Sunday, October 3, 2021

രക്തബന്ധം

 


എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

ബാക്കിയൊക്കെ എങ്ങനെയും പരിഹരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസമായിരുന്നു എനിക്ക്. രേവതി കൂടെയുള്ളതിന്റെ ധൈര്യമാണ് അതെന്നു കൂട്ടിക്കോളൂ.

കൂടാതെ, ആദ്യമായിട്ടൊന്നുമല്ലല്ലോ ഇതുപോലത്തെ വിഷയത്തിൽ ഇടപെടുന്നത്.

സത്യം പറഞ്ഞാൽ പതിനാലാമത്തെയോ പതിനഞ്ചാമത്തെയോ പരിപാടിയാണിത്. രേവതിക്കാണ് കൃത്യം കണക്കറിയുക. കണക്കു മാത്രമല്ല, ഓരോ ജോഡിയുടേയും പേരും സ്ഥലവും ജോലിയും ഇപ്പോൾ എത്ര കുട്ടികളുണ്ട് എന്നതും എന്തിനേറെ, വിവാഹദിവസം പെൺകുട്ടി ധരിച്ച വസ്ത്രത്തെക്കുറിച്ചു പോലും കൃത്യമായ വിവരം രേവതിയുടെ പക്കൽ ലഭ്യമായിരിക്കും.

എന്നാലോ, സഹപ്രവർത്തകരായ മൂന്നുപേരുടെ കാര്യമൊഴിച്ചാൽ ബാക്കിയുള്ളവരെക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. തങ്ങളുടെ കർത്തവ്യം നിർവഹിച്ചു കഴിഞ്ഞു, ഇനി അവരായി അവരുടെ പാടായി എന്നതായിരുന്നു എന്റെ രീതി.

രേവതിയ്ക്കും ഏതാണ്ട് അതേ നിലപാടിലായിരുന്നു എന്നു പറയാം. പക്ഷേ, തങ്ങളുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹം. അതും വീട്ടുകാരറിയാതെയുള്ള വിവാഹം. അപ്പോൾ കുറച്ചു കാലത്തേക്കെങ്കിലും ദമ്പതികളുടെ കാര്യങ്ങൾ അന്വേഷിക്കേണ്ടതാണ് എന്ന അധിക ഉത്തരവാദിത്തം രേവതി സ്വയം വഹിച്ചുപോന്നിരുന്നു.

സഹപാഠികളായിരുന്ന സക്കീറിന്റേയും രാജലക്ഷ്മിയുടേയും വിവാഹം  നടത്തിക്കൊടുത്തുകൊണ്ട് 1998 ലാണ് ഞങ്ങൾ ബ്രോക്കർ പണിതുടങ്ങിയത്. കാലം മാറിയതുകൊണ്ടാവണം, 2013 ൽ  രേവതിയുടെ ഓഫീസിലെ സ്വാതി കുര്യന്റേയും ബിസിനസുകാരനായ രാഹുൽ മേനോന്റെയും വിവാഹം നടത്തിക്കൊടുത്തതിനു ശേഷം സമാന അഭ്യർത്ഥനയുമായി ആരും തന്നെ ഞങ്ങളെ സമീപിക്കുകയുണ്ടായില്ല എന്നു പറയാം.

പഴയതു പോലെ അമ്പലത്തിലേയും പഞ്ചായത്തിലേയുമൊക്കെ കാര്യങ്ങൾ നോക്കാനും ആവശ്യം വന്നാൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങാനും വയ്യാതായിരിക്കുന്നതിനാൽ വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി ആരും സമീപിക്കാത്തതിൽ എനിക്കു പക്ഷേ സന്തോഷമേ ഉള്ളൂ കേട്ടോ.

അങ്ങനെയിരിക്കെയാണ് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് കഴിഞ്ഞ മാസം ഒരു ഫോൺകോൾ വരുന്നത്.

