Thursday, November 10, 2011

എന്റെ ഫസ്റ്റ് ലൈൻ

എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് ആദ്യം ആണ് പെണ്ണിനോടാണോ അതോ പെണ്ണ് ആണിനോടാണോ പറയേണ്ടതെന്ന് എനിക്കറിയില്ല. ആണാണ് പറയേണ്ടതെന്നും പെണ്ണാണ് പറയുന്നതെങ്കിൽ അവൾ 'പിശക്' ആയി മുദ്ര കുത്തപ്പെടുമെന്നുമാണ് അന്വേഷണത്തിൽ എനിക്കു ലഭിച്ച വിദഗ്ദ്ധാഭിപ്രായം. ജീവിതത്തിന്റെ ഈയൊരു ഘട്ടത്തിൽ ഐ ലവ് യു പറയാൻ പോയി പിശക് എന്ന ലേബലിന് അടിമയാവാൻ പോലും ഞാൻ തയ്യാറാണ് . ഒരു 'സോറി എനിക്ക് നിങ്ങളെ ഇഷ്ടമല്ല' എന്ന മറുപടിയോ 'കണ്ണാടി നോക്കിയിട്ടു തന്നെയാണോ എന്നോടീ പറച്ചിൽ' എന്ന പരിഹാസമോ കേൾക്കേണ്ടി വരുമായിരിക്കും. തീർന്നു. ആ അധ്യായം കഴിയും, ഞാനെന്റെ പാടും നോക്കി പോവും. അത്ര തന്നെ.

പക്ഷെ ഞാനിന്ന് പെട്ടുപോയ ദശാസന്ധി (ഒരു ഗംഭീരവാക്കായതുകൊണ്ട് ഉപയോഗിക്കുകയാണ് . അർത്ഥത്തെക്കുറിച്ച് നോ ഐഡിയ) എന്നെ വല്ലാതെ അലട്ടുന്നു. ഒരു കൊച്ചുകള്ളൻ കുട്ടിക്കുറുമ്പൻ . അവൻ എന്റെ കൂടെ ഒന്നു രണ്ടാഴ്ച , കൃത്യമായി പറഞ്ഞാൽ പതിനാറു ദിവസം ഒരു വീട്ടിൽ കഴിഞ്ഞു കൂടി. ഒരു ഭർത്താവു ചെയ്യുന്നതു പോലെ പാചകം, അലക്കൽ, തേയ്ക്കൽ, തൂക്കൽ തുടങ്ങി മറ്റേ മേജർ വർക്കൊഴികെയുള്ള എല്ലാം ആ പാവം ചെയ്തു. എന്നെ പേടിച്ചിട്ടാണ് ആദ്യം എല്ലാം ചെയ്തു തുടങ്ങിയത് . പിന്നെ അവന് ഇതുപോലത്തെ ഡൂക്ലി ജോലികൾ ഒരു ഹരമായി. പെൺകുട്ടികളുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള മസിലോ, സൈസോ , വാചകമടിയോ എന്നു വേണ്ട എടുത്തുപറയത്തക്ക ഒന്നും ആ ചെക്കന് ഇല്ലായിരുന്നു എന്നും കൂടി പറയട്ടെ. എന്നാലോ, സിഗരറ്റു വലി, വൃത്തിയില്ലായ്മ, മടി, തീറ്റക്കൊതി തുടങ്ങി നെഗറ്റീവുകൾ ധാരാളവും. എന്നിട്ടും ഞാനറിയാതെ എങ്ങനെയോ അവനെ പ്രേമിച്ചു പോയി എന്നതാണു പോയിന്റ് . അതും ധീരയായ ഞാൻ!

അതിനിടയ്ക്ക് ഞാനൊരു മണ്ടത്തരം ചെയ്തു. എനിക്ക് വേറൊരാളോട് , മസിലുള്ള, തൊലിവെളുത്ത, വാചകമടിയ്ക്കുന്ന ഒരാളോട് ഒരു ചെറിയ ഇഷ്ടം തോന്നി. സ്കൂളിലൊക്കെ പഠിക്കുമ്പൊ നമുക്ക് അരവിന്ദ് സ്വാമിയോടൊക്കെ ഒരു ഇഷ്ടം തോന്നിയിരുന്നില്ലേ, അതുപോലെ . പക്ഷെ കഷ്ടകാലത്തിന് ഞാനിക്കാര്യം അവനോടു പറഞ്ഞു . അയാൾ ക്ഷണിച്ച ഒരു പരിപാടിക്കു പോവുന്നതിന് എന്റെയീ കുട്ടിക്കുറുമ്പനാണ് എന്നെ അണിയിച്ചൊരുക്കിയത് . എന്നെ അയാൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി. പക്ഷെ എന്നെ ഒരുക്കിയ ആളെ തന്നെയാണ് എനിക്ക് ഇഷ്ടമായത് .

പറയൂ, വേറൊരാളെ ഇഷ്ടമാണെന്നു പറഞ്ഞ ഞാൻ ഇനിയെങ്ങനെയാ അവന്റെ മുഖത്തു നോക്കി അയാളെ ഞാൻ വിട്ടു ഇനി നിന്നെയാ ഇഷ്ടം എന്നു പറയുക ?

ഇതാണെന്റെ ദശാസന്ധി.

ഞാനെന്തു ചെയ്യും ? എനിക്കവനെ ഇഷ്ടമാണ് . അവന് എന്നെ ഇഷ്ടമാണോ എന്നറിയില്ല. പക്ഷെ എനിക്കവനെ ഇഷ്ടമാണ് . എനിക്ക് വേറൊന്നും വേണ്ട. അവന്റെ സാമീപ്യം, അവന്റെ യൊരു ശബ്ദം, പരിസരത്ത് അവന്റെയൊരു അനക്കം അങ്ങനെ വളരെ ചെറിയ എന്തെങ്കിലും മാത്രം തന്നെ ധാരാളം. അവൻ അടുത്തില്ല എന്ന തിരിച്ചറിവ് എന്നെ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുകയാണ് . ഞാൻ ഫോൺ പോലും ഓഫ് ചെയ്തിരിക്കുകയാണ് . ഫോണിൽ എനിക്കവന്റെ ശബ്ദം കേൾക്കണ്ട. അവൻ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണ് എന്നു വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. അവന്റെ കട്ടിലിൽ ഞാൻ രണ്ടു തലയിണകൾ നിരത്തിവച്ച് പുതപ്പിച്ചു. ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്നു നോക്കും , ഓ എന്റെ കാമുകൻ ഉറക്കമാണ് . ആശ്വാസത്തോടെ ഞാൻ മടങ്ങിവരും.

കേൾക്കുന്നുണ്ട് നിങ്ങളുടെ പിറുപിറുക്കൽ. ഈ പെണ്ണിന് വട്ടായിട്ടുണ്ട് എന്നല്ലേ ? അതെ എനിക്കിപ്പൊ ശരിക്കും വട്ടാണ് . സത്യം ! ഇതെന്റെ ആദ്യ പ്രേമമാണെന്ന് എനിക്കിപ്പൊ നന്നായി ബോധ്യമായി. എല്ലിനു പിടിച്ച പ്രേമം. എന്റെ ഫസ്റ്റ് പ്രേമം. മൈ ഫസ്റ്റ് ലൈൻ .

പക്ഷെ എനിക്കീ വേദന ഇനിയും താങ്ങാനാവില്ല മൈ ഡിയർ, എനിക്കു വയ്യ. ഇതിൽ നിന്നെങ്ങനെയാ ഞാൻ ഒന്നു തലയൂരുക ? എന്റെ ജീവിതത്തിലെ ഈ ഫസ്റ്റ് ലൈൻ എങ്ങനെയാ ഞാൻ മായ്ക്കുക ?

പറയൂ, ഈ ലൈൻ മായ്ക്കാനുള്ള റബ്ബറുണ്ടോ നിങ്ങളാരുടെയെങ്കിലും കയ്യിൽ ?


Saturday, January 29, 2011

തിരിച്ചറിവ്

വൈകീട്ട് പവര്‍കട്ടു നേരത്ത് മൊബൈല്‍ വെട്ടത്തിലിരിക്കുമ്പോള്‍,
സമയം കൊല്ലാനായിരിക്കാം,
വീടിനടുത്തു പണിക്കു വരുന്ന തമിഴന്മാരെല്ലാം
ഒരുപോലിരിക്കുമെന്ന് അമ്മ.
കറുത്തു തടിച്ച് ലുങ്കിയും ബനിയനും ധരിച്ച് വഴക്കിടുന്നതുപോലെ ഉറക്കെ സംസാരിച്ച്.
സായിപ്പന്മാരും കാണാനൊരുപോലെന്ന് അച്ഛന്‍.
ചൈനക്കാര്‍ ഒരു പടികൂടി കടന്ന് പ്രായം പോലും
തിരിച്ചറിയാനാവാത്ത തരത്തിലെന്നും.
കുട്ടിയാര് വയസ്സനാരെന്ന് സ്വല്പം ബുദ്ധിമുട്ടും തിരിച്ചറിയാന്‍.
കുറേയൊക്കെ സത്യമാണു കാര്യങ്ങള്‍.
വെസ്റ്റിന്റീസിന്റെ കളി കാണുമ്പോള്‍
ഹൂപ്പറേത് ഗ്രീനിഡ്ജേതെന്ന്
പത്തില്‍ പഠിക്കുന്ന കാലത്ത് തപ്പിത്തടയുമായിരുന്നു ഞാന്‍.
നാട്ടില്‍ പറമ്പു കിളയ്ക്കാന്‍ വരുന്ന കിഴവന്‍ പണിക്കാരെ
തിരിച്ചറിയാന്‍ പറ്റുമോ?
കൊച്ചച്ഛന്‍.
ഗോപാലന്‍, രാമന്‍, നാരായണന്‍, പാച്ചു.
എല്ലാവരും ഒരുപോലെ കറുത്ത്, ബീഡിയും വലിച്ച്, മടിയന്മാര്‍.
കാഴ്ചയിലെ സാമ്യം പോട്ടെ, കേള്‍വിയിലെ സാമ്യമായിരുന്നു
പബ്ലിക് സ്കൂളിലെ ടീച്ചറായ എന്റെ ചേച്ചിയുടെ പ്രശ്നം.
ക്രിസ്ത്യന്‍ പിള്ളേര്ടെ പേര് കേള്‍ക്കൂ:
കിറ്റി, ബെറ്റി, ഡിറ്റി,സാറ്റി. കഷ്ടം!
പണ്ടും ക്രിസ്ത്യാനികള്‍ടെ പേരിങ്ങനൊക്കെത്തന്നെ.
ആര് എന്ത് എന്നൊന്നും മനസ്സിലാവില്ല.
അമ്മൂമ്മ.
ഓര്‍മ്മയിലും നിക്കില്ല: അവറാച്ചന്‍, കറിയാച്ചന്‍, ചാക്കോച്ചന്‍, ഉമ്മച്ചന്‍.
മുസ്ലീംസും സെയിമാ.
അനിയത്തി ചര്‍ച്ചയില്‍ ഹാജരായി.
റംലത്ത്, സാദത്ത്, ഫുര്‍സത്ത്,
പിന്നെ-
സര്‍ബത്ത്. കുണുകുണെ ചിരി.
നമ്മടെ പേര് അവര്‍ക്കും ടൈറ്റാ.
ശരിയാ. റംലത്തിന്റെ ഉമ്മയ്ക്ക് ഇപ്പോഴും
എന്റെ പേരു പറയാനറിയില്ല, അനിയത്തി ശ്രീപാര്‍വതി.
എന്നാല്‍ നമ്മുടെ കുട്ടികളുടെ പേരു നോക്കിയേ-
ദേവനാരായണ്‍, ഹരിഗോവിന്ദ്, ശ്രീലക്ഷി, അദ്വൈത്.
എത്ര ഡീപ്പായുള്ള അര്‍ത്ഥങ്ങളാണ്.
ഒറ്റത്തവണ കേട്ടാല്‍ മതി. പിന്നെ മറക്കുമോ ?
അല്പനേരത്തേയ്ക്ക് നിശബ്ദത. ആത്മനിര്‍വൃതി.
പെട്ടന്ന്-
ദാ കറണ്ടു വന്നല്ലോ, ടീവി വെയ്.
ഓടും മുമ്പ് പ്രോബ്ലം ഞാനങ്ങ് ഉപസംഹരിക്കാം-
ഞങ്ങളുടെ വീട്ടിലിന്നാര്‍ക്കും
നായന്മാരെയല്ലാതെ മറ്റാരെയും തിരിച്ചറിയാനാവുന്നില്ല.

**** **** **** **** ****

Sunday, October 10, 2010

ഇംഗ്ലീഷ് മീഡിയം പരാതി



റോസ്മിയെ പരിഹസിക്കുകയോ പൊതുജനമദ്ധ്യത്തില്‍ വിലകുറച്ചുകാട്ടുകയോ അല്ല എന്റെ ഉദ്യമമെന്ന് ആദ്യമേ തന്നെ പറയട്ടെ. പിന്നെയെന്തിന് ആനക്കാര്യം പറയാന്‍ പോവുന്നിടത്ത് ചേനക്കാര്യം എന്ന മട്ടില്‍ ജിതിന്‍ ജോസഫിനെക്കുറിച്ച് പറയാന്‍ പോവുന്നിടത്ത് റോസ്മിയുടെ കാര്യം പറഞ്ഞു തുടങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം- രണ്ടുപേരും ഇംഗ്ലീഷുകാരാണ്. മനസ്സിലായില്ല, അല്ലേ. അതായത് ഇംഗ്ലീഷ് മീഡിയം. അല്ലാതെ ചില കുബുദ്ധികള്‍ പറയുന്നതുപോലെ എന്റെ തടിച്ച ശരീരത്തില്‍ ജീന്‍സു കയറാത്തതിന്റെ കുശുമ്പു കൊണ്ടല്ല.

