Friday, July 30, 2021

ബാങ്കിലെ അച്ഛൻ

 


വീട്ടിലിരുന്നു തന്നെയാണ് ഇപ്പോൾ ജോലി എന്നു പറഞ്ഞപ്പോൾ അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ബാങ്ക് ജോലി എങ്ങനെയാ വീട്ടിലിരുന്നു ചെയ്യുക എന്ന് അമ്മയോടു ചോദിച്ചത്രെ. ആൾക്കാർ പണമടയ്ക്കാനും മറ്റും വീട്ടിൽ വരുമോ ? വൈകീട്ട് എങ്ങനെയാ കാഷ് ക്ലോസ് ചെയ്യാൻ കഴിയുക? ജോയിന്റ് കസ്റ്റഡി സാധ്യമാകുമോ എന്നൊക്കെ അനവധി ചോദ്യങ്ങൾ ചോദിച്ചതിന് എനിക്കെങ്ങനെ അറിയാനാ നിങ്ങൾ അച്ഛനും മകനുമല്ലേ ബാങ്കുകാർഎന്നു പറഞ്ഞ് അമ്മ ഒഴിവാകുകയാണ് ഉണ്ടായതെന്ന് സന്ധ്യ പറയുകയുണ്ടായി.

വർക്ക് ഫ്രം ഹോമിനെക്കുറിച്ച് അച്ഛന് ആശയക്കുഴപ്പമുണ്ടായതിൽ അതിശയിക്കാനൊന്നുമില്ല. കാരണം അച്ഛന്റെ കാലത്തെ ബാങ്കിംഗ് അല്ലല്ലോ ഇപ്പോൾ. അച്ഛൻ ജോലിയിൽ നിന്നു വിരമിക്കുന്ന  കാലത്ത് ഒരു പ്ലസ് ടു വിദ്യാർത്ഥി മാത്രമായിരുന്നു ഞാനെങ്കിലും ബാങ്കിലെ ജോലികളെക്കുറിച്ച്, കുറഞ്ഞപക്ഷം അച്ഛൻ ചെയ്തുകൊണ്ടിരുന്ന ജോലികളെക്കുറിച്ചെങ്കിലും നല്ല ധാരണ എനിക്കുണ്ടായിരുന്നു.

എനിക്കു മാത്രമല്ല വീട്ടിലെല്ലാവർക്കും അച്ഛന്റെ ജോലിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്നതാണു യാഥാർഥ്യം. രാത്രി ഉണ്ണാനിരിക്കുമ്പോഴാണ് അച്ഛൻ ബാങ്കിലെ കാര്യങ്ങൾ പറയുക. അന്നു ഞങ്ങൾ അമ്പലത്തിനടുത്തുള്ള വാടകവീട്ടിലാണു താമസം. ചെറിയ വീടായിരുന്നു. നിലത്തിരുന്നായിരുന്നു അമ്മയുടെ പാചകം. ഏഴ് ഇരുപത്തഞ്ചിന്റെ ഡൽഹി റിലേ മലയാളം പ്രധാനവാർത്തകൾ തീർന്നാലുടനെ അമ്മ ചോറു വിളമ്പും. അടുപ്പിനടുത്തു തന്നെ ഞങ്ങൾ വട്ടം കൂടിയിരിക്കും. സുകേശിന്റെ കയ്യിൽ പൂമ്പാറ്റയോ ബാലരമയോ മറ്റോ കാണും. ഭക്ഷണം കഴിക്കണമെങ്കിൽ അവന് പുസ്തകം കൂടിയേ തീരൂ.

അപ്പോഴാണ് അച്ഛൻ ബാങ്കിലെ അന്നത്തെ വിശേഷങ്ങൾ പറയുക. അച്ഛൻ മിക്കവാറും കാഷിൽ തന്നെയായിരുന്നു ഇരിക്കാറ്. അതിനു കാരണവും അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം നൂറു ടോക്കണുകൾ വരെ വളരെ ഭംഗിയായി അച്ഛൻ കൈകാര്യം ചെയ്യുമായിരുന്നത്രെ. പങ്കജാക്ഷൻ പിള്ള, തങ്കമണി, കുഞ്ഞവിര തുടങ്ങിയ മറ്റു കാഷ്യർമാർക്കാണെങ്കിൽ പണം കൈകാര്യം ചെയ്യാൻ ഭയമായിരുന്നു. തങ്കമണിയാവട്ടെ അഞ്ചോ ആറോ പേർ പോലും കൗണ്ടറിനു മുന്നിൽ നില്ക്കുന്നതു കണ്ടാൽ തന്നെ വിയർത്തുപോകുമായിരുന്നത്രെ.

ഒരുതവണ ഓഡിറ്റർമാർ വന്നപ്പോൾ തങ്കമണിയായിരുന്നു കാഷിൽ. ഓഡിറ്റർമാരുടെ കാര്യം അറിയാമല്ലോ, കാഷിൽ അണ പൈസാ വ്യത്യാസം കണ്ടാൽ പിന്നെ എക്സ്പ്ലനേഷനും സസ്പെൻഷനും ഒക്കെ ആയി കുറെ നാൾ ജോലിയിൽ നിന്ന് പുറത്തുനില്ക്കേണ്ടി വരും. അന്വേഷണമൊക്കെ കഴിഞ്ഞ് തിരിച്ചെടുക്കുന്നത് ഒരുപക്ഷേ ദൂരെ ഏതെങ്കിലും ബ്രാഞ്ചിലായിരിക്കും. അതുകൊണ്ട് ഓഡിറ്റർമാർ വന്നാൽ കാഷ് ചെക്ക് ചെയ്തു കഴിയുന്നതുവരെ കാഷ്യർമാർക്ക് വല്ലാത്ത പിരിമുറുക്കമായിരിക്കും.

അങ്ങനെ ഓഡിറ്റർമാർ വന്ന് പതിവുപോലെ കാഷ് ചെക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുപേർ ഉണ്ടായിരുന്നു. അടുത്തപരിചയമുള്ളവരാണെങ്കിൽ പോലും  ഓഡിറ്റിനു വന്നാൽ ഒരു മുൻപരിചയവും കാണിക്കാത്തവരാണ് ഓഡിറ്റർമാർ. എന്തെങ്കിലും കുശലം പറയുകയോ ഒന്നു ചിരിക്കുകയോ പോലുമില്ല. ഇപ്പൊ ശരിപ്പെടുത്തിത്തരാം എന്ന ഭാവത്തിലാണ് മിക്കവാറും ഓഡിറ്റർമാർ കാഷ്യർമാരോട് പെരുമാറുക.   

അന്നു വന്ന ഓഡിറ്റർമാർ തനി മൂശേട്ടകളായിരുന്നു. അവരുടെ ഭാവം കണ്ടപ്പോൾ തന്നെ ഒരു കാരണവുമില്ലാതെ തങ്കമണി വിറയ്ക്കാൻ തുടങ്ങി. ക്രൂരഭാവം കൂടുതലുള്ള ഓഡിറ്റർ കാഷ്കെട്ടുകൾ ഒന്നൊന്നായി എണ്ണിത്തുടങ്ങി. അഞ്ഞൂറിന്റെ കെട്ടുകൾ എണ്ണിക്കഴിഞ്ഞ് നൂറിന്റെ കെട്ടെടുത്തു. ആദ്യകെട്ട് എണ്ണിയപ്പോൾ തന്നെ താൻ വിജയിച്ചു എന്ന ആഹ്ലാദഭാവത്തിൽ കസേരയിൽ നിന്നെഴുന്നേറ്റ് അയാൾ പ്രഖ്യാപിച്ചു: വൺ നോട്ട് ഈസ് ഷോർട്ട്, ഗിവ് എക്സ്പ്ലനേഷൻ’.

ഇതുകേട്ടതും കാഷ് കാബിന്റെ വാതിൽക്കൽ നില്ക്കുകയായിരുന്ന തങ്കമണി ഗ്രില്ലിലൂടെ ചാരി നിലത്തേക്ക് വീണുവീണില്ല എന്ന നിലയിൽ ഇരുന്നുപോയി. അതിന്റെ കൂടെ രൂക്ഷമായ എന്തോ ദുർഗന്ധവും അവിടെങ്ങും വമിച്ചു.

ബാങ്ക്ജീവനക്കാരുടെ യൂണിയന്റെ പ്രവർത്തകനായിരുന്ന അച്ഛന് ഇതെല്ലാം കണ്ടുകൊണ്ട്  വെറുതെ നിൽക്കാനാവുമായിരുന്നില്ല. സാറ് ശരിക്കൊന്ന് എണ്ണി നോക്കൂ, ഇന്നലെ ഒറ്റയടിക്ക് ടാലിയായതാ കാഷ് എന്നു ശക്തമായി പറഞ്ഞപ്പോൾ രണ്ടാമത്തെ ഓഡിറ്റർ എണ്ണിനോക്കാനുള്ള സൗമനസ്യം കാട്ടി.

പക്ഷേ എന്നിട്ടും കെട്ടിൽ ഒരെണ്ണം കുറവ് !

തങ്കമണി ഉറക്കെ കരഞ്ഞുപോയി. അതിന്റെ കൂടെ ദുർഗന്ധവും വർദ്ധിച്ചു. ബാങ്ക് തൂക്കാൻ വരുന്ന  ഗ്രേസി തങ്കമണിയെ എഴുന്നേൽപ്പിച്ചുകൊണ്ടുപോയി.

അച്ഛനു സത്യത്തിൽ വാശിയായി. ഇന്നലെ ടാലിയായ കാഷാണ്. ഇന്നു രാവിലെ വ്യത്യാസം വരാൻ ഒരു സാധ്യതയുമില്ല. താനും കൂടി ഒന്ന് എണ്ണിനോക്കിക്കോട്ടേ എന്നു ചോദിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും അച്ഛൻ ആധികാരികമായി ആവർത്തിച്ചപ്പോൾ  ഓഡിറ്റർ സമ്മതിച്ചു.

സാധാരണ എണ്ണുന്നതിന്റെ പകുതി വേഗത്തിലാണ് അച്ഛൻ അന്ന് എണ്ണിയത്. അപ്പോഴല്ലേ രസം ! എണ്ണം കിറുകൃത്യമാണ്. നൂറെണ്ണം തികച്ചുണ്ടെന്നർഥം. എന്താ സംഭവിച്ചതെന്നല്ലേ? അറുപത്തേഴാമത്തെ നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. വളരെ പതിയെ എണ്ണി നോക്കിയതുകൊണ്ട് മനസിലാക്കാൻ സാധിച്ചു.

ഓഡിറ്റർമാർ രണ്ടുപേരും ഇഞ്ചികടിച്ച അവസ്ഥയിലായി. ഒരു ഇരയെ കിട്ടിയ ആവേശമായിരുന്നല്ലോ ഇരുവർക്കും.

തങ്കമണി ഇങ്ങുപോരേ, കാഷ് ടാലിയാണ്എന്ന് മാനേജർ വിളിച്ചു പറഞ്ഞു. പക്ഷേ തങ്കമണി വന്നില്ല.

അതെന്താ?’ കഥ കേട്ടുകൊണ്ടിരുന്ന സുദർശ ചോദിച്ചതിന് അച്ഛൻ ആദ്യം ഒന്നു കുലുങ്ങിച്ചിരിച്ചു.

എന്താ അച്ഛാ തങ്കമണി വരാഞ്ഞേ?’ ഞാനും ചോദിച്ചു.

നിങ്ങൾ കഥ ശരിക്കു കേട്ടില്ല’, അച്ഛൻ അമ്മയെ നോക്കി കണ്ണിറുക്കി. ഞാനൊരു ദുർഗന്ധത്തെപ്പറ്റി പറഞ്ഞില്ലേ ? അതായിരുന്നു കാരണം’. ഇത്രയും പറഞ്ഞിട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു.

ഒന്നു മിണ്ടാതിരിക്ക്, ഓക്കാനം വരുന്നു. ഉണ്ണുമ്പോഴാണോ ഇത്തരം വർത്തമാനം പറയുക?’ അമ്മ ദേഷ്യപ്പെട്ടതിനെ തുടർന്ന് അന്ന് അച്ഛൻ മിണ്ടാതിരുന്ന് വേഗം തിന്ന് എന്ന് ആംഗ്യം കാട്ടി ബാക്കി കഥ ഒഴിവാക്കുകയാണു ചെയ്തത്.

രണ്ടുദിവസം കഴിഞ്ഞ് സുദർശയാണു പറഞ്ഞത്, ഞാൻ പണ്ട് നിക്കറിൽ അപ്പിയിട്ടതു പോലെ തങ്കമണി പേടിച്ച് സാരിയിൽ അപ്പിയിട്ടതു കൊണ്ടാണത്രെ ദുർഗന്ധം വന്നത്.


അടുത്ത ശനിയാഴ്‌ച ബാങ്കിൽ പോയപ്പോൾ ഞാൻ തങ്കമണിയെ കണ്ടു. എന്താടാ മോനേഎന്നു പറഞ്ഞ് അവർ വാത്സല്യത്തോടെ എന്റെ കവിളിൽ തൊടുകയും ബാഗിൽ നിന്ന് പോപ്പിൻസ് എടുത്തു തരികയും ചെയ്തു. അവർ സാരിയിൽ അപ്പിയിട്ട കാര്യമോർത്ത് ആദ്യം എനിക്ക് അറപ്പും ചിരിയും വന്നെങ്കിലും കുഞ്ഞുങ്ങളില്ലാത്ത അവർക്ക് എന്നോടുള്ള സ്നേഹത്തെക്കുറിച്ചോർത്തപ്പോൾ ഞാൻ വല്ലാതെയായി.

പന്ത്രണ്ടുമണിവരെയായിരുന്നു അന്നൊക്കെ ശനിയാഴ്ചകളിൽ ബാങ്ക് പ്രവൃത്തിസമയം. പല ശനിയാഴ്ചകളിലും അച്ഛൻ എന്നെയും കൊണ്ടുപോകുമായിരുന്നു.  ഉച്ചക്ക് രണ്ടുമണിക്ക് ബാങ്കിൽ നിന്നിറങ്ങി മടങ്ങുന്ന വഴി മിക്കവാറും കമ്മത്ത്സ് കഫേയിൽ കയറി മസാലദോശയും കഴിച്ച് ബോണ്ട, സുഖിയൻ എന്നിവ പാർസലും വാങ്ങിക്കുമായിരുന്നു.

പ്യൂണായിരുന്ന ദിവാകരക്കുറുപ്പിന്റെ കസേരയ്ക്കടുത്തുള്ള സ്റ്റൂളിൽ വേണമായിരുന്നു ബാങ്കിലെത്തിക്കഴിഞ്ഞാൽ ഞാനിരിക്കാൻ. കാഷും മറ്റും വച്ചിട്ടുള്ള ബന്തവസ്സായ മുറിയിലേക്കോ മാനേജരുടെ കാബിനിലേയ്ക്കോ എന്തിന്, അച്ഛനിരിക്കുന്ന കാഷ് കാബിനിലേയ്ക്കോ എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബിസിനസ് സമയത്ത് അച്ഛൻ എന്നോട് പരിചയഭാവമേ കാണിക്കാറുണ്ടായിരുന്നില്ല എന്നതാണു വസ്തുത. എന്നോടെന്നല്ല, വലിയ ഇടപാടുകാരല്ലാത്ത ആരോടും അച്ഛൻ പരിചയം കാട്ടാറില്ലായിരുന്നു എന്നത് എല്ലാവർക്കും അറിയാമായിരുന്നു.

ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന ജോലിയാണ്. ശ്രദ്ധയൊന്നു തെറ്റിയാൽ മതി കൂടുതലോ കുറവോ സംഭവിക്കാൻ. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ജോലിയെ പോലും ബാധിച്ചേക്കും. കാഷിലിരിക്കുന്ന അവസരത്തിൽ താൻ ഗൗനിക്കുന്നില്ല എന്ന പരാതി ഉന്നയിക്കുന്നവരോട് പറയാൻ അച്ഛൻ തയ്യാറാക്കിവച്ചിരിക്കുന്ന റെഡിമെയ്ഡ് മറുപടിയാണിത്.

അങ്ങനെയൊക്കെയാണെങ്കിലും വലിയ നോട്ടുകെട്ടുകൾ തൊട്ടുനോക്കാൻ ഒന്നുരണ്ടു തവണ അച്ഛൻ എന്നെ അനുവദിച്ചിട്ടുണ്ട്. 

മോനൊന്ന് തൊട്ടു നോക്കിക്കോട്ടെ ഷേണായി സാറേ, നാളെ പഠിച്ച് വലുതായി ബാങ്ക് മാനേജരൊക്കെ ആകണ്ടതല്ലേ’, കാഷ് കാബിന്റെ ഗ്രില്ലിലൂടെ കൗതുകത്തോടെ നോട്ടുകെട്ടുകൾ നോക്കുകയായിരുന്ന എന്നെ നോക്കി ദിവാകരക്കുറുപ്പ് ഒരു ദിവസം അച്ഛനോടു പറഞ്ഞു.

തൊട്ടു നോക്കണോ എന്ന് അച്ഛൻ എന്നോട് ആംഗ്യത്തിൽ ചോദിച്ചു. ഞാൻ തലയാട്ടിയതും അച്ഛൻ വാതിൽ അല്പം തുറന്ന് എന്നെ ഉള്ളിൽ കയറ്റി അഞ്ഞൂറിന്റെ ഒരു കെട്ട് എന്റെ കയ്യിൽ വച്ചു തന്നു. ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. കെട്ടിൽ  അഞ്ഞൂറിന്റെ നൂറു നോട്ടുകൾ ഉണ്ടെങ്കിൽ ആകെ എത്ര രൂപയാണ് എന്ന് കണക്കു ചെയ്തു നോക്കിപ്പറയാനും അച്ഛൻ അന്നു പറയുകയുണ്ടായി. കുറച്ചുസമയമെടുത്തെങ്കിലും ഞാനന്ന് കൃത്യമായി ഉത്തരം പറഞ്ഞു.

ഞാൻ അഞ്ഞൂറിന്റെ നോട്ടുകെട്ടു തലോടിക്കൊണ്ടു നിൽക്കുന്നത് എന്റെ ക്ലാസിലെ രാജേശ്വരി എന്നൊരു പെൺകുട്ടി കണ്ടത്രെ. ആ കുട്ടി തന്റെ അച്ഛന്റെ കൂടെ പാസ്ബുക്ക് പതിപ്പിക്കാനോ മറ്റോ വന്നതാണ്. ഏതായാലും എന്റെ അച്ഛൻ വലിയ പണക്കാരനാണ് എന്ന മട്ടിൽ ക്ലാസിൽ വർത്തമാനമായി. അച്ഛന്റെയല്ല, ബാങ്കിന്റെയാണ് പണം മുഴുവന്‍ എന്നു ഞാൻ പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. ലോൺ ചോദിച്ചാൽ കൊടുക്കാനുള്ള മടി കാരണം ഞാൻ കള്ളം പറയുന്നതാണെന്നാണ് പലരും കരുതിയത്.

ക്ലാസിലെ ഏറ്റവും വലിയ പണക്കാരനെന്ന് അറിയപ്പെട്ടിരുന്ന ശ്രീ വെങ്കിടേശ്വര ഹാർഡ് വെയർ കടയുടെ ഉടമ ഗോപാലപ്രഭുവിന്റെ മകൻ അണ്ടുഅനിലിന് ഞാൻ പെട്ടന്നു പണക്കാരനായത് ഒട്ടും ഇഷ്ടപ്പെട്ടില്ല. വാടകവീട്ടിൽ താമസിക്കുന്ന ഞാൻ പണക്കാരനൊന്നുമല്ല എന്ന് അണ്ടു എല്ലാവരോടും പറഞ്ഞുനടന്നു. കൂടാതെ, തന്റെ വീട്ടിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ യഥേഷ്ടമുണ്ടെന്നും അവകാശപ്പെട്ടു. എന്റെ ഉറ്റസുഹൃത്തായിരുന്ന ശേഷഗിരി കമ്മത്തിന് ഇത് ഒട്ടും സഹിക്കാനായില്ല.

വീട്ടിൽ ഇഷ്ടംപോലെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഉണ്ടെങ്കിൽ ഒരു കെട്ടിൽ എത്ര നോട്ടുകളാണ് ഉള്ളതെന്ന് പറയാമോ എന്നു ശേഷഗിരി ചോദിച്ചതിന് ഒരു കെട്ടിൽ അൻപതു നോട്ടുകളാണുള്ളത് എന്നായിരുന്നു അണ്ടുവിന്റെ മറുപടി. കേട്ടപ്പോൾ തന്നെ അവൻ പച്ചപ്പുളുവാണു പറയുന്നതെന്ന് എല്ലാവർക്കും മനസിലായി.

ഒരു കെട്ടിൽ നൂറു നോട്ടുകളാണുണ്ടാവുക എന്ന് കണക്കു പഠിപ്പിക്കുന്ന ശാരദാമണി ടീച്ചർ വിശദമാക്കി. മറുത്തൊന്നും പറയാതിരുന്ന അണ്ടു ക്ലാസ് കഴിഞ്ഞ് കുട്ടികൾ പരിഹസിച്ച അവസരത്തിൽ ബാക്കി എല്ലാ നോട്ടുകളുടെ കാര്യത്തിലും ഒരു കെട്ടിൽ നൂറു കാണുമെങ്കിലും അഞ്ഞൂറിന്റെ കെട്ടിൽ മാത്രം അൻപതു നോട്ടേ കാണൂ എന്നു തറപ്പിച്ചു പറഞ്ഞു. 

എന്റെ അച്ഛൻ എല്ലാ വർഷവും കലണ്ടർ കൊടുക്കുന്നതുകൊണ്ടാണ് ശാരദാമണി ടീച്ചർ നൂറു നോട്ടുകാണുമെന്ന് എന്റെ ഭാഗം ചേർന്നു പറഞ്ഞതെന്ന അണ്ടുവിന്റെ ആരോപണം ഒത്തിരി നാൾ ഞങ്ങളെ ചിരിപ്പിച്ച കാര്യമായിരുന്നു.

ടീച്ചർക്കു മാത്രമല്ല പരിചയക്കാർക്കെല്ലാവർക്കും അച്ഛൻ വർഷാവർഷം ബാങ്കിന്റെ കലണ്ടർ  കൊടുക്കുമായിരുന്നു. വടക്കേനടയിലെ എല്ലാ കടകളിലും തന്റെ ബാങ്കിന്റെ കലണ്ടർ തന്നെ തൂങ്ങണമെന്നത് അച്ഛനു നിർബന്ധമായിരുന്നു. വിഷുവിന് കൈനീട്ടം കൊടുക്കാൻ പുത്തൻ നോട്ടുകൾക്കായി ബാങ്കിൽ അച്ഛനെ സമീപിക്കുന്നവര്‍ ബാങ്കിന്റെ കലണ്ടറല്ല തൂക്കിയിട്ടുള്ളതെങ്കില്‍ അവർക്ക് ആവശ്യപ്പെട്ട നോട്ടു കൊടുക്കുന്നതിനു മുമ്പ് എല്ലാവരും കേൾക്കെ അതെന്താ ജയാ, നിന്റെ കടേലെ കലണ്ടറിലൊള്ള ബാങ്കിൽ പുത്തൻ നോട്ടൊന്നുവില്ലേ?’ എന്നു ചോദിച്ചു നാണം കെടുത്തുമായിരുന്നു അച്ഛൻ. ഈ നാണക്കേടിൽ നിന്ന് ഒഴിവാകാനായി എല്ലാവരും അച്ഛന്റെ ബാങ്കിന്റെ കലണ്ടർ തന്നെ തങ്ങളുടെ കടയിൽ തൂക്കി.

വിഷുവിനു മാത്രമല്ല, റംസാൻ സമയത്തും അച്ഛൻ പുതിയ നോട്ടുകൾ കൊടുക്കാറുണ്ടായിരുന്നു. എഴുപുന്നയിലെ ചെമ്മീൻ കമ്പനി ഉടമകൾ പുത്തൻ നോട്ടു കിട്ടിയ സന്തോഷത്തിൽ ബാങ്ക് സ്റ്റാഫിന് എക്സ്പോർട്ട് ക്വാളിറ്റി ചെമ്മീൻ സമ്മാനമായി നൽകാറുണ്ടായിരുന്നു. അച്ഛനു കിട്ടുന്ന ചെമ്മീനൊക്കെ വൈകീട്ട് അച്ഛന്റെ സഹപാഠിയായ തോമസ് കുട്ടിച്ചേട്ടനോ ഏയ്ഞ്ചൽ തുണിക്കട നടത്തുന്ന ബേബിച്ചനോ നൽകലായിരുന്നു പതിവ്.

ക്രിസ്മ്സിന് കേക്കുകൾ പകരം തന്നാണ് ബേബിച്ചനും തോമസ്കുട്ടിച്ചേട്ടനുമൊക്കെ ചെമ്മീന്റെ കടം വീട്ടിയിരുന്നത്. പക്ഷേ എന്തു ഫലം ? ചെമ്മീന്റെ കാര്യത്തിലെന്ന പോലെ ബാങ്കിലെ പണക്കാരായ ക്രിസ്ത്യാനികൾ നൽകുമായിരുന്ന കേക്കുകൾക്കും ഞങ്ങളുടെ വീടിനുപകരം അച്ഛന്റെ സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നുചേരാനായിരുന്നു യോഗം. മീനും മാംസവും തിന്നാറില്ലായിരുന്നു എന്നതിനാലാണ് വീട്ടിൽ ചെമ്മീൻ കയറ്റാതിരുന്നത്. പക്ഷേ മുട്ട ഉപയോഗിച്ചിട്ടുണ്ടാവാം എന്ന വെറും സംശയത്തിന്റെ പേരിലാണ് കേക്കു വീട്ടിൽ കയറ്റാൻ അമ്മ സമ്മതിക്കാതിരുന്നത് എന്നതായിരുന്നു സങ്കടകരം.

പണ്ട് അഹമ്മദാബാദിലായിരുന്ന കാലത്ത് ദീപാവലി നാളുകളിൽ കിട്ടുമായിരുന്ന മധുരപലഹാരപ്പൊതികളെക്കുറിച്ച് ഗൃഹാതുരതയോടെ അച്ഛൻ പറയുമായിരുന്നു. മാർവാഡി ഇടപാടുകാർ മധുരപലഹാരങ്ങൾ കൊണ്ട് നമ്മളെ മൂടുമത്രെ. എങ്കില്‍ സ്ഥലംമാറ്റം വാങ്ങി അങ്ങോട്ടേക്കു പൊക്കൂടേ എന്നു ഞാൻ ചോദിച്ചപ്പോൾ വർഷത്തിലൊരിക്കൽ സൗജന്യമായി കിട്ടുന്ന മധുരപലഹാരങ്ങൾ തിന്നാൻ അഹമ്മദാബാദു വരെ പോവാൻ പ്ലാനിടുന്ന എന്റെ മണ്ടത്തരത്തെ എല്ലാവരും ചേർന്നു പരിഹസിക്കും. അച്ഛനാവട്ടെ ചിലപ്പോഴെല്ലാം എന്റെ മണ്ടൻ വർത്തമാനം  ഓർത്തോർത്തിരുന്ന് ചിരിക്കുകയും ചെയ്യും.

അങ്ങനെയിരിക്കെയാണ് അച്ഛന്റെ അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ട് ബാങ്കിൽ കമ്പ്യൂട്ടർ വരുന്നത്. കമ്പ്യൂട്ടർ വന്നാൽ ആകെ അപകടമാണ് എന്ന മട്ടിൽ ജീവനക്കാർക്കിടയിൽ സംസാരമുണ്ടായിരുന്നു. അച്ഛനും ലേശം ആശങ്കയുണ്ടായിരുന്നു എന്നു പറയാതെ വയ്യ. വയസ് അമ്പത്തഞ്ചു കഴിഞ്ഞു. ഇനി കമ്പ്യൂട്ടറൊക്കെ പഠിച്ചെടുക്കാൻ പറ്റുമോ എന്നതായിരുന്നു അച്ഛന്റെ സംശയം.

അന്ന് മണിപ്പാലിൽ എഞ്ചിനീയറിംഗ് ചെയ്യുകയായിരുന്ന സുകേശ് ഒരു കമ്പ്യൂട്ടർ ബുക്ക് വാങ്ങിക്കൊണ്ടുവന്ന് അച്ഛനു കൊടുത്തിരുന്നു. അപ്പോഴേക്കും എം എസ് സി കഴിഞ്ഞ സുദർശയാവട്ടെ വടക്കേ നടയിലെ സൗമ്യ ജ്വല്ലറിയ്ക്കു മുകളിൽ പുതിയതായി തുടങ്ങിയ ഡാറ്റാ ഡിസിഷൻ എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഞായറാഴ്ചകളിലെ ക്ലാസിന് അച്ഛനെ ചേർക്കുകയും ചെയ്തു.

ഡോസ്, ലോട്ടസ് എന്നു തുടങ്ങി എന്തൊക്കെയോ അച്ഛൻ അന്നു പഠിക്കാൻ തുടങ്ങിയെങ്കിലും ബാങ്കിലെ സോഫ്റ്റ്വെയർ ഇതൊന്നുമല്ല എന്ന് ആയിടെ ബാങ്കിൽ ചേർന്ന ഗോവർദ്ധനപ്പൈസാറിന്റെ മോൻ ഗോവിന്ദരാജ് പറഞ്ഞതിനെ തുടർന്ന് കമ്പ്യൂട്ടർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് അച്ഛൻ ചെയ്തത്.

കൂടാതെ, കമ്പ്യൂട്ടർ വന്നാൽ ജോലിയൊക്കെ വളരെ എളുപ്പമാവുമെന്നും പഠിച്ചെടുക്കാനുള്ള തുടക്കത്തിലെ ചെറിയൊരു പ്രയാസം ഒഴിച്ചാൽ പിന്നെ ഭയപ്പെടാൻ ഒന്നും കാണില്ലെന്നുമൊക്കെ ഗോവിന്ദരാജ് പറഞ്ഞപ്പോളാണ് അച്ഛന് സമാധാനമായത്.

അന്ന് ഞാനും അമ്മയുമൊത്ത് ഉണ്ണാനിരുന്നപ്പോൾ കമ്പ്യൂട്ടർ വന്നു കഴിഞ്ഞാൽ കിട്ടാൻപോവുന്ന അലവൻസുകളെക്കുറിച്ച് അച്ഛൻ വാചാലനായി. കാഷ് അലവൻസ് ആയ നാന്നൂറ്റമ്പതു രൂപയ്ക്കു പുറമെ മുന്നൂറ്റമ്പതു രൂപ കൂടി കിട്ടുമത്രെ. ഒഫീഷ്യേറ്റ് ചെയ്യുകയാണെങ്കിൽ ഒരു ഇരുനൂറ്റമ്പതു രൂപ കൂടി കിട്ടും. ചുരുക്കിപ്പറഞ്ഞാൽ പ്രതിമാസം അറുനൂറു രൂപയുടെ വർദ്ധനവ് !

അതു ചെലവാക്കാൻ നിൽക്കണ്ട, പകരം എന്റെ പേരിൽ ഒരു ആർ ഡി തുടങ്ങിയാൽ മതി എന്ന അമ്മയുടെ അഭിപ്രായത്തോട് അച്ഛൻ യോജിക്കുകയും ചെയ്തു.

പക്ഷേ വിചാരിച്ചതു പോലെ അത്ര സുഗമമായിരുന്നില്ല കമ്പ്യൂട്ടർവത്കരണം.  കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു എന്നുപറയാം. ദിവസവും അഞ്ചേകാലോടെ വീട്ടിലെത്തിയിരുന്ന അച്ഛൻ എട്ടുമണിക്കു മുമ്പ് വീട്ടിലെത്തില്ല എന്ന അവസ്ഥയായി. മിക്ക ദിവസങ്ങളിലും കമ്പ്യൂട്ടർ പണിമുടക്കുമത്രെ. കാഷ് ടാലിയാവാൻ വൈകും എന്നത് മറ്റൊരു ദുരിതമായിരുന്നു.

അങ്ങനെയൊരു ദിവസം പതിനൊന്നു മണിയായിട്ടും അച്ഛൻ എത്തിയില്ല. അമ്മയ്ക്ക് ആകെ വേവലാതിയായി. തിരുവനന്തപുരത്ത് എം ഫിൽ ചെയ്യാൻ ചേർന്നെങ്കിലും സുദർശ വീട്ടിലുണ്ടായിരുന്നു. എന്റെ പ്ലസ് ടു കണക്കു പരീക്ഷയുടെ തലേന്നാണ് സംഭവം.

പിറ്റേന്നത്തെ പരീക്ഷയ്ക്ക് നൂറിൽ നൂറു കിട്ടാനുള്ള എല്ലാ പഠനവും നടത്തിയിട്ട് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന എന്നോട് അമ്മ വളരെ ആശങ്കയോടെയാണു പറഞ്ഞത്, അച്ഛൻ ഇനിയും എത്തിയിട്ടില്ല. അവസാനവട്ട തയ്യാറെടുപ്പിലായിരുന്നതിനാൽ അച്ഛൻ എത്തിയില്ലെന്ന വിവരം ഞാൻ അറിഞ്ഞിരുന്നില്ല.

എനിക്ക് പെട്ടന്നെന്തോ ഭയം തോന്നി.  വരാൻ താമസിക്കുകയാണെങ്കിൽ അച്ഛൻ അപ്പുറത്തെ സദാശിവക്കിണിയുടെ വീട്ടിൽ വിളിച്ചു പറയാറുള്ളതാണ്. ഞങ്ങളുടെ വീട്ടിൽ അന്ന് ഫോൺ കണക്ഷൻ എടുത്തിട്ടില്ല.

പതിനൊന്നു മണിയായില്ലേ, സദാശിവക്കിണി ഉറക്കമായിക്കഴിഞ്ഞിരുന്നു. രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ എങ്കിലും പാതിരാത്രി തനിച്ച് ബാങ്കുവരെ പോയി നോക്കാൻ എനിക്കു ഭയം തോന്നി. പിന്നെ രണ്ടും കൽപ്പിച്ച് ടോർച്ചുമെടുത്തു നടന്നു. കിഴക്കേനടയിലെത്തിയപ്പോൾ തട്ടുകടയടച്ചു മടങ്ങുകയായിരുന്ന ശ്രീകറിനെ കണ്ടു. അവനോടു കാര്യം പറഞ്ഞു.

നീ പേടിക്കാതെടാ എന്നു പറഞ്ഞ് ശ്രീകർ അവന്റെ അച്ഛന്റെ കൈനെറ്റിക്  ഹോണ്ടയുമെടുത്ത് എന്നെയും കയറ്റി ബാങ്കിലേയ്ക്കു വിട്ടു.


ബാങ്കിൽ എല്ലാവരുമുണ്ടായിരുന്നു. എന്നെപ്പോലെ തന്നെ മറ്റു ജീവനക്കാരെ കാണാതെ അന്വേഷിച്ച് വീട്ടിൽ നിന്നെത്തിയവരുമുണ്ടായിരുന്നു. അച്ഛനാകെ ജീവച്ഛവം പോലെയായിരുന്നു ഇരുന്നത്. എന്താ സംഭവം എന്നെനിക്കു മനസിലായില്ല.

ഏതായാലും നമുക്കിനി നാളെ നോക്കാം, ഷേണായി സാറേ’, ഞാൻ കയറിച്ചെല്ലുന്നതു കണ്ടപ്പോൾ അന്നത്തെ മാനേജരായിരുന്ന കുര്യാക്കോസ് സാറു പറഞ്ഞു.

ബാങ്കുകാർ  രാത്രിഭക്ഷണം പാർസൽ വാങ്ങിക്കഴിച്ചതായി എനിക്കു മനസിലായി. അച്ഛനുവേണ്ടി വാങ്ങിയ മസാലദോശ പക്ഷേ  തുറന്നപടി തന്നെ അച്ഛന്റെ മേശപ്പുറത്ത് കാണാൻ കഴിഞ്ഞു.

എന്നെ കണ്ടതും അച്ഛൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു വന്നു. ശ്രീകർ കൈനെറ്റിക് ഹോണ്ട സ്റ്റാർട്ടാക്കി. അച്ഛനെ നടുക്കിരുത്തി ഞങ്ങൾ പതിയെ വീട്ടിലേക്ക് ഓടിച്ചു. ജീവിതത്തിലാദ്യമായി അച്ഛൻ ഒരു ഇരുചക്രവാഹനത്തിൽ കയറി എന്ന സവിശേഷത ആ രാത്രിയ്ക്ക് സ്വന്തമായി.

വീട്ടിലെത്തിയ അച്ഛൻ നേരെ പൂജാമുറിയ്ക്കു മുന്നിലേയ്ക്കു പോയി തിരുപ്പതി ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. അമ്മയ്ക്കോ ഞങ്ങൾക്കാർക്കെങ്കിലുമോ ഒന്നും മനസിലായില്ല.

തുടർന്ന് നിലത്തിരുന്നുകൊണ്ടുതന്നെ അച്ഛൻ വാചാലനായി. എന്നോടായിരുന്നു അച്ഛന്റെ പറച്ചിൽ മുഴുവന്‍.

നിനക്കറിയാമായിരിക്കുമെങ്കിലും പറയാം. എനിക്കു പത്തുവയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നെ എന്നെയും താഴെയുള്ള നാലുപേരെയും അമ്മ തനിച്ചാണ് വളർത്തിയത്. ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും ഉച്ചഭക്ഷണം ഉണ്ടാക്കിക്കൊടുക്കലായിരുന്നു ഞങ്ങളുടെ വരുമാനമാർഗം. അങ്ങനെയാണ് ഒരു താല്ക്കാലിക പ്യൂണിന്റെ ഒഴിവുണ്ടെന്ന് അറിഞ്ഞതും അമ്മ എന്നൊക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചതും. നല്ലവനായ വിഠളപ്രഭു എന്ന മാനേജർക്ക് എന്നെത്തന്നെ ജോലിക്കെടുക്കാൻ തോന്നിയതു മഹാഭാഗ്യം. അങ്ങനെ പതിനാറാം വയസിൽ ജോലിയിൽ കയറിയതാണു ഞാൻ. അതുകഴിഞ്ഞ് ഇപ്പോൾ നാൽപ്പതു വർഷമാവുന്നു. ഇന്നെനിക്കുള്ളതെല്ലാം ഈ ബാങ്കു തന്നതാണ്. നിങ്ങളുടെ ജീവിതവും ബാങ്കിന്റെ ദാനമാണ്...

അച്ഛൻ പറഞ്ഞങ്ങുപോയപ്പോൾ ഞങ്ങൾക്കു മൂവർക്കും പരിഭ്രമമായി. ബാങ്കിൽ സംഭവിച്ച കാര്യം ദുരൂഹമായിരുന്നതിനാൽ എന്താണ് അച്ഛനോടു പറയേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല.  സംഭവിച്ചതെന്താണെന്നു മനസിലായിരുന്നെങ്കിൽ പരിഹാരത്തിനു ശ്രമിക്കാമായിരുന്നു എന്നതായിരുന്നു സുദർശയുടെ നിലപാട്. ഞാൻ ഒരു പേടിത്തൊണ്ടനായിരുന്നെങ്കിൽ അവൾ പക്ഷേ സുകേശിനെ പോലെ ധൈര്യശാലിയായിരുന്നു.

