Sunday, May 29, 2022

അക്കൗണ്ട് മാറി അയച്ച പണം തിരികെ കിട്ടുമോ?

 


അത്യാവശ്യമായി കുറച്ചു തുക സഹോദരിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ പോയതാണു ലതിക. മകൻ പറഞ്ഞുതന്നപ്പോഴാണോ താൻ എഴുതിയപ്പോഴാണോ എന്ന കാര്യം ലതികയ്ക്ക് നിശ്ചയമില്ല, നെഫ്റ്റ് അയക്കാനുള്ള ഫോമിൽ എഴുതിക്കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റി എന്നതു വാസ്തവം.  

തിരിച്ചെടുക്കൽ എളുപ്പമല്ല 

സഹോദരിയുടെ അക്കൗണ്ടിലേക്കു പോവുന്നതിനു പകരം മറ്റൊരാളുടെ അക്കൗണ്ടിലാണ് തുക ക്രെഡിറ്റായത്. അപ്പോഴേക്കും ലതികയും മകനും വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. തെറ്റി അയച്ച തുക തിരിച്ചെടുത്ത് ശരിക്കും അയക്കേണ്ട അക്കൗണ്ടിലേക്ക് അയക്കാമോ എന്നു ചോദിച്ച് ബാങ്കിലേക്കു വിളിച്ചപ്പോഴാണ് ലതിക ശരിക്കും വിരണ്ടുപോയത്. അങ്ങനെ തിരിച്ചെടുക്കണമെങ്കിൽ തുക ക്രെഡിറ്റായ അക്കൗണ്ട് ഉടമയുടെ സമ്മതം വേണമത്രെ! 

ഒന്നും രണ്ടുമല്ല, നാൽപ്പതിനായിരം രൂപയാണ് തെറ്റി അയച്ചുപോയത്.തെറ്റിക്കിട്ടിയ ആൾ സമ്മതിച്ചില്ലെങ്കിൽ തന്റെ പണം നഷ്ടപ്പെടുമോ എന്നോർത്ത് ലതികയ്ക്ക് ആധിയായി. 

എന്താണ് റിസർവ് ബാങ്ക് പറയുന്നത്? 

അക്കൗണ്ടു മാറി നിക്ഷേപിക്കപ്പെട്ട തുക തിരിച്ചെടുക്കാൻ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം കൂടിയേ തീരൂ എന്നാണ് റിസർവ് ബാങ്ക് നിയമങ്ങൾ അനുശാസിക്കുന്നത്. രണ്ടു വ്യക്തികൾ തമ്മിലുള്ള ഇടപാട് നടത്തിക്കൊടുക്കുന്ന  ഇടനിലക്കാർ മാത്രമാണ് ബാങ്കുകൾ എന്നതിനാൽ തെറ്റി ക്രെഡിറ്റായ തുകയാണെങ്കിൽ പോലും അക്കൗണ്ട് ഉടമയുടെ സമ്മതം കൂടാതെ തിരിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ല.

ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കുകാർ അക്കൗണ്ട് നമ്പരും പേരും ഒത്തുനോക്കില്ലേ

സ്വന്തം ബാങ്കിലെ അക്കൗണ്ടുകളിലേക്കു നടത്തുന്ന ഇടപാടുകളിൽ മാത്രമാണ് ബാങ്കുകാർക്ക് പേരും അക്കൗണ്ട് നമ്പരും ഒത്തുനോക്കാൻ സാധിക്കുന്നത്. മറ്റു ബാങ്കുകളിലെ അക്കൗണ്ടിലെ പേരും വിലാസവുമൊന്നും ഒരു ബാങ്കിനും ആധികാരികമായി ലഭ്യമല്ല. അതുകൊണ്ടുതന്നെ, ഇടപാടു നടത്തുന്നയാൾ നൽകുന്ന അക്കൗണ്ട് നമ്പറിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും തുക വരവുവെക്കുന്നത്. 

തെറ്റി അയച്ച തുക തിരികെ ലഭിക്കാൻ എന്താ ചെയ്യേണ്ടത്

തെറ്റി ലഭിച്ചയാൾ പണം പിൻവലിക്കുന്നില്ല എന്നുറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതുകൊണ്ട്, ഫണ്ട് തെറ്റി അയച്ച വിവരം എത്രയും വേഗം നമ്മുടെ ബാങ്കിനെ അറിയിക്കുക. ഫണ്ട് പോയ ബാങ്കിലേക്ക് നമുക്ക് നേരിട്ടു ബന്ധപ്പെടാനാവില്ല എന്നതിനാൽ  നമ്മുടെ ബാങ്ക് മുഖേനയാണ് കത്തിടപാടൊക്കെ നടത്തേണ്ടത്. അക്കൗണ്ട് ഉടമ തന്റെ സമ്മതപത്രം നൽകുന്ന മുറയ്ക്ക്, തെറ്റി അയച്ച പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതാണ്. 

തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ എന്താണു പോംവഴി

ഫണ്ട് തെറ്റിക്കിട്ടിയ വ്യക്തി തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ നിയമപരമായി നേരിടുക എന്ന മാർഗം മാത്രമാണ് അവശേഷിക്കുന്നത്. 

അക്കൗണ്ട് മാറി ഫണ്ട് അയക്കാതിരിക്കാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? 

പല ബാങ്കുകളുടേയും അക്കൗണ്ട് നമ്പറിൽ പതിനാറ് അക്കങ്ങൾ വരെയുള്ളതിനാൽ എഴുതുമ്പോൾ തെറ്റാനുള്ള സാധ്യത കൂടുതലാണ്. ബാങ്കിൽ ചെന്നാണു ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ  അക്കൗണ്ട് നമ്പർ ശ്രദ്ധിച്ചു മനസിലാക്കി എഴുതുക. പല ബാങ്കുകളും അക്കൗണ്ട് നമ്പർ രണ്ടുതവണ എഴുതാൻ ആവശ്യപ്പെടാറുണ്ട്. ആ സാഹചര്യത്തിൽ, ആദ്യം എഴുതിയതു നോക്കിപ്പകർത്താതിരിക്കാൻ ശ്രദ്ധിക്കുക.   മൊബൈൽ ബാങ്കിങ്/നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഫണ്ട് അയക്കുന്നതെങ്കിൽ ആദ്യം ചെറിയൊരു തുക അയച്ച് അക്കൗണ്ട് നമ്പർ ശരിയാണെന്ന് ഉറപ്പാക്കി, പേയിയെ ആഡ് ചെയ്തിട്ടു മാത്രം വലിയ തുക അയക്കുക.

