2017 ജൂണിലാണ്. ചിരപരിചിതനെന്ന മട്ടിൽ 'ഹലോ സർ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ' എന്നു പറഞ്ഞു കൊണ്ട് ഒരു ചങ്ങാതി എന്റെ കാബിനിലേക്കു കയറി വന്നു.
എനിക്കെന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിനു മുൻപു തന്നെ ചങ്ങാതി എന്റെ മുന്നിലേക്കിരുന്ന് പറഞ്ഞു: 'അതേയ്, സാറ് പുതിയ മേനേജരാണല്ലേ. ഞാൻ പഴയ മേനേജർടട്ത്ത് കൊറച്ച് നാള് മുമ്പ് ഒര് ലോൺ ചോദിച്ചായിര്ന്ന്. ഒര് അക്കൗണ്ട് എട്ക്ക്, ആറ് മാസം ട്രാൻസാക്ഷനൊക്കെ നന്നായി നടത്തിയാ നോക്കാം എന്നാണ് മൂപ്പര് പറഞ്ഞത്. മൂപ്പര് ട്രാൻസ്ഫറായാലും സാറ് തെരൂല്ലേ ? ഇനീം ആറ് മാസം കഴിയട്ടേന്ന് പറയുവോ...?
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞിട്ട് ആ ചങ്ങാതി പൊട്ടിച്ചിരിച്ചു.
എനിക്കു ചിരിയൊന്നും വന്നില്ല, ഞാൻ ചിരിച്ചുമില്ല. പകരം ചോദിച്ചു: "എന്തു ലോണാ വേണ്ടത് ?'
'ഓട്ടോ വാങ്ങാനാണ് സാറേ, കുടുതലൊന്നും വേണ്ട, ഒരു രണ്ട് ലക്ഷം. മുദ്ര സ്കീമില് തന്നാ മതി. അതാവുമ്പൊ സാറിന് റിസ്കുവില്ലല്ലോ'.
റിസ്കില്ലത്രെ ! അടിപൊളി ! ആയ്ക്കോട്ടെ എന്ന മട്ടിൽ തലയാട്ടി ഞാൻ ചങ്ങാതിയുടെ പേരു ചോദിച്ചു. കേട്ടത് എനിക്കു മനസിലായില്ല, വീണ്ടും ചോദിച്ചപ്പോൾ ഞാൻ കേട്ടത് ഗഗേഷ് എന്നാണ് !
ഇങ്ങനെയൊക്കെ പേരുണ്ടോ? എന്താ കഥ? ആയിടെയാണ് സ്വാമി ഗംഗേശാനന്ദ എന്ന ഒരാളുടെ ലിംഗം, ബലാത്സംഗത്തെ ചെറുക്കുന്നതിനിടയിൽ ഒരു യുവതി മുറിച്ചു എന്ന സംഭവമൊക്കെ നടക്കുന്നത്. ഗംഗേശ് എന്നായിരിക്കും ചങ്ങാതിയുടെ പേരെന്നും നാണക്കേടുകൊണ്ടാവാം ഗഗേഷ് എന്നു പറയുന്നതെന്നും ഞാൻ കരുതി.
'എന്താ ഗഗേഷ് എന്നു പറഞ്ഞാൽ അർത്ഥം?'
'എനിക്കറിയില്ല സാറേ, അമ്മാവനിട്ട പേരാണ്. ഈ പേര് ആദ്യായിട്ട് കേക്കണ എല്ലാരും സാറിനപ്പോലെ ചോദിക്കും അർത്ഥം എന്താണെന്ന്.'
' എന്നാൽ പിന്നെ ഈ പേരിട്ട അമ്മാവനോടു ചോദിക്കാൻ പാടില്ലേ? പുള്ളിക്കറിയാമായിരിക്കുമല്ലോ.'
'അതിന് മൂപ്പര് മരിച്ചു പോയല്ലോ'.
'അയ്യോ, എപ്പൊ?'
'എന്നെ സ്കൂളി ചേർത്ത് വന്ന വഴി ആക്സിഡന്റായി മൂപ്പര് പോയി. എനിക്കൊന്നും പറ്റീല്ല.'