എന്താ സംഭവിച്ചതെന്ന് പറ അപ്പാ, നമുക്ക് സോൾവ് ചെയ്യാൻ നോക്കാല്ലോ’, സുദർശ പറഞ്ഞു. സുധിയ്ക്ക് നാളെ പരീക്ഷയാ. അതുകൊണ്ട് വേഗം കാര്യം പറ അപ്പാ’.

നിങ്ങളോടു പറഞ്ഞിട്ട് കാര്യമൊന്നുമില്ല, നിങ്ങൾക്കെന്തറിയാം?’

അല്ല, എന്നാലും-എന്ന് അമ്മ പറഞ്ഞു തുടങ്ങിയതാണ്.

എന്നാല് കേട്ടു തുലയ്ക്ക്’, അച്ഛൻ ക്രുദ്ധനായി ഇടയ്ക്കു കയറി.കാഷിൽ നാലുലക്ഷത്തി പതിനായിരം രൂപ കുറവ്. ഇത്ര നേരം തപ്പിയിട്ടും കിട്ടിയില്ല. കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കയ്യീന്നു വെക്കണം. നാളെ. എവിടെനിന്നുകിട്ടും ഇത്ര പൈസ? പെൻഷൻ മുഴുവന്‍ ഇതിലേയ്ക്കു മാറ്റിയാൽ എങ്ങനെ ഇനി ജീവിക്കും ?’ അച്ഛൻ തലകുമ്പിട്ടിരുന്നു പോയി.

കമ്പ്യൂട്ടർ തകരാറു കാരണമായിക്കൂടെന്നില്ലേ എന്നു സുദർശയും അമ്മയും ചോദിച്ചപ്പോൾ മാസാമാസം ഇരുപതിനായിരം ശമ്പളം പറ്റുന്ന കമ്പ്യൂട്ടർ എഞ്ചിനീയര്‍മാർ തലകുത്തിക്കിടന്ന് പരിശോധിച്ചിട്ടും കാണാൻ പറ്റാത്ത തകരാറ് എവിടെ നിന്നു കണ്ടുപിടിക്കാനാണ് എന്ന് അച്ഛൻ മറുചോദ്യം ചോദിച്ചു.

പിന്നെ പൊടുന്നനെ സൗമ്യനായ അച്ഛൻ പിറ്റേന്നു പരീക്ഷയുള്ളതുകൊണ്ട് എന്നോടു ചെന്നുറങ്ങാൻ പറഞ്ഞു.

മനസില്ലാമനസോടെ പോയി കിടന്ന എനിക്ക് പെട്ടന്നൊന്നും ഉറക്കം വന്നില്ല. അരുതാത്തതെന്തോ സംഭവിക്കും എന്നുതന്നെ ഞാൻ ഭയന്നു. പിഗ്മി കളക്ഷൻകാരനായിരുന്ന ശിവാനന്ദകമ്മത്ത് എന്തോ പണാപഹരണവുമായി ബന്ധപ്പെട്ട് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തൂങ്ങിമരിച്ച സംഭവം മനസിൽ തിക്കിക്കയറി വന്നു.  മിന്നുമൂപ്പന്റെ വീട്ടിലെ പട്ടിയാണെങ്കിൽ പതിവില്ലാത്തവിധം ഒടുക്കത്തെ ഓരിയിടൽ.

പുതപ്പു തലവഴി മൂടിയിട്ട് വിഷ്ണുസഹസ്രനാമം ചൊല്ലി ഒരുവിധമാണ് ഞാനാ രാത്രി കടന്നു കൂടിയത്.

രാവിലെ ഞാൻ എഴുന്നേറ്റു വന്നപ്പോഴേയ്ക്കും കുളിയും പൂജയും കഴിഞ്ഞ് അച്ഛൻ ബാങ്കിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. ചൈത്രമാസാരംഭവും പ്ലസ് ടുവിലെ എന്റെ അവസാന പരീക്ഷയുമായിരുന്നതിനാൽ അമ്പലത്തിൽ കയറിയിട്ടാണ് ഞാൻ സ്കൂളിലേയ്ക്കു പോയത്. ഹനുമാന്റെ ഉപദേവതാ വിഗ്രഹത്തിനു മുന്നിൽ ഞാൻ കണ്ണീരൊഴുക്കി പ്രാർഥിച്ചു. പരീക്ഷയ്ക്കു നൂറിൽ നൂറു കിട്ടാനല്ല, അച്ഛന്റെ കാഷ് ടാലിയാവാനാണു ഞാൻ പ്രാർഥിച്ചത്. എന്റെ കണ്ണീർ കണ്ട ഗണപതി ഭട്ട് മോനേ, ഹനുമാന് വടമാല നേർന്നോളൂ, എന്താഗ്രഹവും സാധിക്കുംഎന്നു പറഞ്ഞ് എനിക്ക് തീർഥവും തുളസീദലവും തന്നു.

എനിക്ക് നൂറിൽ നൂറു കിട്ടിയില്ലെങ്കിലും വേണ്ട അച്ഛന്റെ കാഷ് ടാലിയായാൽ മതി എന്നതായിരുന്നു എന്റെ പ്രാർഥനയെങ്കിലും എന്റെ പരീക്ഷ ഉജ്ജ്വലമായിരുന്നു. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമായി ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസ് ചെയ്യാൻ നിൽക്കാതെ ഞാൻ വീട്ടിലേക്കോടി.

വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഓടിയതുകൊണ്ടാണോ അടഞ്ഞുകിടക്കുന്ന വീടുകണ്ടതുകൊണ്ടാണോ എന്നറിയില്ല, എനിക്കു വല്ലാത്ത തളർച്ച തോന്നി. ഞാൻ പടിയിൽ ഇരുന്നുപോയി.

രണ്ടുനിമിഷം കഴിഞ്ഞില്ല, മുറ്റത്തൊരു ഓട്ടോ വന്നു നിന്നു. അമ്മയും സുദർശയുമാണ്. അവർ ഇരിക്കപ്പൊറുതിയില്ലാതെ ബാങ്കിൽ പോയതാണത്രെ. പുലർച്ചയ്ക്ക് ഇറങ്ങിപ്പോയ അച്ഛന് എന്താണു സംഭവിച്ചിട്ടുണ്ടാവുക എന്നറിയാൻ വയ്യാതെ ആകെ അവശതയിലായിരുന്ന അമ്മയാണ് ബാങ്കിൽ പോവാൻ തീരുമാനിച്ചത്.

എന്താ, എന്തായി ?’ കാര്യങ്ങളറിയാൻ എനിക്ക് ആകാംക്ഷയായി.

എന്താവാൻ, പൈസയൊക്കെ കറക്റ്റായിരുന്നു. കമ്പ്യൂട്ടർ തകരാറായിരുന്നു കാരണം. അച്ഛൻ ചുമ്മാ ഒരു രാത്രി മുഴുവൻ തീ തിന്നു.സുദർശ പറഞ്ഞു.

എന്തെങ്കിലും ചെയ്തുകളയുമോന്നായിരുന്നു എന്റെ പേടി’, വാതിൽ തുറക്കുമ്പോൾ അമ്മ പറഞ്ഞു.

മലപോലെ വന്നത് അങ്ങനെ എലി പോലെ പോയി.

പക്ഷേ പിന്നെ അധികദിവസം അച്ഛൻ ജോലിയിൽ തുടർന്നില്ല.

മണിപ്പാലിൽ ഞാൻ എഞ്ചീനീയറിംഗിന് പഠിക്കാൻ പോവുന്നതിനു മുമ്പുതന്നെ അച്ഛൻ സ്വയംവിരമിച്ചു. വിരമിക്കൽ ചടങ്ങിന് ഞാനും അമ്മയും പോയിരുന്നു. ബാങ്കിനടുത്തുള്ള എൻ എസ് എസ് ഹാളിൽ വച്ചായിരുന്നു ചടങ്ങ്. വിരമിച്ചവരുൾപ്പെടെ ഒത്തിരി ജീവനക്കാർ പങ്കെടുത്തിരുന്നു. എറണാകുളത്തുനിന്നൊക്കെയുള്ള യൂണിയൻ നേതാക്കൾ വന്നിട്ടുണ്ടായിരുന്നു. പാഠക് എന്നോ മറ്റോ പേരുള്ള ഒരു ഹിന്ദിക്കാരൻ യൂണിയൻ നേതാവിനെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്.

യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് അച്ഛൻ നടത്തിയ സേവനങ്ങളെപ്പറ്റി പലരും അനുസ്മരിച്ചു. ഒരു നേതാവിന്റെ അനാവശ്യമായ സ്ഥലം മാറ്റത്തെ എതിർത്ത് റീജിയണൽ ഹെഡിനെ ഘെരാവോ ചെയ്ത സംഭവം വിവരിച്ചയാൾ, മറ്റെല്ലാവരും ഊഴമിട്ട് ഊണുകഴിക്കാൻ പോയിട്ടും സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാതെ ജലപാനം ചെയ്യില്ലെന്ന ഉറച്ചനിലപാടിൽ കാബിന്റെ പുറത്തുനിന്ന് എഴുന്നേറ്റുമാറാൻ തയ്യാറാകാതിരുന്ന അച്ഛന്റെ നിശ്ചയദാർഢ്യത്തെ വാനോളം പുകഴ്ത്തി. ഇരുന്നിടത്തുനിന്ന് അനങ്ങാതിരുന്ന അച്ഛന്റെ നിലപാടാണത്രെ അന്ന് ആ ഉത്തരവു പിൻവലിക്കാൻ പ്രധാന കാരണമായത്.

അതുപോലെ ബാങ്കിന്റെ കായൽത്തുരുത്തു ശാഖ ആരുമറിയാതെ പൂട്ടാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങളും തകർത്തത് അച്ഛനാണത്രെ. കായൽത്തുരുത്ത് എന്ന ചെറിയ ശാഖ വേമ്പനാട്ടുകായലിലെ ഒരു ദ്വീപിലായിരുന്നു. ഞാൻ ജനിക്കുന്നതിനൊക്കെ മുൻപാണ്. വളരെക്കുറച്ചുമാത്രം ബിസിനസുണ്ടായിരുന്ന ആ ശാഖ പൂട്ടാനുള്ള തീരുമാനം ബാങ്ക് എടുത്തെങ്കിലും അച്ഛൻ നാട്ടുകാർക്ക് മുൻകൂട്ടി അറിവുകൊടുത്തിരുന്നതിനാൽ സർക്കാരിനും റിസർവ് ബാങ്കിനുമൊക്കെ യഥാസമയം നിവേദനങ്ങൾ നൽകാനും യഥാസമയം തന്നെ തുടരന്വേഷണങ്ങൾ നടത്താനും അതിലൂടെ ശാഖയുടെ അടച്ചുപൂട്ടൽ നടപടികൾ നിറുത്തിവെപ്പിക്കാനും സാധിച്ചു.

പിന്നെ, അച്ഛൻ സ്ഥലം മാറിപ്പോയതിനു ശേഷം മാത്രമാണത്രെ കായൽത്തുരുത്തു ശാഖ അടച്ചുപൂട്ടിയത്.

ഒരു ദിവസം തന്റെ ശാഖയിൽ നടന്ന മിന്നൽപ്പണിമുടക്കിനു നേതൃത്വം നൽകിയ അച്ഛനെ ഒരു ഭീകരനായിട്ടാണ് ആദ്യമൊക്കെ താൻ കണ്ടതെന്നും യൂണിയൻ ലഹരി തലയ്ക്കുപിടിച്ച സന്ദർഭങ്ങളൊഴിച്ചാൽ സ്നേഹനിധിയായ ഒരുവ്യക്തിത്വമാണ് അച്ഛനെന്ന് പിന്നീടാണു മനസിലായതെന്നുമൊക്കെ അച്ഛന്റെ പഴയൊരു മാനേജർ പറഞ്ഞത് എല്ലാവരിലും ചിരി പടർത്തി.

അന്ന് യൂണിയൻകാർ നിർബന്ധിച്ചതിനാൽ അമ്മയും രണ്ടുവാക്കു സംസാരിച്ചിരുന്നു. ബാങ്ക്, സഹപ്രവർത്തകർ, യൂണിയൻ, ഇടപാടുകാർ എന്നിങ്ങനെ ബാങ്കുമായി ബന്ധപ്പെട്ടുമാത്രം ജീവിച്ച അച്ഛനെ ഞങ്ങൾ വീട്ടുകാർക്കു മാത്രമായി കിട്ടുന്നു എന്ന സന്തോഷമാണ് അച്ഛന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് തനിക്കുള്ളതെന്ന ചുരുങ്ങിയ വാക്കുകൾ മാത്രമേ അമ്മ അന്നു പറഞ്ഞുള്ളൂ. പ്രസംഗം ദീർഘിച്ചിരുന്നെങ്കിലും കുഴപ്പമില്ല എന്ന് മുരളിച്ചേട്ടൻ പറഞ്ഞപ്പോൾ, പണ്ട് ഏഴാം ക്ലാസിൽ പഠിച്ച സമയത്ത് സാഹിത്യസമാജത്തിനു സംസാരിച്ചതിനുശേഷം ആദ്യമായാണ് പൊതുവേദിയിൽ സംസാരിക്കുന്നതെന്നും മലയാളത്തിൽ സംസാരിച്ച് പരിചയമില്ലാത്തതിനാലാണ് പെട്ടന്നു ചുരുക്കിയതെന്നും അമ്മ മറുപടി കൊടുത്തു.

അച്ഛനെ എല്ലാവരും കോമ്രേഡ് ചേർത്തായിരുന്നു വിളിച്ചത്. യൂണിയനിൽ എല്ലാവരും പരസ്പരം വിളിക്കുക കോമ്രേഡ് ചേർത്താണെന്നും  അങ്ങനെ വിളിക്കുമെങ്കിലും മിക്കവാറും എല്ലാവരും തന്നെ കോൺഗ്രസുകാരാണെന്നും അച്ഛൻ ഞങ്ങളോട് അന്നു വിശദീകരിച്ചിരുന്നു.

വർഷങ്ങൾ ധാരാളം കടന്നുപോയെങ്കിലും ഇന്നലെ നടന്ന കാര്യങ്ങളെക്കാൾ വ്യക്തതയോടെ ഓർത്തെടുക്കാൻ എനിക്കു സാധിക്കുന്നത് ഇവയെല്ലാമാണ്. ഒരുപക്ഷേ ഇന്നത്തെ തിരക്കുപിടിച്ച, പ്രതിദിന ടാർജറ്റുകൾ നിറഞ്ഞ ബാങ്കിംഗിനെക്കാൾ, ശമ്പളം തീരെകുറവാണെങ്കിലും സ്വസ്ഥവും ലളിതവുമായ അന്നത്തെ ബാങ്കു ജോലിയാണ് നല്ലതെന്നു പോലും ചിലപ്പോഴെല്ലാം ഞാൻ കരുതിപ്പോവാറുണ്ട്.

അങ്ങനെയിരുന്നപ്പോഴാണ് കഴിഞ്ഞമാസം അച്ഛനുമമ്മയും വരുന്നത്. അമ്മ വരുന്നത് സന്ധ്യക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. അമ്മ നല്ലനല്ല അച്ചാറുകൾ ഉണ്ടാക്കി വെക്കും. കൂടാതെ കൃത്യമായ പാകത്തിൽ ബെയ്സൻ ഉണ്ട യഥേഷ്ഠമുണ്ടാക്കും. സന്ധ്യയാണെങ്കിൽ അത് ഫ്ലാറ്റിലെ തന്റെ മിത്രങ്ങൾക്ക് കൊടുത്ത് കയ്യടിയും നേടും.

അച്ഛൻ വരുന്നത് എനിക്കും സന്തോഷമാണ്. പഴയ ബാങ്കുകഥകൾ കേൾക്കാമെന്നു മാത്രമല്ല പൊതുവെ ആരോടും മിണ്ടാത്തവനാണു ഞാനെന്ന പരാതി എല്ലാ ഫ്ലാറ്റുകാരോടും അങ്ങോട്ടുകയറി സംസാരിച്ച് ഇല്ലാതാക്കാൻ മിടുക്കനായിരുന്നു അച്ഛൻ.

ഞാനെങ്ങനെയാണ് വീട്ടിലിരുന്ന് ബാങ്കു ജോലി ചെയ്യുന്നതെന്നതായിരുന്നു ഇത്തവണ അച്ഛന് അറിയേണ്ടിയിരുന്നത്. രാവിലെ എന്റെ ഡ്യൂട്ടി തുടങ്ങിയ ഉടനെ അച്ഛനും ഒരു കസേരയിട്ട് എനിക്കു സമീപമിരുന്നു. വെള്ളിയാഴ്‌ചയായിരുന്നതിനാൽ വീക്ക് ലി റിവ്യു ആയിരുന്നു. അച്ഛൻ കൂടെയിരിക്കുന്നതിനാൽ ടീംമേറ്റ്സിനോട് എങ്ങനെ സംസാരിക്കണം എന്നൊരു ആശയക്കുഴപ്പം ആദ്യകുറച്ചുസമയം എനിക്കുണ്ടായിരുന്നു എന്നതു ശരിയാണ്. പക്ഷേ പത്തുപതിനഞ്ചു മിനിറ്റിനുള്ളിൽ ഞാൻ പതിവുപോലെ സംസാരിച്ചു തുടങ്ങി.

കോവിഡും ലോക്ക്ഡൗണുമൊക്കെ ആയതിനാൽ ആകെ മോശമായിരുന്നു ബിസിനസ്. എന്നാൽ, പത്തനംതിട്ട പോലത്തെ ചില ജില്ലകളിൽ നിന്ന് മോശമല്ലാത്ത റിപ്പോർട്ടുകളും ലഭിക്കുന്നുണ്ടായിരുന്നു. ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ്റ് വിഭാഗത്തിലായിരുന്ന എനിക്ക് തെക്കൻ കേരളത്തിന്റെ ചുമതലയായിരുന്നു വഹിക്കാനുണ്ടായിരുന്നത്.  

വേണ്ടരീതിയിൽ വർക്കു ചെയ്യാതെ മാർക്കറ്റ് ഡള്ളാണു സർഎന്ന സ്ഥിരം പല്ലവി പാടുന്ന ചിലരോട് എനിക്ക് ഭാഷ കടുപ്പിക്കേണ്ടി വന്നു. അല്ലാതെ എനിക്കു നിർവാഹമില്ലായിരുന്നു. ഇവർ പണിയെടുത്തില്ലെങ്കിൽ ഞാനും ചിലപ്പോൾ തെറി കേൾക്കേണ്ടി വരാറുണ്ട്.

ഇങ്ങനൊക്കെ സംസാരിച്ചാൽ ഇവരുടെ നേതാക്കളൊന്നും ഇടപെടില്ലേടാ?’ എന്റെ ഭാഷ അതിരുവിട്ടു പോവുന്നുണ്ട് എന്ന അർത്ഥത്തിൽ അച്ഛൻ ചോദിച്ചു.

ഇപ്പോൾ യൂണിയനും നേതാക്കളുമൊന്നുമില്ല എന്നും ഉണ്ടെങ്കിൽ തന്നെ പെർഫോമൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഞാൻ അച്ഛനോടു പറഞ്ഞു.

പഴയ യൂണിയൻകാരനായ അച്ഛന് എന്റെ മറുപടി ദഹിച്ചില്ലെന്നു തോന്നുന്നു.

അതിനിടെ തുണി മടക്കാൻ വന്ന സന്ധ്യ, ‘സുധീടെ വഴക്കുപറച്ചിൽ കേട്ട് അച്ഛൻ പേടിക്കുകൊന്നും വേണ്ട. ഇതിന്റെ ഇരട്ടി സുധി കേൾക്കാറൊണ്ട്. ഇവരിങ്ങനെ പരസ്പരം പറഞ്ഞാലും വൈകീട്ട് അതെല്ലാം മറന്ന് കൂട്ടായിക്കോളും’, എന്നു പറഞ്ഞു.

