Sunday, August 18, 2019

തെരഞ്ഞെടുപ്പു പരിഷ്കരണം


പുലർച്ചയ്ക്കു കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്ന വിശ്വാസമുള്ള ആളല്ല ഞാൻ. അങ്ങനെ കണ്ട ഒട്ടനവധി രസികൻ,  ശൃംഗാരസ്വപ്നങ്ങളിൽ ഒന്നു പോലും ഫലിക്കാത്തതിന്റെ കൊതിക്കെറുവാണ് ഈ വിശ്വാസരാഹിത്യത്തിനു കാരണം എന്ന് കൂട്ടിക്കോളൂ. ഇങ്ങനെ ചെറുപ്പത്തിൽ തന്നെ പുലർച്ച സ്വപ്നങ്ങളോട് കടുത്ത അവിശ്വാസം പുലർത്തി വന്ന ഞാൻ കഴിഞ്ഞയാഴ്ച പുലർച്ചയ്ക്ക് ഒരു കടും സ്വപ്നം കണ്ടു. എങ്ങനെയെങ്കിലും നടന്നു കിട്ടണേ എന്നതിൽ നിന്ന്, ഒരിക്കലും നടക്കരുതേ എന്നു ഞാൻ പ്രാർത്ഥിച്ചു പോയ ഒരു വികൃത സ്വപ്നം.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കണ്ടത്‌. കരകവിഞ്ഞൊഴുകുന്ന മീനച്ചിൽ നേരം വെളുക്കുമ്പോഴേയ്ക്കും വീടിനകത്തെത്തിയേക്കുമോ എന്ന ആധിയിലായിരുന്നു രാത്രി ഉറങ്ങാൻ കിടന്നത്. ഉറക്കമുണ്ടോ വരുന്നു ! ഒരോ മണിക്കൂറും എഴുന്നേറ്റ് വെള്ളം ഗെയ്റ്റുകടന്ന് പോർച്ചിലെത്തിയോ എന്നു നോക്കണ്ടതുണ്ടായിരുന്നു. തുടർന്ന് വെള്ളത്തിന്റെ അളവു നോക്കാൻ മുത്തമകനെ ഏൽപിച്ച് ഉറക്കം കിട്ടിയപ്പോൾ പുലർച്ചെ മൂന്നരയായി. 

ആ ഉറക്കത്തിന്റെ അവസാന പാദത്തിലാണ് ഈ ബീഭത്സ സ്വപ്നം ദംഷ്ട്രകൾ കാട്ടി എന്റെ മുന്നിലെത്തുന്നത്.

ടൈറ്റിലോടെ തുടങ്ങുന്ന ഒരു സ്വപ്നം ജീവിതത്തിലാദ്യമാണ് ഞാൻ കാണുന്നത്. Govt. moots major changes in election process എന്ന, ഹിന്ദു പത്രത്തിലെ തലക്കെട്ടാണ് സ്വപ്നത്തിൽ ആദ്യം ഞാൻ കണ്ടത് (ബ്ലാക് ആൻഡ് വൈറ്റായിരുന്നു സ്വപ്നം എന്നതും സാന്ദർഭികമായി പറയട്ടേ )

അതായത്, തെരഞ്ഞെടുപ്പു പ്രക്രിയയിൽ സർക്കാർ പ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ചത്രെ. 2028 ലെ വാർത്തയാണു കേട്ടോ.  എന്റെ പതിവു രീതിയനുസരിച്ച് വാർത്ത വായിക്കുന്നതിനു മുൻപായി വാർത്തയിലെ ബോക്സ് ഐറ്റങ്ങൾ വായിക്കുന്ന രീതി ഞാൻ സ്വപ്നത്തിലും പിന്തുടർന്നു.

ആദ്യത്തെ ബോക്സ് നിലവിലെ രീതി വിവരിക്കുന്നതായിരുന്നു.

2019 വരെ നിലവിലുണ്ടായിരുന്ന വോട്ടിംഗ് മെഷീൻ പരിപാടി പിൻവലിച്ച് 2025 ൽ അവതരിപ്പിച്ച 'ശബ്ദവോട്ട്' എല്ലാ പാർട്ടികളും സഹർഷം സ്വാഗതം ചെയ്തിരുന്നത്രെ. അതെന്താണെന്നറിയാൻ ഞാൻ താഴോട്ടു വായിച്ചു.

വളരെ ലളിതമാണ് 'ശബ്ദ വോട്ട്'. ഒരു നിയോജകമണ്ഡലത്തിലെ ശബ്ദവോട്ടിൽ പങ്കെടുക്കാൻ താൽപര്യമുള്ള സമ്മതിദായകർ തെരഞ്ഞെടുപ്പു ദിവസം, മുൻകൂട്ടി നിശ്ചയിച്ച മൈതാനത്ത് എത്തിച്ചേരുക. ഇലക്ഷൻ കമ്മീഷന്റെ ഉദ്യോഗസ്ഥർ ബിഗ്സ്ക്രീനിൽ ഓരോരോ സ്ഥാനാർത്ഥികളുടെ പേരുകൾ എഴുതിക്കാണിക്കും. തങ്ങളുടെ സ്ഥാനാർത്ഥിയുടെ പേര് എഴുതിക്കാണിക്കുന്ന വേളയിൽ സമ്മതിദായകർ കഴിയാവുന്നത്ര ഉച്ചത്തിൽ "യേസ് " എന്നലറണം.  ഉദ്യോഗസ്ഥർ ഈ അലർച്ച തങ്ങളുടെ പക്കലുള്ള ശബ്ദമാപിനിയിൽ രേഖപ്പെടുത്തും. ശബ്ദമാപിനിയിൽ ഏറ്റവുമധികം പോയിൻറ് രേഖപ്പെടുത്തപ്പെട്ട സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും.

എത്ര സിംപിൾ ! എല്ലാം നിമിഷങ്ങൾ കൊണ്ടു കഴിയും. ഏതോ പരസ്യം പോലെ ചെലവോ തുച്ഛം, ഗുണമോ മെച്ചം !

എല്ലാ രാഷ്ട്രീയ കക്ഷികളും ഈ പുതിയ മാറ്റത്തെ സ്വാഗതം ചെയ്തത്രെ. എത്ര കോടി രൂപയാണ് പൊതുഖജനാവിന് ലാഭമുണ്ടാവുന്നത്. എത്ര സുതാര്യമാണു കാര്യങ്ങൾ. 

ചേർത്തല എൻ എസ് എസിൽ പഠിക്കുന്ന കാലത്ത് കോളേജിലുണ്ടായിരുന്ന മൂന്നാല് എ ബി വി പി ക്കാരെ ഞാൻ ഓർത്തു പോയി. 'ബോലൊ ഭാരത് മത്താ ക്കി' എന്നവർ അലറിയാൽ നൂറ് കെ എസ് യു ക്കാരോ പത്തിരുപത് എസ് എഫ് ഐ ക്കാരോ സിന്ദാബാദ് വിളിക്കുന്നതിനു തുല്യമാണ്.

അക്കൂട്ടത്തിലെ ആരെങ്കിലും യേസ് വിളിക്കാൻ പോയൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും ഉറപ്പാ. ആ ഒരു ആശങ്കയോടെ നിലവിലെ കക്ഷിനില പറയുന്ന അടുത്ത ബോക്സിലേക്കു ഞാൻ പോയി.

ഇന്ത്യ മൊത്തമെടുത്താൽ ഏതാണ്ട് ഇപ്പോഴത്തെ പോലെ തന്നെയാണ് കാര്യങ്ങൾ. കോൺഗ്രസിന് അറുപത് സീറ്റായിട്ടുണ്ട്. സി പി എം - 10, സി പി ഐ - 6. ഇടതിന് ആകെ 16. 2019 ൽ വോട്ടിംഗ് മെഷീൻ വഴി വെറും ആറേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. 

അപ്പോൾ കേരളം തൂത്തുവാരിക്കാണുമായിരിക്കും  ഇടത്, ഞാൻ ഊഹിച്ചു. എന്നിട്ട് നെഞ്ചിടിപ്പോടെ കേരളത്തിന്റെ 2025 ലെ ഫലം നോക്കി.

അമ്മേ ! ഒരേ സമയം വല്ലാത്ത സന്തോഷവും സങ്കടവും തോന്നി. ഫലം എന്താണെന്നോ, 19-1. അവര് അക്കൗണ്ട് തുറന്നില്ലാ എന്ന പെരുത്ത സന്തോഷം, എന്നാലോ, ശബ്ദവോട്ടു വന്നിട്ടും LDF നു സീറ്റു കൂടാത്തതിൽ സങ്കടവും.

