Monday, August 24, 2020
വീട്ടിലിരുന്നു സമ്പാദിച്ച പണി !
വീട്ടിലിരുന്നു കൊണ്ടു തന്നെ പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടപ്പോൾ ചുമ്മാ അപേക്ഷിച്ചു നോക്കിയതാണു സംഗീത (യഥാർഥ പേരല്ല). മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ കാഷ്യർ പോസ്റ്റിലേക്കായിരുന്നു ജോലി.
കോവിഡ് കാരണം അവരുടെ കേരള ഓഫീസുകൾ പ്രവർത്തിക്കുന്നില്ലത്രെ. ഓർഡറുകളൊക്കെ അവർക്ക് ഓൺലൈനായി പ്രോസസ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിലും ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പണം കൈപ്പറ്റാൻ സാധിക്കുന്നില്ല.
ഇടപാടുകാരുടെ കാഷ് കളക്റ്റ് ചെയ്യാനായി അടുത്തുള്ള ബാങ്കിൽ സ്വന്തം പേരിൽ പുതിയൊരു അക്കൌണ്ട് തുറക്കുക, ഇടപാടുകാർ ആ അക്കൌണ്ടിൽ നിക്ഷേപിക്കുന്ന കാഷ് കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക് അപ്പോൾ തന്നെ ഗൂഗിൾ പേ വഴിയോ മറ്റോ ട്രാൻസ്ഫർ ചെയ്തു കൊടുക്കക ഇത്രയുമായിരുന്നു സംഗീത ചെയ്യേണ്ട ജോലി.
ശമ്പളമോ ? അക്കൌണ്ടിൽ വന്നുപോവുന്ന തുകയ്ക്കനുസരിച്ച് മാസം പതിനയ്യായിരം മുതൽ ഇരുപത്തയ്യായിരം വരെ സമ്പാദിക്കാം.
കമ്പനി ആവശ്യപ്പെട്ടതു പോലെ സംഗീത പിറ്റേന്നു തന്നെ അടുത്തുള്ള ബാങ്കിൽ പോയി പുതിയ അക്കൌണ്ട് തുടങ്ങുകയും അതിന്റെ വിവരങ്ങളും തന്റെ കെ വൈ സിയും മറ്റും കമ്പനിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ആദ്യ ദിവസം തന്നെ മുപ്പതിനായിരത്തോളം രൂപ അക്കൌണ്ടിൽ വന്നു. അക്കൌണ്ടിൽ പണമെത്തുമ്പോൾ തന്നെ അതെങ്ങോട്ടാണ് ട്രാൻസ്ഫർ ചെയ്യേണ്ടതെന്ന വാട്സപ്പ് സന്ദേശവും ലഭിക്കുമായിരുന്നു. പറഞ്ഞ അക്കൌണ്ടിലേയ്ക്കോ മൊബൈൽ നമ്പരിലേക്കോ പണം ട്രാൻസ്ഫർ ചെയ്യുക എന്ന ചെറിയ ജോലിയേ സംഗീതയ്ക്കുണ്ടായിരുന്നുള്ളൂ.
ഏപ്രിൽ അവസാനമായിരുന്നു സംഗീത ജോലിക്കു ചേർന്നത്. കമ്പനി പറഞ്ഞതു പ്രകാരം സാലറി അക്കൌണ്ടായി മാറ്റിയ തന്റെ പഴയ അക്കൌണ്ടിൽ മേയ് 31 ന് ഇരുപതിനായിരം രൂപ ശമ്പളമായി വന്നപ്പോൾ സംഗീത മാത്രമല്ല, ‘നോക്കിയിരുന്നോ ഇപ്പക്കിട്ടും’ എന്നു പറഞ്ഞു കളിയാക്കുമായിരുന്ന ഭർത്താവ് സുധീഷും അദ്ഭുതപ്പെട്ടു പോയി.
ജൂൺ മുപ്പതിനും ഇരുപതിനായിരം രൂപ ശമ്പളം കിട്ടി.
ഭാര്യയുടെ ജോലിയെക്കുറിച്ച് കൂടുതലാരോടും പറയാതിരുന്ന സുധീഷ്, മുംബൈ ആസ്ഥാനമായ ഒരു ‘മൾട്ടിനാഷണൽ‘ കമ്പനിയിലെ കാഷ്യറാണ് തന്റെ സഹധർമ്മിണി എന്നും ഇപ്പോൾ ‘വർക്ക് ഫ്രം ഹോം’ ആണെന്നും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും അഭിമാനത്തോടെ പറയാൻ തുടങ്ങി.
അങ്ങനെ കാര്യങ്ങളൊക്കെ ഭംഗിയായി പോവുമ്പോൾ ഒരു ദിവസം ബാങ്കിൽ നിന്ന് സംഗീതയ്ക്കൊരു ഫോൺ വന്നു. അക്കൌണ്ടിൽ ഒത്തിരി ഇടപാടുകൾ നടക്കുന്നതായി കാണുന്നതിന്റെ വിശദീകരണമായിരുന്നു ബാങ്ക് മാനേജർക്ക് അറിയേണ്ടിയിരുന്നത്.