വലിയ രീതിയിൽ ശകാരിച്ചതൊക്കെ എങ്ങനെയാണ് പെട്ടന്നുതന്നെ മറക്കാൻ കഴിയുക എന്നത് അച്ഛന് മനസിലായില്ല. രണ്ടുമണിക്ക് കാഷ് ക്ലോസ് ചെയ്തുകഴിഞ്ഞതിനുശേഷം ഒരു വലിയ ഇടപാടുകാരൻ കൊണ്ടുവന്ന തുക സ്വീകരിക്കാൻ വിസമ്മതിച്ച അച്ഛനോട് ഷേണായി താനെന്താ നല്ല കസ്റ്റമേഴ്സിനെ വെറുപ്പിച്ച് ബാങ്ക് പൂട്ടിക്കാൻ നോക്കുവാണോ?’ എന്നു ചോദിച്ച മാനേജരോട് ഒന്നും രണ്ടുമല്ല നീണ്ട ഇരുപതു വർഷമാണ് അച്ഛൻ മിണ്ടാതിരുന്നത്.

അങ്ങനെയുള്ള അച്ഛന് പകൽ പറഞ്ഞ ശകാരങ്ങൾ വൈകുന്നേരത്തോടെ മറക്കുന്ന പുതിയ രീതി ഒട്ടും മനസിലായില്ല.

തുടർന്ന് റിവ്യു മീറ്റിംഗ് ഉള്ള സമയങ്ങളിൽ അച്ഛൻ എന്റെ സമീപം ഇരിക്കാൻ തുടങ്ങി. വലിയ ഡെപ്പോസിറ്റുകൾ കിട്ടുമ്പോഴുള്ള സന്തോഷങ്ങളിൽ അച്ഛനും പങ്കു ചേരുമായിരുന്നു. ഞാൻ ശകാരിക്കുന്ന അവസരങ്ങളിൽ  അച്ഛനും പിറുപിറുത്തു.

അവനു കൊടുത്തതു പോര, ഒഴപ്പനാ, കണ്ടാലറിയാം. ഒരു ദിവസം കോട്ടയത്തെ ഒരു ആറെമ്മിനെപ്പറ്റി അച്ഛൻ കമന്റു പറഞ്ഞു.

ചോദ്യരൂപത്തിൽ ഞാൻ അച്ഛനെ നോക്കിയപ്പോൾ, ‘യൂണിയനെ ഒന്നും പേടിക്കണ്ടല്ലോ പിന്നെന്താ പറഞ്ഞാല്?’ എന്ന് അച്ഛൻ കൂട്ടിച്ചേർത്തു.

ഞാനൊന്നും മിണ്ടിയില്ല.

അവര് വേണ്ടവിധത്തിൽ ചെയ്തില്ലെങ്കിൽ നീ തെറി കേൾക്കണ്ടി വരില്ലേ? അതൊഴിവാക്കാൻ പറഞ്ഞതാണ്. ചുമ്മാ എന്തിനാണ് വല്ലവന്റെയും തെറി കേൾക്കുന്നത്? കൃഷ്ണശേണായി സാറിന്റെ കൊച്ചുമകൻ അങ്ങനെ ആരുടേം തെറി കേൾക്കണ്ട.

ഞാൻ ചുമ്മാ തലകുലുക്കുക മാത്രം ചെയ്തു. എന്റെ ജോലിയിൽ അച്ഛൻ തലയിടുന്നതിൽ സത്യത്തിൽ എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. ഞാനത് സന്ധ്യയോടു പറയുകയും ചെയ്തു. അവൾ പക്ഷേ അച്ഛന്റെ പുത്രവാത്സല്യമായിട്ടാണ് അതിനെ വ്യാഖ്യാനിച്ചത്.

ഉച്ചയ്ക്ക് റിവ്യു ആയിരുന്നു. മൂന്നു പേർ കൂടി ഈ മാസത്തെ ടാർജെറ്റ് മുട്ടിച്ചാൽ മേലുദ്യോഗസ്ഥരുടെ മുന്നിൽ എനിക്ക് സമാധാനമായിട്ടിരിക്കാം. ഇക്കാര്യം അച്ഛനുമറിയാമായിരുന്നു.

മൂവാറ്റുപുഴയിലെ ആറെമ്മായ റിയ ഈ മാസം കാര്യമായി ഒന്നും ചെയ്തിട്ടില്ലായിരുന്നു. മാസത്തിൽ ബാക്കിയുള്ള ദിവസം എന്തെങ്കിലുമൊക്കെ ചെയ്ത് ടാർജെറ്റിനടുത്തെങ്കിലും എത്തിക്കാൻ നോക്കണം എന്നു ഞാൻ പറഞ്ഞപ്പോൾ അതുപ്രയാസമായിരിക്കും എന്നു പറയുക മാത്രമല്ല നാലു ദിവസത്തെ ലീവ് ചോദിക്കുകയും ചെയ്തു. കുഞ്ഞിന് ഒട്ടും വയ്യത്രെ. കുഞ്ഞിനെ നോക്കുന്ന സ്ത്രീയ്ക്ക് ലോക്ക്ഡൗൺ കാരണം നാട്ടിൽ നിന്ന് എത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഗത്യന്തരമില്ലാതിരിക്കുകയാണെന്ന് റിയ കൂട്ടിച്ചേർത്തു.

ലീവ് കൊടുക്കരുത് എന്ന് ലാപ്ടോപ്പിനു പിറകിലേക്കു ചരിഞ്ഞ് അച്ഛൻ എന്നെ കണ്ണുരുട്ടിക്കാണിച്ചു.

ഞാൻ പ്രതികരിക്കാത്തതു കണ്ട്, അടുത്തമാസം മേക്കപ്പ് ചെയ്തോളാം, ലീവ് സാങ്ഷൻ ചെയ്യണം സർ എന്ന് റിയ അപേക്ഷിച്ചു. അച്ഛനാവട്ടെ കണ്ണുരുട്ടുന്നതിനു പുറമെ, കൈവീശി ഒരിക്കലും അനുവദിക്കരുത് എന്ന് ശബ്ദമില്ലാതെ ആജ്ഞാപിച്ചുകൊണ്ടിരുന്നു.

റിയയ്ക്ക് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ എനിക്ക് മീറ്റിംഗ് അവസാനിപ്പിക്കേണ്ടി വന്നു.

ചുമ്മാ തട്ടിപ്പാണ്,’ അച്ഛൻ പറഞ്ഞു.’ നീ ഇതൊന്നും വിശ്വസിക്കരുത്. ഇനി കൊച്ചിന് അസുഖമുണ്ടെങ്കിൽ തന്നെ എന്താ? വീട്ടിലല്ലേ ഇരിക്കുന്നേ ? കസ്റ്റമേഴ്സിനെ വിളിച്ച് ബിസിനസ് പിടിച്ചാൽ എന്താ കുഴപ്പം ? കോവിഡ് കാലത്ത് പണിയെടുക്കാതെ സുഖിച്ചു പോയി. വേറൊന്നുമല്ല’.

ഇത്രയും പറഞ്ഞ് അച്ഛൻ എഴുന്നേറ്റ് വടികുത്തി പുറത്തേക്കു നടന്നു. ഞാൻ സിസ്റ്റം ഓഫ് ചെയ്ത് കട്ടിലിലേക്കു ചാരി. ജീവിതത്തിലാദ്യമായി അച്ഛന്റെ സാന്നിധ്യം എന്നെ അസ്വസ്ഥനാക്കുന്നതു പോലെ.

ദേർ ഈസ് എ റൂമർ ദാറ്റ് യു ആർ എ ബിറ്റ് ടഫർ ദീസ് ഡേയ്സ്, വോട്ട് ഹാപൻഡ്?’ എന്ന സഹപ്രവർത്തകന്റെ വാട്ട്സപ്പ് സന്ദേശമാണ് ചെറിയൊരു മയക്കത്തിലേക്കു വീണ എന്നെ ഉണർത്തിയത്.

ഞാൻ മറുപടി കൊടുക്കാൻ നിന്നില്ല. എഴുന്നേറ്റ് ബാൽക്കണിയിലേക്കു ചെന്നു. പതിനാറാം നിലയിലാണ്. അങ്ങുതാഴെ പുൽത്തകിടിക്കു സമീപത്തെ ചാരുബഞ്ചുകളിലൊന്നിൽ അച്ഛൻ, അമ്മ. അടുത്ത ബെഞ്ചുകളിൽ  സന്ധ്യ, മറ്റേതോ ഫ്ലാറ്റുകാർ, പിന്നെയും ആരൊക്കെയോ. അച്ഛന്റെ ഏതോ തമാശയ്ക്കായിരിക്കാം,  എല്ലാവരും ചിരിക്കുന്നുണ്ട്.

ഷോർട്ട്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഒന്നു വിറച്ചിട്ടു മുരണ്ടു. വാട്ട്സപ്പ് സന്ദേശമാണ്. പിന്നെയും ലീവ് ചോദിച്ച് റിയയാണ്.

ലീവ് അപ്പ്രൂവ്ഡ് ടിൽ ദ ബേബി ഈസ് ഫൈൻ’, കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ ടൈപ്പ് ചെയ്തു.

മറുപടിയായി റിയ ഒരു കുട്ടപ്പൂക്കളാണ് വാട്ട്സപ്പിൽ വാരിവിതറിയത്. ആ പൂക്കൾ വാട്ട്സപ്പിൽ നിന്ന് പൂമഴയായി എന്റെ ഉള്ളിലേക്കു തിമർത്തു പെയ്തു.

നാളെ മുതൽ അച്ഛനെ കൂടെയിരുത്തില്ല എന്ന തീരുമാനത്തിലേയ്ക്കെത്താൻ ആ പൂമഴ ഒട്ടൊന്നുമല്ല എന്നെ സഹായിച്ചതെന്നതു കൂടി പറയട്ടെ.

 

****          ****      *****   ****          ****      *****

പ്രസാധകൻ മാസിക, ജൂലൈ 2021

Tuesday, March 23, 2021

വിരലിട്ട മെസേജ്

 


വടക്കൻ കേരളത്തിലുള്ളവർ കഴിയാവുന്നതും ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലാക്കി പറയുമെന്ന് കേട്ടിട്ടുണ്ട്. ഓംലറ്റിന് കോയീന്റെ ദോശ, സെവൻ അപ്പിന് ഏയിന്റെ വെള്ളം എന്നങ്ങനെ. ഇതൊക്കെ തമാശയായിരിക്കാം. അറിയില്ല. പക്ഷെ എന്നെ ആദ്യം ഉത്കണ്ഠപ്പെടു ത്തുകയും പിന്നെ ചിരിപ്പിക്കുകയും ചെയ്ത ഒരു മലയാളവത്കരണത്തെക്കുറിച്ചാണ് ഈ കുറിപ്പ്:


ഞാൻ ജോലി ചെയ്യുന്ന ശാഖയിൽ ഭൂരിപക്ഷവും പ്രവാസികളാണ് ഇടപാടുകാരായിട്ടുള്ളത്. എല്ലാവരും നല്ലവർ, സൗഹൃദാന്തരീക്ഷം.  ഫോൺ വിളി , ഇ മെയിൽ എന്നിവയും കടന്ന് പ്രവാസികളുമായുള്ള ആശയവിനിമയം ഇപ്പോൾ വാട്സപ്പിലെ വോയിസ് മെസേജിൽ എത്തി നിൽക്കുകയാണ്. 

അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ബുജൈറിന്റെ ഭാര്യ ബുഷ്‌റ (ഇരുവരുടേയും പേരിതല്ല) കാബിനിലെത്തുന്നത്. ബുജൈറിന്റെ അക്കൗണ്ടിൽ പുതിയതായി ഇഷ്യു ചെയ്ത ATM കാർഡ് ബുഷ്റക്ക് കൊടുക്കണം. ഇതാണ് ആവശ്യം. ബുജൈർ ബാങ്കിലേക്ക് ഇ മെയിൽ അയച്ചോ എന്നൊന്നും ബുഷ്റക്കറിയില്ല. ഇമെയിൽ ഇല്ലാത്തതു കൊണ്ട് കാർഡ് കൊടുക്കാനാവില്ലെന്ന് കൗണ്ടർ സ്റ്റാഫ് പറഞ്ഞതുകൊണ്ട് എന്നെ കാണാൻ വന്നതാണ്.

'ഇമെയിലോ കത്തോ മറ്റോ വേണമല്ലോ മാഡം', ഞാൻ പറഞ്ഞു.

'ഇക്കാന ഞാനിപ്പ വിളിച്ചാർന്ന്. ബെരലിട്ട സാറാണ്, ഈമെയിലൊന്നും വേണ്ടന്ന് ഇക്കാ പറഞ്ഞ്', ബുഷ്‌റ നാണം എന്ന് എനിക്കു തോന്നിയ മുഖഭാവത്തിൽ പറഞ്ഞു.


വിരലിട്ടെന്നോ! ഞാനോ ?! എനിക്കൊന്നും മനസിലായില്ല.

'ഈമെയിലോ മറ്റെന്തെങ്കിലും മാൻഡേറ്റോ ഇല്ലാതെ കാർഡ് തരാൻ പാടില്ലല്ലോ മാഡം', ഞാൻ.


ബുഷ്റക്ക് സങ്കടമായി. ഉടനടി ബുജൈറിനെ വിളിച്ചിട്ട് എന്തോ കുശുകുശുത്തു. എന്നിട്ട് ഫോൺ എനിക്കു തന്നു.

ബുജൈർ നല്ല ദേഷ്യത്തിലായിരുന്നു. കാർഡില്ലാതെ ഭാര്യ നേരിടുന്ന കഷ്ടപ്പാടും കാർഡു വാങ്ങാനായി ബാങ്കിലേക്കു വന്നതിന്റെ കഷ്ടപ്പാടും ജോലിയുടെ ഇടക്ക് ഭാര്യ ബുജൈറിനെ ഫോൺ ചെയ്ത് സങ്കടം പറയുന്നതിന്റെ കഷ്ടപ്പാടും ഒക്കെ പരത്തിയങ്ങു പറഞ്ഞു. ഇടക്കൊരു ഗ്യാപ്പു കിട്ടിയപ്പോൾ ഞാൻ മാൻഡേറ്റിന്റെ കാര്യം സൂചിപ്പിച്ചതും ബുജൈർ ക്രുദ്ധനായി.

'ബെരലിട്ടപ്പ സാറ് ഇതൊന്നും പറഞ്ഞില്ലല്ലാ'.

ഞാൻ ഞെട്ടിപ്പോയി. എന്റെ തൊണ്ടയിൽ എവിടുന്നോ ഒരു കഫക്കട്ട കുടുങ്ങി. ഞാൻ ചുമച്ചുപോയി.

'ബുജൈറേ, ഞാൻ... എപ്പ...?'

'ങ്ങാഹാ, സാറപ്പ അങ്ങനെയാണാ? ഒന്ന് വാട്സാപ്പ് നോക്കീട്ട് എന്നെ വിളിക്ക് ട്ടാ' എന്നലറിയിട്ട് ഒറ്റ കട്ടായിരുന്നു ബുജൈർ. 

മനസ്സിലേക്കോടി വന്ന വിരലിടൽ എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ തട്ടിമാറ്റി ഞാൻ ബുഷ്റക്ക് ഫോൺ തിരികെ കൊടുത്തതും ബുജൈറിന്റെ കോൾ വന്നു. ഫോണെടുത്ത ബുഷ്റ, ആ ശെരി എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്ത് എന്നോട് വാട്സപ്പ് നോക്കാൻ പറഞ്ഞു.


വിറക്കുന്ന കൈകളോടെ ഞാൻ വാട്സപ്പ് ക്ലിക്ക് ചെയ്തു.  ഇനി എന്റെ രൂപസാദൃശ്യമുള്ള ആരെങ്കിലും യുടൂബിൽ... ഛായ്, അങ്ങനെയൊന്നും വരില്ല. ഞാനത്തരം ചിന്തകളൊക്കെ തൂത്തെറിഞ്ഞു.


ടാർജറ്റ്, ഇൻഷുറൻസ്, തേഡ്പാർട്ടി എന്നൊക്കെ പറഞ്ഞ് റീജിയണൽ ഓഫീസിൽ നിന്നുള്ള മെസേജുകൾ, സിനിമാ ഗ്രൂപ്പിൽ ഈട സിനിമയുടെ റിവ്യു, സ്പോർട്സ് ഗ്രൂപ്പിൽ ഇന്ത്യയുടെ എട്ടാം വിക്കറ്റും പോയ വാർത്ത എന്നിവയല്ലാതെ ഞാൻ ഭയന്നതു പോലെ മറ്റൊന്നുമില്ലായിരുന്നു.


ഇനി ബുജൈർ എനിക്ക് പണ്ടെന്തെങ്കിലും മെസേജ് അയച്ചതായിരിക്കുമോ എന്നറിയാൻ തെരഞ്ഞെങ്കിലും ആ പേര് എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.


എന്താ ചെയ്ക എന്നർത്ഥത്തിൽ നിരാശയോടെ ഞാൻ നോക്കിയപ്പോൾ പെട്ടന്ന് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് ഒരു വാട്സപ്പ് വോയിസ് മെസേജ്. ഞാനതു തുറന്നു.

'സാറേ ബുജൈറാണ്. എന്റെ പയേ മെസേജൊന്ന് നോക്കിയേ. സാറ് ബെരലിട്ടത് കണ്ടാ? ആ കാർഡ് ന്റെ വൈഫിന് കൊടുത്താ ബെല്യ ഉപകാരാവും സാറേ'


ഞാൻ ധിറുതി പിടിച്ച് പഴയ മെസേജ് സ്ക്രോൾ ചെയ്തു. ആകെ ഒരു വോയിസ് മെസേജേ ഉണ്ടയിരുന്നുള്ളൂ. കേട്ടു. അതിത്രേയുള്ളൂ. ഞാൻ ബുജൈറാണ്, അക്കൗണ്ട് നമ്പർ ഇന്നതാണ് വൈഫ് അടുത്ത മാസം വരും, കാർഡ് കൊടുക്കണം. മറുപടിയായി ഞാൻ ദാ ഇത് '👍' അയച്ചിരുന്നു. ഇതിനെയാണ് ബുജൈറും ബുഷ്റയും വിരലിടൽ എന്നു പറഞ്ഞതെന്ന് മനസിലായപ്പോൾ, എന്താ പറയേണ്ടത്, ഞാൻ ആശ്വസിച്ച ആശ്വാസമുണ്ടല്ലോ, മരിക്കും വരെ മറക്കില്ല.


 എൻഡ് ഓഫ് ദ ഡേ:


കാർഡ് ഒപ്പിട്ടു വാങ്ങിയ ബുഷ്റ ആക്ടിവേഷനു വേണ്ടി പത്തു മിനിറ്റു കാത്തിരുന്നു. പിന്നെ എടിഎമ്മിൽ നിന്ന് പണമെടുത്ത് കാർഡ് പ്രവർത്തനക്ഷമമെന്ന് ഉറപ്പു വരുത്തി തിരികെ വന്ന് കാബിന് പുറത്തു നിന്ന് കാർഡ് ഓക്കെ എന്ന് എന്നെ വിരലിട്ടു കാണിച്ചിട്ടാണ് മടങ്ങിയത്.


ഇമെയിലൊന്നുമില്ലാതെ മാനേജർ സാർ  കാർഡ് തരീച്ചു എന്ന് ബുഷ്റ ബുജൈറിനോടു പറഞ്ഞു കാണണം, വാട്സാപ്പിൽ ബുജൈർ ഒന്നല്ല, നാലു വിരലിട്ടു, കൂടെ ഒരു കയ്യടിയും രണ്ടു പൂവും...👍👍👍👍👏🌹🌹

Monday, August 24, 2020

വീട്ടിലിരുന്നു സമ്പാദിച്ച പണി !

