അനന്തുവിനു തന്നെയാണ് എപ്പോഴും ഫസ്റ്റ് റാങ്ക് ലഭിക്കാറുള്ളത്.സീമാ ആന്റി കുത്തിയിരുന്നു പഠിപ്പിക്കുന്നതിന്റെ ഫലമാണെന്നു വച്ചോളൂ. കൂടാതെ പഠിക്കാന്‍ അനന്തുവിന് സവിശേഷമായൊരു താല്പര്യവും കഴിവുമുണ്ട്. അതുകൊണ്ട് റിസല്‍റ്റു വരുന്നതിനു മുന്‍പത്തെ ദിവസങ്ങളില്‍ മറ്റ് അമ്മമാരിലുള്ളതു പോലെ പിരിമുറുക്കമൊന്നും സീമാ ആന്റിയില്‍ കാണാറില്ല. ‘ഫസ്റ്റ് റാങ്ക് കാണുമോ അനന്തൂന്’ എന്നാരെങ്കിലും ചോദിച്ചാല്‍ ‘ഏതു നേരവും ടീവീടെ മുന്നിലാര്‍ന്നില്ലേ, എനിക്കറിഞ്ഞൂടാ ഇത്തവണ എങ്ങനാന്ന്’ എന്നായിരിക്കും മറുപടി. ഉള്ളില്‍ വളരെയധികം ആത്മവിശ്വാസമുളളതു കൊണ്ടാണ്‍ ഇങ്ങനെയെല്ലാം മറുപടി പറയാന്‍ കഴിയുന്നത്.
പക്ഷേ ഇത്തവണ റിസല്‍റ്റു വന്നപ്പോള്‍ അനന്തുവിനു സെക്കന്റ് റാങ്ക്. സീമാ ആന്റി ഉച്ച്യ്ക്ക് ഊണു കഴിച്ചില്ല. കിടക്കയില്‍ പോയി ഒറ്റക്കിടപ്പ്. സ്നേഹത്തോടെ അരികത്തു ചെന്ന പുലിപ്പട്ടിയെ ഒന്നു തൊഴിക്കുകയും ചെയ്തു. എനിക്കും സങ്കടം തോന്നി. അനന്തു നല്ല കുട്ടിയാണ്. ഫസ്റ്റ് റാങ്ക് കിട്ടേണ്ടതായിരുന്നു. വൈകുന്നേരം ആല്‍ഫി പോളിന്റെ മമ്മിയുടെ ഫോണ്‍ വന്നപ്പോഴാണ് സീമാ ആന്റി ശരിക്കും ദേഷ്യപ്പെട്ടത്. സിറ്റൌട്ടിലേക്കു പാഞ്ഞുവന്ന്, ലൂഡോ കളിക്കുകയായിരുന്ന അനന്തുവിനെ സീമാ ആന്റി ചെവിയില്‍ തൂക്കിയെടുത്തു. ‘ശവം. ആ റോസ് മേരി കണ്‍ ഡൊലന്‍സ് അറിയിച്ചു.നിനക്കു ഫസ്റ്റ് റാങ്ക് കിട്ടീല്ലല്ലോ’.
പക്ഷേ ഇത്തവണ റിസല്‍റ്റു വന്നപ്പോള്‍ അനന്തുവിനു സെക്കന്റ് റാങ്ക്. സീമാ ആന്റി ഉച്ച്യ്ക്ക് ഊണു കഴിച്ചില്ല. കിടക്കയില്‍ പോയി ഒറ്റക്കിടപ്പ്. സ്നേഹത്തോടെ അരികത്തു ചെന്ന പുലിപ്പട്ടിയെ ഒന്നു തൊഴിക്കുകയും ചെയ്തു. എനിക്കും സങ്കടം തോന്നി. അനന്തു നല്ല കുട്ടിയാണ്. ഫസ്റ്റ് റാങ്ക് കിട്ടേണ്ടതായിരുന്നു. വൈകുന്നേരം ആല്‍ഫി പോളിന്റെ മമ്മിയുടെ ഫോണ്‍ വന്നപ്പോഴാണ് സീമാ ആന്റി ശരിക്കും ദേഷ്യപ്പെട്ടത്. സിറ്റൌട്ടിലേക്കു പാഞ്ഞുവന്ന്, ലൂഡോ കളിക്കുകയായിരുന്ന അനന്തുവിനെ സീമാ ആന്റി ചെവിയില്‍ തൂക്കിയെടുത്തു. ‘ശവം. ആ റോസ് മേരി കണ്‍ ഡൊലന്‍സ് അറിയിച്ചു.നിനക്കു ഫസ്റ്റ് റാങ്ക് കിട്ടീല്ലല്ലോ’.
രാത്രി ആയപ്പോഴേയ്ക്കും ഫസ്റ്റ് റാങ്ക് കിട്ടിയ കുട്ടി ഏതാണെന്ന് സീമാ ആന്റി അന്വേഷിച്ചറിഞ്ഞു. ഡെല്‍ഹിയില്‍ നിന്നു സ്ഥലം മാറി വന്ന, ദൂരദര്‍ശനിലെ ഒരു ഉദ്യൊഗസ്ഥന്റെ മകളാണ്. ആ കുട്ടി ലാസ്റ്റ് ടേമിലാണത്രെ വന്നു ചെര്‍ന്നത്. ഡെല്‍ഹിയിലെ ഏതെങ്കിലും സെന്‍ട്രല്‍ സ്കൂളില്‍ പഠിച്ച് കുട്ടിയായിരിക്കണം. ഇവിടെ അനന്തുവിന്റെ സ്കൂളിലെ സിലബസ് മൂന്നു മാസം കൊണ്ടു പഠിച്ച് ഫസ്റ്റ് റാങ്ക് വാങ്ങിയ ബുദ്ധിശാലിയല്ലേ.
റാങ്കു നഷ്ടപ്പെട്ടത് അനന്തുവിന്റെ ശനിദശയുടെ തുടക്കമായി എന്നു പറഞ്ഞാല്‍ മതിയല്ലോ, നാലാം ക്ലാസിലെ ബുക്കുകളെല്ലാം വാങ്ങി മകനെ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണു സീമാ ആന്റി.
അങ്ങനെയിരിക്കുമ്പോഴാണ് തെക്കു വശത്തെ വീട്ടില്‍ പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞത്. ആരൊക്കെയാണ് എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല. പതിവുപോലെ ഞായറാഴ്ച വൈകീട്ടുള്ള സന്ദര്‍ശനത്തിനു വന്ന സുരേഷ് അങ്കിളും വൈഫുമാണു പറഞ്ഞത്:പുതിയ താമസക്കാര്‍ പുലയരാണ്.
‘റിയലീ’, സീമാ ആന്റിയുടെ മുഖം ചുളിഞ്ഞു.
‘കറുകറുത്ത പെലയമ്മാര്. അയ്യാക്ക് ദൂരദര്‍ശനിലാ ജോലി. നല്ല ജോലിയാ. നല്ല ശമ്പളം. ഡെല്‍ഹീലാരുന്നു. ഇവിടെ വന്ന് ഗ്രീന്‍ വാലി സ്ട്രീറ്റില്‍ ആദ്യം വീടെടുത്തു’.
‘എന്നിട്ട്?’
‘ആ വീടിന്റെ ഓണര്‍ ഗള്‍ഫീന്ന് മടങി വന്നപ്പൊ ഒഴിയേണ്ടി വന്നു. അതാ ഇവിടെ.’
‘ഇനി ഇതാ കൊച്ചിന്റെ കുടുംബമാണോ?’ സീമാ ആന്റി സ്വയം ചോദിച്ചു.
പുലയര്‍ എന്നു പറഞ്ഞാല്‍ എങനെയിരിക്കും എന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നു-‘ദെ ആര്‍ ദ ബാക് ബോണ്‍ ഒഫ് കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് ഇന്‍ കേരള’. കീര്‍ത്തി പറഞ്ഞു. ഈയിടെയായി അവള്‍ ചെറിയൊരു കമ്മ്യൂണിസ്റ്റാണ്.
‘നീഗ്രോകളെ പോലിരിക്കും’, ഗോപു പറഞ്ഞു. ‘അവരുടെ പെണ്ണുങ്ങള്‍ടെ സ്ട്രക്ചറു കാണണം. ഗോഡ് !’. വൃത്തികെട്ടവന്‍. വായെടുത്താല്‍ വൃത്തികേടേ പറയൂ. വെറുതെയല്ല കോളേജിലെ യൂണിയന്‍കാരുടെ തല്ലുകൊണ്ടത്.
പിറ്റേന്നു രാവിലെ പുതിയ താമസക്കാരെ കാണാനായി മുകളിലെ മുറിയുടെ ജനലിലൂടെ നോക്കുകയായിരുന്നു ഞാന്‍. മിക്സിയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുനേരം നിന്നിട്ടും ആരെയും കാണാതിരുന്നപ്പൊള്‍ ഞാന്‍ താഴേക്കു നടന്നു. കോണിയിറങ്ങുമ്പോള്‍, മുകളിലേക്കു വരികയാണു ഗോപു.‘അവര് അച്ഛനും മക്കളും ജൊഗിങ് നടത്തണ്ണ്ട്.’
‘ആര്’?
‘നമ്മടെ പുതിയ നേയ്ബ്സ്’. ഗൊപു വൃത്തികെട്ട ചിരി ചിരിച്ചു.‘പണ്ടായിരുന്നെങ്കില്‍ അവര്‍ നെയ്ക്കഡ് ആയി, ഐ മീന്‍ , മാറു മറയ്ക്കാതെ നടക്കുമായിരുന്നു‘. ഗോപുവിന്റെ ഇടമ്പല്ലുകള്‍ നിറഞ്ഞ വായില്‍ വെള്ളമൂറി.‘അമ്മാ, ആ മൂത്തകൊച്ച് ഓടുന്നതു കാണണം,’അവന്‍ എന്റെ മാറത്തു തുറിച്ചു നോക്കി തമാശ മട്ടില്‍ തുടര്‍ന്നു: ‘നിനക്കും ഓടിക്കൂടേ?’
‘പോടാ പട്ടീ തെണ്ടീ ശവമേ’.
ഇളിഭ്യനായി ഗോപു പുറത്തേക്കു പൊവുന്നതു നോക്കി ഞാന്‍ അല്പ്നേരം നിന്നു. വൃത്തികെട്ടവന്‍. എന്‍`ട്രന്‍സിന് പ്രിപെര്‍ ചെയ്യാനാന്നു പറഞ്ഞ് ഇടക്കിടെ എന്റെ കൂടെ കൂടാറുള്ളത് എന്തിനാണെന്ന് എനിക്കു മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല. അവന്റെ ആ പാവം അമ്മയെ ഓര്‍ത്തിട്ടാ.
അന്നു കോച്ചിങ് ക്ലാസിനു പൊയപ്പോള്‍ പുതുതായി ചേര്‍ന്ന സുപ്രിയ എന്ന കുട്ടി എന്റെയടുത്തേക്കു വന്നു.‘ഞങ്ങള്‍ കുട്ടി താമസിക്കുന്നതിനടുത്തേക്കു വീടു മാറി കേട്ടോ.‘
‘എവിടെ?’
‘നിങ്ങളുടെ വീടിന്റെ ലെഫ്റ്റിലെ വീടില്ലേ, അവിടെ ഞങ്ങളാ പുതിയ താമസക്കാര്‍.’
‘ഓ-‘.
ഞാന്‍ ഒരു പുലയപ്പെണ്ണിനോട് ആദ്യമായാണ് സംസാരിക്കുന്നത്. കറുത്തു മെലിഞ്ഞ, ഉയരമുള്ള ശരീരം. മനൊഹരമായ മുടി രണ്ടായി പകുത്തു കെട്ടിയിരിക്കുന്നു. വെളുത്തവളായിരുന്നെങ്കില്‍ നല്ലൊരു സുന്ദരിയാവുമായിരുന്നു. ഞങ്ങള്‍ പിന്നീടു പല കാര്യങ്ങളും സംസാരിച്ചു. തന്റെ അമ്മയുടെ വണ്ണത്തെപ്പറ്റി ആ കുട്ടി തമാശകളും പറഞ്ഞു. അതിന് ഒരു അനിയത്തിയുമുണ്ട്. ആ അനിയത്തിയാണ് അനന്തുവിനെ തോല്പിച്ച് ഫസ്റ്റ് റാങ്ക് വാങ്ങിയത്.
പുതിയ വീട്ടിലെ കുട്ടി എന്റെ കൂടെ എന്ട്രന്‍സ് കോച്ചിംഗിന് ഉണ്ടെന്നൊന്നും വീട്ടില്‍ ഞാന്‍ പറഞ്ഞില്ല. പിന്നെ ഉപദേശങ്ങളായിരിക്കും. അവളുമായി കൂട്ടു വേണ്ട. ചിലപ്പോള്‍ വീട്ടില്‍ വന്നേക്കും.അവളുമായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത് തുടങ്ങി ധാരാളം.
പക്ഷേ ഞാന്‍ പറയാതിരുന്നിട്ടും സീമാ ആന്റി കാര്യമറിഞ്ഞു. എങ്ങനെ അറിഞ്ഞു എന്ന് എനിക്കു മനസ്സിലായില്ല. ഒരു രാത്രി നാട്ടില്‍ നിന്ന് ആകാശിന്റെ അമ്മയും അച്ഛനും പതിവു പോലെ സുരേഷ് അങ്കിളും ആന്റിയും പിന്നെ എന്റെ പഠനത്തിന്റെ പുരോഗമനം അറിയാന്‍ ചേര്‍ത്തലെ നിന്ന് അച്ഛനും വന്നപ്പോഴാണ് സീമാ ആന്റി ചോദിച്ചത്.‘അപ്പുറത്തെ കൊച്ച് നിന്റെ കൂടെ പഠിക്കുന്നൊണ്ടോ?’
‘ഉവ്വ്’.
‘എന്നിട്ട് നീ പറഞ്ഞില്ല?’
ഞാന്‍ തല കുനിച്ചു.
‘ആരാ?’ അച്ഛന്‍ ചൊദിച്ചു.
സീമാ ആന്റി അവരെ ഒരു മാനേഴ്സുമില്ലാതെ താഴ്ത്തിപ്പറഞ്ഞുകൊണ്ട് പരിഹസിച്ചു.എനിക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
‘എന്നിട്ട്’-സീമാ ആന്റി തുടരുകയാണ്- ‘കഴിഞ്ഞ ദിവസം പരിചയപ്പെടാനെന്നും പറഞ്ഞു വന്ന മായാവതിയാണ് ഇവളും അവരുടെ കൊച്ചും ഒരിടത്താണു പഠിക്കുന്നതെന്ന കാര്യം പറഞ്ഞത്.
‘മായാവതിയൊ?’ സുധീര്‍ അങ്കിള്‍ ചോദിച്ചു.സീമാ ആന്റി കുറെ ചിരിച്ചു.
‘ഹൊ ഹൊ ഹൊ ... ആ ഗോപു ഇട്ട പേരാണ്. കറുത്തു തടിച്ച ആ സ്ത്രീക്ക് മായാവതീന്ന പേര് നല്ല പോലെ ചേരും ഇല്ലേ?’എല്ലാവരും ചിരിച്ചു.
എനിക്കു സത്യമായും ദേഷ്യം വന്നു കേട്ടോ. വണ്ണമുണ്ട് എന്നു പറഞ്ഞു പരിഹസിക്കരുത്. ഈ സീമാ ആന്റി-വെളുത്തു തടിച്ച സീമാ ആന്റി- ജയലളിതയെ പോലെയാണ് എന്നു പറഞ്ഞാല്‍ സീമാ ആന്റിക്ക് ഇഷ്ടപ്പെടുമോ? സുരേഷ് അങ്കിളിന് ഇഷ്ടപ്പെടുമോ? പോട്ടെ എന്റെ അച്ഛന് ഇഷ്ടപ്പെടുമോ? ഇല്ല. എന്നാല്‍ പിന്നെ മറ്റുള്ളവരെയും പരിഹസിക്കാതിരുന്നുകൂടേ?
‘എടീ റിതു’, അച്ഛനാണ്,’ഹാര്‍ഡ് വര്‍ക്ക് ചെയ്തില്ലെങ്കില്‍ മെഡിസിനു നീ പോവുന്ന കാര്യം സംശയമാണ്.
‘അച്ഛനെന്നെ ഡിസ്കറേജ് ചെയ്യുവാണോ?’ എനിക്കു കരച്ചില്‍ വന്നു.
‘എന്നല്ല മോളേ, അവര്‍ക്ക് സംവരണമൊക്കെയുണ്ട്. നിനക്കോ? പതിനായിരമാണ് റാങ്കെങ്കിലും അവര്‍ക്കു കിട്ടും. നിനക്കോ? നിനക്കു മെറിറ്റിലേ കിട്ടൂ.’
‘മെറിറ്റല്പം കുറഞ്ഞാല്‍ കണ്ടവരുടെ കയ്യും കാലും പിടിക്കണം’, സുരെഷങ്കിളാണ്.
‘പിന്നെ ചിലപ്പൊ കാശും കൊടുക്കണ്ടി വരും,’’സുധീറങ്കിള്‍ തന്റെ അഭിപ്രായവും പറഞ്ഞു.
‘അതൊന്നും വേണ്ടി വരില്ല. റിതുവിന് ആദ്യ നൂറു റാങ്കില്‍ ഒന്നു തീര്‍ച്ചയാണ്. ഗോ റ്റു യുവര്‍ റൂം ഡിയര്‍, ഇവരിങ്ങനൊക്കെ പറയും. ആന്‍ഡ് ബി കോണ്‍ഫിഡന്റ്.’ കീര്‍ത്തിയാണ്. എന്റെ കൂടെ നില്‍ക്കാനും എന്നെ സഹായിക്കാനും അവള്‍ മാത്രമേയുള്ളൂ.സീമാ ആന്റിയ്ക്കെങ്ങനെയാണ് ഇത്രയും നല്ല സ്വഭാവമുള്ള ഒരു മകള്‍ ജനിച്ചതെന്നൊര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്.
കട്ടിലില്‍ കിടന്ന് ഞാന്‍ അല്പനേരം കരഞ്ഞു.താഴെ സംവരണത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടക്കുകയാണ്. ‘-എന്നിട്ട് മാത്`സിന് സെവന്‍ ഔട്ട് ഓഫ് ഹണ്`ഡ്രഡ് ലഭിച്ച ഒരു എസ് സി പയ്യന് മധ്യപ്രദേശില്‍ എഞ്ചിനീയറിംഗിനു സീറ്റു കൊടുത്തു.’
‘ആരും എതിര്‍ത്തില്ലേ?’
‘ആരെതിര്‍ക്കാന്‍? ആര്‍ക്കാ ധൈര്യം?’കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം സുധീറങ്കിള്‍ പറഞ്ഞു:‘ഇങ്ങനെ സംവരണം വഴി ജോലിയും പ്രമോഷനും കിട്ടുന്നതു കൊണ്ട് ഇവര്‍ക്കെല്ലാം വല്ലാത്ത ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സായിരിക്കും. ഞാന്‍ കാഞ്ഞിരമറ്റത്തായിരുന്നപ്പൊ ഒരു എസ്സൈയുണ്ടായിരുന്നു. ഒരു എസ് സി സ്പെഷ്യല്‍ റിക്രൂട്ട്. പ്രതികളെ നന്നായി മര്‍ദ്ദിച്ച ശേഷം സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ചു മണപ്പിച്ച് അയാള്‍ ഗര്‍ജ്ജിക്കും:‘പറയെടാ, എനിക്ക് പെലയന്റെ മണമൊണ്ടൊ?’സുധീറങ്കിള്‍ എസ് ഐയെ അനുകരിച്ച് ഗര്‍ജ്ജിച്ചപ്പോള്‍ അല്പ നേരത്തേക്ക് എല്ലാവരും വീണ്ടും നിശബ്ദരായി.പിന്നെയും സംസാരിച്ചു തുടങ്ങിയതു സുധീറങ്കിള്‍ തന്നെയായിരുന്നു.‘ഈ സംവരണം നമ്മുടെ ഗവണ്മെന്റ് സര്‍വീസിന്റെ എഫീഷ്യന്‍സി ആകെ താറുമാറാക്കും.’
‘ഫൊര്‍ ദിസ് വെരി റീസണ്‍, നെഹ്രു റിസര്‍വേഷന് എഗെന്‍സ്റ്റായിരുന്നു.’
‘അതീ രാഷ്ട്രീയക്കാര്‍ക്കെല്ലമറിയാം. ഈ സംവരണ ഡോക്ടര്‍മാരെ ഭയന്ന് പാവങ്ങളുടെ മിശിഹായായ വി പി സിങ് ഇംഗ്ലണ്ടിലാ ഓപ്പറേഷന്‍ നടത്താന്‍ പോയത്.’
‘യു കാണ്ട് സേ ഇറ്റ്.’ കീര്‍ത്തി പ്രതിഷേധിച്ചു.’കോണ്‍ഗ്രസ്സുകാരും പോവാറില്ലേ? കരുണാകരനും ബാര്യേം അമേരിക്കേല്‍ പോയില്ലേ?’
‘ഓള്‍ ആര്‍ സേം’, അച്ഛനാണ്. അച്ഛന്‍ പഴയ കോണ്‍ഗ്രസ്സുകാരനാണ്. കരുണാകരനെക്കുറിച്ചു പറഞ്ഞപ്പോള്‍ അച്ഛനു നൊന്തു കാണും.
‘വാജ്പെയീടെ ‘നീ’ ഓപറേഷന്‍ അമേരിക്കേലല്ല, മുംബയിലാരുന്നു.’ കട്ടിലില്‍ കണ്ണടച്ചു കിടക്കുകയായിരുന്നെങ്കിലും കുങ്കുമപ്പൊട്ടുള്ള നെറ്റി ചുളിച്ച് സുധീറങ്കിള്‍ കീര്‍ത്തിയോടു തര്‍ക്കിക്കുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.കീര്‍ത്തി എന്തു മറുപടിയാണു പറഞ്ഞതെന്നു ഞാന്‍ കേട്ടില്ല.എന്തിനാണു വെറുതെ രാഷ്ട്രീയം പറഞ്ഞു തര്‍ക്കിക്കുന്നത്? എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ്.
നേരം കുറെ കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോള്‍ ഞാന്‍ സുപ്രിയയെക്കുറിച്ചു ചിന്തിച്ചു. നല്ല കുട്ടിയാണ്. അങ്കിളും ആന്റിയും പറയുന്നതുപോലൊന്നുമല്ല. ചിലപ്പോള്‍ എന്ട്രന്‍സില്‍ ഫസ്റ്റ് റാങ്ക് തന്നെ കിട്ടിയേക്കാം. ബസ്സ്റ്റോപ്പില്‍ നിന്ന പത്തു മിനിറ്റു കൊണ്ട് എത്ര ലളിതമായാണെന്നോ ആ കുട്ടി എനിക്ക് ബ്ലാക് ഹോള്‍സിനെക്കുറിച്ചു പറഞ്ഞു തന്നത്. താഴെയിരുന്ന് പരദൂഷണം പറയുന്ന ഇവര്‍ക്കാര്‍ക്കെങ്കിലും ബ്ലാക് ഹോള്‍സ് എന്താണെന്ന് ലളിതമായി പറയാനറിയാമോ? എന്നിട്ടാണ്-
രാവിലെ ബ്രഷില്‍ പേസ്റ്റുമായി താഴേക്കിറങ്ങി വരുമ്പോഴാണ്-
‘പല്ലു തേച്ചോളൂ-‘ കീര്‍ത്തി തോളുകള്‍ കുലുക്കിപ്പറഞ്ഞു-‘പക്ഷേ കുളിക്കണ്ട.’
‘അതെന്താ?’
‘മെയിന്‍ പൈപ്പു വീണ്ടും പൊട്ടി. നമ്മുടെ ലൈനിലെങ്ങും വെളളമില്ല’.
ഓ! ഇനിയെന്തു ചെയ്യും? കുറച്ചു നാളു മുമ്പ് ഇതുപോലെ പൈപ്പു പൊട്ടിയതാണ്. അന്ന് ഒരാഴ്ചയോളം വെള്ളമില്ലായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ദൈവമേ ഇത്തവണയും അതു പോലാവുമോ?
‘എത്ര നാളായി ഞാന്‍ പറയുന്നെന്നോ ഒരു ബോര്‍വെല്ലുണ്ടാക്കാന്‍-‘ സീമാ ആന്റി തലയില്‍ കൈ വച്ചു.
ഞങ്ങളുടെ ലൈനില്‍ ആര്‍ക്കും ബോര്‍വെല്‍ ഇല്ല. വാട്ടര്‍ അതൊറിറ്റിക്കാര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്നില്ലെങ്കില്‍ വലിയ കഷ്ടമാവും.
രാത്രിയായപ്പോഴേക്കും സുരേഷങ്കിളും ആന്റിയുമെത്തി. അവരുടെ ഫ്ലാറ്റില്‍ ബോര്‍വെല്ലുണ്ടെങ്കിലും വെള്ളം മുകളിലെ നിലകളില്‍ എത്തുന്നില്ലത്രെ.
‘ഇവമ്മാര് ഭരിക്കാന്‍ തൊടങ്ങ്യേപ്പിന്നെ ഇതു സ്ഥിരമായല്ലൊ’.സുധീറങ്കിള്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചു. പക്ഷേ കീര്‍ത്തി നിശബ്ദയായി സ്വന്തം മുറിയിലേക്കു പോയി.
പിറ്റേന്നു നേരം വെളുത്തിട്ടും വെള്ളം വരാനുളള സാധ്യതയൊന്നും തെളിഞ്ഞില്ല. രണ്ടു കെയ്സ് മിനറല്‍ വാട്ടര്‍ വാങ്ങിയതിന്റെ പരിഭവത്തിലായിരുന്നു സീമാ ആന്റി. താഴെ വളവു വരെ പോയി കിണറില്‍ നിന്നു വെള്ളം കോരിക്കൊണ്ടു വരാന്‍ ആര്‍ക്കാ കഴിയുന്നത്? ഒരു ലോറി വെള്ളം കൊണ്ടുവന്നത് എല്ലാ വീട്ടുകാരും കൂടി വീതിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പത്തു ബക്കറ്റു കിട്ടി. എന്നിട്ടെന്താവാനാണ് ?
ചെടിച്ചട്ടിയിലെ റോസുകള്‍ വാടിത്തുടങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുകയായിരുന്ന എന്നെ പിറകില്‍ നിന്ന് ആരോ വിളിക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയപ്പൊള്‍ സുപ്രിയയാണ്. മതിലിനു സമീപം നിന്ന് വിളിക്കുകയാണ്. ഞാന്‍ അടുത്തേക്കു ചെന്നു. ഞങ്ങള്‍ക്ക് എവിടെ നിന്നു വെള്ളം ലഭിക്കുന്നു എന്നറിയാനാണ് സുപ്രിയ വിളിച്ചത്. ആവശ്യമെങ്കില്‍ തങ്ങളുടെ വീട്ടില്‍ നിന്ന് യഥേഷ്ടം വെള്ളമെടുക്കാന്‍ തന്റെ അച്ഛനു സമ്മതമാണ് എന്നു സുപ്രിയ പറഞ്ഞപ്പോള്‍ എനിക്കു തുള്ളിച്ചാടാന്‍ തോന്നി. രണ്ടാമത്തെ ദിവസവും കുളിക്കാതെ നടക്കേണ്ടി വന്നാല്‍ ചേര്‍ത്തലയ്ക്കു പോകണം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനിയിപ്പോള്‍ കുളിക്കാം, ഡ്രസ്സലക്കാം, ചെടികള്‍ക്കു വെള്ളമൊഴിക്കാം...
സീമാ ആന്റി എന്നെ അവിശ്വാസത്തോടെ നോക്കി.‘സത്യം? അവര്‍ക്കെവിടെയാ കിണര്‍?’