'ഒഹ് സോറി'.
'ചാകണേലും മുമ്പ് മൂപ്പര് ഇങ്ങനൊരു പണി തന്നിട്ടാ പോയേ. അമ്മാവനേ...'
ഞാനൊന്നും പറഞ്ഞില്ല.
'പിന്നെ ഒരു ഗുണമെന്താണെന്നു വെച്ചാ, ഡാ ഗഗേഷിനെ കണ്ടാടാ എന്ന് ആരെങ്കിലും ചോദിച്ചാ, ഏത് ഗഗേഷ് എന്ന് ആർക്കും സംശയം വെരൂല്ല. എന്നാലോ, ഡാ സന്തോഷിനെ കണ്ടാടാ, സുനീനെ കണ്ടാടാ എന്നൊക്കെ ചോദിച്ചാ, ഏത് സന്തോഷാടാ, ലുലൂലെ ഹോട്ടല്കാര് പാത്രം കഴ്കിച്ചവനാണാ ? അല്ലടാ, ഷഷ്ഠിക്ക് പോയപ്പ കരോട്ട പെമ്പിള്ളേര്ടെ തല്ല് കൊണ്ട സന്തോഷ് എന്നെല്ലാം പറഞ്ഞ് മനസിലാക്കിക്കൊട്ക്കണം. എനിക്ക് ആ പ്രശ്നവൊന്നുമില്ല. സാറിപ്പ എനിക്ക് ലോൺ തന്ന് നോക്കിയേ. നാളെ സാറ് ട്രാൻസ്ഫറായി പോയിട്ട് ഇവിടെ വിളിച്ച് സ്റ്റാഫിനോട് ആ ഗഗേഷ് പൈസയൊക്കെ അടക്കണൊണ്ടല്ലാ എന്ന് ചോദിക്കുമ്പൊ ഏത് ഗഗേഷ് എന്ന് സ്റ്റാഫ് ചോദിക്കൂല്ല. ഞാൻ ഗാരണ്ടി'.
ആള് രസികനാണല്ലോ. ഞാൻ ഉള്ളിൽ വളരെ ചിരിച്ചു. പുറത്ത് പക്ഷേ ഒരു മന്ദഹാസം മാത്രം കാണിച്ചു. ഇങ്ങനെ ധാരാളം വാചകമടിച്ച് ലോണൊക്കെ പാസാക്കിച്ചു പോകുന്ന കുറേയധികം പേരെ കണ്ടിട്ടുണ്ടു മോനേ, നീയതു കൊണ്ട് വാചകമടിച്ചിട്ടൊന്നും എന്റടുത്തു കാര്യമില്ല. ഞാൻ മനസ്സിൽ പറഞ്ഞു.
'ശരി, പാസ്ബുക്ക് കാണിക്കൂ. അല്ലെങ്കിൽ അക്കൗണ്ട് നമ്പർ പറയൂ. നോക്കട്ടെ.'
ഗഗേഷ് പാസ്ബുക്കു നീട്ടി. അപ്പോഴാണ് രസം. ചങ്ങാതീടെ പേര് ഇങ്ങനല്ല.
'നിങ്ങടെ പേരിന്റെ സ്പെല്ലിംഗ് ഒന്നു പറഞ്ഞേ'.
'കെ എച്ചെ ജി ഇ എസ്സെച്ച്'
'ഇനി അതിന്റെ ഉച്ചാരണം പറഞ്ഞേ '
'ഗഗേഷ്'
'ഉണ്ട !', സിനിമാ നടൻ ജഗദീഷിന്റെ ഒരു തമാശ രംഗം മനസിലോർത്ത് ഞാൻ പറഞ്ഞു.'എടോ ഖഗേഷ് എന്നാണ് നിങ്ങടെ പേര്. എന്ത് ഡെപ്തുള്ള പേര് ! അർത്ഥമെന്താണെന്നോ - ഖഗങ്ങളുടെ, അതായത് പക്ഷികളുടെ രാജാവ്, അതായത് വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ '.