 



വീട്ടിലിരുന്നു കൊണ്ടു തന്നെ പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടപ്പോൾ ചുമ്മാ അപേക്ഷിച്ചു നോക്കിയതാണു സംഗീത (യഥാർഥ പേരല്ല). മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ കാഷ്യർ പോസ്റ്റിലേക്കായിരുന്നു ജോലി.

കോവിഡ് കാരണം അവരുടെ കേരള ഓഫീസുകൾ പ്രവർത്തിക്കുന്നില്ലത്രെ. ഓർഡറുകളൊക്കെ അവർക്ക് ഓൺലൈനായി പ്രോസസ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിലും ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ  പണം കൈപ്പറ്റാൻ സാധിക്കുന്നില്ല.

ഇടപാടുകാരുടെ കാഷ് കളക്റ്റ് ചെയ്യാനായി അടുത്തുള്ള ബാങ്കിൽ സ്വന്തം പേരിൽ പുതിയൊരു അക്കൌണ്ട് തുറക്കുക, ഇടപാടുകാർ ആ അക്കൌണ്ടിൽ നിക്ഷേപിക്കുന്ന കാഷ് കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക്  അപ്പോൾ തന്നെ ഗൂഗിൾ പേ വഴിയോ മറ്റോ ട്രാൻസ്ഫർ ചെയ്തു കൊടുക്കക ഇത്രയുമായിരുന്നു സംഗീത ചെയ്യേണ്ട ജോലി.  

ശമ്പളമോ ? അക്കൌണ്ടിൽ വന്നുപോവുന്ന തുകയ്ക്കനുസരിച്ച് മാസം പതിനയ്യായിരം മുതൽ ഇരുപത്തയ്യായിരം വരെ സമ്പാദിക്കാം.

കമ്പനി ആവശ്യപ്പെട്ടതു പോലെ സംഗീത പിറ്റേന്നു തന്നെ അടുത്തുള്ള ബാങ്കിൽ പോയി പുതിയ അക്കൌണ്ട് തുടങ്ങുകയും അതിന്റെ വിവരങ്ങളും തന്റെ കെ വൈ സിയും മറ്റും കമ്പനിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ആദ്യ ദിവസം തന്നെ മുപ്പതിനായിരത്തോളം രൂപ അക്കൌണ്ടിൽ വന്നു. അക്കൌണ്ടിൽ പണമെത്തുമ്പോൾ തന്നെ അതെങ്ങോട്ടാണ് ട്രാൻസ്ഫർ ചെയ്യേണ്ടതെന്ന വാട്സപ്പ് സന്ദേശവും ലഭിക്കുമായിരുന്നു. പറഞ്ഞ അക്കൌണ്ടിലേയ്ക്കോ മൊബൈൽ നമ്പരിലേക്കോ പണം ട്രാൻസ്ഫർ ചെയ്യുക എന്ന ചെറിയ ജോലിയേ സംഗീതയ്ക്കുണ്ടായിരുന്നുള്ളൂ.

ഏപ്രിൽ അവസാനമായിരുന്നു സംഗീത ജോലിക്കു ചേർന്നത്. കമ്പനി പറഞ്ഞതു പ്രകാരം സാലറി അക്കൌണ്ടായി മാറ്റിയ തന്റെ പഴയ അക്കൌണ്ടിൽ മേയ് 31 ന് ഇരുപതിനായിരം രൂപ ശമ്പളമായി വന്നപ്പോൾ സംഗീത മാത്രമല്ല, ‘നോക്കിയിരുന്നോ ഇപ്പക്കിട്ടും’ എന്നു പറഞ്ഞു കളിയാക്കുമായിരുന്ന ഭർത്താവ് സുധീഷും അദ്ഭുതപ്പെട്ടു പോയി.

ജൂൺ മുപ്പതിനും ഇരുപതിനായിരം രൂപ ശമ്പളം കിട്ടി. 

ഭാര്യയുടെ ജോലിയെക്കുറിച്ച് കൂടുതലാരോടും പറയാതിരുന്ന സുധീഷ്,   മുംബൈ ആസ്ഥാനമായ ഒരു ‘മൾട്ടിനാഷണൽ‘ കമ്പനിയിലെ കാഷ്യറാണ് തന്റെ സഹധർമ്മിണി എന്നും ഇപ്പോൾ ‘വർക്ക് ഫ്രം ഹോം’ ആണെന്നും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും അഭിമാനത്തോടെ പറയാൻ തുടങ്ങി.

അങ്ങനെ കാര്യങ്ങളൊക്കെ ഭംഗിയായി പോവുമ്പോൾ ഒരു ദിവസം ബാങ്കിൽ നിന്ന് സംഗീതയ്ക്കൊരു ഫോൺ വന്നു. അക്കൌണ്ടിൽ ഒത്തിരി ഇടപാടുകൾ നടക്കുന്നതായി കാണുന്നതിന്റെ വിശദീകരണമായിരുന്നു ബാങ്ക് മാനേജർക്ക് അറിയേണ്ടിയിരുന്നത്. 

തന്റെ സ്വന്തം പണമല്ല, കാഷ്യറെന്ന നിലയ്ക്ക്  വരുന്ന തുകകളാണെന്നും  വരുമ്പോൾ തന്നെ കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്നുണ്ട് എന്നുമൊക്കെയുള്ള വസ്തുതകൾ സംഗീത വിശദീകരിച്ചു.

പ്രൊസീജിയറിന്റെ ഭാഗമായി വിളിച്ചതാണെന്നു പറഞ്ഞ് മാനേജർ ഫോൺ വച്ചു  എങ്കിലും സംഗീത വല്ലാതെ ഭയന്നിരുന്നു. 

ബാങ്കിൽ നിന്നുള്ള വിളിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനായി സുധീഷ് തന്റെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു. അക്കൌണ്ടിൽ അല്പം ബാലൻസ് കണ്ടാൽ ഇങ്ങനെ വിളിച്ചുചോദിക്കുക എന്നത് ബാങ്കുകാരുടെ രീതിയാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും സുഹൃത്തു പറഞ്ഞപ്പോഴാണ് സംഗീതയ്ക്ക് ശ്വാസം നേരെ വീണത്.

പക്ഷേ ആ ആശ്വാസത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. എത്രയും പെട്ടന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവണം എന്ന ഫോൺകോളായിരുന്നു പിറ്റേന്ന് രാവിലെ സംഗീതയുടെ കണി !

എന്തോ പണിയായി എന്ന് സംഗീതയ്ക്കു മനസിലായി. പക്ഷേ, എന്താണു താൻ ചെയ്ത തെറ്റെന്ന് ഒട്ടും മനസിലായതുമില്ല. തുടർന്ന് വളരെ മാന്യനും നല്ലവനുമായ ആ പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചപ്പോഴാണ് താൻ ചെയ്ത വിഡ്ഢിത്തതിന്റെ വ്യാപ്തി സംഗീതയ്ക്ക് വ്യക്തമായത്. 

കോവിഡ് കാലത്ത് വീട്ടിലിരുന്നു തന്നെ ഐഇഎൽറ്റിഎസ് പരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം നടത്തി തട്ടിപ്പു നടത്തുന്ന ഒരു റാക്കറ്റിന്റെ വലയിലാണത്രെ സംഗീത പെട്ടത്. 

ചുളുവിൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ മുന്നും പിന്നും നോക്കാതെ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൌണ്ടിലേയ്ക്ക് തുക അയച്ചുകൊടുക്കും. അങ്ങനെ പണം കൈപ്പറ്റാനുള്ള ഒരു അക്കൌണ്ടായിട്ടാണ് സംഗീതയുടേത് ഉൾപ്പെടെ അഞ്ചെട്ടു പേരുടെ അക്കൌണ്ടുകൾ തട്ടിപ്പുകാരുപയോഗിച്ചത്.

തട്ടിപ്പുകാരാവട്ടെ, ഇങ്ങനെ വന്ന തുകകൾ സംഗീതയെപ്പോലുള്ള അക്കൌണ്ട് ഉടമകളെക്കൊണ്ട്  ഉടനടി തന്നെ തങ്ങളുടെ മറ്റ് അക്കൌണ്ടിലേയ്ക്കോ വാലറ്റുകളിലേയ്ക്കോ ഒക്കെ മാറ്റുകയോ എ ടി എം വഴി പിൻവലിക്കുകയോ ഒക്കെ ചെയ്യുകയാണ് പതിവ്.

പറഞ്ഞ സമയത്തിനു ശേഷവും പരീക്ഷ നടത്താത്തതിനെ തുടർന്ന് ചിലർ പരാതിപ്പെട്ടപ്പോഴാണ് പോലീസ് അന്വേഷണമാരംഭിച്ചതും സംഗീത ഉൾപ്പെടെയുള്ള ‘കാഷ്യർ’മാർക്കെതിരെ കേസ് ചാർജ് ചെയ്തതും.

അക്കൌണ്ട് വിശദമായി പരിശോധിച്ചതിലൂടെ സംഗീതയുടെ നിരപരാധിത്വം  പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് മാനേജർക്കും ബോധ്യപ്പെട്ടു. പക്ഷേ അതുപോരല്ലോ, പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക്   നിയമനടപടികൾ നേരിട്ടല്ലേ പറ്റൂ. അതുകൊണ്ട്, നല്ലൊരു വക്കീലിനെ ഏർപ്പാടാക്കാനും കോടതിയെ തന്റെ നിരപരാധിത്വം ബോധിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സംഗീത.

*എൻഡ് ഓഫ് ദ ഡേ:* നമ്മുടെ അക്കൌണ്ടിൽ നമ്മുടേതായ ഇടപാടുകൾ മാത്രമേ നടത്താൻ പാടുള്ളൂ. ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ മേലുദ്യോഗസ്ഥരുടേയോ നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേയോ ഒക്കെ ഇടപാടുകൾ ഒരിക്കലും നമ്മുടെ അക്കൌണ്ടു വഴി നടത്തരുത്. നടത്തിയാൽ ഒരുപക്ഷേ, സംഗീതയ്ക്കു കിട്ടിയതുപോലെ നമുക്കും വീട്ടിലിരുന്നു തന്നെ പണി കിട്ടിയേക്കാം.

ലോക്ഡൌൺ കാലത്തൊരു ഓൺലൈൻ തേപ്പ്

 


ലോക്ഡൌൺ കാലത്തൊരു ഓൺലൈൻ തേപ്പ്

ലോക്ക്ഡൌൺ കാലത്ത് ജോലി സ്ഥലത്തെ ഫ്ലാറ്റിൽ പെട്ടുപോയ രാഹുൽ മേനോന്റെ (യഥാർഥപേരല്ല) അനുഭവമാണിത്.
എത്രനേരമാണെന്നു വച്ചാ വീട്ടുകാരെയും കൂട്ടുകാരെയും ഫോൺ ചെയ്യുക ? എത്രനേരം യുടൂബോ പ്രൈമോ ഒക്കെ കാണാം. എത്രയാന്നു വെച്ചാ പുസ്തകങ്ങൾ വായിക്കുക ? പാചകപരീക്ഷണത്തിനുമൊക്കെ ഒരു പരിധിയില്ലെടേ ? 
അങ്ങനെ, ബോറടിയുടെ പാരമ്യത്തിൽ നിൽക്കുന്ന ഒരു ദിവസം ഒന്നു റിലാക്സ് ചെയ്യാനായി റാം ജി റാവ് സ്പീക്കിംഗ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രാഹുലിന്റെ ഫോൺ ശബ്ദിച്ചത്. 
സിനിമയിൽ നിന്ന് ശ്രദ്ധതിരിയുന്നതിൽ നീരസമുണ്ടെങ്കിലും  രാഹുൽ ഫോൺ എടുത്തു: ‘ഹൽ ഒ...’
ഒരു യുവതിയുടെ ശബ്ദമായിരുന്നു അപ്പുറത്ത്. ‘ബാങ്കിൽ നിന്നാണു സർ‘.
ശബ്ദം യുവതിയുടേതാണെന്നറിഞ്ഞപ്പോൾ  രാഹുലിന് അല്പം താല്പര്യമായി. സിനിമ അങ്ങു  പോസ് ചെയ്തു.
‘പറയൂ’.
‘സർ ഫ്രീയാണോ ? രണ്ടു മിനിറ്റ് സംസാരിക്കാമോ ?’
‘ഫ്രീ ആണോന്നോ ? പിന്നെന്താ ? ഈ ഇരിപ്പ് തുടങ്ങീട്ട് ആഴ്ച മൂന്നായില്ലേ? ആരെങ്കിലും ഒന്നു വിളിക്കാൻ കൊതിച്ചിരിക്കുവായിരുന്നു.’ 
യുവതി ചിരിക്കുന്ന ശബ്ദം. തുടർന്ന് : ‘കസ്റ്റമേർസെല്ലാം ബോറടിച്ചിരിക്കുവാണെന്ന് ഞങ്ങൾക്കറിയാം സർ. അതുകൊണ്ടാണ് ഈ കോൾ‘.
‘അതുകൊള്ളാം. ബാങ്കുകാർക്കിപ്പൊ കസ്റ്റമേർസിന്റെ ബോറടി മാറ്റിക്കൊടുക്കുന്ന പരിപാടീം ഒണ്ടോ ?’
യുവതി പൊട്ടിച്ചിരിച്ചു.
രാഹുലിനും ആവേശമായി. ‘പേരു പറഞ്ഞില്ല...’
‘സോറി സർ, ഞാൻ ശ്രുതി. സാറിന്റെ കസ്റ്റമർ റിലേഷൻഷിപ് മാനേജരാണ്. ബാങ്കിംഗ് റിലേറ്റഡ് ആയ എന്ത് ആവശ്യത്തിനും സറിന് എന്നെ കോണ്ടാകറ്റ് ചെയ്യാട്ടോ.’
‘പുതിയ അപ്പോയ്ന്റ്മെന്റാണോ ?’
‘അതെ സർ.’
‘എവടാ ശ്രുതീടെ വീട്?’
‘ആം ഫ്രം ട്രിവാണ്ട്രം സർ’.
രാഹുലിന് ആവേശമായി, നാട്ടുകാരിയാണ്. ‘തന്നേ ? അതുകൊള്ളാം. ഞാനും ട്രിവാണ്ടത്താ.
‘സർ, അപ്പോൾ നമ്മൾ നാട്ടുകാരായി’, ചിരിക്കുന്നു.
‘ട്രിവാണ്ടത്തെവിടാ...?’
ചോദ്യം അവഗണിച്ചു കൊണ്ട് ശ്രുതി: ‘സർ, ഞാൻ വിളിച്ചതിന് ഒരു റീസൺ ഒണ്ട്. ഇപ്പൊ ഓൺലൈൻ ഫ്രോഡ്സൊക്കെ ഒത്തിരി നടക്കണൊണ്ടല്ലോ. അതിന്റെ പ്രിക്കോഷൻസ് എന്തൊക്കെ എടുക്കണം എന്നു പറയാൻ കൂടിയാണ് ഈ കോൾ.
രാഹുൽ (തനിക്കെല്ലാമറിയാമെന്ന ഭാവത്തിൽ) : ‘അതീ ഓട്ടീപ്പി യൊക്കെ ചൂണ്ടണ കേസല്ലേ. എന്നോടാ കളിയൊന്നും നടക്കൂല്ല മോളേ...’
‘അതറിയാം സർ. യു ആർ വെരി ഇന്റലിജന്റ്.’
രാഹുലിന് വല്ലാത്ത അഭിമാനം തോന്നി.
യുവതി തുടർന്നു: ‘നോർമലി ഹിന്ദിക്കാരാണ് സർ ഇങ്ങനെ വിളിക്കാറ്. സറിന്റെ കാർഡ് ബ്ലോക്കായി, അൺബ്ലോക്ക് ചെയ്യാൻ കാർഡ് നമ്പർ വേണം എന്നൊക്കെ പറഞ്ഞാ അവർ വിളിക്ക്യാ’.
‘എനിക്കറിയാം. ഓഫീസിലെ പ്യൂണിനെ ഒരുത്തൻ ഇതുപോലെ വിളിച്ചു. എന്നിട്ട് ഞാൻ ഫോൺ വാങ്ങി പണ്ട് പൂനേൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ പഠിച്ച ഹിന്ദിത്തെറിയൊക്കെ അങ്ങ് പറഞ്ഞു. എന്നോടങ്ങനെ ഒരുത്തനും കളിക്കാൻ വരൂല്ല.
‘അറിയാം സർ. യു ആർ സോ ബ്രേവ് റ്റൂ’.
രാഹുൽ ഒന്നുകൂടി അഭിമാനപുളകിതനാകുന്നു.
‘സർ, ഇനി അങ്ങനെ ആരും വിളീച്ചാൽ ആ കോൾ റെക്കോഡ് ചെയ്ത് എനിക്ക് വോട്സപ്പ് ചെയ്യാമോ സർ ? ഞാനിതുവരെ അത്തരം ഫ്രോഡ് കോൾസ് കേട്ടിട്ടില്ല.
‘ഈ നമ്പരിൽ വോട്സപ്പ് ഉണ്ടോ ?’
‘ഹാ സർ‘.
‘ഓക്കെ. ഡൺ‘. രാഹുലിന് ആവേശമായി. ‘എനിക്ക് കോൾ വന്നില്ലെങ്കിലും എവിടെ നിന്നെങ്കിലും ഒരു കോൾ റെക്കോഡ് ഞാൻ ശ്രുതിയ്ക്ക് സംഘടിപ്പിച്ചു തരും’. 
‘താങ്ക് യു സോ മച്ച് സർ‘.
‘വെൽക്കം വെൽക്കം’.
‘സർ, ഞാൻ ഒരു റിക്വസ്റ്റ് ചെയ്യട്ടേ? നോ ന്ന് പറഞ്ഞാൽ എനിക്ക് സങ്കടം വരും’. ഒരു അപേക്ഷയായിരുന്നു അത്.
‘നമ്മൾ ഒരേ നാട്ടുകാരായ സ്ഥിതിയ്ക്ക് ഞാൻ ശ്രുതിയെ സങ്കടപ്പെടുത്തുമെന്നു തോന്നുന്നുണ്ടോ ? കാര്യം പറയൂ’. രാഹുൽ  എന്തും ചെയ്യാൻ സന്നദ്ധനായി.
‘താങ്ക് യു സർ... സർ, വേറൊന്നുമല്ല, സോൾ മൂവീസ് എന്ന കമ്പനീടെ മൂവീ പാക്കേജാണ്. ബാങ്കിന്റെ കസ്റ്റമേർസിന് ലോക്ക്ഡൌൺ പ്രമാണിച്ച് ഓഫറുണ്ട്’.
‘എന്താണ് ഓഫർ?’ 
‘ഫൈവ് തൌസന്റ് മൂവീസ്ണ്ട്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിൽ എല്ലാം’. 
‘ഫൈവ് തൌസന്റോ !! ഇതു മുഴുവൻ കണ്ടുതീരാൻ ഒരു അഞ്ചെട്ടു ലോക്ക് ഡൌൺ കിട്ടിയാലും പോരല്ലോ’. രാഹുൽ കളിയാക്കി.
ശ്രുതിയും ചിരിച്ചുപോയി. ‘അതല്ല സർ, ഇത് സറിന് ഫ്രണ്ട്സ്മായി ഷെയർ ചെയ്യാം. എവരിബഡി കാൻ വോച്ച് മൂവീസ്. നോ റെസ്റ്റ്രിക്ഷൻ‘.
‘അപ്പോൾ ഞാനെന്തു ചെയ്യണം?’
‘സർ, ത്രീ തൌസന്ഡാണ് പാകേജിന്റെ റേറ്റ്-‘
‘ശ്രുതി പറഞ്ഞതു കൊണ്ടു മാത്രം ഞാനെടുക്കാം’. രാഹുൽ ഇടയ്ക്കു കയറി പറഞ്ഞു.
അയ്യോ സർ. ഞാൻ മുഴുവനും പറഞ്ഞില്ല, സർ ത്രീ തൌസൻഡ് സ്പെൻഡ് ചെയ്യണ്ട, സറിന് സ്പെഷൽ പാക്കേജ് ആയി ഹണ്ഡ്രഡ് റുപീസ് മാത്രള്ളൂ.
അത്രേ ഉള്ളോ ! ഡൺ. എന്നെ ചേർത്തോളൂ നോ പ്രോബ്ലം’.
അതല്ല സർ, ആക്ച്വലി, കസ്റ്റമർ ബാങ്കിൽ വന്ന് ഒരു ചെറിയ ഗിഫ്റ്റ് കൂടി വാങ്ങി വേണം പാക്കേജ് ആക്റ്റിവേറ്റ് ചെയ്യാൻ. ലോക്ഡൌൺ ആയതോണ്ട് കസ്റ്റമർസിന് വെരാൻ പറ്റൂല്ലാല്ലോ. സോ എന്റെ ടാർജറ്റ് ഒന്നുമായിട്ടില്ല...’ ശ്രുതിയുടെ ശബ്ദത്തിൽ സങ്കടം.
‘ഓൺലൈനിൽ ചെയ്യാൻ പറ്റൂല്ലേ ?’
‘നോ സർ. സ്റ്റാഫ് ലോഗിൻലേ ആക്ടിവേഷൻ പറ്റൂ’.
‘നോ പ്രോബ്ലം. ഞാൻ റെഡിയാണ്. എന്നെ ആക്ടിവേറ്റ് ചെയ്തോ. എല്ലാം എന്റെ ശ്രുതിയ്ക്കു വേണ്ടിയല്ലേ’.
യു ആർ നോട്ടീ റ്റൂ സർ‘. സങ്കടം മാറി ശ്രുതിയ്ക്കു ചിരിയായി.
രാഹുൽ ആകെ ഉല്ലാസത്തിലായി. ചുണ്ടൊക്കെ കടിച്ച് ഉന്മത്തനായി.
‘വെരിഫിക്കേഷന്റെ ബാഗമയി, സറിന്റെ അമ്മേന്റെ നെയിം പറയാമോ സർ?
‘ലളിതാംബിക’.
‘ഡേറ്റ് ഒഫ് ബർത് സർ ?
‘ആരടെ? അമ്മേടെയോ ?’
‘അല്ല, സറിന്റെ’.
‘ഫസ്റ്റ് ഏപ്രിൽ നയന്റീൻ എയ്റ്റി നയൻ‘.
കീ ബോർഡിൽ ടൈപ് ചെയ്യുന്ന ശബ്ദമൊക്കെ കേട്ടുവെന്നതല്ലാതെ ശ്രുതി മറുപടിയൊന്നും പറഞ്ഞില്ല.
രാഹുൽ: ‘ഹൽ ഒ, ശ്രുതീ...’
‘ഹാ സർ, രജിസ്റ്റ്രേഷൻ കംപ്ലീറ്റഡ്. ഇനി ഹൺഡ്രഡ് പേ ചെയ്യണം സർ. ഡെബിറ്റ് കാർഡ് നംപർ തരാമോ ? 
‘പിന്നെന്താ ?’ ലാപ്ടോപ്പിനു സമീപമൊക്കെ പരിശോധിച്ചപ്പോൾ രാഹുലിന്   പർസ് കിട്ടി. എടുത്തു തുറന്ന് കാർഡെടുത്ത് നമ്പർ പറഞ്ഞുകൊടുത്തു. 
‘താങ്ക് യു സർ‘.
‘സി വി വി വേണോ ?’ രാഹുൽ കാർഡ് തിരിച്ചുപിടിച്ചിട്ട് ചോദിച്ചു.
‘വേണം സർ. പിന്നെ, ട്രാൻസാക്ഷൻ കംപ്ലീറ്റ് ആവാൻ  യു ഹവ് റ്റു ഗിവ് മി ദ   ഒടിപി ഓൾസൊ സർ‘.
‘ന്നാ പിടിച്ചോ സി വി വി, സിക്സ് സിക്സ് റ്റു.’ രാഹുൽ സി വി വിയും  കൊടുത്തു.
‘താങ്ക് യു സോ മച്ച് സർ. ഇപ്പോ സറിനു കിട്ടിയ ഓടിപി കൂടി പറയാമോ’.
ശ്രുതി പറഞ്ഞുത്തീർന്നതും മൊബൈലിൽ ഒ ടി പി എത്തി. രാഹുൽ അതും പറഞ്ഞുകൊടുത്തു. 
‘താങ്ക് യു സർ. വിതിൻ ഫൈവ് മിനിട്സ് ട്രാൻസക്ഷൻ വെരിഫൈ ആവും. പിന്നെ, ലോക്ക് ഡൌൺ മാറീട്ട് സറിന്റെ ഗിഫ്റ്റ് ഞാൻ കുറിയർ അയക്കുന്നുണ്ട്, സർ. 
‘അയ്യേ, നെവർ മൈൻഡ്. ആ ഗിഫ്റ്റ് ശ്രുതിയ്ക്കുള്ളതാണ്. ലോക്ക്ഡൌൺ ബോറിംഗെല്ലാം മാറ്റി എന്നെ ഇന്നത്തേയ്ക്ക് ഫുൾ ചാർജ് ആക്കിയതിന്...’
‘താങ്ക് യു സോ മച്ച് സർ. യു ആർ റിയല്ലി ആൻ എക്സലന്റ് പേർസൺ‘.
‘പിന്നെ, ഒന്നു ചാർജാകാൻ ഇടയ്ക്കൊക്കെ വല്ലപ്പോഴും ഞാൻ വാട്സാപ്പ് ചാറ്റൊക്കെ ചെയ്തോട്ടെ?’ ഒരു ധൈര്യത്തിൽ രാഹുലങ്ങ് ചോദിച്ചു.
‘യു ആർ ഓൾവേയ്സ് വെൽകം സർ. ബൈ സർ.’
രാഹുൽ എന്തോ പറയാൻ തുടങ്ങിയതും ഫോൺ കട്ടായി. ഒരു നിരാശ തോന്നിയെങ്കിലും രാഹുലിന് പെട്ടന്നു തന്നെ മനസിൽ ഒരു ശൃംഗാരമൊക്കെ വന്നു. ‘ശ്രുതി രാഗമോ’ എന്നൊരു ഉണ്ടാക്കിപ്പാട്ടുമൂളി മൊബൈലിൽ നമ്പർ സേവു ചെയ്യാൻ തുടങ്ങുമ്പോഴാണ് മൊബൈലിൽ മെസേജ് വരുന്നത്.
A/c Debited with Rs.65,000/- 
ഞെട്ടിപ്പോയി രാഹുൽ. എടി  കള്ളീ, തേപ്പായിരുന്നല്ലേ !. ധിറുതിയിൽ മൊബൈൽ എടുത്ത് ശ്രുതിയുടെ നമ്പറിൽ വിളിച്ചുനോക്കി.  സ്വിച് ഓഫ് !!!!
ആകെ തളർന്ന് സോഫയിലേക്കു വീണു പോയി രാഹുൽ. ആ വീഴ്ചയിൽ ലാപ്പിൽ കൈ തട്ടുകയും പോസാക്കി വച്ച സിനിമ പ്ലേ ആവുകയും ചെയ്തു. അപ്പോൾ കേട്ടു തുടങ്ങിയ പാട്ടാണു രസകരം: അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ....

