Wednesday, January 10, 2018

ഭാഷ- 2

വടക്കൻ കേരളത്തിലുള്ളവർ കഴിയാവുന്നതും ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലാക്കി പറയുമെന്ന് കേട്ടിട്ടുണ്ട്. ഓംലറ്റിന് കോയീന്റെ ദോശ, സെവൻ അപ്പിന് ഏയിന്റെ വെള്ളം എന്നങ്ങനെ. ഇതൊക്കെ തമാശയായിരിക്കാം. അറിയില്ല. പക്ഷെ എന്നെ ആദ്യം ഉത്കണപ്പെടുത്തുകയും പിന്നെ ചിരിപ്പിക്കുകയും ചെയ്ത ഒരു മലയാളവത്കരണത്തെക്കുറിച്ചാണ് ഈ കുറിപ്പ്:

ഞാൻ ജോലി ചെയ്യുന്ന ശാഖയിൽ ഭൂരിപക്ഷവും പ്രവാസികളാണ് ഇടപാടുകാരായിട്ടുള്ളത്. എല്ലാവരും നല്ലവർ, സൗഹൃദാന്തരീക്ഷം.  ഫോൺ വിളി , ഇ മെയിൽ എന്നിവയും കടന്ന് പ്രവാസികളുമായുള്ള ആശയവിനിമയം ഇപ്പോൾ വാട്സപ്പിലെ വോയിസ് മെസേജിൽ എത്തി നിൽക്കുകയാണ്. 
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ബുജൈറിന്റെ ഭാര്യ ബുഷ്‌റ (ഇരുവരുടേയും പേരിതല്ല) കാബിനിലെത്തുന്നത്. ബുജൈറിന്റെ അക്കൗണ്ടിൽ പുതിയതായി ഇഷ്യു ചെയ്ത ATM കാർഡ് ബുഷ്റക്ക് കൊടുക്കണം. ഇതാണ് ആവശ്യം. ബുജൈർ ബാങ്കിലേക്ക് ഇ മെയിൽ അയച്ചോ എന്നൊന്നും ബുഷ്റക്കറിയില്ല. ഇമെയിൽ ഇല്ലാത്തതു കൊണ്ട് കാർഡ് കൊടുക്കാനാവില്ലെന്ന് കൗണ്ടർ സ്റ്റാഫ് പറഞ്ഞതുകൊണ്ട് എന്നെ കാണാൻ വന്നതാണ്.
'ഇമെയിലോ കത്തോ മറ്റോ വേണമല്ലോ മാഡം', ഞാൻ പറഞ്ഞു.
'ഇക്കാന ഞാനിപ്പ വിളിച്ചാർന്ന്. വെരിലിട്ട സാറാണ്, ഈമെയിലൊന്നും വേണ്ടന്ന് ഇക്കാ പറഞ്ഞ്', ബുഷ്‌റ നാണം എന്ന് എനിക്കു തോന്നിയ മുഖഭാവത്തിൽ പറഞ്ഞു.

വിരലിട്ടെന്നോ! ഞാനോ ?! എനിക്കൊന്നും മനസിലായില്ല.
'ഈമെയിലോ മറ്റെന്തെങ്കിലും മാൻഡേറ്റോ ഇല്ലാതെ കാർഡ് തരാൻ പാടില്ലല്ലോ മാഡം', ഞാൻ.

ബുഷ്റക്ക് സങ്കടമായി. ഉടനടി ബുജൈറിനെ വിളിച്ചിട്ട് എന്തോ കുശുകുശുത്തു. എന്നിട്ട് ഫോൺ എനിക്കു തന്നു.
ബുജൈർ നല്ല ദേഷ്യത്തിലായിരുന്നു. കാർഡില്ലാതെ ഭാര്യ നേരിടുന്ന കഷ്ടപ്പാടും കാർഡു വാങ്ങാനായി ബാങ്കിലേക്കു വന്നതിന്റെ കഷ്ടപ്പാടും ജോലിയുടെ ഇടക്ക് ഭാര്യ ബുജൈറിനെ ഫോൺ ചെയ്ത് സങ്കടം പറയുന്നതിന്റെ കഷ്ടപ്പാടും ഒക്കെ പരത്തിയങ്ങു പറഞ്ഞു. ഇടക്കൊരു ഗ്യാപ്പു കിട്ടിയപ്പോൾ ഞാൻ മാൻഡേറ്റിന്റെ കാര്യം സൂചിപ്പിച്ചതും ബുജൈർ ക്രുദ്ധനായി.
'ബെരലിട്ടപ്പ സാറ് ഇതൊന്നും പറഞ്ഞില്ലല്ലാ'.
ഞാൻ ഞെട്ടിപ്പോയി. എന്റെ തൊണ്ടയിൽ എവിടുന്നോ ഒരു കഫക്കട്ട കുടുങ്ങി. ഞാൻ ചുമച്ചുപോയി.
'ബുജൈറേ, ഞാൻ... എപ്പ...?'
'ങ്ങാഹാ, സാറപ്പ അങ്ങനെയാണാ? ഒന്ന് വാട്സാപ്പ് നോക്കീട്ട് എന്നെ വിളിക്ക് ട്ടാ' എന്നലറിയിട്ട് ഒറ്റ കട്ടായിരുന്നു ബുജൈർ. 
മനസ്സിലേക്കോടി വന്ന വിരലിടൽ എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ തട്ടിമാറ്റി ഞാൻ ബുഷ്റക്ക് ഫോൺ തിരികെ കൊടുത്തതും ബുജൈറിന്റെ കോൾ വന്നു. ഫോണെടുത്ത ബുഷ്റ, ആ ശെരി എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്ത് എന്നോട് വാട്സപ്പ് നോക്കാൻ പറഞ്ഞു.

