Sunday, May 29, 2022

 

1960 കൾ മുതൽ ഇംഗ്ലീഷ് പത്രവും വായിക്കുന്ന ആളാണ് എഴുപത്തഞ്ചുകാരനായ ചാക്കോ മാഷ്. ഇംഗ്ലീഷിൽ അത്രയ്ക്ക് പിടിപാടാണെന്നു ചുരുക്കം. ഇംഗ്ലീഷിലെ പോലെ തന്നെ സാമ്പത്തികത്തിലും ചാക്കോ മാഷ് പുലിയാണ്. അണ- പൈസ കണക്കുകൾ വരെ കൃത്യമായി സൂക്ഷിക്കും എന്നതു കൂടാതെ  ഓഹരിക്കമ്പോളത്തിൽ കൈപൊള്ളാതെ കളിക്കുന്നതിലും അതിവിദഗ്ദ്ധനാണ്. 

അങ്ങനെയുള്ള ചാക്കോ മാഷിനെ ഓൺലൈൻ തട്ടിപ്പുകാർ നൈസായി പറ്റിച്ച കഥയാണ് പറയാൻ പോവുന്നത്. 

കഴിഞ്ഞ ദിവസം മാഷിന് ഒരു ഫോൺകോൾ വന്നു. മാഷിന്റെ എ ടി എം കാർഡിൽ ലഭ്യമായിട്ടുള്ള റിവാർഡ് പോയിന്റുകളുടെ കാലാവധി ഈ മാസത്തോടെ തീരുന്നതാണെന്നും ഇരുപതിനായിരം രൂപയ്ക്കു തുല്യമായ ആ റിവാർഡ് പോയിന്റുകൾ മാഷ് ഇന്നുതന്നെ “റിഡീം” ചെയ്യേണ്ടതാണെന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. 

കോൺവെന്റ് ഇംഗ്ലീഷ് 

മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല കോൺവെന്റ് ഇംഗ്ലീഷിലായിരുന്നു ബാങ്കിന്റെ റിവാർഡ് പോയിന്റ് സെക്ഷനിൽ നിന്നുള്ള പൂനം അഗർവാൾ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുടെ സംഭാഷണം. ഓൺലൈൻ തട്ടിപ്പുകാർ സാധാരണ സംസാരിക്കുന്നത് നാടൻ ഹിന്ദിയിലാണെന്നറിയാമായിരുന്ന ചാക്കോ മാഷ് നല്ല ഇംഗ്ലീഷ് കേട്ട സന്തോഷത്തിൽ പൂനം അഗർവാൾ ഒരു തട്ടിപ്പുകാരിയൊന്നുമായിരിക്കില്ലെന്ന് സ്വയം വിലയിരുത്തി.

കൂടാതെ,’വെരിഫിക്കേഷന്റെ ഭാഗമായി’ പൂനം ചോദിച്ച അമ്മയുടെ പേര്, ജനന തീയതി തുടങ്ങിയവയ്ക്ക് ഉത്തരം നൽകുകയും ചെയ്തു.  

തുടർന്ന് പൂനം എ ടി എം കാർഡ് നമ്പർ ചോദിച്ചപ്പോൾ അങ്ങു പറഞ്ഞുപോയെങ്കിലും ബാങ്കുകാർ ഇതൊന്നും ചോദിക്കാനിടയില്ലല്ലോ എന്ന തിരിച്ചറിവിൽ ഇവൾ തട്ടിപ്പുകാരിയല്ലേ എന്നു മാഷിനു തോന്നിപ്പോയി. ആ ചിന്തയിൽ ചാക്കോ മാഷ് സ്കൂളിനെ ഒന്നടങ്കം വിറപ്പിച്ച തന്റെ പഴയ ‘ഹെഡ്മാസ്റ്റർത്തരം’ പുറത്തെടുക്കുകയും ഫ്രോഡ് പണിക്കാണെങ്കിൽ ഞാൻ നിന്നെ സൈബർ സെല്ലുകാരെക്കൊണ്ട് പൂട്ടിക്കുമെടീ എന്ന് നല്ല ഓക്സ്ഫോർഡ് ശൈലിയിൽ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വേരിഫിക്കേഷൻ 

ഭയന്നുപോയ പൂനം തന്റെ ടീം ലീഡറെന്നു പരിചയപ്പെടുത്തിക്കൊണ്ട് വിശാൽ രസ്തോഗി എന്ന പുരുഷശബ്ദത്തിനു ഫോൺ കൈമാറി. വളരെ സൗമ്യനായ ഒരു പുരുഷശബ്ദമായിരുന്നു വിശാൽ രസ്തോഗി. ആ ശബ്ദത്തിൽ ചാക്കോ മാഷ് ഒന്നടങ്ങി. ചാക്കോ മാഷിന്റെ എല്ലാ വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും സംസാരിക്കുന്നത് മാഷുമായി തന്നെയാണെന്നു തീർച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമാണ് പ്രസ്തുത വിവരങ്ങൾ ചോദിക്കുന്നതെന്നും രസ്തോഗി വിശദീകരിച്ചു. 

ഉദാഹരണത്തിന്, കാർഡിന്റെ  പിറകിലെ ഏഴക്കങ്ങൾ തങ്ങൾക്കറിയാമെന്നും പക്ഷേ അതേ കാർഡാണ് മാഷിന്റെ കയ്യിലിരിക്കുന്നതെന്ന്  തീർച്ചപ്പെടുത്താൻ മാഷ് മിനിമം അവസാന മൂന്നക്കങ്ങളെങ്കിലും പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രസ്തോഗി കാർഡിനു പിറകിലെ ആദ്യ നാലക്കങ്ങൾ മാഷോടു പറഞ്ഞു.  

രസ്തോഗി പറഞ്ഞ അക്കങ്ങൾ കിറുകൃത്യമായിരുന്നു. പാവങ്ങളെ വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തിൽ ചാക്കോ മാഷ് കാർഡിന്റെ പിറകിലെ ബാക്കി മൂന്നക്കങ്ങളും തുടർന്നു വന്ന ഒ ടി പിയും കൂടി പറഞ്ഞുകൊടുത്തു. 

കടുവയെ പിടിച്ച കിടുവ 

വളരെ നാളുകൾക്കു ശേഷം നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ ചാരുകസേരയിലേക്ക് ചായാൻ തുടങ്ങവേയാണ് ചാക്കോ മാഷിനെ ഞെട്ടിച്ചുകൊണ്ട് ആ എസ്എംഎസ് വന്നത്; അക്കൌണ്ടിൽ നിന്ന്  ഇരുപത്തയ്യായിരം രൂപ പിൻവലിക്കപ്പെട്ടത്രെ!. 

കടുവയെ കിടുവ പിടിച്ചല്ലോ എന്നതായിരുന്നു ചാക്കോ മാഷിന്റെ സങ്കടകരമായ ആത്മഗതം. ഒ ടി പി പറഞ്ഞുകൊടുത്തത് തെറ്റാണ് എന്ന് മാഷിനു മനസിലായി. പക്ഷേ കാർഡിനു പിറകിലെ നമ്പർ  എങ്ങനെയാണ് തട്ടിപ്പുകാർ മനസിലാക്കിയത് എന്ന കാര്യം മാഷിന് ഒട്ടും പിടികിട്ടിയില്ല.തുടർന്ന്, തന്റെ ബാങ്ക് മാനേജർ പറഞ്ഞപ്പോഴാണ്  കാർഡിനു പിറകിലെ നമ്പർ എന്താണെന്നും അതിൽ തന്നെ സി വി വി  എന്നത് എന്താണെന്നും മാഷിനു മനസിലായത്. 

എന്താണ് സിവിവി?  

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളുടെ പിറകുവശത്ത്, ഒപ്പിടാനുള്ള ഇടത്തിനു പുറത്തായി കാണുന്ന മൂന്നക്ക നമ്പരാണ് സി വി വി (കാർഡ് വെരിഫിക്കേഷൻ വാല്യു) എന്നറിയപ്പെടുന്നത്. സി വി വി നൽകിയാൽ മാത്രമേ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ ഒ ടി പി പോലെ തന്നെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ് സി വി വിയും. 

കാർഡിനു പിറകുവശത്ത് സി വി വിയ്ക്കു പുറമെയുള്ള നാലക്ക നമ്പർ ഏതാണ്

ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾക്ക് പതിനാറക്ക നമ്പരാണല്ലോ ഉള്ളത്. ഇതിലെ അവസാന നാലക്കങ്ങളാണ് കാർഡിന്റെ പിറകു വശത്ത് ഒപ്പിടേണ്ട ഭാഗത്തായി കൊടുത്തിട്ടുള്ളത്. കാർഡിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇങ്ങനെ അവസാന നാലക്ക നമ്പർ പിറകിൽ ആവർത്തിക്കുന്നതെങ്കിലും ഏറ്റവും പുതിയ വേർഷൻ കാർഡുകളിൽ ഇങ്ങനെ കാണാറില്ല. 

എ ടി എം കാർഡിന്റെ നമ്പർ പൂർണമായി ലഭിച്ചിരുന്നതിനാൽ സി വി വി യുടെ ആദ്യഭാഗം പറയുന്നു എന്ന വ്യാജേന തട്ടിപ്പുകാർക്ക് ചാക്കോ മാഷിനെ പറ്റിക്കാൻ സാധിച്ചു എന്ന് ഈ കഥയെ ചുരുക്കിപ്പറയാം. 

ഇന്നത്തെ പാഠം: ഓർക്കുക, സി വി വി എന്ന ചുരുക്കെഴുത്തിൽ അക്ഷരങ്ങൾ മൂന്നേ ഉള്ളൂ എന്നതു പോലെ തന്നെ അക്കങ്ങളും മൂന്നേയുള്ളൂ, ഏഴില്ല !


ഇനി ബാങ്കിൽ പോയിരുന്നു സമയം കളയേണ്ട, മുൻകൂട്ടി ബുക്ക് ചെയ്യാം


 മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ടിരുന്ന കാലമൊക്കെ ഓൺലൈനിൽ ടിക്കറ്റു ബുക്കു ചെയ്യുന്ന പുതുതലമുറയ്ക്കു പഴങ്കഥയാണ്. ഇന്നിപ്പോൾ ആശുപത്രി അപ്പോയ്ന്റ്മെന്റ്, ബ്യൂട്ടി സലൂണിലെ സന്ദർശനം, ക്ഷേത്രദർശനം എന്നുവേണ്ട, വിദേശമദ്യം  വാങ്ങാൻ വരെ ഓൺലൈനായി ബുക്കിംഗ് സൗകര്യം ലഭ്യമാണ്.സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ലാതിരുന്ന ചുരുക്കം മേഖലകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവയിലൊന്നായിരുന്നു ബാങ്കിംഗ്. 

 ഇന്നിപ്പോൾ ആ കുറവും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ശാഖ സന്ദർശിച്ചുകൊണ്ടു നടത്തേണ്ട ബാങ്കിടപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചത് ഫെഡറൽ ബാങ്കാണ്.  

ഫെഡ് സ്വാഗത് എന്ന പേരിലുള്ള ഈ ഓൺലൈൻ ബുക്കിംഗ് സൗകര്യം ബാങ്കിന്റെ വെബ് സൈറ്റിലെ https://www.federalbank.co.in/fed-swagat  ലിങ്കിൽ ലഭ്യമാണ്.  

എങ്ങനെ ബുക്ക് ചെയ്യാം?  

ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ മൊബൈൽ നമ്പറും തുടർന്നു ലഭിക്കുന്ന ഒടിപിയും എന്റർ ചെയ്യുക. തുടർന്ന്, സന്ദർശിക്കാനുദ്ദേശിക്കുന്ന ബാങ്ക് ശാഖ, സന്ദർശനോദ്ദേശ്യം, ആവശ്യമായ തീയതി, സമയം എന്നിവ നൽകിയാൽ ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള എസ് എം എസ് ലഭിക്കുന്നതാണ്.

ഏതെല്ലാം സേവനങ്ങൾ കിട്ടും?  

അക്കൗണ്ട് തുടങ്ങൽ, വായ്പാ-നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, സ്വർണ്ണപ്പണയം, ലോക്കർ, ഒരുലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കൽ തുടങ്ങിയ ഏത് ആവശ്യത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ബ്രാഞ്ച് മാനേജരെ നേരിട്ടു കാണുന്നതിനും ബുക്ക് ചെയ്യാം.   

ഒരേ സമയം ബ്രാഞ്ചിനുള്ളിൽ കടത്തിവിടാവുന്ന ഇടപാടുകാരുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയതു പോലുള്ള  കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, തിരക്കിലൊന്നും പെടാതെ, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇടപാടുകൾ നടത്താനാവുന്നു എന്നതാണ് ഇടപാടുകാർക്കുള്ള പ്രയോജനം. ഫെഡറൽ ബാങ്കിന്റെ രാജ്യമൊട്ടാകെയുള്ള ശാഖകളിൽ സേവനം ലഭ്യമാണ്.

Friday, January 7, 2022

ശ്രീക്കുട്ടിയുടെ സമ്പാദ്യം

 


കള്ളത്തരം ചെയ്തതായിട്ടു തന്നെയാണ് ശ്രീക്കുട്ടിക്കു തോന്നിയത്. അതുകൊണ്ടാവണം നെഞ്ചു വല്ലാതെ പിടച്ചത്. വേഗം നടക്കാൻ നോക്കിയിട്ടു സാധിക്കുന്നുമില്ല.

നീ പൈസ കട്ടു അല്ലേ”? എന്ന് എതിരെ വരുന്നവരും റോഡരികിൽ നിൽക്കുന്നവരുമൊക്കെ ചോദിക്കുന്നതായി  അവൾക്കു തോന്നിപ്പോയി.

സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച്, സ്വന്തം പിൻ നൽകി സ്വന്തം അക്കൗണ്ടിൽ നിന്നാണ് പൈസ എടുത്തത്.

എന്നിട്ടുമെന്തിനാണ് കള്ളത്തരം കാണിച്ചു എന്ന തോന്നൽ എന്നല്ലേ ?

അച്ഛനോടോ അമ്മയോടോ പറയാതെയാണ് എടുത്തത്.

കൂടാതെ, ഒന്നും രണ്ടുമല്ല, രണ്ടായിരം രൂപയല്ലേ എടുത്തത്!

എടുത്തത് എന്തിനാണ് എന്ന കാര്യം കേട്ടാലോ ? പൈസയില്ലാത്ത നേരത്ത് എന്തിനിതു ചെയ്തു എന്നു ചോദിച്ച് അമ്മ തല്ലാനുള്ള സാധ്യതയുമുണ്ട്. അതോർത്തപ്പോൾ തന്നെ ശ്രീക്കുട്ടിക്ക് കരച്ചിലും വന്നു.

പിന്നെ ഒരാശ്വാസമുള്ളതെന്തെന്നാൽ, അക്കൗണ്ടിൽ എത്ര പൈസയാണ് ഉള്ളതെന്ന് അമ്മയ്ക്കും അച്ഛനും അറിയില്ല. ഒരു ഏകദേശ ധാരണ കണ്ടേക്കാമെന്നു മാത്രം.

കോവിഡ് വന്നതിൽ പിന്നെ ബാങ്കിൽ പോയി പാസ്ബുക്ക് പതിപ്പിച്ചിട്ടില്ലല്ലോ!

അതുകൊണ്ട്, അക്കൗണ്ടിൽ നിന്ന് പൈസയെടുത്ത കാര്യം അവർ ഒരിക്കലും അറിയാനേ പോകുന്നില്ല!

പഴയതുപോലെ മൺകുടുക്കയിലാണ് സമ്പാദ്യമിട്ടു വച്ചിരുന്നതെങ്കിൽ ഇതുപോലെ ആവശ്യത്തിന് എടുക്കാനാവില്ലായിരുന്നല്ലോ എന്ന കാര്യം പെട്ടന്നാണ് ശ്രീക്കുട്ടിയുടെ മനസിലേക്കു വന്നത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ മൺകുടുക്കയിൽ ചില്ലറകൾ ഇട്ടു സൂക്ഷിക്കാൻ തുടങ്ങിയത്.  

അഞ്ചാം ക്ലാസിൽ ആയപ്പോഴേക്കും അതു നിറഞ്ഞു. എന്തുമാത്രം ചില്ലറകളായിരുന്നെന്നോ അതു പൊട്ടിച്ചപ്പോൾ കിട്ടിയത് !

ഇരട്ടി വലിപ്പമുള്ള പുതിയൊരു മൺകുടുക്ക വാങ്ങിത്തരാൻ അവൾ അച്ഛനോടു പറഞ്ഞു.

കുടുക്കയൊന്നും വേണ്ട, വലിയ കുട്ടിയായില്ലേ, ഇനി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞ് അച്ഛൻ അവളെ അന്ന് ബാങ്കിലേക്കു കൂട്ടിക്കൊണ്ടു പോയി.

ആധാർ കാർഡും ഒരു ഫോട്ടോയും  കൂടാതെ ഒരു ഫോമിൽ ഒപ്പും കൂടി ഇട്ടുകൊടുത്തതേയുള്ളൂ,  അവൾക്കും അക്കൗണ്ടായി.

ബാങ്ക് അക്കൗണ്ടിന്റെ മെച്ചം എന്താണെന്ന് മോൾക്കറിയാമോ?’ അന്ന് ബാങ്ക് മാനേജർ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.

മൺകുടുക്ക ആരെങ്കിലും മോഷ്ടിച്ചാൽ മോളുടെ പൈസ മുഴുവന്‍ പോവൂല്ലേ. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആർക്കും മോഷ്ടിക്കാനാവൂല്ലമാനേജർ പറഞ്ഞു. കൂടാതെ, അക്കൗണ്ടിലിടുന്ന പൈസക്ക് പലിശയും കിട്ടും.’

ഇടയ്ക്ക് നോട്ട് നിരോധനം വന്നാൽ കുടുക്കയിലെ പൈസ അസാധുവാകും. പക്ഷേ ബാങ്കിലെ പൈസയ്ക്ക് ഒരു കുഴപ്പവും പറ്റില്ല’, എന്നു കൂട്ടിച്ചേർത്തിട്ട് ശ്രീക്കുട്ടിയുടെ അച്ഛനും മാനേജരും പൊട്ടിച്ചിരിച്ചു.

അന്നുതന്നെ അവൾക്ക് പാസ്ബുക്ക് കിട്ടി.  ഒരാഴ്ച കഴിഞ്ഞിട്ടാണ് എടിഎം കാർഡ് കിട്ടിയത്.

സ്വന്തം പേരെഴുതിയ എടിഎം കാർഡ് ! അവളത് കൂട്ടുകാരെയൊക്കെ കാണിച്ചു.  പിന്നെ ഭദ്രമായി പെട്ടിയിൽ വച്ചു.

കുടുക്ക പൊട്ടിച്ചു കിട്ടിയ ആയിരത്തി ഇരുന്നൂറു രൂപയും അച്ഛൻ കൊടുത്ത എണ്ണൂറു രൂപയും ചേർത്ത് രണ്ടായിരം രൂപയായിരുന്നു അക്കൗണ്ടിൽ ആദ്യദിവസം ഇട്ടത്.

പിന്നെ പല തവണകളായി എത്ര പൈസയാണെന്നോ ഇട്ടത് !

സുബിച്ചേച്ചിയുടെ എൻഗേജ്മെന്റിന് മെഹന്തി ഇടാൻ സഹായിച്ചപ്പോൾ കിട്ടിയ അഞ്ഞൂറു രൂപയാണ് ഏറ്റവും വലിയ തുക. ഗുരുവായൂരു പോയപ്പോൾ വളയും മാലയും വാങ്ങാനായി ശുഭയാന്റി കൊടുത്ത മുന്നൂറു രൂപയും അവൾ അക്കൗണ്ടിലിട്ടു.

നിന്റച്ഛനെ പോലെ നീയും സമ്പാദിക്കാൻ തുടങ്ങിയോടീ?’ എന്ന് ശുഭാന്റി  അന്ന് അവളോടു ചോദിക്കുകയും ചെയ്തു.

അവള് സമ്പാദിക്കുകയാ ചേച്ചീ. അഞ്ചുപൈസാ പോലും ആർക്കും കൊടുക്കില്ല’, അമ്മ പറഞ്ഞു.

എട്ടിലെത്തുമ്പോൾ എനിക്ക് ഗിയറുള്ള സൈക്കിൾ വാങ്ങണം. ആൺപിള്ളാരെ പോലെ സ്റ്റൈലായി ചവിട്ടണം. അതിനാ പൈസാ കൂട്ടി വെക്കണേ’, ശ്രീക്കുട്ടി അന്ന് ശുഭാന്റിക്ക് മറുപടി നൽകി.

അന്നങ്ങനെ പറഞ്ഞെങ്കിലും സൈക്കിളിനോടുള്ള അവളുടെ ആവേശം പെട്ടന്നു തന്നെ ഇല്ലാതായി. പകരം, അക്കൗണ്ടിൽ ഒത്തിരി പൈസ നിറയ്ക്കുക എന്നതു മാത്രമായി ലക്ഷ്യം.

പലിശയൊക്കെ ചേർത്ത് അക്കൗണ്ടിൽ എത്ര രൂപയായി എന്ന് ഇടയ്ക്കിടെ പാസ്ബുക്കെടുത്തു നോക്കലായിരുന്നു പിന്നീട് ശ്രീക്കുട്ടിയുടെ സ്ഥിരം പരിപാടി.

കോവിഡ് കാലത്ത് പക്ഷേ പാസ്ബുക്ക് പതിപ്പിക്കൽ സമയത്തിനു നടക്കുമായിരുന്നില്ല.

അങ്ങനെയാണ് ബാങ്ക് മാനേജർ അവൾക്ക് നെറ്റ്ബാങ്കിംഗ് വഴി ബാലൻസ് കാണാനുള്ള യൂസർ ഐഡിയും പാസ് വേഡുമൊക്കെ ശരിയാക്കിക്കൊടുത്തത്.

അതിനുശേഷം പാസ്ബുക്കിനു പകരം  നെറ്റ്ബാങ്കിംഗിൽ കയറിയാണ് ശ്രീക്കുട്ടി അക്കൗണ്ടിൽ പൈസ എത്രയുണ്ടെന്നു നോക്കാറ്.

ഇപ്പോൾ പാസ്ബുക്കിൽ ഏതാണ്ട് നാലായിരം രൂപയേ കാണിക്കുന്നുള്ളൂ. എങ്കിലും അവളുടെ അക്കൗണ്ടിൽ ഏഴായിരത്തിലധികം രൂപയുണ്ട്. ദിവസവും ബാങ്കിൽ പോകുന്ന അച്ഛനു പോലും അതറിയില്ല.  അവൾക്കു മാത്രമേ അതറിയൂ.

****                      ****                      ****

ഉച്ചയ്ക്ക് അച്ഛൻ വന്നു കയറിയപ്പോൾ ഹോംവർക്ക് ചെയ്യുന്നു എന്ന മട്ടിൽ ശ്രീക്കുട്ടി തിരക്ക് അഭിനയിച്ചു.  

അച്ഛനാണെങ്കിലോ, ഊണുകഴിക്കാനായി അകത്തേയ്ക്കു പോവുന്ന മട്ടിൽ നിന്നിട്ട് പെട്ടന്ന് ശ്രീക്കുട്ടിയ്ക്കു സമീപം വന്ന് ശബ്ദം താഴ്ത്തി അമ്മ കേൾക്കാതെ എന്തിനാ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപ എടുത്തത്എന്നു ചോദിക്കുകയാണു ചെയ്തത്.

ചോദ്യം കേട്ട് ശ്രീക്കുട്ടി ഞെട്ടി.

ഞെട്ടി എന്നു മാത്രമല്ല പൊട്ടിക്കരഞ്ഞു പോവുകയും ചെയ്തു.

കരച്ചിൽ അമ്മയും അപ്പൂപ്പനുമൊക്കെ  കേൾക്കാതിരിക്കാനായി അച്ഛൻ അവളെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

 പേടിക്കണ്ട, എന്തുകാര്യത്തിന് എടുത്തതായാലും അച്ഛൻ വഴക്കിടില്ല’, എന്ന് അച്ഛൻ തോളത്തു തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് അവളുടെ കരച്ചിൽ അടങ്ങിയതും എന്തിനാണ് പൈസ എടുത്തെന്ന് അവൾ പറഞ്ഞതും.

അവളുടെ ബെസ്റ്റ് ഫ്രണ്ടാണ് ആർദ്രാ ചന്ദ്രൻ. ആർദ്രയുടെ അമ്മയ്ക്ക് എന്തോ വലിയ അസുഖമാണ്. ചികിത്സയ്ക്ക് ഒരുപാടു കാശു വേണം. ആർദ്രയുടെ അച്ഛന്റെ പക്കൽ അത്രയും കാശില്ല. ക്ലാസിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളാലാവുന്ന കാശ് ആർദ്രയെ ഏൽപ്പിക്കുന്നുണ്ട്. അമ്മ അഞ്ഞൂറു രൂപയാണ് ശ്രീക്കുട്ടിയ്ക്കു കൊടുത്തത്. 

പക്ഷേ ടീച്ചർമാർ ഇട്ടതും ചേർത്ത് ഇതുവരെ ആകെ പതിനെട്ടായിരം രൂപയേ ആയുള്ളൂ. ഇരുപതിനായിരം രൂപ തികയ്ക്കാനാണ് ശ്രീക്കുട്ടി തന്റെ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപയെടുത്തത്.

നല്ല കാര്യമല്ലേ മോളൂ, ഇതിനു കരയണോ?’ അച്ഛൻ അവളെ ആശ്വസിപ്പിച്ചു.

സമ്പാദ്യശീലം വളർത്താനായി തുടങ്ങിയ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തത്, അതും രണ്ടായിരം രൂപ എടുത്തത് ഒട്ടും മനസുണ്ടായിട്ടല്ലെന്നും ആർദ്രയുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയിട്ടാണെന്നും കരഞ്ഞുകൊണ്ട് അച്ഛനോടു പറയുന്നതിനിടെ, ഇരുവരും മുറ്റത്ത് എന്തെടുക്കുവാണെന്ന് അറിയാനായി ശ്രീക്കുട്ടിയുടെ അമ്മയും  വന്നു.

അച്ഛൻ അമ്മയോടു കാര്യങ്ങൾ പറഞ്ഞു. അക്കൗണ്ട് ശ്രീക്കുട്ടിയുടേതാണെങ്കിലും അക്കൗണ്ടിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അച്ഛന്റേതാണ്. ശ്രീക്കുട്ടി പൈസ എടുത്തപ്പോൾ അച്ഛന് ബാങ്കിൽ നിന്ന് എസ് എം എസ് ലഭിച്ചു. അങ്ങനെയാണ് ആരുമറിയില്ലെന്ന് ശ്രീക്കുട്ടി കരുതിയ കാര്യം അച്ഛൻ അറിഞ്ഞത്.

ദേഷ്യപ്പെട്ടേക്കും എന്നും വഴക്കിട്ടേക്കും എന്ന് ശ്രീക്കുട്ടി ഭയന്ന അമ്മ പക്ഷേ അവളെ വാരിയെടുത്തങ്ങ് ഉമ്മ വച്ചു.

താൻ പൈസ എടുത്തതിൽ അച്ഛനും അമ്മയ്ക്കും പരിഭവമില്ലെന്നു മനസിലായപ്പോൾ ശ്രീക്കുട്ടിക്ക് വളരെ ആശ്വാസമായി.

ശ്രീക്കുട്ടിയുടെ അച്ഛന് പരിഭവമില്ലായിരുന്നു എന്നു മാത്രമല്ല തുടർന്ന് എന്തൊക്കെയാണു ചെയ്തതെന്നോ?

ഉച്ചകഴിഞ്ഞ് കടയിൽ പോവാതെ ശ്രീക്കുട്ടിയേയും അമ്മയേയും സജിച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ ആർദ്രയുടെ വീട്ടിലേക്കു വിട്ടു. പഞ്ചായത്ത് മെംബറേയും കൂട്ടി പിറകെ ബൈക്കിൽ ചെന്നു.

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പറ്റതെ കിടക്കുന്ന ആർദ്രയുടെ അമ്മയോട് ശ്രീക്കുട്ടിയും അമ്മയും വിവരങ്ങൾ തിരക്കുമ്പോൾ ശ്രീക്കുട്ടിയുടെ അച്ഛനും മെംബറും മാറി നിന്ന്  ആർദ്രയുടെ അച്ഛനുമായി സംസാരിച്ചു.

വൈകുന്നേരത്തിനുള്ളില്‍ ആർദ്രയുടെ അമ്മയുടേയും അച്ഛന്റേയും പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിക്കൊടുത്തു. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്കായി മെംബർ വഴി അപേക്ഷ കൊടുപ്പിച്ചു.

ഒരു സന്നദ്ധസംഘടനയ്ക്ക് ആർദ്രയുടെ അമ്മയുടെ രോഗവിവരങ്ങൾ കാട്ടി ഇ മെയിൽ അയപ്പിച്ചു. അച്ഛന്റെ പരിചയക്കാരനായ തിരുവനന്തപുരത്തുള്ള ഡോക്ടറുടെ അടുത്ത് വിദഗ്ധ പരിശോധനയ്ക്ക് സമയം അനുവദിപ്പിച്ചു.

ഇതെല്ലാം കഴിഞ്ഞ്,  കടയിലും കയറി അച്ഛൻ മടങ്ങിയെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

അച്ഛൻ കയറിവന്നപ്പോൾ ലാപ്ടോപ്പിൽ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു ശ്രീക്കുട്ടി.

സമ്പാദ്യം അൽപം കുറഞ്ഞാലെന്താ, നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരപ്പെട്ടില്ലേ’, അച്ഛൻ പറഞ്ഞു.

എട്ടിലെത്തുമ്പൊ നമുക്ക് എങ്ങനേലും സൈക്കിള് വാങ്ങാടാ’, സൈക്കിൾ വാങ്ങാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലാണ് ശ്രീക്കുട്ടി അക്കൗണ്ട് നോക്കിയിരിക്കുന്നതെന്നു കരുതി അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു.

സൈക്കിളിന്റെ കാര്യമോർത്ത് എനിക്ക് സങ്കടമൊന്നുമില്ലമ്മേ’, ശ്രീക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു.

അവൾ പറഞ്ഞത് സത്യമായിരുന്നു. സൈക്കിളൊന്നും അവളുടെ ചിന്തയിലേ ഇല്ലായിരുന്നു. ആർദ്രയുടെ അമ്മയുടെ അസുഖം എത്രയും പെട്ടന്നു മാറിക്കാണണം എന്നതു മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്.   

പിന്നെന്താ അവൾ അക്കൗണ്ട് നോക്കിക്കൊണ്ടിരുന്നതെന്നല്ലേ ?

അക്കൗണ്ടിൽ പൈസ കൂടുന്നതു കണ്ട് സന്തോഷിക്കലായിരുന്നല്ലോ ഇത്രനാളും അവളുടെ പരിപാടി. എന്നാൽ അക്കൗണ്ടിൽ നിന്ന് പൈസ കുറഞ്ഞതു കണ്ടിട്ട് ഇന്നാദ്യമായിട്ടാണ്  അവൾക്കു സന്തോഷം തോന്നിയത്.

ആ സന്തോഷം മനസു നിറച്ച് ആസ്വദിക്കുകയായിരുന്നു അവൾ!

****                      ****                      ****


വീട്ടു ചെലവുകൾ കുട്ടികള്‍ നടത്തട്ടെ, അതും ഇങ്ങനെ സ്മാർട്ടായി തന്നെ

 


വീട്ടു ചെലവുകൾ കുട്ടികളെ ഏൽപ്പിച്ചാലോ ?

കുട്ടുവിന് അച്ഛൻ സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിക്കൊടുത്തു എന്നു മാത്രമല്ല കുട്ടുവിന്റെ പേരുപതിച്ച എടിഎം കാർഡും വാങ്ങിക്കൊടുത്തു. തുടർന്ന് സൂപ്പർ മാർക്കറ്റിൽ പോവുന്നത് കുട്ടുവിന് ആവേശമായി. സ്വന്തം പേരിലുള്ള ഡെബിറ്റ് കാർഡ് സ്വൈപ് ചെയ്യുന്നതിലെ സന്തോഷത്തിലുപരി, അങ്ങനെ സ്വൈപ് ചെയ്യുമ്പോൾ കിട്ടുന്ന റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് വർഷാവസാനം ഒരടിപൊളി റിമോട്ട് കൺട്രോൾ കാർ  വാങ്ങാൻ പറ്റിയേക്കും എന്ന ആവേശമാണ്  അവനുണ്ടായിരുന്നത്.

അങ്ങനെ പോയിപ്പോയി കുട്ടിവിനിപ്പോൾ സാധനങ്ങളുടെയെല്ലാം വിലയെല്ലാം മനപ്പാഠമായി എന്നതു കൂടാതെ, ഏതു ബ്രാൻഡാണ് നല്ലതെന്നും ഏതിനാണ് വിലക്കുറവെന്നുമൊക്കെ അമ്മയെക്കാൾ ധാരണയായി എന്നു പോലും പറയാം. 

കുട്ടുവിന്റെ അച്ഛൻ ചെയ്തത് ശരിയാണോ,  നമ്മളാണെങ്കിൽ ചെയ്യുമോ  എന്നൊക്കെ തോന്നിപ്പോയി എങ്കിൽ തീർച്ചയായും തുടർന്നു വായിക്കണം.

സമ്പാദ്യശീലം/ ചെലവാക്കൽ ശീലം 

സമ്പാദ്യശീലത്തെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണമെന്നതിൽ രണ്ടഭിപ്രായമുണ്ടാവാൻ സാധ്യതയില്ല. അതേപോലെ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ് ചെലവഴിക്കൽ ശീലം.  

എന്നാൽ, സ്വന്തമായി വരുമാനമുണ്ടാക്കിയിട്ടു മതി കുട്ടികൾ സ്വന്തമായി ചെലവഴിക്കാൻ എന്നാണ് പല മാതാപിതാക്കളും സ്വീകരിക്കുന്ന നയം. കുട്ടികൾ ധാരാളിത്തം കാട്ടും, അല്ലെങ്കിൽ ചതിക്കപ്പെടും, അതുമല്ലെങ്കിൽ അനാവശ്യമായ സാധനങ്ങൾ വാങ്ങിച്ചുകൂട്ടി പണം ദുർവ്യയം ചെയ്യും എന്നതൊക്കെയാണ് ഒട്ടുമിക്ക മാതാപിതാക്കളും പങ്കുവെക്കുന്ന ആശങ്കകൾ. 

പക്ഷേ, ചെറുപ്രായം മുതൽ തന്നെ തങ്ങളുടെ മേൽനോട്ടത്തിൽ, പണം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്കു നൽകുന്ന പക്ഷം അവർക്ക് മികച്ച ചെലവഴിക്കൽ ശീലം വളർത്തിയെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.  

പണ്ടത്തെ രീതിയിലുള്ള സമ്പാദ്യശീലം പഠിച്ചെടുക്കാൻ വലിയ പ്രയാസമില്ല. മൺകുടുക്കയിലും പൗഡർ ടിന്നിലുമൊക്കെയായി ചില്ലറ നാണയങ്ങൾ ഇട്ടുകൊണ്ടായിരിക്കുമല്ലോ പണ്ടൊക്കെ മിക്കവരും തങ്ങളുടെ സമ്പാദ്യശീലം തുടങ്ങിയിട്ടുണ്ടാവുക. 

എന്നാൽ ഇന്നാവട്ടെ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട്, ആർ ഡി, എസ് ഐ പി തുടങ്ങി സമ്പാദ്യശീലം വളർത്താൻ മാർഗങ്ങൾ അനേകമാണുള്ളത്. അതിനുസരിച്ചുള്ള മാറ്റങ്ങളാണ് കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടുകളിലും വന്നിരിക്കുന്നത്. 

ഏന്തൊക്കെയാണു മാറ്റങ്ങൾ? 

മുതിർന്നവരുടെ അക്കൗണ്ടുകളിലുണ്ടായ മാറ്റങ്ങളുടെ ചുവടു പിടിച്ച് കുട്ടികളുടെ അക്കൗണ്ടുകളിലും ഒട്ടനവധി ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. എ ടി എം കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് എന്നതു കൂടാതെ നിശ്ചിതപരിധിക്കുള്ളിലുള്ള ഓൺലൈൻ ഷോപ്പിംഗും ബന്ധപ്പെട്ട ഓഫറുകളുമൊക്കെ കുട്ടികളുടെ അക്കൗണ്ടുകളിൽ ലഭ്യമാണ്. 

ഏതു പ്രായത്തിലുള്ള കുട്ടികൾക്കാണ് അക്കൗണ്ടുകൾ തുടങ്ങാൻ കഴിയുക ? 

പത്തുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായും പത്തിനു താഴെയുള്ളവർക്ക് രക്ഷാകർത്താവുമായി ചേർന്നുമാണ് അക്കൗണ്ട് തുടങ്ങാനാവുന്നത്. പ്രായപൂർത്തിയാവുന്ന മുറയ്ക്ക് ആധാറിന്റെ കോപ്പി ബാങ്കിൽ നൽകി മുതിർന്നവർക്കുള്ള അക്കൗണ്ടാക്കി മാറ്റാവുന്നതാണ്. 

എത്രമാത്രം സുരക്ഷിതം ? 

കുട്ടികൾ ഇടപാടു നടത്തി പരിശീലിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് അക്കൗണ്ടുകൾ തുടങ്ങുന്നത് എന്നതിനാൽ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ഇടപാടുപരിധി മിക്ക ബാങ്കുകളും 5000 രൂപയ്ക്കു താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഇടപാടുകൾ കാണാമെന്നല്ലാതെ നടത്താനുള്ള സൗകര്യം  പല ബാങ്കുകളും അനുവദിക്കാറില്ല. നടത്താൻ അനുവദിച്ചാൽ തന്നെ  മാതാപിതാക്കളുടെ അക്കൗണ്ടിലേക്കോ മൊബൈൽ റീചാർജ്, കറൻറ് ബിൽ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്കോ ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ,  അക്കൗണ്ടിൽ സ്വന്തം മൊബൈൽ നമ്പരാണ് നൽകുന്നതെങ്കിൽ ഇടപാടുവിവരങ്ങളെല്ലാം തത്സമയം തന്നെ രക്ഷാകർത്താവിന് അറിയാനും സാധിക്കുന്നതാണ്. 

കുട്ടികൾക്കുള്ള അക്കൗണ്ടുകൾ ഒരുക്കിയിരിക്കുന്ന ചില ബാങ്കുകൾ 

*ഫെഡറൽ ബാങ്കിന്റെ ഫെഡ് ഫസ്റ്റ് 

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഹലാ കദം, പെഹലി ഉഡാൻ എന്നിവ 

*എച്ച് ഡി എഫ് സി ബാങ്കിന്റെ കിഡ്സ് അഡ്വാന്റേജ് അക്കൗണ്ട് 

*കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ജൂനിയർ 


ചുരുക്കിപ്പറഞ്ഞാൽ: 

ചുരുക്കിപ്പറഞ്ഞാൽ, സമ്പാദ്യശീലം വളർത്താൻ മാത്രമേ കുടുക്കയ്ക്കു സാധിക്കൂ. ബാങ്ക് അക്കൗണ്ട് ആവട്ടെ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം തന്നെ, ചിട്ടയോടെ എങ്ങനെയാണ് പണം ചെലവഴിക്കേണ്ടതെന്നും ബാങ്കിടപാടുകൾ നടത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും മറ്റുമുള്ള സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠങ്ങൾ കൂടി കുട്ടികളെ പരിചയപ്പെടുത്തുന്നു.

Saturday, October 16, 2021

ഒന്നു മനസു വച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ ബാങ്കിലെ സർവീസ് ചാർജുകൾ


ഒന്നര വർഷമായി വീട്ടിൽ തന്നെയായിരുന്ന മകൾ ഹോസ്റ്റലിലേയ്ക്കു മാറിയപ്പോൾ അത്യാവശ്യത്തിന് ഉപയോഗിക്കാനാണ് മകളുടെ അക്കൗണ്ടിലേയ്ക്ക് വേണു രണ്ടായിരം രൂപ ഇട്ടുകൊടുത്തത്. പക്ഷേ അക്കൗണ്ടിൽ അഞ്ഞൂറു രൂപയോളമേ ബാലൻസുള്ളൂ എന്ന് രണ്ടുദിവസം കഴിഞ്ഞ് മകൾ വിളിച്ചുപറഞ്ഞപ്പോൾ വേണുവിന് അങ്കലാപ്പായി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നൊക്കെയായി സംശയം. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് മനസിലായത്, അക്കൗണ്ട് ഹാക്ക് ചെയ്തതൊന്നുമല്ല, ബാങ്ക് തന്നെ സർവീസ് ചാർജ് ഇനത്തിൽ പിടിച്ചതാണ് ! 

ഒറ്റനോട്ടത്തിൽ ബാങ്കുകാരാണ് കുറ്റക്കാർ എന്നു തോന്നാമെങ്കിലും ഒന്നരവർഷമായി അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനെ തുടർന്നാണ് ചാർജ് ഈടാക്കിയത് എന്നതാണു വസ്തുത.

അത്യാവശ്യത്തിന് ഉപയോഗിക്കാനായി അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിനെ തുടർന്ന് ചാർജ് പിടിച്ചുപോവുന്ന ഇത്തരം അനുഭവം മറ്റുപലർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ ഈ അനുഭവം തീർച്ചയായും ഒഴിവാക്കാവുന്നതാണ്. 

എങ്ങനെയാണെന്നല്ലേ ? 

ഏതൊക്കെയിനം സർവീസ് ചാർജുകളാണ് ബാങ്കുകൾ ഈടാക്കാറ് എന്നറിഞ്ഞ് അതിനാവശ്യമായ തരത്തിൽ അക്കൗണ്ടിലെ ഇടപാടുകൾ നടത്തുക. അങ്ങനെയെങ്കിൽ ഒട്ടുമിക്ക സർവീസ് ചാർജുകളും നമുക്ക് ഒഴിവാക്കാവുന്നതാണ്. 

ഒരു സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ബാധകമായ സർവീസ് ചാർജുകൾ ഏതെല്ലാമാണെന്നു നോക്കാം.

 1) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ 

പൊതുവെ 1000 രൂപ മുതൽ മുകളിലേയ്ക്ക് പല സ്കീമുകളിലായിട്ടാണ് മിനിമം ബാലൻസ് തുക നിജപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് തുക അക്കൗണ്ടിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ 100 മുതൽ 300 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്ന ചാർജ്. 

2) എടിഎം ഇടപാടുമായി ബന്ധപ്പെട്ട ചാർജുകൾ 

എ ടി എം വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം മിക്ക ബാങ്കുകളും പ്രതിമാസം 5 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് 20 രൂപ, ബാലൻസ് പരിശോധനയുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്ക് 10 രൂപ എന്നിങ്ങനെയാണ് കൂടുതലായി നടത്തുന്ന ഓരോ ഇടപാടിനും ഈടാക്കുന്നത്. 

ഇതു കൂടാതെ എടിഎം കാർഡിന് വാർഷിക ഫീസായി 150 രൂപ മുതൽ 500 രൂപ വരെ ബാങ്കുകൾ ഈടാക്കുന്നുണ്ട്. 

3) അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ 

ചെക്കു വഴിയോ ഓൺലൈൻ ട്രാൻസ്ഫറായോ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് സൗജന്യമാണെങ്കിലും കറൻസി നിഷേപിക്കുന്നതിന് മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്.പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം രൂപ വരെ മാത്രമേ സൗജന്യമായി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കൂ. കൂടുതലായി അടയ്ക്കുന്ന തുകയ്ക്ക് ലക്ഷത്തിന് 250 രൂപ വരെ ബാങ്കുകൾ കാഷ് ഹാൻഡ് ലിംഗ് ചാർജ് ഇനത്തിൽ ഈടാക്കുന്നുണ്ട്. 

കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി അടയ്ക്കുകയാണെങ്കിൽ സാധാരണ ചാർജിന്റെ പകുതിയോളം ഇളവു ലഭിക്കുന്നതാണ്. 

4) അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ 

ചെക്കിനു പകരം വിത്ഡ്രോവൽ സ്ലിപ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്. 25 മുതൽ 50 രൂപ വരെയാണ് ഒരിടപാടിന് ഈടാക്കാറ്. 

5) അക്കൗണ്ടിലെ ഇടപാടുകളുടെ എണ്ണത്തിനുസരിച്ചുള്ള ചാർജുകൾ 

ലെഡ്ജർ ഫോളിയോ ചാർജ് എന്നാണ് ഈ ചാർജ് പൊതുവെ അറിയിപ്പെടുന്നത്. മൂന്നുമാസകാലയളവിൽ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം 40-50 ൽ കൂടുകയാണെങ്കിലാണ് ഈ ചാർജ് ബാധകമാവുന്നത്. തുടർന്നുള്ള ഓരോ 40-50 എണ്ണം ഇടപാടുകൾക്കും 20 മുതൽ 50 വരെ രൂപയാണ് ഓരോ ബാങ്കും ഈടാക്കുന്നത്. 

കാഷ്ബാക്ക് കിട്ടുമെന്ന ധാരണയിൽ ഗൂഗിൾ പേ വഴിയും മറ്റും ചെറിയ തുകകളുടെ ഇടപാടുകൾ തുരുതുരാ നടത്തിയ ഒത്തിരിപേർക്ക് കാഷ്ബാക്ക് കിട്ടുന്നതിനു പകരം അക്കൗണ്ടിൽ നിന്ന് ലെഡ്ജർ ഫോളിയോ ചാർജ് ഇനത്തിൽ നല്ലൊരു തുക നഷ്ടപ്പെട്ട ഒത്തിരി സംഭവങ്ങളുണ്ട്. 

6) മറ്റു ചാർജുകൾ 

മുകളിൽ വിവരിച്ചവ കൂടാതെ, ചെക്ക്ബുക്ക്, എസ് എം എസ് അലർട്ട്, ആർടിജിഎസ്/ നെഫ്റ്റ്, നാച്ച് മാൻഡേറ്റ്, ചെക്ക് റിട്ടേൺ, ലോക്കർ എന്നു തുടങ്ങിയ ചാർജുകൾ ബാങ്കുകൾ ഈടാക്കാറുണ്ടെങ്കിലും പ്രസ്തുത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കു മാത്രമേ ബാധകമാവുന്നുള്ളൂ. 

ചുരുക്കിപ്പറഞ്ഞാൽ : അക്കൗണ്ടിൽ ബാധകമായ ചാർജുകൾ എന്തൊക്കെയാണ് എന്നറിയാനായി ബാങ്ക് ശാഖയിലെ നോട്ടീസ് ബോർഡിലും ബാങ്കിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള സർവീസ് ചാർജ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക. സംശയമുള്ള പക്ഷം ബാങ്കിന്റെ കസ്റ്റമര്കെയറുമായി ബന്ധപ്പെടുക. 

ഓർക്കുക : ചാർജുകളെക്കുറിച്ചുള്ള അജ്ഞത ചാർജ് ഈടാക്കാതിരിക്കാനുള്ള കാരണമാകുന്നില്ല.

 

Sunday, October 3, 2021

രക്തബന്ധം

 


എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

ബാക്കിയൊക്കെ എങ്ങനെയും പരിഹരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസമായിരുന്നു എനിക്ക്. രേവതി കൂടെയുള്ളതിന്റെ ധൈര്യമാണ് അതെന്നു കൂട്ടിക്കോളൂ.

കൂടാതെ, ആദ്യമായിട്ടൊന്നുമല്ലല്ലോ ഇതുപോലത്തെ വിഷയത്തിൽ ഇടപെടുന്നത്.

സത്യം പറഞ്ഞാൽ പതിനാലാമത്തെയോ പതിനഞ്ചാമത്തെയോ പരിപാടിയാണിത്. രേവതിക്കാണ് കൃത്യം കണക്കറിയുക. കണക്കു മാത്രമല്ല, ഓരോ ജോഡിയുടേയും പേരും സ്ഥലവും ജോലിയും ഇപ്പോൾ എത്ര കുട്ടികളുണ്ട് എന്നതും എന്തിനേറെ, വിവാഹദിവസം പെൺകുട്ടി ധരിച്ച വസ്ത്രത്തെക്കുറിച്ചു പോലും കൃത്യമായ വിവരം രേവതിയുടെ പക്കൽ ലഭ്യമായിരിക്കും.

എന്നാലോ, സഹപ്രവർത്തകരായ മൂന്നുപേരുടെ കാര്യമൊഴിച്ചാൽ ബാക്കിയുള്ളവരെക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. തങ്ങളുടെ കർത്തവ്യം നിർവഹിച്ചു കഴിഞ്ഞു, ഇനി അവരായി അവരുടെ പാടായി എന്നതായിരുന്നു എന്റെ രീതി.

രേവതിയ്ക്കും ഏതാണ്ട് അതേ നിലപാടിലായിരുന്നു എന്നു പറയാം. പക്ഷേ, തങ്ങളുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹം. അതും വീട്ടുകാരറിയാതെയുള്ള വിവാഹം. അപ്പോൾ കുറച്ചു കാലത്തേക്കെങ്കിലും ദമ്പതികളുടെ കാര്യങ്ങൾ അന്വേഷിക്കേണ്ടതാണ് എന്ന അധിക ഉത്തരവാദിത്തം രേവതി സ്വയം വഹിച്ചുപോന്നിരുന്നു.

സഹപാഠികളായിരുന്ന സക്കീറിന്റേയും രാജലക്ഷ്മിയുടേയും വിവാഹം  നടത്തിക്കൊടുത്തുകൊണ്ട് 1998 ലാണ് ഞങ്ങൾ ബ്രോക്കർ പണിതുടങ്ങിയത്. കാലം മാറിയതുകൊണ്ടാവണം, 2013 ൽ  രേവതിയുടെ ഓഫീസിലെ സ്വാതി കുര്യന്റേയും ബിസിനസുകാരനായ രാഹുൽ മേനോന്റെയും വിവാഹം നടത്തിക്കൊടുത്തതിനു ശേഷം സമാന അഭ്യർത്ഥനയുമായി ആരും തന്നെ ഞങ്ങളെ സമീപിക്കുകയുണ്ടായില്ല എന്നു പറയാം.

പഴയതു പോലെ അമ്പലത്തിലേയും പഞ്ചായത്തിലേയുമൊക്കെ കാര്യങ്ങൾ നോക്കാനും ആവശ്യം വന്നാൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങാനും വയ്യാതായിരിക്കുന്നതിനാൽ വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി ആരും സമീപിക്കാത്തതിൽ എനിക്കു പക്ഷേ സന്തോഷമേ ഉള്ളൂ കേട്ടോ.

അങ്ങനെയിരിക്കെയാണ് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് കഴിഞ്ഞ മാസം ഒരു ഫോൺകോൾ വരുന്നത്.

ഹലോ, രാംനാഥ് അങ്കിളല്ലേഎന്ന ചോദ്യം കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഒരു പരിചയവും കിട്ടിയില്ല.

എനിക്ക് മനസിലായില്ല എന്നറിഞ്ഞ് വിളിച്ചയാൾ വിശദീകരിച്ചു. 96-98 കാലത്ത് കൊല്ലത്തായിരുന്ന സമയത്ത് സഹപ്രവർത്തകനായിരുന്ന വേണുഗോപാലിന്റെ മകൻ വിവേകായിരുന്നു വിളിച്ചത്.  എനിക്ക് ആളെ പതിയെ ഓർമ വന്നു. അന്ന് മൂന്നോ നാലോ വയസു കാണുമായിരിക്കണം. മൂന്നാലു തവണ സകുടുംബം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. വേണുഗോപാലും കുടുംബവും എന്റെ വീട്ടിലും വന്നിട്ടുണ്ട്.

അന്നു സ്ഥലം മാറിപ്പോയതിനു ശേഷം മീറ്റിംഗുകൾക്കും മറ്റും പലതവണ വേണുഗോപാലിനെ കണ്ടിട്ടുണ്ടെങ്കിലും കുടുംബത്തെ പിന്നീട് കണ്ടിട്ടേയില്ല.

ഒരു സഹായത്തിനു വേണ്ടിയാണ് താനിപ്പോൾ വിളിക്കുന്നതെന്നും നേരിട്ടു വന്നു കണ്ടോട്ടേ എന്നും വിവേക് ആരാഞ്ഞു. എങ്കില്‍ പിന്നെ ആവട്ടെ എന്ന് ഞാനും പറഞ്ഞു.

ജോലിയിലിരിക്കുമ്പോൾ തന്നെ ചെറുതായി ഓർമക്കുറവു ബാധിച്ചു തുടങ്ങിയ വേണുഗോപാലിന് വിരമിച്ചതിനു ശേഷം രോഗം കഠിനമായിക്കാണുമായിരിക്കാമെന്നും അതിനെക്കുറിച്ചു സംസാരിക്കാനായിരിക്കാം ഒരുപക്ഷേ വിവേക് വരുന്നതെന്നുമൊക്കെ പറഞ്ഞപ്പോൾ, ‘നിങ്ങളാരാ ഡോക്ടറാണോ രോഗത്തെക്കുറിച്ചു സംസാരിക്കാൻഎന്നു ചോദിച്ച് രേവതി ഉത്തരം മുട്ടിച്ചു.

പിന്നെ എന്തിനാവും എന്നെ കാണുക എന്നായി എനിക്കു സംശയം. സുഹൃത്തുക്കൾക്കു വല്ല ലോണും ശരിയാക്കിക്കൊടുക്കാനോ മറ്റോ ആയിരിക്കുമോ എന്ന സംശയം മനസിൽ തോന്നിയെങ്കിലും ഞാനത് രേവതിയോടു പറയാൻ പോയില്ല. വല്ല കല്യാണക്കേസുമായിരിക്കുമോ എന്ന് രേവതി ഇടയ്ക്കൊന്നു പറഞ്ഞതിന് മറുപടി കൊടുക്കാൻ ഞാനും പോയില്ല.

അങ്ങനെ ചുമ്മാ കല്യാണം നടത്തിക്കൊടുക്കാൻ ഞങ്ങൾക്കു പഴയ ചെറുപ്പമല്ല എന്നു മാത്രമല്ല ഞാനാണെങ്കിൽ ബാങ്കിന്റെ റീജിയണൽ മേധാവി കൂടിയാണ്. പോലീസ് കേസൊക്കെയായാൽ പഴയതു പോലെ സ്റ്റേഷൻ കയറിയിറങ്ങലും മാതാപിതാക്കളുമായി സംസാരിക്കലും നിത്യയുടേയും ബോബന്റേയും കാര്യത്തിൽ സംഭവിച്ചതുപോലെ കോടതി കയറിയിറങ്ങലുമൊന്നും ഇനി എന്നെക്കൊണ്ട് നടക്കുമെന്നു തോന്നുന്നില്ല.

ഏതായാലും എനിക്ക് കൂടുതൽ ഊഹാപോഹങ്ങൾ നടത്തേണ്ടി വന്നില്ല. ഫോണിൽ സംസാരിച്ചതിന്റെ തൊട്ടടുത്ത ശനിയാഴ്ച തന്നെ വിവേക് വീട്ടിലെത്തി.

തനിച്ചായിരുന്നില്ല വിവേക് എത്തിയത്, കൂടെയൊരു പെൺകുട്ടിയുമുണ്ടായിരുന്നു. കാറിൽ നിന്ന് പെൺകുട്ടിയും കൂടി ഇറങ്ങുന്നതു കണ്ട് രേവതി എന്നെ നോക്കി അർത്ഥഗർഭമായി പുഞ്ചിരിച്ചു.

രേഷ്മ എന്ന ആ കുട്ടി വിവേകിന്റെ സഹപാഠിയായിരുന്നത്രെ. ഇരുവർക്കും ഇപ്പോൾ നല്ല ജോലിയൊക്കെയായി. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, പക്ഷേ രണ്ടു ജാതിയിൽ പെട്ടവരായതിനാൽ എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന ധാരണയില്ല. അതിനുള്ള ഉപദേശത്തിനായാണ് അവർ വന്നിരിക്കുന്നത്.

ഒത്തിരി പ്രേമവിവാഹങ്ങൾ നടത്തിക്കൊടുത്ത ദമ്പതികളാണ് ഞങ്ങൾ എന്ന സുമേഷിന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പു കാണാനിടയായതു കൊണ്ടാണ് മറ്റാരുമായും സംസാരിക്കാൻ നിൽക്കാതെ നേരെ ഇങ്ങോട്ടു പോന്നതെന്ന് വിവേക് വിശദീകരിച്ചു.

ഞാനും രേവതിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

എന്നാൽ തുടങ്ങിയാലോഎന്ന് രേവതി ചോദിച്ചപ്പോൾ എന്താണു തുടങ്ങാൻ പോവുന്നത് എന്ന അമ്പരപ്പായിരുന്നു കുട്ടികൾക്ക്.

വിവാഹത്തിനുള്ള പക്വതയൊക്കെ ആയോ എന്ന പരിശോധനയുടെ ഭാഗമായി ഒരു മുഖാമുഖം നടത്തുന്നതാണ്, മറ്റൊന്നുമല്ല എന്ന് വിശദീകരിച്ചുകൊണ്ട് രേവതി രേഷ്മയെ ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

വിവേകിന്റെ മുഖാമുഖം ഞാനാണു നടത്തിയത്.

രേഷ്മയുടെ മതമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. ഹിന്ദു തന്നെയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് വളരെ ആശ്വാസമായി. ഒരേ മതമാണ്. അതായത്, വിഘ്നങ്ങൾ തൊണ്ണൂറു ശതമാനവും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഇനിയെന്താണു പ്രശ്നം ? എന്റെയറിവിൽപെട്ടിടത്തോളം വേണുഗോപാൽ ജാതിവാദിയൊന്നുമല്ല. ജാതിയിലെ നേരിയ വ്യത്യാസമൊന്നും അയാൾ ഒരു വിഷയമാക്കാൻ സാധ്യതയില്ല.

പക്ഷേ ചെറുതല്ലാത്ത വിഷയമാണ് ജാതി മൂലം വന്നുചേർന്നിരിക്കുന്നതെന്ന് വിവേക് പറഞ്ഞു. നായർ സമുദായത്തിൽ പെട്ടവരാണെങ്കിലും രേഷ്മയുടെ വീട്ടുകാർ മത്സ്യമാംസാദികൾ കഴിക്കുന്നവരാണ്. കുടുംബക്ഷേത്രത്തിലൊക്കെ അവരാരും വരില്ലായിരിക്കാം, പക്ഷേ രേഷ്മയ്ക്ക് എങ്ങനെ പ്രവേശിക്കാനാവും ?

കുടുംബക്ഷേത്രത്തിലെ പ്രവേശം മാത്രമാണോ വിഷയമായിട്ടുള്ളതെന്നു ഞാൻ ചോദിച്ചതിന് കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഒരു അന്യജാതിക്കാരിയെ വിവാഹം ചെയ്യുന്നതെന്നതും അങ്ങനെ ചെയ്യുന്നത് കുടുംബത്തിലെ നിലവിലെ കാരണവരുടെ കൊച്ചുമകനാണ് എന്നതുമൊക്കെ കൂടിച്ചേർന്ന് വളരെ വലിയ പ്രശ്നമാണ് സൃഷ്ടിച്ചേക്കാവുന്നത് എന്നായിരുന്നു വിവേകിന്റെ മറുപടി.

ഞാൻ ഒന്നും മിണ്ടാതെ കുറച്ചുനേരം ആലോചനയിൽ മുഴുകി.

വിവേക് മടിച്ചുമടിച്ച് എന്തോ പറയാൻ തുനിയുന്നതും എന്റെ മുഖത്തെ ഗൗരവം കണ്ട് വേണ്ടെന്നു വച്ചതും ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആലോചന നിറുത്തി.

എന്താ മടിച്ചത് ? പറഞ്ഞോളൂ’, ഞാൻ പറഞ്ഞു.

വേണുഗോപാലിനും ഭാര്യയ്ക്കും വിവേകിന്റെ താൽപര്യത്തിന് സമ്മതമാണത്രെ. പക്ഷേ തങ്ങളുടെ സമ്മതപ്രകാരമല്ല മകൻ വിവാഹിതനാവുന്നതെന്ന് കുടുംബക്കാരെ തെറ്റിധരിപ്പിക്കാനായി വേണുഗോപാൽ തന്നെയാണത്രെ എന്നെ വന്നു കാണാനും സൂത്രത്തിൽ വിവാഹിതരാവാനും  വിവേകിനെ ഉപദേശിച്ചത്.

അപാരബുദ്ധി ! ഞാൻ പൊട്ടിച്ചിരിച്ചു പോയി.

മാതാപിതാക്കൾക്കു തന്നെ സമ്മതമായ വിവാഹമാണെങ്കിൽ ഇനിയെന്തിനാണ് മുഖാമുഖം തുടരേണ്ടത്?

ഞാൻ അതുകൊണ്ട് രേവതിയെ വിളിച്ചു. രേവതിയാവട്ടെ അതിനിടെ രേഷ്മയുമായുള്ള മുഖാമുഖം തീർത്തിരുന്നു എന്നു മാത്രമല്ല എല്ലാവർക്കും കഴിക്കാനായി ചായയും ചെറുകടിയും തയ്യാറാക്കുക കൂടി ചെയ്തിരുന്നു.  

ബാക്കി കാര്യങ്ങളെല്ലാം പിന്നെ പെട്ടന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുപത്തഞ്ചിന് വിവാഹം. മാസാവസമായതിനാലും പഴയതു പോലെ ഓടാനാവാത്തതിനാലും രജിസ്റ്റർ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കി നടത്താൻ സുമേഷിനെ ഏൽപ്പിച്ചു.

സുമേഷിന്റെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. ഞങ്ങളെക്കുറിച്ച്, കല്യാണം നടത്താനുണ്ടോഎന്ന കുറിപ്പ് ഫേസ്ബുക്കിലെഴുതി വൈറലാക്കിയിട്ടുണ്ട് എന്നല്ലാതെ ഇതുവരെ ഒരു കല്യാണവും നടത്തി അനുഭവമില്ലാത്ത തനിക്കു വന്നുചേർന്ന ഒരു സുവർണാവസരമായി തന്നെ സുമേഷ് വിവേകിന്റേയും രേഷ്മയുടേയും വിവാഹത്തെ കണ്ടു.

ഞാനാണെങ്കിൽ വേണുഗോപാലിനെ ഒന്നു വിളിക്കുകയും ചെയ്തു. ഏകമകന്റെ വിവാഹം ആരെയും ക്ഷണിക്കാതെ ഗോപ്യമായി നടത്തുക എന്നു മാത്രമല്ല  പങ്കെടുക്കാൻ പോലും പറ്റാതിരിക്കുക എന്നത് എത്ര വിഷമകരമായ കാര്യമാണ്. വിവാഹം കഴിഞ്ഞ് രണ്ടുമൂന്നുമാസം കഴിഞ്ഞാൽ എല്ലാം ശരിയായേക്കും എന്ന വിശ്വാസമായിരുന്നു വേണുഗോപാലിന്. കുടുംബ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ നേരിടേണ്ടി വന്നേക്കാവുന്ന ആരോപണങ്ങളും അപമാനവുമാണ് വേണുവിനേയും ഭാര്യയേയും  ഏറ്റവും അലട്ടിയത്.

തൽക്കാലം അൽപം ചീത്ത കേൾക്കേണ്ടി വന്നാലും മറ്റു വിഷയങ്ങൾ കിട്ടുമ്പോൾ ആൾക്കാർ ഇതൊക്കെ മറന്നു കളയുമെന്നും ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നു എന്നുമൊക്കെ ഞാൻ ആശ്വസിപ്പിച്ചു.

അങ്ങനെ, വിവാഹ ദിവസമിങ്ങെത്തി. തലേന്നു തന്നെ എത്തണം എന്നു പറഞ്ഞുറപ്പിച്ചതു പ്രകാരം വിവേകും രേഷ്മയും വീട്ടിലെത്തിയിരുന്നു.

രാവിലെ രജിസ്ട്രാഫീസിൽ വിവാഹം. ഉച്ചയ്ക്ക് ചെറിയ സദ്യ വീട്ടിൽ തന്നെ തയാറാക്കും. ഇരുവരുടേയും സഹപ്രവർത്തകർക്കുള്ള വിരുന്നൊക്കെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട്.

വേണുഗോപാലും ഭാര്യയും പങ്കെടുക്കുന്നില്ലെങ്കിലും രേഷ്മയുടെ മാതാപിതാക്കൾ തിരുവനന്തപുരത്തു നിന്ന് രാവിലെ തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചു.

പ്രത്യേകിച്ച് വെല്ലുവിളികളോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ നടക്കുന്ന വിവാഹമായതിനാൽ  എനിക്ക് വലിയ ആവേശമൊന്നും തോന്നിയില്ല. സാധാരണ അറേഞ്ച്ഡ് മാരേജ് തന്നെ. അമ്പലത്തിൽ നടക്കുന്നു എന്നതിനു പകരം സർക്കാർ കാര്യാലയത്തിൽ നടക്കുന്നു എന്നു മാത്രം. അല്ലാതെന്താ?

എന്നാലും ഞാൻ ചുമ്മാ ടെൻഷൻ അഭിനയിച്ചു. രണ്ടു പെഗ് ഞാൻ കഴിക്കുന്നത് ഇതിന്റെ പേരിലാണെന്ന് രേവതി കരുതിക്കോട്ടെ. അങ്ങനെ മുകളിലെ മുറിയിൽ ചെന്ന് പണ്ടെന്നോ വാങ്ങിവച്ചിരുന്ന ആന്റിക്യുറ്റി ഒരു പെഗ്ഗെടുത്ത് ജനലിനു സമീപം പോയി പുറത്തെ നിലാവിലേക്കു നോക്കി നിന്ന് പതിയെ നുണഞ്ഞു തുടങ്ങിയപ്പോഴാണ് വിവേക് ആകെ പരിഭാന്തനായി മുറിയിലേയ്ക്ക് ഓടിക്കിതച്ചു വന്നത്.

അങ്കിൾ, ആകെ പ്രശ്നമാണ്’, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് വിവേക് പറഞ്ഞു. ഈ മാരേജ് നടക്കൂല്ല’.

എനിക്ക് ഒന്നും തോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ. പ്രേമിച്ച്, നാട്ടുകാരെയും വീട്ടുകാരെയും എതിർത്ത് കല്യാണം കഴിക്കുന്ന പലർക്കും വിവാഹത്തലേന്ന് തോന്നിപ്പോവുന്ന കാര്യമാണിത്. വേണോ വേണ്ടയോ എന്നു ചിന്തിക്കാനുള്ള അവസാന അവസരമാണെന്നതിനാൽ പലർക്കും വേണ്ട എന്ന ചിന്ത കലശലാവുന്നതായി കാണാറുണ്ട്. ഒന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ.

എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണം ?’, ഞാൻ ചോദിച്ചു.

വിവേക് വാതിൽ ചേർത്തടച്ചു. എന്നിട്ട് എന്റെ സമീപത്തു വന്ന് ശബ്ദം വളരെ താഴ്ത്തി പറഞ്ഞു: അങ്കിൾ, രേഷ്മ നായരല്ല’.

അടുത്ത പെഗ്ഗ് ഒഴിക്കുകയായിരുന്ന എന്റെ കൈ വിറക്കുകയും വിസ്കിയൽപം അധികം ഗ്ലാസിലേയ്ക്ക് വീഴുകയും ചെയ്തത് ഗൗനിക്കാതെ ഞാൻ ചോദ്യരൂപത്തിൽ വിവേകിനെ നോക്കി.

അങ്കിൾ, പേര് രേഷ്മ പിള്ള എന്നാണെങ്കിലും അവര് നായർ വിഭാഗത്തിലെ പിള്ളമാരല്ലെന്ന്’.

അതിന് ?’

മിനിമം നായരെങ്കിലുമാണെങ്കിലേ കുടുംബത്തേയ്ക്കു കയറ്റാൻ പറ്റൂ’, വിവേക് നിസഹായതയോടെ പറഞ്ഞു.

നായരല്ലെന്ന് ആരാ പറഞ്ഞത് ?’

രേഷ്മ തന്നെ. പേരിലെ പിള്ള നായർ വിഭാഗത്തിലെ പിള്ള അല്ലത്രെ’.

ഞാനൊന്നും പറഞ്ഞില്ല. ജാതി നോക്കാതെ പ്രേമിക്കാൻ സാധിച്ചെങ്കിൽ ജാതി നോക്കാതെ തന്നെ ജീവിക്കാനും സാധിക്കുന്നതാണ് എന്ന മട്ടിലുള്ള ഉദാത്തമായ വർത്തമാനങ്ങളൊക്കെ എന്റെ നാവിലേക്കു കടന്നുവന്നെങ്കിലും അവയെയെല്ലാം ഞാൻ വിസ്കിയിൽ അലിയിച്ചു കളഞ്ഞു.

നായരെ തന്നെ വേണമെന്ന് എന്താ തനിക്കിത്ര നിർബന്ധം?’ പകരം ഞാൻ ഇങ്ങനെയൊരു ചോദ്യമാണ് ചോദിച്ചത്.

അയ്യോ, എനിക്കൊരു നിർബന്ധവുമില്ല. മിനിമം നായരെങ്കിലും വേണം എന്നേയുള്ളൂ’, വിവേക് യാചനാപൂർവം പറഞ്ഞു.

ഇവരപ്പൊ ഓബീസിയാണോ ?’ ഞാൻ ചോദിച്ചു.

എനിക്കറിയില്ല, അതിലും താഴെയാണെന്നു തോന്നുന്നു’, വിവേക് സ്വയം പഴിക്കുന്നതു പോലെ പറഞ്ഞു.

അപ്പോൾ എസ് സി ആയിരിക്കും’, എനിക്ക് ചെറുതായി ദേഷ്യംവരുന്നുണ്ടായിരുന്നു.

ഇല്ലില്ല, അതിലും മേളിലാ. ഞാൻ ഗൂഗിൾ നോക്കി. മുസ്ലീംസിലും പിള്ളയുണ്ട്’.

മുസ്ലീമല്ലല്ലോ. പിന്നെ എസ് സിയുമല്ല. ഈ സാഹചര്യത്തിൽ പ്രശ്നമുണ്ടാവാൻ പാടില്ലാത്തതാണ്’, ആത്മഗതം പോലെ ഇത്രയും പറഞ്ഞ് ഞാൻ ഇടം കണ്ണിട്ട് വിവേകിനെ നോക്കി.

നോ അങ്കിൾ, ഇതു വേണ്ട. നായരാണെന്നു പറഞ്ഞാണ് അച്ഛൻ സമ്മതിച്ചത്. പിന്നെ, കസിൻസൊക്കെ അറിഞ്ഞാൽ ഞാനെങ്ങനെ....വിവേക് പൊട്ടിക്കരയാൻ തുടങ്ങി.

വിവേക് മുകളിലേയ്ക്ക് ഓടിക്കയറുന്നതു കണ്ടിട്ട് എന്തോ അപകടം മണത്ത രേവതിയും പതിയെ മുകളിലേക്കു വന്നു.

ഞാൻ ഒറ്റവാചകത്തിൽ തന്നെ രേവതിയോട് കാര്യം പറഞ്ഞു.

ആന്റീ, എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കിത്തരണം,’ വിവേക് കൈകൂപ്പി.

വിവാഹം കഴിക്കണം എന്ന തീരുമാനമെടുത്തത് നിങ്ങൾ രണ്ടുപേരും ചേർന്നാണ്. അപ്പോൾ വേണ്ട എന്ന തീരുമാനമെടുക്കണ്ടതും നിങ്ങൾ രണ്ടുപേരും ചേർന്നു തന്നെയല്ലേ ?’ വളരെ ലളിതമായിരുന്നു രേവതിയുടെ വാദം.

വിവേകിന് മറുത്തൊന്നും പറയാൻ സാധിച്ചില്ല. അവൻ തെല്ലുനേരം നിശബ്ദനായിപ്പോയി. പിന്നെ, ‘’ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെഎന്നു പറഞ്ഞ് സാവധാനം താഴത്തേയ്ക്കു പോയി.

എനിക്കു പെട്ടന്നു വല്ലാത്ത മടുപ്പു തോന്നി.

രേവതിക്കാവട്ടെ ഒരു പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. ഗ്ലാസിന്റെ അടിവശത്ത് ബാക്കിയുണ്ടായിരുന്ന വിസ്കി മണപ്പിച്ച് ഓക്കാനിച്ചു കാട്ടി എന്നെ കളിയാക്കി ഗുഡ്നൈറ്റ് പറഞ്ഞ് അവളും താഴത്തേയ്ക്കു പോയി.

തനിച്ചായപ്പോൾ എനിക്കു വല്ലാതെ തോന്നി. ഒരു പ്രതിസന്ധിയിൽ അകപ്പെട്ടതു പോലെ.

എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

പഞ്ചായത്ത് മെംബറെയൊക്കെ കണ്ട് കുറെ നടന്നിട്ടൊക്കെയാണ് അവൻ നാളത്തെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ഇപ്പോൾ വിളിച്ച് വിവാഹം നടക്കില്ല എന്നു പറഞ്ഞാൽ മറുത്തൊന്നും പറയില്ലായിരിക്കാം. പക്ഷേ വിവാഹം മുടങ്ങിയതെന്തിനാണ് എന്നത് അവൻ ഫേസ്ബുക്കിൽ എഴുതുമെന്നത് നൂറുറപ്പ്.

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഞാൻ ഉറക്കത്തിനു പിടികൊടുത്തു.

രാവിലെ ഉണർന്നപ്പോളാണ് ബഹുരസം. ഷേവൊക്കെ ചെയ്ത് കോടിമുണ്ടൊക്കെ ധരിച്ച് വിവാഹത്തിന് തയ്യാറായി നിൽക്കുകയാണ് വിവേക്. രണ്ടു സഹപ്രവർത്തകർ ഒരുങ്ങാനായി അവനെ സഹായിക്കുന്നുമുണ്ട്. രേവതി ഏർപ്പാടാക്കിയ ബ്യൂട്ടീഷ്യൻ രേഷ്മയെ ഒരുക്കുന്നു.

ജാതി വിഷയമൊക്കെ ഞാനിന്നലെ കണ്ട സ്വപ്നമാണോ എന്നാണ് ആദ്യം തോന്നിയത്. ഞാൻ പതിയെ അടുക്കളയിലേക്കു ചെന്നു. രേവതിയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

എന്തു മറിമായമാണ് സംഭവിച്ചത് എന്ന മട്ടിൽ ഞാൻ രേവതിയെ നോക്കി. അവളെന്തോ പറയാൻ തുനിഞ്ഞതും കോളിംഗ് ബെൽ ശബ്ദിച്ചു.

ഞങ്ങളിരുവരും മുന്നിലേയ്ക്കു ചെന്നപ്പോൾ അടുത്ത മറിമായം. മാസ്കുണ്ടായിരുന്നിട്ടും എനിക്കു പെട്ടന്നു പിടികിട്ടി. വേണുഗോപാലും ഭാര്യയും വന്നിരിക്കുന്നു !

എല്ലാം പിന്നെ പറഞ്ഞുതരാം എന്ന് രേവതി എന്നോടു ചെവിയിൽ പറഞ്ഞതു പ്രകാരം മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ നേരെ ആതിഥേയന്റെ കർത്തവ്യത്തിലേക്കു കടക്കുകയും എത്ര മണിക്കിറങ്ങി, വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായില്ലല്ലോതുടങ്ങിയ കുശലങ്ങളൊക്കെ പങ്കുവെക്കുകയുമേ ചെയ്തുള്ളൂ.

തുടർന്ന് ജീവിതത്തിലാദ്യമായി, വരന്റേയും വധുവിന്റേയും മാതാപിതാക്കൾ പങ്കെടുത്ത ഒരു രജിസ്റ്റർ മാരേജിന് സാക്ഷ്യം വഹിക്കാനും സാധിച്ചു എന്നതും പറയട്ടെ.

കല്യാണസദ്യയൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ, വേണുഗോപാലിന്റെ മറവിരോഗം നിയന്ത്രണവിധേയമായതിനെക്കുറിച്ചും ഗർഭപാത്രത്തിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രക്തം ലഭിക്കാൻ വളരെ ബുദ്ധിമുട്ടിയപ്പോൾ  തനിക്കു രക്തം തന്ന രണ്ടു പേരിൽ ഒരാൾ രേഷ്മയാണെന്നുമൊക്കെ വിവേകിന്റെ അമ്മ വിശദമായി പറയുകയുണ്ടായി.

വിവാഹത്തെക്കുറിച്ച് സുമേഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈകീട്ട് എല്ലാവരും പോയതിനു ശേഷം ഒന്ന് ഓടിച്ചു നോക്കി എന്നതു വസ്തുതയാണെങ്കിലും വിവേകിന്റെ മനസു മാറിയതിന്റെ പിറകിലെ രഹസ്യമെന്താണെന്നതിനെക്കുറിച്ച് രേവതിയുമായി ഒരിക്കലും സംസാരിക്കേണ്ടതില്ല എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു. വാക്കുകളിലൂടെയല്ലാതെ തന്നെ  വ്യക്തമായിക്കഴിഞ്ഞിരുന്നു കാര്യങ്ങൾ എന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമെടുത്തത്.

 

****                      ****                      ****                      ****

(മുനിസിപ്പൽ ന്യൂസ്, സെപ്റ്റംബർ 2021)

Friday, July 30, 2021

വായ്പാ തിരിച്ചടവിന് ഇനി അവധിയില്ല


വായ്പാ തിരിച്ചടയ്ക്കേണ്ട ദിവസം അവധിയാണെങ്കിൽ നിലവിൽ തൊട്ടടുത്ത പ്രവൃത്തിദിവസമാണ് അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ മാസതവണ ഈടാക്കാറുള്ളത്.

മാസതവണകൾ ഈടാക്കാൻ പൊതുവെ ബാങ്കുകൾ ആശ്രയിക്കുന്ന നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം (എൻ എ സി എച്ച്)  പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി ഇടപാടുകാരുമുണ്ട്.

എന്നാൽ 2021 ആഗസ്റ്റ് 1 മുതൽ അവധി ദിവസമുൾപ്പെടെ എല്ലാ ദിവസവും എൻഎസിഎച്ച്  ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനമെടുത്തു കഴിഞ്ഞു.

ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ, അവധിദിവസത്തിന്റെ പിറ്റേന്ന് രാവിലെ ബാങ്കിൽ പണമടച്ച് തവണകൾ മുടങ്ങുന്നത് ഒഴിവാക്കുന്ന രീതി ഇനി സാധ്യമല്ല എന്നു മാത്രമല്ല, അവധിദിവസത്തിനു മുൻപത്തെ പ്രവൃത്തിദിവസം തന്നെ തവണ മുടങ്ങാതിരിക്കാനുള്ള തുക അക്കൗണ്ടിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

അവധിദിവസമാണെങ്കിലും വായ്പാ തിരിച്ചടവ് കൃത്യമായി നടക്കുന്നു എന്നതിനാൽ ഇടപാടുകാർക്ക് പലിശയിനത്തിൽ ചെറിയൊരു ലാഭം പുതിയ സംവിധാനത്തിലൂടെ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.


****           ****            ****

Manorama online- June 5, 2021