ജന്റിൽമാൻ കള്ളൻ
കൊങ്കണി കഥ-
ദാമോദർ മൗജോ
2021 ലെ ജ്ഞാനപീഠ പുരസ്കാര
ജേതാവാണ് ശ്രീ ദാമോദർ മൗജോ. ഗോവയിലെ പ്രശസ്‌തനായ ചെറുകഥാകൃത്തും നോവലിസ്‌റ്റും
തിരക്കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമാണ് അദ്ദേഹം. കാർമെലിൻ, സുനാമി സൈമൺ തുടങ്ങിയവയാണ് പ്രധാന
കൃതികൾ.
കൊങ്കണിയിൽ നിന്നു നേരിട്ട്
മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് അമിത് കുമാർ
|
എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. ലൈറ്റിട്ട് ക്ലോക്കിൽ നോക്കിയപ്പോൾ സമയം
ഒന്നരമണി. വെളിച്ചം വീണിട്ടും വീണ്ടും ശബ്ദം കേട്ടു. താഴെ അടുക്കളയിൽ ആരോ
ഉണ്ടെന്നു തോന്നി. ഞാനല്ലാതെ മറ്റാരും ഈ വീട്ടിലില്ലാത്തതാണ്. ഞാൻ എഴുന്നേറ്റു.
എന്റെയീ വീടെന്നു പറയുന്നതിന് താഴത്തെ നിലയിൽ അടുക്കളയും സ്വീകരണമുറിയുമാണുള്ളത്.
അവിടെത്തന്നെയാണ് ഊണുമേശ. മുകളിലെ നിലയിലാണ് കിടപ്പുമുറിയും കുളിമുറിയും. ആൾക്കാർ
ഇതിനെ ‘ഡ്യൂപ്ലക്സ്
ബംഗ്ലാവ്’ എന്നു വിളിക്കും. എന്നാൽ, എനിക്കിതു
വീടാണ്. എന്റെ കൂർക്കംവലിയും കടലാസിൽ പേനയുരസുമ്പോഴുണ്ടാവുന്ന ഖർഖർ ശബ്ദവുമല്ലാതെ
മറ്റൊരു ശബ്ദവും ഈ വീട്ടിൽ ഇതുവരെ കേട്ടിട്ടില്ല. എന്റെ ജിജ്ഞാസ വർദ്ധിച്ചു. ആദ്യം
നാലും പിന്നെ തിരിഞ്ഞ് ഏഴും ചേർന്ന് ആകെ പതിനൊന്നു പടികൾ എണ്ണി ഞാൻ താഴെയെത്തി.
ഇരുട്ടത്ത് ടോർച്ചു തെളിച്ച് എന്തോ തിരയുകയാണ്
ഒരാൾ. ഞാൻ വിളക്കു തെളിച്ചു. അയാൾ തിരിഞ്ഞുനോക്കി. എന്തോ നാടകം കളിക്കാനുള്ള
തയാറെടുപ്പിലാണോ അയാൾ?
‘ഹലോ, എന്തു തിരയുവായിരുന്നു?’
കറുത്ത ടീഷർട്ടും പാന്റും അവന് ഒട്ടും ചേരുന്നില്ലെന്ന് എനിക്കു തോന്നി.
‘നോക്കുവായിരുന്നു- എന്തെങ്കിലും ഉണ്ടോന്ന്.’ എന്റെ കണ്ണിലേക്കു
നോക്കിത്തന്നെ അവൻ പറഞ്ഞു.
‘തിന്നാനാണോ?’
‘എന്തെങ്കിലും-‘
‘വിശക്കുന്നുണ്ടോ?’
ഒന്നും മിണ്ടിയില്ല.
‘ആരാ നീ?’
‘കള്ളൻ.’
‘കള്ളനാണെന്നു തോന്നി’.
‘കള്ളനെന്താ കൊമ്പുണ്ടോ?’
‘പക്ഷേ കണ്ടാൽ കള്ളനെപ്പോലുണ്ട്’.
‘നിങ്ങള് കള്ളനെ കണ്ടിട്ടുണ്ടോ?’
പെട്ടന്നൊരു മറുപടി നൽകാൻ എനിക്കു സാധിച്ചില്ല. നാടകങ്ങളിലും സിനിമകളിലും
പിന്നെ പത്രങ്ങളിലെ ഫോട്ടോകളിലുമൊക്കെയാണ് ഞാൻ കള്ളന്മാരെ കണ്ടിട്ടുള്ളത്.
‘കഴിക്കാൻ വല്ലതും വേണോ?’ നോട്ടം പിൻവലിച്ച് ഞാൻ
ചോദിച്ചു.
‘എന്തുണ്ട്?’
