Sunday, May 29, 2022

ജീവിതപങ്കാളിയോട് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത ആ കാര്യം ഇതാണ്...!!!

 

അക്കൗണ്ട് തുടങ്ങാൻ മാത്രമേ രാധിക ബാങ്കിൽ പോയിട്ടുള്ളൂ. പണം നിക്ഷേപിക്കലും പിൻവലിക്കലുമെല്ലാം ഭർത്താവാണു ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എ ടി എമ്മിൽ നിന്ന് പതിനയ്യായിരം രൂപ പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന് ഉള്ളിൽ നിന്ന് എന്തൊക്കെയോ കുറേ ശബ്ദങ്ങൾ കേട്ടതല്ലാതെ പണമൊന്നും ഭർത്താവിന് ലഭിച്ചില്ല. മറ്റൊരു എ ടി എമ്മിൽ നിന്നു പിൻവലിക്കാൻ നോക്കിയപ്പോഴാവട്ടെ അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണു ലഭിച്ചത്. 

ഇല്ലാത്ത പണമാണോ തന്നോട് പിൻവലിക്കാൻ ഭാര്യ ആവശ്യപ്പെട്ടതെന്ന നേരിയ ദേഷ്യം ഭർത്താവിനു തോന്നിപ്പോവുകയും ചെയ്തു. അതിനിടെ രാധികയ്ക്കാവട്ടെ, അക്കൗണ്ടിൽ നിന്ന് പണം കുറവു ചെയ്യപ്പെട്ടു എന്ന ബാങ്കിൽ നിന്നുള്ള എസ് എം എസ് സന്ദേശം ലഭിച്ചു കഴിഞ്ഞിരുന്നു. എ ടി എമ്മിൽ നിന്ന് പണമൊന്നും കിട്ടിയുമില്ല, അക്കൗണ്ടിൽ നിന്ന് കുറവു ചെയ്യപ്പെടുകയും ചെയ്തു എന്നു വന്നപ്പോൾ രാധികയ്ക്കും ഭർത്താവിനും ആധിയായി. ഉടനടി, ബാങ്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ച് കാര്യമറിയിച്ചു. 

ഏഴു ദിവസത്തിനകം തുക കിട്ടും 

ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ബാങ്കിൽ ഒന്നറിയിച്ചാൽ മതി, ഏഴു ദിവസത്തിനകം തുക അക്കൗണ്ടിൽ തിരികെ ഇട്ടു തരുന്നതാണെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് രാധികയ്ക്കും ഭർത്താവിനും ശ്വാസം നേരെ വീണത്. 

ഏഴു ദിവസത്തിനകം അക്കൗണ്ടിൽ വരവു വച്ചു തന്നില്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം നൂറു രൂപ വീതം പിഴയും ബാങ്ക് തരുന്നതാണെന്നും കൂടി സുഹൃത്തു പറഞ്ഞപ്പോൾ, എന്നാൽ പിന്നെ ഒരു മാസം കഴിഞ്ഞിട്ടായാലും കിട്ടിയാൽ മതി  പത്തു രണ്ടായിരം രൂപ ചുമ്മാ കിട്ടുമല്ലോ എന്ന് രാധികയും ഭർത്താവും തമാശയ്ക്കു പറഞ്ഞു ചിരിച്ചു. 

ഏതായാലും പിറ്റേന്നു തന്നെ രാധിക ബാങ്കിൽ രേഖാമൂലം പരാതി നൽകി. ഏഴൊന്നും വേണ്ട, രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ പണം അക്കൗണ്ടിൽ മടങ്ങിയെത്തിക്കാണാറാണു പതിവെന്ന് ബാങ്കുദ്യോഗസ്ഥർ പറയുകയും ചെയ്തു. 

പക്ഷേ  പിറ്റേന്നു വൈകീട്ട് ബാങ്കിൽ നിന്ന് രാധികയ്ക്ക് ഫോൺ വന്നു. അവർ പരിശോധിച്ചതു പ്രകാരം എ ടി എമ്മിലെ തുകയെല്ലാം കൃത്യമാണെന്നും പതിനയ്യായിരം രൂപ അധികമായി കാണുന്നില്ലെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചത്. 

സി സി ടി വി ദൃശ്യങ്ങൾ 

പിറ്റേന്നു രാവിലെ തന്നെ രാധിക ഭർത്താവിനൊപ്പം  ബാങ്കിലേയ്ക്കു ചെന്നു. തലേന്നു ഫോണിൽ പറഞ്ഞത് ആവർത്തിച്ചതു കൂടാതെ ബാങ്ക് അധികൃതർ തങ്ങളെ സി സി ടി വി ദൃശ്യങ്ങളിൽ കാണിച്ച കാര്യങ്ങൾ കണ്ടപ്പോൾ രാധികയ്ക്കു തല കറങ്ങിപ്പോയി. 

ഭർത്താവ് ഫോണിൽ സംസാരിച്ചുകൊണ്ട് എ ടി എം ഇടപാടു നടത്തുന്നു. തുടർന്ന് ഏതാനും നിമിഷങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ പണത്തിനായി കാത്തുനിൽക്കുന്നു. പണം ലഭിക്കാത്തതിനാൽ കാർഡ് വലിച്ചെടുത്തുകൊണ്ട് പുറത്തേയ്ക്കു പോവുന്നു. 

തുടർന്ന് മറ്റൊരാൾ പ്രവേശിക്കുന്നു. അയാൾ കാർഡ് ഇടാൻ തുടങ്ങുന്നതും  മെഷീനിലുള്ള തുക കണ്ടതിനെ തുടർന്ന് ആദ്യം തെല്ലു പരിഭ്രമിച്ചെങ്കിലും  അങ്ങോട്ടുമിങ്ങോട്ടും നോക്കി ആരും സമീപത്തില്ലെന്നു മനസിലാക്കി ദ്രുതഗതിയിൽ കൈക്കലാക്കുന്നതും കടന്നു കളയുന്നതും എല്ലാം നല്ല വെടിപ്പായി സി സി ടി വി യിൽ കാണാൻ കഴിയുന്നുണ്ട്. പക്ഷേ, മാസ്ക് ധരിച്ചിരിക്കുന്നതു കൊണ്ട് ആരാണയാൾ എന്നു വ്യക്തമല്ല. പണം മറ്റൊരാൾ കൈക്കലാക്കി എന്നതു വ്യക്തമായ സ്ഥിതിയ്ക്ക് പോലീസിൽ പരാതിപ്പെടാനാണു ബാങ്ക് ഉദ്യോഗസ്ഥർ രാധികയെ ഉപദേശിച്ചത്. സുഹൃത്ത് പറഞ്ഞതു പ്രകാരം പോലീസിലും ബാങ്കിംഗ് ഒംബുഡ്സ്മാനിലും പരാതി നൽകി. 

ബാങ്കിംഗ് ഒംബുഡ്സ്മാൻ 

എ ടി എമ്മിൽ നിന്ന് തുകയെടുത്തു കൊണ്ടുപോയ വ്യക്തി തന്റെ കാർഡ് എ ടി എമ്മിൽ ഉപയോഗിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ അയാളുടെ കാർഡ് വിവരങ്ങളും പേരും വിലാസവും മറ്റും തങ്ങൾക്കു സംഘടിപ്പിക്കാൻ പറ്റുമായിരുന്നെന്നും ഇതിപ്പോൾ ആളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ കേസ് മുന്നോട്ടു നീക്കാൻ വഴിയൊന്നും കാണുന്നില്ലെന്നുമായിരുന്നു പോലീസിൽ നിന്നു കിട്ടിയ അനൗദ്യോഗിക മറുപടി. 

ബാങ്കിംഗ് ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും രാധികയ്ക്കു മാത്രമല്ല, ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനു പോലും പുതിയൊരു അറിവായിരുന്നു. 

ഒരു വ്യക്തിയുടെ  എ ടി എം കാർഡ്, പിൻ എന്നിവ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. രാധിക തന്റെ എ ടി എം കാർഡും പിന്നും മറ്റൊരു വ്യക്തിയ്ക്ക് കൈമാറിയതിലൂടെ ബാങ്കുമായുള്ള ഉടമ്പടി ലംഘിക്കുകയാണു ചെയ്തത്. അതിനാൽ രാധികയുടെ പരാതി പരിഗണിക്കുന്നതല്ല. ഇതായിരുന്നു ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി. 