ഖഗേഷിന് അദ്ഭുതമായി. അറിയാതെ കൈകൂപ്പിപ്പോയി.
'ലോൺ കിട്ടൂല്ലാ എങ്കിലും കുഴപ്പമില്ല സാറേ, ഇത്ര നാളായിട്ടും അറിയാതിരുന്ന എന്റെ പേരിന്റെ അർത്ഥം പറഞ്ഞു തന്നല്ലോ. താങ്ക്സ് '.
'നിങ്ങള് തെറ്റിച്ചാണ് പേര് ഉച്ചരിച്ചിരുന്നത്. ഗഗേഷ് എന്നല്ല ഖഗേഷ് എന്നു തന്നെ പറയണം'.
'മനസിലായി സാറേ, ഗസാഖിന്റെ ഇതിഹാസത്തിന്റെ ഗായല്ലേ പറയാം സാറേ'.
ഖസാക്കിനെ ഖഗേഷ് ഗസാഖ് എന്നു വികൃതമായി ഉച്ചരിച്ചതിൽ എനിക്കു നല്ല ദേഷ്യം വന്നെങ്കിലും അതടക്കി കുറച്ചു സമയമെടുത്ത് കൃത്യമായ ഉച്ചാരണം പഠിപ്പിച്ചെടുക്കാൻ നോക്കി. തുടർന്ന്, ഖഗേഷിന് ലോൺ പാസാക്കാം എന്നൊരു തീരുമാനവും ഞാനങ്ങെടുത്തു. ബീവറേജ് ജീവനക്കാരനായിരുന്ന അളിയന്റെ ജാമ്യത്തിൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഖഗേഷിന് ഓട്ടോ ലോൺ പാസാക്കി.
വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോൾ ഖഗേഷ് വന്നു. ഓട്ടോ ഇൻസ്പെക്ഷന് കൊണ്ടുവന്നതാണ്. അൽപം ഇന്റീരിയറൊക്കെ ചെയ്തതു കൊണ്ടാണ് താമസിച്ചതെന്ന് ഖഗേഷ് ക്ഷമ ചോദിച്ചു.
സെക്ഷൻ ഓഫീസറല്ല ഞാൻ തന്നെ ചെല്ലണം ഇൻസ്പെക്ഷനെന്നും ആദ്യ ഔദ്യോഗിക യാത്ര ഞാൻ തന്നെ നടത്തണമെന്നും ഖഗേഷ് നിർബന്ധം പിടിച്ചു.
ചെന്നു നോക്കിയപ്പോഴാണ്, സാദാ ഇന്റീരിയറൊന്നുമല്ല ചെയ്തിരിക്കുന്നത്, ഒരു അമ്പല സെറ്റപ്പ് തന്നെ. ഒരു മാതിരി എല്ലാ ദൈവങ്ങളുടേയും ഫോട്ടോകൾ, മാലകൾ, ബഹുവർണ എൽഇഡികൾ, ധാംഗ് ധാംഗ് മോഡൽ ഭക്തിഗാനങ്ങൾ, യാത്രക്കാർ ഇരിക്കുന്നതിനു മുന്നിൽ ചെറിയ ഇൻ-ബിൽറ്റ് കിണ്ണങ്ങളിൽ ചന്ദനം, ഭസ്മം, കുങ്കുമം, തുളസിപ്പൂ, പിന്നെ ചാലിച്ച ഭസ്മവും. ചന്ദനത്തിരിയുടെ പുക കൂടി ആയപ്പോൾ ഒരു പൂജാമുറിയുടെ ഉൾവശം തന്നെ എന്നു തോന്നിപ്പോയി. ആർക്കും എടുത്തു കൊണ്ടുപോവാൻ പറ്റാത്ത തരത്തിൽ ബാങ്കിലൊക്കെ പേനയും സ്ലിപ്പും കെട്ടിയിടുന്ന മട്ടിൽ പൂന്താനത്തിന്റെ ഒരു ഭക്തിഗാന പുസ്തകം വശം തുളച്ച് കെട്ടിയിട്ടിരിക്കുന്നു.
മാസ്റ്റർ പീസ് ഇതൊന്നുമല്ല, അതാണ് മണി. ഖഗേഷിന്റെ മണി. ഡ്രൈവർ സീറ്റിനു പിറകിൽ തലയ്ക്കു മുകളിലായി ഒരു ആറിഞ്ചോളം വ്യാസമുള്ള ഒരു മണി കെട്ടിത്തൂക്കിയിരിക്കുന്നു.
ഞാൻ സംശയത്തോടെ നോക്കിയപ്പോൾ, 'സാറ് ധൈര്യത്തോടെ അടി സാറേ ' എന്ന് ഖഗേഷ് പറഞ്ഞതു പ്രകാരം ഞാനങ്ങ് മണിയടിച്ചു.
അതായിരുന്നു ഉദ്ഘാടനം !
'നൂറു കൂട്ടം തെരക്കല്ലേ സാറേ എല്ലാർക്കും. അമ്പലത്തിൽ പോവാൻ സമയം കിട്ടില്ല്യന്ന സങ്കടം വേണ്ട, അത്രേ ഞാൻ ഓർത്തൊള്ളു. പോണ വഴിക്കന്നെ പ്രാർത്ഥിക്കാല്ലോ.
(ഞാനന്ന് ഓട്ടോ ഉദ്ഘാടന ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടിരുന്നതിന് നൂറോളം ലൈക്ക് കിട്ടിയിരുന്നു. ഇതു വായിക്കുന്ന ചിലരെങ്കിലും ഓർക്കുന്നുണ്ടാവും)
ഖഗേഷിന്റെ ഓട്ടോ പെട്ടന്നു തന്നെ ഹിറ്റായി. രാവിലെ ത്യശൂര് ജോലിക്കു പോകാൻ റെയിൽവെ സ്റ്റേഷനിൽ പോകുന്നവർ ഖഗേഷിന്റെ ഓട്ടോയിൽ തന്നെ കയറി. അമ്പലത്തിൽ പോവുന്ന സമയം ലാഭിക്കാമല്ലോ. വൈകീട്ട് വരുന്നവർക്കും ഖഗേഷിന്റെ ഓട്ടോ വേണം.
ഓട്ടോ സാദാ ഹിറ്റ് എന്ന തലത്തിൽ നിന്ന് മെഗാഹിറ്റിലേക്കു മാറിയതുപെട്ടന്നാണ്. അത് പക്ഷേ ഖഗേഷ് പറഞ്ഞല്ല എന്റെ സഹപ്രവർത്തകർ പറഞ്ഞാണ് ഞാനറിഞ്ഞത്.
ഖഗേഷിന്റെ ഓട്ടോയിൽ കയറി മണിയടിച്ചു പ്രാർത്ഥിച്ചിട്ടാണു പോവുന്നതെങ്കിൽ യാത്രയുടെ ഉദ്ദേശ്യം സഫലമാകുമത്രെ. പലരും അനുഭവങ്ങൾ പറഞ്ഞു. ഞാൻ നേരിട്ടറിഞ്ഞ അനുഭവം ഭാർഗവൻ ചേട്ടന്റെയാണ്.
എന്റെ ശാഖയിലെ പ്യൂണാണ് ഭാർഗവൻ ചേട്ടൻ. ചേട്ടന്റെ മകന് മറ്റൊരു ബാങ്കിലെ ക്ലറിക്കൽ തസ്തികയിലേക്കുള്ള ഇന്റർവ്യുവിന് എറണാകുളത്തേക്കു പോകാൻ റെയിൽവെ സ്റ്റേഷനിൽ പോയത് ഖഗേഷിന്റെ ഓട്ടോയിലാണ്. ചേട്ടനും മകനും മണിയടിച്ചു പ്രാർത്ഥിച്ചു എന്നു മാത്രമല്ല കാണിക്കവഞ്ചിയിൽ നല്ലൊരു തുക നിക്ഷേപിക്കുകയും ചെയ്തു. ( കാണിക്കവഞ്ചി ഈയിടെ തുടങ്ങിയതാവണം)
ഫലമോ? പതിനഞ്ചു ദിവസത്തിനുള്ളിൽ ചെക്കന് പോസ്റ്റിംഗ് വന്നു, വിരാജ് പേട്ടയിൽ.