‘ഉണ്ടാക്കിയതൊക്കെ തീർന്നു. എന്തെങ്കിലും ഉണ്ടാക്കാം.
‘എന്ത്?’
‘എന്റെ ഓംലറ്റ് ഗംഭീരമാണ്- എന്നുവെച്ചാൽ,
എനിക്കങ്ങനെയാണ് തോന്നുന്നത്’.
‘തിന്നുനോക്കീട്ടു പറയാം എങ്ങനുണ്ടെന്ന്.’
ഞാൻ ഫ്രിഡ്ജ് തുറന്ന് രണ്ടു മുട്ടയെടുത്തു.
‘നിങ്ങടെ ഫ്രിഡ്ജിൽ ഒന്നുമില്ലല്ലോ’.
‘പിന്നെ ഞാനീ മുട്ട എടുത്തതോ?’
‘ചീസ്, ബട്ടർ, കേക്ക്...’
‘പഴങ്ങൾ ഉള്ളത് കണ്ടില്ലേ താൻ? ആപ്പിളുണ്ട്, പപ്പായ ഉണ്ട്’.
‘പിച്ചാത്തി വേണം.’
‘പിച്ചാത്തി ഇല്ലാണ്ടാണോ നടപ്പ്? എന്തു കള്ളനാടോ താൻ?’
‘എന്നെ കണ്ടാൽ കൊലയാളിയാണെന്ന് തോന്നുമോ?’
‘പേടിപ്പിക്കാൻ പിച്ചാത്തി വേണ്ടേ?’
‘നിങ്ങൾക്ക് പിച്ചാത്തി പേടിയാണോ?’
‘എന്റെ കാര്യം വിട്. പക്ഷേ പേടിക്കാൻ...’
‘പേടിത്തൊണ്ടന്മാരെ പേടിപ്പിക്കാൻ പിച്ചാത്തിയുടെ ആവശ്യമില്ല.’
ഞാൻ ഇഞ്ചിയും പച്ചമുളകും തക്കാളിയും അരിയുമ്പോൾ അവൻ ചോദിച്ചു : ‘വേറാരുമില്ലേ വീട്ടിൽ?’
‘ആരെങ്കിലും പോലീസിനെ വിളിക്കുമോ എന്നു പേടിയാണോ?’
അവനൊന്നും മിണ്ടിയില്ല. പിന്നെ പറയാൻ തുടങ്ങി, ‘നിങ്ങള് മുറീൽ തന്നാണോ ഇരുപ്പ്?
പുറത്തേക്ക് പോവാറില്ലേ?’
‘പബ്ലിക്കിലേക്ക് ഇറങ്ങാൻ എനിക്ക് വലിയ താൽപര്യമില്ല.’ അയ്യേ! ഇവനോട് വിശേഷം പറയാൻ
എനിക്കിതെന്താ ! അഹങ്കാരിയായ സമൂഹവുമായി അകന്നുകഴിയുന്ന
എനിക്ക് ഈ കള്ളനെ മാന്യനായി തോന്നുന്നതാണോ?
മുട്ട ബീറ്റ് ചെയ്ത് തവയിൽ ഇടുമ്പോൾ ഞാൻ ചോദിച്ചു-
‘വേറൊരു വീട്ടിലും കയറാതെ ഇവിടെത്തന്നെ കയറാൻ എന്തുപറ്റി?’
‘സാധാരണ താഴായത് കൊണ്ട് തുറക്കാൻ എളുപ്പമായിരുന്നു.’
‘പക്ഷേ കള്ളന്മാർക്കു പറ്റിയ ഒന്നുമില്ലല്ലോ ഇവിടെ. നീ എന്തെടുക്കും ?’
‘കിട്ടുന്നതെടുക്കും-‘
ഞാൻ ചുറ്റും നോക്കി. ടിവി? അതു വലുതാണ്, ഭാരവുമുണ്ട്. പുസ്തകങ്ങൾ? അതിന്റെ വില അവന് അറിയാമായിരിക്കുമോ? പൈസ?
‘നൂറിന്റെ ഒരു നോട്ട് ഉണ്ടായിരുന്നത് ഇന്നലെ കീറിപ്പോയി. ചില്ലറ
കുറച്ചുണ്ട്. തരട്ടേ?’ ഓംലറ്റ് പ്ലേറ്റിലാക്കി അവന്റെ
മുന്നിലേക്കു വച്ചിട്ട് ഞാൻ ചോദിച്ചു.
‘വേണ്ട.’ ഓംലറ്റിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് അവൻ
പറഞ്ഞു, ‘ഓംലറ്റ് ബെസ്റ്റ്-‘
‘തിന്നുന്നതിനു മുമ്പേ?’
‘കള്ളന്മാരുടെ മൂക്കിന് നല്ല കഴിവാണ്. മണത്തു നോക്കിയാൽ തന്നെ മനസിലാകും.’
അവൻ ആസ്വദിച്ച് ഓംലറ്റ് കഴിക്കുന്നത് ഞാൻ തെല്ലുനേരം നോക്കിനിന്നു.
പിന്നെ ഞാൻ ചോദിച്ചു:
‘നിനക്കെന്താ ജോലി?’
തിന്നുന്നതിനിടയിൽ തന്നെ അവൻ ചിരിച്ചു. ചിരിച്ചു ചിരിച്ച് ചുമച്ചുപോയി.
വെള്ളത്തിന്റെ ഗ്ലാസ് നീട്ടി ഞാൻ ചോദിച്ചു, ‘എന്താ ചിരിക്കുന്നത്?’
‘കള്ളനോട് ജോലി എന്താണെന്ന് ചോദിക്കുന്ന ആദ്യ ആളായിരിക്കും നിങ്ങൾ.’
വെള്ളം കുടിച്ചിട്ട് അവൻ തുടർന്നു. ‘സ്കൂളിൽ
പഠിപ്പിക്കുന്ന ടീച്ചറിനോട് നിങ്ങൾക്കെന്താ ജോലി എന്ന് ആരെങ്കിലും ചോദിക്കുമോ?’
വാഷ്ബേസിനു സമീപം ചെന്ന് അവൻ കൈ കഴുകി. എനിക്കവനോട് വാത്സല്യം തോന്നി. ‘സോറി മിസ്റ്റര്‍ കള്ളൻ, ഇവിടെ നിന്ന് തനിക്കൊന്നും കിട്ടിയില്ല’.
‘കിട്ടിയല്ലോ! ഫസ്റ്റ് ക്ലാസ് ഓംലറ്റും പിന്നെ-‘
‘പിന്നെ എന്ത്?’
‘പുതിയ പരിചയവും. നിങ്ങളുമായി’
‘പരിചയമായോ? പറ. കാണട്ടെ. ആരാ ഞാൻ?’
‘ഫ്രാൻസ്,’ സങ്കടകരമായതെന്തോ പറയുന്നതുപോലെ അവൻ
പറഞ്ഞു.
‘അതെന്റെ പേരല്ല.’
‘ഞാൻ പേരല്ല പറഞ്ഞത്. പരിചയമാണ് പറഞ്ഞത്.’ എന്നിട്ട്,
തുടർന്നൊന്നും പറയാനില്ലാത്തതു പോലെ എഴുന്നേറ്റ് പുറത്തേക്കു
നടന്നു.
‘എടോ, നില്ക്ക്, ജന്റിൽമാൻ-‘
വാതിലിനടുത്ത് അവൻ നിന്നു. താഴ് ചൂണ്ടി താക്കോൽക്കൂട്ടം കാണിച്ച്
അവൻ പറഞ്ഞു: ‘താഴ് പൊളിച്ചിട്ടില്ല. മാസ്റ്റർ കീ വച്ചാണ്
തുറന്നത്. നിങ്ങൾക്ക് ഇനിയും ഉപയോഗിക്കാം.’
വീണ്ടും ഉപയോഗിക്കാം എന്നു പറഞ്ഞാൽ എനിക്ക് ശല്യമാവാതെ അവന് വീണ്ടും
ഉപയോഗിക്കാം എന്നുകൂടി അർഥമില്ലേ? അങ്ങനെയാണെങ്കിൽ - ‘ഏയ് ജന്റിൽമാൻ കള്ളാ, എപ്പൊ വേണമെങ്കിലും വാ. വീട് നിന്റേതും കൂടിയാ-‘
ഞാൻ പറയുന്നതു ചെവിയിൽ വീഴുന്നതിനു മുമ്പേ പുറത്തെ ഇരുട്ടിലേക്ക് അവൻ ലയിച്ചു. ജന്റിൽമാൻ ആയിട്ടുള്ള മനുഷ്യരെ
തന്നെ ഒത്തിരിയൊന്നും കാണാൻ കിട്ടില്ല. ജന്റിൽമാൻ ആയിട്ടുള്ള കള്ളന്മാരാവട്ടെ വളരെ
ദുർലഭവും. എഴുതാനായി നല്ലൊരു വിഷയം കിട്ടിയല്ലോ എന്ന വലിയ സന്തോഷത്തിലായി
ഞാൻ. രാത്രി എനിക്ക് സുഖനിദ്ര ലഭിച്ചു.
ഉറക്കത്തിൽ സ്വപ്നവും- ജന്റിൽമാൻ കള്ളന്റെ.
രാവിലെ പബ്ലിഷറുടെ ഫോൺ വന്നു. ‘സാറേ, ഒരു കോളേജീന്ന് സാറിന് ക്ഷണമുണ്ട്. എന്നെ
ഏൽപ്പിച്ചിരിക്കുവാണ് സാറിനെ-‘
‘തന്നോടു പറഞ്ഞിട്ടില്ലേ ഞാൻ. എന്റെ ഫോൺ നമ്പരോ അഡ്രസോ ഫോട്ടോയോ ഒന്നും
ആർക്കും കൊടുക്കരുതെന്ന്. ഇല്ലേ?’
‘അതല്ല, അവരെന്നോട്-‘
‘നോക്കിയേ, ഞാൻ മരിച്ചുപോയെന്ന് അങ്ങ് കരുതിയേക്ക്.
നോ ഫോൺ. മനസിലായോ?’
എനിക്കാ ജന്റിൽമാന്റെ സ്വപ്നത്തിൽ നിന്ന് പുറത്തുവരാൻ സാധിച്ചില്ല.
അത്രയ്ക്ക് ആവേശം തോന്നിപ്പോയിരുന്നു എനിക്ക്.
തുടർന്നുള്ള കുറച്ചു ദിവസങ്ങൾ എന്റെ സംവേദനത്വം കൂടുതൽ തീവ്രമാകുകയും
മനസിനു വല്ലാത്ത ഭാരം തോന്നുകയും ചെയ്തു. നോവലിന്റെ ഇരുന്നൂറോളം പുറങ്ങൾ എഴുതാൻ
കഴിഞ്ഞു. അവസാന അധ്യായം വരെ എത്തി. സർജന്റെ ഉപദേശങ്ങൾ കേട്ടാലുടൻ കോട്ടുവാ
ഇട്ടുപോവുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഇത്തരം അവസ്ഥകളിൽ എനിക്ക് മറ്റൊന്നും
കേൾക്കാൻ സാധിക്കാറില്ല. പക്ഷേ ഒരു ദിവസം
അയൽപക്കത്തെ ബഹളം കേട്ട് എന്റെ മനസാകെ കലങ്ങി. നടുങ്ങിയെന്ന പോലെ ഞാൻ എഴുന്നേറ്റു.
താഴെ പോയി വാതിൽ തുറന്നു. അയൽക്കാരന്റെ വീട്ടുപടിക്കൽ പത്തുപതിനഞ്ചു പേർ
കൂട്ടംകൂടി നിൽപ്പുണ്ടായിരുന്നു. പരിചയമുള്ള ഒരാൾ ഭയങ്കര ദേഷ്യത്തിലായിരുന്നു.
ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പു തന്നെ അയാൾ ചോദിച്ചു. ‘അതേയ്, നിങ്ങൾക്ക്
ഇയാളെ അറിയാമോ?’
അയാൾ ഒരാളുടെ കഴുത്തിനു പിടിച്ച് എന്റെ നേരെ നിറുത്തി. ഓടിപ്പോവാനുള്ള
ഒരു ശ്രമവും നടത്താതെ ആ വ്യക്തി എന്റെ നേർക്ക് ദയനീയമായി നോക്കി. മനസിലാക്കാൻ
താമസമൊന്നും ഉണ്ടായില്ല. എന്റെ തലമുതൽ പെരുവിരൽ വരെ വൈദ്യുതി പ്രവഹിച്ചതുപോലെ.
‘ആരാ? നിങ്ങക്കറിയാമോ?’ ഭീഷണിപ്പെടുത്തുന്നതു
പോലെ അയൽക്കാരൻ ചോദ്യം ആവർത്തിച്ചു.
‘ഉവ്വുവ്വ്. ജന്റിൽമാൻ ആണ്-‘ എനിക്ക് ഉത്തരം വന്നു.
‘എന്താന്ന്? അവൻ കക്കാൻ വന്നതാ- എന്റെ സൈക്കിൾ. ഇപ്പൊ
പിടിച്ചേ ഉള്ളൂ. ഇല്ലേടാ?’ സത്യം പറയിപ്പിക്കാനായി അയൽക്കാരൻ അവനോടു
ചോദിച്ചു.
എനിക്കു കണ്ടുനിൽക്കാൻ പറ്റാതായി. ‘അവനെ വിട്’.
‘വിടാനോ? ഇവൻ ജന്റിൽമാൻ ആണെന്നാണോ നിങ്ങള് പറയുന്നത്?’
‘ഐ മീൻ, ജന്റിൽമാനായ കള്ളനാണവൻ. വിട്ടുകള. പ്ലീസ്...’
ഞാൻ അപേക്ഷിച്ചു. അയാളെന്നെ വിചിത്രമായ നോട്ടം നോക്കി. പിന്നെ
അവന്റെ കഴുത്തിൽ നിന്ന് പിടിവിട്ടു.