ഉപഭോക്തൃ കോടതിയിൽ പോയാലും ഇതു തന്നെയായിരിക്കും കേൾക്കേണ്ടി വരിക എന്നതിനാൽ ചെറിയൊരു അസുഖം വന്നപ്പോൾ ചികിത്സാചെലവായി പോയതാണ് ആ പതിനയ്യായിരം രൂപ എന്നു മനസിൽ കരുതി സമാധാനിച്ചുകളയാം എന്ന തീരുമാനത്തിലാണ് അവസാനം രാധികയും ഭർത്താവും എത്തിച്ചേർന്നത്. 

ഈ കഥയിലെ ഗുണപാഠങ്ങൾ: 

Not Transferable എന്ന് എ ടി എം കാർഡിൽ എഴുതിയിരിക്കുന്നതിന് അർത്ഥം ആർക്കും, അതായത് ഭാര്യ, ഭർത്താവ്, മക്കൾ ഉൾപ്പെടെ ആർക്കും തന്നെ കാർഡ് കൈമാറരുത് എന്നാണ്. അങ്ങനെ കൈമാറി ഉപയോഗിക്കുന്നതിലൂടെ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിന് ഉണ്ടായിരിക്കുന്നതല്ല. മാസ്ക് പോലെ തന്നെ ഡെബിറ്റ് കാർഡും കൈമാറി ഉപയോഗിക്കരുത് എന്നു ചുരുക്കം! 

വാഹനമോടിക്കുമ്പോൾ എന്ന പോലെ തന്നെ പണമിടപാടുകൾ നടത്തുമ്പോഴും മൊബൈൽ സംസാരം ഒഴിവാക്കുക എന്ന കാര്യം കൂടി ശ്രദ്ധിക്കുന്നത് ധനനഷ്ടമൊഴിവാക്കാൻ നല്ലതാണ് എന്നതാണ് രണ്ടാമത്തെ ഗുണപാഠം !

വായ്പ ചോദിച്ചു ചെല്ലുമ്പോൾ ബാങ്ക് മാനേജരോടു പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

 

സിബിലും തിരിച്ചടവ് ക്ഷമതയും മറ്റു കടലാസുകളുമൊക്കെ അനുകൂലമാണെങ്കിലും വായ്പ നിഷേധിക്കപ്പെട്ട അനുഭവമുള്ളവരെക്കുറിച്ചു കേട്ടിട്ടില്ലേ? “അരുതാത്ത” ചില വർത്തമാനങ്ങൾ ബാങ്ക് മാനേജരോടോ വായ്പ പ്രോസസ് ചെയ്യുന്ന ഓഫീസറോടോ പറഞ്ഞു പോയതിനാലാകാം അവർക്ക് വായ്പ നിഷേധിക്കപ്പെട്ടത്. 

എന്തൊക്കെയാണ് ആ “അരുതാത്ത” വർത്തമാനങ്ങൾ

അതിനു മുൻപ്, ഒരു വായ്പ അനുവദിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ കടലാസുകളെ കൂടാതെ ഇടപാടുകാരന്റെ വിശ്വാസ്യതയെക്കൂടി കണക്കിലെടുക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാക്കട്ടെ. അതായത് കടലാസുകൾ എത്ര കൃത്യമായാലും ശരി, ഇടപാടുകാരന് ഒരു കള്ളലക്ഷണം ഉണ്ട് എന്ന സംശയം തോന്നിയാൽ ബാങ്കുകാർ പിന്നെ അയാളെ ഏഴയലത്ത് അടുപ്പിക്കുകയില്ല. 

അങ്ങനെ കള്ളലക്ഷണം ആരോപിക്കപ്പെടുന്ന ചില വർത്തമാനങ്ങളെക്കുറിച്ചറിയാം. 

വർത്തമാനം 1  

മുൻപ് വായ്പയെടുത്തിട്ടുണ്ടെങ്കിലും “സാറേ, ആദ്യമായിട്ടാ ഞാനൊരു വായ്പയെടുക്കുന്നത്" എന്ന പറച്ചിൽ. മുൻപ് ഏതെങ്കിലും വായ്പയെടുത്തിട്ടുണ്ടോ, എന്നാണെടുത്തത്, എത്രയാണെടുത്തത്, കുടിശികയുണ്ടായിരുന്നോ തുടങ്ങി ഏതു സ്ഥാപനത്തിൽ നിന്നാണെടുത്തത് എന്ന വിവരമൊഴികെ മിക്ക കാര്യങ്ങളും സിബിൽ നോക്കുന്ന ബാങ്കുദ്യോഗസ്ഥർക്ക് കൃത്യമായും മനസിലാകും. അതുകൊണ്ട് ആദ്യമായിട്ടല്ല വായ്പയെടുക്കുന്നതെങ്കിൽ, ചുമ്മാ ഒരു ഗമയ്ക്കായിട്ടാണെങ്കിലും ആദ്യമായാണ് വായ്പയെടുക്കുന്നത് എന്നു പറയരുത്. കാരണം, നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുണ്ടെന്നും നിങ്ങൾ സത്യസന്ധനല്ലെന്നും ബാങ്കുദ്യോഗസ്ഥർക്ക് ന്യായമായും തോന്നിയേക്കാം. തുടർന്ന് വായ്പ നിഷേധിക്കപ്പെടുകയും ചെയ്തേക്കാം. 

വർത്തമാനം 2  

മുൻപെടുത്ത വായ്പകളിലേതിലെങ്കിലും തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിലും “തിരിച്ചടവിൽ ഞാൻ കണിശക്കാരനാ സാറേ, ഇതുവരെയെടുത്ത എല്ലാ വായ്പയും അടവുദിവസത്തിനു തന്നെ അടച്ച പാരമ്പര്യമാ ഞങ്ങക്ക്” എന്ന പറച്ചിൽ. ഇപ്പറഞ്ഞത് വെറും അടവാണെന്ന് സിബിൽ നോക്കിയാൽ ബാങ്കുദ്യോഗസ്ഥർക്ക് മനസിലാവുമെന്നതിനാൽ അടവു തെറ്റിയിട്ടുണ്ടെങ്കിൽ കാര്യകാരണ സഹിതം തുറന്നുപറയുന്നതാണു നല്ലത്. ഇങ്ങനെ തുറന്നു പറഞ്ഞാൽ രണ്ടുണ്ടു ഗുണം. ഒന്ന്, ബാങ്കുദ്യോഗസ്ഥർക്ക് നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. രണ്ട്, സിബിൽ ശരിയാക്കാനുള്ള പോവഴികൾ ചിലപ്പോൾ ബാങ്കുദ്യോഗസ്ഥർ തന്നെ പറഞ്ഞു തന്നെന്നുമിരിക്കും. 

വർത്തമാനം 

“ഞങ്ങളിതു വരെ ഒരൊറ്റ വായ്പയുമെടുത്തിട്ടില്ല, ആർക്കും ജാമ്യം നിന്നിട്ടുമില്ല” എന്ന നുണയും ഒരു ഗമയ്ക്കു തട്ടി വിടുന്നവരുണ്ട്. സിബിൽ പണിതരുമെന്നതിനാൽ, ഇതുപോലെ ഇല്ലാത്ത ആഭിജാത്യം പറയാൻ നിൽക്കണ്ട. 

വർത്തമാനം 4  

ചിലരുണ്ട്, “പലിശ എത്രയായാലും കുഴപ്പമില്ല, സാർ ലോൺ പാസാക്ക്, ഞാൻ അടച്ചോളാം” എന്നങ്ങു കാച്ചും. ഇവരെ ലേശം ഭയത്തോടെയാണ് ബാങ്കുകാർ കാണുന്നത് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, തൽക്കാലത്തേയ്ക്ക് കാര്യം നടന്നു കിട്ടണം എന്നതാണ് ഇക്കൂട്ടർക്ക് പ്രധാനമെന്നും കൂടിയ പലിശയ്ക്കെടുത്താൽ വായ്പയെങ്ങനെ തിരിച്ചടയ്ക്കുമെന്ന കാര്യം വിഷയമേ അല്ലെന്നുമുള്ള ഒരു സന്ദേശമാണ് മേൽപ്പറഞ്ഞ അഭ്യർത്ഥനയിലുള്ളത്. നേരെ മറിച്ച്, ദശാംശം ഒന്നിനു പോലും പലിശ കുറയ്ക്കാനായി പേശുന്ന ഇടപാടുകാർ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന ശീലമുള്ളവരാണ് എന്ന അനുഭവമാണ് ബാങ്കുകാർ പൊതുവെ പങ്കുവെച്ചു കാണുന്നത്.  

വർത്തമാനം 5  

മറ്റു ചിലരുണ്ട്, ആവശ്യമുള്ള വായ്പാതുക എത്രയെന്നു വ്യക്തമായി പറയില്ല. “മാക്സിമം പോരട്ടെ” എന്ന നിലപാടായിരിക്കും അവർക്ക്.  ഇത്തരം നിലപാടും സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുള്ളൂ എന്നതിനാൽ, ആവശ്യമുള്ള തുക എത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രം ബാങ്കുദ്യോഗസ്ഥരുമായി സംസാരിക്കുക. 