ചാറ്റ്ബോട്ടുകളും ബാങ്കും, ഇടപാടുകാർക്ക് ഇനി വേഗത്തിൽ സേവനം


ഫോൺ ചെയ്തു ചോദിക്കുക, ബാങ്കിൽ നേരിട്ടുചെന്നു ജീവനക്കാരുമായി സംസാരിക്കുക, ഇമെയിൽ അയയ്ക്കുക, കസ്റ്റമർ കെയറുമായി ബന്ധപ്പെടുക തുടങ്ങിയവയാണ് ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ഇടപാടുകാർ പൊതുവായി പിന്തുടരുന്ന മാർഗങ്ങൾ.   

എന്നാൽ സംശയനിവാരണത്തിന് ശ്രമിക്കുമ്പോഴാകട്ടെ, ഫോൺ ചെയ്താൽ ലഭിക്കാതിരിക്കുക, ബാങ്കിൽ നേരിട്ടു ചെന്നാലും തിരക്കുമൂലം ജീവനക്കാരോടോ മാനേജരോടോ സംസാരിക്കാൻ സാധിക്കാതെ വരിക, ഇമെയിലിന് മറുപടി ലഭിക്കാതിരിക്കുക തുടങ്ങിയ പ്രയാസങ്ങളാണ്  മിക്ക ഇടപാടുകാർക്കും നേരിടേണ്ടിവരാറുള്ളത്. താരതമ്യേന ദീർഘമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ വിമുഖരായ ഇടപാടുകാരുമുണ്ട്.   

ഇടപാടുകാരുടെ ഇത്തരം പ്രയാസങ്ങളെ എങ്ങനെ മറികടക്കാം എന്ന അന്വേഷണത്തിനൊടുവിലാണ് നിർമിത ബുദ്ധിയിലധിഷ്ഠിതമായ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങളിലേയ്ക്ക് ബാങ്കുകൾ തിരിഞ്ഞത്.  

എന്താണ് നിർമിതബുദ്ധിയിലധിഷ്ഠിതമായ ബാങ്കിങ്

വിവരങ്ങളുടെ ശേഖരമാണ് എങ്കിലും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രസ്തുതവിവരങ്ങളെ ഉപയോഗിക്കാനുള്ള ‘ബുദ്ധി’ ഒരു കമ്പ്യൂട്ടറിനില്ല. എന്നാൽ നിർമിതബുദ്ധിയിലധിഷ്ഠിതമായ സംവിധാനങ്ങളാവട്ടെ ഒരു മനുഷ്യനെ പോലെ ‘ചിന്തിച്ച്, പഠിച്ച്’ പെരുമാറുകയും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.  

ഒരു മനുഷ്യനുമായി ‘ചാറ്റ്’ ചെയ്യുന്നതുപോലെ തന്നെ അനായാസമായി ചാറ്റ് ചെയ്യാവുന്ന യന്ത്രമനുഷ്യസമാനമായ സംവിധാനമാണിത്. ചാറ്റ്ബോട്ട് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.  

പ്രവർത്തിക്കുന്നതെങ്ങനെ

മനുഷ്യരെ പരിശീലിപ്പിക്കുന്നതു പോലെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ചാറ്റ്ബോട്ടുകളേയും പരിശീലിപ്പിക്കുന്നത്. ഒരിക്കൽ പഠിച്ചാൽ മറക്കില്ല എന്നതു മാത്രമല്ല, ഒരേ സമയം ഒട്ടനവധി പേരുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതും ചാറ്റ്ബോട്ടുകളെ മനുഷ്യരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. തനിയെ പഠിക്കാൻ ശേഷിയുള്ള ചാറ്റ്ബോട്ടുകളും നിലവിൽ വന്നുകഴിഞ്ഞിട്ടുണ്ട്.  

എവിടെയാണ് ലഭ്യം? 

ബാങ്കുകളുടെ വെബ്സൈറ്റിലാണ് ചാറ്റ്ബോട്ടുകൾ  പ്രധാനമായും ലഭ്യമാക്കിയിട്ടുള്ളത്.    ഫെഡറൽ ബാങ്കിന്റെ ഫെഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിയ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇവ തുടങ്ങിയവയെല്ലാം ഇതിനോടകം തന്നെ ഇടപാടുകാർക്ക് പ്രിയങ്കരമായ ചാറ്റ്ബോട്ടുകളാണ്.  

ചാറ്റ് ചെയ്യുന്നതു കൂടാതെ, ഫോൺ ചെയ്യാവുന്ന വോയിസ്ബോട്ടുകളും ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്  കൊട്ടാക് മഹിന്ദ്ര ബാങ്കിന്റെ കേയ ഇവയിലൊന്നാണ്.  

എന്തൊക്കെ സംശയങ്ങൾ ചോദിക്കാം

അക്കൗണ്ട് ബാലൻസ് പോലത്തെ വ്യക്തിഗതവിവരങ്ങൾ പൊതുവെ ചാറ്റ്ബോട്ടുകൾ വഴി ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. ബാങ്കിങുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളും ഉപദേശങ്ങളുമാണ് നിലവിൽ ചാറ്റ്ബോട്ടുകൾക്കു നൽകാൻ സാധിക്കുന്നത്.    

കഴിഞ്ഞയിടെ ഫെഡറൽ ബാങ്ക് വാര്‍ഷിക പൊതുയോഗ റിപോര്‍ട്ട്  അവതരിപ്പിച്ചത് ചാറ്റ്ബോട്ടായ ഫെഡി നിയന്ത്രിത മൈക്രോസൈറ്റു വഴിയാണ്. റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിലൂടെ എളുപ്പത്തില്‍ കടന്നു പോകാനും പരസ്പരം ആശയ വിനിമയം നടത്താനും  ഇതുവഴി സൗകര്യം ലഭിച്ചത് നിക്ഷേപകരുടെ ഇടയിൽ ചർച്ചയായിരുന്നു.

ബാങ്ക് ഇനി വീട്ടുവാതിക്കലെത്തും !


