Saturday, January 29, 2011

തിരിച്ചറിവ്

വൈകീട്ട് പവര്‍കട്ടു നേരത്ത് മൊബൈല്‍ വെട്ടത്തിലിരിക്കുമ്പോള്‍,
സമയം കൊല്ലാനായിരിക്കാം,
വീടിനടുത്തു പണിക്കു വരുന്ന തമിഴന്മാരെല്ലാം
ഒരുപോലിരിക്കുമെന്ന് അമ്മ.
കറുത്തു തടിച്ച് ലുങ്കിയും ബനിയനും ധരിച്ച് വഴക്കിടുന്നതുപോലെ ഉറക്കെ സംസാരിച്ച്.
സായിപ്പന്മാരും കാണാനൊരുപോലെന്ന് അച്ഛന്‍.
ചൈനക്കാര്‍ ഒരു പടികൂടി കടന്ന് പ്രായം പോലും
തിരിച്ചറിയാനാവാത്ത തരത്തിലെന്നും.
കുട്ടിയാര് വയസ്സനാരെന്ന് സ്വല്പം ബുദ്ധിമുട്ടും തിരിച്ചറിയാന്‍.
കുറേയൊക്കെ സത്യമാണു കാര്യങ്ങള്‍.
വെസ്റ്റിന്റീസിന്റെ കളി കാണുമ്പോള്‍
ഹൂപ്പറേത് ഗ്രീനിഡ്ജേതെന്ന്
പത്തില്‍ പഠിക്കുന്ന കാലത്ത് തപ്പിത്തടയുമായിരുന്നു ഞാന്‍.
നാട്ടില്‍ പറമ്പു കിളയ്ക്കാന്‍ വരുന്ന കിഴവന്‍ പണിക്കാരെ
തിരിച്ചറിയാന്‍ പറ്റുമോ?
കൊച്ചച്ഛന്‍.
ഗോപാലന്‍, രാമന്‍, നാരായണന്‍, പാച്ചു.
എല്ലാവരും ഒരുപോലെ കറുത്ത്, ബീഡിയും വലിച്ച്, മടിയന്മാര്‍.
കാഴ്ചയിലെ സാമ്യം പോട്ടെ, കേള്‍വിയിലെ സാമ്യമായിരുന്നു
പബ്ലിക് സ്കൂളിലെ ടീച്ചറായ എന്റെ ചേച്ചിയുടെ പ്രശ്നം.
ക്രിസ്ത്യന്‍ പിള്ളേര്ടെ പേര് കേള്‍ക്കൂ:
കിറ്റി, ബെറ്റി, ഡിറ്റി,സാറ്റി. കഷ്ടം!
പണ്ടും ക്രിസ്ത്യാനികള്‍ടെ പേരിങ്ങനൊക്കെത്തന്നെ.
ആര് എന്ത് എന്നൊന്നും മനസ്സിലാവില്ല.
അമ്മൂമ്മ.
ഓര്‍മ്മയിലും നിക്കില്ല: അവറാച്ചന്‍, കറിയാച്ചന്‍, ചാക്കോച്ചന്‍, ഉമ്മച്ചന്‍.
മുസ്ലീംസും സെയിമാ.
അനിയത്തി ചര്‍ച്ചയില്‍ ഹാജരായി.
റംലത്ത്, സാദത്ത്, ഫുര്‍സത്ത്,
പിന്നെ-
സര്‍ബത്ത്. കുണുകുണെ ചിരി.
നമ്മടെ പേര് അവര്‍ക്കും ടൈറ്റാ.
ശരിയാ. റംലത്തിന്റെ ഉമ്മയ്ക്ക് ഇപ്പോഴും
എന്റെ പേരു പറയാനറിയില്ല, അനിയത്തി ശ്രീപാര്‍വതി.
എന്നാല്‍ നമ്മുടെ കുട്ടികളുടെ പേരു നോക്കിയേ-
ദേവനാരായണ്‍, ഹരിഗോവിന്ദ്, ശ്രീലക്ഷി, അദ്വൈത്.
എത്ര ഡീപ്പായുള്ള അര്‍ത്ഥങ്ങളാണ്.
ഒറ്റത്തവണ കേട്ടാല്‍ മതി. പിന്നെ മറക്കുമോ ?
അല്പനേരത്തേയ്ക്ക് നിശബ്ദത. ആത്മനിര്‍വൃതി.
പെട്ടന്ന്-
ദാ കറണ്ടു വന്നല്ലോ, ടീവി വെയ്.
ഓടും മുമ്പ് പ്രോബ്ലം ഞാനങ്ങ് ഉപസംഹരിക്കാം-
ഞങ്ങളുടെ വീട്ടിലിന്നാര്‍ക്കും
നായന്മാരെയല്ലാതെ മറ്റാരെയും തിരിച്ചറിയാനാവുന്നില്ല.

**** **** **** **** ****