*** *** ****
Saturday, April 6, 2013
കയറ്റം
*** *** ****
Tuesday, July 17, 2012
വേഷമെന്തായാലും സുന്ദരി
ജീൻസ് ധരിച്ചാലല്ല,
മുടി ബോബ് ചെയ്യുമ്പോഴല്ല,
സ്ട്രെയ് റ്റൻ ചെയ്താലുമല്ല,
ടൈറ്റ്സും ഒട്ടിക്കിടക്കുന്ന
കുർത്തിയും ധരിച്ച് ക്യാറ്റ്വോക്ക് നടത്തിയാലുമല്ല
കവി പറഞ്ഞതു പോലെ
സന്ധ്യയുടെ ചെമപ്പു കവിളത്തു തേച്ചാലോ
നിശയുടെ നീലിമ കണ്ണുകളിൽ പകർത്തിയാലോ അല്ല,
പിന്നെയോ ?
പറയട്ടേ ഞാനാ സത്യം-
അയൽ പക്കത്തെ ജനാലയിലൂടെ കാണുമ്പോഴാണ്
വേഷമെന്തായാലും
എന്റെ ഭാര്യ സുന്ദരി!
*** *** *** ***
Sunday, February 5, 2012
എംബ്ലം
അത് പണ്ട് മേനോൻ അങ്കിൾ അമ്മയെ പെണ്ണു കണ്ടതിന്റെ സമയത്തു തുടങ്ങിയ ആ ഒരു ചെറിയ സോഫ്റ്റ് കോർണർ ഇപ്പോഴുമുള്ളതു കൊണ്ടല്ലേ എന്ന് ചേച്ചി അമ്മയെ കളിയാക്കി. അമ്മ പോടീ എന്ന് ചേച്ചിയെ വഴക്കു പറഞ്ഞു. പണ്ട് സെവന്റീസിലാണ് അമ്മയുടെ കൂടെ മേനോൻ അങ്കിൾ വർക്ക് ചെയ്തത്. അമ്മ ആലപ്പുഴ ജോയിൻ ചെയ്തപ്പോൾ അങ്കിൾ അവിടെ ക്ലർക്കായിരുന്നു. അങ്കിൾ സെവന്റിവണ്ണിൽ, പതിനെട്ടു വയസിൽ പ്യൂണായി ജോലിയിൽ കയറിയതാണ്. രണ്ടു വർഷം കൊണ്ട് ക്ലർക്കായി. അമ്മയുടെ കൂടെ ആറു മാസമേ അങ്കിൾ ആലപ്പുഴയിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ ട്രാൻസ്ഫറായി ഗുവഹത്തിയ്ക്കു പോയി. ആലപ്പുഴയിൽ ഉണ്ടായിരുന്ന സമയത്ത് അങ്കിൾ ഡെപ്പോസിറ്റ് പിടിക്കാൻ ഉപയോഗിച്ച പല ടെക്നിക്കുകളും അമ്മ പറയാറുണ്ട്. അങ്കിൾ എല്ലാ ഞായറാഴ്ചയും അതിരാവിലെ ചന്തയിലെ ഇറച്ചിക്കടയ്ക്കു സമീപം ചെന്നിരിക്കും. ഇറച്ചി വാങ്ങാൻ വരുന്ന ആളുകളുടെ കുടുംബവിശേഷങ്ങൾ കടക്കാരനോടു ചോദിച്ചറിയും . അന്ന് എല്ലാവരുമൊന്നും ഇറച്ചി വാങ്ങാറില്ലായിരുന്നത്രെ. നല്ല പണമുള്ളവർ, അല്ലെങ്കിൽ ഗൾഫുകാർ എന്നിങ്ങനെ ചിലർ മാത്രം. അഡ്രസും കാര്യങ്ങളും ചോദിച്ചറിയുന്ന അങ്കിൾ എല്ലാ തിങ്കളാഴ്ചകളിലും പുതിയ ഇടപാടുകാരേയും കൊണ്ടാണത്രെ ബാങ്കിൽ ചെന്നിരുന്നത്.
അന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എടുത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അമ്മയുടെ കൈവശമുണ്ടായിരുന്നത് ഞാനും ചേച്ചിയും ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കി ചിരിക്കുമായിരുന്നു. കഷ്ടി ഇരുപതു വയസുള്ള മെലിഞ്ഞുണങ്ങിയ അമ്മ സാരി വലിച്ചുചുറ്റി മുടിയിൽ ഒരു വലിയ റോസാപ്പൂവുമായി അന്നത്തെ സ്ഥലം ബിഷപ്പിന് ബൊക്കെ കൊടുക്കുന്നു. അല്പം അകലെ കട്ടിക്കണ്ണടയും കൂറ്റൻ കൃതാവും ബെൽബോട്ടം പാന്റും പട്ടിനാക്കൻ കോളറുള്ള ഷർട്ടുമൊക്കെയായി മേനോൻ അങ്കിളിനെയും കാണാം. വർഷം പത്തുമുപ്പതായെങ്കിലും ക്രിസ്റ്റൽ ക്ലിയർ ഫോട്ടോ.
അമ്മ മേനോൻ അങ്കിളിനെയാണു കല്യാണം കഴിച്ചിരുന്നതെങ്കിലോ എന്ന് ചേച്ചി തമാശയ്ക്കു ചോദിക്കും. പോടീ, എന്നിട്ടു വേണമായിരുന്നു ഞാൻ മുപ്പത്തഞ്ചു വയസിൽ മരിച്ചു പോവാൻ എന്ന് അമ്മ മറുപടി പറയും. ചെറുപ്പത്തിൽ തന്നെ വിഭാര്യനാകേണ്ടി വരുമെന്ന് അങ്കിളിന്റെ ജാതകത്തിലുണ്ടായിരുന്നത്രെ. അതുകൊണ്ടാണത്രെ അമ്മയെ പെണ്ണുകണ്ടെങ്കിലും കല്യാണം നടക്കാതെ പോയത്. ആ കല്യാണം നടക്കാതെ പോയതിൽ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നിരിക്കണം. എനിക്ക് ഇന്നും അമ്മ കൂടെയില്ലാതെ പറ്റില്ല. ജ്യോതിഷിനെ പോലെ സെക്കന്റ് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴെങ്ങാനും എന്റെ അമ്മ മരിച്ചുപോയിരുന്നെങ്കിൽ ഞാനെന്തുചെയ്യുമായിരുന്നു?
ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഞാൻ ഈയിടെ സ്കാൻ ചെയ്ത് ഫേസ് ബുക്കിൽ ഇട്ടിരുന്നു. ജോലിയോടുള്ള മേനോൻ അങ്കിളിന്റെ ഡെഡിക്കേഷൻ അമ്മ എല്ലയ്പോഴും വീട്ടിൽ പറയുമായിരുന്നു. അത് വീട്ടിൽ ഭാര്യയില്ലാത്തതുകൊണ്ടാണെന്ന് അച്ഛൻ തമാശയും പറയുമെങ്കിലും അച്ഛനും അങ്കിളിനെ വലിയ ബഹുമാനമായിരുന്നു. മേനോൻ അങ്കിളിനെ മാതൃകയാക്കാനാണ് അമ്മയും അച്ഛനും ഞങ്ങളോടു പറഞ്ഞത്. നാൽപ്പത്തൊന്നു വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാവുമോ ഒരേ സ്ഥാപനത്തിൽ രണ്ടുവർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ?
അങ്കിളിനെ ഹൈലൈറ്റ് ചെയ്ത് ഞാനാ ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത് ഇങ്ങനെയാണ് : വർക്കിംഗ് ഇൻ ദി സെയിം ബാങ്ക് ഫ്രം 1971!!! എത്ര കമന്റാണെന്നോ ആ പോസ്റ്റിനു കിട്ടിയത്! അതു കണ്ടു തന്നെയാണ് ജ്യോതിഷ് വിളിച്ചത്. കുശലങ്ങളൊക്കെ പരസ്പരം ചോദിച്ചു. അച്ഛൻ റിട്ടയറായതും അമ്മ വി ആർ എസ് എടുത്തതും ഇരുവരും പിന്നെ ചേച്ചിയുടെ ഡെലിവറിയ്ക്ക് യുകെയിൽ പോയതും ഞാൻ മൂന്നാമത്തെ ജോലി കളഞ്ഞ് നാലാമത്തെ ജോലിക്ക് ( ഇത്തവണ സിങ്കപ്പൂരിലേയ്ക്കാണ്) രണ്ടാഴ്ചയ്ക്കുള്ളിൽ പോവാനിരിക്കുന്നതുമെല്ലാം പറഞ്ഞു. പിന്നെ ഞാൻ മേനോൻ അങ്കിളിനെ കുറിച്ചു ചോദിച്ചപ്പോൾ ജ്യോതിഷ് തെല്ലിട നിശബ്ദനായി.
പിന്നെ ജ്യോതിഷ് പറഞ്ഞതു കേട്ടപ്പോൾ മോഹൻലാലിന്റെ തന്മാത്ര എന്ന സിനിമയാണ് എനിക്കോർമ്മ വന്നത്. മനുഷ്യർക്ക് ഇങ്ങനെയും സംഭവിക്കുമോ ? ഞാൻ പിന്നെ സംശയിച്ചില്ല. വീട്ടിലാണെങ്കിൽ ആരുമില്ല. എനിക്കാണെങ്കിൽ നല്ല ബോറടി. എല്ലാം മാറ്റാം, ഒരു ചെറിയ ടൂറുമാവുമല്ലോ എന്ന തരത്തിലാണ് ഞാൻ അപ്പോൾ തന്നെ ചേർത്തലയ്ക്കു പുറപ്പെട്ടത്.
ഹൈവേയുടെ സൈഡിൽ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു നല്ല വീടായിരുന്നു അങ്കിളിന്റേത്. മുറ്റത്ത് ഒരു വെളുത്ത വെന്റോ. വീട് അങ്കിളല്ല ജ്യോതിഷാണ് പണികഴിപ്പിച്ചതെന്ന് പറയേണ്ടതില്ലല്ലോ. നന്നായി ജോലി ചെയ്തിട്ടും ഒരു ചീഫ് മാനേജർ മാത്രമാവാൻ മാത്രം സാധിച്ച മേനോൻ അങ്കിളിന് സാധ്യമാവുന്നതിനെക്കാൾ വലിയ വീട് അഞ്ചു വർഷം മാത്രം സർവീസുള്ള മകന് വയ്ക്കാൻ സാധിച്ചതിൽ അദ്ഭുതമൊന്നുമില്ല. അത്രയ്ക്കാണ് സാലറിയിലെ ഡിഫറൻസ്.
ഞാൻ ചെന്നു കയറുമ്പോൾ ജ്യോതിഷിന്റെ രണ്ടു മൂന്നു സുഹൃത്തുക്കളെ കൂടാതെ അങ്കിളിന്റെ കൂടെ ജോലി ചെയ്ത രണ്ടു പേരുമുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് വലിയ സങ്കടമായിരുന്നു. ജ്യോതിഷ് പുറത്തേയ്ക്കിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
ഞങ്ങളാരും അറിഞ്ഞില്ല എന്നു പിറുപിറുക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. അകത്തു കയറിയ എനിക്ക് ജ്യോതിഷിന്റെ ചിറ്റ സോഫ്റ്റ് ഡ്രിങ്ക്സ് തന്നു. ഞാൻ എല്ലാവരുമായി പരിചയപ്പെട്ടു. അപ്പോഴേയ്ക്കും എന്തോ അത്യാവശ്യത്തിന് ജ്യോതിഷ് പുറത്തേയ്ക്കു പോയി.
'കാര്യങ്ങളൊക്കെ അറിഞ്ഞുകാണുമല്ലോ', അങ്കിളിന്റെ കൂടെ പണ്ടു വർക്കു ചെയ്ത വർഗീസങ്കിൾ എന്നോടു ചോദിച്ചു.
'മേനോൻ അങ്കിളിന് എന്തോ സൈക്കിക് പ്രോബ്ലമാണെന്ന് അറിയാം, ആഫ്റ്റർ ഹിസ് ഡിസ്മിസ്സൽ'.
'ഈ വട്ട് പണ്ടു മുതലേ ഉള്ളതാ. ഡിസ്മിസലുമായി ബന്ധമൊന്നുമില്ല'. മറ്റേ അങ്കിൾ പറഞ്ഞു.
എല്ലാവരുമായി പരിചയപ്പെട്ടെങ്കിലും വർഗീസങ്കിളിന്റെ പേരു മാത്രമേ എന്റെ മനസിൽ നിന്നുള്ളൂ. പണ്ടേ ഞാനങ്ങനെയാണ്; പേരു മനസിൽ പതിയാൻ രണ്ടു മൂന്നു തവണയെങ്കിലും കണ്ടുമുട്ടണം.
'പുള്ളിക്ക് പണ്ടേ ബാങ്ക് ബാങ്ക് എന്ന ഒറ്റച്ചിന്തയാ. മോളുടെ കല്യാണം തന്നെ വല്ലവരുമാ നടത്തിച്ചതെന്നു പറയാമല്ലോ', ആ അങ്കിൾ അല്പം രോഷത്തോടെ തുടർന്നു.' കാലവും ബാങ്കും മാറുന്നത് ഒറ്റയ്ക്കു തടുക്കാൻ നോക്കിയാൽ സാധിക്കുമോ ?
'ആക്ച്വലി എന്താ സംഭവിച്ചത് ?' ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു.
ജ്യോതിഷിന്റെ ഒരു സുഹൃത്ത്, കീഴ്ത്താടിയിൽ കറുത്ത മറുകുള്ള തടിയൻ, മേശപ്പുറത്തുള്ള ഒരു പഴയ പാസ് ബുക്കെടുത്തു കാട്ടി എന്നോടു ചോദിച്ചു: 'ഇതെന്താണെന്നറിയാമോ ?
'പാസ് ബുക്ക്'
'അതോക്കെ. ഇതോ ?' ചൂണ്ടിയത് പാസ്ബുക്കിലെ ബാങ്കിന്റെ എംബ്ലം.
'എംബ്ലം'. ഞാൻ പറഞ്ഞു. ഇതെന്തു വട്ടാക്കലാണെന്ന് എനിക്കു തോന്നി. നെല്ലുവിളഞ്ഞു നിൽക്കുന്ന പാടശേഖരവും പശുവും കിടാവും ദൂരെ ഫാക്ടറിയുടെ പുകക്കുഴലും ഒരുമിച്ചു കണ്ടാൽ ഏതു ബാങ്കിന്റെ എംബ്ലമാണെന്ന് കേരളത്തിൽ ആർക്കാണ് അറിയാത്തത്?
'ഇതു തന്നെയാണ് മേനോൻ സാറിന്റെ മനപ്രയാസത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റ്'. വർഗീസ് അങ്കിൾ പറഞ്ഞു.
എല്ലാവരും ചേർന്ന് പലശബ്ദങ്ങളിൽ പറഞ്ഞ കാര്യങ്ങൾ സത്യത്തിൽ എനിക്കു മനസിലാക്കാനാവുന്നതിനപ്പുറത്തായിരുന്നു. ബാങ്ക് വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന എംബ്ലം പുതിയ കാലഘട്ടത്തിൽ ഒന്നു പരിഷ്കരിക്കണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. അതു പ്രകാരം ബാങ്കിന് പുതിയ എംബ്ലവും ബോർഡുകളും മറ്റും ഏർപ്പാടാക്കി. സത്യം പറഞ്ഞാൽ പുതിയ എംബ്ലത്തിന്റെ അർഥം എന്താണെന്ന് മനസിലാവില്ലെങ്കിലും മെറൂൺ കളറിലുള്ള ആ കെട്ടുപുള്ളിയും മറ്റും വളരെ ആകർഷകമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.
'ഈ എംബ്ലം മാറ്റിയതിനാണോ അങ്കിൾ കോമയിലായത് ?
'അങ്ങനെയല്ല', ജ്യോതിഷിന്റെ മറ്റേ സുഹൃത്ത്, കാതു കുത്തിയ നീണ്ട മുടിക്കാരൻ പറഞ്ഞു: ' എംബ്ലം മാറ്റുന്ന വിവരം ആരെയും അറിയിക്കാതെ പെട്ടന്നൊരു ദിവസം മാറ്റുകയായിരുന്നു. ഒരു ദിവസം അങ്കിൾ ബാങ്കിൽ ചെന്നപ്പൊ മുകളിൽ പുതിയ ബോർഡ്. സ്ഥലം മാറിപ്പോയെന്നു കരുതി അങ്കിൾ കാർ തിരിക്കാൻ തുടങ്ങിയതായിരുന്നു'.
'സാറിനത് വലിയ വിഷമമായി. ഇതിപ്പൊ ഫോറിൻ ബാങ്ക് പോലാകുമോ സാറേ എന്ന് കസ്റ്റമേഴ്സ് പറയാൻ തുടങ്ങി. അന്നു വൈകീട്ട് സാറാകെ വിഷമത്തിലായിരുന്നു. വി ആർ എസ് എടുത്താലോ എന്ന് ഞാനുമായി ഡിസ്കസ് ചെയ്തു. എന്തിനാ സാറേ, ഇനി മൂന്നു വർഷം കൂടല്ലേ ഉള്ളൂ എന്നു ഞാൻ പറഞ്ഞു'.
'പിറ്റേന്ന് സാറെന്തു ചെയ്തെന്നോ, ഒരു വലിയ ഫ്ലക്സ് അടിച്ചു, ബാങ്കിന്റെ പഴയ എംബ്ലവും കളറുമൊക്കെ ആയി. അത് കൊണ്ടുചെന്ന് പുതിയ നെയിം ബോർഡിനു മുകളിലിട്ടു'
'പണികിട്ടിക്കാണുമല്ലോ?'
'സ്റ്റാഫ് ചിരിച്ചു. എങ്ങനെയോ ഹെഡോഫീസിൽ കാര്യമറിഞ്ഞു. രണ്ടു ദിവസത്തിനകം അങ്കിളിന് എറണാകുളം സോണൽ ഓഫീസിലേക്ക് ട്രാൻസ്ഫർ.'
'എന്നിട്ട് ?'
'ചുമ്മാ ബ്രാഞ്ചിലിരുത്തിയാൽ മതിയായിരുന്നു, ഒരു കുഴപ്പവുമില്ലായിരുന്നു. പതിയെ ശരിയാകാമായിരുന്നു. സോണൽ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്തത് കഷ്ടമായി. അവിടെ എംബ്ലം മാറ്റിയതിനെതിരെ യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണയും മറ്റും നടക്കുന്നുണ്ടായിരുന്നു. ബാങ്കിന്റെ വികസനത്തിന് വിലങ്ങുതടിയാണ് യൂണിയൻ എന്നു വിശ്വസിച്ചിരുന്ന മേനോൻ സാർ ജീവിതത്തിലൊരിക്കലും യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ല, സമരദിവസങ്ങളിൽ ബാങ്കിൽ വരാറില്ലായിരുന്നു എന്നതൊഴിച്ചാൽ.'
'പക്ഷെ സോണൽ ഓഫീസിൽ മേനോൻ സാർ കൊടുങ്കാറ്റായി. എല്ലാവർക്കും അത് അതിശയമായി. ചീഫ് മാനേജർ എന്ന നിലയ്ക്ക് മേനോൻ സാറിന് വർക്ക്മെൻ യൂണിയനുകളിൽ അംഗമാവാൻ പാടില്ലായിരുന്നു. എന്നിട്ടും അവരുടെ ധർണ്ണയിൽ പങ്കെടുക്കുക, മുദ്രാവാക്യം മുഴക്കുക, പ്രസംഗിക്കുക എന്നൊക്കെയായാൽ സസ്പെൻഡ് ചെയ്യാതെ എന്തു ചെയ്യും?'
'അങ്ങനെ സസ്പെൻഷനായി.'
'വല്ല കാര്യോമൊണ്ടോ?'
'ഞാനീ പ്രായത്തിൽ തന്നെ കമ്പനി നാലായി. ഏതാ ഇപ്പത്തെ കമ്പനീടെ എംബ്ലം എന്നു ചോദിച്ചാൽ നോ ഐഡിയ'
'സിം മാറ്റി നോക്ക് ഐഡിയ വരും'
'എന്താ ?'
'തമാശ പറഞ്ഞതാടാ.'
'ഒന്നു പോടാ.'
ചെറിയ നിശബ്ദത.
ഞാൻ പതിയെ സിഗരറ്റ് കത്തിച്ചു. മേനോൻ അങ്കിൾ സസ്പെൻഷൻ കിട്ടിയിട്ടും അടങ്ങിയിരുന്നില്ലത്രെ. വീടുപണിക്ക് ഇറക്കിയ മെറ്റൽ ഒരു ബിഗ് ഷോപ്പറിലെടുത്ത് ഒരു ദിവസം രാത്രി കാറുമായി അങ്കിൾ ഇറങ്ങി. എറണാകുളം മുതൽ ആലപ്പുഴ വരെ ഹൈവെ സൈഡിൽ ഉണ്ടായിരുന്ന ബ്രാഞ്ച് ബോർഡുകളെല്ലാം ഒന്നൊഴിയാതെ എറിഞ്ഞുതകർത്തു. എന്നിട്ട് മിണ്ടാതിരുന്നാൽ പോരായിരുന്നോ? ഇല്ല. തകർത്ത വിവരം പുലർച്ചെ തന്നെ ഫോണിൽ സോണൽ ഹെഡിനെ അറിയിച്ചു. ചെയർമാൻ മുതലുള്ള മറ്റു ടോപ് എക്സിക്യൂട്ടീവ്മാർക്ക് ഇമെയിൽ അയച്ചു. രാവിലെ തന്നെ ഡിസ്മിസൽ ഓഡറും പോലീസും ഒരുമിച്ചാണ് വീട്ടിലെത്തിയത്. പോലീസിനെ കണ്ടതും മേനോൻ അങ്കിൾ ആകെ തളർന്നു. 'എന്റെ ബാങ്ക് എന്റെ ബാങ്ക്' എന്ന് അവ്യക്തമായി ഉച്ചരിച്ച് പോലീസ് ജീപ്പിൽ കയറിയ കാര്യം പറയുമ്പോൾ ജ്യോതിഷിന്റെ ചിറ്റ വിതുമ്പിപ്പോയി.
അങ്കിളിന്റെ സേവനങ്ങൾ പരിഗണിച്ച് പോലീസ് കേസിൽ മുന്നോട്ടു പോവണ്ട എന്നു ബാങ്ക് തീരുമാനിച്ചു. തിരിച്ചെത്തിയ അങ്കിൾ പിന്നെ ഇന്നുവരെ ആരോടും സംസാരിച്ചിട്ടില്ല. മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സ്വന്തമായി ഒന്നും ചെയ്യുന്നില്ല. ആരെയും തിരിച്ചറിയുന്നുമില്ല.
ഇനി എന്തു ചെയ്യും എന്നറിയാനാണ് ജ്യോതിഷ് എല്ലാവരെയും വിളിച്ചു ചേർത്തിരിക്കുന്നത്.
എന്തു ചെയ്യും? ഞാനും ചിന്തിച്ചു.
സൈക്കാസ്ട്രിസ്റ്റ് പോലും ഉപേക്ഷിച്ചിരിക്കുന്ന കേസാണ്. ഒരു പ്രതികരണവുമില്ലാത്ത ആളെ എങ്ങനെയാണ് ചികിത്സിക്കുക?
അപ്പോഴേയ്ക്കും ജ്യോതിഷ് മടങ്ങി വന്നു.
'എന്തായി?'
കാറിന്റെ കീ ടീപ്പോയി മേലിട്ട് ജ്യോതിഷ് സോഫയിലേക്കു വീണു. ജ്യോതിഷ് ആകെ ക്ഷീണിച്ചിരുന്നു.
'അപ്പൊ സ്ഥലം ഓക്കെ. ഇനി ബാക്കി കാര്യങ്ങളാണ്. എനിക്ക് വലിയ ഐഡിയ ഇല്ലെന്നറിയാല്ലോ.'
എടോ ഇതൊരു പരീക്ഷണം മാത്രമാ. ലെറ്റസ് സീ എന്താവുമെന്ന്.
'എന്താ കാര്യമെന്ന് മനസിലായോ ?' മറുകുള്ള തടിയൻ ചോദിച്ചു. 'കമലഹാസന്റെ വസൂൽരാജാ എംബിബിഎസ് കണ്ടായിരുന്നോ ?
'ഓ ഇല്ല.'
പോട്ടെ സാരമില്ല. അതിൽ വീട്ടുകാരെ പറ്റിക്കാൻ കമലഹാസൻ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കുന്നുണ്ട്. നമ്മൾ അതുപോലെ ഒരു ബാങ്കാണ് ഉണ്ടാക്കാൻ പോകുന്നെ. ഇവന്റെ അച്ഛനെ പറ്റിക്കാൻ'.
ഞാൻ അദ്ഭുതത്തോടെ നോക്കി.
'ഒരു പരീക്ഷണമാ. പഴയ എംബ്ലമൊക്കെ വച്ച് ഒരു ബ്രാഞ്ച്. സ്റ്റാഫും കസ്റ്റമേഴ്സും ഒക്കെ വന്ന് ഒരു ബഹളമൊക്കെ ആവുമ്പൊ അച്ഛൻ എങ്ങനെ റെസ്പോണ്ട് ചെയ്യുന്നു എന്നു കാണണം. റെസ്പോണ്ട് ചെയ്യും എനിക്കുറപ്പാ.
ജ്യോതിഷ് അല്പ സമയത്തേക്ക് നിശബ്ദനായി. ചിറ്റ അപ്പോഴേയ്ക്കും ചോറെടുത്തു. മറുകുള്ള തടിയനും വർഗീസങ്കിളുമൊഴികെ മറ്റെല്ലാവരും പിറ്റേന്നു കാണാമെന്നു പറഞ്ഞ് മടങ്ങി.
ഞങ്ങൾ ചോറു കഴിക്കാനിരുന്നു.
'എസ് എൽ പുരത്തെ ബ്രാഞ്ചുണ്ടല്ലോ', വർഗീസങ്കിൾ പറഞ്ഞു.' ആ ബ്രാഞ്ച് മൂന്നു മാസം മുൻപ് ആലപ്പുഴ മെയിൻ ബ്രാഞ്ചുമായി മെർജ് ചെയ്തു. എംബ്ലം മാറ്റുന്നതിനു മുൻപു തന്നെ ബാങ്കിന്റെ സ്വഭാവവും മാറിത്തുടങ്ങിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചാർജുകൾ, അഗ്രികൾച്ചർ-എജ്യുക്കേഷൻ ലോണുകൾ കൊടുക്കാതിരിക്കുക എന്നിങ്ങനെ അൺപോപുലർ ആയ കാര്യങ്ങളാണ് മാനേജ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരുന്നത്. പണമുള്ളവർക്കാകട്ടെ വളരെ മികച്ച സർവീസും. ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാനാവാത്തതിനാൽ മറ്റു പലരെയും പോലെ ഞാനും വി ആർ എസ് എടുത്തു. പക്ഷെ എന്റെ മക്കൾക്കും മരുമക്കൾക്കുമൊക്കെ പുതിയ സെറ്റപ്പാണ് പഥ്യം. അവരാരും നമ്മുടെ ബാങ്കിൽ പോവാറില്ലല്ലോ.'
'എന്റെ അക്കൗണ്ട് എച് ഡി എഫ് സീലാ'. ഞാൻ പറഞ്ഞു. 'എന്തു നല്ല സർവീസാണെന്നോ'.
'എന്റെ അക്കൗണ്ട് ആക്സിസിലാ' ജ്യോതിഷ് പറഞ്ഞു. ' അച്ഛൻ അതിനെന്നെ എത്ര വഴക്കു പറഞ്ഞിട്ടുണ്ടെന്നോ. ഞാനീ നിലയിലാവാൻ കാര്യം നമ്മുടെ ബാങ്കാ എന്നൊക്കെ ഇടയ്ക്കിടെ പറയും. വോട്ട് കാൻ ഐ ഡു? സാലറി അക്കൗണ്ടാ'.
'പക്ഷെ അങ്കിൾ, എംബ്ലം മാറ്റിയപ്പൊ ബാംഗ്ലൂരൊക്കെ ബാങ്കിന് ഒരു ലുക്കൊക്കെ ആയിട്ടൊണ്ട്. പഴയ എംബ്ലത്തിന് ഒരു അഗ്രിക്കൾച്ചർ ബാങ്കിന്റെ ലുക്കായിരുന്നു. ഇപ്പൊ റോയലാണ്'.
'ഫാക്റ്റാണ്. പക്ഷെ പഴയ രീതികളെല്ലാം മാറി എന്നതാ പ്രശ്നം'.
'ഓ'.
എസ് എൽ പുരത്തെ അടച്ചുപോയ ബ്രാഞ്ച് ഒരുദിവസത്തേയ്ക്ക് ജ്യോതിഷ് റെഡിയാക്കിയിട്ടുണ്ട്. അവിടെയൊക്കെ ഒന്നു തൂത്തു വൃത്തിയാക്കി പഴയ ബ്രാഞ്ചിന്റെ ഒരു സെറ്റപ്പൊക്കെയാക്കി വരുന്ന ഞായറാഴ്ച മേനോൻ അങ്കിളിനെ ഒന്നു കൂട്ടിക്കൊണ്ടു പോണം. മാനേജരുടെ കസേരയിലിരുത്തുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും ഒരു മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.
'ഒന്നു കരഞ്ഞുകിട്ടിയാലും മതി', ജ്യോതിഷ് പറഞ്ഞു.' ബാക്കി നമുക്ക് ശരിയാക്കാം'.
ലെറ്റസ് ഹോപ് ഫോർ ദി ബെസ്റ്റ്.
ഉറങ്ങാൻ കിടന്ന മുറിയിൽ ഞാൻ അല്പസമയം ആലോചനയിലായിരുന്നു. ബാങ്കിന്റെ എംബ്ലം മാറിയതിന് ഒരു മനുഷ്യൻ ഭ്രാന്തു കാണിക്കുമോ ? മറ്റെന്തെങ്കിലും കാരണം ? ചെറുപ്രായത്തിൽ ഭാര്യ മരിച്ചതിന്റെ കാരണമായുണ്ടായ സെക്ഷ്വൽ ഡിസ്അഡ്വാന്റേജും ഇതും തമ്മിൽ ? ഹേയ്, അതൊന്നുമാവില്ല.
കൂടുതൽ തല പുകയ്ക്കാൻ ഞാൻ നിന്നില്ല. അല്പസമയം ഫേസ് ബുക്കിൽ കയറി. ഒരു സിഗരറ്റു കൂടി വലിച്ച് അമ്മ കൂടെയില്ലാത്തത് ആഘോഷിച്ചു. എന്നിട്ടും ഉറക്കം വരാത്തതുകൊണ്ട് ഒന്നു രണ്ടു മണിക്കൂർ പോൺ സൈറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. പിന്നെ ഉറങ്ങി.
വെള്ളിയും ശനിയും ഞങ്ങൾ ബ്രാഞ്ച് പഴയ രീതിയിൽ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. പ്രണവിന്റെ (മറുകുള്ള തടിയൻ) സിസ്റ്റർ കാഷ്യറായി വേഷം കെട്ടാമെന്നേറ്റു. ഞാൻ അസിസ്റ്റന്റ് മാനേജർ. വർഗീസങ്കിൾ ലോൺ സെക്ഷനിൽ. പ്യൂണായി ഒരു ബാബു. ആൾക്കാരെല്ലാം റെഡിയായിരുന്നു. ആകെ പൊടിപിടിച്ചു കിടന്ന പഴയ ബ്രാഞ്ച് ഒന്നു തൂത്തെടുക്കുക എന്നതായിരുന്നു വലിയ പണി. പൊടിയലർജിയുള്ളതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഒരു പൈന്റ് വോഡ്ക സുഖമായി തീർത്തു. ഒരുവേള മുകളിലെ മുറിയിൽ പോയി മേനോൻ അങ്കിളിനെ ഒന്നു കണ്ടാലോ എന്നു കരുതിയതാണ്. പിന്നെ വേണ്ടന്നു വച്ചു.
ബ്രാഞ്ച് ബോർഡായി ഒരു ഫ്ലക്സ് അടിച്ചു. നാട്ടുകാർക്ക് സംശയമുണ്ടാവാതിരിക്കാൻ ഒരു ടെലിഫിലിമിന്റെ ഷൂട്ടിംഗാണെന്നാണു പറഞ്ഞിരുന്നത്. പിന്നെ ബ്രാഞ്ചിലെ സ്റ്റേഷനറി സാധനങ്ങൾ. സ്ലിപ്പുകൾ, ചെക്കുബുക്കുകൾ, പാസ് ബുക്ക്, ടെലിഫോൺ- അങ്ങനെ ഒരു ബ്രാഞ്ചിന്റെ ലുക്കിനു വേണ്ടി ശ്രമിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ ഇവിടെങ്ങും നിൽക്കില്ലെന്നു മനസിലായി.
'ഇതൊക്കെ ധാരാളമാടോ', കാഷ് ടോക്കൺ എങ്ങനെ സംഘടിപ്പിക്കും എന്ന് പ്രണവ് സംശയിച്ചപ്പോൾ വർഗീസങ്കിൾ പറഞ്ഞു. ബ്രാഞ്ചിൽ വ്യക്തമായി കാണാവുന്ന വിധത്തിൽ പഴയ എംബ്ലം പ്രിന്റെടുത്ത് അങ്ങുമിങ്ങും ഒട്ടിച്ചിരുന്നു. മാനേജരുടെ ടേബിളിലെ ഗ്ലാസിനടിയിൽ വലിയൊരു പ്രിന്റ്. കമ്പ്യൂട്ടറിൽ സ്ക്രീൻ സേവറായും ഡെസ്ക് ടോപ്പ് ഇമേജായും എംബ്ലം തന്നെ. സുബോധമുള്ള ഒരാൾക്ക് സമനിലതെറ്റാവുന്ന തരത്തിലാണ് കാര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഇടയ്ക്കൊക്കെ എനിക്ക് തോന്നിയിരുന്നു.
കാര്യങ്ങളെല്ലാം ചിത്രീകരിക്കുന്നതിനും തനിക്കു പിന്നീടു കാണുന്നതിനുമായി എൻട്രൻസും മാനേജർ കാബിനും വ്യക്തമായി രേഖപ്പെടുത്തുന്ന രണ്ടു കാമറകളും ജ്യോതിഷ് ഒരുക്കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് ഹോം നഴ്സ് വന്ന് മേനോൻ അങ്കിളിനെ ഷേവൊക്കെ ചെയ്ത് കുളിപ്പിച്ച് മരുന്നൊക്കെ കൊടുത്ത് ഉറക്കി.
ഞായറാഴ്ച. ജ്യോതിഷ് രാവിലെ അമ്പലത്തിൽ പോയി വന്നു. ചിറ്റ അങ്കിളിന് ഷർട്ടും പാന്റും തേച്ചു വച്ചിരുന്നു. ജ്യോതിഷ് അതെടുത്തു ധരിപ്പിച്ച് അങ്കിളിനെ കൈപിടിച്ച് താഴത്തേയ്ക്കു കൊണ്ടുവന്നു. എനിക്കതിശയം തോന്നി. അല്പം നരച്ചു എന്നല്ലാതെ അങ്കിളിന് ഒരു മാറ്റവുമില്ല. എന്നെ കണ്ടു, നോക്കി. പക്ഷെ തിരിച്ചറിഞ്ഞ ഭാവം കാട്ടിയില്ല. ഞാനും അങ്ങനെ തന്നെ.
ഞാൻ ഒരു അസിസ്റ്റന്റ് മാനേജർ എന്നതുപോലെ പറഞ്ഞു:'ഈ വഴി പോവുന്നതുകൊണ്ട് കയറിയതാ. ഇന്ന് ഏജീഎമ്മിന്റെ വിസിറ്റുണ്ടല്ലോ, അല്ലേ?
ഒരു ഭാവവും ആ മുഖത്തു വന്നില്ല. വേണ്ട, മോനേ, ഒന്നു ബ്രാഞ്ച് എത്തിയ്ക്കോട്ടെ. ആ എംബ്ലങ്ങളൊക്കെ ഒന്നു കാണ്. എന്നിട്ടും മൂങ്ങയായി ഇരിക്കാൻ പറ്റുമോ എന്നു നോക്ക്. ഞാൻ മനസിൽ പറഞ്ഞു.
മേനോൻ അങ്കിൾ മുൻ സീറ്റിൽ തന്നെ ഇരുന്നു. ഞാനാണ് ഓടിച്ചത്. ജ്യോതിഷ് ബൈ പറഞ്ഞ് വീട്ടിൽ തന്നെ തൽക്കാലം നിന്നു.
പതിനഞ്ചു മിനിട്ടുകൊണ്ട് ഞങ്ങൾ ബ്രാഞ്ചിനു മുന്നിലെത്തി. മുന്നിലെ വാതിൽ ചെറുതായി തുറന്നിരുന്നു. എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ശൂന്യമായ റോഡ്. അടഞ്ഞുകിടക്കുന്ന കടകൾ. കൂടെയിരിക്കുന്നത് ഒരു പ്രേതമാണെന്നാണ് എനിക്കു തോന്നിയത്. എന്റെ കഴുത്തെങ്ങാനും ഞെരിച്ചാലോ ?
ഞാൻ ധൈര്യം സംഭരിച്ച് അങ്കിളിന്റെ മുഖത്തു നോക്കി. അതേ നിർവികാരത. കൈപിടിച്ച് പുറത്തിറക്കി. പതിയെ അകത്തേയ്ക്കു കൊണ്ടു പോയി. കാബിനിലിരുത്തി. നേരത്തെ പറഞ്ഞപ്രകാരം വർഗീസ് അങ്കിൾ മാനേജരുടെ ഫോണിലേയ്ക്ക് കസ്റ്റമർ അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ നിന്ന് എന്ന മട്ടിലൊക്കെ ഫോൺ ചെയ്യാൻ തയ്യാറായി കാഷ് കാബിനു സമീപം ഇരുന്നിരുന്നു. ഞാൻ ആംഗ്യം കാണിച്ചപ്പോൾ വർഗീസ് അങ്കിൾ ഫോണെടുത്തു. മാനേറുടെ ഫോൺ ശബ്ദിച്ചെങ്കിലും മേനോൻ അങ്കിൾ അനങ്ങിയില്ല. ഞാനാണ് ഓടിച്ചെന്ന് ഫോണെടുത്തത്.
'ഹലോ, അതെ, സാറുണ്ട്' ഞാൻ അങ്കിളിന് ഫോൺ നീട്ടി.' സോണൽ ഓഫീസീന്നാണ്. സാറിനെയാ ചോദിക്കുന്നത്.'
ഒരനക്കവുമില്ല. കണ്ണുകൾ ശൂന്യതയിൽ.
'സർ,' ഞാൻ വീണ്ടും വിളിച്ചു.
ഇതു രക്ഷപെടുന്ന കേസല്ല എന്ന് എന്റെ മനസിൽ ആരോ പറഞ്ഞതുപോലെ. ഞാൻ ഫോൺ വച്ച് പുറത്തേക്കു നടന്നു. എനിക്കാകെ സങ്കടം തോന്നി. മേനോൻ അങ്കിൾ പ്രതികരിക്കാത്തതുകൊണ്ടല്ല, ഈ പ്രയത്നമൊക്കെ വേയ്സ്റ്റായല്ലോ എന്നോർക്കുമ്പൊ സഹിക്കാനാവുന്നില്ല. ജ്യോതിഷിനെ ഓർക്കുമ്പോഴാ അതിലും കഷ്ടം തോന്നുന്നത്.
പെട്ടന്ന് ജ്യോതിഷിന്റെ ഫോൺ വന്നു: 'എങ്ങനെയുണ്ട് മച്ചാ, എനി റെസ്പോൺസ് ?
'നതിംഗ്'.
പത്തു മിനിട്ടിൽ എങ്ങനെയാണ് ജ്യോതിഷ് എത്തിയതെന്നാണ് എനിക്കദ്ഭുതമായത്. സങ്കടവും ദേഷ്യവും ചേർന്ന് ആകെ ചുവന്നു വിറച്ചാണ് ജ്യോതിഷ് എത്തിയത്. ഞങ്ങളോട് ഒന്നും ചോദിക്കാതെ നേരെ കാബിനിലേക്കു കയറി. ഞങ്ങളും പിറകെ ചെന്നു.
'അച്ഛാ,' ജ്യോതിഷ് അലറി. ' ബാങ്ക് എംബ്ലം മാറിയതിന് ഞങ്ങളെന്തു പിഴച്ചു? അച്ഛന്റെ ഇഷ്ടത്തിനാണോ ബാങ്കിന്റെ മാനേജ്മെന്റ് നടക്കണ്ടത്?'
ഒരനക്കവുമില്ല.
ജ്യോതിഷിന്റെ ശബ്ദം താഴ്ന്നു. വിതുമ്പിപ്പോയി: 'അച്ഛാ, കാലം മാറുമ്പൊ എല്ലാം മാറും. എന്നെ നോക്ക്, ഞാൻ മാറീല്ലേ, പഴയ കൊച്ചു കുട്ടിയാണോ ഞാൻ ? എന്നെ ഒരു എംബ്ലമായി കരുതിയാൽ ഞാൻ മാറി എന്നു പറഞ്ഞ് അച്ഛൻ എന്നെയും വേണ്ടെന്നു വെക്കുമോ?
ബോധമുള്ള ഏതു മനുഷ്യനും മറുപടി പറയുമായിരുന്നു എന്നെനിക്കു തോന്നി. മേനോൻ അങ്കിൾ ഇപ്പോഴും പഴയപടി. ഞാൻ ജ്യോതിഷിന്റെ തോളത്തു കയ്യിട്ട് പുറത്തേയ്ക്കു നടന്നു. വരാന്തയിൽ ചെന്ന് ഞാനൊരു സിഗരറ്റെടുത്തു. ഒന്ന് ജ്യോതിഷിനും നീട്ടി.
'ഹാർഡ് വെയർ ഒബ്സൊലേറ്റാണെങ്കിൽ ലേറ്റസ്റ്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല മച്ചീ,' സിഗരറ്റു ചുണ്ടത്തു വെക്കും മുൻപ് ഞാൻ പറഞ്ഞു.
പിന്നെ, കാറ്റത്ത് രണ്ടു കൊള്ളി കെട്ടുപോയെങ്കിലും മൂന്നാമത്തെ കൊള്ളിയിൽ എനിക്ക് സിഗരറ്റ് കത്തിക്കാൻ സാധിച്ചു.
**** **** ****
Thursday, November 10, 2011
എന്റെ ഫസ്റ്റ് ലൈൻ
എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് ആദ്യം ആണ് പെണ്ണിനോടാണോ അതോ പെണ്ണ് ആണിനോടാണോ പറയേണ്ടതെന്ന് എനിക്കറിയില്ല. ആണാണ് പറയേണ്ടതെന്നും പെണ്ണാണ് പറയുന്നതെങ്കിൽ അവൾ 'പിശക്' ആയി മുദ്ര കുത്തപ്പെടുമെന്നുമാണ് അന്വേഷണത്തിൽ എനിക്കു ലഭിച്ച വിദഗ്ദ്ധാഭിപ്രായം. ജീവിതത്തിന്റെ ഈയൊരു ഘട്ടത്തിൽ ഐ ലവ് യു പറയാൻ പോയി പിശക് എന്ന ലേബലിന് അടിമയാവാൻ പോലും ഞാൻ തയ്യാറാണ് . ഒരു 'സോറി എനിക്ക് നിങ്ങളെ ഇഷ്ടമല്ല' എന്ന മറുപടിയോ 'കണ്ണാടി നോക്കിയിട്ടു തന്നെയാണോ എന്നോടീ പറച്ചിൽ' എന്ന പരിഹാസമോ കേൾക്കേണ്ടി വരുമായിരിക്കും. തീർന്നു. ആ അധ്യായം കഴിയും, ഞാനെന്റെ പാടും നോക്കി പോവും. അത്ര തന്നെ.
പക്ഷെ ഞാനിന്ന് പെട്ടുപോയ ദശാസന്ധി (ഒരു ഗംഭീരവാക്കായതുകൊണ്ട് ഉപയോഗിക്കുകയാണ് . അർത്ഥത്തെക്കുറിച്ച് നോ ഐഡിയ) എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചുകള്ളൻ കുട്ടിക്കുറുമ്പൻ . അവൻ എന്റെ കൂടെ ഒന്നു രണ്ടാഴ്ച , കൃത്യമായി പറഞ്ഞാൽ പതിനാറു ദിവസം ഒരു വീട്ടിൽ കഴിഞ്ഞു കൂടി. ഒരു ഭർത്താവു ചെയ്യുന്നതു പോലെ പാചകം, അലക്കൽ, തേയ്ക്കൽ, തൂക്കൽ തുടങ്ങി മറ്റേ മേജർ വർക്കൊഴികെയുള്ള എല്ലാം ആ പാവം ചെയ്തു. എന്നെ പേടിച്ചിട്ടാണ് ആദ്യം എല്ലാം ചെയ്തു തുടങ്ങിയത് . പിന്നെ അവന് ഇതുപോലത്തെ ഡൂക്ലി ജോലികൾ ഒരു ഹരമായി. പെൺകുട്ടികളുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള മസിലോ, സൈസോ , വാചകമടിയോ എന്നു വേണ്ട എടുത്തുപറയത്തക്ക ഒന്നും ആ ചെക്കന് ഇല്ലായിരുന്നു എന്നും കൂടി പറയട്ടെ. എന്നാലോ, സിഗരറ്റു വലി, വൃത്തിയില്ലായ്മ, മടി, തീറ്റക്കൊതി തുടങ്ങി നെഗറ്റീവുകൾ ധാരാളവും. എന്നിട്ടും ഞാനറിയാതെ എങ്ങനെയോ അവനെ പ്രേമിച്ചു പോയി എന്നതാണു പോയിന്റ് . അതും ധീരയായ ഞാൻ!
അതിനിടയ്ക്ക് ഞാനൊരു മണ്ടത്തരം ചെയ്തു. എനിക്ക് വേറൊരാളോട് , മസിലുള്ള, തൊലിവെളുത്ത, വാചകമടിയ്ക്കുന്ന ഒരാളോട് ഒരു ചെറിയ ഇഷ്ടം തോന്നി. സ്കൂളിലൊക്കെ പഠിക്കുമ്പൊ നമുക്ക് അരവിന്ദ് സ്വാമിയോടൊക്കെ ഒരു ഇഷ്ടം തോന്നിയിരുന്നില്ലേ, അതുപോലെ . പക്ഷെ കഷ്ടകാലത്തിന് ഞാനിക്കാര്യം അവനോടു പറഞ്ഞു . അയാൾ ക്ഷണിച്ച ഒരു പരിപാടിക്കു പോവുന്നതിന് എന്റെയീ കുട്ടിക്കുറുമ്പനാണ് എന്നെ അണിയിച്ചൊരുക്കിയത് . എന്നെ അയാൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി. പക്ഷെ എന്നെ ഒരുക്കിയ ആളെ തന്നെയാണ് എനിക്ക് ഇഷ്ടമായത് .
പറയൂ, വേറൊരാളെ ഇഷ്ടമാണെന്നു പറഞ്ഞ ഞാൻ ഇനിയെങ്ങനെയാ അവന്റെ മുഖത്തു നോക്കി അയാളെ ഞാൻ വിട്ടു ഇനി നിന്നെയാ ഇഷ്ടം എന്നു പറയുക ?
ഇതാണെന്റെ ദശാസന്ധി.
ഞാനെന്തു ചെയ്യും ? എനിക്കവനെ ഇഷ്ടമാണ് . അവന് എന്നെ ഇഷ്ടമാണോ എന്നറിയില്ല. പക്ഷെ എനിക്കവനെ ഇഷ്ടമാണ് . എനിക്ക് വേറൊന്നും വേണ്ട. അവന്റെ സാമീപ്യം, അവന്റെ യൊരു ശബ്ദം, പരിസരത്ത് അവന്റെയൊരു അനക്കം അങ്ങനെ വളരെ ചെറിയ എന്തെങ്കിലും മാത്രം തന്നെ ധാരാളം. അവൻ അടുത്തില്ല എന്ന തിരിച്ചറിവ് എന്നെ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുകയാണ് . ഞാൻ ഫോൺ പോലും ഓഫ് ചെയ്തിരിക്കുകയാണ് . ഫോണിൽ എനിക്കവന്റെ ശബ്ദം കേൾക്കണ്ട. അവൻ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണ് എന്നു വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. അവന്റെ കട്ടിലിൽ ഞാൻ രണ്ടു തലയിണകൾ നിരത്തിവച്ച് പുതപ്പിച്ചു. ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്നു നോക്കും , ഓ എന്റെ കാമുകൻ ഉറക്കമാണ് . ആശ്വാസത്തോടെ ഞാൻ മടങ്ങിവരും.
കേൾക്കുന്നുണ്ട് നിങ്ങളുടെ പിറുപിറുക്കൽ. ഈ പെണ്ണിന് വട്ടായിട്ടുണ്ട് എന്നല്ലേ ? അതെ എനിക്കിപ്പൊ ശരിക്കും വട്ടാണ് . സത്യം ! ഇതെന്റെ ആദ്യ പ്രേമമാണെന്ന് എനിക്കിപ്പൊ നന്നായി ബോധ്യമായി. എല്ലിനു പിടിച്ച പ്രേമം. എന്റെ ഫസ്റ്റ് പ്രേമം. മൈ ഫസ്റ്റ് ലൈൻ .
പക്ഷെ എനിക്കീ വേദന ഇനിയും താങ്ങാനാവില്ല മൈ ഡിയർ, എനിക്കു വയ്യ. ഇതിൽ നിന്നെങ്ങനെയാ ഞാൻ ഒന്നു തലയൂരുക ? എന്റെ ജീവിതത്തിലെ ഈ ഫസ്റ്റ് ലൈൻ എങ്ങനെയാ ഞാൻ മായ്ക്കുക ?
പറയൂ, ഈ ലൈൻ മായ്ക്കാനുള്ള റബ്ബറുണ്ടോ നിങ്ങളാരുടെയെങ്കിലും കയ്യിൽ ?
Saturday, January 29, 2011
തിരിച്ചറിവ്
സമയം കൊല്ലാനായിരിക്കാം,
വീടിനടുത്തു പണിക്കു വരുന്ന തമിഴന്മാരെല്ലാം
ഒരുപോലിരിക്കുമെന്ന് അമ്മ.
കറുത്തു തടിച്ച് ലുങ്കിയും ബനിയനും ധരിച്ച് വഴക്കിടുന്നതുപോലെ ഉറക്കെ സംസാരിച്ച്.
സായിപ്പന്മാരും കാണാനൊരുപോലെന്ന് അച്ഛന്.
ചൈനക്കാര്‍ ഒരു പടികൂടി കടന്ന് പ്രായം പോലും
തിരിച്ചറിയാനാവാത്ത തരത്തിലെന്നും.
കുട്ടിയാര് വയസ്സനാരെന്ന് സ്വല്പം ബുദ്ധിമുട്ടും തിരിച്ചറിയാന്‍.
കുറേയൊക്കെ സത്യമാണു കാര്യങ്ങള്‍.
വെസ്റ്റിന്റീസിന്റെ കളി കാണുമ്പോള്‍
ഹൂപ്പറേത് ഗ്രീനിഡ്ജേതെന്ന്
പത്തില്‍ പഠിക്കുന്ന കാലത്ത് തപ്പിത്തടയുമായിരുന്നു ഞാന്‍.
നാട്ടില്‍ പറമ്പു കിളയ്ക്കാന്‍ വരുന്ന കിഴവന് പണിക്കാരെ
തിരിച്ചറിയാന്‍ പറ്റുമോ?
കൊച്ചച്ഛന്.
ഗോപാലന്, രാമന്, നാരായണന്, പാച്ചു.
എല്ലാവരും ഒരുപോലെ കറുത്ത്, ബീഡിയും വലിച്ച്, മടിയന്മാര്.
കാഴ്ചയിലെ സാമ്യം പോട്ടെ, കേള്‍വിയിലെ സാമ്യമായിരുന്നു
പബ്ലിക് സ്കൂളിലെ ടീച്ചറായ എന്റെ ചേച്ചിയുടെ പ്രശ്നം.
ക്രിസ്ത്യന്‍ പിള്ളേര്ടെ പേര് കേള്‍ക്കൂ:
കിറ്റി, ബെറ്റി, ഡിറ്റി,സാറ്റി. കഷ്ടം!
പണ്ടും ക്രിസ്ത്യാനികള്ടെ പേരിങ്ങനൊക്കെത്തന്നെ.
ആര് എന്ത് എന്നൊന്നും മനസ്സിലാവില്ല.
അമ്മൂമ്മ.
ഓര്‍മ്മയിലും നിക്കില്ല: അവറാച്ചന്, കറിയാച്ചന്, ചാക്കോച്ചന്, ഉമ്മച്ചന്.
മുസ്ലീംസും സെയിമാ.
അനിയത്തി ചര്‍ച്ചയില്‍ ഹാജരായി.
റംലത്ത്, സാദത്ത്, ഫുര്‍സത്ത്,
പിന്നെ-
സര്‍ബത്ത്. കുണുകുണെ ചിരി.
നമ്മടെ പേര് അവര്‍ക്കും ടൈറ്റാ.
ശരിയാ. റംലത്തിന്റെ ഉമ്മയ്ക്ക് ഇപ്പോഴും
എന്റെ പേരു പറയാനറിയില്ല, അനിയത്തി ശ്രീപാര്‍വതി.
എന്നാല്‍ നമ്മുടെ കുട്ടികളുടെ പേരു നോക്കിയേ-
ദേവനാരായണ്, ഹരിഗോവിന്ദ്, ശ്രീലക്ഷി, അദ്വൈത്.
എത്ര ഡീപ്പായുള്ള അര്‍ത്ഥങ്ങളാണ്.
ഒറ്റത്തവണ കേട്ടാല്‍ മതി. പിന്നെ മറക്കുമോ ?
അല്പനേരത്തേയ്ക്ക് നിശബ്ദത. ആത്മനിര്‍വൃതി.
പെട്ടന്ന്-
ദാ കറണ്ടു വന്നല്ലോ, ടീവി വെയ്.
ഓടും മുമ്പ് പ്രോബ്ലം ഞാനങ്ങ് ഉപസംഹരിക്കാം-
ഞങ്ങളുടെ വീട്ടിലിന്നാര്‍ക്കും
നായന്മാരെയല്ലാതെ മറ്റാരെയും തിരിച്ചറിയാനാവുന്നില്ല.
**** **** **** **** ****
Sunday, October 10, 2010
ഇംഗ്ലീഷ് മീഡിയം പരാതി
റോസ്മിയെ പരിഹസിക്കുകയോ പൊതുജനമദ്ധ്യത്തില്‍ വിലകുറച്ചുകാട്ടുകയോ അല്ല എന്റെ ഉദ്യമമെന്ന് ആദ്യമേ തന്നെ പറയട്ടെ. പിന്നെയെന്തിന് ആനക്കാര്യം പറയാന്‍ പോവുന്നിടത്ത് ചേനക്കാര്യം എന്ന മട്ടില്‍ ജിതിന് ജോസഫിനെക്കുറിച്ച് പറയാന്‍ പോവുന്നിടത്ത് റോസ്മിയുടെ കാര്യം പറഞ്ഞു തുടങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം- രണ്ടുപേരും ഇംഗ്ലീഷുകാരാണ്. മനസ്സിലായില്ല, അല്ലേ. അതായത് ഇംഗ്ലീഷ് മീഡിയം. അല്ലാതെ ചില കുബുദ്ധികള്‍ പറയുന്നതുപോലെ എന്റെ തടിച്ച ശരീരത്തില്‍ ജീന്സു കയറാത്തതിന്റെ കുശുമ്പു കൊണ്ടല്ല.
അതുപോട്ടെ, പറയാന്‍ തുടങ്ങിയ കാര്യമങ്ങു പറയാം. റോസ്മി ഞങ്ങളുടെ ബാങ്കില്‍ രണ്ടു മാസം മുന്‍പു പുതുതായി ജോലിയില്‍ ചേര്‍ന്ന ഒരു പ്രൊബേഷണറി ഓഫീസറാണ്. ജീന്‍സ്, ടോപ് (ടോപ്പിനകം ശൂന്യം കേട്ടോ), ലിപ്സ്റ്റിക്, ഫേസ് ബുക്ക്, ഫേസ് വാഷ്, ഐഫോണ്‍, ഹൈ ഹീല്‍ഡ് ചെരുപ്പ്. അഞ്ചുവര്‍ഷം സര്‍വീസുള്ള, ചുരിദാറിടുന്ന ക്ലര്‍ക്കായ ഞാന്‍ അല്പമൊന്ന് ഒതുങ്ങിപ്പോയി എന്നതു നേര്. പക്ഷേ അസൂയയൊന്നും എനിക്കു തോന്നിയില്ല, കേട്ടോ. എന്നെപ്പോലെ നല്ല മലയാളത്തില്‍ സംസാരിക്കാനോ, സാരിയുടുക്കാനോ, ഭക്ഷണം പാക ചെയ്യാനോ, എന്തിന്, കസ്റ്റമറോട് ഒന്നു പുഞ്ചിരിച്ചു സംസാരിക്കാനോ അറിയാത്ത റോസ്മിയോട് എന്തുകാര്യത്തിലാണ് അസൂയ തോന്നേണ്ടത്?
എനിക്കൊരു അസുഖമുള്ള കാര്യം ഞാന്‍ പണ്ടെന്നോ പറഞ്ഞത് ഓര്‍മ്മ കാണുമോ? ഒരു പെണ്ണിന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസുഖമാണ്. കാന്‍സറും എയിഡ് സുമൊന്നുമല്ല, കേട്ടോ.
ചിരി.
അടക്കാനാവാത്ത ചിരി. അടക്കാനാവാത്ത വികാരം എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലൊന്ന്. ചില ആളുകളുടെ മുഖം, വസ്ത്രധാരണം, ഉന്തി നില്ക്കുന്ന പല്ല്, വാ പൊളിച്ചുള്ള നോട്ടം, മണ്ടന്‍ ചോദ്യങ്ങള്‍ തുടങ്ങിയവ കണ്ടുണ്ടാവുന്ന ചിരിയൊക്കെ എന്തുകഷ്ടപ്പെട്ടാണെന്നോ ഞാന്‍ അടക്കിനിറുത്തുന്നത്? അവസാനം ഒരു ദിവസത്തെ ചിരിയെല്ലാം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഞാന്‍ ചിരിച്ചു തീര്‍ക്കുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം, അടക്കിവയ്ക്കാന്‍ പറ്റാതെ കൌണ്ടറിലിരുന്ന് ചിരിച്ചുപോയ കാര്യമാണ് ഞാന്‍ മുന്നോടിയായി പറയാന്‍ പോവുന്നത്. കാരണക്കാരി റോസ്മിയും ഇതൊരു ആമുഖം മാത്രമാണു കേട്ടോ. എന്നിട്ടു പറയാം ഇന്നത്തെ കാര്യം.
മൂന്നാലു തിങ്കളാഴ്ച മുന്‍പാണ്. പെട്രോള്‍ പമ്പിലെ, കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന് പണമടയ്ക്കാന്‍ എന്റെ മുന്പില് നില്ക്കുന്ന സമയം. തിങ്കളാഴ്ചയായതുകൊണ്ട് സ്വാശ്രയസംഘക്കാരായ സ്ത്രീകള്‍ കൌണ്ടറില്‍ ധാരാളമുണ്ടായിരുന്നു. പത്തെഴുപതുവയസുള്ള ഒരു സ്ത്രീ, അക്ഷരാഭ്യാസം തീരെയില്ലാത്തവരാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാം, പത്തിന്റെയും അന്പതിന്റെയും കുറെ നോട്ടുകളും ഒരു കിഴി ചില്ലറയും കൌണ്ടറിലടച്ചിട്ട് റോസ്മിയുടെ കയ്യില്‍ പാസ്ബുക്കു നല്കി. ബാലന്‍സ് എഴുതിക്കിട്ടിയ പാസ്ബുക്ക് രണ്ടുവട്ടം തിരിച്ചും മറിച്ചും നോക്കി ആ സ്ത്രീ, തിരക്കിട്ട് മോണിട്ടറില്‍ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്ന റോസ്മിയോട് അക്കൌണ്ടിലെ ബാലന്‍സ് എത്രയെന്നു ചോദിച്ചു. റോസ്മി തലയുയര്‍ത്താതെ തന്നെ പാസ്ബുക്കു വാങ്ങി തുറന്നു നോക്കി തിടുക്കത്തില്‍ പറഞ്ഞു: റ്റു തൌസന്റ് നയന്‍ ഹന്‍ഡ്രഡ് സെവെന്റി ഫൈവ് ആന്‍ഡ് സിക്സ്റ്റി ത്രീ പൈസേ.‘
‘എന്നുവെച്ചാ..?’ നിഷ്കളങ്കമായ ചോദ്യമായിരുന്നു ആ സ്ത്രീയുടേത്.
തലയുയര്‍ത്തിയ റോസ്മിയുടെ ചമ്മിയുള്ള ഭാവം, ചോദ്യം ചോദിച്ച സ്ത്രീയുടെ പൊളിഞ്ഞു പോയ വായ, എന്തോ അദ്ഭുതം കാണുന്നപോലെ മൂക്കില്‍ വിരലുമിട്ട് കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന്റെ റോസ്മിയുടെ പരന്ന നെഞ്ചത്തോട്ടുള്ള നോട്ടം എന്നിവയെല്ലാം ചേര്‍ന്ന് എന്റെയുള്ളില്‍ അടക്കാനാവാത്ത ചിരി പൊട്ടിച്ചു. താഴെ വീണ പേനയുടെ ക്യാപ് നോക്കാനെന്നപോലെ കൌണ്ടറിനു താഴേയ്ക്ക് കുനിഞ്ഞ് ഉരുണ്ടുകൂടിയ ചിരിമുഴുവനും ചിരിച്ചു തീര്‍ത്താണ് ഞാന്‍ പൊങ്ങിയത്.
റോസ്മിയുടെ ഒരിംഗ്ലീഷേ!! ആരോട് എന്തു പറയണം എന്ന് ഒരു ധാരണയുമില്ല. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ കുമ്പളങ്ങിയിലാണ്. എന്നിട്ടും മലയാളം പറയില്ലെന്നു വച്ചാല്‍? നിങ്ങളിങ്ങനെയാണോ?
പിന്നത്തെ സംഭവം ഇന്നാണു കേട്ടോ. ചിരിപൊട്ടി ഞാന്‍ മൂത്രമൊഴിച്ചുപോയി എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? അത്രയ്ക്കു കോമഡിയാണ്. അതിനു നിമിത്തമായത് സുസ്മിതാമാഡമാണ്. മാഡം പരാതികളുടെ കാര്യത്തില്‍ ഒരു പരിഷ്കാരം കൊണ്ടുവന്നിരുന്നു. ഇടപാടുകാരുടെ പരാതികള്‍ എഴുതിത്തന്നെ വാങ്ങണം. പണ്ടൊക്കെ ആരെങ്കിലും എന്തെങ്കിലും പരാതികളുമായി വന്നാല്‍ രേഖപ്പെടുത്തിവാങ്ങുന്ന പതിവേയില്ലായിരുന്നു. ചില മൂശേട്ട കസ്റ്റമര്‍മാര്‍ പരാതികള്‍ എഴുതിത്തരുമെന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായിരുന്നു. രേഖാമൂലമായാല്‍ എന്തോ ആപത്തെന്നായിരുന്നു ഞങ്ങള്‍ സ്റ്റാഫെല്ലാം കരുതിയിരുന്നത്. അപ്പോഴാണ് സുസ്മിതാമാഡത്തിന്റെ പരിഷ്കാരം. ആദ്യമെല്ലാം ഇടപാടുകാര്‍ക്കും സ്റ്റാഫിനും ചില ബുദ്ധിമുട്ടുകളൊക്കെ തോന്നും. സുസ്മിതാമാഡം പറഞ്ഞു. പക്ഷേ പിന്നെ അതിന്റെ ഗുണം ബോധ്യമാവും. പരാതി രേഖാമൂലം തരുന്നു എന്നതിനാല്‍ മറുപടി നല്കാന് ബാങ്ക് ബാദ്ധ്യസ്ഥമാണ്. അപ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിക്കും. പരാതികളെല്ലാം ഒരു ഫയലില്‍ സൂക്ഷിക്കുന്നതിനാല്‍ നടപടിയെടുത്തവ ഏവ, എടുക്കാത്തവ ഏവ തുടങ്ങിയ കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസിലാവും. ഫോളോ അപ് എളുപ്പമാവും. വാക്കാല്‍ പറഞ്ഞുപോവുന്ന പരാതികളുടെ കാര്യത്തില്‍ ബന്ധപ്പെട്ട സ്റ്റാഫ് ലീവാണെങ്കില് മറ്റുള്ളവര്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ വരുമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഫയലൊന്നു മറിച്ചുനോക്കിയാല്‍ മതി, ആര്‍ക്കും മറുപടി കൊടുക്കാന്‍ സാധിക്കും.
ഇങ്ങനെയൊക്കെയായിരുന്നു സുസ്മിതാമാഡം കൊണ്ടുവന്ന പരിഷ്കാരത്തിന്റെ സൌകര്യങ്ങള്‍. എനിക്കു പക്ഷേ പുതിയ രീതി മറ്റൊരു തരത്തിലാണ് ഇഷ്ടപ്പെട്ടത്. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നഷ്ടപ്പെട്ട് വെറുതെയിരിക്കേണ്ടി വരുമ്പോളോ ഹര്‍ത്താലിനോ ഒക്കെ ഞാന്‍ പരാതി ഫയലെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുള്ള പരാതികള്‍ വായിച്ചു രസിക്കും. പരാതികളിലെന്താ ഇത്ര രസിക്കാനുള്ളത് എന്നാണോ സംശയം? പരാതികളിലല്ല, അതെഴുതിയ രീതികളിലാണ് ചിരിക്കുള്ള വക കിടക്കുന്നത്. അക്ഷരപ്പിശകും വാക്യപ്പിശകും വ്യാകരണപ്പിശകും കൂടിയൊരു മെഗാ കോമഡി.
ഈ കോമഡിക്കൊരു തിലകക്കുറി ചാര്‍ത്താനായിട്ടാണ് ഇന്ന് ജിതിന് ജോസഫ് അവതരിച്ചത്.
പതിനൊന്നരയുടെ ചായ കുടിച്ച് ചുണ്ടു തുടച്ച്, വായ കഴുകണോ വേണ്ടയോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ജിതിന് ജോസഫ്, മീശയില്ലാതെ താടി മാത്രം വച്ച കൂട്ടുകാരനുമായി വന്നത്. കോലുപോലത്തെ രൂപവും ഫോര്‍ട്ടുകൊച്ചിക്കാരുടെ ഭാഷയും ചേര്‍ന്ന് ചിരിക്കാനുള്ള വകയുമായിട്ടായിരുന്നു ചെക്കന്റെ വരവ്. ഒരു ചേച്ചി ലുക്ക് ഉള്ളതുകൊണ്ടായിരിക്കാം, എന്റെയടുത്തേയ്ക്കായിരുന്നു ജിതിന് വന്നത്. അവന് ഫോര്‍ട്ടുകൊച്ചി ബ്രാഞ്ചിലാണ് അക്കൌണ്ട്. ഇവിടത്തെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ശബ്ദമെന്തോ ഒക്കെ കേട്ടു. പക്ഷേ, പണം കിട്ടിയില്ല. എന്നാലോ, പ്രിന്റ് ചെയ്തു വന്ന സ്ലിപ് പ്രകാരം അക്കൌണ്ടില്‍ നിന്നു പൈസ കുറഞ്ഞിട്ടുമുണ്ട്. ഇനിയെന്തു ചെയ്യും?
ഇതാണു പരാതി. ഞാനിതു ഭംഗിയായി ചുരുക്കിപ്പറഞ്ഞില്ലേ? പക്ഷേ നമ്മുടെ പയ്യനിതു പറയാന്‍ കുറഞ്ഞത് അഞ്ചു മിനിട്ടെടുത്തു. എന്തിനാണ് കൊച്ചിയില്‍ നിന്നു വന്നതെന്നും വൈറ്റിലയിലെ എടിഎമ്മില്‍ തിരക്കായിരുന്നെന്നും മഴ മൂലം കടത്തിണ്ണയില്‍ കയറിനിന്നുവെന്നും എന്നു വേണ്ട ഒരു ചരിത്രാഖ്യായിക തന്നെ എന്റെ മുന്നില്‍ തുറന്നുവച്ചു.
സുസ്മിതാമാഡം പിറകിലിരുന്ന് എന്നെ കോപത്തോടെ നോക്കുന്നുണ്ടായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ആ ആഖ്യായിക ആസ്വദിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അവസാനം ഒരു വെള്ളക്കടലാസെടുത്ത് ഒരു പരാതിയെഴുതി റോസ്മിയ്ക്കു കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.
പരസ്പരം അഞ്ചു പത്തു മിനിട്ട് കുശുകുശുത്തശേഷം ജിതിനും കൂട്ടുകാരനും വലിയൊരു സാഹസം നിര്‍വഹിച്ച മട്ടില്‍ റോസ്മിയ്ക്കു മുന്നില്‍ കടലാസു നീട്ടി. റോസ്മി സ്വതസിദ്ധമായ പുച്ഛത്തോടെയും നിസംഗതയോടെയും പരാതി വാങ്ങി വായിച്ച് എന്തോ പിറുപിറുത്ത് സുസ്മിതാ മാഡത്തിനടുത്തേയ്ക്കു ചെന്നു. റോസ്മിയ്ക്കെന്താ മലയാളം വായിയ്ക്കാനറിയില്ലെ? എനിക്കരിശം വന്നു.
‘റിതൂ’, സുസ്മിതാമാഡം എന്നെ വിളിച്ചതു പെട്ടന്നാണ്.
‘എന്താണിത്?’ പരാതി എന്റെ നേരെ നീട്ടി മാഡം കയര്‍ത്തു.’വര്‍ത്തമാനം പറയിപ്പിച്ചു രസിക്കാന്‍ ഇതെന്താ മാര്‍ക്കറ്റാണോ? ടെല്‍ ദം ടു റൈറ്റ് ദ കംപ്ലയ്ന്റ് ക്ലിയര്‍ലി.‘
മാഡം കോപിച്ചതില്‍ സങ്കടം വന്നെങ്കിലും പരാതി കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു പൊട്ടിച്ചിരി ആര്‍ത്തു വന്നു. കടലാസിന്റെ നടുക്കായി വടിവൊത്ത അക്ഷരത്തില്‍ ദാ, ഇങ്ങനെയായിരുന്നു ആ പരാതി:
‘Did not got money.
Give it back.'
ആര് ആരോട് എന്തിന് എപ്പോള്‍ എങ്ങനെ തുടങ്ങി ഒരു പരാതിയില്‍ വേണ്ട ഒന്നുമില്ല. ഇത്ര കഴുതപ്പിള്ളേരോ! ഇതെഴുതാനാണോ പതിനഞ്ചുമിനിറ്റ് കുശുകുശുത്തത്? ആ പരാതി എന്റെ ഹാന്‍ഡ് ബാഗില്‍ പിന്നീടു വായിച്ചു രസിക്കാനായി നിക്ഷേപിച്ച്, ദൂരെമാറിയിരിക്കുകയായിരുന്ന ജിതിനെയും കൂട്ടുകാരനെയും ഞാന്‍ വിളിച്ചു.
‘എടോ,’ മറ്റൊരു കടലാസു കൊടുക്കുമ്പോള്‍ ഞാന്‍ വിശദീകരിച്ചു:‘ ഒരു കംപ്ലയ്ന്റ് എഴുതുമ്പോ ആര് എഴുതുന്നൂന്ന് വേണം. എന്നെഴുതുന്നു, ഏതു സ്ഥലം തുടങ്ങിയതൊക്കെ വേണം.‘
‘അദക്കെ ഞങ്ങ പറഞ്ഞതാണല്ലാ’.
‘അതെന്നോടല്ലേ? ബാങ്കാവുമ്പോ എല്ലാറ്റിനും പ്രൂഫ് വേണം. നിങ്ങളെന്നോട് പറഞ്ഞകാര്യങ്ങള്‍ എഴുതിത്താന്നാല്‍ മതി’.
‘ഫുള്ളും റൈറ്റ് ചെയ്യണാ!? എന്റെ പള്ളി-!’ ജിതിന് വാ പൊളിച്ചു പോയി.
‘ഫുള്ളും വേണ്ട. മഴ പെയ്തതും വൈറ്റിലയില്‍ പോയതുമൊന്നും വേണ്ട. എടിഎമ്മിലെ കാര്യം മാത്രം മതി’.
‘മേടം തന്നെ റൈറ്റ് ചെയ്യാവാ? ഒര് ഹെല്‍പാവൂല്ലാ?’
‘അയ്യോ എനിക്ക് ധാരാളം പണിയുണ്ട്. പിന്നെ നിങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നവരല്ലേ, കംപ്ലയ്ന്റ് എഴുതാനറിയില്ലെന്നു പറയുന്നതു നാണക്കേടല്ലേ?’ ഞാനവരുടെ ആത്മാഭിമാനത്തെ ഒന്നു തോണ്ടാന്‍ നോക്കി. തോണ്ടലൊന്നു കൂടിയോ എന്നു സംശയം. കൂട്ടുകാരന് ജിതിനോടു ശബ്ദം താഴ്ത്തിപ്പറയുന്നതു ഞാന്‍ കേട്ടു.
‘ത്രീ ഹണ്‍ഡ്രഡ് റുപ്പീസല്ലേ ഉള്ളൂ, പോട്ടഡാപാ’.
മുന്നൂറു രൂപ പോട്ടെന്നോ! പണ്ടു ഞങ്ങളുടെ വീട്ടിലനുഭവിച്ച ദാരിദ്ര്യമാണ് പെട്ടന്നെനിക്കോര്‍മ്മ വന്നത്. ഞാനൊരു ഉത്തരവാദിത്തമുള്ള ചേച്ചിയുടെ റോളിലേയ്ക്കു മാറി.
‘കുട്ടികളേ, അഞ്ചുപൈസയാണെങ്കില്‍ പോലും നമുക്കവകാശപ്പെട്ടതു ചോദിച്ചു വാങ്ങണം. മടി എന്നത് ആര്‍ക്കും, പ്രത്യേകിച്ച് സ്റ്റുഡന്റ്സിന് ഒട്ടും പാടില്ല.’
‘പക്ഷേ, ഡീറ്റെയ് ലായി റൈറ്റ് ചെയ്യാന്‍..’
ഇംഗ്ലീഷിലെഴുതാനുള്ള പ്രയാസവും പരിചയക്കുറവുമാണ് കുട്ടികളെ വിഷമിപ്പിക്കുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു: ‘ഇംഗ്ലീഷില്‍ തന്നെ എഴുതണമെന്നില്ല, കേട്ടോ. മലയാളത്തിലാണെങ്കിലും മതി’.
‘അയ്യോ, മല്യാളത്തിലാ, അതൊട്ടും പറ്റൂല്ലട്ടാ’, പെട്ടന്നായിരുന്നു മറുപടി, അതും ഒരുമിച്ച്.
‘അതെന്താ?’
ചിരിയടക്കാന്‍ വയ്യാതെ എനിക്ക് ബാത് റൂമില്‍ ഓടിപ്പോവേണ്ട ഗതികേടുണ്ടാക്കി അവരുടെ മറുപടി:
‘ഞങ്ങ രണ്ട്പേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പടിക്കണ’.
**** **** **** ****
Wednesday, June 16, 2010
അഭ്യര്‍ത്ഥന
കൂരകെട്ടാനിടമില്ലെന്നല്ല,
ഭാരമേറിയ ഈ ഹൃദയം ഞാനെവിടെ
ഇറക്കിവെയ്ക്കും?
നഖം കടിച്ചും കൈകള്‍ കൂട്ടിത്തിരുമ്മിയും
ഇരിപ്പുറയ്ക്കാതെ മുറ്റത്തുലാത്തിയും
ഞാനാ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.
നിനക്കറിയില്ലല്ലോ, ഒരു പുഞ്ചിരിയ്ക്ക്,
നിന്റെ വെറും ഒരു നോട്ടത്തിന്
ഈ അഭയാര്‍ത്ഥിയായ എന്നെ
സകലതും നേടിയ ഒരുവനാക്കി
മാറ്റാന്‍ കഴിയുമെന്ന് !
നിനക്കു ക്രോധം.
കോപത്താല്‍ ചുവക്കുന്നു നിന്റെ മുഖമെങ്കിലും
പലവട്ടം കവരാന്‍ ഞാന്‍ കൊതിച്ച നിന്റെ
ഉള്ളംകയ്യിലെ കുഞ്ഞുമൊബൈലില്‍ നിന്ന്
ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞിളം നാദം
എന്നെ ശുഭാപ്തിയിലേയ്ക്കു നയിക്കുന്നു.
ഞാനപേക്ഷിക്കട്ടെ,
നിന്റെ ഹൃദയത്തിലൊരു സ്ഥാനം ഞാന്‍ കൊതിക്കുന്നില്ല.
അതാസാദ്ധ്യം!
പക്ഷേ, അരുതേ,
എന്റെ അഭ്യര്‍ത്ഥന നിരസിക്കരുതേ,
ഒരു മിസ് കോളിലൂടെ,
നിന്റെയീ ബഹുവര്‍ണ്ണമൊബൈലില്‍
തരില്ലേ നീ എനിക്കുമൊരിടം?
ഒരു പത്തക്ക നമ്പരായി...
94467 10906
*** ***