ചെക്കനെ ട്രെയിൻ കയറ്റി വിടാൻ പോയതും ഖഗേഷിന്റെ ഓട്ടോയിൽ തന്നെയാണത്രെ. എത്രയും വേഗം ചാവക്കാട്ടേയ്ക്കോ സമീപ പ്രദേശങ്ങളിലേക്കോ ട്രാൻസ്ഫർ കിട്ടണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തുവത്രെ.
ഓട്ടോയുടെ, അല്ല മണിയുടെ വാർത്ത പത്രങ്ങളിലെ പ്രാദേശിക കോളങ്ങളിലും ലോക്കൽ ചാനലുകളിലും വന്നതു കൂടാതെ ചാവക്കാട്ടെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ വന്നതോടെ ഖഗേഷ് ഗൾഫിലും പ്രസിദ്ധനായി.
ആവശ്യങ്ങൾ വാട്സപ്പു ചെയ്ത് ഖഗേഷിനെക്കൊണ്ടു തന്നെ മണിയടിപ്പിച്ച് നടത്തിയെടുക്കാൻ ചില ഗൾഫുകാർ ശ്രമിച്ചെങ്കിലും ഖഗേഷ് വഴങ്ങിയില്ല.
അവനവന് വേണ്ടത് അവനവൻ പറയണം, അതായിരുന്നു ഖഗേഷിന്റെ നിലപാട്.
ആയിടെയായിരുന്നു എന്റെ മൂത്ത മകന്റെ നീറ്റ് പരീക്ഷ. കോട്ടയത്താണ് സെന്റർ കിട്ടിയത്. റെയിൽവെ സ്റ്റേഷൻ വരെ ഖഗേഷിന്റെ ഓട്ടോയിൽ പോയാലോ എന്ന് നിഷ്കളങ്കമായി ഭാര്യ ചോദിച്ചപ്പോൾ എന്തിനായിരിക്കാമത് എന്ന് എനിക്കു മനസിലായിരുന്നില്ല.
ഓട്ടോയിൽ കയറിയ ഉടനെ ഗണപതിയുടെ ഫോട്ടോയ്ക്കു നേരെ കണ്ണടച്ചു കൈതൊഴുത ശേഷം മണിയടിച്ച ഭാര്യയുടെ പ്രവർത്തിയിൽ എന്റെ തൊലിയുരിഞ്ഞു പോയി.
ഖഗേഷ് എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ്, ഞാനിടുന്ന നിരീശ്വരവാദ പോസ്റ്ററ്റൊക്കെ കാണാറുണ്ടെന്നും എനിക്കറിയാം. ഞാൻ ചുമ്മാ ഒരു ഫേസ്ബുക്ക് തട്ടിപ്പു ബുദ്ധിജീവിയാണെന്ന് ഖഗേഷ് കരുതില്ലേ എന്നു ചിന്തിച്ചപ്പോൾ ഞാനങ്ങ് ഉരുകിപ്പോയി.
എന്റെ ദേഷ്യം മനസിലാക്കിയ ഭാര്യ എന്റെ കയ്യമർത്തിയിട്ട് 'ഖഗേഷേ, മോൻ നാളെ നീറ്റ് എഴുതാൻ പോകുവാ. ഖഗേഷും കൂടി പ്രാർത്ഥിക്കണേ' എന്നു പറഞ്ഞു.
'ഞാൻ പ്രാർത്ഥിക്കാം മാഡം. എല്ലാം ഭംഗിയായി നടക്കും. ഈശ്വരനറിയാം എങ്ങനെ നടത്തണമെന്ന്'.
നീറ്റിന് പക്ഷേ മൂത്തവൻ നീറ്റായി തോറ്റു !
'മണിയടിയിലൊന്നും കാര്യമില്ല, പഠിച്ചാലേ പരീക്ഷ പാസാവൂ എന്നറിയാഞ്ഞിട്ടല്ല, എന്നാലും...' എന്നു ക്ഷമാപണം പറഞ്ഞ് റിസൽട്ടു വന്ന രാത്രി ഭാര്യ എന്നെ കെട്ടിപ്പിടിച്ചു.
മണി എന്ന പദമുൾപ്പെടുത്തി ഒരശ്ലീലം അന്നു ഞാൻ ഭാര്യയോടു പറഞ്ഞതായും ലോകത്തിലെ സകല ഭാര്യമാരെയും പോലെ 'അയ്യേ, നാണമില്ലല്ലോ, ഇപ്പോഴും ടീനേജുകാരനാണെന്നാണു ധാരണ' എന്ന് എന്റെ ഭാര്യ മറുപടി പറഞ്ഞതായും ഓർക്കുന്നു.
പിന്നെ കാലം കുറെ കഴിഞ്ഞു. ഞാൻ ട്രാൻസഫറായി കോട്ടയത്തെത്തി. ഇടയ്ക്ക് ഒരു ദിവസം ചുമ്മാ ഖഗേഷിന്റെ ലോൺ അക്കൗണ്ട് എടുത്തു നോക്കി. അഞ്ചുവർഷം കൊണ്ട് അടക്കേണ്ട ലോണിൽ കേവലം പതിനായിരത്തോളം രൂപയേ അടയ്ക്കാനായി ബാക്കിയുള്ളൂ.
നല്ല വരുമാനമായിരിക്കും, ഞാനോർത്തു. നന്നായി. ഒരു ട്രാവലറോ ബസ്സ് മറ്റോ വാങ്ങാനായി ഒരു ലോൺ കൊടുക്കാൻ ഇപ്പോഴത്തെ മാനേജരോട് പറയാം.
അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ മാസം ഒരു അവധി ദിവസം ഖഗേഷ് എന്നെ വിളിച്ചു. ആകെ പരിഭ്രാന്തനായിരുന്നു. 'സാറേ, എന്റെ വണ്ടീടെ ഇൻഷുറൻസ് കടലാസ് ബാങ്കിൽ കാണൂല്ലേ?'
കാണുമല്ലോ ഇല്ലെങ്കിൽ സംഘടിപ്പിക്കാം എന്നു ഞാൻ പറയാൻ തുടങ്ങിയതും ഖഗേഷ് കട്ട് ചെയ്തു.
കട്ട് ചെയ്യാൻ കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. വേറെ തിരക്ക് ഉണ്ടായിരുന്നു എന്നതിനാൽ ഞാൻ അതിനെക്കുറിച്ച് പിന്നെ ചിന്തിച്ചും ഇല്ല. പക്ഷേ ഖഗേഷ് രാത്രി എന്നെ വിളിച്ചു. നേരത്തെ വിളിച്ചത് പോലെ പരിഭ്രാന്തനായിട്ടൊന്നും ആയിരുന്നില്ല. പക്ഷേ, ശബ്ദത്തിൽ ഒട്ടും തന്നെ സന്തോഷം കാണാൻ കഴിഞ്ഞില്ല. നല്ല സങ്കടം ഉണ്ടായിരുന്നു എന്നും മനസ്സിലായി. ഞാൻ ചോദിച്ചു, എന്താ ഖഗേഷേ സങ്കടം? എന്നോട് പറ.
കരച്ചിലായിരുന്നു മറുപടി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല വളരെയധികം ഉൽസാഹത്തോടെയും ചിരിച്ചും മാത്രം കണ്ടിരുന്ന ഖഗേഷ് കരയണമെങ്കിൽ ആ രീതിയിലുള്ള എന്തെങ്കിലുമൊക്കെ തന്നെ സംഭവിച്ചിരിക്കാം. ഓട്ടോയ്ക്ക് എന്തോ അപകടം പറ്റിക്കാണും എന്നാണ് എനിക്ക് തോന്നിയത്.
