Sunday, December 7, 2025

ഫാക്ട് ചെക്കർ

സമയം പതിനൊന്നു കഴിഞ്ഞിരുന്നെങ്കിലും നാരായണന് തെല്ലുപോലും ഉറക്കം വന്നിരുന്നില്ല. എന്നിട്ടും ഗ്രൂപ്പിൽ ഗുഡ്നൈറ്റ് പറഞ്ഞ് എഴുന്നേറ്റത് ഉറക്കമിളച്ചാൽ പതിവായി പിറ്റേന്നു വരാറുള്ള തലവേദന ഭയന്നായിരുന്നു.

സുമയുടെ ഉറക്കം തടസപ്പെടണ്ടല്ലോ എന്നു കരുതി ബെഡ് റൂമിൻ്റെ ലൈറ്റിട്ടില്ല. പക്ഷേ സുമ ഉറങ്ങിയിരുന്നില്ല.

ജ്യോതിഷ് ഇപ്പൊ വിളിച്ച് വെച്ചതേ ഉള്ളൂ. അച്ഛനിതുവരെ ഉറങ്ങിയില്ലേഓൺലൈനിൽ കാണുന്നുണ്ടല്ലോഇന്നും ആരോടെങ്കിലും വഴക്കുകൂടുകയാണോ എന്നു ചോദിച്ച് ദേഷ്യപ്പെട്ടു,’ സുമ പരിഭവം പറഞ്ഞു.

നാരായണൻ ഒന്നും പറയാൻ പോയില്ല. ഫേസ്ബുക്കിൽ അയാൾ ഇടുന്ന പോസ്റ്റുകളോ വാട്സപ്പ് ഗ്രൂപ്പുകളിൽ നടത്തുന്ന സംവാദങ്ങളോ ഒന്നും ജ്യോതിഷിന് ഇഷ്ടപ്പെടാറില്ല. പക്ഷേ നേരിട്ടു പറയുന്നതിനു പകരം, അച്ഛൻ അങ്ങനിട്ടുഅച്ഛൻ ആ പോസ്റ്റ് ഷെയർ ചെയ്തുഅച്ഛൻ ഇങ്ങനൊരു കമൻ്റിട്ടു എന്നും മറ്റും സുമയോടാണ് ജ്യോതിഷ് ദേഷ്യപ്പെടുക.

സുമയ്ക്കും ഫേസ്ബുക്കുണ്ട്. നായകൾപച്ചക്കറിത്തോട്ടംആരോഗ്യപരിപാലനംതമാശ റീലുകൾ തുടങ്ങിയവയാണ്  സുമ പൊതുവെ കാണാറ്.

ഫാമിലി വാട്സപ്പ് ഗ്രൂപ്പിൽ പലർക്കും നാരായണൻ ഒരു ശല്യമാണ് എന്നുതന്നെ പറയാം. ആരെങ്കിലും എന്തെങ്കിലും വീഡിയോയോ ലിങ്കോ ഫോർവേഡ് ചെയ്താൽ ഉടനെ നാരായണൻ എത്തും അതിൻ്റെ ഫാക്ട് ചെക്കിങ്ങുമായി. സുമയുടെ ജ്യേഷ്ഠന്മാർ ആയിരുന്നു നാരായണൻ്റെ ഫാക്ട് ചെക്കിംഗിൻ്റെ സ്ഥിരം വേട്ടമൃഗങ്ങൾ.  ബാങ്ക് മാനേജരായിരുന്ന ആളാണ് ഒരാളെങ്കിൽ സർക്കാരാശുപത്രിയിലെ സൂപ്രണ്ടായി വിരമിച്ചതാണ് മറ്റേയാൾ. പക്ഷേ ആ മാന്യതയൊന്നും വാട്സപ്പ് ഫോർവേഡുകളിലോ ഫേസ്ബുക്ക് ഷെയറുകളിലോ പ്രതീക്ഷിക്കാൻ പറ്റില്ലായിരുന്നു. 

കടുത്ത ജാതിക്കുശുമ്പും മുസ്ലീം വിരോധവും സംവരണവിരുദ്ധതയും മറ്റുമായിരുന്നു നാരായണൻ്റെ അളിയന്മാരുൾപ്പെടെയുള്ളവരുടെ ഫോർവേഡുകളുടെ പൊതു ഉള്ളടക്കം. കായംകുളത്തെ അപ്പച്ചിയുടെ ഭർത്താവും ചാരുമ്മൂടെ സോമൻ ചിറ്റപ്പനുമൊക്കെ നാരായണൻ്റെ വിശദീകരണവും കളിയാക്കലുമൊക്കെ ഭയന്ന്, കണ്ണിൽക്കിട്ടിയതെന്തും ഫോർവേഡ് ചെയ്യുന്ന സ്വഭാവം ഉപേക്ഷിച്ചിരുന്നു. പക്ഷേ, എന്തു ഫോർവേഡ് ചെയ്താലും നാരായണൻ കണ്ടുപിടിക്കുമെന്നായിട്ടും ഫോർവേഡുകൾ അയക്കുന്നത് നിറുത്താത്തവരായിരുന്നു ഗ്രൂപ്പിലെ മറ്റു പലരും.

അച്ഛനിതാരെ തിരുത്താനാണ്?’ ഒരു ദിവസം ജ്യോതിഷ് സുമയോടു ചോദിച്ചു. ചുമ്മാ ഹെഡിംഗ് മാത്രം വായിച്ചായിരിക്കും അമ്മാവന്മാർ ഇതെല്ലാം ഫോർവേഡ് ചെയ്യുന്നത്. ഗ്രൂപ്പിൽ പിന്നെയുള്ള ആൻ്റിമാരോ ഞങ്ങൾ കസിൻസോ ഒന്നും ഇതൊന്നും ശ്രദ്ധിക്കാറുപോലുമില്ല. പിന്നെ അച്ഛനെന്തിനാണ് ഇത്ര എഫർട്ട് എടുത്ത് ഫാക്ട് ചെക്ക് ചെയ്ത് ഗ്രൂപ്പിലിടുന്നതെന്ന് എനിക്കു മനസിലാവണില്ല.

പക്ഷേ, ഓരോ വ്യാജ ഫോർവേഡുകളുടേയും ഫാക്ട് ചെക്കിംഗ് നടത്തി ലിങ്ക് പങ്കുവെക്കുമ്പോൾ നെറികെട്ട ഒരു നുണപ്രചരണം കൂടി തുറന്നുകാട്ടാൻ തനിക്കു സാധിച്ചെന്ന അഭിമാനം നാരായണൻ്റെ ഉള്ളിൽ അലയടിക്കുമായിരുന്നു. നമ്മുടെ ഗ്രൂപ്പിൽ അങ്കിൾ മാത്രം കേശവമ്മാമനല്ലല്ലോഎന്ന് ചേർത്തലയിലെ കല്യാണത്തിനു കണ്ടപ്പോൾ സുമയുടെ മുന്നിൽ വച്ച് പൊടിമോൾ അഭിനന്ദിച്ചത് നാരായണന് പ്രചോദനമായി. പഴയ തലമുറ തുലഞ്ഞാലും പുതുതലമുറ വഴിതെറ്റാതിരിക്കാനാണ് ഫാക്ട് ചെക്കിങ്ങുമായി താൻ ഇടപെടുന്നതെന്ന് നാരായണൻ സുമയോടു വിശദീകരിച്ചു.

ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ട വ്യാജവാർത്തകളും അതിൻ്റെ യാഥാർഥ്യം അന്വേഷിച്ചുചെന്ന താൻ കണ്ടെത്തിയ സത്യവും തൻ്റെ സുഹൃത്തുക്കളുമായി ചേർന്നുതുടങ്ങിയ ഗ്രൂപ്പിലേക്ക് അഭിമാനത്തോടെയാണ് അയാൾ ഫോർവേഡ് ചെയ്യുമായിരുന്നത്.

അങ്ങനൊരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാനിടയായ സാഹചര്യം ഓർക്കുമ്പോൾ നാരായണന് ഇപ്പോഴും അതിശയം തോന്നും.

രണ്ടായിരത്തിപ്പതിനാലിലെ ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ കാലത്തെ ചില സംഭവങ്ങളാണ് അങ്ങനെയൊരു ഗ്രൂപ്പിനു കാരണമായത് എന്നു വേണമെങ്കിൽ പറയാം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നാരായണന് ഫേസ്ബുക്കിൽ ജ്യോതിഷ് ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തിരുന്നു. അതു തുടങ്ങിയതോടെ സ്കൂളിലും കോളേജിലുമൊക്കെ സഹപാഠികളായിരുന്ന, വളരെ നാളായി ബന്ധപ്പെടാൻ കഴിയാതിരുന്ന അനേകം പേരെ കാണാൻ പറ്റി എന്നു മാത്രമല്ല കേരളത്തിലും പുറത്തുമുള്ള, സമാന രാഷ്ട്രീയ ചിന്താഗതിയുള്ള ഒത്തിരിപ്പേരുമായി സൗഹൃദം സ്ഥാപിക്കാനും നാരായണന് അന്നു സാധിച്ചു.

സ്ഥാപനത്തിൻ്റെ കോഴിക്കോട് ഏരിയാ ഹെഡ് ആയിരുന്നു അന്ന് നാരായണൻ. ഇടത് രാഷ്ട്രീയം പറയാൻ ഓഫീസിൽ മരുന്നിനു പോലും ആളെക്കിട്ടാത്ത കാലം. ജീവനക്കാരുടെ യൂണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പോലും വലതു രാഷ്ട്രീയം പറയുന്ന വൈരുധ്യം നാരായണനെ അമ്പരപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് സധൈര്യം പുരോഗമന രാഷ്ട്രീയം പറയാനുള്ള ഒരു വേദി ഫേസ്ബുക്കിൻ്റെ രൂപത്തിൽ നാരായണനു ലഭിക്കുന്നത്.

ഓഫീസ്  കഴിഞ്ഞ് വീട്ടിലെത്തിയാൽ കൂടുതൽ സമയവും നാരായണൻ ഫേസ്ബുക്കിൽ തന്നെ ചെലവഴിച്ചു. പുതിയ കേന്ദ്രസർക്കാരിൻ്റെ പല നയങ്ങൾക്കെതിരെയും പോസ്റ്റിടുകയും മറ്റുള്ളവർ ഇട്ട പോസ്റ്റുകളിൽ കമൻ്റും മറുകമൻ്റുമൊക്കെയായി ആറേഴു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് മുംബൈയിലെ ഹെഡ് ഓഫീസിൽ നിന്ന് നാരായണനു മുന്നറിയിപ്പു വന്നത്. താങ്കളൊരു പാൻ ഇന്ത്യ സ്ഥാപനത്തിൻ്റെ ഏരിയാ ഹെഡ് ആണ്. വെറും തൊഴിലാളികളെപ്പോലെ സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ബഹളം വെക്കുന്നത് ഒഴിവാക്കിയേ പറ്റൂ എന്നും മറ്റും പറഞ്ഞുള്ള ഒരു ഇമെയ്‌ലാണ് അന്ന് നാരായണനു ലഭിച്ചത്.

സ്ഥാപനത്തിലെ തന്നെ ആരോ പറഞ്ഞുകൊടുക്കാതെ, മലയാളത്തിലുള്ള പോസ്റ്റുകളുടെ ഉള്ളടക്കവും മറ്റും മുംബൈ ഓഫീസിലുള്ളവർ അറിയാൻ സാധ്യതയില്ലെന്ന് നാരായണന് തോന്നി. തൻ്റെ ആരോപണങ്ങൾക്കും വാദഗതികൾക്കും മറുപടിയില്ലാത്ത ഒരാളോ ഒരുകൂട്ടം ആൾക്കാരോ ആവണം പരാതിയ്ക്കു പിറകിൽ.

പണ്ട് കൽക്കത്തയിൽ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ഹെഡ് ഓഫീസിൽ ഉണ്ടായിരുന്നു. അയാളെ വിളിച്ച് അന്വേഷിച്ചപ്പോൾ, എക്സിക്യൂട്ടീവുകൾ രാഷ്ട്രീയം പറയുന്നത് മാനേജ്മെൻ്റിന് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണെന്നും ഇത്തരം പോസ്റ്റുകളിടുന്നതിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്നും ഉള്ള ഉപദേശമാണ് കിട്ടിയത്.

ഹെഡ് ഓഫീസ് എന്തെങ്കിലും നടപടിയെടുത്താൽ സീനിയർ ഓഫീസർ എന്ന നിലയിൽ തനിക്കൊരു സംരക്ഷണം എവിടെ നിന്നും ലഭിക്കില്ലെന്ന് നാരായണനു നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ചില നുണവീരന്മാരുടെ ഒറ്റിക്കൊടുക്കൽ കാരണം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിലയത്തിൽ നിന്ന് രാഷ്ട്രീയ വാർത്തകളുടെ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ലഎന്നൊരു പോസ്റ്റിട്ട് ഫേസ്ബുക്കിലെ തൻ്റെ രാഷ്ട്രീയ പോസ്റ്റുകൾക്ക് ഒരു താൽക്കാലിക വിരാമമിടുകയാണ് അന്നു നാരായണൻ ചെയ്തത്.  

എന്താണ് സംഭവിച്ചതെന്നറിയാൻ പലരും വിളിച്ചു. അടുത്ത സുഹൃത്തുക്കളോടു പോലും നാരായണൻ കാരണം പറഞ്ഞില്ല. പകരം, ഭയങ്കര ജോലിത്തിരക്കാണ്, കൂടുതൽ നേരം മൊബൈൽ നോക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് തുടങ്ങിയ ചെറുകള്ളങ്ങളാണ് അയാൾ പറഞ്ഞത്.

രാഷ്ട്രീയ പോസ്റ്റുകൾ ഒഴിവാക്കിയെങ്കിലും ഫേസ്ബുക്കിൽ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു നാരായണൻ. അടുത്തയിടെ കണ്ട സിനിമയെക്കുറിച്ചോ നടത്തിയ യാത്രയെക്കുറിച്ചോ ഒക്കെയായിരുന്നു മിക്ക പോസ്റ്റുകളും.

അങ്ങനെ മൂന്നാലു വർഷം പോയി. രണ്ടായിരത്തിപ്പത്തൊമ്പതിലെ ഇലക്ഷനു തൊട്ടുമുമ്പാണ് വീണ്ടും സജീവമാകാൻ ഫേസ്ബുക്കിലെ രാഷ്ട്രീയ സുഹൃത്തുക്കൾ നാരായണനെ നിർബന്ധിച്ചത്. അപ്പോഴേയ്ക്കും നാരായണൻ കൊല്ലത്തെ സോണൽ മാനേജർ ആയിക്കഴിഞ്ഞിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വയ്യ. എന്നാലോ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് നടക്കാൻ പോവുന്നത്.

നമ്മക്ക് സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കെടുക്കാൻ പറ്റീട്ടില്ല,’ സുഹൃത്തായ അനിരുദ്ധൻ നാരയണനോടു പറഞ്ഞു. കാരണം നമ്മളന്ന് ജനിച്ചിട്ടില്ല. ജനിച്ചിരുന്നെങ്കിൽ പങ്കെടുത്തേനെ. ശരിയല്ലേ?’

എന്താ സംശയം?’  നാരായണൻ സമ്മതിച്ചു. എൻ്റച്ഛനെ ഞാൻ കളിയാക്കാറ് പോലുമുണ്ടായിരുന്നു. അച്ഛന് ഇരുപത്തൊന്നാകുന്നതു വരെ ഇന്ത്യ ബ്രിട്ടീഷ്കാരുടെ കീഴിലല്ലായിരുന്നോ. എന്നിട്ട് അച്ഛൻ സ്വാതന്ത്ര്യ സമരത്തിനു പോകാതെ സ്കൂളിൽ മാഷാവാൻ പോയില്ലേ എന്നു ചോദിച്ചാണ് എൻ്റെ പ്രകോപിപ്പിക്കൽ. അപ്പൊ അച്ഛന് ദേഷ്യം വരും. അന്ത കാലത്ത് ജനിച്ചിരുന്നേൽ നീയെന്ത് മലമറിക്കുമായിരുന്നെന്നാ എന്നു ചോദിച്ച് എന്നോടു പിണങ്ങും.

അച്ഛന് വിവരമുണ്ടായിരുന്നു,’ അനിരുദ്ധൻ കളിയാക്കി. ഒരു ഫേസ്ബുക്ക് പോസ്റ്റിടാൻ പോലും പേടിക്കണ നാരായണൻ സ്വാതന്ത്ര്യ സമരത്തിൽ എന്തു ചെയ്യാനാണ്?’

അനിരുദ്ധൻ പറഞ്ഞതിൽ വാസ്തവമില്ലാതില്ല എന്നോർത്തപ്പോൾ നാരായണനു ചെറിയൊരു കുറ്റബോധം തോന്നി. തനിക്കു താഴെയുള്ള ആറു സഹോദരരെ വളർത്താനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യ സമരത്തിനൊന്നും പോവാൻ സാധിക്കാത്ത ആളായിരുന്നു അച്ഛൻ. പക്ഷേ താൻ അങ്ങനല്ല. ഏക മകന് നല്ല ജോലിയായി. വിവാഹവും കഴിഞ്ഞു. അടുത്ത വർഷം വിരമിക്കാനിരിക്കുന്ന തനിക്ക് പ്രത്യേകിച്ചു ബാധ്യതകളൊന്നുമില്ല. പിന്നെന്തുകൊണ്ട് തെരഞ്ഞെടുപ്പു സമയത്ത് ഫേസ്ബുക്കിൽ സജീവമായിക്കൂടാ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റുപറയാൻ പറ്റില്ല.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പരിമിതമായിരുന്നു.അനിരുദ്ധൻ തന്നെ തുടർന്നു.  തെരുവിലിറങ്ങി സമരം ചെയ്യാം. അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തതുപോലെ സായുധ സമരത്തിനു തുനിയണം. പിന്നെ കവിത എഴുതാം, പത്രം വഴിയും നാടകം കളിച്ചുമെല്ലാം ഭാഗഭാക്കാകാം. പക്ഷേ അതല്ല ഇപ്പൊഴത്തെ സ്ഥിതി. സോഷ്യൽ മീഡിയ ആണ് ഇന്ന് എല്ലാം. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സർക്കാരിന് നിയന്ത്രണമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ഒരു പരിപാടിയും നടക്കില്ല. സർക്കാരിനും ഇതു നന്നായിട്ടറിയാം. അതുകൊണ്ട്, വാട്സപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ  പടച്ചുവിട്ടുകൊണ്ട് ജനഹിതത്തെ സ്വാധീനിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനെതിരായി തെരുവിലിറങ്ങിയിട്ടോ ലേഖനമെഴുതിയിട്ടോ കാര്യമില്ല. പകരം, സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടുകൊണ്ട്, വ്യാജവാർത്തകളെ തുറന്നുകാട്ടുന്ന ഒരു ദൗത്യമാണ് നമുക്കുള്ളത്. ഈ ദൗത്യം നാരായണന് സുന്ദരമായി ഏറ്റെടുക്കാവുന്നതല്ലേ ഉള്ളൂ.

അനിരുദ്ധൻ പറഞ്ഞത് വസ്തുതയാണെന്ന കാര്യത്തിൽ നാരായണന് തെല്ലും സംശയമില്ലായിരുന്നു. ഓഫീസിലെയും റെസിഡൻ്റ്സ് അസോസിയേഷനിലെയും കുടുംബക്കാരുടെയുമൊക്കെ വാട്സപ്പ് ഗ്രൂപ്പുകളിൽ നിരന്തരം വന്നുകാണുമായിരുന്ന വ്യാജവും വിദ്വേഷജനകവുമായ വാർത്തകളും സന്ദേശങ്ങളും നാരായണനെ വല്ലാതെ അലട്ടിയിരുന്നു. ഇത്രയധികം ഫോർവേഡുകൾ ഒരുമിച്ചു വരുമ്പോൾ എന്താണു ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിന്നുപോയിട്ടുമുണ്ട് അയാൾ. 

ഫാക്ട് ചെക്കിംഗ് എന്നൊരു സംവിധാനം അന്ന് തുടങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ.  അമ്പലങ്ങളിൽ നിന്നുള്ള വരുമാനമെടുത്ത് കെ എസ് ആർ ടി സിയ്ക്ക് നൽകുന്നു, സർക്കാർ ഖജനാവിൽ നിന്ന് മുസ്ലീം പുരോഹിതർക്ക് ശമ്പളവും പെൻഷനും നൽകുന്നു, മദ്യവിൽപ്പനയാണ് സർക്കാരിൻ്റെ പ്രധാന വരുമാനം തുടങ്ങിയ അനേകം വാട്സപ്പ് ഫോർവേഡുകളുടെ യാഥാർഥ്യം അന്വേഷിച്ച് ആദ്യമെല്ലാം നാരായണന് ഏറെ അലയേണ്ടി വന്നിരുന്നു. സർക്കാർ ഉത്തരവുകളും നിയമസഭാ രേഖകളുമെല്ലാം ശേഖരിക്കാനും പരിശോധിക്കാനുമെല്ലാം ധാരാളം സമയം ചെലവാക്കേണ്ടി വന്നു. തനിയെ ഇതെല്ലാം ചെയ്യുന്നതിൻ്റെ പ്രയാസം വളരെ വലുതായിരുന്നു.

ഈ പ്രയാസം മനസിലാക്കിയ സദാശിവനാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനായി  ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ എന്ന ആശയം പങ്കുവച്ചത്. കേവലം ഇരുപതു പേർ മാത്രമായിരുന്നു ഫാക്ട് ചെക്കർ എന്നു പേരിട്ട ആ ഗ്രൂപ്പിൽ  ആദ്യം ഉണ്ടായിരുന്നത്. ഇന്ന് ഇരുനൂറിനടുത്ത് അംഗങ്ങളുള്ള വലിയൊരു ഫാക്ട് ചെക്കിംഗ് ഗ്രൂപ്പാണ് ഫാക്ട് ചെക്കർ.   

ഫാക്ട് ചെക്കർ ഗ്രൂപ്പ് തുടങ്ങിയത് നാരായണനു വലിയ അനുഗ്രഹമായി. ഫാക്ട് ചെക്കിംഗിൽ വിദഗ്ധരായ അഞ്ചെട്ടുപേർ ആ ഗ്രൂപ്പിലുണ്ടായിരുന്നു. സംശയകരമായ ഒരു വാർത്തയോ ഫോർവേഡോ ഗ്രൂപ്പിലേക്കിട്ടാൽ നിമിഷങ്ങൾ കൊണ്ട് അതിൻ്റെ യാഥാർഥ വസ്തുത അറിയാൻ സാധിക്കുമെന്നായപ്പോൾ നാരായണന് ആവേശമായി.

ഓഫീസ് ഗ്രൂപ്പുകളിലും ഭാര്യവഴിയും അമ്മ വഴിയും അച്ഛൻ വഴിയുമെല്ലാമുള്ള കുടുംബ ഗ്രൂപ്പുകളിലും റെസിഡൻ്റ്സ് അസോസിയേഷൻ, അലുമ്നി ഗ്രൂപ്പുകളിലുമെല്ലാം നാരായണൻ്റെ ഫാക്ട് ചെക്കിംഗുകൾ ചറപറാ പറന്നു. എന്നിട്ടും, ജ്യോതിഷ് പറഞ്ഞതു പോലെ വ്യാജ ഫോർവേഡുകൾ പങ്കുവെക്കുന്നതു തുടരുകയാണ് മിക്കവരും ചെയ്തത്.

പ്രത്യക്ഷത്തിൽ ആരും ഗൗനിക്കുന്നില്ലെന്നു തോന്നിയാലും നിശബ്ദമായി എല്ലാം കാണുന്നവരാണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുമെന്ന് നാരായണന് ഉറപ്പായിരുന്നു.  ആയുധപ്പുരകളായി മാറേണ്ട അനേകം മാനവഹൃദയങ്ങളെ വിഷം കലരാതെ  സംരക്ഷിക്കാൻ തൻ്റെ ഇടപെടലുകൾ മൂലം സാധിച്ചുകാണുമെന്ന് ഓർത്തപ്പോൾ നാരായണൻ നെടുവീർപ്പിട്ടുപോയി. 

എന്താ ഉറക്കം വരണില്ലേ?’ സുമ ചോദിച്ചു.

ജോലിയിലിരുന്ന സമയത്ത് മാനേജ്മെൻ്റിനായിരുന്നു പ്രശ്നം.നാരായണൻ സുമയ്ക്കു നേരെ തിരിഞ്ഞുകിടന്നു. റിട്ടയറായിക്കഴിഞ്ഞാൽ സമാധാനത്തോടെ ഫേസ്ബുക്കും വാട്സപ്പുമൊക്കെ ഉപയോഗിക്കാമെന്നു കരുതിയതാണ്. നിൻ്റെ മോന് അത് പിടിക്കില്ല.നാരായണൻ ഒന്നുകൂടി നെടുവീർപ്പിട്ടു.

തൊട്ടതിനും പിടിച്ചതിനും ഫാക്ട് ചെക്കെന്നും പറഞ്ഞ് നിങ്ങൾ നടക്കുന്നതിന് അവൻ്റെ കൂട്ടുകാർ എപ്പോഴും കളിയാക്കലാണ്. ഇന്ന് ഓഫീസിലെ മീറ്റിംഗിൽ അവൻ എന്തോ പറഞ്ഞപ്പോൾ അവൻ്റെ ബോസ് “ഹൺഡ്രഡ് പെർസെൻ്റ് ലിറ്ററസി സാ...ർ” എന്നു പറഞ്ഞ് ചിരിച്ചത്രെ. അതുകേട്ട് ബാക്കിയെല്ലാവരും പൊട്ടിച്ചിരിക്കുക കൂടി ആയപ്പോൾ അവനു മതിയായി.

അതുകൊള്ളാം. കല്ലുവച്ച നുണയും കൊടും വർഗീയതയും അരാഷ്ട്രീയതയും അന്യമത വിദ്വേഷവുമെല്ലാം കണ്ണുംപൂട്ടി ഫോർവേഡ് ചെയ്യുന്നതിൽ ആർക്കും ഒരു പരാതിയുമില്ല. അതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നവന് പരിഹാസവും.നാരായണന് അസ്വസ്ഥത തോന്നി.

നിങ്ങളോട് പറയാൻ വിട്ടുപോയി.വിഷയം മാറ്റാനെന്ന മട്ടിൽ സുമ പറഞ്ഞു. സാവിത്രിയമ്മേടെ കൂടെ നാളെ ഞാനും പൊങ്കാലയിടാൻ പോകുന്നുണ്ട്.

പൊങ്കാലയ്ക്ക് നീയോ!നാരായണന് അതിശയം തോന്നി. ഇത്രനാളുമില്ലാത്ത പരിപാടിയാണ്.

ഇത്തവണ അമ്മയും പോണം എന്ന് അവൻ വിളിച്ചു പറഞ്ഞതാണ്. അവളും പറഞ്ഞു. പിള്ളേർ പറഞ്ഞതല്ലേ, ആയ്ക്കോട്ടേന്ന് ഞാനും കരുതി.

നാരായണൻ ഒന്നും പറയാൻ പോയില്ല. ജ്യോതിഷിൻ്റെ ഭാര്യവീട്ടുകാർ അമ്പലങ്ങളുടേയും വഴിപാടിൻ്റേയുമൊക്കെ ആൾക്കാരാണ്. പക്ഷേ അതിലൊന്നും അത്ര താല്പര്യമില്ലാത്ത സുമയെ എന്തിനാണ് നിർബന്ധിക്കുന്നതെന്ന ഒരു ദേഷ്യം വന്നെങ്കിലും കൂടുതലൊന്നും പറയാൻ നിൽക്കാതെ അയാൾ തിരിഞ്ഞുകിടന്നു.

പിറ്റേന്ന് വൈകീട്ട് സതീശനാണ് ജ്യോതിഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് നാരായണൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മദർ പ്രിപ്പെയറിംഗ് ഹോളി റൈസ്എന്ന കുറിപ്പോടെ, സുമ പൊങ്കാല തയാറാക്കുന്ന ചിത്രമാണ് ജ്യോതിഷ് പങ്കുവച്ചത്. ഇട്ടിട്ടു കഷ്ടി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ആ പോസ്റ്റിന് ധാരാളം ലൈക്കുകളും കമൻ്റുകളും കിട്ടിയിരുന്നു.

വി വോൺട് ബിലീവ് അൺടിൽ യുവർ ഫാദർ ഡസ് ഫാക്ട് ചെക്ക്” എന്നൊരു കമൻ്റ്  ജ്യോതിഷിൻ്റെ ഹിന്ദിക്കാരൻ സുഹൃത്ത് ഇട്ടതിന് മുപ്പതോളം ഹഹ റിയാക്ഷനുകൾ കണ്ടത്  നാരായണനു വല്ലാതെ നീറ്റലായി.

തിരികെ വീട്ടിലെത്തിയപ്പോൾ സുമ ടിവി കാണുകയായിരുന്നു. നാരായണൻ ഒന്നും പറയാൻ പോയില്ല. പാൻ്റും ഷർട്ടും മാറി കട്ടിലിൽ പോയി കിടന്നു.    

കുറച്ചു കഴിഞ്ഞ് സുമ വന്നു.

എന്താ കിടക്കണേ?’ സുമ ചോദിച്ചു.

നാരായണന് നല്ല ദേഷ്യമുണ്ടായിരുന്നു. ഒന്നും പറയാൻ തോന്നിയില്ല. അതുകൊണ്ട് കണ്ണടച്ചുതന്നെ കിടന്നു.

ഞാൻ പൊങ്കാലയിടുന്ന ഫോട്ടോ അവൻ ഫേസ്ബുക്കിലിട്ടതിൻ്റെ ദേഷ്യമാണോ?’ സുമ ചോദിച്ചു. നിങ്ങള് കാരണമുള്ള മാനക്കേട് മാറ്റാൻ ചെയ്തതാണത്. എന്നോട് ചോദിച്ചിട്ടാണ് അവൻ ഫോട്ടോ ഇട്ടത്.

ഞാൻ കാരണം എന്തു മാനക്കേട്?’ ദേഷ്യമടക്കാനാവാതെ നാരായണൻ ചാടിയെഴുന്നേറ്റു.

ഇപ്പഴത്തെ പിള്ളാർടെ രീതിയൊക്കെ വേറെയാണ്,’ നാരായണൻ്റെ കൈ പിടിച്ചുകൊണ്ട് സുമ പറഞ്ഞു. അവൻ്റെ കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ അച്ഛനമ്മമാർ കുംഭമേളയ്ക്കും ഹരിദ്വാറിലും തിരുപ്പതിയിലും ഒക്കെ പോയ ഫോട്ടോകൾ ഇടുമ്പൊ നമ്മൾ മാത്രം ഒന്നും ഇടുന്നില്ല എന്ന് അവന് സങ്കടം. സ്വാതിയുടെ ഓഫീസിലും നിങ്ങളുടെ പോസ്റ്റുകളുടെ പേരും പറഞ്ഞ് എല്ലാവരും അവളേയും കളിയാക്കാറുണ്ടെന്ന്. ഞാനൊരു പൊങ്കാലയിടുന്ന ഫോട്ടോ എങ്കിലും കിട്ടിയാൽ പിടിച്ചുനിൽക്കാനാകുമെന്ന് പറഞ്ഞപ്പഴാണ് ഞാൻ സമ്മതിച്ചത്. നിങ്ങളെ സമ്മതിപ്പിച്ച് മിനിമം ഗുരുവായൂരെങ്കിലും പോയി ഫോട്ടോ അയച്ചുകൊടുക്കണമെന്നൊരു ടാസ്കുംപിള്ളേരെനിക്ക് തന്നിട്ടുണ്ട്.  ധിറുതി വേണ്ട. ഒന്നുരണ്ടാഴ്ച കഴിഞ്ഞു മതി.

നാരായണൻ്റെ ഹൃദയം ശക്തിയായി മിടിച്ചു. അയാൾ പതിയെ സുമയുടെ കൈ വിടുവിച്ചു. ബാൽക്കണിയുടെ വാതിൽ തുറന്ന് അയാൾ പുറത്തേക്കിറങ്ങി. വാതിൽ തുറന്നിടല്ലേ, കൊതുകു കയറുംഎന്ന് സുമ ഉറക്കെവിളിച്ചു പറഞ്ഞത് നാരായണനെ സ്പർശിക്കാതെ പുറത്തെ ഇരുട്ടിൽ അലിഞ്ഞു.

ഗുരുവായൂരു പോയി ഫോട്ടോ എടുത്ത് അയച്ചുകൊടുക്കണമെന്നു ജ്യോതിഷ് പറയാൻ കാരണം അവൻ്റെ കമ്പനിയുടെ സ്റ്റേറ്റ് ഹെഡ് ആയ മോഹൻ മേനോൻ ആയിരിക്കുമെന്ന് നാരായണന് ഉറപ്പായിരുന്നു. അതിനു കാരണവുമുണ്ട്. മോഹൻ മേനോൻ അംഗമായ റെസിഡൻ്റ്സ് ഗ്രൂപ്പിൽ നാരായണനും അംഗമാണ്. ജ്യോതിഷ് വാങ്ങിയ വില്ലയിൽ താമസിക്കാൻ വന്നതിൽപ്പിന്നെയാണ് നാരായണനെ ഗ്രൂപ്പിൽ അംഗമാക്കിയത്.  ആദ്യമൊക്കെ നാരായണൻ ഗ്രൂപ്പിൽ നിശബ്ദനായിരുന്നു. പിന്തിരിപ്പനും വ്യാജനുമായ ഫോർവേഡുകൾ ഒത്തിരി കാണാൻ തുടങ്ങിയപ്പോൾ നിശബ്ദത ഭഞ്ജിക്കാതിരിക്കാനായില്ല. ജ്യോതിഷിൻ്റെ സ്റ്റേറ്റ് ഹെഡ് ആണെന്നറിയാതെയായിരുന്നു ആദ്യമെല്ലാം നാരായണൻ പ്രതികരിച്ചുകൊണ്ടിരുന്നത്. പിന്നീട് ആളാരെണെന്ന് മനസിലായിട്ടും നാരായണൻ പിൻവാങ്ങാൻ തയാറായില്ല. അടി നിറുത്തച്ഛാ എന്ന് ഒരു ദിവസം ജ്യോതിഷ് പറഞ്ഞപ്പോൾ നിൻ്റെ ബോസിനോട് വ്യാജവാർത്ത ഷെയറ് ചെയ്യുന്നത് നിർത്താൻ പറ എന്ന മറുപടി കൊടുക്കുകയാണ് നാരായണൻ ചെയ്തത്.  

പണ്ട് അവർണർക്ക് ഗുരുവായൂരമ്പലത്തിൽ പ്രവേശനമില്ലായിരുന്നു എന്നും നായർ വിഭാഗത്തിൽ പെട്ടവർക്കു പോലും മണിയടിക്കാൻ അവകാശമില്ലായിരുന്നു എന്നും ഇതിനൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് ഗുരുവായൂർ സത്യഗ്രഹം നടന്നതെന്നുമൊക്കെ  റെസിഡെൻ്റ്സ് ഗ്രൂപ്പിൽ നാരായണൻ തെളിവുകൾ സഹിതം വിശദീകരിച്ചിരുന്നു. തെക്കൻ ഭാഗത്തെവിടെയോ ഉള്ള ഒരു ക്ഷേത്രത്തിൽ ഈഴവസമുദായത്തിൽ പെട്ട ശാന്തിക്കാരനെ ക്ഷേത്രസമിതി വിലക്കാനിടയായതുമായി ബന്ധപ്പെട്ട ചർച്ചയെ തുടർന്നാണ് നാരായണന് അതെല്ലാം പറയേണ്ടി വന്നത്.

മത്സ്യമാംസാദികൾ ഭക്ഷിക്കാത്തതുകൊണ്ടാണ് ബ്രാഹ്മണ പുരോഹിതർക്ക് ഇപ്പോഴും ഡിമാൻഡ് എന്നൊരു വാദം മോഹൻ മേനോൻ അന്നു പറഞ്ഞിരുന്നു. വേദകാലത്തെ ബ്രാഹ്മണർ മാംസം ഭക്ഷിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ അന്നേരം നാരായണൻ പങ്കിട്ടു. കൂടാതെ, ഒരാളുടെ ഭക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാവരുത് ശുദ്ധിയും അശുദ്ധിയും തീരുമാനിക്കേണ്ടത് എന്നുമൊക്കെ നാരായണൻ വാദിച്ചു. ഗ്രൂപ്പിൽ നാരായണൻ തനിച്ചായിരുന്നെങ്കിലും മോഹൻ മേനോനും കൂട്ടർക്കും അന്ന് തിരിച്ചൊന്നും പറയാൻ സാധിച്ചില്ല.

വാട്സപ്പ് ഗ്രൂപ്പിൽ തൻ്റെ കമ്പനിയുടെ സ്റ്റേറ്റ് ഹെഡിനെ അച്ഛൻ മലർത്തിയടിച്ചിട്ടും തന്നെ പിരിച്ചുവിടാത്തത്  താൻ കമ്പനിയിൽ നന്നായി പെർഫോം ചെയ്യുന്നതുകൊണ്ടാണെന്ന് അന്ന് ജ്യോതിഷ് തമാശ മട്ടിൽ പറഞ്ഞിരുന്നു. പക്ഷേ സ്വാതിയാവട്ടെ, കണ്ണുകൊണ്ട് ജ്യോതിഷ് വേണ്ടെന്നു വിലക്കിയിട്ടും അച്ഛനിതെല്ലാം ഒന്നു നിറുത്തിക്കൂടേ എന്നു പരുഷമായി ചോദിച്ചു.

മറുപടിയൊന്നും പറയാതെ നാരായണൻ ചുമ്മാ ചിരിച്ചുകൊണ്ടിരുന്നപ്പോൾ, ‘ജ്യോതിയ്ക്ക് പ്രമോഷൻ ഡ്യൂ ആണ്. അച്ഛൻ്റെ വെറുപ്പിക്കൽ കാരണം അത് മിസ്സാവുമോന്നാ എൻ്റെ പേടിഎന്ന്  സ്വാതി കൂട്ടിച്ചേർക്കുകയും ചെയ്തു.

വാട്സപ്പിൽ അച്ഛനമ്മമാർ എന്തു ചെയ്യുന്നു എന്നു നോക്കിയിട്ടാണോ ജീവനക്കാർക്ക് പ്രൊമോഷൻ കൊടുക്കുന്നത്? എന്തുവാടാ ഇത്?’ നാരായണന് അന്നു ദേഷ്യം വന്നു.

നാരായണന് ദേഷ്യം വന്നു എന്നു മനസിലായപ്പോൾ കൂടുതലൊന്നും പറയാൻ നിൽക്കാതെ ജ്യോതിഷും സ്വാതിയും ഊണു കഴിഞ്ഞയുടനെ തന്നെ എറണാകുളത്തേയ്ക്കു മടങ്ങി.

മക്കളോട് ദേഷ്യപ്പെട്ടതിൽ സുമ നാരായണനോട് അന്നു പരിഭവപ്പെട്ടു. ദേഷ്യപ്പെടേണ്ടായിരുന്നു എന്ന് നാരായണനും തോന്നിയിരുന്നു.

അതെല്ലാം കഴിഞ്ഞ് മാസം മൂന്നാവുന്നു. നാരായണൻ ദേഷ്യപ്പെട്ടതിൻ്റെ പരിഭവമാവണം, ഫോൺ വിളികളൊക്കെ ഉണ്ടായിരുന്നെങ്കിലും ജ്യോതിഷും സ്വാതിയും പിന്നെ എറണാകുളത്തു നിന്ന് ഒരു തവണ പോലും വന്നിരുന്നില്ല.

പക്ഷേ സുമ പൊങ്കാലയിട്ടതും  ഫോട്ടോ അയച്ചു കൊടുത്തതും ആ ഫോട്ടോയ്ക്ക് ഒത്തിരി ലൈക്കും കമൻ്റുമെല്ലാം കിട്ടിയതും ഒക്കെ കൊണ്ടാവാം, വെള്ളിയാഴ്ച വൈകീട്ട് ഇരുവരും എത്തി.

നല്ല സന്തോഷത്തിലായിരുന്നു രണ്ടുപേരും. നാരായണനോടും നല്ല സന്തോഷത്തോടെ തന്നെ പെരുമാറി. തമാശകളൊക്കെ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ് വാട്സപ്പിൽ തല്ലുകൂടാനൊക്കെ സമയം കിടുന്നതെന്നും ഒരു ട്രിപ്പൊക്കെ പോയിക്കൂടേ എന്നുമൊക്കെ ഇരുവരും പറയാൻ തുടങ്ങി.

നേരിട്ടു ട്രെയിനുണ്ടല്ലോ, നമുക്ക് ഗുരുവായൂരു പോയാലോ എന്നൊരു നിർദ്ദേശം വച്ചത് സുമയാണ്. ആയ്ക്കോട്ടെ എന്ന് നാരായണൻ സമ്മതം മൂളിയപ്പോൾ സ്വാതിയ്ക്ക് വിശ്വസിക്കാനായില്ല. താങ്ക് യു സോ മച്ച് അച്ഛാ എന്നു പറഞ്ഞ് ഇരുവരും മുകളിലെ മുറിയിലേക്കു പോയി.

ഗുരുവായൂരു പോകാമെന്ന് ചുമ്മാ പറഞ്ഞതല്ലല്ലോ അല്ലേ?’ അടുക്കളയിൽ നിന്നു വന്ന സുമ ചോദിച്ചു.

ഞാനെന്തിനാ ചുമ്മാ പറയുന്നത്? നമുക്ക് പോകാം. ഫോട്ടോയും എടുക്കാം. പക്ഷേ ഫേസ്ബുക്കിലോ ഇൻസ്റ്റായിലോ പോസ്റ്റ് ചെയ്യുമ്പൊ സത്യഗ്രഹത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പു കൂടി ഞാനിടും.

അത് എന്താന്ന് വെച്ചാ നിങ്ങൾ ചെയ്,’ എന്നു പറഞ്ഞ് സുമ മൊബൈലിലേക്കു ചരിഞ്ഞു.

ആ സന്തോഷത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മോഹൻ മേനോൻ്റെ ഒരു ഫോർവേഡ് ആയിരുന്നു പ്രശ്നമുണ്ടാക്കിയത്. എന്നാലോ, ആ ഫോർവേഡിന് നാരായണൻ കൊടുത്ത മറുപടിയാണ് ശരിക്കു പ്രശ്നം എന്ന മട്ടിലാണ് റെസിഡൻ്റ്സ് അസോസിയേഷൻ പ്രതികരിച്ചത്.

മുസ്ലീം മതവിഭാഗക്കാർ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് ജീവിക്കാനാവില്ല എന്നൊരു വാർത്താകാർഡ് മോഹൻ മേനോൻ ഗ്രൂപ്പിലിട്ടതായിരുന്നു തുടക്കം. പതിവുപോലെ, അപ്പറഞ്ഞതിൽ വാസ്തവമൊന്നുമില്ലെന്ന ഫാക്ട് ചെക്കിംഗിനൊന്നും നാരായണൻ തുനിഞ്ഞില്ല. പകരം, ‘മി. മേനോൻ, കഴിഞ്ഞ അഞ്ചെട്ടു വർഷമായി നിങ്ങളുടെ മൂത്ത മകൻ എവിടെയാണ് ജോലി ചെയ്യുന്നത്എന്നൊരു ചോദ്യം ഗ്രൂപ്പിലിട്ടു.

സൗദി. വൈ?’ എന്നൊരു മറുചോദ്യമാണ് മേനോൻ ചോദിച്ചത്.

നതിംഗ്. ജസ്റ്റ് ആസ്ക്ക്ഡ്എന്നൊരു മറുപടിയും കൂടെയൊരു സ്മൈലിയും മാത്രമേ നാരായണൻ മറുപടി കൊടുത്തുള്ളൂ. ഗ്രൂപ്പിലെ മറ്റാരും തുടർന്നൊന്നും പറഞ്ഞില്ലെങ്കിലും നാരായണൻ്റെ മറുപടിയ്ക്ക് അനവധി ഹഹ റിയാക്ഷനുകൾ വന്നു.

കൂടാതെ, സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്ന് യു നെയിൽഡ് ഹിം സർ,’ ‘അണ്ണാക്കിൽ തന്നെ കൊടുത്തു,’ ‘കലക്കിതുടങ്ങിയ അഞ്ചാറു മെസേജുകൾ നാരായണനു കിട്ടി. ഗ്രൂപ്പിൽ നേരിട്ടു പറയാതെ, തനിക്ക് പ്രൈവറ്റ് മെസേജ് അയക്കുന്ന അനുഭവം നാരായണന് ഇതാദ്യമായല്ല.

ഗ്രൂപ്പിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകാണുമോ എന്നറിയാൻ കയറി നോക്കിയപ്പോഴാണ് നാരായണൻ ഞെട്ടിയത്, മോഹൻ മേനോൻ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്തിരിക്കുന്നു!

നതിംഗ്, ജസ്റ്റ് ആസ്ക്ക്ഡ്എന്ന കമൻ്റിന് പത്തൊമ്പത് റിയാക്ഷനുകൾ കിട്ടിയതായിരിക്കും മേനോനെ ചൊടിപ്പിച്ചത്. ജ്യോതിഷിൻ്റെയും സ്വാതിയുടേയും മുഖം കറുത്തേക്കുമെന്ന് നാരായണൻ ആശങ്കപ്പെട്ടു.

ഇതൊരു ഗുലുമാലായോ എന്നു ചിന്തിച്ചുതുടങ്ങിയതും മോഹൻ മേനോനെ അഡ്മിൻ തിരികെ ആഡ് ചെയ്തു. ആശ്വാസം എന്നു കരുതിയതാണ് നാരായണൻ. പക്ഷേ അതിനു പിറകെ വന്ന സന്ദേശം നാരായണനെ വീണ്ടും ഞെട്ടിച്ചു. അഡ്മിനായ ജോൺ പാലത്തുങ്കൽ നാരായണനെ ഗ്രൂപ്പിൽ നിന്ന്  റിമൂവ് ചെയ്തിരിക്കുന്നു!

ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രവൃത്തിയാണ് അഡ്മിൻ ചെയ്തതെന്ന രോഷം നാരായണൻ്റെ ഉള്ളിൽ വീർപ്പുമുട്ടി. തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങളെ അടിച്ചമർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നുവച്ചാൽ? ശുദ്ധ ഫാസിസമല്ലേ ഇത്?

മകൻ വീടു വാങ്ങിയതുകൊണ്ടു മാത്രം തന്നെ അംഗമാക്കിയ വാട്സപ്പ് ഗ്രൂപ്പാണ്.  അതുകൊണ്ട് പുറത്താക്കിയാലും വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിപ്പിച്ചെങ്കിലും അഡ്മിനായ ജോൺ പാലത്തുങ്കലിനോട് ചെറുതായിട്ടെങ്കിലും എന്തെങ്കിലും പറഞ്ഞേ തീരൂ എന്നു നാരായണനു തോന്നി.

അതുകൊണ്ട്, ‘ദിസീസ് ഫാസിസംഎന്നൊരു  ചെറു സന്ദേശം മാത്രം പാലത്തുങ്കലിന് അയച്ചു.  പെട്ടന്നുതന്നെ നീല ടിക്ക് വന്നു. അയാൾ മറുപടിയെന്തെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും കണ്ടില്ല. പിന്നെ അയാൾ ഓഫ് ലൈനായി.

ജ്യോതിഷും സ്വാതിയുമൊക്കെ പറയുന്നതു പോലെ, കുറഞ്ഞപക്ഷം അവരുമായി ബന്ധപ്പെട്ട ആൾക്കാരുള്ള ഗ്രൂപ്പുകളിൽ നിന്നെല്ലാം പുറത്തുകടന്നാലോ എന്നൊരു ചിന്ത നാരായണൻ്റെ ഉള്ളിൽ പെട്ടന്നു കടന്നുകൂടി. ഈ ലോകത്ത് എത്രയോ ഗ്രൂപ്പുകളുണ്ട്. എല്ലാ ഗ്രൂപ്പിലും പോയി ഫാക്ട് ചെക്ക് ചെയ്യാൻ തനിക്കാവില്ലല്ലോ. അങ്ങനെ പോവാൻ പറ്റാത്ത ഗ്രൂപ്പുകളുടെ കൂട്ടത്തിൽ ഒരു മൂന്നാലു ഗ്രൂപ്പുകൾ കൂടി ഉണ്ടായാൽ എന്താണു കുഴപ്പം?

വീട്ടിൽ മനസമാധാനം കിട്ടും എന്ന ഗുണം ഉണ്ടു താനും.

തല്ലിപ്പൊളി ഗ്രൂപ്പുകളിൽ നിന്ന് പുറത്തിറങ്ങാം എന്നു മനസാ തീരുമാനിച്ച അതേ നിമിഷത്തിലാണ് ജ്യോതിഷും സ്വാതിയും അത്യന്തം ക്രോധത്തോടെ ബെഡ് റൂമിലേക്കു വന്നത്.

അച്ഛാ, ദിസീസ് ടൂ മച്ച്,’ ജ്യോതിഷ് അലറി. ഫാക്ട് ചെക്കിംഗ് എന്നും പറഞ്ഞ് അച്ഛനിപ്പൊ പേഴ്സണലി ആൾക്കാരെ അറ്റാക്ക് ചെയ്യാനും തുടങ്ങിയോ? മോഹൻ മേനോൻ എൻ്റെ സ്റ്റേറ്റ് ഹെഡ് ആണ്. മൈ ഫ്യൂച്ചർ ഈസ് ഇൻ ഹിസ് ഹാൻഡ്സ്. അച്ഛൻ്റെ മൊബൈലിങ്ങ് താ. എല്ലാ വാട്സപ്പ് ഗ്രൂപ്പീന്നും ഇപ്പൊത്തന്നെ എക്സിറ്റ് അടിക്കണം. ഇല്ലേൽ ഞാൻ റോഡിലിറങ്ങി തെണ്ടേണ്ടി വരും.

നാരായണൻ്റെ ഫോൺ ജ്യോതിഷ് തട്ടിപ്പറിച്ചു. ആകെ ഞെട്ടിത്തരിച്ചതു കൊണ്ട് ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു നാരായണൻ. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുമയ്ക്ക്, ജ്യോതിഷിനെ തടയണമെന്നുണ്ടായിരുന്നെങ്കിലും ഭയന്നു വിറച്ച് വാതിലിനു സമീപത്തേക്കു മാറി തലകുനിച്ചു നിൽക്കാനേ സാധിച്ചുള്ളൂ.

നാരായണൻ്റെ ഫോൺ പരിശോധിക്കാൻ തുടങ്ങിയതും ജ്യോതിഷിന് ഒരു കോൾ വന്നു.

യെസ് മിസ്റ്റർ പാലത്തുങ്കൽ.... വിൽ എൻഷുർ... നോ... യെസ്, ഐ വിൽ ടോക്ക്...ജ്യോതിഷ് പിന്നെയും എന്തൊക്കെയോ ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയ്ക്കു പുറത്തേക്കു പോയി.

വല്ല രാമായണോം വായിച്ചിരിക്കേണ്ട സമയത്ത് അച്ഛനെന്തിനാ ആൾക്കാരെ മെനക്കെടുത്തുന്നത്?’ ജ്യോതിഷ് പോയ പിറകെ സ്വാതി ദേഷ്യപ്പെട്ടു. പിൽഗ്രിമേജിനൊക്കെ പോകാൻ അമ്മയ്ക്കെന്ത് ആഗ്രഹമാണെന്നോ. ഞങ്ങള് എല്ലാം അറേഞ്ച് ചെയ്യാം. അച്ഛന് അതിനൊക്കെ പോയാലെന്താ? ആരെയും ദ്രോഹിക്കാതെ ജീവിക്കാൻ നോക്കിയാൽ എല്ലാരും കാണും കൂടെ. അല്ലെങ്കിൽ ഇനിയുള്ള കാലം-

ജ്യോതിഷ് ഫോൺ സംഭാഷണം നിറുത്തി മടങ്ങുന്നതു കണ്ടാവണം, സ്വാതി ബാക്കി പറഞ്ഞില്ല.

ആകെ നാണക്കേടാക്കി ഈ അച്ഛൻ,’ സുമയോടാണ് ജ്യോതിഷ് അലറിയത്. പാലത്തുങ്കലിനെ ഫാസിസ്റ്റ് എന്നു വിളിച്ചെന്ന്. അവരൊക്കെ വലിയ ആൾക്കാരാ. അച്ഛന് വായിൽത്തോന്നിയത് വിളിക്കാനുള്ളവരല്ല,’ ദേഷ്യം കാരണം ജ്യോതിഷിന് കൂടുതൽ പറയാൻ സാധിച്ചില്ല.

ഇങ്ങനെയൊക്കെ നടന്നിരുന്നോ, നടന്നെങ്കിൽ എപ്പോഴാണ് എന്ന ചോദ്യഭാവത്തിൽ സുമ നാരായണനെ നോക്കി.  

ദേ അച്ഛാ,’ മൊബൈൽ കട്ടിലിലേക്കെറിഞ്ഞ് ജ്യോതിഷ് നാരായണൻ്റെ നേർക്ക് വിരൽ ചൂണ്ടി. അച്ഛൻ തന്നെ എല്ലാ ഗ്രൂപ്പീന്നും എക്സിറ്റ് ചെയ്. ഇപ്പത്തന്നെ. നാട്ടിലെ ഗ്രൂപ്പും ഫാമിലി ഗ്രൂപ്പും ആ ഗ്രൂപ്പും ഈ ഗ്രൂപ്പും. എല്ലാം. വേഗം വേണം.

നാരായണൻ യാന്ത്രികമായി മൊബൈൽ കയ്യിലെടുത്തു. പതിയെ, ധിറുതി വെക്കാതെ, സാവകാശം ഓരോ ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ചെയ്യാൻ തുടങ്ങി. എത്രയോ ഫാക്ട് ചെക്കിംഗുകൾ പങ്കുവച്ച ഗ്രൂപ്പുകളാണ്. എത്രയോ കള്ളങ്ങളും കുത്തിത്തിരിപ്പുകളുമാണ് താൻ പൊളിച്ചടുക്കിയത്. അതെല്ലാം ഇതോടെ ഇല്ലാതാവും എന്നാണോ ഇവരുടെയെല്ലാം ധാരണ? എങ്കിൽ അതു വെറും തെറ്റുധാരണയാണ്.  താൻ പോയാൽ മറ്റൊരാൾ. അല്ലാതെ ഫാക്ട് ചെക്കിംഗ് എന്നത് ഇന്നത്തെ കൊണ്ട് തീർന്നുപോവാനൊന്നും പോകുന്നില്ല.

ശാന്തനായിരുന്ന് ഗ്രൂപ്പുകളിൽ നിന്ന് പുറത്തിറങ്ങുന്ന നാരായണനെ കണ്ടപ്പോൾ ജ്യോതിഷിൻ്റെ ദേഷ്യം അല്പം തണുത്തു. അച്ഛനോടു കയർത്തതിൽ തെല്ലു കുറ്റബോധം  തോന്നിക്കാണണം. അവൻ നാരായണനു സമീപം കിടക്കയിൽ ഇരുന്നു.

ബി കൂൾ അച്ഛാ,’ സംസാരിക്കാനൊരു മടി ജ്യോതിഷിനുണ്ടെന്നു കണ്ടപ്പോൾ സ്വാതി പറഞ്ഞു. ഫാക്ട് ചെക്കിംഗൊക്കെ വിട്. വേറെ എത്രയോ കാര്യങ്ങളിൽ അച്ഛന് എൻഗേജ് ആകാം. സേ ഫൊർ എക്സാംപിൾ, യോഗയോ ലാഫിംഗ് ക്ലബ്ബോ അല്ലെങ്കിൽ ഓൺലൈനിൽ ചെസ് കളിക്കുകയോ-

സ്വാതിയെ നിറുത്താൻ ആംഗ്യം കാട്ടി ജ്യോതിഷ് നാരായണൻ്റെ തോളത്തു കയ്യിട്ടു.

കാലം അത്ര നല്ലതല്ല അച്ഛാ,’ ഉപദേശരൂപത്തിലാണ് ജ്യോതിഷ് പറഞ്ഞത്. ഞാനും സ്വാതീം നല്ല നിലയിൽ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അച്ഛനിത്തരം തോന്ന്യാസമൊക്കെ ഇന്നത്തെതോടെ നിർത്തണം. നിർത്തില്ലേ?’

അച്ഛനെന്തു തോന്ന്യാസം കാണിച്ചെന്നാ?’ സുമയ്ക്ക് അപ്പോഴാണ് സംസാരിക്കാൻ ഒരു  ധൈര്യം വന്നത്.

സോറി, അമ്മ അറിഞ്ഞില്ലല്ലേ,’ സുമയ്ക്കു നേരെ തിരിഞ്ഞ് ജ്യോതിഷ് പറഞ്ഞു. മേനോൻ സാറിൻ്റെ മോൻ സൗദിയിലാണെന്നു പറഞ്ഞ് അച്ഛൻ ഇൻസൾട്ട് ചെയ്തു. പിന്നെ നമ്മുടെ ജോൺ പാലത്തുങ്കലിനെ ഫാസിസ്റ്റെന്നു വിളിച്ചു.

സുമ മൂക്കത്തു വിരൽ വച്ചു പോയി.

വിശ്വാസം വരുന്നില്ലല്ലേ? പക്ഷേ ഫാക്ടാണ്. ഡബിൾ ചെക്ക് ചെയ്തതാണ്,’ ജ്യോതിഷ് ഫാക്ട് എന്ന് ഊന്നിപ്പറഞ്ഞപ്പോൾ സ്വാതി ചിരിയടക്കാൻ പാടുപെട്ടു.

ജ്യോതിഷിനും ചിരി വരുന്നുണ്ടായിരുന്നു. ചിരിയടക്കിക്കൊണ്ട് അവൻ ചോദിച്ചു: അച്ഛാ, ഫാസിസ്റ്റെന്നൊക്കെ ആരെയെങ്കിലും വിളിക്കാമോ? ഫാസിസം വന്നൂന്നൊക്കെ പറയുന്ന അച്ഛനെ സമ്മതിക്കണം. ഇക്കാലത്ത് എവിടെയാ ഫാസിസം? എന്നിട്ട് ഞങ്ങൾക്കാർക്കും എന്താ കാണാനാവാത്തത്?’

ജ്യോതിഷിൻ്റെ ചോദ്യം കേട്ടപ്പോൾ സ്വാതി എല്ലാം മറന്ന് തലയറഞ്ഞ് ചിരിച്ചുപോയി. സുമയാവട്ടെ, കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കുട്ടികളുടെ ദേഷ്യം മാറിയതിൽ ആശ്വാസത്തിൻ്റെ നെടുവീർപ്പിടുകയാണു ചെയ്തത്.

ആദ്യമായിട്ട് അച്ഛന് ആൻസ്വറില്ല, നോക്കിയേ,’ സ്വാതിയ്ക്ക് ചിരി നിറുത്താൻ കഴിഞ്ഞില്ല. ഉണ്ടോ അച്ഛാ, എനി ആൻസ്വർ...?’

നേരിട്ടു കണ്ടിട്ടും മനസിലാക്കാൻ പറ്റാത്ത ഫാസിസത്തെ നീയെങ്ങനെയാണ് കേട്ടു മനസിലാക്കാൻ പോവുന്നത് എന്നൊരു ഗുരുവചന പാരഡിയാണ് ജ്യോതിഷിനും സ്വാതിയ്ക്കുമുള്ള മറുപടിയായി നാരായണൻ്റെ നാവിലെത്തിയത്. പക്ഷേ അയാൾ അതു പറയാൻ നിന്നില്ല. പകരം, ഫാക്ട് ചെക്ക് ചെയ്തിട്ടു പറയാം എന്നൊരു സെൽഫ് ട്രോളിനാണ് അയാൾ മുതിർന്നത്.

ആ സെൽഫ് ട്രോൾ കേട്ടപ്പോൾ ജ്യോതിഷും സ്വാതിയും സുമയും മാത്രമല്ല, താൻ എക്സിറ്റടിച്ച ഗ്രൂപ്പിലെ അംഗങ്ങളുൾപ്പെടെ ലോകം മുഴുവൻ അട്ടഹസിച്ചതായി അയാൾക്കു തോന്നി.

 

****                 ****                             ****                             ****

ചന്ദ്രിക ആഴ്ചപ്പതിപ്പ് - 18 ഒക്ടോബർ 2025


ബൊണ്ടന്റെ കിഡ്നി

എല്ലാ ചെലവും കൂടി ഏകദേശം പതിനഞ്ചുലക്ഷത്തോളം രൂപയാവുമെന്നത് തൽക്കാലം അമ്മയോടു പറയാൻ പോയില്ല. പക്ഷേ അച്ഛനോടു പറയാതെ പറ്റില്ലല്ലോ. നീ തന്നെ പറ, നിനക്കേ സോഫ്റ്റായി അവതരിപ്പിക്കാൻ അറിയൂ എന്ന് സുധാകർ നിർബന്ധം പിടിച്ചപ്പോൾ ഞാൻ ശ്രാവണിയെ കൂട്ടുപിടിച്ചു.

അച്ഛന്റെ കയ്യിൽ ഇത്രേം പൈസ കാണില്ലെന്നറിയാല്ലോ. അപ്പൊപ്പിന്നെ ആരു പറഞ്ഞാലെന്താ?’ ശ്രാവണിക്ക് ചെറുതായി ദേഷ്യം വന്നു. ഗുലുമാലു പിടിച്ച കാര്യങ്ങളൊക്കെ സുധാകറും സംവൃതയും ചേർന്ന് എന്റെ തലയിൽ ഇടുന്നു എന്നൊരു പരാതി അവൾക്ക് പണ്ടേയുണ്ട്.

അതല്ല, ഞാനാണെങ്കിൽ സോഫ്റ്റായി പറഞ്ഞോളും എന്നാണ്-

എന്നിട്ട് എന്നോടുമാത്രം സോഫ്റ്റല്ലല്ലോ,’ എന്നെ പറയാൻ അനുവദിക്കാതെ ശ്രാവണി എഴുന്നേറ്റുപോയി.

ഇനിയിപ്പോൾ ഞാൻ തനിച്ചു പോയി അച്ഛനെ കാണേണ്ടിവരും എന്ന പ്രയാസവുമായി പൊരുത്തപ്പെടാൻ തുടങ്ങിയപ്പോഴേക്കും ശ്രാവണി മടങ്ങി വന്നു. അവൾ ടോപ്പ് മാറാൻ പോയതാണ്.

വണ്ടിയെടുക്ക്, ഞാനും വരാം,’ ഷോകെയ്സിന്റെ ഗ്ലാസിൽ നോക്കി, മുഖത്തെ പൗഡർ ശരിയല്ലേ എന്നുറപ്പുവരുത്തുമ്പോൾ ശ്രാവണി ധിറുതിപിടിച്ചു.

ഞങ്ങൾ ചെന്നപ്പോൾ ടിവി കാണുകയായിരുന്നു അച്ഛൻ. കാൽ തൊട്ടുതൊഴുത് ശ്രാവണി അകത്തെ മുറിയിൽ അമ്മ കിടക്കുന്നിടത്തേക്കു പോയി.

നീയിന്ന് പോയില്ലാരുന്നോ?’ എന്തെങ്കിലും ചോദിക്കാനായി അച്ഛൻ ചോദിച്ചു.

പോയി. പക്ഷേ നേരത്തേ ഇറങ്ങി. അമ്മയെ ഒന്നു കാണാമെന്നു വച്ച് വന്നതാണ്.

ഊം.അച്ഛൻ പിന്നെ ടിവിയിലേക്കു തിരിഞ്ഞു.

എങ്ങനെയാണ് പൈസയുടെ വിഷയം പറയേണ്ടതെന്ന ചിന്തയിൽ ഞാൻ പതിയെ അച്ഛനെ നോക്കി. പിറകിൽ, അമ്മ കിടന്ന മുറിയുടെ വാതിലിനു പുറത്തേക്കു തലയിട്ട് ശ്രാവണി എന്നെ കണ്ണുകൾ കൊണ്ടു വിളിച്ചു.

അമ്മയെ ഒന്നു കണ്ടിട്ടു വരട്ടെ,’ എന്നോടു തന്നെ എന്ന മട്ടിൽ പറഞ്ഞ് ഞാൻ എഴുന്നേറ്റു.

അച്ഛനൊന്നു തലകുലുക്കി. എന്നിട്ട് ശ്രാവണിയോട് ഫുൾടൈം കിടക്കാതെ കുറെനേരം ഇവിടെ വന്ന് ഇരിക്കാനൊക്കെ അവരോടു പറ. ഞാൻ പറഞ്ഞാൽ ഒരു വിശേഷോമില്ല,’ എന്ന് ടിവിയിൽ നോക്കിക്കൊണ്ടുതന്നെ ശബ്ദമുയർത്തിപ്പറഞ്ഞു.

അമ്മയുടെ മുറിയിലേക്കു ഞാൻ ചെന്നു. ശരീരമാകെ നീരു വന്ന നിലയിലായിരുന്നു അമ്മ. മുഖമാകെ വിളറിയിരുന്നു. എന്നെ കണ്ടതും വിതുമ്പിക്കൊണ്ട് എന്റെ കൈകളിൽ കയറിപ്പിടിച്ചു.

പിള്ളാര് വന്നില്ലേടാ?’ ഒട്ടും ബലമില്ലാതെയാണ് അമ്മ പിടിച്ചത്.

അവർക്ക് ട്യൂഷനുണ്ട്, ഞായറാഴ്ച കൊണ്ടുവരാം എന്നു ഞാൻ പറയുന്നതിനു മുമ്പു തന്നെ അല്ലെങ്കിൽ വേണ്ട, അവരെ കൊണ്ടുവരണ്ട. എന്റെയീ അവസ്ഥ അവര് കാണണ്ട. അമ്മമ്മാ, ബജ്ജി ഒണ്ടാക്ക്, സേമിയാ പായസം ഒണ്ടാക്ക് എന്നൊന്നും അവർക്ക് എന്നെ കണ്ടാൽ പറയാനും തോന്നില്ല, പറഞ്ഞാലൊട്ടും എനിക്ക് ചെയ്യാനും ആവതില്ല,’ എന്നു പലതും അമ്മ പറയാൻ തുടങ്ങി.

ശ്രാവണി ജനലിന്റെ കർട്ടണുകൾ വകഞ്ഞുമാറ്റി. മുറിയിൽ വെളിച്ചം കയറിയപ്പോൾ അമ്മ കണ്ണുകൾ ഇറുക്കി.

ഇപ്പൊ എങ്ങനുണ്ടമ്മേ?’ എന്താ പറയേണ്ടതെന്നറിയാതെ നിന്ന എന്നെ അവഗണിച്ച് ശ്രാവണി ചോദിച്ചു. ഡോക്ടർമാർ എന്താ പറയണേ?’

കിഡ്നി മാറ്റിവെക്കാതെ വേറെ വഴിയില്ല മോളേ.അമ്മ നെടുവീർപ്പിട്ടു. വരുന്ന ആശ്വിനത്തിൽ എനിക്ക് എഴുപതാകും. ഇനി ഇതൊന്നും മാറ്റാൻ നിക്കണ്ട. എത്രേം വേഗം വൈകുണ്ഠപാദത്തിൽ ലയിച്ചാൽ മതി എനിക്ക്.അമ്മ കണ്ണുകളടച്ചു.

ശ്രാവണി അമ്മയ്ക്കു സമീപമിരുന്ന് കൈകൾ തടവിക്കൊടുത്തു. അമ്മയെ അവൾ തന്നെ ആശ്വസിപ്പിക്കും എന്ന ബോധ്യത്തിൽ ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി. ഫ്ലാറ്റിലെ കുട്ടികൾ ദൂരെ മൈതാനത്തു കളിക്കുന്നുണ്ട്. ചിലർ പട്ടം പറത്തുന്നു. പണ്ട് ഞാനും അവിടെ പട്ടം പറത്തിയിട്ടുണ്ട്. അന്ന് സുധാകർ ഭയങ്കര ക്രിക്കറ്റ് കളിയായിരുന്നു. വില്ലേജ് ഓഫീസറായിരുന്ന ചിക്കബസപ്പയുടെ  മകൻ- പേരു മറന്നു, സംപ്രീത് എന്നോ മറ്റോ ആണ്-  എറിഞ്ഞ ഫാസ്റ്റ് ബോളിൽ സുധാകറിന്റെ നടുവിരലൊടിഞ്ഞ സംഭവം ഇന്നലെ നടന്നതുപോലെയാണ് ആ മൈതാനം കാണുമ്പോൾ ഓർമവരുന്നത്.

കൈകുതറിക്കൊണ്ട് സുധാകർ ബാറ്റു വലിച്ചെറിഞ്ഞ് ഗ്രൗണ്ടിനു പുറത്തേക്കു പോവുന്നത് കണ്ടെങ്കിലും വിക്കറ്റ് പോയതിനായിരിക്കുമെന്നു കരുതി ഞാൻ പട്ടത്തിനു പിറകെ ഓടുകയാണ് അന്നു ചെയ്തത്. വൈകീട്ട് വീട്ടിലെത്തിയപ്പോഴും എനിക്കു കാര്യം മനസിലായില്ല. എനിക്കെന്നല്ല, ആർക്കും. മൈതാനത്തിൽ നിന്നു വന്നപാടേ കട്ടിലിൽ പോയി കിടന്നുകളഞ്ഞിരുന്നു സുധാകർ.

അച്ഛൻ ബാങ്കിൽ നിന്നു വന്ന് ഉണ്ണാൻ വിളിച്ചിട്ട് അവൻ അനങ്ങിയില്ല. ഉറക്കം നടിച്ചു കിടക്കുന്നതായാണ് എനിക്കു തോന്നിയത്. അമ്മ വന്ന് ലൈറ്റിട്ട് വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല. എങ്കിൽ പിന്നെ എന്താണെന്നറിയണമല്ലോ എന്നു കരുതി അച്ഛൻ വന്ന് അവനെ എഴുന്നേൽപ്പിച്ചു നോക്കിയപ്പോഴാണ്- വലത്തെ കൈ നീരു വന്ന് നെയ്യപ്പം പോലെ ആയിരിക്കുന്നു.

പേടിച്ചിട്ട് ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു പോയി.

അന്ന് നഴ്സറിയിലായിരുന്ന സംവൃത ഭയന്നുവിറച്ച് അമ്മയുടെ സാരിക്കു പിറകിലേക്കു മാറി.  

കടന്നലോ പഴുതാരയോ മറ്റോ കടിച്ചതാണെന്നാണ് അച്ഛൻ കരുതിയത്. അമ്മ പെട്ടന്ന് മഞ്ഞളോ തുളസിയോ ഒക്കെ തപ്പി ഓടി.

എന്താ നിന്നെ കടിച്ചത്? ഓർമയുണ്ടോ?’ എന്ന് അച്ഛൻ ചോദിച്ചതിന് ക്രിക്കറ്റ് കളിച്ചപ്പൊ ബോള് കൊണ്ടതാണ്എന്ന് സുധാകർ ഒരുകണക്കിന് പറഞ്ഞൊപ്പിച്ചു.

നീയും പോയതല്ലേ ക്രിക്കറ്റ് കളിക്കാൻ. എന്നിട്ട് നീ കണ്ടില്ലേ എന്ന് അച്ഛൻ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടു പറഞ്ഞപ്പോൾ എനിക്കു കരച്ചിൽ വന്നു.

സുധാകർ കൈ കുതറുന്നതും ബാറ്റ് വലിച്ചെറിയുന്നതും ഞാൻ കണ്ടു എന്നതു സത്യം. പക്ഷേ അത് ബോളു കൊണ്ടിട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ ഞാൻ ഓടിവന്ന് അമ്മയോടു പറയുമായിരുന്നു.

പക്ഷേ എനിക്കിതൊന്നും അച്ഛനോടു പറയാൻ സാധിച്ചില്ല. എന്റെ വിശദീകരണം കേൾക്കാനുള്ള ക്ഷമയോ സമയമോ അച്ഛനില്ലായിരുന്നു. മഞ്ഞളെടുക്കാൻ പോയ അമ്മയെ ഉറക്കെ വിളിച്ച്, കയ്യിൽ കിട്ടിയ ഷർട്ടൊരെണ്ണം, വലത്തെ കൈപ്പത്തിയിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ച് സുധാകറിനെ ഇടീച്ച് അച്ഛൻ അപ്പോഴേക്കും ആശുപത്രിയിൽ പോകാൻ തയാറായിക്കഴിഞ്ഞിരുന്നു.

ഞാനും വരാം,’ എന്ന് അമ്മ നിർബന്ധം പിടിച്ചപ്പോൾ എടാ, മര്യാദക്കിരുന്നോണംഎന്ന് എന്നോടു ദേഷ്യപ്പെട്ടുകൊണ്ട് അച്ഛൻ ടാക്സി വിളിക്കാൻ പോയി.

മിന്നിയെ നോക്കണേ മിന്നാ, അവളെ പേടിപ്പിക്കല്ലേ,’ എന്ന് എന്നെ രണ്ടുമൂന്നു തവണ ഓർമപ്പെടുത്തി സുധാകറിനെയും കൊണ്ട് അമ്മ പതിയെ ലിഫ്റ്റിനടുത്തേക്കു നടന്നു.

ഞാനും സംവൃതയും വാതിൽക്കൽ തന്നെ നിൽക്കുന്നതു കണ്ട് അകത്തുകയറി വാതിലടയ്ക്കാൻ അമ്മ ആംഗ്യം കാട്ടി.

സംവൃതയോട് അത്രയ്ക്ക് കരുതലാണ് അമ്മ കാണിക്കാറുണ്ടായിരുന്നത്. ഇളയകുട്ടി എന്ന പരിഗണന മാത്രമല്ല, പെൺകുട്ടിയാണ് എന്ന പ്രത്യേക സ്നേഹവും അമ്മയ്ക്കുണ്ടായിരുന്നു.

എറണാകുളത്തു നിന്ന് വല്ലപ്പോഴും അപ്പൂപ്പനും അമ്മമ്മയും വരുമ്പോഴാണ് അമ്മ തനിനിറം കാണിക്കുക. അവർ കൊണ്ടുവരുന്ന സാധനങ്ങളൊക്കെ കേറിയിറങ്ങി തിന്നാൻ സംവൃതയ്ക്കു മാത്രമേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ.

എടീ പെങ്കൊച്ചിനെ വീട്ടുജോലികളൊക്കെ നന്നായി പഠിപ്പിച്ചോണം. വല്ല വീട്ടിലും ചെന്ന് താമസിക്കണ്ടതാ അവള്,’ എന്ന് അമ്മമ്മ പറയുമ്പോൾ നിങ്ങള് എന്റെ പഠിപ്പ് നിറുത്തിച്ച് കെട്ടിച്ചയച്ച പോലെ അവളെ ഏതായാലും ഞാൻ ചെയ്യില്ല. അവളെ പരമാവധി പഠിപ്പിക്കും. എന്നിട്ടേ കെട്ടിക്കുവൊള്ള്,’ എന്ന് അമ്മ തർക്കുത്തരം പറയും.

ഏത് പഠിപ്പ് പഠിച്ചാലും അവസാനം അവള് വല്ലവന്റേം വീട്ടിച്ചെന്ന് കേറണ്ടവളല്ലേ,’ എന്ന് അമ്മമ്മ തർക്കം തുടരാൻ തീരുമാനിക്കും.

അപ്പോൾ അമ്മ കോൺവെന്റിലെ സിസ്റ്റർമാര് എത്രവട്ടം നിങ്ങളോട് പറഞ്ഞതാ എന്നെ പ്രീഡിഗ്രിയ്ക്ക് വിടാൻ. എന്നിട്ട് കേട്ടില്ല. കെട്ടിച്ചയച്ചു,’ എന്നു പറഞ്ഞ് കരയാൻ തുടങ്ങും.

അമ്മമ്മയുടെ മടിയിൽ കിടന്ന് ഈ കരച്ചിൽ ഞാൻ എത്രവട്ടം കേട്ടിരിക്കുന്നു.

നിന്റച്ഛന്റെ അന്നത്തെ സാഹചര്യം അതായിരുന്നു,’ എന്നോ മറ്റോ അമ്മമ്മ പറഞ്ഞാൽ പിന്നേ, നാല് ആമ്പിള്ളേരെ നന്നായി പഠിപ്പിച്ച അച്ഛന് ഒരു പെങ്കൊച്ചിനെ പഠിപ്പിക്കാനൊള്ള സാഹചര്യം ഇല്ലെന്ന് ! ആരോടാണമ്മേ ഈ നുണ,’ എന്ന് കരച്ചിൽ നിറുത്തി ദേഷ്യപ്പെടുമായിരുന്നു അമ്മ.

മൂത്തമകനായതുകൊണ്ടും ചിതയ്ക്ക് തീ വയ്ക്കേണ്ട ആളായതുകൊണ്ടും സുധാകറിനോടു പ്രത്യേക വാത്സല്യമായിരുന്നു അച്ഛന്. ഒരേ കുസൃതികളാണ് ചെയ്തതെങ്കിലും സുധാകറിനോട് നോ സുധാകർഎന്ന് അൽപം ശബ്ദമുയർത്തിപ്പറയുക മാത്രം ചെയ്യുമായിരുന്ന അച്ഛൻ എന്നെ വായിൽത്തോന്നിയതു പറഞ്ഞ് ശകാരിക്കുമായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ സുധാകറിന് അച്ഛനുണ്ടായിരുന്നു, സംവൃതയ്ക്ക് അമ്മയും. എനിക്ക് ആരുമില്ലായിരുന്നു. ഈ മൈതാനത്തിലെ പട്ടം പറത്തലും കുട്ടികളുടെ ബഹളവും പ്രായമായവരുടെ നാമജപവും മറ്റുമായിരുന്നു കോളേജിൽ ചേരുന്നതു വരെ എന്റെ സ്വന്തമെന്നു പറയാൻ എനിക്കുണ്ടായിരുന്നത്.

