കുറച്ചുകാലം മുമ്പാണ്. ഞാനന്ന് തൃശൂർ ജില്ലയിലെ ചാവക്കാടുള്ള ബ്രാഞ്ചിൻ്റെ മാനേജരായിരുന്നു. പെരുന്നാളും നോമ്പും നോമ്പുതുറയുമെല്ലാം അടുത്തുകാണുന്നത് ആദ്യമായിട്ടായിരുന്നു.
ഗൾഫിലെ വലിയ ബിസിനസുകാരനായ സുലൈമാനിക്ക (യഥാർഥ പേരല്ല) അടുത്ത ദിവസം നാട്ടിലെത്തുന്നുണ്ടെന്നും അദ്ദേഹത്തിന് അത്യാവശ്യമായി നൂറു ലീഫുള്ള ചെക്ക്ബുക്ക് വേണമെന്നും എനിക്ക് മെയിൽ വന്നു. അതുപ്രകാരം ഞാൻ ചെക്കുബുക്കെല്ലാം ശരിയാക്കിവച്ചു.
സുലൈമാനിക്ക നാട്ടിലെത്തി എന്ന വിവരം നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ സഹായിയായ കാദറിക്ക എന്നെ അറിയിച്ചു. അടുത്ത രാവിലെ പതിനൊന്നരയോടെ സുലൈമാനിക്ക ബ്രാഞ്ചിൽ വന്നു. കൂടെ കാദറിക്കയുമുണ്ടായിരുന്നു.
ഹൃദ്യമായ അത്തർ സുഗന്ധത്തിനു പിറകെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് സുലൈമാനിക്ക കാബിനിലേക്കു കടന്നുവന്നപ്പോൾ ഞാൻ എഴുന്നേറ്റു നിന്നുപോയി. അത്രയ്ക്കു ചൈതന്യമായിരുന്നു അദ്ദേഹത്തിന്. മേശവലിപ്പിൽ നിന്ന് ഞാൻ ചെക്ക്ബുക്കെടുത്തു.
പല നാട്ടുവിശേഷങ്ങളും ഗൾഫിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവെക്കുന്നതിനിടയിൽ കാദറിക്ക തൻ്റെ ഡയറി തുറന്ന് എന്തിനോ തയാറായതുപോലെ സുലൈമാനിക്കയെ നോക്കി.
അതു ശ്രദ്ധിച്ച ഇക്ക ‘പറഞ്ഞോ’ എന്നു പറഞ്ഞ് പോക്കറ്റിൽ നിന്ന് പാർക്കർ പേനയെടുത്ത് ചെക്ക്ബുക്ക് തുറന്നു.
കാദറിക്ക ഡയറി നോക്കി, ‘ജംഷീറ് ഇരുപത്, സുധാകരൻ മുപ്പത്തഞ്ച്, ഹസീന അയ്മ്പത്, ആൻ്റണി മുപ്പത്’ എന്നിങ്ങനെ നിറുത്തിനിറുത്തി വായിക്കാൻ തുടങ്ങി.
ഇരുപത്, മുപ്പത് എന്നൊക്കെ പറഞ്ഞത് വയസായിരുന്നു എന്നാണ് ഞാനാദ്യം കരുതിയത്. കാദറിക്ക പറയുന്നതിനുസരിച്ച് സുലൈമാനിക്ക ചെക്കെഴുതുന്നതു നോക്കിയപ്പോഴാണ് വയസല്ല തുകയാണെന്ന് മനസിലായത്.
അഞ്ചെട്ടു ചെക്കുകൾ എഴുതിക്കഴിഞ്ഞപ്പോൾ വിരലുകളൊന്ന് ഉഴിയാനായി സുലൈമാനിക്ക പേന താഴെവച്ചു.
‘ഇതെന്താണ് ഇക്കാ?’ ഞാൻ ചോദിച്ചു.