ഞാൻ ചോദിച്ചു, ഖഗേഷേ കാര്യം പറ. നമുക്ക് എന്തായാലും വഴിയുണ്ടാക്കാം.
എന്റെ വാക്കുകൾ കേട്ടപ്പോൾ ഖഗേഷിന്റെ കരച്ചിൽ നിന്നു. തുടർന്ന് ഖഗേഷ് എന്നോട് പറഞ്ഞ കാര്യങ്ങൾ ശരിക്കും പറഞ്ഞാൽ കണ്ണുതുറപ്പിക്കുന്നവ തന്നെയാണ്. ഖഗേഷ് പറഞ്ഞത് ഇതാണ് : ഓട്ടോയിൽ കയറി മണിയടിച്ചു പ്രാർത്ഥിച്ചാൽ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കും എന്ന് എന്ന വിശ്വാസം ജനങ്ങൾക്ക് ഉണ്ടായതിനെ തുടർന്ന് നല്ല ഓട്ടം കിട്ടുമായിരുന്നു. പക്ഷേ ഒരിക്കലും അതിൻറെ പേരിൽ അമിതമായ ചാർജൊന്നും ഈടാക്കിയിരുന്നില്ല. കാണിക്കവഞ്ചിയിൽ കിട്ടുന്ന പണം മുഴുവൻ ക്ഷേത്രങ്ങളിൽ നൽകുമായിരുന്നു. അങ്ങനെ വളരെ സമാധാനത്തോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഒന്നു രണ്ടു പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ലാസ് ടെസ്റ്റ് മാറ്റിവെക്കാൻ വേണ്ടി സാറിന് ബൈക്ക് ആക്സിഡന്റ് ഉണ്ടാവണേ എന്നു പ്രാർത്ഥിച്ചത് ഫലിച്ചതായി ഒരു സ്കൂൾ കുട്ടി പറഞ്ഞത് ഖഗേഷിന് വിഷമമുണ്ടാക്കി.
ഖഗേഷിന്റെ മണിയടിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഗൾഫിലുള്ള അളിയന്റെ ജോലി നഷ്ടപ്പെട്ടു എന്ന വാർത്തയും കൂടെ നന്ദിസൂചകമായി ഒരു ഫുള്ളും കൊണ്ട് ആഘോഷിക്കാൻ ഒരാൾ വന്ന ദിവസം ഖഗേഷിന് ശരിക്കും ദേഷ്യം വന്നു.
തുടർന്ന്, ഭർത്താവുമായി നിസാര കാര്യത്തിന് വഴക്കുപിടിച്ചിറങ്ങിയ ഒരു യുവതി, 'അയാള് തൊലഞ്ഞു പോട്ടെ' എന്നു പറഞ്ഞ് മണിയടിച്ച സംഭവമാണ് ഏറ്റവും ക്രൂരം.
ആ യുവതിയുടെ ഭർത്താവ് അന്നു തന്നെ ടെറസിൽ നിന്ന് കാൽവഴുതി വീണു മരിച്ചു. ഒരാഴ്ച കഴിഞ്ഞ്, ഓട്ടം പോകാനെന്ന വ്യാജേന വന്ന ആ യുവതി ഖഗേഷിന്റെ ഓട്ടോ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു.
നാട്ടുകാർ കൂടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ മുക്കാൽ പങ്കും കത്തിപ്പോയിരുന്നു.
മുൻകോപത്തിന്റെ പുറത്താണ് ഭർത്താവ് തുലഞ്ഞു പോവാൻ താൻ പ്രാർത്ഥിച്ചു പോയതെന്നും മുന്നും പിന്നും നോക്കാതെ അത് നടപ്പിലാക്കിത്തന്ന 'ഓട്ടോദൈവ'ത്തോടുള്ള വിരോധം മൂലമാണ് ഓട്ടോ കത്തിച്ചതെന്നും യുവതി പോലീസിനോടു പറഞ്ഞു.
