Thursday, November 1, 2018

ഷിബുവിന്റെ ടെക്നിക്ക്

2012ലാണ്. കർണാടകയിലെ ബാങ്ക് ശാഖയിൽ ഞാൻ മാനേജരായി ചാർജെടുത്ത കാലം. പുതിയ ശാഖയാണ്. പ്രസ്തുത സ്ഥലത്ത് നിലവിൽ തന്നെ ഇരുപതോളം ബാങ്കുകളുണ്ട്. ബിസിനസ് പിടിക്കുക എത്ര പ്രയാസകരം എന്നു പറയേണ്ടതില്ലല്ലോ.

അക്കൗണ്ട് കാൻവാസ് ചെയ്യുന്നതിനായി ഒരു ഷെട്ടിപ്പയ്യൻ കരാറടിസ്ഥാനത്തിൽ നിയമിതനായെങ്കിലും ബിസിനസൊന്നും കിട്ടാതിരുന്നതിനാൽ ഒന്നു രണ്ടാഴ്ചക്കകം നിറുത്തിപ്പോവുകയാണ് ഉണ്ടായത്. 

ആ ഒഴിവിലേക്കാണ് എന്റെയീ കുറിപ്പിലെ പ്രധാന കഥാപാത്രം കടന്നു വരുന്നത്. കോഴിക്കോടുകാരനാണ്, തമിഴ് ബ്രാഹ്മണനാണ്. മറ്റൊരു ജോലിയിലെ പ്രൊബേഷൻ കാലയളവിലാണ് പുള്ളി കർണാടകയിലെത്തുന്നത്. പാർട് ടൈം ജോലിയായിട്ടാണ് എന്റെ കൂടെ ചേരുന്നത്. 

താൻ ബ്രാഹ്മണനാണ് എന്നത് ദിവസം ഒരു മൂന്നു നാലു പേരോടെങ്കിലും പറയാതെ പുള്ളിക്ക് സമാധാനം കിട്ടാറില്ലായിരുന്നു. പല രീതികളിൽ എന്നോടു തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരുദാഹരണം പങ്കുവയ്ക്കാം: കൊല്ലൂർ അമ്പലത്തിൽ അക്കൗണ്ട് പിടിക്കാൻ പോയ അവസരത്തിൽ ഒരു മസാലദോശ കഴിക്കാൻ ഞങ്ങൾ കയറി. തിന്നു തുടങ്ങിയതും ചൂടു കാരണമോ മറ്റോ എന്റെ വായിൽ നിന്ന് ഒരു കഷണം കിഴങ്ങ് പ്ലേറ്റിലേക്കു വീണു.
" വായിൽ നിന്ന് പ്ലേറ്റിലേക്ക് ഭക്ഷണം വീണാൽ പിന്നെ ആ ഭക്ഷണം എച്ചിലിനു സമമാണ്. ഞങ്ങൾ ബ്രാഹ്മിൺസ് അതു പിന്നെ കഴിക്കില്ല സർ."

അയ്യേ, എച്ചിലാണല്ലോ കഴിക്കുന്നത് എന്നൊരു ലേശം അറപ്പോടെയാണ് ആ മസാലദോശ ഞാനന്നു കഴിച്ചു തീർത്തത്.

ഇനി പ്രധാന വിഷയത്തിലേക്കു കടക്കാം. പുള്ളി ഫേസ്ബുക്കിൽ ഉള്ളതുകൊണ്ട് ഞാൻ യഥാർത്ഥ പേര് പറയുന്നില്ല. എന്നാലും പുള്ളി, കക്ഷി എന്നൊക്കെ പറഞ്ഞ് കഥ മുന്നോട്ടു പോവുന്നതിന്റെ കല്ലുകടി മാറാൻ ഒരു പേരുള്ളതു നല്ലതല്ലേ.

അങ്ങനെയെങ്കിൽ ഇന്നത്തെ ആചാരമനുസരിച്ച് ഷിബു എന്നു തന്നെയാവട്ടെ പേര്.( ഈ 'തമാശക്ക് ' എന്റെ സുഹൃത്തുക്കളും അല്ലാത്തവരുമായ എല്ലാ യഥാർത്ഥ ഷിബുമാരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങളെ വേദനിപ്പിച്ചില്ല എന്നു വിശ്വസിക്കട്ടെ. അതിനോടൊപ്പം ഇതൊരു തമാശയായി നിങ്ങളേവരും പരിഗണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു).