വർത്തമാനം 6  

ബാങ്കുകാരുടെ ഇടയിൽ അടുത്തയിടെ നടത്തിയ ഒരു അനൗദ്യോഗിക സർവേ പ്രകാരം എല്ലാ ബാങ്ക് മാനേജർമാരും ഏറ്റവുമധികം ഭയപ്പെടുന്ന ചോദ്യമാണ് അവസാനമായി പറയാനുള്ളത്. “നേരത്തേ അടച്ചുതീർത്താൽ കുഴപ്പമുണ്ടോ ?” എന്നതാണ് ആ ചോദ്യം.  കാരണം, ഇങ്ങനെ ചോദിച്ച് മാനേജരെ “സുഖിപ്പിച്ച്” വായ്പയെടുക്കുന്നവരിൽ വലിയൊരു വിഭാഗം ഇടപാടുകാർ വായ്പ കിട്ടാക്കടമാക്കിയ അനുഭവമാണ് ബാങ്കുകാർക്കുള്ളത്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നത്, ബാങ്ക് മാനേജരിൽ സംശയം ജനിപ്പിക്കാനും വായ്പ നിഷേധിക്കുന്നതിനു പോലും കാരണമായേക്കാം. ഇനി അഥവാ കാലാവധിക്കു മുന്നേ തന്നെ വായ്പ തിരിച്ചടക്കുന്നതിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നു നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ പിരീഡാകുന്നതിനു മുൻപേ തന്നെ ലോൺ ക്ലോസ് ചെയ്താൽ ചാർജുകളോ പെനാൽറ്റിയോ മറ്റോ ഉണ്ടോ” എന്ന് ഒന്നു രൂപമാറ്റം വരുത്തി ചോദിച്ചാൽ ഭംഗിയായിരിക്കും. ചോദ്യത്തെ ഇങ്ങനെ മാറ്റുന്നതിലൂടെ, വായ്പ കിട്ടാക്കടമാക്കാനല്ല, മറിച്ച്  ചാർജ്, പെനാൽറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചറിയാനാണ് നിങ്ങൾക്ക് താല്പര്യമെന്ന സന്ദേശമാണ് ബാങ്ക് ഉദ്യോഗസ്ഥന് ലഭിക്കുക. അതിലൂടെ, വായ്പ അനുവദിക്കാനുള്ള ആത്മവിശ്വാസവും ഉദ്യോഗസ്ഥന് ലഭിക്കും. 

ഇന്നത്തെ ഗുണപാഠം:  ഡോക്ടറോടും വക്കീലിനോടൂം മാത്രമല്ല, അപ്പോൾ ഇനി മുതൽ ബാങ്ക് മാനേജരോടും കള്ളമൊന്നും പറയാൻ പാടില്ല. കാരണം, ഒരുപക്ഷേ അനുവദിക്കുന്നതിന്റെ അവസാന ഘട്ടത്തിലാവാം കേവലമൊരു കള്ളത്തിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്നത്.

തട്ടിപ്പ് ഇപ്പോൾ കസ്റ്റമർകെയറിന്റെ രൂപത്തിലും

 

വളരെ അത്യാവശ്യമാണ് എന്നറിയിച്ചതിനെ തുടർന്നാണ് ഒരു പേയ്മെന്റ് ആപ്പ് വഴി കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്ക് രോഹിത് പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തത്. രോഹിതിന്റെ അക്കൗണ്ടിൽ നിന്ന് ഉടനടി തന്നെ പതിനായിരം രൂപ കുറവുചെയ്യപ്പെട്ടെങ്കിലും അരമണിക്കൂറായിട്ടും കൂട്ടുകാരന്റെ അക്കൗണ്ടിൽ തുക കയറിയില്ല. 

സാധാരണ ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുമ്പോഴൊക്കെ നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റേ അക്കൗണ്ടിൽ പൈസ കയറാറുള്ളതാണ്. ഒരു തവണയാവട്ടെ, ട്രാൻസാക്ഷൻ ഫെയിൽ ആയെങ്കിലും അയച്ച തുക ഒട്ടും താമസിയാതെ തന്നെ സ്വന്തം അക്കഔണ്ടിൽ തിരികെ വന്ന അനുഭവവും രോഹിതിനുണ്ടായിട്ടുണ്ട്.  ഇതു പക്ഷേ അയച്ച തുക അവിടെയെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയാണ്.  

തട്ടിപ്പ് വന്ന വഴി 

കൂട്ടുകാരന് ഒരു തവണ കൂടി പതിനായിരം അയച്ചുകൊടുക്കുന്നതിനു മുൻപ് സ്വന്തം ബാങ്കിലൊന്ന് പരാതിപ്പെടുന്നതു നല്ലതായിരിക്കുമെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞതനുസരിച്ച് രോഹിത് ബാങ്കിലേയ്ക്കു വിളിച്ചു. അക്കൗണ്ടിൽ നിന്ന് തുക ട്രാൻസ്ഫർ ആയിക്കഴിഞ്ഞ സ്ഥിതിയ്ക്ക് പേയ്മെന്റ് ആപ്പിലാണ് പരാതി നൽകേണ്ടതെന്ന നിർദ്ദേശമാണ് ബാങ്ക് ഓഫീസർ രോഹിതിനു നൽകിയത്. എല്ലാവരേയും പോലെ രോഹിതും സ്വന്തം ബാങ്ക് ശാഖയുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പേയ്മെന്റ് ആപ്പിന്റെ കോണ്ടാക്ട് നമ്പർ കയ്യിൽ ഇല്ലാതിരുന്നതിനാൽ നേരെയങ്ങ് ഗൂഗിൾ ചെയ്തു. 

പാസ് വേഡ് നൽകാമോ

പേയ്മെന്റ് ആപ്പിന്റെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ ഗൂഗിളിൽ നിന്ന് കിട്ടുകയും അതിൽ വിളിച്ച് കാര്യങ്ങൾ വിവരിച്ചതിനു മറുപടിയായി, ഒന്നും ഭയക്കാനില്ലെന്നും കെ വൈ സിയുടെ ഭാഗമായി അക്കൗണ്ട് താൽക്കാലികമായി ലോക്ക് ആയതാണെന്നും മൊബൈലിൽ അയച്ചു കിട്ടുന്ന ഫോം പൂരിപ്പിച്ചു നൽകുന്ന പക്ഷം ഉടനടി തന്നെ പതിനായിരം രൂപ അക്കൗണ്ടിൽ തിരികെ കയറുന്നതാണെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചപ്പോഴാണ് സത്യം പറഞ്ഞാൽ രോഹിതിനു ശ്വാസം നേരെ വീണത്. 

സംസാരിച്ചു ഫോൺ വച്ചയുടനെ തന്നെ, പറഞ്ഞപ്രകാരം ഒരു ലിങ്ക് വരികയും അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങളായ അക്കൗണ്ട് നമ്പർ, പാസ് വേഡ്, തുടങ്ങിയവ രോഹിത് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, പാസ് വേഡ് രേഖപ്പെടുത്തരുത് എന്ന് ഫോമിൽ എഴുതിയിട്ടുണ്ടല്ലോ എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്, ഫോം സബ്മിറ്റ് ചെയ്യുന്നതിനു മുൻപായി രോഹിത് ഒരിക്കൽക്കൂടി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു. 

അവസാനം ഒ ടി പിയും 

പാസ് വേഡ് ആരോടെങ്കിലും പറയുന്നതിലാണ് റിസ്കുള്ളതെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും, പക്ഷേ സ്വന്തം ഫോണിലെ ഫോമിൽ പാസ് വേഡ് കൊടുക്കുന്നത് ഒരിക്കലും റിസ്കാവില്ലെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ധൈര്യം കൊടുത്തു. അതുപ്രകാരം രോഹിത് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തു. തുടർന്ന്, അക്കൗണ്ട് അൺലോക്ക് ചെയ്യുന്നതിനായി ലഭിച്ച ഒ ടി പി കൂടി രോഹിത് പറഞ്ഞു കൊടുത്തു. 