തന്റെ സ്വന്തം പണമല്ല, കാഷ്യറെന്ന നിലയ്ക്ക് വരുന്ന തുകകളാണെന്നും വരുമ്പോൾ തന്നെ കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്നുണ്ട് എന്നുമൊക്കെയുള്ള വസ്തുതകൾ സംഗീത വിശദീകരിച്ചു.
പ്രൊസീജിയറിന്റെ ഭാഗമായി വിളിച്ചതാണെന്നു പറഞ്ഞ് മാനേജർ ഫോൺ വച്ചു എങ്കിലും സംഗീത വല്ലാതെ ഭയന്നിരുന്നു.
ബാങ്കിൽ നിന്നുള്ള വിളിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനായി സുധീഷ് തന്റെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു. അക്കൌണ്ടിൽ അല്പം ബാലൻസ് കണ്ടാൽ ഇങ്ങനെ വിളിച്ചുചോദിക്കുക എന്നത് ബാങ്കുകാരുടെ രീതിയാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും സുഹൃത്തു പറഞ്ഞപ്പോഴാണ് സംഗീതയ്ക്ക് ശ്വാസം നേരെ വീണത്.
പക്ഷേ ആ ആശ്വാസത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. എത്രയും പെട്ടന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവണം എന്ന ഫോൺകോളായിരുന്നു പിറ്റേന്ന് രാവിലെ സംഗീതയുടെ കണി !
എന്തോ പണിയായി എന്ന് സംഗീതയ്ക്കു മനസിലായി. പക്ഷേ, എന്താണു താൻ ചെയ്ത തെറ്റെന്ന് ഒട്ടും മനസിലായതുമില്ല. തുടർന്ന് വളരെ മാന്യനും നല്ലവനുമായ ആ പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചപ്പോഴാണ് താൻ ചെയ്ത വിഡ്ഢിത്തതിന്റെ വ്യാപ്തി സംഗീതയ്ക്ക് വ്യക്തമായത്.
കോവിഡ് കാലത്ത് വീട്ടിലിരുന്നു തന്നെ ഐഇഎൽറ്റിഎസ് പരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം നടത്തി തട്ടിപ്പു നടത്തുന്ന ഒരു റാക്കറ്റിന്റെ വലയിലാണത്രെ സംഗീത പെട്ടത്.
ചുളുവിൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ മുന്നും പിന്നും നോക്കാതെ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൌണ്ടിലേയ്ക്ക് തുക അയച്ചുകൊടുക്കും. അങ്ങനെ പണം കൈപ്പറ്റാനുള്ള ഒരു അക്കൌണ്ടായിട്ടാണ് സംഗീതയുടേത് ഉൾപ്പെടെ അഞ്ചെട്ടു പേരുടെ അക്കൌണ്ടുകൾ തട്ടിപ്പുകാരുപയോഗിച്ചത്.
തട്ടിപ്പുകാരാവട്ടെ, ഇങ്ങനെ വന്ന തുകകൾ സംഗീതയെപ്പോലുള്ള അക്കൌണ്ട് ഉടമകളെക്കൊണ്ട് ഉടനടി തന്നെ തങ്ങളുടെ മറ്റ് അക്കൌണ്ടിലേയ്ക്കോ വാലറ്റുകളിലേയ്ക്കോ ഒക്കെ മാറ്റുകയോ എ ടി എം വഴി പിൻവലിക്കുകയോ ഒക്കെ ചെയ്യുകയാണ് പതിവ്.
പറഞ്ഞ സമയത്തിനു ശേഷവും പരീക്ഷ നടത്താത്തതിനെ തുടർന്ന് ചിലർ പരാതിപ്പെട്ടപ്പോഴാണ് പോലീസ് അന്വേഷണമാരംഭിച്ചതും സംഗീത ഉൾപ്പെടെയുള്ള ‘കാഷ്യർ’മാർക്കെതിരെ കേസ് ചാർജ് ചെയ്തതും.
അക്കൌണ്ട് വിശദമായി പരിശോധിച്ചതിലൂടെ സംഗീതയുടെ നിരപരാധിത്വം പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് മാനേജർക്കും ബോധ്യപ്പെട്ടു. പക്ഷേ അതുപോരല്ലോ, പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക് നിയമനടപടികൾ നേരിട്ടല്ലേ പറ്റൂ. അതുകൊണ്ട്, നല്ലൊരു വക്കീലിനെ ഏർപ്പാടാക്കാനും കോടതിയെ തന്റെ നിരപരാധിത്വം ബോധിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സംഗീത.
*എൻഡ് ഓഫ് ദ ഡേ:* നമ്മുടെ അക്കൌണ്ടിൽ നമ്മുടേതായ ഇടപാടുകൾ മാത്രമേ നടത്താൻ പാടുള്ളൂ. ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ മേലുദ്യോഗസ്ഥരുടേയോ നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേയോ ഒക്കെ ഇടപാടുകൾ ഒരിക്കലും നമ്മുടെ അക്കൌണ്ടു വഴി നടത്തരുത്. നടത്തിയാൽ ഒരുപക്ഷേ, സംഗീതയ്ക്കു കിട്ടിയതുപോലെ നമുക്കും വീട്ടിലിരുന്നു തന്നെ പണി കിട്ടിയേക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment