. രാഘുവിനെ കണ്ടയുടനെ എഴുന്നേറ്റു ചെന്നു സ്വീകരിച്ചിട്ട് ഏതു ഭാഷയിൽ സംസാരിക്കണമെന്ന ശങ്കയിൽ ഒന്നു തപ്പിത്തടഞ്ഞു. മലയാളത്തിൽ മതിയെന്നും മലയാളം തനിക്കു മനസിലാവുമെന്നും പക്ഷെ മറുപടി താൻ ഇംഗ്ലീഷിൽ പറഞ്ഞുകൊള്ളാമെന്നും അടുത്ത വരവിന് നന്നായി മലയാളം പറയാനായി സുസ്മി തന്നെ സഹായിക്കുമെന്നും രാഘു പറഞ്ഞതു കേട്ട് അമ്മാവൻ വളരെ സന്തോഷിച്ചു.
ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് അമ്പലത്തിലേയ്ക്കിറങ്ങിയത്. കർണ്ണാടകത്തിലെ അമ്പലങ്ങളിൽ ബ്രാഹ്മണർ തന്നെയാണു പൂജാരിമാർ എന്നാൽ കേരളത്തിൽ എല്ലാ ജാതിക്കാരും പൂജാരിമാരായുണ്ട് എന്നു താൻ പറഞ്ഞത് രാഘു പണ്ട് വിശ്വസിക്കാതിരുന്നത് അമ്മാവനെക്കൊണ്ട് പറയിപ്പിച്ച് രാഘുവിനു വിശ്വാസമാക്കിക്കൊടുക്കാൻ സുസ്മി തീരുമാനിച്ചു. അതുപ്രകാരം ചോദിച്ചപ്പോൾ അമ്മാവന്റെ മറുപടി വിചിത്രമായിരുന്നു. ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ ഏതു ജാതിക്കാരും പൂജാരിമാരായി വരാമെങ്കിലും അമ്മാവൻ നേതൃത്വം കൊടുക്കുന്ന അമ്പലത്തിൽ നായന്മാർ പോലുമല്ല, നല്ല ഒറിജിനൽ ബ്രാഹ്മണർ തന്നെയാണത്രെ പൂജാരിമാർ. ഓരോ കാര്യത്തിനും ഓരോ ആൾക്കാരുണ്ട്, നമ്മൾ പോയി മുടി വെട്ടിയാൽ ശരിയാവുമോ, അതിന് അമ്പട്ടൻ തന്നെ വേണം. അപ്പോൾ അമ്പട്ടന്റെ ജോലി അമ്പട്ടനും ബ്രാഹ്മണന്റെ ജോലി ബ്രാഹ്മണനും ചെയ്യണം.

പിന്നെ ഒരു ഓഫറും അമ്മാവൻ രാഘുവിനു കൊടുത്തു. രാഘു ഉടുപ്പിയിൽ നിന്നാണല്ലോ, അപ്പോൾ മാസത്തിലൊരിക്കലോ മറ്റോ, ഒരു വെള്ളിയാഴ്ചയോ മറ്റോ, ബാംഗ്ലൂരിൽ നിന്ന് ഫ്ലൈറ്റിൽ വന്ന് ഒരു സ്പെഷ്യൽ പൂജ നടത്തിക്കൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചു കൂടെ എന്നായിരുന്നു ഓഫർ. ഉടുപ്പി അടുത്താണല്ലോ കൊല്ലൂർ. അപ്പോൾ കൊല്ലൂരു നിന്നുള്ള ഒരു ബ്രാഹ്മണപൂജാരിയുടെ സ്പെഷ്യൽ പൂജ എന്നു പരസ്യം ചെയ്താൽ നല്ല നടവരുമാനം കിട്ടും, ബുക്കിംഗാണ് രക്ഷയില്ല എന്നൊക്കെ പറഞ്ഞാൽ ഡിമാൻഡ് കൂടും, വരുമാനത്തിന്റെ നല്ലൊരു ഭാഗം രാഘുവിനുള്ളതായിരിക്കും.