 ഈ കൊറോണക്കാലത്ത് വണ്ടിപിടിച്ച് ബാങ്കിൽ പോയി ക്യൂ നിന്ന് കഷ്ടപ്പെട്ടു നടത്തുന്ന ഇടപാടുകൾ വീട്ടുപടിക്കൽ തന്നെ നടത്താൻ കഴിഞ്ഞാൽ എന്തു സൗകര്യമായിരിക്കും അല്ലേ ? എങ്കിൽ, അങ്ങനെയൊരു സൗകര്യം ബാങ്കുകൾ ലഭ്യമാക്കിക്കഴിഞ്ഞു എന്നതാണു വസ്തുത. ചെറിയൊരു സർവീസ് ചാർജ് നൽകാൻ തയാറാണോ,  ബാങ്കിംഗ് സേവനങ്ങൾ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നതാണ്.  

ആർക്കൊക്കെയാണു ലഭിക്കുക

വാതിൽപ്പടി ബാങ്കിംഗ് (Doorstep banking Service ) എന്ന ഈ സേവനം 70 വയസിനു മേലുള്ള മുതിർന്ന പൗരർ, അന്ധതയുൾപ്പെടെയുള്ള ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവർക്കാണ് ബാങ്കുകൾ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. 

എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാണ്

പണം നിക്ഷേപിക്കുക, പിൻവലിക്കുക    

ചെക്ക് ബുക്ക് അഭ്യർത്ഥന, 15 ജി / 15 എച്ച് ഫോമുകൾ, ഐടി / ജിഎസ്ടി ചലാൻ, സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കാനുള്ള ഫോം, ടിഡിഎസ് സർട്ടിഫിക്കറ്റ്/ ഫോം 60, തിരിച്ചറിയൽ രേഖകൾ, അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, പേഓർഡർ തുടങ്ങിയവ കൈപ്പറ്റുക  

സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ഏൽപ്പിക്കുക. 

എത്രയാണ് സർവീസ് ചാർജ്

പല ബാങ്കുകളിലും പല ചാർജുകളാണെങ്കിലും ഓരോ സന്ദർശനത്തിനും 50 മുതൽ 250 രൂപ വരെയാണ് പൊതുവെ ഈടാക്കുന്നത്. 

മറ്റു നിബന്ധനകൾ 

• 1000 മുതൽ 10000 രൂപ വരെയുള്ള ഇടപാടുകളാണ് ഈ സൗകര്യത്തിലൂടെ നടത്താനാവുന്നത്. 

• പ്രവാസികൾക്കും ജോയിന്റ് അക്കൗണ്ടുടമകൾക്കും നിലവിൽ ഈ സൗകര്യം ലഭ്യമല്ല. 

• ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. 

• പ്രതിമാസം പരമാവധി 3 മുതൽ 5 തവണ മാത്രമേ ഒരു ഇടപാടുകാരന് വാതിൽപ്പടി ബാങ്കിംഗ് സേവനം ലഭ്യമാവൂ. 

വാതിൽപ്പടി ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ  ബാങ്കു ശാഖയുമായോ കസ്റ്റമര്‍ കെയറുമായോ ബന്ധപ്പെടുക.

ജാഗ്രത! ക്യൂ ആർ കോഡിന്റെ രൂപത്തിലും ഇപ്പോൾ പുതിയ തട്ടിപ്പ്


 പണം ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളോ പേരോ പോലും അറിയാതെ തന്നെ  ഞൊടിയിടയിൽ പണം കൈമാറുന്ന സംവിധാനമാണ് ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് രീതി എന്ന് എല്ലാവർക്കും അറിവുള്ളതായിരിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങൾ ഒന്നും തന്നെ ആരുമായും പങ്കുവെക്കുന്നില്ല എന്നതിനാൽ  ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് ഏറെ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഇടപാടുകാരുടെ ഈ വിശ്വാസത്തെ മുതലെടുക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ചറിയുക. കഥ തുടങ്ങുന്നതിനു മുൻപു പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ തന്നെയാണ്, എന്നാലോ, ആരുടേയും ജീവിതവുമായി ഒരു സാദൃശ്യവും തോന്നുന്നില്ലെങ്കിൽ അത് യാദൃശ്ചികമല്ല. കാരണം അത്രയ്ക്ക് അവിശ്വസനീയമാണ് ഈ തട്ടിപ്പ്. 

ഇതാണു കഥ 

തന്റെ സോഫ സെറ്റിന്റെ വിൽപ്പനയ്ക്കായി ഒരു ഓൺലൈൻ പോർട്ടലിൽ പരസ്യം ചെയ്തായിരുന്നു ബാംഗ്ലൂർ മലയാളിയായ സ്നേഹ (യഥാർത്ഥ പേരല്ല). ഒരു മണിക്കൂറിനകം തന്നെ സ്നേഹയ്ക്ക് വിളി വന്നു. മുപ്പതിനായിരം രൂപ വിലയിട്ട സോഫ സെറ്റ് തനിക്കു വളരെ ഇഷ്ടപ്പെട്ടുവെന്നും നാളെത്തന്നെ വന്നു കൊണ്ടുപോയേക്കാമെന്നും എന്നാൽ പേയ്മെന്റെ ഇപ്പോൾ തന്നെ ചെയ്തേക്കാമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. 

സ്നേഹയ്ക്ക് വളരെ സന്തോഷമായി. കൂടുതൽ കാത്തിരിക്കാതെ തന്നെ സോഫ വാങ്ങാൻ ആളെ കിട്ടിയല്ലോ. കൂടാതെ, പ്രതീക്ഷിച്ചതിലും ഏറെ പൈസയും കിട്ടി. അയാളുടെ മനസു മാറുന്നതിനു മുൻപു തന്നെ കച്ചവടം നടത്താൻ സ്നേഹയ്ക്കു ധൃതിയായി. അതുകൊണ്ട് തന്റെ അക്കൗണ്ട് വിവരങ്ങൾ വാട്സാപ്പിൽ നൽകാൻ തുടങ്ങുകയായിരുന്നു സ്നേഹ. 