അങ്ങനെ ഷിബു അക്കൗണ്ട് പിടിക്കാൻ ഇറങ്ങി. അവിടത്തുകാരനായ ഷെട്ടിയും, അവിടത്തുകാരനല്ലെങ്കിലും കന്നഡ അറിയാവുന്നവനായ ഞാനും വിജയിക്കാൻ പ്രയാസപ്പെട്ട മേഖലയാണെന്ന് ഓർക്കണം. കന്നഡയിൽ ഊട്ട ആയിത്താ ( ഊണു കഴിഞ്ഞോ), ആരാമാ (സുഖമാണോ ) എന്നിങ്ങനെ കുശലങ്ങൾ മാത്രം ചോദിക്കാനറിയാവുന്ന ഷിബു എന്തു ചെയ്യാനാണ് എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു.

പക്ഷെ എല്ലാ ആശങ്കകളേയും തകർത്തെറിഞ്ഞായിരുന്നു ഷിബുവിന്റെ പ്രകടനം. ടെസ്റ്റ് മാച്ച് പോലെ വല്ലപ്പോഴും ഒന്നോ രണ്ടോ അക്കൗണ്ടുകൾ ഓപ്പൺ ചെയ്തു കൊണ്ടിരുന്ന ബ്രാഞ്ചിൽ  ട്വന്റി ട്വന്റി പോലെ ചറപറ അക്കൗണ്ടുകൾ. മൂന്നാലു ജ്വല്ലറികളുടെ അക്കൗണ്ടും രണ്ട് ക്ലിനിക്കുകളുടെ അക്കൗണ്ടും ഒരു കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അക്കൗണ്ടും കൂടി ഓപ്പണായപ്പോൾ എനിക്ക് ജിജ്ഞാസ അടക്കാനായില്ല.

ഇതെങ്ങനെ സാധിക്കുന്നു ഷിബൂ, അതും മുറി കന്നഡയും വച്ചു കൊണ്ട്, എന്നു ചോദിച്ചപ്പോൾ ആദ്യമൊക്കെ ആ ടെക്‌നിക് പറഞ്ഞു തരാൻ ഷിബുവിന് വൈമുഖ്യമായിരുന്നു.

പിന്നെ,  കുറച്ചങ്ങു പൊക്കിയൊക്കെ പറഞ്ഞപ്പോഴാണ് ഷിബു വഴങ്ങിയത്. പറഞ്ഞു തരുന്നതിനു പകരം ലൈവ് കാണിക്കാം എന്നു പറഞ്ഞു.

ഒരു ദന്തിസ്റ്റിന്റെ ക്ലിനിക് ഷിബു കുറച്ചു ദിവസമായി നോട്ടമിട്ടിട്ടുണ്ടായിരുന്നത്രെ. എനിക്കാണെങ്കിൽ പല്ലു കാണിക്കാനുള്ള ഒരാവശ്യവും ഉണ്ടായിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി. 

ഞങ്ങളങ്ങനെ ഒരുമിച്ച് വൈകീട്ടങ്ങിറങ്ങി. ഇറങ്ങിയത് ഒരുമിച്ചാണെങ്കിലും ദന്താശുപത്രിയിലേക്ക് കയറിയത് വേറിട്ടാണ്. ഞാൻ രോഗിയായിട്ടാണ് ചെന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടാണ് ഷിബു എത്തിയത്. എന്റെ പല്ലിലെ ദ്വാരമൊക്കെ അടച്ച് ക്ലീൻ ചെയ്യുന്നതു  വരെ ഷിബു ക്ഷമാപൂർവം കാത്തു നിന്നു.

തുടർന്ന് ഡോക്ടർ തുക പറഞ്ഞപ്പോൾ ഞാൻ ഡെബിറ്റ് കാർഡെടുത്തു നീട്ടി.

അയ്യോ കഷ്ടം! അവിടെ കാർഡ് എടുക്കില്ല, ഡോക്ടർ സങ്കടപ്പെട്ടു.

അപ്പോഴാണ് ഷിബു ചാടി വീണത്. ഇംഗ്ലീഷും മലയാളവും കന്നഡയും ചേർത്തു കുഴച്ച ഒരു ഭാഷയിൽ, പോസ് മെഷീൻ തന്റെ ബാങ്ക് ശരിയാക്കിത്തരാം ഡോക്ടർ, ഒരു കറന്റ് അക്കൗണ്ട് ഓപ്പൺ ചെയ്യൂ എന്നൊക്കെ ഷിബു പറഞ്ഞു.

ഡോക്ടർ മേശവലിപ്പിൽ നിന്ന് മൂന്നു നാലു ചെക്കു ബുക്കുകൾ എടുത്തു കാണിച്ച്, നിലവിൽ തന്നെ അഞ്ചാറു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ട് ഇനിയും വേണ്ട എന്നു പറഞ്ഞിടത്താണു ട്വിസ്റ്റ്.