പക്ഷേ ഇന്നെനിക്ക് ശ്രാവണിയുണ്ട്.  

ദേ അമ്മ പറഞ്ഞത് കേട്ടോ,’ എന്റെ ശ്രദ്ധയാകർഷിക്കാനായി വിളിക്കുന്നതിനൊപ്പം ഷാളെടുത്തു വീശുകയും ചെയ്തു ശ്രാവണി.

മൈതാനത്തു നിന്ന് നോട്ടം പിൻവലിച്ച് ഞാൻ അമ്മയ്ക്കു സമീപം ചെന്ന് കട്ടിലിൽ ഇരുന്നു.

ഇനി കിഡ്നി മാറ്റാനൊന്നും നിക്കണ്ടാന്ന് പറയുവാരുന്നു ഞാൻ,’ ക്ഷീണിച്ച ശബ്ദത്തിൽ അമ്മ പറഞ്ഞു. ഓപ്പറേഷനൊന്നും എനിക്കിനി പറ്റില്ല. പിന്നെ മൂന്നാലു ലക്ഷം രൂപയെങ്കിലുമാവില്ലേ? ഈ വയസിക്കു വേണ്ടി എന്തിനാ അത്രയും ചെലവാക്കുന്നത്. കൂടിവന്നാലിനി ഒരഞ്ചു കൊല്ലം കൂടി ജീവിക്കുമായിരിക്കും. അതിന് ഇത്രയും പൈസ ചുമ്മാ ചെലവാക്കണോ...

ലോണെടുത്തോ വീടുവിറ്റോ ഒന്നുമല്ലല്ലോ അമ്മാ നമ്മൾ ചികിത്സിക്കുന്നത്, കയ്യിൽ പൈസയുണ്ടല്ലോ. സമ്പാദിച്ചത് ഇങ്ങനെ ആവശ്യം വരുമ്പോൾ ചെലവിടാനല്ലേ?’ ഞാനും എന്തെങ്കിലും പറയാൻ ശ്രാവണി കണ്ണുകൊണ്ടു കാട്ടി.

മൂന്നാലു ലക്ഷമേ ആകൂ എന്നാണ് അമ്മയുടെ ധാരണ.  പതിനഞ്ചുലക്ഷം ചെലവാകും എന്ന് അമ്മയോടു പറയാൻ വയ്യ. അതറിഞ്ഞാൽ അമ്മയ്ക്ക് ആധി കയറി എന്തെങ്കിലും സംഭവിക്കും എന്നുപോലും ഞാൻ ഭയന്നു.

പൈസയെക്കുറിച്ച് അമ്മ ബേജാറാകണ്ട,’ സാധാരണ പോലെ ഞാൻ പറഞ്ഞു. ഈ ഡയാലിസിസും വയ്യാവേലീമൊക്കെ ഒഴിവാക്കി പഴയപോലെ അമ്മയ്ക്ക് മൈതാനത്തെ ശിവക്ഷേത്രത്തിൽ എല്ലാ വൈകുന്നേരോം ഭജനയ്ക്ക് പോകണ്ടേ? ബംഗാളി ആൺടീടെ സ്വീറ്റ് കടയിൽ പോയി ലേഡീസ് ദർബാർ കൂടണ്ടേ?’

എല്ലാം വേണം,’ അമ്മയ്ക്ക് ചെറിയ ആവേശമായി. ക്ഷിതീടെ കല്യാണം കൂടി കാണണമെന്നുണ്ടെനിക്ക്. അവൾക്ക് വയസ് ഇരുപത്തിരണ്ടായി. ഈ സുധാകറെന്താ അവളെ കെട്ടിക്കാത്തതെന്നാ എനിക്ക്...അമ്മ ചുമച്ചു പോയി.

കൂടുതല് മിണ്ടണ്ടെന്നല്ലേ ഡോക്ടറ് പറഞ്ഞത്,’ അച്ഛൻ വാതിൽക്കൽ വന്ന് അകത്തേക്കു നോക്കി.

അമ്മ കിടക്ക്, ഞാനൊരു ചായ ഇട്ടു തരാം,’ ശ്രാവണി എഴുന്നേറ്റു.

അമ്മയുടെ നെറ്റിയിൽ തലോടിയിട്ട് ഞാനും എഴുന്നേറ്റു. പിന്നെ, ശ്രാവണിയുടെ കൂടെ അടുക്കളയിലേക്ക് പോകണോ അതോ അച്ഛനോടു പൈസയുടെ കാര്യം പറയാൻ മുന്നിലെ മുറിയിലേക്കു പോകണോ എന്ന ശങ്കയിൽ അമ്മയുടെ മുറിയ്ക്കു പുറത്ത് ഒരു നിമിഷം നിന്നെങ്കിലും എന്നെ കാണാതെ മടങ്ങി വന്ന ശ്രാവണിയുടെ രൂക്ഷമായ നോട്ടം സഹിക്കാതെ അച്ഛനു സമീപത്തേക്കു തന്നെ പോയി.

പണ്ട് ദൂരദർശനിൽ വരുമായിരുന്ന ഒരു കോമഡി സീരിയലാണ് അച്ഛൻ കണ്ടുകൊണ്ടിരുന്നത്.

അന്ന് ജോലി കഴിഞ്ഞു വരുമ്പൊ പലപ്പഴും ഈ സീരിയൽ മിസ്സായിട്ടുണ്ട്. നിങ്ങളൊക്കെ കണ്ട് രസിക്കുമായിരുന്നില്ലേ?’ അച്ഛൻ ചോദിച്ചു.

അതെ,’ ഒരു താൽപര്യവുമില്ലാതെ ഞാൻ പറഞ്ഞു.

ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്നു കരുതിയ സീരിയലെല്ലാം ഇപ്പൊ സ്വസ്ഥമായി കാണാൻ പറ്റുന്നുണ്ട്. രാമായണോം മഹാഭാരതോം, ശക്തിമാനും ഒക്കെ,’ അച്ഛൻ പെട്ടന്നു ഗൗരവത്തിലായി. ഇതുപോലെ നിന്റെ അമ്മയ്ക്കും പഴയ കാന്തിയും പ്രസരിപ്പും എല്ലാം തിരിച്ചുകിട്ടും. ഇല്ലേ? പഴയ സീരിയല് കാണും പോലെ ഞാനും നിന്റെ അമ്മേം ഇനീം സ്വസ്ഥമായി ജീവിതം തുടരും. ഇല്ലേ?’

ഉവ്വ്.

സുധ നിന്നോടു പറഞ്ഞുകാണുമെന്നറിയാം,’ കണ്ണടയെടുത്ത് കണ്ണുകൾ തുടച്ച് അച്ഛൻ ഗൗരവത്തിലായി. കിഡ്നി മാറ്റിവച്ചാൽ എല്ലാം പഴയതുപോലാകുമെന്നാണ് ഡോക്ടർ പറയുന്നത്. സംവൃതേടെ കിഡ്നി മാച്ചാവണൊണ്ട്. സർജറിക്ക് നാലഞ്ച് ലക്ഷം ആകുമായിരിക്കും. പക്ഷേ പൈസയല്ല, നിന്റമ്മയെക്കൊണ്ട് സർജറിക്ക് സമ്മതിപ്പിക്കലാണ് പ്രയാസം.

തുകയുടെ കാര്യം പറയാറായെന്ന് എനിക്കു തോന്നി. എങ്ങനെയാ പറയുക, നേരിട്ടങ്ങു പറയണോ അതോ വളച്ചുകെട്ടി, എങ്ങുമെങ്ങും തൊടാത്ത മട്ടിൽ വേണോ എന്ന സംശയത്തിൽ നിന്നപ്പോൾ ചായയുമായി ശ്രാവണി വന്നു.

പൈസയുടെ കാര്യം പറഞ്ഞോ എന്ന് കണ്ണുകാട്ടിയതിന് ഇല്ലെന്ന അർഥത്തിൽ ഞാൻ തോളുകുലുക്കിയപ്പോൾ ശ്രാവണിക്ക് ദേഷ്യം വന്നു.

അച്ഛാ, അമ്മയുടെ സർജറിയുടെ കാര്യം തീരുമാനിക്കണ്ടേ? പൈസ അറേഞ്ച് ചെയ്യണം, കിഡ്നി വേണം, മാറിമാറി ലീവെടുക്കുന്ന കാര്യം ഓഫീസിൽ പറഞ്ഞുസെറ്റാക്കണം.ശ്രാവണി നേരെയങ്ങ് വിഷയത്തിലേക്കു കടന്നു.

വേണം, വേണം. ഡോക്ടറെ കണ്ട് സമയം കുറിച്ചോളാൻ സുധയോട് ഞാൻ പറഞ്ഞിരുന്നല്ലോ. ഡേറ്റിനനുസരിച്ച് സംവൃത മാത്രം ലീവെടുത്താൽപ്പോരേ? നിങ്ങളെന്തിനാ ലീവെടുക്കണേ? ഹോസ്പിറ്റലില് നഴ്സുമാരുണ്ടല്ലോ, പിന്നെ ഞാനും കാണും. എനിക്കു വയ്യാതായിട്ടൊന്നുമില്ലല്ലോ.

അതല്ല അച്ഛാ,’ ഞാൻ പതിയെ ഇടപെട്ടു. ‘സർജറിക്ക് കുറച്ചധികം പൈസ വേണ്ടിവരുമെന്നാ സുധ പറയണത്.

എത്രയാകും? ആറോ എട്ടോ? ഇനി പത്തുലക്ഷമായാലും എനിക്ക് കുഴപ്പമില്ലെന്ന് അവനോട് പറ.

പത്തല്ല,’ മടിച്ചുമടിച്ച് ഞാൻ പറഞ്ഞു.

പിന്നേ?’

പതിനഞ്ചോളം ആകുമെന്നാ സുധ പറഞ്ഞത്.അച്ഛൻ ചെറുതായി ഞെട്ടിയതു കണ്ട് ഞാൻ പക്ഷേ അച്ഛൻ ബേജാറാകണ്ട, നമുക്ക് എല്ലാറ്റിനും വഴിയുണ്ടാക്കാംഎന്നു കൂട്ടിച്ചേർത്തു.

മറുപടിയൊന്നും പറയാതെ അച്ഛൻ തല പിറകോട്ടു ചാരി കണ്ണുകളടച്ചു. ഇനിയെന്തു പറയും എന്ന അർഥത്തിൽ ഞാൻ ശ്രാവണിയെ നോക്കി.

ഞാൻ നന്നായി തന്നെ കാര്യം അവതരിപ്പിച്ചു എന്ന അർഥത്തിൽ ശ്രാവണി എന്നെ നോക്കി. വളരെ നാളുകൾക്കു ശേഷമാണെന്നു തോന്നുന്നു അഭിനന്ദനസൂചകമായി ശ്രാവണി എന്നെ ഒന്നു നോക്കുകയെങ്കിലും ചെയ്യുന്നത്. അല്ലെങ്കിൽ ഞാനെന്തുചെയ്താലും കുറ്റം മാത്രമേ അവൾക്കു കാണാനും പറയാനുമുള്ളൂ.

രണ്ടുപേർക്കും കൂടിയാണോ പതിനഞ്ചാകും എന്നു പറഞ്ഞത്?’ അച്ഛൻ ചോദിച്ചു. സംവൃതയ്ക്ക് ഇൻഷുറൻസുള്ളതല്ലേ. നിന്റെ അമ്മയ്ക്ക് മാത്രം തന്നെ പതിനഞ്ചാകുമെങ്കിൽ...

കണക്കെല്ലാം സുധ തന്നെ പറയും അച്ഛാ,’ ഞാൻ പതിയെ എഴുന്നേറ്റു. ഞങ്ങളിറങ്ങട്ടേ? ചെന്നിട്ട് വേണം പിള്ളേർക്ക്...


അച്ഛൻ ഒന്നും പറയാതെ തലകുലുക്കി. അമ്മ നല്ല ഉറക്കമാണെന്നു കണ്ടപ്പോൾ യാത്രപറയാനൊന്നും ഞങ്ങൾ നിന്നില്ല. പുറത്തിറങ്ങി കാറെടുത്തതും എടാ നീ എവിടെയാഎന്നു ചോദിച്ച് സുധാകർ വിളിച്ചു.

ശ്രാവണിയാണ് ഫോണെടുത്തത്. അവൾ കേൾക്കാതെ എന്നോടെന്തെങ്കിലും പറയാനായിരിക്കണം, ഫ്ലാറ്റിലൊന്ന് കയറിയിട്ടു പോവാൻ സുധാകർ എന്നോട് ആവശ്യപ്പെട്ടു.

മൂന്നു കിലോമീറ്റർ എതിർദിശയിൽ പോവാൻ ഞാനൊന്ന് മടിച്ചെങ്കിലും എന്താണ് സുധാകറിന് പറയാനുള്ളതെന്ന് നേരിട്ടു കേൾക്കാമല്ലോ എന്ന ശ്രാവണിയുടെ നിർബന്ധത്തിൽ ഞൻ വണ്ടി തിരിച്ചു.

സംവൃതയും നകുലും ഉണ്ടായിരുന്നു സുധാകറിന്റെ ഫ്ലാറ്റിൽ. ഞങ്ങളെക്കണ്ട് നകുൽ ഹലോ പറഞ്ഞെങ്കിലും എന്നെയോ ശ്രാവണിയെയോ നോക്കുകപോലും ചെയ്യാതെ സംവൃത ബാൽക്കണിയിൽ പോയി ദൂരേയ്ക്കു നോക്കി നിന്നു.    

പൈസയുടെ കാര്യം അച്ഛനോടു സൂചിപ്പിച്ചിട്ടുണ്ട്,’ സുധാകറിനോട് ഞാൻ പറഞ്ഞു.

പൈസയല്ലടാ ഇപ്പൊ വിഷയം,’ സുധാകർ പരിക്ഷീണനായി. ഈ നാശംപിടിച്ചവള് കാരണം പ്ലാനെല്ലാം തെറ്റുമെന്നാ തോന്നണത്.

സുധാകറിന്റെ വാക്കുകൾ കേട്ടപ്പോൾ സംവൃത ബാൽക്കണിയിൽ നിന്ന് കലിതുള്ളിക്കൊണ്ട് കുതിച്ചെത്തി.

എന്നോടു ചോദിച്ചിട്ടാണോ നിങ്ങള് പ്ലാൻ ചെയ്തത്?’ അമ്മ കൂടെയുണ്ടെന്ന ധൈര്യത്തിൽ പണ്ട് ഞങ്ങളോട് അലറുമായിരുന്ന അതേ രീതിയിലായിരുന്നു സംവൃതയുടെ പെരുമാറ്റം.

പിന്നെ നീയെന്തിനാണ് കിഡ്നി മാച്ചാകുമോ എന്ന് ചെക്ക് ചെയ്തത്?’ സുധാകറും ഒച്ചവച്ചു.

എന്റെ കിഡ്നി മാച്ചാകുമെന്ന് ഞാനറിഞ്ഞോ...?’ സംവൃത വീണ്ടും ബാൽക്കണിയിലേക്കു പോയി. സോഫയിൽ കിടക്കുകയായിരുന്ന ജൂസിപ്പട്ടിയെ ഷാൾ വീശിയോടിച്ച് അവൾ വിശാലമായി ചാരിയിരുന്നു. അവളുടെ തന്റേടം കണ്ടപ്പോൾ ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് എനിക്കു മനസിലായി.

ശ്രാവണി വേദച്ചേട്ടത്തിക്കു സമീപം ചെന്ന് ശബ്ദം താഴ്ത്തി എന്തോ ചോദിച്ചു.

ബ്രോ,’ എന്റെ പിറകിലൂടെ വന്ന് തോളത്തു തൊട്ട് നകുൽ പതിയെ വിളിച്ചു. ഞാനോ സുധാകറോ ദേഷ്യപ്പെടുമോ എന്ന ഭയം അവനുണ്ടായിരുന്നെന്നു തോന്നുന്നു.

നിങ്ങള് വാ,’ സുധാകർ കസേരയിൽ നിന്നെഴുന്നേറ്റ് ഡൈനിംഗ് റൂമിലേക്കു നടന്നു. അതിനിടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ക്ഷിതി ഞങ്ങളെയെല്ലാവരെയും കണ്ടപ്പോൾ എന്താണെന്ന് അമ്പരന്നു.

നീയിങ്ങനെ പെൺകോന്തനാവാൻ പാടില്ല നകുലേ,’ വാർഡ്രോബ് തുറന്ന് ഗ്രീൻ ലേബലിന്റെ കുപ്പിയെടുക്കുമ്പോൾ സുധാകർ പറഞ്ഞു. ഒരു വാക്കു പറഞ്ഞാൽ പാലിക്കണം. മറ്റു വല്ലവരോടും ആണെങ്കിൽ പോട്ടെന്ന് വെക്കാം. ഇതിപ്പൊ സ്വന്തം അമ്മയോടാണ്.സുധാകർ മൂന്നു ഗ്ലാസെടുക്കുന്നതു കണ്ടപ്പോൾ എനിക്ക് വേണ്ട, വണ്ടിയുണ്ട്,’ എന്നു പറയാൻ എനിക്കു തോന്നി. പക്ഷേ ഒരു പെഗ് കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല എന്നു പെട്ടന്നു തോന്നിയതുകൊണ്ട് ഞാൻ തടയാൻ പോയില്ല.

ശ്രാവണിയെങ്ങാനും കയറി വരുമോ എന്നറിയാൻ ഞാൻ സൂത്രത്തിൽ മുന്നിലെ മുറിയിലേക്കു പാളി നോക്കി. വേദച്ചേട്ടത്തിയും ശ്രാവണിയും ക്ഷിതിയും സംവൃതയെ ചുറ്റിയിരുന്ന് ശബ്ദം താഴ്ത്തി സംസാരിക്കുകയാണ്.

സുധ ബ്രോ,’ ചിയേഴ്സൊന്നും പറയാൻ നിൽക്കാതെ ഒരു കവിൾ കുടിച്ച് ചിറി തുടച്ച് നകുൽ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു. ജെനുവിൻ കേസാണ്. അവൾക്ക് പ്രൊമോഷൻ ഡ്യു ആണ്. ചുമ്മാ പ്രൊമോഷനല്ല, എ ഗുഡ് പാക്കേജ് ടൂ. കോവിഡ് കഴിഞ്ഞ് ഞാനൊന്ന് പച്ചപിടിച്ച് വരണേ ഉള്ളൂ. അവൾടെ ഇൻകം കൂടണത് വളരെ ആശ്വാസാണ് ഞങ്ങക്ക്. അതാണ്. അല്ലാതെ അമ്മേനോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല... 

ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് ഒറ്റയടിക്കു തന്നെ എനിക്കു വ്യക്തമായി. പ്രൊമോഷനെ ബാധിക്കുന്ന ഒന്നിനും സംവൃത വഴങ്ങില്ല. സംവൃതയെന്നല്ല ഞാനും അങ്ങനെ തന്നെയേ ചിന്തിക്കൂ. സുധാകറിനും ഇതു വ്യക്തമായെന്നു തോന്നുന്നു. പിന്നീടൊന്നും പറയാൻ നിൽക്കാതെ സുധാകർ ഡൈനിംഗ് ടേബിളിൽ നിന്നൊരു ഓറഞ്ചെടുത്ത് പൊളിച്ചു തിന്നു. എനിക്കും നകുലിനും ഓരോ അല്ലി നീട്ടിയെങ്കിലും ഞങ്ങൾ വേണ്ടെന്ന് ആംഗ്യം കാട്ടുകയാണു ചെയ്തത്.

അപ്പൊ കിഡ്നിയ്ക്ക് വേറെ ആളെ നോക്കണ്ടി വരും,’ ഞങ്ങൾ വേണ്ടെന്നുവച്ച അല്ലി വായിലേക്കിട്ടുകൊണ്ട് സുധാകർ പറഞ്ഞു. അതിന് പൈസേം വേണ്ടിവരും.

ഞാനൊന്നും പറഞ്ഞില്ല. സുധാകർ ഒരു പെഗ് കൂടി ഒഴിച്ചിരുന്നെങ്കിൽ എന്ന ആകാംക്ഷയിലായിരുന്നു ഞാൻ. ഒഴിക്കണെങ്കിൽ ശ്രാവണി വരുംമുമ്പ് ഒഴിക്കെന്റെ സുധേ, ഞാൻ മനസിൽ പറഞ്ഞു.

ഒരു ക്ലയ്ന്റ് തന്നതാ,’ എന്റെ മനസു വായിച്ചെന്നപോലെ കുപ്പിയെടുത്തു കാട്ടി സുധാകർ പറഞ്ഞു. ഒരെണ്ണം കൂടി കേറ്റാം അല്ലേ?’

മറുപടി പറയുന്നതിനു പകരം ഞാനും നകുലും ഗ്ലാസുകൾ സുധാകറിനു സമീപത്തേക്കു നീക്കിവച്ചു.

അപ്പഴേ, നകൂ,’ എല്ലാ ഗ്ലാസിലും അളവ് സമാസമം അല്ലേ എന്നു നോക്കി ഉറപ്പുവരുത്തി സുധാകർ തുടർന്നു. അവള് കിഡ്നി തരണില്ലേൽ വേണ്ട. തട്ടിപ്പറിക്കാനോ കേസുകൊടുത്ത് കൈക്കലാക്കാനോ പറ്റിയ സാധനോന്നുമല്ലല്ലോ. അവൾടെ കിഡ്നി അമ്മയ്ക്ക് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കാം. പിന്നല്ലാതെ. പക്ഷേ,’ ഗ്ലാസിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കുന്നതിനിടയിൽ ഒന്നു നിറുത്തിയിട്ട് സുധാകർ പറഞ്ഞു: കിഡ്നി നമ്മക്ക് എങ്ങനേലും സംഘടിപ്പിക്കാം. പക്ഷേ ഡോണർക്ക് പൈസ കൊടുക്കണ്ടി വരും. ചെലപ്പ ഒരു നാലഞ്ച് ലക്ഷം. അതെങ്കിലും നിങ്ങള് തരണം.

സുധാകർ പറഞ്ഞത് ന്യായമാണെന്ന് എനിക്കു തോന്നി.

നകുൽ ഒന്നും പറഞ്ഞില്ല. പകരം, ഗ്ലാസിലുള്ളത് വീണ്ടും ഒറ്റയടിക്ക് കുടിച്ചിട്ട് അവൻ സുധാകറിനെ ചുറ്റിവന്ന് കുപ്പിയെടുത്ത് അടുത്ത പെഗ്ഗ് തനിക്കു മാത്രമായി ഒഴിച്ചു.

കിഡ്നീം തരൂല്ല, പൈസേം തരൂല്ല എന്നാണേൽ...സുധാകറിന് നന്നായി ദേഷ്യം വന്നിരുന്നു.

മൂന്നാമത്തെ പെഗ്ഗ് വെള്ളം ചേർക്കാതെ വായിലേക്കൊഴിച്ച് മുഖം ചുളിച്ച് ഇപ്പൊ വരാംഎന്ന് ആംഗ്യം കാട്ടി നകുൽ ബാൽക്കണിയിലേക്കു പോയി.

പൈസേടെ കാര്യം അച്ഛനെന്തു പറഞ്ഞു?’ സുധാകർ എന്നോടു ചോദിച്ചു.

പത്തായാലും അച്ഛന്റെ കയ്യിലുണ്ട്.

പത്തു പോരല്ലോ. ഇപ്പൊ ഇനി കിഡ്നി പുറത്തൂന്ന് വാങ്ങണ്ടി വന്നാൽ അതിനും വേണം ഒരഞ്ച് ലക്ഷം.

ഞാനൊന്നും പറഞ്ഞില്ല.

എത്രേം പെട്ടന്ന് മാറ്റിവെച്ചില്ലേൽ അമ്മ...സുധാകറിന്റെ കണ്ണുനിറഞ്ഞു. അതുകണ്ടപ്പോൾ എനിക്കു സങ്കടം തോന്നി. എന്റെ കൂടി അമ്മയാണ്. ശരിയാണ്. പക്ഷേ പ്രായമായാൽ എല്ലാവരും മരിക്കും. ഞാനും മരിയ്ക്കും. ശ്രാവണിയും മരിക്കും. അതിലൊന്നും ഒരു പുതുമയുമില്ല. കിഡ്നി കിട്ടിയില്ലെങ്കിൽ അമ്മ മരിക്കും. കുറെ വേദന സഹിക്കേണ്ടി വരുമെന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടതാണ്. പൈസയാണ് വിഷയമെങ്കിൽ ഒരു മൂന്നോ നാലോ ലക്ഷം എനിക്കു ചിലപ്പോൾ സംഘടിപ്പിക്കാൻ പറ്റിയേക്കും.

നകുൽ ചെയ്തതുപോലെ എഴുന്നേറ്റു ചെന്ന് കുപ്പിയിൽ നിന്ന് ഒഴിച്ചാലോ എന്നു ഞാൻ ചിന്തിച്ചപ്പോഴേയ്ക്കും ശ്രാവണി ബാൽക്കണിയിൽ നിന്നു വന്നു.

സംവൃത വാശീലാണ് ചേട്ടാ,’ ശ്രാവണി സുധാകറിനോട് പറഞ്ഞു. നമ്മക്കിനി വേറെ ആളെ നോക്കാം.

യെസ്, ഞാനും അതു തന്നാ ചിന്തിച്ചത്,’ ശ്രാവണിയുടെ ശ്രദ്ധയിൽപെടാതെ, പഴങ്ങൾ വച്ച കൂടയ്ക്കു പിറകിലേക്ക് എന്റെ ഗ്ലാസ് മാറ്റിവെക്കുമ്പോൾ സുധാകർ പറഞ്ഞു. എക്സ്ട്രാ പൈസ മുടക്കണം. അതാണ് വിധിച്ചതെങ്കിൽ അങ്ങനെ.

എന്നാപ്പിന്നെ ഇനി അതിനുള്ള വഴി നോക്കാം, അല്ലേ?’ ഇറങ്ങിയാലോ എന്ന അർഥത്തിൽ എന്നെ നോക്കിക്കൊണ്ട് ശ്രാവണി ചോദിച്ചു.

യെസ്. നിങ്ങളും നോക്ക്. ഞാനും നോക്കാം. എന്തായാലും പെട്ടന്ന് വേണം. വെച്ചോണ്ടിരിക്കാൻ പറ്റില്ല.സുധാകർ തന്റെ ഗ്ലാസിൽ അടുത്ത പെഗ് ഒഴിച്ചു.

ഏയ്, എന്നാലിറങ്ങാം. ഞാൻ ദാ വന്നു,’ എന്നു പറഞ്ഞ് ശ്രാവണി വാഷ് റൂമിലേക്കു പോയി.

ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുകയായിരുന്നു സുധാകർ. ആ തക്കത്തിന് ഞാൻ സുധാകറിന്റെ ഗ്ലാസെടുത്ത് നകുൽ ചെയ്തതുപോലെ വെള്ളം ചേർക്കാതെ ഒറ്റവലിക്ക് കുടിച്ചു.

ടാ ടാഎന്ന് സുധാകർ എന്നെ തമാശയ്ക്ക് തല്ലാൻ ഓങ്ങി.

ചിരിച്ചുകൊണ്ട് ചിറിതുടച്ച്, ഒരു ഓറഞ്ചല്ലിയെടുത്തു പല്ലിലുരച്ച് ഞാൻ പതിയെ മുന്നിലെ മുറിയിലേയ്ക്കു നടന്നു. ബാൽക്കണിയിൽ ആരുമൊന്നും സംസാരിക്കുന്നില്ലായിരുന്നു. ഇറങ്ങുകയാണ് എന്ന അർഥത്തിൽ വേദച്ചേട്ടത്തിയേയും ക്ഷിതിയേയും ഞാൻ കൈവീശിക്കാണിച്ചു. അവരും തിരികെ കൈവീശി.

ശ്രാവണി കാറിൽ എത്തിയപ്പോഴേക്കും മൂന്നാമത്തെ പെഗ് എന്റെ തലയ്ക്കുള്ളിൽ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. വെള്ളമൊഴിക്കാതെ എടുത്തു കഴിക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു എനിക്ക്. മിണ്ടിയാൽ നാക്കുകുഴഞ്ഞേക്കും എന്നു ഞാൻ ഭയന്നു. എന്റെയൊരു കൊതി! പുല്ല്. എനിക്കു സഹിച്ചില്ല. ഇത്ര ഫിറ്റായിട്ടാണ് ഞാൻ വണ്ടിയോടിക്കുന്നതെന്നറിഞ്ഞാൽ ശ്രാവണിയെന്നെ കൊല്ലും.

കാറിന്റെ കീ ഇടാൻ ഞാൻ തപ്പിയപ്പോൾ ശ്രാവണി ചോദിച്ചു : എന്തുപറ്റി?’

ഞാനൊന്നും പറഞ്ഞില്ല. വാ തുറന്നാൽ വിസ്കിയുടെ നാറ്റമടിക്കും. മിണ്ടിയാൽ നാക്കു കുഴയും.

അമ്മേടെ കാര്യമോർത്താണോ ടെൻഷൻ?’ ശ്രാവണി നിർത്താനുദ്ദേശമില്ലായിരുന്നു.

ഞാൻ പെട്ടന്ന് പൊട്ടിക്കരഞ്ഞുപോയി. എന്തിനെന്ന് എനിക്കു മനസിലായില്ല. അമ്മയെ ഓർത്തൊന്നുമല്ല എന്നുറപ്പ്. വിസ്കി കുടിച്ചത് ശ്രാവണി അറിഞ്ഞാൽ ദേഷ്യപ്പെടുമല്ലോ എന്നോർത്താണോ? അതോ ശ്രാവണി അറിയാതെ വിസ്കി കുടിച്ചതിന്റെ കുറ്റബോധം കൊണ്ടാണോ? അതോ അമ്മയെ ഓർത്ത് ഞാൻ ടെൻഷനടിക്കുന്നുണ്ട് എന്ന് അവൾ തെറ്റിധരിച്ചല്ലോ എന്നോർത്താണോ? എന്തിനാണു കരഞ്ഞുപോയതെന്ന് എനിക്കു മനസിലായില്ല.

ശ്രാവണി എന്റെ തോളത്തു തടവി ആശ്വസിപ്പിച്ചു. അതോടെ ഞാൻ കൂടുതൽ കരഞ്ഞുപോയി. എന്താണ് എന്ന് സുധാകർ ബാൽക്കണിയിൽ നിന്ന് വിളിച്ചുചോദിച്ചെങ്കിലും ഒന്നുമില്ല എന്നു മറുപടി കൊടുത്ത്, എന്റെ കയ്യിൽ നിന്ന് കീ വാങ്ങി എന്നെ മാറ്റിയിരുത്തി കാറോടിച്ചു പോവുകയാണ് ശ്രാവണി ചെയ്തത്.

രണ്ടുദിവസം കഴിഞ്ഞ് ഒരു സൈറ്റിൻസ്പെക്ഷന് ബൊമ്മനഹള്ളിയിൽ പോയി വരുമ്പോഴാണ് സുധാകർ വിളിച്ചത്. പെട്ടന്ന് വണ്ടിയൊതുക്കാൻ പറഞ്ഞു. അമ്മയ്ക്കെന്തെങ്കിലും പറ്റിക്കാണും എന്നുതന്നെ ഞാൻ ഭയന്നു.

അത്യാവശ്യമായി ഞാൻ ചേർത്തല വരെ പോകണം എന്നു പറയാനാണ് സുധാകർ വിളിച്ചത്. അമ്മയ്ക്ക് ഒരു ഡോണറെ കിട്ടിയത്രെ.

എടാ നിനക്കറിയാവുന്ന ആളാണ്, നമ്മുടെ ബൊണ്ടനെ ഓർക്കണില്ലേ? അപ്പൂപ്പൻ്റെ വീട്ടിൽ പണിക്ക് വരുമായിരുന്ന ദെവ്കിയുടെ മകൻ,’ സുധാകർ  ആളെക്കുറിച്ചു പറഞ്ഞു.

ബൊണ്ടനെ എനിക്കോർമയുണ്ട് എന്നു മാത്രമല്ല മറക്കാനും പറ്റില്ല. പണ്ടൊക്കെ സ്കൂൾ അവധിക്കാലത്ത് അപ്പൂപ്പൻ്റെ വീട്ടിൽ പോവുമ്പോൾ ബാംഗ്ലൂരു കാണാത്ത പല പല പുതിയ കാര്യങ്ങളും പരിചയപ്പെടുത്തുന്നത് ബൊണ്ടനായിരുന്നു. കുട്ടിയും കോലും എന്ന കളി ഞങ്ങളെ പഠിപ്പിച്ചത് ബൊണ്ടനാണ്.

സുധാകറിൻ്റെ സമപ്രായക്കാരനായിരുന്നു ബൊണ്ടൻ. യഥാർഥ പേരു മറ്റെന്തോ ആയിരുന്നു. ആളൊരു ചെറിയ മണ്ടനായിരുന്നതു കൊണ്ട് ചെറുപ്രായം മുതൽ തന്നെ ബൊണ്ടനെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. സംസാരത്തിലും ചെറിയ പ്രയാസം അവനുണ്ടായിരുന്നു. വിക്കുമായിരുന്നു എന്നു മാത്രമല്ല, ചില അക്ഷരങ്ങൾ ഉച്ചരിക്കാൻ അവന് പ്രയാസമായിരുന്നു.

എഴുത്തും വായനയും കണക്കുമൊന്നും അറിയില്ലായിരുന്നെങ്കിലും അസാമാന്യ കൈക്കരുത്തുള്ള ആളായിരുന്നു അവൻ. അതുകൊണ്ടു തന്നെ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിൽ അവൻ ഒന്നാമതായിരുന്നു. ഉപ്പുമാവുണ്ടാക്കാനും സ്വാതന്ത്ര്യദിനത്തിന് കൊടിമരം സെറ്റാക്കാനും സ്കൂൾ അലങ്കരിക്കാനുമെല്ലാം അവനെയായിരുന്നു അധ്യാപകർ ആശ്രയിച്ചിരുന്നത്. കൂടാതെ ജില്ലാതലത്തിലും മറ്റും സ്പോർട്സ് മത്സരങ്ങൾക്ക് സ്കൂളിനു വേണ്ടി സമ്മാനമടിക്കാനും ബൊണ്ടൻ വേണമായിരുന്നു. പക്ഷേ പഠനത്തിൽ അവൻ വട്ടപ്പൂജ്യമായിരുന്നു എന്നുതന്നെ പറയാം.  സുധാകർ പത്തു പാസായിട്ടും ബൊണ്ടൻ ഏഴിലേ എത്തിയിരുന്നുള്ളൂ.

പത്തിനു മുകളിൽ എണ്ണാൻ അറിയാതിരുന്നതുകൊണ്ട്, ഞങ്ങളുടെ ഇടയിലെ ഏറ്റവും നല്ല കളിക്കാരനായിരുന്നിട്ടും ഒരിക്കൽ പോലും ബൊണ്ടൻ കുട്ടിയും കോലും കളിയിൽ ജയിച്ചിരുന്നില്ല. എതിർകളിക്കാർ എറിയുന്ന ചെറിയ കമ്പ് വലിയ കോലുകൊണ്ട് പരമാവധി  അടിച്ചകറ്റി, ആ ദൂരം കോലുകൊണ്ട് അളന്ന് നൂറു വരെ തികയ്ക്കുന്നവരായിരുന്നു കളിയിൽ ജയിക്കുന്നത്. ബൊണ്ടൻ പരമാവധി ദൂരത്തേക്ക് കുട്ടി എന്ന ചെറുകോലിനെ അടിച്ചകറ്റുമായിരുന്നു. പക്ഷേ എണ്ണം അറിയാത്തതിനാൽ ഇരുപത്തൊമ്പത്, മുപ്പത്തൊമ്പത്, നാൽപ്പത്തൊമ്പത് തുടങ്ങിയ സംഖ്യകളാവുമ്പോൾ അവൻ പകച്ചു നിൽക്കും. ഇനി എത്രയാ എന്ന് ഞങ്ങളോടു ചോദിക്കും. യഥാർഥ സംഖ്യയ്ക്കു പകരം ഞങ്ങൾ ഇരുപതോ മുപ്പതോ ഒക്കെ പറയും. ഫലമോ? അഞ്ചും ആറും തവണ നൂറൂ തികയ്ക്കേണ്ട ബൊണ്ടൻ, നഴ്സറിക്കാരിയായ സംവൃത പോലും നൂറു തികച്ചാലും അറുപതോ എഴുപതോ ഒക്കെ വരെയേ എത്തുമായിരുന്നുള്ളൂ.   

ഒരു തവണ വെക്കേഷന് ഞങ്ങൾ ചേർത്തലയ്ക്കു ചെന്നപ്പോൾ കുട്ടിയും കോലും കളിച്ചുകൊണ്ടിരുന്നിടത്ത് ബൊണ്ടൻ്റെ അമ്മ വന്നു. ബൊണ്ടനെ എട്ടിലേക്ക് പാസാക്കിയിട്ടുണ്ടെന്നും അവൻ എങ്ങനെയെങ്കിലും പത്താം ക്ലാസ് പാസായാൽ സ്പോർട്സ് ക്വാട്ടായിൽ പോലീസിലോ മറ്റോ ജോലി ശരിയാക്കാൻ  നോക്കാമെന്നും അവൻ്റെ സാറ് പറഞ്ഞതായി അവർ പറഞ്ഞു.

മോനും മോൻ്റെ ചേട്ടനുമൊക്കെ നന്നായി പഠിക്കണവരല്ലേ, നിങ്ങൾടെ അത്രേം ഇല്ലെങ്കിലും കുറച്ചെങ്കിലും പഠിക്കാനുള്ള വിദ്യ അവനു പറഞ്ഞുകൊടുക്കാമോഅവർ എന്നോടു ചോദിച്ചു. ശരി എന്ന അർഥത്തിൽ ഞാൻ തലകുലുക്കി. സന്തോഷത്തോടെ അവർ സഞ്ചിയിൽ നിന്ന് ഒരു പാക്കറ്റ് പപ്പടവടയെടുത്ത് എനിക്കും ബൊണ്ടനും സംവൃതയ്ക്കും അപ്പൂപ്പൻ്റെ വീടിൻ്റെ അയല്പക്കത്തെ കുട്ടികളായ ശ്രീനേഷ്, സുനീതി, ദിവ്യ തുടങ്ങിയവർക്കും വീതിച്ചു നൽകി.

ബബ്ബാ,’ അവർ സ്നേഹത്തോടെ ബൊണ്ടനെ ചേർത്തുനിറുത്തി മുടിയിൽ തലോടി. സ്നേഹം തോന്നുമ്പോൾ അവർ ബൊണ്ടനെ വിളിച്ചിരുന്നത് ബബ്ബാ എന്നായിരുന്നു. അവൻ എന്തെങ്കിലും കുസൃതി കാണിച്ചാൽ പരിസരത്ത് ആരുണ്ടെന്നൊന്നും നോക്കാതെ റണ്ടേ പുത്താ എന്നു തന്നെ വിളിക്കും. തേവിടിശ്ശി മോനേ എന്നാണ് ആ കൊങ്കണി വാക്കിന് അർഥം. കൊങ്കണി സമുദായക്കാരുടെ വീടുകളിൽ പുറംജോലിക്കു നിൽക്കുന്ന കുഡുംബി എന്ന സമുദായത്തിൽ പെട്ടവരായിരുന്നു ബൊണ്ടനും കുടുംബവും. 

ബബ്ബാ, നീ എട്ടാം ക്ലാസിലേക്ക് ജെയിച്ചെടാ. എങ്ങനേലും പത്ത് പാസാവടാ മോനേ,’ അവർ വാത്സല്യത്തോടെ പറഞ്ഞു.

നാന് പടിക്കൂല്ല, സ്കൂളിലെ എല്ലാ ജോലീം ചെയ്യണില്ലേ? സാറമ്മാർക്ക് എന്നെ പാസാക്കാൻ മേലേ?’ പപ്പടവടയിൽ നിന്നു പറ്റിയ എണ്ണ മുണ്ടിൽ തുടച്ച് ബൊണ്ടൻ ചിണുങ്ങി.

സ്കൂളിലെ ജോലി ചെയ്താൽ മതിയോ? പരീക്ഷേൽ നല്ല മാർക്കും വാങ്ങണ്ടേ ബബ്ബാ പാസാവാൻ?’ അവർക്ക് കരച്ചിൽ വന്നു.

പരീഷേൽ മാർക്കില്ലാഞ്ഞിട്ടും എട്ടിലേക്ക് പാസാക്കീല്ലേ? അതെന്താ?’ ബൊണ്ടൻ വിടാനുള്ള ഭാവത്തിലല്ലായിരുന്നു.

ഏഴിൽത്തന്നെ രണ്ടുമൂന്നു വർഷം ഇരുന്നതുകൊണ്ട് പാസാക്കിയതാടാ -അമ്മ വ്യസനത്തോടെ പറഞ്ഞു.

എന്നാ പത്തിലും നാൻ രണ്ടുമൂന്നു വർഷം ഇരിക്കാം. അപ്പൊ പാസാക്കൂല്ലേ?’ ബൊണ്ടൻ വിട്ടുകൊടുക്കാൻ തയാറായില്ല.

ബൊണ്ടൻ പറഞ്ഞത് ന്യായമാണല്ലോ എന്നാണ് എനിക്കു തോന്നിയത്. പത്തു വരെ ചുമ്മാ പാസാക്കി വിടാമെങ്കിൽ പത്തിലും പാസാക്കി വിടേണ്ടതല്ലേ?

ബൊണ്ടൻ്റെ അമ്മയ്ക്ക് പക്ഷേ ആ ലോജിക്ക് ഇഷ്ടപ്പെട്ടില്ല. എന്നാലും നീ പഠിക്കില്ല അല്ലേടാ റണ്ടേ പുത്താഎന്നലറി അടുത്തുള്ള ചെമ്പരത്തിയുടെ കമ്പൊടിച്ച് പൊതിരെ തല്ലി. അമ്മയുടെ കയ്യിൽ നിന്ന് ഓടി രക്ഷപെടുന്നതിനു പകരം വലിയ വായിൽ കരഞ്ഞുകൊണ്ട് ബൊണ്ടനെന്തിനാണ് അടി വാങ്ങിക്കൂട്ടിയത് എനിക്കു മനസിലായില്ല. ഓടിപ്പോയില്ലെങ്കിലും അമ്മയുടെ കൈപിടിച്ച് തടയാനെങ്കിലും അവൻ തുനിയാത്തത് എനിക്ക് അതിശയമായി തോന്നി. ബൊണ്ടൻ്റെ ഒറ്റയടിക്ക് തീരാനുള്ളതേ ഉള്ളൂ വെറും എല്ലിച്ച്, പൊക്കം കുറഞ്ഞ ദെവ്കി.

ബൊണ്ടൻ്റെ കൂക്കിവിളിച്ചുള്ള കരച്ചിൽ കേട്ട് അമ്മൂമ്മ വീട്ടിൽ നിന്നിറങ്ങി വന്ന് ദെവ്കിയെ ശാസിച്ചു. സന്ധ്യാ സമയത്ത് കൊച്ചിനെ- അതും ബുദ്ധി കുറഞ്ഞ ഒന്നിനെ- തല്ലിയാൽ വീട്ടിലുള്ള ലക്ഷ്മിദേവി ഇറങ്ങിയങ്ങു പോവുമെന്ന് അറിയില്ലേ എന്നു ചോദിച്ചാണ് അമ്മൂമ്മ ശകാരിച്ചത്. അമ്മൂമ്മയെ കണ്ടു ഭയന്ന ദെവ്കി കൂടുതലൊന്നും പറയാൻ നിൽക്കാതെ ബൊണ്ടനെയും വലിച്ച് ചന്തയുടെ ദിശയിലേക്കു പോയി.

സന്ധ്യയായി, കയ്യും കാലും കഴുകി വന്ന് നാമം ജപിക്ക് പിള്ളാരെ എന്ന് അമ്മൂമ്മ ഞങ്ങളെ വഴക്കിട്ടു.

മന്ദഹാസ വദനാ, കൃഷ്ണാ…’ എന്നൊരു പാട്ടാണ് വല്യച്ഛൻ്റെ മകളായ രാജേശ്വരിച്ചേച്ചി നാമം ജപിക്കുന്ന സമയത്ത് എല്ലാ ദിവസവും പാടുമായിരുന്ന ഭക്തിഗാനം. ചേച്ചി അന്ന് എംകോമിനോ മറ്റോ പഠിക്കുകയായിരുന്നു. ഗണേശ ശരണം, ശരണം ഗണേശാ പോലുള്ള എളുപ്പത്തിൽ പാടാവുന്ന ഭജനകളാണ് ഞങ്ങൾ കുട്ടികൾ പാടിയിരുന്നത്. ചില ദിവസങ്ങളിൽ ഭജനയ്ക്ക് ബൊണ്ടനും വരും. ഞങ്ങൾ ഇറയത്തിരിക്കുമ്പോൾ അവൻ മുറ്റത്ത് മണ്ണിൽ ചമ്രം പടിഞ്ഞ് തൊഴുതുകൊണ്ടിരിക്കും. പാട്ടെല്ലാം കഴിഞ്ഞ് തിരുപ്പതി ഭഗവാൻ്റെ ഫോട്ടോയ്ക്ക് സുധാകർ അല്ലെങ്കിൽ വല്യച്ഛൻ്റെ മകനായ വാസുദേവ് ആരതിയുഴിയും. അതുകഴിഞ്ഞ് പഴമോ അവിൽ നനച്ചതോ പ്രസാദമായി കാണും. അതു കിട്ടാനാണ് ബൊണ്ടൻ വരുന്നത്.

പാടാത്തവർക്ക് പ്രസാദമില്ല. നീയും പാടണം,’ ഒരു ദിവസം രാജേശ്വരിച്ചേച്ചി തമാശ പറഞ്ഞു.

അതിന് ബൊണ്ടൻ പാടിയ പാട്ടു കേട്ട്, ഭജനയാണെന്നതൊന്നും ഓർക്കാതെ എല്ലാവരും ആർത്തുചിരിച്ചു. അമ്മൂമ്മ പോലും ചിരിച്ചു പോയി.

ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽഎന്നൊരു മലയാള സിനിമാഗാനമാണ് ബൊണ്ടൻ പാടിയത്. ഭക്തിഗാനമേത്, പ്രേമഗാനമേത് എന്നുപോലും ധാരണയില്ലാത്ത വെറുമൊരു മണ്ടച്ചാരായിരുന്നു ബൊണ്ടൻ.

അതിനു ശേഷം ഭജനയ്ക്ക് പാടാൻ ബൊണ്ടനെ ആരും നിർബന്ധിച്ചിട്ടില്ല. പക്ഷേ അവൻ പ്രസാദം വാങ്ങാനായി മിക്കവാറും വരുമായിരുന്നു. 

പ്രസാദം വാങ്ങുമ്പോഴെങ്കിലും കൈ കഴുകെടാരാജേശ്വരിച്ചേച്ചി ബൊണ്ടനെ വഴക്കിടും. അവൻ കൈകഴുകാനൊന്നും പോവില്ല. പകരം നിക്കറിൽ തുടക്കുകയേ ഉള്ളൂ.

പഴമാണ് പ്രസാദമെങ്കിൽ അവനൊരു തന്ത്രമെടുക്കും. അതു തന്ത്രമാണെന്ന് എനിക്കു മനസിലായത് സ്കൂൾ കാലമൊക്കെ കഴിഞ്ഞിട്ടാണ്. തൊലി കളയാതെ അവൻ പഴം തിന്നു കാണിക്കും. ഇതിലെന്താണു തന്ത്രമെന്നല്ലേ? സംവൃതയും മറ്റു കുട്ടികളും, എന്തിന്, ഈ ഞാൻ പോലും അവനിങ്ങനെ തൊലി കളയാതെ പഴം തിന്നുന്നതു കാണാൻ ഞങ്ങൾക്കു കിട്ടിയ പഴം കൂടി അവനു കൊടുക്കും. ഇളിച്ചുകാണിച്ചുകൊണ്ട് ഓരോ പഴവും അവൻ തിന്നുമ്പോൾ കൊരങ്ങനുണ്ടായതാണോടാ നീഎന്നു ചോദിച്ച് അമ്മൂമ്മ നെടുവീർപ്പിടും. അതു കേൾക്കുമ്പോൾ കുട്ടികളെല്ലാം ആർത്തുചിരിക്കും.

ഞങ്ങൾക്കു കിട്ടിയ പഴം തീർന്നു എന്നു കണ്ടാൽ, ‘അകത്തൂന്നു കൊണ്ടുവാ ഇനീം തിന്നു കാണിച്ചുതരാം എന്ന് അവൻ ശബ്ദം താഴ്ത്തിപ്പറയും. സംവൃതയായിരിക്കും മിക്കവാറും അങ്ങനെ എക്സ്ട്രാ പഴമെടുത്തുകൊണ്ടുവരുന്നത്. ഒന്നോ രണ്ടോ അല്ല അഞ്ചെട്ടെണ്ണം കൊണ്ടുവന്നാലും ബൊണ്ടൻ തിന്നുതീർക്കും.

ബാക്കിയുള്ളവർ തിന്നുന്നതുപോലെ തൊലി കളഞ്ഞു തിന്നാൽ എക്സ്ട്രാ പഴമൊന്നും കിട്ടില്ലെന്നറിയാവുന്ന ബൊണ്ടൻ, വയറുനിറയെ പഴം തിന്നാനാണ് ഇങ്ങനെയൊരു തന്ത്രമിറക്കിയതെന്ന് മനസിലാക്കാൻ സുധാകറുൾപ്പെടെയുള്ള പിള്ളാർക്കോ അമ്മൂമ്മയ്ക്കോ രാജേശ്വരിച്ചേച്ചിയ്ക്കോ പോലും മനസിലായില്ല എന്നത് അതിശയമായിരുന്നു.

എനിക്കു മനസിലായപ്പോഴാവട്ടെ, ഭജനയ്ക്കുള്ള വരവ് ബൊണ്ടൻ നിറുത്തുകയും ചെയ്തിരുന്നു.

ഞങ്ങളെയെല്ലാം കളിപ്പിച്ച ബൊണ്ടൻ ശരിക്കും മണ്ടനാണോ മണ്ടനായി അഭിനയിക്കുന്നതാണോ എന്നൊരു സംശയം വളരെ നാളായി എൻ്റെ മനസിലുണ്ടായിരുന്നു. അവനോടു നേരിട്ടു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും പ്ലസ്ടു കഴിഞ്ഞതോടെ അവധിക്കാലത്തുള്ള എൻ്റെ ചേർത്തലപ്പോക്ക് നിന്നു പോയിരുന്നതിനാൽ കുറെ നാളത്തേക്ക് ബൊണ്ടനെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ടായിരത്തി പത്തിൽ കല്യാണം കഴിഞ്ഞ് ശ്രാവണിയുമൊത്ത് കുടുംബക്ഷേത്രത്തിൽ തൊഴാൻ പോയ സമയത്താണ് അവനെ വീണ്ടും കണ്ടത്.

ആരും കാണാതെ ഒരു സിഗരറ്റ് വലിക്കാൻ വേണ്ടി, വീടിനു സമീപത്തെ അമ്പലക്കുളത്തിന് എതിരിലുള്ള വാഴക്കൂട്ടത്തിലേക്കു കയറിയതാണു ഞാൻ.

മിന്നാ, കണ്ടിട്ടെത്ര നാളായെടാ,’ എന്നു ചോദിച്ച് ബൊണ്ടൻ കയറി വന്നു. അവൻ്റെ ശരീരം നല്ല ബലിഷ്ഠമായിരുന്നെങ്കിലും മുടി ചെറുതായി നരച്ചുതുടങ്ങിയിരുന്നു.

മിന്നാ എന്ന് ആരെങ്കിലും എന്നെ വിളിച്ചിട്ട് വർഷങ്ങളായിരുന്നു.  കോളേജിൽ എത്തിയപ്പോഴേയ്ക്കും ആ പേർ എല്ലാവരും മറന്നിരുന്നു എന്നതാണു സത്യം. എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം അമ്മ പോലും എന്നെ സുശാന്തോ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. പക്ഷേ മിന്ന എന്ന പേർ ബൊണ്ടൻ മാത്രം ഇപ്പോഴും ഓർത്തിരിക്കുന്നു!

ബൊണ്ട്യാ, എൻ്റെ ഭാര്യേടെ മുമ്പിൽ വെച്ച് മിന്നാന്ന് വിളിക്കരുത്, കേട്ടോ.ഒരു സിഗരറ്റെടുത്ത് നീട്ടി ഞാൻ പറഞ്ഞു.

, നീയൊക്കെ വല്യ ആളായല്ലേ,’ അവൻ സിഗരറ്റു വാങ്ങി ചുണ്ടിൽ വച്ചു. നിൻ്റെ ഭാര്യ സിനിമാ നടീനെ പോലുണ്ടെടാ,’ ബൊണ്ടൻ സിഗരറ്റ് കത്തിച്ചു. ബാംഗളൂരുകാരിയാണല്ലേ.

ആം,’ ഞാനന്ന് കൂടുതൽ പറയാൻ പോയില്ല. എടാ ചേർത്തുള്ള അവൻ്റെ വിളി എനിക്കൊട്ടും സഹിക്കാൻ പറ്റിയിരുന്നില്ല. പണ്ട് അവൻ എന്നെയും സുധാകറിനേയും എടാ ചേർത്തു വിളിക്കുന്നതു കേട്ട് അച്ഛൻ ഞങ്ങളെ ശരിക്കു വഴക്കിട്ടിരുന്നു. കണ്ട മൂപ്പച്ചെറുക്കന്മാരുടെ കൂടെക്കൂടാനാണോ നിന്നെയൊക്കെ ചേർത്തലയ്ക്ക് അയക്കുന്നത് എന്നു പറഞ്ഞ് അച്ഛൻ വല്ലാതെ ദേഷ്യപ്പെട്ടു. അവൻ നിങ്ങളെയല്ല നിങ്ങൾ അവനെയാണ് എടാ ചേർത്ത് വിളിക്കണ്ടത്. അച്ഛൻ പറഞ്ഞു. അവൻ്റെ അപ്പൂപ്പനെ വരെ ഞാൻ എടാന്നാണ് വിളിക്കാറ്. നിങ്ങൾ കണ്ടിട്ടില്ലേ എന്ന് ഇരിപ്പുറയ്ക്കാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അച്ഛൻ ചോദിച്ചു.

ശരിയാണ്, ബൊണ്ടൻ്റെ അപ്പൂപ്പനായ നർസിയെ അച്ഛൻ മാത്രമല്ല വല്യച്ഛനും സുശീലാൻ്റിയും രാജക്കൊച്ചച്ചനുമെല്ലാം എടാ ചേർത്താണ് വിളിക്കാറുണ്ടായിരുന്നത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

നമ്മളാരാണെന്ന് മനസിലാക്കണം. നിങ്ങൾ ബാംഗളൂരു ജനിച്ചു വളർന്നവരായതുകൊണ്ട് ഇതൊന്നും ചിലപ്പൊ മനസിലാവില്ല. അതുകൊണ്ടാണ് പറഞ്ഞുതരണത്. അച്ഛൻ കൂട്ടിച്ചേർത്തു.

ബൊണ്ടൻ എന്നെ എടാ എന്നു വിളിച്ചപ്പോൾ അച്ഛൻ ഞങ്ങളെ ഗുണദോഷിച്ചത് ഞാൻ ഓർത്തുപോയി. ശ്രാവണിയുടെ മുന്നിലും അവൻ എന്നെ എടാ കൂട്ടി വിളിച്ചാലോ എന്നു ഭയന്നിട്ട് ബാക്കിയുണ്ടായിരുന്ന സിഗരറ്റും ചുമ്മാ ഒരഞ്ഞൂറു രൂപയും നിർബന്ധിച്ച് പോക്കറ്റിലിട്ടു കൊടുത്തിട്ട് അന്നു ഞാനവനെ ആ വാഴത്തോട്ടത്തിൽ നിന്ന് പെട്ടന്നു പറഞ്ഞയച്ചു. 

ആ ബൊണ്ടൻ്റെ കിഡ്നിയാണ് ഇന്ന് അമ്മയ്ക്കു വെക്കാൻ പോവുന്നത്!

ഒരു പ്ലാൻ ബി ആയിട്ട് ഞാൻ സുശീലാൻ്റീനോട് പറഞ്ഞുവച്ചിരുന്നു. നിങ്ങളോടൊന്നും പറഞ്ഞില്ലെന്നേ ഉള്ളൂ,’ സുധാകർ പറഞ്ഞു. അങ്ങനെയാണ് ബൊണ്ടനെ ശരിയാക്കിയത്. പെർഫക്ട് മാച്ചിംഗ് ആണ്. ഭഗവാൻ കൈവിട്ടില്ല എന്നത് ഭാഗ്യം. അല്ലേ?’

ലീഗൽ കാര്യങ്ങളൊക്കെ ഓക്കെയല്ലേ? ഞാൻ പോയി കൂട്ടിക്കൊണ്ടു വന്നാൽ മാത്രം പോരേ?’ ആരോടു സംസാരിക്കുമ്പോഴും കാര്യങ്ങളെല്ലാം വ്യക്തമായി ചോദിച്ചു മനസിലാക്കണമെന്ന് ശ്രാവണി പല പ്രാവശ്യം പറഞ്ഞിട്ടുള്ള ഓർമയിൽ ഞാൻ ചോദിച്ചു.

ബൊണ്ടൻ്റെ അമ്മയ്ക്ക് ചെറിയൊരു എതിർപ്പുണ്ട്. അവനെന്തെങ്കിലും പറ്റുമോ എന്നൊരു ഭയം. അത് പക്ഷേ മാനേജ് ചെയ്യാൻ പറ്റുമെന്നാണ് സുശീലാൻ്റി പറയണത്. ബാക്കി എവരിതിംഗ് ഈസ് പക്കാ. പിന്നെ സർജറി കഴിഞ്ഞ് ഒന്നുരണ്ടാഴ്ച നിൻ്റെ ഫ്ലാറ്റിൽ താമസിപ്പിക്കണം. അത് ബുദ്ധിമുട്ടാണേൽ ലോഡ്ജിലോ മറ്റോ മുറിയെടുത്തു കൊടുക്കണം. പറ്റൂല്ലേ?’

അതൊക്കെ ചെയ്യാം,’ ശ്രാവണി എതിരു പറയില്ല എന്ന ധാരണയിൽ ഞാൻ പറഞ്ഞു. അവന് പൈസ വല്ലതും കൊടുക്കാൻ പ്ലാനുണ്ടോ?’

പിന്നേ, കൊടുക്കാതെ?’ സുധാകർ പറഞ്ഞു.  ദെവ്കി പേശാനൊന്നും സാധ്യതയില്ല. നമുക്കൊരു രണ്ടര കൊടുക്കാം. മാക്സിമം മൂന്ന്. ആശുപത്രിച്ചെലവും വണ്ടിക്കൂലിയും ലോഡ്ജിലാണ് താമസമെങ്കിൽ അതും ഒക്കെ ചേർത്ത് നീയൊന്ന് പൊലിപ്പിച്ച് പറയണം. രണ്ടിലും കുറപ്പിക്കാൻ കഴിഞ്ഞാൽ നിനക്കാണ് ലാഭം.

എനിക്കോ?!’ എനിക്കതു മനസിലായില്ല.

അല്ലാതെ പിന്നെ! സംവൃത കിഡ്നീം തരൂല്ല പൈസേം തരൂല്ല. അവൾടെ കയ്യിൽ ഇല്ലാന്ന്. ഒന്നോർത്താൽ ആമ്പിള്ളേരായ നമ്മള് ജീവനോടുള്ളപ്പൊ അവളോട് ചോദിക്കുന്നതും ശരിയല്ല. ഇല്ലേ?’

ശരിയാണ് എന്ന അർഥത്തിൽ ഞാൻ തലയാട്ടി. പക്ഷേ എൻ്റെ തലയാട്ടൽ ഫോണിലൂടെ കാണാൻ കഴിയാതിരുന്നതുകൊണ്ട് സുധാകർ ചോദ്യം ആവർത്തിച്ചു. ശരിയല്ലേ? നീയെന്താ മിണ്ടാത്തത്?’

ശരിയാണ്,’ ഞാൻ ഉറക്കെപ്പറഞ്ഞു.

അതാണ്. അപ്പൊ കിഡ്നി വാങ്ങാൻ വരണ ചെലവ് നീ നോക്കണം. അമ്മയ്ക്കു വേണ്ടിവരണതെല്ലാം ഞാനും അച്ഛനും കൂടി നോക്കാം. ശ്രാവണീനോടും പറ.

പറയാം.

എങ്കിപ്പിന്നെ വേഗം തന്നെ ചേർത്തലയ്ക്ക് പോകാൻ നോക്ക്.  പൈസേടെ കാര്യം ഓക്കെയാക്കി ബൊണ്ടനേം കൂട്ടി വരണം എന്നതാണ് നിൻ്റെ ഡ്യൂട്ടി.

ശരി.ഞാൻ ഫോൺ വച്ച് വണ്ടിയെടുത്തു.

രണ്ടു ദിവസം ലീവാക്കേണ്ടി വരും. അല്ലെങ്കിൽ ഫ്ലൈറ്റിൽ പോകണം. എറണാകുളത്ത് ഒരു ക്ലൈൻ്റ് മീറ്റിംഗ് സെറ്റ് ചെയ്താൽ എൻ്റെ ഫ്ലൈറ്റ് ചാർജ് ലാഭിക്കാം. ലീവും എടുക്കണ്ട. ബൊണ്ടൻ്റെ ടിക്കറ്റിനുള്ളതു മാത്രം കയ്യിൽ നിന്നിട്ടാൽ മതി. ഈ പ്ലാൻ ശ്രാവണിയും എതിർക്കുമെന്നു തോന്നുന്നില്ല.

ചേർത്തലെ പോയി വരാനുള്ള എൻ്റെ പ്ലാൻ ഒരു തരത്തിലുമുള്ള വെട്ടും തിരുത്തുമില്ലാതെ ശ്രാവണി അംഗീകരിച്ചത് എന്നെ അതിശയിപ്പിക്കുകയും അഭിമാനപ്പെടുത്തുകയും ചെയ്തു. എനിക്കീയിടെയായി ഉത്തരവാദിത്തം കൂടിയിട്ടുണ്ടെന്നും പക്വതയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും അവൾ പറഞ്ഞപ്പോൾ എൻ്റെ സന്തോഷം ഇരട്ടിച്ചു.

മാസാവസാനമായിട്ടും കാലി മീരിയിൽ നിന്ന് ഞാനൊരു ഫുൾ മുർഗ് മുസല്ലംഓർഡർ ചെയ്തത് ആ സന്തോഷത്തിലാണ്. ജീരാ റൈസും ഷെസ്വാൻ ഫ്രൈഡ് റൈസും അപ്രതീക്ഷിതമായി ഡിന്നറിനു വന്നപ്പോൾ സാൻവിയ്ക്കും സാകേതിനും അദ്ഭുതമായി.

പൈസ പൊടിക്കല്ലേ, വലിയ ചെലവാണു വരുന്നത്,’ ശ്രാവണി എന്നെ സ്നേഹപൂർവം ഗുണദോഷിച്ചു.

ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്നപ്പോൾ അറിയാതെയെന്ന മട്ടിൽ ഞാനെൻ്റെ കൈ ശ്രാവണിയുടെ മേലേക്കിട്ടു. എന്താ ഉറക്കം വരണില്ലേ? മുർഗ് മുസല്ലം വയറ്റിൽ കുത്തുന്നുണ്ടോ,’ ശ്രാവണി കുസൃതിച്ചിരി ചിരിച്ചു.

ആ ചിരിയിലെ സിഗ്നൽ എനിക്കു കൃത്യമായി മനസിലായി. എൻ്റെ കൈകളും ശരീരമാകെയും ഉണർന്നു.

കോഴിയെ തിന്നാൽ കോഴിയുടെ സ്വഭാവം കാണിക്കില്ലേ പിന്നെ,’ അവളെ വരിഞ്ഞുമുറുക്കുമ്പോൾ ചെവിയിൽ ഞാൻ മന്ത്രിച്ചു.

എൻ്റെ വാക്കുകളെ യാഥാർഥ്യമാക്കുമാറ് ശ്രാവണി ഒരുശിരൻ പൂവൻ കോഴിയായി മാറി. നാളുകൾക്കു ശേഷം ഞങ്ങളുടെ ബെഡ് റൂമിൽ അത്യുഗ്രൻ കോഴിപ്പോരു നടന്നു. ജോലിക്കാരിയായ ജഗ്ഗമ്മ രാവിലെ ബെഡ് റൂമിൻ്റെ വാതിൽ തട്ടുമ്പോൾ, പൂട പറിച്ച കോഴികളെപ്പോലെ ചത്തുറങ്ങുകയായിരുന്നു ഞാനും ശ്രാവണിയും.

വെള്ളിയാഴ്ച എറണാകുളത്ത് ഒരു ക്ലൈൻ്റ് മീറ്റിംഗ് സെറ്റാക്കി രാവിലത്തെ ഫ്ലൈറ്റിൽ തന്നെ ഞാൻ പോയി. പത്തു മണിക്ക് ക്ലൈൻ്റിനെ കണ്ട് പതിനൊന്നോടെ ചേർത്തലയ്ക്കിറങ്ങാൻ സാധിച്ചു. വൈകീട്ട് എട്ടിനായിരുന്നു മടക്ക ഫ്ലൈറ്റ്. അതിനു മുമ്പ് ബൊണ്ടനേയും കൂട്ടി നെടുമ്പാശ്ശേരിയിൽ എത്തണം.

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ബൊണ്ടൻ്റെ യഥാർഥ പേര് ശിവകുമാർ എന്നാണെന്ന് ഞാനറിയുന്നത്. ആ പേരു പറഞ്ഞാൽ ആരുമവനെ അറിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അതുപോലെ, ദെവ്കി എന്നു വിളിക്കുന്ന അവൻ്റെ അമ്മയുടെ യഥാർഥ പേര് ദേവകി എന്നാണെന്നും അറിയാൻ കഴിഞ്ഞു. 

ഉച്ചയ്ക്ക് ഒരു മണിയോടെ ഞാൻ ചേർത്തല എത്തി. സുശീലാൻ്റി എനിക്കിഷ്ടപ്പെട്ട ചേമ്പിലയപ്പവും ചക്കച്ചുള വറുത്തതും മറ്റും പാകം ചെയ്തു വച്ചിരുന്നു. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും കടയിൽ നിന്ന് വല്യച്ഛനുമെത്തി. പ്രായം എൺപത്തഞ്ചായെങ്കിലും വല്യച്ഛൻ ഇപ്പോഴും കടയിൽ പോകാറുണ്ട്. രാവിലെ പോയി ഉച്ചയോടെ തിരിച്ചെത്തും. പിന്നെ വൈകീട്ട് ആറു മണിയോടെ പോയി രാത്രി വാസുദേവിൻ്റെ കൂടെ മടങ്ങും.

അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചൊക്കെ വല്യച്ഛനോടു സംസാരിച്ചുകൊണ്ടിരുന്നപ്പോഴേക്കും സുശീലാൻ്റി ദെവ്കിയെ ഫോണിൽ വിളിച്ചുവരുത്തി.

ദെവ്കിയ്ക്ക് നടക്കാൻ പ്രയാസമുണ്ടായിരുന്നു. പണ്ടു ഞാൻ കാണുമ്പോഴത്തിനെക്കാൾ അല്പം വണ്ണം വച്ചിരുന്നു. കൈകളിൽ റബർ വളയ്ക്കു പകരം നാലഞ്ചു കുപ്പിവളകളും ഒരു സ്വർണവളയുമുണ്ടായിരുന്നു. പല്ലുകൾ മിക്കവാറും കൊഴിഞ്ഞിരുന്നു.

ദെവ്കീ, നിന്നേം എന്നേം ഏതാണ്ട് ഒരേ സമയത്താണ് കല്യാണം കഴിച്ച് ഈ നാട്ടിലേക്ക് കൊണ്ടുവരണത്. അന്നു മുതൽ ഈ കുടുംബമാണ് നമ്മുടെ ജീവൻ.സുശീലാൻ്റി പറഞ്ഞു.

സിറ്റൗട്ടിലെ കസേരയിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വെറ്റിലപ്പാത്രം തുറന്ന് മുറുക്കാൻ തുടങ്ങുകയായിരുന്നു വല്യച്ഛൻ. നിലത്തിരിക്കുകയായിരുന്ന ദെവ്കിയ്ക്കും വല്യച്ഛൻ രണ്ടു വെറ്റില കൊടുത്തു. മടിക്കുത്തിൽ നിന്ന് ദെവ്കി ചുണ്ണാമ്പും അടയ്ക്കയും എടുത്തു.

ഞാനീ കുടുംബത്തിനകത്താണെന്നും നീ പുറത്താണെന്നും ബാക്കിയുള്ളവർക്കു തോന്നും,’ സുശീലാൻ്റി തുടർന്നു. പക്ഷേ അങ്ങനായിരുന്നോ? നീ പറ.  കല്യാണം കഴിഞ്ഞതു മുതൽ നിനക്കുള്ള ആഹാരവും വസ്ത്രവും എല്ലാം തന്നത് ഈ കുടുംബമല്ലേ? നാലഞ്ചു വർഷത്തിനുള്ളിൽ നിൻ്റെ ഭർത്താവ് മരിച്ചപ്പോൾ കൂടെ നിന്നത് ആരാ? നിൻ്റെ മകന് സ്വന്തമായി വരുമാനമുണ്ടാകുന്നതു വരെ നിൻ്റെ ആവശ്യങ്ങൾക്ക് നീ കൈ നീട്ടിയത് എവിടെയാ? ശരിയാണ്, നിനക്കാവുന്നതു പോലെ ചെറിയ ജോലിയൊക്കെ ചെയ്ത്  നിൻ്റെ കടപ്പാട് നീ നിറവേറ്റാൻ നോക്കി. പക്ഷേ എത്ര ജോലി ചെയ്താലും ഈ കടപ്പാടെല്ലാം ഇല്ലാതാകുവോ? നീ പറ.

ദെവ്കി ഒന്നും പറഞ്ഞില്ല. വായിലേക്കിട്ട മുറുക്കാൻ ചെറുതായി ചവച്ച് അവർ ദൂരേയ്ക്കു നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചുണ്ടുകൾ ചെറുതായി വിതുമ്പുന്നതു പോലെ എനിക്കു തോന്നി.

ഇവൻ്റെ അമ്മ സുമിത്രയും ഈ കുടുംബത്തിൽ മരുമോളായി കയറിവന്നവളാണ്,’ മുറുക്കാൻ ചവച്ചുകൊണ്ട് വല്യച്ഛൻ പറഞ്ഞു. അവരുടെ ജീവന്മരണ പ്രശ്നമാണ് ഇപ്പോ നീ വിചാരിച്ചാൽ പരിഹരിക്കാൻ സാധിക്കുന്നത്. അവർക്ക് യാത്ര ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇളയ മകനായ ഇവനെ വിട്ടത്. നീ സമ്മതിച്ചാൽ നിൻ്റെ മകൻ്റെ കിഡ്നി അവർക്ക് വെക്കാൻ പറ്റും. അവരുടെ ജീവൻ രക്ഷിക്കാൻ പറ്റും. നിൻ്റെ കാലു പിടിക്കാം ഇവൻ. നീ സമ്മതിക്കില്ലേ?’

യജ്മാ,’ ദെവ്കിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എൻ്റെ മകന് ഒന്നും പറ്റരുതെന്നേ എനിക്കുള്ളൂ. ഒരു കിഡ്നി കൊടുത്താൽ അവനെന്തെങ്കിലും പറ്റുമോന്ന് പേടിച്ചാണ് ഞാനാദ്യം മടിച്ചത്.

ഞങ്ങൾ പറയണത് വിശ്വസിക്കണ്ട. ഷേണായി ഡോക്ടറോട് ചോദിച്ച് മനസിലാക്കാൻ ഞാൻ പറഞ്ഞതല്ലേ?’ വല്യച്ഛൻ ദേഷ്യപ്പെട്ടു.

ഷേണായി ഡോക്ടറെ ഞാൻ കണ്ടു.

എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു?’ വല്യച്ഛൻ ആകാംക്ഷയോടെ മുന്നോട്ടു കുനിഞ്ഞു.

ഒന്നും വരൂല്ല, ധൈര്യായിട്ട് കൊടുക്കാംന്ന് പറഞ്ഞു.ദെവ്കി തലകുനിച്ചു.

അതാണ്,’ വല്യച്ഛൻ സമാധാനത്തോടെ കസേരയിലേക്കു ചാരി.

ഹാർട്ടോ കണ്ണോ ഒന്നുമല്ലല്ലോ ദെവ്കീ കൊടുക്കണത്. കിഡ്നിയല്ലേ. ആർക്കും ഒരു കുഴപ്പോം വരൂല്ല. ബ്ലഡ് കൊടുക്കണ പോലെയേ ഉള്ളൂ ഇത്. ഞാനന്നേ പറഞ്ഞതല്ലേ,’ സുശീലാൻ്റി കൂട്ടിച്ചേർത്തു.

പിന്നെ, അവർ നിനക്ക് കാശെന്തോ തരാനൊക്കെ നോക്കുന്നുണ്ട്. നിനക്ക് ആവശ്യമാണെങ്കിൽ വാങ്ങാം. ഒറ്റക്കാര്യം ഓർത്താ മതി. ഓപ്പറേഷൻ്റെ ചെലവും ബാംഗ്ലൂർ താമസിക്കാനൊള്ള ചെലവും ബൊണ്ടന് ജോലിക്ക് പോകാൻ പറ്റാത്തതു കൊണ്ട് ഒരു മാസത്തേക്കൊള്ള ചെലവും എല്ലാം അവർ നോക്കിക്കൊള്ളും. ആ പിന്നെ, ബസിലോ ട്രെയിനിലോ അല്ല, വിമാനത്തിലാണ് അവനെ കൊണ്ടുപോണത്. ചില്ലറപ്പൈസയൊന്നുമല്ല വിമാനക്കൂലി എന്ന് ഞാൻ പറയണ്ടല്ലോ. അത്രയ്ക്ക് നന്നായി നിൻ്റെ മോനെ അവർ നോക്കിക്കൊള്ളും. ഇത്രയെല്ലാം ചെയ്തിട്ടും നിനക്കെന്തെങ്കിലും പൈസ കൊടുക്കണോ എന്നൊരു ചോദ്യം വന്നപ്പൊ ഞാനാണ് പറഞ്ഞത്, എന്തെങ്കിലും പോരാ നല്ലൊരു സംഖ്യ തന്നെ കൊടുക്കണമെന്ന്.വല്യച്ഛൻ ഒന്നു നിറുത്തിയിട്ട് സിറ്റൗട്ടിൻ്റെ കൈവരിയ്ക്ക് പുറത്തേക്ക് മുറുക്കാൻ തുപ്പി. വെള്ളം കൊണ്ടുവരാൻ സുശീലാൻ്റിയെ ആംഗ്യം കാണിച്ച് വല്യച്ഛൻ തുടർന്നു:

നൂറും ആയിരോം ഒന്നുമല്ല, ഒരു ലക്ഷം രൂപയാണ് നിനക്കു കൊടുക്കാൻ ഞാൻ പറഞ്ഞത്. ഇല്ലേടാ?’ വല്യച്ഛൻ എന്നെ നോക്കി.

അതെ,’ വല്യച്ഛൻ എനിക്ക് രണ്ടുലക്ഷം രൂപ ലാഭമുണ്ടാക്കിത്തന്നു എന്ന ആശ്വാസത്തോടെ ഞാൻ പറഞ്ഞു.

ഒന്നും പറയാതെ, നിറകണ്ണുകളോടെ  ദെവ്കി എന്നെ നോക്കി തൊഴുതു.

ഗെയ്റ്റിൽ ആൾപ്പെരുമാറ്റം കേട്ട് വല്യച്ഛൻ എത്തി നോക്കി.

ബൊണ്ട്യാ വാടാ, ദെവ്കി ഇവിടുണ്ട്,’ വല്യച്ഛൻ വിളിച്ചുപറഞ്ഞു.

ഗെയ്റ്റു പതിയെ തുറന്ന്, ലുങ്കിയും ടിഷർട്ടും ധരിച്ച ഒരാൾ മുഖത്തൊരു മണ്ടൻ ചിരിയോടെ മടിച്ചുമടിച്ച് കടന്നുവന്നു.

വന്നതു ബൊണ്ടനാണെന്ന് എനിക്കൊട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രായം അൻപത്തൊന്നേ ആയിട്ടുള്ളെങ്കിലും മുടി നന്നായി നരച്ചിരുന്നു. കയ്യും മുഖവുമെല്ലാം വെയിലേറ്റ് നന്നായി കരുവാളിച്ചിരുന്നു. മൂന്നാലു പല്ലുകളും പോയിരുന്നു.

ശിവാ, എന്നെ മനസിലായോ?’ പരിചയഭാവത്തിൽ ഞാൻ ചോദിച്ചപ്പോൾ ഉത്തരം പറയുന്നതിനു പകരം അവൻ പിറകോട്ടു നോക്കി. പിറകിൽ ആരും ഇല്ലെന്നു കണ്ട് ചമ്മലോടെ എന്നെ വീണ്ടും നോക്കി.

ശിവാ, നിന്നോടാണ് ഞാൻ ചോദിച്ചത്,’ കസേരയിൽ നിന്ന് എഴുന്നേറ്റ് ഞാൻ അവനു സമീപത്തേക്കു ചെന്നു.

ശിവാന്ന് വിളിച്ചപ്പ മനസിലായില്ല,’ ബൊണ്ടൻ സ്വയം പരിഹസിച്ചു ചിരിച്ചു.

മോനേ, അവൻ്റെ ആധാറിലെ പേരാണ് ശിവകുമാർ. ശരിക്ക് പേരല്ല. അതാണ് അവന് മനസിലാകാഞ്ഞത്,’ ദെവ്കി എഴുന്നേറ്റു വന്നു.

ശരിക്ക് പേരെന്താണ് പിന്നേ?’ എനിക്ക് കൺഫ്യൂഷനായി.

ബൊണ്ടൻ എന്ന് പറഞ്ഞാലേ അവനെ ആരെങ്കിലും അറിയുവൊള്ള്,’ വല്യച്ഛൻ പൊട്ടിച്ചിരിച്ചു.

വോട്ടിടാൻ പോകുമ്പഴും ശിവകുമാറെന്നാണ് പേര്,’ ബൊണ്ടൻ ഗൗരവത്തിലായി. അല്ലാത്തപ്പഴക്കെ ബൊണ്ടൻ എന്ന് വിളിക്കും.

അവൻ്റെയൊപ്പം വല്ലാത്തൊരു ഗന്ധവുമുണ്ടായിരുന്നു. എനിക്ക് മനം പിരട്ടി.

വിമാനത്തിൽക്കേറുമ്പൊ എയർ ഹോസ്റ്റസ് നിൻ്റെ പേരു ചോദിക്കും. ബൊണ്ടനെന്ന് പറഞ്ഞാൽ അവർ ചെലപ്പം ആകാശത്ത് എറക്കിവിടും. ശിവകുമാറെന്ന് തന്നെ പറയണം കേട്ടോടാ,’ വല്യച്ഛൻ കളിയാക്കി. 

ആകാശത്ത് എറക്കിവിട്ടാ തിരിച്ച് വരാൻ എന്തുചെയ്യും? എനിക്ക് വഴി അറിയൂല്ല,’ ബൊണ്ടൻ ഉത്കണ്ഠപ്പെട്ടു.

അവ്ടെ ഓട്ടോ കിട്ടുമെടാ. അമ്പത് രൂപ കൊടുത്താൽ മാർക്കറ്റിലെ ബംഗാളീടെ മുടിവെട്ട് കടേടെ ഫ്രണ്ടിൽ കൊണ്ടുവന്ന് ഇറക്കും,’ വലിയ തമാശ പറഞ്ഞതു പോലെ വല്യച്ഛൻ പൊട്ടിച്ചിരിച്ചപ്പോൾ ആണല്ലേ, എന്നാ കൊഴപ്പമില്ലഎന്ന് ആശ്വസിക്കുകയാണ് ബൊണ്ടൻ ചെയ്തത്.

അവൻ്റെ ആശ്വസിക്കൽ കണ്ട് ചിരിച്ചുചിരിച്ച് വല്യച്ഛൻ കസേരയിൽ നിന്നു വീഴാൻ പോയി.

ബൊണ്ടൻ്റെ ശരീരത്തിലെ നാറ്റത്തിൽ എൻ്റെ മുഖം ചുളിഞ്ഞിരിക്കണം, ‘എടാ നീ പോയി മുടിയൊക്കെ വെട്ടി, നന്നായി കുളിച്ചിട്ടൊക്കെ വാ. നാലു മണിയാവുമ്പഴേക്കും ഇറങ്ങണം,’ എന്ന് സുശീലാൻ്റി ആജ്ഞാപിച്ചു.

മിന്നാ, നീ നല്ലപോലെ വെളുത്തിട്ടുണ്ടെടാ,’ കുട്ടികളുടെ കവിളിൽ പിടിക്കുന്നതു പോലെ ബൊണ്ടൻ എൻ്റെ രണ്ടു കവിളത്തും പിടിച്ചു.

മതി മതി,’ വല്യച്ഛൻ ദേഷ്യപ്പെട്ടു. ഇത് പഴയ കൊച്ചുകുട്ടിയൊന്നുമല്ല. ഒരു എമ്മെൻസീലെ വൈസ് പ്രസിഡൻ്റാണ്. എടാ, മിന്നാ, കുന്നാ എന്നൊന്നും വിളിക്കാൻ നിക്കണ്ട. മനസിലായോടാ ബൊണ്ട്യാ,’ വല്യച്ഛൻ ദേഷ്യപ്പെട്ടു.

ബൊണ്ടൻ ഭയന്നുപോയി. ദെവ്കിയ്ക്കും ഭയമായി. ഞങ്ങളെന്നാ പോയിട്ട്  വരാം യെജമാഎന്നു പറഞ്ഞ് ബൊണ്ടനെയും വലിച്ച് ദെവ്കി ഗെയ്റ്റു കടന്നു പോയി.

വല്യച്ഛൻ ബൊണ്ടനെ വഴക്കിട്ടതു നന്നായെന്ന് എനിക്കു തോന്നി. ഇല്ലെങ്കിൽ അവൻ എല്ലാവരുടേയും മുന്നിൽ വച്ച് എന്നെ മിന്നാ എന്നും എടാ എന്നുമൊക്കെ വിളിച്ച് അപമാനിക്കും. ബൊണ്ടൻ്റെ രീതി അറിയാവുന്നതുകൊണ്ട് സുധാകറിനൊന്നും കുഴപ്പമില്ലായിരിക്കാം. ചിലപ്പോൾ അവൻ സുധാകറിനേയും എടാ കൂട്ടി വിളിച്ചേക്കാം. പക്ഷേ ശ്രാവണിയും ക്ഷിതിയും സാൻവിയും സാകേതുമെല്ലാം എന്തു കരുതും? അതുകൊണ്ട്, ഈ മുളയിലേ നുള്ളൽ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

നീ വന്ന് അല്പം റസ്റ്റെടുക്ക്,’ സുശീലാൻ്റി പറഞ്ഞു.

ഞാൻ അകത്തേക്കു കയറി മുൻവശത്തെ മുറിയിലെ ദിവാനിൽ കിടന്നു.

സുധാകറിനെ വിളിച്ച് വല്യച്ഛൻ കാര്യങ്ങൾ ധരിപ്പിച്ചു. ദെവ്കിയ്ക്കു കൊടുക്കാനുള്ള തുക ഒരു ലക്ഷം രൂപയാക്കി കുറപ്പിച്ചിട്ടുണ്ട് എന്ന് വല്യച്ഛൻ അഭിമാനത്തോടെ പറഞ്ഞു.

അവർക്കെന്തിനാടാ കാശ്? അമ്മേം മോനും മാത്രമല്ലേ ഉള്ളൂ. എല്ലാം ഫ്രീ ആയി സർക്കാർ കൊടുക്കണൊണ്ട്. വീട് വെക്കാനും സർക്കാർ ഫണ്ട് പാസായെന്നാ കേക്കണത്. അവനാണെങ്കിൽ ഇനി പെണ്ണുകെട്ടാനും പോണില്ല. ശുദ്ധ ഒറ്റാന്തടി. കൂടുതൽ കിട്ടിയാൽ ധൂർത്തടിച്ചു കളയാൻ ചാൻസുണ്ട്. ഇതു തന്നെ ധാരാളം,’ എന്നു തുടങ്ങി പലതും വല്യച്ഛൻ പറഞ്ഞു.

ബൊണ്ടനെന്താ ജോലി ആൻ്റി?’ ഞാൻ ചോദിച്ചു.

അങ്ങനെ ഇന്ന ജോലിയൊന്നുമില്ലടാ. ചെറിയ പണികളൊക്കെ ചെയ്യും. പ്ലംബിംഗും ഇലക്ട്രിക് വർക്കും എല്ലാം അറിയാം. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. കണക്കൊന്നും വശമില്ലാത്തതു കൊണ്ട് ഒരു പണിയും അവനെ ഏൽപ്പിക്കാൻ പറ്റില്ല. ആരുടെയെങ്കിലും കൂടെ പണി ചെയ്യലാണ് പതിവ്.

മേസ്ത്രിമാരാണേൽ അവനെ നന്നായി പറ്റിക്കുകേം ചെയ്യും,’ വല്യച്ഛൻ നെടുവീർപ്പിട്ടു. നന്നായി പണിയെടുപ്പിക്കും. പക്ഷേ കൂലി തുച്ഛമേ കൊടുക്കൂ. കണക്ക് വശമില്ലാത്തതുകൊണ്ട് അവന് ഒന്നും മനസിലാവത്തുമില്ല.

വല്യച്ഛൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഞാൻ പതിയെ മയക്കത്തിൽ വീണുപോയി. ആ മയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. ഫ്ലൈറ്റിൽ വച്ച് അവൻ എന്നെ എടാ മിന്നാ എന്നു വിളിക്കുന്നു. അതുകേട്ട് ദേഷ്യപ്പെട്ട എയർഹോസ്റ്റസ് ബെല്ലടിച്ച് ഫ്ലൈറ്റ് നിറുത്തി അവനെ ആകാശത്ത് ഇറക്കിവിടുന്നു. ഫ്ലൈറ്റിൽ നിന്നിറങ്ങിയ ബൊണ്ടൻ  വ്യസനത്തോടെ എന്നെ നോക്കുന്നു. എയർഹോസ്റ്റസ് ഡബിൾ ബെല്ലടിച്ചിട്ടും ഫ്ലൈറ്റ് സ്റ്റാർട്ടാവുന്നില്ല. പൈലറ്റ് പല തവണ  താക്കോൽ തിരിച്ചും മറിച്ചും ഊരിയും ഇട്ടും ശ്രമിച്ചിട്ടും ഫ്ലൈറ്റ് സ്റ്റാർട്ടായില്ല. ഇതിനിടെ ഏസിയും നിന്നുപോയതുകൊണ്ട് യാത്രക്കാരെല്ലാം ചൂടെടുത്ത് വിയർക്കാൻ തുടങ്ങി.  അവസാനം എയർഹോസ്റ്റസ് ഫ്ലൈറ്റിൻ്റെ സർവീസ് സെൻ്ററിലേക്ക് വിളിച്ചു.

ബൊണ്ടൻ എന്തു ചെയ്യുന്നു എന്നറിയാൻ ജനലിലൂടെ പുറത്തേക്കു പാളി നോക്കിയ ഞാൻ അദ്ഭുതപ്പെട്ടുപോയി. ഒരു ഓട്ടോറിക്ഷയിൽ കയറി എന്നെ നോക്കി ചിരിക്കുകയായിരുന്നു ബൊണ്ടൻ. ഡ്രൈവർ ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ബൊണ്ടൻ കയ്യിലെ പ്ലാസ്റ്റിക് കിറ്റിൽ നിന്ന് ഒരു പടല റോബസ്റ്റാ പഴമെടുത്തു. അതിൽ നിന്നൊരെണ്ണം അടർത്തിയെടുത്ത് അവൻ തൊലികളയാതെ, എന്നെ നോക്കി പരിഹസിക്കുന്ന മട്ടിൽ ചിരിച്ചുകൊണ്ട് തിന്നാൻ തുടങ്ങി. ആ ചിരി ഒരു കുരങ്ങൻ്റെ ഇളി പോലെ തോന്നി. കുരങ്ങനുണ്ടായതാണോ നീ എന്ന് അമ്മൂമ്മയുടെ ശബ്ദത്തിൽ അവനോടു ചോദിച്ചത് എയർഹോസ്റ്റസായിരുന്നോ എന്നറിയാൻ ഞാൻ തിരിഞ്ഞുനോക്കി. എയർഹോസ്റ്റസ് തന്നെയാണ് അങ്ങനെ ചോദിച്ചത്. തുടർന്ന്, വേണമെങ്കിൽ നിനക്ക് വൃത്തിയായി നടക്കാനും അറിയാം അല്ലേ,’ എന്ന് സുശീലാൻ്റിയുടെ ശബ്ദത്തിലും എയർഹോസ്റ്റസ്  ചോദിച്ചു.

ഞാൻ പെട്ടന്ന് ഞെട്ടിയുണർന്നു.

മണി നാലു കഴിഞ്ഞിരുന്നു. സിറ്റൗട്ടിനു സമീപം ബൊണ്ടനും ദെവ്കിയും വന്നു നിൽപ്പുണ്ടായിരുന്നു. ബൊണ്ടനോട് സംസാരിക്കുകയായിരുന്നു സുശീലാൻ്റി. ആ സംസാരമാണ് സ്വപ്നത്തിൽ ഞാൻ കേട്ടത്.

ഒരു വെള്ളമുണ്ടും ഷർട്ടുമായിരുന്നു ബൊണ്ടൻ്റെ വേഷം. ഒരു കറുത്ത ബാഗും കയ്യിലുണ്ടായിരുന്നു. അതാവട്ടെ, വീർത്തുനിറഞ്ഞ് സിബ് പൊട്ടാറായ പരുവത്തിലായിരുന്നു.

ഞാനെഴുന്നേറ്റ് മുഖം കഴുകി ഡ്രസ്സൊക്കെ മാറി വന്നപ്പോൾ അവൻ്റെ ബാഗിലെ പകുതി വസ്ത്രങ്ങളും സുശീലാൻ്റി ദെവ്കിയെ തിരികെ ഏൽപ്പിച്ചിരുന്നു.

പോയേച്ചും വരട്ടെ,’ എന്ന് ബൊണ്ടൻ പറഞ്ഞപ്പോൾ ദെവ്കി സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിക്കരഞ്ഞു.

നിനക്ക് വട്ടാണോ ദെവ്കീ, കരയാൻ?’ വല്യച്ഛൻ ദേഷ്യപ്പെട്ടു. എല്ലാരും ഇല്ലേ അവിടെ? പിന്നെ തിരുപ്പതി ഭഗവാൻ നോക്കിക്കൊള്ളും അവനെ.

സാരിത്തുമ്പിൽ നിന്ന് മൂന്നാലു നാണയങ്ങളെടുത്ത് ബൊണ്ടനെ ഉഴിഞ്ഞ് സുശീലാൻ്റിയെ ഏൽപ്പിച്ചു. തിരുപ്പതിയ്ക്കു പോവുമ്പോൾ ഭണ്ഡാരത്തിൽ ഇടാനാണ്.

നാലരയായപ്പോൾ ഞങ്ങൾ നെടുമ്പാശ്ശേരിയ്ക്ക് പുറപ്പെട്ടു. കാറിൽ കയറിയതും അവൻ ഉറങ്ങാൻ തുടങ്ങി. അവൻ ഉറങ്ങട്ടെ എന്നു ഞാനും വിചാരിച്ചു. പിന്നെ നെടുമ്പാശ്ശേരിയിൽ എത്തിയിട്ടാണ് അവൻ ഉണർന്നത്.

എയർപോർട്ടിൽ ഫ്ലൈറ്റിന് കത്തിരിക്കുമ്പോൾ ഏതോ അദ്ഭുതലോകത്തെത്തിയ പ്രതീതിയായിരുന്നു ബൊണ്ടന്. മൂന്നാലു കോളുകൾ ചെയ്യാനും കുറച്ചു മെയിലുകൾക്ക് മറുപടി കൊടുക്കാനുമൊക്കെ ഉണ്ടായിരുന്നതിനാൽ കൂടുതലൊന്നും ഞാൻ സംസാരിച്ചില്ല.

ഫ്ലൈറ്റിലും കയറിയ ഉടനെ അവൻ ഉറക്കം തുടങ്ങി. അതു നന്നായെന്നു ഞാൻ കരുതി. ഒന്നും സംസാരിക്കണ്ടല്ലോ.

വീട്ടിലെത്തിയപ്പോൾ രാത്രി പന്ത്രണ്ടര കഴിഞ്ഞു. ഉറക്കമിളച്ചതിൻ്റെ തലവേദന വന്നുതുടങ്ങിയിരുന്നു എനിക്ക്. ബൊണ്ടനെ ഗസ്റ്റ് റൂം കാണിച്ചുകൊടുത്തിട്ട് ഞാൻ പോയി കിടന്നു. ശ്രാവണിയും കൂടുതലൊന്നും ചോദിക്കാനോ പറയാനോ തുനിഞ്ഞില്ല.

രാത്രി താമസിച്ചു കിടന്നതുകൊണ്ടും ശനിയാഴ്‌ചയായതുകൊണ്ട് ഓഫീസ് ഇല്ലാത്തതു കൊണ്ടും ഞാനെഴുന്നേറ്റപ്പോൾ എട്ടര കഴിഞ്ഞു. പല്ലു തേച്ചിട്ട് കുളിമുറിയിൽ നിന്നിറങ്ങിയപ്പോൾ കുടുകുടെ ചിരിച്ചുകൊണ്ട് സാൻവിയും സാകേതും ഓടി വന്നു.

ബൊണ്ടൻ എഴുന്നേറ്റു വന്നപ്പോൾ കുട്ടികൾ ഐപീല്ലിൻ്റെ ഹൈലൈറ്റ്സ് കാണുകയായിരുന്നു. അതുകണ്ട് ബൊണ്ടൻ ഗാംഗുലിയാണാ ബാറ്റിംഗ്എന്നു ചോദിച്ചത്രെ. ഗാംഗുലിയൊക്കെ റിട്ടയറായല്ലോ എന്ന് സാകേത് പറഞ്ഞപ്പോൾ എപ്പൊ, ഞാനറിഞ്ഞില്ലല്ലാഎന്നു പറഞ്ഞത്രെ.

അതിനായിരുന്നു പിള്ളേരുടെ ചിരി.

അതിനെന്താ, എനിക്കും ഇന്നത്തെ കളിക്കാരെ അറിയില്ലല്ലോ,’ എന്നു പറഞ്ഞ് ശ്രാവണി എനിക്കു ചായയുമായി വന്നു.

അമ്മ പെണ്ണല്ലേ, പക്ഷേ ബൊണ്ടൻ ചേട്ടൻ ആണല്ലേ,’ സാകേത് പറഞ്ഞു.

സാകേത്, നോ,’ ശ്രാവണി ദേഷ്യപ്പെട്ടു. അതൊരു മനുഷ്യനാണ്. നിങ്ങടെ അമ്മൂമ്മയ്ക്ക് കിഡ്നി കൊടുക്കാൻ വന്ന ആളാണ്. ബൊണ്ടൻ എന്നല്ല ശിവകുമാർ എന്നാണ് പേർ. ശിവൻ ചേട്ടാ എന്നു വേണം വിളിക്കാൻ. മനസിലായോ?’

ശ്രാവണിയുടെ ദേഷ്യം കണ്ട് സാൻവി വാതിലിനു മറയിലേക്കു മാറി.

സോറി അമ്മാ,’ സാകേത് തലകുനിച്ചു. ആ ചേട്ടൻ ഞങ്ങളോടു പേരു ചോദിച്ചു, ഞങ്ങള് പറഞ്ഞു. തിരിച്ച് ഞങ്ങള് പേരു ചോദിച്ചപ്പൊ ബൊണ്ടൻ എന്നാണു പറഞ്ഞത്.

സത്യമാണ് അമ്മാ,’ സാൻവി സാകേതിനെ പിന്തുണച്ചു.

ഇനിയെന്തു ചെയ്യാൻ എന്ന അർഥത്തിൽ, അരയ്ക്കു കൈകൊടുത്ത് ശ്രാവണി എന്നെ നോക്കി. പോട്ടെ വിട്ടുകള എന്ന അർഥത്തിൽ ഒന്നു തലയിളക്കിയിട്ട് കുട്ടികളെയും കൂട്ടി ഞാൻ മുന്നിലെ മുറിയിലേക്കു നടന്നു.

അപ്പോഴേയ്ക്കും ബൊണ്ടനെ കാണാൻ സുധാകർ എത്തിയിരുന്നു.

എടാ ബൊണ്ട്യാ, കണ്ടിട്ടെത്ര നാളായെടാ,’ എന്നു പറഞ്ഞ് കൈകൾ വിരിച്ചുകൊണ്ട് സുധാകർ ബൊണ്ടനു സമീപത്തേയ്ക്കു ചെന്നു.

സുധാകറിൻ്റെ ബൊണ്ട്യാ വിളി കേട്ട് കുട്ടികൾ എന്നെയും ശ്രാവണിയെയും മാറിമാറി നോക്കി. ശ്രാവണി ഒന്നും പറയാൻ നിൽക്കാതെ, ഒരു നെടുവീർപ്പിട്ടുകൊണ്ട്  അടുക്കളയിലേക്കു പോകുകയാണു ചെയ്തത്.

ആരാണിതെന്ന് ബൊണ്ടൻ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും സുധാകർ ആണെന്നു മനസിലായ ഉടനെ സന്തോഷമായി. സുധാകർ ബൊണ്ടനു സമീപമിരുന്ന് പഴയ വിശേഷമൊക്കെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ കുളിക്കാനായി പതിയെ എഴുന്നേറ്റു.

ഡോക്ടറുടെ അടുത്തേയ്ക്ക് ബൊണ്ടനെ കൊണ്ടുപോയത് സുധാകറായിരുന്നു. സമപ്രായക്കാരായതിനാൽ എന്നോടുള്ളതിനെക്കാൾ ആത്മബന്ധം ബൊണ്ടന് സുധാകറിനോടാണ് ഉണ്ടായിരുന്നത്. അത് എനിക്കും സൗകര്യമായി. ഇതുവരെ അമ്മയുടെ കാര്യം നോക്കിയിരുന്നത് സുധാകറും അച്ഛനും കൂടിയായിരുന്നല്ലോ. ഈ ഘട്ടത്തിൽ ആശുപത്രിയിൽ പോകാനും കാര്യങ്ങൾ നോക്കാനുമൊന്നും പറഞ്ഞാൽ ഞാൻ ശരിക്കു പ്രയാസപ്പെട്ടു പോയേനെ.

ടെസ്റ്റുകളെല്ലാം കഴിഞ്ഞ് വൈകീട്ട് സുധാകർ ബൊണ്ടനെ കൊണ്ടുവന്നു വിട്ടു. അവൻ ഡ്രസ്സു മാറാൻ മുറിയിലേക്കു പോയ തക്കത്തിൽ സുധാകർ എന്നെ അടുക്കളയിലേക്കു കൂട്ടി. സുധാകറിൻ്റെ പെരുമാറ്റത്തിൽ ഒരു രഹസ്യാത്മകത കണ്ടപ്പോൾ രണ്ടെണ്ണം കഴിക്കാനാണ് അവൻ്റെ പ്ലാനെന്ന് എനിക്കു തോന്നി. അതേ സംശയം ശ്രാവണിക്കും തോന്നിയിരിക്കണം. കാരണം, ഒരു സംശയദൃഷ്ടിയോടെ, വെള്ളമോ മറ്റോ എടുക്കാനെന്ന ഭാവത്തിൽ അവളും ഞങ്ങളുടെ പിറകെ വന്നു.

ഒരു ചെറിയ പ്രശ്നം,’ മുഖം ഇളക്കി സമീപത്തേക്കു വരാൻ ശ്രാവണിയെ വിളിച്ചുകൊണ്ട് സുധാകർ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

എന്താണ്, കിഡ്നി മാച്ചാവില്ലേ?’ ഞാൻ ചോദിച്ചു.

ഏയ് അതല്ല, നീയാ വാതിലടച്ചേ.’

ശ്രാവണി വാതിൽ ചാരി.

ബൊണ്ടന് എന്തു ജോലിയാണെന്നാ നിന്നോടു പറഞ്ഞത് ?’ സുധാകർ ചോദിച്ചു.

ഞാൻ ചോദിച്ചില്ല. സുശീലാൻ്റി പറഞ്ഞത് പ്ലംബിങ്ങൊക്കെയാണെന്നാണ്.

ഉണ്ട,’ സുധാകർ വലത്തെ കൈകൊണ്ട് ഉണ്ടയുരുട്ടിക്കാണിച്ചു. അടുക്കളയിൽ നിന്ന് പറയാൻ പാടില്ലാത്ത ജോലിയാണ് അവന്,’ അറപ്പോടെയാണ് സുധാകർ പറഞ്ഞത്.

അതെന്തു ജോലി?’ ഞാനും ശ്രാവണിയും ഒരുമിച്ചാണു ചോദിച്ചത്.

കക്കൂസുകോരൽ,’ മൂക്കു ചുളിച്ച് അറപ്പോടെ സുധാകർ പറഞ്ഞു.

കക്കൂസുകോരലോ! ഞാൻ ഞെട്ടി.

അവനത് അച്ഛനോടാണ് പറഞ്ഞത്,’ സുധാകർ കണ്ണട ഊരി കണ്ണുകൾ തുടച്ചു. എന്താടാ നിൻ്റെ ജോലി എന്നു ചോദിച്ചപ്പൊ ഒരു മടിയുമില്ലാതെ പറഞ്ഞു.

ഞാനും ശ്രാവണിയും എന്തു പറയുന്നു എന്നറിയാൻ സുധാകർ ഒരു നിമിഷം കാത്തു. എന്നിട്ട് തുടർന്നു: അവൻ എന്തേലും ജോലി ചെയ്യട്ടെ. പക്ഷേ ഇങ്ങനങ്ങ് തുറന്ന് പറയാമോ?’

ചേട്ടാ,’ ശ്രാവണി മെല്ലെ പറഞ്ഞുതുടങ്ങി. അയാൾടെ ജോലീം കിഡ്നി ട്രാൻസ്പ്ലാൻ്റും തമ്മിലെന്താ ബന്ധം? അമ്പലത്തിൽ പൂജ ചെയ്യണ ആൾടെ കിഡ്നി തന്നെ കിട്ടണം എന്ന് നിർബന്ധം പിടിക്കാൻ പറ്റുമോ? അങ്ങനെ നിർബന്ധം പിടിച്ചാൽ കിട്ടുമോ?’

പൂജാരീടെ കിഡ്നിയൊന്നും വേണ്ട,’ സുധാകർ പറഞ്ഞു. പക്ഷേ, മാന്യമായൊരു ജോലി വേണ്ടേ?’

അപ്പി കോരിത്തിന്നുവല്ല അയാൾ, കിഡ്നി കേടാവാൻ. ആൾക്കാരിട്ട അപ്പി കോരി വൃത്തിയാക്കുന്ന ജോലി ചെയ്യുന്നു എന്നേ ഉള്ളൂ. ഇതിനിത്ര ടെൻഷനടിക്കണോ? പിന്നെ, ഡ്രിങ്ക്സ് കഴിക്കണ നിങ്ങടെ കിഡ്നിയെക്കാളും നല്ലതായിരിക്കും അയാൾടെ.എന്നെ നോക്കിയാണ് ശ്രാവണി പറഞ്ഞതെങ്കിലും തന്നെയാണ് ഉദ്ദേശിച്ചതെന്ന് സുധാകറിനു മനസിലായിക്കാണുമോ എന്നൊരു ഭയം എനിക്കു തോന്നി.

തുടർന്നൊന്നും പറയാതെ ശ്രാവണി വെട്ടിത്തിരിഞ്ഞ് പുറത്തേക്കു പോയി.

എനിക്കല്ല, അച്ഛനാണ് പ്രയാസം,’ ശ്രാവണി വഴക്കുപറഞ്ഞെന്ന ക്ഷീണത്തിൽ സുധാകർ പറഞ്ഞു. ഇതു തന്നെ ശരിയാക്കാൻ നടന്ന നടപ്പ് എനിക്കറിയാം. എങ്ങനേലും ഈ കിഡ്നിപ്പരിപാടി തീർന്നുകിട്ടാനാണ് എൻ്റേം ആഗ്രഹം.

ബൊണ്ടൻ്റെ കിഡ്നി വേണ്ടാന്ന് അച്ഛൻ പറഞ്ഞോ?’ ഞാൻ ചോദിച്ചു.

വേണ്ടാന്ന് പറഞ്ഞില്ലെന്നേ ഒള്ള്. അച്ഛൻ ചെലപ്പൊ അമ്മേനെ പിരികേറ്റും. അമ്മ സമ്മതിക്കണ്ടേ? അതവിടെ നിക്കട്ടെ. നിൻ്റെ പക്കൽ എന്തേലുമുണ്ടോ? തൊണ്ടയൊന്ന് നനയ്ക്കാൻ...

കഴിഞ്ഞയിടെ വാങ്ങിയ ഒരു ബെക്കാർഡി പൊട്ടിക്കാതെ എൻ്റെ പക്കലുണ്ടായിരുന്നു. അതു പൊട്ടിച്ച് അല്പം സുധാകറിന് ഒഴിച്ചു. ഞാൻ കഴിക്കാൻ നിന്നില്ല. ഫ്രിഡ്ജിൽ നിന്ന് മുട്ടയെടുത്ത് ഒരു ബുൾസ് ഐ ഉണ്ടാക്കി. കുറച്ച് അവിയലെടുത്തു ചൂടാക്കി അതും കൊടുത്തു. ഒറ്റയടിക്കു തീർക്കാൻ നിൽക്കാതെ സുധാകർ സാവധാനം ആസ്വദിച്ചു കഴിച്ചു.

കാറോടിച്ചു വന്നതു കൊണ്ട് സുധാകറിന് ഇനിയൊരു പെഗ് ഒഴിക്കണ്ട എന്നു ഞാൻ മനസിൽ തീരുമാനിച്ചപ്പോഴേയ്ക്കും ശ്രാവണി വാതിൽ തുറന്നു വന്നു.

ചേട്ടാ, വണ്ടിയുള്ളതല്ലേ. എന്നിട്ടാണോ?’ നല്ല ദേഷ്യത്തിൽ തന്നെയാണു ശ്രാവണി   ചോദിച്ചത്.

രണ്ടേ രണ്ട് പെഗ്. അത്രേ എടുത്തുള്ളൂ.സുധാകർ ക്ഷമാപണത്തോടെ പറഞ്ഞു.

ബാക്കിയിനി വീട്ടിൽച്ചെന്നിട്ട് മതി,’ ശ്രാവണി ഓഡറിട്ടു.

വീട്ടിൽ നിൻ്റെ അവിയലില്ലല്ലോ ശ്രാവണീ, അല്പം എനിക്ക് പാഴ്സൽ തരാമോ? നല്ല ടേസ്റ്റ്.

അവിയൽ നല്ലതാണെന്നു പറഞ്ഞപ്പോൾ ശ്രാവണിയുടെ ദേഷ്യം കുറഞ്ഞെന്നു തോന്നുന്നു. കുട്ടികളുടെ ടിഫിൻ ബോക്സ് ഒന്നിൽ അവൾ ആവശ്യത്തിന് അവിയൽ നിറച്ചു.

ചേട്ടൻ വീട്ടിൽ എത്തീട്ട് എത്ര വേണേലും കഴിച്ചോ. ബൊണ്ടൻ്റെ കിഡ്നി തന്നെ അമ്മയ്ക്ക് വെക്കാം,’ ഒരു പ്ലാസ്റ്റിക് കിറ്റിലിട്ട് ടിഫിൻ ബോക്സ് നീട്ടുമ്പോൾ അഭിമാനത്തോടെ ശ്രാവണി പറഞ്ഞു.

അച്ഛൻ സമ്മതിച്ചോ? നീ സമ്മതിപ്പിച്ചോ!?’ സുധാകറിന് വിശ്വസിക്കാനായില്ല. എനിക്കും.

എല്ലാം ഒരു തരം വിശ്വാസമല്ലേ ചേട്ടാ,’ ശ്രാവണി പരിഹാസപൂർവം ചിരിച്ചു. അമ്മയുടെ ശരീരത്തിലേക്ക് വെക്കും മുമ്പ് ബൊണ്ടൻ്റെ കിഡ്നി ഗംഗാജലം തളിച്ച് ശുദ്ധമാക്കിയാൽപ്പോരേ എന്ന് ഞാൻ അച്ഛനോടു ചോദിച്ചു. അച്ഛന് നൂറു സമ്മതം. ഈ ബുദ്ധി എന്താണ് ആ പൊട്ടന് തോന്നാതിരുന്നതെന്ന് അച്ഛൻ എന്നോടു ചോദിച്ചു.

ഏതു പൊട്ടൻ?’

ചേട്ടനെയാണ് ഉദ്ദേശിച്ചതെന്നാണ് ഞാൻ മനസിലാക്കിയത്,’ ഷാൾ കൊണ്ട് ചിരി മൂടി ശ്രാവണി പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു പോയി.

പിന്നേ, കിഡ്നീല് ഗംഗാജലം തളിക്കാൻ പോകുവല്ലേ ഡോക്ടർമാര്,’ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് ഒറ്റയടിക്കു കുടിച്ചിട്ട് രാത്രിയിൽ യാത്രയില്ലെന്നു പറഞ്ഞ് സുധാകർ ഇറങ്ങി.

സുധാകർ ഇറങ്ങിയെന്നുറപ്പുവരുത്തിയിട്ട്, വാതിലടച്ച് ഞാനും ശ്രാവണിയും തലയറഞ്ഞു ചിരിച്ചു. ബൊണ്ടൻ കിടക്കാൻ പോയിരുന്നു. എന്താണു ഞങ്ങളിത്ര ചിരിക്കാൻ എന്നു മനസിലാവാതെ കുട്ടികൾ അദ്ഭുതത്തോടെ ഞങ്ങളെ നോക്കി.     

ഏതായാലും ശ്രാവണിയുടെ ഗംഗാജലടെക്നിക്ക് ഫലിച്ചു. പറഞ്ഞസമയത്തു തന്നെ സർജറി നടത്താൻ സാധിച്ചു. രണ്ടുവർഷം മുമ്പ് ഹരിദ്വാറിൽ പോയ സമയത്തു വാങ്ങിയ ഗംഗാജലം അച്ഛൻ്റെ പക്കലുണ്ടായിരുന്നു. താൻ തന്നെ ഡോക്ടർക്കു കൊടുത്തോളാം എന്നു പറഞ്ഞ് സുധാകർ അതു വാങ്ങി കയ്യിൽ വച്ചു. കൂടാതെ ഡോക്ടറോടും കാര്യം സൂചിപ്പിച്ചിരുന്നു.

സർജറി കഴിഞ്ഞപ്പോൾ, അമ്മയ്ക് എങ്ങനെയുണ്ട് എന്നതിനെക്കാൾ അച്ഛന് അറിയേണ്ടിയിരുന്നത് ഗംഗാജലം തളിച്ചിട്ടല്ലേ കിഡ്നി വച്ചത് എന്നാണ്.  ഉവ്വോ ഇല്ലയോ എന്നു തിരിച്ചറിയാനാവാത്ത മട്ടിലുള്ള ഒരു തലയാട്ടലായിരുന്നു ഡോക്ടറുടെ മറുപടി. അച്ഛന് ആ മറുപടി പൂർണതൃപ്തിയാണു നൽകിയത്. ഡോക്ടറുടെ കൈകൾ പിടിച്ച് നെറ്റിയിൽ മുട്ടിച്ച് അച്ഛൻ നന്ദി പ്രകാശിപ്പിച്ചു.

കിഡ്നി ഡോണർ കുറച്ചു ദിവസത്തേയ്ക്ക് ഭാരിച്ച പണികൾ ചെയ്യുകയോ പുറത്തിറങ്ങുകയോ ഒന്നും ചെയ്യാൻ പാടില്ലെന്നു പറഞ്ഞതുകൊണ്ട് ബൊണ്ടൻ ഞങ്ങളുടെ ഗസ്റ്റ് റൂമിൽ തന്നെ കഴിഞ്ഞു. ഈ അവസ്ഥയിൽ ലോഡ്ജിലേക്കൊന്നും അയക്കണ്ട എന്ന് ശ്രാവണി തന്നെയാണു പറഞ്ഞത്. സ്കൂൾ അവധിയായതുകൊണ്ട് കുട്ടികൾ ഇരുവരും വീട്ടിൽ തന്നെയുണ്ടായിരുന്നു. രമേഷ് പാട്ടീലിൻ്റെ ഗാർഡനിൽ നിന്ന് വാഴയിലയും നാരും തെങ്ങോലയുമൊക്കെ ബൊണ്ടൻ കുട്ടികളെക്കൊണ്ട് എടുപ്പിച്ചു. അതെല്ലാം വച്ച് അവൻ മനോഹരമായ കളിപ്പാട്ടങ്ങളും അലങ്കാരരൂപങ്ങളുമൊക്കെ ഉണ്ടാക്കി. സാൻവിയാകട്ടെ ബൊണ്ടൻ്റെ കരവിരുതുകൾ മൊബൈലിലെടുത്ത് മ്യൂസിക്കെല്ലാമിട്ട് ഇൻസ്റ്റാ  റീലുകളാക്കി.

സുശീലാൻ്റി മിക്കവാറും എല്ലാ ദിവസവും ശ്രാവണിയെ വിളിക്കുമായിരുന്നു. ദെവ്കിയ്ക്ക് ബൊണ്ടനുമായി വീഡിയോ കോൾ ചെയ്യാനായിരുന്നു അത്. ബൊണ്ടൻ ആരോഗ്യത്തോടെയിരിക്കുന്നു എന്നു കാണുമ്പോൾ ദെവ്കിയ്ക്ക് സന്തോഷമാകും. ബബ്ബാ നീ വേഗം വാടാ എന്നവർ എല്ലാ തവണയും കെഞ്ചും. യാത്ര ചെയ്യാറാവുമ്പൊ അവൻ വരും ദെവ്കീ, ധിറുതി പിടിപ്പിച്ച് നീയവനെ അപകടത്തിലാക്കല്ലേ എന്ന് സുശീലാൻ്റി വഴക്കിടും.

അങ്ങനെ ദിവസങ്ങൾ പെട്ടന്നു കടന്നുപോയി. ഒരു ദിവസം വൈകീട്ട് ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ബൊണ്ടൻ എന്നെ പിടിച്ച് അടുത്തിരുത്തി.

മിന്നാ എനിക്ക് നാട്ടിപ്പോണടാ. ഒത്തിരിപ്പേർ വിളിക്കണൊണ്ട്. മഴ വരാൻ പോണെയല്ലേ. മഴക്ക് മുമ്പ് തീർക്കണ്ടേ,’ എന്നു പറഞ്ഞു.

എന്തു പണിയാടാ?’

കക്കൂസ് ക്ലീൻ ചെയ്യണ പണി. സമയത്ത് ചെയ്തില്ലേൽ മഴക്ക് എല്ലാം കൂടി പൊറത്ത് ചാടും.

ഞാനൊന്നും പറഞ്ഞില്ല.

പിന്നെ, മിന്നാ, എനിക്ക് വിമാനത്തിൽ പോകണ്ടട്ടാ. ട്രെയിൻ മതി. വിമാനത്തിലാണേൽ ശർദ്ദിക്കാൻ വരും.

നോക്കട്ടെ,’ എന്നു മാത്രം പറഞ്ഞ് ഞാൻ എഴുന്നേറ്റു. ശ്രാവണിയോട് കാര്യം പറഞ്ഞു. കൂട്ടിക്കൊണ്ടുവന്ന ഞാൻ തന്നെ തിരികെ കൊണ്ടു വിടുന്നതാണു മാന്യത എന്നായിരുന്നു അവളുടെ അഭിപ്രായം. പക്ഷേ ചുമ്മാ ഒരു ലീവ് അതിനു വേണ്ടി കളയാൻ എനിക്കില്ലായിരുന്നു. അതുകൊണ്ട്, തത്കാലിൽ ബൊണ്ടനു മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു.

വൈകീട്ടായിരുന്നു ബൊണ്ടൻ്റെ ട്രെയിൻ. രാവിലെ ഞങ്ങൾ അമ്മയെ കാണാൻ പോയി.

എൻ്റെ സുധയും നീയും എനിക്ക് ഒരുപോലെയാടാ,’ ബൊണ്ടൻ്റെ കൈ പിടിച്ച് അമ്മ കരഞ്ഞു. നീ എനിക്ക് ജീവിതം തിരിച്ചു തന്നു. ഈ കുടുംബം നിന്നോടും ദെവ്കിയോടും കടപ്പെട്ടിരിക്കുകയാണെടാ.

അച്ഛൻ അപ്പോഴേയ്ക്കും സുശീലാൻ്റിയെ വീഡിയോ കോൾ ചെയ്തിരുന്നു. ദെവ്കിയും കോളിൽ വന്നു.

ദെവ്കീ,’ അച്ഛൻ പറഞ്ഞു. നാട്ടുകാരുടെ തീട്ടം കോരി നടക്കുന്ന നിൻ്റെ മകന് ഒരു നല്ല കാര്യം ചെയ്യാനുള്ള അവസരം വന്നതു പറയാനാണ് ഇപ്പൊ വിളിച്ചത്.

ഇനിയെന്താണു നല്ല കാര്യം എന്നെനിക്കു മനസിലായില്ല.

നിൻ്റെ മകൻ്റെ കിഡ്നി എൻ്റെ ഭാര്യേടെ ജീവൻ രക്ഷിച്ചു. പക്ഷേ മനുഷ്യൻ മാത്രം വിചാരിച്ചാൽ ജീവൻ രക്ഷിക്കാൻ പറ്റില്ലല്ലോ. അതിന് ദൈവം തന്നെ വിചാരിക്കണ്ടേ? എനിക്കുറപ്പാണ്, തിരുപ്പതി ഭഗവാനാണ് എൻ്റെ ഭാര്യയ്ക്ക് ഒരു കിഡ്നി ശരിയാക്കിത്തന്നതും സർജറി ഭംഗിയാക്കിയതും. അതിൻ്റെ നന്ദിസൂചകമായി സ്വർണം കൊണ്ടുള്ള ഒരു കിഡ്നി ഞാൻ തിരുപ്പതിയിൽ സമർപ്പിക്കുകയാണ്. സ്വർണകിഡ്നിക്ക് ആറേഴു ലക്ഷം രൂപയാകും. ഇത്രേം പൈസ കയ്യിൽ ഉണ്ടായിട്ടല്ല, പക്ഷേ...

അച്ഛൻ എന്താണു പറഞ്ഞുവരുന്നതെന്ന് എനിക്കു മനസിലായില്ല. ഞാൻ ശ്രാവണിയെ നോക്കി. അവൾ എന്നെയും.

ദെവ്കീ, നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി. നിൻ്റെ മകന് ഞങ്ങൾ തരാമെന്നേറ്റ ഒരു ലക്ഷം രൂപ  സ്വർണക്കിഡ്നിക്ക് എടുത്തോട്ടേ? ഒരു ലക്ഷം രൂപ നിൻ്റെ കയ്യീന്ന് ചെലവായിപ്പോകാൻ അധികസമയം വേണ്ട. കണക്കറിയാത്ത ബൊണ്ടൻ്റെ കയ്യിലാണെങ്കിൽ അത് നാനാവിധമായിപ്പോകുമെന്ന് നൂറുതരം. പക്ഷേ അതേ പൈസ ഭഗവാന് സമർപ്പിച്ചാൽ നിനക്കും മകനും മാത്രമല്ല, നിൻ്റെ കുടുംബക്കാർക്കും സന്തതിപരമ്പരകൾക്കുമെല്ലാം അതിൻ്റെ പുണ്യം കിട്ടും. നീ പറ. ഞങ്ങള് പറയണത് സമ്മതമാണോ?’

നൂറു സമ്മതം യെജ്മാ,’ തൊഴുകൈയോടെ ദെവ്കി പറഞ്ഞു.

ഗൊവിന്ദാ, ഗോവിന്ദാ,’ അച്ഛൻ ദെവ്കിയെ നമസ്കരിച്ചു.

തിരികെ കാറിലേക്കു നടക്കുമ്പോൾ, നക്കികളാണ് നിങ്ങളുടെ കുടുംബം ഒന്നടങ്കം. തികച്ചും നാറികൾ. എച്ചികൾ. ഥൂ,’ എന്ന്  ബൊണ്ടൻ കേൾക്കാതെ  ശ്രാവണി പൊട്ടിത്തെറിച്ചത് എന്തിനെന്ന് എനിക്കു പെട്ടന്നു മനസിലായില്ല. ബൊണ്ടൻ്റെ മുന്നിൽ എന്നെ ശകാരിച്ചാലോ എന്നു ഭയന്ന് കൂടുതലൊന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല. ഓഫീസിനു മുന്നിൽ ഇറങ്ങുമ്പോഴും അവൾ ദേഷ്യത്തിൽ തന്നെയായിരുന്നു.

വൈകീട്ട് ബൊണ്ടനെ യാത്രയാക്കാൻ അപ്രതീക്ഷിതമായി ശ്രാവണിയും എത്തി. അവൾ ഓഫീസിൽ നിന്ന് നേരിട്ടാണ് എത്തിയത്.  പക്ഷേ, അവൾ എത്തുന്നതിനു വളരെ മുമ്പുതന്നെ ഞാനും ബൊണ്ടനും എത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിനായതുകൊണ്ട് യാത്രപറയാനൊക്കെ യഥേഷ്ടം സമയം കിട്ടി.

ഇനി ചേർത്തലയ്ക്ക് വരുമ്പ പിള്ളേരേം ഭാര്യേനേം എക്ക കൊണ്ടുവാ മിന്നാ,’ ബൊണ്ടൻ ജനലിലൂടെ കൈ നീട്ടി.

ഉറപ്പായും കൊണ്ടുവരാം,’ ഞാൻ അവൻ്റെ കൈകളിൽ പിടിച്ചു.

എനിക്ക് ആ ചൊമന്ന പഴം വാങ്ങിത്തരാവാടാ,’ ഉന്തുവണ്ടിയിലെ പഴക്കച്ചവടക്കാരനെ ചൂണ്ടി ബൊണ്ടൻ ചോദിച്ചു. ചുവപ്പു നിറത്തിലുള്ള, നല്ല തടിച്ച വാഴപ്പഴമാണ് ബൊണ്ടൻ വേണമെന്നു പറഞ്ഞത്. ഞാൻ നാലഞ്ചു പടല തന്നെ വാങ്ങിച്ചു.

ഇത്രേം വേണ്ടടാ, ഞാൻ പഴം തൂറിച്ചാകും,’ വലിയ തമാശ പറഞ്ഞ മട്ടിൽ ബൊണ്ടൻ പൊട്ടിച്ചിരിച്ചു.

അപ്പോഴേയ്ക്കും ഓടിക്കിതച്ച് ശ്രാവണി എത്തി. അവളുടെ കയ്യിൽ ഒരു തടിച്ച എൻവെലോപ് ഉണ്ടായിരുന്നു. ദാ ഇതും വെച്ചോ,’ എന്നു പറഞ്ഞ് ശ്രാവണി അത് ബൊണ്ടനു നീട്ടി.

സ്വീറ്റ്സാണാ,’ എന്നു സ്വയം പറഞ്ഞ് ബൊണ്ടൻ ഉള്ളിലെന്താണെന്ന് നോക്കി. എന്നിട്ട്, ‘അയ്യോ പൈസേണാ,’ എന്ന് അമ്പരന്നു.

പൈസയോ! ഞാനും അമ്പരന്നു.

അതെ. അമ്പതിനായിരം രൂപ. ദെവ്കി മാമിക്ക് കൊടുക്കണം,’ ശ്രാവണി പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ഞാനധ്വാനിച്ച പൈസയാണ്. നിങ്ങൾക്ക് വേദനിക്കണ്ട,’ എന്നു  പിറുപിറുത്തു.

ചേച്ചീ, ഇത് നിങ്ങള് തന്നെ വെയ്. കയ്യീ പൈസ ഒണ്ടെന്നറിഞ്ഞാ ആൾക്കാരെന്നെ പറ്റിക്കും. എനിക്ക് കണക്കറിഞ്ഞൂടല്ലാ,’ ബൊണ്ടൻ ആ എൻവെലോപ്പ് ശ്രാവണിയുടെ കൈകളിലേക്ക് എറിഞ്ഞു.

ശ്രാവണി ഷാളെടുത്ത് വായപൊത്തി. പൈസയില്ലെങ്കിലും ആൾക്കാർ പറ്റിക്കും ബൊണ്ടൻ ചേട്ടാ,’ അവളുടെ കണ്ണുകൾ നിറഞ്ഞു.    

ട്രെയിൻ പോവാനുള്ള അനൗൺസ്മെൻ്റ് കേട്ടു. പ്ലാറ്റ്ഫോമിൽ ആൾക്കാർ ധിറുതിപ്പെട്ട് ഓടുന്നുണ്ടായിരുന്നു. യാത്രയയക്കാൻ വന്നവർ ട്രെയിനിൽ നിന്ന് താഴെയിറങ്ങാനും അവസാന നിമിഷം ഓടിയെത്തിയവർ അകത്തേക്കു കയറാനും ശ്രമിക്കുന്നത് കമ്പാർട്ട്മെൻ്റ് വാതിലിൽ തിക്കിനും തിരക്കിനും കാരണമായി.

അയ്യോ, ചേച്ചി കരയുകേണാ?’ ബൊണ്ടൻ വല്ലാതായി. എന്നാപ്പിന്നെ പെട്ടന്ന് ചിരിപ്പിക്കണ ഒരു കാര്യം ചെയ്യട്ടേ,’ എന്നു ചോദിച്ച് ഞാൻ വാങ്ങിക്കൊടുത്ത പഴങ്ങളിലൊന്ന് പടലയിൽ നിന്നെടുത്ത് തൊലി കളയാതെ ബൊണ്ടൻ തിന്നാൻ തുടങ്ങി. അതിനൊപ്പം അവൻ ശ്രാവണിയെ നോക്കി ഇളിക്കുകയും ചെയ്തു.

ഒരു കുരങ്ങൻ്റെ എല്ലാ ഭാവവും ആ മുഖത്തു കണ്ടതുകൊണ്ട് എനിക്ക് ശരിക്കും ചിരി വന്നു. പക്ഷേ ആൾക്കാർ എന്തു കരുതും എന്നു കരുതി ഞാനാ ചിരിയെ കഷ്ടപ്പെട്ട് ഉള്ളിൽ തന്നെ ഒതുക്കി.

ഞങ്ങൾ ചിരിച്ചതായി കാണാത്തതു കൊണ്ടാവണം, വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ജനലിനോട് പരമാവധി മുഖം ചേർത്ത് അടുത്ത പഴവും തൊലി കളയാതെ തിന്നു കാണിച്ചുകൊണ്ട് ബൊണ്ടൻ ഇളിച്ചു.

അസൽ കുരങ്ങനെപ്പോലുണ്ട്, അല്ലേ,’ തിരക്കിൽ വേർപിരിയാതിരിക്കാൻ ശ്രാവണിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഷാൾ കൊണ്ട് വായ പൊത്തിയിരുന്നതു കൊണ്ട് ശ്രാവണി പറഞ്ഞതെന്താണെന്ന് എനിക്കു വ്യക്തമായില്ല. അനൗൺസ്മെൻ്റിൻ്റെയും  ആൾക്കാരുടെയും ബഹളങ്ങൾക്കൊപ്പം ട്രെയിൻ്റെ ചൂളംവിളിയും കൂടി ചേർന്നപ്പോൾ അവൾ പൊട്ടിച്ചിരിച്ചതാണോ അതോ ഏങ്ങലടിച്ചതാണോ എന്നും എനിക്കു മനസിലായില്ല.

****         ****                             ****                                     ****

 പ്രസാധകൻ മാസിക- സെപ്റ്റംബർ & ഒക്ടോബർ 2025