അതുപോട്ടെ, പറയാ‍ന്‍ തുടങ്ങിയ കാര്യമങ്ങു പറയാം. റോസ്മി ഞങ്ങളുടെ ബാങ്കില്‍ രണ്ടു മാസം മുന്‍പു പുതുതായി ജോലിയില്‍ ചേര്‍ന്ന ഒരു പ്രൊബേഷണറി ഓഫീസറാണ്. ജീന്‍സ്, ടോപ് (ടോപ്പിനകം ശൂന്യം കേട്ടോ), ലിപ്സ്റ്റിക്, ഫേസ് ബുക്ക്, ഫേസ് വാഷ്, ഐഫോണ്‍, ഹൈ ഹീല്‍ഡ് ചെരുപ്പ്. അഞ്ചുവര്‍ഷം സര്‍വീസുള്ള, ചുരിദാറിടുന്ന ക്ലര്‍ക്കായ ഞാന്‍ അല്പമൊന്ന് ഒതുങ്ങിപ്പോയി എന്നതു നേര്. പക്ഷേ അസൂയയൊന്നും എനിക്കു തോന്നിയില്ല, കേട്ടോ. എന്നെപ്പോലെ നല്ല മലയാളത്തില്‍ സംസാരിക്കാനോ, സാരിയുടുക്കാനോ, ഭക്ഷണം പാക ചെയ്യാനോ, എന്തിന്, കസ്റ്റമറോട് ഒന്നു പുഞ്ചിരിച്ചു സംസാരിക്കാനോ അറിയാത്ത റോസ്മിയോട് എന്തുകാര്യത്തിലാണ് അസൂയ തോന്നേണ്ടത്?

എനിക്കൊരു അസുഖമുള്ള കാര്യം ഞാന്‍ പണ്ടെന്നോ പറഞ്ഞത് ഓര്‍മ്മ കാണുമോ? ഒരു പെണ്ണിന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസുഖമാണ്. കാന്‍സറും എയിഡ് സുമൊന്നുമല്ല, കേട്ടോ.

ചിരി.

അടക്കാനാവാത്ത ചിരി. അടക്കാനാവാത്ത വികാരം എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലൊന്ന്. ചില ആളുകളുടെ മുഖം, വസ്ത്രധാരണം, ഉന്തി നില്‍ക്കുന്ന പല്ല്, വാ പൊളിച്ചുള്ള നോട്ടം, മണ്ടന്‍ ചോദ്യങ്ങള്‍ തുടങ്ങിയവ കണ്ടുണ്ടാവുന്ന ചിരിയൊക്കെ എന്തുകഷ്ടപ്പെട്ടാണെന്നോ ഞാന്‍ അടക്കിനിറുത്തുന്നത്? അവസാനം ഒരു ദിവസത്തെ ചിരിയെല്ലാം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഞാന്‍ ചിരിച്ചു തീര്‍ക്കുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം, അടക്കിവയ്ക്കാന്‍ പറ്റാതെ കൌണ്ടറിലിരുന്ന് ചിരിച്ചുപോയ കാര്യമാണ് ഞാന്‍ മുന്നോടിയായി പറയാന്‍ പോവുന്നത്. കാരണക്കാരി റോസ്മിയും ഇതൊരു ആമുഖം മാത്രമാണു കേട്ടോ. എന്നിട്ടു പറയാം ഇന്നത്തെ കാര്യം.

മൂന്നാലു തിങ്കളാഴ്ച മുന്‍പാണ്. പെട്രോള്‍ പമ്പിലെ, കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന്‍ പണമടയ്ക്കാന്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന സമയം. തിങ്കളാഴ്ചയായതുകൊണ്ട് സ്വാശ്രയസംഘക്കാരായ സ്ത്രീകള്‍ കൌണ്ടറില്‍ ധാരാളമുണ്ടായിരുന്നു. പത്തെഴുപതുവയസുള്ള ഒരു സ്ത്രീ, അക്ഷരാഭ്യാസം തീരെയില്ലാത്തവരാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാം, പത്തിന്റെയും അന്‍പതിന്റെയും കുറെ നോട്ടുകളും ഒരു കിഴി ചില്ലറയും കൌണ്ടറിലടച്ചിട്ട് റോസ്മിയുടെ കയ്യില്‍ പാസ്ബുക്കു നല്‍കി. ബാലന്‍സ് എഴുതിക്കിട്ടിയ പാസ്ബുക്ക് രണ്ടുവട്ടം തിരിച്ചും മറിച്ചും നോക്കി ആ സ്ത്രീ, തിരക്കിട്ട് മോണിട്ടറില്‍ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്ന റോസ്മിയോട് അക്കൌണ്ടിലെ ബാലന്‍സ് എത്രയെന്നു ചോദിച്ചു. റോസ്മി തലയുയര്‍ത്താതെ തന്നെ പാസ്ബുക്കു വാങ്ങി തുറന്നു നോക്കി തിടുക്കത്തില്‍ പറഞ്ഞു: റ്റു തൌസന്റ് നയന്‍ ഹന്‍ഡ്രഡ് സെവെന്റി ഫൈവ് ആന്‍ഡ് സിക്സ്റ്റി ത്രീ പൈസേ.‘

‘എന്നുവെച്ചാ..?’ നിഷ്കളങ്കമായ ചോദ്യമായിരുന്നു ആ സ്ത്രീയുടേത്.

തലയുയര്‍ത്തിയ റോസ്മിയുടെ ചമ്മിയുള്ള ഭാവം, ചോദ്യം ചോദിച്ച സ്ത്രീയുടെ പൊളിഞ്ഞു പോയ വായ, എന്തോ അദ്ഭുതം കാണുന്നപോലെ മൂക്കില്‍ വിരലുമിട്ട് കീഴ്ചുണ്ടിനു താഴെ രോമം വളര്‍ത്തുന്ന ചെക്കന്റെ റോസ്മിയുടെ പരന്ന നെഞ്ചത്തോട്ടുള്ള നോട്ടം എന്നിവയെല്ലാം ചേര്‍ന്ന് എന്റെയുള്ളില്‍ അടക്കാനാവാത്ത ചിരി പൊട്ടിച്ചു. താഴെ വീണ പേനയുടെ ക്യാപ് നോക്കാനെന്നപോലെ കൌണ്ടറിനു താഴേയ്ക്ക് കുനിഞ്ഞ് ഉരുണ്ടുകൂടിയ ചിരിമുഴുവനും ചിരിച്ചു തീര്‍ത്താണ് ഞാന്‍ പൊങ്ങിയത്.

റോസ്മിയുടെ ഒരിംഗ്ലീഷേ!! ആരോട് എന്തു പറയണം എന്ന് ഒരു ധാരണയുമില്ല. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ കുമ്പളങ്ങിയിലാണ്. എന്നിട്ടും മലയാളം പറയില്ലെന്നു വച്ചാല്‍? നിങ്ങളിങ്ങനെയാണോ?

പിന്നത്തെ സംഭവം ഇന്നാണു കേട്ടോ. ചിരിപൊട്ടി ഞാന്‍ മൂത്രമൊഴിച്ചുപോയി എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? അത്രയ്ക്കു കോമഡിയാണ്. അതിനു നിമിത്തമായത് സുസ്മിതാമാഡമാണ്. മാഡം പരാതികളുടെ കാര്യത്തില്‍ ഒരു പരിഷ്കാരം കൊണ്ടുവന്നിരുന്നു. ഇടപാടുകാരുടെ പരാതികള്‍ എഴുതിത്തന്നെ വാങ്ങണം. പണ്ടൊക്കെ ആരെങ്കിലും എന്തെങ്കിലും പരാതികളുമായി വന്നാല്‍ രേഖപ്പെടുത്തിവാങ്ങുന്ന പതിവേയില്ലായിരുന്നു. ചില മൂശേട്ട കസ്റ്റമര്‍മാര്‍ പരാതികള്‍ എഴുതിത്തരുമെന്നു ഞങ്ങളെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായിരുന്നു. രേഖാമൂലമായാല്‍ എന്തോ ആപത്തെന്നായിരുന്നു ഞങ്ങള്‍ സ്റ്റാഫെല്ലാം കരുതിയിരുന്നത്. അപ്പോഴാണ് സുസ്മിതാമാഡത്തിന്റെ പരിഷ്കാരം. ആദ്യമെല്ലാം ഇടപാടുകാര്‍ക്കും സ്റ്റാഫിനും ചില ബുദ്ധിമുട്ടുകളൊക്കെ തോന്നും. സുസ്മിതാമാഡം പറഞ്ഞു. പക്ഷേ പിന്നെ അതിന്റെ ഗുണം ബോധ്യമാവും. പരാതി രേഖാമൂലം തരുന്നു എന്നതിനാല്‍ മറുപടി നല്‍കാന്‍ ബാങ്ക് ബാദ്ധ്യസ്ഥമാണ്. അപ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിക്കും. പരാതികളെല്ലാം ഒരു ഫയലില്‍ സൂക്ഷിക്കുന്നതിനാല്‍ നടപടിയെടുത്തവ ഏവ, എടുക്കാത്തവ ഏവ തുടങ്ങിയ കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസിലാവും. ഫോളോ അപ് എളുപ്പമാവും. വാക്കാല്‍ പറഞ്ഞുപോവുന്ന പരാതികളുടെ കാര്യത്തില്‍ ബന്ധപ്പെട്ട സ്റ്റാഫ് ലീവാണെങ്കില്‍ മറ്റുള്ളവര്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ വരുമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഫയലൊന്നു മറിച്ചുനോക്കിയാല്‍ മതി, ആര്‍ക്കും മറുപടി കൊടുക്കാന്‍ സാധിക്കും.

ഇങ്ങനെയൊക്കെയായിരുന്നു സുസ്മിതാമാഡം കൊണ്ടുവന്ന പരിഷ്കാരത്തിന്റെ സൌകര്യങ്ങള്‍. എനിക്കു പക്ഷേ പുതിയ രീതി മറ്റൊരു തരത്തിലാണ് ഇഷ്ടപ്പെട്ടത്. നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നഷ്ടപ്പെട്ട് വെറുതെയിരിക്കേണ്ടി വരുമ്പോളോ ഹര്‍ത്താലിനോ ഒക്കെ ഞാന്‍ പരാതി ഫയലെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുള്ള പരാതികള്‍ വായിച്ചു രസിക്കും. പരാതികളിലെന്താ ഇത്ര രസിക്കാനുള്ളത് എന്നാണോ സംശയം? പരാതികളിലല്ല, അതെഴുതിയ രീതികളിലാണ് ചിരിക്കുള്ള വക കിടക്കുന്നത്. അക്ഷരപ്പിശകും വാക്യപ്പിശകും വ്യാകരണപ്പിശകും കൂടിയൊരു മെഗാ കോമഡി.

ഈ കോമഡിക്കൊരു തിലകക്കുറി ചാര്‍ത്താനായിട്ടാണ് ഇന്ന് ജിതിന്‍ ജോസഫ് അവതരിച്ചത്.

പതിനൊന്നരയുടെ ചായ കുടിച്ച് ചുണ്ടു തുടച്ച്, വായ കഴുകണോ വേണ്ടയോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ജിതിന്‍ ജോസഫ്, മീശയില്ലാതെ താടി മാത്രം വച്ച കൂട്ടുകാരനുമായി വന്നത്. കോലുപോലത്തെ രൂപവും ഫോര്‍ട്ടുകൊച്ചിക്കാരുടെ ഭാഷയും ചേര്‍ന്ന് ചിരിക്കാനുള്ള വകയുമായിട്ടായിരുന്നു ചെക്കന്റെ വരവ്. ഒരു ചേച്ചി ലുക്ക് ഉള്ളതുകൊണ്ടായിരിക്കാം, എന്റെയടുത്തേയ്ക്കായിരുന്നു ജിതിന്‍ വന്നത്. അവന് ഫോര്‍ട്ടുകൊച്ചി ബ്രാഞ്ചിലാണ് അക്കൌണ്ട്. ഇവിടത്തെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ശബ്ദമെന്തോ ഒക്കെ കേട്ടു. പക്ഷേ, പണം കിട്ടിയില്ല. എന്നാലോ, പ്രിന്റ് ചെയ്തു വന്ന സ്ലിപ് പ്രകാരം അക്കൌണ്ടില്‍ നിന്നു പൈസ കുറഞ്ഞിട്ടുമുണ്ട്. ഇനിയെന്തു ചെയ്യും?

ഇതാണു പരാതി. ഞാനിതു ഭംഗിയായി ചുരുക്കിപ്പറഞ്ഞില്ലേ? പക്ഷേ നമ്മുടെ പയ്യനിതു പറയാന്‍ കുറഞ്ഞത് അഞ്ചു മിനിട്ടെടുത്തു. എന്തിനാണ് കൊച്ചിയില്‍ നിന്നു വന്നതെന്നും വൈറ്റിലയിലെ എടിഎമ്മില്‍ തിരക്കായിരുന്നെന്നും മഴ മൂലം കടത്തിണ്ണയില്‍ കയറിനിന്നുവെന്നും എന്നു വേണ്ട ഒരു ചരിത്രാഖ്യായിക തന്നെ എന്റെ മുന്നില്‍ തുറന്നുവച്ചു.

സുസ്മിതാമാഡം പിറകിലിരുന്ന് എന്നെ കോപത്തോടെ നോക്കുന്നുണ്ടായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ആ ആഖ്യായിക ആസ്വദിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അവസാനം ഒരു വെള്ളക്കടലാസെടുത്ത് ഒരു പരാതിയെഴുതി റോസ്മിയ്ക്കു കൊടുക്കാന്‍ ഞാന്‍ പറഞ്ഞു.

പരസ്പരം അഞ്ചു പത്തു മിനിട്ട് കുശുകുശുത്തശേഷം ജിതിനും കൂട്ടുകാരനും വലിയൊരു സാഹസം നിര്‍വഹിച്ച മട്ടില്‍ റോസ്മിയ്ക്കു മുന്നില്‍ കടലാസു നീട്ടി. റോസ്മി സ്വതസിദ്ധമായ പുച്ഛത്തോടെയും നിസംഗതയോടെയും പരാതി വാങ്ങി വായിച്ച് എന്തോ പിറുപിറുത്ത് സുസ്മിതാ മാഡത്തിനടുത്തേയ്ക്കു ചെന്നു. റോസ്മിയ്ക്കെന്താ മലയാളം വാ‍യിയ്ക്കാനറിയില്ലെ? എനിക്കരിശം വന്നു.

‘റിതൂ’, സുസ്മിതാമാഡം എന്നെ വിളിച്ചതു പെട്ടന്നാണ്.

‘എന്താണിത്?’ പരാതി എന്റെ നേരെ നീട്ടി മാഡം കയര്‍ത്തു.’വര്‍ത്തമാനം പറയിപ്പിച്ചു രസിക്കാന്‍ ഇതെന്താ മാര്‍ക്കറ്റാണോ? ടെല്‍ ദം ടു റൈറ്റ് ദ കംപ്ലയ്ന്റ് ക്ലിയര്‍ലി.‘

മാഡം കോപിച്ചതില്‍ സങ്കടം വന്നെങ്കിലും പരാതി കണ്ടപ്പോള്‍ എന്റെയുള്ളില്‍ ഒരു പൊട്ടിച്ചിരി ആര്‍ത്തു വന്നു. കടലാസിന്റെ നടുക്കായി വടിവൊത്ത അക്ഷരത്തില്‍ ദാ, ഇങ്ങനെയായിരുന്നു ആ പരാതി:
‘Did not got money.
Give it back.'

ആര് ആരോട് എന്തിന് എപ്പോള്‍ എങ്ങനെ തുടങ്ങി ഒരു പരാതിയില്‍ വേണ്ട ഒന്നുമില്ല. ഇത്ര കഴുതപ്പിള്ളേരോ! ഇതെഴുതാനാണോ പതിനഞ്ചുമിനിറ്റ് കുശുകുശുത്തത്? ആ പരാതി എന്റെ ഹാന്‍ഡ് ബാഗില്‍ പിന്നീടു വായിച്ചു രസിക്കാനായി നിക്ഷേപിച്ച്, ദൂരെമാറിയിരിക്കുകയായിരുന്ന ജിതിനെയും കൂട്ടുകാരനെയും ഞാന്‍ വിളിച്ചു.

‘എടോ,’ മറ്റൊരു കടലാസു കൊടുക്കുമ്പോള്‍ ഞാന്‍ വിശദീകരിച്ചു:‘ ഒരു കംപ്ലയ്ന്റ് എഴുതുമ്പോ ആര് എഴുതുന്നൂന്ന് വേണം. എന്നെഴുതുന്നു, ഏതു സ്ഥലം തുടങ്ങിയതൊക്കെ വേണം.‘

‘അദക്കെ ഞങ്ങ പറഞ്ഞതാണല്ലാ’.

‘അതെന്നോടല്ലേ? ബാങ്കാവുമ്പോ എല്ലാറ്റിനും പ്രൂഫ് വേണം. നിങ്ങളെന്നോട് പറഞ്ഞകാര്യങ്ങള്‍ എഴുതിത്താന്നാല്‍ മതി’.

‘ഫുള്ളും റൈറ്റ് ചെയ്യണാ!? എന്റെ പള്ളി-!’ ജിതിന്‍ വാ പൊളിച്ചു പോയി.

‘ഫുള്ളും വേണ്ട. മഴ പെയ്തതും വൈറ്റിലയില്‍ പോയതുമൊന്നും വേണ്ട. എടിഎമ്മിലെ കാര്യം മാത്രം മതി’.

‘മേടം തന്നെ റൈറ്റ് ചെയ്യാവാ? ഒര് ഹെല്‍പാവൂല്ലാ?’

‘അയ്യോ എനിക്ക് ധാരാളം പണിയുണ്ട്. പിന്നെ നിങ്ങള്‍ പ്ലസ്ടുവിനു പഠിക്കുന്നവരല്ലേ, കംപ്ലയ്ന്റ് എഴുതാനറിയില്ലെന്നു പറയുന്നതു നാണക്കേടല്ലേ?’ ഞാനവരുടെ ആത്മാഭിമാനത്തെ ഒന്നു തോണ്ടാന്‍ നോക്കി. തോണ്ടലൊന്നു കൂടിയോ എന്നു സംശയം. കൂട്ടുകാരന്‍ ജിതിനോടു ശബ്ദം താഴ്ത്തിപ്പറയുന്നതു ഞാന്‍ കേട്ടു.

‘ത്രീ ഹണ്‍ഡ്രഡ് റുപ്പീസല്ലേ ഉള്ളൂ, പോട്ടഡാപാ’.

മുന്നൂറു രൂപ പോട്ടെന്നോ! പണ്ടു ഞങ്ങളുടെ വീട്ടിലനുഭവിച്ച ദാരിദ്ര്യമാണ് പെട്ടന്നെനിക്കോര്‍മ്മ വന്നത്. ഞാനൊരു ഉത്തരവാദിത്തമുള്ള ചേച്ചിയുടെ റോളിലേയ്ക്കു മാറി.

‘കുട്ടികളേ, അഞ്ചുപൈസയാണെങ്കില്‍ പോലും നമുക്കവകാശപ്പെട്ടതു ചോദിച്ചു വാങ്ങണം. മടി എന്നത് ആര്‍ക്കും, പ്രത്യേകിച്ച് സ്റ്റുഡന്റ്സിന് ഒട്ടും പാടില്ല.’

‘പക്ഷേ, ഡീറ്റെയ് ലായി റൈറ്റ് ചെയ്യാന്‍..’

ഇംഗ്ലീഷിലെഴുതാനുള്ള പ്രയാസവും പരിചയക്കുറവുമാണ് കുട്ടികളെ വിഷമിപ്പിക്കുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു: ‘ഇംഗ്ലീഷില്‍ തന്നെ എഴുതണമെന്നില്ല, കേട്ടോ. മലയാളത്തിലാണെങ്കിലും മതി’.

‘അയ്യോ, മല്യാളത്തിലാ, അതൊട്ടും പറ്റൂല്ലട്ടാ’, പെട്ടന്നായിരുന്നു മറുപടി, അതും ഒരുമിച്ച്.

‘അതെന്താ?’

ചിരിയടക്കാന്‍ വയ്യാതെ എനിക്ക് ബാത് റൂമില്‍ ഓടിപ്പോവേണ്ട ഗതികേടുണ്ടാക്കി അവരുടെ മറുപടി:

‘ഞങ്ങ രണ്ട്പേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പടിക്കണ’.


**** **** **** ****

Wednesday, June 16, 2010

അഭ്യര്‍ത്ഥന

അഭയാര്‍ത്ഥിയെപ്പോലെയാണ് ഞാനിന്ന്.
കൂരകെട്ടാനിടമില്ലെന്നല്ല,
ഭാരമേറിയ ഈ ഹൃദയം ഞാനെവിടെ
ഇറക്കിവെയ്ക്കും?
നഖം കടിച്ചും കൈകള്‍ കൂട്ടിത്തിരുമ്മിയും
ഇരിപ്പുറയ്ക്കാതെ മുറ്റത്തുലാത്തിയും
ഞാനാ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു.
നിനക്കറിയില്ലല്ലോ, ഒരു പുഞ്ചിരിയ്ക്ക്,
നിന്റെ വെറും ഒരു നോട്ടത്തിന്
ഈ അഭയാര്‍ത്ഥിയായ എന്നെ
സകലതും നേടിയ ഒരുവനാക്കി
മാറ്റാന്‍ കഴിയുമെന്ന് !
നിനക്കു ക്രോധം.
കോപത്താല്‍ ചുവക്കുന്നു നിന്റെ മുഖമെങ്കിലും
പലവട്ടം കവരാന്‍ ഞാന്‍ കൊതിച്ച നിന്റെ
ഉള്ളംകയ്യിലെ കുഞ്ഞുമൊബൈലില്‍ നിന്ന്
ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞിളം നാദം
എന്നെ ശുഭാപ്തിയിലേയ്ക്കു നയിക്കുന്നു.
ഞാനപേക്ഷിക്കട്ടെ,
നിന്റെ ഹൃദയത്തിലൊരു സ്ഥാനം ഞാന്‍ കൊതിക്കുന്നില്ല.
അതാസാദ്ധ്യം!
പക്ഷേ, അരുതേ,
എന്റെ അഭ്യര്‍ത്ഥന നിരസിക്കരുതേ,
ഒരു മിസ് കോളിലൂടെ,
നിന്റെയീ ബഹുവര്‍ണ്ണമൊബൈലില്‍
തരില്ലേ നീ എനിക്കുമൊരിടം?
ഒരു പത്തക്ക നമ്പരായി...
94467 10906

*** ***

Sunday, November 29, 2009

ആകാശത്തെ കഥകള്‍



പതിവു തെറ്റിച്ച് കൃഷ്ണന്‍ എത്താന്‍ വൈകി. മൂകമായ അന്തരീക്ഷം. പ്ലാവില പെറുക്കുകയായിരുന്ന അബ്ദുവിനോട് എവിടെയെങ്കിലും ചെന്ന് കൃഷ്ണനെ അന്വേഷിക്കാന്‍ പറയണമെന്നു തോന്നി യേശുവിന്. അത്രമാത്രം അസഹ്യമായി തോന്നുന്നു ഈ മൂകത. കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങുമിങ്ങും നടക്കുന്നതു കണ്ട് ധ്യാനത്തിലായിരുന്ന ഗൌതമന്‍ പാതി പുഞ്ചിരിയോടെ ചോദിച്ചു:
‘കൃഷ്ണന്‍ വരാത്തതിനാല്‍ വല്ലാത്ത ബോറടി അല്ലേ?’
യേശു ചെറുതായി തലയിളക്കി തിരിഞ്ഞപ്പോള്‍ വളവും കടന്ന് ദാ വരുന്നു ഓടക്കുഴലിന്റെ നാദത്തിനു പിറകെ കൃഷ്ണന്‍. യേശുവിന്റെ ഹൃദയം തുള്ളിച്ചാടി. കുസൃതിയാണ് കൃഷ്ണന്‍. തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ദുരന്തങ്ങള്‍ നിറഞ്ഞ ലോകത്ത് എല്ലാം മറക്കാന്‍ കൃഷ്ണന്‍.
‘ഗുഡ് മോണിങ് എവരിബഡി,’ ഓടക്കുഴല്‍ ചുണ്ടത്തു നിന്നെടുത്ത് പടികള്‍ കയറുമ്പോള്‍ കൃഷ്ണന്‍ കൈ വീശി.
‘ആരെങ്കിലും കുളിക്കുന്നതു നോക്കി നിന്നു താമസിച്ചതാണോ?’ ചര്‍ക്ക കറക്കുന്നതു നിറുത്തി, ചിരിയടക്കി ഗാന്ധി ചോദിച്ചു.
‘എന്താ അപ്പൂപ്പാ,’ ഓടക്കുഴല്‍ കൊണ്ടു പുറം ചൊറിഞ്ഞ് കൃഷ്ണന്‍ കോപം അഭിനയിച്ചു.‘ നെഞ്ചത്ത് വെടി കിട്ടി മോഹം തീര്‍ന്നിട്ടില്ലേ?‘
‘വേറൊരു കാരണവും ഞാന്‍ കാണുന്നില്ല. അതുകൊണ്ടു ചോദിച്ചതാ.’
ഇങ്ങോരെ എങ്ങനെയാ അപ്പൂപ്പാ എന്നു വിളിക്കുന്നെ?‘ കൃഷ്ണന്‍ തിരിഞ്ഞു നിന്ന് എല്ലാവരോടുമായി പറഞ്ഞു:‘ മൂപ്പര്ടെ മുടി മാത്രമേ നരച്ചിട്ടൊള്ളൂ, മനസ്സിപ്പോഴും കറുത്തു തന്നാണല്ലോ-‘
ഗൌതമന്‍ ധാനത്തില്‍ നിന്നുണര്‍ന്ന് പൊട്ടിച്ചിരിച്ചു പോയി.
‘എവ്ടെ, ആളിനീം വരാനുണ്ടല്ലോ, ഏ അബ്ദു,’ കൃഷ്ണന്‍ വിളിച്ചു.’ നിന്റെ കാര്‍ന്നോരെന്തിയേ?’
‘നൊയ്മ്പ് തൊടങ്ങിയേക്ക്ണല്ലേ, പ്രാര്‍ഥിക്കണേണ്.’ പ്ലാവില പെറുക്കുന്നതു നിറുത്തി അബ്ദു പറഞ്ഞു.
‘പകല് പട്ടിണി രാത്രി കുശാല്‍, പകല് പട്ടിണി രാത്രി കുശാല്‍,‘ കൃഷ്ണന്‍ വയറ്റത്തു താളംകൊട്ടിപ്പറഞ്ഞപ്പോള്‍ കുനിഞ്ഞിരുന്ന് ചെരുപ്പിന്റെ വാറഴിക്കുകയായിരുന്ന ബലരാമന്‍ കുലുങ്ങിയുള്ള ചിരിയില്‍ ബാലന്‍സു തെറ്റി വീഴാന്‍ പോയി.
തന്റെ കളിയും ചിരിയും എവിടെപ്പോയൊളിച്ചു എന്നു ചിന്തിച്ചുപോയി യേശു. കുറച്ചു നാളായി ഇങ്ങനെയാണ്. ചിരിക്കുള്ള വിഷയങ്ങളുണ്ടെങ്കിലും ചിരിക്കാനാവുന്നില്ല.
ഇടതുകയ്യിലെ കൂമ്പാരത്തില്‍ നിന്ന് ഓരോന്നായി മോദകങ്ങള്‍ തിന്നുകൊണ്ട് അന്നേരം കുഞ്ഞുഗണപതി ആ വഴി വന്നു.
‘ആന വയറാ,’ കൃഷ്ണന്‍ വിളിച്ചു ചോദിച്ചു: ‘ഇങ്ങനെ തിന്നുതിന്നു നടന്നാല്‍ മതിയോ, ഒരു കല്ല്യാണമൊക്കെ കഴിക്കണ്ടേ?’
‘ദേ, ഞാനച്ഛനോടു പറഞ്ഞ് മൂന്നാം കണ്ണ് തുറപ്പിക്കുന്നുണ്ട്, കള്ളക്കൃഷ്ണാ’ ഗണപതി ദേഷ്യപ്പെട്ടു.
കൃഷ്ണന്‍ ഭയന്നതുപോലെ അഭിനയിച്ച് ഗണപതിയുടെ അടുത്തുചെന്ന് ചെവിയിലെന്തോ പറഞ്ഞു. പിന്നെ ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് തിരികെ വന്നു.
‘എന്താ ഈശോ’, തിരികെ വന്ന കൃഷ്ണന്‍ അതുവരെ മിണ്ടാതിരുന്ന തന്നോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിന് ചെറിയ ഉത്സാഹം തോന്നി. ‘എന്താ ഈശോ താടി ചൊറിയുന്നത്, പേന്‍ കടിക്കുന്നുണ്ടോ?’
എല്ലാവരും പൊട്ടിച്ചിരിച്ചു. തന്റെ ഉള്ളിലും പൊട്ടിച്ചിരി കൂമ്പുകുത്തി മറിയുന്നത് യേശു അറിഞ്ഞു. പക്ഷേ, തന്റെ ചിരികളൊന്നും പുറത്തേയ്ക്കു വരാത്തതെന്ത്? കൃഷ്ണന്‍ അടുത്തുചെന്ന് യേശുവിന്റെ തോളത്ത് കൈയിട്ടു. എന്നിട്ട് അബ്ദുവിനു നേരെ തിരിഞ്ഞു.
‘അബ്ദു, ഞങ്ങളിന്ന്, ഞാനും ഈശോയും നിങ്ങളുടെ മസ്ജിദില്‍ പോയാല്‍ നൊയ്മ്പ് മുറിക്കുമ്പോള്‍ ശാപ്പാട് തരുവോ?’
‘സംശയമാണ്’, അബ്ദു പറഞ്ഞു.’ ഞങ്ങള് ദൈവങ്ങള്‍ടെ ഫോട്ടോ വച്ച് തീന് കൊടുക്കാറില്ല.‘
‘ഫോട്ടൊയല്ലപ്പാ, ഞങ്ങള് ഒറിജിനല്‍ ആള്‍ക്കാര് തന്നെ പോണേണ്, അപ്പഴാ,’
‘നോമ്പ് മുറിക്കണ നേരത്ത് ഏത് പിച്ചക്കാരന്‍ ചെന്നാലും കിട്ടും.’
‘അപ്പൊ ഈശോടെ കാര്യം ഓക്കെ,’ കൃഷ്ണന്‍ കണ്‍കോണുകളിലൂടെ യേശുവിനെ നോക്കി പുഞ്ചിരിച്ചു. യേശു തമാശയ്ക്ക് കൈയുയര്‍ത്തി കൃഷ്ണനെ അടിക്കാനാഞ്ഞു-‘കൃഷ്ണാ പതിയെപ്പറ. വര്‍ഗ്ഗീയലഹളയുണ്ടാകും’.
‘ഈശോ വാ തുറന്നു. ദാ എല്ലാരും നോക്കിയേ, ഈശോ സംസാരിച്ചു. കേട്ടോ എല്ലാരും, ഈശോയ്ക്ക് നാക്കുണ്ട്‘. കൃഷ്ണന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. അവിടെ ഒന്നും സംസാരിക്കാത്തയാള്‍ യേശുവാണ്. ചെറിയ വാക്കുകള്‍ മതി യേശുവിനു സന്തോഷത്തിന്, അതുപോലെ സങ്കടത്തിനും. ലോകത്തു നടക്കുന്ന കാ‍ര്യങ്ങള്‍ പലതും ആരെങ്കിലുമൊക്കെ പറഞ്ഞറിയുമ്പോള്‍ യേശു തനിച്ചിരുന്നു കരയും.
‘ലെറ്റസ് മൂവ് ഈശോ’, കൃഷ്ണന്‍ പറഞ്ഞു. ‘ഇന്നു നോയ്മ്പ് നോക്കാം. വൈകീട്ട് ഇഫ്താറും കഴിഞ്ഞു മടങ്ങാം, ഓക്കേ?’
യേശു തലകുലുക്കി
‘ദെന്‍, ബൈ എവെരിബഡി, രാത്രി കാണാം’.
‘യേശുവിനെ എങ്ങും കൊണ്ടുപോയി തല്ലുകൊള്ളിക്കല്ലേ മോനേ,’ ആരോ വിളിച്ചുപറഞ്ഞു.
പൊട്ടിച്ചിരിച്ചു തമാശയസ്വദിച്ച് യേശുവിന്റെ തോളത്തു കയ്യിട്ട് കൃഷ്ണന്‍ കൈ വീശി യാത്ര പറഞ്ഞു.
പാതി വഴിയില്‍ യേശുവിനു പെട്ടന്നൊരു തോന്നലുണ്ടായി:
‘കണ്ണാ,’ യേശു വിളിച്ചു.
‘ആഹാ,’ കൃഷ്ണന്‍ തലകുലുക്കി ആ വിളി ആസ്വദിച്ചു.’ഈശോ ഇതുപോലെ ഇനീം വിളിക്ക്. ഇനീം സംസാരിക്ക്. എന്തിനാ ഈ ഭാരമെല്ലാം ചുമന്നു നടക്കുന്നത്? നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇവിടെ? എന്തിനാണ് ലോകത്തെക്കുറിച്ചോര്‍ത്തു മനസ്സു പുണ്ണാക്കുന്നത്? ഞങ്ങള്‍ പലരും ഭയന്നു, ഈശോയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടോ എന്ന്. എന്തിനും അതിന്റെ നിയമമുണ്ട്, നമ്മള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ആവുമോ? രാഷ്ട്രീയക്കാരു പറയുമ്പോലെ ലോ വില്‍ റ്റേയ്ക് ഇറ്റ്സ് ഓണ്‍ കോഴ്സ്, ശരിയല്ലേ?’
യേശുവിനു മനസ്സു തണുത്തു. പൊട്ടിച്ചിരികള്‍ മടങ്ങിവരുന്നതുപോലെ. മനസ്സു പറന്നുയരുന്നതുപോലെ. ആഹ്ലാദത്തോടെ യേശു ചോദിച്ചു:
‘കണ്ണാ, മസ്ജിദിലേയ്ക്കു ഞാന്‍ വേണോ?ഞാന്‍.. ഒരു കൃഷ്ണക്ഷേത്രത്തില്‍ പോയി നോക്കട്ടെ?’
കൃഷ്ണന്‍ തലചെരിച്ച് യേശുവിനെ നോക്കി കുസൃതിച്ചിരി ചിരിച്ചു. ‘പഹയാ മനസ്സിലായി മനസ്സിലായി- പാല്‍പ്പായസവും പഞ്ചാമൃതവും അല്ലേ? പൊയ്ക്കോളൂ. എനിക്കു സമ്മതം. വൈകീട്ട് ദീപാരധന കഴിഞ്ഞ് നടയടയ്ക്കുന്നതും മടങ്ങിയേക്കണം. പിന്നെ-‘ തനിക്കു മാത്രം സാധ്യമായ ശൃംഗാരത്തില്‍ എങ്ങോട്ടെന്നില്ലാതെ നോക്കി കൃഷ്ണന്‍ മൊഴിഞ്ഞു:‘എന്റെ ആരാധികമാരുടെ നേര്‍ക്കെങ്ങാന്‍ കണ്ണിട്ടാല്‍-‘
‘ഒന്നു പോ കൃഷ്ണാ,’ യേശു നാണംകൊണ്ടു തുടുത്തു.
പൊട്ടിച്ചിരിച്ചുകൊണ്ട് കൃഷ്ണന്‍ മുന്നോട്ടു യാത്രയായി.
‘ഗുഡ് ബൈ ദെന്‍ ഈശോ’
ഗുഡ് ബൈ കൃഷ്ണാ’.

ചെന്നുകയറിയ ക്ഷേത്രം യേശുവിനു വളരെ ഇഷ്ടപ്പെട്ടു. ചെറിയ ക്ഷേത്രം. ചെറിയൊരു ഗ്രാമത്തിലെ ചെമ്മണ്‍ പാതയുടെ ഓരത്തെ ചെറിയൊരു കൃഷ്ണക്ഷേത്രം. പ്രഭാതപൂജ കഴിഞ്ഞ് നടയടച്ചിരുന്നു യേശു ചെല്ലുമ്പോള്‍. ചന്ദനത്തിരിയുടെ നേര്‍ത്ത പുകപടലത്തില്‍, പൂക്കള്‍ ചൂടി നില്‍ക്കുന്ന കൃഷ്ണവിഗ്രഹം. യേശു മന്ദഹസിച്ചു. പലപ്പോഴും ഒന്നൂതിനോക്കാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ ചോദിക്കാന്‍ മടിയായിരുന്നു. കൃഷ്ണവിഗ്രഹത്തിലെ ഓടക്കുഴലെടുത്ത് യേശു ചുണ്ടോടു ചേര്‍ത്തു. ഫു ഫു എന്നു രണ്ടുമൂന്നു വികൃത സ്വരങ്ങള്‍. യേശു ശബ്ദമുണ്ടാക്കാതെ പൊട്ടിച്ചിരിച്ചു.
യേശു വളരെ ശ്രദ്ധിച്ച് പീലിക്കിരീടം കൃഷ്ണന്റെ മുടുയില്‍ നിന്നെടുത്തു. ഉത്തരീയമെടുത്ത് തോളിലൂടെ ഞാത്തിയിട്ടു. മുത്തുമാലകള്‍. അരപ്പട്ട. വെണ്ണക്കിണ്ണത്തിലുണ്ടായിരുന്ന വെണ്ണയല്‍പ്പം തോണ്ടി നാവില്‍ വച്ചപ്പോള്‍ യേശുവിനു കോരിത്തരിപ്പു തോന്നി.
ആഹാ, എന്തു സ്വാദ് !
പിന്നെ കൃഷ്നവിഗ്രഹത്തിനു സമീപം കൃഷ്ണനെ പോലെ കാലുകള്‍ പിണച്ച് ഓടക്കുഴല്‍ ചുണ്ടത്തുവച്ച് പുഞ്ചിരിയോടെ നില്‍ക്കാന്‍ ശ്രമിച്ചു. രണ്ടുമൂന്നു വട്ടം ശ്രമിച്ചിട്ടും യേശുവിനു ബാലന്‍സ് കിട്ടിയില്ല. പിന്നെ ഒരു കൈമുട്ട് ചുമരില്‍ ചെറുതായി താങ്ങുപോലെ ചേര്‍ത്തു നിന്നപ്പോള്‍ യേശുവിന് ആത്മവിശ്വാസമായി. മൂലയ്ക്കു ചാരിവച്ചിരുന്ന വലിയ സ്റ്റീല്‍ തളികയില്‍ പ്രതിബിംബിച്ച സ്വന്തം രൂപം കണ്ടു ചിരിപൊട്ടിയപ്പോള്‍ യേശുവിനു വീണ്ടും ബാലന്‍സു നഷ്ടപ്പെട്ടു.
താടിയും മീശയുമുള്ള കൃഷ്ണന്‍!
പെട്ടന്നു പുറത്തു കേട്ട ശബ്ദം ഹല്ലേലുയ എന്നാണെന്നു തോന്നിയപ്പോള്‍ യേശുവിനു ദിഗ്ഭ്രമമുണ്ടായി. അമ്പലത്തില്‍ പറയുന്നതു മറ്റെന്തോ അല്ലേ? ഓടക്കുഴല്‍ താഴെ വച്ച് കിളിവാതിലിലൂടെ എത്തിനോക്കി. കുരിശുമാല ധരിച്ച ഒരാള്‍ മൈക്കു വച്ച് പ്രസംഗിക്കുകയാണ്. കൃഷ്ണന് കണ്ണുണ്ടെങ്കിലും കാണില്ലത്രെ. കാതുണ്ടെങ്കിലും കേള്‍ക്കില്ലത്രെ. കൃഷ്ണന്‍ മരിച്ചുപോയ ദൈവമാണത്രെ. കൃഷ്ണനെ പ്രാര്‍ത്ഥിച്ചാല്‍ ഫലമില്ലത്രെ. നിത്യനരകത്തില്‍ ചെല്ലുമത്രേ. ചെവിപൊത്തിക്കൊണ്ട് യേശു നിലത്തിരുന്നുപോയി.
‘കൃഷ്ണാ’, കൃഷ്ണവിഗ്രഹത്തെ നോക്കി യേശു കരഞ്ഞു. താന്‍ എന്തുകൊണ്ട് ഇങ്ങനെ പെട്ടന്നു കരഞ്ഞുപോവുന്നു എന്ന് യേശുവിനു മനസ്സിലായില്ല. കൃഷ്ണന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ പറഞ്ഞേക്കുമായിരുന്ന ഫലിതങ്ങള്‍ സ്വയം സൃഷ്ടിക്കാന്‍ യേശു ശ്രമിച്ചു. കൃഷ്ണന്‍ എന്തിലും തമാശയുണ്ടാക്കും.
പെട്ടെന്ന് പുറത്തെന്തോ ആരവം കേട്ട് യേശു വീണ്ടും കിളിവാതിലിലൂടെ നോക്കി. ഒരുകൂട്ടം ആളുകള്‍ കുരിശുധാരിയേയും കൂടെയിരുന്നവരേയും ആക്രമിക്കാനായി വരികയാണ്. യേശുവിനു സംഭ്രമമായി. അപകടം. അടച്ചിട്ട വാതില്‍ എങ്ങനേയും തുറന്ന് അരുതേ, അവിവേകം കാട്ടരുതേ എന്നലറി യേശു ജനക്കൂട്ടത്തിലേയ്ക്കു പാഞ്ഞുചെന്നു. പക്ഷേ ജനങ്ങള്‍ കാണരുതാത്തതു മാത്രം കണ്ടു. കുരിശുധാരികള്‍ യേശുവിന്റെ തലയിലെ പീലിക്കിരീടവും കയ്യിലെ ഓടക്കുഴലും കണ്ട് ‘ചെകുത്താന്‍ ചെകുത്താന്‍’ എന്നലറി. മറുഭാഗക്കാര്‍ യേശുവിന്റെ താടിയും മുടിയും കണ്ട് ‘നമ്മളെ മതം മാറ്റാന്‍ വന്നിരിക്കയാണടാ’ എന്നര്‍ത്തു കൂവി. തിക്കിലും തിരക്കിലും പെട്ട് ഒന്നിനുമാവാതെ ധാരാളം താഡനങ്ങള്‍ ഏറ്റുവാങ്ങി അവസാനം യേശു മുട്ടുകുത്തി നിന്നുപോയി.

തനിച്ചുള്ള മടക്കയാത്ര. യേശുവിന് ശരീരത്തിന്റെ പലഭാഗങ്ങളും നീറുന്നുണ്ടായിരുന്നു. പക്ഷേ മനസ്സു ശാന്തം. ആകെയൊരു മൂടല്‍ കൊണ്ടുണ്ടായ ശാന്തതയെന്ന് യേശുവിനു തോന്നി. പിഴവ് എന്താണെന്നു ചിന്തിക്കാന്‍ തുടങ്ങിയതായിരുന്നു യേശു.
‘ഹലോ’, പിറകില്‍ നിന്നൊരു പതിഞ്ഞ വിളി.’വയറു നിറയെ പഞ്ചാമൃതവും വെണ്ണയും കഴിച്ചപ്പൊ കൂട്ടുകാരനെ മറന്നോ ഈശോ?’
യേശു തിരിഞ്ഞു നോക്കി. പെട്ടന്നു കണ്ണുനിറഞ്ഞുപോയതുകൊണ്ട് യേശുവിനു കൂടുതല്‍ കാണേണ്ടി വന്നില്ല. കീറിപ്പറിഞ്ഞ പട്ടുമുണ്ടും ഉത്തരീയവുമായി പൊളിഞ്ഞുപാളീസായ പീലിക്കിരീടവും ചൂടി ശരീരമാകെ രക്തക്കറയുമായി കൃഷ്ണന്‍!
‘കണ്ണാ’ കൂടുതല്‍ പറയാന്‍ യേശുവിനായില്ല.
‘പഹയന്മാര്‍’, രണ്ടു കഷണങ്ങളായ ഓടക്കുഴല്‍ കാട്ടി കൃഷ്ണന്‍ ചിരിച്ചു. വടിവാളിന്റെ വെട്ടു തടുക്കാന്‍ ഇതേ കയ്യിലുണ്ടായിരുന്നുള്ളൂ. ഇതു നന്നാക്കും വരെ ഞാനെന്തു ചെയ്യും?‘
യേശു ഏങ്ങലടിക്കാന്‍ തുടങ്ങി.’കൃഷ്ണാ, അവരവിടെ നമ്മുടെ പേരും പറഞ്ഞ് ബഹളം വയ്ക്കുകയാണ്.’
കൃഷ്ണന്‍ കയ്യടിച്ച് പൊട്ടിച്ചിരിച്ചു: ‘ബഹളമല്ലേ ഉള്ളൂ ഈശോ? ഞാന്‍ പോയ മസ്ജിദില്‍ ആളുകള്‍ എന്റെ പേരില്‍ ജയ് വിളിച്ച് ബോംബുകളാ കൊണ്ടുചെന്നിട്ടത്. ബോംബ്! താന്‍ കണ്ടിട്ടുണ്ടോ ബോംബ്? മസ്ജിദിലെ ബോംബും കൊണ്ടുവന്ന ബോംബും ചേര്‍ന്നു പൊട്ടിയപ്പോള്‍ എത്രപേരു തീര്‍ന്നെന്നു കണക്കാക്കാനായില്ല. എന്റെ പേരില്‍ ഹുങ്കാരം മുഴക്കി എന്നെത്തന്നെ വെട്ടുക‘. ചിരി നിറുത്തി കൃഷ്ണന്‍ പിറുപിറുത്തു-‘ നാളെ നമ്മുടെ സെറ്റില്‍ പുതിയ ആളുകള്‍ വരുമ്പോഴറിയാം ഇന്നെത്രപേരു തീര്‍ന്നെന്ന്’.
പിന്നെ കൃഷ്ണന്‍ സാവധാനം യേശുവിനു സമീപം ചെന്നു. ചുണ്ടത്ത് ഇറ്റി നിന്ന ചോര തുപ്പിക്കളഞ്ഞ് കൃഷ്ണന്‍ പതിയെ യേശുവിന്റെ മുഖത്തു കൈ ചേര്‍ത്ത് കണ്ണീര്‍ തുടച്ചു കളഞ്ഞു.
‘ഈശോ’,- കൃഷ്ണന്‍ പതിയെ പറഞ്ഞു.’എല്ലാം നന്നാവാന്‍ നമ്മളെല്ലാം സഹിച്ചും ക്ഷമിച്ചും ജീവന്‍ കൊടുത്തും ശ്രമിച്ചു. എന്താവാന്‍? കരഞ്ഞിട്ടു കാര്യമില്ല ഈശോ. നമ്മള്‍ ഒന്നാണെന്ന് എത്ര പറഞ്ഞിട്ടും കാര്യമില്ല. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കും. അല്ലാ‍ത്തവര്‍-
കൃഷ്ണന്‍ പാതിയില്‍ നിര്‍ത്തി. പിന്നെ യേശുവിന്റെ തോളത്തു കയ്യിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മധുരശബ്ദത്തില്‍ പറഞ്ഞു.
‘വേഗം നടക്കാം ഈശോ. നൊയ്മ്പ് മുറിക്കും മുമ്പ് നമ്മുടെ ആള്‍ക്കാരുടെയടുത്ത് മടങ്ങിയെത്തണം. അല്ലെങ്കില്‍ ആ ഗണപതിപ്പഹയന്‍ എല്ലാം തിന്നു തീര്‍ക്കും. ലെറ്റസ് മൂവ്...'


************* ******************* *********************

Wednesday, September 30, 2009

ആഘോഷം


ഞാനും കബീറും. കൂട്ടെന്നു പറഞ്ഞാല്‍ ഞങ്ങളുടേതാണ്. പത്തുവരെ പഠിച്ചതും പ്ലസ് ടു തോറ്റതും ഒരുമിച്ചാണ്. പിന്നെ കബീറു കാരണമാണ് ഞാന്‍ തോറ്റതെന്ന് എന്റെ വീട്ടുകാരും ഞാന്‍ കാരണമാണ് കബീറു തോറ്റതെന്ന് അവന്റെ വീട്ടുകാരും പറഞ്ഞ് ഞങ്ങള്‍ക്ക് പരസ്പരം വീടുകളില്‍ പോവാന്‍ പറ്റാതായിരുന്നു. അവന്‍ ചേര്‍ത്തലെ പോയി പഠിച്ചും ഞാന്‍ തുറവൂരെ മാസ്റ്റേഴ്സ് കോളേജില്‍ പോയി പഠിച്ചും ഒരു കണക്കിനു പ്ലസ് ടു പാസായി. എനിക്കിനി ഒന്നുകില്‍ ചേട്ടന്റെ കൂടെ ചിട്ടിക്കമ്പനിയില്‍ പോകേണ്ടി വരും. അല്ലെങ്കില്‍ അളിയന്റെ കൂടെ സിമന്റു കടയില്‍. അവന്‍ ആഗസ്റ്റില്‍ തന്റെ വാപ്പച്ചിയുടെ കൂടെ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോഴാണ് പ്ലസ് ടു പാസായതിനു ചെലവു ചെയ്യാന്‍ എല്ലാവരും പറയുന്നത്. സുനീറിന്റെ വീട്ടിലാണെങ്കില്‍ രണ്ടു ദിവസത്തേയ്ക്ക് ആരുമില്ല. അങ്ങു പോന്നേരേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങളങ്ങു സമ്മതിച്ചു. കുപ്പി കബീറിന്റെ വക. തീറ്റ ഞാന്‍. സിഗരറ്റും സോഡയും വേറെ അനാമത്തും ഒക്കെ ഗിരി നോക്കും. പിന്നെ സുനി കാണും. ജോബി കാണും. സുനീറും ചേര്‍ത്ത് ആറു പേര്‍.
‘ഒരു ഫുള്ളിലൊതുങ്ങൂല്ല കബീറേ’, ബൈക്കെടുക്കുമ്പോള്‍ ഗിരി പറഞ്ഞു.
‘നല്ല മൂഡാകാന്‍ ഇദു പോരേടാ?’
‘കഴിച്ചാ അവന് വാള് വെക്കണം. അദാണ് നേര്‍ച്ച.’ സുനി പറഞ്ഞു.
‘എന്റേ കാശിത്രേ ഒള്ള്. ബാക്കി നിങ്ങ നോക്ക്,’ കബീര്‍ അകത്തേയ്ക്കു വലിഞ്ഞു.

പൊറോട്ടയും ബീഫും വാങ്ങാന്‍ ഞാനും കബീറുമാണു പോയത്. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി കാത്തു നിന്നത് ആല്‍ത്തറയില്‍. ഞാന്‍ കടയില്‍ പോയി ബീഫു വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ പ്രശ്നമാണ്. വീട്ടില്‍ ഉള്ളി പോലും ഉപയോഗിക്കാറില്ല. ചേട്ടന്‍ പക്ഷേ ചേട്ടത്തിയ്ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്ന കാര്യം വീട്ടില്‍ ആരും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ചേട്ടനു കാശുണ്ടല്ലോ. ഞാനാണെങ്കില്‍ കബീറിന്റെ വീട്ടില്‍ നിന്നൊക്കെ വല്ലപ്പോഴും ഇറച്ചി കഴിച്ചു കൊതിയടക്കി. ഒരു കൊങ്കണിയായ ഞാന്‍ ആര്‍ത്തിയോടെ ഇറച്ചി തിന്നുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു അവന്റെ ഉമ്മയും ഇത്തയും. അവനാണെങ്കില്‍ എന്റെ വീട്ടിലെ മധുരപലഹാരങ്ങള്‍ ജീവനായിരുന്നു. ബസന്‍ ഉണ്ട, ലഡു, അമ്പലത്തിലെ ശര്‍ക്കരപ്പായസം. ആ മേത്തച്ചെറുക്കനെ നോക്കിപ്പഠിക്കെടാ, എന്ന് ചേട്ടന്‍ എന്നെ ശകാരിക്കുമായിരുന്നു. കൊത്തിക്കൊത്തിത്തിന്നാതെ കൈ നിറയെ എടുത്തു തിന്നുന്ന ശീലമായിരുന്നു കബീറിന്. ഉറച്ച ശരീരവും. ഞാനാണെങ്കിലോ, അശു.

ബീഫു വാങ്ങി മടങ്ങുമ്പോള്‍ കബീര്‍ ആഹ്ലാദത്തോടെ പറഞ്ഞു:‘ജോര്‍ജ്ജിന്റേന്ന് സൂപ്പറൊരു ബീയെഫ് കിട്ടീട്ട്ണ്ട്ടാ. പുത്തനാണ്. മലയാളികള്ടേണ്.’
ഈ കബീറിങ്ങനെയാണ്. വെള്ളമടിയില്ല. പക്ഷേ ബീയെഫെന്നു കേട്ടാല്‍ ചാകും.

സുനീറിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോബി എത്തിയിട്ടുണ്ട്. കൂടെ കടുത്തുരുത്തിയില്‍ നിന്നു വന്ന കസിനുമുണ്ട്, ഒരു ജിമ്മന്‍. ഒരു ഫുള്ളു പോരാതെ വരും. ഞാന്‍ മനസ്സില്‍ പറഞ്ഞു.
കറണ്ടില്ലായിരുന്നു. കബീറിനു നിരാശയായി.
‘ഗിരിയെന്താടാ എത്താത്തെ? ബീവറേജി ക്യൂവൊന്നുവില്ലല്ലാ, ഒരു മിസ്സടിയെടാ’.
സുനീര്‍ ഗിരിയുടെ മൊബൈലിലേയ്ക്ക് ഒരു മിസ് കോളു ചെയ്തു.
‘നിങ്ങ എവ്ടെ കെടക്കണേണ്? ‘ കോള് വന്നപ്പോള്‍ സുനീര്‍ ദേഷ്യപ്പെട്ടു. പിന്നെ രണ്ടുമൂന്നു തെറികള്‍ പറഞ്ഞ് ഫോണും കൊണ്ട് പുറത്തേയ്ക്കു പോയി.
‘അവര് അരൂരു പോയേക്കണേണ്,’ ജോബി പറഞ്ഞു.’ ഇവ്ട്ത്തെ ബീവറേജി ക്യൂ നിക്കാന്‍ നാണാണേ...’
‘ഡാ എരമല്ലൂര് പോലീസ് ചെക്കിങ്ണ്ട്ന്ന്. ലെയ് സെന്‍സ് എട്ത്തിട്ടില്ലാന്ന് പന്നികള്,’ സുനീര്‍ മടങ്ങിവന്നു പറഞ്ഞു.
‘പണ്ടാരം കര്‍ണ്ടും പോയല്ലാ, അല്ലാര്ന്നേ..’

ഞാന്‍ പതിയെ ഭക്ഷണപ്പൊതികളുമായി അടുക്കളയിലേയ്ക്കു പോയി.പ്ലേയ്റ്റുകളെടുത്തു. പത്തു ബീഫ് ഫ്രൈ. എന്റെ വായില്‍ വെള്ളമൂറി. നാശം പിടിച്ച ഹോട്ടലുകാരന്‍ കടുംകെട്ടാണ് പ്ലാസ്റ്റിക് കവറിനിട്ടിരിക്കുന്നത്. ഞാനതങ്ങു കടിച്ചുപൊട്ടിച്ചു.

പുറത്തു ബൈക്കുവന്ന ശബ്ദം കേട്ടു. ഗിരിയായിരിക്കും. മൂന്നു പ്ലേയ്റ്റിലാകി ഞാന്‍ ബീഫ് ഫ്രൈ ഒതുക്കി. കവറില്‍ അല്പമെടുത്തു പൊതിഞ്ഞ് പാന്റിന്റെ പോക്കറ്റിലുമിട്ടു; അവസാനം എനിക്കു മാത്രം തിന്നാന്‍.
പൊറോട്ടയും നിരത്തി ഞാന്‍ മുന്‍വശത്തെ മുറിയിലേയ്ക്കു ചെല്ലുമ്പോള്‍ ഗിരി പോലീസിനെ വെട്ടിച്ച കാര്യവും കബീര്‍ ബീയെഫിന്റെ കാര്യവും പറയുകയാണ്.

‘ദൈവമേ,’ എന്നെ കണ്ടപ്പോള്‍ സുനി തലയില്‍ കൈവച്ചു. ‘ഈ കൊങ്ങിണി ബീഫെന്നു കേട്ടാല്‍ ചാകും’.
‘ഈ മേത്തന്‍ ബീയെഫെന്നു കേട്ടാ ചാകും.’ ഗിരി പൂരിപ്പിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
‘നീ പെണ്ണെന്നു പറഞ്ഞാ ചാകും.’ കബീര്‍ പറഞ്ഞു.
‘ശരിയാ. പെണ്ണ്ങ്ങള് ഞാനെന്നു പറഞ്ഞാലും ചാകും,’ ഗിരി ഷര്‍ട്ടിന്റെ രണ്ടു ബട്ടണ്‍ വിടര്‍ത്തി കോളര്‍ മുകളിലേയ്ക്കു വലിച്ച് പിറകോട്ടു ചാരി.
‘നിന്റെ കയ്യിലെ ലേയ്റ്റസ്റ്റ് ആരാടാ?’
‘അദക്കെ ഇണ്ട്ഡാ, ഞാനൊന്ന് വേണോന്ന് വിചാരിച്ചാ അദ് നടന്നിരിക്കും.’
എല്ലാവരും ആരാധനയോടെ അല്പസമയം ഗിരിയെ നോക്കി ഇരുന്നുപോയി.
‘എന്നാപ്പിന്നെ തൊടങ്ങാം’ എന്നു ജോബി ചോദിച്ചതും കറണ്ടു വന്നു. കബീര്‍ സീഡിയും കൊണ്ടു ചാടിയെഴുന്നേറ്റു. ജോബിയുടെ കസിന്‍ കുപ്പി തുറന്ന് ഒഴിക്കാന്‍ തുടങ്ങി. സുനീറും ജോബിയും സിഗരറ്റു വലിയ്ക്കാന്‍ പുറത്തേയ്ക്കു പോയി. കുറവു വന്ന ഗ്ലാസെടുക്കാന്‍ ഞാന്‍ അടുക്കളയിലേയ്ക്കു പോയപ്പോള്‍ സീഡിയില്‍ നിന്നു പാട്ടു കേള്‍ക്കാന്‍ തുടങ്ങി. കോല്‍ക്കുഴല്‍ വിളി കേട്ടോ.... രാധേ..

രണ്ടു കഷണം ബീഫു വായിലേയ്ക്കു തള്ളി ഗ്ലാസു കഴുകാന്‍ തുടങ്ങുമ്പോള്‍ ‘ എടാ പന്നീ’ എന്ന ഗിരിയുടെ അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പൈപ്പു ശരിയായി അടയ്ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ മുന്നിലെ മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ കബീറിനെ നിലത്തു കിടത്തി കഴുത്തില്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുകയാണ് ഗിരി. സുനിയും ജോബിയുടെ ജിമ്മന്‍ കസിനും ഗിരിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

പുറത്തുനിന്ന് സുനീറും ജോബിയും ഓടി വന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മാറി നിന്നു. തടിയന്മാരുടെ ഇടയില്‍ ഞാനെന്തു ചെയ്യാനാണ്?

ഒരു തരത്തില്‍ എല്ലാവരും ചേര്‍ന്ന് ഗിരിയെ പിടിച്ചു മാറ്റി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ടിവിയിലെ ബിയെഫിലുള്ളത് ഗിരിയുടെ പെങ്ങള്‍ അശ്വതിയാണ്. പക്ഷേ കൂടുതല്‍ കാണാന്‍ പറ്റിയില്ല. ജോബി ചാടിക്കയറി ഓഫു ചെയ്തു കളഞ്ഞു. കബീര്‍ കമഴ്നൂകിടന്നു ഞരങ്ങുന്നുണ്ടായിരുന്നു. വിയര്‍ത്തുകുളിച്ച ഗിരി ജോബിയുടെ കയ്യില്‍ നിന്നു സീഡി വാങ്ങി തറയിലേയ്ക്ക് ഒറ്റയടി. പിന്നെ എഴുന്നേറ്റ് കബീറിന്റെ ചന്തിയില്‍ ചെറുതായൊന്നു തൊഴിച്ച് പുറത്തേയ്ക്കിറങ്ങി.
‘നിന്നെ കണ്ടോളാടാ,’ ബൈക്കു സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗിരി പറഞ്ഞു.
ഒന്നും മിണ്ടാതെ ജോബിയും കസിനും പോയി.
രണ്ടാമത്തെ സിഗരറ്റു കൊളുത്തി സുനീര്‍ പട്ടിക്കൂടിനടുത്തേയ്ക്കു നടന്നു..
‘ഞാനൊന്നുമറിഞ്ഞില്ലെടാ,’ കബീര്‍ കരഞ്ഞു. ‘ഞാന്‍ മനപ്പൂര്‍വ്വം നാറ്റിച്ചെന്നാണവന്റെ ധാരണ‘.
ബീഫും പൊറോട്ടയുമൊക്കെ ചിതറിക്കിടന്നിരുന്നു.അതെല്ലാമൊന്നു വൃത്തിയാക്കി ഒന്നും പറയാതെ സൈക്കിളെടുത്ത് ഞാനുമിറങ്ങി. പാന്റിന്റെ പോക്കറ്റില്‍ ബീഫുണ്ട്. ദേശതോടുപാലത്തിലെത്തിയപ്പോള്‍ ഞാനതു വെള്ളത്തിലേയ്ക്കു വലിച്ചെറിഞ്ഞു.

നോക്കണേ, സംഭവമിപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ. ശാഖയ്ക്കു മുന്‍പില്‍ ഗിരിയുടെ ബൈക്ക്. മതിലിനടുത്തു നിന്ന് പനിക്കൂര്‍ക്കയുടെ രണ്ടുമൂന്നിലകളെടുത്തു തിരുമ്മി ബീഫിന്റെ മണം മാറ്റി ഞാന്‍ ശാഖയിലേയ്ക്കു ചെന്നു.
ഫാന്‍ ഏറ്റവും വേഗത്തിലിട്ട്, ഷര്‍ട്ടൂരി, ഗിരി ചുവരില്‍ ചാരിയിരിക്കുകയായിരുന്നു. സുനിയെക്കൂടാതെ വളമംഗലത്തുള്ള നാലഞ്ചു വാലപ്പിള്ളേരുമുണ്ടായിരുന്നു.
‘അഭി അറിഞ്ഞു കാണുമല്ലോ കാര്യങ്ങള്‍,’ സുരേന്ദ്രന്‍ ചേട്ടന്‍ എന്നോടു ചോദിച്ചു.
‘ഞാനുമുണ്ടായിരുന്നു.’
‘ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,’ സുരേന്ദ്രന്‍ ചേട്ടന്‍ തുടങ്ങി.’ ഹൈന്ദവ സമൂഹത്തെ ഇല്ലാതാക്കാന്‍ നമ്മുടെ സഹോദരിമാരെ വഴിതെറ്റിക്കുന്നതാണ് എളുപ്പവഴിയെന്ന് അവര്‍ക്കു പണ്ടേയറിയാം. പണ്ട് എത്രയെത്ര ഭാരതസ്ത്രീകളാണ് ഇവരില്‍ നിന്നു രക്ഷകിട്ടാന്‍ അഗ്നിപ്രവേശംനടത്തിയിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ ലൌ ജിഹാദ് എന്നൊരു സംഘടന തന്നെയുണ്ട്. ഈ വര്‍ഷം മാത്രം രണ്ടായിരത്തോളം പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നു കാണാതായിരിക്കുന്നത്. എല്ലാം ഈ ലൌജിഹാദുകാര്‍ കള്ളപ്രേമത്തില്‍ കുടുക്കി ബാംഗളൂരിലും ഹൈദരാബാദിലുമൊക്കെ കൊണ്ടുപോയി മതം മാറ്റി നശിപ്പിക്കുന്നതാണ്. വീട്ടമ്മമാരെപ്പോലും ഇവര്‍ വെറുതെ വിടില്ല, അറിയാമോ-‘
‘സുരച്ചേട്ടാ ഇപ്പ എന്താണ് ചെയ്യണ്ടതെന്ന് പറ.’ ഗിരി അക്ഷമനായി.
‘അടിക്കാം’, ഉടനായിരുന്നു മറുപടി.
‘എങ്ങനെ അടിക്കും?’ സുനിക്കു സംശയമായി.
‘എന്താ ഭയമാണോ?
‘അതല്ല, അവര്ടെ ഏരിയേല് എന്‍ ഡി എഫ് കാര്ക്കെ ഒണ്ടേ’.
‘വടിവാള്ക്കെ ഒണ്ട് അവര്ടട്ത്ത്’, ഒരു വാലച്ചെറുക്കന്‍ സുനിയെ പിന്താങ്ങി.
‘വടിവാളെത്ര വേണം നിങ്ങക്ക്, പറ’, സുരേന്ദ്രന്‍ ചേട്ടന്‍ ആവേശം കൊണ്ടു.’ ഗിരീ നിന്റെ മൊബൈല് തന്നേ. നിങ്ങക്ക് പേടിയാണെങ്കി പെരുമ്പളത്ത്ന്ന് ആളെ ഞാന്‍ കൊണ്ടുവരാം’. എനിക്കു നന്നായി ഭയം തോന്നി. കബീറിനെ കൊല്ലുമോ? എന്റെ മനസ്സിലെ ഭയം മുഖത്തു പ്രതിഫലിച്ചു കാണും, സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു: ‘അഭീ, നിങ്ങളു സമ്പാറും പരിപ്പും കൂട്ടി നടന്നാലിങ്ങനെ പേടിത്തൊണ്ടന്മാരായി പോവുകയേ ഉള്ളൂ. ദാ ഈ സനീഷിനേം വിജീഷിനേം ഒക്കെ നോക്ക്, ബോഡി കണ്ടില്ലേ, സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടൊണ്ട്, ഇനി ഭാരതീയര്‍ മാംസം കഴിച്ച് കരുത്തരാവണമെന്ന്-‘

ഞാന്‍ വീട്ടില്‍ ചെന്ന് ഒറ്റക്കിടപ്പ്. രാത്രി ഊണു കഴിച്ചെന്നു വരുത്തി വീണ്ടും കിടന്നു. രാവിലെയല്ലേ രസം- അമ്പലക്കുളത്തിന്റെ മതിലിലും കവലയിലും മാര്‍ജിന്‍ ഫ്രീയുടെ ചുവരിലുമൊക്കെ നിറയെ പോസ്റ്ററുകള്‍-‘ഹിന്ദുയുവതികളുടെ മാനം ദേശത്തിന്റെ മാനം, ലൌ ജിഹാദുകാരെ അറസ്റ്റു ചെയ്യുക, ഇസ്ലാം ഇന്ത്യയ്ക്കാപത്ത്’ എന്നൊക്കെ അനേകം.

വിനാശകാലേ വിപരീത ബുദ്ധി എന്ന് അച്ഛന്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. എനിക്കും അങ്ങനെ ഒരു കുബുദ്ധി തോന്നിപ്പോയി, കബീറിനെ ചെന്നു കാണാന്‍. സൈക്കിളെടുത്തില്ല. നന്നായെന്നു പിന്നെ തോന്നി. ചാവടിക്കവലയില്‍ ബസ്സിറങ്ങിയപ്പോഴേ എനിക്കു ചെറിയൊരു ഭയം തോന്നിയിരുന്നു. കുറെ കടകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ അവിടവിടെയായി കൂട്ടം ചേര്‍ന്നു നിന്നു ശബ്ദം താഴ്ത്തി സംസാരിക്കുന്നു. പരിസരമൊന്നു ശരിക്കു കാണാന്‍ ഞാന്‍ ഫെഡറല്‍ ബാങ്കിന്റെ എടീമ്മിനടുത്തേയ്ക്കു നീങ്ങിയതാണ്-
‘ഡാ പന്നീ, നിനക്കിത്രയ്ക്ക് ധൈര്യായോടാ’, എന്ന അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്കു പരിചയമില്ലാത്ത അഞ്ചാറു മേത്തപ്പിള്ളേര്‍ എന്റെയടുത്തേയ്ക്കു നടന്നു വരികയാണ്. ഓടണോ? എങ്ങോട്ടോടും?
ഒരുത്തന്‍ വന്ന് എന്റെ കഴുത്തിനു പിടിച്ചുയര്‍ത്തി ഇടത്തെ കൈ വളച്ചു. ‘അമ്മാ’ ഞാന്‍ അലറിക്കരഞ്ഞു. ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ, തുറവൂര്‍ സ്കൂളിലെ അറബി മാഷ് എവിടെ നിന്നോ പെട്ടന്നത്തി എന്നെ ആ മേത്തപ്പിള്ളേരുടെ ഇടയില്‍ നിന്ന് ഒരു തരത്തില്‍ പിടിച്ചുമാറ്റി പള്ളിത്തോട്ടില്‍ നിന്നു വന്ന ശ്രീമുരുകന്‍ ബസ്സിലേയ്ക്കു തള്ളിക്കയറ്റി. കിളി ഡോറടയ്ക്കും മുമ്പ് കാലിലൊരു തല്ലു കിട്ടിയതുപോലെ എനിക്കു തോന്നി. ഭയങ്കര വേദന. തല കറങ്ങി. റെയില്‍വേ ക്രോസ് എത്താറായപ്പോള്‍ കിളി തന്നെയാണു കണ്ടത്- എന്റെ കാല്‍പ്പാദം വേര്‍പെടാറായി നില്‍ക്കുന്നു!

ഞാനിപ്പോള്‍ ഐസിയുവിലൊന്നുമല്ല.റൂമിലാണ്. ഒരു ദിവസം മുഴുവന്‍ ബോധമില്ലായിരുന്നു. ഇതിനിടെ എന്നെ ആശുപത്രിയില്‍ വന്നു കാണാന്‍ ബസില്‍ കയറിയ കബീറിനെ തുറവൂരു കവലയിലിറക്കി വെട്ടിനാശമാക്കിയെന്ന് ആരോ പറയുന്നത് മയക്കത്തില്‍ ഞാന്‍ കേട്ടിരുന്നു. രക്തം ധാരാളം നഷ്ടപ്പെട്ട അവസ്ഥയില്‍ അവന്‍ ഐസിയുവിലുണ്ട്. കുറച്ചു നാളത്തേയ്ക്ക് എന്നെ കോയമ്പത്തൂര് ചിറ്റയുടെ അടുത്തേയ്ക്കയച്ചാലോ എന്ന് ചേട്ടനും അച്ഛനും ചര്‍ച്ച ചെയ്യുന്നതു കേട്ടാണു ഞാന്‍ കണ്ണു തുറന്നത്. ബീഫ്- ബീയെഫ് സംഭവമൊന്നും അച്ഛനോ ചേട്ടനോ അറിഞ്ഞു കാണില്ലെന്നു തോന്നി, അവരുടെ സ്നേഹം കണ്ടപ്പോള്‍. അമ്മ എന്റെയടുത്ത് സ്റ്റൂളിലിരുന്നു കരയുകയാണ്. എനിക്കു രസം തോന്നി. എല്ലാവരും കുറച്ചു വിഷമിക്കട്ടെ.

‘വീട്ടില്‍പ്പോകാം’, ഞാന്‍ ചേട്ടനോടു പറഞ്ഞു.’ഇവിടെ ഭയങ്കര ബില്ലാകും’.
‘ബില്ലൊക്കെ ആകട്ടെ.നീ ശരിക്കു നടക്കാറായിട്ടു മതി ഇനി-‘ അച്ഛനാണ്.
അമ്മ എനിക്ക് ഓറഞ്ചു പൊളിച്ചു തന്നു.

കണ്ണടച്ചു കിടന്ന് ഓറഞ്ചു തിന്നുമ്പോള്‍ ഞാനൊരു രസകരമായ വസ്തുത ഓര്‍ത്തു. വെട്ടുകൊണ്ട ഞാനും കബീറും കിടക്കുന്നത് ഒരേ ആശുപത്രിയില്‍. ഞങ്ങളെ നോക്കുന്നത് ഒരേ ഡോക്ടര്‍. കുത്തിവയ്ക്കുന്നത് ഒരേ നേഴ്സുമാര്‍. ഞങ്ങളുടെ ഇരുവരുടേയും അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത് അമ്മമാര്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രക്തം- എ നെഗറ്റീവ്- തന്നത് ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍. ഞങ്ങളെ രണ്ടുപേരെയും വെട്ടിയത് ഒരേ കൂട്ടര്‍- പ്രാന്തന്മാര്‍.

കാലുവേദനിക്കുന്നുണ്ടെങ്കിലും ഇതൊക്കെയോര്‍ക്കുമ്പോള്‍ രസം തോന്നുന്നു. ഇനി നടക്കാറാവും വരെ ബീഫു തിന്നാനൊരു വഴിയുമില്ലല്ലോ എന്ന സങ്കടപ്പെടുത്തുന്ന കാര്യം മറക്കാന്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുക തന്നെ ഗതി.

*** *** *** *** ***

Friday, September 18, 2009

ഒരു കണ്ണീര്‍ക്കഥ



'ഒന്ദു സന്ന ഹുഡുഗിയ കണ്ണീരിന കഥെ' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞയിടെ ഇവിടെ കന്നടപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ചുകാണാനിടയില്ലെന്നറിയാം. തന്റെ യജമാനന്റെ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ലൈംഗീകമായി ഉപയോഗിക്കപ്പെട്ട ഒരു പതിനാറുകാരിയുടെ കഥയായിരുന്നു അത്. ബി ജെ പി സര്‍ക്കാരിനെ ശരിക്കു കുത്താനായി കോണ്‍ഗ്രസ്സുകാരും ജനതാദളുകാരും ഈ വാര്‍ത്ത ഉപയോഗിച്ചിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദളിന് ഒരു സീറ്റില്‍ ജയിക്കാനും ഈ വിഷയം കാരണമായി. പക്ഷേ, പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നു വെളിച്ചത്തായപ്പോള്‍ വാര്‍ത്ത പതിയെ രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചു. മാധ്യമങ്ങളാവട്ടെ പുതിയ വാര്‍ത്തകളുടെ പിറകെയുമായി. അങ്ങനെ ഇന്ന് ആ വിഷയം തന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്.

ഈ വാര്‍ത്തയുമായി ബന്ധമൊന്നുമില്ലെങ്കിലും കഥാപാത്രമായി ഒരു വേശ്യ രംഗത്തു വരുന്ന ഒരു സംഭവം രണ്ടുദിവസം മുമ്പു നടന്നു. ഈ സംഭവം പത്രത്തിലൊന്നും വരില്ല, കാരണം എനിക്കു മാത്രമേ ഇതിനെക്കുറിച്ചറിയാവൂ. എന്നാലും എല്ലാവരും, കുറഞ്ഞപക്ഷം വേശ്യകളെങ്കിലും ഇതറിഞ്ഞിരിക്കണം എന്നതു കൊണ്ടാണ് ഞാനിതു പുറത്തു പറയുന്നത്- ഇനിയും ആര്‍ക്കും ചതിവു പറ്റരുതല്ലോ.

സ്റ്റേഷന്‍ റോഡിലെ മയൂരാ ഹോട്ടല്‍ അറിയാമല്ലോ. മാസത്തിലൊരിക്കലെങ്കിലും പോലീസ് റെയ്ഡും അറസ്റ്റും നടക്കാറുള്ളതുകൊണ്ട് മയൂരയെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലും കാണാതെ തരമില്ല. ആ ഹോട്ടലിന്റെ അക്കൌണ്ട് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലാണ്. ഹോട്ടലിന്റെ മാത്രമല്ല, അവിടത്തെ നാലഞ്ചു ജീവനക്കാരുടെ സേവിംഗ്സ്അക്കൌണ്ടും ഉണ്ട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ദീപിക എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയുടെ അക്കൌണ്ടും ഞങ്ങളുടെ അടുത്താണ്. അക്കൌണ്ട് തുടങ്ങി എട്ടു മാസമേ ആയിട്ടുള്ളൂ, മാസാമാസം ഇരുപതിനായിരം രൂപയോളം നാട്ടിലേക്കയക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന ജോലിക്ക് എന്തായിരിക്കും ശമ്പളം എന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. പിന്നെ ഇത്രയും വരുമാനം എങ്ങനെ എന്നാരെങ്കിലും ചോദിച്ചാല്‍ ടിപ്പ് കിട്ടുന്നതാണെന്ന് ഒരുപക്ഷേ പറയുമായിരിക്കും. പക്ഷേ സത്യം മറ്റതാണ്. ഞങ്ങളുടെ പ്യൂണാണ് പറഞ്ഞത്:
‘അത് സൂളെയാണ് സാറേ’.

എല്ലാവര്‍ക്കും അദ്ഭുതമായി. പക്ഷേ എനിക്കിതു നേരത്തേ തോന്നിയിരുന്നു. മുമ്പും ആന്ധ്രായില്‍ നിന്നൊരു യുവതിയുണ്ടായിരുന്നു മയൂരയില്‍. കഴിഞ്ഞവര്‍ഷം കല്യാണമുറച്ചപ്പോള്‍ രണ്ടരലക്ഷം രൂപ ഡെപ്പോസിറ്റ് ക്ലോസു ചെയ്തു പോയ ആ യുവതിയുടെ പേരു മറന്നു. പക്ഷേ പണി മറ്റതായിരുന്നു എന്നറിയാം. ഇപ്പോള്‍ കണ്‍ഫര്‍മേഷനായ അന്നത്തെ പ്രൊബേഷനറി ഓഫീസര്‍ അവളുമായി ഒന്നടുക്കാന്‍ കുറച്ചുനാള്‍ ശ്രമിച്ചതാണ്. ധൈര്യം പോരാത്തതു കൊണ്ടും എയിഡ്സ് ഭയമുള്ളതു കൊണ്ടും അന്നു കാര്യം നടന്നില്ല. ഇപ്പോള്‍ ഈ ദീപികയോട് ചെറിയ താല്പര്യമുണ്ട് അയാള്‍ക്ക്. ബാങ്കില്‍ വന്നാല്‍ ദീപിക മിക്കവാറും എന്റെയടുത്താണ് വരിക. കൂടുതല്‍ കാത്തുനിറുത്താതെ കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതുകൊണ്ടും മറ്റുമാവണം. അല്ലാതെ മറ്റൊന്നുമുണ്ടായിട്ടല്ല, കേട്ടോ, ഞാനത്തരക്കാരനൊന്നുമല്ല എന്ന്‍ എല്ലാവര്‍ക്കുമറിയാം. ഇന്റര്‍നെറ്റില്‍ നീലപ്പടങ്ങള്‍ എത്രയോ മറ്റുള്ളവര്‍ കാണുന്നു. ഞാന്‍ അങ്ങോട്ടേയ്ക്ക് എത്തിനോക്കാറുപോലുമില്ല. അതിലൊന്നും എനിക്കത്ര താല്പര്യമില്ല, അതുതന്നെ കാര്യം. ഇതൊക്കെ കാണുന്നതില്‍ എന്തു സുഖമാണുള്ളത്? വെറുതെ സമയം കളയല്‍. എന്റെ കാര്യമറിയാമോ, നന്നായി കക്കൂസില്‍ പോകുമ്പോഴാണ് എനിക്കേറ്റവും സുഖം. വളരെ നേരം മുട്ടിയിരുന്ന് അവസാനം കക്കൂസില്‍ പോവുമ്പോള്‍, സത്യം പറയാമല്ലോ, പണ്ട് സാഹിത്യവാരഫലം വായിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്നതിനെക്കാള്‍ ആനന്ദം ലഭിക്കാറുണ്ട്.

അതെന്തുമാവട്ടെ, ഞാന്‍ പറഞ്ഞു തുടങ്ങിയ കാര്യം തുടരാം.ഒരു ദിവസം ഞാന്‍ ഫോറിന്‍ എക്സ്ചേഞ്ച് സെക്ഷനില്‍ ഇരിക്കുമ്പോള്‍ ഒരു നൂറു ഡോളറിന്റെ നോട്ടുമായി ദീപിക വന്നു. മടിച്ച്, ചെറുതായി ഭയന്ന്, ചുരുട്ടി റോളാക്കിയ ആ ഡോളര്‍ നോട്ട് എന്റെ നേരെ വച്ചു നീട്ടി.
‘രൂപയായി മാറ്റിത്തരുമോ?’

ഞാന്‍ ആ നോട്ട് ഫെയ്ക് ഡിറ്റക്റ്ററില്‍ വച്ചുനോക്കി. ഒരാശ്വാസത്തിനു ചെയ്യുന്നതാണ്. ആയിരത്തിന്റെ പോലും കള്ളനോട്ട് മനസ്സിലാവാതെ പോവറുണ്ട്. പിന്നെയല്ലേ ഡോളര്‍! എന്നാലും മനപ്പൂര്‍വ്വം ആരെങ്കിലും കള്ളനോട്ടുമായി വരുന്നതു നിരുത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ഇതുപയോഗിക്കുന്നത് തുടരുന്നു എന്നുമാത്രം.

ഡോളറെടുത്ത് ഞാന്‍ ചുമ്മാ തലകുലുക്കി.
‘അയ്യോ, കള്ളനോട്ടാണോ?’ അവള്‍ ഭയന്നു.
‘ഇതെവിടുന്നു കിട്ടി? ഞാനല്പം ഗൌരവത്തോടെ ചോദിച്ചു.
‘ഇന്നലെ...’അവളൊന്നു നിറുത്തി-‘ഒരു കസ്ടമര്‍ ടിപ്പ് തന്നതാണ്.’
‘നൂറു ഡോളറോ?’ ഞാന്‍ അദ്ഭുതപ്പെട്ടു.’ടിപ്പ് തന്നെയാണോ...?’
‘അല്ല സര്‍,’ അവള്‍ നാണത്തോടെ തുടര്‍ന്നു: ‘ഒരു കസ്റ്റമര്‍ തന്നതാണ്’.
നൂറുഡോളര്‍ വാങ്ങിയിട്ട് ഞാന്‍ അയ്യായിരം രൂപ കൊടുത്തപ്പോള്‍ അവള്‍ ഹര്‍ഷോന്മാദം കൊണ്ടു ബോധം കെട്ടില്ലന്നേയുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഇത്ര പണമോ?
അവളത് അന്നുതന്നെ നാട്ടിലേക്കയച്ചു.

അതുകഴിഞ്ഞ് രണ്ടുമാസത്തോളമായി. പിന്നെ ഇടയ്ക്കിടെ എന്നോട് ചെറിയ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് ഡേറ്റഡ് ചെക്കു കൊടുത്ത് ഒരു എല്‍ സി ഡി ടിവി വാങ്ങി നാട്ടിലേയ്ക്കയച്ച കാര്യവും മറ്റും എന്നോടു പറഞ്ഞിരുന്നു. ഞങ്ങളുടെ ഓഫീസര്‍ പയ്യന്റെ കാര്യം ഞാന്‍ തമാശ മട്ടില്‍ സൂചിപ്പിച്ചപ്പോള്‍ തനിക്കു വിരോധമൊന്നുമില്ലെന്നും താന്‍ വിശ്വസിച്ച് ഇടപെടാന്‍ കൊള്ളാവുന്ന ആളാണെന്നും (രോഗങ്ങളൊന്നുമില്ലെന്ന അര്‍ഥത്തില്‍)വേണമെങ്കില്‍ എന്തെങ്കിലും കണ്‍സെഷന്‍ കൊടുക്കാമെന്നും അവള്‍ പറഞ്ഞു. അവളിങ്ങനെ പറഞ്ഞത് ഞാനാ ഓഫീസറോടു പറയാന്‍ പോയില്ല. എനിക്കീ ബാങ്കുജോലി തന്നെ ധാരാളം. എനിക്കു സൈഡു പണി വേറെയാണ് എന്ന പരാതിയും പിന്നെയുണ്ടാവും. എന്തിനാണു വെറുതേ...

അങ്ങനെയങ്ങു പോവുമ്പോഴാണ് ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞപ്പോള്‍ ബാങ്കിലേയ്ക്ക് അവളുടെ ഫോണ്‍ വരുന്നത്. കാഷ് ക്ലോസുചെയ്ത് സ്റ്റോക്കില്‍ മാനേജരുടെ ഒപ്പും വാങ്ങി അകത്തു വെയ്ക്കാനൊരുങ്ങുകയായിരുന്നു. എന്നോടു സംസാരിക്കണമെന്ന് അവള്‍ പറഞ്ഞു.
‘നാളെയെന്തോ നല്ല പ്ലാനുണ്ടല്ലോ,’ ഫോണെനിക്കു തരുമ്പോള്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച ഓഫീസര്‍ മുനവച്ചു ചോദിച്ചു.
ഞാന്‍ രൂക്ഷമായൊന്നു നോക്കിയപ്പോള്‍ അവന്റെ മുഖത്തെ പ്രകാശം മാഞ്ഞു. പയ്യന്‍ ജോലിത്തിരക്കുണ്ടെന്ന പോലെ എങ്ങോട്ടേയ്ക്കോ പോയി.
‘സര്‍, വീണ്ടും ഡോളര്‍ കിട്ടിയിട്ടുണ്ട്’. ദീപിക പറഞ്ഞു.’ രൂപ കിട്ടുമോ?’
‘ഉവ്വല്ലോ, എത്രയുണ്ട്?’
‘പതിനായിരം സര്‍, പതിനായിരം.. എനിക്കെത്ര കിട്ടും സര്‍?’
പതിനായിരം ഡോളറോ! എനിക്കു ചെറിയ ഞെട്ടലും വലിയ അദ്ഭുതവും തോന്നി. ഞങ്ങളുടെ ഈ ചെറിയ ശാഖയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഇത്രയും കൂടുതല്‍ വിദേശകറന്‍സി വ്യാപാരം ഒറ്റയടിക്കു നടക്കുന്നത്. പതിനായിരം ഗുണം അന്‍പത് സമം അഞ്ചു ലക്ഷം. ഇതില്‍ ഒരു നാലുലക്ഷം അവള്‍ ഡെപ്പോസിറ്റു ചെയ്താല്‍, ഞാന്‍ കാന്‍വാസ് ചെയ്തതെന്നു രേഖപ്പെടുത്തിയാല്‍ അടുത്ത പ്രൊമോഷന്‍ സമയത്ത് എനിക്കൊരു സഹായമായിരിക്കും.
‘മിസ് ദീപിക, നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ചുലക്ഷം രൂപ കിട്ടും...’
‘സര്‍ സര്‍ സത്യമാണോ? സത്യമാണോ? ഞാനങ്ങോട്ടു വരട്ടേ? ഇപ്പോള്‍ എനിക്കൊരു ഇരുപതിനായിരം തരാമോ? അല്ല, ഒരു നാല്‍പ്പതു തരാമോ? ബാക്കി എന്റെ പാസ്ബുക്കില്‍ കിടക്കട്ടെ.’ ആവേശം കൊണ്ട് അവളുടെ ശബ്ദം ഇടറി. ചോദിച്ചതു തന്നെ വീണ്ടും വീണ്ടും ചോദിച്ചു.
‘അയ്യോ ക്ഷമിക്കൂ ദീപിക. ഇന്നു ശനിയാഴ്ചയല്ലേ, പന്ത്രണ്ടരയ്ക്ക് കാശെല്ലാമെടുത്ത് അകത്തു വച്ചില്ലേ? ഇനി തിങ്കളാഴ്ച.’
‘അയ്യോ സര്‍ എന്തു ചെയ്യും ഞാന്‍? എന്റെ ചേച്ചിയുടെ കല്യാണമാണ്. ഡ്രസ്സെടുക്കാന്‍ നാട്ടില്‍ നിന്ന് അനുജന്‍ വന്നിട്ടുണ്ട്. എന്റെ കയ്യിലാകെ നാലായിരം രൂപയേ കാണൂ. സാര്‍ ഒന്നു ശ്രമിച്ചാല്‍..’
ഞാനെന്തു ചെയ്യും. എല്ലാവരും പോവാനുള്ള തിരക്കിലാണ്. അവള്‍ എവിടെ നിന്നാണ് വിളിക്കുന്നതെന്നറിയില്ല.ഇനി അവള്‍ വന്ന് ഡോളര്‍ മാറി രൂപയാക്കി... എപ്പോഴാണ്..?
അവള്‍ വീണ്ടും എന്നെ നിര്‍ബന്ധിച്ചു. എനിക്കെന്തു ചെയ്യാന്‍ കഴിയും? വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങാനും പണത്തിനു പകരം ചെക്കു കൊടുക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മാര്‍വാഡികള്‍ ചെക്കു വാങ്ങിയും സാധനങ്ങള്‍ കൊടുക്കും. കൃത്യമായ വിലാസം കൊടുക്കണമെന്നു മാത്രം. ചെക്കു മടങ്ങിയാല്‍ പൈസ ഈടാക്കാന്‍ അവര്‍ക്കറിയാം.
പണത്തിനു പകരം ചെക്കു കൊടുത്താല്‍ മതിയല്ലോ എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവള്‍ക്ക് തല്‍ക്കാലം ആശ്വാസമായി. തിങ്കളാഴ്ച വരാം എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. ഡോളറിന്റെ കാര്യം ഞാനാരോടും പറഞ്ഞില്ല. എന്തു കൊണ്ടോ എനിക്കൊരു വിശ്വാസക്കുറവുപോലെ തോന്നി. പതിനായിരം ഡോളര്‍ ആരെങ്കിലും സഹശയനത്തിനു കൊടുക്കുമോ?

യാദൃശ്ചികമായി ഞായറാഴ്ച വൈകീട്ട് ഞാന്‍ ദീപികയെ കണ്ടു. എന്റെയൊരു സുഹൃത്തിനെ യാത്രയാക്കാന്‍ ബസ്`സ്റ്റാന്റില്‍ പോയതായിരുന്നു. ചിരിച്ചുകൊണ്ട് അവള്‍ അടുത്തേയ്ക്കു വന്നു. അവള്‍ അനുജനെ യാത്രയാക്കാന്‍ വന്നതാണ്. ഇരുപതിനായിരം രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയത്രേ. ചെക്കാണ് കൊടുത്തത്.
‘അവന് ഗള്‍ഫില്‍ പോവാനും പറ്റും സര്‍. അടുത്തയാഴ്ച ഞാന്‍ ഒരുലക്ഷം രൂപ കൊടുത്തയയ്ക്കും. പിന്നെ, ചേച്ചിയുടെ കല്ല്യാണം പൊടിപൊടിയ്ക്കും.’
നിങ്ങളുടെ കല്യാണത്തിനും പണം ബാക്കിവെക്കാന്‍ മറക്കരുത് കേട്ടോ. ഞാന്‍ തമാശ പറഞ്ഞു.
അവള്‍ നാണമഭിനയിച്ചു തല കുനിച്ചു. അവളുടെ സന്തോഷം എന്തുമാത്രമായിരുന്നെന്നോ! എനിക്കും സന്തോഷം തോന്നി. താന്‍ ഈ ചീത്ത ജീവിതം നിറുത്തുകയാണെന്നും ഒന്നുരണ്ടാഴ്ചയ്ക്കകം ചേച്ചിയുടെ കല്യാണത്തിനു പോവുകയാണെന്ന വ്യാജേന നാട്ടിലേയ്ക്കു പോവുകയാണെന്നും പിന്നെയൊരു മടക്കമില്ലെന്നും പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നല്ല തിരക്കായിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ ബദ്ധപ്പെട്ട് ‘സര്‍ സര്‍‘ എന്നു വിളിച്ച് കൌണ്ടറില്‍ നില്‍ക്കുകയാണ് ദീപിക. മുഖത്താകെ പരിഭ്രമം. എനിക്കു ഭയമായി. ആ ഡോളര്‍ നോട്ടുകളെങ്ങാനും നഷ്ടപ്പെട്ടുകാണുമോ? ജോലിയൊതുക്കി ഞാന്‍ വേഗം തന്നെ പുറത്തേയ്ക്കു ചെന്നു.
‘സര്‍ രൂപ കിട്ടില്ലെന്ന് ആ സാറു പറയുന്നു’ അവള്‍ ഫോറിന്‍ എക്സ്ചേഞ്ചിലേക്കു കൈ ചൂണ്ടി കരയാന്‍ തുടങ്ങി.
‘‘ഞാനൊന്നു നോക്കട്ടെ‘, എനിക്കു ദേഷ്യം വന്നു. ആറുമാസത്തേയ്ക്കുള്ള താല്‍ക്കാലിക ജീവനക്കാരനാണ്. ഡോളര്‍ റേറ്റൊന്നും അറിയില്ലായിരിക്കാം. കസ്റ്റമറെ ഇങ്ങനെ ഭയപ്പെടുത്താമോ?
‘എന്താണു മഞ്ജുനാഥ് ഇവരുടെ ഡോളറിനു പ്രശ്നം?
‘സര്‍ ഇതു ലിറയാണ്. ഇറ്റലീലെ പഴയ കറന്‍സി. ഡോളറല്ല. പറഞ്ഞിട്ട് ഇവരു സമ്മതിക്കണില്ല.’ ഒരു ഫോറിന്‍ കറന്‍സി എന്റെ നേര്‍ക്കു നീട്ടി അവന്‍ പറഞ്ഞു.

ഒ! കഷ്ടം. പതിനായിരത്തിന്റെ ഒരു ഇറ്റാലിയന്‍ ലിറ. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുമ്മാ അവളെ നോക്കി. അവള്‍ക്ക് കൂടുതല്‍ ഭയമായി. എന്തോ അപകടം സംഭവിച്ചുവെന്ന് മനസ്സിലായി. ഞാന്‍ അവളെ വിളിച്ചു മാറ്റി നിറുത്തി ശബ്ദം താഴ്ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്നു ഡോളര്‍ കൊടുത്ത ആളു തന്നെയാണ് ഈ ലിറയും കൊടുത്തത്. ഇത്തവണ- അവളാദ്യമായി- ഒരു നീലച്ചിത്രത്തിലെ അഭിനേത്രിയുമായത്രെ! ഇനി ഞാനെന്തു പറയും?

ഞാന്‍ വിചാരിച്ചാല്‍ രൂപ കിട്ടുമെന്നാണ് ഇപ്പോഴും അവളുടെ ധാരണ. ഞാനാ നോട്ട് അറിയാതെ മണത്തു. നല്ല സുഗന്ധം. പിന്നെ എങ്ങനെയോ പറഞ്ഞു:
‘ഇതു ഡോളറല്ല. ലിറ എന്നു പറയും. ഡോളര്‍ അമേരിക്കയിലെ പണമാണ്. ഇത് ഇറ്റലി എന്ന രാജ്യത്ത് പണ്ടുണ്ടായിരുന്ന കറന്‍സിയാണ്. ഇപ്പോള്‍ ആരുമെടുക്കില്ല.‘
‘സര്‍ എനിക്ക് അല്പമെങ്കിലും.. അന്‍പതിനായിരം എങ്കിലും... എന്റെ അനിയന് ഗള്‍ഫില്‍.. എന്റെ ചെക്ക് പാസാവാന്‍.. മാര്‍വാഡികള്‍ അല്ലെങ്കില്‍ എന്നെ...’
അവള്‍ വിങ്ങിപ്പൊട്ടലിന്റെ വക്കത്തായി. നീയായി നിന്റെ പാടായി എന്നു പറഞ്ഞ് തിരിഞ്ഞുനടക്കാന്‍ എനിക്കായില്ല. സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ക്കു തെറ്റിയതാണ്. ഡോളറാണെന്നു തെറ്റിദ്ധരിച്ച് നിങ്ങള്‍ എന്നോടു പറഞ്ഞു. എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?’
‘സര്‍ ലക്ഷങ്ങളുടെ കാര്യം പറഞ്ഞിട്ട്...’ അവള്‍ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ സാധനങ്ങളെല്ലാം വാങ്ങി ചെക്കു കൊടുത്തിട്ട്... ഇനി എന്തു ചെയ്യും സര്‍? മാര്‍വാഡികള്‍ എന്നെ..’ അവള്‍ പെട്ടന്ന് മുട്ടുകുത്തിയിരുന്നുപോയി.

ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. നേരത്തേ ഞാന്‍ സൂചിപ്പിച്ച ഓഫീസര്‍ മാനേജരുടെ അടുത്തേയ്ക്കു പായുന്നതു ഞാന്‍ കണ്‍കോണിലൂടെ കണ്ടു. അവളോടു തോന്നിയ സഹതാപമെല്ലാം മാറ്റിവച്ച് ഞാന്‍ ഒന്നും പറയാതെ എന്റെ സീറ്റിലേയ്ക്കു പോയി. മാനേജരെന്തെങ്കിലും ചോദിക്കുമോ എന്ന ആശങ്കയായിരുന്നു എനിയ്ക്ക്. തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാലും..
പുരോഗമനവാദിയാണ് വ്യതസ്തനാണ് എന്നൊക്കെ കാണിക്കാന്‍ ഇത്തരം ആളുകളുമായിട്ടൊക്കെ സാധാരണമട്ടില്‍ പെരുമാറുന്ന എനിക്കു കിട്ടേണ്ടതു തന്നെയാണിത്.

പിന്നെ രണ്ടുമൂന്നു ഫോണ്‍വിളികള്‍ക്കും ചെക്കു പാസുചെയ്യലിനും ശേഷം എന്റെ മൂഡൊന്നു മാറിയപ്പോള്‍ ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി. ഭാഗ്യം. അവള്‍ പോയി. പോയതല്ല, സെക്യൂരിറ്റി പറഞ്ഞുവിട്ടതാണ്. ഞാന്‍ കരുതിയതുപോലെ ആ‍ളുകളാരും എന്നെ തുറിച്ചു നോക്കുനൊന്നുമില്ല. മറ്റേ ഓഫീസര്‍ വേറെന്തോ കാര്യത്തിനാണ് മാനേജരുടെ അടുത്തു പോയത്.

എനിക്കു നല്ല ആശ്വാസം തോന്നി. എന്നാല്‍ വല്ലാത്ത കുറ്റബോധവും. ഞാന്‍ പറഞ്ഞിട്ടല്ലേ അവള്‍ ചെക്കു കൊടുത്തത്. ഒരു ബാങ്കുദ്യോഗസ്ഥനെയല്ലേ അവള്‍ വിശ്വസിച്ചത്. അവളുടെ പക്കലുണ്ടായിരുന്നത് ഡോളര്‍ തന്നെയെന്ന് ഉറപ്പു വരുത്താതിരുന്ന ഞാന്‍ തന്നെയല്ലേ യഥാര്‍ത്ഥ കുറ്റവാളി?

ഇന്നലെ മാര്‍വാഡിയുടെ ജോലിക്കാരന്‍ അവളുടെ ചെക്കുമായി വരുന്നതും അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മടക്കിയ ചെക്കുമായി തിരികെപോവുന്നതും ഞാന്‍ കണ്ടു. പണം പിടുങ്ങാന്‍ മാര്‍വാഡിയുടെ ആള്‍ക്കാര്‍ ഇനിയെന്തൊക്കെ ചെയ്യുമായിരിക്കും?

ആ! ഞാനൊരു നെടുവീര്‍പ്പിടുന്നു. ഇങ്ങനെ എത്രയോ ആളുകള്‍ സാമ്പത്തികമായി ഉയരുന്നതും താഴുന്നതും ഞങ്ങള്‍ ബാങ്കുകാര്‍ കാണുന്നു. പണ്ടു പൂന്താനം പാടിയതുപോലെ തന്നെ. അങ്ങനത്തെ ഒരു കസ്റ്റമര്‍ കൂടി. ഞാനങ്ങനെ കരുതിയാല്‍ പോരേ? രോഗികള്‍ മരിച്ചാല്‍ ഡോക്ടര്‍മാര്‍ കരയാറുണ്ടോ? ഇല്ലല്ലോ. അതുപോലെ കസ്റ്റമര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ ഒരു ബാങ്കര്‍ സങ്കടപ്പെടാന്‍ പാടില്ല. ശരിയല്ലേ?

പക്ഷേ എല്ലാവരും, പ്രത്യേകിച്ചും വേശ്യകള്‍, അറിയേണ്ട ഒന്നുണ്ട്. അതാണ് ഞാന്‍ തുടക്കത്തില്‍ പറയാന്‍ തുടങ്ങിയത്. വേശ്യാവൃത്തി നല്ല സാമ്പത്തിക വരുമാനമുള്ള ഉപജീവനമാര്‍ഗ്ഗമാണ്. പക്ഷേ ഇതിനു തുനിഞ്ഞിറങ്ങും മുന്‍പ് ഫെറ, ഫെമ തുടങ്ങിയ ആക്റ്റുകളെക്കുറിച്ചും ഫോറിന്‍ എകചേയ്ഞ്ചിനെക്കുറിച്ചും, കുറഞ്ഞപക്ഷം വിദേശ നോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം. കാരണം ആഗോളവത്കരണത്തിന്റെ ഈ മാറിയ സാഹചര്യത്തില്‍ അറിവ് എന്നത് എല്ലാവര്‍ക്കും കൂടിയേ തീരൂ.
( ഈ സംഭവം ഒരു കൌതുകവാര്‍ത്ത പോലെ ഒരു കന്നടപ്പത്രത്തില്‍ കൊടുത്താലോ എന്ന ആലോചനയുണ്ട്. ഭാഷ അത്ര വശമില്ലെങ്കിലും ഒപ്പിച്ചങ്ങെഴുതാം. ശീര്‍ഷകം ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു: ഒന്ദു ആന്ധ്രാവേശ്യാള കണ്ണീരിന കഥെ.)