'ഇൻഷുറൻസ് ശരിയാക്കീട്ട് എനിക്ക് പുതിയൊരു ഓട്ടോ വേണം സാറേ, സാദാ ഓട്ടോ.' ഖഗേഷ് പറഞ്ഞു. 'ആർക്ക് എന്ത് എപ്പ കൊടുക്കണം എന്ന് ദൈവത്തിനറിയാം. കാണിക്കവഞ്ചീല് കൈക്കൂലിയിട്ട് പ്രാർത്ഥിക്കണോന്നോ, ചന്ദനത്തിരി കത്തിക്കണോന്നോ ഒന്നും ഇല്ല. ഒരു പ്രാർത്ഥനേമില്ലാത്ത ആൾക്കാര് ഖുശിയായി പോണില്ലേ. സാറ് പോണില്ലേ ? എന്റെ ഓട്ടോലെ മണിയടി ശരിക്കും മണിയടി തന്നായ്ര്ന്ന് സാറേ. അതുകൊണ്ട്, ഞാനതങ്ങ് നിറുത്തി'.
എക്സലന്റ് ഖഗേഷേ ', എനിക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല. 'ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴിയാണ് പലപ്പോഴും പ്രാർത്ഥന. അധ്വാനിക്കാതെ റിസൽട്ടുണ്ടാക്കാനോ മറ്റുള്ളവരുടെ നാശം കാണാനോ ഒക്കെയാണ് പലരും പ്രാർത്ഥനയെ ഉപയോഗിക്കുന്നത്. അൽപം താമസിച്ചാണെങ്കിലും ഖഗേഷ് ഇത് തിരിച്ചറിഞ്ഞതിൽ സന്തോഷം. പിന്നെ, ഓട്ടോയുടെയും സഞ്ചാരം കുറുക്കുവഴികളിലൂടെയാണ്. പക്ഷേ യാത്രക്കാരനെ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് അതെന്നത് ഓർക്കുമല്ലോ. അതുകൊണ്ട്, പുതിയ സാദാ ഒട്ടോ എടുക്കുക, ഓടിക്കുക. എന്റെ ഭാവുകങ്ങൾ.
*** *** *** ***
ബാക് സീറ്റ്: ഇന്നലെ ഭാർഗവൻ ചേട്ടൻ വിളിച്ചിരുന്നു. മകന് വിരാജ്പേട്ടയിൽ നിന്ന് ട്രാൻസ്ഫറായിത്രെ. പാവറട്ടി ശാഖയിലേക്കു തന്നെ പോസ്റ്റിംഗ് കിട്ടിയത് മഹാഭാഗ്യം, വീട്ടിൽ നിന്ന് ഒമ്പതേമുക്കാലിന് ഇറങ്ങിയാൽ മതിയല്ലോ.
ഔട്ട് ഓഫ് സ്റ്റേറ്റ് ജോലി കിട്ടുന്ന മിക്കവർക്കും നാലും അഞ്ചും വര്ഷം കഴിഞ്ഞു മാത്രമേ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടാറുള്ളൂ എന്ന കാര്യം ഓർക്കുമ്പോൾ ഒന്നര വർഷത്തിനുള്ളിൽ തന്നെ തന്റെ മകന് നാട്ടിലേക്ക്, അതും വീട്ടുമുറ്റത്തേക്കു തന്നെ ട്രാൻസ്ഫർ കിട്ടിയത് മഹാ അദ്ഭുതം എന്നും ഭാർഗവൻ ചേട്ടൻ പറഞ്ഞു.
'ചേട്ടൻ യൂണിയൻകാരെ പിടിച്ചോ, അതോ എച്ച് ആറിലെ ടോപ്പിലാരെയെങ്കിലും?' ഞാൻ ചോദിച്ചു.
'യൂണിയനും കീണിയനും ഒന്നുമല്ല സാറേ ട്രാൻസ്ഫർ കിട്ടാൻ കാരണം,'ഭാർഗവൻ ചേട്ടൻ പറഞ്ഞു, ' സാറോർക്കണില്ലേ, ഓട്ടോക്കാരൻ ഗഗേഷ്. ആ ഗഗേഷിന്റെ മണി മാത്രമാണ് കാരണം'.