ഏഴായിരം രൂപ വില വരുന്ന ഉശിരനൊരു എയർ ഫ്രയർ ദീപാവലി ഓഫറിന്റെ ഭാഗമായി വെറും എഴുന്നൂറ്റമ്പതു രൂപയ്ക്കു ലഭിക്കും എന്നു കണ്ടപ്പോൾ ആദ്യമൊന്നു മടിച്ചതാണ് ഷൈനി.
വലിയ ഓഫറുകൾ പറഞ്ഞ് ആകർഷിച്ച് വല്ല പഴന്തുണിയോ പാറക്കല്ലോ ഒക്കെ പാഴ്സലയച്ചു തരുന്ന തട്ടിപ്പുകളെക്കുറിച്ച് ഷൈനി കേട്ടിട്ടുണ്ട്. ഇതും അതുപോലെയാവില്ലെന്നാരു കണ്ടു?
അങ്ങനെ ചിന്തിച്ചെങ്കിലും വെബ്സൈറ്റുകാരിട്ട എയർഫ്രയറിന്റേയും അതുപയോഗിച്ചുണ്ടാക്കിയ പലഹാരങ്ങളുടേയും ചിത്രങ്ങൾ കണ്ടപ്പോൾ ഷൈനിയുടെ മനസൊന്നിളകി.
അടുത്ത പത്തു മിനിട്ടു കൂടി മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ എന്നും അതുകഴിഞ്ഞാൽ ഏഴായിരം രൂപ കൊടുക്കേണ്ടിവരുമെന്നും കൂടി കണ്ടപ്പോൾ ഷൈനിയ്ക്ക് കാര്യങ്ങൾ കൈവിട്ടുപോയി.
അപ്പുറത്തെ മുറിയിലിരുന്ന് ക്രിക്കറ്റ് കാണുകയായിരുന്ന ഭർത്താവിനോട് ചോദിച്ചാലോ എന്നു കരുതിയെങ്കിലും ഓഫറിനുള്ള സമയം ഓരോ സെക്കന്റു വച്ച് കുറഞ്ഞുവരുന്നതു കണ്ടപ്പോൾ എഴുന്നൂറ്റമ്പതു രൂപയല്ലേ ഉള്ളൂ, ഭർത്താവിന് ഒരു ദീപാവലി സർപ്രൈസ് കൊടുക്കാമെന്ന തീരുമാനത്തിലെത്തി ഷൈനി.
അങ്ങനെ നേരെ ‘ബൈ നൗ’ ക്ലിക്ക് ചെയ്തു. പേരും വിലാസവുമൊക്കെ ടൈപ്പു ചെയ്തപ്പോൾ തന്നെ സമയം അഞ്ചുമിനിട്ടോളം മാറിക്കിട്ടി. ഇനി ഏകദേശം നാലര മിനിട്ടിനുള്ളിൽ പേയ്മെന്റ് നടത്തിയില്ലെങ്കിൽ എയർ ഫ്രയർ എയറിലാവും!
ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പേയ്മെന്റ് മാത്രമാണ് സൈറ്റിലുണ്ടായിരുന്നത്. വേഗം തന്നെ കാർഡെടുത്ത് നമ്പരും എക്സ്പയറി ഡേറ്റും സിവിസിയുമെല്ലാം എന്റർ ചെയ്തു.
ഭാഗ്യം! ഒന്നര മിനിറ്റ് ബാക്കിയുള്ളപ്പോഴേയ്ക്ക് ഒടിപി വന്നു. അതും അടിച്ചുകൊടുത്തു.
പോയാൽ വെറും എഴുന്നൂറ്റമ്പതു രൂപയല്ലേ. ആരോടും പറയാൻ നിൽക്കണ്ട. കിട്ടിയാലോ? ഏഴായിരം രൂപയുടെ ഉഗ്രനൊരു എയർ ഫ്രയർ!
പേയ്മെന്റ് സക്സസ്ഫുൾ എന്ന സന്ദേശം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുന്നിലത്തെ മുറിയിൽ ഭർത്താവും മക്കളും തുള്ളിച്ചാടുന്നതു കേട്ടു. വിക്കറ്റോ മറ്റോ വീണതാവണം.
ഇതിലും വലിയ തുള്ളൽ നിങ്ങൾ തുള്ളും മക്കളേ, എയർ ഫ്രയർ ഇങ്ങു വന്നോട്ടെ. ഷൈനി മനസിൽ പറഞ്ഞു ചിരിച്ചു.
എന്നാലോ?! പേയ്മെന്റ് ചെയ്തതിനു ശേഷം വന്ന എസ് എം എസ് ചുമ്മാ എടുത്തുനോക്കിയതാണ് ഷൈനി. ഞെട്ടിപ്പോയി എന്നുമാത്രമല്ല, ബോധം കെട്ടുപോവാതെ ഒരു കണക്കിനാണ് അടുത്ത മുറിവരെ എത്തിപ്പെട്ടതും എസ് എം എസ് ഭർത്താവിനെ കാണിച്ചതും.
‘യുവർ അക്കൗണ്ട് ഈസ് ഡെബിറ്റഡ് വിത് റുപ്പീസ് ട്വൻടി ത്രീ തൗസന്റ്’ എന്ന എസ് എം എസ് വായിച്ച് ഒന്നും മനസിലാവാതെ നിന്ന ഭർത്താവിനോട് കാര്യങ്ങൾ വിവരിക്കാനുള്ള ത്രാണി തൽക്കാലം ഷൈനിക്കില്ലായിരുന്നു.
*എന്താണു സംഭവിച്ചത്?*
അടുത്തയിടെയായി പലരും ഇരയായ തട്ടിപ്പിനാണ് ഷൈനിയും വഴങ്ങിക്കൊടുത്തത്. കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. ഷൈനി ചിന്തിച്ചതു പോലെ കുറഞ്ഞൊരു തുകയല്ലേ, പോയാൽ പോട്ടെ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും.
‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകുന്നതുമെല്ലാം തട്ടിപ്പു വെബ്സൈറ്റിലായിരിക്കും. ഓഫറിൽ ആകൃഷ്ടരായി ഇടപാടു നടത്തുന്നവർക്ക് ഇതു തിരിച്ചറിയാൻ കഴിയണമെന്നില്ല. ഇങ്ങനെ ശേഖരിച്ച കാർഡ് വിവാരങ്ങൾ ഉപയോഗിച്ച് കൂടിയ തുകയ്ക്കുള്ള മറ്റൊരു ഇടപാട് തത്സമയം തന്നെ നടത്തുക എന്നതാണ് തട്ടിപ്പിന്റെ രീതി.
തട്ടിപ്പുകാർ നടത്തിയ ഇടപാടിനുള്ള ഒടിപിയാണ് എസ്എംഎസായി നമുക്കു ലഭിക്കുക. പക്ഷേ, ഓഫർ സമയം തീരുന്നതിനു മുമ്പ് ഇടപാടു നടത്താൻ ധിറുതിവെക്കുന്ന നമ്മൾ ഒടിപി വരുന്ന എസ്എംഎസിലെ തുക എത്രയെന്ന് നോക്കാൻ മെനക്കെടില്ല. പകരം, നേരെയങ്ങ് എന്റർ ചെയ്തുകളയും. അതിന്റെ ഫലമായി ചെറിയ തുകയ്ക്കു പകരം വലിയൊരു തുക അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടതെന്ത്?