വേണ്ടെന്നു വെക്കാനാവാത്ത ഓഫറിൽ നിന്ന് രാഘു രക്ഷപെട്ടതാണോ സത്യം പറഞ്ഞതാണോ എന്ന് സുസ്മിയ്ക്ക് സംശയമായി. ഓഫർ സ്വീകരിക്കാനാവാത്തതിന് ‘റണ്ടു കാര്യ ഉണ്ടു’ എന്ന് കന്നഡ കലർന്ന മലയാളത്തിൽ തന്നെ രാഘു പറഞ്ഞു. ഒന്നാമതായി കേരളത്തിൽ തന്ത്രരീതിയിലാണ് പൂജകൾ നടത്തുന്നത്, കർണ്ണാടകത്തിൽ മന്ത്രത്തിനാണു പ്രാധാന്യം. മന്ത്രരീതിയിലുള്ള പൂജയേ തനിക്കു വശമുള്ളൂ. രണ്ടാമതായി താൻ വൈഷ്ണവനാണ്, ദേവിയെ പൂജിക്കാറുമില്ല, ആരാധിക്കാറുമില്ല. എന്നിരുന്നാലും താൻ ഒരു ദേവിയെ ആരാധിക്കാറുണ്ടെന്നു രാഘു പറഞ്ഞപ്പോൾ അതാരെന്നു ചോദിച്ച അമ്മാവന് അത് സുസ്മിയാണെന്നു പറഞ്ഞ രാഘുവിന്റെ തമാശ ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാലും ഒന്നു ചിന്തിച്ചു കൂടെ, പണം കിട്ടുന്ന കാര്യമല്ലേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ വിശ്വാസത്തിന്റെ കാര്യമാണ് നിർബന്ധിക്കരുത് എന്നുപറഞ്ഞ് രാഘു ഒഴിഞ്ഞു.

അമ്മാവന്റെ ഓഫറും തലേന്നത്തെ അപ്പച്ചിയുടെ പരാതികളും ഉള്ളിൽ നിറഞ്ഞ ദേഷ്യത്തിൽ ഇങ്ങനെയാണോ ഭക്തന്മാർ ദേവിയെ ആരാധിക്കുന്നതെന്ന് രാത്രി സുസ്മി ചോദിച്ചപ്പോൾ എന്നാൽ വേറൊരു പൊസിഷനിൽ ആവട്ടെ ഇന്നത്തെ ആരാധനഎന്നു പറഞ്ഞ് രാഘു അർദ്ധരാത്യാർച്ചന കിടിലമാക്കി.

എല്ലാം കൊണ്ടും പാതിരാത്രിയിൽ സുസ്മി തീർത്തും അവശയായിരുന്നു. ഫാനിൽ നിന്നു ചുടുകാറ്റു വന്നിട്ടും രാഘുവാകട്ടെ സുഖനിദ്രയിൽ. കേരളത്തിലെ ചൂട് സഹിക്കാനാവാത്ത മലയാളിയായ താൻ എന്തോന്നു മലയാളി എന്ന് ഇടയ്ക്ക് സുസ്മിയ്ക്ക് തോന്നിപ്പോയി. ഇതിപ്പോൾ പുറത്തെ ചൂടു മാത്രമല്ല, മറ്റെന്തോ ഒക്കെയുണ്ട്, എന്താണെന്ന് മനസിലാവാത്ത പലതും. പക്ഷേ രാഘുവിന്റെ സാമീപ്യം നല്ലൊരു കുളിർകാറ്റല്ല, ഒരു ചെറുമഴ തന്നെയാണെന്നു പോലും സുസ്മിയ്ക്കു തോന്നി. രാഘൂ എന്റെ രാഘൂ, രാഘൂ എന്റെ രാഘൂ ഒന്നും രണ്ടുമല്ല, അനവധി നിരവധി ആവൃത്തി ഈ മൂന്നു വാക്കുകൾ ലാപ്ടോപ്പിൽ വേഡ് ഓപൺ ചെയ്ത് അടിച്ചിട്ടു. ഒടുവിൽ സ്ക്രീൻ നിറയെ രാഘൂ എന്റെ രാഘൂ