സീക്രട്ട് പിൻ: തട്ടിപ്പുകാർക്ക് ഹിന്ദിയിൽ മാത്രമല്ല, സ്ത്രീശബ്ദത്തിലും സംസാരിക്കാൻ അറിയാം. ബാങ്ക് ജീവനക്കാരെ പോലെ, ബാങ്ക് തട്ടിപ്പുകാർക്കും ലോക്ക് ഡൌൺ സമയത്ത് വിശ്രമമില്ലെന്നു മനസിലാക്കുക. കോവിഡ് കാലത്തു മാത്രമല്ല, എല്ലാകാലത്തും തട്ടിപ്പുകാരുമായി അകലം പാലിക്കാൻ കാർഡ് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്.



Tuesday, September 3, 2019

തറവാടികൾ


ഒരു കാരണവശാലും സ്വന്തം വണ്ടി ഉപയോഗിക്കരുതെന്നാണു നിർദ്ദേശം. കഴിഞ്ഞയിടെ തിരുവനന്തപുരത്തു നടന്ന സംഭവത്തിനു ശേഷം പ്രത്യേകിച്ചും. അതുകൊണ്ട് സാറിന്റെ വണ്ടി എടുത്തില്ല. പകരം വിളിച്ചുകൊണ്ടുവന്ന ഇൻഡിക്ക പക്ഷേ സിറിയക് സാറിന് പിടിച്ചില്ല. കുന്നും കയറ്റവുമൊക്കെയുള്ള സ്ഥലത്തേക്കാണ് പോവുന്നത്, പെട്ടന്നു പറക്കേണ്ടി വന്നാൽ ഇൻഡിക്ക പോരാതെ വരും, വണ്ടി മാറ്റണം. ഏതെങ്കിലും കുതിക്കുന്ന വണ്ടി വേണം. ഒറ്റ വാശിയായിരുന്നു സാറിന്.

എനിക്കിതെല്ലാം തമാശയായി തോന്നി. ഞാനിതെത്രാമത്തെ പോക്കാ. എണ്ണാൻ തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ അൻപതെങ്കിലും കടന്നു കാണുമായിരുന്നു. സാറു പേടിക്കണ്ട, ഞാനില്ലേ എന്നു പറഞ്ഞിട്ടും സിറിയക് സാർ അയഞ്ഞില്ല. റിസ്കെടുക്കാൻ വയ്യത്രെ. സ്വതവേ പേടിത്തൊണ്ടനായ സാറിനെ തിരുവനന്തപുരം സംഭവം പേടിച്ചുതൂറിയാക്കിയതാണ്.

അവസാനം ഷാജിയുടെ തന്നെ ബൊലെറൊയിലാണ് ഞങ്ങൾ വല്യചിറയ്ക്ക് പുറപ്പെട്ടത്.

സിറിയക് സാർ, ഞാൻ, ഷാജി പിന്നെ കോട്ടയത്തു നിന്നു വന്ന കൂടുതലൊന്നും മിണ്ടാത്ത ഒരു നിക്സൺ. ഞങ്ങൾ നാലു പേർ മതിയോ എന്ന സംശയമായിരുന്നു സാറിന്. മതി എന്ന കാര്യത്തിൽ എനിക്കൊട്ടും സംശയമില്ലായിരുന്നു. കാഴ്ചയിൽ നിക്സൺ ഒരു വില്ലനെ പോലെ തോന്നിച്ചു എന്നതും സിറിയക് സാറിനെ അലട്ടിയ പ്രശ്നമായിരുന്നു. 
നിക്സൺ വന്നു കയറിയതും സാർ മാറി നിന്ന് കോട്ടയത്തേക്കു ഫോൺ ചെയ്തിരുന്നു. കണ്ടാൽ മര്യാദക്കാരായ ആരെയെങ്കിലും അയക്കാൻ പാടില്ലായിരുന്നോ, ഇവനെ കാണുന്ന മാത്രയിൽ തന്നെ പ്രശ്നമുണ്ടായേക്കാം. അവന്റെ താടിയും കയ്യിലെ തടവളയും ചെവിയിലെ കമ്മലും എല്ലാം പോട്ടെ എന്നു വെക്കാം. പക്ഷേ ആ ചുവന്ന കണ്ണുകളാണ് ശരിക്കും വില്ലന്മാർ.

കോട്ടയത്തു നിന്ന് എന്താ മറുപടി പറഞ്ഞതെന്നറിയില്ല. സിറിയക് സാർ ശ്വാസമെടുക്കാൻ വിഷമിച്ചതു പോലെയാണ് ഫോൺ വച്ചത്.

'മനോജേ, പ്രശ്നമൊന്നുവുണ്ടാവൂല്ലല്ലോ, അല്ലേ? പത്തു മുപ്പതു വർഷമായി ഞാനെങ്കിലും, ഇങ്ങനൊരു പരിപാടിക്ക് ഇതാദ്യമാ'.
ഞാൻ മറുപടി പറയാതെ സാറിന്റെ തോളത്തു കൂടി കയ്യിട്ട് ചേർത്തു പിടിച്ചു. സാറിന് എന്റെ മറുപടിയെക്കാൾ ആ ചേർത്തുപിടിക്കൽ ആശ്വാസമായതായി തോന്നി. സാർ ഒരു നെടുവീർപ്പിട്ടു. 

വണ്ടി ടൗൺ കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് പിറകിലെ സീറ്റിലേയ്ക്കു നോക്കി. സിറിയക് സാറിന്റെ നെറ്റിയിൽ വിയർപ്പ്. ജയകൃഷ്ണൻ എന്ന ഉൾനാടൻ ഗുണ്ടാത്തലവനെയാണോ സർ മനസിൽ കാണുന്നത് ? അതോ ഒരു പ്രവാസി അധോലോക ഗുണ്ടയേയോ ? എനിക്കു ചിരി വന്നു. മീശ തുടയ്ക്കുന്ന മട്ടിൽ ആ ചിരി തുടച്ചുകളഞ്ഞ് ഞാൻ മുന്നോട്ടു തിരിഞ്ഞു.

ജയകൃഷ്ണൻ ! ഞാൻ ചിരിച്ചു. ഗുണ്ടയൊന്നുമല്ല ജയകൃഷ്ണൻ. കൂടി വന്നാൽ ഒരു മാടമ്പി അല്ലെങ്കിൽ ഒരു തറവാടി എന്നു പറയാം.
നാലുവർഷം മുൻപാണ് ഞാൻ ജയകൃഷ്ണനെ  ആദ്യമായി കാണുന്നത്. സിനിമകളിലെ പോലെ പെരുമഴയത്തൊന്നുമല്ല. കൊടുംചൂടുള്ള, കറന്റില്ലാത്ത ഒരു ദിവസം ഓടിക്കിതച്ചെന്ന പോലെ വിയർത്തൊട്ടിയാണ് ജയകൃഷ്ണൻ വന്നത്. അത്യാവശ്യമായി ഒരു എൻ ആർ ഇ അക്കൗണ്ട് തുടങ്ങണമത്രെ. ഫോമെല്ലാം ഫിൽ ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു. എഞ്ചിനീയറിംഗ് കഴിഞ്ഞതാണ്. ജോലി കിട്ടി ഗൾഫിലേക്കു പോവുകയാണ്. ആദ്യമായാണു പോവുന്നത്. വാർഷിക വരുമാനത്തിന്റെ കോളത്തിൽ ഇരുപത്തിയഞ്ചു ലക്ഷത്തിനും അൻപതുലക്ഷത്തിനുമിടയിൽ എന്നെഴുതിയത് എന്നെ ഒട്ടൊന്നു ഭ്രമിപ്പിച്ചു എന്നു തന്നെ പറയാം. പുതിയ ജോലി. ഇനി കല്യാണം, കുട്ടികൾ, വീട്, കാർ. കൂടാതെ ഹെൽത്- ലൈഫ് ഇൻഷുറൻസുകൾ. നല്ല സർവീസ് കൊടുത്താൽ ഭാവിയിൽ ബാങ്കിന് മുതൽക്കൂട്ടാവുന്ന ഒരു വലിയ കസ്റ്റമറാണ് മുന്നിലിരിക്കുന്നതെന്ന് ഓർത്തപ്പോൾ എന്റെ ഭവ്യത ഇരട്ടിച്ചു.

എന്റെ നമ്പർ വാങ്ങിയാണ് ജയകൃഷ്ണൻ അന്നു മടങ്ങിയത്.
തുടർന്ന്, നെറ്റ് ബാങ്കിംഗ് ശരിയാക്കൽ, മൊബൈൽ ബാങ്കിംഗ്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിങ്ങനെ എന്റെ വാട്സപ്പിലേയ്ക്ക് ജയകൃഷ്ണന്റെ വോയ്സ് മെസേജുകൾ വന്നുകൊണ്ടിരുന്നു. 

ഒരുമാസം കഴിഞ്ഞ് അക്കൗണ്ടിൽ കൃത്യമായി മൂന്നുലക്ഷം രൂപ വന്നു. അത് പിൻ വലിക്കാൻ ജയകൃഷ്ണന്റെ അമ്മയാണ് എത്തിയത്. പിഞ്ഞിയ ഒരു സെറ്റുസാരി ധരിച്ച് അമ്മ വന്ന ദിവസം ഞാൻ അടൂർക്ക് കാഷെടുക്കാൻ പോയതായിരുന്നു. എന്നെ കാത്ത് അവർ രണ്ടു മണിക്കൂറോളം ഇരുന്നു.

മനോജേട്ടനെ കണ്ടാൽ മതി, പുള്ളി അറിഞ്ഞു ചെയ്യും എന്നു ജയകൃഷ്ണൻ പറഞ്ഞതു കൊണ്ടാണ് എന്നെ തന്നെ കാത്തിരുന്നതത്രെ.ഞാനവർക്ക് ചെക്കുപയോഗിച്ചും എടിഎം കാർഡുപയോഗിച്ചും പണം പിൻ വലിക്കാൻ പഠിപ്പിച്ചു കൊടുത്തു.
വളരെ സന്തോഷത്തോടെ അവർ എനിക്ക് അഞ്ഞൂറു രൂപ നീട്ടിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. ഇവർ ഏതു കാലത്താണു ജീവിക്കുന്നത് !

ഇങ്ങനൊന്നും ആർക്കും കൊടുക്കരുത്. വരുന്നവരും പോകുന്നവരും അഞ്ഞൂറു രൂപ വച്ചു തന്നാൽ ഞങ്ങളെല്ലാം പെട്ടന്നു ലക്ഷപ്രഭുക്കളാവില്ലേ എന്നു തമാശ പറഞ്ഞ് ഞാനന്ന് ആ തുക തിരികെ വാങ്ങിപ്പിച്ചു. 

തങ്ങൾ വാരിക്കോരി കൊടുത്തു ശീലമുള്ള തറവാട്ടുകാരാ, ആ സ്വഭാവം ചത്താലും മറക്കുമോ എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ കൊടുത്തു കൊടുത്ത് ഇപ്പോൾ വല്ലതും ബാക്കിയുണ്ടോ എന്നൊരു ചോദ്യം അറിയാതെ എന്റെ വായിൽ നിന്ന് ചാടിപ്പോയതും ഞാൻ സ്വയം പ്രാകിപ്പോയി.

എന്റെ ചോദ്യം കേട്ടതും അവർ ഒറ്റക്കരച്ചിലായിരുന്നു. എനിക്കെന്തെങ്കിലും കൂടുതൽ പറയാൻ സാധിക്കുന്നതിനു മുൻപ് അവർ അങ്ങു പോവുകയും ചെയ്തു.  

പിന്നെയും ജയകൃഷ്ണന്റെ വാട്സപ്പ് സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഞാൻ ജെകെയാണ് എന്നു തുടങ്ങുന്ന സന്ദേശങ്ങളിൽ പഴയ വിറയാർന്ന, കൗമാരം മാറാത്ത ശബ്ദത്തിൽ നിന്ന് ആഢ്യത്വം നിറഞ്ഞ പൗരുഷശബ്ദത്തിലേയ്ക്ക് ജയകൃഷ്ണൻ മാറി.

മനോജേട്ടാ,ഞാൻ ജെകെ. അടുത്താഴ്ച ഞാൻ നാട്ടിലേക്കു വരുന്നുണ്ട്. എന്താ മനോജേട്ടന് കൊണ്ടുവരണ്ടത് ? എന്തും പറയാം. മനോജേട്ടൻ കഴിക്കുമെങ്കിൽ നാട്ടിലെങ്ങും കിട്ടാത്ത സൂപ്പർ സാധനം തന്നെ കൊണ്ടുവരാം. എന്നെ അത്രയധികം സഹായിച്ചിട്ടുണ്ട് മനോജേട്ടൻ. വേറെന്തു വേണമെങ്കിലും പറയാൻ മറക്കണ്ട എന്നൊക്കെ പറഞ്ഞ് ഒരു മെസേജ് എനിക്കു കിട്ടിയിരുന്നു. കുപ്പി എന്നു കേട്ടപ്പോൾ എനിക്കു വായിൽ വെള്ളമൂറി എന്നതു സത്യം. ഞാനന്ന് ഒരു തംപ്സ് അപ് മാത്രം എന്റെ മറുപടിയായി വിട്ടു. 

