ചതിയന്മാരെന്നാൽ
പഴയസിനിമയിലൊക്കെ കാണുന്നതു പോലെ മുഖത്തുകറുത്തപുള്ളിയും കൊമ്പൻ മീശയും ഒറ്റനോട്ടത്തിൽ
തന്നെ കള്ളനെന്നു പറയിപ്പിക്കുന്ന ലക്ഷണവുമൊക്കെയുണ്ടാവുമെന്നായിരുന്നു സിനിമ കണ്ടിട്ട്
വർഷങ്ങളായ ദാമോദരൻ ചേട്ടന്റെ ധാരണ. എന്നാൽ പുതിയ സിനിമയൊന്നും കാണാതെ തന്നെ ചേട്ടന്റെ
ആ ധാരണ മാറിയതിനെക്കുറിച്ചാണ് ഈ കഥ.
ഞാൻ
ജോലി ചെയ്യുന്ന ബാങ്ക് ശാഖയുടെ സമീപത്തു തന്നെയാണ് ദാമോദരൻ ചേട്ടന്റെ ശ്രീലക്ഷ്മി വെജിറ്റേറിയൻ
ഹോട്ടൽ. മികച്ച വെജിറ്റേറിയൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന്റെ പേരിൽ
ഒരു ചാനലിൽ ആ ഹോട്ടലിനെക്കുറിച്ച് പരിപാടിപോലും വന്നിട്ടുണ്ട്. ആ പരിപാടിവന്നതിൽ പിന്നെ
മറ്റു സ്ഥലങ്ങളിൽ നിന്നു പോലും ഹോട്ടലിൽ ആളുകൾ എത്താറുമുണ്ട്.
അങ്ങനെ
ഒരു ദിവസം ഒരു സുമുഖൻ രാവിലെ ചായ കുടിയ്ക്കാനെത്തി. ദൂരസ്ഥലത്തുനിന്ന് എത്തിയതാണെന്നാണ്
പരിചയപ്പെടുത്തിയത്. പേരു സുന്ദരേശൻ. എന്തോ ബിസിനസ് ആവശ്യത്തിന് എത്തിയതാണത്രെ. ഉച്ചയ്ക്കത്തെ
സ്പെഷ്യൻ കഞ്ഞിയ്ക്കും സുന്ദരേശൻ എത്തി. അങ്ങനെ പരിചയമായി.
പിറ്റേന്ന്
രാവിലെ പുട്ടും കടലയും കഴിച്ച്, കടലക്കറിയുടെ
സ്വാദിന്റെ രസക്കൂട്ടൊക്കെ ചോദിച്ചറിഞ്ഞ്, ഒരല്പം സൊറ പറഞ്ഞശേഷം ഉച്ചയ്ക്കു കാണാമെന്നു
പറഞ്ഞ് സുന്ദരേശൻ എതിർവശത്തെ എ ടി എമ്മിലേയ്ക്കു പോയി. രണ്ടു നിമിഷം കഴിഞ്ഞില്ല, ഒരല്പം
വിയർത്ത്, ആശങ്കയോടെ സുന്ദരേശൻ ധിറുതിയിൽ ദാമോദരൻ ചേട്ടന്റെ അടുത്തേയ്ക്കെത്തി. കയ്യിൽ
എടിഎം കാർഡ് എടുത്തു പിടിച്ചിട്ടുണ്ടായിരുന്നു.
ദാമോദരൻ
ചേട്ടൻ ബാങ്കിലേയ്ക്കടയ്ക്കാൻ പണം അടുക്കി സ്ലിപ് എഴുതി തയ്യാറാക്കുകയായിരുന്നു.
സുന്ദരേശന്
അത്യാവശ്യമായി ഇരുപത്തയ്യായിരം രൂപ വേണമത്രെ. അക്കൗണ്ടിൽ പണമുണ്ട്, പക്ഷേ ദാ കണ്ടില്ലേ,
എടിഎം കാർഡിന്റെ മാഗ്നെറ്റിക് സ്ട്രിപ് ഇളകിവന്നതുകാരണം ഉപയോഗിക്കാൻ ആവുന്നില്ല.
‘എന്റെ
കയ്യിൽ ഇത്ര വലിയ സംഖ്യ ഇല്ല സാറേ, എടുക്കാൻ.’ ദാമോദരൻ ചേട്ടന് ഒരു ചതി മണത്തു. പണം
പിന്നെ തരാം എന്നു പറഞ്ഞ് കടം വാങ്ങിപ്പോവും, പിന്നെ മഷിയിട്ടാൽ പോലും കാണാൻ കിട്ടില്ല.