ഒ ടി പി കൊടുത്തതും, രോഹിതിന്റെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്ന ഇരുപത്തൊൻപതിനായിരം രൂപ നിന്ന നിൽപ്പിൽ ഏതോ  അക്കൗണ്ടിലേയ്ക്കു പോയ് മറഞ്ഞു. ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായ രോഹിത് വണ്ടിയെടുത്ത് ബാങ്ക് ശാഖയിൽ ചെന്നെങ്കിലും ഇടപാടുകളെല്ലാം നടന്നു കഴിഞ്ഞതിനാൽ നേരെ സൈബർ സെല്ലിലേയ്ക്ക് വിളിച്ചു പരാതിപ്പെടാനാണ് ബാങ്കുദ്യോഗസ്ഥർ ഉപദേശിച്ചത്. അതുപ്രകാരം സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് രോഹിത്. 

ആന്റിക്ലൈമാക്സ് 

ഗുണപാഠം പറയുന്നതിനു മുൻപായി രോഹിതിന്റെ ഓട്ടത്തിനിടെ  സംഭവിച്ച ഒരു ആന്റിക്ലൈമാക്സിനെപ്പറ്റിയും പറയേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, നെറ്റ് വർക്കിലെ  പ്രശ്നങ്ങൾ മൂലം കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്കു കയറാതെ പോയ പതിനായിരം രൂപ ഇതിനിടെ തിരികെ രോഹിതിന്റെ അക്കൗണ്ടിൽ തിരികെ എത്തിയിട്ടുണ്ടായിരുന്നു. 

ഇനി ഗുണപാഠം:  ഇത്തവണ രണ്ടു പാഠങ്ങളാണ് പഠിക്കാനുള്ളത്. ഏതു സ്ഥാപനത്തിന്റേയും കസ്റ്റമർ കെയർ നമ്പർ ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു തന്നെ നോക്കിയെടുക്കുക എന്നതാണ് ഒന്നാമത്തെ പാഠം.  കസ്റ്റമർ കെയർ നമ്പർ തിരയുന്ന ഉപഭോക്താക്കൾക്ക് എളുപ്പം കിട്ടാൻ പാകത്തിൽ തട്ടിപ്പുകാർ സ്വന്തം നമ്പറുകൾ ലഭ്യമാക്കി അതുപയോഗിച്ച് മേൽ സൂചിപ്പിച്ച തരത്തിൽ നടത്തുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാനാവും എന്നതാണ് ഇങ്ങനെ ശീലിച്ചാലുള്ള ഗുണം. 

ഏതെങ്കിലും ലിങ്ക് വഴി ലഭിക്കുന്ന ഫോമുകളിൽ സ്വന്തം അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, പാസ് വേഡ് തുടങ്ങിയവ ഒരിക്കലും രേഖപ്പെടുത്തരുത് എന്നതാണ് രണ്ടാമത്തെ പാഠം. ആരൊക്കെ എങ്ങനെയൊക്കെ ആ വിവരങ്ങൾ ഉപയോഗിച്ചേക്കാം എന്ന് പറയാനേ പറ്റില്ലല്ലോ. 

പിന്നെ, ഒ ടി പി ആരുമായും പങ്കുവെക്കരുത് എന്ന കാര്യം, ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്ന വാചകത്തിനെക്കാൾ പ്രശസ്തമായതിനാൽ പ്രത്യേകിച്ചൊരു പാഠമായി പറയേണ്ട കാര്യമില്ലല്ലോ, അല്ലേ.

 

1960 കൾ മുതൽ ഇംഗ്ലീഷ് പത്രവും വായിക്കുന്ന ആളാണ് എഴുപത്തഞ്ചുകാരനായ ചാക്കോ മാഷ്. ഇംഗ്ലീഷിൽ അത്രയ്ക്ക് പിടിപാടാണെന്നു ചുരുക്കം. ഇംഗ്ലീഷിലെ പോലെ തന്നെ സാമ്പത്തികത്തിലും ചാക്കോ മാഷ് പുലിയാണ്. അണ- പൈസ കണക്കുകൾ വരെ കൃത്യമായി സൂക്ഷിക്കും എന്നതു കൂടാതെ  ഓഹരിക്കമ്പോളത്തിൽ കൈപൊള്ളാതെ കളിക്കുന്നതിലും അതിവിദഗ്ദ്ധനാണ്. 

അങ്ങനെയുള്ള ചാക്കോ മാഷിനെ ഓൺലൈൻ തട്ടിപ്പുകാർ നൈസായി പറ്റിച്ച കഥയാണ് പറയാൻ പോവുന്നത്. 

കഴിഞ്ഞ ദിവസം മാഷിന് ഒരു ഫോൺകോൾ വന്നു. മാഷിന്റെ എ ടി എം കാർഡിൽ ലഭ്യമായിട്ടുള്ള റിവാർഡ് പോയിന്റുകളുടെ കാലാവധി ഈ മാസത്തോടെ തീരുന്നതാണെന്നും ഇരുപതിനായിരം രൂപയ്ക്കു തുല്യമായ ആ റിവാർഡ് പോയിന്റുകൾ മാഷ് ഇന്നുതന്നെ “റിഡീം” ചെയ്യേണ്ടതാണെന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. 

കോൺവെന്റ് ഇംഗ്ലീഷ് 

മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല കോൺവെന്റ് ഇംഗ്ലീഷിലായിരുന്നു ബാങ്കിന്റെ റിവാർഡ് പോയിന്റ് സെക്ഷനിൽ നിന്നുള്ള പൂനം അഗർവാൾ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുടെ സംഭാഷണം. ഓൺലൈൻ തട്ടിപ്പുകാർ സാധാരണ സംസാരിക്കുന്നത് നാടൻ ഹിന്ദിയിലാണെന്നറിയാമായിരുന്ന ചാക്കോ മാഷ് നല്ല ഇംഗ്ലീഷ് കേട്ട സന്തോഷത്തിൽ പൂനം അഗർവാൾ ഒരു തട്ടിപ്പുകാരിയൊന്നുമായിരിക്കില്ലെന്ന് സ്വയം വിലയിരുത്തി.

കൂടാതെ,’വെരിഫിക്കേഷന്റെ ഭാഗമായി’ പൂനം ചോദിച്ച അമ്മയുടെ പേര്, ജനന തീയതി തുടങ്ങിയവയ്ക്ക് ഉത്തരം നൽകുകയും ചെയ്തു.  

തുടർന്ന് പൂനം എ ടി എം കാർഡ് നമ്പർ ചോദിച്ചപ്പോൾ അങ്ങു പറഞ്ഞുപോയെങ്കിലും ബാങ്കുകാർ ഇതൊന്നും ചോദിക്കാനിടയില്ലല്ലോ എന്ന തിരിച്ചറിവിൽ ഇവൾ തട്ടിപ്പുകാരിയല്ലേ എന്നു മാഷിനു തോന്നിപ്പോയി. ആ ചിന്തയിൽ ചാക്കോ മാഷ് സ്കൂളിനെ ഒന്നടങ്കം വിറപ്പിച്ച തന്റെ പഴയ ‘ഹെഡ്മാസ്റ്റർത്തരം’ പുറത്തെടുക്കുകയും ഫ്രോഡ് പണിക്കാണെങ്കിൽ ഞാൻ നിന്നെ സൈബർ സെല്ലുകാരെക്കൊണ്ട് പൂട്ടിക്കുമെടീ എന്ന് നല്ല ഓക്സ്ഫോർഡ് ശൈലിയിൽ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വേരിഫിക്കേഷൻ 

ഭയന്നുപോയ പൂനം തന്റെ ടീം ലീഡറെന്നു പരിചയപ്പെടുത്തിക്കൊണ്ട് വിശാൽ രസ്തോഗി എന്ന പുരുഷശബ്ദത്തിനു ഫോൺ കൈമാറി. വളരെ സൗമ്യനായ ഒരു പുരുഷശബ്ദമായിരുന്നു വിശാൽ രസ്തോഗി. ആ ശബ്ദത്തിൽ ചാക്കോ മാഷ് ഒന്നടങ്ങി. ചാക്കോ മാഷിന്റെ എല്ലാ വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും സംസാരിക്കുന്നത് മാഷുമായി തന്നെയാണെന്നു തീർച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമാണ് പ്രസ്തുത വിവരങ്ങൾ ചോദിക്കുന്നതെന്നും രസ്തോഗി വിശദീകരിച്ചു. 

ഉദാഹരണത്തിന്, കാർഡിന്റെ  പിറകിലെ ഏഴക്കങ്ങൾ തങ്ങൾക്കറിയാമെന്നും പക്ഷേ അതേ കാർഡാണ് മാഷിന്റെ കയ്യിലിരിക്കുന്നതെന്ന്  തീർച്ചപ്പെടുത്താൻ മാഷ് മിനിമം അവസാന മൂന്നക്കങ്ങളെങ്കിലും പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രസ്തോഗി കാർഡിനു പിറകിലെ ആദ്യ നാലക്കങ്ങൾ മാഷോടു പറഞ്ഞു.  

രസ്തോഗി പറഞ്ഞ അക്കങ്ങൾ കിറുകൃത്യമായിരുന്നു. പാവങ്ങളെ വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തിൽ ചാക്കോ മാഷ് കാർഡിന്റെ പിറകിലെ ബാക്കി മൂന്നക്കങ്ങളും തുടർന്നു വന്ന ഒ ടി പിയും കൂടി പറഞ്ഞുകൊടുത്തു. 

കടുവയെ പിടിച്ച കിടുവ 

വളരെ നാളുകൾക്കു ശേഷം നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ ചാരുകസേരയിലേക്ക് ചായാൻ തുടങ്ങവേയാണ് ചാക്കോ മാഷിനെ ഞെട്ടിച്ചുകൊണ്ട് ആ എസ്എംഎസ് വന്നത്; അക്കൌണ്ടിൽ നിന്ന്  ഇരുപത്തയ്യായിരം രൂപ പിൻവലിക്കപ്പെട്ടത്രെ!. 

കടുവയെ കിടുവ പിടിച്ചല്ലോ എന്നതായിരുന്നു ചാക്കോ മാഷിന്റെ സങ്കടകരമായ ആത്മഗതം. ഒ ടി പി പറഞ്ഞുകൊടുത്തത് തെറ്റാണ് എന്ന് മാഷിനു മനസിലായി. പക്ഷേ കാർഡിനു പിറകിലെ നമ്പർ  എങ്ങനെയാണ് തട്ടിപ്പുകാർ മനസിലാക്കിയത് എന്ന കാര്യം മാഷിന് ഒട്ടും പിടികിട്ടിയില്ല.തുടർന്ന്, തന്റെ ബാങ്ക് മാനേജർ പറഞ്ഞപ്പോഴാണ്  കാർഡിനു പിറകിലെ നമ്പർ എന്താണെന്നും അതിൽ തന്നെ സി വി വി  എന്നത് എന്താണെന്നും മാഷിനു മനസിലായത്. 

എന്താണ് സിവിവി?  

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ പിറകുവശത്ത്, ഒപ്പിടാനുള്ള ഇടത്തിനു പുറത്തായി കാണുന്ന മൂന്നക്ക നമ്പരാണ് സി വി വി (കാർഡ് വെരിഫിക്കേഷൻ വാല്യു) എന്നറിയപ്പെടുന്നത്. സി വി വി നൽകിയാൽ മാത്രമേ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ ഒ ടി പി പോലെ തന്നെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ് സി വി വിയും. 

കാർഡിനു പിറകുവശത്ത് സി വി വിയ്ക്കു പുറമെയുള്ള നാലക്ക നമ്പർ ഏതാണ്

ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾക്ക് പതിനാറക്ക നമ്പരാണല്ലോ ഉള്ളത്. ഇതിലെ അവസാന നാലക്കങ്ങളാണ് കാർഡിന്റെ പിറകു വശത്ത് ഒപ്പിടേണ്ട ഭാഗത്തായി കൊടുത്തിട്ടുള്ളത്. കാർഡിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇങ്ങനെ അവസാന നാലക്ക നമ്പർ പിറകിൽ ആവർത്തിക്കുന്നതെങ്കിലും ഏറ്റവും പുതിയ വേർഷൻ കാർഡുകളിൽ ഇങ്ങനെ കാണാറില്ല. 

എ ടി എം കാർഡിന്റെ നമ്പർ പൂർണമായി ലഭിച്ചിരുന്നതിനാൽ സി വി വി യുടെ ആദ്യഭാഗം പറയുന്നു എന്ന വ്യാജേന തട്ടിപ്പുകാർക്ക് ചാക്കോ മാഷിനെ പറ്റിക്കാൻ സാധിച്ചു എന്ന് ഈ കഥയെ ചുരുക്കിപ്പറയാം. 

ഇന്നത്തെ പാഠം: ഓർക്കുക, സി വി വി എന്ന ചുരുക്കെഴുത്തിൽ അക്ഷരങ്ങൾ മൂന്നേ ഉള്ളൂ എന്നതു പോലെ തന്നെ അക്കങ്ങളും മൂന്നേയുള്ളൂ, ഏഴില്ല !


ഇനി ബാങ്കിൽ പോയിരുന്നു സമയം കളയേണ്ട, മുൻകൂട്ടി ബുക്ക് ചെയ്യാം


 മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ടിരുന്ന കാലമൊക്കെ ഓൺലൈനിൽ ടിക്കറ്റു ബുക്കു ചെയ്യുന്ന പുതുതലമുറയ്ക്കു പഴങ്കഥയാണ്. ഇന്നിപ്പോൾ ആശുപത്രി അപ്പോയ്ന്റ്മെന്റ്, ബ്യൂട്ടി സലൂണിലെ സന്ദർശനം, ക്ഷേത്രദർശനം എന്നുവേണ്ട, വിദേശമദ്യം  വാങ്ങാൻ വരെ ഓൺലൈനായി ബുക്കിംഗ് സൗകര്യം ലഭ്യമാണ്.സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ലാതിരുന്ന ചുരുക്കം മേഖലകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവയിലൊന്നായിരുന്നു ബാങ്കിംഗ്. 

 ഇന്നിപ്പോൾ ആ കുറവും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ശാഖ സന്ദർശിച്ചുകൊണ്ടു നടത്തേണ്ട ബാങ്കിടപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചത് ഫെഡറൽ ബാങ്കാണ്.  

ഫെഡ് സ്വാഗത് എന്ന പേരിലുള്ള ഈ ഓൺലൈൻ ബുക്കിംഗ് സൗകര്യം ബാങ്കിന്റെ വെബ് സൈറ്റിലെ https://www.federalbank.co.in/fed-swagat  ലിങ്കിൽ ലഭ്യമാണ്.  

എങ്ങനെ ബുക്ക് ചെയ്യാം?  

ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ മൊബൈൽ നമ്പറും തുടർന്നു ലഭിക്കുന്ന ഒടിപിയും എന്റർ ചെയ്യുക. തുടർന്ന്, സന്ദർശിക്കാനുദ്ദേശിക്കുന്ന ബാങ്ക് ശാഖ, സന്ദർശനോദ്ദേശ്യം, ആവശ്യമായ തീയതി, സമയം എന്നിവ നൽകിയാൽ ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള എസ് എം എസ് ലഭിക്കുന്നതാണ്.

ഏതെല്ലാം സേവനങ്ങൾ കിട്ടും?  

അക്കൗണ്ട് തുടങ്ങൽ, വായ്പാ-നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, സ്വർണ്ണപ്പണയം, ലോക്കർ, ഒരുലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കൽ തുടങ്ങിയ ഏത് ആവശ്യത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ബ്രാഞ്ച് മാനേജരെ നേരിട്ടു കാണുന്നതിനും ബുക്ക് ചെയ്യാം.   

ഒരേ സമയം ബ്രാഞ്ചിനുള്ളിൽ കടത്തിവിടാവുന്ന ഇടപാടുകാരുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയതു പോലുള്ള  കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, തിരക്കിലൊന്നും പെടാതെ, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇടപാടുകൾ നടത്താനാവുന്നു എന്നതാണ് ഇടപാടുകാർക്കുള്ള പ്രയോജനം. ഫെഡറൽ ബാങ്കിന്റെ രാജ്യമൊട്ടാകെയുള്ള ശാഖകളിൽ സേവനം ലഭ്യമാണ്.

Friday, January 7, 2022

ശ്രീക്കുട്ടിയുടെ സമ്പാദ്യം

 


കള്ളത്തരം ചെയ്തതായിട്ടു തന്നെയാണ് ശ്രീക്കുട്ടിക്കു തോന്നിയത്. അതുകൊണ്ടാവണം നെഞ്ചു വല്ലാതെ പിടച്ചത്. വേഗം നടക്കാൻ നോക്കിയിട്ടു സാധിക്കുന്നുമില്ല.

നീ പൈസ കട്ടു അല്ലേ”? എന്ന് എതിരെ വരുന്നവരും റോഡരികിൽ നിൽക്കുന്നവരുമൊക്കെ ചോദിക്കുന്നതായി  അവൾക്കു തോന്നിപ്പോയി.

സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച്, സ്വന്തം പിൻ നൽകി സ്വന്തം അക്കൗണ്ടിൽ നിന്നാണ് പൈസ എടുത്തത്.

എന്നിട്ടുമെന്തിനാണ് കള്ളത്തരം കാണിച്ചു എന്ന തോന്നൽ എന്നല്ലേ ?

അച്ഛനോടോ അമ്മയോടോ പറയാതെയാണ് എടുത്തത്.

കൂടാതെ, ഒന്നും രണ്ടുമല്ല, രണ്ടായിരം രൂപയല്ലേ എടുത്തത്!

എടുത്തത് എന്തിനാണ് എന്ന കാര്യം കേട്ടാലോ ? പൈസയില്ലാത്ത നേരത്ത് എന്തിനിതു ചെയ്തു എന്നു ചോദിച്ച് അമ്മ തല്ലാനുള്ള സാധ്യതയുമുണ്ട്. അതോർത്തപ്പോൾ തന്നെ ശ്രീക്കുട്ടിക്ക് കരച്ചിലും വന്നു.

പിന്നെ ഒരാശ്വാസമുള്ളതെന്തെന്നാൽ, അക്കൗണ്ടിൽ എത്ര പൈസയാണ് ഉള്ളതെന്ന് അമ്മയ്ക്കും അച്ഛനും അറിയില്ല. ഒരു ഏകദേശ ധാരണ കണ്ടേക്കാമെന്നു മാത്രം.

കോവിഡ് വന്നതിൽ പിന്നെ ബാങ്കിൽ പോയി പാസ്ബുക്ക് പതിപ്പിച്ചിട്ടില്ലല്ലോ!

അതുകൊണ്ട്, അക്കൗണ്ടിൽ നിന്ന് പൈസയെടുത്ത കാര്യം അവർ ഒരിക്കലും അറിയാനേ പോകുന്നില്ല!

പഴയതുപോലെ മൺകുടുക്കയിലാണ് സമ്പാദ്യമിട്ടു വച്ചിരുന്നതെങ്കിൽ ഇതുപോലെ ആവശ്യത്തിന് എടുക്കാനാവില്ലായിരുന്നല്ലോ എന്ന കാര്യം പെട്ടന്നാണ് ശ്രീക്കുട്ടിയുടെ മനസിലേക്കു വന്നത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ മൺകുടുക്കയിൽ ചില്ലറകൾ ഇട്ടു സൂക്ഷിക്കാൻ തുടങ്ങിയത്.  

അഞ്ചാം ക്ലാസിൽ ആയപ്പോഴേക്കും അതു നിറഞ്ഞു. എന്തുമാത്രം ചില്ലറകളായിരുന്നെന്നോ അതു പൊട്ടിച്ചപ്പോൾ കിട്ടിയത് !

ഇരട്ടി വലിപ്പമുള്ള പുതിയൊരു മൺകുടുക്ക വാങ്ങിത്തരാൻ അവൾ അച്ഛനോടു പറഞ്ഞു.

കുടുക്കയൊന്നും വേണ്ട, വലിയ കുട്ടിയായില്ലേ, ഇനി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞ് അച്ഛൻ അവളെ അന്ന് ബാങ്കിലേക്കു കൂട്ടിക്കൊണ്ടു പോയി.

ആധാർ കാർഡും ഒരു ഫോട്ടോയും  കൂടാതെ ഒരു ഫോമിൽ ഒപ്പും കൂടി ഇട്ടുകൊടുത്തതേയുള്ളൂ,  അവൾക്കും അക്കൗണ്ടായി.

ബാങ്ക് അക്കൗണ്ടിന്റെ മെച്ചം എന്താണെന്ന് മോൾക്കറിയാമോ?’ അന്ന് ബാങ്ക് മാനേജർ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.

മൺകുടുക്ക ആരെങ്കിലും മോഷ്ടിച്ചാൽ മോളുടെ പൈസ മുഴുവന്‍ പോവൂല്ലേ. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആർക്കും മോഷ്ടിക്കാനാവൂല്ലമാനേജർ പറഞ്ഞു. കൂടാതെ, അക്കൗണ്ടിലിടുന്ന പൈസക്ക് പലിശയും കിട്ടും.’

ഇടയ്ക്ക് നോട്ട് നിരോധനം വന്നാൽ കുടുക്കയിലെ പൈസ അസാധുവാകും. പക്ഷേ ബാങ്കിലെ പൈസയ്ക്ക് ഒരു കുഴപ്പവും പറ്റില്ല’, എന്നു കൂട്ടിച്ചേർത്തിട്ട് ശ്രീക്കുട്ടിയുടെ അച്ഛനും മാനേജരും പൊട്ടിച്ചിരിച്ചു.

അന്നുതന്നെ അവൾക്ക് പാസ്ബുക്ക് കിട്ടി.  ഒരാഴ്ച കഴിഞ്ഞിട്ടാണ് എടിഎം കാർഡ് കിട്ടിയത്.

സ്വന്തം പേരെഴുതിയ എടിഎം കാർഡ് ! അവളത് കൂട്ടുകാരെയൊക്കെ കാണിച്ചു.  പിന്നെ ഭദ്രമായി പെട്ടിയിൽ വച്ചു.

കുടുക്ക പൊട്ടിച്ചു കിട്ടിയ ആയിരത്തി ഇരുന്നൂറു രൂപയും അച്ഛൻ കൊടുത്ത എണ്ണൂറു രൂപയും ചേർത്ത് രണ്ടായിരം രൂപയായിരുന്നു അക്കൗണ്ടിൽ ആദ്യദിവസം ഇട്ടത്.

പിന്നെ പല തവണകളായി എത്ര പൈസയാണെന്നോ ഇട്ടത് !

സുബിച്ചേച്ചിയുടെ എൻഗേജ്മെന്റിന് മെഹന്തി ഇടാൻ സഹായിച്ചപ്പോൾ കിട്ടിയ അഞ്ഞൂറു രൂപയാണ് ഏറ്റവും വലിയ തുക. ഗുരുവായൂരു പോയപ്പോൾ വളയും മാലയും വാങ്ങാനായി ശുഭയാന്റി കൊടുത്ത മുന്നൂറു രൂപയും അവൾ അക്കൗണ്ടിലിട്ടു.

നിന്റച്ഛനെ പോലെ നീയും സമ്പാദിക്കാൻ തുടങ്ങിയോടീ?’ എന്ന് ശുഭാന്റി  അന്ന് അവളോടു ചോദിക്കുകയും ചെയ്തു.

അവള് സമ്പാദിക്കുകയാ ചേച്ചീ. അഞ്ചുപൈസാ പോലും ആർക്കും കൊടുക്കില്ല’, അമ്മ പറഞ്ഞു.

എട്ടിലെത്തുമ്പോൾ എനിക്ക് ഗിയറുള്ള സൈക്കിൾ വാങ്ങണം. ആൺപിള്ളാരെ പോലെ സ്റ്റൈലായി ചവിട്ടണം. അതിനാ പൈസാ കൂട്ടി വെക്കണേ’, ശ്രീക്കുട്ടി അന്ന് ശുഭാന്റിക്ക് മറുപടി നൽകി.

അന്നങ്ങനെ പറഞ്ഞെങ്കിലും സൈക്കിളിനോടുള്ള അവളുടെ ആവേശം പെട്ടന്നു തന്നെ ഇല്ലാതായി. പകരം, അക്കൗണ്ടിൽ ഒത്തിരി പൈസ നിറയ്ക്കുക എന്നതു മാത്രമായി ലക്ഷ്യം.

പലിശയൊക്കെ ചേർത്ത് അക്കൗണ്ടിൽ എത്ര രൂപയായി എന്ന് ഇടയ്ക്കിടെ പാസ്ബുക്കെടുത്തു നോക്കലായിരുന്നു പിന്നീട് ശ്രീക്കുട്ടിയുടെ സ്ഥിരം പരിപാടി.

കോവിഡ് കാലത്ത് പക്ഷേ പാസ്ബുക്ക് പതിപ്പിക്കൽ സമയത്തിനു നടക്കുമായിരുന്നില്ല.

അങ്ങനെയാണ് ബാങ്ക് മാനേജർ അവൾക്ക് നെറ്റ്ബാങ്കിംഗ് വഴി ബാലൻസ് കാണാനുള്ള യൂസർ ഐഡിയും പാസ് വേഡുമൊക്കെ ശരിയാക്കിക്കൊടുത്തത്.

അതിനുശേഷം പാസ്ബുക്കിനു പകരം  നെറ്റ്ബാങ്കിംഗിൽ കയറിയാണ് ശ്രീക്കുട്ടി അക്കൗണ്ടിൽ പൈസ എത്രയുണ്ടെന്നു നോക്കാറ്.

ഇപ്പോൾ പാസ്ബുക്കിൽ ഏതാണ്ട് നാലായിരം രൂപയേ കാണിക്കുന്നുള്ളൂ. എങ്കിലും അവളുടെ അക്കൗണ്ടിൽ ഏഴായിരത്തിലധികം രൂപയുണ്ട്. ദിവസവും ബാങ്കിൽ പോകുന്ന അച്ഛനു പോലും അതറിയില്ല.  അവൾക്കു മാത്രമേ അതറിയൂ.

****                      ****                      ****

ഉച്ചയ്ക്ക് അച്ഛൻ വന്നു കയറിയപ്പോൾ ഹോംവർക്ക് ചെയ്യുന്നു എന്ന മട്ടിൽ ശ്രീക്കുട്ടി തിരക്ക് അഭിനയിച്ചു.  

അച്ഛനാണെങ്കിലോ, ഊണുകഴിക്കാനായി അകത്തേയ്ക്കു പോവുന്ന മട്ടിൽ നിന്നിട്ട് പെട്ടന്ന് ശ്രീക്കുട്ടിയ്ക്കു സമീപം വന്ന് ശബ്ദം താഴ്ത്തി അമ്മ കേൾക്കാതെ എന്തിനാ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപ എടുത്തത്എന്നു ചോദിക്കുകയാണു ചെയ്തത്.

ചോദ്യം കേട്ട് ശ്രീക്കുട്ടി ഞെട്ടി.

ഞെട്ടി എന്നു മാത്രമല്ല പൊട്ടിക്കരഞ്ഞു പോവുകയും ചെയ്തു.

കരച്ചിൽ അമ്മയും അപ്പൂപ്പനുമൊക്കെ  കേൾക്കാതിരിക്കാനായി അച്ഛൻ അവളെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

 പേടിക്കണ്ട, എന്തുകാര്യത്തിന് എടുത്തതായാലും അച്ഛൻ വഴക്കിടില്ല’, എന്ന് അച്ഛൻ തോളത്തു തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് അവളുടെ കരച്ചിൽ അടങ്ങിയതും എന്തിനാണ് പൈസ എടുത്തെന്ന് അവൾ പറഞ്ഞതും.

അവളുടെ ബെസ്റ്റ് ഫ്രണ്ടാണ് ആർദ്രാ ചന്ദ്രൻ. ആർദ്രയുടെ അമ്മയ്ക്ക് എന്തോ വലിയ അസുഖമാണ്. ചികിത്സയ്ക്ക് ഒരുപാടു കാശു വേണം. ആർദ്രയുടെ അച്ഛന്റെ പക്കൽ അത്രയും കാശില്ല. ക്ലാസിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളാലാവുന്ന കാശ് ആർദ്രയെ ഏൽപ്പിക്കുന്നുണ്ട്. അമ്മ അഞ്ഞൂറു രൂപയാണ് ശ്രീക്കുട്ടിയ്ക്കു കൊടുത്തത്. 

പക്ഷേ ടീച്ചർമാർ ഇട്ടതും ചേർത്ത് ഇതുവരെ ആകെ പതിനെട്ടായിരം രൂപയേ ആയുള്ളൂ. ഇരുപതിനായിരം രൂപ തികയ്ക്കാനാണ് ശ്രീക്കുട്ടി തന്റെ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപയെടുത്തത്.

നല്ല കാര്യമല്ലേ മോളൂ, ഇതിനു കരയണോ?’ അച്ഛൻ അവളെ ആശ്വസിപ്പിച്ചു.

സമ്പാദ്യശീലം വളർത്താനായി തുടങ്ങിയ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തത്, അതും രണ്ടായിരം രൂപ എടുത്തത് ഒട്ടും മനസുണ്ടായിട്ടല്ലെന്നും ആർദ്രയുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയിട്ടാണെന്നും കരഞ്ഞുകൊണ്ട് അച്ഛനോടു പറയുന്നതിനിടെ, ഇരുവരും മുറ്റത്ത് എന്തെടുക്കുവാണെന്ന് അറിയാനായി ശ്രീക്കുട്ടിയുടെ അമ്മയും  വന്നു.

അച്ഛൻ അമ്മയോടു കാര്യങ്ങൾ പറഞ്ഞു. അക്കൗണ്ട് ശ്രീക്കുട്ടിയുടേതാണെങ്കിലും അക്കൗണ്ടിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അച്ഛന്റേതാണ്. ശ്രീക്കുട്ടി പൈസ എടുത്തപ്പോൾ അച്ഛന് ബാങ്കിൽ നിന്ന് എസ് എം എസ് ലഭിച്ചു. അങ്ങനെയാണ് ആരുമറിയില്ലെന്ന് ശ്രീക്കുട്ടി കരുതിയ കാര്യം അച്ഛൻ അറിഞ്ഞത്.

ദേഷ്യപ്പെട്ടേക്കും എന്നും വഴക്കിട്ടേക്കും എന്ന് ശ്രീക്കുട്ടി ഭയന്ന അമ്മ പക്ഷേ അവളെ വാരിയെടുത്തങ്ങ് ഉമ്മ വച്ചു.

താൻ പൈസ എടുത്തതിൽ അച്ഛനും അമ്മയ്ക്കും പരിഭവമില്ലെന്നു മനസിലായപ്പോൾ ശ്രീക്കുട്ടിക്ക് വളരെ ആശ്വാസമായി.

ശ്രീക്കുട്ടിയുടെ അച്ഛന് പരിഭവമില്ലായിരുന്നു എന്നു മാത്രമല്ല തുടർന്ന് എന്തൊക്കെയാണു ചെയ്തതെന്നോ?

ഉച്ചകഴിഞ്ഞ് കടയിൽ പോവാതെ ശ്രീക്കുട്ടിയേയും അമ്മയേയും സജിച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ ആർദ്രയുടെ വീട്ടിലേക്കു വിട്ടു. പഞ്ചായത്ത് മെംബറേയും കൂട്ടി പിറകെ ബൈക്കിൽ ചെന്നു.

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പറ്റതെ കിടക്കുന്ന ആർദ്രയുടെ അമ്മയോട് ശ്രീക്കുട്ടിയും അമ്മയും വിവരങ്ങൾ തിരക്കുമ്പോൾ ശ്രീക്കുട്ടിയുടെ അച്ഛനും മെംബറും മാറി നിന്ന്  ആർദ്രയുടെ അച്ഛനുമായി സംസാരിച്ചു.

വൈകുന്നേരത്തിനുള്ളില്‍ ആർദ്രയുടെ അമ്മയുടേയും അച്ഛന്റേയും പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിക്കൊടുത്തു. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്കായി മെംബർ വഴി അപേക്ഷ കൊടുപ്പിച്ചു.

ഒരു സന്നദ്ധസംഘടനയ്ക്ക് ആർദ്രയുടെ അമ്മയുടെ രോഗവിവരങ്ങൾ കാട്ടി ഇ മെയിൽ അയപ്പിച്ചു. അച്ഛന്റെ പരിചയക്കാരനായ തിരുവനന്തപുരത്തുള്ള ഡോക്ടറുടെ അടുത്ത് വിദഗ്ധ പരിശോധനയ്ക്ക് സമയം അനുവദിപ്പിച്ചു.

ഇതെല്ലാം കഴിഞ്ഞ്,  കടയിലും കയറി അച്ഛൻ മടങ്ങിയെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

അച്ഛൻ കയറിവന്നപ്പോൾ ലാപ്ടോപ്പിൽ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു ശ്രീക്കുട്ടി.

സമ്പാദ്യം അൽപം കുറഞ്ഞാലെന്താ, നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരപ്പെട്ടില്ലേ’, അച്ഛൻ പറഞ്ഞു.

എട്ടിലെത്തുമ്പൊ നമുക്ക് എങ്ങനേലും സൈക്കിള് വാങ്ങാടാ’, സൈക്കിൾ വാങ്ങാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലാണ് ശ്രീക്കുട്ടി അക്കൗണ്ട് നോക്കിയിരിക്കുന്നതെന്നു കരുതി അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു.

സൈക്കിളിന്റെ കാര്യമോർത്ത് എനിക്ക് സങ്കടമൊന്നുമില്ലമ്മേ’, ശ്രീക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു.

അവൾ പറഞ്ഞത് സത്യമായിരുന്നു. സൈക്കിളൊന്നും അവളുടെ ചിന്തയിലേ ഇല്ലായിരുന്നു. ആർദ്രയുടെ അമ്മയുടെ അസുഖം എത്രയും പെട്ടന്നു മാറിക്കാണണം എന്നതു മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്.   

പിന്നെന്താ അവൾ അക്കൗണ്ട് നോക്കിക്കൊണ്ടിരുന്നതെന്നല്ലേ ?

അക്കൗണ്ടിൽ പൈസ കൂടുന്നതു കണ്ട് സന്തോഷിക്കലായിരുന്നല്ലോ ഇത്രനാളും അവളുടെ പരിപാടി. എന്നാൽ അക്കൗണ്ടിൽ നിന്ന് പൈസ കുറഞ്ഞതു കണ്ടിട്ട് ഇന്നാദ്യമായിട്ടാണ്  അവൾക്കു സന്തോഷം തോന്നിയത്.

ആ സന്തോഷം മനസു നിറച്ച് ആസ്വദിക്കുകയായിരുന്നു അവൾ!

****                      ****                      ****


വീട്ടു ചെലവുകൾ കുട്ടികള്‍ നടത്തട്ടെ, അതും ഇങ്ങനെ സ്മാർട്ടായി തന്നെ

 


വീട്ടു ചെലവുകൾ കുട്ടികളെ ഏൽപ്പിച്ചാലോ ?

കുട്ടുവിന് അച്ഛൻ സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിക്കൊടുത്തു എന്നു മാത്രമല്ല കുട്ടുവിന്റെ പേരുപതിച്ച എടിഎം കാർഡും വാങ്ങിക്കൊടുത്തു. തുടർന്ന് സൂപ്പർ മാർക്കറ്റിൽ പോവുന്നത് കുട്ടുവിന് ആവേശമായി. സ്വന്തം പേരിലുള്ള ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്യുന്നതിലെ സന്തോഷത്തിലുപരി, അങ്ങനെ സ്വൈപ് ചെയ്യുമ്പോൾ കിട്ടുന്ന റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് വർഷാവസാനം ഒരടിപൊളി റിമോട്ട് കൺട്രോൾ കാർ  വാങ്ങാൻ പറ്റിയേക്കും എന്ന ആവേശമാണ്  അവനുണ്ടായിരുന്നത്.

അങ്ങനെ പോയിപ്പോയി കുട്ടിവിനിപ്പോൾ സാധനങ്ങളുടെയെല്ലാം വിലയെല്ലാം മനപ്പാഠമായി എന്നതു കൂടാതെ, ഏതു ബ്രാൻഡാണ് നല്ലതെന്നും ഏതിനാണ് വിലക്കുറവെന്നുമൊക്കെ അമ്മയെക്കാൾ ധാരണയായി എന്നു പോലും പറയാം. 

കുട്ടുവിന്റെ അച്ഛൻ ചെയ്തത് ശരിയാണോ,  നമ്മളാണെങ്കിൽ ചെയ്യുമോ  എന്നൊക്കെ തോന്നിപ്പോയി എങ്കിൽ തീർച്ചയായും തുടർന്നു വായിക്കണം.

സമ്പാദ്യശീലം/ ചെലവാക്കൽ ശീലം 

സമ്പാദ്യശീലത്തെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണമെന്നതിൽ രണ്ടഭിപ്രായമുണ്ടാവാൻ സാധ്യതയില്ല. അതേപോലെ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ് ചെലവഴിക്കൽ ശീലം.  

എന്നാൽ, സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടു മതി കുട്ടികൾ സ്വന്തമായി ചെലവഴിക്കാൻ എന്നാണ് പല മാതാപിതാക്കളും സ്വീകരിക്കുന്ന നയം. കുട്ടികൾ ധാരാളിത്തം കാട്ടും, അല്ലെങ്കിൽ ചതിക്കപ്പെടും, അതുമല്ലെങ്കിൽ അനാവശ്യമായ സാധനങ്ങൾ വാങ്ങിച്ചുകൂട്ടി പണം ദുർവ്യയം ചെയ്യും എന്നതൊക്കെയാണ് ഒട്ടുമിക്ക മാതാപിതാക്കളും പങ്കുവെക്കുന്ന ആശങ്കകൾ. 

പക്ഷേ, ചെറുപ്രായം മുതൽ തന്നെ തങ്ങളുടെ മേൽനോട്ടത്തിൽ, പണം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്കു നൽകുന്ന പക്ഷം അവർക്ക് മികച്ച ചെലവഴിക്കൽ ശീലം വളർത്തിയെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.  

പണ്ടത്തെ രീതിയിലുള്ള സമ്പാദ്യശീലം പഠിച്ചെടുക്കാൻ വലിയ പ്രയാസമില്ല. മൺകുടുക്കയിലും പൗഡർ ടിന്നിലുമൊക്കെയായി ചില്ലറ നാണയങ്ങൾ ഇട്ടുകൊണ്ടായിരിക്കുമല്ലോ പണ്ടൊക്കെ മിക്കവരും തങ്ങളുടെ സമ്പാദ്യശീലം തുടങ്ങിയിട്ടുണ്ടാവുക. 

എന്നാൽ ഇന്നാവട്ടെ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട്, ആർ ഡി, എസ് ഐ പി തുടങ്ങി സമ്പാദ്യശീലം വളർത്താൻ മാർഗങ്ങൾ അനേകമാണുള്ളത്. അതിനുസരിച്ചുള്ള മാറ്റങ്ങളാണ് കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടുകളിലും വന്നിരിക്കുന്നത്. 

ഏന്തൊക്കെയാണു മാറ്റങ്ങൾ? 

മുതിർന്നവരുടെ അക്കൗണ്ടുകളിലുണ്ടായ മാറ്റങ്ങളുടെ ചുവടു പിടിച്ച് കുട്ടികളുടെ അക്കൗണ്ടുകളിലും ഒട്ടനവധി ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. എ ടി എം കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് എന്നതു കൂടാതെ നിശ്ചിതപരിധിക്കുള്ളിലുള്ള ഓൺലൈൻ ഷോപ്പിംഗും ബന്ധപ്പെട്ട ഓഫറുകളുമൊക്കെ കുട്ടികളുടെ അക്കൗണ്ടുകളിൽ ലഭ്യമാണ്. 

ഏതു പ്രായത്തിലുള്ള കുട്ടികൾക്കാണ് അക്കൗണ്ടുകൾ തുടങ്ങാൻ കഴിയുക ? 

പത്തുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായും പത്തിനു താഴെയുള്ളവർക്ക് രക്ഷാകർത്താവുമായി ചേർന്നുമാണ് അക്കൗണ്ട് തുടങ്ങാനാവുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആധാറിന്റെ കോപ്പി ബാങ്കിൽ നൽകി മുതിർന്നവർക്കുള്ള അക്കൗണ്ടാക്കി മാറ്റാവുന്നതാണ്. 

എത്രമാത്രം സുരക്ഷിതം ? 

കുട്ടികൾ ഇടപാടു നടത്തി പരിശീലിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് അക്കൗണ്ടുകൾ തുടങ്ങുന്നത് എന്നതിനാൽ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ഇടപാടുപരിധി മിക്ക ബാങ്കുകളും 5000 രൂപയ്ക്കു താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഇടപാടുകൾ കാണാമെന്നല്ലാതെ നടത്താനുള്ള സൗകര്യം  പല ബാങ്കുകളും അനുവദിക്കാറില്ല. നടത്താൻ അനുവദിച്ചാൽ തന്നെ  മാതാപിതാക്കളുടെ അക്കൗണ്ടിലേക്കോ മൊബൈൽ റീചാർജ്, കറൻറ് ബിൽ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്കോ ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ,  അക്കൗണ്ടിൽ സ്വന്തം മൊബൈൽ നമ്പരാണ് നൽകുന്നതെങ്കിൽ ഇടപാടുവിവരങ്ങളെല്ലാം തത്സമയം തന്നെ രക്ഷാകർത്താവിന് അറിയാനും സാധിക്കുന്നതാണ്. 

കുട്ടികൾക്കുള്ള അക്കൗണ്ടുകൾ ഒരുക്കിയിരിക്കുന്ന ചില ബാങ്കുകൾ 

*ഫെഡറൽ ബാങ്കിന്റെ ഫെഡ് ഫസ്റ്റ് 

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഹലാ കദം, പെഹലി ഉഡാൻ എന്നിവ 

*എച്ച് ഡി എഫ് സി ബാങ്കിന്റെ കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട് 

*കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ജൂനിയർ 


ചുരുക്കിപ്പറഞ്ഞാൽ: 

ചുരുക്കിപ്പറഞ്ഞാൽ, സമ്പാദ്യശീലം വളർത്താൻ മാത്രമേ കുടുക്കയ്ക്കു സാധിക്കൂ. ബാങ്ക് അക്കൗണ്ട് ആവട്ടെ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം തന്നെ, ചിട്ടയോടെ എങ്ങനെയാണ് പണം ചെലവഴിക്കേണ്ടതെന്നും ബാങ്കിടപാടുകൾ നടത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റുമുള്ള സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ കൂടി കുട്ടികളെ പരിചയപ്പെടുത്തുന്നു.