ഹലോ, രാംനാഥ് അങ്കിളല്ലേഎന്ന ചോദ്യം കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഒരു പരിചയവും കിട്ടിയില്ല.

എനിക്ക് മനസിലായില്ല എന്നറിഞ്ഞ് വിളിച്ചയാൾ വിശദീകരിച്ചു. 96-98 കാലത്ത് കൊല്ലത്തായിരുന്ന സമയത്ത് സഹപ്രവർത്തകനായിരുന്ന വേണുഗോപാലിന്റെ മകൻ വിവേകായിരുന്നു വിളിച്ചത്.  എനിക്ക് ആളെ പതിയെ ഓർമ വന്നു. അന്ന് മൂന്നോ നാലോ വയസു കാണുമായിരിക്കണം. മൂന്നാലു തവണ സകുടുംബം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. വേണുഗോപാലും കുടുംബവും എന്റെ വീട്ടിലും വന്നിട്ടുണ്ട്.

അന്നു സ്ഥലം മാറിപ്പോയതിനു ശേഷം മീറ്റിംഗുകൾക്കും മറ്റും പലതവണ വേണുഗോപാലിനെ കണ്ടിട്ടുണ്ടെങ്കിലും കുടുംബത്തെ പിന്നീട് കണ്ടിട്ടേയില്ല.

ഒരു സഹായത്തിനു വേണ്ടിയാണ് താനിപ്പോൾ വിളിക്കുന്നതെന്നും നേരിട്ടു വന്നു കണ്ടോട്ടേ എന്നും വിവേക് ആരാഞ്ഞു. എങ്കില്‍ പിന്നെ ആവട്ടെ എന്ന് ഞാനും പറഞ്ഞു.

ജോലിയിലിരിക്കുമ്പോൾ തന്നെ ചെറുതായി ഓർമക്കുറവു ബാധിച്ചു തുടങ്ങിയ വേണുഗോപാലിന് വിരമിച്ചതിനു ശേഷം രോഗം കഠിനമായിക്കാണുമായിരിക്കാമെന്നും അതിനെക്കുറിച്ചു സംസാരിക്കാനായിരിക്കാം ഒരുപക്ഷേ വിവേക് വരുന്നതെന്നുമൊക്കെ പറഞ്ഞപ്പോൾ, ‘നിങ്ങളാരാ ഡോക്ടറാണോ രോഗത്തെക്കുറിച്ചു സംസാരിക്കാൻഎന്നു ചോദിച്ച് രേവതി ഉത്തരം മുട്ടിച്ചു.

പിന്നെ എന്തിനാവും എന്നെ കാണുക എന്നായി എനിക്കു സംശയം. സുഹൃത്തുക്കൾക്കു വല്ല ലോണും ശരിയാക്കിക്കൊടുക്കാനോ മറ്റോ ആയിരിക്കുമോ എന്ന സംശയം മനസിൽ തോന്നിയെങ്കിലും ഞാനത് രേവതിയോടു പറയാൻ പോയില്ല. വല്ല കല്യാണക്കേസുമായിരിക്കുമോ എന്ന് രേവതി ഇടയ്ക്കൊന്നു പറഞ്ഞതിന് മറുപടി കൊടുക്കാൻ ഞാനും പോയില്ല.

അങ്ങനെ ചുമ്മാ കല്യാണം നടത്തിക്കൊടുക്കാൻ ഞങ്ങൾക്കു പഴയ ചെറുപ്പമല്ല എന്നു മാത്രമല്ല ഞാനാണെങ്കിൽ ബാങ്കിന്റെ റീജിയണൽ മേധാവി കൂടിയാണ്. പോലീസ് കേസൊക്കെയായാൽ പഴയതു പോലെ സ്റ്റേഷൻ കയറിയിറങ്ങലും മാതാപിതാക്കളുമായി സംസാരിക്കലും നിത്യയുടേയും ബോബന്റേയും കാര്യത്തിൽ സംഭവിച്ചതുപോലെ കോടതി കയറിയിറങ്ങലുമൊന്നും ഇനി എന്നെക്കൊണ്ട് നടക്കുമെന്നു തോന്നുന്നില്ല.

ഏതായാലും എനിക്ക് കൂടുതൽ ഊഹാപോഹങ്ങൾ നടത്തേണ്ടി വന്നില്ല. ഫോണിൽ സംസാരിച്ചതിന്റെ തൊട്ടടുത്ത ശനിയാഴ്ച തന്നെ വിവേക് വീട്ടിലെത്തി.

തനിച്ചായിരുന്നില്ല വിവേക് എത്തിയത്, കൂടെയൊരു പെൺകുട്ടിയുമുണ്ടായിരുന്നു. കാറിൽ നിന്ന് പെൺകുട്ടിയും കൂടി ഇറങ്ങുന്നതു കണ്ട് രേവതി എന്നെ നോക്കി അർത്ഥഗർഭമായി പുഞ്ചിരിച്ചു.

രേഷ്മ എന്ന ആ കുട്ടി വിവേകിന്റെ സഹപാഠിയായിരുന്നത്രെ. ഇരുവർക്കും ഇപ്പോൾ നല്ല ജോലിയൊക്കെയായി. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, പക്ഷേ രണ്ടു ജാതിയിൽ പെട്ടവരായതിനാൽ എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന ധാരണയില്ല. അതിനുള്ള ഉപദേശത്തിനായാണ് അവർ വന്നിരിക്കുന്നത്.

ഒത്തിരി പ്രേമവിവാഹങ്ങൾ നടത്തിക്കൊടുത്ത ദമ്പതികളാണ് ഞങ്ങൾ എന്ന സുമേഷിന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പു കാണാനിടയായതു കൊണ്ടാണ് മറ്റാരുമായും സംസാരിക്കാൻ നിൽക്കാതെ നേരെ ഇങ്ങോട്ടു പോന്നതെന്ന് വിവേക് വിശദീകരിച്ചു.

ഞാനും രേവതിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

എന്നാൽ തുടങ്ങിയാലോഎന്ന് രേവതി ചോദിച്ചപ്പോൾ എന്താണു തുടങ്ങാൻ പോവുന്നത് എന്ന അമ്പരപ്പായിരുന്നു കുട്ടികൾക്ക്.

വിവാഹത്തിനുള്ള പക്വതയൊക്കെ ആയോ എന്ന പരിശോധനയുടെ ഭാഗമായി ഒരു മുഖാമുഖം നടത്തുന്നതാണ്, മറ്റൊന്നുമല്ല എന്ന് വിശദീകരിച്ചുകൊണ്ട് രേവതി രേഷ്മയെ ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

വിവേകിന്റെ മുഖാമുഖം ഞാനാണു നടത്തിയത്.

രേഷ്മയുടെ മതമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. ഹിന്ദു തന്നെയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് വളരെ ആശ്വാസമായി. ഒരേ മതമാണ്. അതായത്, വിഘ്നങ്ങൾ തൊണ്ണൂറു ശതമാനവും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഇനിയെന്താണു പ്രശ്നം ? എന്റെയറിവിൽപെട്ടിടത്തോളം വേണുഗോപാൽ ജാതിവാദിയൊന്നുമല്ല. ജാതിയിലെ നേരിയ വ്യത്യാസമൊന്നും അയാൾ ഒരു വിഷയമാക്കാൻ സാധ്യതയില്ല.

പക്ഷേ ചെറുതല്ലാത്ത വിഷയമാണ് ജാതി മൂലം വന്നുചേർന്നിരിക്കുന്നതെന്ന് വിവേക് പറഞ്ഞു. നായർ സമുദായത്തിൽ പെട്ടവരാണെങ്കിലും രേഷ്മയുടെ വീട്ടുകാർ മത്സ്യമാംസാദികൾ കഴിക്കുന്നവരാണ്. കുടുംബക്ഷേത്രത്തിലൊക്കെ അവരാരും വരില്ലായിരിക്കാം, പക്ഷേ രേഷ്മയ്ക്ക് എങ്ങനെ പ്രവേശിക്കാനാവും ?

കുടുംബക്ഷേത്രത്തിലെ പ്രവേശം മാത്രമാണോ വിഷയമായിട്ടുള്ളതെന്നു ഞാൻ ചോദിച്ചതിന് കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഒരു അന്യജാതിക്കാരിയെ വിവാഹം ചെയ്യുന്നതെന്നതും അങ്ങനെ ചെയ്യുന്നത് കുടുംബത്തിലെ നിലവിലെ കാരണവരുടെ കൊച്ചുമകനാണ് എന്നതുമൊക്കെ കൂടിച്ചേർന്ന് വളരെ വലിയ പ്രശ്നമാണ് സൃഷ്ടിച്ചേക്കാവുന്നത് എന്നായിരുന്നു വിവേകിന്റെ മറുപടി.

ഞാൻ ഒന്നും മിണ്ടാതെ കുറച്ചുനേരം ആലോചനയിൽ മുഴുകി.

വിവേക് മടിച്ചുമടിച്ച് എന്തോ പറയാൻ തുനിയുന്നതും എന്റെ മുഖത്തെ ഗൗരവം കണ്ട് വേണ്ടെന്നു വച്ചതും ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആലോചന നിറുത്തി.

എന്താ മടിച്ചത് ? പറഞ്ഞോളൂ’, ഞാൻ പറഞ്ഞു.

വേണുഗോപാലിനും ഭാര്യയ്ക്കും വിവേകിന്റെ താൽപര്യത്തിന് സമ്മതമാണത്രെ. പക്ഷേ തങ്ങളുടെ സമ്മതപ്രകാരമല്ല മകൻ വിവാഹിതനാവുന്നതെന്ന് കുടുംബക്കാരെ തെറ്റിധരിപ്പിക്കാനായി വേണുഗോപാൽ തന്നെയാണത്രെ എന്നെ വന്നു കാണാനും സൂത്രത്തിൽ വിവാഹിതരാവാനും  വിവേകിനെ ഉപദേശിച്ചത്.

അപാരബുദ്ധി ! ഞാൻ പൊട്ടിച്ചിരിച്ചു പോയി.

മാതാപിതാക്കൾക്കു തന്നെ സമ്മതമായ വിവാഹമാണെങ്കിൽ ഇനിയെന്തിനാണ് മുഖാമുഖം തുടരേണ്ടത്?

ഞാൻ അതുകൊണ്ട് രേവതിയെ വിളിച്ചു. രേവതിയാവട്ടെ അതിനിടെ രേഷ്മയുമായുള്ള മുഖാമുഖം തീർത്തിരുന്നു എന്നു മാത്രമല്ല എല്ലാവർക്കും കഴിക്കാനായി ചായയും ചെറുകടിയും തയ്യാറാക്കുക കൂടി ചെയ്തിരുന്നു.  

ബാക്കി കാര്യങ്ങളെല്ലാം പിന്നെ പെട്ടന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുപത്തഞ്ചിന് വിവാഹം. മാസാവസമായതിനാലും പഴയതു പോലെ ഓടാനാവാത്തതിനാലും രജിസ്റ്റർ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കി നടത്താൻ സുമേഷിനെ ഏൽപ്പിച്ചു.

സുമേഷിന്റെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. ഞങ്ങളെക്കുറിച്ച്, കല്യാണം നടത്താനുണ്ടോഎന്ന കുറിപ്പ് ഫേസ്ബുക്കിലെഴുതി വൈറലാക്കിയിട്ടുണ്ട് എന്നല്ലാതെ ഇതുവരെ ഒരു കല്യാണവും നടത്തി അനുഭവമില്ലാത്ത തനിക്കു വന്നുചേർന്ന ഒരു സുവർണാവസരമായി തന്നെ സുമേഷ് വിവേകിന്റേയും രേഷ്മയുടേയും വിവാഹത്തെ കണ്ടു.

ഞാനാണെങ്കിൽ വേണുഗോപാലിനെ ഒന്നു വിളിക്കുകയും ചെയ്തു. ഏകമകന്റെ വിവാഹം ആരെയും ക്ഷണിക്കാതെ ഗോപ്യമായി നടത്തുക എന്നു മാത്രമല്ല  പങ്കെടുക്കാൻ പോലും പറ്റാതിരിക്കുക എന്നത് എത്ര വിഷമകരമായ കാര്യമാണ്. വിവാഹം കഴിഞ്ഞ് രണ്ടുമൂന്നുമാസം കഴിഞ്ഞാൽ എല്ലാം ശരിയായേക്കും എന്ന വിശ്വാസമായിരുന്നു വേണുഗോപാലിന്. കുടുംബ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ നേരിടേണ്ടി വന്നേക്കാവുന്ന ആരോപണങ്ങളും അപമാനവുമാണ് വേണുവിനേയും ഭാര്യയേയും  ഏറ്റവും അലട്ടിയത്.

തൽക്കാലം അൽപം ചീത്ത കേൾക്കേണ്ടി വന്നാലും മറ്റു വിഷയങ്ങൾ കിട്ടുമ്പോൾ ആൾക്കാർ ഇതൊക്കെ മറന്നു കളയുമെന്നും ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നു എന്നുമൊക്കെ ഞാൻ ആശ്വസിപ്പിച്ചു.

അങ്ങനെ, വിവാഹ ദിവസമിങ്ങെത്തി. തലേന്നു തന്നെ എത്തണം എന്നു പറഞ്ഞുറപ്പിച്ചതു പ്രകാരം വിവേകും രേഷ്മയും വീട്ടിലെത്തിയിരുന്നു.

രാവിലെ രജിസ്ട്രാഫീസിൽ വിവാഹം. ഉച്ചയ്ക്ക് ചെറിയ സദ്യ വീട്ടിൽ തന്നെ തയാറാക്കും. ഇരുവരുടേയും സഹപ്രവർത്തകർക്കുള്ള വിരുന്നൊക്കെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട്.

വേണുഗോപാലും ഭാര്യയും പങ്കെടുക്കുന്നില്ലെങ്കിലും രേഷ്മയുടെ മാതാപിതാക്കൾ തിരുവനന്തപുരത്തു നിന്ന് രാവിലെ തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചു.

പ്രത്യേകിച്ച് വെല്ലുവിളികളോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ നടക്കുന്ന വിവാഹമായതിനാൽ  എനിക്ക് വലിയ ആവേശമൊന്നും തോന്നിയില്ല. സാധാരണ അറേഞ്ച്ഡ് മാരേജ് തന്നെ. അമ്പലത്തിൽ നടക്കുന്നു എന്നതിനു പകരം സർക്കാർ കാര്യാലയത്തിൽ നടക്കുന്നു എന്നു മാത്രം. അല്ലാതെന്താ?

എന്നാലും ഞാൻ ചുമ്മാ ടെൻഷൻ അഭിനയിച്ചു. രണ്ടു പെഗ് ഞാൻ കഴിക്കുന്നത് ഇതിന്റെ പേരിലാണെന്ന് രേവതി കരുതിക്കോട്ടെ. അങ്ങനെ മുകളിലെ മുറിയിൽ ചെന്ന് പണ്ടെന്നോ വാങ്ങിവച്ചിരുന്ന ആന്റിക്യുറ്റി ഒരു പെഗ്ഗെടുത്ത് ജനലിനു സമീപം പോയി പുറത്തെ നിലാവിലേക്കു നോക്കി നിന്ന് പതിയെ നുണഞ്ഞു തുടങ്ങിയപ്പോഴാണ് വിവേക് ആകെ പരിഭാന്തനായി മുറിയിലേയ്ക്ക് ഓടിക്കിതച്ചു വന്നത്.

അങ്കിൾ, ആകെ പ്രശ്നമാണ്’, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് വിവേക് പറഞ്ഞു. ഈ മാരേജ് നടക്കൂല്ല’.

എനിക്ക് ഒന്നും തോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ. പ്രേമിച്ച്, നാട്ടുകാരെയും വീട്ടുകാരെയും എതിർത്ത് കല്യാണം കഴിക്കുന്ന പലർക്കും വിവാഹത്തലേന്ന് തോന്നിപ്പോവുന്ന കാര്യമാണിത്. വേണോ വേണ്ടയോ എന്നു ചിന്തിക്കാനുള്ള അവസാന അവസരമാണെന്നതിനാൽ പലർക്കും വേണ്ട എന്ന ചിന്ത കലശലാവുന്നതായി കാണാറുണ്ട്. ഒന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ.

എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണം ?’, ഞാൻ ചോദിച്ചു.

വിവേക് വാതിൽ ചേർത്തടച്ചു. എന്നിട്ട് എന്റെ സമീപത്തു വന്ന് ശബ്ദം വളരെ താഴ്ത്തി പറഞ്ഞു: അങ്കിൾ, രേഷ്മ നായരല്ല’.

അടുത്ത പെഗ്ഗ് ഒഴിക്കുകയായിരുന്ന എന്റെ കൈ വിറക്കുകയും വിസ്കിയൽപം അധികം ഗ്ലാസിലേയ്ക്ക് വീഴുകയും ചെയ്തത് ഗൗനിക്കാതെ ഞാൻ ചോദ്യരൂപത്തിൽ വിവേകിനെ നോക്കി.

അങ്കിൾ, പേര് രേഷ്മ പിള്ള എന്നാണെങ്കിലും അവര് നായർ വിഭാഗത്തിലെ പിള്ളമാരല്ലെന്ന്’.

അതിന് ?’

മിനിമം നായരെങ്കിലുമാണെങ്കിലേ കുടുംബത്തേയ്ക്കു കയറ്റാൻ പറ്റൂ’, വിവേക് നിസഹായതയോടെ പറഞ്ഞു.

നായരല്ലെന്ന് ആരാ പറഞ്ഞത് ?’

രേഷ്മ തന്നെ. പേരിലെ പിള്ള നായർ വിഭാഗത്തിലെ പിള്ള അല്ലത്രെ’.

ഞാനൊന്നും പറഞ്ഞില്ല. ജാതി നോക്കാതെ പ്രേമിക്കാൻ സാധിച്ചെങ്കിൽ ജാതി നോക്കാതെ തന്നെ ജീവിക്കാനും സാധിക്കുന്നതാണ് എന്ന മട്ടിലുള്ള ഉദാത്തമായ വർത്തമാനങ്ങളൊക്കെ എന്റെ നാവിലേക്കു കടന്നുവന്നെങ്കിലും അവയെയെല്ലാം ഞാൻ വിസ്കിയിൽ അലിയിച്ചു കളഞ്ഞു.

നായരെ തന്നെ വേണമെന്ന് എന്താ തനിക്കിത്ര നിർബന്ധം?’ പകരം ഞാൻ ഇങ്ങനെയൊരു ചോദ്യമാണ് ചോദിച്ചത്.

അയ്യോ, എനിക്കൊരു നിർബന്ധവുമില്ല. മിനിമം നായരെങ്കിലും വേണം എന്നേയുള്ളൂ’, വിവേക് യാചനാപൂർവം പറഞ്ഞു.

ഇവരപ്പൊ ഓബീസിയാണോ ?’ ഞാൻ ചോദിച്ചു.

എനിക്കറിയില്ല, അതിലും താഴെയാണെന്നു തോന്നുന്നു’, വിവേക് സ്വയം പഴിക്കുന്നതു പോലെ പറഞ്ഞു.

അപ്പോൾ എസ് സി ആയിരിക്കും’, എനിക്ക് ചെറുതായി ദേഷ്യംവരുന്നുണ്ടായിരുന്നു.