കേരളാ ട്രിപ്പിനു പോയിട്ട് സുസ്മി ഏറ്റവുമധികം ചമ്മിയ ഒരു കാര്യം കൂടി പറഞ്ഞിട്ടു നിറുത്താം. പിറ്റേന്നു രാവിലത്തെ കാര്യമാണ്. പ്രാതൽ സുസ്മിയുടെ അമ്മയുടെ അനുജനായ ബോസ്മാമന്റെ വീട്ടിൽ വെച്ചായിരുന്നു. സുസ്മിയും രാഘുവും ചെല്ലുന്നതു പ്രമാണിച്ച് മികച്ച പാചകക്കാരിയായ ബോസ്മാമന്റെ മാമി ധാരാളം വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇതിനോടകം രാഘു ശുദ്ധസസ്യാഹാരിയാണെന്ന കാര്യം പരസ്യമാക്കപ്പെട്ടിരുന്നതിനാൽ ബോസ്മാമന്റെ വീട്ടിൽ അത്തരത്തിലുള്ള പലഹാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഘു ഓരോന്നായി രുചിച്ചു നോക്കി ആസ്വദിച്ചു കഴിച്ച് കൊള്ളാം കൊള്ളാം എന്ന് അഭിപ്രായം പറഞ്ഞത് മാമിക്ക് വളരെ ഇഷ്ടപ്പെട്ടു.
രാഘു അടുത്ത ഊഴത്തിൽ കൈവെച്ചത് ഒറ്റനോട്ടത്തിൽ ലഡുവെന്നു തോന്നിക്കുന്ന ഒരു പലഹാരത്തിലായിരുന്നു. കയ്യിലെടുത്താൽ പൊടിഞ്ഞുപോകാവുന്ന തരത്തിലുള്ള ആ വിഭവം രാഘു വളരെ സൂക്ഷിച്ചെടുത്ത് ലോലമായി കടിച്ചു. പൊടിഞ്ഞില്ല. മാമിയുടെ മുഖത്ത് ചിരി വിടർന്നു. രാഘു അല്പം ബലത്തിൽ കടിച്ചു. പൊടിഞ്ഞില്ല. ഇനിയും ബലത്തിൽ. ഇല്ല, പൊടിഞ്ഞില്ല. ഇനിയും, ഇനിയും ബലത്തിൽ. ഇല്ല, ഒരു രക്ഷയുമില്ല.

രാഘു പരാജിതനായി ‘ലഡു’ താഴത്തു വച്ചു.

ചിരിച്ചുകൊണ്ട് മാമി പറഞ്ഞു, അത് അവലോസിന്റെ ഒരു വകഭേദമാണെത്രെ, കടിച്ചു പൊട്ടിക്കാൻ കഴിയില്ല, ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ച് വായിലിട്ട് അലിയിച്ചു കഴിക്കണം. മാമി ഈ പലഹാരം കൊടുത്ത് പലരേയും പറ്റിച്ചിട്ടുണ്ടത്രെ. ലഡുവിന്റെ ലുക്കിനുവേണ്ടി ചേർത്ത ഉണക്കമുന്തിരീം കളറും വലിപ്പോം ഒക്കെ കാണുമ്പൊ ഏതോ പുതുപുത്തൻ പലഹാരമാണെന്ന് കരുതിപ്പോവും, പക്ഷേ ശരിക്കും ഇതു പഴയ അവലോസാണെന്ന് കടിച്ചു നോക്കുമ്പോഴേ മനസിലാവൂ, മാമി വിശദീകരിച്ചു.

ഇതുകേട്ട്, ഐഡിയൽ സ്റ്റഫ് ഫൊർ മലയാളീസ് എന്ന് രാഘു പറഞ്ഞത് അവലോസുണ്ടയെക്കുറിച്ചു മാത്രമാണെന്നും മറ്റൊന്നും ഉദ്ദേശിച്ചല്ല എന്നും വിശ്വസിക്കാനാണ് സുസ്മി പരിശ്രമിച്ചതും  പക്ഷേ ഒട്ടും വിജയിക്കാതെ പോയതും !


********************                  ***********************                          ****************************

3 comments: