Wednesday, November 16, 2022

പ്രായമായവരെ ഒഴിവാക്കുമ്പോൾ

 


പ്രായമായവരെ ഒഴിവാക്കുമ്പോൾ

..........................................
പ്രായമായവരെ വീട്ടിൽ നിന്ന് ഒഴിവാക്കിയാൽ
ഒത്തിരിയുണ്ടു ഗുണങ്ങൾ.
സമാധാനമായി ടൂറൊക്കെ പ്ലാൻ ചെയ്യാം
എന്നതാണു പ്രധാന കാര്യം.
പിന്നെയോ?
മാസാമാസം മരുന്നു വാങ്ങണ്ട,
ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണ്ട
ആശുപത്രിയിൽ കൊണ്ടുപോകാൻ
ലീവെടുക്കണ്ട.
ഡയപ്പർ വാങ്ങുന്ന പൈസ ലാഭിക്കാം,
സമയാസമയം അതു മാറ്റുന്ന മെനക്കേടുമില്ല.
ഉപയോഗിച്ച ഡയപ്പർ നാറ്റം സഹിച്ച്,
തഞ്ചത്തിൽ കളയാൻ കറങ്ങണ്ട.
കുളിപ്പിക്കണ്ട, അപ്പി ഇടീയ്ക്കേണ്ട,
ഓട്സ് കഞ്ഞി വെക്കണ്ട,
വീട്ടിലാരെങ്കിലും വന്നാൽ
പ്രായമായവർ കിടക്കുന്ന മുറിയുടെ
വാതിലടക്കാനും
റൂം ഫ്രഷ്നർ തപ്പാനും ഓടണ്ട!
ചുമയും വിളിയും കേൾക്കാതെ രാത്രി സ്വസ്ഥമായി ഉറങ്ങാം
എന്നതാണ് മറ്റൊരു ബോണസ്!
എന്നാൽ,
പ്രായമായ ആരെങ്കിലും വീട്ടിലുണ്ടെങ്കിലോ?
ഒന്നും പറയണ്ട,
പിന്നെ പെരുന്നാളാണ്.
ഒരു കല്യാണത്തിനോ, പുരകയറിത്താമസത്തിനോ
മാളിൽ ചുറ്റാനോ
എന്തിന്,
ചുമ്മാ വൈകീട്ടൊന്ന് ഫാമിലിയുമായി കറങ്ങി
ഒന്നു ഭക്ഷണം കഴിച്ചു വരാനോ പോലും
പ്രായമുള്ളളവർ വീട്ടിലുണ്ടെങ്കിൽ
പറ്റാറില്ല.
ടൂറിനെപ്പറ്റിയൊന്നും ചിന്തിക്കുകയേ വേണ്ട.
നോക്കാൻ ആരെ ഏൽപ്പിക്കും
എന്നോർത്ത് വട്ടു പിടിക്കും.
കഴിഞ്ഞ പ്രാവശ്യം ഞാനല്ലേ നോക്കീത്,
ഇത്തവണ അണ്ണനോട് പറ
എന്ന് അക്കച്ചി കലമ്പുന്നതും
എനിക്കും അവക്കും ജോലിക്ക് പോകാനൊള്ളതാ
കുഞ്ഞുമോള്ടെ അട്ത്ത് നിറ്ത്തീട്ട് പോ
എന്ന് അണ്ണൻ കെറുവിക്കണതും
ഒക്കെ ഓർക്കുമ്പോൾ
ടൂറെന്ന ചിന്തയൊക്കെ
മുളയിലേ നുള്ളാനേ കഴിയൂ.
എന്നാലും ഈ പ്രായമായവരെ
ഒഴിവാക്കാത്തതെന്താണെന്നല്ലേ ?
പറ്റാത്തതുകൊണ്ടാണ്.
വീട്ടിൽ നിന്ന് ഒഴിവാക്കിയാലും
മനസിൽ നിന്നൊഴിവാക്കാനുള്ള
ടെക്നിക്ക് വശമില്ലാത്തതുകൊണ്ടാണ് !