ഇല്ലില്ല, അതിലും മേളിലാ. ഞാൻ ഗൂഗിൾ നോക്കി. മുസ്ലീംസിലും പിള്ളയുണ്ട്’.

മുസ്ലീമല്ലല്ലോ. പിന്നെ എസ് സിയുമല്ല. ഈ സാഹചര്യത്തിൽ പ്രശ്നമുണ്ടാവാൻ പാടില്ലാത്തതാണ്’, ആത്മഗതം പോലെ ഇത്രയും പറഞ്ഞ് ഞാൻ ഇടം കണ്ണിട്ട് വിവേകിനെ നോക്കി.

നോ അങ്കിൾ, ഇതു വേണ്ട. നായരാണെന്നു പറഞ്ഞാണ് അച്ഛൻ സമ്മതിച്ചത്. പിന്നെ, കസിൻസൊക്കെ അറിഞ്ഞാൽ ഞാനെങ്ങനെ....വിവേക് പൊട്ടിക്കരയാൻ തുടങ്ങി.

വിവേക് മുകളിലേയ്ക്ക് ഓടിക്കയറുന്നതു കണ്ടിട്ട് എന്തോ അപകടം മണത്ത രേവതിയും പതിയെ മുകളിലേക്കു വന്നു.

ഞാൻ ഒറ്റവാചകത്തിൽ തന്നെ രേവതിയോട് കാര്യം പറഞ്ഞു.

ആന്റീ, എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കിത്തരണം,’ വിവേക് കൈകൂപ്പി.

വിവാഹം കഴിക്കണം എന്ന തീരുമാനമെടുത്തത് നിങ്ങൾ രണ്ടുപേരും ചേർന്നാണ്. അപ്പോൾ വേണ്ട എന്ന തീരുമാനമെടുക്കണ്ടതും നിങ്ങൾ രണ്ടുപേരും ചേർന്നു തന്നെയല്ലേ ?’ വളരെ ലളിതമായിരുന്നു രേവതിയുടെ വാദം.

വിവേകിന് മറുത്തൊന്നും പറയാൻ സാധിച്ചില്ല. അവൻ തെല്ലുനേരം നിശബ്ദനായിപ്പോയി. പിന്നെ, ‘’ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെഎന്നു പറഞ്ഞ് സാവധാനം താഴത്തേയ്ക്കു പോയി.

എനിക്കു പെട്ടന്നു വല്ലാത്ത മടുപ്പു തോന്നി.

രേവതിക്കാവട്ടെ ഒരു പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. ഗ്ലാസിന്റെ അടിവശത്ത് ബാക്കിയുണ്ടായിരുന്ന വിസ്കി മണപ്പിച്ച് ഓക്കാനിച്ചു കാട്ടി എന്നെ കളിയാക്കി ഗുഡ്നൈറ്റ് പറഞ്ഞ് അവളും താഴത്തേയ്ക്കു പോയി.

തനിച്ചായപ്പോൾ എനിക്കു വല്ലാതെ തോന്നി. ഒരു പ്രതിസന്ധിയിൽ അകപ്പെട്ടതു പോലെ.

എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

പഞ്ചായത്ത് മെംബറെയൊക്കെ കണ്ട് കുറെ നടന്നിട്ടൊക്കെയാണ് അവൻ നാളത്തെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ഇപ്പോൾ വിളിച്ച് വിവാഹം നടക്കില്ല എന്നു പറഞ്ഞാൽ മറുത്തൊന്നും പറയില്ലായിരിക്കാം. പക്ഷേ വിവാഹം മുടങ്ങിയതെന്തിനാണ് എന്നത് അവൻ ഫേസ്ബുക്കിൽ എഴുതുമെന്നത് നൂറുറപ്പ്.

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഞാൻ ഉറക്കത്തിനു പിടികൊടുത്തു.