കണ്ടില്ലേ, ഫലം 2019 പോലെ തന്നെ. എന്നാലോ, ഒരു കുഞ്ഞുമാറ്റമുണ്ട്, LDF ന്റെ മണ്ഡലം മാറി.

ആലപ്പുഴയ്ക്കു പകരം ഏതാ ജയിച്ചതെന്നറിയാമോ ? കണ്ണൂരോ വടകരയോ ഒന്നുമല്ല. പറയട്ടേ, ഞെട്ടരുത്. LDF നു കിട്ടിയ ആ ഏക സീറ്റ്, സുഹൃത്തുക്കളേ മലപ്പുറമായിരുന്നു.

ഇതെങ്ങനെ എന്നല്ലേ? എനിക്കും സംശയമായി. അതെങ്ങനെ ? അട്ടിമറി സീറ്റുകൾ എന്ന അടുത്ത ബോക്സിൽ ഉത്തരമുണ്ടായിരുന്നു. മലപ്പുറത്ത് പതിവുപോലെ മുസ്ലീം ലീഗ് അനുഭാവികളായിരുന്നു ഭൂരിപക്ഷവും. പക്ഷേ സ്ക്രീനിൽ LDF സ്ഥാനാർത്ഥിയുടെ പേര് തെളിഞ്ഞതും യൂത്ത് ലീഗുകാർ കൂവി വിളിക്കാൻ തുടങ്ങിയത്രെ. പൊരിഞ്ഞ കൂവലായിരുന്നു. കുറെ സമ്മതിദായകരുടെ കർണപുടത്തിനു നാശം പോലും നേരിട്ടു.

കൂവലിന്റെ ഫലമായി LDF സ്ഥാനാർത്ഥിക്കാണ് ശബ്ദമാപിനി ഏറ്റവും കൂടുതൽ പോയിന്റ് കൊടുത്തത്. ഫലമോ, വയനാട്ടിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വോട്ടു നേടിയ സ്ഥാനാർത്ഥി മലപ്പുറത്തെ LDF കാരനായി.

കണ്ണൂർ നിന്ന് കള്ളവോട്ടു കൊണ്ടാണ് LDF ജയിച്ചതെന്നൊക്കെ യൂത്ത്ലീഗുകാർ പറയാൻ നോക്കിയെങ്കിലും ഇലക്ഷൻ കമ്മീഷൻ അതൊക്കെ തള്ളി LDF സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയാണുണ്ടായത്.

മറ്റേ ജയ് ബോലോക്കാരനൊക്കെ UDF നു വേണ്ടി അലറിയിരുന്നു എന്നതും എനിക്കു ബോധ്യപ്പെട്ടു. ചുമ്മാതെ കിട്ടിയതല്ല 19.

ഇലക്ഷൻ അക്രമം ഭയന്ന് തങ്ങളുടെ 'കുലസ്ത്രീ-പുരുഷ രായ' വോട്ടർമാർ കൂടുതലായി പങ്കെടുക്കാത്തതും, പങ്കെടുത്തവർ തന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരെഞ്ഞെടുപ്പു പ്രക്രിയയെ ഒരു നാമജപം എന്ന രീതിയിൽ ദൈവീകമായ കണ്ടതുകൊണ്ടാണ് ശബ്ദമാപിനിയിൽ കൂടുതൽ പോയിന്റ് തങ്ങൾക്കു കിട്ടാതെ പോയതെന്ന് ഒരു 'ജി'യുടെ പ്രസ്താവന മറ്റൊരു ബോക്സിൽ വായിക്കാൻ സാധിച്ചു.

പുതിയ സമ്പ്രദായത്തെ അംഗീകരിച്ച പാർട്ടികൾ ഏതൊക്കെ എതിർത്തവ ഏതൊക്കെ എന്നതായിരുന്നു അടുത്ത ബോക്സ്. ഇലക്ഷനു മുമ്പ് ഏതാണ്ട് എല്ലാവർക്കും എതിർപ്പായിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞതും എല്ലാവരും അനുകൂലമായി.

എങ്ങനെ ആവാതിരിക്കും? പുതിയ രീതിയായപ്പോൾ കോൺഗ്രസിന് സീറ്റ് കൂടി. ഇടതുപാർട്ടികൾക്ക് കൂടി എന്നു മാത്രമല്ല ഇതുവരെ എം പിമാരുണ്ടാവാത്ത മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാന്നിധ്യം തെളിയിക്കാൻ സാധിച്ചു.