വിറക്കുന്ന കൈകളോടെ ഞാൻ വാട്സപ്പ് ക്ലിക്ക് ചെയ്തു.  ഇനി എന്റെ രൂപസാദൃശ്യമുള്ള ആരെങ്കിലും യുടൂബിൽ... ഛായ്, അങ്ങനെയൊന്നും വരില്ല. ഞാനത്തരം ചിന്തകളൊക്കെ തൂത്തെറിഞ്ഞു.

ടാർജറ്റ്, ഇൻഷുറൻസ്, തേഡ്പാർട്ടി എന്നൊക്കെ പറഞ്ഞ് റീജിയണൽ ഓഫീസിൽ നിന്നുള്ള മെസേജുകൾ, സിനിമാ ഗ്രൂപ്പിൽ ഈട സിനിമയുടെ റിവ്യു, സ്പോർട്സ് ഗ്രൂപ്പിൽ ഇന്ത്യയുടെ എട്ടാം വിക്കറ്റും പോയ വാർത്ത എന്നിവയല്ലാതെ ഞാൻ ഭയന്നതു പോലെ മറ്റൊന്നുമില്ലായിരുന്നു.

ഇനി ബുജൈർ എനിക്ക് പണ്ടെന്തെങ്കിലും മെസേജ് അയച്ചതായിരിക്കുമോ എന്നറിയാൻ തെരഞ്ഞെങ്കിലും ആ പേര് എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.

എന്താ ചെയ്ക എന്നർത്ഥത്തിൽ നിരാശയോടെ ഞാൻ നോക്കിയപ്പോൾ പെട്ടന്ന് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് ഒരു വാട്സപ്പ് വോയിസ് മെസേജ്. ഞാനതു തുറന്നു.
'സാറേ ബുജൈറാണ്. എന്റെ പയേ മെസേജൊന്ന് നോക്കിയേ. സാറ് ബെരലിട്ടത് കണ്ടാ? ആ കാർഡ് ന്റെ വൈഫിന് കൊടുത്താ വല്യ ഉപകാരാവും സാറേ'

ഞാൻ ധിറുതി പിടിച്ച് പഴയ മെസേജ് സ്ക്രോൾ ചെയ്തു. ആകെ ഒരു വോയിസ് മെസേജേ ഉണ്ടയിരുന്നുള്ളൂ. കേട്ടു. അതിത്രേയുള്ളൂ. ഞാൻ ബുജൈറാണ്, അക്കൗണ്ട് നമ്പർ ഇന്നതാണ് വൈഫ് അടുത്ത മാസം വരും, കാർഡ് കൊടുക്കണം. മറുപടിയായി ഞാൻ ദാ ഇത് '👍' അയച്ചിരുന്നു. ഇതിനെയാണ് ബുജൈറും ബുഷ്റയും വിരലിടൽ എന്നു പറഞ്ഞതെന്ന് മനസിലായപ്പോൾ, എന്താ പറയേണ്ടത്, ഞാൻ ആശ്വസിച്ച ആശ്വാസമുണ്ടല്ലോ, മരിക്കും വരെ മറക്കില്ല.

 എൻഡ് ഓഫ് ദ ഡേ:

കാർഡ് ഒപ്പിട്ടു വാങ്ങിയ ബുഷ്റ ആക്ടിവേഷനു വേണ്ടി പത്തു മിനിറ്റു കാത്തിരുന്നു. പിന്നെ എടിഎമ്മിൽ നിന്ന് പണമെടുത്ത് കാർഡ് പ്രവർത്തനക്ഷമമെന്ന് ഉറപ്പു വരുത്തി തിരികെ വന്ന് കാബിന് പുറത്തു നിന്ന് കാർഡ് ഓക്കെ എന്ന് എന്നെ വിരലിട്ടു കാണിച്ചിട്ടാണ് മടങ്ങിയത്.