‘അയ്യോ,
ചേട്ടാ എനിക്ക് കടം തരണ്ട,’ സുന്ദരേശൻ കൈകൂപ്പി. ‘എന്നെ ഒരു പരിചയവുമില്ലാത്ത ചേട്ടനോട്
ഞാനെങ്ങനെയാ കടം ചോദിക്കുക ?
പിന്നെ
എന്തുസഹായമാണ് എന്നു ചോദിച്ചപ്പോഴാണ് സുന്ദരേശൻ പറഞ്ഞത്. ദാമോദരൻ ചേട്ടൻ തന്റെ അക്കൗണ്ട്
നമ്പർ പറയുക. സുന്ദരേശൻ ആ നമ്പർ തന്റെ ഓഫീസിൽ വിളിച്ചു പറയും. അക്കൗണ്ടിലേയ്ക്ക് പത്തു മിനിറ്റിനകം പണമെത്തും.
ആ പണം ദാമോദരൻ ചേട്ടൻ സ്വന്തം എടിഎം കാർഡുപയോഗിച്ച് എടുത്തു കൊടുത്താൽ മതി.
ഇത്രേ
ഉള്ളൂ ? ഇതിലെന്തു ചതി ! ദാമോദരൻ ചേട്ടൻ അക്കൗണ്ട് നമ്പറും ഐ എഫ് എസ് സിയും കൊടുത്തു.
പതിനഞ്ചു മിനിറ്റിനകം അക്കൗണ്ടിൽ പണമെത്തിയെന്ന എസ് എം എസ് ചേട്ടന്റെ മൊബൈലിൽ വന്നു.
ദാമോദരൻ ചേട്ടൻ എടിഎമ്മിൽ പോവാൻ നിന്നില്ല, ബാങ്കിലടയ്ക്കാൻ വച്ചതും ചേർത്ത് ഇരുപത്തയ്യായിരം
രൂപ റൊക്കം സുന്ദരേശനു കൊടുത്തു. നൂറു നന്ദി പറഞ്ഞ് സുന്ദരേശൻ മടങ്ങി.
സുന്ദരേശനെ
ഒരു ചതിയൻ എന്ന് കുറച്ചുനേരത്തേയ്ക്കെങ്കിലും കരുതിപ്പോയല്ലോ എന്നൊരു കുറ്റബോധം ദാമോദരൻ
ചേട്ടന്റെ തലയ്ക്കു മുകളിൽ റാകിപ്പറന്നു.
അതങ്ങനെ
കഴിഞ്ഞു. തുടർന്ന് അടുപ്പിലെ ദോശക്കല്ലിലൂടെ ധാരാളം മസാലദോശകൾ മൊരിഞ്ഞും മറിഞ്ഞും പോയി. ദിവസങ്ങൾക്കു ശേഷം ദാമോദരൻ ചേട്ടന് ഒരു ഫോൺ വിളി,
പോലീസ് സ്റ്റേഷനിൽ നിന്നാണ്. ഉടനെ ചെല്ലണമത്രെ. ഇടയ്ക്കെല്ലാം പോലീസ് സ്റ്റേഷനിൽ നിന്ന്
പാർസലിന് ഓർഡർ വരുന്ന കാര്യമോർത്ത് ഏത് ഐറ്റമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ തന്നെത്തന്നെയാണ് വേണ്ടതെന്ന് സ്വരം കടുപ്പിച്ചു
പോലീസുകാരൻ.
ഭയന്ന്,
വിയർത്തൊട്ടി ഒരു കണക്കിന് സ്റ്റേഷനിൽ ചെന്നപ്പോഴാണ് കേൾക്കുന്നത്, വിസയൊപ്പിച്ചു തരാമെന്നു
വാഗ്ദാനം ചെയ്ത് ഇരുപത്തയ്യായിരം രൂപ തട്ടിച്ചതിന് ചോദ്യം ചെയ്യാനാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത്.
ഒരു തെക്കൻ ജില്ലക്കാരനാണ് ദാമോദരൻ ചേട്ടനെതിരെ പരാതി നൽകിയത്. വിസ നൽകാമെന്നു പറഞ്ഞ്
അക്കൗണ്ടിൽ ഇരുപത്തയ്യായിരം രൂപ ഇടീച്ചത്രെ. പിന്നെ വിളിക്കുമ്പോഴൊക്കെ മൊബൈൽ സ്വിച്ച്
ഓഫ്. അപ്പോൾ അക്കൗണ്ട് നമ്പർ കാണിച്ച് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ അക്കൗണ്ട് നമ്പർ
വഴി ദാമോദരൻ ചേട്ടനെ കിട്ടി. ഉടനടി പൂട്ടുകയും ചെയ്തു.