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കിറ്റുമായി ജയകൃഷ്ണനും അമ്മയും ബ്രാഞ്ചിൽ വന്നു. ക്രീം കളർ ജീൻസ് ഓഫ് വൈറ്റ് ടീ ഷർട്ട്. തലയ്ക്കു മീതെ വച്ച കൂളിംഗ് ഗ്ലാസ്, ചെത്തിയൊതുക്കിയ താടി. ഷൂവിനു പകർമ് സ്ലിപ്പർ. അമ്മയ്ക്ക് നല്ല സാരി. ആഭരണങ്ങൾ. മുടി കറുപ്പിച്ചിട്ടുണ്ടോ എന്നു സംശയം.

വൈകീട്ട് നാലര കഴിഞ്ഞിരുന്നതിനാൽ ഒട്ടും തിരക്കില്ലായിരുന്നു. മനോജേട്ടാ എന്തുണ്ടു വിശേഷം എന്നു പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു. പിന്നെ കവർ എന്റെ കയ്യിലേയ്ക്കു തന്നു. കവറിന് കുപ്പിയുടെ ഭാരമൊന്നുമില്ലല്ലോ എന്നെനിക്കു തോന്നിപ്പോയി. ആ തോന്നലിൽ എന്റെ മുഖം മാറിപ്പോയോ എന്നു സംശയം. ജയകൃഷ്ണൻ എന്റെ ചെവിയിൽ പറഞ്ഞു, ഇത് എല്ലാ സ്റ്റാഫിനും കൊടുക്കാനുള്ള മിട്ടായികൾ മാത്രമാണത്രെ. എനിക്കുള്ള കവർ അവരുടെ വണ്ടിയിലുണ്ട്. അവരൊന്നു ടൗണിൽ കറങ്ങിയിട്ടു വരും, ഞാൻ ഇറങ്ങുന്ന സമയത്തു എടുത്തു തരാമത്രെ.

എനിക്കു വേണ്ടി വളരെയധികം സാധനങ്ങൾ ജയകൃഷ്ണൻ കരുതിയിട്ടുണ്ടായിരുന്നു. ഒരു ഫുൾ കുപ്പി (പേരു ഞാൻ മറന്നു), ഷർട്ട്, ഭാര്യയ്ക്ക് സാരി, സ്പ്രേ, കുട്ടികൾക്ക് മിട്ടായികളും കളിപ്പാട്ടങ്ങളും. പിന്നെ ഇതെല്ലാം വച്ച ഒരു ചെറിയ സ്യൂട്ട്കെയ്സും.   

ഇത്രയും കണ്ട എന്റെ ഭാര്യ പറഞ്ഞു: ' അവർ തറവാട്ടിൽ പിറന്നവർ തന്ന്യാ.'
കുപ്പി ഞാൻ ആരുമായും പങ്കുവച്ചില്ല. ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ പെഗ് കഴിക്കും. ഇന്നും ഒരുപക്ഷെ ആ കുപ്പിയുടെ മൂട്ടിൽ ഒരു പെഗ്ഗെങ്കിലും കണ്ടേക്കാം.

ജയകൃഷ്ണൻ ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്നു. എന്നെ രണ്ടു തവണ വന്നു കാണുകയും ചെയ്തു. പുതിയ ചെക്കുബുക്കു വാങ്ങാനാണ് ആദ്യം വന്നത്. പിന്നെ വന്നത് അവരുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കാനാണ്. ഇതാദ്യമായി എല്ലാ ദിവസവും അന്നദാനമുണ്ടത്രെ, പായസം സഹിതം. പിന്നെ മേജർ സെറ്റ് കഥകളി, ഗാനമേള, കരിമരുന്നു പ്രയോഗം. ആകെ വരുന്ന ചെലവിലെ പത്തുലക്ഷം രൂപ സംഭാവന ചെയ്യുന്നത് ജയകൃഷ്ണൻ !

അതുകേട്ട് എന്റെ നെഞ്ചു കത്തി. പത്തുലക്ഷം രൂപയുടെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ക്ലോസ് ചെയ്യാനാണ് ജയകൃഷ്ണന്റെ ഉദ്ദേശ്യം.

എൻ ആർ ഇ ഡെപ്പോസിറ്റ് ആണ്, ഒരു വർഷമെങ്കിലും കിടന്നില്ലെങ്കിൽ പലിശ കിട്ടില്ല, ക്ലോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ട് ജയകൃഷ്ണന് ഒരു കുലുക്കവുമില്ലായിരുന്നു. പിന്നെ എനിക്കു വേണ്ടി എന്നു പറഞ്ഞപ്പോൾ ശരി എന്നു പറഞ്ഞ് ആ ഡെപ്പോസിറ്റിനു പുറത്ത് ഒരു ലോണെടുക്കുകയായിരുന്നു ചെയ്തത്.

ആറാം ഉത്സവം ഞായറാഴ്ചയായിരുന്നതിനാൽ ജയകൃഷ്ണൻ ക്ഷണിച്ചതല്ലേ എന്നു കരുതി ഞാനൊന്നു പോയി വന്നു. കൂടെ എന്റെ ഇളയവനുമുണ്ടായിരുന്നു.
കവലയിൽ തന്നെ വലിയ കട്ടൗട്ട്. ദേവിയുടെ ചിത്രത്തിനു സമാന്തരമായി, കൈകൂപ്പി നിൽക്കുന്ന ജയകൃഷ്ണനാണ് ഉത്സവത്തിനു സ്വാഗതമരുളുന്നത്. താഴെ പേരു കൊടുത്തിരിക്കുന്നത്- ഇലഞ്ഞിവീട്ടിൽ ജയകൃഷ്ണൻ. ബ്രായ്ക്കറ്റിൽ ജെകെ.

അല്പന് അർഥം കിട്ടിയാൽ എന്ന മട്ടിലുള്ള ഒരു പഴംചൊല്ല് എന്റെ മനസിൽ തികട്ടി വന്നത്, സത്യം  പറയട്ടെ, അന്നവിടെ പലരും പറയുന്നത് കേൾക്കേണ്ടി വന്നു.

പിന്നെ അടുത്ത വർഷമാണ് ജയകൃഷ്ണൻ വരുന്നത്. ആ തവണ വയറും കവിളുമൊക്കെ ചാടിയിരുന്നു. കീഴ്ത്താടിയുമുണ്ടായിരുന്നു. ഒരു കല്യാണമൊക്കെ ആവാറായി ലക്ഷണം കണ്ടിട്ട് എന്നു ഞാൻ തമാശ പറഞ്ഞു.

ആദ്യം ഒരു വീട്, എന്നിട്ടു കല്യാണം, ജയകൃഷ്ണൻ പറഞ്ഞു. വീടു വാങ്ങാൻ ലോൺ കിട്ടുമോ എന്നറിയാനാണ് ജയകൃഷ്ണൻ വന്നത്. 

കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ലോണായി ജയകൃഷ്ണൻ എടുത്തേക്കും എന്നു മനസിലാക്കിയ മാനേജർ- അന്ന് സിറിയക് സാറല്ല, ദിവാകരക്കുറുപ്പു സാറാണ്- ആവേശത്തിലായി. ഞങ്ങളന്ന് നാലുപേരും കൂടിയാണ് വാങ്ങാനുദ്ദേശിക്കുന്ന വീടു കാണാൻ പോയത്. ഞാൻ, കുറുപ്പു സാർ, ജയകൃഷ്ണൻ, അമ്മ.
വല്യചിറയ്ക്കു സമീപം ഞാനന്നു പോയ അമ്പലത്തിന്റെ അടുത്ത സ്റ്റോപ്പിനു സമീപമാണു വീട്. മെയിൻ റോട്ടിൽ നിന്ന് പഞ്ചായത്തു റോഡ്. പിന്നെയും ഒരു അരക്കിലോമീറ്റർ.
എൻ ആർ ഐ ഒക്കെയല്ലേ, ടൗണിനടുത്തു വീടു വച്ചാൽ പോരായിരുന്നോ ഇത്ര ഉള്ളിൽ വന്നു വാങ്ങണോ എന്നു കുറുപ്പു സാർ ചോദിച്ചപ്പോൾ ജയകൃഷ്ണൻ തലയൊന്നു ചരിച്ച് പുഞ്ചിരിച്ചു.

‘അംബാനീടെ വീട് വെറുതെ തരാവെന്നു പറഞ്ഞാലും ഞങ്ങക്ക് വേണ്ട, അല്ലേ അമ്മേ?’

അമ്മയൊന്നു വിതുമ്പി. എനിക്കും കുറുപ്പു സാറിനും ഒന്നും മനസിലായില്ല. മാനസികമായി വളരെ അടുപ്പമുള്ള ഏതോ വീടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിക്കുന്നതെന്നു മാത്രം ഞാൻ ഊഹിച്ചു.

എന്നാലോ, എന്റെ ഊഹത്തിനുമപ്പുറത്തായിരുന്നു കാര്യങ്ങൾ.
മുപ്പതു സെന്റിലുള്ള ഒരു പഴയ തറവാടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിച്ചിരുന്നത്. എട്ടു പത്തു ചെറിയ മുറികളും അകത്തളവും അടുക്കളയിൽ നിന്നുകൊണ്ടു തന്നെ കിണറിൽ നിന്നു വെള്ളം കോരാവുന്ന സംവിധാനമൊക്കെയുള്ള, സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള ഒരു വീട്. തറവാട് എന്നൊന്നും പറയാനുള്ള ഗെറ്റപ്പ് എനിക്കു തോന്നിയില്ല.

കുറുപ്പുസാറിനും അത്ര ബോധിച്ചില്ല എന്നെനിക്കു മുഖഭാവത്തിൽ നിന്നു മനസിലായി. മുപ്പതു സെന്റു സ്ഥലവും വീടും കൂടി തൊണ്ണൂറു ലക്ഷത്തിനു കാണുമോ എന്നായിരുന്നു സാറിനു സംശയം.
'വില അല്പം കൂടുതലാ, ഇല്ലേ' കുറുപ്പു സർ ആത്മഗതമെന്ന മട്ടിൽ പറഞ്ഞു.
'അല്ല സാറേ, ഒട്ടും കൂടുതലല്ല, ഇതിന്റിരട്ടി പറഞ്ഞാലും ഞങ്ങള് വാങ്ങും', അമ്മ മൂക്കു ചീറ്റി.

'സാറിനറിയോ', ജയകൃഷ്ണൻ തളത്തിലെ ഒരു തൂണിൽ തലോടിക്കൊണ്ടു പറഞ്ഞു.' എന്റെ അമ്മയുടെ തറവാടാണിത്. അമ്മ ജനിച്ചു വീണത് ഈ തെക്കേ മുറിയിലാണ്...'

പിന്നെ ചില സിനിമകളിലെ പോലെ പഴയ തറവാടിത്ത ഗൃഹാതുരത്വങ്ങൾ ജയകൃഷ്ണൻ അയവിറക്കി. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നത്രെ തറവാട്ടിലെ കാരണവന്മാർക്ക്. മുറ്റം നിറയെ പണിക്കാർ. മാനം മുട്ടെ നെൽക്കറ്റകൾ, ഒരിക്കലുമൊഴിയാത്ത പത്തായം തുടങ്ങി പലതും പലതും. ഒടുവിൽ എല്ലാം നശിച്ച് എൺപതുകളിൽ തറവാട് ഒരു ക്രിസ്ത്യാനിയ്ക്ക് വിൽക്കേണ്ടി വന്നു.

അഴിഞ്ഞുകിടന്ന മുണ്ടിന്റെ അറ്റം പുറംകാലുകൊണ്ടുയർത്തി ജയകൃഷ്ണൻ വലത്തെ കൈവിരൽ ചൂണ്ടി വാശിയോടെ പറഞ്ഞത്, സത്യം പറയട്ടേ, മോഹൻലാലിന്റെ ഏതോ ഒരു സിനിമയിലെ കഥാപാത്രത്തെ അനുകരിക്കുന്നതായാണ് എനിക്കു തോന്നിയത്.

'പത്തുനാൽപ്പതു വർഷം പരദേവതയ്ക്കും കാരണവന്മാർക്കും വിളക്കു വച്ചിട്ടില്ല. തറവാടു മുഴുവൻ അശുദ്ധമാക്കിക്കഴിഞ്ഞു ആ മാപ്പിളമാർ' ജയകൃഷ്ണൻ അലറി.

'ശുദ്ധം നോക്കാതെ പെരുമാറിക്കളഞ്ഞു സാറെ അവർ', അമ്മ പറഞ്ഞു.'  കിഴക്കുവശത്തുണ്ടായിരുന്ന കൂവളം കരിഞ്ഞുപോയതു കണ്ടില്ലേ ?
'സാറേ', 
മടക്കിക്കുത്തിയ മുണ്ടഴിച്ച് ജയകൃഷ്ണൻ കുറുപ്പുസാറിന്റെ നേരെ നിന്നു. ' എന്റെ മൂത്ത അമ്മാവന്റെ മകൻ ഗോപിച്ചേട്ടൻ ഇലക്ട്രീഷ്യനായിരുന്നു. തറവാടിന്റെ പുതിയ വയറിംഗ് നടത്തിയത് ചേട്ടനാണ്. പത്തിരുപതു വർഷം മുമ്പ്. ഗോപിച്ചേട്ടനാണ് വയറിംഗ് എന്നു കേട്ടപ്പോൾ അമ്മാവന് വലിയ ആഗ്രഹം, തറവാട് ഒന്നു കൂടി കാണാൻ. അങ്ങനെ ആശിച്ചു വന്നതാണ് പാവം. പടിഞ്ഞാറെ ചായ്പിൽ ഒന്നു കയറിയതാണ്. അമ്മാവന്റെ അയ്യോ പാവം വേഷമൊക്കെക്കണ്ട് മാപ്പിളയുടെ മരുമകൾ അലറിപ്പറഞ്ഞത്രെ, കിളവാ, ആരാ തന്നെ അകത്തേക്കു കയറ്റി വിട്ടത് ?  ഇറങ്ങിപ്പോടോ !

അമ്മാവൻ പാവം മറുത്തൊന്നും പറയാൻ നിൽക്കാതെ, ആരോടും ഒന്നും പറയാതെ ഇറങ്ങിയങ്ങു പോയി. ഗോപിച്ചേട്ടന് ആ സംഭവം വല്ലാതെയൊരു വിങ്ങലായി. ഒരു കള്ളനെ അല്ലെങ്കിൽ പിച്ചക്കാരനെ എന്ന പോലെയൊക്കെ സ്വന്തം അച്ഛനെ ഇറക്കിവിട്ട അപമാനത്തിനു മുന്നിൽ, എടാ എന്ന് തന്നെ മാപ്പിള വിളിക്കുന്ന സങ്കടം ഗോപിച്ചേട്ടന് ഒന്നുമല്ലാതായി. അന്നു തന്നെ ഗോപിച്ചേട്ടൻ എന്നെ വന്നു കണ്ടു. ഞാനന്ന് പ്ലസ് ടുവിനു പഠിക്കുവാണ്. എന്നോടു പറഞ്ഞു. എടാ നമുക്കാ തറവാട് എങ്ങനേലും മടക്കി വാങ്ങണം.എന്റെ അച്ഛന് ഒരു ദിവസമെങ്കിലും അതിനകത്തു കിടന്നുറങ്ങാൻ അവസരമുണ്ടാക്കണം', 
ജയകൃഷ്ണന്റെ കണ്ണു നിറഞ്ഞു. അമ്മ വിതുമ്പി.
'ഗോപിച്ചേട്ടൻ നാലു വർഷം മുമ്പ് ഒരാക്സിഡന്റിൽ പോയി. അമ്മാവന് കാൻസറാ. ഇന്നോ നാളെയോ എന്നു പറഞ്ഞാണ് കിടപ്പ്. ഇത്തവണ ലീവ് കഴിഞ്ഞ് മടങ്ങും മുമ്പ് അമ്മാവനെ ഇവിടെ താമസിപ്പിക്കുക എന്നതാണ് എന്റെ ആവശ്യം. അതിന്'- വലിയ കസ്റ്റമറാണെന്ന  ഭാവമുള്ള എല്ലാവരേയും പോലെ ജയകൃഷ്ണനും ആ ഡയലോഗിട്ടു- ' നിങ്ങൾ ലോൺ തന്നില്ലെങ്കിൽ വേറെ നൂറു ബാങ്കിണ്ടുവിടെ'.

അന്നു പക്ഷേ കുറുപ്പുസാർ തന്നെ ലോൺ പാസാക്കിച്ചെടുത്തു. എഴുപതു ലക്ഷം രൂപ ലോൺ. പത്തു വർഷ തിരിച്ചടവു കാലാവധി. മാസാമാസം അടയ്ക്കേണ്ടത് ഏകദേശം തൊണ്ണൂറായിരം രൂപ.

വീടുകയറിത്താമസത്തിന് ഞാനും കുറുപ്പു സാറും പോയിരുന്നു.വൈകീട്ടത്തെ പാർട്ടിക്കാണ് ഞങ്ങൾ പോയത്. ജയകൃഷ്ണൻ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഉണക്ക സദ്യയേ ഉള്ളൂ, വൈകീട്ടാണ് യഥാർഥ മജ എന്ന്. ജയകൃഷ്ണൻ തന്നെ വണ്ടി അയച്ചു തന്നിരുന്നു. തീറ്റയും കുടിയുമെല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ കുറുപ്പു സാറിനൊരു ചമ്മൽ പോലെ. ഞാനിതാരോടെങ്കിലും പറയുമോ, കൈക്കൂലിയായി കള്ളു വാങ്ങിക്കുടിച്ചെന്ന് നാലുപേർ ധരിക്കുമോ എന്നെല്ലാമായിരുന്നു സാറിനു ഭയം.

'ഫോറിൻ സാധനം എങ്ങനെയിരിക്കും എന്നറിയാൻ ഒന്നു രുചിച്ചു നോക്കിയെന്നേയുള്ളൂ. ഞാനിങ്ങനെ ആരും വാങ്ങിത്തരുന്നത് മോന്താൻ നിക്കാറില്ല,' കുഴഞ്ഞ നാവിൽ കുറുപ്പു സാർ എന്നെ വിശ്വസിപ്പിക്കാൻ നോക്കി.

'എനിക്കറിയാം, സാർ തറവാടിയാ,' ഞാനന്ന് ആക്കിപ്പറഞ്ഞത് മയങ്ങിവീണു പോയ സാർ കേട്ടിരിക്കാൻ സാധ്യതയില്ല.

തുടർന്ന് ജയകൃഷ്ണന്റെ കല്യാണാലോചനകൾ നടക്കുകയും ആറുമാസത്തിനകം കല്യാണം നടക്കുകയും ചെയ്തതായാണ് ഓർമ.
കല്യാണത്തിനും ഞാൻ പോയിരുന്നു. തലേന്നത്തെ മദ്യസേവയിലും സജീവമായിരുന്നു. തുടർന്ന് ജയകൃഷ്നൻ ഭാര്യയും അമ്മയുമൊത്ത് ബാങ്കിലും വന്നിരുന്നു. സ്ത്രീധനമായി കിട്ടിയ ആഭരണങ്ങൾ സൂക്ഷിക്കാൻ ഒരു ലോക്കർ എടുക്കാനായിരുന്നു വന്നത്. പക്ഷേ ആഭരണങ്ങൾ കൂടുതൽ ദിവസം അവരുടെ ലോക്കറിൽ ഇരുന്നില്ല. ടൗണിനടുത്തു തന്നെ ഒരു സ്ഥലവും വീടും വാങ്ങാനുള്ള അഡ്വാൻസ് കൊടുക്കാനായി ആഭരണങ്ങൾ പണയപ്പെടുത്തി സ്വർണവായ്പയെടുത്തിരുന്നതിനാൽ ആഭരണങ്ങളെല്ലാം ബാങ്കിന്റെ ലോക്കറിലായി.