രാവിലെ ഉണർന്നപ്പോളാണ് ബഹുരസം. ഷേവൊക്കെ ചെയ്ത് കോടിമുണ്ടൊക്കെ ധരിച്ച് വിവാഹത്തിന് തയ്യാറായി നിൽക്കുകയാണ് വിവേക്. രണ്ടു സഹപ്രവർത്തകർ ഒരുങ്ങാനായി അവനെ സഹായിക്കുന്നുമുണ്ട്. രേവതി ഏർപ്പാടാക്കിയ ബ്യൂട്ടീഷ്യൻ രേഷ്മയെ ഒരുക്കുന്നു.

ജാതി വിഷയമൊക്കെ ഞാനിന്നലെ കണ്ട സ്വപ്നമാണോ എന്നാണ് ആദ്യം തോന്നിയത്. ഞാൻ പതിയെ അടുക്കളയിലേക്കു ചെന്നു. രേവതിയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

എന്തു മറിമായമാണ് സംഭവിച്ചത് എന്ന മട്ടിൽ ഞാൻ രേവതിയെ നോക്കി. അവളെന്തോ പറയാൻ തുനിഞ്ഞതും കോളിംഗ് ബെൽ ശബ്ദിച്ചു.

ഞങ്ങളിരുവരും മുന്നിലേയ്ക്കു ചെന്നപ്പോൾ അടുത്ത മറിമായം. മാസ്കുണ്ടായിരുന്നിട്ടും എനിക്കു പെട്ടന്നു പിടികിട്ടി. വേണുഗോപാലും ഭാര്യയും വന്നിരിക്കുന്നു !

എല്ലാം പിന്നെ പറഞ്ഞുതരാം എന്ന് രേവതി എന്നോടു ചെവിയിൽ പറഞ്ഞതു പ്രകാരം മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ നേരെ ആതിഥേയന്റെ കർത്തവ്യത്തിലേക്കു കടക്കുകയും എത്ര മണിക്കിറങ്ങി, വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായില്ലല്ലോതുടങ്ങിയ കുശലങ്ങളൊക്കെ പങ്കുവെക്കുകയുമേ ചെയ്തുള്ളൂ.

തുടർന്ന് ജീവിതത്തിലാദ്യമായി, വരന്റേയും വധുവിന്റേയും മാതാപിതാക്കൾ പങ്കെടുത്ത ഒരു രജിസ്റ്റർ മാരേജിന് സാക്ഷ്യം വഹിക്കാനും സാധിച്ചു എന്നതും പറയട്ടെ.

കല്യാണസദ്യയൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ, വേണുഗോപാലിന്റെ മറവിരോഗം നിയന്ത്രണവിധേയമായതിനെക്കുറിച്ചും ഗർഭപാത്രത്തിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രക്തം ലഭിക്കാൻ വളരെ ബുദ്ധിമുട്ടിയപ്പോൾ  തനിക്കു രക്തം തന്ന രണ്ടു പേരിൽ ഒരാൾ രേഷ്മയാണെന്നുമൊക്കെ വിവേകിന്റെ അമ്മ വിശദമായി പറയുകയുണ്ടായി.

വിവാഹത്തെക്കുറിച്ച് സുമേഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈകീട്ട് എല്ലാവരും പോയതിനു ശേഷം ഒന്ന് ഓടിച്ചു നോക്കി എന്നതു വസ്തുതയാണെങ്കിലും വിവേകിന്റെ മനസു മാറിയതിന്റെ പിറകിലെ രഹസ്യമെന്താണെന്നതിനെക്കുറിച്ച് രേവതിയുമായി ഒരിക്കലും സംസാരിക്കേണ്ടതില്ല എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു. വാക്കുകളിലൂടെയല്ലാതെ തന്നെ  വ്യക്തമായിക്കഴിഞ്ഞിരുന്നു കാര്യങ്ങൾ എന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമെടുത്തത്.

 

****                      ****                      ****                      ****

(മുനിസിപ്പൽ ന്യൂസ്, സെപ്റ്റംബർ 2021)

No comments:

Post a Comment