‘കിണറല്ല, ബോര്‍വെല്‍. രണ്ടാഴ്ച മുമ്പ് പണിക്കാരെ കണ്ടില്ലേ, പഴയ ബോര്‍വെല്‍ നന്നാക്കുവായിരുന്നു.’
‘പക്ഷേ-‘
‘സുപ്രിയ എന്നോടു പറഞ്ഞൂന്നേ വന്നു വെള്ളമെടുത്തോളാന്‍’.
‘എങ്കില്‍ വേഗം ചെല്ല്. എനിക്കൊന്നു കുളിക്കണം.’
പിന്നെ ഞങ്ങള്‍ വേഗം തന്നെ ബക്കറ്റുകളുമായി സുപ്രിയയുടെ വീട്ടിലേക്കു പോയി. നീളമുള്ള ഹോസില്ലാതിരുന്നതു പ്രശ്നമായി. അവരുടെ അടുക്കള മുറ്റത്തു നിന്നു ഞങ്ങള്‍ ബക്കറ്റില്‍ വെള്ളം നിറച്ച് മതിലിനു സമീപം എത്തിച്ചു.അവിടെ നിന്ന് സുധീറങ്കിളും ഭാര്യയും സുരേഷങ്കിളും ചേര്‍ന്ന് അടുക്കളയിലും ബാത്`റൂമിലും എല്ലാം എത്തിച്ചു. അതിനു ശേഷം സുപ്രിയയ്ക്കും അമ്മയ്ക്കും നന്ദി പറഞ്ഞ് ഞാനും കീര്‍ത്തിയും മടങ്ങിയെത്തിയപ്പൊള്‍ സുധീറങ്കിള്‍ ഷര്‍ട്ടൊന്നുമിടാതെ ഫാന്‍ ഫുള്‍ സ്പീഡിലിട്ട് വെറും നിലത്തിരിക്കുകയായിരുന്നു. എല്ലാവരും നന്നായി വിയര്‍ത്തിരുന്നു.
അപ്പോഴേയ്ക്കും സീമാ ആന്റി ചായ കൊണ്ടുവന്നു.
‘ഹാവൂ,’ ചായ ഊതിക്കുടിച്ച് സുധീറങ്കിള്‍ പറഞ്ഞു:‘ഇത്ര നല്ല ചായ ഞാനിതുവരെ കുടിച്ചിട്ടില്ല.’
അതു കേട്ടപ്പോള്‍ എനിക്ക് എവിടെയോ ചെറുതായി വേദനിച്ചു. ഇത്ര നല്ല ചായ കുടിച്ചിട്ടില്ലത്രെ! സുധീറങ്കിളിന്റെ വെളുത്തു വിളറിയ കുടവയര്‍. പിന്നെ പഴുത്ത മള്‍ബറിയുടെ കളറിലെ വൃത്തികെട്ട ചുണ്ടുകള്‍. ഗോപുവിന്റേതു പോലെ വായ നിറയെ ഇടമ്പല്ലുകള്‍. എനിക്കെന്തോ, ഓക്കാനം വന്നു.
‘എന്തു പറ്റി? ആരോ ചോദിച്ചു.
ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി. എന്നിട്ടും, ഒട്ടു നിയന്ത്രിച്ചിട്ടും എനിക്കു മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല.പാതിയൊഴിഞ്ഞ ചായക്കപ്പു നീക്കി വച്ച് ഞാന്‍ സ്വയം എന്നതു പോലെ പറഞ്ഞു:‘ചായ കൊള്ളാം, പക്ഷേ-'
‘‘എന്തു പക്ഷേ?’
എല്ലാവരുടേയും മുഖം വിളറിയേക്കും എന്നറിഞ്ഞിട്ടും ഞാന്‍ പറയാനുളളതു മുഴുമിച്ചു-‘ പക്ഷേ, ഈ ചായയ്ക്ക്, കണ്ടില്ലേ, ചായയ്ക്ക് വല്ലാതെ പുലയന്റെ നാറ്റം.’
*** *** *** ***