എട്ടു സെന്റ് സ്ഥലവും മൂവായിരത്തഞ്ഞൂറു സ്ക്വയർ ഫീറ്റ് വീടും  എൺപതു ലക്ഷം രൂപയ്ക്ക്. മുപ്പതുലക്ഷം അഡ്വാൻസ് കൊടുത്തു. ചുളുവിലയ്ക്ക് ഒത്തു  വന്നതുകൊണ്ടൂ മാത്രം എടുത്തതാണെന്നും അല്ലെങ്കിൽ തറവാടിന്റെ ലോൺ തീർത്തതിനു ശേഷം മാത്രമേ താൻ പുതിയ വീടിനെക്കുറിച്ചു ചിന്തിക്കുമായിരുന്നുള്ളൂ എന്നും ജയകൃഷ്ണൻ എന്നോടു പറഞ്ഞു. പുതിയ വീട് ലോണെടുക്കാതെ തന്നെ വാങ്ങാനാണു തന്റെ പദ്ധതിയെന്നും കൂടി ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജയകൃഷ്ണന്റേയും കൂടെ ഞങ്ങളുടേയും ജീവിതത്തിലേയ്ക്ക് പ്രശ്നങ്ങൾ കടന്നു വരുന്നത്.

ഒരു കസ്റ്റമർക്ക് ലോൺ തിരിച്ചടയ്ക്കാൻ പറ്റാതായാൽ വിഷമിച്ചു പോവുന്നത് ബാങ്ക് ജീവനക്കാർ കൂടിയാണ്. ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റമറെയും വീട്ടുകാരെയും വിളിക്കുക, നേരിൽ കാണുക, സാദാ നോട്ടീസ്, രജിസ്റ്റേർഡ് നോട്ടീസ്, വക്കീൽ നോട്ടീസ്, സർഫേസി നോട്ടീസ് തുടങ്ങിയവ അയയ്ക്കുക എന്നീ കടമ്പകൾ കൂടാതെ ഉന്നതോദ്യഗസ്ഥരുമായുള്ള മീറ്റിംഗുകളിൽ എന്തുകൊണ്ടാണ് ലോൺ കിട്ടാക്കടമായതെന്നും റിക്കവറി എന്നു നടക്കുമെന്നും റിസ്കുകൾ എന്തൊക്കെയാണെന്നുമൊക്കെ അറിയിക്കേണ്ട ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്.  

ഇതിനെല്ലാമുപരിയാണ് അക്കൗണ്ടബിലിറ്റി. ഏതെങ്കിലും കാരണത്താൽ ലോൺ കിട്ടാക്കടമായി എന്നു കരുതുക. അങ്ങനെ കിട്ടാക്കടമാകുന്നതിന് ആ ലോൺ പാസാക്കിയ ഉദ്യോഗസ്ഥരുടേയോ തുടർന്ന് ലോൺ അക്കൗണ്ടു കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടേയോ ഭാഗത്തുണ്ടായ വീഴ്ചകളാണ് അക്കൗണ്ടബിലിറ്റിയിൽ പരിശോധിക്കപ്പെടുന്നത്.  വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന് ബോധിപ്പിക്കുന്ന ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അതൊരു വലിയ ജോലിയുമാണ്.

ഇത്തരം തലവേദനകൾ ഉള്ളതുകൊണ്ട് ഒരു വായ്പ പോലും കിട്ടാക്കടമാവാതെ നോക്കാൻ ബാങ്കുദ്യോഗസ്ഥർ ശ്രദ്ധിക്കാറുണ്ട്.
രേഖകളിലൊന്നും ഒപ്പിട്ടിട്ടില്ലെങ്കിലും ( കേവലം ഗുമസ്തനായ ഞാൻ എങ്ങനെയാ ഒപ്പിടുക ?) ഞാനും കൂടി ഒപ്പിട്ടു കൊടുത്ത ലോണായതിനാൽ ഇടയ്ക്കിടെ ഞാൻ ജയകൃഷ്ണന്റെ അക്കൗണ്ട് എടുത്തു നോക്കുമായിരുന്നു.

ആദ്യവർഷം ലോൺ കൃത്യമായി അടഞ്ഞുപോയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ആ മാസത്തെ അടവു വന്നില്ല. എനിക്കു പക്ഷേ ജയകൃഷ്ണനെ വിളിക്കേണ്ടി വന്നില്ല. അമ്മ നേരിട്ട് കൊണ്ടുവന്ന് കാഷായി അടയ്ക്കുകയാണു ചെയ്തത്. ജൂണിൽ ജയകൃഷ്ണൻ വാട്സപ്പിട്ടു. അവിടെ ഒരു ബിസിനസ് തുടങ്ങുവാണത്രെ. ഈ മാസം അടവു മുടങ്ങും, കുഴപ്പമില്ലല്ലോ എന്നു ചോദിച്ച്. പിഴപ്പലിശ, സിബിൽ എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും ജയകൃഷ്ണൻ അതൊന്നും കുഴപ്പമില്ല, വർഷാവസാനം ക്ലോസ് ചെയ്യേണ്ട ലോണല്ലേ എന്നു പറയുകയാണുണ്ടായത്.

ജൂണിലും ജൂലൈയിലും അടവു തെറ്റി. എന്റെ നെഞ്ചിടിപ്പു കൂടി. അപ്പോഴേയ്ക്കും കുറുപ്പു സാർ വിരമിച്ചിരുന്നു. പകരം വന്നത് പേടിത്തൊണ്ടനായ സിറിയക് സാറാണ്. ജയകൃഷ്ണനെ വാട്സപ്പിലും കിട്ടാതായി. ജയകൃഷ്ണൻ എസ് മേനോൻ എന്ന ഫേസ്ബുക്ക് ഐ ഡി വഴി മെസേജ് അയച്ചിട്ടും മറുപടിയൊന്നും കിട്ടാതായപ്പോൾ ഞാൻ ഒരു ദിവസം ജയകൃഷ്ണന്റെ തറവാട്ട് വീട്ടിലേയ്ക്കു പോയി.

എന്നെ കണ്ടതും അമ്മ, ജയകൃഷ്ണനില്ലേ എന്ന എന്റെ ചോദ്യം അവഗണിച്ച് എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. 
ഞാനൊന്നു മടിച്ചു. ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ഇടപാടുകാരുടെ വീടുകളിൽ പോവുമ്പോൾ, പ്രത്യേകിച്ച് തനിച്ചു പോവുമ്പോൾ, വീടിനകത്തു കയറരുത് എന്നതാണ് ഞങ്ങൾ ബാങ്കുകാർ പൊതുവായി പാലിച്ചു പോരുന്ന നിയമം. എന്താരോപണവും നമുക്കെതിരെ വരാമല്ലോ.

ആ ഒരു മുൻ കരുതലിൽ ഞാൻ, കുഴപ്പമില്ല ജയകൃഷ്ണനില്ലെങ്കിൽ പിന്നെ വരാം എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.

അപ്പോഴേയ്ക്കും അമ്മ അകത്തെയ്ക്കു കയറിയിരുന്നു. വാതിലിന്റെ മറവിൽ നിന്ന് തല മാത്രം പുറത്തേയ്ക്കു കാണിച്ച് അവർ വീണ്ടുമെന്നെ അകത്തേയ്ക്കു ക്ഷണിച്ചു. ക്ഷണമല്ല, ഒരു യാചനയായിരുന്നു അത്.

മനസില്ലാ മനസോടെയാണ് ഞാൻ അകത്തേയ്ക്കു കടക്കാൻ തീരുമാനിച്ചത്. വാതിൽക്കൽ നിന്ന് ചെരിപ്പൂരുമ്പോൾ മതിലിനു സമീപം ആകാംക്ഷാഭരിതമായ രണ്ടു തലകൾ എത്തി നോക്കുന്നതു കാണാൻ കഴിഞ്ഞു.

എങ്ങനെ തുടങ്ങണം എന്ന സംശയത്തിലായിരുന്നു ഞാൻ. വന്നിരിക്കുന്നത് കിട്ടാക്കടം പിരിക്കുന്ന ഉദ്യോഗസ്ഥനായിട്ടല്ലല്ലോ. അവരും എന്നെ കണ്ടത് ഒരു ബാങ്കുദ്യോഗസ്ഥനായല്ല, മറിച്ച് ജയകൃഷ്ണന്റെ മനോജേട്ടനായിട്ടായിരുന്നു.
ലോണിന്റെ തിരിച്ചടവിന് ഒരു ആറുമാസം കൂടി അവധി കിട്ടില്ലേ എന്നായിരുന്നു ആദ്യമായി അവർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ തന്നെ മൂന്നുമാസം കുടിശ്ശികയായി എന്നു ഞാൻ പറഞ്ഞപ്പോൾ അടയ്ക്കാതിരുന്നാൽ എന്താവും എന്നായി അവർ.
മറ്റുവല്ലവരുമായിരുന്നെങ്കിൽ ഞാനെന്റെ റിക്കവറിക്കുപ്പായം ധരിക്കുമായിരുന്നു. ഇത് ജയകൃഷ്ണന്റെ അമ്മയായിപ്പോയി. 

തിരിച്ചടവ് ഇനിയും മുടങ്ങിയാൽ ബാങ്ക് ജപ്തി നടപടികളിലേയ്ക്കു കടക്കും എന്നു ഞാൻ തീർത്തു പറഞ്ഞു. എല്ലാ നടപടികളും തീർന്ന് നാലഞ്ചു മാസത്തിനകം സ്ഥലവും വീടും ലേലം ചെയ്യുകയും ചെയ്യും എന്നും ഞാൻ പറഞ്ഞുകളഞ്ഞു.
ചായയെടുക്കാം എന്നു  പറഞ്ഞ അവർ എന്റെ വർത്തമാനം കേട്ട് സോഅയിൽ ഇരുന്നു പോയി.

എന്നിട്ടവർ പറഞ്ഞതു കേട്ട് സത്യത്തിൽ എനിക്കു തല  കറങ്ങി എന്നു പറഞ്ഞാൽ ഒട്ടും കള്ളമല്ല.
ജയകൃഷ്ണൻ ഇപ്പോൾ അബുദബിയിൽ ജയിലിലാണത്രെ. രണ്ടു വർഷത്തേയ്ക്കാണു ശിക്ഷ. കൂടാതെ പിഴയുമുണ്ട്. കൂട്ടുകാരുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടു. ഏതോ നൂലാമാലകളിൽ കുടുങ്ങി എല്ലാം അവതാളത്തിലായി. കൊടുത്ത മൂന്നാലു ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് ജയകൃഷ്ണൻ ജയിലിലുമായി.

എനിക്ക് കൂടുതൽ കേൾക്കാൻ മനസു വന്നില്ല.

തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ സൈക്കിളിൽ ഒരാൾ പാഞ്ഞെത്തി. ഞാൻ ബാങ്കിലാണെന്ന് അയാൾക്കറിയാം. 

കല്യാണത്തലേന്നത്തെ പാർട്ടിയ്ക്ക് എനിക്ക് ഒഴിച്ചു തന്നത് അയാളാണത്രെ.

ജയകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ അറിയാം. പക്ഷേ ആരും സഹായിക്കാനില്ല. പുതുപ്പണം വെച്ചുള്ള ജയകൃഷ്ണന്റെ ആൾ ചമയൽ ആർക്കും പിടിച്ചിട്ടില്ല. ഭാര്യ വീട്ടുകാർക്കാവട്ടെ അത്ര സാമ്പത്തികവുമില്ല.
ലോൺ തീർക്കാനുള്ള തുക എത്രയെന്നാണ് അയാൾക്ക്  അറിയേണ്ടിയിരുന്നത്. ബാങ്കിനു ലഭിക്കേണ്ട അത്ര തുകയ്ക്കു തന്നെ വീടും പറമ്പും വാങ്ങാൻ ആളുണ്ടത്രെ.

പത്രപ്പരസ്യം വരും നോക്കിയാൽ മതി എന്നു പറഞ്ഞ് ഞാനന്ന് സമയം തെറ്റി വന്ന ഒരു ബസിൽ കയറി സ്ഥലം വിടുകയാണുണ്ടായത്.

നിക്സണാണ് ഗേറ്റു തുറന്ന് ആദ്യം കയറിയത്. 

കഴിഞ്ഞയിടെ തിരുവനന്തപുരത്ത് ഇതുപോലെ വീടു ജപ്തിയ്ക്കുള്ള നോട്ടീസൊട്ടിയ്ക്കാൻ ബാങ്കു ജീവനക്കാർ ചെന്നു എന്നാരോപിച്ച് വീട്ടമ്മയും മകളും തീ കൊളുത്തി മരിച്ച ഒരു സംഭവമുണ്ടായിരുന്നു. അതിനുശേഷം ഇതു പോലെ റിക്കവറിയുമായി ബന്ധപ്പെട്ടു പോവുമ്പോൾ ഞങ്ങൾ ബാങ്കുദ്യോഗസ്ഥർ വളരെ ശ്രദ്ധിക്കുമായിരുന്നു. 

നിക്സണു പിറകെ ഞാൻ കയറി. ഷാജി വണ്ടിയിൽ തന്നെ ഇരുന്നു. താനും വണ്ടിയിൽ ഇരുന്നാൽ പോരേ എന്നു സിറിയക് സാർ പറഞ്ഞുനോക്കിയെങ്കിലും നിക്സൺ സമ്മതിച്ചില്ല. നോട്ടീസ് ഒട്ടിച്ച് ബ്രാഞ്ചു മാനേജരും റിക്കവറി ഓഫീസറും നിൽക്കുന്ന ഫോട്ടോയെടുത്ത് ഫയൽ ചെയ്യേണ്ടതാണ്. ഫോട്ടോ ഇല്ലെങ്കിൽ പിന്നീട് പ്രശ്നമാവും.

പേടിച്ചു പേടിച്ചാണ് സിറിയക് സാർ മുറ്റത്തേക്കു കടന്നത്. ഞാൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന് അമ്മ പുറത്തേക്കു വന്നു.
  
ജയകൃഷ്ണന്റെ അമ്മയാണെന്ന് ഞാൻ സിറിയക് സാറിനെ പരിചയപ്പെടുത്തി. സാർ അവരെ തൊഴുതു. സാറിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

'അമ്മേ, ഞങ്ങടെ ജോലീടെ ഭാഗമാണ് ഇതെല്ലാം. ജയകൃഷ്ണനോടോ അമ്മയോടോ ഞങ്ങൾക്ക് ഒരു വിരോധോമില്ല. ഈ അവസ്ഥയിൽ വല്ലാത്ത സങ്കടോമൊണ്ട്. ചെയ്യാതിരിക്കാൻ പറ്റാത്തതു കൊണ്ടു മാത്രാ ഈ നോട്ടീസ് ഒട്ടിക്കണെ. ഞങ്ങള് മടങ്ങിയാലൊടനെ അമ്മ ഇതങ്ങ് പറിച്ച് കളഞ്ഞോളൂ. ആരും ചോദിക്കില്ല്യ.' സിറിയക് സാർ ഇപ്പോൾ കരഞ്ഞേക്കുമെന്നു തോന്നിപ്പോയി എനിക്ക്.

അമ്മയും കൈകൂപ്പി. പിന്നെ മന്ത്രിക്കുന്നതു പോലെ ചോദിച്ചു: "അപ്പോൾ ലേലം ഒഴിവാക്കാൻ പറ്റൂല്ലേ?'

'അല്ലമ്മേ, ലേലം നടത്തുന്ന ദിവസം വരെ നിങ്ങൾക്ക് പൈസയടച്ച് എല്ലാ നടപടികളും ഒഴിവാക്കാനുള്ള സാവകാശമുണ്ട്.

'അതു നടക്കൂല്ല സാറേ, അവൻ ഇനി വരാൻ രണ്ടു വർഷം കഴിയും'.

ഞങ്ങൾ നിസഹായർ എന്ന മട്ടിൽ നിന്നു. അതിനിടെ നിക്സൺ ചുമരിൽ നോട്ടീസ് ഒട്ടിച്ചു കഴിഞ്ഞിരുന്നു. പേടിച്ചു പേടിച്ച് സിറിയക് സാറും നെഞ്ചുവിരിച്ച് നിക്സണും നോട്ടീസിനടുത്തു നിന്നതിന്റെ ഫോട്ടോ പല കോണുകളിൽ ഞാൻ പെട്ടന്നു തന്നെ എടുത്തു. നോട്ടീസിന്റെ മാത്രം ഒരു ഫോട്ടോ ക്ലോസപ്പിലും എടുത്തു. എല്ലാം ഉടനടി തന്നെ നിക്സണും സിറിയക് സാറിനും വാട്സപ്പും ചെയ്തു.

ഫോട്ടൊ കിട്ടിയപ്പോഴുണ്ടായ ആശ്വാസത്തിൽ  സിറിയക് സാറിന്റെ മുഖം ചുവന്നു. യാത്ര ചോദിക്കാൻ തുടങ്ങിയപ്പോൾ ജയകൃഷ്ണന്റെ അമ്മ തൊണ്ടയനക്കി.

'സാറെ ഒരപേക്ഷയുണ്ട്, എന്നെ സഹായിക്കണം'.

'എന്താണ്? അമ്മ പറയൂ, ഞങ്ങൾക്കാവുന്ന എന്തുംചെയ്തു തരാം', സിറിയക് സാർ വികാരവിവശനായി.

'ഒന്നേയുള്ളൂ സാറെ,' അവർ മുഖം തുടച്ചു. ' വസ്തു ലേലം ചെയ്യണത് വല്ല മാപ്പിളമാർക്കും ആവരുത്, നല്ല തറവാടികൾക്കേ കൊടുക്കാവൂള്ള്'.

****
തന്റെ ആദ്യ റിക്കവറി സംരംഭം സമാധാനപരമായി കലാശിച്ചതിന്റെ സന്തോഷത്തിൽ വണ്ടി വഴിയിൽ കണ്ട ഒരു ബാറിലേയ്ക്കു വളയ്ക്കാൻ സിറിയക് സാർ ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു വീടിന്റെ കയറിത്താമസത്തിനും ഇറക്കിവിടാനുള്ള നോട്ടീസൊട്ടിക്കുന്നതിനും മദ്യം കഴിക്കാൻ എനിക്ക് അവസരം ലഭിച്ചതെന്ന് ഞാനപ്പോൾ ഓർത്തുപോയി.

എനിക്കു വല്ലാതെ സങ്കടം വന്നു.

എന്നാൽ 'അവർ തറവാടികളാ നിക്സാ. തെറിവിളീം കൂട്ടക്കരച്ചിലുമൊക്കെ പ്രതീക്ഷിച്ചതാ ഞാൻ. എന്നാലോ, വീട് നല്ല തറവാടികൾക്ക് കൊടുക്കണമെന്ന ഒറ്റ ഡിമാന്റല്ലേ അവരു വെച്ചൊള്ളൂ. യഥാർഥ തറവാടികളാ അവർ നിക്സാ' എന്ന് ആദ്യ പെഗ് തീർന്ന ഗ്യാപ്പിൽ സിറിയക് സാർ പറഞ്ഞതു കേട്ട് എന്റെ സങ്കടമൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോവുകയാണ് ഉണ്ടായത്.
******        ******          ******        

മുനിസിപ്പൽ ന്യൂസ് - സെപ്റ്റംബർ 2019