ഇമെയിലൊന്നുമില്ലാതെ മാനേജർ സാർ  കാർഡ് തരീച്ചു എന്ന് ബുഷ്റ ബുജൈറിനോടു പറഞ്ഞു കാണണം, വാട്സാപ്പിൽ ബുജൈർ ഒന്നല്ല, നാലു വിരലിട്ടു, കൂടെ ഒരു കയ്യടിയും രണ്ടു പൂവും...

****                      ****                           ****                          ****                             ****

ഭാഷ-1

ഞാൻ കർണാടകത്തിലെ കുന്ദാപുരയിൽ മാനേജരായിരുന്ന കാര്യം ഈ ഗ്രൂപ്പിൽ പലർക്കും അറിവുള്ളതായിരിക്കുമല്ലോ. അവിടത്തെ ഒരു കസ്റ്റമർ ഇന്നെന്നെ ഒരു ശിപാർശക്ക് വിളിച്ച കാര്യമാണ് പറയാൻ പോവുന്നത്. നാൽപതു കൊല്ലത്തിലധികമായി കുന്ദാപുരത്ത് സ്ഥിരതാമസമാക്കിയ ധാരാളം മലയാളികളുണ്ട്. അവരിലൊരാളാണ് വിളിച്ചത്. വർഷങ്ങളായി കന്നഡ തന്നെ സംസാരിക്കുന്നതിനാൽ മലയാളം പറയുമ്പോൾ അവർക്കെല്ലാം യഥേഷ്ടം കന്നഡ വാക്കുകൾ കടന്നു വരും. തലെബിസി- തലവേദന, മത്തെ- പിന്നെ, ആരാമാ - സുഖമാണോ, ഹേളി- പറ, ഹൗദാ - ആണോ,  പ്രാണി - കാട്ടുമൃഗം, ബഡ്ഡി - പലിശ എന്നിവയൊക്കെയാണ് ഇത്തരം വാക്കുകൾ. ഇതിൽ എന്നെ ചിരിപ്പിച്ച ഒരു വാക്കുണ്ട് -- കന്ത്. മാസതവണ, അതായത് ഇൻസ്റ്റാൾമെന്റ് എന്നാണ് കന്ത് എന്നതിന് കന്നഡയിൽ അർത്ഥം.

തന്റെ കുടിശിക അടക്കാനുള്ള തീയതി ഒന്നു നീട്ടിക്കൊടുക്കാൻ നിലവിലെ മാനേജരോട് ഞാൻ ആജ്ഞാപിക്കുകയോ കുറഞ്ഞ പക്ഷം റെക്കമെൻറ് ചെയ്യുകയോ ചെയ്യണം എന്ന അപേക്ഷയുമായാണ് അയാൾ വിളിച്ചത്. നിലവിലെ മാനേജർ അഡ്ജസ്റ്റ് ചെയ്യുന്നില്ലത്രെ .

അയാളുടെ കാർഷിക വായ്പയിൽ 2 വർഷമായി പലിശ അടച്ചിട്ടില്ല. ഭാര്യയുടെ പേരിലുള്ള ഓട്ടോലോണിൽ നാലഞ്ച് ഇൻസ്റ്റാൾമെന്റ് പെൻഡിംഗ്.

NPA,  CIBlL തുടങ്ങിയവയെക്കുറിച്ച് ഞാൻ വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തു.

അവസാനം പുള്ളി യാചിച്ചു പറഞ്ഞ അപേക്ഷയാണ് ഈ കുറിപ്പിന് ആധാരം.

പുള്ളി പറഞ്ഞതിതാണ് : 'റബറൊക്കെ വല്യ ഇടിവാ സാറേ, എന്നാലും എങ്ങനേലും എന്റെ ലോണിന്റെ ഒരു വർഷത്തെ ബഡ്ഡി  ഞാൻ അടക്കാം. പക്ഷെ, എന്റെ പെമ്പ്രന്നോത്തീടെ കന്തൊണ്ടല്ലോ, അതേൽ സാറെന്തെങ്കിലും ചെയ്തേ പറ്റുവൊള്ള്'.

(ഇതുപോലെ ചിലത് ഇനിയുമുണ്ട്, വഴിയേ പങ്കുവയ്ക്കാം ).



*********                                         ************                                       ***************