‘മാനേജരു പേടിക്കണ്ട,’ സുലൈമാനിക്ക ചിരിച്ചു. ‘ചെറ്യ പൈസയ്ക്കുള്ള ചെക്കാണ് എഴുതണത്. ഈ പോയതിലും കൂടുതൽ പെരുന്നാളിനു മുമ്പ് ഞാൻ അയച്ചുതരാം.’
‘അയ്യോ അതല്ല ഇക്കാ,’ ഡെപ്പോസിറ്റ് പോവുന്നു എന്ന ആശങ്കയിലാണ് ഞാൻ ചോദിച്ചതെന്ന് ഇക്ക തെറ്റുധരിച്ചല്ലോ എന്നോർത്തപ്പോൾ എനിക്കു നാണമായി. ‘ആർക്കാണ് ഈ ചെക്കെല്ലാം എന്നറിയാൻ ചോദിച്ചതാണ്.’
‘ചികിത്സയ്ക്കും ഫീസടയ്ക്കാനും ഒക്കെ ഒള്ള സഹായമാണ്,’ കാദറിക്കയാണ് മറുപടി പറഞ്ഞത്.
സുലൈമാനിക്ക എന്തോ പറഞ്ഞുതുടങ്ങിയതും എൻ്റെ കാഷ്യറായ രാമപ്രസാദ് ഓടി വന്നു.
‘ഇക്കാ, ഫ്രഷ് നോട്ട് സെറ്റാണേ. ഇന്നു വേണോ അതോ പെരുന്നാളിനു മതിയോ?’
ഇക്ക രാമപ്രസാദിനു കൈ കൊടുത്തിട്ടു പറഞ്ഞു: ‘പെരുന്നാളിന് രണ്ടീസം മുമ്പ് കാദറ് വരും രാമപ്രസാദേ. അപ്പ മതി. പിന്നെ സുഖല്ലേ?’
‘സുഖാണ് ഇക്കാ.’ കൗണ്ടറിൽ ആളു വന്നതുകൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രാമപ്രസാദ് മടങ്ങി.
‘മാനേജരേ ഈ രാമപ്രസാദിൻ്റെ കസ്റ്റഡീല് എത്ര കാഷ് കാണും ?’ ഇക്ക ചോദിച്ചു.
‘ഇന്നൊരു... വൺ സി ആറിനടുത്ത് കാണും ഇക്കാ,’ ഞാൻ പറഞ്ഞു. അക്കൗണ്ടിലെ പൈസ മുഴുവൻ പിൻവലിക്കാനോ മറ്റോ ആണോ ഇക്കയുടെ ഉദ്ദേശം എന്നൊരു ആശങ്ക എൻ്റെയുള്ളിൽ ഉരുണ്ടുകൂടി.
‘ഈ വൺ സി ആർ മുഴുവൻ രാമപ്രസാദിന് തോന്നിയത് പോലെ ചെലവാക്കാൻ പറ്റുവോ?’ ഇക്ക ചോദിച്ചു.
ഇക്ക എന്തു ചോദ്യമാണ് ചോദിക്കുന്നതെന്ന് എനിക്കു മനസിലായില്ല.
‘അയ്യോ ഇക്കാ, മുഴുവനും ബാങ്കിൻ്റെ പൈസയല്ലേ. ഒരു രൂപ പോലും രാമപ്രസാദിന് എടുക്കാൻ പറ്റില്ല,’ ഞാൻ പറഞ്ഞു.
‘ഒറപ്പാണോ?’ ഇക്ക എന്നെ നോക്കി കുസൃതിച്ചിരി ചിരിച്ചു.
‘ഉറപ്പാണിക്കാ,’ എന്താണ് ഇക്ക ഉദ്ദേശിച്ചതെന്ന് മനസിലാവാതെ ഞാനുഴറി.
‘എന്നുവെച്ചാ, ബാങ്കിലെ കാഷ്യർടെ കൈ നെറയെ ക്യാഷൊണ്ട്, പക്ഷേ അഞ്ച് പൈസ പോലും പോക്കറ്റിലാക്കാൻ പറ്റൂല്ല. എത്രയാണോ ശമ്പളം അതുമാത്രം വീട്ടിലേക്ക് കൊണ്ടുപോകാം. ശരിയല്ലേ?’ ആ കുസൃതിച്ചിരിയോടെ തന്നെ ഇക്ക ചോദിച്ചു.