‘എടാ ജന്റിൽമാൻ കള്ളാ, വാ, മതിലിനകത്തേക്ക്
കേറ്.’ അവന്റെ മുന്നേ നടന്ന് ഞാനവനെ വലിച്ച് എന്റെ മതിലിനുള്ളിലേക്കു
കയറ്റി.
‘സൈക്കിൾ വേണമായിരുന്നേൽ എന്നോടു ചോദിച്ചാൽ പോരായിരുന്നോ?
‘നിങ്ങടെ കയ്യിലെവിടാ സൈക്കിൾ?’
‘ഉണ്ടായിരുന്നല്ലോ,’ ഞാൻ സൈക്കിളിനായി നോക്കി.
‘ഉണ്ടായിരുന്നു.’
‘എന്നു വെച്ചാ?’
‘സ്ക്രാപ്പിനു കൊടുത്തു. എട്ടു ദിവസമായി.’ എന്റെ
കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു. എനിക്കവനോടു വാത്സല്യം തോന്നി. ‘കാപ്പി ഇടട്ടേ?’
‘ഓംലറ്റ് കഴിച്ചു നോക്കി. ഇപ്പൊ കാപ്പി വേണോ എന്നാണോ?’
‘ഓംലറ്റും വേണോ?’
‘വേണ്ട. കാപ്പി കുടിച്ചു നോക്കട്ടെ.’
ഞാൻ കാപ്പി ഇടുമ്പോൾ അവൻ ഫ്രിഡ്ജ് തുറന്നു.
‘വൗ. നല്ല പുരോഗമനമുണ്ടല്ലോ!’ എന്നുപറഞ്ഞ് ചീസിന്റെ
സ്ലൈസെടുത്തു.
‘ചീസ് ബിസ്കറ്റ് തിന്ന്. തരട്ടേ? കാപ്പിക്കപ്പ് അവന്റെ സമീപം വച്ചിട്ട് ഞാൻ പറഞ്ഞു.
‘റൈസ് ക്രാക്കർ ഇല്ലേ ഇവിടെ? മധുര ബിസ്കറ്റ് എനിക്ക്
പിടിക്കില്ല,’ സാവധാനം ചീസ് തിന്നുകൊണ്ട് അവൻ പറഞ്ഞു.
‘ചീസും കാപ്പിയും?’ മുഖം കോട്ടിക്കൊണ്ട് ഞാൻ ചോദിച്ചു.
അവൻ ചിരിച്ചു.
‘എന്താ ചിരിച്ചത്?’
‘നിങ്ങളും ഞാനും ചീസും കാപ്പിയും പോലാണ്. തെറ്റാണോ?’
അവന്റെ കാപ്പി തീരുന്നതുവരെ ഞാൻ മിണ്ടാതിരുന്നു.
‘ഫ്രാൻസ്, ഞാൻ നിങ്ങടെ അടുക്കള കണ്ടു. മുകളിലെ നില
കാണിക്കില്ലേ?’
‘മുകളിലൊന്നുമില്ല.’
‘താഴത്ത് ഈ ചാക്കും സഞ്ചീമൊക്കെ വെച്ചതു പോലെ മുകളിലെന്താന്ന് കാണട്ടെ,’
എന്നു പറഞ്ഞ് എന്നെക്കാൾ മുന്നേ അവൻ മുകളിലേക്കു നടന്നു.
മുറിയിലെ കട്ടിൽ കണ്ട് അവൻ ചോദിച്ചു, ‘ഡബിൾ ബെഡ്? വേറാരാ ഇവിടെ
താമസിക്കുന്നത്?’‘ആരുമില്ല,’ ഞാൻ തലയിളക്കി.
‘വലിയ കട്ടിലാ. ഞാനും കൂടെ വന്ന് താമസിക്കട്ടേ?’
‘നീ ഗേ ആണോ?’
അവൻ ചിരിച്ചു. ‘ആണുങ്ങൾ
ഒരേ കിടക്കയിൽ കിടക്കണമെങ്കിൽ ഗേ ആയിരിക്കണമെന്ന നിയമമുണ്ടോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ കിടക്കയിൽ കിടന്നു. എനിക്കു നല്ല ദേഷ്യം വന്നു.
‘എന്റെ കിടക്കയിൽ വേറാരും കിടക്കുന്നത് എനിക്കിഷ്ടമല്ല.’ വ്യക്തമായി പറഞ്ഞു.
അവൻ പെട്ടന്നു തന്നെ എഴുന്നേറ്റു. മേശയ്ക്കടുത്തുള്ള എന്റെ കസേരയിൽ
ഇരുന്നു. എന്നിട്ട് ചെവിയിൽ പിടിച്ചു പറഞ്ഞു,
‘സോറി സർ.’
‘കമോൺ, ഇഷ്ടമില്ല എന്നേ പറഞ്ഞുള്ളൂ.’
‘ഞാനങ്ങ് പേടിച്ചുപോയി. ആ അടിയുടെ ഓർമ വന്നു, ‘ ചെവിയിൽ
പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.
‘ഞാനെപ്പഴാ നിന്നെ അടിച്ചത്?’
‘എന്നെയല്ല. ആ ഗബ്ബറിനെ-‘
‘നിനക്കെങ്ങനെ അറിയാം?’
‘ഞാനവിടെ ഉണ്ടായിരുന്നു-‘ചെവിയിലെ പിടി വിട്ടുകൊണ്ട്
അവൻ പറഞ്ഞു. ‘ഗബറിന്റെ അഹങ്കാരം നിങ്ങളങ്ങ് ഇല്ലാതാക്കി.
പക്ഷേ അത് സെക്കന്റ് എപ്പിസോഡ് അല്ലായിരുന്നോ. ആദ്യത്തേത് എനിക്ക് മിസ്സായി.
പറയാമോ ? ആദ്യം സംഭവിച്ചത് എന്തായിരുന്നു?
ഞാൻ മറന്നിരിക്കുകയായിരുന്നു.
പബ്ലിഷറെ കണ്ടു മടങ്ങുമ്പോൾ ഉച്ചയായിരുന്നു. ഊണുകഴിക്കാനായി ഗബ്ബറിന്റെ
ഹോട്ടലിൽ പോയി. ബിൽ വന്നു. ഇരുനൂറ്റമ്പതു രൂപ. പോക്കറ്റിൽ കയ്യിട്ടപ്പോഴാണ്, വാലറ്റ്
വീട്ടിൽ വച്ചു മറന്നു. പിന്നെ കൊണ്ടുവന്നു തരാമെന്ന് ഗബ്ബറിനോടു പോയി പറഞ്ഞു.
പക്ഷേ ഒറ്റ അടിയായിരുന്നു. വീട്ടിൽ ചെന്ന് പൈസയുമെടുത്തുകൊണ്ട് തിരികെ ചെന്നു.
നിറയെ ആൾക്കാരുണ്ടായിരുന്നു.
‘പിന്നേം വന്നോ?’ എന്നെ നോക്കി ഗബ്ബർ ചോദിച്ചു.
‘പൈസ തരാനുണ്ടായിരുന്നു-
എത്രയായിരുന്നു?’
‘ഗുഡ്. വീണ്ടും മുഖം കാണിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. കൊട്.
ഇരുനൂറ്റമ്പതു രൂപ.’
ഇരുനൂറ്റമ്പതു രൂപ അവന്റെ കയ്യിൽ വച്ചുകൊടുത്തു. ‘ഇരുനൂറ്റമ്പതു രൂപ തന്നില്ലെന്നു
പറഞ്ഞ് അടി തന്നതല്ലേ. ഇതാ നിന്റെ ഇരുനൂറ്റമ്പതു രൂപ. ഇനി ഈ അടി കൂടി കൈപ്പറ്റ്.’
എന്നു പറഞ്ഞ് അവിടെ വച്ചു തന്നെ ഞാൻ അവന്റെ കരണത്ത് തിരിച്ചടിച്ചു.
ജന്റിൽമാൻ എന്റെ വിവരണം കേൾക്കുകയായിരുന്നു, ‘ നിങ്ങൾക്കറിയാമോ, ഗബ്ബറിന്റെ അവസ്ഥ കണ്ടിട്ട് എല്ലാർക്കും അന്നു വലിയ സന്തോഷമായിരുന്നു.’
‘അന്ന് നീ അവിടെ ഉണ്ടായിരുന്നോ?’
അവൻ തലകുലുക്കി.
‘എന്നുവെച്ചാൽ അന്ന് രാത്രി വന്നപ്പൊ നിനക്കെന്നെ മനസിലായിരുന്നു അല്ലേ?’
‘ഇല്ല. പക്ഷേ പിന്നെ ഓർമ വന്നു’
‘ഇപ്പൊ തീർച്ചയായില്ലേ?’ എഴുതാനുള്ള സമയമായി
എന്നെനിക്ക് ഓർമ വന്നു. ഇവനെ പറഞ്ഞുവിടാനുള്ള സമയമായി.
‘ഞാനപ്പൊ ഇറങ്ങണം, റൈറ്റ്?’
‘വീണ്ടും വരുകയും വേണം.’
‘ഇനീം കാണാം- വേഗം തന്നെ.’ അവൻ എഴുന്നേറ്റു. ‘പക്ഷേ ഒരു സഹായം ചെയ്യാമോ? റോഡ് വരെ ഒന്ന് കൂടെ
വരാമോ?’
‘അയൽക്കാരനെ പേടിയാണല്ലേ? നടക്ക്’
അവനെ പറഞ്ഞയക്കുമ്പോൾ ഞാൻ ചോദിച്ചു. ‘നിന്നെ എന്താന്ന് വിളിക്കണം?’
‘ഇപ്പൊ വിളിക്കുന്നതു തന്നെ- ജന്റിൽമാൻ കള്ളൻ!’
അവൻ പോയി. മടങ്ങിവന്ന ഞാൻ ആദ്യം തന്നെ എനിക്കു വേണ്ടി കടുപ്പത്തിലൊരു
കാപ്പിയുണ്ടാക്കി. എന്നിട്ട് അതുമായി മുകളിലെ മുറിയിലേക്കു നടന്നു. പോയി
നോക്കിയപ്പോഴാണ്-
തലയ്ക്കടിച്ചു പോയി. മേശപ്പുറത്തിരുന്നിരുന്ന നോവലിന്റെ
കയ്യെഴുത്തുപ്രതിയുടെ ഫയൽ അപ്രത്യക്ഷമായിരിക്കുന്നു. ഓടി പുറത്തേക്കു ചെന്നു.
പക്ഷേ അവനെ എങ്ങും കാണാൻ കഴിഞ്ഞില്ല.
വൈകുന്നേരം ഫോൺ വന്നു, ‘ഹലോ!’‘ആരാ സംസാരിക്കുന്നത്?’
‘ജന്റിൽമാൻ കള്ളൻ.’
‘നീയോ. എന്റെ ഫയൽ എടുത്തോടാ നീ?’
‘കട്ടു’.
‘കടന്നുപോയി. നീ ജന്റിൽമാനാണെന്നാണ് ഞാൻ കരുതിയത്’.
‘ഇതിനിടയ്ക്ക് അഭിപ്രായം മാറ്റിയോ?’
‘അതിന്റെ വില നിനക്കറിയാമോ? മാസങ്ങളോളം ഞാനെടുത്ത
അധ്വാനമാണത്-’
‘ചോറുണ്ണുന്നതിനു മുമ്പ് ഉപ്പു തിന്നാതെ. നിങ്ങൾക്ക് ഫയല് വേണം. അത്രയല്ലേ?’
‘ഒഫ് കോഴ്സ്. അതും വേഗം വേണം.’
‘പേടിക്കണ്ട. കിട്ടും.’
‘പക്ഷേ എപ്പോ?’
‘തിങ്കളാഴ്ച.’
‘തിങ്കളാഴ്ചയോ? ഓ- നാളെയാണല്ലോ തിങ്കൾ. ഓക്കെ.’
ആശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘വന്നു കൊണ്ടുപോണം.’
‘നീയാണ് കൊണ്ടുപോയത്. നീ തന്നെ തിരികെ ഏൽപ്പിക്കണം.’
‘ഇല്ല. തിരിച്ചുകിട്ടാൻ നിങ്ങളിവിടെ വരേണ്ടിവരും.’
‘ഇവിടെ എന്നുവെച്ചാൽ എവിടെ?’
‘സെൻട്രൽ ബസ്സ്റ്റാൻഡ്. ഷട്ടിൽ സർവീസിന്റെ ടിക്കറ്റ് കൗണ്ടറിനടുത്ത്.
ഉച്ചയ്ക്ക് പന്ത്രണ്ടിന്.’
രാത്രി മുഴുവന്‍ ഉത്കണ്ഠയോടെ കഴിച്ചുകൂട്ടി. നോവൽ തിരികെ കിട്ടുമെന്ന്
പ്രതീക്ഷിക്കാമോ? ആ
ഫയലിന്റെ വില അവന് നിശ്ചയമുണ്ടോ?
രാവിലെ ബാങ്കിൽ പോയി പൈസയെടുത്തു- നാനൂറു രൂപ. പന്ത്രണ്ടാവുന്നതിനു
മുമ്പു തന്നെ ബസ്സ്റ്റാൻഡിലെത്തി. കാത്തിരിക്കേണ്ടി വന്നു.
‘പന്ത്രണ്ടെന്നാൽ പന്ത്രണ്ട്.’ കൗണ്ടറിലെ ക്ലോക്ക്
നോക്കി അവൻ പറഞ്ഞു.
‘നോവൽ?’
‘വീട്ടിലാ. വാ.’
അവൻ തന്നെ റിക്ഷ വിളിച്ചു,’മിരാമാർ’
‘എടോ ജന്റിൽമാൻ, വ്യക്തമായിട്ടു പറ. തനിക്കെന്താ
വേണ്ടത്?’
‘എന്തുണ്ട് നിങ്ങളുടെ പക്കൽ?’
ഞാൻ വാലറ്റെടുത്ത് അവനു കൊടുത്തു.
അവൻ ചിരിച്ചു. ‘നിങ്ങളുടെ
പൈസ മുഴുവന്‍ ഞാൻ അടിച്ചുമാറ്റിയെന്ന് നിങ്ങള് പോലീസില് പരാതിയൊന്നും
കൊടുക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ആ ഫയൽ നിങ്ങടെ ജീവനാണ്, അത് സ്വയം കാണാതെ പോയതാണ് എന്നു പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും?’
‘എന്തു ചെയ്യാനാണ്? നീ പറ.’ തൊണ്ടയിടറി
ഞാൻ പറഞ്ഞു.
‘സത്യം പറഞ്ഞാൽ, മോഷ്ടിച്ച ഫയൽ എന്റെ കയ്യിലുണ്ടെന്ന്
അറിഞ്ഞാൽ എന്തു സംഭവിക്കും?’
ഞാൻ മിണ്ടിയില്ല.
‘ദേഷ്യമാണോ എന്നോട്?’
എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. അറിയാതെ ഞാനൊരു നെടുവീർപ്പിട്ടു.
‘എന്തു പറയാനാ? ഒന്നുമില്ല. വിട്ടുകള.’ ഞാൻ ചുമ്മാ ചിരിച്ചു.
റിക്ഷ കോളേജിന്റെ വാതിൽക്കൽ നിന്നു.
‘ഫയൽ നിന്റെ കയ്യിലുണ്ടോ ഇല്ലയോ എന്നു പറ.’
‘വാ. നോക്കാം.’
‘ഇവിടെ നിനക്കെന്തെങ്കിലും കാര്യമുണ്ടോ?’
‘ഞാനിവിടെ പഠിപ്പിക്കുവാ.’
‘മോഷ്ടിക്കാനോ?’
‘ഇംഗ്ലീഷ് ലിറ്ററേച്ചർ.’
‘പക്ഷേ നീ ശരിക്കും-‘
‘എഴുത്തുകാരും അധ്യാപകരും ഒക്കെ മോഷ്ടിക്കുന്നില്ലേ? പിന്നെ
ഒരു കള്ളൻ ലിറ്ററേച്ചർ പഠിപ്പിച്ചാൽ എന്തു നശിക്കുമെന്നാ?’
‘നോക്ക്. എനിക്ക് വേഗം തിരിച്ചുപോണം. ഫയൽ തരാമെന്നു പറഞ്ഞാണ് നീ
കൂട്ടിക്കൊണ്ടു വന്നത്. അതിങ്ങ് താ.’
‘അഞ്ച് മിനിട്ട് കൂടി. എന്നിട്ട് ഫയലും വാങ്ങി പൊയ്ക്കോ.’ ഇങ്ങനെ പറഞ്ഞ് അവൻ എന്നെയും കൊണ്ട് ഒരു ക്ലാസിനകത്തേക്കു കയറി- ‘ബി എ ഫൈനൽ ഇയർ ക്ലാസാണ്. വാ.’
‘ഗുഡ് ഡേ, സർ.’ എന്നു പറഞ്ഞ്
കുട്ടികളെല്ലാവരും എഴുന്നേറ്റു നിന്നു.
‘യു മേ സിറ്റ് ഡൗൺ പ്ലീസ്.’ കുട്ടികൾ ഇരുന്നു.
‘നോക്ക്, ജന്റിൽമാൻ, എനിക്കിങ്ങനെ
പബ്ലിക്കായി പോയി ശീലമില്ല. ആരെയും പരിചയവുമില്ല, കണ്ടിട്ടുമില്ല.
നീ എന്തു കരുതിയാണ്-‘
‘പക്ഷേ അവർക്കെല്ലാം നിങ്ങളെ നല്ല പരിചമാണ്.’
‘ജന്റിൽമാൻ കള്ളനെയും പരിചയമുണ്ടോ?’
‘എല്ലാമറിയാം. അവർക്കെല്ലാം കൃത്യമായറിയാം. നമ്മൾ ആദ്യം കണ്ടുമുട്ടിയതും
ഗബ്ബറിന്റെ എപ്പിസോഡും, ഇന്നലത്തെ കാര്യവും-‘
‘എന്നെ ആരാണെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്?’
‘അവരോടു തന്നെ ചോദിക്കാം.’ എന്നിട്ട് അവൻ
വിദ്യാർത്ഥികളോടു ചോദിച്ചു,’യു നോ ഹിം, റൈറ്റ്?’
‘യെസ് സർ,’ ഒരേ സ്വരത്തിലാണ് കുട്ടികൾ പറഞ്ഞത്.
‘ആരാണിത്?’
‘കാഫ്ക.’
**** **** **** *****
പ്രസാധകൻ
മാർച്ച് 2023