പക്ഷേ സ്നേഹ തന്റെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നത് സോഫ വാങ്ങിയ ആൾ വിലക്കി. ഇങ്ങനെ അക്കൗണ്ട് വിവരങ്ങളൊന്നും ആരുമായും പങ്കുവെക്കരുത്, ചുറ്റും തട്ടിപ്പുകാരാണ് എന്ന മുന്നറിയിപ്പും അയാൾ സ്നേഹയ്ക്കു നൽകി. തന്റെ സുരക്ഷയ്ക്ക് കരുതൽ നൽകുന്ന അയാളോട് സ്നേഹയ്ക്ക് ബഹുമാനം തോന്നി. പക്ഷേ പണം പിന്നെ എങ്ങനെ കൈമാറും

ഒടിപിയും 10 രൂപയും 

ക്യു ആർ കോഡ് വഴി കൈമാറുന്നതാണ് ഏറെ സുരക്ഷിതം എന്നാണ് അയാൾ പറഞ്ഞത്. അയാൾ സ്വന്തം ആവശ്യത്തിനല്ല കമ്പനിയുടെ ആവശ്യത്തിനാണ് വാങ്ങുന്നത്രെ. അതുകൊണ്ട് ഒരു വ്യത്യസ്തമായ രീതിയിലാണ് പണമിടപാടൊക്കെ. താനിപ്പോൾ അയച്ചു തരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സ്നേഹയുടെ അക്കൗണ്ടിൽ നിന്ന് അഞ്ചുരൂപ ഡെബിറ്റാവുകയും ഉടനടി തന്നെ പകരം പത്തുരൂപ തിരികെ അക്കൗണ്ടിൽ കയറുമെന്നും പുറകെ അയച്ചു തരുന്ന രണ്ടു ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ ഓരോന്നിൽ നിന്നും ആദ്യം പതിനയ്യായിരം രൂപ അക്കൗണ്ടിൽനിന്ന് എടുക്കപ്പെടുകയും തുടർന്ന് മുപ്പതിനായിരം രൂപ വീതം സ്നേഹയുടെ അക്കൗണ്ടിൽ ലഭിക്കുന്നതാണെന്നും അയാൾ പറഞ്ഞപ്പോൾ അതങ്ങു സമ്മതിക്കാൻ സ്നേഹയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. 

തുടർന്ന് അയാൾ ഒരു ക്യു ആർ കോഡ് അയച്ചുകൊടുത്തു.  സ്നേഹ അതു സ്കാൻ ചെയ്ത്, ഒ ടി പി കൊടുത്തപ്പോൾ അക്കൗണ്ടിൽ നിന്ന് അഞ്ചു രൂപ പോയി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ തന്നെ പത്തു രൂപ അക്കൗണ്ടിൽ വന്നു. 

സ്നേഹയ്ക്ക് ധൈര്യമായി. എന്തെളുപ്പം ! തുടർന്നു വന്ന  രണ്ടു ക്യു ആർ കോഡുകളും സ്നേഹ സ്കാൻ ചെയ്ത് ഒ ടി പികൾ കൊടുത്തു. അക്കൗണ്ടിൽ നിന്ന് പതിനയ്യായിരം വീതം രണ്ടു തവണ പോയി. പക്ഷേ, നേരത്തേ പത്തു രൂപ മടങ്ങിവന്നതു പോലെ ഇത്തവണ മുപ്പതിനായിരം വീതം അക്കൗണ്ടിലേയ്ക്ക് മടങ്ങിവന്നില്ല ! 

സ്നേഹയ്ക്ക് ആധിയായി. മുപ്പതിനായിരത്തിന്ന് സോഫ വിറ്റു എന്നു സന്തോഷിച്ച തന്റെ പക്കൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടിരിക്കുന്നു ! 

പോയത് അറുപതിനായിരം 

ഉടനടി ഫോണെടുത്ത് അയാളെ വിളിച്ചു. അയാൾ ഫോണെടുക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാലോ, ഭാഗ്യത്തിന് അയാൾ ഫോണെടുത്തു. കമ്പനി അക്കൗണ്ടിൽ നിന്ന് അയച്ച തുക ബാങ്കിന്റെ നെറ്റ് വർക്കിലെ കുഴപ്പം കാരണം തിരികെ കമ്പനി അക്കൗണ്ടിൽ തന്നെ എത്തിയതാണത്രെ. മാഡം ഒട്ടും ഭയക്കേണ്ട എന്നും ഈ മുപ്പതും സോഫയുടെ വിലയായ മുപ്പതും ചേർത്ത് അറുപതിനായിരം കിട്ടാൻ ഒരു ക്യു ആർ കോഡ് കൂടി അയക്കാമെന്നും എന്തെങ്കിലും പ്രശ്നം വന്നാൽ തങ്ങളുടെ കമ്പനി പണവുമായി നേരിട്ടു തന്നെ വന്നു കണക്കെല്ലാം സെറ്റിൽ ചെയ്യുന്നതാണെന്നും അയാൾ ഉറപ്പു കൊടുത്തപ്പോൾ ഒരു തവണ കൂടി ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സ്നേഹ തീരുമാനിച്ചു. 

ഇത്തവണ അക്കൗണ്ടിൽ നിന്നു പോയത് അറുപതിനായിരം രൂപയായിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തിരികെ വരും എന്നു കരുതി കാത്തിരുന്ന സ്നേഹയ്ക്ക് ലഭിച്ചത് അയാളുടെ ഫോൺ കോളായിരുന്നു. 

അയാളല്ലായിരുന്നു സംസാരിച്ചത്. പകരം അയാളുടെ ഓഫീസിൽ നിന്നാണ് എന്നു പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയാണ് സംസാരിച്ചത്. തുക അയയ്ക്കാനുള്ള ക്യു ആർ കോഡിനു പകരം തുക സ്വീകരിക്കാനുള്ള കോഡാണ് ധൃതിയിൽ തന്റെ ബോസ് അയച്ചതെന്നും തെറ്റുപറ്റിയതിനെ തുടർന്ന് സ്നേഹയോടു സംസാരിക്കാൻ മടിയായതിനാൽ തുകയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ തന്നെ ഏർപ്പാടാക്കിയതാണെന്നും ആ പെൺകുട്ടി പറഞ്ഞു. 

എങ്ങനെയാണ് തുകയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുക എന്നു സ്നേഹ ചോദിച്ചപ്പോൾ താൻ തൊണ്ണൂറായിരം രൂപയുടെ ഒരു ക്യു ആർ കോഡ് അയയ്ക്കാമെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതുകേട്ട സ്നേഹക്ക് ശരിക്കും ദേഷ്യം വരികയും വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയും ചെയ്തു. തുടർന്ന് അയാളുടെ ഫോൺ സ്വിച്ചോഫ് ആവുകയാണു ചെയ്തത്. 

ഭർത്താവുമൊത്ത്  പോലീസിൽ പോയെങ്കിലും സൈബർ സെല്ലിൽ പരാതിപ്പെടാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. സൈബർ സെല്ലിൽ പോയപ്പോൾ താൻ തനിച്ചല്ലെന്നും ഇതുപോലെ തട്ടിപ്പിനിരയായ ഒത്തിരിപ്പേരുണ്ടെന്നും സ്നേഹയ്ക്കു മനസിലായി. 

തട്ടിപ്പിനിരയായത് ഒട്ടേറെപ്പേർ 

തന്റെ അക്കൗണ്ടിലെ തുക പല പേയ്മെന്റ് വാലറ്റുകളിലേയ്ക്കായി മാറ്റിക്കഴിഞ്ഞതിനാലും ഫോൺ സ്വിച്ചോഫ് ആയതിനാലും തുടരന്വേഷണം പ്രയാസകരമായിരിക്കും എന്നു മനസിലാക്കിയതിനെ തുടർന്ന് തന്റെ ബാങ്കുമായി കൂടി ബന്ധപ്പെട്ട് നിയമ നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് സ്നേഹ. 

ഗുണപാഠം: ആർക്കെങ്കിലും പണം കൊടുക്കേണ്ട സാഹചര്യത്തിൽ മാത്രമാണ് നമ്മൾ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടത്. നമുക്കു പണം കിട്ടേണ്ട അവസരങ്ങളിൽ ആരെങ്കിലും തരുന്ന ക്യു ആർ കോഡ് ഒരിക്കലും സ്കാൻ ചെയ്യാൻ പാടുള്ളതല്ല.

ബാങ്ക് ഇടപാടുകാരനാണോ? നിങ്ങൾക്കുണ്ട് ഈ അഞ്ച് അവകാശങ്ങൾ


 പതിനെട്ടു വയസു കഴിഞ്ഞവരിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ഇന്നിപ്പോൾ ആരുമില്ല. യു പി ഐ പേയ്മെന്റിന്റെയും മണി വാലറ്റിന്റെയും മറ്റും ഉപയോഗം വ്യാപകമായതിനെ തുടർന്ന് ഇപ്പോൾ കൗമാരക്കാരും ധാരാളമായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നുണ്ട്. 

എന്നാൽ, ബാങ്ക് ഇടപാടുകാർ എന്ന നിലയിൽ എന്തൊക്കെയാണ് തങ്ങൾക്കു ലഭ്യമാക്കിയിരിക്കുന്ന അവകാശങ്ങൾ എന്നതിനെക്കുറിച്ച് വ്യക്തതയുള്ളവർ വളരെ കുറവാണ്. 

ഇന്ത്യയിൽ ഒരു നൂറ്റാണ്ടിലധികമായി ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആറുവർഷം മുൻപ് 2015ൽ മാത്രമാണ്  ഇടപാടുകാരുടെ അവകാശങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശം റിസർവ് ബാങ്ക് പുറപ്പെടുവിച്ചത്. പ്രസ്തുത മാർഗനിർദ്ദേശം പ്രകാരം എല്ലാ ബാങ്കുകളും സ്വന്തമായി ഒരു ഉപഭോക്തൃ അവകാശ നയം (Customer Rights Policy) രൂപീകരിക്കേണ്ടതും അതിന്റെ നടപ്പാക്കൽ റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുമാണ്. 

എന്തൊക്കെയാണ് ഇടപാടുകാർക്കുള്ള അവകാശങ്ങൾ

ബാങ്കിടപാടുകാർക്കുള്ള അവകാശങ്ങളെ പൊതുവിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

 1.ന്യായമായ സേവനം ലഭിക്കുന്നതിനുള്ള അവകാശം

ജാതി- മത- ഭാഷാ-ലിംഗ-പ്രായ വ്യത്യാസങ്ങളോ ശാരീരികമായ പരാധീനതകളോ സാമ്പത്തിക അവസ്ഥയോ പരിഗണിക്കാതെയുള്ള സേവനം ലഭിക്കുന്നത് ഇടപാടുകാരുടെ അവകാശമാണ്. എന്നാൽ ഇടപാടുകാരുടെ ആവശ്യങ്ങൾക്കനുസൃതമായ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അവകാശം ബാങ്കുകൾക്കുണ്ട്. ഉദാ: കർഷകർക്കുള്ള വായ്പ, പ്രവാസികൾക്കുള്ള നിക്ഷേപ പദ്ധതി തുടങ്ങിയവ. 

2. സുതാര്യവും സത്യസന്ധവുമായ സേവനം ലഭിക്കുന്നതിനുള്ള അവകാശം 

ബാങ്കുമായുള്ള ഇടപാടുകളും കരാറുകളും പൂർണമായും സുതാര്യമായിരിക്കണമെന്നു മാത്രമല്ല, ബാങ്കിന്റെ നിക്ഷേപ/വായ്പാ ഉൽപ്പന്നങ്ങളിലെ നഷ്ടസാധ്യതകളെക്കുറിച്ചും മറ്റും വ്യക്തമായ ധാരണ ബാങ്ക് തങ്ങൾക്കു ലഭ്യമാക്കണമെന്നതും ഇടപാടുകാരുടെ അവകാശമാണ്. ഈ അവകാശത്തെ  മുൻനിറുത്തിയാണ് സേവന വ്യവസ്ഥകളിലെ മാറ്റങ്ങളെക്കുറിച്ചും മറ്റും എസ് എം എസ് വഴിയും ഇമെയിൽ വഴിയുമൊക്കെ ബാങ്ക് നമുക്ക് സന്ദേശങ്ങളയക്കുന്നത്.   

3. യോജ്യതയ്ക്കുള്ള അവകാശം 

തങ്ങളുടെ സാമ്പത്തികശേഷിക്കും മറ്റും അനുയോജ്യമായ ഉല്പന്നങ്ങൾ മാത്രമേ ബാങ്ക് തങ്ങൾക്ക് നൽകാൻ പാടുള്ളൂ എന്നതാണ് ഇടപാടുകാരുടെ മൂന്നാമത്തെ അവകാശം. ആവശ്യമില്ലാത്ത അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത ഇൻഷുറൻസ്/ മ്യൂച്ച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ പണ്ടൊക്കെ ചില ബാങ്കുകൾ ഇടപാടുകാരെക്കൊണ്ട് എടുപ്പിച്ചിരുന്നത് നിന്നുപോയത് ഈ അവകാശത്തിന്റെ പിൻ ബലത്തിലാണ്. 

4. സ്വകാര്യതയ്ക്കുള്ള അവകാശം 

തങ്ങളുടെ വ്യക്തിപരവും അക്കൗണ്ട് സംബന്ധവുമായ വിവരങ്ങൾ ബാങ്ക് സ്വകാര്യമായി സൂക്ഷിക്കണം എന്നത് ഇടപാടുകാരുടെ മറ്റൊരു അവകാശമാണ്. ഇതു പ്രകാരം, നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റാരുമായും ഇടപാടുകാരുടെ വിവരങ്ങൾ ബാങ്ക് കൈമാറാൻ പാടുള്ളതല്ല.   

5. പരാതി പരിഹാരത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശം 

ബാങ്കിന്റെ സേവനവുമായി ബന്ധപ്പെട്ടോ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടോ ഉള്ള പരാതികൾക്ക് പരിഹാരം ലഭിക്കാനും അർഹമായ അവസരങ്ങളിൽ നഷ്ടപരിഹാരം നേടുന്നതിനും ഇടപാടുകാർക്ക് അവകാശമുണ്ട്. പരാതികൾക്ക് പരിഹാരം ലഭിക്കാത്ത പക്ഷം തുടർനടപടികളെക്കുറിച്ച് ഇടപാടുകാർക്ക് വ്യക്തമായ ധാരണ നൽകേണ്ടതും ബാങ്കിന്റെ ഉത്തരവാദിത്തമാണ്. 

ബാങ്കിടപാടുകാർക്കുള്ള അവകാശങ്ങളെക്കുറിച്ച് വിശദമായി അറിയണോ

എല്ലാ ബാങ്കുകളും തങ്ങളുടെ വെബ്സൈറ്റിൽ കസ്റ്റമർ റൈറ്റ്സ് പോളിസി ഡോക്യുമെൻ്റ് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കിടപാടുകാരും ഈ പോളിസി ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ടതാണ്.

കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പയ്ക്കും പിഴ !


 കോവിഡ് കാലത്തെ ബസ് യാത്ര ഒഴിവാക്കാനാണ് ഗ്രീഷ്മ ഒരു ടു വീലർ വാങ്ങിയത്. വാഹന ഷോറൂമിൽ നിന്നു തന്നെ വായ്പയും കിട്ടി. 

വായ്പയെടുത്ത ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് മാസാദ്യം ഓഫീസിൽ നേരിട്ടു വന്ന് തവണകൾ കൈപ്പറ്റി രസീതു നൽകുമെന്നത് ഗ്രീഷ്മയ്ക്ക്  വളരെ സൗകര്യമാവുകയും ചെയ്തു. തവണയടക്കാൻ ബാങ്കിൽ പോകേണ്ടല്ലോ. 

അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആ “അത്യാഹിതം“ സംഭവിക്കുന്നത് ! മോന്റെ സ്കൂൾ ഫീസടയ്ക്കാനുള്ള അയ്യായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് ഭർത്താവ് ഇട്ടത് എ ടി എമ്മിൽ നിന്ന് പിൻവലിക്കാൻ ചെന്നതാണ് ഗ്രീഷ്മ. പക്ഷേ, അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണ് എ ടി എമ്മിൽ നിന്നു ലഭിച്ചത്. 

ആരോ അക്കൗണ്ടു ഹാക്ക് ചെയ്ത് പണം തട്ടിയതു തന്നെ എന്നു കരുതിയ ഗ്രീഷ്മ ഉടനടി തന്നെ ഓട്ടോ വിളിച്ച് ബാങ്കിലേക്കു ചെന്നു. 

ബാങ്കിലെ ഓഫീസർ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് പ്രിന്റെടുത്തു കാണിച്ചു വിശദീകരിച്ചപ്പോഴാണ് ഹാക്കിങ്ങും തട്ടിപ്പുമൊന്നുമല്ല തന്റെ അറിവില്ലായ്മ കൊണ്ടാണ് അക്കൗണ്ടിൽ തുക കുറവു വന്നതെന്ന് ഗ്രീഷ്മയ്ക്കു മനസിലായത്. 

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് ?   

വാഹന/ ഭവന വായ്പകൾ പോലെയുള്ള മാസതവണകളായി തിരിച്ചടയ്ക്കേണ്ട വായ്പകൾ നൽകുന്ന സമയത്ത് വായ്പ അനുവദിക്കുന്ന ബാങ്ക് അഥവാ ധനകാര്യസ്ഥാപനം ഇടപാടുകാരുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ക്ലിയറിങ് സർവീസ് ( ഇ സി എസ് ) മാൻഡേറ്റ് എന്നൊരു കടലാസ് ഒപ്പിട്ടു വാങ്ങാറുണ്ട്. വായ്പയിലേക്കുള്ള മാസതവണകൾ എല്ലാമാസവും കൃത്യമായി തങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് പിടിക്കാൻ വായ്പ നൽകിയ ബാങ്കിനെ അനുവദിച്ചുകൊണ്ടുള്ള സമ്മതപത്രമാണ്  ഇ സി എസ് മാൻഡേറ്റ് എന്നു പറയാം. 

വായ്പയെടുത്ത സമയത്ത് ഗ്രീഷ്മയും ഇ സി എസ് മാൻഡേറ്റ് ഒപ്പിട്ടു നൽകിയിരുന്നു. അതുപ്രകാരം എല്ലാ മാസവും ഗ്രീഷ്മയുടെ അക്കൗണ്ടിൽ നിന്നു തന്നെ വായ്പയുടെ മാസതവണ പോവുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ, ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ്  നേരിട്ടു വന്ന് കൈപ്പറ്റുമായിരുന്നതിനാൽ  മാസതവണയ്ക്കുള്ള തുക ഗ്രീഷ്മ തന്റെ അക്കൗണ്ടിൽ സൂക്ഷിക്കാറില്ലായിരുന്നു. 

എവിടെയാണ്  പിഴച്ചത്?  

ധനകാര്യസ്ഥാപനമാവട്ടെ, ഗ്രീഷ്മ നൽകിയ മാൻഡേറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും കൃത്യമായി ഇ സി എസ് പ്രസന്റ് ചെയ്യുകയും, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് ലഭ്യമല്ല എന്നതിനാൽ ഒരു തവണ മടങ്ങുമ്പോൾ വീണ്ടും രണ്ടു തവണ കൂടി പ്രസന്റ് ചെയ്യുകയും ചെയ്തിരുന്നു. 

354 രൂപ വീതമായിരുന്നു ഓരോ തവണയും ഇ സി എസ് മടങ്ങുന്നതിനുള്ള  ബാങ്ക് ചാർജ് (300+ ജി എസ് ടി). ആദ്യത്തെ മൂന്ന് ഇ സി എസ് മടങ്ങിയപ്പോൾ തന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാലൻസ് പൂജ്യമായിക്കഴിഞ്ഞിരുന്നതിനാൽ പിന്നീടു മടങ്ങിയ ഇ സി എസ്സുകളുടെ ചാർജ് എല്ലാം ചേർത്ത് ബാങ്ക് പിടിച്ചത് മോന്റെ ഫീസിനായി ഗ്രീഷ്മയുടെ ഭർത്താവ് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോഴാണ് ! 

വായ്പ നൽകിയ ധനകാര്യസ്ഥാപനവും ഇതേപോലെ ഓരോ ഇ സി എസ്സിനും അഞ്ഞൂറു മുതൽ ആയിരം വരെ മടക്കച്ചാർജ് ഈടാക്കുമെന്നു കൂടി കേട്ടപ്പോൾ ഗ്രീഷ്മയ്ക്ക് തല കറങ്ങി. 

ധനകാര്യസ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന “വരും ദിവസം ഇ സി എസ് പ്രസന്റാവുന്നു, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് കരുതേണ്ടതാണ്“ എന്ന എസ് എം എസ് സന്ദേശം അവഗണിച്ചു എന്നതു കൂടാതെ മാസതവണകൾ കളക്ഷൻ ഏജന്റിന്റെ പക്കൽ ഏൽപ്പിച്ചു എന്നതും ഗ്രീഷ്മയ്ക്കു പറ്റിയ പിഴവാണ്. 

എന്തെങ്കിലും പ്രതിവിധി? 

വായ്പ കൃത്യമായി തന്റെ പക്കൽ അടച്ചാലും അക്കൗണ്ടിൽ ഇ സി എസ് പ്രസന്റ് ആയി മടങ്ങുമെന്നും ചാർജ് ഈടാക്കുമെന്നും മറ്റുമുള്ള വിവരം തന്നോടു മറച്ചുവച്ചതിന് കളക്ഷൻ ഏജന്റിനെതിരെ ഗ്രീഷ്മ പരാതി കൊടുത്തു കഴിഞ്ഞു. കൂടാതെ, വായ്പ കൃത്യമായി അടച്ചതു പരിഗണിച്ച് ഇ സി എസ് മടങ്ങിയ ഇനത്തിൽ പിടിച്ച ചാർജുകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുക കൂടി ചെയ്തിട്ടുണ്ട്. ബാങ്ക് പിടിച്ച തുക തിരികെ ലഭിക്കില്ലെങ്കിലും ധനകാര്യസ്ഥാപനം ഈടാക്കിയ ചാർജ് തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രീഷ്മ. 

ഗുണപാഠം: ഇ സി എസ് മാൻഡേറ്റ് നൽകിയിട്ടുള്ള വായ്പയുടെ തിരിച്ചടവു തുക സേവിങ്സ് അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കുക, ഒരിക്കലും കളക്ഷൻ ഏജന്റിന്റെ പക്കൽ കൊടുക്കരുത് എന്നതും, ബാങ്കിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നിന്നുള്ള എസ് എം എസുകൾ ഒരിക്കലും അവഗണിക്കരുത് എന്നതുമാണ് ഗ്രീഷ്മയ്ക്കൊപ്പം  ഇന്ന് നമുക്കും പഠിക്കാനുള്ള പാഠങ്ങൾ.

ഭർത്താവിനു കൈപ്പറ്റാം; പക്ഷേ ഭാര്യ വിചാരിക്കണം

 

മകൾക്ക് പിറന്നാൾ സമ്മാനമായി  ഒരു ടു വീലർ വാങ്ങിക്കൊടുക്കാനുള്ള ആവശ്യത്തിനാണ് ഭാവേഷ് ബാങ്കിൽ ചെന്ന് തന്റെ ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ചോദിച്ചത്. എന്നാലോ, അക്കൗണ്ട് ഉടമയ്ക്കല്ലാതെ മറ്റാർക്കും സ്റ്റേറ്റ്മെന്റ് നൽകാനാവില്ല എന്ന ബാങ്ക് ഓഫീസറുടെ മറുപടി ഭാവേഷിനെ ഞെട്ടിച്ചു കളഞ്ഞു. 

പതിനാലു വർഷമായി താനും ഭാര്യയും തുടരുന്ന രണ്ട് അക്കൗണ്ടുകൾ, മൈനറായിരുന്നപ്പോൾ മകളുടെ പേരിൽ തുടങ്ങിയ അക്കൗണ്ട്, പിന്നെ പലവട്ടം ഇട്ടിട്ടുള്ള ആർഡികൾ, ചെറിയ എഫ് ഡികൾ, കൂടാതെ ഒരു തവണ കൃത്യമായി അടച്ചു തീർത്ത കാർ ലോൺ തുടങ്ങി താനും ബാങ്കും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തെളിവുകളൊക്കെ പറഞ്ഞു നോക്കിയെങ്കിലും സ്റ്റേറ്റ്മെന്റ് തരാൻ നിർവാഹമില്ല എന്ന നിലപാടിൽ ആ ചെറുപ്പക്കാരൻ ഓഫീസർ ഉറച്ചു നിന്നു. 

അക്കൗണ്ട് ഉടമയുടെ അനുമതി 

അക്കൗണ്ടുകൾ ഭാര്യയുടേയും മകളുടേയും പേരിലാണെന്നേയുള്ളൂ, താൻ തന്നെയാണ് പൈസയെല്ലാം നിക്ഷേപിക്കുന്നതെന്നും ഇന്റർനെറ്റ് പാസ് വേഡും എ ടി എം കാർഡുമുൾപ്പെടെയെല്ലാം ഉപയോഗിക്കുന്നത് താനാണെന്നും കൂടി പറഞ്ഞുനോക്കിയെങ്കിലും അക്കൗണ്ട് ഉടമയുടെ കത്തെങ്കിലുമില്ലാതെ സ്റ്റേറ്റ്മെന്റ് കൈമാറാനാവില്ലെന്നും വേണമെങ്കിൽ ഭാര്യയുടെ ഇമെയിലിലേക്ക് സ്റ്റേറ്റ്മെന്റ് അയക്കാമെന്നും ആ ഓഫീസർ തീർത്തു പറഞ്ഞുകളഞ്ഞു. 

ഇത്രയുമായപ്പോൾ ഭാവേഷിനു നന്നായി ദേഷ്യം വന്നു. മുഖമൊക്കെ ചുമന്നു. നെറ്റ് തപ്പി അപ്പോൾ തന്നെ ബാങ്കിന്റെ സോണൽ ഓഫീസിൽ വിളിച്ച് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തരാത്ത ഓഫീസർക്കെതിരെ പരാതി പറഞ്ഞു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ ഭാവേഷിനു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കോപം പകുതിയും ശമിച്ചിരുന്നു. തുടർന്ന്, എന്തുകൊണ്ടാണ്  ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകാത്തതെന്ന കാര്യം വിശദീകരിക്കുക കൂടി ചെയ്തപ്പോൾ കോപം പൂർണമായും ശമിച്ചു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്: 

റിസർവ് ബാങ്കിന്റെ ചാർട്ടർ ഓഫ് കസ്റ്റമർ റൈറ്റ്സ് പ്രകാരം  ഇടപാടുകാരുടെ  അഞ്ച് അവകാശങ്ങളിൽ ഒന്നാണ് സ്വകാര്യത. ഇതുപ്രകാരം, അക്കൗണ്ട് ബാലൻസ്, വിലാസം, ഫോൺ നമ്പർ തുടങ്ങി ഇടപാടുകാരുടെ വ്യക്തിപരമായ വിവരങ്ങൾ മറ്റാരുമറിയാൻ ഇടയാവാതെ സൂക്ഷിക്കുക എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നു മാത്രമല്ല, ഇടപാടുകാരന്റെ അവകാശവുമാണ്. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഭാര്യയും ഭർത്താവും  രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണ് എന്നതിനാൽ ഒരാളുടെ അക്കൗണ്ട് വിവരങ്ങൾ മറ്റേയാളോടു പറയുക എന്നത് ഈ അവകാശത്തെ മാനിക്കാതിരിക്കുന്നതിനു തുല്യമായിരിക്കും. 

കൂടാതെ, പണ്ടൊക്കെ സ്ഥിരമായി ബാങ്കിൽ ചെല്ലാറുണ്ടായിരുന്നതു കൊണ്ട് ജീവനക്കാർക്കൊക്കെ ഭാവേഷിനേയും കുടുംബത്തേയും പരിചയമായിരുന്നിരിക്കണം. ഇപ്പോൾ ഡിജിറ്റലായിക്കഴിഞ്ഞതിനു ശേഷം ബാങ്ക് ശാഖ സന്ദർശിക്കുന്നത് വളരെ കുറഞ്ഞു എന്നതിനാൽ അദ്ദേഹത്തിനും ജീവനക്കാർക്കും പരസ്പരം പരിചയമില്ല. അതുകൊണ്ടു കൂടിയാവാം അക്കൗണ്ട് ഉടമയ്ക്കു മാത്രമേ സ്റ്റേറ്റ്മെന്റ് നൽകൂ എന്ന് ഓഫീസർ നിർബന്ധം പിടിച്ചത്. 

ഭാവേഷാണെന്ന ഭാവേന മറ്റാരെങ്കിലും ചെന്ന് ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൈക്കലാക്കി എന്തെങ്കിലും തട്ടിപ്പു നടത്തിയാലുള്ള അവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കൂ എന്നു കൂടി ആ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. 

കഥ ശുഭപര്യവസായിയായതെങ്ങനെ ?  

തുടർന്ന്, ഫോൺ കട്ട് ചെയ്ത ഭാവേഷ് നേരത്തെ സംസാരിച്ച ജീവനക്കാരനു സമീപം ചെന്ന് സ്റ്റേറ്റ്മെന്റ് ഇമെയിൽ ചെയ്താൽ മതി  എന്ന് സൗഹൃദത്തോടെ  അറിയിച്ചു. ആ ചെറുപ്പക്കാരനാവട്ടെ അതിനിടെ ഭാവേഷിന്റെ ഭാര്യയെ വിളിച്ച് ഭർത്താവിന്റെ പക്കൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൊടുത്തുവിടാനുള്ള ഇമെയിൽ അപേക്ഷ വാങ്ങിയ പ്രകാരം സ്റ്റേറ്റ്മെന്റ് തയാറാക്കി വച്ചിട്ടുണ്ടായിരുന്നു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഭർത്താവിന്റെ അക്കൗണ്ട് ബാലൻസ് അറിയാനായി, ഭർത്താവ് ആവശ്യപ്പെട്ടെന്ന മട്ടിൽ അയാളുടെ  സ്റ്റേറ്റ്മെന്റ് കൈക്കലാക്കി ഒരു യുവതി തന്റെ പഴയ ശാഖയിൽ വച്ച് തന്നെ ചതിച്ചിരുന്നെന്നും അതിൽപെട്ട് പെട്ട് താൻ കുറെ തീ തിന്നിരുന്നെന്നും ആ സംഭവത്തിനു ശേഷം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സംബന്ധിച്ച കാര്യങ്ങളിൽ ജാഗരൂകനായിരിക്കുന്നതുകൊണ്ടാണ് ഭാവേഷിനു ക്രോധം വരുന്ന തരത്തിൽ സംസാരിച്ചു പോയതെന്നുമെല്ലാം ഓഫീസർ ക്ഷമാപൂർവം അറിയിച്ചു. 

അപ്പോൾ, ‘അയ്യോ, ഇത് ഡൈവോഴ്സിനൊന്നുമല്ല,ഒരു ടു വീലർ ലോണെടുക്കാനാണ്’ എന്ന് പൊട്ടിച്ചിരിച്ച് ഭാവേഷ് പറയുകയും സ്വന്തം ബാങ്കുള്ളപ്പോൾ ഏതെങ്കിലും ഫൈനാൻസിൽ നിന്ന് ലോണെടുക്കാൻ ഞങ്ങൾ വിട്ടിട്ടു വേണ്ടേ’ എന്ന് ആ ഓഫീസർ തിരുത്തുകയും അങ്ങനെ അവസാനം വെറുമൊരു അക്കൗണ്ട്  സ്റ്റേറ്റ്മെന്റിനു വന്ന ഭാവേഷ് തന്റെ ബാങ്കിൽ നിന്ന് പുതിയ ടു വീലർ ലോൺ എടുത്തതോടെ കാര്യങ്ങളെല്ലാം ശുഭപര്യവസായിയായി മാറുകയും ചെയ്തു. 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ് 

ഭാര്യയുടേയോ മക്കളുടേയോ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് ചോദിച്ചിട്ട് തരാത്ത ബാങ്കാണ് നിങ്ങളുടേതെങ്കിൽ ഒട്ടും പരിഭവം തോന്നേണ്ട. കാരണം, ഇടപാടുകാരുടെ സ്വകാര്യത പൂർണമായും ഉറപ്പു വരുത്തുന്ന  ബാങ്കാണ് നിങ്ങളുടേത് എന്നാണതിനർത്ഥം!