‘ശരിയാണിക്കാ.’
‘നമ്മള് മനുഷ്യരുടെ കാര്യവും ഇങ്ങനെ തന്നെയാണ്.’ ഇക്ക ഗൗരവത്തിലായി. ‘പടച്ചോൻ എന്നെ വലിയ പണക്കാരനാക്കിയത് എൻ്റെ ഇഷ്ടത്തിന് തോന്നുമ്പോലെ എടുത്ത് ചെലവാക്കാനല്ല. പൈസയ്ക്കാവശ്യമുള്ള ആൾക്കാർ ഒത്തിരിയൊണ്ട് നാട്ടില്. ആവശ്യക്കാർക്ക് വീതിച്ച് കൊടുക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാണ് ഈ പൈസ മുഴുവൻ. അങ്ങനെ വീതിച്ച് കൊടുക്കാനാണ് ഞാനീ ചെക്കെല്ലാം എഴുതണത്.’
അടുത്ത ചെക്കെഴുതാൻ വേണ്ടി ഇക്ക പേനയെടുത്തു.
‘നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പൈസ ആർക്കെങ്കിലുമൊക്കെ വെറുതെ കൊടുക്കാൻ തോന്നുന്നത് വലിയ മനസാണ് ഇക്കാ,’ ഞാൻ ആരാധനയോടെ പറഞ്ഞു.
‘അങ്ങനെയല്ല മാനേജരേ,’ ഇക്ക എന്നെ തിരുത്തി. നിങ്ങടെ കാഷ്യർടെ ഡ്യൂട്ടി പോലെ ഒരു ഡ്യൂട്ടിയാണ് എനിക്ക്. ആൾക്കാരു വന്ന് പൈസ വിത്ഡ്രോ ചെയ്യുമ്പൊ, എന്തോ വല്യ കാര്യം ചെയ്തെന്ന് മാനേജർടെ കാഷ്യർക്ക് തോന്നുമോ?’
‘അതില്ല,’ ഞാൻ പറഞ്ഞു.
‘തോന്നൂല്ല. കാരണം അയാൾക്കറിയാം ഈ കൊടുക്കണ പൈസ അയാൾടേതല്ലെന്നും അയാള് കാഷ്യർ മാത്രാണെന്നും. ശരിയല്ലേ?’
‘ശരിയാണ്.’
‘മാനേജരുടെ കാഷ്യറെ പോലെയാണ് ഞാനും. എന്നുവെച്ചാൽ, പടച്ചോൻ്റെ കാഷ്യറാണ് ഞാൻ എന്ന് പറയാം.’
പടച്ചോൻ്റെ കാഷ്യർ! എന്തു മനോഹരമായ സങ്കല്പം. സമ്പത്തിനെക്കുറിച്ചും പണത്തെക്കുറിച്ചും ലഭിച്ച പുതിയൊരു ഉൾക്കാഴ്ചയിൽ നിർനിമേഷനായി തെല്ലുനേരം ഞാൻ സുലൈമാനിക്കയെ നോക്കിയിരുന്നു പോയി.
അദ്ദേഹമാവട്ടെ, കണ്ണട നേരെയാക്കി, കാദറിക്ക പറയുന്ന പേരുകളിൽ സംശയമുണ്ടെങ്കിൽ വീണ്ടും ചോദിച്ച്, തുകയും തീയതിയും ശ്രദ്ധയോടെ എഴുതി, സാവകാശം ഒപ്പിട്ട് ഓരോ ചെക്കുകളായി കീറി മാറ്റിവെക്കുകയായിരുന്നു.
ഇക്ക ചെക്കെഴുതുന്നതിലെ സൂക്ഷ്മത കണ്ടപ്പോൾ ഞാൻ സ്വയം പറഞ്ഞു, പടച്ചോൻ്റെ കാഷ്യർ!
(സുപ്രഭാതം മാർച്ച് 16, 2025)