ഷർട്ടിന്റെ മേലറ്റത്തെ ബട്ടണൻസ് ഊരിയിട്ട്, പൂണൂൽ പുറത്തു കാണുന്ന വിധത്തിൽ ചെറുതായി വലിച്ചിട്ട് ഷിബു ഗദ്ഗദ കണ്ഠനായി:
അങ്ങനെ പറയരുത് സർ, ഞാനൊരു ബ്രാഹ്മിൺ ആണ്. സാറിനെ പോലുള്ള നല്ലവരായ മനുഷ്യർ കനിഞ്ഞ് കുറച്ച് അക്കൗണ്ടുകൾ കിട്ടിയാൽ എനിക്ക് വളരെ ഉപകാരമായിരുന്നു. സംവരണമൊന്നും ഇല്ലാത്തതു കൊണ്ട് ഗവർമെന്റ് ജോലിയൊന്നും ഞങ്ങളെ പോലുള്ളവർക്ക് സ്വപ്നം പോലും കാണാൻ പറ്റില്ലെന്ന് താങ്കൾക്കറിയാമല്ലോ. നുണ പറഞ്ഞോ ആൾക്കാരെ പറ്റിച്ചോ ശീലമില്ലാത്തതു കൊണ്ട് ബിസിനസിൽ ഞങ്ങൾക്ക് വിജയിക്കാൻ പറ്റില്ല. ഇറച്ചിയും മീനുമൊന്നും കഴിക്കാത്തതു കൊണ്ട് ദേഹാധ്വാനമുള്ള ജോലിയും ചെയ്യാൻ പറ്റില്ല. എന്നാൽ പൂജകളൊക്കെ ചെയ്തു ജീവിക്കാമെന്നു വച്ചാൽ കേരളത്തിൽ ഇപ്പോൾ ഷെഡ്യൂൾഡ്കാസ്റ്റ്കാർ പോലും പൂജ ചെയ്യാൻ തുടങ്ങിയതിനാൽ ഞങ്ങൾ ഔട്ടായി. (ഇവിടെ ഷിബുവിന്റെ കണ്ണു നിറയുന്നുണ്ട് ).

തുടർന്നു സംസാരിക്കാൻ തുടങ്ങിയ ഷിബുവിനെ തടഞ്ഞിട്ട്,  ഓക്കെ ഞാൻ ഓപ്പൺ ചെയ്യാം, ഓപ്പണിംഗ് ഫോം എടുക്കൂ എന്നു ഡോക്ടർ പറയുന്നതു കണ്ടപ്പോൾ അക്കൗണ്ട് കിട്ടിയതിലെ സന്തോഷത്തിനു പകരം എനിക്ക് സത്യത്തിൽ വലിയ ആശങ്കയാണു തോന്നിയത്. 

'ഇന്നു രാത്രിയായില്ലേ സർ. നാളെ വെള്ളിയാഴ്ച നല്ല ദിവസമാണ്. രാവിലെ പത്തരയ്ക്ക് രാഹുകാലം തുടങ്ങുന്നതിനു മുമ്പ് ഞാനെത്താം സർ. നല്ല സമയം നോക്കി ഓപ്പൺ ചെയ്താൽ സാറിന്റെ അക്കൗണ്ടിലെപ്പോഴും നിറയെ കാശായിരിക്കും.'

ഡോക്ടർക്ക് വലിയ സന്തോഷമായി. എങ്കിലാവട്ടെ എന്ന് ഡോക്ടർ പറഞ്ഞതു പ്രകാരം ഷിബു  പുറത്തേക്കിറങ്ങി. ആ പോക്കിൽ ഷിബു എന്നെ നോക്കി ഒന്നു കണ്ണിറുക്കി. ഞാൻ മരിച്ചാലും ആ കണ്ണിറുക്കൽ മറക്കില്ല.  അതിന്റെ മുന്നിൽ അഡാറ് ലൗവിലെ കണ്ണിറുക്കൊക്കെ എന്ത് !!!

വാൽക്കഷണം: കാർഡ് തിരികെ വാങ്ങി ഞാൻ ഡോക്ടർക്ക് കാഷ് കൊടുത്തു. ബാക്കി തരുന്ന വേളയിൽ പാതി എന്നോടായും പാതി ആത്മഗതമായും ആ ഷെട്ടി ഡോക്ടർ പറഞ്ഞ കാര്യമാണ് ഷിബുവിന്റെ ടെക്നിക്കിന്റെ കാതൽ. ഡോക്ടർ പറഞ്ഞത് ഇതാണ്: " ബ്രാഹ്മണന്റെ കണ്ണീര് വീണു എന്നിരിക്കട്ടെ, പരമേശ്വരന്റെ മൂന്നാം കണ്ണു തുറക്കുന്നതിനു സമമാണ്. എരിഞ്ഞു പോകും !

No comments:

Post a Comment