ഇത്രയൊക്കെ വായിച്ചപ്പോൾ, ഇനി ഇതിലുമധികം എന്തു മാറ്റമാണ് സർക്കാർ കൊണ്ടുവരുന്നതെന്ന ആകാംക്ഷയായി എനിക്ക്.

ഞാനങ്ങനെ പ്രധാന വാർത്തയിലേക്കു തിരിഞ്ഞു. നിർദ്ദേശിച്ചിരിക്കുന്ന മാറ്റം വളരെ വളരെ സിംപിളാണ്. ഇപ്പോൾ ഓരോ നിയോജകമണ്ഡലത്തിലും ശബ്ദവോട്ട് നടത്തുന്നുണ്ടല്ലോ. അതിനും സത്യത്തിൽ ഭാരിച്ച ചെലവുണ്ട്. ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തുമെത്തണം. ബിഗ് സ്ക്രീനുകൾ, ശബ്ദമാപിനികൾ തുടങ്ങിയവ ഒട്ടനവധി വേണം. എത്രയോ ജനം യാത്ര ചെയ്ത് ജോലിയും കളഞ്ഞെത്തണം. ഇതൊക്കെ ചെയ്താലോ,  അവസാനം ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടും. ഈയൊരു ചെറിയ കാര്യത്തിന് ഇത്രയൊക്കെ സന്നാഹം വേണോ ? എന്തൊരു നാഷണൽ വേസ്റ്റ് ...!!!

ഈ രീതിയ്ക്കു പകരം സർക്കാർ മുന്നോട്ടു വെക്കുന്നത് വളരെ വളരെ സിംപിളാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ഡൽഹിയിലെ ഒരു മൈതാനത്ത് ശബ്ദവോട്ടായി നടത്തുക. ഡൽഹിയിലെ ശബ്ദവോട്ടിൽ ആരൊക്കെ പങ്കെടുക്കണം, ഒറ്റ ദിവസമായിട്ടു നടത്തണോ  എന്നതിനെക്കുറിച്ചൊക്കെ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള ലിങ്കും വാർത്തയിലുണ്ടായിരുന്നു.

പുതിയ നിർദ്ദേശത്തെക്കുറിച്ച് രാഷ്ട്രീയപ്പാർട്ടികളുടെ അഭിപ്രായം എന്ന ബോക്സിലേക്കു പോവാൻ തുടങ്ങുന്ന എന്നെ "അപ്പാ അപ്പാ വെള്ളം പോർച്ചുവരെയെത്തി, വേഗം പോകാം എഴുന്നേൽക്ക്" എന്ന മൂത്ത മകന്റെ അലർച്ച ഞെട്ടിയെഴുന്നേൽപിച്ചു.

സ്വപ്നത്തിൽ നിന്നു വിട്ടു പോരാൻ ഒന്നു രണ്ടു മിനിറ്റെടുത്തു. വെളളം പോർച്ചിലെത്തിയത്രെ ! എനിക്ക് ഒട്ടും ഭയം തോന്നിയില്ല. ആകെ മുങ്ങാൻ പോകുന്നവന് കാൽ നനയുന്നതിനെന്തിനാ ഭയം?

ആകെ മുങ്ങിപ്പോയേക്കുമായിരുന്ന എന്നെ സ്വപ്നത്തിൽ നിന്നുയർത്തി പോർച്ചുവരെ മാത്രമെത്തിയ വെള്ളം കാണിച്ചു തന്നതിന് ഞാൻ മൂത്തവനെ കെട്ടിപ്പിടിച്ചു.. 

എന്നാൽ, വെള്ളം ഗെയ്റ്റുവരെയെത്തിയപ്പോൾ തന്നെ പലപല ഫോൺവിളികളും ഫേസ്ബുക് സഹായം തേടലുകളും വാർത്തകൾ കാണലുമൊക്കെയായി പേടിച്ചു വിരണ്ട് പാഞ്ഞുപറിച്ചു നടന്ന ഞാൻ, വെള്ളം പോർച്ചിലെത്തിയിട്ടും പരിഭ്രമമൊന്നും കാട്ടാതെയിരിക്കുന്നതിന്റെ കൺഫ്യൂഷനിലായിരുന്നു അവൻ, ആ ഭാവി സമ്മതിദായകൻ !