ദാമോദരൻ
ചേട്ടന്റെ അക്കൗണ്ട് ഞാൻ ജോലി ചെയ്യുന്ന ബാങ്കിലായിരുന്നതിനാൽ എന്നോടും പോലീസ് അന്വേഷിച്ചു.
ഇതുപോലത്തെ തട്ടിപ്പു നടത്തുന്നവർ ഒരിക്കലും സ്വന്തം അക്കൗണ്ടുകൾ ഉപയോഗിക്കാറില്ല.
കള്ളപ്പേരിൽ തുറന്ന അക്കൗണ്ട് നമ്പരാണ് തട്ടിപ്പുകാർ ഇരകൾക്ക് നൽകുന്നത്. പക്ഷെ തിരിച്ചറിയൽ
രേഖകൾ സൂക്ഷ്മപരിശോധന നടത്തി ഇടപാടുകാരുടെ വിവരങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ
ബാങ്കുകൾ ഇപ്പോൾ അക്കൗണ്ടു തുറക്കൂ എന്ന കാരണത്താൽ തട്ടിപ്പുകാർക്ക് ഇപ്പോൾ കള്ളപ്പേരിൽ
അക്കൗണ്ട് തുറക്കാൻ സാധിക്കാറില്ല. അങ്ങനെ
പുതിയ വഴി തേടിയതാണ്. ഇക്കാര്യങ്ങൾ വളരെ വിശദമായി തന്നെ പോലീസിനു വ്യക്തമാക്കിക്കൊടുത്തു.
തന്റെ
അക്കൗണ്ടിൽ ഇരുപത്തയ്യായിരം രൂപ അടച്ച വ്യക്തിയുമായി പരിചയമോ ബിസിനസ് ബന്ധമോ ഇല്ലാതിരുന്നതിനാൽ
ദാമോദരൻ ചേട്ടന് പണം മടക്കിനൽകേണ്ടി വന്നു. സുന്ദരേശനെ എന്നെങ്കിലും അറസ്റ്റ് ചെയ്താൽ,
അന്ന് സുന്ദരേശന്റെ കയ്യിൽ പണമുണ്ടായാൽ, നഷ്ടപ്പെട്ട ഇരുപത്തയ്യായിരം രൂപ മടക്കിക്കിട്ടുമെന്ന്
പോലീസ് ദാമോദരൻ ചേട്ടനെ അറിയിച്ചു. പക്ഷെ അതിന് ചേട്ടന്റെ രേഖാമൂലമുള്ള പരാതി ആവശ്യമാണ്.
ആവട്ടെ, ദാമേദരൻ ചേട്ടൻ രേഖാമൂലം തന്നെ പരാതി നൽകി.
അങ്ങനെ
പ്രതിയായി സ്റ്റേഷനിൽ കയറിയ ദാമോദരൻ ചേട്ടൻ വാദിയായി പുറത്തിറങ്ങി. ഇന്നിപ്പോൾ, പുതിയ
സിനിമയൊന്നും കാണാൻ തുടങ്ങിയിട്ടില്ലെങ്കിലും ചതിയന്മാരുടെ രൂപത്തെക്കുറിച്ച് ദാമോദരൻ
ചേട്ടന് ഒരേകദേശ ധാരണയുണ്ട്, കണ്ടാൽ സുന്ദരേശനെ പോലിരിക്കും എന്നതുപോലത്തെ ഒരു ധാരണ.
സീക്രട്ട് പിൻ: പണം കടം കൊടുത്താൽ ചിലപ്പോൾ മടക്കിക്കിട്ടാതെ
നഷ്ടമുണ്ടായേക്കാം, അത്രതന്നെ. പക്ഷേ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡ് നമ്പർ,
പിൻ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കുക. കാരണം, ചതിക്കാനുദ്ദേശിക്കുന്നവർക്ക് നിങ്ങളുടെ
ബാങ്ക് സംബന്ധമായ വിവരങ്ങൾ ലഭിച്ചാൽ പണനഷ്ടം മാത്രമല്ല, ചിലപ്പോൾ നിങ്ങൾക്ക് നിയമനടപടികൾ
കൂടി നേരിടേണ്ടിവന്നേക്കാം എന്നോർക്കുക.
(മാതൃഭൂമി നഗരം, കൊച്ചി എഡിഷൻ- 18-04-2016)
No comments:
Post a Comment